Apr 2, 2022

2035 ലെ ഒരു കെ-റെയിൽ സഞ്ചാരം

അതിരാവിലെ ഈ മാസത്തെ പലിശ ക്രെഡിറ്റ് ആയെന്ന പി.സി ബീപ്പ് ശബ്ദം ഫോണിൽ നിന്ന് കേട്ടപ്പോൾ ഞാൻ ഞെട്ടിയുണർന്നു.ഒരു പട്ടിക്കും വേണ്ടാത്ത സ്ഥലത്തുകൂടി കെ-റെയിൽ വന്നതും നഷ്ടപരിഹാരമായി പതിനഞ്ചുകോടിരൂപ കിട്ടിയതും അത് ബാങ്കിലിട്ടു ഒരു പണിക്കും പോകാതെ സുഖമായി ജീവിക്കാൻ കാരണഭൂതനായ ആ വലിയ മനുഷ്യനു ഞാൻ മനസ്സാ നന്ദി പറഞ്ഞു. ഈ നാട്ടിലെ  ഒരു ശരാശരി മലയാളിയുടെ  ഏറ്റവും  വലിയ സ്വപ്നമാണ് പണിക്കു പോകാതെ ജീവിക്കുക  എന്നത്. 


കുളികഴിഞ്ഞു പൂജാമുറിയിൽ കയറി സർവൈശ്വര്യങ്ങൾക്കും കാരണഭൂതനായ അദ്ദേഹത്തിന്റെ ഫോട്ടോക്കുമുന്നിൽ ഒരു തിരി കത്തിച്ചു. തൊട്ടടുത്തിരുന്ന മറ്റു ദൈവങ്ങളെ വല്ല ആപത്തും വരുമ്പോൾ മൈൻഡ് ചെയ്‌താൽ മതിയല്ലോ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു .


ഇന്ന് സിബിഐ-18 ചിത്രത്തിന്റെ റിലീസാണ്. പുതിയ ബി.എം.ഡബ്ലിയു എക്സ് -10  വീട്ടിൽ നിന്നും ഇറക്കുമ്പോൾ,അടുത്തവീട്ടിലെസദാശിവൻ ചേട്ടൻ  തന്റെ ഔഡി  ക്യൂ-10  ഓടിച്ചു പോകുന്നത് കണ്ടു.കവലയിൽ പെട്ടിക്കട നടത്തിയിരുന്ന സദാശിവൻചേട്ടനിപ്പോൾ വലിയനിലയിലാണ്.എല്ലാം കെ-ഭൂതത്തിന്റെ അനുഗ്രഹം. 


നാലു സൈക്കിളുകൾ  വീടിന്റെ പുറത്തു  പാർക്ക് ചെയ്തിരുന്നു.പണിക്കുവന്ന അറബികളുടേതാണെന്നു തോന്നുന്നു.പെട്രോൾ തീർന്നതിനാൽ അറബികൾ ഇപ്പോൾ ഭാരതത്തിൽ പണിയെടുക്കുന്നു.5000/-രൂപയാണ് അവരുടെ ദിവസക്കൂലി.അറബികൾ,മലയാളം നല്ല ഭംഗിയായി സംസാരിക്കും.നാട്ടുകാരായ മലയാളികൾക്ക് 8000/-രൂപയാണ് കൂലി.രണ്ടു ലോട്ടറിയും ഒരു ഫുള്ളും വാങ്ങിച്ചാൽ 5000/-രൂപ  തീരുമെന്നാണ് അവർ പറയുന്നത്.  


കെ-റെയിൽ സ്റ്റേഷനിലേക്ക് പോകും വഴി പെട്രോൾ അടിക്കാൻ ചെന്നപ്പോൾ അവിടെ നിന്നയാൾ ഭവ്യതയോടെ സലൂട്ട് ചെയ്തു.550/- രൂപയാണ് ഒരു ലിറ്റർ പെട്രോളിന്.പെട്രോളടിക്കാൻ വരുന്ന വാഹനങ്ങൾ ഇപ്പോൾ ഒരു അപൂർവ കാഴ്ചയാണ്.കെ-റെയിൽ വന്നതോടെ പലരും കാറുകൾ ഉപേക്ഷിച്ചു, ചൈനയിലെപ്പോലെ സൈക്കിളുകളിലേക്കു തിരിഞ്ഞു.സർക്കാർ പറഞ്ഞതുപോലെ തന്നെ അന്തരീക്ഷ  മലീനീകരണം വളരെ  കുറഞ്ഞു.സർക്കാരിന്റെ  ദീർവീക്ഷണത്തോടു എനിക്ക് മതിപ്പു തോന്നി.


വണ്ടി കോട്ടയം കെ-റെയിൽ സ്റ്റേഷനിൽ പാർക്കുചെയ്തു ഞാൻ വണ്ടിയിൽ കയറി. കമ്പാർട്ട്‌മെന്റുകൾ എല്ലാം നല്ല വൃത്തിയുള്ളതാണ്.യൂറോപ്പിലെ ട്രെയിനുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള  ടോയ്‌ലറ്റുകൾ,തികച്ചും ഹൈജീനാണ്.ട്രെയിനിൽ നല്ല  തിരക്കുണ്ടായിരുന്നു.സർക്കാർ വിചാരിച്ചിരുന്ന 80,000 യാത്രക്കാർക്ക് പകരം ദിവസേന ഒരുലക്ഷം പേരാണത്രെ യാത്ര ചെയ്യുന്നത്.ഇങ്ങനെ പോയാൽ നൂറുവർഷം കൊണ്ട് അടച്ചു തീർക്കേണ്ട ജപ്പാൻ ലോൺ 80 വർഷം  കൊണ്ട് അടഞ്ഞു തീർന്നേക്കും.നാട്ടിൽ പട്ടിണിയാണെങ്കിലും ട്രെയിനിൽ കയറാനുള്ള  മിനിമം ചാർജായ 3500/- രൂപ കൊടുക്കാൻ ആർക്കും വിഷമമില്ല.പാർട്ടി വി.ആർ.എസ് കൊടുത്തു വിട്ട ശാസ്ത്രഞ്ജന്റെ ദീർഘ വീക്ഷണം അപാരം. 

അടുത്ത സീറ്റിൽ ഒരു ടൈ ധരിച്ച മാന്യൻ  അടിച്ചു പാമ്പായി ഇരിക്കുന്നുണ്ടായിരുന്നു.ഏതോ ഐ.ടി കമ്പനി ജീവനക്കാരനാണെന്നു ഞാൻ ഊഹിച്ചു. കേരളത്തിലെ ഐ.ടി പാർക്കുകളിൽ മദ്യം സുലഭമായതിനാൽ, ഐ.ടി ജോലിക്കാരെ തിരിച്ചറിയാൻ  എളുപ്പമാണ്.ദിവസേന  കാസർഗോട്ടുനിന്നും  തിരുവനന്തപുരത്തെത്തി ജോലി ചെയ്തു ട്രെയിനിൽ മടങ്ങുന്നവർ ഒരു സാധാരണ കാഴ്ച്ചയാണ്.ട്രെയിനിലും മദ്യം ലഭ്യമാണ്.ഒരു ബട്ടൺ അമർത്തിയാൽ മദ്യം സീറ്റിൽ എത്തും. അറബ് വംശജരാണ് കൂടുതലായും ട്രെയിനിൽ  ജോലിക്കുള്ളത്.പണ്ട് ഗൾഫിൽ ജോലിക്കു നിന്നവർ ഇന്ന് അറബികളെക്കൊണ്ട് മദ്യവും ഭക്ഷണവും വിളമ്പിച്ചു  സായൂജ്യമടയുന്നു .

എതിർവശത്തെ സീറ്റിൽ ഇരുന്നയാൾ എന്നെ നോക്കി ചിരിക്കയും  തല ചെറുതായി താഴ്ത്തി അഭിവാദനം ചെയ്യുകയും  ചെയ്തു.നിയമസഭയിൽ കസേര പൊക്കി അതിന്റെ ഭാരം നോക്കുന്ന ചിത്രം ടിവിയിൽ കണ്ടതിനാൽ അദ്ദേഹത്തോടെ പെട്ടെന്ന് മനസ്സിലായി.കെ -റെയിൽ വന്നതിനു ശേഷം എം. എൽ.എ മാർ എല്ലാദിവസവും  നിയമസഭയിൽ പോയി തിരിച്ചു വരുന്നു.

ഏറ്റുമാനൂർ വണ്ടി നിർത്തിയപ്പോൾ പുതിയ  കുലു മാൾ പണി നടക്കുന്നത് കണ്ടു.പതിവുപോലെ ധാരാളിക്കൽ സൊസൈറ്റിക്കാണ് നിർമാണ ചുമതല. എല്ലാ  മുനിസിപ്പാലിറ്റിയിലും  ഓരോ കുലു മാൾ എന്നതാണ് കെ-ഭൂതം കണ്ട സ്വപ്നം. എല്ലാ കുലു മാളിന്റെ വാതിൽക്കൽതന്നെ കെ -റെയിൽ സ്റ്റോപ്പ് കൊടുത്തിരിക്കുന്നു.ആവശ്യവസ്തുക്കൾ  മാത്രമാണ്  അവിടെ വിൽക്കുന്നതെന്നതിനാൽ എല്ലാ മാസവും നടത്തുന്ന ഹർത്താൽ മഹോല്സവത്തിൽ നിന്നും കുലുമാളിനെ ഒഴിവാക്കിയിരിക്കുന്നു.


മുൻപ് ഒരുദിവസം വേണമായിരുന്നു കൊച്ചിയിൽ പോയി വരാൻ.ഇന്ന് കെ-റെയിൽ വന്നതോടെ അരമണിക്കൂർ മതി കൊച്ചി എത്താൻ.വെറുതെ കറങ്ങാൻ വരെ ആളുകൾ ഇപ്പോൾ കെ-റെയിലിൽ കയറി കൊച്ചിക്കുപോകുന്നു.ഇന്ന് ആളുകളുടെ കൈവശം  യഥേഷ്ടം ക്രെഡിറ്റ് കാർഡുകൾ ഉണ്ട്.അതിനാൽ സംസ്ഥാനത്തിന്റെ  സാമ്പത്തികസ്ഥിതി വളരെ ഭദ്രമാണെന്ന് ധനകാര്യ മന്ത്രി പറഞ്ഞു.കേരളത്തിൽ ജനിക്കുന്ന ഒരു കുട്ടിക്ക് പത്തുലക്ഷം രൂപ മാത്രമാണ് ഇപ്പോഴത്തെ   കടം. 

ട്രെയിനിൽനിന്നും ഇറങ്ങിയപ്പോൾ ഒരു അമ്മച്ചി  ലോട്ടറി ടിക്കറ്റുമായി വന്നു. ആയിരം രൂപയാണ് ഒരു ടിക്കറ്റിന്റെ വില.സർക്കാർ ജോലിക്കാർക്ക് ഈമാസത്തെ  ശമ്പളം കൊടുക്കാനായി എല്ലാ പൗരന്മാരും ലോട്ടറി എടുക്കണം എന്ന് ധനകാര്യ മന്ത്രി പറഞ്ഞതനുസരിച്ചു ഞാൻ അഞ്ചു ടിക്കറ്റുകൾ എടുത്തു.ഇനി വൈകിട്ട് തിരിച്ചുപോകുമ്പോൾ ബിവറേജിൽ നിന്നും ഒരു കുപ്പികൂടി വാങ്ങണം എന്ന് ഞാൻ ഉറപ്പിച്ചു. കെ.എസ്.ആർ.ടി.സി-ക്കാരുടെ ഈമാസത്തെ ശമ്പളത്തിന് അതുപകരിച്ചേക്കും. 

സിനിമ കണ്ടതിനുശേഷം സിലോൺ  ബേക്ഹൗസിൽ കയറി  ഒരു ബിരിയാണി ഓർഡർ ചെയ്തു.വെറും 750/-രൂപയാണ് ഒരു ബിരിയാണിക്ക് വില.അതിനുശേഷം തിരിച്ചു കെ-റെയിലിൽ  കയറി ഞാൻ കോട്ടയത്തെത്തി. സ്റ്റേഷനിൽ നിന്നും ഇറങ്ങിയപ്പോൾ അവിടെ കെ-ഭൂതത്തിന്റെ പ്രതിമക്ക് പുഷ്പ്പാർച്ചന നടത്താനുള്ള തിരക്ക് കണ്ടു.അർച്ചന നടത്തണമെന്ന  ലോക്കൽ കമ്മറ്റിയുടെ മെസ്സേജ് ഉണ്ടായിരുന്ന കാര്യം ഞാൻ ഓർമ്മിച്ചു.സ്വതവേ ചിരിക്കാത്ത കെ-ഭൂതത്തിന്റെ ചിരിക്കുന്ന പ്രതിമയിൽ പുഷ്പവൃഷ്ടി നടത്തുമ്പോൾ അദ്ദേഹത്തിന്  ദീർഘായുസ്സു നൽകാൻ ഞാൻ പ്രാർത്ഥിച്ചു. 


തിരികെ വീട്ടിലേക്കു കാറിൽ മടങ്ങുമ്പോൾ, ഒരിക്കലും ചിരിക്കാത്ത അദ്ദേഹം എന്തിനായിരിക്കും ചിരിച്ചത്  എന്ന് ഞാൻ ആലോചിച്ചു.  വെറും പത്തുലക്ഷം കോടി മാത്രം കടമുള്ള കേ-റെയിൽ പദ്ധതിയെക്കുറിച്ചു ഓർത്തിട്ടാവുമോ  അദ്ദേഹത്തിന്റെ ചിരി ?

കെ-റെയിൽ സഞ്ചാരം ഇവിടെ തീരുന്നു. അടുത്തയാഴ്ച പുതിയ ഒരു യാത്രയുമായി നിങ്ങളുടെ മുന്നിലെത്താം. 

നമസ്കാരം.