Aug 11, 2012

ദേവികയുടെ ഇരുപതുരൂപ

"സത്യം പറയണം..സത്യമേ പറയാവൂ..സത്യം പറഞ്ഞാല്‍ മോളെ അപ്പാ ഒന്നും ചെയ്യില്ല..ഈ പണം മോള്‍ അപ്പായുടെ പേഴ്സില്‍ നിന്നും എടുത്തതല്ലേ?"

നാലാമത്തെ തവണ ഈ ചോദ്യം ചോദിക്കുമ്പോഴും എനിക്കുറപ്പുണ്ടായിരുന്നു,മകള്‍ അങ്ങനെ ചെയ്യില്ല എന്ന്. എങ്കിലും ഒരു എട്ടു വയസ്സുകാരിക്ക് എവിടെ നിന്നും ഇരുപതു രൂപ കിട്ടാന്‍ എന്നത് എന്നെ വേവലാതിപ്പെടുത്തി.ഇനി ഒരു പക്ഷെ അവള്‍ എന്റെ പേഴ്സില്‍ നിന്നോ, അമ്മച്ചിയുടെ കാല്‍പ്പെട്ടിയില്‍ നിന്നോ അതുമല്ലെങ്കില്‍ മേഴ്സിയുടെ കൈയില്‍നിന്നോ ആവാം എന്ന സാധ്യത തള്ളിക്കളയാന്‍ എനിക്കായില്ല. പണം കട്ടെടുത്തത് തന്നെയാവാം എന്ന് ഞാന്‍ ഉറപ്പിക്കുമ്പോഴും ജീന അങ്ങനെ ചെയ്യില്ല എന്ന് സ്വയം വിശ്വസിക്കാനായിരുന്നു ഞാന്‍ കൂടുതല്‍ ശ്രമിച്ചത്‌ .

ജീനക്ക് ശേഷം ജീവനും, ജിത്തുവും കൂടി ഉണ്ടായെങ്കിലും ജീനയോടായിരുന്നു എനിക്ക് കൂടുതല്‍ ഇഷ്ട്ടം. ആദ്യമായി പിറക്കുന്നത്‌ ഒരു ആണ്‍കുട്ടിയാവണമേയെന്നു മറ്റേതൊരു പിതാവിനെപ്പോലെയും ഞാന്‍ ആഗ്രഹിച്ചുവെങ്കിലും, ജീനയുടെ കളിയും, ചിരിയും, എന്നെ അവളോട്‌ അടുപ്പിച്ചു എന്നതായിരുന്നു സത്യം. ഒരിക്കല്‍ അവള്‍ വലുതാകും എന്നും, മറ്റൊരാളിന്റെ ഭാര്യയായി മറ്റൊരു വീട്ടിലേക്കു പോകും എന്നുമുള്ള ചിന്ത ഒരുപാടുതവണ എന്റെ കണ്ണ് നനയിരിച്ചിരുന്നു .

സ്കൂളില്‍ നിന്നും എത്തിയതിനു ശേഷമുള്ള മേഴ്സിയുടെ ബാഗ് പരിശോധനയിലായിരുന്നു ഒളിപ്പിച്ചു വെച്ച നിലയില്‍ ഇരുപതു രൂപ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍, ക്ലാസ്സില്‍ തന്നെ പഠിക്കുന്ന ദേവികാ ബാലന്‍ തന്റെ കൈയില്‍ പിടിക്കാന്‍ ഏല്‍പ്പിച്ചു എന്നായിരുന്നു ജീന പറഞ്ഞത്. ഓഫീസില്‍ നിന്നും എത്തിയ എന്നോട്, വഴക്കൊന്നും പറയരുതെന്നും, ഇനി അവള്‍ എടുത്തതാണെങ്കില്‍ തന്നെ ഒന്നുപദേശിച്ചാല്‍ എന്നും മേഴ്സി പറഞ്ഞു.

സ്നേഹത്തോടെയും, ഭീഷണിയുടെ സ്വരത്തിലും ഞാന്‍ പല പ്രാവശ്യം ചോദിച്ചു നോക്കിയിട്ടും പറഞ്ഞ ഉത്തരത്തില്‍ തന്നെ ജീന ഉറച്ചു നിന്നത് എന്നെ അത്ഭുതപരതന്ത്രനാക്കി.പല പ്രാവശ്യമായുള്ള ചോദ്യം ചെയ്യലും, ജീനാ തെറ്റ് സമ്മതിക്കാന്‍ തയ്യാറാകാത്തതും എന്നെ ദേഷ്യം പിടിപ്പിച്ചു. കൊച്ചു തുടയില്‍ കൈ കൊണ്ട് ഞാന്‍ ഒരു അടികൊടുതപ്പോള്‍, ജീനാ ഉറക്കെ കരഞ്ഞു. മിണ്ടരുത് എന്ന് ഞാന്‍ ആക്രോശിച്ചു.അപ്പായുടെ ഈ മുഖം കുഞ്ഞുങ്ങള്‍ കണ്ടിട്ടില്ലാത്തത് കൊണ്ടാവാം,ജീവനും ജിത്തുവും പേടിച്ചു അമ്മച്ചിയുടെ പിന്നില്‍ ഒളിച്ചു.

ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലിലും ജീന കുറ്റം ഏല്‍ക്കാന്‍ തയ്യാറാകാഞ്ഞതിനാല്‍ ദേവികയുടെ വീട്ടിലേക്കു പോകാനും വിവരം ചോദിക്കാനും ഞാന്‍ തീരുമാനിച്ചു. ഒരു പക്ഷെ ദേവികയുടെതല്ല പണം എങ്കില്‍ അവളുടെ മാതാപിതാക്കളുടെ മുന്നില്‍ നമ്മള്‍ നാണം കെട്ടേക്കാം എന്ന് മേഴ്സി എന്നെ ഓര്‍മ്മിപ്പിച്ചു. ഇനിയൊരുവേള, ദേവികയാണ് വീട്ടില്‍ നിന്നും പണം ചൂണ്ടിയതെങ്കില്‍, എന്റെ മകളെപ്പോലെ തന്നെ അവളെയും തിരുത്തേണ്ടതുണ്ട് എന്ന് ഞാന്‍ വിശ്വസിച്ചു.


ബാലന്റെ വീട്ടിലേക്കു കാറില്‍ പോകുമ്പോഴും ഞാന്‍ ജീനയോടു തിരിച്ചും മറിച്ചും ചോദിച്ചുകൊണ്ടെയിരുന്നു.ദേവിക പണം തന്റേതല്ല എന്ന് പറഞ്ഞാല്‍ മോളെ അവിടം മുതല്‍ വീടുവരെ തല്ലിക്കൊണ്ടേ വരൂ എന്ന് ഞാന്‍ പറഞ്ഞു. ജീന ഒന്നും പറഞ്ഞില്ല. ഒരുപാട് തവണ യായുള്ള ചോദ്യോത്തരങ്ങള്‍ ഒരു എട്ടുവയസ്സുകാരിക്ക് താങ്ങാന്‍ കഴിയാത്ത നിലയില്‍ ആണെന്ന് എനിക്ക് തോന്നി..

ഇനി ഒരു പക്ഷെ പണം ദേവികയുടെതല്ല എന്നവള്‍ പറഞ്ഞാല്‍ അപ്പാക്ക്‌ വലിയ വിഷമമാകും എന്ന് ഞാന്‍ പറഞ്ഞു. ഒരു പ്രഷര്‍ ടാക്ടിക്സ് എന്നതിലുപരി അത് സത്യമായിരുന്നു. ജീന ഒരു കള്ളിയായി തീരുക എന്നത് എനിക്ക് സഹിക്കാന്‍ സാധിക്കുമായിരുന്നില്ല. അത്രമാത്രം ഞാന്‍ അവളെ ഇഷ്ട്ടപ്പെടുന്നുണ്ടായിരുന്നു. ആശുപത്രിയില്‍ നിന്നും അവള്‍ വീട്ടില്‍ വന്ന ദിവസം ഞാന്‍ ഓര്‍ത്തു. പിന്നെ അവള്‍ ആദ്യം പിച്ച വെച്ച ദിവസവും, അപ്പാ എന്ന് വിളിച്ചതും ഒക്കെ വണ്ടിയോടിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് വന്നു. കണ്ണുകള്‍ നിറഞ്ഞു എന്നത് വഴി വിളക്കുകള്‍ മങ്ങിയതുപോലെ തോന്നിയപ്പോഴായിരുന്നു എനിക്ക് മനസ്സിലായത്‌.


രാത്രിയില്‍ അവിചാരിതമായി എത്തിയ എന്നെ അത്ഭുതത്തോടെയായിരുന്നു ബാലനും ഭാര്യയും സ്വീകരിച്ചത്. മോളുടെ സ്കൂള്‍ബാഗില്‍ നിന്നും ഇരുപതു രൂപ കണ്ടെത്തി എന്നും,അത് അവള്‍ മോഷ്ട്ടിച്ചതാണെന്നു തോന്നുന്നു എന്നും, ദേവിക നല്‍കിയതാണെന്നു കള്ളം പറഞ്ഞതാവാമെന്നുമായിരുന്നു ഞാന്‍ ബാലനോട് പറഞ്ഞത് . ഇത്രയും പറഞ്ഞു തീര്‍ത്തപ്പോഴേക്കും അകത്തെ മുറിയില്‍ നിന്നും ഒരു വലിയ കരച്ചില്‍ ഞാന്‍ കേട്ടു. ബാലന്റെ ഭാര്യ മുറിയിലേക്ക് പോയി. തിരിച്ചെത്തിയ അവരുടെ മുഖത്ത് ഒരു വിഷമം ഞാന്‍ കണ്ടു.

വഴക്കൊന്നും പറയണ്ട, ഉപദേശിച്ചാല്‍ മതി എന്ന് പറഞ്ഞു പുറത്തേക്കിറങ്ങുമ്പോള്‍, പണം ദേവികയുടെതല്ലായിരുന്നെകില്‍ എന്റെ അവസ്ഥ എങ്ങനെയാകുമായിരുന്നോ,അങ്ങനെ തന്നെയാണല്ലോ ബാലന്റെ ഇപ്പോഴത്തെ അവസ്ഥ എന്ന് ഞാന്‍ വേദനയോടെ ഓര്‍ത്തു. ജീനയെക്കൂട്ടി വരേണ്ടായിരുന്നു എന്നെനിക്കു തോന്നി. കാറില്‍ തിരിച്ചു വരും വഴി എന്തുകൊണ്ട് ഞാന്‍ ജീന പറഞ്ഞത് മുഖവിലക്കെടുതില്ല എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു.


ജീന പുറത്തേക്കു തന്നെ നോക്കിയിരിക്കുകയായിരുന്നു. അവളുടെ തുടയില്‍ തിണര്‍ത്തു കിടന്ന പാടില്‍ ഞാന്‍ അരുമയോടെ തലോടി. ജീന അപ്പോള്‍ തലതിരിച്ചു എന്നെ നോക്കി. അവളുടെ കുഞ്ഞിക്കണ്ണുകള്‍ നിറഞ്ഞിരുന്നു. ആ കുഞ്ഞിക്കൈകള്‍ കൊണ്ട് എന്നെ കെട്ടിപ്പിടിച്ചിട്ടു എല്ലായ്പ്പോഴും എന്നപോലെ അവള്‍ പറഞ്ഞു..

ഐ ലവ് യു അപ്പാ..