പട്ടാളക്കാരോട് എനിക്ക് ഒരു ആരാധന ആയിരുന്നു.നിണമണിഞ്ഞ കാല്‍പ്പാടുകളും,നന്തനാരുടെ കഥകളും ഒക്കെ വായിച്ചു,നായര്‍ സാബ് മുതലായ വെടിക്കെട്ട് പടങ്ങളും കണ്ട് പട്ടാള ജീവിതം ഇങ്ങനെ തലയില്‍ കയറി നില്‍ക്കുകയാണ്. നാട്ടില്‍ ഒരുപാട് പേര്‍ മിലിട്ടറി ആയിട്ടും, എയര്‍ ഫോഴ്സ് ആയിട്ടും ഒക്കെ ഉണ്ടായിരുന്നു. അടുത്ത വീട്ടിലെ ചേട്ടന്‍ അവധിക്ക് വരുമ്പോള്‍ പച്ച നിറമുള്ള ട്രങ്ക് ഒക്കെ ആയിട്ടു വരുന്നത് നോക്കി കൊതിച്ചിട്ടുണ്ട്. അങ്ങേരു വീടുകാരും ആയിട്ടു ഇടയ്ക്കു വഴക്കുണ്ടാക്കുമ്പോള്‍ ബസ് ബസ് എന്നൊക്കെ ഹിന്ദിയില്‍ കാച്ചും.
ജോലി കിട്ടുന്നെങ്കില്‍ അത് പട്ടാളത്തില്‍ അല്ലെങ്കില്‍ എയര്‍ ഫോര്‍സില്‍ ആവണം എന്നായിരുന്നു ആഗ്രഹം. നേവിയോടു പണ്ടേ പ്രിയം ഇല്ല.അവര്‍ക്ക് മീശ വെക്കാന്‍ പറ്റില്ല എന്നാരുന്നു കൂട്ടത്തില്‍ പഠിച്ച ബാബു പറഞ്ഞത്.മീശ ഇല്ലാതെ ആണുങ്ങള്‍ക്ക് എന്ത് വില! അവന്‍ അന്ന് അങ്ങനെ ഒക്കെ പറഞ്ഞെകിലും മെഡിക്കല്‍ റെപ് ആയപ്പോ അവന്‍ മീശ എടുത്തു.റപ്പായിമാര്‍ക്ക് അത് പാടില്ല എന്ന് അവരുടെ ബൈലോയില്‍ ഉണ്ടത്രേ.
ആദ്യത്തെ ശ്രമം യാദൃചികം ആയിരുന്നു.പത്തു കഴിഞ്ഞു എമ്പ്ലോയ്മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുക എന്നത് അന്നൊരു ചടങ്ങായിരുന്നു. ഞങ്ങള്‍ കുറെ പേര്‍ പ്രീഡിഗ്രീ കഴിഞ്ഞു ഈ കലാപരിപാടിക്ക് ചെന്നതായിരുന്നു.അന്നവിടെ കുറെ പേര്‍ ക്യു നില്‍ക്കുന്നു.ഡല്‍ഹി പോലീസിലേക്ക് ആളെ എടുക്കുകയാണ്. ഡല്‍ഹി പോലീസ് എങ്കില്‍ അത് എന്നും പറഞ്ഞു ഞങ്ങള്‍ രണ്ടു പേര്‍ കേറി നിന്നു.സ്കൂളില്‍ ഒന്നിച്ചു പഠിച്ച ഒരാള്‍ അങ്ങ് മുന്നില്‍ നില്‍ക്കുന്ന കാണാം.നമ്മുടെ നാട്ടുകാരന്‍ ഒരാള്‍ അപ്പൊ അതിലെ വന്നു.നിനക്കൊക്കെ വട്ടാണോഡാ.പോലീസി ചേരണമെങ്കില്‍ കേരളാ പോലീസില്‍ ആയിക്കൂടെ, ഡല്‍ഹി വരെ പോണോ എന്നും, ഡല്‍ഹി പോലീസില്‍ ചേര്‍ന്നാല്‍ ട്രാന്‍സ്ഫര്‍ ഒന്നും കിട്ടത്തില്ല ജീവിത കാലം മുഴുവന്‍ ഡല്‍ഹിയില്‍ തണുപ്പും കൊണ്ട് നിന്റെ ജീവിതം പോക്കാ എന്നും പറഞ്ഞു അയാള്‍ പോയി.ഞങ്ങള്‍ മനസ്സ് മടുത്തു തിരിച്ചുപോയി.
പിന്നീടറിഞ്ഞു സ്കൂള്‍ മേറ്റിനു ജോലി കിട്ടി എന്ന്. അവന്‍ അവധിക്കു വരുമ്പോള്‍ ആക്കി ഒരു ചോദ്യം ചോദിക്കും "എന്ത് ചെയ്യുന്നു " ? ഒന്നും ആയില്ല എന്നുപറയുമ്പോള്‍ ഒടുക്കത്തെ ഒരു അച്ഛാ അച്ഛാ വിളി.അവന്‍ സ്റ്റോറില്‍ ആണത്രേ. ഓരോ വെടിയുണ്ടക്കും കണ്ക്കുണ്ടെന്നു. ഈ പൊട്ടാത്ത വെടിയുണ്ടയും പൊട്ടിയ വെടിയുണ്ടയും ആയി എന്ത് വ്യത്യാസം ഉണ്ട്, പൊട്ടാത്തത് കാണാതെ പോയാല്‍ പകരം പൊട്ടിയത് വെച്ചാല്‍ പിടിക്കുമോ തുടങ്ങിയ സംശയങ്ങള്‍ എന്‍റെ മനസ്സില്‍ ഉദിച്ചു എങ്കിലും ഞാന്‍ ചോദിച്ചില്ല. വെറുതെ എന്തിനാ അവനു പുതിയ ഐഡിയ കൊടുക്കുന്നത് !
ഡിഗ്രി ആദ്യവര്‍ഷം അന്ന് ആദ്യത്തെ എയര്‍ ഫോഴ്സ് ശ്രമം.പത്രത്തില്‍ എയര്‍മാന്മാരെ എടുക്കുന്നു എന്ന് കണ്ടു.അപേക്ഷ വിട്ട അന്ന് മുതല്‍ സ്വപ്നം കാണാന്‍ തുടങ്ങി. സ്വപ്നത്തില്‍ എയര്‍ മാര്‍ഷലും എയര്‍ വൈസ് മാര്‍ഷലും ഒക്കെ ആയി.
ഒരു ദിവസം വൈകുന്നരം ക്ലാസ്സ് വിട്ടു വരുമ്പോള്‍ വീടിന്‍റെ മുന്‍പില്‍ ഒരു ആള്‍കൂട്ടം..ദൈവമേ,വയസ്സായ അമ്മൂമ്മക്ക് എന്തെങ്കിലും ? ചെന്നപോ വീടിനടുത്തുള്ള ഒരു ചേട്ടന്‍ ടെലഗ്രാം നീട്ടി.നിന്നെ എയര്‍ ഫോര്‍സില്‍ എടുത്തു എന്ന് പറഞ്ഞു.ദൈവമേ ഇത്ര പെട്ടെന്നൊ. വായിച്ചപ്പഴല്ലേ അറിയുന്നെ ടെസ്റ്റിനു ചെല്ലാനുള്ള അറിയിപ്പാ എന്ന്. എനിക്ക് മാത്രമല്ല അക്കരെ ഉള്ള സാബുവിനേം എടുത്തു എന്ന് ചേട്ടന്‍ പറഞ്ഞു . കടത്തും കടന്നു ഞാന്‍ സാബുവിന്റെ വീട്ടില്‍ പോയി. അവിടെ ചെന്നപോ സാബു നാലുമണിയുടെ വണ്ടിക്കു കൊച്ചിക്ക് പോയി എന്ന് അവന്റെ അമ്മ പറഞ്ഞു. അവനു പിറ്റേന് കാലത്തെ ആറു മണിക്കാ ടെസ്റ്റ്. എനിക്ക് അതിന്റെ അടുത്ത ദിവസം ആറുമണിക്ക്.പിറ്റേന്ന് വൈകുന്നേരം ഞാന്‍ ബസ് സ്റ്റോപ്പില്‍ നില്കുമ്പോള്‍ സാബു എറണാകുളത്തുന്നു പരിപ്പിളകി വരുന്നു. അവനു തൂക്കം കുറവാണെന്ന്. അടുത്ത തവണ വരാന്‍ പറഞ്ഞു എന്ന് .പിന്നെ അവന്‍ പറഞ്ഞു ഇപ്പൊ എയര്‍മാന്‍ നോണ്‍ ടെക്നിക്കല്‍ ആണ് വിളിച്ചിരിക്കുന്നത്. അടുത്തതാ ടെക്നിക്കല്‍ .കിട്ടാഞ്ഞതു നന്നായി എന്ന്. ഇനി നീ അങ്ങനെ ഓര്‍ത്തു സമാധാനിച്ചോ എന്ന് പറഞ്ഞു ഞാന്‍ ചെറുതായിട്ട് ഒന്ന് താങ്ങി.എന്നാ നീ പോയി ബൌണ്‍സ് ചെയ്തു വാടെ,ഞാന്‍ ഇവിടെ ഒക്കെ തന്നെ കാണും എന്ന് നടക്കാന്‍ മേലാത്ത അവസ്ഥയിലും അവന്‍ അനുഗ്രഹിച്ചു. ഞാന്‍ എന്റെ ദേഹതെക്കൊന്നു നോക്കി.എല്ലൊക്കെ എണ്ണി എടുക്കാന്‍ രണ്ടു കൈയിലെ വിരല്‍ തികയില്ല.എനിക്ക് പണി കിട്ടി എന്ന് നാട് മുഴുവന്‍ ഫ്ലാഷായി. എന്തായാലും പോയേക്കാം .
കൊച്ചിയില്‍ പനമ്പിള്ളി നഗറിലായിരുന്നു ടെസ്റ്റ്. അവിടെ ചെന്നപോള്‍ കുറെ പേര്‍ കാലത്തെ മുതല്‍ തന്നെ തലകുത്തി നിന്ന് പഠിക്കുന്നു. ഒരു ഹിന്ദിക്കാരന്‍ വന്നിട്ട് ഹിന്ദിയില്‍ എന്തോ പറഞ്ഞു. ഞാന്‍ പിന്നെ ഹിന്ദിയുമായി പണ്ടേ മുന്നാള്‍ ആയ കൊണ്ട് എല്ലാം നന്നായി പിടികിട്ടി.പണി എങ്ങാനും കിട്ടിയാല്‍ ഇവന്റെ അടുത്തൊക്കെ എങ്ങനെ പിടിച്ചു നില്‍ക്കും എന്നാ ആദ്യം ഓര്‍ത്തത്.നമ്മുക്ക് ആകെ അറിയാവുന്നത്, കിത്നെ ആദ്മി ഥെ..തീന്‍ ആദ്മി..കിത്നെ ഗോലി ഥെ തീന്‍ ഗോലി..ഇതേ മാതിരി ഹിന്ദി പടത്തില്‍ പറയുന്ന ഹിന്ദി അല്ലെ. എട്ടാം ക്ലാസ്സില്‍ ബെച്ചപ്പന്‍ എന്ന് വട്ടപ്പേര്‍ ഉള്ള ഹിന്ദി മാഷുമായി എന്നും ഗോല്‍താ ആരുന്നു.അങ്ങേരുടെ പ്രാക്ക് ആയിരിക്കും എന്നോര്‍ത്ത് സമാധാനിച്ചു. ഒരു വിധത്തില്‍ ടെസ്റ്റ് ഒക്കെ ജയിച്ചു. പിന്നെ തൂക്കം നോക്കിയപ്പോ ഓക്കേ. ചെവിയില്‍ എന്തോ കോലിട്ട് നോക്കി.അതും ഓക്കേ.അടുത്തത് നെഞ്ചിന്റെ അളവ് നോക്കിയപ്പോഴല്ലേ എയര്‍മാന്‍ ആവാന്‍ ഇത്രേം എയര്‍ പോര എന്ന് മനസ്സിലായത്. അവസാനം ഷേനായീസില്‍ കയറി ഒരു പടോം കണ്ട് വൈകുന്നേരത്തെ പാസെന്‍ജെറില്‍ കയറി പാതിരാ ആയപ്പോ വീട്ടിലെത്തി. രണ്ടു ദിവസം വീട്ടീന്ന് ഇറങ്ങിയില്ല.മുടിഞ്ഞ നാടുകാര്‍ക്കെല്ലാം പണി കിട്ടാഞ്ഞതു എന്താ എന്നറിയണം.സാബു വീട്ടില്‍ വന്നു.പണി കിട്ടിയില്ല എന്നറിഞ്ഞപോ അവനു സമാധാനം ആയി.കൂട്ടുണ്ടല്ലോ എന്ന് പറഞ്ഞു.
ആറുമാസം കഴിഞ്ഞു വീണ്ടും പഴയ പരിപാടി.രണ്ടു മൂന്ന് ദിവസമായി ടെസ്റ്റും മെഡിക്കലും. ഒരു വിധത്തില്‍ വെയിറ്റിംഗ് ലിസ്റ്റ് വരെ എത്തി.ഈ തവണ ഹിന്ദിക്കാരുടെ കൂടെ ഒരു മലയാളി ഉണ്ടായിരുന്നു. ഹിന്ദിക്കാര്‍ അയാളെ കെ പി, കെ പി എന്ന് എന്തിനും ഏതിനും വിളിക്കും. മനോരമ ജംക്ഷനില്‍ നിന്നും പനംപള്ളി നഗറിലുള്ള എയര്‍ ഫോഴ്സ് ഓഫീസില്‍ വരെ കെ.പി നടന്നാ വരുന്നേ എന്ന് അവിടെ പരിചയപ്പെട്ട റഷീദ് പറഞ്ഞു.കാശു കൊടുത്താ ശരിയാക്കാമോ എന്ന് ചോദിക്കാം എന്ന് അവന്‍ പറഞ്ഞു.കാശു മേടിചോണ്ടാ ഇവരൊക്കെ പരിപാടി നടത്തുന്നെ, കൊടുക്കാത്തവരെ ഒക്കെ വെയിടിങ്ങില്‍ ഇടും എന്ന് ആരോ പറഞ്ഞത്രേ. ഞങ്ങള്‍ രണ്ടും കൂടി കെ പി ഓഫീസടച്ചു ഇറങ്ങുമ്പോള്‍ പുറകെ കൂടി..ഇടയ്ക്കു കെ.പി തിരിഞ്ഞു നോക്കും. ഞങ്ങള്‍ പമ്മും അങ്ങനെ മനോരമയുടെ അടുത്ത് ചെന്നപോ കെ.പി നിന്നിട്ട് ചോദിച്ചു നിനക്കൊക്കെ എന്താടാ വേണ്ടിയേ എന്ന്.ചേട്ടാ സാറേ എന്നൊക്കെ വിളിച്ചു റഷീദ് ഏതാണ്ടൊക്കെ ചോദിക്കുന്നതും കെ. പി. അടിക്കാന്‍ കൈ ഓങ്ങിയതും ഒക്കെ കുറച്ചു ദൂരെ നിന്നാ ഞാന്‍ കണ്ടത്.
എന്തായാലും ആ തവണ സാബു എയര്‍മാന്‍ ആയി. വര്‍ഷത്തില്‍ ഒരിക്കല്‍ വരും.ജോലി എങ്ങനെ എന്ന് ചോദിച്ചപ്പോ ഭയങ്കര മജാ ആണെന്ന് പറഞ്ഞു. അത്ര ബുധിമുട്ടാനെകില്‍ നീ തിരിച്ചു പോരെടാ എന്ന് പറഞ്ഞപോള്‍ ഓ നിനക്ക് എന്നെപോലെ ഹിന്ദി അറിയില്ലല്ലോ എന്ന് അവന്‍ പറഞ്ഞു. അവന്‍ നാട്ടില്‍ കൂടി കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ച് നടക്കും.നിനക്കെന്താടാ ചെന്കണ്ണ് ആണോ ഞാന്‍ ചോദിച്ചു. ഗ്ലാസ് ഇല്ലാതെ കണ്ണിനു ഭയങ്കര ചൊറിച്ചില്‍ ആണത്രേ.
അപോഴെക്കും ഡിഗ്രി കഴിഞ്ഞു .അടുത്ത ടെസ്റ്റ് ഹവില്‍ദാര്‍ ക്ലാര്‍ക്ക് ആയിരുന്നു.അപ്പോഴേക്കും പൊക്കം കുറെ കൂടി കൂടിയത് കൊണ്ട് ആനുപാതികമായി തൂക്കം വേണ്ടിവരും എന്ന് പറഞ്ഞു ലോഡ്ജില്‍ വെച്ച് പാളയങ്കോടന്‍ പഴവും കുറെ വെള്ളവും കാലത്തെ തന്നെ കേറ്റി. പാങ്ങോട് പോയി, ജട്ടിയും ഒക്കെ ഇട്ടോണ്ട് അവിടുത്തെ ചരലില്‍ വളരെ ബുദ്ധിമുട്ടി ആണിരുന്നത്. ഫിസിക്കല്‍ എല്ലാം ശരിയായി. മെഡിക്കല്‍ ടെസ്റ്റ് ആരുന്നു കടുപ്പം. ഒരു ഇരുപതു പേരെ വീതം രണ്ടു വരിയായിട്ടു നിര്‍ത്തും. എന്നിട്ട് ജെട്ടി താഴ്ത്താന്‍ പറയും. ഒരു അമ്മാവന്‍ കൈയില്‍ ഉറ ഒക്കെ ഇട്ടു മുന്നില്‍ വന്നു നിന്നിട്ട് അടിസ്ഥാനവര്‍ഗങ്ങളെ പിടിച്ചു തല വശത്തേക്ക് തിരിച്ചു രണ്ടു തവണ ചുമക്കാന്‍ പറയും.ഇത് എന്ത് ടെസ്റ്റ് എന്ന് ദൈവത്തിനാണെ ഇന്നേ വരെ അറിയത്തില്ല. എല്ലാവരും നിന്ന് ചിരി തന്നെ. അത് കാണുമ്പോള്‍ അമ്മാവന് കലി കയറും.പിന്നേം ഒടുക്കത്തെ ഹിന്ദി. ഇവറ്റ ക്കൊക്കെ മര്യാദക്ക് വല്ല മലയാളോം പറഞ്ഞു കൂടെ. അവസാനം എല്ലാം കഴിഞ്ഞു ടെസ്റ്റ് എഴുതിയപ്പോള്‍ ലിസ്റ്റില്‍ പേരില്ല.അവിടെ കറങ്ങി നടന്നിരുന്ന ഒരു കപ്പടാ മീശക്കാരന്‍ എക്സ് മിലിട്ടറി പറഞ്ഞു ഒരു 30 വീശു മോനെ നമ്മക്ക് ശരിയാക്കാം എന്ന്. ഞാന്‍ പറഞ്ഞു ചേട്ടാ, മുപ്പതു കൊണ്ട് എന്താവാനാ, 60 അല്ലെ ലാര്‍ജ് എന്ന്. കപ്പടാ ഹിന്ദിയില്‍ എന്താണ്ടൊരു മുട്ടന്‍ തെറി പറഞ്ഞു സ്ഥലം വിട്ടു. രണ്ടു ദിവസത്തേക്ക് ഭയങ്കര തൂറ്റല്‍ ആയിരുന്നു. പാളയങ്കോടന്‍ പഴവും വെള്ളവും. നല്ല കോമ്പിനേഷന്‍ !
പിന്നെ ആയിരുന്നു എന്‍ ഡി എ എക്സാം. അതെങ്ങാനും കിട്ടിയാല്‍ ഡയറക്റ്റ് ഓഫീസര്‍ ആകാം, പിന്നെ എന്ത് എയര്‍മാന്‍, എന്ത് ഹവില്‍ദാര്‍ ക്ലാര്‍ക്ക്. ചിലപോ ദൈവത്തിന്റെ ഒരു കളി ആയിരിക്കും, എല്ലാം അവസാന നിമിഷത്തില്‍ തട്ടിപോയത് എന്നൊക്കെ ഓര്‍ത്തു എക്സാം എഴുതി. അവര്‍ പക്ഷെ ഒരുപാട് മിടുക്കന്മാരെ മാത്രേ എടുക്കു എന്ന് ഒരു പഠിപ്പിസ്റ്റ് അന്ന് തന്നെ പറഞ്ഞു. പിന്നെ,ഒരുപാട് മിടുക്കന്‍ ആണെകില്‍ ഇങ്ങോട്ട് കെട്ടിയെടുക്കണോ എന്ന് ഞാന്‍ ഓര്‍ത്തു. എന്തായാലും, ഡി ഫെന്‍സ് അക്കാദമിക്ക് ഒരു തീരാ നഷ്ടം തന്നെ സംഭവിച്ചു.അവര്‍ക്ക് അതി ബുദ്ധിമാനായ ഒരുത്തനെ നഷ്ടപ്പെട്ടു..ആര്‍ക്കു പോയി.
അന്ന് കെട്ടുപോയ സൈനിക സ്വപ്നങ്ങള്‍ക്ക് വീണ്ടും മുളച്ചത് കഴിഞ്ഞ വര്‍ഷമാണ്. നമ്മുടെ ലാലേട്ടനെ ടെറിട്ടോറിയാല്‍ ആര്‍മിയില്‍ എടുത്തപ്പോള്‍ .പ്രായത്തില്‍ ഞാന്‍ അല്പം പിന്നിലെങ്കിലും മറ്റൊരു കാര്യത്തില്‍ ഞങ്ങള്‍ കട്ടക്ക് നില്‍ക്കും. അതെ അത് തന്നെ.പ്രവാസി ഒന്നും കഴിച്ചില്ലെങ്കിലും അതുണ്ടാവുമല്ലോ!
ആര്‍ക്കറിയാം ..ഈ വൈകിയ വേളയില്‍ ഇനി അത് നടക്കുമോ എന്ന് !
ചിത്രം: കടപ്പാട് ഗൂഗിള്‍
46 അഭിപ്രായ(ങ്ങള്‍):
സുഹൃത്തുക്കളെ...അല്പം നീണ്ടു പോയി..മുഴുവന്‍ പറയണ്ടേ !..സദയം ക്ഷമിക്കുമല്ലോ.
രസികന്‍ പോസ്റ്റ്.
എന്തായാലും, ഡിഫെന്‍സ് അക്കാദമിക്ക് ഒരു തീരാ നഷ്ടം തന്നെ സംഭവിച്ചു.
:) :D
-----
സ്വന്തം ശരീരത്തെപ്പറ്റി നല്ല മതിപ്പായിരുന്ന കാരണം മിലിറ്ററി റിക്രൂട്ട്‌മെന്റുകള്‍ക്കൊന്നും പോയിട്ടില്ല. ചെറുപ്പം മുതലേ കണ്ണടയും കൂടെയുണ്ട്.
സരസമായ എഴുത്ത്. വായിച്ചു തീര്‍ന്നതറിഞ്ഞില്ല..
പല സ്ഥലങ്ങളിലും വെച്ച് പൊട്ടിച്ചിരിച്ചു പോയി..
"നമ്മുക്ക് ആകെ അറിയാവുന്നത്, കിത്നെ ആദ്മി ഥെ..തീന്‍ ആദ്മി..കിത്നെ ഗോലി ഥെ തീന്‍ ഗോലി.."
ഇനിയും എഴുതണം ഇതുപോലുള്ളത്.
അഭിനന്ദനങ്ങള്‍..
എന്തെല്ലാം പരീക്ഷണങ്ങള്‍ .........
അവസാനം...... ആര്‍ക്കാ നഷ്ടം .... ???
കുറച്ചു നീണ്ടു പോയാലും പരാതിയില്ലട്ടോ ...
അത്രേം എക്സാം എഴുതി കൂട്ടുന്ന പാടില്ലല്ലോ
അത് വായിക്കാന്‍ .... :)
നന്നായിരുന്നു .....
നന്നായിട്ടെഴുതി.
വായിക്കാന്‍ നല്ല രസം
ചുവന്ന ടയ്യും കെട്ടി നിക്കുന്ന 'വില്ലേജ് മാനെ'... ഇഷ്ടമായി..നല്ല രസമായി എഴുതി...അവസാനം പറഞ്ഞ ആ 'ഇത്' വെച്ച് ടെറിറ്റൊറിയല്‍ ആര്‍മിയില്‍ എടുക്കാന്‍ പോയാല്‍ കംപ്ലീറ്റ് പ്രവാസികളെയും എടുക്കേണ്ടി വരും....
ആശംസകള്‍
Chetta Superrrrrrrrrrrrrrr..........!!! Iniyum ezhuthaneeeeeeee...!!!
നമ്മുടെ രാജ്യം രക്ഷപെട്ടു
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍
അവസാനത്തെ ആ ഇത് എന്താ ? കുടവയര്‍ ആണോ ? ഞാന്‍ അല്പം ബുദ്ധി കുറഞ്ഞ ആളാണേ അതോണ്ട് ചോദിച്ചതാ ..:)
നല്ല രസകരമായി എഴുതീട്ടോ ...
തകര്‍പ്പന്‍ പോസ്റ്റ് ....മറന്നു പോയ പഴയ സ്വപ്‌നങ്ങള്‍ ദേ പിന്നേം.....
sasi,
valare nalla post....
rasakaramayi thanne ezhuthiyirikkunnu....
abinandangal.....
iniyum ezhuthu
puthiya postukalkkayi kathirikkunnu
jokos
ഹ ഹ ഹ ... പട്ടാളക്കാരന്‍ ആകാന്‍ എന്തൊക്കെ സഹിക്കണം... ല്ലേ? രസായി.
ഹഹ്ഹാ..നന്നായി ചിരിച്ചു...
നീണ്ടു പോയി എന്നു തോന്നിയില്ല...
നല്ല രസായിട്ട് വായിച്ചു...
വളരെ നന്നായിരിക്കുന്നു... നമ്മുടെ തലമുറ കഴിഞ്ഞാല്‍ പിന്നെ ഇത്തരം കഥകള്‍ പുസ്തകത്തില്‍ മാത്രേ കാണു.. ഇനിയും ഇനിയും കൂടുതല്‍ കഥകള്‍ പ്രതീക്ഷിച്ചു കൊണ്ട്... അഭിനന്ദനങ്ങള്‍
മാഷേ...നന്നായി
എന്തൊക്കെ പരീക്ഷണങ്ങള്..വളരെ രസമായി വായിച്ചു.
ആശംസകള്‍.
ഹാ, നേവിയിലെ കാലം ഓര്‍മ്മ വന്നു. ജട്ടിയൂരിയതും ജോര്‍ സെ ഖോലോ എന്ന് പറഞ്ഞപ്പോള്‍ ചുമയ്ക്കാതിരുന്നതിന് ഡോക്ടര്‍ ചീത്തവിളിച്ചതുമൊക്കെ. അത് പിന്നേം സഹിക്കാം. സിംഗപ്പൂരിലെ മെഡിക്കല്‍ ടെസ്റ്റ് ചെയ്ത ഡോക്ടര്‍ ഒരു ഷി ആയിരുന്നു. അവിടെയും തുറന്ന് കാണിക്കേണ്ടിവന്നൂന്ന് പറഞ്ഞാല്‍ മതിയല്ലോ.
നല്ല അടിപൊളി പോസ്റ്റ്.നല്ല രസമുള്ള വായന.
നന്ദി നന്ദു..ഇതിലെ ഉള്ള ഈ വരവിനു..
നന്ദി മേയ്ഫ്ലവര്‍ ..ചിരിപ്പിച്ചു എന്നരിനത്തില്‍ സന്തോഷമുണ്ട്..അന്നൊന്നും അതൊരു ചിരിക്കു വക ഉള്ള കാര്യങ്ങള്‍ ആയിരുന്നില്ലെങ്കിലും..
നന്ദി ലിപി..അല്പം നീണ്ടാതിനാല്‍ വായനക്കാര്‍ എങ്ങനെ എടുക്കും എന്നതിനെ കുറിച്ച് ഒരു പേടി ഉണ്ടായിരുന്നു..ഇപ്പൊ അത് മാറി !
നന്ദി ഹാഷിം..ഈ വരവിനും അഭിപ്രായത്തിനും
നന്ദി ഹാഷിക്
നന്ദി മുല്ല
നന്ദി പ്രമോദ്
നന്ദി ഫെനില്‍...എനിക്കും അങ്ങനെ തോന്നാതിരുന്നില്ല..
നന്ദി രമേഷ്ജി..ബുദ്ധി അല്പം കുറഞ്ഞിരിക്കുന്നതാണ് കുടവയര്‍ ഉള്ളതിനേക്കാള്‍ നല്ലത്..ഹി ഹി
നന്ദി മനാസ്..ഈ അഭിപ്രായത്തിന്
നന്ദി ജോകോസ്
നന്ദി ആളവന്താന്‍..പരീക്ഷണങ്ങള്‍ മാത്രമേ ജീവിതത്തില്‍ ഉണ്ടായിരുന്നുള്ളൂ ഇതൊക്കെ എന്ത് പരീക്ഷണം !
നന്ദി റിയാസ് ഭായ് ..
നന്ദി കൈതാരന്‍...ഈ വഴി വീണ്ടും വന്നതിനു..
നന്ദി നികു കേച്ചേരി..വീണ്ടും വന്നതിനും അഭിപ്രായം പറയാന്‍ കാണിച്ച സന്മനസ്സിനും..
നന്ദി രാംജി ഭായ്..
നന്ദി അജിത് ഭായ്..അപ്പൊ ഇതേപോലുള്ള അനുഭവങ്ങള്‍ ഉണ്ടല്ലേ...പോസ്റ്റ് ആക്കു!
നന്ദി മൊയ്ദീന്‍..ഈ വരവിനും അഭിപ്രായത്തിനും..
ഇന്ന് ഇതുവഴി വന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി !
എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു സ്വപ്നം....മോഹന്‍ലാലിന്റെ ഒരു പടത്തില്‍ (പേര് മറന്നു) മേജര്‍ മോഹന്‍ലാല്‍ ശ്രീരാമന്റെ പോലീസിനോട് "ഞാന്‍ യൂണിഫോമില്‍ വന്നിരുന്നു എങ്കില്‍ നീ ഇപ്പോ എന്നെ സല്യൂട്ടടിച്ചേനെ" എന്ന ഡയലോഗാണ് എന്നെ അതിനു പ്രചോദിപ്പിച്ചത്....എഞ്ചിനീയറിംഗ് കഴിഞ്ഞിരിക്കുന്ന സമയത്ത് മൈസൂരു പോയി അഞ്ചു ദിവസത്തെ SSBയും അറ്റന്‍ഡ് ചെയ്തു....പക്ഷെ അവര്‍ക്ക് ഭാഗ്യമില്ലാതെ പോയി!!!
തീര്‍ച്ചയായും ഇതൊരു വലിയ നഷ്ട്ടം തന്നെ...!!!
അനുഭവത്തിലൂടെ കടന്നുപോയ നല്ലൊരു പോസ്റ്റ്. വളരെ രസകരമായി അവതരിപ്പിച്ചു.
എൻ.സി.സിയും,ഡിപ്ലോമയുമ്മൊക്കെയുള്ളകാരണം പണ്ട് ബാംഗ്ലൂരിൽ വെച്ച് എനിക്ക് എയർഫോഴ്സിന്റെ എഞ്ചിയാറിങ്ങ് ഡിവിഷനിൽ സെലകഷൻ കിട്ടിയതാണ്...!
വീട്ടുകാർ വിട്ടില്ല..
അതുകൊണ്ടെന്തായി പട്ടാളം രക്ഷപ്പെട്ടു...!
വളരെ മനോഹരമായി പട്ടുപോലുള്ള പട്ടാള പരീക്ഷണ പരീക്ഷകളീലൂടെയുള്ള പഴയ താളുകൾ പുളകം കൊള്ളിക്കുന്ന രീതിയിൽ തന്നെ എഴുതിപിടിപ്പിച്ചതിൽ അഭിനന്ദനം കേട്ടൊ ഭായ്
നല്ല പോസ്റ്റ്. നന്നായി ആസ്വദിച്ചു
അവരുടെ നഷ്ടം ബ്ലോഗിനു നേട്ടമായി. മടുപ്പിച്ചതേയില്ല,വായിച്ചു ചിരിച്ചു.
അവരുടെ നഷ്ടം ബ്ലോഗിനു നേട്ടമായി. മടുപ്പിച്ചതേയില്ല,വായിച്ചു ചിരിച്ചു.
:)
അവതരണം രസകരായിരിയ്ക്കുണൂ...അഭിനന്ദനങ്ങല്‍.
നന്ദി..ചാണ്ടി കുഞ്ഞു..നമുക്ക് പരിഹാരം ഉണ്ടാക്കാന്നെ..അതിനല്ലേ നമ്മടെ ലാലേട്ടന്റെ ആര്‍മി. !
നന്ദി ഷമീര്‍
നന്ദി മുരളീ ഭായ്..ഇപ്പോഴും ഉണ്ടോ ആ മോഹം ? ബിലാതിയില്‍ നിന്നും തിരിച്ചു വന്നിട്ട് ഒരു കൈ നോക്കിയാലോ ?
നന്ദി..സലാം ഭായ്..
നന്ദി..ശ്രീ..ബ്ലോഗിന് നേട്ടമായോ..പറയാറായിട്ടില്ല കേട്ടോ..വിഷയങ്ങല്‍ക്കൊക്കെ എന്താ ദാരിദ്ര്യം !
നന്ദി..പ്രയാന്‍
നന്ദി..വര്‍ഷിണി..
pattalathil chernnale vedi vekkan patoo ennonnum niyamamillallo ale?
മാഷേ,
ചിരിക്കാൻ തോന്നിയില്ല. കാരണം, ഞമ്മളും പലേടത്തും കോലംകെട്ടി നിന്നതാ. ചങ്കു പൊടിഞ്ഞത് നമുക്കല്ലേ അറിയാവൂ!! എങ്കിലും..... അഭിനന്ദനങ്ങൾ..!!
അനുഭവങ്ങള്‍ രസകരമായി.
നീളക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്നതേയില്ല മാഷേ. രസകരമായി വായിച്ചു. മാത്രമല്ല, പലതും ഓര്‍മ്മിപ്പിയ്ക്കുകയും ചെയ്തു.
പണ്ട് പ്രീഡിഗ്രി സമയത്ത് എങ്ങനെയെങ്കിലും മിലിട്ടറിയില്‍ ചേര്‍ന്ന് നാടിനെ സേവിയ്ക്കണം എന്നും പറഞ്ഞ് കുറേ നാള്‍ നടന്നതാണേ... :)
നന്ദി സുലേഖ..
നന്ദി വെഞ്ഞാരന്‍
നന്ദി ജ്യോ..
നന്ദി ശ്രീ
ഈ വരവിനും അഭിപ്രായങ്ങള്‍ക്കും..
vallathe rasichu ketto.... aashamsakal.....
'കെ.ആര്‍.നാരായണനെ രാഷ്ട്രപതിയാക്കിയത് തിരുവിതാംകൂര്‍ മഹാരാജാവ്' എന്ന തലക്കെട്ടിലൊരു ലേഖനം ഞാനെഴുതിയിരുന്നു. തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ നിന്നു ഇംഗ്‌ളീഷ് ബി.എ.ഓണേഴ്‌സ് ബിരുദം ഒന്നാം റാങ്കോടെ ജയിക്കുന്ന ആളെ അവിടെ അദ്ധ്യാപകനാക്കുക എന്നൊരു കീഴ്‌വക്കം ഉണ്ടായിരുന്നു. എന്നാല്‍ കെ.ആര്‍.നാരായണന്റെ അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ നിറം വേറെ ആയതിനാല്‍ തിരുവിതാംകൂര്‍ മഹാരാജാവ് കെ.ആര്‍.നാരായണന് അദ്ധ്യാപക ജോലി നല്‍കിയില്ല. അന്ന് തിരിച്ചായിരുന്നു സംഭവിച്ചിരുന്നതെങ്കില്‍ നമുക്ക് നല്ലൊരു രാഷ്ട്രപതിയെ കിട്ടുമായിരുന്നില്ല.
ഇതു പോലെ, 'വില്ലേജ്മാനെ ബ്‌ളോഗറാക്കിയത് അടിസ്ഥാനവര്‍ഗ്ഗ പരിശോധകനായ ഉറയമ്മാവന്‍'എന്നു ഞാന്‍ പറയും. ആ ഉറയമ്മാവന്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നെങ്കില്‍ ബ്‌ളോഗുലകത്തിന് നല്ലൊരു ബ്‌ളോഗറെ കിട്ടുമായിരുന്നില്ല. രസകരമായി എഴുതിയിട്ടുണ്ട്. വായിക്കാനല്ല നല്ലപോലെ എഴുതാനും അറിയും വില്ലേജ്മാന്. ആശംസകള്‍!
കഥകള്‍ വായിച്ച് നല്ല അഭിപ്രായം പറഞ്ഞു. ലേഖനങ്ങള്‍ വായിച്ചാല്‍ ഒരുപക്ഷേ ചൂടായേക്കാം!
അയ്യോ ചേട്ടായി ഞാൻ എഴുതാൻ വച്ചിരുന്ന കഥയുടെ അതെ പാറ്റേൺ ആണല്ലൊ? പകുതി എഴുതിയും കഴിഞ്ഞൂ..ഹി ..ഹി..
കൊള്ളാം മാഷെ !
അനുഭവങ്ങള്‍ രസകരമായി എഴുതി .
നന്മകള്‍
..
നന്ദി ..ജയരാജ്
നന്ദി..ശങ്കര്‍ജി...ആദ്യമായുള്ള ഈ വരവിനും വിലയേറിയ അഭിപ്രായത്തിനും. കാര്യം കെ ആര്‍. എന്റെ ജില്ലക്കരനെകിലും ഈ കഥ ആദ്യമാ കേള്‍ക്കുന്നേ കേട്ടോ.
നന്ദി..അനിയന്‍...ഒരേപോലെ ഉള്ള ഏഴുപേര്‍ ഈ ലോകത്തുണ്ട് എന്ന് കേട്ടിട്ടുണ്ട്..അതുപോലെ ഒരേപോലെ ചിന്തിക്കുന്നവരും ഉണ്ടാവും..ഹി ഹി..എന്തയാലും എഴുതിയത് നിര്‍ത്തണ്ട...മുഴുവനാക്കു.. അതും വായിച്ചു ചിരിക്കട്ടെ പൊതുജനം !
നന്ദി ഗോപന്‍..ആദ്യമായുള്ള ഈ സന്ദര്‍ശനന്തും അഭിപ്രായത്തിനും...വീണ്ടും വരുമല്ലോ..
ഹ ഹ വായിക്കാന്‍ രസമുള്ള എഴുത്ത്...
വായിക്കാന്‍ താമസിച്ചതിനു ക്ഷമാപണം...
ഇനിയും വരാം
സസ്നേഹം
രഘുനാഥന്‍
നന്നായിട്ടുണ്ട്.... ഇനിയും ഇത് പോലെത്തെ പ്രധീക്ഷിക്കുന്നു
enikku ee avatharana style nanne eshtamayi....Eppozho orikkal vazhithetti vannu kayariyathanu ee blogil.. pinne athoru pathivu vazhiyayi..Best wishes!
പ്രതീക്ഷ കൈവിടേണ്ട . ഇനി ഈ വൈകിയ വേളയില്‍ എങ്ങാനും സൈനിക ഓഫീസര്‍ ആയാലോ :) .
സംഗതി കൊള്ളാം, പക്ഷെ നേവി കൂടി ഒന്ന് ശ്രമിക്കാമായിരുന്നു, സത്യത്തില്‍ താടിയും മീശയും വളര്‍ത്താന്‍ ഒരു തടസ്സവുമില്ലാത്ത സ്ഥലമാണ് നേവി. ആര്‍മിയില്‍ പോലും താടി വെക്കണമെങ്കില്‍ വല്യ പാടാ, അല്ലെങ്കില്‍ പിന്നെ സര്‍ദാര്‍ ആകണം!
ജെട്ടി താഴ്ത്താന്‍ പറയും. ഒരു അമ്മാവന്‍ കൈയില്‍ ഉറ ഒക്കെ ഇട്ടു മുന്നില്‍ വന്നു നിന്നിട്ട് അടിസ്ഥാനവര്‍ഗങ്ങളെ പിടിച്ചു തല വശത്തേക്ക് തിരിച്ചു രണ്ടു തവണ ചുമക്കാന്‍ പറയും.ഇത് എന്ത് ടെസ്റ്റ് എന്ന് ദൈവത്തിനാണെ ഇന്നേ വരെ അറിയത്തില്ല
പാളയങ്കോടന്‍ പഴവും വെള്ളവും കുടിച്ചിട്ടും രക്ഷപ്പെട്ടില്ല അല്ലെ..അവർക്ക് ബുദ്ധിമാനായ ഒരാളെ നഷ്ടമായി അല്ലാതെ നമുക്കെന്ത്... രാവിലെത്തന്നെ മനുഷ്യനെ ചിരിപ്പിക്കാനായിട്ടു..അറിയാതെ പൊട്ടിച്ചിരിച്ചു പോയി..
Post a Comment