Nov 13, 2012

മന്ത്രിജിക്ക് കൊച്ചുതോമയുടെ തുറന്ന കത്ത്


പ്രിയ മന്ത്രിജീ,


ഫേസ് ബുക്ക്‌ ഗുണ്ടകളുടെ ചീമുട്ട ആക്രമണത്തില്‍ തളരാതെ, ഇത്രയും കഷ്ട്ടപ്പാടുകള്‍ സഹിച്ചു അങ്ങ് ഞങ്ങളെ സന്ദര്‍ശിക്കാന്‍ വന്നതില്‍ ആദ്യമായി താങ്കളെ അഭിനന്ദിക്കുന്നു..താങ്കള്‍ പേടിച്ചു സന്ദര്‍ശനം മാറ്റി എന്നും,തിരിച്ചു  പോയപ്പോള്‍ സന്ദര്‍ശനം  വെട്ടിച്ചുരുക്കി   എന്നും, അതൊക്കെ സോഷ്യല്‍ നെറ്റുവര്‍ക്ക് ഇത്രയും സ്ട്രോങ്ങ്‌ ആയതു കൊണ്ടാണെന്നും ചിലര്‍ പറഞ്ഞു പരത്തുന്നുണ്ട്. ഞാന്‍ അതൊന്നും വിശ്വസിക്കില്ല .
 
 
 
താങ്കളുടെ സന്ദര്‍ശനം ബഹിഷ്ക്കരിക്കണം എന്ന് പല സ്ഥലങ്ങളിലും അഭിപ്രായം ഉയര്‍ന്നെങ്കിലും, താങ്കള്‍ അതിനെ പറ്റി അറിഞ്ഞില്ല എന്ന് പ്രസ്താവിച്ചതായി അറിഞ്ഞു.വിവര സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ച കാര്യം താങ്കള്‍ അറിയാതിരുന്നത്‌ ഒരു കുറ്റമല്ല . ഉടനെ താങ്കളുടെ പേര്‍സണല്‍ സ്ടാഫിനു സോഷ്യല്‍ സൈറ്റുകളില്‍ കയറാനുള്ള അനുമതി നല്‍കുന്നത് നല്ലതായിരിക്കും.വീക്ഷണം മാത്രം വായിക്കുന്ന അവര്‍ക്ക് ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ അവ സഹായിക്കും .
 
 
എയര്‍ ഇന്ത്യയെ ബഹിഷ്ക്കരിക്കണം എന്ന് കുറെ ആള്‍ക്കാര്‍ പറയുന്നുണ്ടല്ലോ .ഒരുദിവസം പോലും ബഹിഷ്കരിച്ചു എയര്‍ ഇന്ത്യയ്ക്കു പണി കൊടുക്കാന്‍ ആവാത്തവരാണ്, താങ്കളെ ബഹിഷ്കരിക്കുന്നത് .താങ്കള്‍ ഇങ്ങോട്ട് വരാനായി മറ്റൊരു എയര് ലൈന്‍ തിരഞ്ഞെടുത്തതിലൂടെ"എയര്‍ ഇന്ത്യ ഇല്ലെങ്കില്‍ മത്തായിക്ക് മാങ്ങയാ" എന്നുള്ള വിലയേറിയ സന്ദേശമാണ് കൊടുത്തത്.പത്തോ രണ്ടായിരമോ രൂപ ലാഭിക്കാന്‍ ശ്രമിക്കുന്ന, പാവങ്ങള്‍ക്കും, അത്യാവശ്യ കാര്യങ്ങള്‍ക്കു പോകാനായി ടിക്കറ്റ് എടുക്കാന്‍ നോക്കുമ്പോള്‍ ടിക്കറ്റ് കിട്ടാതെ അവസാനം എയര്‍ ഇന്ത്യാ എക്സ്പ്രെസ്സ് എടുക്കുന്ന അഹങ്കാരികള്‍ക്കും നല്ല പണി തന്നെ കിട്ടണം . എല്ലാ മാസവും നാട്ടില്‍ പോകുന്നവര്‍ക്കും വര്‍ഷത്തില്‍ മൂന്നും നാലും തവണ പോകുന്നവര്‍ക്കും, പോകാന്‍ ഉയര്‍ന്ന യാത്രാക്കൂലിയും സൌകര്യങ്ങളും ഉള്ള ബീമാനങ്ങള്‍ ഉള്ളപ്പോള്‍ ഈ അഹങ്കാരം കാട്ടേണ്ട കാര്യമുണ്ടോ എന്ന് തലയില്‍ ഓളമുള്ളവര്‍ ചോദിച്ചു പോകും .
 
 
പ്രവാസിയാകാന്‍ വേണ്ടി  അതിഭയങ്കര ഭാഗ്യം ലഭിച്ചവര്‍ക്ക് വേണ്ടിയുള്ള ,പ്രവാസി "ഭാഗ്യ" ദിവസ് എന്ന പരിപാടിയിലേക്ക് വേണ്ടി ഞങ്ങള്‍ പ്രവാസികളെ ക്ഷണിക്കാനല്ല മറിച്ച് ഇവിടെ നടന്ന കരിമരുന്നു പ്രയോഗം നേരില്‍ കാണാനായിരുന്നു താങ്കള്‍ ഈ സമയത്ത് തന്നെ വന്നത് എന്ന് ചില വിവര ദോഷികള്‍ പാടിനടക്കുന്നുന്ടെങ്കിലും, അന്ന് അവിടെ സന്നിഹിതരായ സൂട്ട് ലവേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അംഗങ്ങളായ പാവപ്പെട്ട പ്രവാസികളുടെ ഫോട്ടോ കണ്ടതിനാല് ഞാന്‍ ‍ അത് വിശ്വസിക്കുന്നില്ല . അവരുടെ പ്രശ്നങ്ങളാണല്ലോ അബ്ബാസിയായിലും ഹസാവിയിലും മീനാ അബ്ദുല്ലായിലും ഉള്ള ക്യാമ്പുകളില്‍ താമസിക്കുന്ന ധനികരുടെ പ്രശ്നങ്ങളേക്കാള്‍ വലുത്.മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ താങ്കള്‍ ഒരിക്കലും സന്ദര്‍ശനം നടത്തരുത്. കാരണം, കാല്‍ക്കാശിനു വകയില്ലാത്ത മുതലാളിമാര്‍ക്ക് വേണ്ടിയാവണം താങ്കള്‍ ജീവിതം ഉഴിഞ്ഞു വെക്കേണ്ടത് .
 
 
താങ്കളുടെ സന്ദര്‍ശനത്തിന്റെ അതേ സമയം അബ്ബാസിയയില്‍ ചിലര്‍ യോഗം ചേര്‍ന്ന് എയര്‍ ഇന്ത്യാ രാജാവിന്റെ നെറ്റിയില്‍ ആണിയടിച്ചു എന്നും , പ്രതീകാത്മക ചങ്ങല തീര്‍ത്തു എന്ന് മംഗളം   പത്രത്തില്‍ വായിച്ചു . അതിനുള്ള ഉത്തരം താങ്കള്‍ ദുബായി വെച്ച് ചോദ്യം ചോദിച്ച പത്രക്കാരന് കൊടുത്തുവല്ലോ. അങ്ങനെ തന്നെ വേണം .
 
 
 
എയര്‍ ഇന്ത്യാ വിമാനം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കൊടും ഭീകരരുടെ കാര്യത്തില്‍ താങ്കള്‍ ഒന്നും ചെയ്തില്ല എന്നാണല്ലോ ആരോപണം.ആ പ്രശ്നങ്ങളില്‍ മാത്രമല്ല, ഗള്‍ഫു നാടുകളില്‍ പണിയെടുക്കുന്ന ബഹുഭൂരിപക്ഷം ആള്‍ക്കാരുടെയും പ്രശ്നങ്ങളില്‍ താങ്കള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല എന്ന് ആര്‍ക്കാണ് അറിയാത്തത്? അതെല്ലാം മറന്നു വെറും റാഞ്ചികളുടെ കാര്യത്തില്‍ പ്രവാസികള്‍ ഇത്രയും പ്രതിഷേധം ഉയര്‍ത്തിയത്‌ പ്രതിഷേധാര്‍ഹം എന്നല്ലാതെ എന്താണ് പറയേണ്ടത്?   വിദേശത്ത് വെച്ച് തട്ടിപ്പോകുന്ന പ്രവാസികളെ മാന്യമായ രീതിയില്‍ അടക്കാനായി ശ്മശാനം വരെ നേടിത്തന്ന താങ്കള് പ്രവാസിക്ക് വേണ്ടി എന്ത് ചെയ്തു എന്ന് ചോദിക്കുന്നവരെ കണ്ടാല്‍ എങ്ങനെ കലിയിളകാതിരിക്കും .കാരണം മരിച്ചു കഴിഞ്ഞു എവിടെ ശവം അടക്കുന്നു എന്നതാണല്ലോ പ്രവാസിയുടെ ഏറ്റവും വലിയ പ്രയാസം .
 
 
 
ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്ക് പോകുന്ന സ്ത്രീകളുടെ പ്രായ പരിധി താങ്കള്‍ ഉയര്തിയതിനാല്‍ , പെണ്‍വാണിഭം നടത്തുന്ന കമ്പനിക്കാര്‍ കലിപ്പിലാണെന്നും, അവരാണ് സോഷ്യല്‍ സൈറ്റുകളില്‍ താങ്കളുടെ വരവിനെതിരെ കടുത്ത ആക്രമണം നടത്തുന്നതെന്നും , താങ്കളുടെ പള്ളിയിലെ കൈക്കാരന്‍ പറഞ്ഞതായി പത്രത്തില്‍ വായിച്ചു. ഇത്രമാത്രം പെണ് വാണിഭക്കാര്‍ ഗള്‍ഫില്‍ ഉണ്ടെന്നത് ഒരു പുതിയ അറിവാണ് . സമയാ സമയം ഗള്‍ഫില്‍ സെന്‍സസ് നടത്താത്തത് കൊണ്ടാവാം, വാണിഭക്കാരുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തു അറിയാത്തത്. ഇത്രയേറെ വാണിഭക്കാര്‍ ഗള്‍ഫില്‍ ഉള്ള സ്ഥിതിക്ക് , തിരിച്ചു വരുമ്പോള്‍ അവരെ പുനരധിവസിപ്പിക്കാനായി താങ്കള്‍ക്ക് ഒരു പദ്ധതി പ്രഖ്യാപിക്കാം.ഓരോ വരവിനും ഓരോ പദ്ധതി എന്നതാണല്ലോ നമ്മുടെ പോളിസി.
 
 
 
ഏതു സമയത്തും താങ്കളെ നേരിട്ട് ഫോണ്‍ വിളിക്കാം എന്നും, പ്രവാസികളുടെ പ്രശ്നങ്ങള്‍ നേരിട്ട് കേള്‍ക്കാന്‍ താങ്കള്‍ക്ക് ഇഷ്ട്ടമാണെന്നും അറിഞ്ഞതില്‍ സന്തോഷം.ഇത് പറഞ്ഞ സമയത്ത് ആ ഫോണ്‍ നമ്പര്‍ കൂടി കൊടുത്തിരുന്നെങ്കില്‍ വലിയ ഉപകാരമാകുമായിരുന്നു.കൊച്ചിക്ക്‌ ടിക്കറ്റ് എടുത്തിട്ട് തിരുവന്തോരത്ത് ഇറങ്ങേണ്ടി വന്നാല്, ‍ താങ്കളെ വിളിക്കാല്ലോ. ഈ നമ്പര്‍ ഇല്ലാത്തതുകൊണ്ട് കഴിഞ്ഞ മാസം വിമാനം റാഞ്ചാന്‍ ശ്രമിച്ച കൊടും ഭീകരര്‍ പെറ്റിക്കെസില്‍ പെട്ട് തിരുവനതപുരം , കോഴിക്കോട് ഷട്ടില്‍ ‍ അടിച്ചു കൊണ്ടിരിക്കുന്നു . അവര്‍ക്ക് ഇതൊരു വലിയ ആശ്വാസമായേനെ.
 
 
പ്രതിഷേധത്തെ  തൃണവല്ഗണിച്ചു താങ്കളുടെ പടിപാടികളില്‍ പങ്കെടുത്തു അത് ഒരു വന് വിജയമാക്കിത്തീര്ത്തവര്‍ക്ക് എന്റെ അനുമോദനങ്ങള്‍ . നിങ്ങളാണ് യഥാര്‍ത്ഥ രാജ്യസ്നേഹികള്‍,പ്രവാസികളോട് കൂറ് പുലര്‍ത്തുന്നവര്‍.
 
 

കോട്ടിട്ട മറ്റൊരു മന്ത്രിയെ ഞങ്ങള്‍ കാത്തിരിക്കുന്നു .സസ്നേഹം.
കൊച്ചു തോമാ..
(കെ. ടി. തോമസ്‌ )

28 അഭിപ്രായ(ങ്ങള്‍):

Sameer Thikkodi said...

ഞാനൂഹിച്ചു.. താങ്കൾ ആ സ്വീകരണ പരിപാടിയിൽ തന്നെയായിരിക്കും പങ്കെടുത്തത് എന്ന്... കാരണം പ്രതിഷേധ പരിപാടിയിലോ; കുവൈത്ത് നടത്തിയ "വെടിക്കെട്ട്" പരിപാടിയിലോ താങ്കളെ കണ്ടില്ല... ആക്ചുവല്ലി ആ വെടിക്കെട്ട് തന്നെ രവിയണ്ണനു വേണ്ടിയാണു കുവൈത്ത് സർക്കാർ നടത്തിയത്.. ഹി ഹി ഹി ...

കോട്ട് ഇട്ട കാൽകാശിനു ഗതിയില്ലാത്ത ബ്ലഡി മല്ലൂസ്.. :)

ajith said...

മന്ത്രിയ്ക്ക് തൂറ്റ് പിടിച്ച് മസ്കറ്റിലെ ഒരു ആശുപത്രീലാന്നൊക്കെ കേള്‍ക്കുന്നു. എന്നാ പണിയാ ഈ പ്രവാസികള്‍ കാണിച്ചത്. അങ്ങേരെ പേടിപ്പിച്ച് തൂറ്റിച്ചല്ലോ

ഷാജു അത്താണിക്കല്‍ said...

ഹൊ
ഇവരെയൊക്കെ താങ്ങുന്നവരെ തലക്കടിക്കണം

പട്ടേപ്പാടം റാംജി said...

സൂട്ട് ലവേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അംഗങ്ങള്‍ ...
വളരെ ഉചിതമായി ആക്ഷേപഹാസ്യം.

വീകെ said...

ഇവിടെ വന്നിട്ടും ഞങ്ങളെയൊന്നും കാണാതെ തിരിച്ചു പോയ മന്ത്രിയുടെ മാനസ്സികാവസ്ഥ ആലോചിക്കാനേ വയ്യ...!!

© Mubi said...

കുറിക്കു കൊള്ളുന്ന കുറിപ്പ്...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

(മൂപ്പീന്നിനു ഫേസ്ബുക്ക് എക്കൌണ്ട് ഉണ്ടോ ആവോ ?)
കോട്ടിട്ടവര്‍ ഇനീം വരും ..
അതിനേക്കാള്‍ വിലയുള്ള കോട്ടിട്ടവര്‍ സ്വീകരിക്കാനും കാണും.
നമ്മളത് കണ്ടു കോട്ടുവായിടും

രസമുള്ള പരിഹാസം നിറഞ്ഞ പോസ്റ്റ്‌

അനില്‍കുമാര്‍ . സി. പി. said...

നാണമില്ലാത്തോന്റെ .... !! അല്ലെ?

Basheer Vallikkunnu said...

:)

തോമാച്ചന്‍ said...

സത്യത്തില്‍ കുവൈത്തില്‍ വെടി ക്കെട്ട് കാണാനും ദുബായില്‍ മകളെയും മരുമകനെയും സന്ദര്‍ശിക്കാനുമാണ് രവിക്കൊച്ചാപ്പന്‍ വന്നത്. ഔദ്യോഗിക പരിപാടി ഒന്നും ഇല്ലെങ്കില്‍ യാത്രപ്പടി, ദിനബത്ത പിന്നെ കിട്ടാവുന്ന മറ്റ് അലവസുകള്‍ ഒക്കെ അടിച്ചുമാറ്റാന്‍ ബുദ്ധിമുട്ടായത്കൊണ്ട് പ്രവാസിക്കു ശവക്കുഴി തോണ്ടല്‍ എന്ന പ്രതീകാത്മക പരിപാടികൂടി ഉള്‍കൊള്ളിച്ചുവെന്നേ ഉള്ളു.

RAGHU MENON said...

നന്ദി ശശി ,
ഇഷ്ടപ്പെട്ടു

Rafeeq Babu said...

പ്രവാസികളുടെ കരുത്ത്‌ എന്താണെന്ന് രവി ജി ക്ക് മനസ്സിലായി..ഇതൊരു കൂട്ടായ്മയുടെ വിജയമാണ് .. ഇനി ഏതൊരു മന്ത്രിയും ഗള്‍ഫിലേക്ക് വരുമ്പോള്‍ ഒന്ന് ഒരുങ്ങി വരും .. അതുറപ്പാ...

Joselet Joseph said...

കൊള്ളാം!!
സെക്കറിയായുടെ എന്തോ ഉണ്ട് പീലിപ്പോസേ വിശേഷം? വായിച്ചപോലത്തെ ഒരു ഫീലിംഗ്!

വില്ലേജ് മാന്‍ സ്യൂട്ട് അഴിച്ചെങ്കില്‍ ടൈയ്യും ഊരണം! :)

K@nn(())raan*خلي ولي said...

ശശിയേട്ടാ,
ആ രഫിയണ്ണന്‍ ഇപ്പം വിളിച്ചു വെച്ചതേയുള്ളൂ., ആരാ ഈ വില്ലേജ്മാന്‍ എന്ന് ചോദിച്ചു.
ഇനി കുവൈത്തില്‍ നിന്നും തിരിച്ചു പോകുമ്പോള്‍ ഇന്ത്യയില്‍ ഇറങ്ങണ്ട. നേപ്പാളിലോ ബംഗാളിലോ ഇറങ്ങിക്കോ.
ഇല്ലേല്‍ കണ്ണൂരില്‍ എയര്‍പോര്‍ട്ട് വരുന്നത് വരെ വെയിറ്റ് ചെയ്തോ.
ബാക്കി കണ്ണൂരാന്‍ ഏറ്റന്നെ!

(കലക്കി കടുക് വറുത്തൊരു ആക്ഷേപം)

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..സമീര്‍... പരിചയമുള്ള പരിചയമുള്ള മുഖങ്ങളും ഫോട്ടോയില്‍ കണ്ടു . അങ്ങൊരു വരുന്നത് പ്രമാണിച്ചു കാണാന്‍ പോകാനും ഒരു മൂഡില്ലാരുന്നു !

നന്ദി..അജിത്‌ ഭായ്..ആക്രാന്തം മൂത്ത് സ്വന്തം വയര്‍ ആണ് എന്ന് ഇവറ്റ ഒക്കെ മറക്കും

നന്ദി..ഷാജു.. വളരെ ശരിയാണ്

നന്ദി..രംജി ഭായ്.

നന്ദി..വീകേ

നന്ദി..മുബി

നന്ദി..തണല്‍

നന്ദി..അനില്‍ കുമാര്‍

നന്ദി..ബഷീര്‍ ഭായ്..

നന്ദി..തോമാച്ചന്‍ ..എന്നിട്ട് ഒടുക്കത്തെ ഒരു തള്ളും .. എല്ലാം . വേണ്ടി എന്ന്.

നന്ദി..മേനോന്ജീ

നന്ദി..പ്രവാസി

നന്ദി..ജോസലെറ്റ്

നന്ദി..കണ്ണൂരാന്‍ ..കൊച്ചു തോമാ ഇനി ആറന്മുള വിമാനത്താവളം ആയിട്ടെ നാട്ടിലെക്കു ള്ളൂ എന്ന് പറയുന്നു .. അവിടാണല്ലോ ഇനി ആറന്മുള ക്കാര്‍ക്ക് ആര്‍ക്കും ആവഹ്സ്യം ഇല്ലാത്ത ആറന്മുള വിമാനത്താവളം വരുന്നത് !

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം നന്നായിട്ടുണ്ട്

‍ആയിരങ്ങളില്‍ ഒരുവന്‍ said...

എനിക്കറിയാത്ത പ്രശ്നങ്ങളൊന്നും പ്രവാസിക്കില്ല; കോട്ടും സൂട്ടുമിട്ട് കുടവണ്ടിയും തള്ളി മിനിമം നാട്ടിൽ ഒരു റിസോർട്ടെങ്കിലുമുള്ള പൊങ്ങച്ചായന്മാരാണ് പ്രവാസികളായി ഉള്ളതെന്നാണ് അങ്ങോരുടെ ധാരണ..

Unknown said...

കോട്ടിട്ട പാവങ്ങള്‍ക്ക് ഇട്ടു വെച്ചത് ഒട്ടും ശരിയായില്ല... അവര്‍ ഇനി എന്ത് ചെയ്യും??? എയര്‍ ഇന്ത്യ ആ പാവങ്ങളുടെ ആണല്ലോ???? നന്നാകില്ല നമ്മുടെ മന്ത്രിമാര്‍ നന്നാവില്ല

നിസാരന്‍ .. said...

ഇതിന്റെ പ്രിന്റ്‌ എടുത്തു പുള്ളിക്കയക്കണം എന്നേ. അല്ല ശരിക്കും അതങ്ങു ചെയ്താലോ. ഇത്തിരി വൈകിയെങ്കിലും

pravaahiny said...

നന്നായി എഴുതി . ആശംസകള്‍ @PRAVAAHINY

Echmukutty said...

ഏതു മന്ത്രിക്കാ ജനത്തിന്‍റെ വിഷമങ്ങള്‍ ആലോചിച്ച് ആധി?ഒക്കെ ഒരു തമാശ അത്രമാത്രം.

Mohiyudheen MP said...

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്ക് പോകുന്ന സ്ത്രീകളുടെ പ്രായ പരിധി താങ്കള്‍ ഉയര്തിയതിനാല്‍ , പെണ്‍വാണിഭം നടത്തുന്ന കമ്പനിക്കാര്‍ കലിപ്പിലാണെന്നും, അവരാണ് സോഷ്യല്‍ സൈറ്റുകളില്‍ താങ്കളുടെ വരവിനെതിരെ കടുത്ത ആക്രമണം നടത്തുന്നതെന്നും , താങ്കളുടെ പള്ളിയിലെ കൈക്കാരന്‍ പറഞ്ഞതായി പത്രത്തില്‍ വായിച്ചു. ഇത്രമാത്രം പെണ് വാണിഭക്കാര്‍ ഗള്‍ഫില്‍ ഉണ്ടെന്നത് ഒരു പുതിയ അറിവാണ് .

:)


അല്ല ഈ പുള്ളി കുവൈറ്റിലേക്കും സൌദിയിലേക്കും വരാൻ കൂട്ടാക്കാത്തതിൽ ഒരു ലോഡ് ചീമുട്ട വേസ്റ്റായി :)

Mohiyudheen MP said...

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്ക് പോകുന്ന സ്ത്രീകളുടെ പ്രായ പരിധി താങ്കള്‍ ഉയര്തിയതിനാല്‍ , പെണ്‍വാണിഭം നടത്തുന്ന കമ്പനിക്കാര്‍ കലിപ്പിലാണെന്നും, അവരാണ് സോഷ്യല്‍ സൈറ്റുകളില്‍ താങ്കളുടെ വരവിനെതിരെ കടുത്ത ആക്രമണം നടത്തുന്നതെന്നും , താങ്കളുടെ പള്ളിയിലെ കൈക്കാരന്‍ പറഞ്ഞതായി പത്രത്തില്‍ വായിച്ചു. ഇത്രമാത്രം പെണ് വാണിഭക്കാര്‍ ഗള്‍ഫില്‍ ഉണ്ടെന്നത് ഒരു പുതിയ അറിവാണ് .

:)


അല്ല ഈ പുള്ളി കുവൈറ്റിലേക്കും സൌദിയിലേക്കും വരാൻ കൂട്ടാക്കാത്തതിൽ ഒരു ലോഡ് ചീമുട്ട വേസ്റ്റായി :)

Rainy Dreamz ( said...

ഇവന്മാരെ ഒക്കെ താങ്ങുന്നവരെയാണ് ആദ്യം അടിക്കേണ്ടത്. ജനങ്ങൾ ദാനം നൽകുന്നതാണ് എം എൽ എ, എം പി പദങ്ങൾ എന്ന് തിരിച്ചറിയാനുള്ള കഴിവില്ലാത്ത ഒന്നിനും ആരും വോട്ട് കൊടുക്കരുത്. നമ്മുടെ ദാനം സ്വീകരിച്ച് നമ്മളോട് തനെ ധാർഷ്ട്യം കാണിക്കുന്ന......... വർഗ്ഗം

Pradeep Kumar said...

വിദൂരദേശങ്ങളിൽ വിയർപ്പൊഴുക്കി ഒരു നാടിന്റെ സമ്പദ് വ്യവസ്ഥയെ തകരാതെ താങ്ങിനിർത്താനുള്ള ശക്തി നിങ്ങൾ പ്രവാസികൾക്ക് ഉണ്ട്.....

ചിലരെയെല്ലാം നിലക്കു നിർത്താനും ആ മഹാശക്തി ഉപയോഗിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.....

Villagemaan/വില്ലേജ്മാന്‍ said...

നന്ദി.കുസുമംജി.

നന്ദി...ആയിരത്തില്‍ ഒരുവന്‍.

നന്ദി..വിഗ്നേഷ്

നന്ദി..നിസാരന്‍.

നന്ദി..പ്രവാഹിനി

നന്ദി..എച്ചുമുക്കുട്ടി.

നന്ദി..മോഹി..

നന്ദി...രൈനി ഡ്രീംസ്

നന്ദി..പ്രദീപ്‌ കുമാര്‍.

Sidheek Thozhiyoor said...

ഭു..ഹ ഹ...ഖത്തറിലേക്കും ആശാന്‍ വന്നില്ല.

Prabhan Krishnan said...


ഏ..നിതൊന്നും അറിഞ്ഞതേയില്ലേ..

എന്നാലും വേണ്ടീല സമ്പവം കലക്കി.
ഇത് ഒരൊന്നൊന്നര എഴുത്തായിപ്പോയി വില്ലേജേ..
നൂറുനൂറാശംസോള്‍..!