Showing posts with label അബ്ബാസിയ. Show all posts
Showing posts with label അബ്ബാസിയ. Show all posts

Nov 21, 2010

ഷെയറിംഗ് അക്കൊമോടെഷന്‍ എന്ന വളളികെട്ട്!

"വെക്കേഷന്‍ കഴിഞു ജോയിന്‍ ചെയ്തപ്പോള്‍ ടെര്‍മിനേഷന്‍ കിട്ടി എന്ന പോലെയായിപോയല്ലോ ശോശാമ്മേ".എന്റെ എല്‍ദോച്ചായാ ഇന്ന് ഇത് കാലത്തേ മുതല്‍എത്രാമത്തെ തവണയാ പറയുന്നേ...ഒരു ഷെയറിംഗ്കാരന്‍ പോയാല്‍ പത്തെണ്ണം വരുമെന്നെ..നമ്മള്‍ എത്ര കാലമായി ഇത് തുടങ്ങിയിട്ട്.. ഇടക്കൊക്കെ ഒന്നോ രണ്ടോ മാസം ആരും കാണാതിരിക്കും...പിന്നെ ആരേലും വരുമെന്നെ..എന്നാലും ആ ദ്രോഹി കൊച്ചു തോമാ ഈ സമയത്ത് ഇങ്ങനെ കാണിച്ചല്ലോ..ഇരുപതാം തീയതി ആണോ താമസം മാറ്റുവാ എന്ന് പറയുന്നേ..എല്‍ദോക്ക് ദേഷ്യം മാറിയില്ല..എന്നാലും എങ്ങനെ ദേഷ്യം വരാതെ ഇരിക്കും....നല്ല വാടക ആരുന്നു കൊച്ചന്‍ തന്നോണ്ടിരുന്നെ..ഏതോ ഐ ടി കമ്പനിയില്‍ ആണ് പണി..വ്യാഴാഴ്ച എന്ന ദിവസമുന്ടെല്‍ പുള്ളി എവിടേലും മുങ്ങും. പിന്നെ സണ്‍‌ഡേ കേരിവരുവോള്ളരുന്നു...ഒരു ശല്യവും ഇല്ലാത്ത കൊച്ചന്‍..കൊച്ചു തോമെടെ വാടക നോക്കി ചേര്‍ന്ന ചിട്ടി ഇനി ഗോപി.വള്ളിക്കെട്ടായല്ലോ എന്റെ പുണ്യാളാ.



ഇതൊന്നുമല്ല , ശോശാമ്മേടെ ഉറ്റ സുഹൃത്തും ( ബദ്ധ ശത്രുവും കൂടി ആണ് കേട്ടോ ) കൂടിയായ ഷീലയുടെ ചേട്ടന്റെ മോളെ കല്യാണം കഴിച്ചു അങ്ങോട്ട്‌ മാറുവേം കൂടിയാണല്ലോ എന്നോര്‍ക്കുംബോഴാ കൂടുതല്‍ വിഷമം.മൂത്തമോള് മോളിക്കുട്ടീടെ പ്ലസ്‌ ടു കഴിയട്ടെ എന്നിട്ട് കല്യാണം ആലോചിക്കാം എന്ന് വിചാരിച്ചിരിക്കുമ്പോള്‍ അല്ലെ ഷീല കേറി വീണത്..മോളികുട്ടീനെ ഒന്നാലോചിചാലോ എന്ന് ഈ പൊട്ടി ശോശാമ്മ ഷീലയോട് പറഞ്ഞതെ ഉള്ളു..ചേട്ടന്റെ മോള് സിന്ധു പ്ലെയിന്‍ പിടിച്ചു ഇങ്ങു എത്തി..അല്ലേലും തെക്കോട്ടുള്ളവര് ഇതിലൊക്കെ മിടുക്കരാ..ഇനി ഷീലേം അവിരയും കൂടി ചെറുക്കനേം പെണ്ണിനേം കൂടി അവിടെ താമസിപ്പിക്കും.വാടക അവിര വാങ്ങിക്കാതെ ഇരിക്കുമോ..അവിര ആരാ മോന്‍..കുറെ കാലമായിട്ടു അവിരക്ക് കുശുംബാരുന്നു..ഇന്നാളു ഇവിടുത്തെ എല്‍ സി ഡി ടിവി കണ്ടിട്ട് പറഞ്ഞു ഇതേല്‍ പടം കാണാന്‍ ഒരു രസോം ഇല്ല..ആള്‍ക്കാരുടെ ചെള്ള ഒക്കെ വീര്‍ത്തിരിക്കുന്ന പോലെ തോന്നുന്നു എന്ന്.. ഞാന്‍ വിടുമോ..അത് കുഞ്ഞു ടിവി കണ്ടിട്ട് വലുത് കണ്ടിട്ടാ എന്ന് ഒരു താങ്ങ് താങ്ങി..അടുത്ത ആഴ്ച അവിടെ ദേ എല്‍ സി ഡി..ചെള്ളക്കൊന്നും ഒരു കുഴപ്പോം ഇല്ല ..കുറെ നാളായി സ്മാര്‍ട്ട്‌ സിറ്റി വരുന്നതിനടുത്തു ഉള്ള അഞ്ചു സെന്റ്‌ സ്ഥലത്തിന്റെ കാര്യം പറഞ്ഞു ഭയങ്കര പൊങ്ങച്ചം ആരുന്നു..സ്മാര്‍ട്ട്‌ സിറ്റി വരുന്നില്ല എന്ന് ന്യൂസ്‌ ഉണ്ടാരുന്നു എന്ന് .പറഞ്ഞപോ...ഡിം..


പെണ്ണുങ്ങള് ഒരേ ബാങ്കില്‍ ജോലിയാനെകിലും പരസപരം കാണാന്‍മേല ..മിനിസ്ട്രീല്‍ നെഴ്സുംമാര്‍ക്ക് ശമ്പളം കൂട്ടി എന്ന് കേട്ടപോ മാത്രം രണ്ടു പേരും കൂടി ഒന്നായി..അവരുടെ കുറ്റം പറയാന്‍ തുടങ്ങി .അവിടെ വള വാങ്ങിച്ചാല്‍ ഇവിടെ മാല വാങ്ങിക്കണം..ഇവിടെ ഡയമണ്ട് വാങ്ങിച്ചാ അവിടെ പ്ലാടിനം വാങ്ങിക്കണം.അവിടെ ഫ്ലാറ്റ് ബുക്ക്‌ ചെയ്താല്‍ ഇവിടെ വില്ല ബുക്ക്‌ ചെയ്യണം .ഹോ ഈ മത്സരം മടുത്തു എന്റെ ഗീവര്‍ഗീസ് പുണ്യാളാ..മനുഷ്യന്‍ രണ്ടു അറ്റോം കൂട്ടി മുട്ടിക്കുന്നത്‌ എങ്ങിനെ ആണെന്ന് ഇവറ്റക്ക് അറിയണോ..ബാങ്കിലാ പണി എന്നല്ലാതെ ഇന്നത്തെ എക്സേന്ജ് റേറ്റ് ചോദിച്ചാ അറിയത്തില്ല .അതെങ്ങനാ..പ്രീ ഡിഗ്രീം കഴിഞ്ഞു മൂവാറ്റുപുഴകച്ചേരിതാഴതുന്നു നേരെ കുവൈറ്റിലെക്കല്ലേ വന്നത്. അവിര ആണേല്‍ ശമ്പളം എടുക്കുന്ന വഴി എക്സേന്‍ജില്‍ ഇറങ്ങി കാശു നാട്ടിലേക്കു തള്ളും..പിന്നെ ഉന്തീം തള്ളീം മാസം തീര്‍ക്കും..ഇവിടെയോ..എല്ലാ ആഴ്ചയും ബെസ്റ്റ് മാര്‍ട്ട്,ഗ്രാന്‍ഡ്‌സെന്റര്‍,മിലു എന്നൊക്കെ പറഞ്ഞു ഇറക്കമല്ലേ..ഓഫര്‍ ഉണ്ടെന്നും പറഞ്ഞു വേണ്ടാത്ത സാധനങ്ങള്‍ എല്ലാം വാങ്ങും.


ഇനി വീണ്ടും ഒന്നേന്നു ഇന്ത്യന്‍സ് ഇന്‍ കുവൈറ്റ്‌ വെബ്‌ സൈറ്റില്‍ ഒന്ന് തപ്പണം.വല്ലോര്‍ക്കും ഷെയറിംഗ് വേണോന്നു.അവിടാണല്ലോ ഓഫീസില്‍ പണിയില്ലാത്ത മലയാളികള് കിടന്നു നിരങ്ങുന്നെ.അതെങ്ങനാ ഓരോരുത്തന്‍ വിളിച്ചു ചോദിക്കും,ഇന്റര്‍നെറ്റ്‌ ഉണ്ടോ,കേബിള്‍ ടിവി ഉണ്ടോ,ഫോണ്‍ ഉണ്ടോ..പിന്നെ അവന്റെ അമ്മേടെ....അമ്മേടെ ഫോട്ടോ വെക്കാന്‍ സ്ഥലം ഉണ്ടോ എന്നൊക്കെ എന്നൊക്കെ..പിന്നെ കുറെ എണ്ണം എക്സിക്യുടിവ് ബാച്ചിലര്‍ അകോമോടെഷന്‍ എന്നും പറഞ്ഞു...കൈയില്‍ കാല്‍ കാശു കാനുകേലെങ്കിലും ജാടക്ക് കുറവൊന്നും ഇല്ല.കഴിഞ്ഞ തവണ അവധിക്കു ഇവിടെ വന്നപോ ചാച്ചനും അമ്മയും ചോദിച്ചതാ..നിങ്ങക്ക് ഇതിന്റെ കാര്യം വല്ലതും ഉണ്ടോ...രണ്ടാല്കും നല്ല ശമ്പളം അല്ലെ...എന്നൊക്കെ...ചാച്ചനു വല്ലോം അറിയാമോ..പെണ്‍ പിള്ളാര് മൂന്നാ ഞാന്‍ മുന്നില്‍ ,ഞാന്‍ മുന്നില്‍ എന്നും പറഞ്ഞു വളരുന്നത്‌..കോതമംഗലത്തുന്നു മുപ്പതു വര്‍ഷം മുന്‍പ് കേരിവരുമ്പോള്‍ വല്ലോം ഉണ്ടാരുന്നോ..ഇവിടെ വന്നു കുബ്ബൂസ് തിന്നും ഷയറിംഗ് താമസിച്ചും ഒക്കെ ഉണ്ടാക്കിയതാ ഈ കാണുന്നതൊക്കെയും എന്ന് ചാച്ചന്‍ എങ്ങനെ അറിയാന്‍ ..




വൈകുന്നേരം കുബ്ബൂസും വാങ്ങി കേറി വരുമ്പോള്‍ ലിഫ്ടിനടുത്തു കൊച്ചു തോമായും സിന്ധുവും..കൊച്ചന്‍ ഒന്ന് പരുങ്ങി..പെണ്ണിന് ഒരു കുലുക്കോം ഇല്ല..കുറെ കഴിഞ്ഞു കേറി വന്നപോ ചോദിച്ചു..എന്നത്തെക്കാടാ കല്യാണം.? ഇന്നേവരെ കൊച്ചു തോമ എന്ന് തികച്ചു വിളിക്കാത്ത അച്ചായന്‍ എടാ എന്ന് വിളിച്ചല്ലോ എന്ന് കൊച്ചനു തോന്നിക്കാണും..കല്ലി വല്ലി.ഇനി ഇവനോടൊക്കെ ഒരു ദാക്ഷിണ്യവും വേണ്ട...അത് പിന്നെ അച്ചായാ..സിപ്പുവിന്റെ വീട്ടുകാരെ കാണാന്‍ എന്റെ അപ്പന്‍ പോകനിരിക്കുവ...സിപ്പുവോ? സിന്ധു പോള്‍ എന്നല്ലിയോ അവളുടെ പേര്..അതാ..(ഹോ അവളുടെ ആങ്ങള ചെറുക്കന്റെ പേര് കോരന്‍ പോള്‍ എന്നാകഞ്ഞത് ഭാഗ്യമായി)അപോ തീരുമാനം ഒന്നും ആയില്ലേ..? ഇല്ല അച്ചായാ..ഞാന്‍ നാട്ടി പോകുവാ..ഈ മാസം അവസാനം...അവളും വരുന്നുണ്ട്..എന്നെ അവര്‍ക്കൊന്നു കാണനോന്നു .എന്നിട്ട് പയ്യെ..


"എടിയേ, ഈ സിന്ധു അല്ലെ ഇവിടെ നേരത്തെ ഉണ്ടാരുന്ന വരുഗീസിന്റെ മോള്‍? എരനാകുളത് പഠിക്കുമ്പോള്‍ ഏതാണ്ട് ചുറ്റിക്കളി ഒക്കെ ഉണ്ടെന്നും പറഞ്ഞു വരുഗീസിന്റെ ഭാര്യ എമെര്‍ജെന്‍സി ലീവ് ഒക്കെ എടുത്തു പോകുകേം ഒക്കെ ചെയ്ത".അച്ചായന് എന്തിന്റെ കേടാ .ശോശാമ്മ കേറി ഇടപെട്ടു..ഓ അതൊക്കെ എന്തിനാ പറയുന്നേ..കൊച്ചു തോമ ഉടനെ അകത്തു കേറി പോയി..എന്നാ പിന്നെ ഉറങ്ങിയെക്കാം ..


രാവിലെ ഒരു ഫോണ്‍..എല്‍ദോ സാറാണോ..ഞാന്‍ വറുഗീസാ..സിന്ധൂന്റെ അപ്പന്‍..അവിടെ താമസിക്കുന്ന തോമസ് എങ്ങനാ ആളു എന്നൊക്കെ ചോദിച്ചോണ്ട് ....നമ്മുക്ക് പിന്നെ ഉള്ള കാര്യം അല്ലെ പറയാന്‍ പറ്റു.അതുകൊണ്ട് ഞാന്‍ ഒരു കാര്യമേ ചോദിച്ചുള്ളൂ..ഒന്നൂടെ ഒക്കെ ഒന്ന് ചെറുക്കനെ പറ്റി നന്നായി അന്വേഷിച്ചിട്ട് പോരെ എന്ന് മാത്രം ...നമുക്കും ഇല്ലേ മൂന്നു പെണ്‍ പിള്ളേര്‍..നാളെ അവര്‍ക്ക് ഇങ്ങനെ ഒരു ആവശ്യം വന്നാല്‍ നമ്മളും അന്വേഷിക്കണ്ടതല്ലേ....കല്യാണം കലങ്ങിയാല്‍ കൊച്ചു തോമ കുറച്ചു നാള്‍ കൂടി ഇവിടെ തന്നെ താമസിചെക്കുമായിരിക്കും...പക്ഷെ നമ്മള്‍ ഒരു പെണ്ണിന്റെ ജീവിതം കൊണ്ട് കളിയ്ക്കാന്‍ പാടുണ്ടോ..ഹോ ഈ ഷെയറിംഗ് എന്ന ഒരു വളളി കെട്ട്!

Apr 15, 2010

അബ്ബസ്സിയയിലെ പ്രവാസ ജീവിതത്തിന്റെ ഒരു ഏട്





കുവൈറ്റിലെ അബ്ബാസിയ എന്ന സ്ഥലത്താണ് കേരളീയര്‍ കൂടുതലും താമസിച്ചു വരുന്നത്...ഒരു മിനി കേരളം എന്ന് തന്നെ പറയാവുന്ന ഒരിടം..നിങ്ങള്ക്ക് കടകളില്‍ പോയി മലയാളത്തില്‍ സംസാരിക്കാം. ..ആരോടും വഴി ചോദിക്കാം..മലയാളം ബോര്‍ഡുകള്‍ ..പരസ്യങ്ങള്‍ ഒക്കെ അങ്ങിങ്ങ് കാണാം.അങ്ങനെ കേരളത്തില്‍ നിങ്ങള്‍ ജീവിക്കുന്നത് എങ്ങനെയോ അങ്ങനെ...നടന്നു പോകുമ്പോള്‍ ചെവിയിലേക്ക് വന്നു വീഴുന്ന ഒരു സംസാരം...ഓ എന്തോന്നിനാ...അതെ നിങ്ങള്‍ അബ്ബാസിയയില്‍ എത്തിക്കഴിഞ്ഞു ! മധ്യ കേരളത്തിന്റെ ഒരു സംസാര ശീല് എവിടയും മുഴങ്ങി കേള്‍ക്കുന്ന ഒരിടം.


കാലത്തും ഉച്ചക്ക് ശേഷവും രാത്രിയിലും ജോലിക്ക് പോകുന്നു വെള്ളരി പ്രാവുകള്‍.. .അതുപോലെ കാലത്തേ ജോലിക്ക് പോകുന്ന നരച്ച തലമുടിക്കാരെ ഒരുപാടു കാണാം..അറുപതു പിന്നിട്ടിട്ടും എങ്ങും എത്താതെ നാട്ടിലേക്കു പോകനാവതവരും,എത്തെണ്ടിടതോ അതിനു മുകളിലോ എത്തിയിട്ടും പോകാന്‍ താല്പര്യം ഇല്ലാത്തവരും. അങ്ങനെ ഉള്ളവര്‍ ആണ് കൂടുതലും..കാരണം ജീവിത സുഖങ്ങള്‍ വിട്ടുപോകാന്‍ ഉള്ള വിഷമം. വില കൂടിയ വലിയ കാറുകളിലും ജീപ്പുകളിലും മിന്നിമറയുന്ന,മലയാളിമുഖങ്ങള്‍......ഓടിക്കുന്ന കാറിലും താമസിക്കുന്ന ഫ്ലാടുകളിലും വിളിക്കുന്ന ഫോണുകളിലും ഇട്ടിരിക്കുന്ന തടിച്ച സ്വര്‍ണ ചങ്ങലകളിലും തന്റെ പ്രതാപം കാട്ടുന്നവര്‍...ഇത് ആരില്‍ മതിപ്പുണ്ടാക്കുന്നു എന്ന് ചിന്തിക്കാത്തവര്‍ ...മറ്റുള്ളവരുടെ പ്രതാപത്തില്‍ താല്പര്യം കാണിക്കാത്ത ആള്‍ക്കാരാണ് അല്ലെങ്കില്‍ അതിനുള്ള സമയം ഇല്ലാത്തവരാണ് ഭൂരിഭാഗവും എന്ന വിചാരം ഇല്ലാത്തവരാണ് ഈ വിഭാഗം..

ഒരു ചെറിയ ശതമാനമേ നാട്, നാട്ടുകാര്‍,കൂട്ടുകാര്‍, സ്വന്തക്കാര്‍ എന്നീ ചിതകള്‍ വെച്ച് പുലര്തുന്നവരായിട്ടു ഉള്ളു. നൊസ്റ്റാള്‍ജിയ ഉള്ള പാട്ടുകള്‍ കേട്ടും ടെലിവിഷന്‍ കണ്ടും നാടിന്‍റെ ഓര്‍മകളും ആയി ജീവിക്കുന്ന ഒരു കൂട്ടം പേര്‍. അവര്‍ക്ക് ആശ്വാസമായി അബ്ബസിയയിലെ മലയാളി ഹോട്ടലുകള്‍. കപ്പയും മീനും മുതല്‍ അപ്പവും ഇടി അപ്പവും വരെ വിളമ്പുന്ന സ്ഥലങ്ങള്‍. .അതോടൊപ്പം തന്നെ നിരോധിക്കപ്പെട്ട ലഹരി നുണയാനുള്ള അവസരവും യഥേഷ്ടം. നാട്ടില്‍ നിന്നും അകന്നു ജീവിക്കുകയാനെന്നും, ഇവിടെ എത്തിയത് എന്തിനാണെന്നും ചിന്തിക്കാതെ തോന്നിയ പോലെ ജീവിക്കുന്ന ഒരു കൂടം ആളുകളെയും കാണാം.

അതേപോലെ തന്നെ ഉണ്ട് ചെറിയ ഒരു ശതമാനം പേര്‍ തന്റെ വരുമാനത്തിന്റെ ഒരു വിഹിതം ഇല്ലാത്തവര്‍ക്കും രോഗതുരര്‍ക്കുമായി മാറ്റി വെക്കുന്നവര്‍.മറ്റുള്ളവരെ എങ്ങനെ ഒക്കെ സഹായിക്കാം എന്ന് ചിന്തികുന്നവര്‍. സ്വന്തം ബന്ധുക്കളെയും,നാട്ടുകാരെയും, ജീവിക്കാന്‍ നിര്‍വാഹം ഇല്ലാത്തവരെയും കൊണ്ടുവന്നു ഒരു ജീവിത മാര്‍ഗം കാണിച്ചു കൊടുക്കുന്നവര്‍. അതുപോലെ നിനച്ചിരിക്കാതെ വരുന്ന അപകടങ്ങളില്‍ പെട്ട് ഉഴലുന്ന സഹ ജീവികളെ സഹായിക്കുന്നവര്‍. ഒന്നും തിരിച്ചു ആഗ്രഹിക്കാതെ നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നവര്‍. അവര്‍ക്ക് ദൈവത്തിന്റെ അദൃശ്യ കരങ്ങളില്‍ സുരക്ഷിതത്വം എന്നും ഉണ്ടാകും എന്നത് ഒരു പരമാര്‍ത്ഥം. അവരെ ദൈവതെപോലെ അല്ലെങ്കില്‍ ദൈവത്തിന്റെ പ്രതിപുരുഷന്‍ ആയി തന്നെ കരുതുന്ന ഒരു പറ്റം ആള്കാരെയും കാണാം.


മലയാളി സംഘടനകളുടെ ബാഹുല്യവും ഇവിടെ കാണാം...ജില്ല അടിസ്ഥാനത്തില്‍ തുടങ്ങി പഞ്ചായത്തിന് വരെ പ്രത്യേകം സംഘടനകള്‍ ...പത്ര താളുകളില്‍ ചിത്രം വരാനും സ്വന്തം കാര്യങ്ങള്‍ എളുപ്പത്തില്‍ നടത്താനും, ബന്ധങ്ങള്‍ ഉറപ്പിക്കാനും മറ്റും മാത്രം നിലകൊള്ളുന്ന ചിലതെങ്കിലും ഉണ്ട് ഈ കൂട്ടത്തില്‍! അതില്‍ നിന്നെല്ലാം വേറിട്ട്‌ നില്‍കുന്ന കുറെ നല്ല മനസ്സുകളുടെ കൂട്ടായ്മ ആയ " സാന്ത്വനം ".. വേദന അനുഭവിക്കുന്ന ഒരുപാടു ജീവിതങ്ങള്‍ക്ക് താങ്ങാകുന്നു...


ബാച്ചിലര്‍ ജീവിതം നയിക്കുന്നവര്‍ ഏറെ...അവരുടെ നോട്ടത്തില്‍ കുടുംബത്തോടെ കഴിയുന്നവരോട് ലേശം അസൂയ ഉണ്ടോ ?. എന്നാല്‍ അവരുടെ ഒരു മാസത്തെ ശമ്പളമോ അതിലും ഏറെയോ വരുന്ന കനത്ത വാടക അതുപോലെ മറ്റു ചിലവുകള്‍ എന്നിവ ചെയ്തു എങ്ങനെയെങ്കിലും രണ്ടറ്റവും കൂട്ടിമുട്ടിക്കുന്ന ഒരു കൂട്ടം ആള്കാരും ഒരു പാട്. മെസ്സുകളില്‍ മൂന്നോ നാലോ പേരുടെ ജീവിതവും രസകരം. ഉറങ്ങി തീര്‍ക്കാനും, ചീട് കളിക്കാനും ടെലിവിഷന്‍ കാണാനും എത്രയോ സമയം...ആഴ്ചകള്‍ പറക്കുകയാണ് ഇവിടെ ...ഒരു ആഴ്ച അവസാനതില്‍നിന്നും അടുതതിലെക്കുള്ള ദൂരം എത്രയോ കുറവ്..




ഗള്‍ഫ്‌ മലയാളികള്‍ കൂടുതല്‍ സമയം ഉറങ്ങി തീര്‍ക്കുന്നകൊണ്ടോ ഭക്ഷണത്തിന്റെ പ്രതെകതയും വ്യായാമത്തിന്റെ അഭാവവും മൂലവും ആകാം അകാലത്തിലെ കുടവയറും വീര്‍ത്ത കവിളുകളും മുഖമുദ്ര ആയി തീര്‍ന്നിരിക്കുന്നത്.. ..അത് കൊണ്ട് തന്നെ ആകാം അസുഖങ്ങള്‍ ബാധിക്കാനുള്ള സാധ്യതയും ഏറെ . ..ചെറു പ്രായത്തിലെ ഹൃദയ സംബന്ധമായ രോഗങ്ങളാല്‍ ജീവിതത്തോട് വിട പറയുന്നവര്‍ കൂടി വരുന്നു... ചരമ വാര്‍ത്തകള്‍ കാണുമ്പോള്‍, അവരുടെ ചെറു പ്രായം നോക്കുമ്പോള്‍ നമുക്ക് നമ്മോടു തന്നെ ചോദിക്കാവുന്ന ഒരു ചോദ്യം ഉണ്ട്....എപ്പോഴാണ് നമ്മുടെ ഊഴം എത്തുന്നതെന്ന ആര്‍ക്കും സ്വയം ചോദിയ്ക്കാന്‍ ഇഷ്ടമില്ലാത്ത ആ ചോദ്യം !


ചിത്രങ്ങള്‍ക്ക് കടപ്പാട് : നോബിള്‍ തോമസ്‌

Apr 8, 2010

ലുങ്കി - 2012

2012 മെയ്‌ മാസം ഒന്നാം തീയതി മുതല്‍ കേരളത്തില്‍ ലുങ്കി നിരോധിച്ചു എന്നാ വാര്‍ത്ത ഞെട്ടലോടെ ആണ് മലയാളികള്‍ ശ്രവിച്ചത്. മലയാളികളുടെ ജീവിതത്തിന്റെ അത്രയേറെ ഭാഗഭാക്കായ ഒരു സാധനം ഉണ്ട് എന്ന് തോന്നുന്നില്ല. പൊതു സ്ഥലങ്ങളില്‍ ലുങ്കി നിരോധിച്ചു എന്നാണ് വരാതയില്‍ എങ്കിലും വീട്ടില്‍ രാത്രി ലുങ്കി ഉടുത് കിടക്കാന്‍ പറ്റുമോ എന്ന് വ്യക്തത ഇല്ല എന്ന് ചൂണ്ടിക്കാനിക്കപെടുന്നു.

ഈ തീരുമാനത്തിന്റെ പിന്നില്‍ വിദേശ സാമ്രാജ്യത ശക്തികളുടെ കറുത്ത ഛെ വെളുത്ത കൈകള്‍ ഉണ്ട് എന്ന് കത്രികടവില്‍ കൂടിയ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി അഭിപ്രായപെട്ടു..കോട്ടും സൂട്ടും മലയാളികളെ അടിചെല്പിക്കാനുള്ള വിദേശ ഇടപെടലിനെതിരെ ലുങ്കി ഉടുക്കാതെ നേരിടണമെന്നും വാര്‍ത്തയോട് പ്രതികരിച്ച കമ്മിറ്റി അഭിപ്രായപെട്ടു...

ലുങ്കി നിരോധനത്തെ പറ്റി ഉള്ള ഞെട്ടിക്കുന്ന വാര്‍ത്തകളാണ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം കേള്‍ക്കുന്നത്.....കഴിഞ്ഞ ദിവസം ഇടപ്പള്ളി പള്ളിയുടെ അടുത്ത് ബീന റോഡില്‍ ലുങ്കി ഉടുത് നിന്ന സഹദേവനെ നോര്‍ത്ത് പോലീസെ ഭീഷണി പെടുത്തി അത്രേ . ഒന്നാം തീയതി കഴിഞു എങ്ങാനും ലുങ്കി ഉടുതുപോയാല്‍ അടിച്ചു സിളിണ്ടെര്‍ ഇളക്കും എന്ന് ഒരു പോലീസുകാരന്‍ പറഞ്ഞു എന്നും പറയപ്പെടുന്നു..

ലുങ്കി നിരോധനത്തെ പറ്റി സമ്മിശ്ര പ്രതികരണങ്ങള്‍ ആണ് വന്നു കൊണ്ടിരിക്കുന്നത് ..കത്രി കടവില്‍ ചായകട നടത്തുന്ന കുഞ്ഞാലിക്ക രോഷം കൊണ്ട് പൊട്ടിത്തെറിച്ചു...വെള്ള മുണ്ടിനു കുഴപ്പമില്ലെങ്കില്‍ പിന്നെ ന്റെ കള്ളിമുണ്ടിനു എന്താണ് കുഴപ്പം എന്നാണ് അദ്ധ്യേഹം ആരാഞ്ഞത്. ലുങ്കി മാന്യമായ വസ്ത്രം അല്ലെങ്കില്‍ പിന്നെ കചെരിപടിക്കടുത്തുള്ള പെണ്‍കുട്ടികളുടെ കോളേജില്‍ പഠിക്കുന്ന പിള്ളാരുടെ പ്രകൊപനകരമായ വസ്ത്രങ്ങളും നിരോധിക്കണമെന്ന് എഴുപതു കാരനായ കുഞ്ഞാലിക്ക അഭിപ്രായപെട്ടു...ഫോര്ട് കൊച്ചിയിലും മൂന്നാറിലും വരുന്ന നാടന്‍ ധ്വരമാരുടെ വേഷതെക്കളും എത്രകൊണ്ടും മികച്ചതാണ് തന്റെ ഭര്‍ത്താവിന്റെ ലുങ്കി എന്ന് കൊചോമന പറഞ്ഞു.. ഭര്‍ത്താവു പാന്റ് ധരിച്ചാല്‍ മറ്റെതവലെങ്ങിളും വല വീശിയാലോ എന്നുള്ള ഭയവും കൊചോമന മറച്ചു വെച്ചില്ല.എപ്പോള്‍ വേണമെകിലും മാറ്റാന്‍ ഉള്ള സൌകര്യം, വെള്ളമുണ്ടുകളെ വെച്ചുനോക്കുമ്പോള്‍ കോളേജ് കുമാരിമാരുടെ ശ്രദ്ധ പിടിച്ചു പത്ടല്‍ , മടക്കി കുത്തുമ്പോള്‍ ഉള്ള ലാലേട്ടന്‍ സ്റ്റൈല്‍ എന്നിവ ആണ് ലുങ്കി തനിക്കു ഇത്ര പ്രിയപെട്ടതായത് എന്ന് മഹാത്മാ കോളേജിന്റെ അടുത്ത് പൂക്കട നടത്തുന്ന ഭാര്‍ഗവന്‍ പറഞ്ഞു. കേരളത്തിലെ കാലാവസ്ഥക്ക് ഇത്ര ഇണങ്ങിയതും കഴുകാനും ഉണക്കാനും ഇത്ര എളുപ്പവും ഉള്ള ഈ വസ്ത്രം നിരോധിച്ചത് എന്തിനാണ് എന്ന് തനിക്കു മനസിലാകുന്നില്ല എന്ന് നീലേശ്വരം സ്വദേശി മനോഹരന്‍ പറഞ്ഞു...അതെ സമയം ബര്‍മുഡ , അയഞ്ഞ പാന്റു പോലുള്ള വസ്ത്രങ്ങള്‍ ആണ് തന്നെ പോലുള്ള ചെറുപ്പക്കാര്‍ക്ക് ഹരം എന്ന് പ്ലസ്‌ ടൂ വിദ്യാര്‍ത്ഥിയായ ഹാരിസ് പറഞ്ഞു...ദുബായില്‍ പോലും ലുങ്കി നിരോധിച്ചു എന്ന് തന്റെ ബാപ്പ വര്‍ഷങ്ങള്‍ക്കു മുന്‍പ് പറഞ്ഞ കാര്യം ഹാരിസ് ഈ അവസരത്തില്‍ വെളിപ്പെടുത്തി....കുവൈറ്റില്‍ അബ്ബസ്സൈയയില്‍ നിന്നും അവധിക്കെതിയ ഫിലിപ്പചായനും സഹോദരന്‍ രാജുച്ചയനും ഇനി തിരിച്ചു ചെന്നലല്ലേ ലുങ്കി ഉടുക്കാന്‍ പറ്റു എന്ന് ആശങ്ക പെട്ടു

വെള്ളമുണ്ടിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആയ താരം ആണ് ഈ പുതിയ അവസ്ഥാവിശേഷത്തിനു കാരണം എന്നാണ് പൊതുവേ ഉള്ള ജനവികാരം . പ്രമുഖ ബ്ലോഗര്‍ ആയ ചാര്‍ലി എഴുതിയത് വെള്ളമുണ്ടുപോലെതന്നെയല്ലേ ലുങ്കിയും നിറത്തില്‍ മാത്രമല്ലേ വ്യത്യാസമുള്ളുവെന്നാണ്. പലരും ലുങ്കി നിരോധനത്തെക്കുറിച്ച് കേട്ട് അമ്പരക്കുകയാണ്..ഒന്നാം തീയതിക്ക് ശേഷം വെള്ള മുണ്ടുകളുടെ കച്ചവടതിലുണ്ടയെക്കാവുന്ന വര്‍ധന മുതലെടുത്ത്‌ പ്രമുഖ കമ്പനികള്‍ ആയ കൊച്ചൌസേപ്പ് & കോ വളഞ്ഞമ്പലം , യു പി സി മുണ്ട് ഇരിഞ്ഞലകക്കുട, ഓ പി ആര്‍ മുണ്ട് നെയ്യാറ്റിന്‍കര, പ്രിയങ്കര no 2 ചാലുകുന്നു എന്നിവര്‍ ലോഡ് കണക്കിന് സ്റ്റോക്ക്‌ ആണ് ഇറക്കിയിരിക്കുന്നത് . പലരും നിരോധനം പ്രതീക്ഷിച്ചു വെള്ളമുണ്ടു നേരത്തെ വാങ്ങി കൂട്ടാന്‍ തുണ്ടാങ്ങിയിട്ടുണ്ട് . ഏപ്രില്‍ അവസാനം ഉണ്ടായേക്കാവുന്ന തിരക്ക് ഒഴിവാക്കാന്‍ വേണ്ടി അഡ്വാന്‍സ്‌ ബുകിംഗ് കോട്ടയത്തെ മാമൂട്ടില്‍ സില്‍ക്ക് ഹൌസ് തുന്ടങ്ങി കഴിഞു . ഇതിനിടെ സര്‍കാര്‍ വക ബോധവല്‍കരണ പരസ്യം പാര്‍ട്ടി ചാനെല്‍ ആയ " ഹരിഹരപ്രിയ " തുന്ടങ്ങി കഴിഞ്ഞു .

വരും ദിവസങ്ങളില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് രാഷ്ട്രീയ പാര്‍ടികള്‍ ഒരുക്കം കൂട്ടുന്നതിനിടെ പ്രമുഖ ചാനലുകളുടെ ടോക്ക് ഷോവില്‍ സാംസ്‌കാരിക നായകന്മാരും, നടന്മാരും ഭരണ പരത്തി പക്ഷ ഭേദമില്ലാതെ രാഷ്ത്രീയക്കാരും പങ്കെടുക്കും എന്നാണ് കരുതപെടുന്നത്..

പൊതു സ്ഥലങ്ങളില്‍ ലുങ്കി നിരോധിക്കണമോ ? ഇതാണ് ഇന്നത്തെ ചോദ്യം ..ഉത്തരം ആണ് എങ്കില്‍ y എന്നും അല്ല എങ്കില്‍ N എന്നും
എസ്സെമെസ് അയക്കണ്ട ഫോണ്‍ നമ്പര്‍ 1234