Sep 2, 2011
കൊച്ചു തോമ ഓണ്‍ എമര്‍ജന്‍സി ലീവ് ( ലാന്‍ഡിംഗ് )
Jun 9, 2011
നിസ്സഹായതയുടെ ചിരി.
May 28, 2011
ശ്രീ. ബെന്യാമിന് കുവൈറ്റ് പ്രവാസികളുടെ പുരസ്കാരം.
May 8, 2011
കൊച്ചു തോമായുടെ വ്യഥകള്‍ ..
വിവാഹത്തിന്റെ ആദ്യ നാളുകളില്‍ ഭര്‍ത്താവു ഭാര്യയെ ഇമ്പ്രെസ്സ് ചെയ്യാന്‍ ശ്രമിക്കും എന്നത് ഒരു നാട്ടു നടപ്പാ..എന്നാലും ഇങ്ങനെ ഒരു അക്കിടി പറ്റാനുണ്ടോ. ഇന്റര്‍നെറ്റ് നോക്കിയത് കൊണ്ട് മാത്രം ലോകത്താരും ഇന്നേ വരെ സാമ്പാര്‍ ഉണ്ടാക്കിയിട്ടില്ല എന്ന സത്യം ആരറിഞ്ഞു..വെച്ചുപോയ സാമ്പാര്‍ പിന്നെ ഒരാഴ്ച ഓടിക്കാതെ പറ്റുമോ.പിന്നെ എടുത്തു വെക്കാന്‍ വലിയ അണ്ടാവു പോലത്തെ ഫ്രിഡ്ജും ചൂടാക്കാന്‍ ഓവനും ഉള്ളതുകൊണ്ടാണല്ലോ ഗള്‍ഫിലൊക്കെ ഒരുമാതിരി വീടുകളില്‍ ആഴ്ചയില്‍ ഒരിക്കല്‍ കൂക്കിംഗ് എന്നാ അത്ഭുതം സംഭവിക്കുന്നത്.
ഇന്നലെ പറ്റിയത് ഓര്‍ത്താല്‍ ഇനി മേലാല്‍ ചപ്പാത്തി ഉണ്ടാക്കാന്‍ തോന്നുകേല..വളരെ കഷ്ടപെട്ടാ പത്തു പതിനെട്ടു ചപ്പാത്തി ഉണ്ടാക്കിയത്..ചപ്പാത്തിയെല്ലാം വട്ടത്തില്‍ ഇരിക്കുന്നതിനു പകരം ചതുരോം ഒക്കെ ആയതു പോട്ടെ..അത് ബട്ടര്‍നാന്‍ ഷെയ്പില്‍ ഉണ്ടാക്കിയതാ എന്നും പറഞ്ഞു സിപ്പുന്റെ അടുത്ത് രക്ഷപെട്ടു..കുറെ എണ്ണം എടുത്തു പാത്രത്തില്‍ അടച്ചു വെച്ചു..നാളേം കഴിക്കണമല്ലോ..കഷ്ടകാലം എന്നല്ലേ പറയാന്‍ പറ്റു.ചപ്പാത്തിക്കൊന്നും ഒരു ഗ്ലാമര്‍ ഇല്ലാഞ്ഞിട്ടാരിക്കും ആ വേലക്കാരി ശിങ്കാരി അതെല്ലാം കൂടി വേസ്റ്റില്‍ എടുത്തിട്ടു. അതുപോട്ടെ..സിപ്പു നാട്ടില്‍ വിളിച്ചു പറഞ്ഞു ചിരിക്കുന്നത് കേട്ടു...തോമാച്ചായന്‍ ഉണ്ടാക്
പിന്നെ എന്നും വൈകുന്നേരം വിരുന്നു എന്നും പറഞ്ഞു കെട്ടി ഒരുങ്ങി പോകണം. സിപ്പൂന്റെ ആള്‍ക്കാരു മാത്രേ ഉള്ളു അബ്ബസ്സിയായില്‍ താമസം എന്നാ തോന്നുന്നേ.എല്ലാ ദിവസവും ഓരോരുത്തര്‍ ബുക്ക് ചെയ്തെക്കുവല്ലേ. വൈകുന്നേരം കഴിക്കാന്‍ പോകുന്ന വീടിലെ പിള്ളാര്‍ക്ക് ചോക്ലേറ്റും വാങ്ങി ഒരിറക്കം ആണ്. പിന്നെ അവരുടെ വീട്ടില്‍ പോയി കുറെ ജാഡ വര്‍ത്തമാനം സഹിക്കണം. ഓഫീസിലെ വീര കഥകള്‍ കേള്‍ക്കണം. എല്ലാവരും പുലി ആണല്ലോ. പിന്നെ കഴിപ്പിന് മുന്‍പ് അച്ചായന്‍ കണ്ണ് കാണിക്കും.."എടുക്കട്ടോ" എന്ന് ഇവന്റെ ഒക്കെ ജാഡ കഥകള്‍ സഹിക്കുന്നതിനു രണ്ടെണ്ണം പോര, നാലെണ്ണം വേണം.. പക്ഷെ സിപ്പുവിന്റെ സ്റാന്റിംഗ് ഓര്‍ഡര്‍ ഉണ്ടല്ലോ. ചെല്ലുന്ന വീട്ടില്‍ അടിച്ചു പാമ്പാകാന്‍ ആക്രാന്തം കാട്ടരുത് എന്ന്. അതുകൊണ്ടൊക്കെ സഹിക്കുന്നു. പിന്നെ ഈ പോക്കിന് ഒരു ഗുണമുണ്ട്. വീട്ടില്‍ കഞ്ഞിം കറീം വെക്കണ്ടല്ലോ.ഉച്ചക്ക് പിന്നെ കാന്റീന്‍ ഉണ്ടല്ലോ ഭാഗ്യം !.കാലത്തേ ബ്രെഡും ജാമും. പെണ്ണ് കെട്ടിയാലെങ്കിലും മര്യാദക്ക് ബ്രേക്ക് ഫാസ്റ്റ് കിട്ടും എന്ന് വിചാരിച്ചു..എവിടെ.
Jan 5, 2011
സ്വപ്‌നങ്ങള്‍ സ്വര്‍ഗ്ഗകുമാരികള്‍ ആവാതിരിക്കുമ്പോള്‍.

Dec 31, 2010
കൊച്ചുതോമയുടെ പെണ്ണ് കാണലുകള്‍
എന്തൊരു മുടിഞ്ഞ ചൂടാ നാട്ടില്‍.കഴിഞ്ഞ ആഴ്ച ഇങ്ങനെ ഒന്ന് പറഞ്ഞു പോയി."നീ പത്തിരുപതന്ച് വര്‍ഷം ഈ ചൂടൊക്കെ തന്നല്ലേ സഹിച്ചത്" എന്ന് കൂട്ടത്തി പഠിച്ച മാത്തച്ചന്‍ ചോദിച്ചപോള്‍ സത്യം പറഞ്ഞാല്‍ ചമ്മി.വേറെ ഒരു ദിവസം ചെരുവാണ്ടൂര്‍ കവലേല്‍ നിന്നപോ അറിയാതെ ഒരു ആത്മഗതം വന്നതിന്റെ (സി കെ എം എസ് ഇപ്പോഴും ഇതിലെ ഓടുന്നുണ്ടോ എന്ന്) ക്ഷീണം ഇപ്പോഴും തീര്‍ന്നില്ല.ക്ലബില്‍ ചൊറിയും കുത്തി ഇരിക്കുന്ന അവന്മാരൊക്കെ കൂടെ ഒരു ചിരി.ഒരുത്തന്‍ പറഞ്ഞു പണ്ട്ഇതിലെ തേങ്ങ ഇട്ടോണ്ട് നടന്നവന്‍ ബോംബയ്ക്ക് പോയിട്ട് വന്നിട്ട് ഇതെന്നാ തിംഗ് ആണെന്ന് പറഞ്ഞപോലുണ്ടല്ലോ എന്ന്.ഈ നാട്ടുകാരെ കൊണ്ട് തോറ്റു.
ബാംഗ്ലൂര്‍ക്കാ എന്ന് പറഞ്ഞപോ അവിടെ എടുത്തു പ്രയോഗിക്കാന്‍ സിബിച്ചന്‍ ഒന്ന് രണ്ടു വാക്കുകള്‍ പറഞ്ഞു തന്നിരുന്നു.ബേഡ എന്നാ വേണ്ട.ഹോഗി എന്നാല്‍ പോയി അങ്ങനെ ചിലത്. ബസ് സ്റ്റോപ്പില്‍ നോക്കിയപോ മൂന്നാല് പേര് നിന്ന് വര്‍ത്താനം പറയുന്നു.ഈ ബസ് കെ ആര്‍ പുരത്ത് ഹോഗുമോ എന്ന് ഒരുത്തനോട് ചോദിച്ചു .പരസ്പരം നോക്കിയിട്ട് ഒരുത്തന്‍ പറഞ്ഞു " ഹോഗുമായിരിക്കും " എന്ന്.പിന്നെ അവിടുന്ന് മുങ്ങിയതെ ഓര്‍മ്മയുള്ളൂ.ബ്ലഡി മല്ലൂസ് എവെരിവെയര്‍. ഹോ കുവൈറ്റിലെ അബ്ബസ്സിയായില്‍ ഉണ്ടോ ഇത്രേം മല്ലൂസ്.
കെ..ആര്‍.പുരത്ത് അപ്പാപ്പന്റെ മകന്‍ ജോര്‍ജിചായന്റെ അടുത്തേക്കാ പോണേ .ഒറ്റതടിയാ.കിട്ടുന്ന കാശൊക്കെ പുട്ടടിച്ചു ജീവിക്കുന്നു. ഇച്ചായന്‍ കാലത്തേ മടിവാളെ വന്നേക്കാം എന്ന് പറഞ്ഞു പറ്റിക്കും എന്ന് ഇന്നലെ വിളിക്കുംബോഴേ അറിയാരുന്നു.പുള്ളി അമ്പതു വയസായിട്ടും പെണ്ണ് കെട്ടിയില്ല.അപ്പാപ്പന്‍ ഗള്‍ഫില്‍ കിടന്നു ഒരു പാട് ഉണ്ടാക്കി.പെങ്ങമ്മാരു ഒക്കെ ലണ്ടനിലും അമേരിക്കേലും.ജോര്‍ജിചായന്‍ കുറെ നാള്‍ കുവൈറ്റിലും ഉണ്ടാരുന്നു. തിരുവല്ലക്കാരന്‍ ഒരച്ചായനാരുന്നു പുള്ളീടെ ബോസ്സ്. ഓഡിറ്റ് സമയത്ത് ഒരു ദിവസം അച്ചായാന്‍ ചോദിച്ചു എന്തായി ജോര്‍ജീ ബാലന്‍സ് ഷീറ്റ് ഒക്കെ എന്ന് .ഞാന്‍ ഇതെന്നാ എപ്പോഴും പോക്കറ്റില്‍ ഇട്ടോണ്ട് നടക്കുവാന്നോ ചോദിക്കുംബോഴേ എടുത്തു തരാന്‍ എന്നെ ചോദിച്ചുള്ളൂ ജോര്‍ജിചായന്‍.ബോസ്സ് ഒരു ദിവസത്തെ ശമ്പളം കട്ട് ചെയ്യുന്നു എന്നും പറഞ്ഞു ഒരു മെമ്മോ എഴുതി കൈയിലേക്ക് കൊടുത്തു. മെമ്മോ വായിച്ചിട്ട് കൈയില്‍ ഇരുന്ന താക്കോല്‍ കൂട്ടം മേലോട്ട് ഒരു ഏറു കൊടുത്തിട്ട് ദേ കിടക്കുന്നു തന്‍റെ ബാലന്‍സ് ഷീറ്റ്. ജോര്‍ജി ഇതാ പോകുന്നു എന്ന ഒറ്റ വാചകമേ പറഞ്ഞുള്ളൂ എന്നാ കേട്ടിട്ടുള്ളത്.
ജോര്‍ജിചായന്‍ പിന്നെ ആള് ജോളിയാ. എന്നാ വേണേലും പറയാം.കള്ളടിക്കാം.എന്നാ പിറപ്പു വേണേലും കാണിക്കാം.കുവൈടീന്നു വരുമ്പോള്‍ ഉള്ള സ്കോച് ഒക്കെ കൊണ്ട് തരുമാരുന്നു.പിന്നെ നാട്ടില്‍ ആരുന്നപോഴും പുള്ളി ഇടക്ക് വിളിച്ചോണ്ട് പോകും.കരിമ്പുംകാലെന്ന് കരിമീന്‍ പൊള്ളിച്ചതും കള്ളും ഒരുപാട് തട്ടിയിട്ടുണ്ട്.ഇടയ്ക്കു ഭയങ്കര പ്രശ്നം ഒക്കെ ആരുന്നു.കള്ള് മൂത്ത് കഴിഞ്ഞാല്‍ പിന്നെ പേയാ. ആരാണ്ടൊക്കെ പിടിക്കാന്‍ വരുന്നു ,കൊല്ലാന്‍ വരുന്നു എന്നൊക്കെ വിളിച്ചു കൂവും.പാതിരക്ക് വല്ലോരുടെം ഒക്കെ വീട്ടില്‍ വിളിക്കും. പിന്നെ കോട്ടയത്ത് ഏതോ ഡീ അഡിക്ഷന്‍ കേന്ദ്രത്തില്‍ പോയിട്ടാ ശരിയായെ.
പെണ്ണ് കെട്ടുക എന്നത് ഇത്രേം ഭാരിച്ച ഒരു എടപാടാ എന്ന് വിചാരിച്ചില്ല. സിപ്പു ആയിട്ടുള്ള ആലോചന എല്‍ദോചായാന്‍ ഉഴപ്പി വിട്ടില്ലാരുന്ണേല്‍ അത് അന്ന് നടന്നു പോയേനെ. വന്നിട്ട് ഒരാഴ്ചയായി.അഞ്ചോ ആറോ എണ്ണത്തിനെ കണ്ടു.ഒരെണ്ണംമനസ്സില്‍ പിടിച്ചതാരുന്നു.പൊന്‍കുന്നംകാരി ഒരു സുന്ദരി പെണ്ണ്.യു കെ യില്‍ നെഴ്സാരുന്നു.അവള്‍ ചായ കൊണ്ടു വെച്ചിട്ട് അപ്പന്റെ അടുത്ത് സോഫയില്‍ വന്നിരുന്നു.അപ്പന്റെ പെറ്റ് ആയിരിക്കും.കൂട്ടത്തില്‍ വന്ന അപ്പാപ്പന് പിടിച്ചില്ല.അവള്‍ അഹങ്കാരിയാ അല്ലേല്‍ അപ്പന്റെകൂടെ കേറി ഇരിക്കുമോ എന്ന് പറഞ്ഞു പുള്ളി കേറി വെട്ടി.തിരിച്ചു പോരുന്ന വഴി പെണ്ണ് കാണാന്‍ കൂട്ട് വന്ന സിബിച്ചന്‍ ചെവിയില്‍ പറഞ്ഞു.ഇങ്ങരെപോലുള്ള കടുംവെട്ടിനൊക്കെ വല്ല എലി പാഷാണോം വാങ്ങിച്ചു കൊടുക്ക് അല്ലേല്‍ മോനെ നിന്റെ കല്യാണം നടക്കുകേല എന്ന്.എന്നാ പറയാനാ .രണ്ടു മൂന്ന് ദിവസം ഫോട്ടോ വെച്ചോണ്ട് സ്വപ്നം കണ്ടത് മിച്ചം.അമ്മച്ചിക്കൊക്കെ അപ്പാപ്പന്റെ വാക്ക് വേദവാക്കല്ലേ.വല്ലോം പറയാന്‍ പറ്റുമോ.ഈ നിലക്ക് അപ്പാപ്പന്‍ ആക്രമണം തുടരാന്‍ ആണ് ഭാവമെകില്‍ എന്റെ കാര്യം കട്ടപൊക.കട്ടപ്പനക്കാരി ഒന്നിനെ പോയി കണ്ടു എല്ലാം ഒത്തത് ആരുന്നു . വീടുകാണാന്‍ അവര് രണ്ടു ജീപ്പും പിടിച്ചു വരികേം ചെയ്തു.കണ്ടിട്ട് വല്യ സന്തോഷമായിട്ടാ തിരിച്ചു പോകുകേം ചെയ്തത്.വീട്ടില്‍ ചെന്നിട്ടു ഉറപ്പീരിന്റെ ഡേറ്റ് അറിയിക്കാം എന്ന് പറഞ്ഞു പോയതാ.വീട്ടീന് അവരുടെ ഫോണ്‍ വന്നില്ല.പകരം ബ്രോക്കര്‍ കുഞ്ഞുമോന്റെ ഫോണ്‍ വന്നു.അവര്‍ ഒഴിയുവാ എന്ന്.കവലേല്‍ ആരാണ്ടോട് ചോദിച്ചപ്പോ ചെറുക്കന്റെ സ്വഭാവം ശരിയല്ല എന്ന് പറഞ്ഞു എന്ന്.അല്ലേലും അല്പം നല്ല നിലേല്‍ കഴിയുന്നവരോട് നാടുകാര്‍ക്ക് ഒരു കുശുംബുണ്ടല്ലോ.പോട്ടെ പുല്ലു .കരീനേം പ്രിയങ്കേം പോയിട്ട് ഷാഹിദ് സഹിച്ചില്ലേ.പിന്നാ.
വേറെ രണ്ടെണ്ണം കാണാന്‍ പോയത് പാഴായിരുന്നു.ഒന്നിന് ബിജുക്കുട്ടന്റെ കളറും, ഷക്കീലേടെ ഷേയ്പ്പും.പിന്നെ ഒന്നിനെ കണ്ടപ്പോള്‍ സിബിച്ചന്‍ പറഞ്ഞത് നിങ്ങളെ കണ്ടാല്‍ നല്ല ചേര്‍ച്ചയാ അമ്മയെയും മോനെയും പോലെ ഇരിക്കും എന്നല്ലാതെ വേറെ കുഴപ്പം ഒന്നും ഇല്ല എന്നാരുന്നു.സിബിച്ചന്‍ ആണ് പെണ്ണുകാണാന്‍ എല്ലാടത്തും കൂട്ട്.ഉള്ളത് ഉള്ളപോലെ പറയും.
ഇനി ഇപ്പൊ ആകെ ഒരെണ്ണം കൂടി ബാക്കി ഉണ്ട്.കരിമ്പനക്കല്‍ സാമിച്ചായന്റെ ഭാര്യേടെ ചെട്ടതീടെ മകളെ കാണാന്‍ വേണ്ടിയാ ബാങ്ങളൂരെങ്കില്‍ ബാംഗ്ലൂര്‍ എന്നും പറഞ്ഞു വെച്ച് പിടിച്ചത്.ഇനി ഇതും കൂടി ശരിയായില്ലേല്‍ പിന്നെ മിക്കവാറും ഈ ലീവും സുരേഷ്ഗോപി.
കെ ആര്‍ പുരത്ത് തപ്പി പിടിച്ചു ചെന്നപ്പോള്‍ ജോര്‍ജിചായന്‍ കിടന്നു നല്ല ഉറക്കം.ഒരുവിധത്തില്‍ പൊക്കി എഴുന്നേല്‍പ്പിച്ചു റെഡി ആക്കി കാലത്തേ തന്നെ പെണ്ണ് കാണാന്‍ പുറപ്പെട്ടു.നിനക്കൊക്കെ വേറെ പണി ഇല്ലേടാ, ഒരു പെണ്ണ് എങ്ങാണ്ട് ഉണ്ടെന്നു കേട്ടോപോഴേ വണ്ടി കേറി ഇങ്ങു പോരും എന്നൊക്കെ പറഞ്ഞു കലിപ്പായെങ്കിലും നല്ല ഉടുപ്പൊക്കെ ഇട്ടോണ്ട് വന്നു കേട്ടോ. പുള്ളി പിന്നെ പണ്ടേ ഡ്രസ്സ് ഒക്കെ ശ്രദ്ധിക്കുന്ന കൂട്ടത്തിലാ.ഇതിപ്പോ പെണ്ണ് അച്ചായനെ കണ്ടു വീഴുമോ എന്ന് ചോദിച്ചപോ ഇനി ഈ വൈകിയ വേളയില്‍ എന്തോന്ന് കല്യാണം എന്ന് ജോര്‍ജിചായന്‍ പറഞ്ഞു.അയ്യട..അച്ചായന്റെ ഒരു ആഗ്രഹം.
ഇന്ദിരാ നഗറില്‍ ആയിരുന്നു പെണ്ണിന്റെ വീട്.നല്ല പോഷ് വീട്.രണ്ടു കാറ്.മുടിഞ്ഞ സെറ്റപ്പാ മോനെ ,മുറുക്കെ പിടിച്ചോ എന്ന് ജോര്‍ജിചായന്‍ പറഞ്ഞു.അതിനൊക്കെ ഇനി കുറെ കുറെ സമയം എടുക്കില്ലേ ജോര്ജിചായ എന്ന് പറഞ്ഞപ്പോ അച്ചായന്‍ ഭയങ്കര ചിരി.പുള്ളിയോട് പിന്നെ എന്നാ വേണേലും പറയാം.
.
പെണ്ണ് വലിയ കുഴപ്പമില്ല.സിമി എന്ന് പേര്.സുന്ദരീന്നു പറയാം.അമ്മ അതിലും സുന്ദരി.വീട്ടില്‍ അമ്മേം മോളും മാത്രം.അപ്പന്‍ ചെറുപ്പത്തിലെ മരിച്ചു.ഗള്‍ഫീന് അമ്മേം മോളും വന്നു ബാംഗ്ലൂര് സെറ്റില്‍ ചെയ്തിരിക്കുവാ.പിന്നെ ദോഷം പറയരുതല്ലോ.പെണ്ണിന് സാമാന്യം നല്ല ജാഡ ഉണ്ടെന്നല്ലാതെ വേറെ കുഴപ്പം ഒന്നും ഇല്ല.ഗള്‍ഫ് ബേബി ആയതിന്റെ ആയിരിക്കും.എല്ലാം സ്പൂണ്‍ ഫീഡ് ചെയ്തു വളര്‍ത്തുന്ന ഇവറ്റക്കൊക്കെ നേരെ ചൊവ്വേ ഒരു കാര്യം ചെയ്യാന്‍ പോലും അറിയാം എന്ന് തോന്നുന്നില്ല .പെണ്ണിന്കുവൈറ്റ് എന്ന് കേട്ടപോ എന്തോ ഒരു ഓക്കാനം. അവിടെ ലൈഫ് ഇല്ലെന്നു. പിന്നെ ഡത്ത് ആയിരിക്കും. അത്ര മോശം സ്ഥലമാണോ കുവൈറ്റ് ? അമേരികന്‍ ആലോചന ഒക്കെ ആണ് നോക്കുന്നെ പിന്നെ ബേബി കുഞ്ഞമ്മ കൊണ്ടുവന്ന ആലോച്ചനയല്ലേ നോക്കാം എന്ന് വിചാരിച്ചു എന്ന് സിമി പറഞ്ഞു. അപ്പുറത്തെ മുറീല്‍ ജോര്‍ജിചായനും സിമീടെ അമ്മേം കൂടി ഭയങ്കര ചിരിയും സംസാരവും. എന്നാ പിന്നെ പോയേക്കാം എന്ന് പറഞ്ഞു അങ്ങോട്ട് ചെന്നപോള്‍ ജോര്‍ജിചായന്‍ പറഞ്ഞു.ഞങ്ങള് കോളേജ് മേറ്റ്സ് ആണെടാ.പറഞ്ഞു വന്നപ്പോഴല്ലേ മനസിലായെ.
എന്നാ പിന്നെ ഇറങ്ങട്ടെ എന്നും പറഞ്ഞു ഞങ്ങള്‍ ഇറങ്ങി.ജോര്‍ജിചായന്‍ വിളിക്കാം എന്ന് പറഞ്ഞു.സിമീടെ അമ്മ ഗേറ്റു വരെ വന്നു.സിമി വന്നില്ല. പോട്ടുപുല്ലു.അല്ലേലും ഇതേപോലെ ഒന്നിനെ എങ്ങനെ സഹിക്കും എന്ന് ഓര്‍ത്തു.ചില്ലറ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു വൈകുന്നേരം നാട്ടിലേക്ക്.ഇതിപ്പോ ആരാണ്ടും ചന്തക്കു പോയപോലെന്നോ ഏതാണ്ടും പോയ സ്കുരളിനെ പോലെ എന്നൊക്കെ വേണേ പറയാം.
തിരിച്ചു വന്നിട്ട് ഒരാഴ്ച കഴിഞ്ഞില്ല.ജോര്‍ജിചായന്റെ ഫോണ്‍.പുള്ളീടെ കല്യാണം ഉറപ്പിക്കുവാന്നു.പെണ്ണിന്റെ രണ്ടാം കല്യാണമാണ്.ഇപ്പൊ ഉറപ്പീരെ ഉള്ളു .കല്യാണം കുറച്ചു കഴിഞ്ഞു.കെട്ടിക്കാരായ ഒരു മോള്‍ ഉണ്ടെന്നു. അവളുടെ കെട്ടു കഴിഞ്ഞേ കല്യാണം ഉള്ളു എന്ന് ഒരേ വാശി.
ജോര്‍ജിചായന്‍ കെട്ടാന്‍ പോണ പെണ്ണിന്റെ മോളുടെ പേര് സിമി.
Nov 21, 2010
ഷെയറിംഗ് അക്കൊമോടെഷന്‍ എന്ന വളളികെട്ട്!
രാവിലെ ഒരു ഫോണ്‍..എല്‍ദോ സാറാണോ..ഞാന്‍ വറുഗീസാ..സിന്ധൂന്റെ അപ്പന്‍..അവിടെ താമസിക്കുന്ന തോമസ് എങ്ങനാ ആളു എന്നൊക്കെ ചോദിച്ചോണ്ട് ....നമ്മുക്ക് പിന്നെ ഉള്ള കാര്യം അല്ലെ പറയാന്‍ പറ്റു.അതുകൊണ്ട് ഞാന്‍ ഒരു കാര്യമേ ചോദിച്ചുള്ളൂ..ഒന്നൂടെ ഒക്കെ ഒന്ന് ചെറുക്കനെ പറ്റി നന്നായി അന്വേഷിച്ചിട്ട് പോരെ എന്ന് മാത്രം ...നമുക്കും ഇല്ലേ മൂന്നു പെണ്‍ പിള്ളേര്‍..നാളെ അവര്‍ക്ക് ഇങ്ങനെ ഒരു ആവശ്യം വന്നാല്‍ നമ്മളും അന്വേഷിക്കണ്ടതല്ലേ....കല്യാണം കലങ്ങിയാല്‍ കൊച്ചു തോമ കുറച്ചു നാള്‍ കൂടി ഇവിടെ തന്നെ താമസിചെക്കുമായിരിക്കും...പക്ഷെ നമ്മള്‍ ഒരു പെണ്ണിന്റെ ജീവിതം കൊണ്ട് കളിയ്ക്കാന്‍ പാടുണ്ടോ..ഹോ ഈ ഷെയറിംഗ് എന്ന ഒരു വളളി കെട്ട്!
Nov 4, 2010
ലോകപ്രശസ്ത സാഹിത്യകാരന്‍ പ്രകാശന്‍ ഒണംതുരുത്തിന്റെ കത്ത്...

Nov 3, 2010
മദ്യപ്യാനം ഒരു സാമൂഹിക വിപത്ത്..
മദ്യപ്യാനം ഒരു സാമൂഹിക വിപത്താണ്...പ്ലെയിനെ കേറുമ്പോള്‍..!
Jul 3, 2010
രാഘവേട്ടന്‍ c/o സുരഭി സ്റ്റോര്‍
മെസ്സ് ഹാളില്‍ ഇപ്പോഴും തട്ടലും മുട്ടലും കേള്‍ക്കാം .വറുഗീസും രാജുവും കിടന്നിട്ടില്ല...പ്രഭാത ഭക്ഷണം ഉണ്ടാക്കുകയാവാം...മെസ്സ് ഹാള്‍ നാലരക്ക് തുറക്കും...ഷിഫ്റ്റ് ജോലിക്കാര്‍ പോകാന്‍ തുന്ടങ്ങുന്ന സമയം... ഈയാഴ്ച വേണ്ടുന്ന എല്ലാ സാധനങ്ങളും വാങ്ങി കണക്കു കൃത്യമായി മെസ്സ് ഉടമയെ ഏല്പിച്ചു..നാളെ ഒന്നാം തീയതി..വാടക കൂടി പിരിച്ചു നല്‍കിയാല്‍ സമാധാനമായി നാട്ടില്‍ പോകാം..എഴുപതന്ന്ച് ദിവസത്തെ കാര്യം അവരാച്ചനെ ആണ് ഏല്പിച്ചിരിക്കുന്നത്..അവരാച്ചന്‍ മെസ്സില്‍ താമസം തുടങ്ങിയിട്ട് അഞ്ചു വര്‍ഷത്തിനു മേലായി..ഒരു ഉപദ്രവവും ഇല്ല...ഉപകാരവും..സ്വന്തം കാര്യം മാത്രം..ഒരുകണക്കിന് അത് നല്ലതാണു..തന്നെ പോലെ ആളുകളെ സഹായിച്ചു വെറുതെ കുഴപ്പതിലവില്ലല്ലോ..അവരച്ചാണ് മിനിസ്ട്ര്യില്‍ ആണ് ജോലി ഉച്ചക്ക് ഒരുമണി ആകുമ്പോള്‍ ആളു മെസ്സില്‍ ഉണ്ടാവും..പിന്നെ ഉറക്കവും ടിവി കാണലും തന്നെ..മുറിയില്‍ നിന്നും പുറത്തിറങ്ങുന്നത് ഭക്ഷണം കഴിക്കാന്‍ മാത്രം..വാടക കൃത്യമയിട്ടും തരും..
മൂന്നു വര്‍ഷമായി മെസ്സിന്റെ ചുമതല കിട്ടിയിട്ട്...മെസ്സ് ഉടമ നാട്ടുകാരന്‍ തന്നെ....നേരത്തെ നടത്തിയ ആള്‍ മെസ്സ് കൊടുത്തു നാട്ടില്‍ പോയി..മെസ്സ് നടത്താന്‍ ആളു അന്വേഷിക്കുന്നതിനിടെയാണ് ഒരിക്കല്‍ ബക്കാലയില്‍ വെച്ച് അവിചാരിതമായി സേവ്യറെ കാണുന്നത്...ഭക്ഷണവും താമസവും സൌജന്യം എന്ന് കേട്ടപ്പോള്‍ ആ വകയില്‍ സമ്പാദിക്കാവുന്ന തുകയുടെ വലിപ്പതെക്കള്‍ നാട്ടിലെ അത്യാവശ്യങ്ങള്‍ ആയിരുന്നു മനസ്സില്‍..നൂറ്റിയിരുപതു ദിനാറു ശംബലക്കാരന് നാല്‍പ്പതു ദിനാറു ലാഭിക്കാന്‍ കഴിയുന്നത് വലിയ കാര്യമല്ലേ...മെസ്സിലെ പിള്ളേരൊക്കെ കളിയാക്കും.. താമസോം ഭക്ഷണോം ഫ്രീ അല്ലെ.....പിന്നെ എന്നാ വേണം എന്ന്....ഒരു മെസ്സ് നോക്കി നടത്തുന്നതിന്റെ ബുദ്ധിമുട്ടൊന്നും പിള്ളേര്‍ക്ക് അറിയില്ലല്ലോഅവര്‍ക്ക് വെറുതെ വന്നിരുന്നു കുറ്റം പറഞ്ഞ മതിയല്ലോ..വാടക മുഴുവന്‍ പിരിച്ചെടുക്കാന്‍ തന്നെ പെടപ്പടാണ്...കാശു ചോദിക്കുമ്പോള്‍ ഭക്ഷണം മോശം... റൂമില്‍ തണുപ്പില്ല..അങ്ങനെ അങ്ങനെ നൂറു കുറ്റം..
സദാശിവന്‍ സാര്‍ ആയിരുന്നു എയര്‍പോര്‍ട്ടില്‍ കൊണ്ട് വിട്ടത്..എന്തോ , ഇത്രയും ദിവസങ്ങില്‍ ഉണ്ടായിരുന്ന ഒരു സന്തോഷം അന്ന് ഇല്ലാത്തപോലെ...നാട്ടിലെ കാര്യങ്ങള്‍ ഒര്താവം..രോഗിയായ ഭാര്യ..കല്യാണം ഒന്നും ആവാത്ത മൂന്നു പെണ്‍ മക്കള്‍ ..വീട് പുതുക്കാന്‍ കഴിഞ്ഞിട്ടില്ല ഇതേവരെ....പതിനഞ്ചു വര്‍ഷത്തെ പട്ടാള ജീവിതത്തിനും പത്തു വര്‍ഷത്തെ പ്രവാസ ജീവിതിനും മാറ്റാന്‍ കഴിയാത്ത ചില കാര്യങ്ങള്‍..
എഴുപത്തഞ്ചു ദിവസങ്ങള്‍ പെട്ടെന്ന് പോയി.... ഈ തവണ എങ്ങും പോയില്ല...മക്കളോടും ഭാര്യയോടും ഒപ്പം വീട്ടില്‍ തന്നെ..അല്ലെകിലും പണം ചിലവാക്കാന്‍ പറ്റുന്ന അവസ്ഥയില്‍ അല്ലല്ലോ ..എയര്‍പോര്‍ട്ടില്‍ നിന്നും ഒരു ടാക്സി പിടിച്ചു മെസ്സില്‍ എത്തി...
സദാശിവന്‍ സാര്‍ വിളിച്ചു മുറിയില്‍ കൊണ്ടുപോയി....നാട്ടിലെ വിവരങ്ങള്‍ ഒക്കെ ചോദിച്ചറിഞ്ഞു...മെസ്സിലെ കാര്യങ്ങള്‍ ഒക്കെ എങ്ങനെ നടക്കുന്നു എന്ന് ചോദിച്ചപോള്‍ അല്പം മൌനിയായി॥അല്‍പ നേരത്തിനു ശേഷം പറഞ്ഞു ..രാഘവേട്ടന്‍ വിഷമിക്കല്ലേ ..അവരാച്ചനെ സ്ഥിരമായി മെസ്സ് എല്പ്പിക്കാനാണ് സെവ്യരുടെ തീരുമാനം എന്ന്..രാഘവേട്ടന്‍ പോയപ്പോള്‍ അവരാച്ചന്‍ സേവ്യറെ പറഞ്ഞു തിരിച്ചത്രേ..ഒന്നും മിണ്ടാന്‍ പറ്റിയില്ല..കണ്ണില്‍ ഒരു പുകമറ പോലെ..കട്ടിലിലേക്ക് ചാരി ഇരുന്നപോള്‍ സദാശിവന്‍ സാര്‍ ഒന്ന് കൂടി പറഞ്ഞു..ഇവിടെ തന്നെ താമസിക്കാനാനെങ്കില്‍ രാഘവേട്ടന് അഞ്ചു ദിനാര്‍ കുറച്ചു തരാന്‍ അവരാച്ചന്‍ സെവ്യരോട് പറഞ്ഞിടുണ്ടത്രേ..കണ്ണിലൂടെ ഒഴുകിവന്നത് തടയാന്‍ ആകുന്നില്ല...ഭാര്യയും മക്കളും കടങ്ങളുടെ വലിപ്പവും എല്ലാം മാറി മാറി തെളിയുന്നു...
അല്പനെരത്തിന് ശേഷം മൊബൈല്‍ എടുത്തു വീട്ടിലേക്കു വിളിച്ചു...സുഖമായി എത്തി ചേര്‍ന്നു എന്ന് പറഞ്ഞപോള്‍ സ്വരം ഇടറിയോ ..സുരഭി സ്റ്റോര്‍ എന്ന വിലാസത്തിലേക്ക് ഇനി കത്ത് അയക്കണ്ട എന്ന് പറഞ്ഞപ്പോള്‍ അവരാച്ചന്റെ അഞ്ചു ദിനാറിന്റെ സൌജന്യം ഇനി ആവശ്യമില്ല എന്ന ചിന്തയയിരുന്നോ മനസ്സില്‍?
Jun 3, 2010
ഡോക്ടര്‍ ഫെര്‍ണണ്ടാസിന്റെ മറുപടി ....
ഡിയര്‍ കൊച്ചുതോമ..താങ്കളുടെ കത്ത് വായിച്ചു..മറുപടി എന്തായാലും നേരിട്ട് എഴുതാം എന്ന് വിചാരിച്ചു..നാട്ടുകാരെ കാണിക്കാന്‍ സുമംഗല വാരികയില്‍ വേറെ ഒരെണ്ണം ഇടുന്നുണ്ട്...സത്യം പറയാമല്ലോ...എന്റെ ഈ ഇരുപതു വര്‍ഷത്തെ മനസാസ്ട്ര ജീവിതത്തില്‍ ഇത്രയും സങ്കീര്‍ണ്ണമായ ആയ ഒരു കത്ത് ഞാന്‍ വായിച്ചിട്ടില്ല...ഞാന്‍ അതിനെ തിരിച്ചും മറിച്ചും അവലോകനം ചെയ്തു നോക്കി.താടി ഒന്ന് തടവാമെന്നു വെച്ചാല്‍ എനിക്ക് ഫ്രഞ്ച് താടി ഇല്ലല്ലോ.. ഫ്രഞ്ച് താടി ഇല്ലാത്ത കൊണ്ട് ഒരു ലുക്ക് ഇല്ല എന്നായിരുന്നു ഇന്നാള് ഉപദേശം തേടി വന്ന ഒരു തിരുവല്ലക്കാരി പറഞ്ഞത്..ഡോക്ടര്‍ ആയപ്പോള്‍ ലോനപ്പന്‍ എന്ന കണ്ട്രി പേര് മാറ്റി ഫെര്‍ണടെസ് ആയതിന്റെ ബുദ്ധിമുട്ട് എനിക്കറിയാം...പിന്നാ..
ഈ കത്തുമായി ഞാന്‍ എന്റെ സഹ പ്രവര്‍ത്തകരായ പലരുമായും ഞാന്‍ സംവാദത്തില്‍ ഏര്‍പെട്ടു . അവസാനം സിറ്റിയിലെ എന്റെ പ്രധാന പ്രതിയോഗിയും പ്രിയസഖി വാരികയുടെ മനസാസ്ട്ര വിഭാഗത്തില്‍ കത്തുകള്‍ എഴുതുന്നയാളുമായ ഡോ.ഗോണ്‍സാല്‍വസുമായി (അയാളുടെ പഴയപേര് എന്റെ പഴയ പേരിലും മോശമാ )അവസാനം എനിക്ക് താങ്കളുടെ പ്രശ്നം വിശകലനം ചെയ്യേണ്ടി വന്നു...കത്ത് വായിച്ചിട്ട് അങ്ങോരുടെ ആദ്യ പ്രതികരണം ഇവനെ ഒക്കെ ചാട്ട കൊണ്ട് അടിക്കാന്‍ അവിടെ നിയമങ്ങള്‍ ഒന്നും ഇല്ലേ എന്നായിരുന്നു..കുവൈറ്റില്‍ ചാട്ടയടി ഈയിടെ നടക്കാറില്ല എന്ന കാര്യം ഞാന്‍ ഓര്‍പിച്ചു. പിന്നെ പ്രിയസഖി ഒക്കെ വായിക്കുന്നവരേം ചാട്ടക്ക് അടിക്കേണ്ടി വരും എന്ന് നാട്ടില്‍ ഒരു സംസാരം നടക്കുന്നു എന്ന് ഞാന്‍ ഒരു താങ്ങ് താങ്ങി. അവസരം കിട്ടുമ്പോഴല്ലേ പറ്റു!
ഞങ്ങളുടെ രണ്ടുപേരുടെയും അവലോകനത്തില്‍ താങ്കള്‍ അവിടെ തന്നെ നില്‍ക്കുന്നതായിരിക്കും നല്ലത്...അവിടകുമ്പോള്‍ കള്ളുകുടി മുതലായ കലാ പരിപാടികള്‍ നടക്കില്ലല്ലോ..കള്ളിനൊക്കെ ഇവിടെ എന്താ വില.. ഹോ... .. ഒറിജിനല്‍ കിട്ടാനും ബുദ്ധിമുട്ട്.. പിന്നെ താങ്കള്‍ പറഞ്ഞപോലെ ബാംഗ്ലൂര്‍ ഒന്നും പോയിട്ട് ഈ വൈകിയ വേളയില്‍ വലിയ പ്രയോജനം ഉണ്ട് എന്ന് തോന്നുന്നില്ല.. കാരണം പുതുതായി പഠിച്ചിറങ്ങുന്ന പിള്ളര്‍ക്കാന് അവിടെ ഡിമാണ്ട്. ഗള്‍ഫില്‍ നിന്നും കുടവയറും ഒക്കെ ആയിട്ടു വരുന്ന താങ്കളെ പോലെ ഓടിത്തളര്‍ന്ന കുതിരകളെ കൊണ്ട് (ഓടാന്‍ ഒക്കെ ഇപ്പൊ പറ്റുമോ)വലിയ പ്രയോജനം ഇല്ല എന്ന് അവര്‍ക്കറിയാം.ഓണ്‍ലൈന്‍ ഫോറത്തില്‍ പറഞ്ഞത് തന്നാ ശരി..ഈ അവസ്ഥയില്‍ താങ്കള്‍ നാട്ടില്‍ പോയാല്‍ ഉടനെ തന്നെ ഒരു അഞ്ചു ലക്ഷം രൂപയുടെ ബാധ്യത ഉണ്ടാക്കാന്‍ പറ്റും.. പിന്നെ പണ്ടേ പോലെ ക്രെഡിറ്റ് കാര്‍ഡ് കമ്പനിക്കാര്‍ ഭീഷണി ഒന്നും ആവില്ല നടത്തുന്നത്...ക്വോട്ടേഷന്‍ ആയിരിക്കും..കയ്യോ കാലോ ഒക്കെ പോയാല്‍ പിന്നെ ഭയങ്കര ബുദ്ധിമുട്ടായിരിക്കും ജീവിക്കാന്‍. പിന്നെ കാലം മാറിപോയി..അവിടൊക്കെ ജീവിതച്ചിലവും കൂടി.. ഒരു ചായ മൂന്ന് പേര് ബൈ ടു ഒക്കെ അടിക്കാന്‍ ഇപ്പൊ പറ്റും എന്ന് തോന്നുന്നില്ല.. പബ്ബില്‍ ബിയറടിക്കാന്‍ പോയിട്ട് പത്തു രൂപ ടിപ് കൊടുക്കുന്നവനെ വിളിച്ചു അത് തിരിച്ചു കൊടുക്കും എന്നൊക്കെ ആള്‍കാര് പറഞ്ഞു കേള്‍ക്കുന്നു... പിന്നെ ഇവിടെ ഒക്കെ താങ്കളുടെ ജോലി ചെയ്യുന്നവര്‍ ചുമ്മാ വീകെന്റില്‍ ശ്രീലങ്കക്കും ബംകോക്കിലും ഒക്കെയാണ് പോകുന്നത്...പണ്ടത്തെ പോലെ ഊട്ടി - കൊടൈകനാല്‍, മല്ലപ്പള്ളി - കറുകച്ചാല്‍ എന്നിങ്ങനെ ഉള്ള സ്ഥലങ്ങളില്‍ ഒന്നും ആള്‍കാര് ടൂറിനു പോകാറില്ല .
പിന്നെ പുതുതായി ഒന്നും പഠിക്കാന്‍ പറ്റുന്നില്ല എന്ന വിഷമം ഒട്ടും വേണ്ട...തൊണ്ണൂറു ശതമാനം പേരും ഗള്‍ഫില്‍ അങ്ങനെ ഒക്കെ തന്നെ ആണെന്നാണ് എനിക്കുള്ള വിവരം..അല്ലെങ്കില്‍ തന്നെ പഠിപ്പിനനുസരിചാണോ അവിടെ ജോലി ഒക്കെ കിട്ടുന്നെ ? അതൊക്കെ ഒരു യോഗം ആണ് എന്ന് ദുബായില്‍ ജോലി ചെയ്യുന്ന ജോണ്‍സന്‍ പറയുകയുണ്ടായി.ജോണ്‍സന്‍ പത്തു ഫെയിലാണ് .എന്നിട്ടും സേഫ്റ്റി എന്‍ജിനീയര്‍ ആണ് അവന്‍ ഇപ്പൊ..അവന്റെ അനിയന്‍ ഇപ്പൊ ലിഫ്റ്റ് ടെക്നോളജി പഠിക്കുന്നു.അവനും ഉടനെ ഗള്‍ഫില്‍ പോണു എന്ന് കേള്‍ക്കുന്നു..പിന്നെ പത്തു പാസായകൊണ്ട് അവനിനി വല്ല ജനറല്‍ മാനെജരൊക്കെ ആകുമായിരിക്കും...ജോണ്‍സന്‍ കഴിഞ്ഞ മാസം പുതിയ ടൊയോട്ട ഫോര്‍ച്ചുനെര്‍ ഒക്കെ വാങ്ങിച്ചു.....മമ്മൂട്ടിക്കും ജയറാമിനും ഒക്കെ മാത്രേ ഉള്ളു ഈ വണ്ടി എന്നാ അവന്റെ അപ്പന് ഓറഞ്ചു കുഞ്ഞപ്പന്‍ (പണ്ട് ഓറഞ്ചു വണ്ടിയില്‍ തള്ളി നടന്നായിരുന്നു ജീവിച്ചത് ,അങ്ങനെയാണ് ഈ നാമധേയം ഉണ്ടായതു ) നാട്ടില്‍ പറഞ്ഞു നടക്കുന്നെ.
ഡോക്ടര്‍ ഫെര്‍ണാഡെസ്
May 26, 2010
കൊച്ചുതോമ ഫ്രം കുവൈറ്റ്....
അഞ്ചു വര്ഷം ആയിട്ടും എനിക്ക് ഒന്നും തന്നെ സമ്പാദിക്കാന്‍ പറ്റുന്നില്ല...ജീവിതം മടുത്തു...ഇവിടെ നാടിലെ ഒരു പരിപാടിയും നടക്കുന്നില്ല...അകത്താവും..ചിലപ്പോള്‍ സര്‍കാര്‍ ചിലവില്‍ നാട്ടിലെത്താനും പറ്റും...ഇപ്പോള്‍ ഞാന്‍ ഇവിടെ വന്നതില്‍ ഖേദിക്കുകയാണ്.. നാട്ടിലേക്ക് തിരിച്ചു പോയാലോ എന്ന് ഓര്‍ത്തു പോകുന്നു...ഒരു തീരുമാനം എടുക്കാന്‍ പറ്റുന്നില്ല..ഏതു സമയത്തും ചിന്തയാണ്...ജോലിയില്‍ ശ്രദ്ധിക്കാന്‍ സാധിക്കുന്നില്ല...ഇവിടെ ഉള്ള ഒരു ഓണ്‍ലൈന്‍ ഫോറത്തില്‍ ഞാന്‍ എന്റെ പ്രശ്നം എഴുതിനോക്കി...ഒരുപാടു പേര് ചീത്ത പറഞ്ഞു...ഒരുത്തന്‍ പറഞ്ഞു എനിക്ക് അഹങ്കാരം ആണെന്ന്...നാല്‍പതു ദിനാറു ശമ്പളം കിട്ടുന്നവരും ഉണ്ട് എന്ന് വേറെ ഒരാള്‍ ഓര്‍മ്മിപ്പിച്ചു...ഇപ്പോഴത്തെ അവസ്ഥയില്‍ നീ നാട്ടില്‍ തിരിച്ചുപോയാല്‍ അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ഒരു അഞ്ചു ലക്ഷം രൂപ കടം ഉണ്ടാക്കി എടുക്കാം മറ്റൊരു ദ്രോഹി പറഞ്ഞു....അത്രക്കും മോശമാണോ ഡോക്ടര്‍ അവിടുത്തെ കാര്യങ്ങള്‍?
ഒരു കല്യാണം കഴിക്കാന്‍ പലരും ഉപദേശിച്ചു...എനിക്കെന്തോ അതിനുള്ള ധൈര്യം പോര...കൂട്ടത്തില്‍ ജോലി ചെയ്യുന്ന ഗോവക്കാരിക്ക് എന്നോട് ലേശം അനുഭാവം ഉണ്ട്...ഒരു ഗോവക്കാരിയേം കൊണ്ട് നാട്ടിലേക്കു ചെന്നാലുള്ള പുകിലോര്തിട്ടു ഒന്ന് നോക്കാന്‍ കൂടി തോന്നുന്നില്ല.....നാട്ടില്‍ വന്നിട്ട് പല ഗള്‍ഫുകാരും എന്‍ജിനീയര്‍ ആണെന്നും ഭാവിച്ചു കല്യാണം കഴിക്കുന്നുണ്ട്, നീ യഥാര്‍ത്ഥ എന്‍ജിനീയര്‍ ആയിട്ടും നിനക്ക് എന്താ കുഴപ്പം എന്നാ നാട്ടീന്നു ഒരുത്തന്‍ വിളിച്ചപ്പം ചോദിച്ചത്....ഞാന്‍ ഒരു നേരെ വാ നേരെ പോ സ്വഭാവക്കരനായി പോയി. അതാണോ ഡോക്ടര്‍ എന്റെ കുഴപ്പം ?.എന്റെ കൂടെ ജോലി ചെയ്യുന്ന ബെന്നിക്ക് എന്നെക്കാളും നൂറു ദിനാറു കുറവാ...എന്നിട്ടും അവന്‍ എന്ത് സന്തോഷത്തിലാ കഴിയുന്നെ... അവനണേല്‍ കിട്ടുന്നതില്‍ പകുതി മുക്കാലും സംബാദിക്കുവേം ചെയ്യുന്നുട്....എന്റെ കാശൊക്കെ എങ്ങോട്ടാ പോകുന്നെ എന്ന് ഇടയ്ക്കു അവന്‍ ചോദിക്കാറുണ്ട്..
രാത്രി ഉറങ്ങാന്‍ കിടന്നാല്‍ ഉറക്കം വരാറില്ല...ഇവിടുത്തെ ജോലി സിസ്റ്റം അട്മിനിസ്ട്രടര്‍ ആണേലും അങ്ങനെ പ്രതേകിച്ചു ഒന്നും ചെയ്യാന്‍ ഇല്ല...വെറുതെ ചീള് മെയിലുകള് ഫോര്‍വേഡ് ചെയ്യുക...ചാര്ളിച്ചായന്റെ ബ്ലോഗ് വായിക്കുക, കമന്റുക പിന്നെ നാട്ടിലുള്ള പഴയ കുറ്റികളോട് ചാറ്റുക..പിന്നെ ഭയങ്കര പണി ആണെന്ന് ഭാവിക്കുക. വല്ലപ്പോഴും വല്ല പ്രിന്റെരിലും പ്രിന്റ് വന്നില്ലേല്‍ ഒന്ന് റീ ഇന്‍സ്റ്റാള്‍ ചെയ്യുക..കഴിഞ്ഞു പണി..ആരെങ്കിലും ഫോണ്‍ വിളിച്ചാല്‍ അന്നേരം എടുക്കാതെ പിന്നെ കുറെ കഴിഞ്ഞു തിരിച്ചു വിളിക്കുക....ചായകുടിക്കാന്‍ പോയതാനെലും മീറ്റിങ്ങില്‍ ആയിരുന്നു എന്ന് പറയുക..അങ്ങനെയുള്ള ജാട പറച്ചില്‍ ജീവിതം മടുത്തു ഡോക്ടര്‍.കിട്ടുന്ന കാശിന്റെ പകുതിക്കുപോലും പോലും ചെയ്യാനുള്ള പണി ഇല്ലല്ലോ എന്ന് ചിലപ്പോള്‍ ആലോചിക്കും...ഒന്നും പുതുതായി പഠിക്കാന്‍ പറ്റുന്നില്ലലോ ബെന്നീ എന്നുചോദിച്ചപോള്‍ ബെന്നി പറഞ്ഞത് എന്നാത്തിനാ ഇനി പുതിയതൊക്കെ പഠിക്കുന്നെ...ഇതൊക്കെ തന്നെ ധാരാളം എന്നാരുന്നു.....ഈ നിലേല്‍ പോയാല്‍ ബംഗ്ലൂരു പോയാ പണി കിട്ടുമോ അതോ എനിക്കിട്ടു പണികിട്ടുമോ എന്നും ഒരു ശങ്ക ഉണ്ട്..പുതിയ പിള്ളേരൊക്കെ ജില്‍ ജില്‍ എന്ന് നില്‍ക്കുമ്പോള്‍ നമ്മുടെ കാര്യം എന്താവും എന്നും ഓര്‍ക്കാറുണ്ട്..ഞാന്‍ എന്ത് ചെയ്യണം ഡോക്ടര്‍ ? ഒരു എത്തും പിടിയും കിട്ടുന്നില്ല.....ഒരുപാട് മാനസിക പ്രശ്നങ്ങളില്‍ പെട്ട് ഉഴലുന്ന എന്നെ കൈവിടരുതേ എന്ന് അപേക്ഷിച്ചുകൊണ്ട് ,
താഴാഴാഴ്മയോടെ കൊച്ചു തോമ ( K.T തോമസ് )






