Nov 24, 2010

തോമസ്‌ എന്ന കുഷാന്‍ടാംഗ്.


ഇരുപതു വര്‍ഷങ്ങള്‍ക്കു മേല്‍ ആയിട്ടും ഇന്നും കുഷാനെ മറക്കാന്‍ പറ്റുന്നില്ല...


എന്‍റെ കോളേജു ദിനങ്ങളില്‍ ആയിരുന്നു പേരൂര്‍ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്‌ പ്രവര്‍ത്തനം ആരംഭിച്ചത്.സമ പ്രായക്കാരായ ഒരു കൂട്ടം കുട്ടികളുടെ ഒരു ചെറിയ സംരംഭം.അതില്‍ രക്ഷാധികാരികള്‍ ആയ ഒരു പിടി മുതിര്‍ന്നവരും. ഒരു ഷട്ടില്‍ ക്ലബ്‌ ആയി ആയിരുന്നു തുടക്കം.പിന്നെ നാടന്‍ പന്ത് കളിയും തുന്ടങ്ങി.കോട്ടയം ജില്ലയിലെ ടീമുകള്‍ക്കായി നാടന്‍ പന്തുകളി ടൂര്‍ണമെന്ടു നടത്തി.ഞാലിയാകുഴിക്കാരും,പുതുപ്പള്ളിക്കാരും, കുറിച്ചി,പാമ്പാടി എന്നിവിടുന്നുള്ള ടീമുകളും ഒക്കെ വന്നു കളിച്ചു.ഒരു മുറി ഉണ്ടായി.ക്ലബ്‌ വളര്‍ന്നു.അവധി ദിവസങ്ങളും വൈകുന്നേരങ്ങളും ചിലവഴിക്കാന്‍ ഒരിടം.പിന്നെ വീട്ടില്‍ നിന്നും വഴക്ക് കേള്‍പ്പിക്കാനും !

അങ്ങനെ ഇരിക്കെ ഒരു ദിവസം ആയിരുന്നു തോമസ്‌ ക്ലബ്ബിലേക്ക് കയറി വന്നത്.ഞങ്ങളെക്കാള്‍ ഒക്കെ ചെറുപ്പമായിരുന്നു തോമസ്‌.യഥാര്‍ഥ പേര് കുഷാന്‍ടാംഗ്.ഒരു നേപ്പാളി പയ്യന്‍.നാട്ടിലെ ഒരു വലിയ പണക്കാരന്റെ വീട്ടില്‍ ആയിരുന്നു കുഷാന്‍ ജോലിക്ക് നിന്നിരുന്നത്.നേപ്പാളില്‍ കോണ്ട്രാക്റ്റ് വര്‍ക്കുകള്‍ നടത്തിയിരുന്ന അവര്‍ അവിടെ നിന്നും കണ്ടെത്തിയതായിരുന്നു കുഷാനെ.കുഷാനെ അവര്‍ തോമസ്‌ എന്ന് വിളിച്ചു.വീട്ടു ജോലിക്കും, കടയില്‍ പോയിവരാനും ഒക്കെയായിരുന്നു അവന്‍.ക്ലബ്ബില്‍ കാരംസ് കളിക്കുകയായിരുന്നു ഞങ്ങള്‍.മെമ്പര്‍ അല്ലാത്ത ഒരു പുതുമുഖത്തിന് കൊടുക്കണ്ടിയിരുന്ന ഒരു പരിഗണന തന്നെ ആയിരുന്നു ഞങ്ങള്‍ തോമസിന് കൊടുത്തിരുന്നത്..അതിനു ഞങ്ങളുടെ ന്യായം പേരൂര് തന്നെ ഉണ്ടായിരുന്ന മറ്റൊരു ക്ലബ്ബില്‍ ചീട്ടു കളിയ്ക്കാന്‍ കൂടിയിരുന്ന ചേട്ടന്മാര്‍ ആയിരുന്നു. അങ്ങനെ പറഞ്ഞായിരുന്നല്ലോ അവര്‍ ഞങ്ങളെ മാറ്റി നിര്‍ത്തിയിരുന്നത്.


തോമസ് പക്ഷെ മടുത്തു പിന്മാറിയില്ല.എന്നും വരും.കളി കാണും.മുറി മലയാളത്തില്‍ ഞങ്ങളെ പ്രോത്സാഹിപ്പിക്കും...അഞ്ചാം ക്ലാസില്‍ കുഞ്ഞൂഞ്ഞമ്മ ടീച്ചര്‍ പഠിപ്പിച്ച "തുമാര നാം ക്യാ ഹേ" പോലുള്ള ഹിന്ദി ഞങ്ങള്‍ എടുത്തു അലക്കി.പകരം തോമസ്‌ ഞങ്ങളോട് "നിന്റെ പെറു തൂമസ്" എന്ന് പറയുമായിരുന്നു.


പിന്നെ എപ്പോഴോ തോമസ്‌ ഞങ്ങളില്‍ ഒരുവന്‍ ആയി.ഒരു നല്ല കളിക്കാരന്‍ ആയിരുന്നു തോമസ്‌.സ്ട്രയ്ക്കാര്‍ കിട്ടിക്കഴിഞ്ഞാല്‍ നാലോ അഞ്ചോ കോയിന്‍ ഒന്നിച്ചിടും...മിക്കവാറും ഞങ്ങള്‍ തോമസിനോടോ തോമസിന്റെ ടീമിനോടോ തോല്‍ക്കും..കൃത്യമായി എല്ലാ ദിവസവും വൈകുന്നേരം തോമസ്‌ എത്തുമായിരുന്നു.ഒരു മണിക്കൂര്‍ മാത്രമേ തോമസ്‌ കളിക്കുമായിരുന്നുള്ളൂ. ടീ ഷര്‍ട്ടും ഇറക്കം കുറഞ്ഞ പാന്റും ധരിച്ചു ഒരു പഴയ സൈക്കിള്‍ ചവിട്ടി പാഞ്ഞു നടക്കുന്ന തോമസ്‌ ആദ്യമാദ്യം ഞങ്ങളുടെ നാട്ടില്‍ ഒരു കാഴ്ച ആയിരുന്നു.


ഒരു കര്‍ക്കടകമാസം.എല്ലായിടത്തും വെള്ളം പൊങ്ങി.ആറ്റില്‍ ഊത്ത പിടുത്തം നടത്തുകയായിരുന്നുഞങ്ങള്‍.അപ്പോഴാണ് ആ വാര്‍ത്ത‍എത്തിയത് .മോഴാട്ടുവാല എന്ന്
അറിയപ്പെട്ടിരുന്ന പാട ശേഖരത്തില്‍ കൊച്ചുവള്ളതില്‍ കളിയ്ക്കാന്‍ പോയ കുഷാനെ കാണാതായി എന്ന്.മീന്‍പിടിത്തം നിര്‍ത്തി ഞങ്ങള്‍ വാടകക്കെടുത്ത സൈക്കളില്‍ മോഴാട്ടുവാലയിലേക്ക് പോയി.ഇടതോരാത്ത മഴ.മോഴട്ടുവാഴയിലേക്ക് പോകുന്ന ടാറിടാത്ത വഴിയില്‍ ഒരുപാട് സൈക്കള്‍ ടയര്‍ പാടുകളും ജീപ്പ് ടയര്‍ പാടുകളും ഞങ്ങള്‍ കണ്ടു..കുടയും പിടിച്ചു നടന്നും ഓടിയും പോകുന്ന നാട്ടുകാര്‍ . ഒരു ഗ്രാമം മുഴുവന്‍ മോഴട്ടുവാലയിലേക്ക്പോകുകയായിരുന്നു..പാടത്തില്‍
വെള്ളം കയറി കിടക്കുന്ന പ്രദേശത്ത് ഒരുപാട് വള്ളങ്ങളും മുങ്ങി തപ്പുന്ന നാട്ടുകാരും...


ഇരുട്ടിയതിനാല്‍ അന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു നാട്ടുകാര്‍ മടങ്ങി.പിറ്റേന്ന് കാലത്തേ ഞങ്ങള്‍ അറിഞ്ഞു.കുഷാനെകിട്ടി എന്ന്..വീണ്ടും ഒരു ഗ്രാമം മുഴുവന്‍ മോഴാട്ടുവാലയിലേക്ക്.പാടത്തിന്റെ കരയില്‍ വിറങ്ങലിച്ച നിലയില്‍ കിടത്തിയിരുന്ന കുഷാനെ ഒന്നേ നോക്കാന്‍ പറ്റിയുള്ളൂ.വെളുത്ത ടീ ഷര്‍ട്ടും ഇറക്കം കുറഞ്ഞ പാന്റും തന്നെ ആയിരുന്നു അന്നും കുശാന്റെ വേഷം .

ഇപ്പോഴും മോഴാട്ടുവാല വഴി അപൂര്‍വമായി എങ്കിലും പോകേണ്ടി വരുമ്പോള്‍ കുഷാന്‍ മനസ്സില്‍ വരാറുണ്ട്..വഴിയില്‍ വെച്ച് കാണുമ്പോള്‍ ബ്രേക്കില്ലാത്ത സൈക്കള്‍ കാലുകൊണ്ട്‌ നിര്‍ത്തി കുഷാന്‍ ചോദിച്ചിരുന്ന ആ ചോദ്യവും..

സുഗമാണോ..സുഗമാണ്..

12 അഭിപ്രായ(ങ്ങള്‍):

രമേശ്‌ അരൂര്‍ said...

ടച്ചിംഗ് ..വെരി ടച്ചിംഗ് ..
സ്വര്‍ഗത്തിന്റെ
ഇടവഴികളില്‍ കുഷാന്‍
മഴനനഞ്ഞ് സൈക്കിള്‍ ചവിട്ടുന്നുണ്ടാകും ..അവിടുത്തെ സ്വര്‍ണ പൊടി നിറഞ്ഞ നിരത്തില്‍ അവന്റെ സൈക്കിള്‍
ടയറിന്റെ പാടുകള്‍
സ്വര്‍ണ നാഗങ്ങളെ
ഓര്‍മിപ്പിക്കുന്ന
ചിത്രം വരയ്ക്കുന്നുണ്ടാകും

Muralee Mukundan , ബിലാത്തിപട്ടണം said...

കുഷാനെ ഉള്ളിൽ തട്ടുന്ന രീതിയിൽ ആ നല്ല ഓർമ്മയുടെ താളുകളിൽ നിന്നുമെടുത്ത് എഴുത്തിൽ കൂടി വരച്ചിട്ടിരിക്കുന്നൂ...!

Anonymous said...

sasi

really touching story.
iniyum ezhuthikonde irikku
ella ashamsakalum nerunnu.
shiny jokos

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..ജോകോസ്
നന്ദി ..മുരളി ഭായ് ..

ആ നന്മ നിറഞ്ഞ വാക്കുകള്ക് നന്ദി രമേശ്‌ ജി

Unknown said...

മനസ്സിനെ ആഴത്തില്‍ വ്രണപ്പെടുത്തുന്ന ഓര്‍മ്മകള്‍ മിക്കവര്‍ക്കും തന്നെ ഉണ്ടാകാം. സഹൃദയത്വം കൂടുതല്‍ ഉള്ളവരില്‍, ആ ഓര്‍മ്മകള്‍ ഇടയ്ക്കു തികട്ടി വന്നു വേദനിപ്പിച്ചു കൊണ്ടിരിക്കും. അതിനെ നമുക്ക് മനുഷ്യത്വമെന്നോ, മാനവികതയെന്നോ ഒക്കെ വിളിക്കാം.
നന്നായിട്ട് അവതരിപ്പിച്ചു, അഭിനന്ദനങ്ങള്‍!

Unknown said...

ഞാന്‍ ഒരു തമാശ എന്നാണ് ആദ്യം കരുതിയത്‌
പക്ഷെ വായിച്ചു കഴിഞ്ഞപ്പോള്‍ .....
ആത്മബന്ധമില്ല എങ്കില്‍ പോലും ചില നഷ്ടങ്ങള്‍ നമ്മുടെ ഓര്‍മയില്‍ ഒരു വേദനയായി കിടക്കാറുണ്ട്

ഒഴാക്കന്‍. said...

നര്‍മ്മം എന്ന് കരുതി വായിച്ചു ഒടുക്കം ഒരിറ്റു വേദന ബാക്കിയാക്കി കളഞ്ഞല്ലോ മാഷേ

ജയരാജ്‌മുരുക്കുംപുഴ said...

valare hridaya sparshi aayittundu.... aashamsakal....

Villagemaan/വില്ലേജ്മാന്‍ said...

@ അപ്പച്ചന്‍...മനുഷ്യത്വം എന്നത് അപൂര്‍വമായി കാണുന്ന ഒരു കാര്യമായി തീര്‍ന്നിരിക്കുന്നു എന്ന് പറയുന്നതില്‍ ദുഃഖം ഉണ്ട്..
ഇതിലെ വന്നതിലും അഭിപ്രായം പറഞ്ഞതിലും നന്ദി...തുടര്‍ന്നും പ്രതീക്ഷിക്കട്ടെ.


@ ഒഴാകന്‍.. വളരെ നന്ദി...

@ ഒറ്റയാന്‍...നഷ്ടങ്ങള്‍ എന്നും വേദന തന്നെ...അത് എന്ത് തന്നെ ആയിരുന്നാലും......ഇതിലെ വന്നതില്‍ നന്ദി...

@ ജയന്‍... നന്ദി..പേരൂരില്‍ ഇനിയും ഉണ്ട്.. ഹൃദയ സ്പര്‍ശിയായ ഒരു പാട് കഥകള്‍.ഇനിയും വരണം കേട്ടോ

Indiamenon said...

ശരിക്കും വേദനിപ്പിച്ചു...ചിരിച്ചു കൊണ്ടു വായിച്ചോണ്ടിരുന്ന ഞാന്‍ അവസാനം തേങ്ങിപ്പോയി.

ആരാ പറഞ്ഞെ മലയാളം എഴുതാന്‍ അറിയില്ല്യാന്ന്‍... നന്നായി എഴുതീട്ടുണ്ട്‌.

Anonymous said...

മനസ്സില്‍ കുഷാന്റെ ചോദ്യം....സുഗമാണോ....

പൂവക്കുന്നന്‍ said...

അയല്‍ക്കാരാ ....കുശാന്റെ ചോദ്യം ഇടയ്ക്കിടെ ചെവിയില്‍ വന്നു കേള്‍ക്കുന്നോ എന്നൊരു സംശയം " സുഖമാണോ ...സുഖമാണ് ..