Showing posts with label mother. Show all posts
Showing posts with label mother. Show all posts

Apr 24, 2016

സമയം പോകുകയാണ്

തോരാതെ  മഴപെയ്തിരുന്ന  ഒരു തുലാമാസക്കാലമായിരുന്നു  അത്.മാക്രികൾ നിർത്താതെ രഞ്ഞുകൊണ്ടേയിരുന്നു.ഇടയ്ക്കു ചീവീടുകളും.പുഴ നിറഞ്ഞു
കവിഞ്ഞൊഴുകുകയായിരുന്നു.മുൻപൊരുകാലത്തും ഉണ്ടാകാത്ത വണ്ണം  അതിഭയങ്കരമായ  ഒരു  വെള്ളപ്പൊക്കം  തന്നെയായിരുന്നു  അത്.ഏതുസമയത്തും  വെള്ളം  വീട്ടിലേക്കു  ഇരച്ചു  കയറിയേക്കാം  എന്ന്  എനിക്ക്  തോന്നി.മുറ്റത്തിന്  താഴെ  വാഴപ്പിണ്ടികൾ കൊണ്ടുള്ള  ചങ്ങാടത്തിൽ  കളിക്കയായിരുന്നു ശ്രീക്കുട്ടിയും സുനിലും.അടുപ്പത്തുണ്ടാക്കി  വെച്ചിരിക്കുന്ന  കഞ്ഞി വാങ്ങി  വെച്ചിട്ട്  വരാം  എന്ന്  പറഞ്ഞ  എന്നോട് "ഇന്നും  കഞ്ഞി ആണോ അമ്മേ"എന്ന് പരിഭവത്തോടെ  അവൻ ചോദിച്ചു.മഴ  ഇങ്ങനെ  നിന്നാൽ  നാളെ  അതുപോലും സംശയമാണ്  എന്ന് ഞാൻ അവനോടു പറഞ്ഞില്ല.
 
 

കഞ്ഞി വാർത്തുവെക്കുമ്പോൾ  ശ്രീക്കുട്ടിയുടെ  ഉച്ചത്തിലുള്ള   കരച്ചിൽ ഞാൻ കേട്ടു.ജനലിലൂടെ  നോക്കുമ്പോൾ  വെള്ളത്തിലേക്ക്‌ വീണു അകലേക്ക്‌   ഒഴുകിപ്പോകുന്ന ചങ്ങാടം.സുനിമോൻ എവിടെ? സുനിമോനേ....എന്ന് വിളിച്ചു അലറിക്കരഞ്ഞു ഞെട്ടിയുണരുമ്പോൾ,ഞാൻ കിതക്കുന്നുണ്ടായിരുന്നു.നന്നേ വിയർക്കയും.

എന്നത്തേയും പോലെ  വൃദ്ധമന്ദിരത്തിലെ  കിടക്കയിലാണ് ഞാൻ എന്നെനിക്കു  വിശ്വസിക്കാൻ  സാധിച്ചില്ല.വീടും  വെള്ളപ്പൊക്കവും  മക്കളും  എല്ലാം   കാഴ്ചയിൽ നിന്ന്  മറഞ്ഞു,വൃദ്ധ മന്ദിരത്തിലെ അരണ്ട  വെളിച്ചത്തിലാണ്  ഞാൻ  കിടക്കുന്നത്  എന്ന്  മനസ്സിലാക്കാൻ  കുറച്ചു  സമയം  എടുത്തു. സ്വപ്നം ചിലർക്ക്  ചിലകാലമൊത്തിടും എന്ന പഴമൊഴിയിൽ  ഞാൻ  ഭയചകിതയായി..ഇനി സുനിമോന്  എന്തെങ്കിലും  അപകടം?അവനെ കണ്ടിട്ടോ,സ്വരം കേട്ടിട്ടോ  നാളുകൾ  എത്ര?
 

എന്തുകൊണ്ടാണ്‌  പുതിയ  തലമുറ മാതാപിതാക്കളെ കൈയ്യൊഴിയുന്നതെന്ന്  ഞാൻ അത്ഭുതപ്പെട്ടു.മാതാപിതാക്കളുടെ മുന്നിൽ ഭവ്യതയോടെ  മാത്രം നിന്ന  ഒരു തലമുറയിലെ അവസാനകണ്ണി  എന്ന് മേനി നടിക്കുന്നതിൽ  ഞാൻ ചെറിയ  ഒരു  ആഹ്ലാദം  അനുഭവിച്ചിരുന്നു.അച്ഛനെയും  അമ്മയെയും  നടതള്ളുമ്പോൾനാളെ തങ്ങൾക്കും   ഗതി  വരുമെന്ന് ആലോചിക്കാനാവാത്തവണ്ണം അജ്ഞരാണോ പുതിയ  തലമുറ?
 

മറുപടികിട്ടാത്ത  എഴുത്തുകൾ,അറ്റൻഡ്  ചെയ്യപ്പെടാത്ത ഫോൺകോളുകൾ,പാടേയുള്ള അവഗണന.വയോധികരുടെയെല്ലാം
ജീവിതം ഇങ്ങനെയാണോതീർച്ചയായുംഅങ്ങനെയല്ല. എത്രയോ
സതീർഥ്യരുടെയും,സഹപ്രവർത്തകരുടെയും  കുടുംബങ്ങളിൽ  താൻ  തന്നെ കണ്ടിരിക്കുന്നു.സ്നേഹം മാത്രം നിറഞ്ഞു തുളുമ്പുന്ന നിമിഷങ്ങൾ.ജീവിതസായാഹ്നങ്ങളിൽ  പേരക്കുട്ടികളെ കൊഞ്ചിച്ചും അവരുടെ കൂടെ  ഒരു കുട്ടിയായിത്തന്നെ  തീർന്നും,അവർക്കുവേണ്ടി പ്രാർഥിച്ചും മാത്രം കഴിയുന്നവർ എത്രയോ.മക്കൾക്ക്‌ വേണ്ടി  ഉരുകിതീർന്ന ഒരു മെഴുകുതിരി ആയിട്ടും  എന്തെ  അവർക്ക്  തന്നെ  വേണ്ടാതായി?സ്വന്തം ജീവന്റെ  ഒരു ഭാഗമായ  വൃക്കകളിൽ ഒന്ന്  സന്തോഷപൂർവ്വം  പകുത്തു നല്കിയിട്ടും എന്തെ   സായാഹ്നത്തിൽ  വൃദ്ധ സദനത്തിൽ  കഴിയേണ്ട ഗതികേട്  തനിക്കുണ്ടായി?അതോ  പ്രായാധിക്യത്താൽ തന്റെ  പെരുമാറ്റത്തിൽ  എന്തെങ്കിലും   വൈകല്യങ്ങൾ  ഉണ്ടായോ?അതോ  അവർ  ആഗ്രഹിച്ചത്‌ പോലെ  കൈയിലുള്ളത് മുഴുവൻ കൊടുത്തു തീർക്കാത്തതു  കൊണ്ടോ?

വയറിന്റെ  ഇടതുഭാഗത്ത്‌  എന്തോ  ഒരു  വേദന  എനിക്ക്  തോന്നി.സുനിമോന്  താൻ  പകുത്തു  കൊടുത്ത ജീവിതത്തിന്റെ   ബാക്കിപത്രം.ഓപ്പറേഷന്  ശേഷം കണ്ടപ്പോൾ അവന്റെ  കണ്ണുകളിൽ  കണ്ട ആ പ്രകാശത്തിനു ലോകത്തിൽ  എന്തിനേക്കാളും  വിലയുണ്ട്  എന്ന്  കരുതിയ  നിമിഷങ്ങൾ.അപ്പോൾ അമ്മയെ  വൃദ്ധസദനത്തിൽ  ആക്കി പോകുമ്പോൾ  എന്തായിരുന്നു   കണ്ണുകളിൽ? വേദന? അതോ  ഒരു  ഭാരം ഒഴിവായിപ്പോയതിന്റെ  ആശ്വാസം?വേർതിരിച്ച്  കാണാൻ  ആയില്ല.മിഴികൾ സജലങ്ങൾ  ആയതുകൊണ്ട് കാഴ്ച  മങ്ങിയിരുന്നല്ലോ.
 

എത്രനാൾ  മുൻപായിരുന്നു  ഇവിടെ  എത്തിയതെന്നു  ഓർത്തെടുക്കുവാൻ  ഞാൻ  പണിപ്പെട്ടു.ഓർമ്മയ്ക്കും  മറവിക്കും  ഇടയ്ക്കുള്ള ഏതോ   താഴ്വരയിലായിരുന്നു ഞാൻ."മക്കൾ വിളിച്ചിട്ട് എടുക്കുന്നില്ലത്രേ". മക്കൾ    ഫോൺ  എടുക്കാത്തത്  എന്താണെന്ന് ആശ്ച്യര്യപ്പെടുന്നതിനിടെ "എന്തെങ്കിലും ആകും   മുൻപ്  ആരെങ്കിലും എത്തിയാൽ  മതിയായിരുന്നു"എന്ന  ഗോമതിയമ്മയുടെ  സ്വരം   അങ്ങ് ദൂരെ ഏതോ ഗുഹയിൽ നിന്നും  വരുന്നതുപോലെ ഞാൻ കേട്ടു.
 

ഗോമതിയമ്മ പറഞ്ഞത് എന്തുകൊണ്ടോ എനിക്ക് വിശ്വസിക്കാൻപറ്റിയില്ല.എന്തെങ്കിലുംതിരക്കാവും.ശ്രീക്കുട്ടി  വന്നില്ലെങ്കിലും സുനിമോൻ വരുമെന്ന് എനിക്കുറപ്പായിരുന്നു.ഹൃദയത്തിൽ അൽപ്പമെങ്കിലും അലിവുള്ളത് സുനിമോനായിരുന്നു.കഞ്ഞി കുടിക്കുംമുന്നെ  അമ്മ കുടിച്ചോ എന്ന്  ചോദിച്ചിട്ടു മാത്രം  കുടിക്കുന്ന സുനിമോൻ.ജ്വരം  ബാധിച്ചു കിടക്കുമ്പോൾ അരികിൽ  ഇരുന്നു കണ്ണീർ  വാർത്ത സുനിമോൻ.വൃക്ക പകുത്തുകൊടുക്കാമെന്ന് പറഞ്ഞപ്പോൾ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ സുനിമോൻ.അവൻ  വരും. ഇന്നല്ലെങ്കിൽ  നാളെ.

 

വന്നിട്ടോ?വന്നിട്ടു അവൻ എന്തുചെയ്യാൻ?പാർഥേട്ടൻ ചോദിച്ചു.നേരാണെന്ന്  എനിക്ക്  തോന്നി.അല്ലെങ്കിൽ തന്നെ   യാത്ര  എപ്പോൾ  തീരും എന്നറിയില്ലല്ലോ.അല്ല....പാർഥേട്ടൻ  എങ്ങനെ ഇവിടെ  എത്തി? ഷോക്കടിച്ചു  മരിക്കുമ്പോൾ വെറും ഇരുപത്തൊന്നു വയസ്സായിരുന്നു പാർഥേട്ടന്.ഏട്ടൻ മാത്രമല്ലല്ലോ.കൊല്ലെങ്കിയിലെ  അമ്മൂമ്മ, മൂക്കത്ത് ദേഷ്യം മാത്രമുള്ള  വലിയമ്മാവൻ.എല്ലാവരും എന്താണ് കട്ടിലിനരുകിൽ?മരണം  അടുക്കുമ്പോൾ  നേരത്തെ മരിച്ചുപോയവരെ  കാണും  എന്ന്  കേട്ടിട്ടുണ്ട്.കൊല്ലെങ്കിയിലെ  അമ്മൂമ്മ  വായുവലിച്ചു കിടക്കുമ്പോൾ "അപ്പൂപ്പൻ വന്നു അപ്പൂപ്പൻ  വന്നു" എന്ന് പറയുന്നത്‌  കേട്ടിട്ടുണ്ട്.അതേ  അമ്മൂമ്മ ഇവിടെ? അപ്പോൾ? എന്റെ  സമയവും അടുത്തുവോ?എന്നെ  സ്വീകരിച്ചു മറ്റൊരു  ലോകത്തേക്ക്  കൊണ്ടുപോകാനാണോ  അവരെല്ലാം  എത്തിയിരിക്കുന്നത് ?
 

വയറിന്റെ  ഇടതുഭാഗത്തെ  വേദന ഇപ്പോൾ  അല്പ്പം മുകളിലേക്ക്  വ്യാപിച്ചു എന്നെനിക്കു തോന്നി.അതിനു  ശേഷം  അത് ശരീരമാസകലം  വ്യാപിച്ചപോലെയും. ആരെയെങ്കിലും  വിളിക്കാൻ  ഞാൻ  ആവുന്നത്  ശ്രമിച്ചു.കാഴ്ച  മങ്ങുന്നുവോ? സുനിമോനെ എന്ന്  ഉറക്കെ വിളിക്കാൻ  ഞാൻ ശ്രമിച്ചു.


അങ്ങ്  ദൂരെ  എവിടെയോ  ഒരു  നഗരത്തിൽ സുനിമോൻ ഉറക്കത്തിൽ നിന്ന്  ഞെട്ടിയുണർന്നുസുനിമോനെ  എന്നൊരു വിളി  എവിടെ നിന്നോ കേട്ടുവെന്നു അയാൾക്ക്‌  തോന്നി.അമ്മയുടെ  ശബ്ദം പോലെ കനിവ് നിറഞ്ഞു നില്ക്കുന്ന  ഏതോ ഒരു സ്വരം    ആണ് അതെന്ന് അയാൾക്ക്‌ ഉറപ്പായിരുന്നു.വൃദ്ധ മന്ദിരത്തിൽ നിന്നുള്ള തുടരെയുള്ള വിളികൾ മൂലം രണ്ടു ദിവസമായി  അയാൾ അവിടെ നിന്നുള്ള ഫോൺ എടുക്കാതിരുന്നതിൽ  അയാൾക്ക്‌ ചെറിയ കുറ്റബോധം  തോന്നി. ഇനി ഒരുവേള അമ്മക്ക് കൂടുതൽ ആണെങ്കിലോ? പിറ്റേന്ന്  തന്നെ   അമ്മയെ ഒന്ന് പോയി  കണ്ടാലോ എന്നയാൾക്ക് അപ്പോൾ തോന്നി.തിരിഞ്ഞു കിടക്കവേ വയറിന്റെ ഇടതു വശത്ത് ഒരു വേദന പോലെ  അയാൾക്ക്‌ അനുഭവപ്പെട്ടു. അസാധാരണമാംവിധം ആ ഭാഗം തുടിക്കുന്നതുപോലെയും.
 

മറ്റൊരു  നാട്ടിൽ,മറ്റൊരു  കുടുംബത്തിൽ "മക്കൾ  ഉപേക്ഷിച്ച  അമ്മക്ക്   വൃദ്ധമന്ദിരത്തിൽ   ദാരുണാന്ത്യം"എന്ന  വാർത്ത  അന്നത്തെ   പത്രത്തിൽ   വായിച്ച് ഒരു വൃദ്ധൻ  വെറുതെ  ചിരിച്ചു.പിന്നീട് അതൊരു  പൊട്ടിച്ചിരി  ആയി മാറി.പൊട്ടിച്ചിരി കേട്ട്  നിസ്സംഗതയോടെ വൃദ്ധന്റെ  മകൻ പിറുപിറുത്തു."അപ്പൻ  രാവിലെ  തുടങ്ങി.അതെങ്ങനാ.വല്ല  വൃദ്ധമന്ദിരത്തിലും കൊണ്ടാക്കാം  എന്ന്  വിചാരിച്ചാൽ  ചേട്ടന്മാര്  സമ്മതിക്കണ്ടേ

അയാളുടെ  മകൻ  അപ്പോൾ  നിഷ്ക്കളങ്കമായി  ചോദിച്ചു. ഡാഡി  ഓൾഡ്‌  ആകുമ്പോൾ   ഗ്രാൻഡ്‌പായെപ്പോലെ  ഇങ്ങനെ  ചിരിക്കുമോ?സ്തബ്തനായി അയാൾ കുട്ടിയുടെ  മുഖത്തേക്ക്  തുറിച്ചു  നോക്കി.ചുവരിലെ  ക്ലോക്കിൽ അപ്പോൾ ഒൻപതു മണി  അടിച്ചു.സമയം  പോകുകയാണ്.....അതിവേഗം എന്ന ഓർമ്മയിൽ അയാൾ  വിയർത്തു

Mar 30, 2010

ദൈവം സത്യമോ അതോ മിഥ്യയോ ?

വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും നൂല്പാലത്തിലൂടെ ആണ് നാം എല്ലാം കടന്നു പോയ്കൊണ്ടിരിക്കുന്നത്.. ചില സംഭവങ്ങള്‍ കാണുകയും കേള്‍ക്കയും ചെയ്യുമ്പോള്‍ നാം നമ്മോടു തന്നെ ചോദിച്ചേക്കാം ..ദൈവം ശരിക്കും ഉണ്ടോ ? ചിലപ്പോള്‍ ദൈവം മാത്രമേ ഉള്ളു എന്നും നമ്മള്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്യും...അതാണ് മനുഷ്യ മനസ്..

മനോരമ പത്രത്തിലെ " കരുണ തേടി " എന്ന പംക്തിയിലൂടെ ആണ് ഞാന്‍ ആ യുവാവിനെ പറ്റി അറിഞ്ഞത്.. നാല്‍പതു പോലും തികയാത്ത ഒരു യുവാവ്‌ ..രണ്ടു കൊച്ചു കുട്ടികളുടെ അച്ഛന്‍. ഭാര്യ...പ്രായമായ അമ്മ..ആറ്റു നോറ്റു കിട്ടിയ സര്‍കാര്‍ ജോലിക്ക് ഉത്തരവ് കൈപടുന്നതിനു തൊട്ടു മുന്‍പേ ഒരു അപകടത്തില്‍ പെട്ട് ചലന ശേഷി നഷ്ടപെട്ട ഹതഭാഗ്യന്‍. ഈ കഥ വായിച്ചു കാണാന്‍ ചെന്ന ഞാന്‍ കണ്ടത് കരളിയിക്കുന്ന ഒരു കാഴ്ച ആയിരുന്നു.

ഞാനും ഒരു സുഹുര്തും കൂടി ഏറെ ബുദ്ധിമുട്ടി ആയിരുന്നു ആ സ്ഥലം കണ്ടു പിടിച്ചത്....വീടിനടുത്തുള്ള പലചരക്ക് കടക്കാരന്‍ ചോദിച്ചു...എന്താ കാര്യം..എവിടുന്നാ....നാട്ടിന്‍പുറത്തെ സാധാരണക്കാരായ മനുഷ്യര്‍.. അപരിചിതരെ കാണുമ്പോഴുള്ള സാധാരണ ചോദ്യങ്ങള്‍...അത്രെയേ ഞങ്ങള്‍ വിചാരിച്ചുള്ളൂ.....വാര്‍ത്ത‍ കണ്ടു വന്നതാണ്‌ എന്ന് പറഞ്ഞു പത്രം കാണിച്ചു...നോക്കാതെ തന്നെ അയാള്‍ പറഞു...നിങ്ങള്‍ കുറെ താമസിച്ചു പോയി മക്കളെ.. അയാള്‍ കഴിഞ്ഞ മാസം മരിച്ചു എന്ന്..അയാളാണ് കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞു തന്നത്...ആ അമ്മയുടെ ആദ്യത്തെ മകന്‍ ചെറുപ്രായത്തിലെ ഒരു അപകടത്തില്‍ പെട്ട് മരിച്ചു പോയിരുന്നു....അതിനു ശേഷം ഈ മകന്‍ ആയിരുന്നു ഒരേ ഒരു ആശ്രയം...വിദ്യുച്ഛക്തി ബോര്‍ഡില്‍ മസ്ദൂര്‍ ആയി നിയമനം കിട്ടി ഉത്ടരവും പ്രതീഷിച്ചു ഇരിക്കെ ആയിരുന്നു അപകടം...അടുത്ത വീടിലെ കല്യാണത്തിന് സഹായിച്ചശേഷം രാത്രി തിരിച്ചു വരവേ ഉണ്ടായ ഒരു വാഹനാപകടം...കാര്‍ നിര്‍ത്താതെ പോയി...ചലനശേഷി നശിച്ചു പോയ ഒന്‍പതു മാസങ്ങളുടെ അവസാനം പ്രായമായ അമ്മയെയും, ഭാര്യയെയും രണ്ടു കൊച്ചു കുഞ്ഞുങ്ങളെയും തനിച്ചാക്കി അയാള്‍ പോയി...

.ഞങ്ങള്‍ ശരിക്കും നിരാശരായി...ഏകദേശം രണ്ടു മണികൂര്‍ യാത്ര ചെയ്തായിരുന്നു ഞങ്ങള്‍ അവിടെ എത്തിയത്...അത് വൃധാവിലയല്ലോ എന്ന് ഓര്‍ത്തു... സുഹൃത്തായിരുന്നു പറഞ്ഞത്...ഏതായാലും വന്നു...അവിടെ വരെ ഒന്ന് ചെന്ന് നോക്കിയിട്ട് പോകാം..ഞങ്ങള്‍ വീണ്ടും പ്രയാണം തുടര്‍ന്ന്......വീട് കണ്ടുപിടിച്ചു....തീരാ ദേശ ജില്ലയില്‍ കടലില്‍ നിന്നും വെറും അമ്പതു മീറ്റര്‍ അകലെ ഒരു കൊച്ചു കൂര...തിരമാലകളുടെ ശബ്ദം വീട്ടില്‍ ഇരുന്നാല്‍ കേള്‍കാം..ഒരു മുറി മാത്രമുള്ള ഒരു വീട്...അതിന്റെ ഒരു മൂല അടുക്കള ആയി തിരിച്ചിരിക്കുന്നു...ഞാന്‍ ആ അമ്മയോട് പറഞ്ഞു...പത്രത്തില്‍ വായിച്ചു വന്നതാണ്‌ കാണാന്‍...ഇവിടെ വന്നപോഴാണ് വിവരം അറിഞ്ഞത് എന്ന്...അമ്മ ഒന്നും പറഞ്ഞില്ല...കണ്ണ് നീര്‍ ധാരയായി ഒഴുകുകയിരുന്നു... എന്റെ കണ്ണുകളും നീര്‍ നിറഞ്ഞു...നീര്മിഴികള്‍ മറക്കാന്‍ സുഹുര്തിനെ നോക്കിയപ്പോള്‍ അവിടെയും കണ്ടു നിറമിഴികള്‍...ആ അമ്മയുടെ അടുത്ത് ഞാന്‍ ഇരുന്നു തോളില്‍ വെറുതെ തട്ടി...ഞങ്ങള്‍ ഒന്നും പറഞ്ഞില്ല പിന്നീട്...എന്ത് പറയാന്‍..അടുക്കളയുടെ വാതിലിന്റെ പുറകില്‍ മറ്റു രണ്ടു നിറമിഴികള്‍ കണ്ടു...അയാളുടെ ഭാര്യ....വളരെ ബുദ്ധിമുട്ടില്‍ ആയിരുന്നു അവരുടെ സ്ഥിതി.അയല്‍ വീടുകളിലെ സഹായം ആയിരുന്നു അവരുടെ ഒരേ ഒരു ആശ്രയം..എല്ലാം പാവപ്പെട്ടവര്‍... പരിധി ഉള്ളവര്‍....ആ വീടിലെ ഏക വിലപിടിച്ച വസ്തു ഒരു ഫാന്‍ ആയിരുന്നു...അത് അവിടുത്തെ ഏക കട്ടിലിന്റെ മുകളില്‍ തൂങ്ങിയിരുന്നു...ഗല്ഗടതോടെ അമ്മ പറഞ്ഞു...ഇവിടരുന്നു എന്റെ മോന്‍ കിടന്നത്...

ഞാന്‍ പറഞ്ഞു...എല്ലാം ശരിയാകും...അമ്മയുടെ കണ്‍കളില്‍ അവിശ്വാസം നിഴലിച്ചിരുന്നു...അമ്മ പറഞ്ഞു...എന്ത് ശരിയാകാന്‍ ...എങ്ങനെ ശരിയാകാന്‍ ...എന്തിനാണ് ദൈവം ഇങ്ങനെ പരീക്ഷിക്കുന്നത്....എനിക്ക് ദൈവത്തില്‍ ഉള്ള വിശ്വാസം നഷ്ടമായി എന്ന്... രണ്ടു മക്കള്‍ ചെറുപ്രായത്തില്‍ നഷ്ടപെട്ട ഒരമ്മയില്‍ നിന്നും നമ്മള്‍ വേറെ എന്ത് കേള്‍ക്കാന്‍?

കുട്ടികള്‍ അംഗന്‍ വാടിയില്‍ പോയി എന്ന് അമ്മ പറഞ്ഞു..അധികനേരം അവിടെ ചിലവാകാന്‍ ഞങ്ങള്‍ക്കായില്ല..ഒരു ചെറിയ സഹായം കൈമാറി യാത്ര പറഞ്ഞു ഇറങ്ങി...വീണ്ടും വരാം എന്ന് പറഞ്ഞു....ഞാന്‍ എന്നോട് തന്നെ ചോദിച്ചു...എന്തിനാണ് ദൈവം ഇവരോട് ഇങ്ങനെ കാട്ടിയത് ? ഞാന്‍ ദൈവത്തോട് അനിഷ്ടം കാട്ടി ..എന്റെ സുഹുര്‍ത്ത് പറഞ്ഞു...അങ്ങനെ പറയാതെ...നമ്മളെ ഇവിടെ എത്തിച്ചതും ദൈവം തന്നെ അല്ലെ എന്ന്...അതും ശരിയാണല്ലോ എന്ന് ഞാന്‍ ഓര്‍ത്തു...അല്ലെങ്കില്‍ ഒരു പാട് ദൂരത്തു നിന്നും ഈ നിയോഗം എങ്ങനെ ഉണ്ടായി ?

മറ്റൊരവസരത്തില്‍ ദൈവത്തിന്റെ അല്ഭുതതിനെയും നേരില്‍ കണ്ടു...ഒരു സുഹുരുതിന്റെ കൂടെ വെറുതെ ഒരു വീട്ടില്‍ കൂട്ട് പോയതായിരുന്നു ഞാന്‍.. ഒരു സമ്പന്ന ക്രിസ്ത്യന്‍ കുടുംബം...നല്ല വിദ്യാഭ്യാസം ഉള്ള്ള ഭാര്യയും ഭര്‍ത്താവും....അതിലുപരി നല്ല ഇടപെടല്‍...മര്യാദ...വിനയം...സാധാരണ സമ്പന്നരില്‍ കണ്ടു വരാറുള്ള ഒരു ധാരഷ്ട്യമോ അഹഗരമോ ഇല്ലാത്ത ഒരു നല്ല കുടുംബം . സുഹുര്‍ത്ത് മകനെ പറ്റി അന്വേഷിച്ചു...മകന്‍ അടുത്ത കംപൌടില്‍ തന്നെ ഉള്ള ഭാര്യ വീടിലേക്ക്‌ പോയി എന്ന് മറുപടി...ചേട്ടന്‍ ആണ് അവിടെ താമസം എന്നും ചേട്ടന്റെ മകളെ ആണ് വിവാഹം കഴിച്ചിരിക്കുന്നത് എന്നും അദേഹം പറഞ്ഞു...സാധാരണ ആയി തോന്നാറുള്ള സംശയം ഞാന്‍ ഉന്നയിച്ചു....അപ്പോള്‍ ചേട്ടന്റെ മകളെ ആണോ വിവാഹം കഴിച്ചിരിക്കുന്നത് ? ക്രിസ്ത്യാനികള്‍ക്കിടയില്‍ അങ്ങനെ കണ്ടുവരരില്ലല്ലോ എന്നും ഞാന്‍ ഓര്‍ത്തു..എന്റെ ചിന്ത മനസിലായത് പോലെ അദേഹം പറഞ്ഞു...എന്റെ മകനെ ഞാന്‍ അഡോപ്റ്റ് ചെയ്തതാണ്..ങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാവില്ലാരുന്നു...ഒരു അനാഥ ശാലയില്‍ നിന്നും ആണ് അവനെ കിട്ടിയത്...പഠിച്ചു വലുതായി എഞ്ചിനീയര്‍ ആയി..എന്റെ ചേട്ടന്റെ തന്നെ മകളെ കൊണ്ട് വിവാഹവും കഴിപ്പിച്ചു...ഞാന്‍ മനസ്സില്‍ ഓര്‍ത്തു...എത്ര വലുതായിരിക്കും അവരുടെ മനസ്? അതേപോലെ എത്ര വലുതായിരിക്കും ആ ചേട്ടന്റെ മനസും...പാരമ്പര്യവും കുടുംബമഹിമയും പറയുന്ന ഈ കാലത്ത്, ഇങ്ങനെ ഒക്കെ ചിന്തിക്കുന്ന അപൂര്‍വ്വം ചിലര്‍ ഒക്കെ ഉണ്ടല്ലോ എന്ന് ഞാന്‍ ഓര്‍ത്തു...ഒരു അനാഥനെ സ്വന്തം മകന്‍ ആയി കണ്ടു തന്റെ കുടുംബത്തിലേക്ക് കൊണ്ടുവരികയും ഒരു വിവാഹത്തിലൂടെ തന്നെ കുടുംബതിറെ ഒരു ഭാഗം തന്നെ ആക്കുകയും ചെയ്യാന്‍ അദ്ദേഹത്തെ തോന്നിച്ചത് ദൈവത്തിന്റെ കരങ്ങള്‍ തന്നെ അല്ലെ ?

ഓരോ സംഭവങ്ങള്‍ കാണുമ്പോഴും കേള്‍ക്കുമ്പോഴും നമ്മള്‍ രണ്ടു തരത്തിലും ചിന്തിക്കും...ദൈവം സത്യമോ അതോ അത് ഒരു മിഥ്യയോ എന്ന് ..അങ്ങനെ ചിന്തിക്കേണ്ടി വന്ന രണ്ടു സംഭവങ്ങള്‍ ഇവിടെ പറഞ്ഞു എന്ന് മാത്രം...

കരുണ തേടി എന്ന പംക്തിയുടെ ലിങ്ക് ഇവിടെ :
കരുണ തേടി