വിമാനത്താവളം വിഷയത്തിൽ അങ്ങയുടെ പോസ്റ്റ് വായിച്ചു.ഇപ്പോൾ ഒന്നാഞ്ഞു ശ്രമിച്ചാൽ തിരുവനന്തപുരം പിടിക്കാം.തരൂരെങ്ങാനും പ്രധാനമന്ത്രി ആയിപ്പോയാലോ എന്നോർത്ത് അല്ലെങ്കിൽ തന്നെ കോൺഗ്രസ്സുകാർക്ക് പേടിയാ.പിന്നെ നിയോലിബറൽ എന്നുവരെയൊക്കെയാവാം.അതിൽ കൂടുതൽ പറഞ്ഞാൽ തരൂർ വല്ല കട്ടിയുള്ള ഇംഗ്ളീഷുവാക്കും എടുത്തലക്കും .നമ്മുടെകൂട്ടത്തിൽ മറുപടികൊടുക്കാൻ ലുട്ടാപ്പിസാറിനെപ്പോലെയുള്ളവർ മാത്രമേയുള്ളു എന്നോർക്കുക.
തരൂർ അദ്ദേഹത്തിന്റെ വാക്കുമാറില്ല എന്നാണല്ലോ വാദം.വാക്കല്ലേ മാറ്റാൻ പറ്റൂ എന്നാർക്കാനറിയാത്തതു?നമ്മൾ തന്നെ പണ്ട് നടത്തിയ പ്രസിദ്ധ സമരങ്ങളായ ആണവക്കരാർ,വിളനിലം, വെട്ടിനിരത്തൽ,ഗാട്ടുകരാർ,കംപ്യുട്ടർ സമരം, ട്രാക്റ്റർ സമരം,പ്ലസ് ടു സമരം എന്നിവയോടു അന്നത്തെ അഭിപ്രായമാണോ ഇന്നുള്ളത്? എന്തിനു,പാർട്ടിയുടെ ആസ്ഥാന ഭക്ഷണമായ പരിപ്പുവടയും കട്ടൻചായയും ഇപ്പോ ലോക്കൽ കമ്മിറ്റിക്കാർക്കു പോലും വേണ്ട.മാറ്റങ്ങൾ എല്ലാവരും ഉൾക്കൊള്ളണം എന്നാണല്ലോ.അതുകൊണ്ടാണല്ലോ നമ്മൾ അംബാസഡർ കാറിൽ നിന്ന് റേൻജ്റോവറിൽ വരെ എത്തിനിൽക്കുന്നത്.
ആനവണ്ടി പോലും നേരാംവണ്ണം നടത്തിക്കൊണ്ടുപോകാനറിയാത്തവരാണ് വിമാനത്താവളം നടത്താൻ വാശിപിടിക്കുന്നത് എന്നൊക്കെ പലരും കമന്റിട്ടു കണ്ടു. എനിക്കതിനോട് യോജിപ്പില്ല.മുക്കാൽചക്രം കിട്ടുന്ന ആനവണ്ടിയാണോ,വലിയ സാധ്യതകളുള്ള വിമാനത്താവളമാണോ വലുത്. അല്ലെങ്കിൽ തന്നെ സർക്കാർ നേരിട്ട് നടത്തുന്ന എന്തുകാര്യങ്ങളായാലും,യൂണിയനുകൾക്കു വേണ്ടിയും,സ്വന്തക്കാർക്കും,പാർട്ടിക്കാർക്കും ജോലികൊടുക്കാനുള്ളതുമല്ലാതെജോലികൊടുക്കാനുള്ളതുമല്ലാതെ ലാഭമുണ്ടാക്കാനോ പൊതുജന സേവനത്തിനോ ഉള്ളതല്ലെന്നു ആർക്കാണറിയാത്തത്.അത് അറിയാത്ത ചിലരാണ് സാറിനെ ചൊറിയാൻ വേണ്ടി ആന വണ്ടിയുടെ കാര്യം എഴുന്നെള്ളിക്കുന്നതു. അല്ലെങ്കിൽ തന്നെ യൂണിയനാണ് തായങ്കരി സാറിനേക്കാൾ വലുത് എന്ന് ആർക്കാണ് അറിയാത്തതു .
അദാനി മുതലാളിയുടെ സ്ഥാനത്തു ഇക്കായോ പിള്ളേച്ചനോ ആരുന്നേൽ എന്താവുമായിരുന്നു എന്ന് പലരും ചോദിക്കുന്നുണ്ട്. എന്താവാൻ. അവർ ചോദിച്ചാൽ കൊടുക്കാതിരിക്കാൻ പറ്റില്ലെന്ന് ആർക്കാണറിയാത്തത്. വല്ല വൈസ് പ്രസിഡന്റ് സ്ഥാനമോ എംഡി സ്ഥാനമോ ഒക്കെ തരാൻ അവർക്കല്ലേ പാങ്ങുള്ളൂ. തന്നെയുമല്ല കൊട്ടാരവും മറൈൻ ഡ്രൈവും ഒക്കെ കൊടുത്ത് കേരളം വികസിക്കാൻ മാത്രമാണെന്നും 99 വര്ഷം കഴിയുമ്പോൾ അവർ സ്വമനസ്സാലെ തിരിച്ചു തരുമെന്നും ആർക്കാണറിയാത്തത്. ഹാരിസൺകാർ തിരിച്ചു തരുമല്ലോ. അതുപോലെ . അല്ലെങ്കിൽ പാട്ടത്തിനു കൊടുത്ത സർക്കാർ ഭൂമിഅങ്ങോട്ട് കാശുകൊടുത്തു വാങ്ങും.പിന്നല്ല! അതുപോലാണോ അദാനി മുതലാളി. പ്രത്യേകിച്ച് ഗുജറാത്തി. ഗുജറാത്ത് എന്നാൽ നമ്മുടെ പാർട്ടിക്ക് " ഹറാം " ആണല്ലോ .പറ്റുമെങ്കിൽ വിഴിഞ്ഞം കൂടി തിരിച്ചെടുക്കണം."അവിയൽ " എന്നൊരു കമ്പനി രൂപീകരിച്ചാൽ ആ പേരിൽ നമ്മുടെ കുറച്ചു ആളുകൾക്ക് തൊഴിലാവും.
ടെണ്ടറിൽ പങ്കെടുക്കാൻ രണ്ടു കോടിക്കുമുകളിൽ കൺസൾട്ടൻസി കമ്പനിക്ക് കൊടുത്തു എന്ന് ചിലർ പറയുന്നുണ്ട്. നേരാംവണ്ണം ഒരു ടെണ്ടർ പോലും കൊടുക്കാൻ അറിയാത്തവരൊക്കെ ജോലിക്കു ഇരിക്കുമ്പോൾ കൺസൾട്ടൻസി അല്ലാതെ എന്ത് ചെയ്യും. തന്നെയുമല്ല കൺസൾട്ടൻസി കൊടുക്കുക എന്നതാണാല്ലോ നമ്മുടെ പാർട്ടിയുടെ പ്രഖ്യാപിത നയം. പണ്ടൊക്കെ തൊഴിൽ നേടാൻ പടയണി ചേരൂ എന്നൊക്കെ മുദ്രാവാക്യം വിളിച്ചെങ്കിലും ഇപ്പോൾ ആർക്കു വേണം തൊഴിൽ. സർക്കാരിന്റെ എല്ലാ കാര്യങ്ങൾക്കും കൺസൾട്ടൻസി വഴി നടത്തുന്നതിനെക്കുറിച്ചു ആലോചിക്കാവുന്നതാണ്.പാലായിലൊക്കെ പറേന്നപോലെ"കടുംവെട്ടു"എന്നത് പ്രായോഗികമാക്കാൻ ഏറ്റവും അനുയോജ്യമായ സമയം അവസാനത്തെ ആറുമാസം ആണല്ലോ.
പ്രതിഷേധം കൂടുതൽ കടുപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം. ഡിങ്കോൾഫി, എച്ചപ്പൈ,കിട്ടു എന്നിവർ ഒരു ജോയന്റ് ഓപ്പറേഷൻ നടത്തിയാൽ മതിയാകും. കരിഓയിൽ ഒരു നല്ല മാർഗമാണെന്നു അറിയാമല്ലോ. നയതന്ത്ര വിദഗ്ദ്ധന്റെ ചെകിട് അടിച്ചു പൊട്ടിച്ചതുപോലെയുള്ള കലാപാടികളും നോക്കാം. തലസ്ഥാനത്തു ഇടയ്ക്കു ഹർത്താലും ആവാം. അങ്ങനെ തിരുവനതപുരം എയർപോർട്ടിൽ ആളുകൾ ഇറങ്ങാൻ സമ്മതിക്കരുത്. അവർ വല്ല കൊച്ചിയിലോ കോഴിക്കോട്ടെ ഇറങ്ങി വണ്ടി പിടിച്ചു വരട്ടെ.. പ്രവാസികൾ എല്ലാം ഭയങ്കര പൈസക്കാരായതിനാൽ വണ്ടി പിടിച്ചു പോരുന്നതിനു പ്രശ്നം ഉണ്ടാവില്ല.അവർക്കു സർക്കാർ കൊടുക്കാന്നു പറഞ്ഞിട്ടും അഹങ്കാരം കൊണ്ട് ക്വാറന്റ്റ്റൻ ചിലവുപോലും അവർ തന്നെ അല്ലെ വഹിക്കുന്നത്.അതുപോലെ വണ്ടിക്കൂലിയും കൊടുക്കട്ടെ..സമരം തുടങ്ങുമ്പോൾ സർക്കാർ വണ്ടി വിളിച്ചു കൊടുക്കും എന്ന് താങ്ങിയാൽ മതി. പിന്നെ കൊടുത്തില്ലേലും കുഴപ്പമില്ല. പിന്നെ പ്രവാസിക്ക് വോട്ടും ഇല്ലല്ലോ . ഇതൊക്കെ ധാരാളം.
അദാനി എടുത്താൽ ആറാട്ടു മുടങ്ങും എന്നുള്ള വാദം ആരോ പറഞ്ഞു കേട്ടു.ശബരിമല വിഷയത്തിൽ ഭക്തരുടെ കൂടെയായിരുന്നല്ലോ അങ്ങയുടെ പാർട്ടി. അപ്പോൾ പിന്നെ ആറാട്ടു വിഷയത്തിലും അങ്ങനെ തന്നെ ആയിരിക്കും എന്നറിയാം. ശബരിമല വിഷയത്തിൽ മതില് കെട്ടാൻ കൂടെ നിന്ന ഒരു സഭയെ സർക്കാർ ചതിച്ചു എന്നൊക്കെ ചിലർ അടക്കം പറയുന്നുണ്ട്. മതിൽ വേറെ പള്ളി വേറെ .അല്ല പിന്നെ !
വിമാനത്താവളം ഏറ്റെടുത്തു കഴിഞ്ഞാൽ യൂണിയൻകാർ അവിടുത്തെ കാര്യങ്ങൾ നന്നായി നടത്തും എന്ന് ആർക്കാണ് അറിയാത്തതു. ബാഗേജ് സ്വന്തമായി എടുക്കുന്നവർക്ക് നോക്കുകൂലി ഏർപ്പെടുത്താവുന്നതാണ്. യൂണിയന്കാരുടെ ആരോഗ്യത്തിനും മാനസികോല്ലാസത്തിനു അതുപകരിക്കും .മിന്നൽ പണിമുടക്ക് വന്നാൽ വിമാനം ഇറങ്ങില്ല എന്നല്ലേ ഉള്ളു.സാരമില്ല.നമുക്ക് തൊഴിലാളികളാണ് വലുത്. പ്രവാസികൾ ഒരു പാഠം പഠിക്കട്ടെ. ഇവിടെ പണിയില്ലാഞ്ഞിട്ടോ സമരങ്ങൾ ഉള്ളതുകൊണ്ടു വ്യവസായം തുടങ്ങാൻ പറ്റാതകൊണ്ടോ ഒന്നുമല്ലല്ലോ അവർ കടലുകടന്നു പോയത്. സുഖിക്കാനല്ലേ.അവർക്കു അത് തന്നെ വരണം. അവിടെ എല്ലാവക്കും സുഖജോലിയാണ്, ചൂടൊന്നും കൊള്ളാതെ എപ്പോഴും എസി ഒക്കെ ഇട്ടിരിക്കുകയാണ് എന്നാർക്കാണ് അറിയാത്തതു.
ഇനി വ്യവസായം തുടങ്ങാൻ താല്പര്യമുള്ളവർക്ക് ആത്മഹത്യ ഉൾപ്പെടെ എന്തെല്ലാം നല്ല അവസരങ്ങളാണ് കേരളത്തിലുള്ളതെന്നു ആർക്കാണ് അറിയാത്തതു.വ്യവസായം തുടങ്ങാൻ വരുന്നവരെ ഭീഷണിപ്പെടുത്തി എത്രയാളുകൾ ജീവിക്കുന്നുണ്ട് എന്ന് ഇവറ്റകൾക്ക് അറിയില്ലല്ലോ. പ്രളയംപോലെയുള്ള ദുരന്തങ്ങൾ വരുമ്പോഴും അതുകൊണ്ടു ജീവിക്കുന്നവരും ഉണ്ടെന്നു ഇവർ മനസിലാക്കുന്നില്ല .ഏരിയാ സെക്രട്ടറിക്കും ഒരു കുടുംബം ഉണ്ടെന്നു ഇവരൊക്കെ ഓർക്കട്ടെ.
നിയമനങ്ങൾ കേന്ദ്രം നേരിട്ട് നടത്തും എന്നൊക്കെ വാർത്ത കണ്ടു.സമ്മതിക്കരുത്. നിയമനങ്ങൾ നമ്മൾ നടത്തിയാലേ നമ്മുടെ ആൾക്കാരെ തിരുകിക്കേറ്റാണ് പറ്റൂ. തന്നെയുമല്ല പാർട്ടിയുടെ ആളുകൾ ആണല്ലോ പി.എസ്.സി അംഗമായി ഇരിക്കുന്നത് ലക്ഷങ്ങൾ ശമ്പളം മേടിക്കുന്ന ഈ പാവങ്ങളുടെ സ്ഥിതി എന്താവും. റാങ്ക് ലിസ്റ്റ് പോയെ എന്ന് പറഞ്ഞു നിലവിളിക്കുന്ന സി.പി.ഓ ഉദ്യോഗാർത്ഥികൾക്ക് അതൊന്നും അറിയേണ്ടല്ലോ.
തിരുവനന്തപുരത്തു ഡ്യുട്ടി ഫ്രീ ഷോപ്പിലെ എന്നാണറിവ് സർക്കാർ എടുത്താൽ അതൊരെണ്ണം തുടങ്ങണം എന്നൊരു അപേക്ഷയുണ്ട് .ഒരു ബെവ്കോ ഔട്ട്ലെറ്റ് കൂടു അനുവദിക്കാവുന്നതാണ്. പ്രവാസികളെ സ്വീകരിക്കാനും കൊണ്ട് വിടാനും വരുന്നവർക്കും മാനസികോല്ലാസം വേണമല്ലോ. ഞങ്ങൾ തുറക്കുന്നതു സ്കൂൾ അല്ല ബെവ്കോ ആണെന്ന് വീഡിയോയിൽ ഒരു ചെറിയ മാറ്റം വേണ്ടിവരും അത്രമാത്രം. അല്ലെങ്കിൽ തന്നെ സ്കൂൾ ഒക്കെ ഇനി എന്ന് തുറക്കാൻ. ഒരു ബെവ്കോ കൂടി തുറന്നാൽ അത്രയും ഖജനാവിന് നല്ലതു.
എല്ലാം ശരിയാക്കിക്കൊണ്ടിരിക്കുന്ന സർക്കാർ തിരുവനന്തപുരം വിമാനത്താവളം കൂടി ശരിയാക്കുമെന്നുള്ള ഉത്തമ വിശ്വാസത്തിൽ
വിശ്വസ്തൻ
കൊച്ചു തോമാ ( കെ. ടി .തോമസ് )