Nov 24, 2010

തോമസ്‌ എന്ന കുഷാന്‍ടാംഗ്.


ഇരുപതു വര്‍ഷങ്ങള്‍ക്കു മേല്‍ ആയിട്ടും ഇന്നും കുഷാനെ മറക്കാന്‍ പറ്റുന്നില്ല...


എന്‍റെ കോളേജു ദിനങ്ങളില്‍ ആയിരുന്നു പേരൂര്‍ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്‌ പ്രവര്‍ത്തനം ആരംഭിച്ചത്.സമ പ്രായക്കാരായ ഒരു കൂട്ടം കുട്ടികളുടെ ഒരു ചെറിയ സംരംഭം.അതില്‍ രക്ഷാധികാരികള്‍ ആയ ഒരു പിടി മുതിര്‍ന്നവരും. ഒരു ഷട്ടില്‍ ക്ലബ്‌ ആയി ആയിരുന്നു തുടക്കം.പിന്നെ നാടന്‍ പന്ത് കളിയും തുന്ടങ്ങി.കോട്ടയം ജില്ലയിലെ ടീമുകള്‍ക്കായി നാടന്‍ പന്തുകളി ടൂര്‍ണമെന്ടു നടത്തി.ഞാലിയാകുഴിക്കാരും,പുതുപ്പള്ളിക്കാരും, കുറിച്ചി,പാമ്പാടി എന്നിവിടുന്നുള്ള ടീമുകളും ഒക്കെ വന്നു കളിച്ചു.ഒരു മുറി ഉണ്ടായി.ക്ലബ്‌ വളര്‍ന്നു.അവധി ദിവസങ്ങളും വൈകുന്നേരങ്ങളും ചിലവഴിക്കാന്‍ ഒരിടം.പിന്നെ വീട്ടില്‍ നിന്നും വഴക്ക് കേള്‍പ്പിക്കാനും !

അങ്ങനെ ഇരിക്കെ ഒരു ദിവസം ആയിരുന്നു തോമസ്‌ ക്ലബ്ബിലേക്ക് കയറി വന്നത്.ഞങ്ങളെക്കാള്‍ ഒക്കെ ചെറുപ്പമായിരുന്നു തോമസ്‌.യഥാര്‍ഥ പേര് കുഷാന്‍ടാംഗ്.ഒരു നേപ്പാളി പയ്യന്‍.നാട്ടിലെ ഒരു വലിയ പണക്കാരന്റെ വീട്ടില്‍ ആയിരുന്നു കുഷാന്‍ ജോലിക്ക് നിന്നിരുന്നത്.നേപ്പാളില്‍ കോണ്ട്രാക്റ്റ് വര്‍ക്കുകള്‍ നടത്തിയിരുന്ന അവര്‍ അവിടെ നിന്നും കണ്ടെത്തിയതായിരുന്നു കുഷാനെ.കുഷാനെ അവര്‍ തോമസ്‌ എന്ന് വിളിച്ചു.വീട്ടു ജോലിക്കും, കടയില്‍ പോയിവരാനും ഒക്കെയായിരുന്നു അവന്‍.ക്ലബ്ബില്‍ കാരംസ് കളിക്കുകയായിരുന്നു ഞങ്ങള്‍.മെമ്പര്‍ അല്ലാത്ത ഒരു പുതുമുഖത്തിന് കൊടുക്കണ്ടിയിരുന്ന ഒരു പരിഗണന തന്നെ ആയിരുന്നു ഞങ്ങള്‍ തോമസിന് കൊടുത്തിരുന്നത്..അതിനു ഞങ്ങളുടെ ന്യായം പേരൂര് തന്നെ ഉണ്ടായിരുന്ന മറ്റൊരു ക്ലബ്ബില്‍ ചീട്ടു കളിയ്ക്കാന്‍ കൂടിയിരുന്ന ചേട്ടന്മാര്‍ ആയിരുന്നു. അങ്ങനെ പറഞ്ഞായിരുന്നല്ലോ അവര്‍ ഞങ്ങളെ മാറ്റി നിര്‍ത്തിയിരുന്നത്.


തോമസ് പക്ഷെ മടുത്തു പിന്മാറിയില്ല.എന്നും വരും.കളി കാണും.മുറി മലയാളത്തില്‍ ഞങ്ങളെ പ്രോത്സാഹിപ്പിക്കും...അഞ്ചാം ക്ലാസില്‍ കുഞ്ഞൂഞ്ഞമ്മ ടീച്ചര്‍ പഠിപ്പിച്ച "തുമാര നാം ക്യാ ഹേ" പോലുള്ള ഹിന്ദി ഞങ്ങള്‍ എടുത്തു അലക്കി.പകരം തോമസ്‌ ഞങ്ങളോട് "നിന്റെ പെറു തൂമസ്" എന്ന് പറയുമായിരുന്നു.


പിന്നെ എപ്പോഴോ തോമസ്‌ ഞങ്ങളില്‍ ഒരുവന്‍ ആയി.ഒരു നല്ല കളിക്കാരന്‍ ആയിരുന്നു തോമസ്‌.സ്ട്രയ്ക്കാര്‍ കിട്ടിക്കഴിഞ്ഞാല്‍ നാലോ അഞ്ചോ കോയിന്‍ ഒന്നിച്ചിടും...മിക്കവാറും ഞങ്ങള്‍ തോമസിനോടോ തോമസിന്റെ ടീമിനോടോ തോല്‍ക്കും..കൃത്യമായി എല്ലാ ദിവസവും വൈകുന്നേരം തോമസ്‌ എത്തുമായിരുന്നു.ഒരു മണിക്കൂര്‍ മാത്രമേ തോമസ്‌ കളിക്കുമായിരുന്നുള്ളൂ. ടീ ഷര്‍ട്ടും ഇറക്കം കുറഞ്ഞ പാന്റും ധരിച്ചു ഒരു പഴയ സൈക്കിള്‍ ചവിട്ടി പാഞ്ഞു നടക്കുന്ന തോമസ്‌ ആദ്യമാദ്യം ഞങ്ങളുടെ നാട്ടില്‍ ഒരു കാഴ്ച ആയിരുന്നു.


ഒരു കര്‍ക്കടകമാസം.എല്ലായിടത്തും വെള്ളം പൊങ്ങി.ആറ്റില്‍ ഊത്ത പിടുത്തം നടത്തുകയായിരുന്നുഞങ്ങള്‍.അപ്പോഴാണ് ആ വാര്‍ത്ത‍എത്തിയത് .മോഴാട്ടുവാല എന്ന്
അറിയപ്പെട്ടിരുന്ന പാട ശേഖരത്തില്‍ കൊച്ചുവള്ളതില്‍ കളിയ്ക്കാന്‍ പോയ കുഷാനെ കാണാതായി എന്ന്.മീന്‍പിടിത്തം നിര്‍ത്തി ഞങ്ങള്‍ വാടകക്കെടുത്ത സൈക്കളില്‍ മോഴാട്ടുവാലയിലേക്ക് പോയി.ഇടതോരാത്ത മഴ.മോഴട്ടുവാഴയിലേക്ക് പോകുന്ന ടാറിടാത്ത വഴിയില്‍ ഒരുപാട് സൈക്കള്‍ ടയര്‍ പാടുകളും ജീപ്പ് ടയര്‍ പാടുകളും ഞങ്ങള്‍ കണ്ടു..കുടയും പിടിച്ചു നടന്നും ഓടിയും പോകുന്ന നാട്ടുകാര്‍ . ഒരു ഗ്രാമം മുഴുവന്‍ മോഴട്ടുവാലയിലേക്ക്പോകുകയായിരുന്നു..പാടത്തില്‍
വെള്ളം കയറി കിടക്കുന്ന പ്രദേശത്ത് ഒരുപാട് വള്ളങ്ങളും മുങ്ങി തപ്പുന്ന നാട്ടുകാരും...


ഇരുട്ടിയതിനാല്‍ അന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു നാട്ടുകാര്‍ മടങ്ങി.പിറ്റേന്ന് കാലത്തേ ഞങ്ങള്‍ അറിഞ്ഞു.കുഷാനെകിട്ടി എന്ന്..വീണ്ടും ഒരു ഗ്രാമം മുഴുവന്‍ മോഴാട്ടുവാലയിലേക്ക്.പാടത്തിന്റെ കരയില്‍ വിറങ്ങലിച്ച നിലയില്‍ കിടത്തിയിരുന്ന കുഷാനെ ഒന്നേ നോക്കാന്‍ പറ്റിയുള്ളൂ.വെളുത്ത ടീ ഷര്‍ട്ടും ഇറക്കം കുറഞ്ഞ പാന്റും തന്നെ ആയിരുന്നു അന്നും കുശാന്റെ വേഷം .

ഇപ്പോഴും മോഴാട്ടുവാല വഴി അപൂര്‍വമായി എങ്കിലും പോകേണ്ടി വരുമ്പോള്‍ കുഷാന്‍ മനസ്സില്‍ വരാറുണ്ട്..വഴിയില്‍ വെച്ച് കാണുമ്പോള്‍ ബ്രേക്കില്ലാത്ത സൈക്കള്‍ കാലുകൊണ്ട്‌ നിര്‍ത്തി കുഷാന്‍ ചോദിച്ചിരുന്ന ആ ചോദ്യവും..

സുഗമാണോ..സുഗമാണ്..

Nov 21, 2010

ഷെയറിംഗ് അക്കൊമോടെഷന്‍ എന്ന വളളികെട്ട്!

"വെക്കേഷന്‍ കഴിഞു ജോയിന്‍ ചെയ്തപ്പോള്‍ ടെര്‍മിനേഷന്‍ കിട്ടി എന്ന പോലെയായിപോയല്ലോ ശോശാമ്മേ".എന്റെ എല്‍ദോച്ചായാ ഇന്ന് ഇത് കാലത്തേ മുതല്‍എത്രാമത്തെ തവണയാ പറയുന്നേ...ഒരു ഷെയറിംഗ്കാരന്‍ പോയാല്‍ പത്തെണ്ണം വരുമെന്നെ..നമ്മള്‍ എത്ര കാലമായി ഇത് തുടങ്ങിയിട്ട്.. ഇടക്കൊക്കെ ഒന്നോ രണ്ടോ മാസം ആരും കാണാതിരിക്കും...പിന്നെ ആരേലും വരുമെന്നെ..എന്നാലും ആ ദ്രോഹി കൊച്ചു തോമാ ഈ സമയത്ത് ഇങ്ങനെ കാണിച്ചല്ലോ..ഇരുപതാം തീയതി ആണോ താമസം മാറ്റുവാ എന്ന് പറയുന്നേ..എല്‍ദോക്ക് ദേഷ്യം മാറിയില്ല..എന്നാലും എങ്ങനെ ദേഷ്യം വരാതെ ഇരിക്കും....നല്ല വാടക ആരുന്നു കൊച്ചന്‍ തന്നോണ്ടിരുന്നെ..ഏതോ ഐ ടി കമ്പനിയില്‍ ആണ് പണി..വ്യാഴാഴ്ച എന്ന ദിവസമുന്ടെല്‍ പുള്ളി എവിടേലും മുങ്ങും. പിന്നെ സണ്‍‌ഡേ കേരിവരുവോള്ളരുന്നു...ഒരു ശല്യവും ഇല്ലാത്ത കൊച്ചന്‍..കൊച്ചു തോമെടെ വാടക നോക്കി ചേര്‍ന്ന ചിട്ടി ഇനി ഗോപി.വള്ളിക്കെട്ടായല്ലോ എന്റെ പുണ്യാളാ.



ഇതൊന്നുമല്ല , ശോശാമ്മേടെ ഉറ്റ സുഹൃത്തും ( ബദ്ധ ശത്രുവും കൂടി ആണ് കേട്ടോ ) കൂടിയായ ഷീലയുടെ ചേട്ടന്റെ മോളെ കല്യാണം കഴിച്ചു അങ്ങോട്ട്‌ മാറുവേം കൂടിയാണല്ലോ എന്നോര്‍ക്കുംബോഴാ കൂടുതല്‍ വിഷമം.മൂത്തമോള് മോളിക്കുട്ടീടെ പ്ലസ്‌ ടു കഴിയട്ടെ എന്നിട്ട് കല്യാണം ആലോചിക്കാം എന്ന് വിചാരിച്ചിരിക്കുമ്പോള്‍ അല്ലെ ഷീല കേറി വീണത്..മോളികുട്ടീനെ ഒന്നാലോചിചാലോ എന്ന് ഈ പൊട്ടി ശോശാമ്മ ഷീലയോട് പറഞ്ഞതെ ഉള്ളു..ചേട്ടന്റെ മോള് സിന്ധു പ്ലെയിന്‍ പിടിച്ചു ഇങ്ങു എത്തി..അല്ലേലും തെക്കോട്ടുള്ളവര് ഇതിലൊക്കെ മിടുക്കരാ..ഇനി ഷീലേം അവിരയും കൂടി ചെറുക്കനേം പെണ്ണിനേം കൂടി അവിടെ താമസിപ്പിക്കും.വാടക അവിര വാങ്ങിക്കാതെ ഇരിക്കുമോ..അവിര ആരാ മോന്‍..കുറെ കാലമായിട്ടു അവിരക്ക് കുശുംബാരുന്നു..ഇന്നാളു ഇവിടുത്തെ എല്‍ സി ഡി ടിവി കണ്ടിട്ട് പറഞ്ഞു ഇതേല്‍ പടം കാണാന്‍ ഒരു രസോം ഇല്ല..ആള്‍ക്കാരുടെ ചെള്ള ഒക്കെ വീര്‍ത്തിരിക്കുന്ന പോലെ തോന്നുന്നു എന്ന്.. ഞാന്‍ വിടുമോ..അത് കുഞ്ഞു ടിവി കണ്ടിട്ട് വലുത് കണ്ടിട്ടാ എന്ന് ഒരു താങ്ങ് താങ്ങി..അടുത്ത ആഴ്ച അവിടെ ദേ എല്‍ സി ഡി..ചെള്ളക്കൊന്നും ഒരു കുഴപ്പോം ഇല്ല ..കുറെ നാളായി സ്മാര്‍ട്ട്‌ സിറ്റി വരുന്നതിനടുത്തു ഉള്ള അഞ്ചു സെന്റ്‌ സ്ഥലത്തിന്റെ കാര്യം പറഞ്ഞു ഭയങ്കര പൊങ്ങച്ചം ആരുന്നു..സ്മാര്‍ട്ട്‌ സിറ്റി വരുന്നില്ല എന്ന് ന്യൂസ്‌ ഉണ്ടാരുന്നു എന്ന് .പറഞ്ഞപോ...ഡിം..


പെണ്ണുങ്ങള് ഒരേ ബാങ്കില്‍ ജോലിയാനെകിലും പരസപരം കാണാന്‍മേല ..മിനിസ്ട്രീല്‍ നെഴ്സുംമാര്‍ക്ക് ശമ്പളം കൂട്ടി എന്ന് കേട്ടപോ മാത്രം രണ്ടു പേരും കൂടി ഒന്നായി..അവരുടെ കുറ്റം പറയാന്‍ തുടങ്ങി .അവിടെ വള വാങ്ങിച്ചാല്‍ ഇവിടെ മാല വാങ്ങിക്കണം..ഇവിടെ ഡയമണ്ട് വാങ്ങിച്ചാ അവിടെ പ്ലാടിനം വാങ്ങിക്കണം.അവിടെ ഫ്ലാറ്റ് ബുക്ക്‌ ചെയ്താല്‍ ഇവിടെ വില്ല ബുക്ക്‌ ചെയ്യണം .ഹോ ഈ മത്സരം മടുത്തു എന്റെ ഗീവര്‍ഗീസ് പുണ്യാളാ..മനുഷ്യന്‍ രണ്ടു അറ്റോം കൂട്ടി മുട്ടിക്കുന്നത്‌ എങ്ങിനെ ആണെന്ന് ഇവറ്റക്ക് അറിയണോ..ബാങ്കിലാ പണി എന്നല്ലാതെ ഇന്നത്തെ എക്സേന്ജ് റേറ്റ് ചോദിച്ചാ അറിയത്തില്ല .അതെങ്ങനാ..പ്രീ ഡിഗ്രീം കഴിഞ്ഞു മൂവാറ്റുപുഴകച്ചേരിതാഴതുന്നു നേരെ കുവൈറ്റിലെക്കല്ലേ വന്നത്. അവിര ആണേല്‍ ശമ്പളം എടുക്കുന്ന വഴി എക്സേന്‍ജില്‍ ഇറങ്ങി കാശു നാട്ടിലേക്കു തള്ളും..പിന്നെ ഉന്തീം തള്ളീം മാസം തീര്‍ക്കും..ഇവിടെയോ..എല്ലാ ആഴ്ചയും ബെസ്റ്റ് മാര്‍ട്ട്,ഗ്രാന്‍ഡ്‌സെന്റര്‍,മിലു എന്നൊക്കെ പറഞ്ഞു ഇറക്കമല്ലേ..ഓഫര്‍ ഉണ്ടെന്നും പറഞ്ഞു വേണ്ടാത്ത സാധനങ്ങള്‍ എല്ലാം വാങ്ങും.


ഇനി വീണ്ടും ഒന്നേന്നു ഇന്ത്യന്‍സ് ഇന്‍ കുവൈറ്റ്‌ വെബ്‌ സൈറ്റില്‍ ഒന്ന് തപ്പണം.വല്ലോര്‍ക്കും ഷെയറിംഗ് വേണോന്നു.അവിടാണല്ലോ ഓഫീസില്‍ പണിയില്ലാത്ത മലയാളികള് കിടന്നു നിരങ്ങുന്നെ.അതെങ്ങനാ ഓരോരുത്തന്‍ വിളിച്ചു ചോദിക്കും,ഇന്റര്‍നെറ്റ്‌ ഉണ്ടോ,കേബിള്‍ ടിവി ഉണ്ടോ,ഫോണ്‍ ഉണ്ടോ..പിന്നെ അവന്റെ അമ്മേടെ....അമ്മേടെ ഫോട്ടോ വെക്കാന്‍ സ്ഥലം ഉണ്ടോ എന്നൊക്കെ എന്നൊക്കെ..പിന്നെ കുറെ എണ്ണം എക്സിക്യുടിവ് ബാച്ചിലര്‍ അകോമോടെഷന്‍ എന്നും പറഞ്ഞു...കൈയില്‍ കാല്‍ കാശു കാനുകേലെങ്കിലും ജാടക്ക് കുറവൊന്നും ഇല്ല.കഴിഞ്ഞ തവണ അവധിക്കു ഇവിടെ വന്നപോ ചാച്ചനും അമ്മയും ചോദിച്ചതാ..നിങ്ങക്ക് ഇതിന്റെ കാര്യം വല്ലതും ഉണ്ടോ...രണ്ടാല്കും നല്ല ശമ്പളം അല്ലെ...എന്നൊക്കെ...ചാച്ചനു വല്ലോം അറിയാമോ..പെണ്‍ പിള്ളാര് മൂന്നാ ഞാന്‍ മുന്നില്‍ ,ഞാന്‍ മുന്നില്‍ എന്നും പറഞ്ഞു വളരുന്നത്‌..കോതമംഗലത്തുന്നു മുപ്പതു വര്‍ഷം മുന്‍പ് കേരിവരുമ്പോള്‍ വല്ലോം ഉണ്ടാരുന്നോ..ഇവിടെ വന്നു കുബ്ബൂസ് തിന്നും ഷയറിംഗ് താമസിച്ചും ഒക്കെ ഉണ്ടാക്കിയതാ ഈ കാണുന്നതൊക്കെയും എന്ന് ചാച്ചന്‍ എങ്ങനെ അറിയാന്‍ ..




വൈകുന്നേരം കുബ്ബൂസും വാങ്ങി കേറി വരുമ്പോള്‍ ലിഫ്ടിനടുത്തു കൊച്ചു തോമായും സിന്ധുവും..കൊച്ചന്‍ ഒന്ന് പരുങ്ങി..പെണ്ണിന് ഒരു കുലുക്കോം ഇല്ല..കുറെ കഴിഞ്ഞു കേറി വന്നപോ ചോദിച്ചു..എന്നത്തെക്കാടാ കല്യാണം.? ഇന്നേവരെ കൊച്ചു തോമ എന്ന് തികച്ചു വിളിക്കാത്ത അച്ചായന്‍ എടാ എന്ന് വിളിച്ചല്ലോ എന്ന് കൊച്ചനു തോന്നിക്കാണും..കല്ലി വല്ലി.ഇനി ഇവനോടൊക്കെ ഒരു ദാക്ഷിണ്യവും വേണ്ട...അത് പിന്നെ അച്ചായാ..സിപ്പുവിന്റെ വീട്ടുകാരെ കാണാന്‍ എന്റെ അപ്പന്‍ പോകനിരിക്കുവ...സിപ്പുവോ? സിന്ധു പോള്‍ എന്നല്ലിയോ അവളുടെ പേര്..അതാ..(ഹോ അവളുടെ ആങ്ങള ചെറുക്കന്റെ പേര് കോരന്‍ പോള്‍ എന്നാകഞ്ഞത് ഭാഗ്യമായി)അപോ തീരുമാനം ഒന്നും ആയില്ലേ..? ഇല്ല അച്ചായാ..ഞാന്‍ നാട്ടി പോകുവാ..ഈ മാസം അവസാനം...അവളും വരുന്നുണ്ട്..എന്നെ അവര്‍ക്കൊന്നു കാണനോന്നു .എന്നിട്ട് പയ്യെ..


"എടിയേ, ഈ സിന്ധു അല്ലെ ഇവിടെ നേരത്തെ ഉണ്ടാരുന്ന വരുഗീസിന്റെ മോള്‍? എരനാകുളത് പഠിക്കുമ്പോള്‍ ഏതാണ്ട് ചുറ്റിക്കളി ഒക്കെ ഉണ്ടെന്നും പറഞ്ഞു വരുഗീസിന്റെ ഭാര്യ എമെര്‍ജെന്‍സി ലീവ് ഒക്കെ എടുത്തു പോകുകേം ഒക്കെ ചെയ്ത".അച്ചായന് എന്തിന്റെ കേടാ .ശോശാമ്മ കേറി ഇടപെട്ടു..ഓ അതൊക്കെ എന്തിനാ പറയുന്നേ..കൊച്ചു തോമ ഉടനെ അകത്തു കേറി പോയി..എന്നാ പിന്നെ ഉറങ്ങിയെക്കാം ..


രാവിലെ ഒരു ഫോണ്‍..എല്‍ദോ സാറാണോ..ഞാന്‍ വറുഗീസാ..സിന്ധൂന്റെ അപ്പന്‍..അവിടെ താമസിക്കുന്ന തോമസ് എങ്ങനാ ആളു എന്നൊക്കെ ചോദിച്ചോണ്ട് ....നമ്മുക്ക് പിന്നെ ഉള്ള കാര്യം അല്ലെ പറയാന്‍ പറ്റു.അതുകൊണ്ട് ഞാന്‍ ഒരു കാര്യമേ ചോദിച്ചുള്ളൂ..ഒന്നൂടെ ഒക്കെ ഒന്ന് ചെറുക്കനെ പറ്റി നന്നായി അന്വേഷിച്ചിട്ട് പോരെ എന്ന് മാത്രം ...നമുക്കും ഇല്ലേ മൂന്നു പെണ്‍ പിള്ളേര്‍..നാളെ അവര്‍ക്ക് ഇങ്ങനെ ഒരു ആവശ്യം വന്നാല്‍ നമ്മളും അന്വേഷിക്കണ്ടതല്ലേ....കല്യാണം കലങ്ങിയാല്‍ കൊച്ചു തോമ കുറച്ചു നാള്‍ കൂടി ഇവിടെ തന്നെ താമസിചെക്കുമായിരിക്കും...പക്ഷെ നമ്മള്‍ ഒരു പെണ്ണിന്റെ ജീവിതം കൊണ്ട് കളിയ്ക്കാന്‍ പാടുണ്ടോ..ഹോ ഈ ഷെയറിംഗ് എന്ന ഒരു വളളി കെട്ട്!

Nov 17, 2010

അമ്പതു ലക്ഷോം കാറും...








ഉച്ച ഊണിനു ശേഷം ഞങ്ങള്‍ ഇരുപത്തെട്ടു കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സോണി മുറിയിലേക്ക് പാഞ്ഞു കയറി വന്നത്.
ഒറ്റ ശ്വാസത്തില്‍ അവന്‍ പറഞ്ഞു..എടാ..എന്റെ കസ്റ്റമര്‍ ചുമ്മാര്‍ സാറിനു ലോട്ടറി അടിച്ചു..അമ്പതു ലക്ഷോം കാറും...ഇപ്പൊ അങ്ങേരു വിളിച്ചു പറഞ്ഞതാ....അതിനു നിനക്കെന്നാ..നിന്റെ ആവേശം കണ്ടാല്‍ നിനക്ക് ലോട്ടറി അടിച്ചപോലെ ഉണ്ടല്ലോ...ഒന്ന് പോടാപ്പ..ആല്‍ബര്‍ട്ട് കുണുക്ക് ഒന്ന് കൂടി നേരെ വെച്ചിട്ട് പറഞ്ഞു.സോണി പറഞ്ഞു..എടാ കോപ്പേ നിന്നോടൊക്കെ കൂടെ പറയാന്‍ സാര്‍ പറഞ്ഞിട്ടാ.വൈകുന്നേരം ഹില്‍ വ്യൂ ബാറില്‍ പാര്‍ട്ടി..ലോട്ടറി കിട്ടിയതിന്റെ ചെലവ്....അതുകേട്ടപ്പോള്‍ എല്ലാരും ചാര്‍ജായി...അതിനു സാര്‍ വീശുമോ..ഞാന്‍ എന്റെ സംശയം മറച്ചു വെച്ചില്ല.. കുരിയാകോസ് പറഞ്ഞു...സാര്‍ വീശുകോ വീശാതിരിക്കയോ ചെയ്യട്ടെ..ഇന്നത്തെ കാര്യം ലെവലായി..ഓരോരുത്തരുടെ സമയം..ഞങളുടെ കൂട്ടത്തില്‍ സ്ഥിരം ലോട്ടറി എടുക്കുന്ന സ്വാമി എന്ന് ഞങ്ങള്‍ വിളിക്കുന്ന സുബ്രമണിയന്‍ ഒരു ദീര്‍ഖനിശ്വാസത്തോടെ പറഞ്ഞു .


തൊണ്ണൂറുകളുടെ ആദ്യം...ഒരേ കമ്പനിയില്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ പണിയെടുക്കുന്നവര്‍ ആയിരുന്നു ഞങ്ങള്‍ ...ഡയരക്റ്റ് സെയില്‍ നടത്തുന്ന ഒരു കമ്പനി ആയിരുന്നു ഞങ്ങളുടേത്...ഒരേ ലോഡ്ജില്‍ പല മുറികളില്‍ ആയി താമസിച്ചിരുന്ന ഏഴോ എട്ടോ പേര്‍ . ചെറുപ്പത്തിന്റെ എല്ലാ കുന്നായ്മകളും ഏറിയും കുറഞ്ഞും ഉണ്ടായിരുന്നവര്‍..പിന്നെ ഒരു വലിയ സുഹൃത്ത് വലയവും.മറ്റു ‍ മുറികളില്‍ താമസിച്ചു മെഡിക്കല്‍ റെപ് ആയി ജോലിചെയ്യുന്നവരും കൂടി ചേര്‍ന്ന് ഞങ്ങളുടെ സായാഹ്ങ്ങള്‍ക്ക് നിറപ്പകിട്ടേകി..ലോഡ്ജു മാനേജര്‍ അമ്മാവന്‍..ഞങ്ങളുടെ "എല്ലാ"പരിപാടികളിലും പങ്കെടുത്തിരുന്ന ഒരു സാധു..



ചുമ്മാര്‍ സാറിനെ പറ്റി സോണി ഒരുപാട് പറഞ്ഞിട്ടുണ്ട്...സോണിയുടെ കൈയില്‍ നിന്നും മെഷീന്‍ വാങ്ങിയ ഒരു അദ്ധ്യാപകന്‍...സോണിയെ സാറിനു വലിയ കാര്യമായിരുന്നു...സ്കൂളിലെ ഒരുമാതിരി എല്ലാ അധ്യാപകരും തന്നെ സോണിയുടെ കസ്ടമര്‍ ആയതും സാറിന്റെ കെയറോഫില്‍ തന്നെ..നല്ല മനുഷ്യന്‍..സാറിനു രണ്ടു പെണ്‍ മക്കള്‍ ആയിരുന്നു...സോണിയെ കൊണ്ട് കെട്ടിക്കാന്‍ അങ്ങേര്‍ക്കു പ്ലാന്‍ കാണും അതാണ് ഇവനെ ഇങ്ങനെ കൊണ്ട് നടക്കുന്നത് എന്ന് ഞങ്ങള്‍ രഹസ്യമായി പറഞ്ഞു ചിരിച്ചു..പിന്നെ കൂട്ടത്തില്‍ സുന്ദരനും സോണി ആയിരുന്നല്ലോ...എടാ സോണീ..നിന്നെ അങ്ങേര്‍ക്കു വലിയ കാര്യമല്ലേ..ഇനി ഒന്നോ രണ്ടോ ലക്ഷം നിനക്കും തരുമോ..ടീം ലീഡര്‍ സുമേഷ് പറഞ്ഞു..ഇനീപ്പം സാറിന്റെ ഏതെങ്കിലും ഒരു മകള്‍ക്ക് ജീവിതം കൊടുക്കമാല്ലോട എന്ന് അല്പം കുശുമ്പോടെ ആല്‍ബെര്‍ട്ട് പറഞ്ഞു..



ആറുമണി അയപോഴേക്കും ഒരു ടാക്സി കാര്‍ നിറച്ചു ആള്‍ക്കാരുമായി ചുമ്മാര്‍ സാര്‍ എത്തി...സാറിനെ പുകഴ്ത്താന്‍ അവര്‍ തമ്മില്‍ മത്സരം തന്നെ ആയിരുന്നു..ബന്ധുക്കളും കൂട്ടുകാരും..ഞങ്ങള്‍ ബൈക്കില്‍ കാറിന്റെ പിന്നാലെ ഹില്‍ വ്യൂ ബാറിലേക്ക്...ഇഷ്ടമുള്ളത് പറഞ്ഞോട മക്കളെ..ഇവന്‍ ഈ സോണി ഉണ്ടല്ലോ...എന്റെ മകനെപ്പോലാ..എന്ന് ചുമ്മാര്‍ സാര്‍ പറഞ്ഞു..പിന്നെ തീനും കുടിയുമായി മണിക്കൂറുകള്‍..പിരിയുമ്പോള്‍ സാര്‍ ചോദിച്ചു നാളെ വൈകിട്ട് എന്താ പരിപാടി ? എന്ത് പരിപാടി..സാറ് പറയുന്നത് തന്നെ പരിപാടി ..സുമേഷ് പറഞ്ഞു..എന്നാ പിന്നെ ഗുഡ് നൈറ്റ്‌..നാളെ വൈകിട്ട് 9 മണിക്ക് നേരെ ഇങ്ങോട്ട് പോരെ.. ടൂറിസ്റ്റ് ടാക്സി പാഞ്ഞു പോയി..പിറ്റേന്നും അതിന്റെ പിറ്റേന്നും തനിയാവര്‍ത്തനം ..എനിക്ക് മടുപ്പായി..ഒരാളെ ഇങ്ങനെ കൊല്ലുന്നത്ശരിയല്ല.ഞാന്‍പറഞ്ഞു...എടാ...ചെലവു ചെയ്യുന്നവന് കുഴപ്പമില്ല...പിന്നെന്താ..സ്വാമി പറഞ്ഞു..സാറിനു ഇവിടുന്ന ഇത്രേം കാശു ഇപ്പൊ..? പൈസ കിട്ടാന്‍ സമയം എടുക്കില്ലേ...ഞാന്‍ സംശയം ഉന്നയിച്ചു..സാറ് അമ്പതിനായിരം രൂപ പലിശക്ക് എടുത്തു...സോണി തന്നെയാണ് അതും ഏര്‍പാടാക്കി കൊടുത്തത്..





ഇടയ്ക്ക് സാര്‍ വരും...ടൂറിസ്റ്റ് ടാക്സിയില്‍ ആളുകള്‍ മാറി മാറി വന്നു.പുകഴ്ത്താന്‍ മത്സരിച്ചവരുടെ ഉന്നം പണം തന്നെ ആയിരുന്നു....സാര്‍ ആരെയും വെറുപ്പിച്ചില്ല..പലര്‍ക്കും വാഗ്ദാനങ്ങള്‍ നമ്മുടെ മുന്‍പില്‍ വെച്ച് തന്നെ കൊടുത്തു...അതിനു ന്യായങ്ങളും നിരത്തി..ദൈവമായിട്ടു തന്നതല്ലെടാ പിള്ളേരെ ഈ ഭാഗ്യം..അതിന്റെ ഒരു ഓഹരി ഇല്ലാത്തവര്‍ക്കുംകൊടുക്കേണ്ടേ..പാര്‍ട്ടികള്‍ തുടര്‍ന്നുകൊണ്ടേ ഇരുന്നു .‍ വല്ലപ്പോഴും മാത്രം മദ്യപിച്ചിരുന്ന ചുമ്മാര്‍ സാറിന്റെ സ്ഥിരം സങ്കേതം ആയി ഹില്‍ വ്യൂ ബാര്‍ മാറി..



അപ്പോഴേക്കും മാസാവസാനം എത്തി...സെയില്‍സ് ടാര്‍ജെടിനു വേണ്ടി ഉള്ള ഓട്ടത്തില്‍ ഞങ്ങള്‍ ചുമ്മാര്‍ സാറിനെ മറന്നു...പിന്നെ ഹെഡ് ഓഫീസിലെ മീറ്റിങ്ങും മാനേജരുടെ "ആചാര വെടിയും " കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ അമ്മാവന്‍ പറഞ്ഞു...ചുമ്മാര്‍ സാറിന്റെ മകള്‍ രണ്ടു പ്രാവശ്യം സോണിയെ വിളിച്ചിരുന്നു എന്ന്.. ആല്‍ബര്‍ട്ട് പറഞ്ഞു..എടാ..സോണി രക്ഷപെട്ടു...ഇത് അത് തന്നെ....പെണ്ണിന് പ്രേമം..സോണി ഉടനെ തിരിച്ചു വിളിച്ചു..പിന്നീട് ഞങ്ങളോട് ഒന്നും പറയാതെ ബൈക്ക് എടുത്തു പോയി.



പരിക്ഷീണനായി ആയിരുന്നു സോണി തിരിയെ വന്നത്...എന്താടാ..നിന്റെ കല്യാണം തീരുമാനിച്ചോ?ആല്‍ബര്‍ട്ടിന്റെഅസൂയനിറഞ്ഞചോദ്യം..സോണി പറഞ്ഞു ..പിന്നെ ..കല്യാണം..നിനക്കൊക്കെ ഈ ഒരു വിചാരം മാത്രമല്ലെ ഉള്ളു...ചുമ്മാര്‍ സാര്‍ വീട്ടില്‍ ചെന്നിട്ടു നാലു ദിവസം ആയി.അവര്‍ പേടിച്ചിട്ടു വിളിച്ചതാ ...നമ്മളും ആയി കോണ്ടാക്റ്റ് ഉള്ളകാര്യം അവര്‍ക്കും അറിയാലോ...എന്ത് പറ്റിയെടാ ?ഞാന്‍ ചോദിച്ചു...വല്ലവരും പൈസക്ക് വേണ്ടി വല്ലതും ? അതൊന്നുമല്ല...ചുമ്മാര്‍ സാറിനു അടിച്ച ലോട്ടറി...സോണി ഒന്ന് നിര്‍ത്തി.. ഞാന്‍ ‍ ചോദിച്ചു...ലോട്ടറിക്ക് എന്ത് പറ്റി ? കാണാതെ പോയോ ?അതോ വല്ലവരും അടിച്ചു മാറ്റിയോ ?

അല്ലെടാ ...ആ ടിക്കറ്റ്‌ ...വ്യാജ ലോട്ടറി ആയിരുന്നു...അത് അറിഞ്ഞ ദിവസം ചുമ്മാര്‍ സാര്‍ മുങ്ങിയതാ...


ചുമ്മാര്‍ സാറിനെ പിന്നെ ഞങ്ങള്‍ കണ്ടിട്ടില്ല.

Nov 8, 2010

മരിക്കാത്ത ഓര്‍മ്മകള്‍.(നടന്‍ ജയനെ പറ്റി ഒരു ഓര്‍മ്മക്കുറിപ്പ്‌ ) .

വീണ്ടും ഒരു നവംബര്‍ പതിനാറു കൂടി.അനശ്വരനായ നടന്‍ ജയന്റെ മുപ്പതാം ചരമ വാര്‍ഷികം.. ഒരു താരത്തിന്റെ മരണത്തിനു ശേഷം മുപ്പതു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആ ഓര്‍മ്മകള്‍ ആരാധകരുടെ ഉള്ളില്‍ നിലനില്‍കുന്നു എന്നത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ താരം എന്ന പദവിക്ക് എന്ത് കൊണ്ടും അര്‍ഹന്‍ ആയിരുന്നു ജയന്‍.


എന്റെ തലമുരയിലുള്ളവര്‍ക്ക് കരുത്തിന്റെ പര്യായം ജയന്‍ ആയിരുന്നു . പുതിയ തലമുറക്ക്‌ അതി ഭാവുകത്വം തോന്നിയേക്കാമെങ്കിലും ഒരു കാലഖട്ടത്തിലെ നായക സങ്കല്പം എന്നാല്‍ ജയന്‍ ആയിരുന്നു എന്നതില്‍ തര്‍ക്കമില്ല. വയറ്റുപിഴപ്പിനു മിമിക്രിക്കാര്‍ അദ്ദേഹത്തെ ഒരു കോമാളിയായി അവതരിപ്പിക്കുനുവെങ്കിലും അദേഹത്തിന്റെ ആരാധകര്‍ക്ക് എന്നും നീറുന്ന ഒരു ഓര്‍മ്മയിരിക്കും.യഥാര്‍ത്ഥത്തില്‍ മിമിക്രിക്കാര്‍ അനുകരിക്കുന്നപോലെ ഒരു സംസാര രീതി ജയനുണ്ടായിരുന്നു എന്ന് തോന്നുന്നില്ല .അദേഹത്തിന്റെ മരണ ശേഷം ഇറങ്ങിയ പല ചിത്രങ്ങളിലും അദേഹത്തിനുവേണ്ടി ഡബ് ചെയ്ത നടനും സംവിധായകനുമായ വ്യക്തി തന്നെ ഒരു അഭിമുഖത്തില്‍ അങ്ങനെ പറയുകയുണ്ടായി.

മലയാള സിനിമയുടെ നായക സങ്കല്പങ്ങളെ മാറ്റി മറിച്ച ജയന്റെ പല ചിത്രങ്ങളിലും അഭിനയത്തിന്റെ മാറ്റുരക്കുന്ന കഥാപാത്രങ്ങളും ഇടക്കൊക്കെ കടന്നു വന്നു . ഒരു വില്ലനില്‍ നിന്നും നായകനിലെക്കും അവിടെ നിന്നും ഒരു മികച്ച സ്വഭാവനടനിലെക്കുമുള്ള സ്വാഭാവിക പരിണാമ ചക്രത്തില്‍ ആയിരുന്നു ജയന്‍..


കളക്ഷന്‍ റിക്കാര്‍ഡുകള്‍ മറികടന്ന എത്രയോ ചിത്രങ്ങള്‍.സാഹസിക ചിത്രങ്ങളായിരുന്നു ഏറെയും...ജയനില്‍ നിന്നും ആസ്വാദകര്‍ പ്രതീക്ഷിചിരുന്നതും അത്തരം ചിത്രങ്ങള്‍ തന്നെയായിരുന്നു എന്നതാണ് സത്യം.ആ സാഹസികത തന്നെ അദ്ദേഹത്തിന്റെ ജീവന്‍ തട്ടിയെടുക്കുകയും ചെയ്തു.

ജയന്‍ ചിത്രങ്ങള്‍ വീണ്ടും വീണ്ടും ടെലിവിഷനില്‍ വരുമ്പോള്‍ ഉറപ്പായും കാണുന്ന ഒരുആരാധക വൃന്ദം ഇപ്പോഴും ഉണ്ട്..മണ്മറഞ്ഞു മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഈ മനുഷ്യന്‍ തന്റെ ആരാധകര്‍ക്ക് എത്ര പ്രിയപ്പെട്ടവന്‍ ആയിരിക്കുന്നു എന്നത് തന്നെ ഒരു വലിയ കാര്യമല്ലേ.

അകാലത്തില്‍ പോലിഞ്ഞ ആ താരത്തിനു ആദരാഞ്ജലികള്‍ ..

Nov 4, 2010

ലോകപ്രശസ്ത സാഹിത്യകാരന്‍ പ്രകാശന്‍ ഒണംതുരുത്തിന്റെ കത്ത്...





ലോകപ്രശസ്ത സാഹിത്യകാരന്‍ പ്രകാശന്‍ ഓണംതുരുത്ത് ഹരിഹരപ്രിയാ ചാനലിനയച്ച കത്തിലെ പ്രസക്തഭാഗങ്ങള്‍ :


പ്രിയ സുഹൃത്തേ,

താങ്കളുടെ ചാനലിലെ സാഹിത്യസമാഗമം പരിപാടിയില്‍ എന്നെ പറ്റി പ്രതിപാദി ച്ചതിന് നന്ദി..എനിക്ക് ആവശ്യത്തില്‍ അധികം പ്രശസ്തി ഉണ്ടെങ്കിലും എതെകിലും ഒരാള്‍ എന്നെ പുകഴ്ത്തുന്നത് എനിക്ക് വിരോധം ഇല്ലാത്ത കാര്യമാണ്.. സാധാരണ ഞാന്‍ മലയാളം ടെലിവിഷന്‍ പരിപാടികള്‍ കാണാറില്ല....നിലവാരം കുറവാണെന്നല്ല കാരണം ..അത് തീരെ ഇല്ല..കോമഡി ഷോ , മണിമാല,ചുമന്ന സിനിമ ഡയറി, കുറ്റകൃത്യം എന്നൊക്കെ പറഞ്ഞു എന്തൊക്കെ നോണ്‍ സെന്‍സ് ആണ് കാട്ടിക്കൂട്ടുന്നത്.. നിങ്ങള്‍ ആ പരിപാടിയില്‍ എന്നെ കുറെ പുകഴ്ത്തി...‍എന്നാല്‍ എന്തിനാണ് കുവൈറ്റിലെ മറ്റൊരു സാഹിത്യകാരന്‍ മാതളം മത്തായിയെ കുറിച്ചുകൂടി പുകഴ്ത്തിയത് ? അതിനും മാത്രം മലയാളഭാഷയ്ക്ക് എന്ത് സംഭാവനകളാണ് അയാള്‍ നല്‍കിയത് എന്ന് ഒരാളെ പുകഴ്തുന്നതിനു മുന്‍പ് ആലോചിക്കുന്നത് നല്ലതായിരിക്കും..ആരാണയാള്‍? എന്നെപോലെയോ എം ടിയെപോലെയോ തകഴിയെപോലെയോ പ്രശസ്തനാണോ ? ..നാട്ടിലെ ഏതോ ക്ലുബുകാര്‍ നടത്തിയ മത്സരത്തില്‍ പതിനായിരം ഉലുവ കിട്ടാന്‍ അയാള്‍ എത്ര മുടക്കി എന്നത് അബ്ബാസിയയില്‍ പാണന്മാര്‍ പാടി നടക്കുന്നുണ്ട്...


ഇവിടുത്തെ മലയാളം അസോസിയേഷനുകള്‍ ഇറക്കുന്ന സുവനീരിലും, മലയാളം കുട്ടിപത്രങ്ങളിലും എന്തെകിലും പ്രസിദ്ധീകരിക്കുന്നതോ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങുന്നതോ വലിയ കാര്യമല്ല.അവരെ ഒന്നും സാഹിത്യകാരന്മാരായി കൂട്ടാനും പറ്റില്ല....ഒരുമാതിരി കാശുകാരൊക്കെ ഇതേപോലുള്ള തമാശകള്‍ കാട്ടാറുണ്ട്‌..കാശുള്ളവന്റെ പിന്നാലെ നടക്കാനും പത്രത്തില്‍ പടം ഇടീക്കാനും ഒക്കെ ഇവിടെ കുറെ പേരെ കിട്ടും..


മറ്റൊരു കാര്യം ,നിങ്ങള്‍ എന്റെ ഹസാവിയിലെ കള്ളി പൂച്ച എന്ന കവിതാ സമാഹാരത്തിനെ പറ്റി കമാ എന്നൊരക്ഷരം പറഞ്ഞില്ല..ഇവിടുത്തെ ലിറ്റില്‍ ഡെവിള്‍സ് കിന്റെര്‍ ഗാര്‍ട്ടന്‍ സ്കൂളില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പഠിപ്പിക്കുന്ന പദ്യം ആണ് അത്.. ഒരാളെ പറ്റി പറയുമ്പോള്‍ അയാളുടെ അത്രയേറെ പ്രശസ്തമായ ഒരു കവിതയെ പറ്റി മിനിമം ഹോം വര്‍ക്ക്‌ എങ്കിലും നടത്താനുള്ള വിവേകം നിങ്ങളുടെ അവതാരക സഞ്ഗിനി കാ ണിക്കണമായിരുന്നു.....അന്ന് അവള്‍ ധരിച്ചിരുന്ന ഫ്രോകിനു ഇറക്കം കൂടിപോയി എന്ന് പറഞ്ഞു ഞാന്‍ ഒരു കത്ത് വേറെ എഴുതുന്നുണ്ട്


ഇപ്പൊ ബ്ലോഗ്‌ എന്നും പറഞ്ഞു കുറെ പേര്‍ ഇറങ്ങിയിട്ടുണ്ട്.....ഇന്നാള് ആരാണ്ട് അയച്ചു തന്ന ഒരു ബ്ലോഗ്‌ വായിച്ചിട്ട് ഞാന്‍ തലക്കു കൈയും കൊടുതിരുന്നുപോയി.. ഇനി ഇങ്ങനത്തെ സാധനങ്ങള്‍ ഒന്നും അയക്കരുത് എന്ന് കര്‍ശനമായി ഞാന്‍ എന്റെ പരിചയക്കാരോട് പറഞ്ഞിട്ടുണ്ട്. എന്താ പിള്ളേരുടെ ഒരു ഭാവന...എന്നെപോലുള്ളവരുടെ സര്‍ഗ ശേഷി നഷ്ടപെടുതാന്‍ ..ഈയിടെ ബ്ലോഗ്‌ അടിച്ചു മാറ്റി ഫോര്‍വേഡ് ചെയ്തു എന്ന് പറഞ്ഞു ഒരാള്‍ എന്റെ തന്തക്കു വിളിച്ചു ...മലയാള ബ്ലോഗിന്റെ കുലപതീന്നൊക്കെ പറഞ്ഞു മറ്റൊരുത്തന്‍ ...ഇന്നാള് ആയിരം പോസ്ടിട്ടു എന്നും പറഞ്ഞു ഒരു പോസ്റ്റ്‌..അന്ന് വൈകുന്നേരം ആയിരം പോസ്ടിട്ടതിനു അങ്ങോരുടെ പടം ഒരുത്തന്‍ വരച്ചു എന്നും പറഞ്ഞു മറ്റൊരു പോസ്റ്റ്‌...ഞാന്‍ ഈ ചീള്‍ ഒന്നും വായിക്കുകേല...പക്ഷെ കമന്ടനുള്ളത് അനോണിയായി പറയും...അഭിപ്രായ സ്വാതന്ത്ര്യത്തിനു വില കൊടുക്കുന്നവനാണ് ഞാന്‍ .

എത്രയോ കവിതകള്‍, എത്രയോ ലേഖനങ്ങള്‍ എത്രയോ പുസ്തകങ്ങള്‍ ഞാന്‍ പ്രസിദ്ധീകരിച്ചു എന്ന് എനിക്ക് തന്നെ ഓര്‍മ്മയില്ല..മൂന്നാം വയസ്സില്‍ തുടങ്ങിയ സാഹിത്യ സപര്യ മുപ്പത്തിമൂന്നു വര്ഷം കടന്നിരിക്കുന്നു. എനിക്ക് അര്‍ഹാതപെട്ട അംഗീകാരം കേരളത്തിലെ ആള്‍ക്കാര്‍ എനിക്ക് തന്നോ... കുവൈറ്റിലെ മണല്‍ക്കാട്ടില്‍ കൂടി എത്രയോ മണല്‍ തരികള്‍ പറന്നു പോയി..നിങ്ങളുടെ പരിപാടിയില്‍ നിങ്ങള്‍ കുറെ എഴുത്തുകാരെയൊക്കെ പറ്റി പറഞ്ഞല്ലോ.. എന്റെ മുന്‍പില്‍ നേരെ നിന്ന് രണ്ടു സാഹിത്യം എന്നോട് പറയാന്‍ ഉള്ള ധൈര്യം അവര്‍ക്കുണ്ടോ ? നിങ്ങള്‍ പറഞ്ഞേക്കാം, ഈ കുവൈറ്റെന്ന ഇട്ട വട്ടത്തില്‍ കിടന്നു തായം കളിക്കുന്നവന എന്നൊക്കെ, പക്ഷെ എന്റെ കൃതികള്‍ അമേരിക്കയില്‍ ഉള്ള ഒരു സായിപ്പിന് വരെ ഞാന്‍ സമ്മാനമായി കൊടുത്തിട്ടുണ്ട്‌ എന്നാ വസ്തുത നിങ്ങള്‍ക്കറിയാമോ? അയാള്‍ ഇപോ അത് ട്രാന്‍സ്ലേഷന്‍ ചെയ്യാന്‍ ഇന്ത്യക്കാര് പിള്ളേര്‍ക്ക് ഔട്ട്‌ സോര്‍സിംഗ് കരാര്‍ കൊടുക്കാന്‍ പോകുവാ.. ജീ എഫ് സീ ( ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ക്രയിസിസ് ) ഒന്ന് കഴിഞ്ഞോട്ടെ നിങ്ങള്ക്ക് എന്നെ പിടിച്ചാല്‍ കിട്ടുകേല.

ഞാന്‍ തന്നെ വേണമെകില്‍ ഒരു അഭിമുഖം റെക്കോര്‍ഡ്‌ ചെയ്തു അയച്ചുതരാം...അതിനുള്ള ചിലവും ഞാന്‍ വഹിക്കാം...എന്റെ പരിചയക്കാരുടെ വക പരസ്യോം കൂടെ ആകുമ്പോള്‍ നിങ്ങള്ക്ക് കുഴപ്പമില്ലല്ലോ..വെള്ളിയാഴ്ച കാലത്തെ കാണിക്കുന്ന ഫീസ്റ്റ് ഓഫ് കുവൈറ്റ്‌ എന്ന പ്രോഗ്രാം ഒരു ദിവസം സ്പോന്‍സര്‍ ചെയ്യാം എന്ന് എന്റെ സുഹൃത്തും ഇവിടുത്തെ വലിയ ബിസിനസ്കാരനായ ബെസ്റ്റ് മാര്‍ട്ട് സണ്ണി പറഞ്ഞിട്ടുണ്ട്..

പിന്നെ താങ്കള്‍ക്ക് വേണ്ടി ഞാന്‍ ഒരു ഐ ഫോണ്‍ 4 മേടിക്കാന്‍ പരിപാടി ഇട്ടിട്ടുണ്ട്. .എങ്ങനെ എങ്കിലും...ഒരു അപേക്ഷയാണ്...തള്ളരുത്

അനുകൂലമായ മറുപടിക്കുവേണ്ടി താഴ്മയോടെ


പ്രകാശന്‍ ഓണംതുരുത്ത്




Nov 3, 2010

മദ്യപ്യാനം ഒരു സാമൂഹിക വിപത്ത്..

വീണു കിട്ടിയ ഈദു അവധിക്കു നാട്ടില്‍ പോയതായിരുന്നു ഞാന്‍...നാല് ദിവസത്തെ അവധിയുടെ കൂടെ ഒരു അട്ജസ്റ്മെന്റ്റ് അവധിയും രണ്ടും രണ്ടു നാല് ദിവസത്തെ വീകിലിഓഫും ചെര്ന്നപോള്‍ മൊത്തം ഒന്പതു ദിവസം കുശാല്‍.. വരൂ വരൂ വിലക്കുറവു വിലക്കുറവു... എന്നുള്ള ജെറ്റ് എയര്‍ വിളിയും കൂടി ആയപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല......സൂസും സുകെസും ആയിട്ടു ഇറങ്ങി.


എയര്‍പോര്‍ട്ടില്‍ ചെന്നപോഴല്ലേ കളി ... കുവൈറ്റില്‍ ഉള്ള സകലമാന പേരും ഉണ്ടോ അവിടെ എന്ന് തോന്നിപോയി....ജീവിതത്തില്‍ ആദ്യമായി അമ്പതു ദിനാറിന് ടിക്കറ്റ്‌ കിട്ടിയതിന്റെ മാത്രമല്ല ഡയറക്റ്റ് ബിമാനത്തില്‍ കള്ളടിച്ചു പോണതില്‍ ഉള്ള സുഖം ഒന്ന് വേറെ തന്നെ എന്ന് പുറകില്‍ നില്‍ക്കുന്ന അച്ചായന്‍ പറഞ്ഞപോള്‍ ശരിയനല്ല് എന്ന് തോന്നി .....എന്തരു ചെയ്യാന്‍....ഇവിടെ മനസമാധാനത്തോടെ കള്ളടിക്കാന്‍ പറ്റുമോ.....അകതാവുന്നത് സഹിക്കാം...എന്നാല്‍ സര്‍കാര്‍ ചെലവില്‍ നാട്ടിലേക്കു കേറ്റി വിട്ടാലോ...ഓരോരോ നിയമങ്ങളെ....അതൊക്കെ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്...ഈയിടെ പത്തി പഠിക്കണ സുനില്‍ കുമാര്‍ പറഞ്ഞത് യൂത്ത് ഫെസ്ടിവലിനൊക്കെ രണ്ടെണ്ണം അടിക്കാതെ എങ്ങനാ പോണേ എന്ന്...പിള്ളേര്‍ക്ക് വരെ വിവരം വെച്ച്..പ്ലയിനെ കേറി രണ്ടെണ്ണം അടിച്ചുകഴിഞ്ഞു ഒന്നുടെ ചോദിച്ചപോ ചെല്ലക്കിളി ഒരു നോട്ടം....അയ്യോ!


പക്ഷെ അടുത്തിരുന്ന അച്ചായന്‍ വിടുമോ...ഒന്നും കൂടി വാങ്ങിച്ചു അടിട്ച്ചു...എന്നിട്ട് അങ്ങൊരു പിന്നേം ചോദിക്കുന്നു...ഇതു എന്തോന്ന് ആക്രാന്തം എന്റെ പള്ളീ...നാട്ടി ചെന്നിട്ടു ത്വാനെ അടിക്കല്ലോ...ചുമ്മാതല്ല ഓസിനു കിട്ടിയ ആസിഡും മലയാളി കേറ്റും എന്ന് കോമഡി ഷോവില്‍ ആരാണ്ടും പറഞ്ഞത്....രണ്ടണ്ണം അടിച്ചതും ഫുഡ്‌ ഫിനിഷാക്കിയതും ഓര്‍മയുണ്ട്...പിന്നെ മെസ്സജുകള് തോനെ വരുന്ന ഒച്ചകള് കേട്ടാ ഉണരുന്നെ... ഇവനൊക്കെ ബിമാനതീന്നു ഇറങ്ങീട്ടു ഈ കുന്ത്രാണ്ടം ഓണ്‍ അക്കിയാപോരെ....ക്യാപ്ടന്‍ അമ്മാവന്‍ മൈക്കില്‍ കൂടി ഭീഷണി പെടുത്തുന്നത്കേട്ട്...എവിടെ....ആര് കേള്‍ക്കാന്‍ ?



എമിഗ്രഷനില്‍ നില്‍ക്കുമ്പോള്‍ ഏമാന്‍ ചോദിച്ചു...എന്താ കൊചീലോട്ടു വന്നെന്നു...(അതെന്താ തിരുവന്തോരത്ത്കാരക് കൊച്ചീ വന്നു കൂടെ എന്നാ നാക്കേ വന്നത്.)...പറയാന്‍ പറ്റുമോ....ഇങ്ങോട്ട ടികെറ്റ് കിട്ടിയേ എന്ന് പറഞ്ഞു.... തിരുവന്തോരത്ത് എവിടാ വീട്? ( ജംക്ഷനില്‍ തന്നെ ) പരസ്സാല ...അവിടൊക്കെ എന്തോ പറയും? ( മലയാളം പറയും...പിന്നെ തമിഴും പിന്നെ സുരാജു പറയുന്ന സംസ്ക്രിതോം പറയും...ഇനി ഹിന്ദി പടിക്കണ ? ) അവിടെ വേലിക്കകത്ത് വീട് എന്ന് പറയും...കൂടെ ആരാ? ( അതിനു ഞാന്‍ ഒറ്റ പൊത്തകം അല്ലെ തന്നുള്ളൂ ) ഒറ്റക്കാ?അപ്പൊ ഫാമിലി ഒക്കെ? ( രണ്ടു ഫാമിലി...സെറ്റപ്പ ഒന്ന് ) അവര് വന്നില്ല .


ഒരു വിധത്തില്‍ ഏമാന്റെ ആക്രമണം കഴിഞ്ഞു നേരെ ഡ്യൂട്ടി ഫ്രീ....എന്റെ മുടിപ്പുര അമ്മച്ചിയെ...കൊച്ചി ഡ്യൂട്ടി ഫ്രീ സെറ്റപ്പ് തന്നെ...നമ്മുടെ തിരുവന്തോരം ഡ്യൂട്ടി ഫ്രീ ബ്രണ്ടിക്കട മാറിനില്‍ക്കും...കൈയില്‍ കൃത്യം ഡോളറും മനസ്സില്‍ വേണ്ട ബ്രാണ്ടും ഉണ്ടായിരുന്നകൊണ്ട് രണ്ടു മിനുട്ടില്‍ പണി കഴിഞ്ഞു...കൌണ്ടറില്‍ ചെന്നപ്പോഴല്ലേ തകധിമി...അമ്പതു ദിനാറിന് ടിക്കെടു കിട്ടിയതിന്റെ സതോഷം കുവൈറ്റില്‍ നിന്നും പച്ച മലയാളത്തില്‍ പങ്കു വെച്ച അച്ചായന്‍ ദേണ്ടെ ഭയങ്കര ഇംഗ്ലീഷ്....അങ്ങോര്‍ക്ക് പത്തു ബോട്ടില്‍ വേണത്രേ...പറ്റത്തില്ല എന്ന് പറഞ്ഞപോള്‍ ഭയങ്കര വിരിഞ്ഞാട്ടം....ഞാന്‍ ആരെന്നരിയ്മോ ( തനാരായാല്‍ അവര്‍ക്ക് എന്തോന്നാ ) പാസ്പോര്‍ട്ട്‌ നോക്ക്...ഞാന്‍ എല്ലാ മാസത്തിലും വരുന്നത...ലോകത്തിന്റെ എല്ലാ ഭാഗത്തും പോകുന്ന എന്നെ പഠിപ്പിക്കാന്‍ നോക്കണ്ട ( പിന്നെ അമ്പതു ദിനാറിന് ചാടി വീണിട്ടു ) ആരാ ഇവുടുത്തെ മാനേജര്‍ ( എന്തിനാ അയാളെ പിരിച്ചു വിടാനാ ) തന്റെ പേര് എന്താ...ഞാന്‍ കംപൈന്റ്റ് ചെയ്യും...(ഞ്ഞോട്ടും എന്ന് കൌന്ടെര്‍ സ്റാഫിന്റെ മുഖഭാവം )ലൈന്‍ നിക്കുന്ന പയലുകളൊക്കെ കലിപ്പക്കിയപോള്‍ അവസാനം മാനേജര്‍ വന്നു...നല്ല ഒന്നാന്തരം ഇംഗ്ലീഷ് അങ്ങോട്ട്‌ കൊടുത്തപ്പോ അച്ചായന്‍ ബബ്ബബ്ബ ....പിന്നെ കൊടുത്ത രണ്ടു ബോട്ടിലും കൊണ്ട് ഓടി തള്ളി...എന്തോന്നെടെ...എത്ര കുപ്പികള് വേണേലും ബീവരജെസില്‍ കിട്ടില്ലേ...സ്കോച് മാത്രമേ ഇറങ്ങുവോല്ല്ലരിക്കും... അബ്ബസ്സിയായില്‍ 99 അടിച്ചു പാമ്പ് ആകുന്ന എവനൊക്കെഇവിടെവന്നാല്‍സ്കൊച്ചേ മുള്ളു.


കള്ളടീം കറക്കോം ആയിട്ടു ഒരാഴ്ച പോയത് അറിഞ്ഞില്ല.....തിരിച്ചു കൊചീലോട്ടു പിന്നേം...ചെക്ക് ഇന്‍ ചെയ്യാന്‍ നില്‍ക്കുമ്പോള്‍ മുന്നില്‍ ഒരു പാമ്പ്...പാമ്പ് എന്നല്ല പെരും പാമ്പ് എന്ന് പറയേണ്ടിവരുമല്ലോ എന്റെ പള്ളീ!..വണ്ടി കുവൈടിലേക്ക് തന്നെ അല്ലെ എന്ന് ചോദിച്ചപോള്‍ അല്ല പാമ്പാടും പാറക്കാ ( ഇടുക്കിയിലെ ഒരു സ്ഥലം ) എന്ന് പറയാനാ തോന്നിയെ .....പറഞ്ഞില്ല...എന്തിനാ . വെറുതെ കലിപ്പുകള് ...ഒരു കുവൈറ്റ്‌ എന്ന് കൌണ്ടറില്‍ പര്ഞ്ഞപോള്‍ ചെല്ലക്കിളി ഒരു ചിരി...ബസേല്‍ കേറുന്ന ഓര്‍മ്മയരിക്കും പാവത്തിന്...ഒരു വിധത്തില്‍ വിമാനത്തില്‍ കേറി....കുവൈടിലെക്കാണല്ലോ എന്ന് ഓര്‍ത്തപോ വീശാന്‍ തോന്നിയില്ല...കഷ്ടകാലത്തു ഏതും പാമ്പാകും എന്ന് പണ്ട് ഷേക്സ്പിയര്‍ ‍ പറഞ്ഞിട്ടുണ്ട് ....കഴിപ്പ്‌ കഴിഞ്ഞപോ ഒന്ന് ടോയിലറ്റില്‍ പോയേക്കാം എന്ന് കരുതി...അവിടെ ചെന്നപോ ദേ മുടിഞ്ഞ ക്യു ....രണ്ട വെളിച്ചമേ ഉള്ളു...ചുമ്മാ പുരകിലോറ്റൊന്നു തിരിഞ്ഞു നോക്കിയപോ ദേ വരുന്നു പഴയ പാമ്പാടും പറ പാഞ്ഞു...വായും പൊത്തിക്കൊണ്ട്...എല്ലാരും മാറിക്കൊടുത്തു..അങ്ങൊരു ചെന്ന് രണ്ടു വാതിലെലും മുട്ടോടു മുട്ട്....പക്ഷെ അകതിരിക്കുന്നോര്‍ക്കരിയില്ലല്ലോ..ഒരു പാമ്പാ പുറതെന്നും സ്ഥിതി വളരെ മോശമാണെന്നും .പിന്നെ നമ്മള്‍ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു..ദേ ഒരു ലോംഗോ വാള്‍......പിന്നെ കണ്ടത് ഒരു കൂട്ടയോട്ടം ആരുന്നു...സീറ്റില്‍ പോയി ഇരിക്കാനുള്ള ഓട്ടം.. ഓടുന്നതിനിടെ ഞാന്‍ എയര്‍ ഹോസ്ടസിനെ ഒന്ന് ക്രാവി നോക്കി...ചെല്ലക്കിളി ഏതാണ്ടും പറഞ്ഞത് ഹിന്ദി ആയതു നന്നായി...അല്ലേല്‍ കാണാരുന്നു...ഹല്ല പിന്നെ !

മദ്യപ്യാനം ഒരു സാമൂഹിക വിപത്താണ്...പ്ലെയിനെ കേറുമ്പോള്‍..!