Showing posts with label ഓര്‍മ്മ. Show all posts
Showing posts with label ഓര്‍മ്മ. Show all posts

Sep 25, 2014

വിപിൻദാസ് വറുഗീസ്!

പ്രീഡിഗ്രി ക്ലാസുകൾ  തുടങ്ങിയിട്ട്   രണ്ടോ   മൂന്നോ  ദിവസം മാത്രം   .കറുകച്ചാലുകാരനായ  വറുഗീസ് ആയിരുന്നു ക്ലാസ്സിൽ  താരം.
 
 
വറുഗീസ് ഞങ്ങൾ എല്ലാരെക്കാൾ  പ്രായം കൂടി    കട്ടി മീശയും ഒക്കെ ഉള്ള  ഒരാൾ  ആയിരുന്നുപത്താംക്ലാസ് കഴിഞ്ഞു  കുറച്ചുനാൾ,  സിനിമയിൽ  ക്യാമറാമാൻ ആയ   വിപിൻദാസിന്റെ  അസിസ്റ്റന്റ്‌ ആയിരുന്നു എന്നതായിരുന്നു,ക്ലാസിൽ വറുഗീസിനെ താരമാക്കിയത്.സ്ലോമോഷൻ എടുക്കുമ്പോൾ, ഫിലിം പതുക്കെ ഓടുമോ,ഡബിൾ റോൾ  എടുക്കുന്നത് എങ്ങനെ     തുടങ്ങിയ സാങ്കേതിക   ചോദ്യങ്ങൾ ഉൾപ്പെടെ  ഉണ്ണിമേരിക്ക് ശരിക്കും അത്ര സൌ ന്ദര്യമുണ്ടോ?ശങ്കരാടി എന്താണ് കല്യാണം കഴിക്കാത്തത്? ജയന്റെ ഒഴിഞ്ഞ സിംഹാസനത്തിൽ ഭീമൻരഘു കയറി ഇരിക്കുമോ, എന്നുവരെയുള്ള  ങ്ങളുടെ നിഷ്ക്കളങ്കമായ സംശയങ്ങൾ,തന്റെ നീണ്ട മുടി പുറകോട്ടു വലിച്ചു വെച്ച് വറുഗീസ്  തീർത്തുപോന്നു.നാന,സിനിമാ മാസിക  എന്നീ പ്രസിദ്ധീകരണങ്ങൾ  ആദ്യമായി  കാണുന്നതും വറുഗീസിലൂടെ ആയിരുന്നു .ഇടക്കൊക്കെ രണ്ടു കൈകളും ഏതാണ്ട്"എൽ"ഷേപ്പിൽ ഒക്കെ കൂട്ടിവെച്ച് വറുഗീസ് ഞങ്ങളെ  നോക്കും.വറുഗീസിനെ ഞങ്ങൾ സ്നേഹപൂർവ്വം "വിപിൻദാസ് വറുഗീസ് "എന്ന്  വിളിച്ചു .
 

അങ്ങനെ   ഇരിക്കവേയാണ്  പുതുതായി  ഏഴുപേർ വന്നത്.അടുത്ത്  തന്നെയുള്ള സെമിനാരിയിൽ അച്ചൻ പട്ടത്തിനു  ചേർന്ന  ഏഴു ബ്രദേർസ്.ഇവർ മറ്റുള്ളവരോട്  മിണ്ടാൻ  താൽപര്യം  കാട്ടിയില്ല. വിപിദാസിന്റെ  അസിസ്സ്റ്റന്റ് ആണെന്നൊക്കെ വറുഗീസ്  പറഞ്ഞിട്ടും   ആർക്കും   ഒരു  മൈൻഡ് ഇല്ല.പോരാഞ്ഞിട്ട്  കൂട്ടത്തിൽ സുന്ദരനായ ജോണിക്കുട്ടി അച്ചൻ  ആരാണീ വിപിദാസ്  എന്ന് ചോദിക്കുക കൂടി ചെയ്തപ്പോൾ  വറുഗീസ് തകർന്നു  പോയി.
 
 
അച്ചന്മാർ  തമ്മിൽ  തമ്മിൽ  എപ്പോഴും  ഇംഗ്ലീഷിൽ സംസാരിക്കും.ഇംഗ്ലീഷ്മാത്രമേ സെമിനാരിയിൽ സം  സാരിക്കാൻ  അനുവാദമുള്ളത്രെ.മലയാളം മീഡിയത്തിൽ നിന്നും എങ്ങനെയോ പത്തു പാസായ,"യെസും നോയും"മാത്രം അറിയാവുന്ന ഞങ്ങളൊക്കെ അച്ചമ്മാരുടെ "യാ  യാ" കേട്ട്  വാ പൊളിച്ചു.വീട്ടുകാർ എങ്ങാനും  അച്ചൻ  പട്ടത്തിനു വിട്ടിരുന്നേൽ "യാ  യാ"ക്ക് പകരം"അയ്യോ"എന്ന് പറയേണ്ടി വന്നേനെ   എന്ന് തോമസ്‌ കുരിയൻ പറഞ്ഞു.  


 
പതുക്കെപ്പതുക്കെ  ജോണിക്കുട്ടി  അച്ചൻ   നമ്മുടെ കൂടെ  കൂടാൻ  തുടങ്ങി.ഒരുദിവസം  ജോണിക്കുട്ടി ആ  ഞെട്ടിക്കുന്ന രഹസ്യം  വറുഗീസിനോട് പറഞ്ഞു. വീട്ടുകാരുടെ  നേർച്ച  കാരണമാണത്രേ സെമിനാരിയിൽ ചേർന്നത്‌.വലുതാകുമ്പോൾ എസ്.ഐ ആകണമെന്നും,വഴിയരുകിലെ  കലുങ്കിൽ ഇരിക്കുന്ന പൂവാലമാരെ  ജീപ്പിൽ    വന്നു ചവിട്ടണമെന്നും  ആയിരുന്നു   ആഗ്രഹം  എന്ന് പറഞ്ഞു  ജോണിക്കുട്ടി  കരഞ്ഞു.വറുഗീസിന്റെ സിനിമാ പൂളുകൾ  ഒക്കെ  കേൾക്കാൻ  താല്പര്യപ്പെടാനും,മറ്റു  അച്ചന്മാരെ ഒളിച്ചു സിഗരട്ട് വലിക്കാനും ജോണിക്കുട്ടി തുടങ്ങി.ജോണിക്കുട്ടിക്ക് ഞങ്ങൾ സ്നേഹപൂർവ്വം  ഒരു പേര് നല്കി..കന്നുകാലിയച്ചൻ!
 
ജോണിക്കുട്ടി   ക്ലാസുകൾ  ബങ്ക്  ചെയ്യാൻ തുടങ്ങി.എന്നും  എക്കണോമിക്സ്   ക്ലാസിന്റെ സമയത്ത്  അമ്പലത്തിന്റെ  ആൽത്തറയിൽ  വറുഗീ സുമൊത്ത്  പോയിരിക്കും.താല്പര്യം  ഉണ്ടെങ്കിൽ സിനിമയിൽ  അഭിനയിപ്പിക്കാം  എന്ന്  വറുഗീസ് വാക്കുകൊടുത്തു.കെ.ജി. ജോര്ജ്  യവനികയിലേക്ക് പുതുമുഖങ്ങളെ   തേടുന്നുണ്ടത്രേ!വിപിൻദാസ് ആണല്ലോ  കൂടെ  ഉള്ളത്  !
 
 
 
മറ്റു  ബ്രദെർസ്  ജോണിക്കുട്ടിയോട് മിണ്ടാതായി.ജോണിക്കുട്ടി  പൂർവാധികം ധൈര്യവാനായി   അവരുടെ  മുന്നില്  വെച്ച്   തന്നെ പുക  വലിച്ചു   വളയം  വിടാനും,വറുഗീസ്  കൊണ്ടുവരുന്ന    സിനിമാമാസിക, നാന മുതലായ  ആഴ്ച്ചപ്പതിപ്പുകളിലെ  സെന്റർ സ്പ്രെഡ്  ഒക്കെ നോക്കാനും   തുടങ്ങി.ഇംഗ്ലീഷ്  ഒക്കെ  നിർത്തി അത്യാവശ്യം  തെറി  വാക്കുകൾ  ഒക്കെ  പഠിച്ചു. 
 
 
 
അങ്ങനെ  ഇരിക്കെ  മിഥുൻ  ചക്രവർത്തി അഭിനയിച്ച  ഡിസ്ക്കോ  ഡാൻസർ എന്ന ഹിന്ദി പടം കോട്ടയത്ത്‌ വന്നു. ഡിസ്ക്കോ ഡാൻസർ-ന്റെ വാർത്തകൾ  ഒക്കെ   നാനയിൽ വായിച്ചു ഞങ്ങൾ പോകാൻ  പ്ലാനിട്ടു.ബസ് കൂലിയും, വല്ലപ്പോഴും കഴിക്കാൻ   തരുന്ന പൈസയും  ഒക്കെ മിച്ചം  വെച്ച് വേണം ഒരു സിനിമയ്ക്ക് പോകാൻ.ക്ലാസ് ബങ്ക്  ചെയ്യുമെങ്കിലും,ജോണിക്കുട്ടി സിനിമക്കൊന്നും  പോയിരുന്നില്ല.കാരണം അച്ചനു കോട്ടയം അത്ര പരിചയമില്ല."എന്നെക്കൂടി സിനിമക്ക് കൊണ്ടുപോകാമോ"എന്ന് ജോണിക്കുട്ടി ചോദിച്ചപ്പോൾ വറുഗീസ് പറഞ്ഞു.ടിക്കറ്റുമെടുത്തു കാപ്പിയും  വാങ്ങി തന്നാൽ  കൊണ്ട്പോകാം എന്ന്.അച്ചന്റെ ചിലവിൽ    ഏറ്റവും  മുന്നിൽ ഇരുന്നു ഞങ്ങൾ സിനിമ  കണ്ടു.അതിനുശേഷം ആര്യഭവനിൽ നിന്നും കന്നുകാലി അച്ചൻ ഞങ്ങൾക്ക്  മസാലദോശ വാങ്ങി തന്നു.പിരിയാൻ നേരം  ഞങ്ങളെ കെട്ടിപ്പിടിച്ചു കരഞ്ഞു.നിങ്ങൾ ഒന്നും ഇല്ലായിരുന്നെങ്കിൽ ഇന്നത്തെപോലെ ഒരു  ദിവസം  എന്റെ  ജീവിതത്തിൽ ഉണ്ടാകുമായിരുന്നില്ല എന്നുപറഞ്ഞു നിർത്താതെ കരഞ്ഞപ്പോൾ ഞങ്ങൾക്കും   വിഷമം ആയി.

അപ്പോഴേക്കും ക്ലാസ്   കഴിഞ്ഞു  മറ്റു   അച്ചന്മാരും ബസ് സ്റ്റാൻഡിൽ  എത്തിയിരുന്നു.ജോണിക്കുട്ടി ധൈര്യപൂർവ്വം അവരോടു  പറഞ്ഞു   സിനിമക്ക് പോയി  എന്ന്.


പിറ്റേന്ന്  ജോണിക്കുട്ടി  വന്നില്ല.വല്ല   പനിയും ആയിരിക്കും എന്ന്  ഞങ്ങൾ  വിചാരിച്ചു. അതിന്റെ പിറ്റേന്നും കൂടി   വരാഞ്ഞപ്പോൾ വറുഗീസ്  മറ്റൊരച്ചനോട്  "ജോണിക്കുട്ടി   എവിടെ എന്ന്  ചോദിച്ചു".അച്ചൻ ദഹിപ്പിക്കുന്ന ഒരു  നോട്ടം നോക്കി.ജോണിക്കുട്ടി സെമിനാരി  വിട്ടു   വീട്ടില് പോയി  എന്ന  അച്ചന്റെ മറുപടി  സത്യത്തിൽ ഞങ്ങള്ക്ക്  ഒരു ഷോക്ക്  ആയിരുന്നു  .


പ്രീഡിഗ്രി  കഴിഞ്ഞു.വറുഗീസ്  തോറ്റു.മാർക്ക്   ലിസ്റ്റ് വാങ്ങാൻ  വന്നപ്പോൾ വറുഗീസ് പറഞ്ഞു. പൂനയിൽ  ഛായാഗ്രഹണം   പഠിക്കാൻ  പോകുന്നു എന്ന്.  

ഓരോ  സിനിമയും  കാണുമ്പോൾ  ഞാൻ നോക്കും.ഛായാഗ്രഹകൻ, അസിസ്റ്റന്റ്‌എന്നിങ്ങനെ എവിടെങ്കിലും വറുഗീസിന്റെ  പേരുണ്ടോ എന്ന്.


വർഷങ്ങൾ  കടന്നു  പോയി.അവിചാരിതമായി ഒരിക്കൽ വറുഗീസിനെ  ഒരു  സിനിമാ  തീയേറ്ററിൽ വെച്ച്  കണ്ടു മുട്ടി. ഞാൻ ചോദിച്ചു.ഈ പടത്തിന്റെ  ക്യാമറ വറുഗീസിന്റെയാ ?


തന്റെ  നീണ്ട മുടി  പുറകോട്ടു വലിച്ചു  വെച്ച് വറുഗീസ് പറഞ്ഞു."എന്റെ   പൊന്നു സഹോദരാ,ജീവിതത്തിൽ ഇന്നേവരെ ഞാൻ  ഒരു സിനിമാ  ക്യാമറപോലും     കണ്ടിട്ടില്ല" എന്ന് ! 
അപ്പോൾ   വിപിൻ ദാസ് ?പൂന ഫിലിം ഇൻസ്റ്റിട്ട്യുട്ട് ?

അത്   കേൾക്കാത്ത  മട്ടിൽ പണ്ടേപ്പോലെ  തന്നെ വറുഗീസ് പറഞ്ഞു."നീ ടിക്കറ്റ് എടുക്ക്.സിനിമ കഴിഞ്ഞു   കാപ്പിയും വാങ്ങിച്ചു   തരണം കേട്ടോ !"

ഞങ്ങൾ   കണ്ട  സിനിമയുടെ പേര് "  പറയാനും വയ്യ പറയാതിരിക്കാനും   വയ്യ " 

Aug 3, 2014

ഒരു അധ്യാപന പരീക്ഷണത്തിന്റെ കഥ

പി.ജി  ഒക്കെ  കഴിഞ്ഞു  റിസൾട്ട്  കാത്തു  നില്ക്കുന്ന കാലം.പ്രത്യേകിച്ച് പണിയൊന്നും  ഇല്ലാത്തതിനാൽ, ഒരേ തൂവൽ  പക്ഷികളായ ഞങ്ങൾ  നാല് പേര് കവലയിൽ  കാലത്തെ  കാപ്പികുടി  ഒക്കെ   കഴിഞ്ഞു  ഒത്തു കൂടും. കാലത്തെ   പിള്ളേരെ  ഒക്കെ  ബസ് കേറ്റി  വിടുക  എന്ന  ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റി കഴിഞ്ഞു   രണ്ടു   സൈക്കിളുകളിൽ ആയി  രണ്ടു കിലോമീറ്റർ    അകലെ  ഉള്ള   ക്ലബ്ബിൽ കാർപ്പൊവും  കാസ്പറോവും  ആകും. ഉച്ചക്ക് കൃത്യമായി  ഉണ്ണാൻ  വീട്ടിലെത്തും. ഊണ് കഴിഞ്ഞാൽ  വീണ്ടും ഇറങ്ങുകയായി. അപ്പോഴേക്കും  ക്ലബ്ബിൽ  ഇരുപത്തെട്ടു  കളിക്കാൻ   ആള് റെഡി  ആയിട്ടുണ്ടാവും. മണിക്കൂറുകളോളം കുണുക്ക്    വെച്ച്  വെച്ച്   വീട്ടില് എത്തിയാലും,ചെവിയിൽ  കുണുക്ക്   ഇരിക്കുന്നത് പോലെ  ഒരു തോന്നലുണ്ടാകും !

അങ്ങനെ  ഒരു  ദിവസം  കൂട്ടുകാരെ  കാത്തു നിൽക്കുമ്പോൾ   റോഡിനു എതിരുവശം   നിന്ന് ഒരാള്  ചിരിക്കുന്നു.ഞാൻ  തിരിച്ചും  ഒരു  ചിരി പാസാക്കുന്നു.കാമുകിയുടെ  പച്ചക്കൊടി   കിട്ടിയ കാമുകനെ മാതിരി അദ്ദേഹം  നേരെ  അടുത്തേക്ക്. വന്നയുടൻ   ഒരു  ചെറിയ  സംശയം ചോദിക്കുന്നു.പോസ്റ്റ്‌  ഗ്രാജുവേറ്റ് ആണല്ലേ ..ഞാൻ ഒരു  ചെറിയ പരുങ്ങലോടെ പറയുന്നു ..അത് വന്ത്...റിസൾട്ട് വന്നിട്ടില്ല. വന്നാലെ പറയാനൊക്കൂ (റിസൾട്ട് വരാൻ  എന്തിരിക്കുന്നു പൊട്ടും എന്നുറപ്പല്ലേ എന്ന് ഞാൻ മനസ്സില് പറഞ്ഞു ) അദ്ദേഹം  സ്വയം പരിചയപ്പെടുത്തി.  ഞാൻ സുധാകരൻ   ഡബിൾ  എം എ ആണ്.ഏറ്റുമാനൂര് ഒരു കോളേജ്  നടത്തുന്നു. ആട്ടെ...പഠിപ്പിക്കാൻ  കഴിയുമോ (സ്വന്തമായിട്ട് പഠിക്കാൻ കഴിവില്ല.പിന്നെയാ എന്ന് ഞാൻ ഞാൻ മനസ്സില് )അത് സാറേ...ഞാൻ ഇതേ വരെ ആരെയും...അത്  സാരമില്ല..നമുക്ക് ശരിയാക്കാം...പിന്നെ  മറ്റൊരു കാര്യം ഉണ്ട്. സാർ രണ്ടു വശത്തേക്കും നോക്കി ആ  വലിയ  രഹസ്യം പറഞ്ഞു...പിന്നെ  കോളേജ്  തുടങ്ങിയതെ ഉള്ളു...പിള്ളേരൊക്കെ  ആയി വരുന്നു. അതുകൊണ്ട്  ശമ്പളം  ഒന്നും  ഉടനെ പ്രതീക്ഷിക്കരുത് .(അത് ശരി...പഠിപ്പിക്കുന്നതും പോരാഞ്ഞിട്ട് വണ്ടിക്കൂലിയും കൈയീന്നു ).അന്ന് ഏറ്റുമാനൂർ   പോയി  വരാൻ  രണ്ടു രണ്ടര  രൂപ വേണം. അങ്ങോട്ട്‌  പൈസ ചിലവാക്കി വായിട്ടലക്കാൻ  പോകാൻ   തലയ്ക്കു വട്ടൊന്നുമില്ല എന്ന് പറയണം  എന്ന് തോന്നിയപ്പോൾ  സാർ  രണ്ടു കൈകളും   കൂട്ടി  പിടിച്ചു പറഞ്ഞു..."വരണം.ഞാൻ വണ്ടിക്കൂലി തരാം"  എന്ന് !

കാലത്തെ  തന്നെ  ഞാൻ കോളേജിൽ  ജോയിൻ ചെയ്തു. കോളേജ്  കെട്ടിടം ഒക്കെ അടിപൊളി.ഒരു  പലചരക്ക് കടയാണ് ലോകത്തിലെ  ആദ്യത്തെ  യൂനിവേർസിറ്റിയുടെ  പേരൊക്കെ  ഇട്ടു വെച്ചിരിക്കുന്നത്.രണ്ടു കടമുറികൾ.ഒരു ചായിപ്പിൽ ടീച്ചേർസ്  റൂം.അവിടെ പിന്നെ  ഞാനും സുധാകരൻ സാറും  മാത്രം   ഉള്ളത് കൊണ്ട് ആവശ്യത്തിനു ഇടം.കൊരിക്കുടിക്കാൻ   മുന്നില്  തന്നെ  ഇഷ്ട്ടം പോലെ വെള്ളമുള്ള പഞ്ചായത്ത് കിണർ.പത്താംക്ലാസ് തോറ്റിട്ട്    പഠിക്കുന്ന ഒരു ബാച്ച്.പിന്നെ രണ്ടു മൂന്ന് പിള്ളേർ  റ്റ്യുഷനും വരും.മൊത്തത്തിൽ  ഒരു ഒലവക്കോടൻ   യൂണിവേർസിറ്റി  സെറ്റപ്പ് !

ആദ്യത്തെ  ക്ലാസിൽ  എന്നെ  സുധാകരൻ  സാർ പരിചയപ്പെടുത്തി.ഇത് നിങ്ങളുടെ  പുതിയ  സാർ ആണ്.ഭയങ്കര  പഠിപ്പീരുകാരൻ  ആണ്.സാറിനെ കിട്ടിയത്  നിങ്ങളുടെ  ഭാഗ്യം..ഈത്തവണ  നിങ്ങൾ എല്ലാവരും  പാസാകും, നോക്കിക്കോ ! അടുത്ത മാസം ഒരു  ലേഡീ  ടീച്ചർ   കൂടി  ജോയിൻ  ചെയ്യും എന്ന് കൂടി കേട്ടപ്പോൾ  ആണ്‍ കുട്ടികൾ  കയ്യടിച്ചു. അത്ഭുതം കൂറിയ  എന്നെ നോക്കി സുധാകരൻ സാർ  " ഉം "  എന്ന പറയുന്ന മാതിരി  തലയാട്ടി !.   


പിള്ളേർ കോറസായി  ഗുഡ്മോര്നിംഗ് പറഞ്ഞു.ഞാൻ സാറായിചാർജെടുത്തു  .ആദ്യം ബോർഡിൽ   അന്നത്തെ ഡേറ്റ്  എഴുതി. പിന്നെ പിള്ളേരെ ആകെ  ഒന്ന്  നോക്കി...നാലാണും  മൂന്നു പെണ്ണും.  എന്റെ ഇരട്ടി വരും  ഓരോന്നും.പിന്നെ എനിക്കില്ലാത്ത ഒന്ന് കൂടുതലായി ആണ്‍ പിള്ളേർക്ക് ഉണ്ടായിരുന്നു.നല്ല  കട്ടി മീശ !പുസ്തകം പിടിച്ച  കൈ  ചെറുതായി വിറക്കുന്നുണ്ടോ എന്ന് ഒരു  സംശയം.എന്നാലും ഒന്നാം  ലോകമഹാ യുദ്ധത്തിന്റെ  കാരണങ്ങൾ  ഞാൻ  വെച്ച്  കാച്ചി. 

ഞാനുമായി  മുന്നാൾ  ഉണ്ടായിരുന്ന   രണ്ടു വിഷയങ്ങൾ -കണക്കും, ഹിന്ദിയും ( നമുക്കീ  ഹിന്ദി പടത്തിൽ  പറയുന്ന,ആജ്  മേരെ  പാസ്  ബംഗ്ലാ ഹേ , ഗാടി ഹേ , ബാങ്ക്  ബാലൻസ്   ഹേ , തുമാരെ  പാസ് ക്യാ ഹേ ...മേരെ പാസ്  മാ  ഹേ മാതിരി  ഹിന്ദി അല്ലെ  ഉള്ളു )  ഒഴിവാക്കി  തരണം   എന്ന് സുധാകരൻ സാറുമായി  കരാർ  ഉണ്ടായിരുന്നത് കൊണ്ട്,ഏതു  പോലീസുകാരനും പഠിപ്പിക്കാവുന്ന,മലയാളം,സോഷ്യൽ,ഹിസ്ടറി ഒക്കെ  ആയിരുന്നു പഠിപ്പീര്.അല്ലെങ്കിലും  മണ്ടന്മാർക്കു  പഠിക്കാൻ പറഞ്ഞിട്ടുള്ളതാണ്  ഹിസ്ടറി  എന്നാണല്ലോ വെപ്പ്.ഹിസ്ടറി  പഠിച്ചവർക്കറിയാം   അതിന്റെ  ബുദ്ധിമുട്ട് ! 

സാറിനു    രാഷ്ട്രീയ  പ്രവർത്തനം  ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് മിക്കവാറും വരാറില്ല.രണ്ടു  ദിവസം  കൊണ്ട്  പിള്ളേര്  കമ്പനി ആയി.അര മണിക്കൂർ കൂടുമ്പോൾ,പിള്ളേര്   വെള്ളം കുടിക്കാൻ പോകാൻ  ബ്രേക്ക്‌ ചോദിക്കും.എന്നാൽ  വെള്ളം  കുടിക്കാൻ പോകാതെ ഡസ്കിന് മുകളിൽ  കയറി   ഇരുന്നു പെണ്പിള്ളേരുമായി  അരിവറക്കുക എന്നതായിരുന്നു അവരുടെ  സ്ഥിരം കലാപരിപാടി.കാലത്തെ   ചെന്ന് കയറുമ്പോൾ ഓരോരുത്തർ പെണ്ണുങ്ങളുടെ  മടിയിൽ  തല  വെച്ച്   കിടക്കുന്ന അനന്തശയനം ടാബ്ലോ  ഒരു സ്ഥിരം കാഴ്ചയായിരുന്നു. ഇത് പറഞ്ഞപ്പോൾ  സാറോന്നു കണ്ണടച്ചേക്ക്   എന്ന സുധാകരൻ സാറിന്റെ ഉപദേശം  കേട്ട്   കണ്ണ്  തുറക്കാൻ മേലാത്ത സ്ഥിതിയായി.മറ്റൊരു  ദിവസം, മൂന്നു പെണ്ണുങ്ങളിൽ  അല്പ്പം ഫോർവേർഡ് ആയ രത്നമ്മ  "സാറിനു  ലൈൻ വല്ലതും  ഉണ്ടോ"  എന്ന് ചോദിച്ചത്  കേട്ട്   ഞാൻ ഞെട്ടി. എന്താ  പി. കെ ആറെ .നമ്മളൊക്കെ  ഇവിടെ തന്നെ  ഉണ്ട്  എന്ന്   പി കെ  രത്നമ്മയോടു പറഞ്ഞ മനോജ്‌കുമാറിനെ  ഒരു   ചോക്ക് കഷ്ണം  വെച്ച്  എറിഞ്ഞതിൽ പ്രതിഷേധിച്ചു,സാധാരണ ചെയ്യാറുള്ളത്  പോലെ   മനോജ്‌  എന്നെ സൈക്കിളിൽ  ബസ് സ്ടാണ്ടിൽ   കൊണ്ട്  വിട്ടില്ല  .



അങ്ങനെ  ഇരിക്കെ പാർലമെന്റ് ഇലക്ഷൻ പ്രഖ്യാപിച്ചു.കേരളത്തിൽ  നാലും മൂന്നും  ഏഴു പേര്  മാത്രമുള്ള ഒരു  ബോംബെ പാര്ട്ടിയുടെ സ്ഥാനാർഥി ആയി സുധാകരൻ സാർ.നാമനിര്ദേശം കൊടുത്തതിനു  ശേഷം  സാർ  പറഞ്ഞു. ഇനി ഇലക്ഷൻ  കഴിഞ്ഞേ  ക്ലാസ് ഉള്ളു.അമ്മായിഅച്ഛൻ ഇശ്ചിച്ചതും   മരുമകൻ കൊണ്ടുവന്നതും   ഓസീയാർ   എന്ന്  പറഞ്ഞ  മാതിരി  പിള്ളേര് ഹാപ്പി.. കാലത്തേ എല്ലാവരും  കോളേജിൽ  വരും. ഞങ്ങൾ  രണ്ടു "ലക്ച്ചർ"മാരും   നാല് ആണ്‍കുട്ടികളും കൂടി   പ്രചാരണത്തിന് ഇറങ്ങും.പെണ്‍പിള്ളേർ ഉച്ചവരെ സിനിമാക്കഥ പറഞ്ഞും,ശങ്കർ  അംബികയെ  കെട്ടുമോ എന്നതുപോലെയുള്ള   അന്താരാഷ്‌ട്ര  പ്രശ്നങ്ങൾ  ചർച്ച ചെയ്തും,പേൻ നോക്കിയും  ഇരുന്നിട്ട് വീട്ടില് പോകും.പിള്ളേരും ഞാനും   മാറി  മാറി മൈക്കിൽ കൂടി  വോട്ടു   അഭ്യർഥിക്കും. ചെറിയ  കവലകളിൽ നിർത്തി  പ്രൊഫസർ സുധാകരൻ ( അങ്ങനെ ആയിരുന്നു   പോസ്റർ  അടിച്ചിരുന്നത് )   ഒരു   പ്രസംഗം  നടത്തും. മിക്കവാറും  ആരും  ശ്രദ്ധിക്കില്ല. ചിലര് ചിരിക്കും.ഇടതു  വലതു  മുന്നണികളുടെ  സ്ഥാനാർഥികളോട്  മുട്ടാനുള്ള  ഏക്കം  ഇയാൾക്ക് ഉണ്ടോ    എന്ന്  പലരും  നേരിട്ട്  ചോദിച്ചാലും,  അവയൊക്കെ  ഒരു  ചെറു ചിരിയിൽ  ഒതുക്കി  സാർ  വോട്ടു  ചോദിക്കും  .പ്രസംഗം  കഴിഞ്ഞു ഞങ്ങൾ അവിടെ ഉള്ള  എല്ലാ  കടകളും കയറി തിരഞ്ഞെടുപ്പ്  ഫണ്ട് പിരിക്കും.  ചിലര്  അമ്പതു പൈസയോ, ഒരു  രൂപയോ തരും. ചിലര്  പോടാ കോപ്പേ, പണിയെടുത്തു  ജീവിക്ക്   എന്ന്  തന്നെ പറയും. പിരിവു  കഴിഞ്ഞു സാർ  ഞങ്ങള്ക്ക് വയറു  നിറച്ചു  ഫുഡ്‌  വാങ്ങി തരും.ബാക്കി മൈക്കുകാരനും  ജീപ്പുകാരനും  കൊടുക്കും. അങ്ങനെ ഏകദേശം രണ്ടാഴ്ച    കുശാൽ   ആയിരുന്നു.തിരഞ്ഞെടുപ്പ്  കഴിഞ്ഞ  ദിവസം  ഇനി വീണ്ടും പഠിക്കാൻ പറയുമല്ലോ   എന്നോർത്ത്കുട്ടികൾ   സെന്റി  ആയി. സുധാകരൻ സാർ  നല്ല ആത്മവിശ്വാസത്തിൽ   ആയിരുന്നു. ജയിക്കും  എന്ന് തന്നെ പറഞ്ഞു. പെട്ടി പൊട്ടിച്ചപ്പോൾ  ഇരുനൂറിൽ  താഴെ  വോട്ടേ  ഉണ്ടായിരുന്നുള്ളൂ .തിരഞ്ഞെടുപ്പിൽ തോൽവിയും ജയവും സാധാരണയാണ്, വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക്   വേണ്ടിയാണ് തിരഞ്ഞെടുപ്പ് എന്നീ  മഹദ്വചനങ്ങൾ  സാർ പറഞ്ഞു. ഇതേ വചനങ്ങൾ  പരീക്ഷ കഴിഞ്ഞും പറയേണ്ടി  വരും  എന്ന്  ഞാൻ ഓർത്തു.കോളേജിന്റെ  നാലുമാസത്തെ  വാടക  കുടിശ്ശിഖ  ഒന്നിച്ചു  കൊടുക്കാനായി  എന്നതായിരുന്നു   തിരഞ്ഞെടുപ്പിന്റെ  ബാക്കി  പത്രം. 



പരീക്ഷക്ക്‌  ഒരുമാസം  ബാക്കിയുള്ളപ്പോൾ എനിക്ക്    എറണാകുളത്തു ജോലി കിട്ടി.കോളേജിൽ പോയി  വിവരം  പറഞ്ഞപോൾ  സാറിനു നിരാശയായി.പരീക്ഷക്ക്  ഒരുമാസമല്ലേ ഇനിയുള്ളൂ എന്ന്  പറഞ്ഞു  ഞാൻ ആശ്വസിപ്പിച്ചു. വേറെ ജോലികിട്ടി  ഞാൻ  പോകുന്നു   എന്ന് പറഞ്ഞപ്പോൾ പി. കെ.രത്നമ്മ  കരഞ്ഞു.

ഇടക്കൊക്കെ  ഇതുവഴി  വരുമ്പോൾ  കയറണം എന്ന്  സാർ  പറഞ്ഞു. തിരഞ്ഞെടുപ്പിൽ  എന്റെ സേവനങ്ങളെ  സാർ  പുകഴ്ത്തി.ടൈ  കെട്ടുന്ന ജോലിയും  ട്രെയിനിങ്ങും  ഒക്കെ  ആയി എറണാകുളത്തു  രാജാപ്പാർട്ടു ജീവിതം നയിക്കവേ ,മൂന്നു നാല്  മാസത്തിനു  ശേഷം അവിചാരിതമായി   എനിക്കൊരു കാർഡ് കിട്ടി.പ്രൊഫസർ സുധാകരൻ സാറിന്റെ കല്യാണക്കുറി.

വധു  വളരെ  അടുത്തറിയാവുന്ന ഒരാളായിരുന്നു. പി കെ  രത്നമ്മ !

Jul 12, 2012

രായേഷ് കുമാര്‍ AKA മൈദാമൊയ്തു

അന്നൊരു ബസ് സമരം ആയിരുന്നു.കോളേജില്‍ നിന്നും നടന്നു വീട്ടിലേക്കു പോകുകയായിരുന്നു ഞാന്‍. ആന വണ്ടികള്‍ വല്ലപ്പോഴും ആളെ കുത്തി നിറച്ചു വന്നാലും നിര്‍ത്താതെ പോകും. പിന്നെ മണല്‍ കയറ്റി പോകുന്ന ലോറികള്‍ക്ക് ഒക്കെ ആണൊരു പ്രതീക്ഷ. അങ്ങനെ നടക്കുമ്പോഴാണ് പെട്ടെന്നൊരു ഫിയറ്റ് കാര്‍ വന്നു നിര്‍ത്തുന്നത്. നോക്കിയപ്പോള്‍ മൈദാ മൊയ്തു എന്ന് വട്ടപ്പേരുള്ള രായേഷ് കുമാര്‍(പഴയ കഥ ഇവിടെ വായിക്കാം )

കുറേക്കാലം മുന്‍പ് കോട്ടയത്ത്‌ നദിയമൊയ്തു അഭിനയിച്ച പടം ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു.ഒരുദിവസം ഞങ്ങള്‍ സുഹൃത്തുക്കള്‍ കുറേപ്പേര്‍ സംസാരിച്ചിരിക്കുമ്പോള്‍ രായേഷ് കുമാര്‍ പാഞ്ഞു വന്നിട്ട് പറഞ്ഞു." എടാ, ഞാനിന്നു മൈദാ മൊയ്തുവിനെ കണ്ടു എന്ന് " അന്നത്തോടെ മൈദാ മൊയ്തു എന്ന പട്ടത്തിനു രായേഷ്കുമാര്‍ അര്‍ഹനായി..


രായേഷ് ഐ.ടി.സി യില്‍ നിന്നും ഇലക്ട്രീഷന്‍ ഒക്കെ പാസായി കോട്ടയത്ത്‌ ഒരു കമ്പനിയില്‍ അപ്രന്റീസ് ആയി പോകുകയായിരുന്നു.അവിടുത്തെ മുതലാളിയുടെ വീട്ടില്‍ എന്തോ ചില്ലറ പണിക്കു വേണ്ടി പോകയായിരുന്നു അവന്.മുതലാളിയുടെ വീട് പുഴക്കക്കരെ. വേറെ ഒരു വഴിയിലൂടെ അവിടെ എത്തിയാല്‍ കടത്തു കടന്നു എനിക്ക് വീട്ടില്‍ എത്താം.നടക്കാതെ കഴിക്കാമല്ലോ എന്നോര്‍ത്ത് ഞാന്‍ രായേഷിന്റെ കൂടി കയറി. കാറില്‍ രായേഷും ഡ്രൈവറും പിന്നെ ഒരാളും കൂടി ഉണ്ടായിരുന്നു. മണി എന്നായിരുന്നു അവന്റെ പേര്. മെലിഞ്ഞു ഉണങ്ങി കണ്ണ് മാത്രം മിഴിച്ചിരിക്കുന്ന ഒരു പയ്യന്‍." മുതലാളീടെ വീട്ടിലൊന്നും പണിക്കു പോകാന്‍ നിനക്ക് പറ്റുകേലാന്നു പറഞ്ഞു കൂടെ "എന്ന് ചോദിച്ചു ഞാന്‍ രായെഷിന്റെ ഒന്ന് കുത്തി.



"എന്റെ പോന്നു മാനെ, ജീവിച്ചു പോട്ടെ. ദേ ഈയിരിക്കുന്ന മണിയുടെ സ്ഥാനത് ഞാന്‍ ആരുന്നേല്‍ ചുമ്മാ വീട്ടില്‍ ഇരുന്നേനെ. ഇവന്റെ അച്ഛന്‍ ലക്ഷ പ്രഭു. റബര്‍ തോട്ടം, മാസം പത്തുമൂവായിരം തേങ്ങ കിട്ടാനുണ്ട്..ഒറ്റ മകന്‍. നമ്മളെ പോലെ അപ്പാവി ആണോ "എന്നൊക്കെ രായേഷ് പറഞ്ഞു .ഞാന്‍ മണിയെ ഒന്ന് സൂക്ഷിച്ചു നോക്കി. നല്ല കറുപ്പ്നിറം, കണ്ണെഴുതാന്‍ പ്രത്യേകിച്ച് കണ്മഷി മേടിക്കേണ്ട ബുദ്ധിമുട്ട് പെങ്ങമ്മാര്‍ക്ക് ഉണ്ടാവില്ല. എല്ലൊക്കെ ആണെങ്കില്‍ ഓരോന്നായി എണ്ണി എടുക്കാം. എന്നാല്‍ അതിന്റെ അഹങ്കാരം തീരെയില്ല .


വലിയ ഒരു തോട്ടത്തിനുള്ളിലായിരുന്നു മുതലാളിയുടെ വീട്. ഞാന്‍ വെളിയില്‍ തന്നെ നിന്നു. കുറച്ചു കഴിഞ്ഞപ്പോ ഒരു പ്രായമായ സ്ത്രീ വന്നു പറഞ്ഞു, "പണിക്കു വന്നിട്ട് പുറത്തു ചുമ്മാ നിന്ന് കാറ്റ് കൊള്ളുവാണോ,അകത്തോട്ടു വാടാ ചെറുക്കാ"എന്ന്.വീട്ടിലേക്കു പോകണമെങ്കില്‍ അവിടുന്ന് മൂന്നു നാല് കിലോമീറ്റര്‍ നടന്നു പോയാലെ കടത്തു എത്തു.അതുകൊണ്ട് , ഞാന്‍ നിങ്ങളുടെ പണിക്കാരനൊന്നുമല്ല എന്ന് പറയാന്‍ എന്റെ നാവു ചൊറിഞ്ഞെങ്കിലും ഞാന്‍ പറഞ്ഞില്ല. പകരം അവരുടെ വീട്ടില്‍ കയറി. രായേഷും മണിയും കൂടി ബള്‍ബ് ഒക്കെ മാറ്റിയിടുന്നു. ഏതായാലും വന്നതല്ലേ എന്നോര്‍ത്ത് ഞാന്‍ രായേഷ് കയറിയ ഏണിയില്‍ പിടിച്ചു കൊടുത്തു. അമ്മച്ചിയെ അടുത്ത് കണ്ടപ്പോഴാ ആളെ മനസ്സിലായെ.മിസ്സിസ് ചാണ്ടി..വല്ല ക്ലാരമ്മാന്നോ താണ്ടമ്മാന്നോ മറ്റോ ആരിക്കും പേരെന്നും, പുറത്തു പറയാന്‍ കൊള്ളാത്ത പേരായകൊണ്ട് കെട്ടിയോന്റെ നാമം പൂജിതമാക്കിയതാണെന്നും പറഞ്ഞു ഞങ്ങള്‍ ചിരിച്ചിട്ടുണ്ട്. അവര്‍ ഒരു പാട് പാചക പുസ്തകങ്ങള്‍ ഒക്കെ എഴുതിയിട്ടുണ്ട്. ലയന്‍സ് ,റോട്ടറി ,പാചക മത്സരം എന്നൊക്കെ പറഞ്ഞുഇടക്ക് പത്രത്തിലൊക്കെ പടം കാണാം.കോട്ടയത്ത്‌ ഫുഡ്‌ എക്സിബിഷന്‍ ഒക്കെ വരുമ്പോള്‍ ഈ അമ്മച്ചി കൂട്ടാന്‍ വെക്കുന്നിടത്തു കൊച്ചമ്മമാരുടെ തിരക്ക് കണ്ടിട്ടുണ്ട്..


പണി ഒക്കെ കഴിഞ്ഞു അമ്മച്ചി ഞങ്ങളെ മൂന്നാളെയും ഒരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ ഒരു മേശയില്‍ നിറച്ചു പലതരം പലഹാരങ്ങള്‍. അമ്മച്ചി വായില്‍ കൊള്ളാത്ത ഓരോ പേര് പറയും, ഞങ്ങള്‍ അത് ടെസ്റ്റ്‌ ചെയ്യും. കഴിച്ചു കഴിഞ്ഞാല്‍ ഉടന്‍ അമ്മച്ചി ചോദിക്കും,എങ്ങനുണ്ട് എന്ന്.വായില്‍ വെക്കാന്‍ കൊള്ളൂകേലേലും രായേഷ് പറയും ഭയങ്കര സംഭവം ആണെന്ന്. കൊള്ളത്തില്ല എന്ന് പറഞ്ഞാല്‍ പണി പോകുമോ എന്ന് രായേഷിനു പേടി. ഗോലി കണക്കെ ഇരിക്കുന്ന ഒരു സാധനത്തിനിട്ട് കടിച്ചതും അയ്യോ എന്ന് ഞാന്‍ ഉറക്കെ വിളിച്ചു.അതിനേക്കാള്‍ ഭീകരമായ ഒരു ശബ്ദം എന്റെ വായിലും ഉണ്ടായി..."എന്നാടാ കടിച്ചിട്ട്‌ പൊട്ടിയില്ലേ" എന്ന അമ്മച്ചിയുടെ ചോദ്യത്തിന് " പൊട്ടി , എന്റെ പല്ല്" എന്നും "ഇത് പട്ടിക്കിട്ടു എറിയാന്‍ ബെസ്റ്റാ " എന്നും ഞാന്‍ പറഞ്ഞു.രായേഷ് എന്റെ കാലില്‍ ഒന്ന് ചവിട്ടിയിട്ട്,വേണ്ട എന്ന് കണ്ണ് കാണിച്ചു. " ചാണ്ടി ച്ചായനോട് പറഞ്ഞു നിന്റെ കാര്യത്തില്‍ ഒരു തീരുമാനമാക്കുന്നുണ്ട് "എന്ന് അമ്മച്ചി പറഞ്ഞു.പാത്രം എടുക്കാന്‍ വന്ന വേലക്കാരിയുടെ മുഖത്ത് ഒരു ആശ്വാസ ഭാവം..ഇന്നത്തെ പരീക്ഷണത്തില്‍ നിന്ന് രക്ഷപെട്ടതുകൊണ്ടാവും.

കഴിപ്പ്‌ നിര്‍ത്തി പുറത്തേക്കിറങ്ങിയപ്പോള്‍ ഞങ്ങളുടെ അടുത്തുള്ള കുഞ്ഞപ്പന്‍ ചേട്ടന്‍ നില്‍ക്കുന്നു. കുഞ്ഞപ്പന്‍ ചേട്ടന് അവിടെ പുറംപണി.ഉച്ചയായപ്പോള്‍ കഞ്ഞി കുടിക്കാന്‍ അടുക്കളപ്പുറത്ത് വന്നതായിരുന്നു. വേലക്കാരി ഒരു കുഴിയന്‍ പിഞ്ഞാണത്തില്‍ കഞ്ഞി കൊണ്ട് വെച്ചു . കഞ്ഞി കൊണ്ട് വെച്ചതും,കുഞ്ഞപ്പന്‍ ചേട്ടന്‍ എഴുന്നേറ്റു നിന്ന് മുണ്ട് മടക്കി താറു പാച്ചി."എന്നതാടാ ഈ കാണിക്കുന്നേ" എന്ന അമ്മച്ചിയുടെ ചോദ്യത്തിന്, "പിഞ്ഞാതിനകത്തു വറ്റ് വല്ലതും ഉണ്ടോ എന്ന് ഒന്ന് മുങ്ങിതപ്പാനാ "എന്ന് കുഞ്ഞപ്പന്‍ ചേട്ടന്‍ പറഞ്ഞത് കേട്ട് അമ്മച്ചിയുടെ മുഖം ഒന്ന് കൂടി വലുതായി..

മണിയെ കണ്ടിട്ട് വീട്ടില്‍ കഞ്ഞിവെപ്പൊന്നും ഇല്ലാന്ന് തോന്നിയിട്ടാവണം, പോകാറായപ്പോ അമ്മച്ചി പറഞ്ഞു," എടാ കൊച്ചനെ നീ മൂന്നാല് തേങ്ങാ പൊതിച്ച്‌ കൂടക്കാത്താക്കി വീട്ടില്‍ കൊണ്ടുപോ, തേങ്ങാപ്പുരക്കടുത്തു കുഞ്ഞപ്പന്‍ കാണും, ഞാന്‍ പറഞ്ഞിട്ടുണ്ട്" എന്ന് .സ്വന്തം വീട്ടില്‍ പത്തുമൂവായിരം തേങ്ങാ കിട്ടുന്ന വകുപ്പുള്ള മണിയുടെ മുഖം വിളറി.വേണ്ട എന്ന് പറഞ്ഞാല്‍നിന്റെ പണി മാത്രമല്ല,എന്റെ പണിയും കൂടി പോകും പൊതിഞ്ഞെടുത്തോ , എന്ന് രായേഷ് പറഞ്ഞു.

തേങ്ങ ഒക്കെ പൊതിഞ്ഞെടുത്തു ഞങ്ങള്‍ കാറിന്റെ അടുത്തേക്ക് പോകാന്‍ തുടങ്ങിയപ്പോ അമ്മച്ചി വിളിച്ചു മൂന്നു രൂപ തന്നിട്ട് ബസില്‍ കയറി പൊക്കോളാന്‍ പറഞ്ഞു. അമ്മച്ചിക്ക് കാറ് ആവശ്യമുണ്ടെന്നു.ബസ് സമരമാന്നു പറഞ്ഞിട്ട് അമ്മച്ചി അടുക്കുന്നില്ല..എന്നാ നടന്നു പൊക്കോ എന്ന് അവര്‍ പറഞ്ഞു. രണ്ടു കിലോമീറ്റര്‍ നടപ്പ് ലാഭിക്കാനായി വന്നിട്ടിപ്പോ നാലുകിലോമീറ്റര്‍ നടക്കേണ്ടി വന്നല്ലോ എന്നായിരുന്നു എന്റെ മനസ്സില്‍.

ഇനിയിപ്പോ നടരാജന്‍ മോട്ടോര്‍സ് തന്നെ ശരണം എന്ന് പറഞ്ഞു ഞങ്ങള്‍ മൂന്നുപേരും പുറത്തു വന്നപ്പോള്,മണി പൊതിയഴിച്ചു തേങ്ങ എടുത്തു.അമ്പലത്തില്‍ തേങ്ങയടിക്കുന്നതുപോലെ അവരുടെ മെയിന്‍ ഗേറ്റില്‍ ഓരോന്നായി എറിഞ്ഞുടച്ചു.അതിന്റെയൊപ്പം ഒരു മുട്ടന്‍ തെറി മണി വിളിച്ചപ്പോള്‍, അമ്മച്ചി കഴിക്കാന്‍ തന്ന കൂട്ടത്തില്‍ പെട്ട ഒരു സാധനത്തിന്റെ പേരാല്ലായിരുന്നോ അത് എന്നെനിക്കു സംശയം തോന്നിയെങ്കിലും ഞാന്‍ മിണ്ടിയില്ല. മണി വയലന്റായി നില്‍ക്കുകയല്ലേ..എന്തും സംഭവിക്കാം!

മണിക്ക് തേങ്ങ ആവശ്യമില്ലാത്തതുകൊണ്ട്, തേങ്ങ വീട്ടില്‍ കൊണ്ടുപോകാം എന്നുള്ള രായേഷിന്റെ മോഹം നടക്കാഞ്ഞതുകൊണ്ടാവണം അവന്‍ പറഞ്ഞു..

"എടാ കോപ്പേ, വീട്ടില്‍ പൈസ ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല..ലുക്ക് വേണം ലുക്ക്.."

Mar 5, 2012

എന്റെ ഗള്‍ഫ് പരീക്ഷണങ്ങള്‍ ( സണ്ണിയുടെതും )

ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ആയിരുന്നു എന്റെ കൂടെ പഠിച്ച സണ്ണി ബഹറിനില്‍ നിന്നും ആദ്യമായിട്ട് അവധിക്കു വരുന്നത് . പത്താം ക്ലാസ് തോറ്റു പഠിത്തം നിര്‍ത്തി നാട്ടില്‍ ചില്ലറ ജോലി ഒക്കെയായിട്ട്‌ നടക്കുകയായിരുന്നു സണ്ണി.പിന്നെ കുറെ നാളത്തേക്ക് ഒരു വിവരവും ഇല്ലായിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞു ഒരു കത്ത് വന്നപ്പോഴായിരുന്നു സണ്ണി ഗള്‍ഫില്‍ എത്തിയത് അറിഞ്ഞത്.സണ്ണിയുടെ അമ്മാച്ചനാണ് സണ്ണിയെ ഗള്‍ഫില്‍ എത്തിച്ചത്.എല്ലാ മാസവും അവന്‍ കത്തയക്കും.ഗല്‍ഫിനു കത്തയക്കല് നല്ല ചിലവുള്ള പരിപാടിയാതതുകൊണ്ട് ഞാന്‍ വല്ലപ്പോഴും മറുപടി എഴുതും .


സണ്ണി വന്നതറിഞ്ഞ് ഞാനും സുമേഷും കൂടി സന്ധ്യയായപ്പോള്‍ അവന്റെ വീട്ടിലെത്തി. വീട്ടില്‍ ചെന്നപ്പോള്‍ ഉത്സവപ്പറമ്പ് പോലെ നിറച്ചു ആള്‍ക്കാര്‍. സണ്ണി അഞ്ചു പെങ്ങമ്മാര്‍ക്ക് ഒരേ ഒരു ആങ്ങള. അഞ്ചു പെങ്ങമാരും, അവരുടെ ഭര്‍ത്താക്കന്മാരും അവരുടെ ഒന്നര ഡസന്‍ പിള്ളേരും പിന്നെ മറ്റു ബന്ധുക്കളും എല്ലാം ചേര്‍ന്ന് ആകെ ബഹളം. മൂത്ത പെങ്ങള്‍ മേരിക്കുട്ടിയുടെ ഭര്‍ത്താവ് ബിജു ഞങ്ങളെ കണ്ടു ഇരുത്തി ഒന്ന് മൂളി.

ഞങ്ങള്‍ ചെന്നപ്പോള്‍ സണ്ണി കുളി ഒക്കെ കഴിഞ്ഞു ദേഹത്ത് എന്തോ പുരട്ടുകയായിരുന്നു. കുഴംബാണോ എന്ന് ചോദിച്ചപ്പോ സണ്ണി ആക്കി ഒരു ചിരി ചിരിച്ചിട്ട് പറഞ്ഞു , അവിടെ ഒക്കെ ഞങ്ങള്‍ കുളി കഴിഞ്ഞാല്‍ ദേഹത്ത് ക്രീം പുരട്ടും, അല്ലെങ്കില്‍ ദേഹം ഡ്രൈ ആകും എന്ന്. അതിനിപ്പോ നീ അവിടല്ലല്ലോ എന്ന് സുമേഷ് ഒന്ന് താങ്ങിയെങ്കിലും സണ്ണി മൈന്‍ഡ് ചെയ്തില്ല. "മസ്കിന്‍ നഫര്‍ "എന്ന് പറഞ്ഞു അത് പിന്നീട് " പൂവര്‍ ഫെല്ലോസ്" എന്ന് പരിഭാഷപ്പെടുത്തിയിട്ട് മേലാസകലം ക്രീം തേച്ചു പിടിപ്പിച്ചു.അവന്‍ അവിടത്തെ ഒരു വലിയ ഹോട്ടലിന്റെ മാനേജര്‍ ആണെന്നും അവന്റെ ബോസ്സിനോട് ഇംഗ്ലിഷില്‍ ആണ് സംസാരിക്കുന്നതെന്നും,ബോസ്സ് എത്ര വേണെങ്കിലും ശമ്പളം എടുതുകൊള്ളാന്‍ അനുവദിച്ചിട്ടുണ്ട് എന്നും ഒക്കെയുള്ള പേര്‍ഷ്യന്‍ പൂളുകള്‍ ഞങ്ങള്‍ കേട്ടിരുന്നു.ഗള്‍ഫില്‍ പോകും മുന്‍പ് ഇന്ദ്രന്‍സിനെ പോലെ ഇരുന്ന സണ്ണി, ചുമന്നു തുടുത്ത് ജയറാമിനെ പോലെ ആയി . കവിള്‍ ഒക്കെ ചാടിയത് കാരണം ചിരിക്കാന്‍ ബുധിമുട്ടുണ്ടോടാ എന്ന് ഞാന്‍ അസൂയയോടെ ചോദിച്ചു. രണ്ടു ദിവസമായി നെയ്ച്ചോറും ചിക്കന്‍ കാലും ഇല്ലാത്തതിനാല്‍ അല്‍പ്പം ക്ഷീണമാ എന്ന് സണ്ണി പറഞ്ഞു. പോകാറായപ്പോള്‍ സണ്ണി പറഞ്ഞു,പിന്നിലത്തെ ജനലിനടുത്തു വരാന്‍.ഞങ്ങള്‍ക്ക് രണ്ടു പാന്ട് പീസ്‌ തരാം,അതും കൊണ്ട് ഇറങ്ങണ്ട, അളിയന്മാര്‍ക്കു കലിപ്പാകും എന്ന്.ഇതേ ബിജു അളിയന്‍ തന്നെ അല്ലെ നിനക്ക് വിസക്ക് കൊടുക്കാന്‍ കാശ് ചോദിച്ചപ്പോ തരാഞ്ഞത് എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ഞാന്‍ ചോദിച്ചില്ല.വീടിനു പിന്നില്‍ എത്തിയപ്പോള്‍ സണ്ണി ജനല്‍ തുറന്നു രണ്ടു പാന്റ് പീസുകള്‍ എറിഞ്ഞു തന്നു. ഇതേ തരാന്‍ പറ്റിയുള്ളൂ ഇനി ചെന്നിട്ടു നിങ്ങള്ക്ക് എന്തെങ്കിലും കൊടുത്തു വിടാം എന്ന് സണ്ണി പറഞ്ഞു. പത്താം ക്ലാസ് തോറ്റ സണ്ണി വലിയ മാനേജരും വലിയ പരീക്ഷകള്‍ പാസ്സായ (അമ്മൂമ്മ പറയുന്നതാ കേട്ടോ)ഞങ്ങള്‍ പെരുവഴിയിലും എന്നത് വിധിയുടെ വിളയാട്ടം എന്നോര്‍ത്ത് ഞങ്ങള്‍ നടന്നു.തിരിച്ചു പോകുന്ന സമയത്ത് സുമേഷ് പറഞ്ഞു സണ്ണിക്ക് ഭയങ്കര ജാടയാനെന്നു. പൊക്കിവിടാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഏതു പട്ടിക്കും ചന്ദ്രനില്‍ പോകാം എന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റീന്‍ പറഞ്ഞിട്ടുണ്ട് എന്ന് ഞാന്‍ അവനോടു പറഞ്ഞു.




കൊണ്ടുപിടിച്ചു ആലോചന നടന്നെകിലും ആഗ്രഹിച്ചതുപോലെ ഒരു ടി. ടി. സിക്കാരിയെ കല്യാണം കഴിക്കാന്‍ സാധിക്കാതെ സണ്ണി തിരിച്ചു പോയി. രണ്ടു മാസം കഴിഞ്ഞപ്പോള്‍ ആലപ്പുഴയില്‍ ഉള്ള ഒരു കൂട്ടുകാരന്‍ വശം എനിക്കും സുമെഷിനും ഓരോ ക്യാമറ കൊടുത്തു വിടുന്നു എന്ന് സണ്ണിയുടെ കത്ത് വന്നു. പൈസ കടം ഒക്കെ വാങ്ങി ഞാനും സുമേഷും ആലപ്പുഴക്ക് പോയി. കൃത്യമായി വഴി ഒക്കെ കത്തില്‍ ഉണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ തേടി പിടിച്ചു അന്ധകാരനനഴി എന്ന സ്ഥലത്ത് എത്തി.ഞങ്ങള്‍ ചെന്നപോള്‍ കുറെ ചേട്ടന്മാര്‍ വീട്ടില്‍ ഇരുന്നു ‍ചീട്ടുകളിക്കുന്നു..കൂട്ടത്തില്‍ ഒരു തടിയന്‍ ചെയിന്‍ ഇട്ടിരിക്കുന്ന ആളായിരുന്നു സണ്ണിയുടെ സുഹൃത്ത്‌. കാര്യം പറഞ്ഞതും അയാള്‍ പറഞ്ഞു. സാധനം സണ്ണി കൊണ്ടുവന്നാരുന്നു , പക്ഷെ പായ്ക്ക് ചെയ്തപ്പോള്‍ മിസ്സ്‌ ആയി പോയി എന്ന്."ആരേലും എന്തേലും കൊടുത്തു വിട്ടു എന്ന് കേള്‍ക്കുമ്പോഴേ വണ്ടിയും ബോട്ടും ഒക്കെ കേറി കോട്ടയത്ത്‌ നിന്ന് വരുന്നതിനു മുന്‍പേ ഒന്ന് ഫോണ്‍ വിളിച്ചിട്ട് വന്നു കൂടെ " എന്ന് അയാള്‍ ചോദിച്ചു. അതിനു ഇവിടെ ഫോണ്‍ ഉണ്ടോ എന്ന് സുമേഷ് ചോദിച്ചപോ അയാള്‍ ഒരു വളിച്ച ചിരി ചിരിച്ചു. ക്യാമറ കിട്ടാത്തതിന്റെ വിഷമത്തില്‍ ബോട്ട് പിടിച്ചു ഞങ്ങള്‍ മടങ്ങി. തിരിച്ചു പോരുന്ന വഴി ഞങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തി.എങ്ങനെയും ഗള്‍ഫില്‍ പോണം.


സര്‍ക്കാര്‍ സ്ഥാപനമായ ഓഡേപെകില്‍ നിന്നും ഇന്റര്‍വ്യൂ കാര്‍ഡ് വന്നപ്പോള്‍ സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ചു.ജോലി സെയില്‍സ് എക്സിക്യുട്ടീവ്‌.പക്ഷെ ഡ്രൈവിംഗ് അറിയണം.ലൈസന്‍സും വേണം.ആകെ കൈയില്‍ ഉള്ളത് ഒരു ലേണേര്സ്. തിരുവനന്തപുരത്ത് എത്താന്‍ ഒരാഴ്ച മാത്രം.വീടിനടുത്തുള്ള ആശാന്‍ രണ്ടു ദിവസം കൊണ്ട് ഓടിക്കാന്‍പഠിപ്പിക്കാം എന്നേറ്റു.ഏതെങ്കിലും എജെന്റുമാര്‍ വഴി പണം കൊടുത്തു ലൈസന്‍സ് എടുക്കാനും പറഞ്ഞു. കോട്ടയത്ത്‌ ഡ്രൈവിംഗ് ടെസ്റ്റ്‌ നടക്കുന്ന സ്ഥലത്ത് ചെന്ന് ദേവസ്യ എന്ന വയസ്സായ ഒരു എജെന്റിനെ കണ്ടു. അയാള്‍ പറഞ്ഞു എല്ലാം ഇന്ന് തന്നെ ശരിയാക്കാം, വണ്ടി ഓടിക്കാന്‍ അറിയുമോ എന്ന് ചോദിച്ചു.വണ്ടി ഓടിച്ചു ലൈസന്‍സ് എടുക്കാനാണേല്‍ എജെന്റിന്റെ ആവശ്യം ഉണ്ടോ എന്ന് ഞാന്‍ ചോദിച്ചില്ല. എന്റെ പേപ്പറും എല്ലാം ആയി ദേവസ്യാച്ചന്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഇരിക്കുന്ന ബസ്സില്‍ കയറിഎന്തോ പറയുന്നതും, വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കാലെടുത്തു ചവിട്ടുന്നതും കണ്ടു.ദേവസ്യാച്ചനു ഇത് നിത്യതൊഴില്‍ ആയതിനാലാവണം,വളരെ വിദഗ്ധമായി ചവിട്ടില്‍ നിന്ന് ഒഴിഞ്ഞു മാറി. ലൈസന്‍സ് ഇല്ലാത്തതുകൊണ്ട് ഇന്റര്‍ വ്യുവിനു പോയില്ല. അങ്ങനെ ആ സ്വപ്നം പൊലിഞ്ഞു.


അടുത്തതായി ഞാനും സുമേഷും പോയത് ബോംബെക്ക് ആയിരുന്നു.ദുബായ് ഇന്റര്‍വ്യൂ ആയിരുന്നു.രണ്ടു അറബികളും ഒരു ഇന്ത്യക്കാരനും ആയിരുന്നു ഇന്റര്‍വ്യു ബോര്‍ഡില്‍. "നാടോടിക്കാറ്റ്" ഒരുപാട് തവണ കണ്ടത് കൊണ്ട് അറബികളോട് ഞാന്‍ സലാമു അലൈക്കും, വലൈക്കും ഉസ്സല്ലാം എന്ന് ആദ്യമേ വെച്ച് കാച്ചി.എന്നെ സെലക്ട്‌ ചെയ്തത് അതുകൊണ്ടായിരുന്നു എന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു. സുമേഷിനെ എടുത്തില്ല.എന്നാല്‍ പാസ്പോര്‍ട്ട്‌ നോക്കിയപ്പോള്‍ അതിന്റെ കാലാവധി തീര്‍ന്നു മൂന്ന് മാസം ആയിരിക്കുന്നു. അവര്‍ പറഞ്ഞു അടുത്ത തവണ വരാന്‍ .സുമേഷിനു സന്തോഷമായി. ഇന്നത്തെ ചെലവ് എന്റേത് എന്ന് അവന്‍ പറഞ്ഞു .ഞങ്ങള്‍ ഒരു ബാറില്‍ കയറി. രണ്ടു ബിയര്‍ പറഞ്ഞു. അവിടെ ഒരു പെണ്ണ് കിടന്നു ഡാന്‍സ് കളിക്കുന്നു. കുറെ ആള്‍ക്കാര്‍ നൂറു രൂപ നോട്ടുകള്‍ ഒക്കെ എടുത്തു കാണിക്കുന്നു. അവള്‍ അവരുടെ അടുത്ത് വന്നു പണം വാങ്ങിയിട്ട് ഡാന്‍സ് ചെയ്യുന്നു. ഞാന്‍ ഒരു അഞ്ചു രൂപ എടുത്തു പൊക്കി കാട്ടി. അവള്‍ മൈന്‍ഡ് ചെയ്തില്ല. സുമേഷ് ഉടനെ പത്തു എടുത്തു കാണിച്ചു.നോ രക്ഷ. ഈ പേട്ടു സാധനത്തിന്റെ ഡാന്‍സ് കാണാനാണോ ഇവന്മാര്‍ നൂറു രൂപ ഒക്കെ എടുത്തു കൊടുക്കുന്നത് എന്ന് പറഞ്ഞു കൊതിക്കെറുവ് തീര്‍ത്തിട്ട് ഞങ്ങള്‍ ഇറങ്ങി . ഒരു രൂപ ടിപ് കൊടുത്തപ്പോള്‍ ബാറിലെ ജോലിക്കാരന്‍ മലയാളി ഞങ്ങള്‍ക്ക് ഹിന്ദി അറിയില്ല എന്ന ഉത്തമവിശ്വാസത്തില്‍ ഒരു മുട്ടന്‍ തെറി ഹിന്ദിയില്‍ വിളിച്ചു.


എറണാകുളത്തായിരുന്നു അടുത്തത്. ഒരു സായിപ്പ് ദുബായിലേക്ക് ഇന്റര്‍വ്യു എടുത്തു. കാര്യങ്ങള്‍ എല്ലാം ചോദിച്ചിട്ട് അയാള്‍ പറഞ്ഞു. എന്‍സൈക്ലോപീടിയ ആണ് വില്‍ക്കേണ്ടത്. അവിടെ ആരെങ്കിലും ബന്ധുക്കള്‍ ഒക്കെ ഉണ്ടോ എന്ന് ചോദിച്ചു. അവര്‍ക്ക് ഈ സാധനം വില്ക്കാമെന്നാണോ ഉദ്ദേശിക്കുന്നെ എന്ന് ഞാന്‍ തുറന്നു ചോദിച്ചു. അതെ എന്താ ചോദിച്ചേ എന്ന് സായിപ്പ്. ഒരു പരിചയക്കാരന്‍ ഈ സാധനം വില്‍ക്കാന്‍ ദുബായിക്ക് പോയതും മൂന്ന് മാസത്തിനകം ബൌന്സായതും എനിക്കറിയാമായിരുന്നു.അതുകൊണ്ട് ‍ ഞാന്‍ പറഞ്ഞു, അവര്‍ക്കൊക്കെ അത്യാവശ്യം വിവരം ഉള്ളവരാ അതുകൊണ്ട് ജോലി വേണ്ട എന്ന്. എന്റെ സമയം ലാഭിച്ചു തന്നതിന് നന്ദി എന്ന് പറഞ്ഞു സായിപ്പ് ഷേക്ക്‌ഹാന്‍ഡ്‌ തന്നു. സായിപ്പിനോട്‌ അഹങ്കാരം പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല,ബൈക്കില്‍ തിരിച്ചു വരുമ്പോള്‍ പെട്ടെന്ന് മഴ പെയ്തു, പാസ്സ്പോര്‍ട്ട് നനഞ്ഞു ഡാമേജ് ആയി. വില മൂവായിരം രൂപ !


സ്റ്റാമ്പ് ചെയ്യാന്‍ കൊടുത്തിരുന്ന പാസ്പോര്‍ട്ടും വിസയും ട്രാവല്‍ എജന്സിയില്‍നിന്നും നഷ്ട്ടപ്പെട്ടെങ്കിലും മറ്റൊരു വിസയുമായി ദൈവത്തിന്റെ കൃപകൊണ്ടും, പിതൃ സഹോദരന്റെ ദയകൊണ്ടും, ഒടുവില്‍ ഞാന്‍ ഗള്‍ഫില്‍ എത്തി. പിന്നീട് വിസ മാറ്റത്തിനായി ബഹറിനില്‍ പോകുന്ന നേരത്ത് ഞാന്‍ സണ്ണിയെ വിളിച്ചു. അവിടെ വന്നിട്ട് കാണാം എന്നവന്‍ പറഞ്ഞു. എട്ടു ദിവസം ഞാന്‍ ഒരു ഹോട്ടലില്‍ കഴിയവേ ഒരുപാട് തവണ അവനെ വിളിച്ചെങ്കിലും കിട്ടിയില്ല. സണ്ണി തിരക്കിലാണെന്ന് ഫോണ്‍ എടുക്കുന്നയായാള് ‍ പറയും. ഒരു ബന്ധുവിന്റെ കൂടെ എല്ലാ ദിവസവും വൈകുന്നേരം ഞാന്‍ കറങ്ങാന്‍ പോകും. പോകുന്നിടത്തെല്ലാം സണ്ണി ഉണ്ടോ എന്ന് നോക്കും.ഒരു ദിവസം രാത്രി ഞങ്ങള്‍ ഒരു ഡാന്‍സ് ബാറില്‍ പോയി. അവിടെ കുറെ പെണ്ണുങ്ങള്‍ സ്റ്റേജില്‍ നിന്ന് ഹിന്ദി പാട്ടുകള്‍ പാടുന്നു. കേള്‍ക്കാന്‍ ഇരിക്കുന്നവര്‍ ഒരു ബഹറിന്‍ ദിനാര്‍ കൊടുത്താല്‍ അതിനൊരു മാല കിട്ടും..ആ മാലയും ഇട്ടോണ്ട് അവള്‍ കുറെ നേരം നമ്മളെ നോക്കി ചിരിച്ചു പാടും. പരസഹായം ഇല്ലാതെ ഒറ്റയ്ക്ക് എഴുന്നേറ്റു നില്‍ക്കാന്‍ കഴിയാത്ത ഒരു വല്യപ്പന്‍ കുടിച്ചു കൂത്താടി , കുറെ മാല ഒരു പെണ്ണിന് കൊടുത്തത് കൊണ്ട് അന്ന് മുഴുവന്‍ അവള്‍ അങ്ങേരെ നോക്കി പാടി. ബോംബെ അനുഭവം ഉള്ളത് കാരണം ഞാന്‍ ആര്‍ക്കും മാലയിടാന്‍ ശ്രമിച്ചില്ല. പെണ്ണിന്റെ കഴുത്തില്‍ മാല നിറഞ്ഞപ്പോള്‍ യൂണിഫോം ഇട്ട ഒരാള്‍ അതെല്ലാം ഊരി വാങ്ങിച്ചു. കുറച്ചു കഴിഞ്ഞു ഒരു കൈയില്‍ കുപ്പിയും മറുകൈയില്‍ ഒരട്ടി മാലയുമായി അയാള്‍ വല്യപ്പന്റെ അടുത്ത് വന്നപ്പോള്‍ ഞാന്‍ ആ പരിചിത മുഖം തിരിച്ചറിഞ്ഞു..സണ്ണി..എന്നെ കണ്ടതും ഒരു വളിച്ച ചിരി ചിരിച്ചിട്ട് സണ്ണി ചോദിച്ചു .

"അപ്പൊ നീ ഇതുവരെ തിരിച്ചു പോയില്ലേ ? "

Oct 6, 2011

പാണ്ടിച്ചിയുടെ പല്ലിമിട്ടായികള്‍

ഈ അവധിക്കാലത്ത്‌നാട്ടിലെത്തിയപ്പോള്‍, തൊടിയില്‍ നിന്നും പഴയ സാധനങ്ങള്‍ പെറുക്കാന്‍ വന്നവരെ കണ്ടപ്പോഴാണ് പാണ്ടിച്ചിയെപ്പറ്റി വീണ്ടും ഓര്‍മ്മ വന്നത്.



കൃത്യമായി മാസത്തില്‍ രണ്ടുതവണ വരാറുണ്ടായിരുന്ന തമിഴത്തി ആയിരുന്നു പാണ്ടിച്ചി എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന രാക്കമ്മ. കുട്ടികളായ ഞങ്ങള്‍ വിളിച്ചു വിളിച്ചു എല്ലാവര്ക്കും രാക്കമ്മ, പാണ്ടിച്ചി ആയി. കൈയില്‍ ചതുരാകൃതിയില്‍ ഉള്ള ഒരു ഓലകൊണ്ട് മെടഞ്ഞ വട്ടിയും, തോളില്‍ തുണിയുടെ ഒരു ഭാണ്ടക്കെട്ടും ആയി അവര്‍ വരും. ഒരു കാലിനു എന്തോ കുഴപ്പം ഉണ്ടായിരുന്നതുകൊണ്ടാവണം, ചട്ടി ചട്ടി ആയിരുന്നു അവര്‍ നടന്നിരുന്നത് മിക്കവാറും പത്തുമണിയോടെ ആയിരുന്നു പാണ്ടിച്ചി ഞങ്ങളുടെ വീട്ടില്‍ എത്തുക.



ഭര്‍ത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീ ആയിരുന്നു പാണ്ടിച്ചി. സ്വന്തക്കാരോ ബന്ധക്കാരോ അവര്‍ക്ക് ഉണ്ടായിരുന്നില്ല. വീടുകളില്‍ നിന്നും കിട്ടുന്നത് കഴിച്ചു,പലര്‍ കൊടുക്കുന്ന വസ്ത്രങ്ങള്‍ ഉടുത്തു നാടോടിയായി നടക്കുന്ന ഒരു സ്ത്രീ. കൊടുക്കുന്നത് വാങ്ങും. ഒന്നും ചോദിക്കില്ല, ഒരു പരാതിയും ഇല്ലാത്ത എല്ലാവരെയും അയ്യാ എന്നും, അമ്മാ എന്നും മാത്രം വിളിക്കുന്ന ഒരു പാവം .


പാണ്ടിച്ചിയെ ഞങ്ങള്‍ കുട്ടികള്‍ക്ക് വളരെ ഇഷ്ട്ടമായിരുന്നു. കാരണം വരുമ്പോള്‍ എല്ലാം അവര്‍ പല്ലി മിട്ടായികള്‍ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ചെറിയ മിട്ടായികള്‍ തരും. വീട്ടുകാര്‍ ആരും കാണാതെ ഞങ്ങള്‍ അത് ശാപ്പിടും. പാണ്ടിച്ചി വല്ല വീട്ടില്‍ നിന്നും കൊണ്ട് തരുന്നതാ, എന്തിനാ അതൊക്കെ മേടിക്കണേ എന്ന് അമ്മ ചോദിക്കും.

അച്ഛന്റെ ജോലി സ്ഥലത്തേക്ക് ഞങ്ങള്‍ താമസം മാറ്റുന്ന ദിവസമായിരുന്നു പാണ്ടിച്ചി അന്നൊരുനാള്‍ വന്നത്. കൂട്ടുകാരെയും ബന്ധുക്കാരെയും വിട്ടു പോകുന്നതിന്റെ സങ്കടത്തില്‍ ആയിരുന്നു ഞാന്‍. അതുകൊണ്ട് തന്നെ പല്ലി മിട്ടായികള്‍ അന്നെന്നെ സന്തോഷിപ്പിച്ചില്ല. സാധനങ്ങള്‍ എല്ലാം ഒരു ചെറിയ ലോറിയില്‍ കയറ്റി, ഒരു ജീപ്പില്‍ ആയിരുന്നു ഞങ്ങള്‍ പാമ്പാടി എന്നാ സ്ഥലത്തേക്ക് പോയത്. അച്ഛന്റെ കൂട്ടുകാരനായ കുട്ടിച്ചേട്ടന്‍ ആയിരുന്നു സഹായത്തിനു. കുട്ടിച്ചേട്ടന്‍ വെറുതെ ചോദിച്ചു." പാണ്ടിച്ചീ , നീ വരുന്നോ ?" ചോദിക്കേണ്ട താമസം, പാണ്ടിച്ചി ജീപ്പിനുള്ളില്‍ കയറി.

വാടക വീട്ടില്‍ സാധനങ്ങള്‍ അടുക്കാനും പെറുക്കാനും പാണ്ടിച്ചി കൂടി.അച്ഛനും, കുട്ടിച്ചേട്ടനും പുറത്തേക്കു പോയിരുന്നു.ഞങ്ങള്‍ അടുത്ത വീട്ടിലെ കുട്ടിയുമായി ചങ്ങാത്തം സ്ഥാപിച്ചു.എന്നെക്കാള്‍ ചെറിയ മണിക്കുട്ടന്‍.പാണ്ടിച്ചി തന്ന പല്ലിമിട്ടായി ഞാന്‍ മണിക്കുട്ടന് കൊടുത്തു. ആരാ പാണ്ടിച്ചി എന്ന മണിക്കുട്ടന്റെ ചോദ്യത്തിന് " അത് പാണ്ടിച്ചി" എന്നതില്‍ കൂടുതല്‍ എനിക്ക് പറയാന്‍ ഉണ്ടായിരുന്നില്ല.

വൈകുന്നേരമായിരുന്നു അപ്പോഴേക്കും.പുറത്തു പോയ അച്ഛനും,കുട്ടിച്ചേട്ടനും തിരിച്ചു വന്നു.അവരുടെ കണ്ണുകളും മുഖവും ചുവന്നു തുടുത്തിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായില്ല.വന്നയുടനെ ഒട്ടും മയമില്ലാതെ കുട്ടിച്ചേട്ടന്‍ ചോദിച്ചു," നിങ്ങള്‍ക്ക് പോകാറായില്ലേ തള്ളെ" എന്ന്."അയ്യാ, നീങ്ക താന്‍ എന്നെ ഇവിടെ കൊണ്ടു വന്താച്ച്, നാന്‍ എപ്പടി തിരുമ്പി പോറെന്‍ " എന്ന് പാണ്ടിച്ചി ചോദിച്ചു. കുട്ടി ചേട്ടന്‍ അവരെ പിടിച്ചു പുറത്താക്കി എന്നിട്ട് പറഞ്ഞു, തള്ളെ,എവിടെയെങ്കിലും പോ എന്ന്. എന്തൊക്കെയോ ശാപവാക്കുകളും കുട്ടിച്ചേട്ടന്‍ പറഞ്ഞു.

പാണ്ടിച്ചിയുടെ കണ്ണുകള്‍ നിറഞ്ഞു. അവര്‍ തിരിയെ വീടിന്റെ പിന്നില്‍ വന്നു. അമ്മയോട് വണ്ടിക്കൂലിക്കുള്ള പണം ചോദിച്ചു. അമ്മയുടെ കൈവശം പണം ഒന്നും ഉണ്ടായിരുന്നില്ല. വിഷു കൈനീട്ടം കിട്ടിയതില്‍ നിന്നും ഒരു വെള്ളി രൂപ കൊടുക്കാന്‍ അമ്മ എന്നോട് പറഞ്ഞു. ഞാന്‍ പൈസ കൊടുത്തില്ല. ഒരു ഒന്‍പതു വയസ്സുകാരന് പാണ്ടിച്ചിയുടെ അവസ്ഥ എങ്ങനെ മനസ്സിലാകാന്‍. അവരുടെ കൈയില്‍ തിരിയെ പോകാന്‍ ബസ് കൂലി ഇല്ലായിരുന്നു എന്ന് അമ്മ പിന്നീട് പറഞ്ഞു. ബസ് കൂലി ഇല്ലാതെ ബസില്‍ കയറാന്‍ പറ്റില്ല എന്ന് എനിക്ക് അന്നറിയില്ലായിരുന്നു.

പാണ്ടിച്ചി പിന്നീട് പാമ്പാടിയിലെ ആ വീട്ടില്‍ വന്നില്ല. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ ഇടുക്കി ജില്ലയിലെ കുളമാവ് എന്ന സ്ഥലത്തേക്ക് മാറി. വളരെ അവിചാരിതമായി ഒരു ദിവസം പാണ്ടിച്ചി ഞങ്ങളെ തേടി അവിടെ എത്തി. പതിവുപോലെ മിട്ടയികലുമായി.പല്ലി മിട്ടായികളല്ല,മഞ്ഞ നിറത്തില്‍ നാരങ്ങ അല്ലികളുടെ രൂപത്തില്‍ നാല് മിട്ടായികള്‍ .

പാണ്ടിച്ചിയെ സ്വീകരിക്കാനുള്ള ചുറ്റുപാടില്‍ ആയിരുന്നില്ല ഞങ്ങള്‍ . ഞങ്ങളുടെ ഏക സ്വത്തായ പശു ,മേയാന്‍ വിട്ടിരുന്ന സ്ഥലത്ത് എന്തോ വിഷം തീണ്ടി ചത്തു കിടന്നതറിഞ്ഞ വിഷമത്തില്‍ ആയിരുന്നു അമ്മയും ഞങ്ങളും. ഊണുമേശയില്‍ തലചെരിച്ചിരുന്നു കരയുകയായിരുന്നു അമ്മ.

മൂന്നു വര്‍ഷം എന്നില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയിരുന്നു. കലത്തില്‍ ഉണ്ടായിരുന്ന ചോറ് ആരും പറയാതെ തന്നെ ഞാന്‍ പാണ്ടിച്ചിക്ക് കൊടുത്തു. പോകാന്‍ നേരം ഒരു വെള്ളിരൂപ കൊടുക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും, അത് എന്റെ കൈയിലോ അമ്മയുടെ കൈവശമോ ഉണ്ടായിരുന്നില്ല."പണമൊന്നും കൊടുത്തില്ലല്ലോ ആ പാവത്തിന്, പാണ്ടിച്ചി എങ്ങനെ കുളമാവില്‍ നിന്നും തിരിയെ പോയിക്കാണും" എന്ന് ഒരാഴ്ച കഴിഞ്ഞു അമ്മ ചോദിച്ചു.



പാണ്ടിച്ചിയെ പിന്നീടു ഞങ്ങള്‍ കണ്ടിട്ടില്ല. അനാഥയായ അവര്‍ എവിടെ എങ്കിലും കിടന്നു മരിച്ചു പോയിരിക്കാം.

മുപ്പത്തി ഒന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും എന്റെ മനസ്സില്‍ പാണ്ടിച്ചിയുടെ രൂപം ഉണ്ട്. മിട്ടായികളുടെ മധുരം നാവിന്‍ തുമ്പിലും. സ്നിക്കെര്‍സിനും, മാര്‍സിനും, ഡയറി മില്‍ക്കിനും ഇല്ലാത്ത ആ സ്വാദ്.

Nov 24, 2010

തോമസ്‌ എന്ന കുഷാന്‍ടാംഗ്.


ഇരുപതു വര്‍ഷങ്ങള്‍ക്കു മേല്‍ ആയിട്ടും ഇന്നും കുഷാനെ മറക്കാന്‍ പറ്റുന്നില്ല...


എന്‍റെ കോളേജു ദിനങ്ങളില്‍ ആയിരുന്നു പേരൂര്‍ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്‌ പ്രവര്‍ത്തനം ആരംഭിച്ചത്.സമ പ്രായക്കാരായ ഒരു കൂട്ടം കുട്ടികളുടെ ഒരു ചെറിയ സംരംഭം.അതില്‍ രക്ഷാധികാരികള്‍ ആയ ഒരു പിടി മുതിര്‍ന്നവരും. ഒരു ഷട്ടില്‍ ക്ലബ്‌ ആയി ആയിരുന്നു തുടക്കം.പിന്നെ നാടന്‍ പന്ത് കളിയും തുന്ടങ്ങി.കോട്ടയം ജില്ലയിലെ ടീമുകള്‍ക്കായി നാടന്‍ പന്തുകളി ടൂര്‍ണമെന്ടു നടത്തി.ഞാലിയാകുഴിക്കാരും,പുതുപ്പള്ളിക്കാരും, കുറിച്ചി,പാമ്പാടി എന്നിവിടുന്നുള്ള ടീമുകളും ഒക്കെ വന്നു കളിച്ചു.ഒരു മുറി ഉണ്ടായി.ക്ലബ്‌ വളര്‍ന്നു.അവധി ദിവസങ്ങളും വൈകുന്നേരങ്ങളും ചിലവഴിക്കാന്‍ ഒരിടം.പിന്നെ വീട്ടില്‍ നിന്നും വഴക്ക് കേള്‍പ്പിക്കാനും !

അങ്ങനെ ഇരിക്കെ ഒരു ദിവസം ആയിരുന്നു തോമസ്‌ ക്ലബ്ബിലേക്ക് കയറി വന്നത്.ഞങ്ങളെക്കാള്‍ ഒക്കെ ചെറുപ്പമായിരുന്നു തോമസ്‌.യഥാര്‍ഥ പേര് കുഷാന്‍ടാംഗ്.ഒരു നേപ്പാളി പയ്യന്‍.നാട്ടിലെ ഒരു വലിയ പണക്കാരന്റെ വീട്ടില്‍ ആയിരുന്നു കുഷാന്‍ ജോലിക്ക് നിന്നിരുന്നത്.നേപ്പാളില്‍ കോണ്ട്രാക്റ്റ് വര്‍ക്കുകള്‍ നടത്തിയിരുന്ന അവര്‍ അവിടെ നിന്നും കണ്ടെത്തിയതായിരുന്നു കുഷാനെ.കുഷാനെ അവര്‍ തോമസ്‌ എന്ന് വിളിച്ചു.വീട്ടു ജോലിക്കും, കടയില്‍ പോയിവരാനും ഒക്കെയായിരുന്നു അവന്‍.ക്ലബ്ബില്‍ കാരംസ് കളിക്കുകയായിരുന്നു ഞങ്ങള്‍.മെമ്പര്‍ അല്ലാത്ത ഒരു പുതുമുഖത്തിന് കൊടുക്കണ്ടിയിരുന്ന ഒരു പരിഗണന തന്നെ ആയിരുന്നു ഞങ്ങള്‍ തോമസിന് കൊടുത്തിരുന്നത്..അതിനു ഞങ്ങളുടെ ന്യായം പേരൂര് തന്നെ ഉണ്ടായിരുന്ന മറ്റൊരു ക്ലബ്ബില്‍ ചീട്ടു കളിയ്ക്കാന്‍ കൂടിയിരുന്ന ചേട്ടന്മാര്‍ ആയിരുന്നു. അങ്ങനെ പറഞ്ഞായിരുന്നല്ലോ അവര്‍ ഞങ്ങളെ മാറ്റി നിര്‍ത്തിയിരുന്നത്.


തോമസ് പക്ഷെ മടുത്തു പിന്മാറിയില്ല.എന്നും വരും.കളി കാണും.മുറി മലയാളത്തില്‍ ഞങ്ങളെ പ്രോത്സാഹിപ്പിക്കും...അഞ്ചാം ക്ലാസില്‍ കുഞ്ഞൂഞ്ഞമ്മ ടീച്ചര്‍ പഠിപ്പിച്ച "തുമാര നാം ക്യാ ഹേ" പോലുള്ള ഹിന്ദി ഞങ്ങള്‍ എടുത്തു അലക്കി.പകരം തോമസ്‌ ഞങ്ങളോട് "നിന്റെ പെറു തൂമസ്" എന്ന് പറയുമായിരുന്നു.


പിന്നെ എപ്പോഴോ തോമസ്‌ ഞങ്ങളില്‍ ഒരുവന്‍ ആയി.ഒരു നല്ല കളിക്കാരന്‍ ആയിരുന്നു തോമസ്‌.സ്ട്രയ്ക്കാര്‍ കിട്ടിക്കഴിഞ്ഞാല്‍ നാലോ അഞ്ചോ കോയിന്‍ ഒന്നിച്ചിടും...മിക്കവാറും ഞങ്ങള്‍ തോമസിനോടോ തോമസിന്റെ ടീമിനോടോ തോല്‍ക്കും..കൃത്യമായി എല്ലാ ദിവസവും വൈകുന്നേരം തോമസ്‌ എത്തുമായിരുന്നു.ഒരു മണിക്കൂര്‍ മാത്രമേ തോമസ്‌ കളിക്കുമായിരുന്നുള്ളൂ. ടീ ഷര്‍ട്ടും ഇറക്കം കുറഞ്ഞ പാന്റും ധരിച്ചു ഒരു പഴയ സൈക്കിള്‍ ചവിട്ടി പാഞ്ഞു നടക്കുന്ന തോമസ്‌ ആദ്യമാദ്യം ഞങ്ങളുടെ നാട്ടില്‍ ഒരു കാഴ്ച ആയിരുന്നു.


ഒരു കര്‍ക്കടകമാസം.എല്ലായിടത്തും വെള്ളം പൊങ്ങി.ആറ്റില്‍ ഊത്ത പിടുത്തം നടത്തുകയായിരുന്നുഞങ്ങള്‍.അപ്പോഴാണ് ആ വാര്‍ത്ത‍എത്തിയത് .മോഴാട്ടുവാല എന്ന്
അറിയപ്പെട്ടിരുന്ന പാട ശേഖരത്തില്‍ കൊച്ചുവള്ളതില്‍ കളിയ്ക്കാന്‍ പോയ കുഷാനെ കാണാതായി എന്ന്.മീന്‍പിടിത്തം നിര്‍ത്തി ഞങ്ങള്‍ വാടകക്കെടുത്ത സൈക്കളില്‍ മോഴാട്ടുവാലയിലേക്ക് പോയി.ഇടതോരാത്ത മഴ.മോഴട്ടുവാഴയിലേക്ക് പോകുന്ന ടാറിടാത്ത വഴിയില്‍ ഒരുപാട് സൈക്കള്‍ ടയര്‍ പാടുകളും ജീപ്പ് ടയര്‍ പാടുകളും ഞങ്ങള്‍ കണ്ടു..കുടയും പിടിച്ചു നടന്നും ഓടിയും പോകുന്ന നാട്ടുകാര്‍ . ഒരു ഗ്രാമം മുഴുവന്‍ മോഴട്ടുവാലയിലേക്ക്പോകുകയായിരുന്നു..പാടത്തില്‍
വെള്ളം കയറി കിടക്കുന്ന പ്രദേശത്ത് ഒരുപാട് വള്ളങ്ങളും മുങ്ങി തപ്പുന്ന നാട്ടുകാരും...


ഇരുട്ടിയതിനാല്‍ അന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു നാട്ടുകാര്‍ മടങ്ങി.പിറ്റേന്ന് കാലത്തേ ഞങ്ങള്‍ അറിഞ്ഞു.കുഷാനെകിട്ടി എന്ന്..വീണ്ടും ഒരു ഗ്രാമം മുഴുവന്‍ മോഴാട്ടുവാലയിലേക്ക്.പാടത്തിന്റെ കരയില്‍ വിറങ്ങലിച്ച നിലയില്‍ കിടത്തിയിരുന്ന കുഷാനെ ഒന്നേ നോക്കാന്‍ പറ്റിയുള്ളൂ.വെളുത്ത ടീ ഷര്‍ട്ടും ഇറക്കം കുറഞ്ഞ പാന്റും തന്നെ ആയിരുന്നു അന്നും കുശാന്റെ വേഷം .

ഇപ്പോഴും മോഴാട്ടുവാല വഴി അപൂര്‍വമായി എങ്കിലും പോകേണ്ടി വരുമ്പോള്‍ കുഷാന്‍ മനസ്സില്‍ വരാറുണ്ട്..വഴിയില്‍ വെച്ച് കാണുമ്പോള്‍ ബ്രേക്കില്ലാത്ത സൈക്കള്‍ കാലുകൊണ്ട്‌ നിര്‍ത്തി കുഷാന്‍ ചോദിച്ചിരുന്ന ആ ചോദ്യവും..

സുഗമാണോ..സുഗമാണ്..