Apr 1, 2013

റിട്ടേണ്‍ ഓഫ് ഓമനക്കുട്ടന്‍: സീസണ്‍ കഷ്ട്ടകാലം

സാഹചര്യങ്ങളുടെ സമ്മര്ദത്താല്‍ ‍ ആദ്യരാത്രിയുടെ പിറ്റേന്ന് ഗള്‍ഫിലേക്ക് കടന്ന ഓമനക്കുട്ടന്ഒന്നരവര്ഷങ്ങള്ക്ക്ശേഷം ബീഹെഡിംഗ് കമ്പനി മുതലാളി കനിഞ്ഞു നല്‍കിയ നാല്പത്തഞ്ചു ദിവസത്തെ പരോളുമായി വീണ്ടും നാട്ടിലെത്തി.


എമിഗ്രഷനിലെ പതിവ് മണ്ടൻ ചോദ്യങ്ങളിൽ നിന്നും(വീടെവിടെ, അവിടെ അടുത്തൊരു പള്ളിയുണ്ടല്ലോ,അതിനടുത്ത് നില്ക്കുന്ന അടക്കാമരം ഈ തവണ കായ്ചൂന്നു കേട്ടു ) രക്ഷ നേടി, ഓമനക്കുട്ടൻ പുറത്തെത്തി .നൂറു വാട്ട് ബൾബു ഇടേണ്ട സ്ഥാനത് സീറോ വാട്ട് ബൾബു ഇട്ട മാതിരിയുള്ള മുഖഭാവവുമായി സുഗന്ധി പുറത്തു കാത്തുനിൽക്കുന്നുണ്ടായിരുന്നു .


വണ്ടി ഓടിക്കുന്ന പയ്യൻ, മരണം അറിഞ്ഞു വന്ന മുഖഭാവത്തിൽ ഇരുന്നപ്പോൾ,തലേദിവസം ഏതെങ്കിലും യുവജന സംഖടനയുടെ കലക്ട്രെട്ടു പിക്കറ്റിങ്ങിൽ പങ്കെടുത്തു അടിമേടിച്ചു കെട്ടിയതാവും എന്ന് ഓമനക്കുട്ടൻ ആശ്വസിച്ചു.സുഗന്ധി ഒന്നും മിണ്ടാതെയിരുന്നപ്പോൾ, ഒന്നരവർഷമായി, ഓഡിയോ ,വീഡിയോ ചാറ്റിൽ മാത്രം കണ്ടിട്ടുള്ള മഹാത്മാവിനെ നേരിട്ട് കാണുമ്പോഴുള്ള നാണമായിരിക്കും എന്ന് ഓമനക്കുട്ടൻ ഓർത്തു.എന്നാൽ സുഗന്ധിക്ക് ഫേസ്ബുക്ക്‌ ഓപ്പണ്‍ ചെയ്യാനുള്ള അനുവാദം കൊടുത്തിരുന്നെങ്കിൽ അവളെ കണ്ടു പിടിക്കണമെങ്കിൽ പിന്നെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പോകേണ്ടി വരുമായിരുന്നല്ലോ എന്നോർത്ത് തന്റെ ദീർഖദൃഷ്ട്ടിയിൽ ഓമനക്കുട്ടൻ അഭിമാനിച്ചു .

 
ചായ കുടിക്കാനായി പന്തളത്ത് ഒരു കാപ്പിക്കടയിൽ വണ്ടി നിർത്തിയപ്പോൾ, ഒരു അല്ഭുതവസ്തുവിനെ കാണുന്നപോലെ ആൾക്കാർ ചുറ്റിനും കൂടി.സാധാരണയായി ആൾക്കാർ ചോദിക്കുന്ന"എന്നാ വന്നെ, എപ്പഴാ പോണേ " എന്നീ ചോദ്യങ്ങല്ക്ക് പകരം , ' അവിടുന്നെല്ലാരും തിരിച്ചു പോരുകാ അല്ലെ ?" എന്നുള്ള ചോദ്യവും, "ഇനീപ്പം ഗൾഫിൽ പോയിട്ട് ഒരുകാര്യോമില്ല " എന്നുള്ള മുനവെച്ച ആത്മഗതവും കൂടി കേട്ടപ്പോഴാണ്, സാധാരണയായി എയര് ഇന്ത്യയുടെ രൂപത്തില് വരുന്ന കഷ്ട്ടകാലം ഈ തവണ സൗദിയിലെ സ്വദേശീവല്ക്കരണം എന്ന രൂപത്തിലാണ് വരുന്നത് എന്ന് ഓമനക്കുട്ടന് മനസ്സിലായത്‌.


ഓമനക്കുട്ടൻ വരുന്നത് പ്രമാണിച്ച്,പങ്കുവമ്മാവൻ ഹാജരുണ്ടായിരുന്നു.സ്വര്ണത്തിനു വിലക്കുറഞ്ഞത്‌ മൂലം, കുശല അടിച്ചു മാറ്റിയ നൂറ്റൊന്നു പവൻ തിരിച്ചു കൊടുത്ത വകയിൽ ഏകദേശം രണ്ടുലക്ഷം രൂപ ലാഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു മ്മാവൻ. സ്റ്റുഡിയോ പൊട്ടി പാളീസായെന്നും ഫോട്ടോഗ്രാഫർ ഷൈൻ പ്രാവുംകൂട്, അസിസ്റ്റന്റ്‌ ഡയറക്ടർ എന്നും പറഞ്ഞു, ഏതോ സീരിയലുകാരുടെ ക്യാമറ ചുമക്കുകയാണെന്നുമുള്ള സുഗന്ധിയുടെ വിക്കിലീക്സിന്റെ വെളിച്ചത്തിൽ, .കുശലക്കും ഷൈനും സുഖമല്ലേ എന്ന് ചോദിച്ചപ്പോൾ പങ്കുവമ്മാവൻ .ഷൈൻ പ്രാവുംകൂടിനെ രണ്ടു ചീഫ്ബീപ് അടിച്ച ശേഷം,ഒരുതരം സാഡിസ്ടിക് പ്ലഷരിൽ ഒരു താങ്ങ് താങ്ങി. "പറഞ്ഞു വിട്ടു...ല്ലേ..സാരമില്ലടാ,എല്ലാം വിധിയാണെന്ന് കരുതി സമാധാനിക്യാ.."അതിനു ശേഷം "വാര്ക്കപ്പണിക്കും ചുമട് എടുക്കാനും പോലും ഇവിടെ ആളെ കിട്ടാനില്ലാതിരിക്കുകയാ " എന്നുള്ള കോള് വെച്ച ഡയലോഗും കൂടി കേട്ടപ്പോൾ "എന്നാ പിന്നെ തമിഴ്നാട്ടിൽ സീരിയല് ക്യാമറാ ചുമ്മുന്നതിനു പകരം നാട്ടിലെങ്ങാനും വല്ല ചുമടും എടുത്തു നടക്കാൻ മരുമകനോട്‌ പറയണം"എന്ന് പറഞ്ഞപ്പോൾ,പണ്ട് പങ്കുവമ്മാവൻ സമാധിയാകുമ്പോൾ മനസ്സില് പൊട്ടിക്കാൻ സൂക്ഷിച്ചുവെച്ച രണ്ടു ലഡു ചിലവായി എന്ന് ഓമനക്കുട്ടന് മനസ്സിലായി.


ഓമനക്കുട്ടൻ വരുന്നതറിഞ്ഞ് ഒരു ചെറിയ ജനക്കൂട്ടം കാസനോവ കണ്ടിറങ്ങിയ ഫാന്സിനെപ്പോലെയുള്ള മുഖഭാവവുമായി, അവിടെ ഉണ്ടായിരുന്നു.അവർ ഓമനക്കുട്ടന്റെ ജാഡജീവിതത്തിനു ഒരന്ത്യമായതിൽ ഉള്ളുകൊണ്ട് സന്തോഷിക്കുകയും,എന്നാൽ പുറമേ സര്ക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിക്കുന്ന ഇടതുപക്ഷക്കാരനെപ്പോലെ അമ്മായിയെയും യുവരാജാവിനെയും തെറി വിളിക്കയും ചെയ്തു.തന്റെ പണി പോയിട്ടില്ലെന്നും നാല്പ്പത്തഞ്ചു ദിവസം കഴിഞ്ഞു താൻ തിരിച്ചു പോകുകയും ചെയ്യും എന്ന ഓമനക്കുട്ടന്റെ പ്രഖ്യാപനം ആരും വിശ്വസിച്ചില്ല .

 
ഓമനക്കുട്ടനെ ഗൾഫിൽ നിന്നും പിരിച്ചു വിട്ടു എന്ന വിവരം പ്രാവുംകൂട് മുഴുവൻ ഫ്ലാഷായി. ആള്ക്കാരുടെ ചോദ്യം മൂലം വീട് വിട്ടിറങ്ങാതെ ഓമനക്കുട്ടൻ തന്റെ പരോൾ കൂടുതൽ വികസനോന്മുഖമായ പ്രക്രിയക്കായി നീക്കിവെച്ചു.തിരിച്ചു വന്ന ഓമനക്കുട്ടന്റെ പുനരധിവാസത്തിന് വേണ്ടി മന്ത്രിജി എന്ത് ചെയ്തു എന്ന ചോദ്യം ചോദിച്ച എല്. സി .മെമ്പർ കുഞ്ഞനെ ഒരു കൂട്ടം യൂത്തന്മാർ തങ്ങളുടെ പാര്ട്ടിയുടെ ദേശീയ ദ്രാവകമായ പാമോയിൽ ഒഴിക്കും എന്ന് രായമ്മാന്റെ ചായക്കടയിൽ വെച്ച് ,ഭീഷണിപ്പെടുത്തി.ഗൾഫിൽ എത്ര മലയാളികൾ ഉണ്ട് എന്നുപോലും അറിയാത്ത തങ്ങളുടെ മന്ത്രിക്ക് ഇതുപോലെയുള്ള ചീളുകാര്യങ്ങൾ നോക്കാനല്ല അമ്മായി ശമ്പളം കൊടുക്കുന്നത് എന്നവർ വാദിച്ചു.ഒരു പരമാധികാരരാഷ്ട്രത്തിന്റെ അഭ്യന്തര കാര്യത്തിൽ ഇടപെടാൻ നമുക്ക് പറ്റില്ലെന്നും,മന്ത്രിജി കത്തയച്ചിട്ടുണ്ട് എന്നും അവർ പറഞ്ഞു. മീനിൽ അമോണിയാ ഇട്ട തമിഴ്നാടിനും,കെ.എസ്. ആര്ട്ടിസിക്ക് ഡീസൽ കിട്ടാൻ കേന്ദ്രത്തിനും,ഇറ്റലിക്കാരുടെ കേസ് കൊല്ലത്തു നടത്താൻ അവര്ക്കും, കത്തയച്ചതുപോലെ ഈ കത്തിനും അതെ ഗതി വരും എന്ന് മനസ്സിലാക്കണമെന്നും മണ്ഡലം സെക്രട്ടറി ഔസെപ്പ് കൂവക്കൻ പറഞ്ഞു.നോക്കുകൂലി വീതിക്കേണ്ടി വരുമോ എന്ന ആശങ്ക, ആൾ കേരള നോക്കുകൂലി അസോസ്സിയേഷൻ പ്രാവുംകൂട് ഏരിയ സെക്രട്ടറി ശങ്കുപ്പിള്ള പങ്കുവെച്ചു .

"എന്തെങ്കിലും കുറയുമോ"എന്ന് പ്രാവുംകൂട് ചന്തയിൽ വെച്ച് മീൻകാരനോട് ചോദിച്ച ഓമനക്കുട്ടനെ,മലയാള സിനിമയിൽ തങ്ക ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട"എന്തൊക്കെയായിരുന്നു..മലപ്പുറംകത്തി"എന്ന വിഖ്യാതമായ ഡയലോഗുമായി റിട്ടയേർഡ് പോലീസുകാരൻ വിജയൻ ന്യായമായ രീതിൽ ഒന്ന് ഊതി.കഷ്ട്ടകാലത്ത് ഏതു പീസിയും വിപ്പാകും എന്ന ആപ്തവാക്യം മനസ്സിലോർത്ത് വിജയന് പൊതുമാപ്പ് പ്രഖ്യാപിച്ചു ഓമനക്കുട്ടൻ സ്ഥലം കാലിയാക്കി .മീൻകാരി ശാന്തയുടെ നടുവേദന മുതൽ എച്- വണ്‍ വിസ ലോട്ടറി വരെ ചര്ച്ച ചെയ്തിരുന്ന ചാനലുകളിൽ, പ്രതികരണ തൊഴിലാളികൾ ദിവസം മുഴുവൻ ഗൾഫ്കാരന്റെ മടങ്ങി വരവ് ചർച്ചിക്കുന്നത് കേട്ട് ഭ്രാന്തായ ഓമനക്കുട്ടൻ ടിവിയുടെ കേബിൾ ഊരിക്കളഞ്ഞു.രാഷ്ട്രീയ നേതാക്കൾ മരിക്കുമ്പോൾ മാത്രം വെക്കുന്ന പ്രത്യേകതരം രാഗത്തിന്റെ അകമ്പടിയോടെ,ഗൾഫിലുള്ള എല്ലാവരും തിരിച്ചു വന്നാൽ എന്ത് ചെയ്യും,എന്ന ബിന്ദു ചന്ദ്രകുമാറിന്റെ വികാരരഹിതമായ ചോദ്യം കേട്ടപ്പോൾ, ഇവള്ക്കൊന്നും വേറെ പണിയില്ലേ എന്ന് ഓമനക്കുട്ടൻ ഓർത്തു.ഇവരുടെ ഒക്കെ ചര്ച്ച കേട്ടാൽ നാളെ കാലത്തെ ഉറക്കം ഉണർന്ന ഉടനെ ഗൾഫ്കാരെല്ലാം പാസ്പോര്ട്ടും എടുത്തു വള്ളം പിടിക്കാൻ മുട്ടിനില്ക്കുന്നു എന്ന് തോന്നുമല്ലോ എന്ന് പറഞ്ഞപ്പോൾ സുഗന്ധി ഒന്നും മിണ്ടിയില്ല. എത്ര ശ്രമിച്ചിട്ടും സുഗന്ധിയും അമ്മയും പോലും ഓമനക്കുട്ടൻ തിരിച്ചു പോകും എന്ന് വിശ്വ സിക്കാഞ്ഞപ്പോൾ,ഇതുപോലുള്ള വീടുകളിൽ നിന്നാണ് ബീവറേജസുകാര്ക്ക് പുതിയ വാഗ്ദാനങ്ങളെ കിട്ടുന്നത് എന്ന് ഓമനക്കുട്ടൻ ഓർത്തു .
വിലക്കയറ്റം,കടൽക്കൊല,കൊട്ടാരക്കര ട്രാന്സ്പോര്ട്ട് കോർപ്പരേഷൻ അടച്ചുപൂട്ടൽ എന്നിവയൊക്കെ ജനം മറന്നു.ഗൾഫുകാരന് പെണ്ണാലോചിച്ചു ചെന്നതിന്റെ പേരില്,ബ്രോക്കർ പപ്പന്റെ ബി.പി.എല് ചെത്തിക്കളയും എന്ന് കണ്ട് തൊമ്മൻ എന്നറിയപ്പെടുന്ന തോമസുചേട്ടൻ പറഞ്ഞു.
കട്ടയുംപടവും മടങ്ങി വരുന്നവരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ ഒരു പുതിയ ഡസ്ക് ഇടും എന്ന മുഖ്യന്റെ പ്രസ്താവന വന്ന ദിവസം,ഓമനക്കുട്ടൻ തിരിച്ചു പോകാനൊരുങ്ങി.ഓമനക്കുട്ടൻ തിരിച്ചു പോകും എന്നുറപ്പായതോട് കൂടി,സുഗന്ധിയുടെ മുഖം,അമ്പതുകോടി കൊടുത്താലും ഭാര്യ ഒഴിഞ്ഞു പോകുമല്ലോ എന്നറിയുമ്പോഴുള്ള മന്ത്രിയുടെ മുഖം പോലെ പ്രസന്നമായി.വിമാനത്താവളത്തിൽ വെച്ച്,ഓമനക്കുട്ടനെ പിടികൂടിയ ഹരിഹരപ്രിയ ചാനലിന്റെ റിപ്പോർട്ടർ അജു മങ്കജ് ,തത്സമയം സംപ്രേക്ഷണം ചെയ്ത ബിറ്റിൽ നിന്നും..
"ആ..മൃഗേഷ്..ആ...ഞാനിപ്പോൾ..ആ...തിരുവനതപുരം...ആ ..വിമാനത്താവളത്തിൽ നിന്നും ഗള്ഫിലേക്ക് തിരിക്കുന്ന....ആ..കേൾക്കാമോ..ആ....ശ്രീ ഓമനക്കുട്ടന്റെ....ആ ... ആശങ്ക പങ്കുവെക്കുകയാണ്".ഓമനക്കുട്ടൻ പറഞ്ഞു.. "പൊന്നു ചേട്ടാ, നിങ്ങൾ ഈ പറയുന്ന ആശങ്ക ഒന്നും അവിടെ ഇല്ല.നാട്ടിൽ കഴിയുന്ന ഗല്ഫുകാരുടെ കുടുംബത്തെ സമാധാനമായി കഴിയാൻ അനുവദിക്കുക.വിസ ഇല്ലാതെ ഗൾഫിൽ ഒരിടത്തും ജോലി ചെയ്യാൻ പറ്റില്ല.അക്കാമ ഇല്ലാതെ പോലീസ് പിടിച്ചാൽ ഏതു നാട്ടുകാരനെയും കേറ്റി വിടും.പിന്നെ ഫ്രീവിസാ എന്നൊന്ന് എന്റെ അറിവിൽ ഇല്ല.ഒരു ജോലിക്കാരന് അയാളുടെ സ്പോണ്‍സർമാരുടെ കീഴിലെ ജോലിചെയ്യാനാവൂ എന്ന നിയമം പണ്ടേ ഉള്ളതാ.ഈ സാറന്മാരൊക്കെ ഗൾഫിൽ വന്നിട്ട് അവിടുത്തെ കോട്ട് ലവേർസ് അസോസിയെഷന്കാരുടെ പിന്നാലെ നടക്കുന്നതല്ലാതെ ഒന്നും നടക്കില്ല. പറ്റുമെങ്കിൽ വണ്ടിക്കൂലി ഒന്ന് കുറക്കാൻ അവരോടു പറ...പറ്റുമോ.. അല്ലെങ്കിൽ ഈ കൂതറ വകുപ്പ്...


"ആ...മൃഗേഷ്.....ഓമനക്കുട്ടൻ എന്ന യാത്രക്കാരനുമായുള്ള ബന്ധം ആ...നഷ്ട്ടപ്പെട്ടിരിക്കുകയാണ്... ആ..."


ഓമനക്കുട്ടനെ വഹിച്ചുകൊണ്ടുള്ള എയര് ഇന്ത്യ വിമാനം,അന്ന് പതിവില്ലാതെ കൃത്യ സമയത്ത് പറന്നുയർന്നു. ആറുമണിക്കുള്ള സീരിയലിനു മുന്നേ വീട്ടില് എത്തിച്ചെക്കണം എന്ന ഉത്തരവ് കാര് ഡ്രൈവർക്ക് കൊടുത്തു പിന്നിലെ സീറ്റിലേക്ക് മറിയുമ്പോൾ സുഗന്ധിക്ക് ചെറുതായി മനം പുരട്ടുന്നത് പോലെ തോന്നി..
കൂടുതൽ വായനക്ക്