Dec 31, 2010

കൊച്ചുതോമയുടെ പെണ്ണ് കാണലുകള്‍


കോട്ടയത്ത്‌ നിന്നും വോള്‍വോയില്‍ കയറുമ്പോള്‍ കൊച്ചു തോമായുടെ മനസ്സില്‍ ഒരു പ്രാര്‍ത്ഥനയെ ഉണ്ടായിരുന്നുള്ളൂ.ഛെ അതല്ല.എതെകിലും ലോങ്ങോവാള്‍ വന്നു അടുത്തിരിക്കല്ലേ എന്ന്.സാമാന്യം നല്ലൊരു പാമ്പിനെ തന്നെ പുണ്യാളന്‍ റെഡി ആക്കി തന്നു.വണ്ടി വിടാന്‍ തുടങ്ങിയപ്പോ ദേ ഒരുത്തന്‍ ശക്തി ഹോട്ടലില്‍ നിന്നും ഓടിവരുന്നു .സീറ്റിലേക്ക് വന്നു വീണപ്പോഴേ പിന്നെ ക്ഷമ ചോദിച്ചു.ഞാന്‍ രണ്ടെണ്ണം വിട്ടിട്ടുണ്ട് എന്ന് പറയുകേം ചെയ്തു.രണ്ടോ മൂന്നോ കുഴപ്പമില്ല.വാള്‍ എടുത്തു വീശല്ലേ ചേട്ടായീ എന്നെ പറഞ്ഞുള്ളൂ.ചേട്ടായി വാക്ക് പാലിച്ചു.കുഴപ്പം ഒന്നും ഉണ്ടായില്ല.കാലത്തേ മടിവാള എത്തിയപ്പോഴാ എഴുന്നേറ്റത്.


എന്തൊരു മുടിഞ്ഞ ചൂടാ നാട്ടില്‍.കഴിഞ്ഞ ആഴ്ച ഇങ്ങനെ ഒന്ന് പറഞ്ഞു പോയി."നീ പത്തിരുപതന്ച് വര്‍ഷം ഈ ചൂടൊക്കെ തന്നല്ലേ സഹിച്ചത്" എന്ന് കൂട്ടത്തി പഠിച്ച മാത്തച്ചന്‍ ചോദിച്ചപോള്‍ സത്യം പറഞ്ഞാല്‍ ചമ്മി.വേറെ ഒരു ദിവസം ചെരുവാണ്ടൂര്‍ കവലേല്‍ നിന്നപോ അറിയാതെ ഒരു ആത്മഗതം വന്നതിന്റെ (സി കെ എം എസ് ഇപ്പോഴും ഇതിലെ ഓടുന്നുണ്ടോ എന്ന്) ക്ഷീണം ഇപ്പോഴും തീര്‍ന്നില്ല.ക്ലബില്‍ ചൊറിയും കുത്തി ഇരിക്കുന്ന അവന്മാരൊക്കെ കൂടെ ഒരു ചിരി.ഒരുത്തന്‍ പറഞ്ഞു പണ്ട്ഇതിലെ തേങ്ങ ഇട്ടോണ്ട് നടന്നവന്‍ ബോംബയ്ക്ക് പോയിട്ട് വന്നിട്ട് ഇതെന്നാ തിംഗ് ആണെന്ന് പറഞ്ഞപോലുണ്ടല്ലോ എന്ന്.ഈ നാട്ടുകാരെ കൊണ്ട് തോറ്റു.ബാംഗ്ലൂര്‍ക്കാ എന്ന് പറഞ്ഞപോ അവിടെ എടുത്തു പ്രയോഗിക്കാന്‍ സിബിച്ചന്‍ ഒന്ന് രണ്ടു വാക്കുകള്‍ പറഞ്ഞു തന്നിരുന്നു.ബേഡ എന്നാ വേണ്ട.ഹോഗി എന്നാല്‍ പോയി അങ്ങനെ ചിലത്. ബസ്‌ സ്റ്റോപ്പില്‍ നോക്കിയപോ മൂന്നാല് പേര് നിന്ന് വര്‍ത്താനം പറയുന്നു.ഈ ബസ്‌ കെ ആര്‍ പുരത്ത് ഹോഗുമോ എന്ന് ഒരുത്തനോട്‌ ചോദിച്ചു .പരസ്പരം നോക്കിയിട്ട് ഒരുത്തന്‍ പറഞ്ഞു " ഹോഗുമായിരിക്കും " എന്ന്.പിന്നെ അവിടുന്ന് മുങ്ങിയതെ ഓര്‍മ്മയുള്ളൂ.ബ്ലഡി മല്ലൂസ് എവെരിവെയര്‍. ഹോ കുവൈറ്റിലെ അബ്ബസ്സിയായില്‍ ഉണ്ടോ ഇത്രേം മല്ലൂസ്.കെ..ആര്‍.പുരത്ത് അപ്പാപ്പന്റെ മകന്‍ ജോര്‍ജിചായന്റെ അടുത്തേക്കാ പോണേ .ഒറ്റതടിയാ.കിട്ടുന്ന കാശൊക്കെ പുട്ടടിച്ചു ജീവിക്കുന്നു. ഇച്ചായന്‍ കാലത്തേ മടിവാളെ വന്നേക്കാം എന്ന് പറഞ്ഞു പറ്റിക്കും എന്ന് ഇന്നലെ വിളിക്കുംബോഴേ അറിയാരുന്നു.പുള്ളി അമ്പതു വയസായിട്ടും പെണ്ണ് കെട്ടിയില്ല.അപ്പാപ്പന്‍ ഗള്‍ഫില്‍ കിടന്നു ഒരു പാട് ഉണ്ടാക്കി.പെങ്ങമ്മാരു ഒക്കെ ലണ്ടനിലും അമേരിക്കേലും.ജോര്‍ജിചായന്‍ കുറെ നാള്‍ കുവൈറ്റിലും ഉണ്ടാരുന്നു. തിരുവല്ലക്കാരന്‍ ഒരച്ചായനാരുന്നു പുള്ളീടെ ബോസ്സ്. ഓഡിറ്റ്‌ സമയത്ത് ഒരു ദിവസം അച്ചായാന്‍ ചോദിച്ചു എന്തായി ജോര്‍ജീ ബാലന്‍സ് ഷീറ്റ്‌ ഒക്കെ എന്ന് .ഞാന്‍ ഇതെന്നാ എപ്പോഴും പോക്കറ്റില്‍ ഇട്ടോണ്ട് നടക്കുവാന്നോ ചോദിക്കുംബോഴേ എടുത്തു തരാന്‍ എന്നെ ചോദിച്ചുള്ളൂ ജോര്‍ജിചായന്‍.ബോസ്സ് ഒരു ദിവസത്തെ ശമ്പളം കട്ട് ചെയ്യുന്നു എന്നും പറഞ്ഞു ഒരു മെമ്മോ എഴുതി കൈയിലേക്ക്‌ കൊടുത്തു. മെമ്മോ വായിച്ചിട്ട് കൈയില്‍ ഇരുന്ന താക്കോല്‍ കൂട്ടം മേലോട്ട് ഒരു ഏറു കൊടുത്തിട്ട് ദേ കിടക്കുന്നു തന്‍റെ ബാലന്‍സ് ഷീറ്റ്. ജോര്‍ജി ഇതാ പോകുന്നു എന്ന ഒറ്റ വാചകമേ പറഞ്ഞുള്ളൂ എന്നാ കേട്ടിട്ടുള്ളത്.
ജോര്‍ജിചായന്‍ പിന്നെ ആള് ജോളിയാ. എന്നാ വേണേലും പറയാം.കള്ളടിക്കാം.എന്നാ പിറപ്പു വേണേലും കാണിക്കാം.കുവൈടീന്നു വരുമ്പോള്‍ ഉള്ള സ്കോച് ഒക്കെ കൊണ്ട് തരുമാരുന്നു.പിന്നെ നാട്ടില്‍ ആരുന്നപോഴും പുള്ളി ഇടക്ക് വിളിച്ചോണ്ട് പോകും.കരിമ്പുംകാലെന്ന് കരിമീന്‍ പൊള്ളിച്ചതും കള്ളും ഒരുപാട് തട്ടിയിട്ടുണ്ട്.ഇടയ്ക്കു ഭയങ്കര പ്രശ്നം ഒക്കെ ആരുന്നു.കള്ള് മൂത്ത് കഴിഞ്ഞാല്‍ പിന്നെ പേയാ. ആരാണ്ടൊക്കെ പിടിക്കാന്‍ വരുന്നു ,കൊല്ലാന്‍ വരുന്നു എന്നൊക്കെ വിളിച്ചു കൂവും.പാതിരക്ക് വല്ലോരുടെം ഒക്കെ വീട്ടില്‍ വിളിക്കും. പിന്നെ കോട്ടയത്ത്‌ ഏതോ ഡീ അഡിക്ഷന്‍ കേന്ദ്രത്തില്‍ പോയിട്ടാ ശരിയായെ.പെണ്ണ് കെട്ടുക എന്നത് ഇത്രേം ഭാരിച്ച ഒരു എടപാടാ എന്ന് വിചാരിച്ചില്ല. സിപ്പു ആയിട്ടുള്ള ആലോചന എല്‍ദോചായാന്‍ ഉഴപ്പി വിട്ടില്ലാരുന്ണേല്‍ അത് അന്ന് നടന്നു പോയേനെ. വന്നിട്ട് ഒരാഴ്ചയായി.അഞ്ചോ ആറോ എണ്ണത്തിനെ കണ്ടു.ഒരെണ്ണംമനസ്സില്‍ പിടിച്ചതാരുന്നു.പൊന്‍കുന്നംകാരി ഒരു സുന്ദരി പെണ്ണ്.യു കെ യില്‍ നെഴ്സാരുന്നു.അവള്‍ ചായ കൊണ്ടു വെച്ചിട്ട് അപ്പന്റെ അടുത്ത് സോഫയില്‍ വന്നിരുന്നു.അപ്പന്റെ പെറ്റ് ആയിരിക്കും.കൂട്ടത്തില്‍ വന്ന അപ്പാപ്പന് പിടിച്ചില്ല.അവള്‍ അഹങ്കാരിയാ അല്ലേല്‍ അപ്പന്റെകൂടെ കേറി ഇരിക്കുമോ എന്ന് പറഞ്ഞു പുള്ളി കേറി വെട്ടി.തിരിച്ചു പോരുന്ന വഴി പെണ്ണ് കാണാന്‍ കൂട്ട് വന്ന സിബിച്ചന്‍ ചെവിയില്‍ പറഞ്ഞു.ഇങ്ങരെപോലുള്ള കടുംവെട്ടിനൊക്കെ വല്ല എലി പാഷാണോം വാങ്ങിച്ചു കൊടുക്ക്‌ അല്ലേല്‍ മോനെ നിന്റെ കല്യാണം നടക്കുകേല എന്ന്.എന്നാ പറയാനാ .രണ്ടു മൂന്ന് ദിവസം ഫോട്ടോ വെച്ചോണ്ട് സ്വപ്നം കണ്ടത് മിച്ചം.അമ്മച്ചിക്കൊക്കെ അപ്പാപ്പന്റെ വാക്ക് വേദവാക്കല്ലേ.വല്ലോം പറയാന്‍ പറ്റുമോ.ഈ നിലക്ക് അപ്പാപ്പന്‍ ആക്രമണം തുടരാന്‍ ആണ് ഭാവമെകില്‍ എന്റെ കാര്യം കട്ടപൊക.കട്ടപ്പനക്കാരി ഒന്നിനെ പോയി കണ്ടു എല്ലാം ഒത്തത് ആരുന്നു . വീടുകാണാന്‍ അവര് രണ്ടു ജീപ്പും പിടിച്ചു വരികേം ചെയ്തു.കണ്ടിട്ട് വല്യ സന്തോഷമായിട്ടാ തിരിച്ചു പോകുകേം ചെയ്തത്.വീട്ടില്‍ ചെന്നിട്ടു ഉറപ്പീരിന്റെ ഡേറ്റ് അറിയിക്കാം എന്ന് പറഞ്ഞു പോയതാ.വീട്ടീന് അവരുടെ ഫോണ്‍ വന്നില്ല.പകരം ബ്രോക്കര്‍ കുഞ്ഞുമോന്റെ ഫോണ്‍ വന്നു.അവര്‍ ഒഴിയുവാ എന്ന്.കവലേല്‍ ആരാണ്ടോട് ചോദിച്ചപ്പോ ചെറുക്കന്റെ സ്വഭാവം ശരിയല്ല എന്ന് പറഞ്ഞു എന്ന്.അല്ലേലും അല്പം നല്ല നിലേല്‍ കഴിയുന്നവരോട് നാടുകാര്‍ക്ക് ഒരു കുശുംബുണ്ടല്ലോ.പോട്ടെ പുല്ലു .കരീനേം പ്രിയങ്കേം പോയിട്ട് ഷാഹിദ് സഹിച്ചില്ലേ.പിന്നാ.
വേറെ രണ്ടെണ്ണം കാണാന്‍ പോയത് പാഴായിരുന്നു.ഒന്നിന് ബിജുക്കുട്ടന്റെ കളറും, ഷക്കീലേടെ ഷേയ്പ്പും.പിന്നെ ഒന്നിനെ കണ്ടപ്പോള്‍ സിബിച്ചന്‍ പറഞ്ഞത് നിങ്ങളെ കണ്ടാല്‍ നല്ല ചേര്‍ച്ചയാ അമ്മയെയും മോനെയും പോലെ ഇരിക്കും എന്നല്ലാതെ വേറെ കുഴപ്പം ഒന്നും ഇല്ല എന്നാരുന്നു.സിബിച്ചന്‍ ആണ് പെണ്ണുകാണാന്‍ എല്ലാടത്തും കൂട്ട്.ഉള്ളത് ഉള്ളപോലെ പറയും.ഇനി ഇപ്പൊ ആകെ ഒരെണ്ണം കൂടി ബാക്കി ഉണ്ട്.കരിമ്പനക്കല്‍ സാമിച്ചായന്റെ ഭാര്യേടെ ചെട്ടതീടെ മകളെ കാണാന്‍ വേണ്ടിയാ ബാങ്ങളൂരെങ്കില്‍ ബാംഗ്ലൂര്‍ എന്നും പറഞ്ഞു വെച്ച് പിടിച്ചത്.ഇനി ഇതും കൂടി ശരിയായില്ലേല്‍ പിന്നെ മിക്കവാറും ഈ ലീവും സുരേഷ്ഗോപി.
കെ ആര്‍ പുരത്ത് തപ്പി പിടിച്ചു ചെന്നപ്പോള്‍ ജോര്‍ജിചായന്‍ കിടന്നു നല്ല ഉറക്കം.ഒരുവിധത്തില്‍ പൊക്കി എഴുന്നേല്‍പ്പിച്ചു റെഡി ആക്കി കാലത്തേ തന്നെ പെണ്ണ് കാണാന്‍ പുറപ്പെട്ടു.നിനക്കൊക്കെ വേറെ പണി ഇല്ലേടാ, ഒരു പെണ്ണ് എങ്ങാണ്ട് ഉണ്ടെന്നു കേട്ടോപോഴേ വണ്ടി കേറി ഇങ്ങു പോരും എന്നൊക്കെ പറഞ്ഞു കലിപ്പായെങ്കിലും നല്ല ഉടുപ്പൊക്കെ ഇട്ടോണ്ട് വന്നു കേട്ടോ. പുള്ളി പിന്നെ പണ്ടേ ഡ്രസ്സ്‌ ഒക്കെ ശ്രദ്ധിക്കുന്ന കൂട്ടത്തിലാ.ഇതിപ്പോ പെണ്ണ് അച്ചായനെ കണ്ടു വീഴുമോ എന്ന് ചോദിച്ചപോ ഇനി ഈ വൈകിയ വേളയില്‍ എന്തോന്ന് കല്യാണം എന്ന് ജോര്‍ജിചായന്‍ പറഞ്ഞു.അയ്യട..അച്ചായന്റെ ഒരു ആഗ്രഹം.


ഇന്ദിരാ നഗറില്‍ ആയിരുന്നു പെണ്ണിന്റെ വീട്.നല്ല പോഷ് വീട്.രണ്ടു കാറ്.മുടിഞ്ഞ സെറ്റപ്പാ മോനെ ,മുറുക്കെ പിടിച്ചോ എന്ന് ജോര്‍ജിചായന്‍ പറഞ്ഞു.അതിനൊക്കെ ഇനി കുറെ കുറെ സമയം എടുക്കില്ലേ ജോര്ജിചായ എന്ന് പറഞ്ഞപ്പോ അച്ചായന്‍ ഭയങ്കര ചിരി.പുള്ളിയോട് പിന്നെ എന്നാ വേണേലും പറയാം.
.
പെണ്ണ് വലിയ കുഴപ്പമില്ല.സിമി എന്ന് പേര്.സുന്ദരീന്നു പറയാം.അമ്മ അതിലും സുന്ദരി.വീട്ടില്‍ അമ്മേം മോളും മാത്രം.അപ്പന്‍ ചെറുപ്പത്തിലെ മരിച്ചു.ഗള്‍ഫീന് അമ്മേം മോളും വന്നു ബാംഗ്ലൂര് സെറ്റില്‍ ചെയ്തിരിക്കുവാ.പിന്നെ ദോഷം പറയരുതല്ലോ.പെണ്ണിന് സാമാന്യം നല്ല ജാഡ ഉണ്ടെന്നല്ലാതെ വേറെ കുഴപ്പം ഒന്നും ഇല്ല.ഗള്‍ഫ്‌ ബേബി ആയതിന്റെ ആയിരിക്കും.എല്ലാം സ്പൂണ്‍ ഫീഡ് ചെയ്തു വളര്‍ത്തുന്ന ഇവറ്റക്കൊക്കെ നേരെ ചൊവ്വേ ഒരു കാര്യം ചെയ്യാന്‍ പോലും അറിയാം എന്ന് തോന്നുന്നില്ല .പെണ്ണിന്കുവൈറ്റ്‌ എന്ന് കേട്ടപോ എന്തോ ഒരു ഓക്കാനം. അവിടെ ലൈഫ് ഇല്ലെന്നു. പിന്നെ ഡത്ത് ആയിരിക്കും. അത്ര മോശം സ്ഥലമാണോ കുവൈറ്റ്‌ ? അമേരികന്‍ ആലോചന ഒക്കെ ആണ് നോക്കുന്നെ പിന്നെ ബേബി കുഞ്ഞമ്മ കൊണ്ടുവന്ന ആലോച്ചനയല്ലേ നോക്കാം എന്ന് വിചാരിച്ചു എന്ന് സിമി പറഞ്ഞു. അപ്പുറത്തെ മുറീല്‍ ജോര്‍ജിചായനും സിമീടെ അമ്മേം കൂടി ഭയങ്കര ചിരിയും സംസാരവും. എന്നാ പിന്നെ പോയേക്കാം എന്ന് പറഞ്ഞു അങ്ങോട്ട്‌ ചെന്നപോള്‍ ജോര്‍ജിചായന്‍ പറഞ്ഞു.ഞങ്ങള് കോളേജ് മേറ്റ്സ് ആണെടാ.പറഞ്ഞു വന്നപ്പോഴല്ലേ മനസിലായെ.

എന്നാ പിന്നെ ഇറങ്ങട്ടെ എന്നും പറഞ്ഞു ഞങ്ങള്‍ ഇറങ്ങി.ജോര്‍ജിചായന്‍ വിളിക്കാം എന്ന് പറഞ്ഞു.സിമീടെ അമ്മ ഗേറ്റു വരെ വന്നു.സിമി വന്നില്ല. പോട്ടുപുല്ലു.അല്ലേലും ഇതേപോലെ ഒന്നിനെ എങ്ങനെ സഹിക്കും എന്ന് ഓര്‍ത്തു.ചില്ലറ ഷോപ്പിംഗ്‌ ഒക്കെ കഴിഞ്ഞു വൈകുന്നേരം നാട്ടിലേക്ക്.ഇതിപ്പോ ആരാണ്ടും ചന്തക്കു പോയപോലെന്നോ ഏതാണ്ടും പോയ സ്കുരളിനെ പോലെ എന്നൊക്കെ വേണേ പറയാം.
തിരിച്ചു വന്നിട്ട് ഒരാഴ്ച കഴിഞ്ഞില്ല.ജോര്‍ജിചായന്റെ ഫോണ്‍.പുള്ളീടെ കല്യാണം ഉറപ്പിക്കുവാന്നു.പെണ്ണിന്റെ രണ്ടാം കല്യാണമാണ്.ഇപ്പൊ ഉറപ്പീരെ ഉള്ളു .കല്യാണം കുറച്ചു കഴിഞ്ഞു.കെട്ടിക്കാരായ ഒരു മോള്‍ ഉണ്ടെന്നു. അവളുടെ കെട്ടു കഴിഞ്ഞേ കല്യാണം ഉള്ളു എന്ന് ഒരേ വാശി.


ജോര്‍ജിചായന്‍ കെട്ടാന്‍ പോണ പെണ്ണിന്റെ മോളുടെ പേര് സിമി.

Dec 27, 2010

കാടന്‍ സൂമാരപിള്ള

മഴക്കാറുണ്ട്...ഇന്നും മഴ പെയ്യും എന്ന് തോന്നുന്നു..സുഭദ്ര ഓര്‍ത്തു...വീട് ചോര്‍ന്നോലിക്കുകയാണ്. ഈ തവണ മേഞ്ഞില്ല..സൂമാരചെട്ടന്‍ ഇന്ന് മേയാം നാളെമേയാം എന്ന്പറഞ്ഞുപറഞ്ഞു മഴക്കാലം ഇങ്ങെത്തി..ഓര്‍പ്പിക്കുന്നതെ കലിയാ... ഈ കാടന്‍ സ്വഭാവം കൊണ്ടാവും നാട്ടുകാര്‍ കാടന്‍ സൂമാരന്‍ എന്ന് വിളിക്കുന്നത്‌.ഈ മലമൂട്ടില്‍ കിടക്കുന്നവര്‍ക്ക് അല്ലെങ്കില്‍ തന്നെ കാടന്‍സ്വഭാവം ഉണ്ടായില്ലെലെ അതിശയമുള്ളു.ഇപ്പൊ എത്ര ഭേദം എന്ന് ഓര്‍ക്കാറുണ്ട്..കല്യാണം കഴിഞ്ഞ സമയങ്ങളില്‍ എന്തായിരുന്നു..മൂക്കത്താ ദേഷ്യം..കൈപ്പാങ്ങിനടുത്ത് എങ്ങാനും കിട്ടിപോയാല്‍ പിന്നെ പറയുകേം വേണ്ട..ഇപ്പൊ വയസായി..എന്നാലും ആളു പഴയപോലെ ഒക്കെ തന്നെ..

എങ്ങനെ ഒക്കെയോ ഇവിടം വരെ എത്തി..കൂലിപ്പണി എടുത്തിട്ടാനെങ്കിലും മക്കളെ ഒക്കെ പറക്ക മുറ്റിച്ചു...രണ്ടു മക്കളില്‍ സുധി മാത്രം ഉണ്ട് ഒരു ആശ്വാസം.വയസ്സ് പതിനാലേ ഉള്ളുവെങ്കിലും അച്ഛനെ പോലെ നല്ല തണ്ടും തടിയും ഉണ്ട്..നല്ലപോലെ പണിയുകയും ചെയ്യും.മൂത്തവന്‍ കല്യാണം കഴിച്ചു അച്ചി വീട്ടില്‍ താമസം.അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നോ...മരിച്ചോ...ഏഹേ..സുധി വാര്‍ക്കപ്പണിക്ക് പോകുന്ന കാരണം അടുപ്പ് പുകഞ്ഞു പോകുന്നു...കറവക്കാരി സുഭദ്ര കറവ നിര്‍ത്തിയെങ്കിലും നാട്ടുകാര്‍ക്ക് കറവക്കാരി തന്നെ...കാലിനു നീരും വെച്ചോണ്ട് എങ്ങനെ നടന്നു പോയി കറക്കും. ആ കാര്യത്തില്‍ ഒക്കെ സൂമാരചെട്ടന്‍.വയസ്സ് അറുപതു കഴിഞ്ഞെങ്കില്‍ എന്താ.ഇപ്പോഴും നല്ല ആരോഗ്യം.ചുമടെടുക്കാന്‍,തടി വെട്ടാന്‍, കൂലിപ്പണിക്ക് പോകാന്‍,ഒരു കുഴപ്പവും ഇല്ല..ഓര്‍മയില്‍ എങ്ങും ഒരു പനി പോലും വന്നതായി തോന്നുന്നില്ല....


പിന്നെ പണി എടുക്കുന്നത് മാത്രമേ മിച്ചമുള്ളു എന്നതേ ഉള്ളു..കാശൊന്നും വീട്ടിലോട്ടു എത്തില്ലല്ലോ. ചാരായക്കടെല്‍ കൊടുക്കാന്‍ അല്ലെ തികയു. കുടിക്കാന്‍ കാശില്ലാതെ വരുമ്പോള്‍ എന്തെങ്കിലും ഒക്കെ എടുത്തു വില്‍ക്കും.അതിപ്പോ ഇന്നതെ ഉള്ളു എന്നില്ലല്ലോ..കൈ പാങ്ങിനു കിട്ടുന്നത് എന്തും..അനിയത്തി ശാന്ത ഇന്നാളു ഒരു ആടിനേം കുട്ടിയേം കൊടുത്തു വിട്ടു..കാര്യംവീടുകള്‍ തമ്മില്‍ മൂന്ന് മൈല് അകലമേ ഉള്ളു എങ്കിലും വല്ലപോഴുമാ കാണുന്നെ...ഈയിടെ ചെന്നാട്ടെ കല്യാണത്തിന് കണ്ടപോ ആട് പെറ്റോ എന്ന് ചോദിച്ചപോഴാ ആടിനെ കൊടുത്തു വിട്ട കാര്യം തന്നെ അറിയുന്നെ.. ചേച്ചിക്കൊരു സഹായം ആവട്ടെ എന്ന് കരുതി ശാന്ത ആടിനെ കൊടുത്തത് കാടന് സഹായമായി..കള്ള് കുടിക്കാന്‍.ശാന്ത അല്ലേലും ഒരു പൊട്ടാ എന്ന് അമ്മ പറയും..ആര്‍ക്കും അവളെ പറ്റിക്കാം..ചേച്ചിയോട് വന്നു കൊണ്ടുപോകാന്‍ പറഞ്ഞപോ ചേച്ചിക്ക് ഇത്രേം ദൂരം നടക്കാന്‍ പാടാ എന്നും പറഞ്ഞു പിടിച്ച പിടിയാലെ അല്ലെ ആടിനെ കൊണ്ട് പോയത്..സുഭദ്രാമ്മേ..സുഭദ്രാമ്മേ..അങ്ങ് താഴെ നിന്നും മേരിക്കുട്ടിയുടെ വിളി കേട്ടാണ് മനോരാജ്യത്തില്‍ നിന്നും ഉണര്‍ന്നത്..പശുവിനു പുല്ലു കൊണ്ട് കൊടുക്കാനായിരിക്കും...മേരിക്കുട്ടി രണ്ടും മൂന്നും രൂപാ ഒക്കെ വല്ലപ്പോഴും തരും..ചെറിയ സഹായം ഒക്കെ ചെയ്യാനേ പാവത്തിന് പറ്റു. മാത്യു സാര്‍ മറ്റൊരു കാടനാ . രണ്ടിനേം ഒരു നുകത്തില്‍ കെട്ടാം. മാത്യു സാറിനു സര്‍ക്കാര്‍ ജോലി ഉണ്ട്, പിന്നെ കിടക്കാന്‍ ബോര്‍ഡ്‌ വക ക്വാര്‍ട്ടേഴ്സ് ഉണ്ടെന്നു മാത്രം. രണ്ടു കുഞ്ഞു കുട്ടികള്‍..സുധി ആണ് അവര്‍ക്ക് ഒരു സഹായം..പിള്ളേരെ തങ്കമണി സിറ്റിയില്‍ കൊണ്ടുപോയി സിനിമ കാണിക്കും..ഉത്സവത്തിന്‌ കൊണ്ടുപോകും. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിച്ചു കൊടുക്കും..മാത്യു സാര്‍ ചിലപോ ഒരു പോക്ക് പോയാല്‍ പിന്നെ വരുന്നതൊക്കെ ഒരു സമയത്താ. അവര്‍ക്ക് ഒരു സഹായം.പിന്നെ ഈ കാട്ടുമുക്കില്‍ ആള്‍ക്കാരും കുറവാണല്ലോ..ഡാമിന്റെ പണിക്കു സര്‍വേക്ക് വന്ന കുറെ ജോലിക്കാരും കുടുംബങ്ങളും പിന്നെ ഇവിടുത്തെ കുറെ നാട്ടുകാരും..തീര്‍ന്നു. എന്തേലും മേടിക്കണേല്‍ ജങ്കാര്‍ കേറി അക്കരെ പോണം.താഴെ ഇറങ്ങി ചെന്നപോഴേക്കും മേരിക്കുട്ടി ഓടി വഴിയിലേക്ക് വന്നു.മാത്യു സാര്‍ ചാരുകസേരയില്‍ കിടന്നു മയങ്ങുന്നുണ്ടായിരുന്നു. സാറിന്‍റെമുഖം ചുമന്നു തുടുത്തിരിക്കുന്നു.മേരിക്കുട്ടി കരയുന്നുണ്ടായിരുന്നു.എന്താ മേരിക്കുട്ടി..മുഖം വല്ലാതെ..സുഭാദ്രമ്മേ..പശുവിനെ കാണുന്നില്ല..ഉച്ചക്ക് കുറച്ചു പുല്ലു പറിച്ചു കൊടുക്കാന്‍ പറഞ്ഞു കാടന്റെ കൈയ്യില്‍ അഴിച്ചു കൊടുത്തതാ.പിന്നെ കണ്ടിട്ടില്ല.സൂമാര ചേട്ടന്‍ അങ്ങോട്ടെങ്ങാനും പുല്ലുതീറ്റിക്കാന്‍ കൊണ്ടുവന്നോ...ഇല്ലല്ലോ മേരിക്കുട്ടി..കാലത്തെ കഞ്ഞിവെള്ളം കുടിചെച്ചു അക്കരയ്ക്കു പോകുവാ എന്നും പറഞ്ഞു ഇറങ്ങിയതാണല്ലോ...ഇടക്കൊക്കെ കാടന്‍ തീറ്റ വെട്ടി കൊടുക്കാറുണ്ട്..മാത്യു സാറുമായുള്ള ഇരുപ്പു വശം കൊണ്ടാണ്..മാത്യു സാര്‍ ഇടക്കൊക്കെ വിളിച്ചു എന്തേലും ഒക്കെ കുടിപ്പിക്കും.


മേരിക്കുട്ടിയുടെ കരച്ചില്‍ കേട്ടാണ് ഓവര്‍സീയര്‍ സൈനുദ്ദീന്റെ ഭാര്യ വന്നത്...സൂമാരചെട്ടന്‍ ജങ്കാര്‍ കേറാന്‍ നില്‍ക്കുന്ന കണ്ടു എന്ന് ജമീല പറഞ്ഞു.. സുഭാദ്രമ്മക്ക് ചെറിയ സമാധാനം ആയി...ശാന്തയുടെ ആടിന്റെ ഗതി മേരിക്കുട്ടിയുടെ പശുവിനു വന്നോ എന്നായിരുന്നു ആദ്യം മനസ്സില്‍ വന്നത്. എങ്ങനെ വിശ്വസിക്കും.കൈയിലിരുപ്പ് അതല്ലേ..

മേരിക്കുട്ടി പതം പറഞ്ഞു കരയാന്‍ തുടങ്ങി..എങ്ങനെ കരയാതെ ഇരിക്കും...കൈയിലും കഴുത്തിലും ഉള്ളതെല്ലാം കൂടി കൊടുത്താണ് പശുവിനെ വാങ്ങിയത്...ചെന നിറഞ്ഞു ഇപ്പൊ പെറും എന്നും പറഞ്ഞു നില്‍ക്കുന്ന പശു..


സ്കൂളില്‍ നിന്നും വന്ന കുട്ടികളാണ് പറഞ്ഞത്.ഡാമിലെക്കുള്ള വഴിയില്‍ പൊന്തക്കാട്ടില്‍ ഒരു പശു ചത്തു കിടക്കുന്നു എന്ന്..മേരിക്കുട്ടി സുഭദ്രാമ്മയെ കെട്ടി പിടിച്ചു കരഞ്ഞു.പശുക്കുട്ടിയെ കളിപ്പിക്കാന്‍ കൊതിച്ചിരുന്ന മക്കളുംകൂടെ കൂടിയപ്പോള്‍ അതൊരു കൂട്ട കരച്ചിലായി. അന്നേ ഞാന്‍ പറഞ്ഞതല്ലേ ഇതിനൊന്നും പോകണ്ടാ എന്ന്..ഇപ്പൊ അനുഭവിച്ചോ.കൂട്ട കരച്ചില്‍ കേട്ടുണര്‍ന്ന മാത്യു സാര്‍ പറഞ്ഞു.


സാറേ..സാ..റെ.. ഇവിടെ എന്താ ഒരു ആള്‍ക്കൂട്ടം എന്ന് ചോദിച്ചായിരുന്നു കാടന്റെ വരവ്...വരവ് കണ്ടപ്പോഴേ നന്നായി ചെലുത്തിയിട്ടുണ്ട് എന്ന് സുഭാദ്രമ്മക്ക് തോന്നി.എന്തോ വലിയ കോള് തടഞ്ഞു എന്നും...പൊന്തക്കാട്ടില്‍പശു ചത്തുകിടക്കുന്ന കാര്യം സുഭദ്രാമ്മ പറഞ്ഞപ്പോള്‍മേരിക്കുട്ടിയുടെ പശു ചാകാത്ത സ്ഥിതിക്ക് പിന്നെ ആരുടെതാരിക്കും ആ പശു എന്ന് കാടന്‍ മനസ്സില്‍ ആലോചിച്ചു...

Dec 22, 2010

ഗ്രാന്‍ഡ്‌ കേരള തസ്കര ഫെസ്റ്റ് 2010

(ഓള്‍ കേരള തസ്കര അസോസിയേഷന്‍ A.K.T.A ( u) വാര്‍ഷികത്തില്‍ പ്രസിഡണ്ട്‌ കഴുക്കോല്‍ സാബു നടത്തിയ പ്രസംഗത്തിന്റെ തല്‍സമയ സംപ്രേക്ഷണം )


പ്രിയ തസ്കര സഹോദരീ സഹോദരന്മാരെ..


ഈ വേദിയില്‍ നിങ്ങളെ ഇന്നു അഭിസംബോധന ചെയ്യാന്‍ സാധിക്കും എന്ന് ഒരിക്കലും വിചാരിച്ചതല്ല.ഔദ്യോകിക തിരക്കുകള്‍ മൂലം ഇന്ന് കാലത്തേ നേരെ സബ് ജയിലില്‍ നിന്നാണ് ഞാന്‍ വരുന്നത്. മാറിവരുന്ന പോലീസ് അധികാരികളില്‍ നിന്നും പൌര സമിതികളില്‍ നിന്നും ഉള്ള പീഡനം കൂടാതെ നമ്മുടെ ഏകോദര സഹോദരന്മാരായ രാഷ്ട്രീയക്കാരില്‍ നിന്നും വരെ ഉപദ്രവം നേരിടേണ്ടി വരുന്ന ഇക്കാലത്ത്,നമ്മള്‍ പുതുമയാര്‍ന്ന മാര്‍ഗങ്ങള്‍ സ്വീകരിച്ചേ മതിയാവു . ഹൈ ടെക് ബ്ലൂ ചിപ്പ് സാധനങ്ങളായ ആക്സോ ബ്ലേഡ്, പാര എന്നിവയ്ക്ക് പകരം നമ്മള്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടു പിടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..ആദ്യമായി, കഴിഞ്ഞ വര്‍ഷത്തെ തസ്കര ശ്രീ നോമിനേഷനുകള്‍.


1. എയര്‍പോര്‍ട്ട് അനി.. വിമാനത്താവളം, കൊച്ചി

2. മാടന്‍ പൌലോ.തമ്പാനൂര്‍ ബസ്‌ സ്റ്റാന്റ്

3 .അവില്‍ ജോണി..നീണ്ടകര.
തസ്കര തസ്കര ശ്രീമതി നോമിനേഷനുകള്‍


1 . പൊന്നമ്മ അക്കന്‍, തിരുവന്തോരം.

2 .ബ്ലേഡ് മറിയ,കൊച്ചി

3 . ഷീലാമ്മ കോട്ടയം..
ഭൂരിപക്ഷ വോട്ടുകളുടെ അടിസ്ഥാനത്തില്‍ നാലു മണിക്കൂറു നേരം തിരുവനന്തപുരം സിറ്റിയെ മുള്‍മുനയില്‍ നിറുത്തി ആറു മാല പൊട്ടിച്ച കേസിലെ പ്രതി മാടന്‍ പൌലോയെ തസ്കരശ്രീ ആയും തസ്കര ശ്രീമതി ആയി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഓവര്‍ ബ്രിഡ്ജില്‍ രാത്രി രണ്ടു മണിക്കൂറിനുള്ളില്‍,അഞ്ചു പുരുഷന്മാരെ വശീകരിച്ചു പണം പിടിങ്ങുന്നതിനിടെ പിടിയിലായപൊന്നമ്മ അക്കനെയും തിരഞ്ഞെടുത്തിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു.പൊന്നമ്മ അക്കന് ഈ കാര്യത്തില്‍ എല്ലാ സഹായവും ചെയ്തു കൊടുക്കുന്ന ഭര്‍ത്താവ് ചിട്ടി മണിയന് ജട്ജസിന്റെ പ്രത്യേക പരാമര്‍ശം ഉണ്ട് എന്നും അറിയിക്കട്ടെ.നാളെ കാലത്തേ നടത്താന്‍ അവകാശ പ്രഖ്യാപന ജാഥ ഒരു വന്‍ വിജയമാക്കണമേ എന്ന് ഞാന്‍ അപേക്ഷിക്കുകയാണ്.തദവസരത്തില്‍ നമ്മുടെ ചിരകാല ആവശ്യമായ തസ്കര തിരിച്ചറിയല്‍ കാര്‍ഡ്‌ ഒരു യാഥാര്‍ത്ഥ്യം ആക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതാണ്. അങ്ങനെ മനസാ വാചാ അറിയാത്ത കേസുകളില്‍ ഉണ്ടാവുന്ന പീഡനം ഒരു വിധത്തില്‍ കുറക്കാന്‍ പറ്റും എന്നാണ് ഞാന്‍ കരുതുന്നത്..അന്യ സംസ്ഥാന തസ്കര തൊഴിലാളികളുടെ ഭീഷണി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജോലി നഷ്ടമാകുന്ന നമ്മുടെ ഇടയിലെ പാവങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് സംവരണം,പോലീസിന്റെ ഇടി മേടിച്ചു ആരോഗ്യം പോയ അംഗങ്ങള്‍ക്ക് ചികിത്സാ സഹായം, ക്ഷേമനിധി എനീ ആവശ്യങ്ങളും നിവേദനത്തില്‍ ഉണ്ടാവും. തമിഴ് നാടിലെ തസ്കര ഗ്രാമം പോലെ ഇവിടെയും ഒരെണ്ണം സ്ഥാപിക്കാനും,തസ്കരരുടെ മക്കള്‍ക്ക്‌ വിദ്യാഭ്യാസം സൌജന്യമാക്കാനും ആവശ്യപെടുന്നതാണ്. തസ്കരരുടെ മക്കള്‍ കളവിന്റെ പൊതു ധാരയില്‍ നിന്നും അകന്നു പോകാതിരിക്കാനും,സമൂഹത്തില്‍ മാന്യമായി കഴിയുന്ന നമ്മെ വെറും കള്ളന്മാരായി കണ്ടു നമ്മുടെ അടുത്ത തലമുറയെ വഴി തിരിച്ചു വിടാതിരിക്കാനും ഇതൊക്കെ ആവശ്യമാണ്..

തസ്കര ബോധ വല്‍ക്കരണ വര്‍ക്ക്‌ഷോപ്പുകള്‍ സംഖടിപ്പിക്കുക, പുതുതായി ഇറങ്ങുന്ന മലയാളം, തമിഴ് , ഹിന്ദി, ചിത്രങ്ങളില്‍ വരുന്ന നവീന മാര്‍ഗങ്ങളെ കുറിച്ച് ക്ലാസുകള്‍ എടുക്കാന്‍ വിദഗ്ധ കള്ളന്മാരുടെ ഒരു പാനല്‍ തയ്യാറാക്കുക, തസ്കരര്‍ക്ക് വാഹനം ഓടിക്കല്‍ പരിശീലനം നല്‍കുക എന്നിവ ഉള്‍പ്പെടെ,ഈ സമൂഹത്തില്‍ തസ്കരന്മാര്‍ക്ക് നേരിടേണ്ടി വരുന്ന എല്ലാ ബുധിമുട്ടുകക്കും പരിഹാരമുണ്ടാക്കുക എന്നതും പരിഗണയില്‍ ഉണ്ട്.പൊതു യോഗത്തിന് ശേഷം, പ്രശസ്ത മോഷണ ചിത്രങ്ങള്‍ ആയ തസ്കരവീരന്‍, കളിക്കളം, മുതലായവയുടെ പ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്.തസ്കര സഹോദരങ്ങളുടെ ശ്രദ്ധ നയന്‍ താരയുടെ മാദക രംഗങ്ങളിലേക്ക് തിരിയാതെ മോഷണ രംഗങ്ങളില്‍ മാത്രം കേന്ദ്രീകരിക്കണമേ എന്ന് ഞാന്‍ വിനീതനായി അഭ്യര്‍ഥിക്കുന്നു.
അപ്രതീക്ഷിതമായി വ്യാജ പി.എസ്.സി രിക്രുട്ട്മെന്റ്റ് കേസില്‍ പെട്ടുപോയ ഇടുക്കിയിലെ സര്‍ക്കാര്‍ ജീവനക്കാരന്റെ അഭാവത്തില്‍ ഓള്‍ കേരള തസ്കര ഫെസ്റ്റ് ഉല്‍ഖാടനം ചെയ്തതായി ഞാന്‍ പ്രഖ്യാപിക്കുന്നു.നാല് വിഭാഗങ്ങളില്‍ ആയി വന്‍ സമ്മാനങ്ങള്‍ ആണ് നിങ്ങളെ കാത്തിരിക്കുന്നത് .ഭവന ഭേദനം, സ്വര്‍ണാഭരണ കവര്‍ച്ച, പോക്കറ്റടി, പിടിച്ചുപറി എന്നീ വിഭാഗങ്ങളില്‍ ഒന്നാമതെത്തുന്ന മോഷ്ട്ടാക്കള്‍ക്ക്, കളിപ്പിക്കല്‍ ജുവലറി നല്‍കുന്ന വിലയേറിയ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്..പിന്നെ നവ മോഷണ ദമ്പതികള്‍ക്ക് വെട്ടിക്കല്‍ & തട്ടിക്കല്‍ ട്രാവെല്‍സ് കൊടുക്കുന്ന "പോക്കറ്റടി ഇല്ലാത്ത നാടുകളിലേക്ക് ഉല്ലാസ യാത്ര"എന്ന ടൂര്‍ പാക്കേജ് ആണ് ആണ് മറ്റൊരു ആകര്‍ഷണം.ഏവരും ഈ അവസരം വിനിയോഗിച്ചു ഈ വര്‍ഷത്തെ തസ്കര ഫെസ്റ്റ് ഒരു വമ്പിച്ച വിജയം ആക്കണം എന്ന് വിനീതനായി അഭ്യര്‍ഥിക്കുന്നു.
ഇന്നു ഈയോഗത്തിന് ശേഷം നടത്തുന്ന സിമ്പോസിയത്തില്‍ പ്രശസ്ത ജ്യോതിഷ വിദ്വാന്‍ ഡോ.കിളിമാനൂര്‍ രാധാകൃഷ്ണന്‍ " തസ്കര ജീവിതത്തില്‍ യന്ത്രങ്ങളുടെ പങ്ക് " എന്ന വിഷയം അവതരിപ്പിക്കും.. അതുപോലെ തന്നെ യോഗത്തിന് ശേഷം നമ്മുടെ പ്രധാന പ്രശ്നമായ തമിഴന്‍ മോഷ്ട്ടക്കള്‍ക്ക് ഒരു പണി എന്ന നിലക്ക് നടക്കുന്ന "അന്യ സംസ്ഥാന തസ്കര പുഷ്പാഞ്ജലി"ഒരു വന്‍ വിജയമാക്കാന്‍ എല്ലാരോടും അഭ്യര്‍ത്ഥിക്കുന്നു.


മൈക്ക് സെറ്റുകാരുടെ ശ്രദ്ധയ്ക്ക്‌..പൊതു യോഗത്തിന് ശേഷം മൈക്ക് സെറ്റുകളുടെ ഉത്തരവാദിത്തം കമ്മിറ്റിക്ക് ഉണ്ടായിരിക്കുന്നതല്ല.മറ്റൊരു പ്രധാന അറിയിപ്പ്,ബീവരജെസ് കോര്‍പറേഷന്‍ വില്‍പ്പന ശാലക്കടുത്തു നില്പന്‍ അടിക്കുന്ന എല്ലാ തസ്കര സുഹുരുതുക്കളും സ്വന്തംപണം കൊടുത്തു ഭക്ഷണം കഴിക്കേണ്ടതാണ്..
ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു ഇവിടെ എത്തിയ എല്ലാ തസ്കര ശ്രീകള്‍ക്കും ശ്രീമതികള്‍ക്കും നന്ദി നമസ്കാരം..

Dec 19, 2010

ലീല ടീച്ചറിന്‍റെ ഹോസ്റ്റല്‍


ഈ പെണ്‍ പിള്ളേരെ കൊണ്ട് തോറ്റു എന്‍റെ അമ്മേ.എല്ലാം ഒന്നിനൊന്നു മെച്ചം.വലിയ ബക്കറ്റില്‍ വെള്ളം എടുത്തു കൊണ്ട് പോകുമ്പോള്‍ അമ്മിണി പറഞ്ഞു..അമ്മിണി അങ്ങനെ ആണ്..വലിയ എന്തോ കാര്യം ചെയ്യും പോലെ ആണ് എന്തും പറയുക..വലിയ അവസ്ഥയില്‍ ഒക്കെ ജീവിച്ചതാണ്..എന്ത് ചെയ്യാം..ഭര്‍ത്താവ് മരിച്ചു .കുട്ടികള്‍ ഒന്നും നേരെ ചൊവ്വേ ആയും ഇല്ല..പിന്നെ അമ്മിണി ഒരു സഹായം ആണ്.ഏകാന്തതയില്‍ അമ്മിണിയും ഈ പിള്ളേരും അല്ലാതെ ആരു ഇരിക്കുന്നു..അല്പം വര്‍ത്തമാനം കൂടുതല്‍ ഉണ്ടെന്നെ ഉള്ളു..പാവം ആണ്..പിന്നെ ആരെങ്കിലും വേണ്ടേ ഇവിടെ സംസാരിക്കാന്‍...എത്ര നേരമെന്നു വെച്ച ടി വി യില്‍ നോക്കി ഇരിക്കുന്നെ.തോരാത്ത മഴയല്ലേ കാലത്തേ മുതല്‍..പുറത്തേക്കു ഒന്ന് ഇറങ്ങാനേ തോന്നില്ല...മൂടിപുതച്ചു ചാരുകസേരേല്‍ ഇരിക്കുന്ന കണ്ടാല്‍ പിള്ളേര് വഴക്ക് പറയും.പിള്ളേര്‍ എന്ന് പറഞ്ഞാല്‍ അഞ്ചെട്ടു പേര്‍ ഉണ്ടേ..സ്വന്തം മക്കള്‍ അല്ലെങ്കിലും സ്വന്തം മക്കളെക്കാള്‍ കാര്യംഎല്ലാം വികൃതികള്‍ ആണ്..എന്നാലും സ്നേഹം ഉള്ള കൂട്ടരാ. പെണ്ണുങ്ങള്‍ എല്ലാം കൂടി ചേര്‍ന്നാല്‍ ഒരു മേളമാ..


മെഡിസിനു പഠിക്കുന്ന പിള്ളേര്‍ ആയതുകൊണ്ട് എന്തെങ്കിലും അസുഖം വന്നാലും അവര്‍ തന്നെ നോക്കും ഇങ്ങനെ ഒരു കൂട്ട് കിട്ടിയത് നന്നായി...അവരുടെ കാര്യം ഒക്കെ നോക്കി നടന്നു സമയം പോകും.പിന്നെ ഒരു വരുമാനവും..അതിന്റെ അവശ്യം ഒന്നും ഉണ്ടായിട്ടല്ല..അമ്മിണിക്ക് ഒരു സഹായം...പെന്‍ഷന്‍ കിട്ടുന്ന തുക തന്നെ ഇവിടെ മിച്ചമല്ലേ..സ്കൂളില്‍ നിന്നും വിരമിച്ചപ്പോള്‍ കിട്ടിയ തുക ബാങ്കില്‍ ഉണ്ട്.അതിന്റെ പലിശ തന്നെ എടുക്കാറില്ല..പാവപ്പെട്ടവരെ സഹായിക്കാറുണ്ട്..നാല് കുട്ടികളുടെ പഠിത്ത ചെലവും.പഠിക്കാന്‍ സഹായം ചോദിച്ചു വരുന്ന ആരെയും നിരാശരാക്കാറില്ല. അങ്ങനെ വരുന്നവരില്‍ തന്റെ മുഖവും ഭാസിയുടെ മുഖവും ദര്‍ശിക്കുമ്പോള്‍ പ്രത്യുപകാരം ചെയ്യാന്‍ വേണ്ടി ദൈവം തന്ന അവസരം എന്നെ കരുതിയിട്ടുള്ളൂ..


മൂന്നു വര്‍ഷമായി കുട്ടികള്‍ ഇവിടെ താമസിക്കുന്നു.ഭാസി ആണ് ആണ് ഇങ്ങനെ ഒരു ഉപായം പറഞ്ഞത്.മെഡിക്കല്‍ കോളേജ് അടുത്തല്ലേ..വീടിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ ഒരു ഹോസ്റ്റല്‍ പോലെ തുടങ്ങാന്‍. ചേച്ചിക്ക് ഒരു കൂട്ടും ആയിരിക്കും എന്ന് കേട്ടപ്പോള്‍ തരക്കേടില്ല എന്ന് തോന്നി..എത്ര നാളാ ഇങ്ങനെ അമ്പലോം അനാഥ ശാലയും ആയിട്ടു ഒറ്റയ്ക്ക് .നാളെ കിടപ്പായി പോയാലും ആരെങ്കിലും കൂട്ടിനു ഉണ്ടാവില്ലേ എന്ന് ഭാസി ചോദിച്ചപോ വിഷമം തോന്നി.ഭാസിക്ക് അല്ലേലും സ്നേഹം കുറച്ചു കൂടുതല്‍ ആണ്.മാസത്തില്‍ ഒന്ന് വരും.ഒരു ദിവസം താമസിക്കും.ഡല്‍ഹിയിലാണ് ജോലി..ഭാര്യ സരോജം അവിടെ തന്നെ ഗസറ്റഡ് റാങ്കില്‍ .അഞ്ചു വര്‍ഷം കൂടി കഴിഞ്ഞാല്‍ റിട്ടയര്‍മെന്റ് ആയി...അത് കഴിഞ്ഞാല്‍ തറവാട്ടിനടുത്തു തന്നെ ഒരു വീട് വെച്ച് താമസിക്കണം എന്നാണ് അവന്റെ വിചാരം..വരട്ടെ..എന്‍റെ കാലം കഴിഞ്ഞാല്‍ ഇതെല്ലാം പിന്നെ ആര്‍ക്കാ..മറ്റൊരാള്‍ ഉണ്ടായിരുന്നത് എവിടെയാ എന്ന് പോലും അറിയില്ല..പത്തു പതിനെട്ടു വയസ്സുള്ളപ്പോള്‍ ആരോടും പറയാതെ ഒറ്റ പോക്ക്..പിന്നെ ഒരു വിവരവും ഇല്ല..ആദ്യം രണ്ടു പേരാണ്
താമസിക്കാന്‍ വന്നത്.പിന്നെ അവരുടെ കൂട്ടുകാര്‍ എട്ടു പേരും കൂടി വന്നു.ഇതേവരെ ഒരാളെ വിട്ടു പോയുള്ളൂ.സുനന്ദ.അവളുടെ രീതികള്‍ എനിക്ക് പിടിക്കാഞ്ഞതോ,എന്‍റെ രീതികള്‍ അവള്‍ക്കു പിടിക്കാഞ്ഞതോ ആര്‍ക്കറിയാം.ഒന്ന് രണ്ടു ദിവസം താമസിച്ചു വന്നു..പിന്നെ ഏതോ ചെറുക്കന്മാരുടെ കൂടെ ഒരു ദിവസം വന്നപ്പോള്‍ ഞാന്‍ ഒന്ന് ഗുണദോഷിച്ചു...അത്രേ ഉണ്ടായുള്ളൂ..വാടകയും തന്നിട്ട് രായ്ക്കു രാമാനം സ്ഥലം കാലിയാക്കി.ഒരു കണക്കിന് നന്നായി.പെണ്‍കുട്ടികളല്ലേ...അവരുടെ അച്ഛനോടും അമ്മയോടും ഒക്കെ ഒരു ഉത്തരവാദിത്വം ഉണ്ടല്ലോ.ഹെഡ് മിസ്ട്രെസ്സ് ആയി റിട്ടയര്‍ ചെയ്ത ആളാ എന്നൊക്കെ അറിഞ്ഞിട്ടാണ് പലരും ഹോസ്റ്റല്‍ വിട്ടു വീട്ടില്‍ താമസിപ്പിക്കാന്‍ പിള്ളേരെ സമ്മതിച്ചത് തന്നെ...ഒരാള് ഇതിനു വേണ്ടി തന്നെ അവധി എടുത്തു അമേരിക്കേന്നു വന്നു എന്ന് പറഞ്ഞ തന്നെ അറിയാല്ലോ,എത്ര കാര്യമായിട്ടാ പിള്ളേരെ ഓരോരുത്തര്‍ നോക്കുന്നെ എന്ന്.


കൂട്ടത്തില്‍ സുന്ദരിയും ശാന്ത സ്വഭാവം ഉള്ളതും ശോഭ ആണ്.നല്ല അടക്കവും ഒതുക്കവും...അമ്മൂമ്മേ എന്ന് വിളിക്കുന്നത്‌ കേള്‍ക്കാന്‍ തന്നെ ഒരു സുഖം.നല്ല പ്രായത്തില്‍ കല്യാണം കഴിച്ചിരുന്നെങ്കില്‍ ഈ പ്രായത്തില്‍ ഒരു കൊച്ചുമകള്‍ ഉണ്ടായേനെ എന്ന് ശോഭയെ കാണുമ്പോള്‍ ഓര്‍ക്കാറുണ്ട്...അന്നത്തെ കാലത്ത് അത് നടന്നില്ല.പിന്നീട് മനസ്സും വന്നില്ല.ശോഭയ്ക്ക് അമ്മിണിയോടാണ് ആണ് കൂടുതല്‍ അടുപ്പം.അമ്മിണിയമ്മേ എന്നാണ് വിളിക്കുക.മറ്റു പിള്ളേര്‍ അമ്മിണി ചേച്ചി എന്നും കേള്‍ക്കാതെ ഭദ്രകാളീന്നും ഒക്കെ വിളിക്കുന്ന കേള്‍ക്കാം...


ഭാസീടെ മകന്‍ വിവേകിന് ശോഭ നല്ല ചേര്‍ച്ച ആണെന്ന് എപ്പോഴും ഓര്‍ക്കും.ഭാസി കഴിഞ്ഞ തവണ വന്നപ്പോള്‍ സൂചിപ്പിക്കുകേം ചെയ്തു.ഭാസി ആലോചിക്കാം ചേച്ചി എന്നെ പറഞ്ഞുള്ളൂ.നല്ല ജോലിയാണ് വിവേകിന്.അമേരിക്കയില് ‍എന്‍ജിനീയര്‍ .ഭാസിക്ക് ആണും പെണ്ണുമായി ഒന്നേ ഉള്ളു..അടുത്ത് തന്നെ വരുന്നുണ്ടത്രേ..ഈ തവണ കല്യാണം കഴിപ്പിക്കാനാ പരിപാടി. വന്നു കണ്ടു നോക്കട്ടെ..കാണാന്‍ നല്ലത്..പിന്നെ മെഡിസിന് പഠിക്കുന്ന കുട്ടി.വേറെ എന്ത് വേണം..പിന്നെ വീട്ടുകാര്‍..അവരോടാലോചിച്ചു നടക്കുന്നേല്‍ നടക്കട്ടെ...

മനോരാജ്യത്തില്‍ മുഴുകി ഇരുന്ന കൊണ്ട് ശോഭ വന്നത് അറിഞ്ഞില്ല..എന്താ അമ്മൂമ്മേ ഒരു ആലോചന..നിനക്കൊരു കല്യാണം ആലോചിച്ചതാ എന്ന് പറഞ്ഞപോഴേക്കും നാണം..കല്യാണം ഒന്നും ഇപ്പൊ വേണ്ട അമ്മൂമ്മേ..ഒരു അഞ്ചു വര്‍ഷം കഴിഞ്ഞു..എം ബി ബി എസ് കഴിഞ്ഞു എംഡി.പിന്നെ ഒരു ജോലി . അമേരികയില്‍ ഉള്ള ഒരു ചെക്കന്‍ ആയാലോ ?എന്നെ ഒക്കെ കെട്ടാന്‍ ആരു വരാനാ അമ്മൂമ്മേ അമേരിക്കയില്‍ നിന്നും...അമ്മൂമ്മക്ക്‌ എന്നെ പറ്റി അറിയാഞ്ഞിട്ടാ. അമ്മിണിയമ്മയോടു ചോദിക്കു..പറയും എന്നെ പറ്റി .ശോഭ പുറത്തേക്കു പോയി.


ആകാംഷ അടക്കാന്‍ കഴിഞ്ഞില്ലില്ല...അമ്മിണീന്നു നീട്ടി വിളിച്ചു.കാര്യം പറഞ്ഞപോഴേക്കും അമ്മിണി പറഞ്ഞു.ആ ശോഭ കൊച്ചിന്റെ കാര്യം കഷ്ടമാ അമ്മെ..അച്ഛന്‍ ചെറുപ്പത്തിലെ ഉപേക്ഷിച്ചു പോയി..അമ്മ വീട് വീടാന്തരം കയറി ജോലി ചെയ്താണ് ശോഭയെ പഠിപ്പിക്കുന്നതത്രേ..പഠിക്കാന്‍ മിടുക്കി ആയതുകൊണ്ട് സ്കോളര്‍ഷിപ്‌ ഒക്കെ കിട്ടുമായിരുന്നു..പിന്നെ അടുത്തുള്ള പള്ളിയിലെ അച്ചനാണ് ഇടക്കൊക്കെ ഒരു സഹായം.നമ്മുക്ക് അത് വേണ്ടമ്മേ.ഭാസി അണ്ണന്‍ സമ്മതിക്കത്തില്ലാരിക്കും .ലീല ടീച്ചര്‍ അമ്പതു വര്‍ഷങ്ങള്‍ക്കു അപ്പുറത്തേക്ക് പോയി..അച്ഛന്‍ മരിച്ചപ്പോള്‍ മൂന്നു ചെറിയ കുട്ടികളെ പോറ്റാന്‍ അമ്മ കഷ്ടപ്പെട്ട ദിവസങ്ങളിലേക്ക്.തയ്യല്‍ ജോലി ഒക്കെ ചെയ്തു പഠിക്കാന്‍ ഉള്ള പണം കണ്ടെത്തിയിരുന്ന ഒരു കൌമാരക്കാരിയിലേക്ക് .കാലത്തെ പത്രം വിതരണം ചെയ്തും ചെറിയ കുട്ടികള്‍ക്ക് ട്യുഷന്‍ എടുത്തും തന്നത്താന്‍ പഠിച്ച ഭാസിയെ കുറിച്ച്..അവന്റെ മകനെ കൊണ്ട് ഈ കുട്ടിയെ വിവാഹം കഴിപ്പിക്കുന്നതില്‍ ഏറ്റവും സന്തോഷിക്കുന്നത് ഭാസി തന്നെ ആയിരിക്കും എന്ന് ടീച്ചര്‍ക്ക് തോന്നി..ഭാസിക്ക് പഴയകാലം മറക്കാന്‍ ആവുമോ ?

ഫോണ്‍ എടുത്തു നേരെ ഭാസിയെ വിളിച്ചു..വിവരങ്ങള്‍ എല്ലാം പറഞ്ഞു തീരും മുന്‍പേ ഭാസി പറഞ്ഞു.ചേച്ചി,വേറെ ഒന്നും തോന്നരുത്.സരോജതിന്റെ ഓഫീസിലെ ഐ എ എസ്സുകാരന്റെ മകളുമായി കല്യാണം ആലോചിചിരിക്കുകയാണ്..അതിനിടക്ക്...


ഫോണ്‍ വെക്കുമ്പോള്‍ ഒരു കാര്യം ടീച്ചര്‍ ഉറപ്പിച്ചിരുന്നു..ശോഭയെ തന്റെ ചിലവില്‍ തുടര്‍ന്ന് പഠിപ്പിക്കാനും, നല്ല രീതിയില്‍ കല്യാണം കഴിച്ചയക്കാനുമുള്ള തീരുമാനം..

Dec 6, 2010

വണ്ടിപെരിയാരിലേക്കുള്ള അവസാനത്തെ വണ്ടി

പരമേശ്വരന്‍ വണ്ടി പെരിയാറില്‍ നിന്നും കൊണ്ടോടി മോട്ടോര്‍സില്‍ കയറുമ്പോള്‍ മണി പതിനൊന്നു. ആദ്യം കോട്ടയം.പിന്നെ അവിടുന്ന് കടുത്തുരുത്തി..എങ്ങനെ പോയാലും സന്ധ്യയാകാതെ മാത്യു സാറിന്‍റെ വീട്ടില്‍എത്തില്ല...ഒന്‍പതുമണിക്കായിരുന്നുവീട്ടില്‍നിന്നും ഇറങ്ങിയത്‌ . ..കടുത്തുരുത്തിക്ക് പോകും മുന്‍പ് മാത്യു സാര്‍ ജോലി ചെയ്തിരുന്ന വില്ലജ് ഓഫീസില്‍ ഒന്ന് കൂടി പോയി.ഇന്നും വന്നിട്ടില്ല.മാസം മൂന്നാകുന്നു മാത്യു സാര്‍ പോയിട്ട്..ജോലി പോയേക്കും എന്ന് പ്യൂണ്‍ ബഷീര്‍ പറഞ്ഞു..അവധി എഴുതാതെ ആണ് പോയതത്രേ.
കടുത്തുരുത്തിയില്‍ എത്തിയപ്പോള്‍ നാലു മണി കഴിഞ്ഞിരുന്നു..അവിടുന്ന് വീണ്ടും മൂന്നു നാല് കിലോമീറ്റെര്‍. ബസ് റൂട്ട് അല്ല ..ഒരു ജീപ്പ് കിട്ടി..തപ്പിപിടിച്ച് മാത്യു സാറിന്‍റെ വീട്ടിലെത്തി. സാര്‍ പറഞ്ഞതുപോലെ ഒന്നും അല്ലായിരുന്നു അവിടുത്തെ ചുറ്റുപാടുകള്‍.ഒരു സാധാരണ ഓടിട്ട വീട്.ചുവരുകള്‍ അവിടെയും ഇവിടെയും പൊളിഞ്ഞിരിക്കുന്നു..ജനലുകള്‍ക്ക് വാതിലുകള്‍ ഉണ്ടായിരുന്നില്ല..തുണി കൊണ്ട് മറച്ച ജനാലകള്‍.ഒരു വില്ലജ് ഓഫീസ് ജോലിക്കാരന്റെ വീടാണ് അത് എന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി....സാറേ..സാറെ..ആരെയും കാണാഞ്ഞപ്പോള്‍ പരമേശ്വരന്‍ ഉറക്കെ വിളിച്ചു..ഒരു മെലിഞ്ഞ രൂപം ഇറങ്ങി വന്നു...കൂടെ പത്തു പതിനാറു വയസുള്ള ഒരു പയ്യനും...മകനായിരിക്കും..അതോ അനുജനോ."അപ്പന്‍ജോലിക്ക് പോയെക്കുവാനല്ലോ.രണ്ടുമാസമായി വന്നിട്ട് .വല്ല കാശിന്റെ കാര്യത്തിനും ആണോ?" പയ്യനോട് കള്ളം പറയാന്‍ തോന്നിയില്ല."അത്യാവശ്യംആയി കുറെ രൂപ വേണം എന്ന് പറഞ്ഞിട്ട് പെങ്ങളുടെ മാല പണയം വെച്ച് കുറച്ചു കാശു കൊടുത്തായിരുന്നു..പെങ്ങള് പെറ്റുഎഴുന്നേറ്റു പോകാറായി..മാല എടുത്തു കൊടുത്തില്ലേല്‍ അളിയന്‍" പരമേശ്വരന്‍ നിര്‍ത്തി..


സാറിന്‍റെ ഭാര്യയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു"അല്പം കാപ്പികിട്ടിയാല്‍ കൊള്ളാമായിരുന്നു".പരമേശ്വരന്‍ പറഞ്ഞു.."കാപ്പിക്ക്..പൊടിയില്ല"അവര്‍ പറഞ്ഞു..".ഇവിടുത്തെ കാര്യങ്ങള്‍ എല്ലാം കുഴപ്പത്തിലാണ്."സാര്‍ വന്നിട്ട് രണ്ടു മാസമായി എന്ന് പറഞ്ഞത് പരമേശ്വരന്‍ ഓര്‍ത്തു.."ഞാന്‍ പോകുവാണ്‌ കേട്ടോ..സാര്‍ വരുമ്പോള്‍ പരമേശ്വരന്‍, കുനുമ്പുംതടത്തില്‍ പരമേശ്വരന്‍ വന്നിരുന്നു എന്ന് പറഞ്ഞാല്‍ മതി"

തിരിച്ചു നടക്കുമ്പോള്‍ പയ്യന്‍ കൂടെ വന്നു...അപ്പന്‍ അവിടെ കുഴപ്പം വല്ലതും ഉണ്ടാക്കിയോ എന്ന് പയ്യന്‍ ചോദിച്ചു..കൂട്ടത്തില്‍ ഉള്ളവരില്‍ നിന്നും പരിചയക്കാരില്‍ നിന്നും ഒക്കെ പണം കടം വാങ്ങിയിട്ടുണ്ട് എന്ന് പയ്യനോട് പറയാന്‍ തോന്നിയില്ല...പക്ഷെ അവനു എല്ലാം മനസിലായി എന്ന് ആ കണ്ണുകള്‍ പറഞ്ഞു."പഠിക്കുന്നുണ്ടോ മോന്‍?" പരമേശ്വരന്‍ ചോദിച്ചു.."പഠിത്തം നിര്‍ത്തി".പയ്യന്‍ പറഞ്ഞു..വേറെ ഒന്നും ചോദിയ്ക്കാന്‍ മനസ്സനുവദിച്ചില്ല.

വഴിയില്‍ ഒരു മധ്യ വയസ്കനെ കണ്ടു..ഒരു ദയയും ഇല്ലാതെ അയാള്‍ പയ്യനോട് ചോദിച്ചു.."ആരാ..എവിടുന്നാ.നിന്റെ അപ്പന്‍ കാശ് കൊടുക്കാന്‍ ഉള്ള വല്ലവരും ആണോടാ?"പയ്യന്‍ ക്രുരമായി ഒന്ന് നോക്കിയിട്ട് തിരിച്ചു പോയി..മധ്യവയസ്കന്‍ പറഞ്ഞു."ഹും പറഞ്ഞപോ ഇഷ്ട്ടപ്പെട്ടില്ല ചെറുക്കന്..ഇതേപോലെ കുറെ പേര് കാശു ചോദിച്ചു വരാറുണ്ട്.എത്ര നല്ല ജോലി.കള്ളും കുടിച്ചു ചീട്ടും കളിച്ചു നടന്നാല്‍ പിന്നെ എങ്ങനെയാ".
ചീട്ടുകളി ഭ്രാന്തന്‍ ആയിരുന്നു മാത്യു സാര്‍..കുറെ കടം വരുത്തി വെച്ചു എന്നും നില്‍ക്കക്കള്ളി ഇല്ലാതെ ആണ് വണ്ടിപെരിയാര്‍ വിട്ടതെന്നും പിന്നീടാണ് മനസിലായത്..ഒരു വസ്തുവിന്റെ പോക്ക് വരവ് സംബന്ധമായിട്ടായിരുന്നു മാത്യു സാറിനെ പരിചയം..പിന്നെ പരമേശ്വരന്‍ തന്റെ വീടിന്റെ അടുത്ത് കുറഞ്ഞ വാടകയ്ക്ക് ഒരു വീട് ഏര്‍പ്പാടാക്കി..ഇടയ്ക്കു പരമേശ്വരനെ വിളിച്ചു ബ്രണ്ടിക്കടയില്‍ കൊണ്ടുപോയി സല്ക്കരിക്കും..നാട്ടിലെന്തോ അത്യാവശ്യമാ,വൈകുന്നേരത്തിനു മുന്‍പ് ആയിരം രൂപ വേണം എന്ന് പറഞ്ഞപോ ഒന്നും ആലോചിച്ചില്ല...പെങ്ങളുടെ മാല പണയം വെച്ചു പൈസ കൊടുത്തു..പിന്നെമാത്യു സാറിനെകണ്ടിട്ടില്ല..എന്നിട്ടുംമാത്യുസാറിനോട്ദേഷ്യം തോന്നിയില്ല. സ്നേഹമുള്ള മനുഷ്യന്‍‍.പരിചയക്കാര്‍ക്ക് വേണ്ടി എന്തും ചെയ്യാനുള്ള മനസ്സ്..മനപൂര്‍വം പറ്റിക്കും എന്ന് കരുതാന്‍ സാധിക്കുന്നില്ല..
കോട്ടയത്ത്‌ എത്തിയപ്പോള്‍ ഒന്‍പതു മണി കഴിഞ്ഞിരുന്നു...വണ്ടിപെരിയാരിനുള്ള അവസാനത്തെ ബസും പോയിരുന്നു.ബസ് സ്റ്റാന്‍ഡില്‍ തന്നെ ഉള്ള ലോഡ്ജില്‍ മുറി എടുക്കുമ്പോഴും അളിയനോട് എന്ത് അവുതാ പറഞ്ഞു നില്‍ക്കും എന്നായിരുന്നു മനസ്സില്‍ .

മുറിയില്‍ കയറി ഒന്ന് മുഖം കഴുകി. മാറി ഉടുക്കാന്‍ ഒന്നുമില്ല...ഇന്ന് തന്നെ മടങ്ങാമെന്നായിരുന്നല്ലോ കണക്കു കൂട്ടല്‍...പോക്കറ്റില്‍ തപ്പിയപ്പോള്‍ ഒരു തെറുപ്പു ബീഡി കൂടി ബാക്കി..ആരോടെങ്ങിലും തീ ചോദിക്കാനായി വെളിയിലേക്ക് ഇറങ്ങവേ ആയിരുന്നു ആ പരിചിത രൂപം കൈയ്യില്‍ ഒരു പൊതിയുമായി ആടിയാടി അടുത്ത് മുറിയിലേക്ക് കേറിപ്പോയത്..മാത്യു സാര്‍..പുറകെ ചെന്ന പരമേശ്വരന്‍ മുറിയിലേക്ക് നോക്കിയപ്പോഴേക്കും സാര്‍ കട്ടിലിലേക്ക് കമിഴ്ന്നു വീണിരുന്നു..മദ്യത്തിന്റെ രൂക്ഷ ഗന്ധം ..അവ്യക്തമായി എന്തൊക്കെയോ പിറുപിറുക്കുന്ന സാറിനെ കുലുക്കി വിളിച്ചു..ആരാ..നീ പോ...എന്റെ കൈയില്‍ ഒന്നുമില്ല...നാളെ വാ..മുഴുവന്‍ തരാം...സാര്‍ പിന്നെയും പിന്നെയും നാളെ വാ നാളെ വാ എന്ന് പറഞ്ഞു കൊണ്ടിരുന്നു....പോക്കറ്റില്‍ തപ്പി നോക്കി..രണ്ടു രൂപയും കുറെ തുട്ടുകളും..അടുത്ത് കിടന്ന പൊതി അഴിച്ചു നോക്കി...ഒരു പൊതി ചോറും,ബ്രാണ്ടിയും പിന്നെ ഒരു കീടനാശിനിയും..പരമേശ്വരന്റെ ശരീരത്തിലൂടെ ഒരു മിന്നല്‍ കടന്നു പോയത് പോലെ.സാറിന്റെ ഭാര്യയുടെയും മകന്റെയും കണ്ണീരില്‍ കുതിര്‍ന്ന മുഖങ്ങള്‍ ഓര്‍മ്മ വന്നു..കീടനാശിനി എടുത്തു ലോഡ്ജിന്റെ പിന്നിലെ കുപ്പത്തൊട്ടിയില്‍ കളഞ്ഞിട്ടു വീണ്ടും സാറിന്റെ മുറിയിലേക്ക് നടക്കുമ്പോള്‍ വണ്ടിപെരിയാരിലേക്കുള്ള അവസാനത്തെ വണ്ടികിട്ടാതിരുന്നത് ഒരു നിയോഗം ആയിരുന്നു എന്ന് മനസ്സില്‍ ഓര്‍ത്തു..ഒരാളെ മരണത്തില്‍ നിന്നും തല്‍ക്കാലത്തേക്ക് എങ്കിലും രക്ഷിക്കുക എന്ന നിയോഗം..

Dec 2, 2010

കൃഷ്ണന്‍ കുട്ടി എന്ന കുരിശ് ( ഈപ്പചായന്‍ എന്ന ദ്രോഹി )

കൃഷ്ണന്‍ കുട്ടി എന്ന കുരിശ് ( ഈപ്പച്ചന്‍ വേര്‍ഷന്‍ )
നാലാമത്തെ തവണയും കൃഷ്ണന്‍ കുട്ടി വിളിച്ചപോള്‍ ഈപ്പച്ചന്‍ പിന്നെ ഒന്നും ആലോചിച്ചില്ല...കൊടുത്തു ഒരു ഡോസ് .അല്ല പിന്നെ എങ്ങനെ കൊടുക്കാതെ ഇരിക്കും...നാട്ടില്‍ തേരാ പാരാ നടന്നപ്പോള്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല...ഗള്‍ഫില്‍ വന്നു കഴിഞ്ഞാല്‍ പരമ സുഖം ആണെന്നാണ് എല്ലാരുടെം വിചാരം.കഴിഞ്ഞ തവണ നാട്ടില്‍ പോയപോ കിട്ടിയ കുരിശാ കൃഷ്ണന്‍ കുട്ടി.അന്നാമ്മ ആവുന്നത് പറഞ്ഞതാ.വേണ്ട എന്ന്..ഇതൊക്കെ പിന്നെ കുരിശാകും എന്ന്.ഭാര്യവീട്ടുകാരുടെ അഭിമാനം വാനോളം ഉയര്‍ന്നോട്ടെ എന്ന് കരുതി..ഇനി അങ്ങോട്ട്‌ ചെല്ലാന്‍ പറ്റും എന്ന് തോന്നുന്നില്ല..ഇവന്‍ കേറി പോയാല്‍ പിന്നെ നാട്ടില്‍ ചെന്ന് എന്ത് പുകിലാ ഉണ്ടാക്കാന്‍ പോകുന്നെ എന്നറിയില്ല..എന്തൊക്കെ ഇല്ലാ വചനം പറയുമോ എന്തോ."രണ്ടു പെണ്‍ പിള്ളേരാ..വണ്ടി ഓട്ടിച്ചു നടന്നിട്ട് എങ്ങനെ കഴിയാനാ"എന്നൊക്കെ കരഞ്ഞു പറഞ്ഞപോ നോക്കാം എന്നൊരു വാക്ക് പറഞ്ഞു പോയി..ഒരു തരത്തില്‍ ആണ് കൂട്ടത്തില്‍ ജോലി ചെയ്യുന്ന അറബീടെ കൈയും കാലും പിടിച്ചു ഒരു വിസ ഒപ്പിച്ചത്.പത്തു പൈസ ചിലവില്ലാതെ കൃഷ്ണന്‍ കുട്ടി കേറി വരുവേം ചെയ്തു...വന്ന അന്ന് തൊട്ടു വിളിയോട് വിളിയാ..അതില്ല..ഇതില്ല...എനിക്ക് പോണം എന്നൊക്കെ പറഞ്ഞു...എന്നാ പിന്നെ എന്തോന്നിന ഇങ്ങോട്ട് കേറി വന്നെ എന്ന് എങ്ങനെ ചോദിക്കാതെ ഇരിക്കും...അവനു കാലത്തേ പുട്ടും ഇടലീം വേണം..ഉച്ചക്ക് ചോറും മീനും വേണം..രാത്രി രണ്ടെണ്ണംവീശണം.പിന്നെ ഡ്രൈവര്‍ പണി മാത്രേ ചെയ്യു..പടി കേറാന്‍ പറ്റില്ല ..ലിഫ്റ്റ്‌ വേണം..അങ്ങനെ വളരെ ചെറിയ ആവശ്യങ്ങളെ ഉള്ളു..എന്റെ പോന്നു തമ്പുരാനെ...വേറെ ഏതാണ്ട് വരാന്‍ ഇരുന്നതാ..

പി. ടി. ഭാസ്കരന്‍ : വെറുതെ ( എന്തിനാ ) ഒരു അളിയന്‍:

അളിയന്‍ ഗള്‍ഫില്‍ ആണെന്ന് ഒരു മാസം തികച്ചു പറയാന്‍ പറ്റിയില്ലലോ എന്നോര്‍ത്താണ് ദണ്ണം.അതെങ്ങന..ചെന്ന ദിവസം മുതല്‍ വിളിയോട് വിളി അല്ലെ..എനിക്ക് പോരണം എനിക്ക് പോരണം എന്നും പറഞ്ഞു..അളിയന്‍ ഗള്‍ഫില്‍ പോയി എന്ന് നാട് മുഴുവന്‍ അറിയുവേം ചെയ്തു..ബ്ലേഡ് പലിശക്ക് പണം വാങ്ങിയ പോകാന്‍ ഉള്ള രൂപ ശരിയാക്കിയെ..ഇനി അതൊക്കെ എങ്ങനെ കൊടുക്കും എന്റെ ശ്രീ പദ്മനാഭാ..


പി ടി. കുശല കുമാരി (മിസ്സിസ് കൃഷ്ണന്‍ കുട്ടി )
എന്നാലും ഭാസ്കരണ്ണാ.ഈ ചതി വേണ്ടാരുന്നു...സഹോദരിമാരോട് ഇങ്ങനെ തന്നെ വേണം.കുവൈറ്റിലെ മരുഭൂമിയില്‍ കിടന്നു നരകിക്കാന്‍ ആയിരുന്നോ അണ്ണന്‍ കൃഷ്ണേട്ടനെ കേറ്റി വിട്ടത് ? പോയി രണ്ട് വര്ഷം കഴിഞ്ഞേ വരൂ എന്ന് പറഞ്ഞിട്ടല്ലേ ഞാന്‍ ടെയിലര്‍ സുകുമാരന്‍ തന്ന ചുരിദാര്‍ വാങ്ങിയത്..ഇനി അത് എങ്ങനെ തിരികെ കൊടുക്കും ?


ഈപ്പചായന്‍ എന്ന ദ്രോഹി ( കൃഷ്ണന്‍ കുട്ടി വേര്‍ഷന്‍ )

കാര്യം ഒക്കെ ശരിയാ..നാട്ടില്‍ വലിയ പച്ച ഒന്നും ഇല്ലാരുന്നേലും മന സമാധാനം ഉണ്ടായിരുന്നു..ഈ ഗള്‍ഫ് എന്ന് പറഞ്ഞാല്‍ ഇത്രേം വലിയ ബുദ്ധിമുട്ട് ആരിക്കും എന്ന് ആരറിഞ്ഞു.വന്ന ദിവസം മുതല്‍ തുടങ്ങിയ പീഡനം ആണ്..കാലത്തേ എട്ടുമണിക്ക് വിമാനത്തെന്നു ഇറങ്ങി അറബീടെ വീട്ടില്‍ ചെന്നപ്പോഴാണ് ഈപ്പചായന്‍ ചതിക്കുകയായിരുന്നു എന്നറിഞ്ഞത്..വണ്ടി ഓട്ടിക്കാന്‍ ആണെന്നും പറഞ്ഞല്ലേ ഇങ്ങോട്ട് കൊണ്ട് പോന്നത്...കാലത്തെ കഴിക്കാന്‍ പുട്ടോ ദോശയോ തന്നില്ല അത് പോട്ടെ...വണ്ടി കഴുകി ഇടാന്‍ പറഞ്ഞു എടുത്താല്‍ പൊങ്ങാത്ത ഒരു ഓസ് തന്നിട്ട് ദ്രോഹി പോയി...എന്നിട്ട് കഴുവി കഴിഞ്ഞപോ അങ്ങേരു തന്നത്താന്‍ വണ്ടി ഓട്ടിച്ചു പോയി..എന്ന പിന്നെ എന്തോന്നിന എന്റെ ആവശ്യം..പെബ്രന്നൊരു വന്നിട്ട് അവരുടെ വണ്ടി കഴുവിച്ചു..എന്നിട്ട് അവരും കൊണ്ടുപോയി ഒന്ന്...പിള്ളേരെ സ്കൂളില്‍ കൊണ്ടുപോകാന്‍ ഒരു ബംഗാളി..ഭാഗ്യത്തിന് അവന്‍ വണ്ടി കഴുവാന്‍ പറഞ്ഞില്ല...കേടായ ടയര്‍ മാറ്റി ഇടുവിച്ചേ ഉള്ളു..


ഒന്ന് നടുവ് നിവര്‍ക്കാം എന്ന് കരുതി നാല്‍പതു പടികേറി (ലിഫ്റ്റ്‌ ഒക്കെ അറബിക്ക് മാത്രമല്ലെ ഉള്ളു നമ്മളെ പോലുള്ള അപ്പാവികള്‍ക്ക് എന്നും പതിനെട്ടാം പടി ശരണം)റൂമില്‍ ചെന്ന് ചെരിഞ്ഞേ ഉള്ളു...താഴേന്നു ശ്രീലങ്കക്കാരി വേലക്കാരി വിളിയോട് വിളി .അവ പിന്നെ പിന്നെ ഒന്നും പറഞ്ഞാല്‍ മനസിലാകാത്ത കൊണ്ട് കുഴപ്പമില്ല..പടി ഇറങ്ങി താഴെ ചെന്നപോള്‍ പരിപ്പിളകി..അക്കന്‍ ചോറിനു പകരം ഒരുമാതിരി റബര്‍ പോലുള്ള ഒരു ദോശ എടുത്തു കയ്യിലേക്ക് തന്നു പിന്നെ കുറെ തൈരും..പണ്ട് വീട്ടില്‍ ചോറിനു പകരം കപ്പ തന്നപ്പം പ്ലേറ്റ് എടുത്തു എറിഞ്ഞപോലെ ഞാന്‍ എന്തേലും ചെയ്തുപോയേനെ..എറിയാന്‍ പ്ലേറ്റ് ഇല്ലല്ലോ.പിന്നെ ഈപ്പച്ചയന്റെ കാര്യം ഓര്‍ത്തിട്ട..വന്ന ദിവസം തന്നെ മൊട കാണിച്ചു എന്ന് ചീതപ്യാര് വേണ്ട . ഒരു വിധത്തില്‍ അതും കേറ്റി നട കേറി മുകളില്‍ ചെന്നപോഴേക്കും എല്ലാം ഫ്ലാറ്റ്...വയറ്റില്‍ കാറ്റ് മാത്രം..ഒന്ന് മയങ്ങി വന്നപോഴേക്കും വിളി വന്നു.കുറ്റി..കുറ്റി..അറബി ആണ് .വണ്ടിയെന്നു സാധനങ്ങള്‍ ഇറക്കി വെക്കാന്‍..എന്റെ അമ്മച്ചിയെ..ഇത്രേം സാധനങ്ങള്‍ നാട്ടില്‍ ഇറക്കാന്‍ കൂടിയാല്‍ കീടം അടിക്കാന്‍ ഒരാഴ്ചത്തേക്കുള്ള പൈസ കിട്ടിയേനെ..രാത്രി ആയാല്‍ അറബികള്‍ ഓരോന്നായി വരാന്‍ തുടങ്ങും...കാപ്പികുടീം പുകവലീം..ചിരീം ബഹളോം തന്നെ.ഇടക്ക് വഴക്കുണ്ടാക്കും പോലെ തോന്നുകേം ചെയ്യും.ഇതിനൊന്നും ഉറക്കോം ഇല്ലേ ..കുറ്റീ..കുറ്റീ എന്ന് വിളിച്ചിട്ട് ചെന്നില്ലെങ്കില്‍ വെയിന്‍ അദ ഗവാദ് എന്ന് പറയുന്ന കേള്‍ക്കാം..ഈ ഗവാദ് എന്ന് പറഞ്ഞാല്‍ സ്നേഹം കൊണ്ട് വിളിക്കുന്നതല്ല..തന്തക്കു വിളിക്കുന്നതാ എന്ന് പിന്നെ അല്ലെ മനസിലായെ..നെയ്യാറ്റിന്‍ കരയില്‍ ല്വാറി ഓടിച്ചു നടക്കാന്‍ എന്തൊരു സുഖമായിരുന്നു...വൈകുന്നേരം പിരിവെടുത്തു കീടം..പിന്നെ വാസുവണ്ണന്റെ തട്ടുകടെന്നു ശാപ്പാട്..അല്ല..എന്നെ പറഞ്ഞ മതി..അളിയന്‍ ഭാസ്കരന്‍ നിര്‍ബന്ധിചിട്ടല്ലേ ഇങ്ങോട്ട് കെട്ടി എടുത്തേ..അല്ലെ തന്നെ ലോകത്തില്‍ ഏതെങ്കിലും അളിയന്‍ സ്വന്തം അളിയനോട് ആത്മാര്‍ഥത കാണിച്ചിട്ടുണ്ടോ ..വന്നിട്ട് ദിവസം കുറെ ആയി ...ഈ നേരം വരെ വളയം പിടിക്കാന്‍ പറ്റിയിട്ടില്ല..ലൈസെന്‍സ് വേണോന്നു...അതില്ലേ ജെയിലില്‍ ഇടുമെന്ന്...ലൈസെന്‍സ് ഇല്ലാതെ വണ്ടി ഓട്ടിച്ചു പിടിച്ചാല്‍ ഇവിടെ മാത്രമല്ല ലോകത്തെവിടെ ആണെങ്കിലും പോലീസ് പിടിക്കും എന്ന് ഈ പോട്ടന്മ്മാര്‍ക്ക് അറിഞ്ഞു കൂടെ ? വണ്ടി പണിക്കു വന്നാല്‍ അതല്ലേ ചെയ്യിക്കാവൂ.ഇത് ചെടിക്ക് തടം ഇടണം.വണ്ടി കഴുവണം..മീന്‍ കഴുവി വൃത്തിയാക്കണം..വീട് ക്ലീനിംഗ് നടത്തണം..ഒരു മിനുട്ട് ചുമ്മാ ഇരിക്കുന്ന കണ്ടാല്‍ അറബി പണി തരും..ഈപ്പച്ചന്‍ ഇന്ന് വൈകിട്ട് ടിക്കറ്റും കൊണ്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട് .നാട്ടില്‍ ചെന്നിട്ടു വേണം അറബീനെ ഒന്ന് ഫോണ്‍ വിളിച്ചു തെറി പറയാന്‍.

നാട്ടില്‍ ചെന്നാല്‍ എങ്ങനെ ജീവിക്കും എന്നാ ഈപ്പചായന്റെ ചോദ്യം..ഇങ്ങോട്ട് വരും മുന്‍പ് നാട്ടില്‍ തന്നല്ലോ ജീവിച്ചേ..അല്ലെ തന്നെനാട്ടില്‍ചെല്ലുബോഴേക്കും വിഴിഞ്ഞം പദ്ധതി വരും..പിന്നെ വള്ളം അടുപ്പിക്കാന്‍ ഈ അറബികള്‍ ക്യു നില്കും നമ്മുടെ ഒക്കെ മുന്‍പില്‍ എന്നാ അട്ടിമറി തൊഴിലാളി യുണിയന്‍ സെക്രെട്ടറി സഖാവ് കുട്ടന്‍ പറഞ്ഞത്..

നല്ല മനുഷ്യനാ ഈപ്പചായന്‍....ഈപ്പച്ചാ ..നീ നാട്ടിലേക്ക് വാ ..വെച്ചിട്ടുണ്ട് ഞാന്‍...