Sep 14, 2011

വണ്ടിപ്പെരിയാറിലേക്ക് ഒരു യാത്ര


ചവിട്ടാന്‍ തുടങ്ങുന്ന ആനയെ ആയിരുന്നു ഇന്ന് കാലത്തെ സ്വപ്നത്തില്‍ കണ്ടത്. ഇന്നലെ കണ്ടത് ഒരു കല്യാണവും.രണ്ടും കാണുന്നത് ചീത്തയാണെന്ന് അമ്മച്ചി പറഞ്ഞു. കണ്ണടച്ചാല്‍ സ്വപ്നങ്ങള്‍ ഓരോന്നായി വന്നു തുടങ്ങുകയായി.ചീത്ത സ്വപ്‌നങ്ങള്‍ ആവും അധികവും.മരണം,അപകടങ്ങള്‍ അങ്ങനെ പലതും.ഞാന്‍ സ്വപ്നം കണ്ടു അലറി വിളിക്കുന്നത്‌ അമ്മച്ചിക്ക് ഒരു സാധാരണ സംഭവം ആയി മാറിയിരിക്കുന്നു. അമ്മച്ചിയുടെ കുലുക്കി വിളിയില്‍ സ്വബോധം വീണ്ടു കിട്ടും.

അപ്പച്ചന് സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള പണം കിട്ടുമ്പോള്‍ കടങ്ങള്‍ എല്ലാം ഒന്നൊന്നായി വീട്ടണം എന്ന് അമ്മച്ചിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു..വണ്ടിപെരിയാറില്‍ ഉള്ളവരില്‍ അപ്പച്ചന്‍ പണം നല്കാനായുണ്ടായിരുന്നവരില്‍ ആകെ അറിയാവുന്നത് കുനുമ്പുംതടത്തില്‍ പരമേശ്വരനെ മാത്രമായിരുന്നു. കാരണം പണം ചോദിച്ച് അയാള്‍ രണ്ട്‌ തവണ അയാള്‍ കടുത്തുരുത്തിയില്‍ വന്നിരുന്നു.എന്നാല്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം പരമേശ്വരന് കൊടുക്കാനായുള്ള പണവുമായി പോകുമ്പോള്‍ അയാള്‍ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് അറിയില്ലായിരുന്നു.

വണ്ടിപ്പെരിയാറില്‍ എത്തിയപ്പോള്‍ ഉച്ച കഴിഞ്ഞു.മഴ കോരി ചൊരിഞ്ഞു കൊണ്ടേ ഇരുന്നു.പരമേശ്വരനെ പരിചയം ഉള്ള ആരെയെങ്കിലും അന്വേഷിച്ച് വില്ലേജ് ഓഫീസില്‍ ചെന്നപ്പോള്‍ അപ്പച്ചന്റെ കൂടെ ജോലി ചെയ്തിരുന്നവര്‍ ആരും ഉണ്ടായിരുന്നില്ല.അഞ്ചു വര്‍ഷമായല്ലോ അപ്പച്ചന്‍ മരിച്ചിട്ട്.കൂടെ ജോലി ചെയ്തിരുന്നവര്‍ ഒക്കെ പലയിടത്തേക്കു സ്ഥലം മാറി പോയിരിക്കാം എന്ന് ഞാന്‍ ഓര്‍ത്തു.ആര്‍ക്കും പരമേശ്വരനെയും അറിയില്ല .പുറത്തുള്ള മാടക്കടയിലെ വൃദ്ധന്‍ മാത്യു സാറിന്റെ മകന്‍ എന്ന് കേട്ടപ്പോഴേ ഇറങ്ങി വന്നു ആലിംഗനം ചെയ്തു.സാറിനെ പോലെ ഒരു നല്ല മനുഷ്യനെ പിന്നീട് ആ ഓഫീസില്‍ കണ്ടിട്ടില്ലത്രേ.


വൃദ്ധന്‍ വഴി പറഞ്ഞു തന്നതനുസരിച്ച് പരമേശ്വരനെ തേടി ഞാന്‍ യാത്രയായി.ടൌണില്‍ നിന്നും അര മണിക്കൂര്‍ ജീപ്പ് യാത്ര.മഴയിലൂടെ ഏറെ നടന്നു പരമേശ്വരന്റെ വീടിനടുത് ചെല്ലുമ്പോഴേക്കും ഞാന്‍ തളര്‍ന്നിരുന്നു.വഴിയില്‍ നിന്നും അല്‍പ്പം ഉയരത്തില്‍ഒരു കുന്നിന്‍ ചെരുവില്‍ ആയിരുന്നു ആ ചെറിയ വീട്.കല്ലുപാകിയ നടയില്‍ നിന്നും നോക്കവേ ഒരു വൃദ്ധന്‍ കൈകള്‍ കണ്ണുകള്‍ക്ക്‌ മേലെ കൈ വെച്ച് നോക്കുന്നത് കണ്ടു.അയാളുടെ മുഖം എന്റെ ഓര്‍മ്മയില്‍ ഉണ്ടായിരുന്നില്ല. അതാവുമോ പരമേശ്വരന്‍ ? അതെ എന്ന് തോന്നുന്നു.

പ്രതീക്ഷക്കു വിപരീതമായി ജോയി മോനെ എന്ന് വിളിച്ചു പരമേശ്വരന്‍ ചാരു കസേരയില്‍ നിന്നും എഴുന്നേറ്റു വന്നു കൈകള്‍ കൂട്ടി പിടിച്ചപ്പോള്‍ ,അഞ്ചു വര്‍ഷമായിട്ടും അയാള്‍ എന്റെ പേര് മറന്നില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെട്ടു. മാത്യു സാറിനെയും കുടുംബത്തെയും മറക്കാന്‍ ആവുമോ എന്ന് പറഞ്ഞപ്പോള്‍ അയാളുടെ കണ്ണുകളില്‍ ഒരു അലിവു ഞാന്‍ കണ്ടു. കൈയില്‍ കരുതിയിരുന്ന പണം അടങ്ങിയ കവര്‍ സ്നേഹപൂര്‍വ്വം അയാള്‍ നിരസിച്ചു. ഇത് അപ്പച്ചന് കിട്ടാനുണ്ടായിരുന്ന പണം തന്നെ ആണെന്നും എടുത്തോളൂ എന്ന് പറഞ്ഞു വളരെയധികം നിര്‍ബന്ധിക്കേണ്ടി വന്നു അവസാനം അയാള്‍ അത് സ്വീകരിക്കാന്‍ .


ഴോ എട്ടോ വയസ്സ് പ്രായമുള്ള രണ്ടു പെണ്‍കുട്ടികള്‍ വീടിന്റെ ഉമ്മറത്ത്‌ഇരിക്കുന്നുണ്ടായിരുന്നു. ചെറിയ കുട്ടിയുടെ മുടിയിലെ പേനുകള്‍ ശ്രദ്ധാപൂര്‍വ്വം കൊല്ലുകയായിരുന്നു മൂത്തയാള്‍ .അവര്‍ സഹോദരിയുടെ മക്കള്‍ ആണെന്ന് പരമേശ്വരന്‍ പറഞ്ഞു.രാജാക്കാട്ട്‌ കൃഷി ആണത്രേ അളിയന്‍ പ്രഭാകരന്.മുഴുക്കുടിയനായ അയാള്‍ വല്ലപ്പോഴും ഒരിക്കല്‍ മാത്രം വരുന്ന അതിഥി ആണെന്ന് സംസാരത്തില്‍ മനസ്സിലായി.ഭാര്യയെയും മക്കളെയും ഉപദ്രവിക്കാന്‍ മാത്രമായി ഒരാള്‍ .കുടുംബസ്വത്തായി കിട്ടിയ ഒരേക്കര്‍ പുരയിടത്തിന്റെ വീതം ചോദിക്കാനായി മാത്രം വരുന്ന ഒരു മനുഷ്യന്‍. അതുപറയുമ്പോള്‍ , സ്വതവേ ശാന്തമായ ഒരു ഭാവമുള്ള അയാളുടെ മുഖം മാറിയത് ഞാന്‍ ശ്രദ്ധിക്കാതിരുന്നില്ല.


മാത്യു സാര്‍ പണ്ട് താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്നും പോയിട്ട് തിരിയെ വരാഞ്ഞപ്പോള്‍ ,സാറിന്റെ ഒരു പഴയ പെട്ടി വീട്ടുടമയോട് വാങ്ങി വെച്ചു എന്ന് പരമേശ്വരന്‍ പറഞ്ഞു.അകത്തു നിന്നും എടുത്തുകൊണ്ടുവന്ന പെട്ടി തുറന്നപ്പോള്‍ അതില്‍ നിന്നും പരിചിതമായ ഒരു മണം പുറത്തേക്കു പുറത്തേക്കു വന്നുവെങ്കിലും എന്തിന്റെതാണ് ആ മണം എന്ന് വേര്‍തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞില്ല.കുറെ തുണിത്തരങ്ങള്‍,അപ്പച്ചന്റെ ഷേവിംഗ് സെറ്റ് ,കുറെ കത്തുകള്‍ ,പഴയ ലോട്ടറി ടിക്കറ്റുകള്‍ ..അങ്ങനെ.


ഒരിക്കല്‍ മരണത്തില്‍ നിന്നും മാത്യു സാറിനെ രക്ഷിച്ച കഥ പറയുമ്പോള്‍ പരമേശ്വരന്റെകണ്ണുകള്‍ നിറഞ്ഞു.അപ്പച്ചന്റെ മരണശേഷം കേട്ട കുറെ അധികം കഥകളുടെ കൂടെ ഒരെണ്ണം കൂടി ചേര്‍ത്ത് വെക്കുമ്പോള്‍ ,എഴുതപ്പെട്ട വിധിയില്‍ നിന്നും രക്ഷപെടാനാകാത്ത മനുഷ്യ ജന്മങ്ങളെ പറ്റിയായിരുന്നു ഞാന്‍ ഓര്‍ത്തത്.

സംസാരിച്ചു കൊണ്ടിരിക്കവേ ആയിരുന്നു അയാളുടെ വരവ്. ചുവന്ന കണ്ണുകളുമായി അയാള്‍ ആടിയാടി വന്നപോഴേ തന്നെ പ്രഭാകരനായിരിക്കും അതെന്ന് ഞാന്‍ ഊഹിച്ചു. വന്നപാടെ അയാള്‍ പരമേശ്വരനോട് ഇരുനൂറു രൂപ ആവശ്യപ്പെട്ടു. ഇല്ല എന്ന് പറഞ്ഞപ്പോള്‍ അയാള്‍ ഒന്ന് ഇരുത്തി മൂളി ." ആരാടാ നീ "എന്ന് അയാള്‍ ധാര്‍ഷ്ട്യത്തോടെ എന്നോട് ചോദിച്ചു.നാവനക്കാന്‍ എനിക്ക് സാധിച്ചില്ല.തന്നെ കാണാന്‍ വന്നയാള്‍ ആണെന്ന് പരമേശ്വരന്‍ പറഞ്ഞു.അയാള്‍ അകത്തേക്ക് പോയി.

ഒരു കുട്ടിയുടെ കരച്ചില്‍ ഞാന്‍ അകത്തു നിന്നും കേട്ടു.അല്‍പ്പ നേരത്തിനു ശേഷം പ്രഭാകരന്റെ പിന്നാലെ പുറത്തിറങ്ങി വന്ന കുട്ടിയുടെ കാതില്‍ നിന്നും ചോര പൊടിഞ്ഞിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.അയാള്‍ കുട്ടിയുടെ കാതില്‍പ്പൂ വലിച്ചു പറിച്ചു എടുത്തോ?ഒരു വാഴയില തലക്കുമീതെ പിടിച്ചു കല്‍പ്പടവുകള്‍ ഇറങ്ങി പ്രഭാകരന്‍ പോയി. പരമേശ്വരന്റെ പെങ്ങള്‍ വന്നു കുട്ടിയുടെ കാതില്‍ വെള്ളം തൊട്ടു തടവി.അവരുടെ മുഖം നിര്‍വികാരമായിരുന്നു .


മഴയുടെ ശക്തി കുറഞ്ഞു എന്ന് തോന്നിയപ്പോള്‍ ഞാന്‍ എഴുന്നെറ്റു.ഇപ്പോള്‍ പുറപ്പെട്ടാല്‍ രാത്രി തന്നെ വീട്ടില്‍ എത്താം.അന്നവിടെ തങ്ങാന്‍ പരമേശ്വരന്‍ നിര്‍ബന്ധിച്ചുവെങ്കിലും,വഴിക്കണ്ണുമായി ഇരിക്കുന്ന അമ്മച്ചിയെ ഓര്‍ത്തപ്പോള്‍ പോയേക്കാം എന്ന് തന്നെ ഞാന്‍ വിചാരിച്ചു.


അസാമാന്യമാം വിധം വലിപ്പമേറിയ പെട്ടിയുമായി കടുത്തുരുത്തിയിലെക്കുള്ള മടക്കയാത്രദുഷ്ക്കരമായിരുന്നു.വലിയ പെട്ടിയുടെ പേരില്‍ മറ്റു യാത്രക്കാരുടെ ശാപവാക്കുകള്‍ ഞാന്‍കേട്ടു.വേണമെങ്കില്‍ ഒരു ടിക്കറ്റ് കൂടി എടുക്കാം എന്ന് കണ്ടക്റ്ററോട് പറഞ്ഞപ്പോള്‍ അയാള്‍ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി.വീട്ടിലെത്തി ഞാന്‍ ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ അപ്പച്ചന്റെ പെട്ടി തുറന്നു സാധനങ്ങള്‍ ഓരോന്നായി എടുത്തു മാറോടടുക്കി കരയുകയായിരുന്നു അമ്മച്ചി.തിരമാലകള്‍ വിഴുങ്ങുന്ന ഒരു ദ്വീപായിരുന്നു അന്നത്തെ എന്റെ സ്വപ്നം.കടലെടുക്കുന്ന മരങ്ങളും,വീടുകളും.ഞെട്ടിയുണര്‍ന്നപ്പോള്‍ സമയം ഒന്‍പതു മണി.


അന്നത്തെ ദിനപത്രത്തിലെ പ്രധാന വാര്‍ത്ത ഇടുക്കി ജില്ലയിലെ ഉരുള്‍ പൊട്ടലിനെ പറ്റി ആയിരുന്നു. വണ്ടിപ്പെരിയാറ്റില്‍ ഉരുള്‍ പൊട്ടി ആറു മരണം.വ്യാപകമായ കൃഷി നാശം.കുത്തിയൊലിച്ചു വന്ന മലവെള്ളപ്പാചിലില്‍ എല്ലാം നഷ്ട്ടപ്പെട്ട കുറെ പാവം മനുഷ്യരുടെ ചിത്രങ്ങള്‍ .ഉഴുതു മറിക്കപ്പെട്ട പോലെ കിടക്കുന്ന കൃഷിയിടങ്ങള്‍ .

ഉരുള്‍ പൊട്ടലില്‍ മരണപ്പെട്ടവരുടെ പേര്‍ വിവരങ്ങളില്‍ കുനുമ്പുംതടത്തില്‍ പ്രഭാകരന്‍ എന്നൊരാള്‍ ഉണ്ടായിരുന്നു.

തലനാരിഴക്കാണ് ഞാന്‍ മരണത്തില്‍ നിന്നും രക്ഷപെട്ടത് എന്നതിനെക്കാളേറെ പ്രഭാകരന്റെ മരണമല്ലേ എന്നെ ആശ്വസിപ്പിച്ചത്‌ ?

Sep 2, 2011

കൊച്ചു തോമ ഓണ്‍ എമര്‍ജന്‍സി ലീവ് ( ലാന്‍ഡിംഗ് )


ഇരുപതു വര്‍ഷം മുന്‍പേ മരിച്ചുപോയ വല്യപ്പച്ചനെ ഒന്നു കൂടി കൊല്ലേണ്ടി വന്നു എമര്‍ജന്‍സി ലീവ് കിട്ടാന്‍.അത്യാവശ്യമായി നാട്ടില്‍ പോകേണ്ടി വന്നാല്‍ പിന്നെ എന്തോ ചെയ്യും.കൊച്ചുതോമായോടു ല്യപ്പച്ചന്‍ ക്ഷമിച്ചോളും.സിപ്പൂനോട് ആവുന്നത് പറഞ്ഞതാ,ഇപ്പൊ പോകണ്ടാ,ടിക്കറ്റ് വില ഒക്കെ കൂടുതലാ എന്നൊക്കെ. അതെങ്ങനാ,അമ്മായി അപ്പനും അമ്മേം സില്‍വര്‍ ജൂബിലി കൊണ്ടാടുമ്പോള്‍ അതിനു സാക്ഷ്യം വഹിച്ചല്ലേ പറ്റു.ഭാര്യ സിപ്പു നേരത്തെ പോയി. നമ്മള് പിന്നെ പതുക്കെ ചെന്നാ മതിയല്ലോ.

ടിക്കറ്റ് നോക്കിയപ്പോ ഏറ്റവും കുറവ് ഉള്ളത് നോക്കി എടുത്തു.കുറെ കറങ്ങി പോയാലെന്താ, ദിനാര്‍ മുപ്പതാ ലാഭം.കഷ്ട്ടിച്ചു രണ്ടു സ്കോച് വാങ്ങാമല്ലോ.കുവൈറ്റ്-ദുബായ് പെട്ടെന്ന് ചെന്നു. അവിടന്ന് കേറിയപ്പോള്‍ റാന്നിക്കാരന്‍ ഒരച്ചായന്‍ അടുത്ത്.അങ്ങൊരു നല്ല ഫിറ്റാ.എന്നാലും വിമാനത്തേന്നു ഫ്രീ കിട്ടുന്നത് കളയാവോ.ഞാന്‍ കുടിക്കുന്നില്ല എന്ന് പറഞ്ഞപ്പോള്‍ "വെറുതെ കളയണ്ടാ, എനിക്ക് തന്നേക്ക്‌" എന്നൊരു കാച്ച്. അപ്പോള്‍ നിലവില്‍ രണ്ടും രണ്ടും നാല് ലാര്‍ജ്. എന്നിട്ടും പോരാഞ്ഞിട്ട് എയര്‍ ഹോസ്റ്റസ്സിനോട് വീണ്ടും കെഞ്ചുന്നു.ഇനി ഇല്ല എന്നൊക്കെ പറഞ്ഞിട്ടും,പ്ലീസ്,പ്ലീസ് എന്ന് പിന്നേം.മലയാളീസിന്‍റെ മുഴുവന്‍ മാനോം കപ്പലെ കേറ്റുന്നതു ഇതേപോലെയുള്ള പാമ്പാടുംപാറ നിവാസികളാണല്ലോ എന്റെ പള്ളീ.ചുമ്മാ കിട്ടുന്നതുകൊണ്ടാണോ ഈ ആക്രാന്തം,അതോ ഇവനൊക്കെ ആരേലും കള്ളില്‍ കൈവിഷം കൊടുതിട്ടുണ്ടാവുമോ ?

വിമാനം ഇറങ്ങാന്‍ തുടങ്ങുന്നു എന്ന ക്യാപ്റ്റന്റെ വിളി കേട്ടാ കണ്ണ് തുറന്നെ.നോക്കിയപ്പോ അച്ചായന്‍ നല്ല ഫിറ്റ്, ചാരിക്കിടക്കുന്നു.എന്നാലും,ദുബായില്‍ നിന്നും കള്ളും കുപ്പി വാങ്ങിക്കുമ്പോള്‍ കിട്ടുന്ന ബാഗ് ഭദ്രമായി കയ്യില്‍ തന്നെ വെച്ചിട്ടുണ്ട്.എങ്ങാനും പൊട്ടിപോയാലോ എന്നോര്‍ത്താവും മുകളില്‍ വെക്കാഞ്ഞത്.

ഇപ്പൊ ഇറങ്ങും,ഇപ്പൊ ഇറങ്ങും എന്ന് കരുതി ഇരിക്കുമ്പോഴാണ് ഒരു വലിയ കുലുക്കോം ബഹളോം ഒക്കെ കേട്ടത്.എന്റെ പള്ളീ, ഇനി അറബിക്കടലില്‍ എങ്ങാനും ആണോ ലാന്‍ഡ്‌ ചെയ്തത്?അതോ തൊട്ടടുത്തുള്ള ഗോള്‍ഫ് ക്ലബ്ബിലോ?ഇനി വിമാനം എങ്ങാനും പൊട്ടിത്തെറിക്കാന്‍ പോകുവാണോ.എന്റെ ദൈവമേ,അപ്പനേം അമ്മയേം ഒന്നുകൂടി കാണാന്‍ പറ്റിയാ മതിയാരുന്നു. സിപ്പു ആണേല്‍ കാരിയിംഗ് ആണ്.കുഞ്ഞിന്റെ മുഖം ഒന്ന് കാണാന്‍ പറ്റാതെ തട്ടിപ്പോകുമോ?ആരും പാനിക് ആവരുത് വിമാനം നിലത്തു തന്നെ ആണേ എന്നൊരു എയര്‍ ഹോസ്ടസ് അമ്മച്ചി വിളിച്ചു പറയുന്നു..ആര് ശ്രദ്ധിക്കാന്‍.എല്ലാരും കിടന്നു അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു.പിള്ളാരൊക്കെ കിടന്നു കീറുന്നു.ആകപ്പാടെ ബഹളം.മംഗലാപുരത്ത് പ്ലെയിന്‍ പൊട്ടിത്തെറിച്ചത് ഓര്‍ത്തിട്ടു ആരിക്കും,കുറെ പേര് കര്‍ത്താവിനെ വിളിക്കുന്നു.കുറെ പേര് കരയുന്നു. എമര്‍ജന്‍സി വാതിലിനടുത്ത് ഉന്തും തള്ളും.ഞാന്‍ ആദ്യം ഞാന്‍ ആദ്യം എന്നല്ലേ. ബീവറെജസ് കൌണ്ടറില്‍ മാന്യമായി നില്‍ക്കാന്‍ ഇവനൊക്കെ എന്തൊരു മിടുക്കാ.


രു വിധത്തില്‍ വാതിലിനു അടുതെത്തി.പുറത്തു കൂരാകൂരിരുട്ട്‌.സ്ഥലം എവിടാ എന്ന് മനസ്സിലാകുന്നില്ല.രണ്ടും കല്‍പ്പിച്ചു ഒരു ചാട്ടം ചാടി. ചതുപ്പിലെങ്ങാണ്ടാ വീണേന്നു തോന്നുന്നു.കണ്ണ് കാണുന്നില്ല.കാലിനൊക്കെ ഭയങ്കര വേദന.ഉളുക്കി എന്ന് തോന്നുന്നു.ദേഹത്തെ തൊലി ഒക്കെ ഉന്തിലും തള്ളിലും എവിടെയൊക്കെയോ പോയിട്ടുണ്ട്. എഴുന്നേല്‍ക്കും മുന്‍പ് പുറത്തേക്കു പിന്നേം പിന്നേം ആള്‍ക്കാര് ചാടുവല്ലേ.ഒരു തടിയന്‍ മേലെ വന്നു വീണിട്ടു അനങ്ങാനെ പറ്റുന്നില്ല.മേല് മുഴുവന്‍ ചെളി.ഹാന്‍ഡ്‌ ബാഗ്‌ കാണുന്നില്ല.എല്ലാരും ചാടിക്കഴിഞ്ഞപ്പോള്‍ എണീം ഒക്കെ ആയിട്ട് സാറന്മാര് വരുന്നു. ഒരു വിധത്തില്‍ വണ്ടിയേല്‍ വലിഞ്ഞു കയറി.


വണ്ടിക്കകത്തുവെച്ച് റാന്നിക്കാരന്‍ അച്ചായന്‍ കരച്ചിലോടു കരച്ചില്. ചാടിയപ്പോ കാലെങ്ങാനും ഒടിഞ്ഞോ എന്ന് ചോദിച്ചപ്പോ ഗല്‍ഗദതിനിടയില്‍ അച്ചായന്‍ പറഞ്ഞു."കാലൊടിഞ്ഞിരുന്നേല്‍ സാരമില്ലാരുന്നു .ഇതിപ്പോ ദുബായില്‍ നിന്ന് വാങ്ങിയ സ്കോച് ഒക്കെ പൊട്ടി പോയില്ലേ" എന്ന് !
ഒരു വിധത്തില്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോ പത്രക്കാരുടെ അയ്യരുകളി. ഇത്രേം പെട്ടെന്ന് എങ്ങനാ ഇവറ്റകള്‍ ഒക്കെ ഇതറിഞ്ഞേ. മേലാസകലം ചെളിയാ.ചെളി പറ്റിയവനെ ഒക്കെ പത്രക്കാര് ഓടിച്ചിട്ട്‌ പിടിക്കുന്നു.ഒരുത്തന്‍ ചോദിക്കുന്നു,താഴെ ചാടേണ്ടി വന്നപ്പോ എന്ത് തോന്നിയെന്ന്?ഒരു പരിപ്പുവട കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നി എന്ന് പറഞ്ഞു..അല്ല പിന്നെ.


ഞൊണ്ടി,ഞൊണ്ടി പുറത്തു വന്നപ്പോള്‍ സിപ്പു വന്നിട്ടില്ല.അമ്മായി അപ്പന്‍ മാത്രം.വല്ലോം പറ്റിയോടാ കൊച്ചു തോമ എന്ന് ചോദിക്കുന്നതിനു പകരം,സ്കോച് മേടിക്കാന്‍ പറ്റിക്കാണില്ല അല്ലെ എന്നൊരു ചോദ്യം..ദ്രോഹി.....വണ്ടിയേല്‍ കേറാന്‍ തുടങ്ങിയപ്പോ "വണ്ടിയുടെ സീറ്റ് കേടാകും,ഇവിടെ എങ്ങാനും നിര്‍ത്തി കഴുകിയേച്ചും പോവാന്ന്"...നല്ല ബെസ്റ്റ് അമ്മായപ്പന്‍ !

വീട്ടില്‍ വന്നപ്പോ സിപ്പു ടിവിയുടെ മുന്നില്‍.അവള്‍ എന്നെ ടിവിയില്‍ കണ്ടെന്നു.മേലാസകലം ചെളിയും വെച്ചോണ്ട് എന്തിനാ ടിവിക്കാരുടെ അടുത്ത് പോയെ എന്ന്.അവള്‍ക്കു നാണക്കേടായി പോയീന്നു.അമ്മായിയമ്മക്ക് അറിയേണ്ടത്,കൊണ്ടുവരാന്‍ പറഞ്ഞ ടാങ്ങും, നിഡോയും എപ്പോ കിട്ടുമെന്ന്.അളിയന്‍ ചെറുക്കന് അറിയേണ്ടത്,പുതിയ ഐപാഡ്-2 വാങ്ങിച്ചാരുന്നോന്നു.പുറത്തു നോക്കിയപ്പോ നാട്ടുകാരും അയല്‍ക്കാരും ഒക്കെ വീടിന്റെ മുന്നില്‍.എന്തായാലും വിമാനം തകര്‍ന്നില്ലല്ലോ എന്ന് ഒരുത്തന്‍..എന്നാ?തകരണം എന്നായിരുന്നോ നിനക്കൊക്കെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു..വേണ്ട..ഭാര്യ വീടല്ലേ !

എന്‍റെ പുണ്യാളാ, പ്ലെയിന്‍ പൊട്ടിത്തെറിക്കുവാരുന്നു ഇതിലും ഭേദം .