Showing posts with label നൊസ്റ്റാള്‍ജിയ. Show all posts
Showing posts with label നൊസ്റ്റാള്‍ജിയ. Show all posts

Oct 6, 2011

പാണ്ടിച്ചിയുടെ പല്ലിമിട്ടായികള്‍

ഈ അവധിക്കാലത്ത്‌നാട്ടിലെത്തിയപ്പോള്‍, തൊടിയില്‍ നിന്നും പഴയ സാധനങ്ങള്‍ പെറുക്കാന്‍ വന്നവരെ കണ്ടപ്പോഴാണ് പാണ്ടിച്ചിയെപ്പറ്റി വീണ്ടും ഓര്‍മ്മ വന്നത്.



കൃത്യമായി മാസത്തില്‍ രണ്ടുതവണ വരാറുണ്ടായിരുന്ന തമിഴത്തി ആയിരുന്നു പാണ്ടിച്ചി എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന രാക്കമ്മ. കുട്ടികളായ ഞങ്ങള്‍ വിളിച്ചു വിളിച്ചു എല്ലാവര്ക്കും രാക്കമ്മ, പാണ്ടിച്ചി ആയി. കൈയില്‍ ചതുരാകൃതിയില്‍ ഉള്ള ഒരു ഓലകൊണ്ട് മെടഞ്ഞ വട്ടിയും, തോളില്‍ തുണിയുടെ ഒരു ഭാണ്ടക്കെട്ടും ആയി അവര്‍ വരും. ഒരു കാലിനു എന്തോ കുഴപ്പം ഉണ്ടായിരുന്നതുകൊണ്ടാവണം, ചട്ടി ചട്ടി ആയിരുന്നു അവര്‍ നടന്നിരുന്നത് മിക്കവാറും പത്തുമണിയോടെ ആയിരുന്നു പാണ്ടിച്ചി ഞങ്ങളുടെ വീട്ടില്‍ എത്തുക.



ഭര്‍ത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീ ആയിരുന്നു പാണ്ടിച്ചി. സ്വന്തക്കാരോ ബന്ധക്കാരോ അവര്‍ക്ക് ഉണ്ടായിരുന്നില്ല. വീടുകളില്‍ നിന്നും കിട്ടുന്നത് കഴിച്ചു,പലര്‍ കൊടുക്കുന്ന വസ്ത്രങ്ങള്‍ ഉടുത്തു നാടോടിയായി നടക്കുന്ന ഒരു സ്ത്രീ. കൊടുക്കുന്നത് വാങ്ങും. ഒന്നും ചോദിക്കില്ല, ഒരു പരാതിയും ഇല്ലാത്ത എല്ലാവരെയും അയ്യാ എന്നും, അമ്മാ എന്നും മാത്രം വിളിക്കുന്ന ഒരു പാവം .


പാണ്ടിച്ചിയെ ഞങ്ങള്‍ കുട്ടികള്‍ക്ക് വളരെ ഇഷ്ട്ടമായിരുന്നു. കാരണം വരുമ്പോള്‍ എല്ലാം അവര്‍ പല്ലി മിട്ടായികള്‍ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ചെറിയ മിട്ടായികള്‍ തരും. വീട്ടുകാര്‍ ആരും കാണാതെ ഞങ്ങള്‍ അത് ശാപ്പിടും. പാണ്ടിച്ചി വല്ല വീട്ടില്‍ നിന്നും കൊണ്ട് തരുന്നതാ, എന്തിനാ അതൊക്കെ മേടിക്കണേ എന്ന് അമ്മ ചോദിക്കും.

അച്ഛന്റെ ജോലി സ്ഥലത്തേക്ക് ഞങ്ങള്‍ താമസം മാറ്റുന്ന ദിവസമായിരുന്നു പാണ്ടിച്ചി അന്നൊരുനാള്‍ വന്നത്. കൂട്ടുകാരെയും ബന്ധുക്കാരെയും വിട്ടു പോകുന്നതിന്റെ സങ്കടത്തില്‍ ആയിരുന്നു ഞാന്‍. അതുകൊണ്ട് തന്നെ പല്ലി മിട്ടായികള്‍ അന്നെന്നെ സന്തോഷിപ്പിച്ചില്ല. സാധനങ്ങള്‍ എല്ലാം ഒരു ചെറിയ ലോറിയില്‍ കയറ്റി, ഒരു ജീപ്പില്‍ ആയിരുന്നു ഞങ്ങള്‍ പാമ്പാടി എന്നാ സ്ഥലത്തേക്ക് പോയത്. അച്ഛന്റെ കൂട്ടുകാരനായ കുട്ടിച്ചേട്ടന്‍ ആയിരുന്നു സഹായത്തിനു. കുട്ടിച്ചേട്ടന്‍ വെറുതെ ചോദിച്ചു." പാണ്ടിച്ചീ , നീ വരുന്നോ ?" ചോദിക്കേണ്ട താമസം, പാണ്ടിച്ചി ജീപ്പിനുള്ളില്‍ കയറി.

വാടക വീട്ടില്‍ സാധനങ്ങള്‍ അടുക്കാനും പെറുക്കാനും പാണ്ടിച്ചി കൂടി.അച്ഛനും, കുട്ടിച്ചേട്ടനും പുറത്തേക്കു പോയിരുന്നു.ഞങ്ങള്‍ അടുത്ത വീട്ടിലെ കുട്ടിയുമായി ചങ്ങാത്തം സ്ഥാപിച്ചു.എന്നെക്കാള്‍ ചെറിയ മണിക്കുട്ടന്‍.പാണ്ടിച്ചി തന്ന പല്ലിമിട്ടായി ഞാന്‍ മണിക്കുട്ടന് കൊടുത്തു. ആരാ പാണ്ടിച്ചി എന്ന മണിക്കുട്ടന്റെ ചോദ്യത്തിന് " അത് പാണ്ടിച്ചി" എന്നതില്‍ കൂടുതല്‍ എനിക്ക് പറയാന്‍ ഉണ്ടായിരുന്നില്ല.

വൈകുന്നേരമായിരുന്നു അപ്പോഴേക്കും.പുറത്തു പോയ അച്ഛനും,കുട്ടിച്ചേട്ടനും തിരിച്ചു വന്നു.അവരുടെ കണ്ണുകളും മുഖവും ചുവന്നു തുടുത്തിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായില്ല.വന്നയുടനെ ഒട്ടും മയമില്ലാതെ കുട്ടിച്ചേട്ടന്‍ ചോദിച്ചു," നിങ്ങള്‍ക്ക് പോകാറായില്ലേ തള്ളെ" എന്ന്."അയ്യാ, നീങ്ക താന്‍ എന്നെ ഇവിടെ കൊണ്ടു വന്താച്ച്, നാന്‍ എപ്പടി തിരുമ്പി പോറെന്‍ " എന്ന് പാണ്ടിച്ചി ചോദിച്ചു. കുട്ടി ചേട്ടന്‍ അവരെ പിടിച്ചു പുറത്താക്കി എന്നിട്ട് പറഞ്ഞു, തള്ളെ,എവിടെയെങ്കിലും പോ എന്ന്. എന്തൊക്കെയോ ശാപവാക്കുകളും കുട്ടിച്ചേട്ടന്‍ പറഞ്ഞു.

പാണ്ടിച്ചിയുടെ കണ്ണുകള്‍ നിറഞ്ഞു. അവര്‍ തിരിയെ വീടിന്റെ പിന്നില്‍ വന്നു. അമ്മയോട് വണ്ടിക്കൂലിക്കുള്ള പണം ചോദിച്ചു. അമ്മയുടെ കൈവശം പണം ഒന്നും ഉണ്ടായിരുന്നില്ല. വിഷു കൈനീട്ടം കിട്ടിയതില്‍ നിന്നും ഒരു വെള്ളി രൂപ കൊടുക്കാന്‍ അമ്മ എന്നോട് പറഞ്ഞു. ഞാന്‍ പൈസ കൊടുത്തില്ല. ഒരു ഒന്‍പതു വയസ്സുകാരന് പാണ്ടിച്ചിയുടെ അവസ്ഥ എങ്ങനെ മനസ്സിലാകാന്‍. അവരുടെ കൈയില്‍ തിരിയെ പോകാന്‍ ബസ് കൂലി ഇല്ലായിരുന്നു എന്ന് അമ്മ പിന്നീട് പറഞ്ഞു. ബസ് കൂലി ഇല്ലാതെ ബസില്‍ കയറാന്‍ പറ്റില്ല എന്ന് എനിക്ക് അന്നറിയില്ലായിരുന്നു.

പാണ്ടിച്ചി പിന്നീട് പാമ്പാടിയിലെ ആ വീട്ടില്‍ വന്നില്ല. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ ഇടുക്കി ജില്ലയിലെ കുളമാവ് എന്ന സ്ഥലത്തേക്ക് മാറി. വളരെ അവിചാരിതമായി ഒരു ദിവസം പാണ്ടിച്ചി ഞങ്ങളെ തേടി അവിടെ എത്തി. പതിവുപോലെ മിട്ടയികലുമായി.പല്ലി മിട്ടായികളല്ല,മഞ്ഞ നിറത്തില്‍ നാരങ്ങ അല്ലികളുടെ രൂപത്തില്‍ നാല് മിട്ടായികള്‍ .

പാണ്ടിച്ചിയെ സ്വീകരിക്കാനുള്ള ചുറ്റുപാടില്‍ ആയിരുന്നില്ല ഞങ്ങള്‍ . ഞങ്ങളുടെ ഏക സ്വത്തായ പശു ,മേയാന്‍ വിട്ടിരുന്ന സ്ഥലത്ത് എന്തോ വിഷം തീണ്ടി ചത്തു കിടന്നതറിഞ്ഞ വിഷമത്തില്‍ ആയിരുന്നു അമ്മയും ഞങ്ങളും. ഊണുമേശയില്‍ തലചെരിച്ചിരുന്നു കരയുകയായിരുന്നു അമ്മ.

മൂന്നു വര്‍ഷം എന്നില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയിരുന്നു. കലത്തില്‍ ഉണ്ടായിരുന്ന ചോറ് ആരും പറയാതെ തന്നെ ഞാന്‍ പാണ്ടിച്ചിക്ക് കൊടുത്തു. പോകാന്‍ നേരം ഒരു വെള്ളിരൂപ കൊടുക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും, അത് എന്റെ കൈയിലോ അമ്മയുടെ കൈവശമോ ഉണ്ടായിരുന്നില്ല."പണമൊന്നും കൊടുത്തില്ലല്ലോ ആ പാവത്തിന്, പാണ്ടിച്ചി എങ്ങനെ കുളമാവില്‍ നിന്നും തിരിയെ പോയിക്കാണും" എന്ന് ഒരാഴ്ച കഴിഞ്ഞു അമ്മ ചോദിച്ചു.



പാണ്ടിച്ചിയെ പിന്നീടു ഞങ്ങള്‍ കണ്ടിട്ടില്ല. അനാഥയായ അവര്‍ എവിടെ എങ്കിലും കിടന്നു മരിച്ചു പോയിരിക്കാം.

മുപ്പത്തി ഒന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും എന്റെ മനസ്സില്‍ പാണ്ടിച്ചിയുടെ രൂപം ഉണ്ട്. മിട്ടായികളുടെ മധുരം നാവിന്‍ തുമ്പിലും. സ്നിക്കെര്‍സിനും, മാര്‍സിനും, ഡയറി മില്‍ക്കിനും ഇല്ലാത്ത ആ സ്വാദ്.

Jun 23, 2011

ഒരു നാടക പരീക്ഷണത്തിന്‍റെ കഥ ..

ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആയിരുന്നു ആ സംഭവം.സ്കൂളിലെ യൂത്ത് ഫെസ്റ്റിവലില്‍ അവതരിപ്പിക്കാന്‍ എന്‍റെക്ലാസ്സിലെ രതീഷ്‌ ഒരുദിവസം ഒരു ഏകാങ്ക നാടകം കൊണ്ടുവരാം എന്ന് ഏറ്റു. അവന്റെ വീട്ടിനടുത്തുള്ള ഒരു ചേട്ടന്‍ ഈ സാധനംകോളേജില്‍ അവതരിപ്പിച്ചു ഒന്നാം സമ്മാനംകിട്ടിയത്രേ.നാടകത്തിന്‍റെ പേര് "നിയമം ബന്ധനത്തില്‍".പിറ്റേന്ന് ഞങ്ങള്‍ സ്കൂള്‍ ഗ്രൗണ്ടില്‍ പോയി അത് വായിച്ചു നോക്കി. വായിച്ചു കഴിഞ്ഞതും, രണ്ടു പേര്‍ക്ക് നായക കഥാപാത്രമായ രാജു ആകണം. ഒന്ന് നാടകത്തിന്റെ ഉടമസ്ഥന്‍ രതീഷ്‌, രണ്ടാമത് ഞങ്ങളുടെ ക്ലാസ്സിലെ ചെകിടന്‍ എന്ന് വട്ടപ്പെരുള്ള ബാബു.കെ.പി. ഞങ്ങള്‍ എല്ലാം ബാബുവിനെ പിന്താങ്ങി.കാരണം ബാബു ഇടയ്ക്ക്,പൊറോസ് ഖാന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന ആലിക്കുട്ടിയുടെ കടയില്‍ നിന്നും എന്തെങ്കിലും ഒക്കെ ഞങ്ങള്‍ക്ക് ചെലവു ചെയ്യും .എല്ലാവരുംകാലു മാറിയപ്പോള്‍ രാജു ആയില്ലെല്ലേല്‍ നാടകം തിരിച്ചു കൊടുക്കും എന്ന് രതീഷ്‌ ഭീഷണി പെടുത്തി .അവസാനം ബാബു പിന്‍വാങ്ങി.ചുവരില്ലെങ്കില്‍ ചിത്രം എഴുതാന്‍ പറ്റില്ലല്ലോ എന്ന നിര്‍ദോഷകരമായ പഴഞ്ചൊല്ല് ചിലപ്പോ ബാബുവിന് അറിയാമായിരിക്കും .




ഞങ്ങള്‍ അഞ്ചു പേര്‍ ആയിരുന്നു അഭിനേതാക്കള്‍. എന്നും ക്ലാസ്സ്‌ കഴിഞ്ഞു പള്ളിയുടെ പിറകില്‍ ഞങ്ങള്‍ കൂടും.രതീഷിന്റെ കൈയില്‍ ആയിരിക്കും നാടകം എപ്പോഴും. അവനാണല്ലോ നാടകത്തിന്റെ ഉടമസ്ഥന്‍.പോരാഞ്ഞിട്ട് നായകനും. ആരെങ്കിലും എന്തെങ്കിലും ഉടക്കിട്ടാല്‍ രതീഷ്‌ ഭീഷണി ഉയര്‍ത്തും.നാടകം തിരിച്ചു കൊടുക്കും എന്ന്. രതീഷിന്റെ കൈയില്‍ നാടകം ഇരിക്കുന്നകൊണ്ട് അവധി ദിവസങ്ങളിലും നാടകം പഠിക്കല്‍ തന്നെ. ഒരു ദിവസം ഭക്ഷണം കഴിക്കുന്നതിനിടെ അവന്റെ അച്ഛന്‍ എന്തോ ചോദിച്ചപ്പോള്‍ ഓര്‍ക്കാതെ നാടകത്തിലെ ഒരു ഡയലോഗ് ~ നിങ്ങള്‍ക്ക് ജീവിച്ചിരിക്കുന്ന രാജുവിനെ തൂക്കി കൊല്ലാം..എന്നാല്‍ മരിച്ചു കിടക്കുന്ന രാജുവിനെയോ~ പറഞ്ഞു പോയി എന്ന് അവന്‍ പറഞ്ഞു. നിനക്കെന്താടാ വട്ടാണോ എന്നും അച്ഛന്‍ ചോദിച്ചു എന്ന് അവന്‍ പറഞ്ഞു.




ബാബു കെ.പി.ആണെകില്‍ നായകന്‍ ആകാത്തതില്‍ ഉള്ള കലിപ്പും ആയി നടക്കുന്നു.ബാബുവിന്റെ വണ്‍വേ പ്രേമം കൊടുംബിരിക്കൊണ്ടിരിക്കുന്ന കാലം ആയിരുന്നു. ട്യുഷന് വരുന്ന സീനത്തിന്റെ കേള്‍ക്കെ ബാബു ആണ് നായകന്‍എന്ന്പറഞ്ഞതിന് അവന്‍ എനിക്ക് രണ്ടു ദിവസം ഐസ് വാങ്ങിച്ചു തന്നു. സീനത്ത്എഴുതിയതാണ് എന്നും പറഞ്ഞു കൂട്ടുകാരെ കാണിക്കാന്‍ ഒരു എഴുത്തും ഞാന്‍ എഴുതി കൊടുത്തു. അതില്‍ ബാബു നായകന്‍ ആയാല്‍ ഞാന്‍ നായിക ആവാം എന്നൊക്കെ കാച്ചി.ബാബു അത് ക്ലാസില്‍ എല്ലാവരെയും കൊണ്ട് കാണിച്ചു ആളായി .സീനതിനോട് പറഞ്ഞു പോയത് കൊണ്ട് നായക സ്ഥാനം തരണം എന്നൊക്കെ ബാബു കെഞ്ചി പറഞ്ഞു. പക്ഷെ രതീഷ്‌ സമ്മതിച്ചില്ല. രാജു എന്ന കഥാപാത്രം ക്ഷയം പിടിച്ചതായിട്ടാണ് കഥയില്‍.എന്നാല്‍ ചക്കപ്പഴം പോലിരിക്കുന്ന രതീഷ്‌,നായകന്‍ ആയ രാജു ആയാല്‍ ക്ഷയം പിടിച്ചു എന്നതിന് പകരം വണ്ണം കൂടുന്ന അസുഖം പിടിച്ചു എന്ന് മാര്‍ക്കിടുന്ന സാറുമ്മാര്‍ വിചാരിക്കും എന്ന് ബാബു പറഞ്ഞു. തന്റെ വീടിന്റെ അടുത്തുള്ള ചക്കപ്പഴം പോലിരിക്കുന്ന കുഞ്ഞച്ചന് ക്ഷയം ആണെന്ന് രതീഷ്‌ ന്യായം പറഞ്ഞു.






മത്സരത്തിന്റെ തലേ ദിവസം സ്കൂളില്‍ വെച്ച് പൊതി ചോറ് കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു ആ സംഭവം. രതീഷിന്റെ തൊണ്ടയില്‍ മീന്‍ മുള്ള് കയറി. താഴോട്ടും ഇല്ല മേലോട്ടും ഇല്ല എന്ന അവസ്ഥ. മിണ്ടിയാല്‍ വേദന.ഈ തൊണ്ട വെച്ചോണ്ട് നായകനായിഅഭിനയിക്കാന്‍ പറ്റത്തില്ല എന്ന് ബാബു കെ.പി. പറഞ്ഞപ്പോള്‍രതീഷ്‌ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി. ഞങ്ങള്‍ അഞ്ചുപേരും കൂടി അടുത്ത് തന്നെ ഉള്ള ക്ലിനിക്കില്‍ പോയി. ഉച്ച സമയം ആയതിനാല്‍ ഡോക്റ്റര്‍ വീട്ടില്‍ പോയി എന്ന് അവിടുള്ള നേഴ്സമ്മ പറഞ്ഞു. ഞങ്ങള്‍ രണ്ടു രൂപ കൊടുത്തു ചീട്ടും എടുത്തു വീട്ടിലേക്കു പോയി.ഡോക്റ്റര്‍ ഊണ് കഴിഞ്ഞു മയങ്ങുകയായിരുന്നു. അങ്ങേരെ വിളിചെഴുന്നെല്‍പ്പിച്ചു ഞങ്ങള്‍ കാര്യം പറഞ്ഞു. പുള്ളി ചീട്ടു മേടിച്ചിട്ട് വാ പൊളിക്കാന്‍ പറഞ്ഞു.പിന്നെ ഒരു നീണ്ട കുറിപ്പെഴുതി.എന്നിട്ട് ചീട്ടിന്റെ വശത്ത് നാല്‍പ്പതു രൂപ എന്നെഴുതി.ചീട്ടു തിരിച്ചു തന്നിട്ട് ഞങ്ങളോട് പറഞ്ഞു, പേടിക്കാന്‍ ഒന്നുമില്ല ഇപ്പൊ വന്നത് നന്നായി, അല്ലേല്‍ തൊണ്ട ഓപ്പറേഷന്‍ നടത്തേണ്ടി വന്നേനെ എന്ന്. ക്ലിനിക്കില്‍ പോയി ഗുളികയും വാങ്ങി ഇന്‍ജക്ഷനും എടുത്തു പോകൂ എന്നും പറഞ്ഞു.



ചീട്ടു എടുത്തതും കൂട്ടി നാല്‍പ്പത്തി രണ്ടു രൂപ എന്നത് കേട്ടതും രതീഷിന്റെ കാറ്റ് പോയി.ഇന്‍ജക്ഷന്‍ എടുത്താല്‍ മുള്ള് പോകുമോ എന്ന സാമാന്യ ചിന്തയില്‍ ഞങ്ങള്‍ ക്ലിനിക്കില്‍ പോകാതെ അടുത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍ പോയി..അവിടുത്തെ ചേട്ടനോട് എന്തിനുള്ള ഗുളികയാ എന്ന് ചോദിച്ചപോ വിറ്റാമിന്‍ ഗുളികയാണ് എന്ന് പറഞ്ഞു.ഡോക്ട്ടര്‍ നല്ല പണി തന്നു എന്ന് അപ്പോള്‍ മനസ്സിലായി.അപ്പൊ തന്നെ ചീട്ടു കീറി കളയുവേം തിരിച്ചു ഡോക്ട്ടരിന്റെ വീട്ടില്‍ ചെന്ന് അങ്ങേരുടെ സ്കൂട്ടറിന്റെ കാറ്റ് കുത്തി വിട്ടു. തിരിച്ചു വരുന്ന വഴി ഡോക്റ്ററുടെ പേരും ഡിഗ്രിയും എഴുതിയ കൂട്ടത്തില്‍ ബ്രാക്കറ്റില്‍ പൊട്ടന്‍ എന്ന് കൂടി ചോക്കും കൊണ്ട് എഴുതിയപ്പോ രതീഷിനു സമാധാനം ആയി. പിന്നെ നേരെ സ്കൂളിന്റെ അടുത്തുള്ള പൊട്ടി പൊളിഞ്ഞു കിടക്കുന്ന സെപ്റ്റിക് ടാങ്കിന്റെ അടുത്ത് പോയി രണ്ടു പ്രാവശ്യംഓക്കാനിച്ചപ്പോള്‍ മുള്ള് വെളിയില്‍ വന്നു.രതീഷിന്റെ ശബ്ദം തിരികെ കിട്ടി. ബാബുവിന്റെ നായക സ്വപ്നം പൊലിഞ്ഞു.


സ്കൂളിലെ പ്യുണ്‍ ഔസേപ്പ് ചേട്ടന്‍ ആയിരുന്നു മേക്കപ്പ്.ആളാം വീതം മൂന്നു രൂപ വേണം എന്ന് പറഞ്ഞു.ഞങ്ങള്‍ രണ്ടു രൂപ വീതം തരാം എന്നായി .അപ്പോള്‍ മീശ മാത്രമേ ഉണ്ടാവൂ, താടി ഉണ്ടാവില്ല എന്ന് ഔസേപ്പ് ചേട്ടന്‍ പറഞ്ഞു. മുടിയാന്‍ എന്നും പറഞ്ഞു അവസാനം മൂന്നു രൂപ കൊടുത്തപ്പോള്‍ ഔസേപ്പ് ചേട്ടന്‍ താടിയും മീശയും വെച്ച് തന്നു. നാല് ടീം ആയിരുന്നു മത്സരത്തില്‍.ജയിക്കുന്ന രണ്ടെണ്ണം ജില്ല കലോത്സവത്തില്‍ പോകും.





രാജുവിന്റെ അന്വേഷിച്ചു വരുന്ന പോലീസ്കാരന്‍ രാജു എവിടെ എന്ന് ചോദിക്കുമ്പോള്‍ വിറച്ചു കൊണ്ട് ഉത്തരം പറയുന്ന ഒരു കമ്പോണ്ടര്‍ ആയിട്ടായിരുന്നു ഞാന്‍. കര്‍ട്ടന്‍ പൊങ്ങുമ്പോള്‍ ഞാന്‍ മേശ തുടച്ചു നില്‍ക്കും.വെപ്രാളത്തില്‍ ഞാന്‍ സ്റെജിനു തിരിഞ്ഞു ആണ് മേശ തുടച്ചത്‌.കാണികളെ കണ്ടപ്പോള്‍ വിറയല്‍ആവശ്യത്തിലും കൂടുതല്‍ വന്നു.സീനത്തും നാടകം കാണാന്‍ ഉണ്ടായിരുന്നകൊണ്ട് ബാബു കെ.പി വില്ലനായി തകര്‍ത്തു അഭിനയിച്ചു.രതീഷും ഗംഭീരമായി അഭിനയിച്ചു.






ഫലം വന്നപ്പോള്‍ ഞങ്ങള്‍ നാലാം സ്ഥാനത്. രതീഷ്‌ രണ്ടു ദിവസം എന്നോട് മിണ്ടിയില്ല.ഞാന്‍ സ്റെജില്‍ പിന്‍ ഭാഗം കാട്ടി നിന്നിലാരുന്നേല്‍ ഒന്നാം സമ്മാനം കിട്ടിയേനെ എന്ന് അവന്‍ പറഞ്ഞു. ഇടയ്ക്കിടയ്ക്ക് അവന്‍ എന്നോട് ഈ കാര്യം പറഞ്ഞു വഴക്കുണ്ടാക്കും..നീ എന്നെ പോലെ തിരിഞ്ഞു നിന്നില്ലല്ലോ..എങ്കി പിന്നെ എന്തെ ബെസ്റ്റ് ആക്ടര്‍ ആയി നിന്നെ തിരഞ്ഞെടുക്കാഞ്ഞത്‌ എന്ന് ഞാന്‍ തിരിച്ചടിക്കും.പത്താം ക്ലാസ് കഴിഞ്ഞു ഓരോരുത്തരും ഓരോ വഴിക്കായി..കാണുമ്പോള്‍ എല്ലാം രതീഷ്‌ ഈ കാര്യംഓര്‍പ്പിക്കും."അന്ന് നീ ആ പണി ചെയ്തില്ലാരുന്നേല്‍"."പിന്നെ നീ വലിയ നടന്‍ ആയി ഓസ്കാര്‍ മേടിച്ചേനെ..ഒന്ന് പോടാ "എന്ന് ഞാന്‍ പറയും.


പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ രതീഷിന്റെ വീട്ടില്‍ കല്യാണം വിളിക്കാന്‍ ചെന്നു.രതീഷിനു ജോലി ബാങ്കില്‍ .കല്യാണം വിളി ഒക്കെ കഴിഞ്ഞു പഴയ സുഹൃത്തുക്കളെ പറ്റി സംസാരിച്ചിരിക്കുമ്പോള്‍ രതീഷ്‌ വിഷമത്തോടെ വീണ്ടുംപറഞ്ഞു. "അന്ന് നാടകത്തിനു സമ്മാനം കിട്ടിയിരുന്നേല്‍"..


"ഹോ.മലയാളത്തിനു ഒരു മഹാ നടനെ നഷ്ട്ടപ്പെട്ടു. ഒന്ന് പോടെ,വര്‍ഷം പതിനെഴായി.എന്നിട്ടും പഴയ ഒന്‍പതാം ക്ലാസിലെ നാടക കഥ ഓര്‍ത്തോണ്ടിരിക്കുവാ".എന്ന് ഞാന്‍ പറഞ്ഞു.."ആര്‍ക്കറിയാം.ചിലപ്പോള്‍ എന്‍റെ ജീവിതം തന്നെ മാറിപ്പോയേനെ" എന്ന് രതീഷ്‌ .


'പ്രേക്ഷകര്‍ രക്ഷപെട്ടു" എന്ന് ഞാന്‍ പതിയെ പറഞ്ഞത് രതീഷിന്റെ അച്ഛന്‍ കേട്ടതിനാലാണോ ആ മുഖത്ത് ഒരു ചെറു പുഞ്ചിരി വിരിഞ്ഞത് ?

Nov 8, 2010

മരിക്കാത്ത ഓര്‍മ്മകള്‍.(നടന്‍ ജയനെ പറ്റി ഒരു ഓര്‍മ്മക്കുറിപ്പ്‌ ) .

വീണ്ടും ഒരു നവംബര്‍ പതിനാറു കൂടി.അനശ്വരനായ നടന്‍ ജയന്റെ മുപ്പതാം ചരമ വാര്‍ഷികം.. ഒരു താരത്തിന്റെ മരണത്തിനു ശേഷം മുപ്പതു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആ ഓര്‍മ്മകള്‍ ആരാധകരുടെ ഉള്ളില്‍ നിലനില്‍കുന്നു എന്നത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ താരം എന്ന പദവിക്ക് എന്ത് കൊണ്ടും അര്‍ഹന്‍ ആയിരുന്നു ജയന്‍.


എന്റെ തലമുരയിലുള്ളവര്‍ക്ക് കരുത്തിന്റെ പര്യായം ജയന്‍ ആയിരുന്നു . പുതിയ തലമുറക്ക്‌ അതി ഭാവുകത്വം തോന്നിയേക്കാമെങ്കിലും ഒരു കാലഖട്ടത്തിലെ നായക സങ്കല്പം എന്നാല്‍ ജയന്‍ ആയിരുന്നു എന്നതില്‍ തര്‍ക്കമില്ല. വയറ്റുപിഴപ്പിനു മിമിക്രിക്കാര്‍ അദ്ദേഹത്തെ ഒരു കോമാളിയായി അവതരിപ്പിക്കുനുവെങ്കിലും അദേഹത്തിന്റെ ആരാധകര്‍ക്ക് എന്നും നീറുന്ന ഒരു ഓര്‍മ്മയിരിക്കും.യഥാര്‍ത്ഥത്തില്‍ മിമിക്രിക്കാര്‍ അനുകരിക്കുന്നപോലെ ഒരു സംസാര രീതി ജയനുണ്ടായിരുന്നു എന്ന് തോന്നുന്നില്ല .അദേഹത്തിന്റെ മരണ ശേഷം ഇറങ്ങിയ പല ചിത്രങ്ങളിലും അദേഹത്തിനുവേണ്ടി ഡബ് ചെയ്ത നടനും സംവിധായകനുമായ വ്യക്തി തന്നെ ഒരു അഭിമുഖത്തില്‍ അങ്ങനെ പറയുകയുണ്ടായി.

മലയാള സിനിമയുടെ നായക സങ്കല്പങ്ങളെ മാറ്റി മറിച്ച ജയന്റെ പല ചിത്രങ്ങളിലും അഭിനയത്തിന്റെ മാറ്റുരക്കുന്ന കഥാപാത്രങ്ങളും ഇടക്കൊക്കെ കടന്നു വന്നു . ഒരു വില്ലനില്‍ നിന്നും നായകനിലെക്കും അവിടെ നിന്നും ഒരു മികച്ച സ്വഭാവനടനിലെക്കുമുള്ള സ്വാഭാവിക പരിണാമ ചക്രത്തില്‍ ആയിരുന്നു ജയന്‍..


കളക്ഷന്‍ റിക്കാര്‍ഡുകള്‍ മറികടന്ന എത്രയോ ചിത്രങ്ങള്‍.സാഹസിക ചിത്രങ്ങളായിരുന്നു ഏറെയും...ജയനില്‍ നിന്നും ആസ്വാദകര്‍ പ്രതീക്ഷിചിരുന്നതും അത്തരം ചിത്രങ്ങള്‍ തന്നെയായിരുന്നു എന്നതാണ് സത്യം.ആ സാഹസികത തന്നെ അദ്ദേഹത്തിന്റെ ജീവന്‍ തട്ടിയെടുക്കുകയും ചെയ്തു.

ജയന്‍ ചിത്രങ്ങള്‍ വീണ്ടും വീണ്ടും ടെലിവിഷനില്‍ വരുമ്പോള്‍ ഉറപ്പായും കാണുന്ന ഒരുആരാധക വൃന്ദം ഇപ്പോഴും ഉണ്ട്..മണ്മറഞ്ഞു മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഈ മനുഷ്യന്‍ തന്റെ ആരാധകര്‍ക്ക് എത്ര പ്രിയപ്പെട്ടവന്‍ ആയിരിക്കുന്നു എന്നത് തന്നെ ഒരു വലിയ കാര്യമല്ലേ.

അകാലത്തില്‍ പോലിഞ്ഞ ആ താരത്തിനു ആദരാഞ്ജലികള്‍ ..