Oct 6, 2011

പാണ്ടിച്ചിയുടെ പല്ലിമിട്ടായികള്‍

ഈ അവധിക്കാലത്ത്‌നാട്ടിലെത്തിയപ്പോള്‍, തൊടിയില്‍ നിന്നും പഴയ സാധനങ്ങള്‍ പെറുക്കാന്‍ വന്നവരെ കണ്ടപ്പോഴാണ് പാണ്ടിച്ചിയെപ്പറ്റി വീണ്ടും ഓര്‍മ്മ വന്നത്.കൃത്യമായി മാസത്തില്‍ രണ്ടുതവണ വരാറുണ്ടായിരുന്ന തമിഴത്തി ആയിരുന്നു പാണ്ടിച്ചി എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന രാക്കമ്മ. കുട്ടികളായ ഞങ്ങള്‍ വിളിച്ചു വിളിച്ചു എല്ലാവര്ക്കും രാക്കമ്മ, പാണ്ടിച്ചി ആയി. കൈയില്‍ ചതുരാകൃതിയില്‍ ഉള്ള ഒരു ഓലകൊണ്ട് മെടഞ്ഞ വട്ടിയും, തോളില്‍ തുണിയുടെ ഒരു ഭാണ്ടക്കെട്ടും ആയി അവര്‍ വരും. ഒരു കാലിനു എന്തോ കുഴപ്പം ഉണ്ടായിരുന്നതുകൊണ്ടാവണം, ചട്ടി ചട്ടി ആയിരുന്നു അവര്‍ നടന്നിരുന്നത് മിക്കവാറും പത്തുമണിയോടെ ആയിരുന്നു പാണ്ടിച്ചി ഞങ്ങളുടെ വീട്ടില്‍ എത്തുക.ഭര്‍ത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീ ആയിരുന്നു പാണ്ടിച്ചി. സ്വന്തക്കാരോ ബന്ധക്കാരോ അവര്‍ക്ക് ഉണ്ടായിരുന്നില്ല. വീടുകളില്‍ നിന്നും കിട്ടുന്നത് കഴിച്ചു,പലര്‍ കൊടുക്കുന്ന വസ്ത്രങ്ങള്‍ ഉടുത്തു നാടോടിയായി നടക്കുന്ന ഒരു സ്ത്രീ. കൊടുക്കുന്നത് വാങ്ങും. ഒന്നും ചോദിക്കില്ല, ഒരു പരാതിയും ഇല്ലാത്ത എല്ലാവരെയും അയ്യാ എന്നും, അമ്മാ എന്നും മാത്രം വിളിക്കുന്ന ഒരു പാവം .


പാണ്ടിച്ചിയെ ഞങ്ങള്‍ കുട്ടികള്‍ക്ക് വളരെ ഇഷ്ട്ടമായിരുന്നു. കാരണം വരുമ്പോള്‍ എല്ലാം അവര്‍ പല്ലി മിട്ടായികള്‍ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ചെറിയ മിട്ടായികള്‍ തരും. വീട്ടുകാര്‍ ആരും കാണാതെ ഞങ്ങള്‍ അത് ശാപ്പിടും. പാണ്ടിച്ചി വല്ല വീട്ടില്‍ നിന്നും കൊണ്ട് തരുന്നതാ, എന്തിനാ അതൊക്കെ മേടിക്കണേ എന്ന് അമ്മ ചോദിക്കും.

അച്ഛന്റെ ജോലി സ്ഥലത്തേക്ക് ഞങ്ങള്‍ താമസം മാറ്റുന്ന ദിവസമായിരുന്നു പാണ്ടിച്ചി അന്നൊരുനാള്‍ വന്നത്. കൂട്ടുകാരെയും ബന്ധുക്കാരെയും വിട്ടു പോകുന്നതിന്റെ സങ്കടത്തില്‍ ആയിരുന്നു ഞാന്‍. അതുകൊണ്ട് തന്നെ പല്ലി മിട്ടായികള്‍ അന്നെന്നെ സന്തോഷിപ്പിച്ചില്ല. സാധനങ്ങള്‍ എല്ലാം ഒരു ചെറിയ ലോറിയില്‍ കയറ്റി, ഒരു ജീപ്പില്‍ ആയിരുന്നു ഞങ്ങള്‍ പാമ്പാടി എന്നാ സ്ഥലത്തേക്ക് പോയത്. അച്ഛന്റെ കൂട്ടുകാരനായ കുട്ടിച്ചേട്ടന്‍ ആയിരുന്നു സഹായത്തിനു. കുട്ടിച്ചേട്ടന്‍ വെറുതെ ചോദിച്ചു." പാണ്ടിച്ചീ , നീ വരുന്നോ ?" ചോദിക്കേണ്ട താമസം, പാണ്ടിച്ചി ജീപ്പിനുള്ളില്‍ കയറി.

വാടക വീട്ടില്‍ സാധനങ്ങള്‍ അടുക്കാനും പെറുക്കാനും പാണ്ടിച്ചി കൂടി.അച്ഛനും, കുട്ടിച്ചേട്ടനും പുറത്തേക്കു പോയിരുന്നു.ഞങ്ങള്‍ അടുത്ത വീട്ടിലെ കുട്ടിയുമായി ചങ്ങാത്തം സ്ഥാപിച്ചു.എന്നെക്കാള്‍ ചെറിയ മണിക്കുട്ടന്‍.പാണ്ടിച്ചി തന്ന പല്ലിമിട്ടായി ഞാന്‍ മണിക്കുട്ടന് കൊടുത്തു. ആരാ പാണ്ടിച്ചി എന്ന മണിക്കുട്ടന്റെ ചോദ്യത്തിന് " അത് പാണ്ടിച്ചി" എന്നതില്‍ കൂടുതല്‍ എനിക്ക് പറയാന്‍ ഉണ്ടായിരുന്നില്ല.

വൈകുന്നേരമായിരുന്നു അപ്പോഴേക്കും.പുറത്തു പോയ അച്ഛനും,കുട്ടിച്ചേട്ടനും തിരിച്ചു വന്നു.അവരുടെ കണ്ണുകളും മുഖവും ചുവന്നു തുടുത്തിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായില്ല.വന്നയുടനെ ഒട്ടും മയമില്ലാതെ കുട്ടിച്ചേട്ടന്‍ ചോദിച്ചു," നിങ്ങള്‍ക്ക് പോകാറായില്ലേ തള്ളെ" എന്ന്."അയ്യാ, നീങ്ക താന്‍ എന്നെ ഇവിടെ കൊണ്ടു വന്താച്ച്, നാന്‍ എപ്പടി തിരുമ്പി പോറെന്‍ " എന്ന് പാണ്ടിച്ചി ചോദിച്ചു. കുട്ടി ചേട്ടന്‍ അവരെ പിടിച്ചു പുറത്താക്കി എന്നിട്ട് പറഞ്ഞു, തള്ളെ,എവിടെയെങ്കിലും പോ എന്ന്. എന്തൊക്കെയോ ശാപവാക്കുകളും കുട്ടിച്ചേട്ടന്‍ പറഞ്ഞു.

പാണ്ടിച്ചിയുടെ കണ്ണുകള്‍ നിറഞ്ഞു. അവര്‍ തിരിയെ വീടിന്റെ പിന്നില്‍ വന്നു. അമ്മയോട് വണ്ടിക്കൂലിക്കുള്ള പണം ചോദിച്ചു. അമ്മയുടെ കൈവശം പണം ഒന്നും ഉണ്ടായിരുന്നില്ല. വിഷു കൈനീട്ടം കിട്ടിയതില്‍ നിന്നും ഒരു വെള്ളി രൂപ കൊടുക്കാന്‍ അമ്മ എന്നോട് പറഞ്ഞു. ഞാന്‍ പൈസ കൊടുത്തില്ല. ഒരു ഒന്‍പതു വയസ്സുകാരന് പാണ്ടിച്ചിയുടെ അവസ്ഥ എങ്ങനെ മനസ്സിലാകാന്‍. അവരുടെ കൈയില്‍ തിരിയെ പോകാന്‍ ബസ് കൂലി ഇല്ലായിരുന്നു എന്ന് അമ്മ പിന്നീട് പറഞ്ഞു. ബസ് കൂലി ഇല്ലാതെ ബസില്‍ കയറാന്‍ പറ്റില്ല എന്ന് എനിക്ക് അന്നറിയില്ലായിരുന്നു.

പാണ്ടിച്ചി പിന്നീട് പാമ്പാടിയിലെ ആ വീട്ടില്‍ വന്നില്ല. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ ഇടുക്കി ജില്ലയിലെ കുളമാവ് എന്ന സ്ഥലത്തേക്ക് മാറി. വളരെ അവിചാരിതമായി ഒരു ദിവസം പാണ്ടിച്ചി ഞങ്ങളെ തേടി അവിടെ എത്തി. പതിവുപോലെ മിട്ടയികലുമായി.പല്ലി മിട്ടായികളല്ല,മഞ്ഞ നിറത്തില്‍ നാരങ്ങ അല്ലികളുടെ രൂപത്തില്‍ നാല് മിട്ടായികള്‍ .

പാണ്ടിച്ചിയെ സ്വീകരിക്കാനുള്ള ചുറ്റുപാടില്‍ ആയിരുന്നില്ല ഞങ്ങള്‍ . ഞങ്ങളുടെ ഏക സ്വത്തായ പശു ,മേയാന്‍ വിട്ടിരുന്ന സ്ഥലത്ത് എന്തോ വിഷം തീണ്ടി ചത്തു കിടന്നതറിഞ്ഞ വിഷമത്തില്‍ ആയിരുന്നു അമ്മയും ഞങ്ങളും. ഊണുമേശയില്‍ തലചെരിച്ചിരുന്നു കരയുകയായിരുന്നു അമ്മ.

മൂന്നു വര്‍ഷം എന്നില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയിരുന്നു. കലത്തില്‍ ഉണ്ടായിരുന്ന ചോറ് ആരും പറയാതെ തന്നെ ഞാന്‍ പാണ്ടിച്ചിക്ക് കൊടുത്തു. പോകാന്‍ നേരം ഒരു വെള്ളിരൂപ കൊടുക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും, അത് എന്റെ കൈയിലോ അമ്മയുടെ കൈവശമോ ഉണ്ടായിരുന്നില്ല."പണമൊന്നും കൊടുത്തില്ലല്ലോ ആ പാവത്തിന്, പാണ്ടിച്ചി എങ്ങനെ കുളമാവില്‍ നിന്നും തിരിയെ പോയിക്കാണും" എന്ന് ഒരാഴ്ച കഴിഞ്ഞു അമ്മ ചോദിച്ചു.പാണ്ടിച്ചിയെ പിന്നീടു ഞങ്ങള്‍ കണ്ടിട്ടില്ല. അനാഥയായ അവര്‍ എവിടെ എങ്കിലും കിടന്നു മരിച്ചു പോയിരിക്കാം.

മുപ്പത്തി ഒന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും എന്റെ മനസ്സില്‍ പാണ്ടിച്ചിയുടെ രൂപം ഉണ്ട്. മിട്ടായികളുടെ മധുരം നാവിന്‍ തുമ്പിലും. സ്നിക്കെര്‍സിനും, മാര്‍സിനും, ഡയറി മില്‍ക്കിനും ഇല്ലാത്ത ആ സ്വാദ്.