Mar 15, 2020

നാലു ദിവസങ്ങൾ.. അഞ്ചു ചിത്രങ്ങൾ..ഇതൊരു  സിനിമാനിരൂപണമല്ല.നാല്  ദിവസങ്ങൾ കൊണ്ട്  അഞ്ചു  ചിത്രങ്ങൾ  കണ്ടു  തീർത്ത,നല്ല  ചിത്രങ്ങളെ സ്നേഹിക്കുന്ന ഒരു  സിനിമാസ്വാദകന്റെ  കുറിപ്പ്....  അത്രമാത്രം!

ബിഗ് ബ്രദർ :

സംവിധായകൻ  സിദ്ദിക്കിലുള്ള  വിശ്വാസം  നഷ്ടപ്പെട്ടത്  ലേഡീസ്&ജെന്റിൽമാൻ  എന്ന  ചിത്രം മുതൽക്കായിരുന്നു.ഫുക്രി  അത് അരക്കെട്ടുറപ്പിച്ചു.ഇപ്പോൾ  ബിഗ് ബ്രദർ.എന്നിട്ടും  സിദ്ദിഖ് ചിത്രങ്ങൾ  വീണ്ടും  കാണുന്നുണ്ടെങ്കിൽ  അത്     അദ്ദേഹം  കൂടി  സംവിധാനം  ചെയ്ത  റാംജി റാവു സ്പീക്കിങ്  എന്ന  ആദ്യ  ചിത്രം  കാരണം  മാത്രം .ഒരു ഓൺലൈൻ  സൈറ്റ്  പ്രകാരം  33  കോടി മുതല്മുടക്കിയാണ്   ബിഗ്ബ്രദർ  നിർമിച്ചിരിക്കുന്നത്.എന്തിനാണ്  ഈ  33  കോടി എന്നത്  മനസ്സിലാകുന്നില്ല.ചിലപ്പോ  അര്ബാസ് ഖാനെ   കൊണ്ടുവരാനും റോൾസ്  റോയ്‌സ് ഒക്കെ  കാണിക്കാനും ഒക്കെയാവണം.വെറും  ദുർബലമായ  ഒരു  കഥ.ജീവനില്ലാത്ത  സംഭാഷണങ്ങൾ.ഒന്നിനും  കൊള്ളാത്ത  ചില  ഗാനങ്ങൾ.പ്രതീക്ഷിക്കാവുന്ന  ക്ളൈമാക്സ്. അമ്പലപ്പറമ്പിൽ  പണ്ടൊക്കെ ഉണ്ടായിരുന്ന  ബാലേകൾ  ഒക്കെ   ആളുകൾ  ഇതിലും  നന്നായി  ആസ്വദിക്കുമെന്ന്   സിദ്ദിക്ക് സർ  മനസ്സിലാക്കുക ! ഒരു  സംവിധായകന്റെ  ഒരു  ചിത്രത്തെ വെച്ച് മറ്റൊരെണ്ണം  താരതമ്യം ചെയ്യാനാവില്ല  എങ്കിലും  സിദ്ദിഖിന്റെ  90-കളിലെ   സിനിമകളിൽ  "ജീവിതം"ഉണ്ടായിരുന്നു.ചിലപ്പോൾ  അദ്ദേഹത്തിന്റെ   ജീവിതസാഹചര്യങ്ങൾ  മാറിയത് കൊണ്ടാവാം  പുതിയ ചിത്രങ്ങളിൽ അത്  ഇല്ലാതെ വരുന്നത്.ബിഗ്ബ്രദർ ഇറങ്ങിയ  സമയത്തു  സിദ്ദിഖിന്റെ ഒരു  അഭിമുഖം  കാണുകയുണ്ടായി.അദ്ദേഹം ഉൾപ്പെടെയുള്ള പഴയ  സംവിധായകരെ  തകർക്കാൻ  ആരൊക്കെയോ  ശ്രമിക്കുന്നു  എന്ന്.പ്രിയ  സിദ്ദിക്ക് .താങ്കളെ ആർക്കും  തകർക്കാനാവില്ല.എന്നാൽ  ഈ  തരം  ചിത്രങ്ങളാണ്  താങ്കൾ  ഇനിയും എടുക്കാൻ  ഉദ്ദേശിക്കുന്നതെങ്കി  പ്രത്യേകിച്ചും  ആരും  താങ്കളെ തകർക്കേണ്ടി  വരില്ല  എന്നറിയുക!ഓൺലൈൻ കണ്ടത്  നന്നായി.തീയേറ്ററിൽ പോയി കണ്ടിരുന്നെങ്കിൽ .എന്റെ  ദൈവേ!  Rating 1/5

ഷൈലോക്ക് 

അജയ് വാസുദേവിന്റെ  സിനിമകൾ കാണാൻ പോകുമ്പോ അതൊരു  മാസ് സിനിമയായിരിക്കുമെന്നും,സ്കോർപ്പിയോകൾ തകർക്കപ്പെടുമെന്നും,വില്ലന്മാർ     അൻപടിവരെ നായകൻറെ ചവിട്ടേറ്റ്തെറിക്കുമെന്നുമൊക്കെയറിയാം.ആദ്യത്തെ  പകുതി  പ്രതീക്ഷയൊക്കെ  കാത്തു സൂക്ഷിക്കയും എന്നാൽ  എന്തൊക്കെയോ പുതുമയുണ്ട്  എന്ന തോന്നലുണ്ടാക്കുകയും  ചെയ്യുന്നുണ്ട്  ഈ  ചിത്രം. എന്നാൽ  രണ്ടാം പകുതി തുടങ്ങുമ്പോഴേ  " ഇത്  പഴയ ബോംബ് കേസ്"എന്ന് തന്നെ  പറയേണ്ടിവരും.നായകൻറെ  കുടുംബം  തകർത്ത  വില്ലനെ അവസാനം   കൊല്ലുന്ന  കഥ മലയാള  സിനിമ  ഉണ്ടായപ്പോൾ മുതൽ സംവിധായകർ പറയുന്നതാണ്.മമ്മുക്കയുടെ  പെർഫോമൻസ്  മാത്രമാണ് ഒരു  പ്ലസ് പോയിന്റ്.20 കോടിയാണത്രെ  ബജറ്റ്!മോശംപറയരുതല്ലോ  റോൾസ്  റോയ്‌സ്,പജേറോ  തുടങ്ങിയ  ആഡംബര കാറുകൾ   ശറപറാന്നു  പായുന്നുണ്ട്.നായകന്  ഇറങ്ങാൻ  രണ്ടു  ഡോർ  ഒരുമിച്ചു  തുറന്നു കൊടുക്കുന്നതു  കണ്ടു  തകർന്നു പോയി എന്ന് പറയുന്നതാവും  ശരി! Rating 1.5/5

അൽ മല്ലു 

"റോമൻസ്" ഒരു  നല്ല  കോമഡി ചിത്രമായിരുന്നു.ബോബൻ  സാമുവൽ ഒരു  കൈയടക്കം വന്ന  സംവിധായകൻ എന്ന തോന്നലുണ്ടാക്കിയ  ഒരു ചിത്രം.ഈ  കാലത്തേ  സിനിമകളിൽ   വീണ്ടും  കാണാൻ പറ്റുന്ന  അപൂർവം  ചിത്രങ്ങളിൽ  ഒന്ന്.എന്നാൽ അൽ മല്ലു  ഒരു ഡിസാസ്റ്റർ  എന്ന്  തന്നെ പറയേണ്ടി  വരും. ധർമ്മജനൊക്കെ  ചിരിപ്പിക്കാൻ  ശ്രമിക്കുന്നുണ്ടു പക്ഷെ  ആരെങ്കിലും  രണ്ടു വശത്തു നിന്നും ഇക്കിളിയിടേണ്ടി വരും  എന്ന്  മാത്രം.നായകനും  വില്ലനും  മുഖത്ത്  ഭാവങ്ങൾ  വരുന്നില്ല  എന്നത്  അവരുടെ  കുറ്റമല്ല.അത്  സംവിധായകന്റെ തന്നെ  കുറ്റം  എന്ന്  പറയേണ്ടി  വരും!എന്തിനോ വേണ്ടി  തിളയ്ക്കുന്ന  സാമ്പാർ  എന്നായിരുന്നു ചിത്രത്തിന്  ആപ്റ്റ്  ആയിട്ടുള്ള  പേര് !

അന്വേഷണം 

നല്ല  ഒരു  ഇൻവെസ്റ്റിഗേഷൻ മൂവി . ഒരു സ്ലോ പേസ്  എന്നതൊഴിച്ചാൽ  ഒരു ക്‌ളീൻ ചിത്രം..സസ്പെൻസ് അവസാനം  വരെ  നിലനിർത്തുന്നതിൽ  സംവിധായകൻ  പ്രശോഭ് വിജയൻ  വിജയിച്ചിട്ടുണ്ട്. ജയസൂര്യക്ക്  പ്രതേകിച്ചു ഒന്നും  ചെയ്യാനില്ല. ലെനയും,ശ്രീകാന്ത്മുരളിയും,നന്ദുവും നല്ല സ്വാഭാവിക  അഭിനയം  കാഴ്ചവെച്ചിരിക്കുന്നു. ഇൻവെസ്റ്റിഗേഷൻ  മൂവികൾ  ഇഷ്ട്ടപ്പെടുന്ന  ഒരു  വിഭാഗത്തെ  തൃപ്തിപ്പെടുത്തുന്ന  ഒരു  കൊച്ചു  ചിത്രം.  Rating 3.5/5

അയ്യപ്പനും  കോശിയും .


ഈ  വർഷം  കണ്ടതിൽ  ഏറ്റവും  നല്ല  ചിത്രം. പൃഥ്വിരാജ്, ബിജു മേനോൻ,രഞ്ജിത്ത്  എന്നിവർ  അസാമാന്യ പ്രകടനം  കാഴ്ചവെച്ച ചിത്രം. അനാർക്കലിക്ക് ശേഷവും  സച്ചി പ്രതീക്ഷ  കാത്തു  സൂക്ഷിച്ചു. ഒരു തഴക്കം  വന്ന  സംവിധായകനെ  ഈ  ചിത്രത്തിൽ  കാണാൻ  സാധിക്കും. വ്യത്യസ്തങ്ങളായ  കഥകളുടെ  ഒരു  ബണ്ഡാകാരം  തന്നെ  സച്ചിയിൽ ഉണ്ടെന്നു  തോന്നുന്നു (ഉദാഹരണം  ഡ്രൈവിംഗ് ലൈസൻസ് ) പ്രേക്ഷകനെ പിടിച്ചിരുത്തുന്ന  എന്തോ  ഒന്ന്  ഈ  ചിത്രത്തിലുണ്ട്.റിയലിസ്റ്റിക് മൂവി  എന്ന  ഗണത്തിൽ  പെടുത്താൻ പറ്റുകയും  അതേസമയം  കൊമേഷ്യൽ  എലെമെന്റുകൾ  ആവശ്യത്തിന് ചേർക്കുകയും  ചെയ്ത  ഇതുപോലുള്ള  ചിത്രങ്ങളാണ്    സാധാരണ  സിനിമാസ്വാദകർക്കു  വേണ്ടത് . താൻ  എഴുതിയ തമ്പുരാൻ ചിത്രങ്ങളുടെ പേരിൽ  ആവശ്യത്തിൽ  കൂടുതൽ  പേരുദോഷം  കേൾക്കേണ്ടിവരികയും  എന്നാൽ  അതിനു  ശേഷം  ക്ലാസ്സ് ചിത്രങ്ങൾ തന്നെ  എടുത്തുകൊണ്ടു മലയാള  സിനിമയിൽ തന്റേതായ  ഒരു ഇടം കണ്ടെത്തുകയും ചെയ്ത  രഞ്ജിത്  തന്റെ  ഘനഗംഭീരമായ  ശബ്ദത്തിലൂടെയും  മിതമായ  അഭിനയത്തിലൂടെയും  പ്രേക്ഷകരെ  വിസ്മയിപ്പിക്കുന്നുണ്ട്.ഇന്ത്യൻ റുപീയിലെ  ഒരു  ഡയലോഗ് കടമെടുത്താൽ "അങ്ങ്  എവിടെയായിരുന്നു  ഇത്രനാൾ ?"  Rating 4.5/5


വാൽക്കഷ്ണം:ബിഗ് ബ്രദറും  ഷൈലോക്കും  കാണുമ്പോൾ   ഒരു  ശരാശരി  മലയാളിയുടെ  മനസ്സിൽ വരുന്ന  ഒരു  ചോദ്യമുണ്ട് .മലയാളത്തിലെ  എക്കാലത്തെയും  മികച്ച  നടന്മാരായി  നമ്മൾ  കാണുന്ന  ലാലേട്ടനും  മമ്മൂക്കയും,തങ്ങളുടെ  കരിയറിന്റെ  ഏറ്റവും  ഉയർന്ന  ഈ കാലഘട്ടത്തിൽ നിൽക്കുമ്പോഴും    എന്തിനാണ്  ഇങ്ങനെയുള്ള ഒരു ലോജിക്കും  ഇല്ലാത്ത,തങ്ങൾക്കുള്ള  അഭിനയ പാടവത്തിന്റെ ഒരംശംപോലും  വെളിവാക്കാൻ അവസരം കിട്ടാത്ത  തരം  ചിത്രങ്ങൾക്ക്  തലവെച്ചു കൊടുക്കുന്നതെന്ന്!മുപ്പതുവർഷം  ഇൻഡസ്ട്രിയിൽ  നിന്ന  ഒരുവന്  ബാലെകൾ  തോറ്റുപോകുന്ന   ഈ തരം  ചിത്രങ്ങൾ  എങ്ങനെയാണ്  തിരഞ്ഞെടുക്കാൻ   കഴിയുക ?