Dec 1, 2013

താണ്ടമ്മയുടെ താണ്ഡവങ്ങൾ !


മുടി ഒക്കെ  നഷ്ട്ടപ്പെട്ട്,ഗൾഫ്  ഗേറ്റിനു  വരദാനമായ ഒരു  മധ്യവയസ്കൻ വാതിൽ തുറന്നു  അകത്തുവന്നപ്പോൾ ,അൽപ്പം പണിപ്പെട്ടായാലും   ഡോക്റ്റർ ഫെർണാണ്ടസിനു ആളെ  മനസ്സിലായി.താണ്ടമ്മ എന്ന  ഫെക്  ഐഡിയിൽ  എഴുതുന്ന ബ്ലോഗ്ഗർ  പരിപ്പ് വട !
 

 
എന്തൊക്കെയുണ്ട്  വിശേഷങ്ങൾ?പെണ്ണിന്റെ പേരിലുള്ള  ബ്ലോഗ്‌ എഴുത്തൊക്കെ എങ്ങനെ പോകുന്നു ?എന്താണ്  ഇപ്പൊ  പ്രശ്നം ?
 
 
ബ്ലോഗ്‌ എഴുത്തിന്റെ കാര്യം ഒന്നും പറയണ്ട  ഡോക്റ്റർ.അന്ത്യശ്വാസം വലിക്കയല്ലേ,മലയാള ബ്ലോഗുകൾ.ഷവർമ്മ  കഴിച്ചു ആള് തട്ടിപ്പോയ  ഹോട്ടൽ പോലാ  ഇപ്പൊ ബ്ലോഗിന്റെ  അവസ്ഥ.ബ്ലോഗിൽ  ഒന്നും ഇപ്പൊ  ആളു കയറുന്നില്ല.എല്ലാവർക്കും ഫെസ് ബുക്ക്‌ മതിയല്ലോ .
 
 
അതിനു ഞാൻ എന്ത്  ചെയ്യാനാ?നുമ്മ  ഇവിടിരിക്കുന്നത്‌  മാനസിക രോഗികളെ  ചികിത്സിക്കാനാ.ഫെസ് ബുക്ക്‌ ഞരമ്പ്‌ രോഗികളെ  അല്ല! 
 
 

എന്നെ  കൈവിടരുത് ഡോക്റ്റർ.അതിഭയങ്കരമായ മാനസിക പ്രശ്നങ്ങളിൽ പെട്ട്  ഉഴലുകയാണ് ഞാൻ
"പരിപ്പുവട"  എന്ന ബ്ലോഗ്‌  ക്ലച്ചു പിടിക്കാഞ്ഞിട്ടാണല്ലോ ഞാൻ "താണ്ടമ്മയുടെ  താണ്ഡവങ്ങൾ"എന്ന ബ്ലോഗ്‌ തുടങ്ങിയതും,ബൂലോകത്ത്  ഒരു  സംഭവമായതും.പിന്നീട്  ബ്ലോഗിന്  മണ്ഡരി  .ബാധിച്ചപ്പോ,ഞാൻ അതെ പേരില് ഒരു ഫെസ് ബുക്ക്‌ അക്കൌന്റ് തുറന്നതും.ഇപ്പൊ പതിനാറായിരം ഫോലോവേർസും,സുക്കർ  സായിപ്പ്  സമ്മതിക്കാത്തത് കൊണ്ട് 5000  ഫ്രണ്ട്സും  പിന്നെ ഒരു 3500 റിക്വസ്റ്റ്  പെണ്ടിങ്ങും ഉണ്ട്.

 
 
നിങ്ങള്ക്ക്  ഇത്രയും  ആരാധകർ ഉള്ള  സ്ഥിതിക്ക്  അതിൽ  സന്തോഷിക്കയല്ലേ  ചെയ്യേണ്ടത്?അതിനു  ഒരു  മന : ശാസ്ത്രന്ജന് എന്ത് ചെയ്യാനാവും ? 
 
 
 
 
അതല്ല  ഡോക്റ്റർ..എന്നും കാലത്തേയും ഉച്ചക്കും  വൈകുന്നരവും,ഞാൻ ശുഭ ദിനം എന്നോ,ശുഭരാത്രി എന്നോ രണ്ടു വാക്ക് മാത്രം എഴുതിയാലും, അതിനൊക്കെ  മുന്നൂറും നാനൂറും ലൈക്ക് ആയിരുന്നു.മൂന്നോ നാലോ  വരി എങ്ങനെ എങ്കിലും  എഴുതിയാൽ  ലൈക്കിന്റെ കണക്കു  അറുനൂറോ എഴുനൂറോ ആകും.വല്ല സിനിമയും കണ്ടിട്ട് "ഇവനൊക്കെ  വല്ല തൂമ്പയും  എടുത്തു  കിളച്ചു കൂടെ" എന്ന്  നിരൂപണം  - അതാണല്ലോ  നമ്മുടെ  ഹൈലൈറ്റ് - എഴുതിയാൽ ലൈക്ക് ആയിരം കടക്കും.ഏതെങ്കിലും  സിനിമാ താരങ്ങളുടെയോ,വേറെ വല്ല പ്രോഫൈലിലും  ഉള്ള പെണ്ണുങ്ങളുടെ ചുണ്ടോ  കണ്ണോ അടിച്ചു മാറ്റി  ഇട്ടാൽ പിന്നെ  അന്ന് ഇൻബോക്സിൽ  മേസേജുകളുടെ  അയ്യരുകളി  ആയിരിക്കും.എന്റെ  പോസ്റ്റുകളിൽ  ആരെങ്കിലും  എന്തേലും  എതിർത്ത്  പറഞ്ഞാൽ,അന്ന്  എന്റെ  ആരാധകരായ ഞരമ്പ്‌ രോഗികൾ  അവനു പൊങ്കാലയിടും .
 
 
അതെന്തോന്നു...തിരുവന്തോരത്ത് അമ്പലത്തിൽ  ഇടുന്ന  എന്തോ  ഒന്നല്ലേ  ഈ  പൊങ്കാല?
 
 
അത് പിന്നെ ഡോക്റ്റർ,ഞങ്ങൾ  ഫെസ് ബുക്ക്‌ ജീവികളുടെ  ചില  പ്രത്യേക  വാക്കുകളാണ് പൊങ്കാല , ബെർപ്പിക്കൾ, പ്ലിംഗ് ഒക്കെ .


 
ഈ  സിനിമാക്കാരോട് താങ്കൾക്ക്   എന്താ  ഇത്ര  വെറുപ്പ്‌?സിനിമ ഇറങ്ങുന്ന ദിവസം  തന്നെ  നെഗറ്റീവ്  റിവ്യു ഒക്കെ ഇട്ടാൽ  ആ  ഒരു  വ്യവസായം  തന്നെ  നശിച്ചു പോവില്ലേ?അത് പിന്നെ ഡോക്റ്റർ,ഞാൻ പരിപ്പുവട  എന്ന പേരില്  ബ്ലോഗ്‌ എഴുതി  തുടങ്ങിയപ്പോൾ പല  സംവിധായകരുടെയും പുറകെ കഥ  ആയിട്ടും,തിരക്കഥ  ആയിട്ടും ഒക്കെ കുറെ  നടന്നതാ. അന്ന്  അവരൊന്നും എന്നെ മൈൻഡ്  ചെയ്തില്ല. അതുകൊണ്ട്  സിനിമ  ഇറങ്ങും കഥയൊക്കെ മനസ്സിലാക്കി  ഒരു പോസ്റ്റ്‌ ഉണ്ടാകും.ആദ്യത്തെ ഷോ കഴിഞ്ഞാൽ ഉടൻ ഫെസ് ബുക്കിൽ  പടം കൂതറ  എന്ന് പറഞ്ഞു  റിവ്യു  ഇടും.പ്രതികാരം മനുഷ്യ സഹജം എന്നല്ലേ  സെയിന്റ്  ലൂസിഫര്  പോലും  പറഞ്ഞിട്ടുള്ളത് .
 

ശരി ശരി ...പ്രശ്നത്തിലേക്ക്  വരൂ .
 
 
 
എനിക്ക് എതിരാളികൾ ആയി  ഇപ്പൊ  ഒന്ന് രണ്ടു പേര്  അവതരിച്ചിട്ടുണ്ട്. ഓരോ ദിവസവും  അവർ പോസ്റ്റുകൾ എഴുത്തും.മണ്ണിന്റെ  മണമുള്ള  അടിപൊളി  പോസ്റ്റുകൾ ആയതു കൊണ്ട്  ഓരോ പോസ്റ്റിനും ആയിരവും ആയിരത്തി ഇരുനൂറും ഒക്കെ  ലൈക്കുകൾ  ആണ്.എന്റെ പോസ്റ്റിനുള്ള  ലൈക്  ഇപ്പൊ  വെറും അൻപതും  അറുപതും  ഒക്കെ ആയി കുറഞ്ഞു.എന്റെ  പരിപ്പുവട  ബ്ലോഗിന്റെ  ഗതിയാകുമോ  ഇനി  ഫെസ്ബുക്ക്‌ പ്രോഫൈലിനും  എന്ന  പേടിയാണ് എനിക്ക്  എപ്പോഴും .
 
 
 
ഈ ലൈക്കുകൾ  കൊണ്ട് എന്താണ്  ഗുണം.കാശ്  ഒന്നും  കിട്ടില്ലല്ലോ.പുഴുങ്ങി തിന്നാനും പറ്റില്ല!
 

അതല്ല ഡോക്റ്റർ,സ്ഥിരമായി  കിട്ടിക്കൊണ്ടിരുന്ന  ലൈക്കുകളും, ഹൃദയങ്ങളും,കിട്ടാതെ വന്നപ്പോൾ,എന്റെ ബി.പി കൂടി.പണ്ടേപ്പോലെ  ലൈക്ക് ഒക്കെ കിട്ടാത്തത്  ഞാൻ ഒരു ഫെക് ആയതു കൊണ്ടാണെന്ന്   വരെ  ആൾക്കാർ  പറഞ്ഞു ഉണ്ടാക്കാൻ  തുടങ്ങി.ലൈക്കുകൾ  കണ്ടില്ലെങ്കിൽ  തല കറങ്ങുന്നത് പോലെ  തോന്നും .ആളുകൾ  ചക്കരെ  എന്ന് പറഞ്ഞു മെസ്സേജ് ഇൻബോക്സിൽ  അയക്കുന്നത്  കുറഞ്ഞു.അതൊക്കെ പോട്ടെ  ഡോക്റ്റർ .എന്നും എന്റെ  താങ്ങായിരുന്ന  ഞരമ്പ്‌രോഗികള്  ഓരോരുത്തരായി  അണ്‍ ഫ്രണ്ട് ചെയ്തു പോകുന്നു.എനിക്ക്  ഇപ്പൊ  ഫെസ് ബുക്ക്‌  തുറന്നാൽ പരവേശമാണ്.ഓഫീസിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല.ആളുകളോട് ഒക്കെ  ഷൌട്ട്  ചെയ്യുന്നു.സുന്ദരികളായ പെണ്ണുങ്ങൾ   ഫ്രണ്ട്  ആയി ഉള്ളത് കൊണ്ട്,ഭാര്യയെ പണ്ടേ  ഗൗനിക്കാറില്ല.ഇനി  അവളുടെ തിരുമോന്ത  മാത്രം  കാണേണ്ടി  വരുന്ന  ഒരു  അവസ്ഥ  ചിന്തിക്കാൻ പോലും പറ്റുന്നില്ല. 

 
ഈ  പെണ്ണുങ്ങലോടൊക്കെ  വെറുതെ  ഇങ്ങനെ  ചാറ്റ്  ചെയ്യുന്നതുകൊണ്ട്  എന്ത്   സന്തോഷമാണ്  കിട്ടുന്നത്  എന്ന്  എനിക്ക്  മനസ്സിലാകുന്നില്ല .
 
 
 
എനിക്ക് ആരാധികമാർ  ഒരുപാട്  ഉണ്ട്.അവർ ചാറ്റിൽ  എന്തും എന്നോട് തുറന്നു പറയും.രഹസ്യങ്ങൾ  വരെ.അതൊക്കെ കേള്ക്കുന്നത്  തന്നെ  ഒരു സന്തോഷമാണ്.ഒരു  സുഖമാണ്.പെണ്ണ് ആണെന്ന്  വിചാരിച്ചല്ലേ  ഈ  പോത്തുകൾ  എല്ലാം പറയുന്നത്.ഈയിടെ  ഈ  സിറ്റിയിൽ തന്നെ ഉള്ള ഒരു പൊട്ടൻ  ഡോക്റ്ററുടെ  ഭാര്യ,പ്രോഫൈൽ പേര്  ക്ലിയോപാട്ര.എന്നോട് അവരുടെ  ഭര്ത്താവ് ഒരു കൊഞ്നാഡൻ ആണെന്ന് പറഞ്ഞു.പിന്നെ അവരുടെ കുറെ  രഹസ്യങ്ങളും..അയാള് എങ്ങാനും ഇതൊക്കെ അറിഞ്ഞിരുന്നെകിൽ  ഹൃദയം പൊട്ടി മരിച്ചേനെ. ഞാൻ എങ്ങാനും ഒരു  ആണ്  ആയിരുന്നെകിൽ  എന്റെ കൂടെ  ഇറങ്ങി വന്നേനെ  എന്നും പറഞ്ഞു.ഞാൻ ആണ്  ആണെന്ന് തുറന്നു പറയാൻ പറ്റില്ലല്ലോ ഇനി.
 
 
 
നിങ്ങള്ക്ക്  ഫെക് ഐഡിയിൽ,സ്ഥിരമായി  ഫെസ്ബുക്ക്‌  ഉപയോഗിക്കുന്നവരിൽ   കണ്ടു  വരുന്ന  ഒരു  രോഗമാണ്.ഞങ്ങളുടെ  ഭാഷയിൽ,ഇതിനു  നട്ടെല്ലോ  ഇല്ലായ്മ ഫെകൊമാനിയ  എന്ന് പറയും.സാരമില്ല.എല്ലാം  ശരിയാക്കാം.ഞാൻ തല്ക്കാലം കുറച്ചു മരുന്നുകള  തരാം. അത് കഴിച്ചിട്ട് ഒരാഴ്ച  കഴിഞ്ഞു  വരൂ .
 
 
താണ്ടമ്മ പോയതിനു  ശേഷം,ഡോക്റ്റർ  ഫെർണാണ്ടസ്‌  തന്റെ  "മഴുവൻ"  എന്ന പേരിലുള്ള   ഫെസ് ബുക്ക്‌  പേജ് തുറന്നു താണ്ടമ്മയുടെ പേജിൽ ചെന്ന്     ക്ലിയോപാട്ര  എന്ന  പ്രൊഫൈൽ   കണ്ടു  പിടിച്ചു.അതിലുള്ള  എല്ലാ പോസ്റ്റുകൾക്കും കുത്തിയിരുന്ന്  ലൈക്ക്  അടിച്ചു.പിന്നീട്  ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചതിന്  ശേഷം വളരെ  റൊമാന്റിക്  ആയ  ഒരു  മെസ്സേജ് കൂടി അയച്ചു പ്രതീക്ഷയോടെ  കാത്തിരുന്നു .
 

അപ്പോൾ ക്ലിനിക്കിന്റെ  മുകളിലത്തെ  നിലയിൽ ബ്യുട്ടി പാർലർ  നടത്തുന്ന മിസ്സിസ്  ഫെർണാണ്ടസിന്റെ മൊബൈലിൽ  മെസ്സേജ്  അലർട്ടു വന്നു.പുതിയ  ഫ്രണ്ട്സ് റിക്വസ്റ്റ്  കണ്ടു  പുഞ്ചിരിച്ചു കൊണ്ട്  വളരെ  ശ്രദ്ധാപൂവം   അവർ അക്സെപ്റ്റ് എന്ന  ബട്ടണ്‍ ഞെക്കി.തന്റെ പോസ്റ്റുകളിൽ എല്ലാം  പുതിയ  ആൾ  ലൈക്ക് അടിച്ചത് കണ്ടു  പുളകിതയായി .


 
ക്ലിയോപാട്ര അക്സപ്ട്ടട്  യുവർ ഫ്രണ്ട്സ് റിക്വസ്റ്റ്  എന്ന മെസ്സേജ് വായിച്ച  ഡോക്റ്റർ തുള്ളിച്ചാടി.മറുപടിയായി   ഒരു  ലവ്സൈൻ  അയച്ചു  കൊണ്ടിരിക്കവേ,മൊബൈൽ  ശബ്ദിച്ചു.നംബറിനോടൊപ്പം  തെളിഞ്ഞു വന്ന  മിസ്സിസ്  ഫെർണാണ്ടസിന്റെ  ഫോട്ടോ കണ്ടപ്പോൾ   ഡോക്റ്റർ അസഹ്യതയോടെ  പറഞ്ഞു ..

ശവം !  
 

21 അഭിപ്രായ(ങ്ങള്‍):

Aneesh chandran said...

നട്ടെല്ലോ ഇല്ലായ്മ ഫെകൊമാനിയ ഹഹഹ്ഹാ തകര്‍ത്തുതരിപ്പണമാക്കി കളഞ്ഞുട്ടോ :) നല്ല നീരിക്ഷണം.

വീകെ said...

ഹാസ്യം കൊള്ളാട്ടൊ..
ഈ ലൈക്ക് കൂടുതൽ കിട്ടുന്നതു കൊണ്ട് എന്താണ് ഗുണമെന്ന് ഞാനും ആലോചിച്ചിട്ടുണ്ട്..
ആശംസകൾ...

RAGHU MENON said...

'മിതൃ' സിനിമ ഓര്‍മ വന്നു -
കൊള്ളാം

Unknown said...

നട്ടെല്ലോ ഇല്ലായ്മ ഫൈക്കൊമാനിയ ......നല്ലൊരു രോഗം തന്നെ.....എല്ലാം കൊണ്ടും ...തകര്‍ത്തു.....ലാസ്റ്റ് ഭാഗം ആണ് കലക്കിയത്...........................

കൊമ്പന്‍ said...

ന്റെ പൊന്നു ബായീ ലൈക്കിനെ ഓര്ത്ത് നിങ്ങൾ സങ്കട പെടണ്ട ഒരു പോസ്റ്റ് ഇട്ടിട്ടു പ്രൊമോട്ട് ബട്ടണ്‍ ക്ലിക്ക് ചെയ്യ് അഞ്ചോ പത്തോ ഡോളർ കൊടുക്കൂ പത്തോ നൂറോ ലൈക് സുക്കര് ബര്ഗ് തരും പിന്നെ സകലവന്റെ മുമ്പിലും ഈ പോസ്റ്റ് കാണിക്കയും ചെയ്യും പിന്നെ ഒക്കെ ലൈക് സംഖ്യ കണ്ടു ലൈക്ക് ക്കോളും എന്ന് പോരാത്തതിന് പോസ്റ്റിനു ഒരു നക്ഷത്ര ചിഹ്നവും കിട്ടും എന്തിനു ഡോക്റ്ററെ കാണണം അതല്ലേ ഇപ്പൊ പലരും ചെയ്യുന്നത് ...
പോസ്റ്റ് കലക്കി

പട്ടേപ്പാടം റാംജി said...

സംഭവം കൊള്ളാം.
ഈ പ്ലിംങ്ങ് എന്താണെന്ന് ഇതുവരെ എനിക്ക് തിരിഞ്ഞിട്ടില്ല. ഇവിടേയും പ്ലിങ്ങിനെ പിടിച്ചിട്ടുണ്ടല്ലോ.

ajith said...

ലൈക്കോമാനിയ!!!

Neelima said...

:)

© Mubi said...

"നട്ടെല്ലോ ഇല്ലായ്മ ഫെകൊമാനിയ" ഈ രോഗം കേമായിരിക്കുന്നു. കൊള്ളാം....

ഷബീര്‍ - തിരിച്ചിലാന്‍ said...

അണ്‍ ലൈക്ക് ബട്ടണ്‍ വരുന്നതോടുകൂടി പൂര്‍ണ്ണമായും മാറാവുന്ന പ്രശ്നമേയുള്ളൂ... ലൈക്കിനോട് ആള്‍ക്കാര്‍ക്കുള്ള ആക്കറാന്തം കണ്ടിട്ടാകും സുക്കര്‍ബര്‍ഗ് അണ്‍ലൈക് ബട്ടണ്‍ കൊണ്ടുവരാത്തത്.

ആക്ഷേപഹാസ്യം ഉസ്സാര്‍..

vettathan said...

ഈ വെര്‍ച്വല്‍ ലോകത്ത് അര്‍മാദിച്ചു ജീവിക്കുന്ന അനേകരുണ്ട്. സത്യമാണെന്ന് കരുതി അവസാനം ആത്മഹത്യയില്‍ അഭയം തേടിയവനെയും അറിയാം. കാലിക പ്രസക്തിയുള്ള കുറിപ്പ്.

roopeshvkm said...

നല്ലൊരു ആക്ഷേപഹാസ്യം

Muralee Mukundan , ബിലാത്തിപട്ടണം said...

കഴിഞ്ഞ ഡിസംബറിൽ
ഈ താണ്ടമ്മയുടെ താണ്ഡവം എങ്ങിനെയുണ്ടായിരുന്നതാണ് ബ്ലോഗുണ്ടായിരിന്നപ്പോൾ...

പക്ഷെ ഫേസ്ബുക്കിലെത്തിയപ്പോൾ
ഇപ്പോൾ നട്ട പ്രാന്തായില്ലേ...


ഇ-യുഗത്തിലെ കലികാലം അല്ലേ

ഫൈസല്‍ ബാബു said...

ഞാന്‍ ഒന്നും പറയുന്നില്ലേ :)

റോസാപ്പൂക്കള്‍ said...

പാവം താണ്ടമ്മ...:(

Mukesh M said...

ഫേസ്ബുക്ക് മാനിയ ആണല്ലോ ഇപ്പൊ...

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ആരും ഇവിടെ പൊന്കാല ഇട്ടില്ലേ ഇതേ വരെ !

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ആരും ഇവിടെ പൊന്കാല ഇട്ടില്ലേ ഇതേ വരെ !

അലി said...

താണ്ടമ്മമാരുടെ വിളയാട്ടമല്ലേ ഫേസ്ബുക്കിൽ!
നന്നായി
ആശംസകൾ!

മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് said...

ഹഹഹാ....ഫെയ്സ്ബുക്ക് ലിങ്ക് വഴി ഇവിടെയെത്തി....
കലക്കി ചേട്ടാ....

Anonymous said...

Kalakki chettoo