Dec 23, 2012

ഒരു (ഫേക്ക്) പെണ് ബ്ലോഗറുടെ മാനസിക സംഘര്‍ഷങ്ങള്‍

തന്റെ മുന്നില്‍ വിഷണ്ണനായിരിക്കുന്ന ചെറുപ്പക്കാരനെ നോക്കി, മന ശാസ്ത്രജ്ഞന്മാരുടെ ആഗോള ട്രേഡ് മാര്‍ക്കായ ബുള്‍ഗാന്‍ താടി തടവിക്കൊണ്ട് ഡോ .ഫെര്ണാണ്ടസ് രണ്ടാമതും ആ ചോദ്യം ചോദിച്ചു. "എന്തുവാ തന്റെ പ്രശ്നം ?"
 
ഡോക്റ്റര്‍ .. മലയാളത്തിലെ അറിയപ്പെടുന്ന ഒരു ബ്ലോഗറാണ് ഞാന്‍. കഴിഞ്ഞ അഞ്ചു വര്‍ഷമായി  പരിപ്പുവട എന്ന ബ്ലോഗില്‍ ഞാന്‍ എഴുതുന്നു. ആദ്യമൊക്കെ ആളുകള്‍ വരികയും കമന്റിടുകയും ഒക്കെ ചെയ്തിരുന്നു.  ഇപ്പൊ കുറെ ആയി കമന്റുകള് വളരെ കുറവ്. സൈറ്റിലെ ട്രാഫിക് കുറവ്, ആളുകള്‍ പണ്ടേപ്പോലെ ഗൌനിക്കുന്നില്ല എന്നൊക്കെ വന്നപ്പോള്‍ ഞാന്‍ ആ കടുംകൈ ചെയ്തു.
 
എന്താ ബ്ലോഗ്‌ എഴുത്ത് നിര്‍ത്തിയാ ?
 
അതല്ല ഡോക്റ്റര്‍. ഞാനൊരു പുതിയ ബ്ലോഗ്‌ തുടങ്ങി , ഒരു പെണ്ണിന്റെ പേരും ഐഡിയും വെച്ച്.
 
അതാ തന്റെ പ്രശ്നം ?
 
അല്ല ഡോക്റ്റര്‍. ആദ്യമൊക്കെ നല്ല രസമായിരുന്നു .കഥ പോസ്റ്റു ചെയ്‌താല്‍ ഉടനെ  ഓരോ ഞരമ്പുരോഗികള്‍ ഇരുനൂറിനു മേലെ കമന്റൊക്കെ ഇടും. ഉദാത്തം ,ഭയങ്കരം എന്നൊക്കെ പുകഴ്ത്തും.എന്തുവാ ഈ എഴുതിയെക്കണേ എന്നോക്കെ വെച്ച് കാച്ചും. ഓണ്‍ലൈന്‍ വന്നാല്‍ കുറെ എണ്ണം ചാടിവീണ് "ചക്കരെ പഞ്ചാരേ" എന്നൊക്കെ പറയും. കുറേപ്പേര് " ഓപ്പോളേ" എന്നൊക്കെ വിളിച്ചു വേറെ ഒരു ലൈന്‍.ചില പ്രത്യേക ബ്ലോഗ്‌ ജീവികളെ കാണണമെങ്കില്‍ എന്റെയോ അല്ലെങ്കില്‍ എന്നെപ്പോലെയുള്ള വനിതാ ബ്ലോഗര്‍മാരുടെ ബ്ലോഗിലോ മാത്രം നോക്കണം . അവര്‍ പെണ്ണുങ്ങള്ക്കെ കമന്റു . അവരോടെ ചാറ്റ് ചെയ്യു.പോസ്റ്റ്‌ ഒന്ന് ഇട്ടു കൊടുത്താല്‍ മതി.ബാക്കി കാര്യം അവര് നോക്കിക്കോളും . പോസ്റ്റ്‌ ഹിറ്റ്‌ ആകാന്‍ നമ്മളെക്കാളും കൂടുതല്‍ ഉത്സാഹവും ഈ ഞരമ്പുകള്‍ക്കാണ്.
 
അത്രയ്ക്ക് ആക്രാന്തം പിടിച്ചവരാണോ ഈ ബ്ലോഗര്‍മാര്‍ ?
 
ആണോന്നു.. പിന്നെ പെണ്ണുങ്ങളുടെ പേരില്‍ ഫെക് ബ്ലോഗ്‌ ഒക്കെ ഉണ്ട് . പലരും ഭാര്യയുടെ പേരിലൊക്കെ ബ്ലോഗ്‌ ഉണ്ടാകും. എന്നിട്ട് കലിപ്പുള്ളവനോടൊക്കെ ചാറ്റ് ചെയ്യും . എന്നിട്ട് ആ വിവരം ഒക്കെ മറ്റുള്ളവരോട് പറഞ്ഞു കൊടുക്കും.
ഇപ്പൊ കല്യാണം കഴിക്കാത്ത ബ്ലോഗര്മാരെക്കാള്‍ കെട്ടിയവര്‍ക്കാണ്   മാര്‍ക്കറ്റ്.അതുകൊണ്ട് ഞാന്‍   കെട്ടിയതാണെന്ന്   ഒക്കെ എന്റെ പ്രൊഫൈലില്‍ ഉണ്ട്.ചിലര്‍ക്കറിയേണ്ടത് എന്റെ ഫാമിലി ലൈഫ് എങ്ങനെ ഉണ്ട് എന്നൊക്കെ. ചിലര്‍ക്ക് ഫോണ്‍ നമ്പര്‍ വേണം.നമ്പര്‍ കൊടുക്കുന്നത് ഭര്താവറിഞാല്‍   വിഷയമാകും എന്ന് ഞാന്‍ അങ്ങോട്ട്‌ നമ്പര്‍ ഇടും.പ്രൊഫൈല്‍ ഫോട്ടോയായിട്ടു,എന്റെ  അമ്പതു വയസ്സുള്ള അമ്മായിയുടെ ചുണ്ടിന്റെ ഒരു ക്ലോസപ്പ് ഇട്ട ദിവസം മൊബൈലില്‍ മെസ്സേജ്  വരുന്ന ശബ്ദം കേട്ടിട്ട്    ഉറങ്ങാന് പോലും .പറ്റിയില്ല അത്രക്കും മെസ്സേജ് ആയിരുന്നു.ഫേസ് ബുക്കില്‍ ആണെങ്കില്‍ അയ്യായിരത്തിനു മേല്‍ ആള്‍ക്കാര് എന്നെ ആഡിക്കഴിഞ്ഞു.
 
 
 നിങ്ങള്‍ കഥ എഴുതുന്നു.ആള്‍ക്കാര് കമന്റിടുന്നു .ചാറ്റുന്നു,നിങ്ങള്‍ അതൊക്കെ ആസ്വദിക്കുന്നു . ഇതില്‍ ഒരു മനശാസ്ത്രജ്ഞന് എന്ത് ചെയ്യാന്‍ ?
 
 
അതല്ല ഡോക്റ്റര്‍, ഈയിടെയായി ഞാന്‍ ഒരു പാട് മാനസിക പ്രശ്നങ്ങളിലാണ്.ഒരു ദ്രോഹി കുറെ ദിവസമായി ഞാന്‍ ഇടുന്ന പോസ്റ്റ്‌ എല്ലാം വെറും കൂതറ സാധനമാണ്, ഇത് ഫേക്ക് ഐഡി ആണ് എന്നൊക്കെ എന്റെ ബ്ലോഗില്‍ കമന്റിടുന്നു. അതൊക്കെ ഞാന്‍ വേണ്ടവണ്ണം ഡിലീറ്റി കളയും. പിന്നെ എന്റെ ആരാധകരായ ഞരമ്പ്‌ രോഗികള്‍ അവനെ കൈകാര്യം ചെയ്യുന്നുണ്ട് .അവര്‍ അവനെ തെറി വിളിക്കുന്നുമുണ്ട് . എന്നാലും ഗ്രൂപ്പായ ഗ്രൂപ്പില്‍ ഒക്കെ ചെന്ന് എന്നെ പറ്റി കുറ്റം പറയുകയാണ്‌ അവന്റെ പണി . കുറ്റം പറയരുതല്ലോ, ആള് അടിപൊളി ബ്ലോഗറാ.പോസ്റ്റ്‌ ഇട്ടു കഴിഞ്ഞാല്‍ പടാന്നല്ലേ കമന്റൊക്കെ വരുന്നത്.പത്തായിരം ഫോളോവേര്സും ഉണ്ട്.എന്റെ പരിപ്പുവട ഐഡിയില്‍ ചെന്നിട്ടു ഞാന്‍ അവന്റെ ബ്ലോഗില്‍  പോസ്റ്റ്‌ കൊള്ളില്ല, പഴകി പറഞ്ഞ വിഷയം എന്നൊക്കെ   കുറ്റം പറഞ്ഞു നോക്കി. പക്ഷെ ഏല്‍‌ക്കുന്നില്ല .
 
 
ഇതൊക്കെ നിങ്ങള്‍ ബ്ലോഗര്‍മാരുടെ ഇടയില്‍ സാധാരണ ഉണ്ടാകുന്ന കാര്യങ്ങളല്ലേ പക്ഷെ ഒരു   മനശാസ്ത്രജ്ഞന് ഇതില്‍ എന്താണ് റോള്‍ ?
 
 
അതല്ല ഡോക്റ്റര്‍. എനിക്ക് ഈയിടെയായി തീരെ ഉറക്കമില്ല . ഉറങ്ങിയാല്‍ കാണുന്നത് ഭീകര സ്വപ്നങ്ങളാണ് . ബ്ലോഗുമീറ്റില്‍ എന്റെ കഥകള്,  കവിതകള്‍ ഒക്കെ ആളുകള്‍ പാടിപ്പുകഴ്തുന്നത് കണ്ടിരുന്ന ഞാന്‍ ഇപ്പോള്‍ കാണുന്നത് ‍ മീറ്റുകളില്‍ ആള്‍ക്കാര്‍ എന്നെ വലിച്ചു കീറുന്നതാണ്.ജോലി ചെയ്യാന്‍ താല്‍പ്പര്യം ഇല്ല . എന്നെ എതിര്തുള്ള കമന്റു വന്നതിന്റെ മെയില്‍ വന്നാല്‍ ആകെ പരവേശമാണ് .ബി പി കൂടിയിട്ടുണ്ട് .
 
 
 
എങ്കില്‍ പിന്നെ അനോണിയായി എഴുതരുതോ..
 
അയ്യോ അത് വേണ്ട... അനോണിയാണ് എന്നുള്ള ഒറ്റക്കാര്യത്തിനാ   എന്നും അടിപൊളി പോസ്ടൊക്കെ എഴുതുന്ന മട്ടന്നൂരിനോട്    ആള്‍ക്കാര്‍ക്ക് കലിപ്പ് !
 
 
എന്നാ പിന്നെ ഈ പരിപാടി അങ്ങ് നിര്‍ത്തിയാ പോരെ. ഈ ബ്ലോഗ്‌ എഴുത്ത് എന്നത് തീവണ്ടിയുടെ കക്കൂസില്‍ എഴുതുന്നതാ എന്നൊരു ബോധോദയം ഉണ്ടായെന്നൊരു കാച്ചങ്ങു കാച്ചണം .
 
 
അത് പറ്റില്ല ഡോക്റ്റര്‍.എഴുത്ത് എന്റെ ജീവവായുവാണ്.മലയാള സാഹിത്യത്തെ ഉദ്ധരിക്കണം എന്നത് എന്റെ സ്വപ്നമാണ്.മലയാള സാഹിത്യത്തിന്റെ അംബാസഡര്‌ ‍ ആകണം എന്നാണു എന്റെ ജീവിതാഭിലാഷം.എനിക്ക് പേടികൂടാതെ ഉറങ്ങണം,വിമര്‍ശന കമന്റുകള്‍ വരുമ്പോള്‍ ധൈര്യം കിട്ടണം. അത്രേം മതി.

 
"എങ്കില്‍ ഒരു കാര്യം ചെയ്യ്. കമന്റു ബോക്സ് അടക്കു. അപ്പൊ പിന്നെ കുഴപ്പമില്ലല്ലോ"
 
 
അയ്യോ അത് വേണ്ട ഡോക്റ്റര്‍. എന്റെ പരിപ്പുവട ബ്ലോഗില്കമന്റു ബോക്സ്     അടച്ചിട്ടു ബൂലോകത്തുള്ളവര്‍ എല്ലാം കൂടെ എന്നെ കൊല്ലാതെ കൊന്നു. വേറെ എന്തെങ്കിലും ?
 
 
ഞാന്‍ ഒരു മരുന്ന് തരാം.അത് കഴിച്ചാല്‍ ഉറക്കം കിട്ടും .ഒരാഴ്ച ഉറങ്ങിയിട്ട് വരൂ.ഞാന്‍ എന്തെങ്കിലും ഒരു മാര്‍ഗം കണ്ടുപിടിക്കാം.ആട്ടെ,എന്താണ് താങ്കളുടെ പെണ്ബ്ലോഗിന്റെ പേര് ?
 
 
." താണ്ടമ്മയുടെ താണ്ഡവങ്ങള്‍ "
 
 
"ശരി പോയിട്ട് ഒരാഴ്ച കഴിഞ്ഞു വരൂ  "
 
ബ്ലോഗര്‍ പോയതിനു ശേഷം ഡോ .ഫെര്ണാണ്ടസ് തന്റെ    "മഴുവന്"‍ എന്ന   പേരിലുള്ള  ബ്ലോഗിന്റെ  ഐഡി   ഉപയോഗിച്ച് ഫേസ്‌ബുക്ക്‌ പേജില്‍ പോയി താണ്ടമ്മ ബ്ലോഗര്‍ക്ക് അയച്ച കിക്കിളി മെസ്സേജുകള്‍ ഡിലീറ്റി..അതിനു ശേഷം    താണ്ടമ്മയുടെ  പ്രൊഫൈല്‍ എടുത്തു അതില്‍  അണ്ഫ്രണ്ട്  എന്ന ബട്ടന്‍ ഞെക്കാന്‍ തുടങ്ങുമ്പോള്‍ താണ്ടമ്മയുടെ പുതിയ മെസ്സേജ് വന്നു.
 
"കുട്ടന്‍ എന്തെടുക്കുവാ ? "
 
 
 

Dec 3, 2012

കല്യാണസൌഗന്ധികം - ഓമനക്കുട്ടന്‍ പ്രാവിന്കൂട്‌ പി. ഓ.

ബിജുക്കുട്ടനോടാണോ  ധര്‍മ്മജനോടാണോ ഓമനക്കുട്ടന് കൂടുതല്‍ സാമ്യം എന്ന് ചോദിച്ചാല്‍, ധാത്രിയാണോ ഇന്ദുലേഖയാണോ മുടി വളരാന്‍ നല്ലത് എന്ന് ചോദിക്കുന്നത് പോലെയാകും.മുപ്പതു വയസ്സ് കഴിഞ്ഞ എല്ലാ യുവാക്കളുടെയും ( ഇരുപതു കാര്‍ ക്ഷമിക്കണം , കേരളത്തിലെ പ്രമുഖ യുവജന സംഘടനയുടെ നിയമാവലി പ്രകാരം 45 വയസ്സുവരെ യുവാക്കള്-‍ എന്നെ പറയാവൂ ) പ്രധാന പ്രശ്നമാകുന്ന കല്യാണം ആലോചന എന്ന അതിഭയങ്കരമായ പ്രോസസ്സില്‍ ആണ് ഓമനക്കുട്ടന്‍. റൊട്ടി കപ്പടാ ഓര്‍ മകാന്‍ ആണ് ഒരു മനുഷ്യന് ഏറ്റവും ആവശ്യമായി വേണ്ടത് എന്നൊക്കെ പറഞ്ഞാലും ,സമയത്ത്  കല്യാണം നടന്നില്ലെങ്കില്‍ നാട്ടുകാര്‍ക്കാണ് ബുദ്ധിമുട്ട് എന്നത് ഒരു നാട്ടു നടപ്പാണല്ലോ.അല്ലെങ്കില്‍ തന്നെ കപ്പടാ മീശ ഉള്ള ഒരാള്‍ക്ക്‌ റൊട്ടി ഉണ്ടെങ്കിലും മകന്‍ ഇല്ലെങ്കില്‍ എന്ത് കാര്യം .
 
 

പതിനാറാമത്തെ പെണ്ണുകാണലും കഴിഞ്ഞു കട്ടയും പടവും മടങ്ങി വന്നിട്ട്, ബാക്കി കാണാന്‍ ഉള്ള പെണ്ണുങ്ങളുടെ ബയോഡേറ്റ മന്പാഠമാക്കുന്ന അതി ഭയങ്കരമായ ജോലിയില്‍ ആയിരുന്നു ഓമനക്കുട്ടന്‍. "എവിടെടി കുട്ടന്" എന്ന പങ്കുവമ്മാവന്റെ ചോദ്യം മുറ്റത്തു നിന്ന് കേട്ടപ്പോഴേ,ഓമനക്കുട്ടന്‍ ചാടി എഴുന്നേറ്റു കട്ടിലിന്റെ അടിയില്‍ ഒളിച്ചു വെച്ചിരിക്കുന്ന ബക്കാര്‍ഡിക്കുപ്പി ഒന്നുകൂടി അകത്തേക്ക് തള്ളി.അമ്മാവനെങ്ങാനും കുപ്പി കണ്ടാല്‍ പിന്നെ മുതുകാടിന്റെ മാജിക് ഷോ പോലെ ആവും!
 
 

"അവധി തീരാന്‍ ഇനി പത്തു ദിവസമല്ലേ ഉള്ളു..ഒന്നും ആയില്ല അല്ലെ" എന്നുള്ള കോള് വെച്ച ചോദ്യത്തിന്റെ അവസാനം, "വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിനു നാട്ടില്‍ തേടി നടപ്പൂ " എന്ന മഹാകവി മദന്‍ ലാലിന്റെ പ്രസിദ്ധമായ മാങ്ങാക്കാലം എന്ന കവിത കൂടി പങ്കജാക്ഷന്‍ പിള്ള അര്‍ത്ഥവത്തായി മൂളി .കാരണം പങ്കജാക്ഷന്‍ പിള്ളക്ക് പെണ്മക്കള്‍ നാല്. മൂന്നെണ്ണത്തിനെ പിള്ള കെട്ടിച്ചു വിട്ടു. ഇനി ഒന്ന് ബാക്കി. കുശല കുമാരി. 

 
നിറം അല്‍പ്പം കുറവാണെങ്കിലും പൊക്കം കുറഞ്ഞതുകൊണ്ട് തീരെ കുഴപ്പമില്ലെന്ന് പറയാം.ലളിതശ്രീയേപോലെ ഇരിക്കുന്നു എന്നാലും കല്‍പ്പനയുടെ മനസ്സ്.അതുകൊണ്ടാണല്ലോ, പണ്ട് ഓമനക്കുട്ടന്‍ ഏതോഒരു ദുര്‍ബല നിമിഷത്തില്‍ പ്രോപോസ് ചെയ്തപോള്‍,സാല്‍മാന്‍ ഖാനെ പോലെ ഇരിക്കുന്ന ഒരാളാണ് എന്റെ സ്വപ്നത്തില്‍, കുട്ടേട്ടന്‍ ഒന്നും വിചാരിക്കരുത് എന്ന് തുറന്നു പറഞ്ഞത്. പിള്ള മനസ്സില്‍ കള്ളമില്ല എന്നാണല്ലോ  കൊട്ടാരക്കരയൊക്കെ പത്രക്കാര്‍ പാടി നടക്കുന്നത് .ഓമനക്കുട്ടനാവട്ടെ, സല്മാന്ഖാനോക്കെ ഇന്ത്യന്‍ യുവത്വതോട് ചെയ്യുന്ന ഈ കൊടും ക്രൂരതയില്‍ വേദനിച്ചു, അന്ന്ഹിന്ദി പടം കാണല്‍ നിര്‍ത്തി. മറ്റൊരിക്കല്‍ ബസില്‍ വെച്ച് മാല പിടിച്ചുപറിച്ച ഒരു ഹിന്ദിക്കാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്യുമ്പോള്‍, തന്റേതായ ഒരു സംഭാവന കൊടുക്കുകയും ചെയ്തു . ചല്‍ത്തി ക നാം ഗാഡി എന്നാണല്ലോ ( ബസില്‍ വച്ച് മാല പറിച്ചാല്‍ ചവിട്ടു കൊടുക്കണം )
 
 

കാല്‍ക്കാശിനു ഗതിയില്ലാതെ പ്രാവിന്കൂട്ടില്‍ തെണ്ടി നടന്നപ്പോള്(പ്രാവിന്കൂട്, ചെങ്ങന്നൂര്‍ ‍അടുത്ത് ഒരു ചെറിയ ഗ്രാമം )‍ ഏതൊരു അമ്മാവനെയും പോലെ പിള്ളയും, മരുമകന്റെയടുത്തു കംസനായിട്ടുണ്ട് എന്നാലും " അഞ്ചക്ക ശമ്പളമുള്ള , ഗള്‍ഫില്‍ ബീഹെഡിംഗ് കമ്പനിയില്‍ എന്ജിനീയറായ യുവാവിനു വധുവിനെ ആവശ്യമുണ്ട്" എന്ന പത്ര പരസ്യം ഇടാന്‍ ഓമനക്കുട്ടന്റെ അമ്മ ഏല്‍പ്പിച്ചപ്പോള്‍, അച്ചടക്ക നടപടി എടുക്കും എന്ന് കേട്ട‍ ഹരിത എം എല്‍ എ മാര്‍ ഒറ്റ രാത്രിയില്‍ മറിഞ്ഞപോലെ, പിള്ള ഓമനക്കുട്ടന് ഐക്യ ദാര്ഡ്യം പ്രഖ്യാപിച്ചു. അതിന്റെ പിന്നാലെ പത്തേക്കര്‍ സ്ഥലം ഒരുമിച്ചു എവിടെ വാങ്ങാന്‍ കിട്ടും എന്ന ഓമനക്കുട്ടന്റെ ചോദ്യം കൂടി കേട്ടപ്പോള്‍, കുശല വെഡ്സ് ഓമനക്കുട്ടന്‍ എന്ന സ്വര്‍ണ്ണ ഞൊറിയിട്ട കാര്‍ഡു പിള്ള മനസ്സില്‍ അടിപ്പിച്ചു .

 
 
അപ്പോഴെക്കും വെളുത്തു മീശയില്ലാത്ത സുന്ദരനായ ഒരാളെയെ വരിക്കൂ എന്ന നിര്‍ബന്ധം മാറ്റി ഇപ്പോഴത്തെ ട്രെന്‍ഡ് ആയ കരിമന്മാര്‍ ആയാലും മതി എന്ന നിലയിലേക്ക് കുശലയും തയ്യാറായിരുന്നു .പക്ഷെ തൊമ്മന്‍ അയയുമ്പോള്‍ കുഞ്ഞാപ്പ മുറുകും എന്ന് പറഞ്ഞതുപോലെ ഓമനക്കുട്ടന്റെ മനസ്സിന്റെ റാമ്പിലും മെലിഞ്ഞ പാര്‍വതി ഓമനക്കുട്ടന്മാര്‍ക്യാറ്റ് വാക്ക് തുടങ്ങിക്കഴിഞ്ഞിരുന്നു .ഇതറിഞ്ഞ കുശല, ടിവിയില്‍ വരുന്ന വയര്‍, തടി കുറക്കല്‍ ലേപനങ്ങളും, തൈലങ്ങളും മരുന്നുകളും ഹോള്‍സെയില്‍ ആയി വാങ്ങി കഴിച്ചു .പക്ഷെ, ഇതൊക്കെ കഴിച്ചാല്‍ ചിലപ്പോ പൊന്നമ്മ സാബുവിന് പരിഭവം പാര്‍വതി ആകാന്‍ പറ്റും ,  കരീന കപൂര്‍ ആകണം എന്ന് പറഞ്ഞാല്‍ അത് അതിമോഹം എന്നല്ലേ പറയാന്‍ പറ്റു .
 
 

അല്പ്പന് ഐശ്വര്യം കിട്ടിയാല്‍  അതിരാവിലെ   ഐശ്വര്യാ റോയിയുടെ ഫാഷന്‍ഷോ കാണും എന്ന് പറഞ്ഞതുപോലെ, ഓമനക്കുട്ടന്‍ ഓരോ പെണ്ണ് കണ്ടു മടങ്ങുമ്പോഴും തന്റെ സൌന്ദര്യ സങ്കല്പങ്ങള്‍ ഉയര്‍ത്തി .ഈ ചായക്ക്‌ നിറമില്ല, നിറമുന്ടെങ്കില്‍ മണമില്ല,മണമുണ്ടെങ്കില്‍ രുചിയില്ല,ഏതു ചായക്കുണ്ട് ഈ മൂന്നു ഗുണവും എന്നൊക്കെ പറഞ്ഞതുപോലെ, കാണാന്‍ ‍ പോയ പെണ്ണുങ്ങള്‍ക്ക്‌ ഒക്കെ ഓരോ കുറ്റം കണ്ടുപിടിച്ചു ഓമനക്കുട്ടന്‍ മടങ്ങിവരുമ്പോഴും,കുശലയുടെ ഉള്ളില്‍ പ്രതീക്ഷ വളര്‍ന്നു എങ്കിലും, എന്‍ഡോള്‍ഫാന്‍ നിരോധിക്കാന്‍ കേന്ദ്രത്തില്‍ പെറ്റു കിടന്ന ഭരണകക്ഷി എംപിമാരുടെ അവസ്ഥയായിരുന്നു അവസാനം .
 
 

ഒടുവില്‍ ലീവ് തീരാന്‍ തീരാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഓമല്ലൂര്കാരി    സുഗന്ധിയെ   ഓമനക്കുട്ടന് ബോധിച്ചു . പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കാലത്തേ പെണ്ണ് കണ്ടു, വൈകുന്നേരം പെണ്ണ് വീട്ടുകാര്‍ ഓമനക്കുട്ടന്റെ വീട്ടില്‍ വന്നു. പിറ്റേന്ന് എല്ലാവരും കൂടി ഓമല്ലൂര്‍ക്ക് പോയി എല്ലാം തീരുമാനിച്ചു. നാലാം ദിവസം കല്യാണം.പരോള്‍ ഒരുമാസം കൂടി നീട്ടിക്കിട്ടാന്‍ ഓമനക്കുട്ടന്‍ ഗള്‍ഫിലുള്ള മുതലാളിക്ക് ഫാക്സ് അയച്ചു.
 
 

അതിസുന്ദരിയായ പ്രതിശ്രുത വധുവിന്റെ ഫോട്ടോ കുശലയെ കാട്ടിയപ്പോള്‍, തന്റെ നിഷ്ക്കളങ്കമായ തനതു ഭാവത്തില്‍ അവള്‍ ഒന്നേ പറഞ്ഞുള്ളൂ." സുന്ദരിയാണല്ലോ കുട്ടേട്ടാ...ഉറപ്പായിട്ടും ഇവള്‍ക്ക് വേറെ ലൈന്‍ കാണും" എന്ന്. സ്വന്തം മുന്നണിയെ വിമര്‍ശിച്ച ചീഫ് വിപ്പിനെപ്പോലെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ലേ എന്ന ഭാവത്തില്‍ കുശല പുറത്തേക്കു പോയി. അവളെ ഫോട്ടോ കാണിച്ചു മധുരമായ പ്രതികാരം തീര്‍ക്കുമ്പോള്‍ മനസ്സില്‍ പൊട്ടിക്കാനിരുന്ന രണ്ടു ലഡു ഇനി അമ്മാവന്‍ സമാധിയായി എന്നറിയുമ്പോള്‍ പൊട്ടിക്കാം എന്ന് ഓമനക്കുട്ടന്‍ മനസ്സില്‍ കുറിച്ചിട്ടു .കട്ടിലിനടിയില്‍ ഇരുന്ന ബക്കാര്‍ഡി രണ്ടെണ്ണം ആരും കാണാതെ വിട്ടപ്പോള്‍ ഒരു ആശ്വാസം ആയി എങ്കിലും കല്യാണത്തലേന്നു പണ്ടവും ആയി മുങ്ങിയ പെണ്ണുങ്ങളുടെ വാര്‍ത്തകള്‍ ഓമനക്കുട്ടന്‍ ഓര്‍മ്മ വന്നു .ഇനി അങ്ങനെ എങ്ങാനും സംഭവിച്ചാല്‍ കേരളത്തില്‍ മാത്രമല്ല അങ്ങ് ഗള്‍ഫിലും അമേരിക്കയിലും വരെ "നവവധു കല്യാണതലേന്ന് ഒളിച്ചോടി" എന്ന വാര്‍ത്ത ക്രൈം ഫയറില്‍ ഒക്കെ വായിച്ചു ആള്‍ക്കാര് ചിരിക്കുമല്ലോ എന്നോര്‍ത്ത് ഓമനക്കുട്ടന്‍ നടുങ്ങി .
 
 

കല്യാണ തലേന്ന് പശു തൊഴുത്തിനടുത്തു ഒരു ചെറിയ സ്ലോമോഷന്‍ പാര്‍ട്ടി നടത്തവേ,തന്റെ ബാലകാല സുഹൃത്തായ കിണര് പണിക്കാരന്‍ കരുണനോട് ഈ ആശങ്ക പങ്കു വെച്ചപ്പോള്‍, ആറാമത്തെ പെഗും വലിച്ചു കയറ്റിയിട്ടു കരുണന്‍ തന്റെ ജീവിത വീക്ഷണം പുറത്തു വിട്ടു . " എടാ പൊട്ടാ , കല്യാണം എന്നാല്‍ ഒരു കിണറു പോലെയാണ്. പുറത്തു നിന്ന് നോക്കിയാല്‍ നല്ല ശുദ്ധ ജലം ആണെന്ന് തോന്നും , പക്ഷെ ഇറങ്ങരുത് . ഇറങ്ങിയാല്‍ അകത്തു ചിലപ്പോ മാരകമായ ഗ്യാസ് ആയിരിക്കും " എന്ന് പറഞ്ഞു ഒരു മാരകമായ ഏമ്പക്കം വിട്ടു.റിച്ചര്‍ സ്കെയിലില്‍ പത്തില്‍ അഞ്ചര കാണിച്ച   ആ  ശബ്ദത്തില്,തൊഴുത്തില്‍ തള്ളപ്പശുവിനോപ്പം ഉറങ്ങിക്കിടന്നിരുന്ന പശുക്കുട്ടി ചാടി എഴുന്നേറ്റു പാഞ്ഞു . കാലത്തെ കല്യാണത്തിന് പോകാന്‍ വരുന്നവര്‍ക്ക് കൊടുക്കാനുള്ള ഇഡ്ഡലിക്ക് കൂട്ടാന്‍ ഉണ്ടാക്കിയ സാമ്പാര്, മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടുന്നത് പോലെ മറിഞ്ഞു അടുത്ത് തന്നെ ഉറങ്ങിക്കിടന്ന പാചകക്കാരന്‍ അപ്പുവേട്ടനെ അടുത്ത് വരെ ഒഴുകിയെത്തി.ഉറക്കത്തില്‍ സാമ്പാറിന്റെ മണമടിച്ച അപ്പുവേട്ടന്‍ കായം കുറവാണെന്ന് പറഞ്ഞു തിരിഞ്ഞു കിടന്നു.
 
 

ഓമല്ലൂരുകാരി എങ്ങാനും ഓടിപ്പോയെങ്കില്‍ ബാക്ക് അപ്പ്‌ വേണമല്ലോ എന്ന നിഗമനത്തില്‍ കുശല നന്നായി മേക്കപ്പൊക്കെ ഇട്ടു ഒരുങ്ങി നിന്നെങ്കിലും പ്രതീക്ഷകള്‍ തട്ടിയെറിഞ്ഞു, സുഗന്ധിയുടെ കഴുത്തില്‍ ഓമനക്കുട്ടന്‍ തന്നെ താലികെട്ടി . കുശലക്ക് മനോവിഷമം ഉണ്ടാകേണ്ട എന്ന് കരുതി, ഫോട്ടോ ഷൂട്ടിലും മറ്റെല്ലാത്തിലും കുശലയെ ആദ്യാവസാനം ഓമനക്കുട്ടന്‍ പങ്കെടുപ്പിച്ചു . ഫോട്ടോഗ്രാഫര്‍ ഷൈന്‍ പ്രാവും കൂട് കുശലക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തതില്‍ മറ്റു മുറപ്പെണ്ണുങ്ങള്‍ മുഖം കോട്ടി എങ്കിലും, ഓമനക്കുട്ടന്‍ ചേട്ടനെ കെട്ടാനുള്ള  റന്ണിംഗ്    റേസില്‍ കുശല തോറ്റല്ലോ എന്നോര്‍ത്ത് അവര്‍ സമാധാനിച്ചു .
 
 

ആദ്യരാത്രി ഭയങ്കര ക്ഷീണമായതിനാല് കിടന്നോട്ടെ എന്ന്    സുഗന്ധി ചോദിച്ചപ്പോള്‍ ഓമനക്കുട്ടന്‍ അപകടം മണത്തു. ‍ ആഭരണം എല്ലാം ഊരി പെട്ടിക്കാത്തു വെക്കാം എന്ന് പറഞ്ഞപ്പോള്‍, സംശയം കൂടി.എന്നാല്‍ എല്ലാം കൂടി ഒരു പെട്ടിക്കകത്താക്കി വെച്ചപ്പോള്‍ അതിന്റെ താക്കോല്‍ വാങ്ങി വെക്കാനുള്ള ബുദ്ധി ഓമനക്കുട്ടന്‍ കാണിച്ചു. പെട്ടി പോയാലെന്ത്, താക്കോല്‍ ഉണ്ടല്ലോ ! പിന്നീട് ആലോചിച്ചപ്പോള്‍ അമ്മയുടെ മുറിയിലെ അലമാരിയില്‍ പെട്ടി വെക്കുന്നതാണ് നല്ലത് എന്ന് ഓമനക്കുട്ടന് തോന്നി. അവിടെ ആകുമ്പോള്‍, അമ്മയുടെ കൂടെ കല്യാണത്തിന് വന്ന രണ്ടു അമ്മായിമാരും കുശലയും ഉണ്ടല്ലോ എന്ന് ഓമനക്കുട്ടന്‍ ആശ്വസിച്ചു .
 
 

വിവാഹത്തിന് ശേഷം ഭര്‍ത്താക്കന്മാര്‍ സാധാരണ കാണുന്ന ഭീകര സ്വപ്‌നങ്ങള്‍ ആദ്യ രാത്രിയില്‍ തന്നെ കാണാനുള്ള ഭാഗ്യം ഓമനക്കുട്ടനുണ്ടായി. കാലത്തെ എഴുന്നേറ്റ ഓമനക്കുട്ടന്‍ അടുത്ത് കിടന്ന    സുഗന്ധിയെ കാണാതെ വന്നപ്പോള്‍ പെട്ടി പോയിട്ടുണ്ടാവില്ലല്ലോ എന്ന് ആശ്വസിച്ചു. എന്നാല്‍ അമ്മയുടെ മുറി ശൂന്യമായിരുന്നു .പെട്ടി വെച്ചിരുന്ന അലമാരിയും. അക്കാമ പുതുക്കാതെ നടക്കുമ്പോള്‍,പോലീസുകാരെ കാണുമ്പോള്‍ വയറില്‍ ഉല്‍ഭവിക്കാറുള്ള   ആ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി ഓമനക്കുട്ടന് ഉണ്ടായി.
 
 

വീട്ടില്‍ ആരെയും കാണാന്‍ സാധിക്കാത്തതിനാല്‍ ഓമനക്കുട്ടന്‍ വേഗം പങ്കു അമ്മാവന്റെ വീട്ടിലേക്കു നടന്നു .അവിടെ കിംഗ്‌ & കമ്മീഷണര്‍ തീയേറ്ററില്‍ പോയി കണ്ടതുപോലുള്ള മുഖഭാവവുമായി,കുറെ പേര്‍ നില്‍ക്കുന്നുണ്ടായിരുന്നു .പങ്കുവമ്മാവന്‍ തട്ടിപ്പോയി എന്ന് ഓമനക്കുട്ടന്    ഉറപ്പായി .പക്ഷെ അതിലേക്കായി പൊട്ടിക്കാന്‍ വെച്ചിരുന്ന രണ്ടു ലഡു ,ഭാര്യ ഒളിച്ചോടിയ സാഹചര്യത്തില്‍ ഓമനക്കുട്ടന്‍ ലോക്കറിലേക്ക് തിരിച്ചു വെച്ചു .
 
 

പക്ഷെ ഓമനക്കുട്ടന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി വീര്ത്തു കെട്ടിയ മുഖവുമായി      സുഗന്ധിയും അമ്മയും, അകത്തു നിന്ന് ഇറങ്ങി വന്നു. " നീ പോയില്ലേ " എന്ന അത്ഭുതത്തോടെ ഉള്ള ചോദ്യത്തിന് അമ്മയാണ് ഉത്തരം പറഞ്ഞത്.. "അവള്‍ എവിടെ പോകാന്‍ ? മറ്റവളല്ലേ പോയത്" എന്ന്.
 
 

 സുഗന്ധി  നീട്ടിയ കത്തില്‍ കുശല ഇങ്ങനെ എഴുതിയിരുന്നു.. കുട്ടേട്ടന്‍ മറ്റൊരാളുടെതാകുന്നത് എനിക്ക് സഹിക്കാനാവില്ല .ഫോടോഗ്രാഫര്‍ ‍ ഷൈന്‍ പ്രാവുംകൂട് എനിക്കൊരു ജീവിതം തരാം എന്ന് പറഞ്ഞു. പെട്ടിയില്‍ ഇരിക്കുന്ന നൂറ്റൊന്നു പവന്‍ ഞാന്‍ കൊണ്ടുപോകുന്നു .അമ്മാവന്റെ മകള്‍ക്ക് സ്ത്രീധനം കൊടുക്കാന്‍ മാത്രം വിശാല ഹൃദയം കുട്ടേട്ടന് ഇല്ല എന്നെനിക്കറിയാം. അതിനാല്‍ എനിക്ക് തരാനിരുന്ന സ്ത്രീധനത്തില്‍ നിന്നും നൂറ്റൊന്നു പവന്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ഞാന്‍ അച്ഛന് മറ്റൊരു കത്ത് എഴുതിയിട്ടുണ്ട് . ബോധം പോയി കിടക്കുന്ന അച്ഛന്‍ എഴുന്നേറ്റാല്‍ , കുട്ടേട്ടന്‍ അത് വാങ്ങണം.ഇല്ലെങ്കില്‍ കുട്ടേട്ടന്റെ വിധിയായി കരുതി എന്നെ അനുഗ്രഹിക്കണം എന്ന് ഒരിക്കല്‍ കുട്ടേട്ടനെ മാത്രം സ്വപ്നം കണ്ടിരുന്ന കുശല "
 
 

ബിഹെഡിംഗ് കമ്പനി മുതലാളി ഫാക്സ് സന്ദേശം സ്വീകരിച്ചില്ല എന്നും , പിറ്റേന്ന് തന്നെ വന്നില്ലെങ്കില്‍ പണിക്കു വേറെ ആളെ വെക്കുമെന്നും ഉള്ള വാര്‍ത്ത, റൂം മേറ്റ് സുഗുണന്‍ ഓമനക്കുട്ടനെ വിളിച്ചറിയിച്ചപ്പോള്‍, പാമ്പ് കടിച്ചവനെ പട്ടി കൂടി കടിച്ചു എന്ന മാതിരി ആയല്ലോ എന്ന് ഓമനക്കുട്ടന്‍ ഓര്‍ത്തു. ഗള്‍ഫുകാരന്റെ ജീവിതം ,കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ പോലാ എന്ന് പറഞ്ഞു കേട്ടിടുന്ടെങ്കിലും തേങ്ങയുടെ സ്ഥിതി കുറച്ചുകൂടി സേഫ് ആണ് എന്നും കൂടി ഓമനക്കുട്ടന്‍ ഓര്‍ത്തു.
 

അമ്മാവന്റെ ബോധം തിരിച്ചു കിട്ടുമോ ?ഓമനക്കുട്ടന് അമ്മാവന്‍ നൂറ്റൊന്നു പവന്‍ തിരിച്ചു കൊടുക്കുമോ ? കുശലയുടെ കത്തിലെ വാക്കുകള്‍ വെറും ഒരു സാധാരണ പെണ്ണായ    സുഗന്ധിക്ക് ഉള്‍ക്കൊള്ളാന്‍ ആകുമോ ? എന്നീ ചോദ്യങ്ങള്‍ ബാക്കി വെച്ച്, കല്യാണത്തിന്റെ രണ്ടാം നാള്‍ വൈകുന്നേരം ഓമനക്കുട്ടന്‍ ഗള്‍ഫിലേക്ക് ഫ്ലൈറ്റ് പിടിച്ചു..
 
 

ഓമനക്കുട്ടനെ വഹിച്ചുകൊണ്ടുള്ള ഇന്നോവ കാര്‍ എയര്പോര്ട്ടിലേക്ക് തിരിച്ചു എന്ന വാര്‍ത്ത എന്ന് ബോധ മണ്ഡലത്തിലേക്ക് എമെര്ജ് ചെയ്തപ്പോള്‍ പങ്കന്‍ പിള്ള എഴുന്നേറ്റിരുന്നു . സ്വര്‍ണ്ണത്തിനു റിക്കാര്‍ഡ് വില എന്ന വാര്‍ത്ത ചാനലില്‍ മൃതി പട്ടിക്കാട് വായിക്കുമ്പോള്‍,കഴിഞ്ഞ ദിവസത്തെക്കാള്‍ മൃതി സുന്ദരിയായിരിക്കുന്നല്ലോ എന്ന് അല്‍പ്പം കുറ്റബോധത്തോടെ പിള്ള ഓര്‍ത്തു .