Oct 7, 2010

ജീവിതത്തില്‍ നിന്നും മരണത്തിലേക്ക് ഉള്ള ദൂരം

കാലത്തേ ഓഫീസിലേക്ക് വരും വഴി ആണ് , രക്ത സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്നു മുനവര്‍ ‍ആശുപത്രിയില്‍ ആണ് എന്ന് അറിഞ്ഞത്...മുനവരിന്റെ ലീവ് സാലരിക്കും ടിക്കറ്റിനും വേണ്ടി ഇന്നലെ കൂടി വിളിച്ചു അന്വേഷിച്ചിരുന്നു... നാട്ടില്‍ പോകുന്നതിന്റെ ആഹ്ലാദത്തില്‍ തന്നെ ആയിരുന്നു മുനവര്‍ .


കാഴ്ചയില്‍ യാതൊരു രോഗ ലക്ഷണങ്ങളും അയാളില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല.. ഏകദേശം പത്തു വര്‍ഷമായി മുനവരിനെ എനിക്ക് അറിയാമായിരുന്നു..ഞാന്‍ കമ്പനിയില്‍ ജോയിന്‍ ചെയ്ത ദിവസം ആദ്യമായി കണ്ട മുഖങ്ങളില്‍ ഒന്നായിരുന്നു മുനവര്‍... ഫ്രഞ്ച് താടി ഒക്കെ വെച്ച് ഓഫ്സിലേക്ക് കയറി വന്ന അയാളോട് ശുഭദിനം ആശംസിച്ചപ്പോള്‍ സത്യമായിട്ടും ഞാന്‍ അയാള്‍ അവിടുത്തെ ടീ ബോയ്‌ ആണെന്ന് കരുതിയില്ല.. പിന്നെ കുറച്ചു സമയത്തിന് ശേഷം ചായയുമായി വന്നപ്പോള്‍ മാത്രമാണ് ആളെ മനസിലായത്....കടിനാധ്വാനി ആയിരുന്നു മുനവര്‍...പതിയെ അയാള്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് കടന്നു...നല്ല ആകാരഭംഗിയും ആകര്‍ഷകമായി പെരുമാറാനുള്ള കഴിവും പിന്നെ അറബി സംസാരിക്കാനുള്ള കഴിവും.....അതായിരുന്നു അയാളുടെ മുതല്‍ക്കൂട്ട്..


എന്റെ കാബിനിലെ ഫാമിലി ഫോട്ടോ കാണുമ്പോഴൊക്കെ മുനവര്‍ പറയുമായിരുന്നു...തന്റെ ജാസ്മിനെ പറ്റി...അബ്ബായെ തിരിച്ചുപോകാന്‍ സമ്മതിക്കാത്ത കുസൃതിക്കാരിയെപ്പറ്റി.....അപ്പോള്‍ ഞാന്‍ കളിയായി ചോദിക്കും...ജാസ്മിനാണോ ജമീല ആണോ തിരിച്ചുപോകാന്‍ സമ്മതിക്കാത്തത് എന്ന്.....മുനവര്‍ വെറുതെ ചിരിക്കും....വീണ്ടും മാസങ്ങള്‍ എത്ര ബാകി ഉണ്ട് എന്ന് പറയും.


ആശുപത്രിയില്‍ നിന്ന് വന്ന ഡ്രൈവര്‍ പറഞ്ഞത് അത്ര നല്ല വാര്‍ത്ത ആയിരുന്നില്ല...... മുനവറിനെ ഐ സി യുവില്‍ ആക്കിയത്രേ...ആശുപത്രിയില്‍ ചെന്നപോഴേക്കും അയാളുടെ സ്ഥിതി വഷളായി എന്നും അബോധാവസ്ഥയില്‍ ആയിരുന്നു വണ്ടിയില്‍ നിന്നും ഇറക്കിയത് എന്നും അയാള്‍ പറഞ്ഞു...രണ്ടു ദിവസത്തിന് ശേഷമേ എന്തെകിലും പറയാന്‍ പറ്റു എന്ന് ഡോക്ടര്‍ പറഞ്ഞു എന്ന് കേട്ടപോള്‍ സത്യത്തില്‍ വിഷമം തോന്നി...ഇതാണ് ഗള്‍ഫ് ജീവിതം...ഇന്ന് കാണുന്നവനെ നാളെ കാണുന്നില്ല..... അത്യാഹിതങ്ങള്‍ക്ക് കാലവും സമയവും ഇല്ല....ഒരാഴ്ചക്ക് ശേഷവും മുനവരിനെ കാണാന്‍ പോകഞ്ഞതില്‍ എനിക്ക് കുറ്റബോധം തോന്നി തുടങ്ങിയിരുന്നു....


പത്തു വര്‍ഷമായി പരിചയം ഉണടയിട്ടും ഇങ്ങനത്തെ അവസ്ഥയില്‍ ഒന്ന് പോയി കാണാന്‍ സാധിക്കാത്തതില്‍ ഞാന്‍ എന്നെ തന്നെ പഴിച്ചു...അത്ര മാത്രം തിരക്കായിരുന്നു എന്നതായിരുന്നു വാസ്തവം...കമ്പനി ഡ്രൈവര്‍ മാത്രമായിരുന്നു ഒന്നോ രണ്ടോ തവണ കാണാന്‍ പോയത്...സഹതാപ വാക്കുകള്‍ പറയാന്‍ എന്നാല്‍ എല്ലാവരും ഉണ്ടായിരുന്നു.. മുനവരിന്റെ സഹോദരന്‍ എല്ലാ ദിവസവും വൈകുന്നേരം ആശുപത്രിയില്‍ ചെല്ലും എന്ന് കമ്പനി ഡ്രൈവര്‍ പറഞ്ഞു....നാട്ടില്‍ വിവരം അറിയിച്ചു എന്നും വെന്റിലെട്ടരിന്റെ സഹായത്താല്‍ ആണ് ഇപ്പോഴും ജീവന്‍ നിലനില്‍ക്കുന്നതെന്നും അയാള്‍ പറഞ്ഞു..ഇനി ഒന്നും ചെയ്യാനില്ല എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു എന്നും കൂടി അയാള്‍ പറഞ്ഞപോള്‍ ഞാന്‍ ഒരിക്കല്‍ കൂടി ജാസ്മിനെ ഓര്‍ത്തു..... മുനവരിന്റെ സൂപ്പര്‍ വൈസരുടെ ആശയം ആയിരുന്നു നാട്ടിലേക്കു കയട്ടിവിടുന്നതയിരിക്കും നല്ലത് എന്നത്..എന്നാല്‍ ഈ സ്ഥിതിയില്‍ നാട്ടിലേക്കു പോയിട്ട് എന്ത് എന്നുള്ള ചോദ്യത്തിന് ഒരു ഉത്തരം നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞില്ല... ഒരു ഭീമമായ തുക അതിലേക്കു വേണ്ടി വരും എങ്കിലും കമ്പനി അധികൃതര്‍ അതിനു സമ്മതിച്ചു...അതിനുള്ള കടലാസുകള്‍ വേഗം നീങ്ങി.....പക്ഷെ നാട്ടില്‍ നിന്നുള്ള പ്രതികരണം ഞങ്ങള്‍ ഒട്ടും പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ല...മുനവരിനെ കൊണ്ടുപോരണ്ട എന്നായിരുന്നു അവരുടെ നിലപാട് എന്ന് അറിഞ്ഞത് എനിക്ക് ഒട്ടും തന്നെ വിശ്വസിക്കാന്‍ സാധിച്ചില്ല........കാരണം ഞാന്‍ മുനവരില്‍ കൂടി കണ്ട ജാസ്മിന്റെയും ജമീലയുടെയും മുഖങ്ങള്‍ അങ്ങനെ പറയുന്നവര്‍ ആയിരുന്നില്ല....ചിലപ്പോള്‍ മുനവരിന്റെ ചികിത്സ ചെലവ് അവര്‍ക്ക് താങ്ങാന്‍ പറ്റാത്ത അവസ്ഥ ആയിരിക്കും.....അല്ലെകില്‍ മരണശേഷം ഇന്‍ഷുറന്‍സ് വകയില്‍ ലഭിച്ചേക്കാവുന്ന ഒരു തുക ആയിരിക്കാം ആശ എല്ലാം നശിച്ച ആ കുടുംബതെകൊണ്ട് അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്..


അന്ന് വൈകുന്നേരം ഓഫീസില്‍ ലേറ്റായി ഇരുന്നു ജോലി ചെയ്യവേ ആയിരുന്നു മുനവരിന്റെ ഫയല്‍ വീണ്ടും എന്റെ അടുത്ത് എത്തിയത്...മുനവര്‍ ആശുപത്രിയില്‍ ആയിട്ടു അന്ന് ഇരുപതു ദിവസം പിന്നിട്ടിരുന്നു....നാളെ എന്തായാലും പോയി കാണണം എന്ന് ഞാന്‍ ഉറപ്പിച്ചു... ഇനി ജീവനോടെ കാണാന്‍ പറ്റിയില്ലെങ്കിലോ ..അതോര്‍ത്തപ്പോള്‍ എന്തോ പോലെ....ഞാന്‍ ചെറുതായി വിയര്‍ക്കാന്‍ തുടങ്ങി എന്ന് എനിക്ക് തോന്നി...വായില്‍ വീണ്ടും വീണ്ടും ഉമിനീര് നിരയുന്നപോലെ...ഇടതു കൈക്ക് ചെറിയ വേദന ഉണ്ടോ..ഒരു സംശയം..എണീറ്റ്‌ നിന്നിട്ട് ഒരു ബലക്കുറവു പോലെ..എന്ത് ചെയ്യണം എന്ന് തോന്നുന്നില്ല...ആരെ വിളിക്കണം? ഞാന്‍ മരിക്കുക്കയാണോ ? അമ്മെ എന്ന് ഞാന്‍ വിളിച്ചോ? ..ഫോണ്‍ എടുത്തു കമ്പനിയില്‍ തന്നെ ഉള്ള മെയില്‍ നേഴ്സിനെ ഉടനെ വരാന്‍ വിളിച്ചത് നല്ല ഓര്‍മയുണ്ട്...അറിയാതെ ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് അപേക്ഷിക്കാന്‍ മറന്നില്ല....അമ്മയെ ഞാന്‍ ഓര്‍ത്തു....കുഞ്ഞുങ്ങളെയും....മനസ് എവിടെ ഒക്കെയോ എത്തി...മരണം ഭയം എനിക്ക് തോന്നിയില്ല....മെയില്‍ നേഴ്സ് ഉടനെ എത്തി...പ്രഷര്‍ ,ഷുഗര്‍ എല്ലാം നോക്കി....ബി .പി കൂടിയിരിക്കുന്നു..പ്രവാസ ജീവിതത്തിന്റെ സംബദ്യങ്ങളിലേക്ക് ഒന്ന് കൂടി...രോഗങ്ങള്‍.. .എന്തോ മരുന്ന് നല്‍കി...പതിനഞ്ചു നിമിഷങ്ങള്‍ക്ക് ശേഷം വീണ്ടും നോക്കിയപോള്‍ പ്രഷര്‍ കുറഞ്ഞിരിക്കുന്നു...സ്‌ട്രെസ് ആയിരിക്കും എന്ന് അയാള്‍ പറഞ്ഞു...പേടിക്കാന്‍ ഒന്നും ഇല്ല എന്നും..വേണമെകില്‍ ആശുപത്രിയില്‍ പോയി ഇ സി ജി എടുക്കാം എന്ന് അയാള്‍ പറഞ്ഞു..അരമണിക്കൂര്‍ നോക്കിയിട്ട് പോകാമെന്ന് ഞാന്‍ പറഞ്ഞു അരമണിക്കൂര്‍ കഴിഞ്ഞു വീണ്ടും ചില മരുന്നുകള്‍ കൂടി...പിന്നെ എല്ലാം ശാന്തം..വണ്ടി കമ്പനിയില്‍ തന്നെ ഇട്ടു ഞാന്‍ ഒരു ടാക്സിയില്‍ വീട്ടില്‍ എത്തി..വീട്ടില്‍ ഒന്നും പറയണ്ട എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു...അടുത്ത ദിവസം തന്നെ മുനവറിനെ പോയി കാണണമെന്നും..

പതിന്നാലാം വാര്‍ഡില്‍ ആയിരുന്നു മുനവര്‍..... കാണാന്‍ ചെന്നപോള്‍ മുനവര്‍ ഒരു വശത്തേക്ക് തല ചരിച്ചു കിടക്കുകയായിര്‍ന്നു...മൂക്കിലും തൊണ്ടയിലും ട്യുബുകള്‍ ഇട്ടിരുന്നു...ഹൃദയഭാഗത്തുനിന്നും മറ്റു ചില വയറുകള്‍ ഒരു മോനിടരില്‍ ഖടിപ്പിച്ചിരുന്നു .... മുനവര്‍ എന്നെ ഒന്ന് നോക്കി..ഞാന്‍ വിളിച്ചു...മുന്വര്‍ഭായ് ..പെഹചാന ? മുനവര്‍ എന്നെ തന്നെ കുറെ നേരം നോക്കി കിടന്നു...ഒരു കാല്‍ അല്പം ഒന്ന് ഇളക്കി..എന്നെ മനസ്സിലയതാണോ ഞാന്‍


വീണ്ടുംചോദിച്ചു..പെഹചാനഭായ്സാബ്?മുനവര്‍കണ്ണടച്ച്തുറന്നു.. ...മനസിലായെന്നോ..ഇല്ലെന്നോ... പഴയ മുനവരിന്റെ ഒരു നിഴല്‍ ആയിരുന്നു അവിടെ ഞാന്‍ കണ്ടത്...മുടി ചെറുതായി നരച്ചിരുന്നു...ഒരു കണ്ണ് പകുതി അടഞ്ഞിരുന്നു......ദയനീയമായ ഒരു ഭാവം ഞാന്‍ ആ മുഖത്ത് വായിച്ചു..എന്നും ക്ലീന്‍ ഷേവ് ചെയ്തു ഫുള്‍ സ്ലീവ് ഷര്‍ട്ട്‌ ധരിച്ച ആ ചുറു ചുറുക്കുള്ള മനുഷ്യന്‍ എവിടെ..മരണം വാതില്‍ക്കല്‍ വന്നു കാത്തു കിടക്കുന്ന ഈ മനുഷ്യന്‍ എവിടെ..


ആ ദയനീയ നോട്ടം അധികനേരം താങ്ങാന്‍ എനിക്ക് സാധിച്ചില്ല...യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍ ഇനിയും കാണാം എന്ന് പറയാന്‍ ഞാന്‍ മറന്നില്ല..

മുനവരിന്റെ നാടിലേക്ക് ഇനി സ്ട്രെചെര്‍ കൊണ്ടുപോകാന്‍ കൊണ്ടുപോകാന്‍ ഉള്ള ടിക്കറ്റ് പതിനഞ്ചു ദിവസങ്ങള്‍ക്കു ശേഷം മാത്രമേഉള്ളു എന്ന് ട്രാവല്‍ എജെന്‍സിയില്‍ നിന്നും വിളിച്ചറിയിച്ചപ്പോള്‍ ഞാന്‍ ഒന്നോര്‍ത്തു...ജീവിതത്തില്‍ നിന്നും മരണത്തിലേക്ക് ഉള്ള ദൂരം എത്രയാണ് ?