Dec 26, 2021

കണ്ണൻ ഗോപിനാഥനു ഒരു തുറന്ന കത്ത്.

 


ബഹുമാനപ്പെട്ട കണ്ണൻ സർ, 

അങ്ങ് കഴിഞ്ഞ ദിവസം മനോരമ ചാനലിനു കൊടുത്ത അഭിമുഖംകണ്ടു.സത്യം പറഞ്ഞാൽ താങ്കളെകാണാനാനില്ലല്ലോയെന്ന് കഴിഞ്ഞയാഴ്ചയുംഓർത്തതേയുള്ളു.മാർച്ചുമാസത്തിനു മുൻപേ NPR പിൻവലിച്ചില്ലെങ്കിൽ ഡൽഹിയിലേക്ക് മാർച്ചു നടത്തുമെന്ന്  ഭീഷണി മുഴക്കി അടുത്ത മാർച്ചു വരാറായിട്ടും നേരം വെളുത്തില്ലെന്നൊക്കെ അസൂയക്കാർ പറയുന്നുണ്ട്.ഞാനതു വിശ്വസിക്കില്ല.എല്ലാ വർഷവും മാർച്ചുമാസം ഉണ്ടല്ലോ! 


താങ്കളുടെ  അക്കാദമിക് വൈഭവത്തെ മാനിക്കുന്നു. അതേപോലെ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള മനോഭാവത്തെയും  സ്ലാഘിക്കുന്നു. പ്രളയത്തിൽ അരിച്ചാക്കു ചുമ്മിയതൊക്കെ കണ്ടു കോൾമയിർ കൊണ്ടിട്ടുണ്ട്.ഇതുപോലുള്ള കഴിവ്ല്ല ചെറുപ്പക്കാർ ഉയർന്നു വരട്ടെ എന്ന പ്രത്യാശ മാത്രമേ ഉള്ളു. 


പക്ഷെ അങ്ങ് പുല്ലുപോലെ IAS വലിച്ചെറിഞ്ഞത് എന്തിനായിരുന്നു?അതുപോലൊരു പദവിയിൽ ഇരുന്നു പാവപ്പെട്ടവർക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ  അങ്ങേക്ക് സാധിച്ചേനെ. നമ്മൾ സിസ്റ്റത്തിന് അകത്തു നിന്ന് ചെയ്യാൻ കഴിയുന്നിടത്തോളം സിസ്റ്റത്തിന് വെളിയിൽ നിൽക്കുമ്പോൾ ചെയ്യാൻ സാധിക്കുമോ? സംശയമാണ്.കാശ്മീരിലുള്ള ചില വിഘടനവാദികൾക്കു ഇന്റർനെറ്റ് കിട്ടിയില്ല എന്ന സില്ലി കാരണം പറഞ്ഞു  വലിച്ചെറിയാൻമാത്രം നിസ്സാരമാണോ അങ്ങേക്ക് IAS എന്ന പദവി എന്ന് ഞാൻ ചോദിക്കുന്നില്ല.അതൊക്കെ താങ്കളുടെ  വ്യക്തിപരമായ കാര്യം.എന്നാൽ ഈ  കാശ്മീരികളിൽ എത്ര ശതമാനം പേ ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട് എന്ന് താങ്കൾ അന്വേഷിച്ചോ?  അവിടുത്തെ  സാധാരണ ജനജീവിതത്തെ  അത് എത്രമാത്രം ബാധിച്ചു എന്നോ?പോട്ടെ,ഒരു പതിനഞ്ചു വർഷം മുന്നേ എത്രയാളുകൾ നമ്മുടെ ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ടായിരുന്നു?അന്നും ആളുകൾ കാര്യങ്ങൾ നടത്തുന്നുണ്ടായിരുന്നു. പഠിക്കുന്നുണ്ടായിരുന്നു സർക്കാർ അത് താൽക്കാലികമായി നിരോധിച്ചത് അവിടെ  വളരുന്ന  വിഘടനവാദത്തിനു  തടയിടാൻ  എന്ന ഒറ്റ ഉദ്ദേശത്തിൽ മാത്രമാണ് എന്ന് താങ്കൾക്ക്  മനസ്സിലാകാതെപോയതു  എന്തുകൊണ്ടാണ്?രാജ്യസുരക്ഷയല്ലെ സർ  പ്രധാനം?അല്ലെങ്കിൽ തന്നെ ആ തരം സേവനങ്ങൾ നിർത്തുന്ന  ആദ്യത്തെ സർക്കാർ ആണോ ഇത് ?ആർട്ടിക്കിൾ 370 കുറിച്ച് അങ്ങ് പറഞ്ഞു.കാശ്മീരിനെ മുഖ്യധാരയിൽ കൊണ്ടുവരിക  എന്ന ഉദ്ദേശത്തിലായിരിക്കുമല്ലോ സർക്കാർ അത് ചെയ്തത്.മുൻ സർക്കാരുകളും ഇതുപോലെ ഓരോരോ കാര്യങ്ങൾ ചെയ്തു സുരക്ഷാപരമായി ഒരുപാട് പ്രാധാന്യം ഉള്ള ഭാരതത്തിന്റെ ഈ പ്രദേശം സംരക്ഷിക്കാൻ നോക്കിയിരുന്നു.അതുപോലെ ഒന്നായി ഇതിനെയും കണ്ടാൽ പോരെ.ഇവരും ശ്രമിക്കട്ടെ.ഉദ്ദേശം നിറവേറി എങ്കിൽ അത്  നമ്മുടെ  രാജ്യത്തിന് നല്ലതല്ലേ?


അങ്ങ് കാശ്മീരികളുടെ  അവകാശങ്ങളെക്കുറിച്ച് വാചാലനായപ്പോൾ,അവിടെനിന്നു കുടിയിറക്കപ്പെട്ട പണ്ഡിറ്റുകളെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ?അവർ പലരും ഇന്നും തെരുവിലാണെന്നു അങ്ങേക്ക റിയാമെന്നു കരുതുന്നു.അവരുടെ പുനരധിവാസത്തെക്കുറിച്ചു അങ്ങയുടെ പ്രതികരണം അറിയാൻ ആഗ്രഹമുണ്ടു.അന്നത്തെ ക്രൂരമായ  ജെനോസൈഡ് നെ  അപലപിക്കാൻ  അങ്ങ് തയ്യാറാണോ?അത് ചെയ്തത് തെറ്റായിപ്പോയി എന്ന് അങ്ങേക്ക് ഉറക്കെപ്പറയാൻ  സാധിക്കുമോ?


നമുക്കിനി  കേരളത്തിലേക്ക് വരാം.കേരളത്തിൽ എത്രപേർ ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട്  എന്ന് അങ്ങേക്ക് അറിയാമോ.ഒരു സ്മാർട്ഫോൺ പോലും ഇല്ലാത്തവരും അല്ലെങ്കിൽ സാധാരണഫോൺ പോലും ഉപയോഗിക്കാനറിയാത്തവരും കേരളത്തിലുണ്ട് സർ.അല്ലെങ്കിൽ തന്നെ ഇന്റർനെറ്റ് ആണോ അടിസ്ഥാന സൗകര്യങ്ങളായ പാർപ്പിടം,വസ്ത്രം,ചികിത്സ,വിദ്യാഭ്യാസം എന്നിവയെക്കാൾ അത്യാവശ്യം?കേരളത്തിന്റെ പൊതുകടം എത്ര എന്നറിയുമോ?ഇവിടെ  അനധികൃത നിയമനങ്ങൾ നടക്കുന്നത് അറിയാമോ?മന്ത്രിമാർ സർക്കാർ ചിലവിൽ വിദേശത്തു ചികിത്സ നേടുന്നതും,ആഡംബര കാറുകൾ മാറ്റി മാറ്റി വാങ്ങുന്നതും അങ്ങയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?കോടികൾ വിലയുള്ളത് ബസ് വാങ്ങി കേടായി നശിച്ചുപോകുന്നതും, വീണ്ടും വീണ്ടും വാങ്ങുന്നതും വാടകക്കെടുക്കുന്നതും അങ്ങേക്ക് അറിയാമോ?ധുർത്ത് എല്ലായിടത്തും കൂടുന്നതിനേക്കുറിച്ചു അങ്ങ് ബോധവാനാണോ?ഇവിടുത്തെ വ്യവസായങ്ങൾ അന്യസംസ്ഥാനത്തേക്കു പോകുന്നതു അങ്ങറിയുന്നുണ്ടോ ?


വിദേശമലയാളികൾ ഇല്ലെങ്കിൽ കേരളം "വട്ടപ്പൂജ്യം" എന്ന് അങ്ങേയ്ക്കു അറിയാമെന്നു കരുതുന്നു. ഒരുകാലത്തും ഫീസിബിൾ ആവാത്ത കെ-റയിൽ എന്ന പുതിയ വെള്ളാനയെക്കുറിച്ചു അങ്ങ് കമാ  എന്നൊരക്ഷരം മിണ്ടിയോ?കാസകോട്ടിരിക്കുന്ന ഒരാൾക്ക് തിരുവനന്തപുരത്തു എത്താൻ രണ്ടു മണിക്കൂർ  ലാഭിക്കാനായി  ലക്ഷംകോടി രൂപ ചിലവാകുന്ന വികസനമാണോ കേരളത്തിൽ വേണ്ടത് അതോ  ഇപ്പോൾ ഉള്ള റോഡുകൾ പാലങ്ങൾ,പാളങ്ങൾ എന്നിവയൊക്കെ  ഇതിന്റെ  നാലിലൊന്നു പണം കൊണ്ട് കൂടുതൽ വികസിപ്പിക്കലാണോ നല്ലതു?എക്സ്പ്രസ് ഹൈവേ വിഭാവനം ചെയ്തപ്പോൾ കേരളം രണ്ടായി പിളരും  എന്ന്  രോദനം മുഴക്കിയവരുടെ  കൂടെയാണ്  അങ്ങ് എന്നറിയാം. അതായിരിക്കുമല്ലോ  ഈ മൗനം!


റിട്ടയർ ചെയ്യുന്നത് വരെ ജനങ്ങളെ സേവിച്ചു അതിനു ശേഷം അങ്ങയുടെ ഇഷ്ടംപോലെ  സ്വതന്ത്രമായി പ്രവർത്തിക്കയായിരുന്നു വേണ്ടത്. എങ്കിലിവിടുത്തെ ചുവപ്പുനാടയുടെ,ബ്യുറോക്രസിയുടെ, കാലഹരണ നിയമങ്ങളുടെ  നൂലാമാലകളിൽ നിന്നും കുറച്ചു പേർക്കെങ്കിലും ആശ്വാസം പകരാൻ  അങ്ങേക്ക് സാധിച്ചേനെ.അങ്ങയുടേതു  ഒരു നല്ല ഉദ്ദേശ്യം ആയിരുന്നു എങ്കിൽ സർവീസിൽ ഇരുന്നു പാവങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്തേനെ. അങ്ങയുടെ ഉള്ളിലെ രാഷ്ട്രീയം ഏതു എല്ലാവർക്കും അറിയാം!അതൊക്കെ ഓരോരുത്തരുടെ വ്യക്തിസ്വാതന്ത്ര്യം.ആ ഒരു സ്ഥാനത്തിരിക്കുമ്പോൾ അത് പ്രകടിപ്പിക്കാനാവില്ല  എന്നതുകൊണ്ട് മാത്രമാണ് അങ്ങ് രാജിവെച്ചതെന്നു എനിക്ക് തോന്നുന്നു.കാശ്മീർ പ്രശ്‌നം ഒരു കാരണമാക്കിയെന്നു മാത്രം.അല്ലെങ്കിൽ കാശ്മീർ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നാണ്  അങ്ങയുടെ  നിർദേശം?അങ്ങേക്ക്  അങ്ങനെ എന്തെങ്കിലും നിർദേശം ഉണ്ടായിരുന്നു  എങ്കിൽ അത്  പദവിയിൽ ഇരുന്നപ്പോൾ അധികാരികളെ അറിയിക്കാൻ ശ്രമിച്ചിരുന്നോ?


20-20ഇവിടെവന്നപ്പോൾ ആവേശം കൊണ്ടായാളാണ്  ഈ കൊച്ചുതോമാ.അവർ നിയമസഭയിലെത്തുമെ ന്നും ഒരു മാറ്റത്തിന് തുടക്കമാവുമെന്നും ആഗ്രഹിച്ചു. പക്ഷെ രാഷ്ട്രീയക്കാരോട് ചേർന്ന്  അവിടുത്തെ  ജനങ്ങൾ  തന്നെ അവരെ തോൽപ്പിച്ചു കളഞ്ഞു."അനുഭവിക്കട്ടെ" എന്ന കുപ്രസിദ്ധമായ വനിതാകമ്മീഷൻ മറുപടി പറയാൻ തോന്നുന്നില്ല. കാരണം  നാടുനശിക്കുന്നതിൽ അത്ര  വേദനയുണ്ട് . അതുകൊണ്ടു മാത്രം. 


അങ്ങ് വിചാരിച്ചാൽ ഇനിയും എന്തെങ്കിലുമൊക്കെ കേരളത്തിൽ ചെയ്യാൻ സാധിക്കും.കേജ്രിവാളിനെ ആരാധിക്കുന്ന ഒരാളാണീ കൊച്ചുതോമ.  അതുപോലെ ഒരു മൂവ്മെന്റ് കേരളത്തിലും  വരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട്. അങ്ങേക്ക് അതിനു  നേതൃത്വം കൊടുക്കാനാവും. സാധിക്കുമെങ്കിൽ നമ്മുടെ കേരളത്തിലേക്ക് വരൂ.ഇവിടുത്തെ ഈ പകൽകൊള്ള ഒന്ന്  നിർത്താൻ ശബ്ദമുയർത്തു.ഒന്നുമില്ലെങ്കിലും  രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന വിഘടനവാദികളേക്കാൾ  എന്തുകൊണ്ടും നല്ലവരാണ് കേരളീയർ.ഒരു നല്ല നേതൃത്വമുണ്ടെങ്കിൽ ഇവിടെ അത്ഭുതങ്ങൾ  സൃഷ്ടിക്കാനാവും.അങ്ങേക്ക് ചിലപ്പോൾ അത് സാധിച്ചേക്കാം. ശ്രമിച്ചു നോക്കൂ.


എല്ലാ ഭാവുകങ്ങളും!

സസ്നേഹം കൊച്ചുതോമ  


Mar 7, 2021

രാഹുൽജിക്ക്‌ കൊച്ചുതോമ്മായുടെ തുറന്ന കത്ത്

 പ്രിയപ്പെട്ട  രാഹുൽജി, 

അങ്ങയെ  ആദരിക്കുന്ന  അനേകം കേരളീയർ  ഉണ്ട്. അങ്ങ് ഒരു വലിയ  സംഭവമാണെന്ന്  മനോരമ  എന്നും  തള്ളുന്നതുകൊണ്ടു  മാത്രമല്ല.അങ്ങയുടെ  മുത്തശ്ശിയും പിതാജിയും ഒക്കെ  നമ്മുടെ  രാജ്യത്തിന്  നൽകിയ  സേവനങ്ങൾ കണക്കിലെടുത്തും,അങ്ങയുടെ കുടുംബ പേരിനോടുള്ള  വൈകാരിമാകമായ ആ  ഒരു ബന്ധവും ഒക്കെകൊണ്ടാണെന്നാണ്  എനിക്ക്  തോന്നുന്നത്.ആ കുടുംബത്തിൽ വന്നു  പിറന്നില്ലായിരുന്നെങ്കിൽ അങ്ങയെപ്പോലെ ഒരാൾക്ക്  ഇത്ര  വലിയ  ഒരു  സ്ഥാനത്തു  എത്താനുള്ള കാലിബർ ഒന്നുമില്ല എന്ന് ശത്രുക്കൾ പറഞ്ഞു  നടക്കുന്നുണ്ട്. ഞാൻ അത്  വിശ്വസിക്കില്ല.


അങ്ങയുടെ പാർട്ടിയിൽ  ചെറുപ്പക്കാർക്കും വനിതകൾക്കും ആവും  ഈ  തവണ പ്രാധാന്യം എന്ന്  പത്രത്തിൽ വായിച്ചു. കേരളത്തിൽ  നാല്പതും  അൻപതും  വർഷങ്ങൾ  മത്സരിച്ചു  എം.എൽ.എ ആയിട്ടും   വീണ്ടും  ജനസേവനം  എന്ന  ഒറ്റ  ചിന്തമാത്രം  ഊണിലും  ഉറക്കത്തിലും  ഉള്ള  വന്ദ്യവയോധികരെ  തഴയരുത് . അവർ  അവരുടെ  അന്ത്യം  വരെയും  ഈ  സേവനം തുടരട്ടെ..വേണമെങ്കിൽ ചെറുപ്പക്കാർ  എന്നുള്ളതിന്റെ  പ്രായപരിധി ഒരു  എഴുപതു  വയസ്സായി നിർവചിക്കാവുന്നതാണ്.പരസഹായം ഇല്ലാതെ  നടക്കാൻ  പറ്റാത്തവർക്കു നിയമസഭയിൽ  നല്ല  വിശ്രമം  കിട്ടട്ടെ. 


അങ്ങ്  കടലിൽ  ചാടിയപ്പോൾ കൂടെ  ചാടാൻ  ആരൊക്കെയോ മടിച്ചു എന്ന് കേട്ടു.അടുത്ത  തവണ  അവരുടെ  പേര്  വെട്ടണം.പിന്നെ കുറെ  കഴിഞ്ഞു  തിരിച്ചെടുക്കാം.പശുക്കുട്ടിയെ വഴിയിൽ  വെച്ചു കൊന്നു  കറിവെച്ചവരൊക്കെ ഇപ്പോൾ  വീണ്ടും സംസ്ഥാന നേതാക്കൾ ആയല്ലോ. അതുപോലെ.പൊതു ജനം അതൊക്കെ കുറച്ചു  ദിവസം കൊണ്ട്  മറന്നോളും.കൂട്ടത്തിൽ  ആരാണ്ടും സരിത ചേച്ചിക്ക് 180 തവണ  ഫോൺ വിളിച്ചു  ഭരണഘടന പഠിപ്പിച്ചതൊക്കെ ഞങ്ങൾ  മറന്നില്ലേ .അതുപോലെ! 


മുഖ്യമന്ത്രിയെ  പിന്നെ  തിരഞ്ഞെടുക്കാം  എന്ന് പറഞ്ഞു മത്സരിച്ചാൽ  നല്ല  പണി കിട്ടും.അങ്ങനാന്നെങ്കിൽ  നല്ല  കാലുവാരൽ  നടക്കും എന്നത് മൂന്നര തരമാണ്.മുഖ്യമന്ത്രിയാകാൻ കോട്ടും തയ്പ്പിച്ചു നടക്കുന്നവരെ തോൽപ്പിക്കാൻ  രണ്ടുപക്ഷവും  ആഞ്ഞു  പരിശ്രമിക്കും.അതുകൊണ്ടു  ഇപ്പോൾ തന്നെ മുഖ്യനായി ആരെയെങ്കിലും  ഉയർത്തിക്കാട്ടുന്നതാണ്  ബുദ്ധി. ചേട്ടത്തിയെ  കാണിച്ചു  അനിയത്തിയെ  കെട്ടിക്കുന്നതൊക്കെ മറ്റേ  ലോ പാർട്ടിയിൽ  നടക്കും.അവിടെ  പിന്നെ 51  വെട്ടു  ഓർത്താൽ  ആരും  മിണ്ടുകേല. 


ഇപ്പോഴത്തെ  സാഹചര്യത്തിൽ  അങ്ങുതന്നെ  മുഖ്യമന്ത്രി  സ്ഥാനാർഥി ആയി മത്സരിച്ചാൽ  അതാവും  ഏറ്റവും  നല്ലതു . അങ്ങ്  മത്സരിച്ചാൽ  ആ പേരിൽ ഒരു  നൂറു  സീറ്റെങ്കിലും  പിടിക്കാം. ഒരു പഞ്ചായത്തുപോലും ഒറ്റയ്ക്ക്  ഭരിച്ചിട്ടില്ല  എന്ന  പേരുദോഷവും മാറിക്കിട്ടും.മൂന്നുവർഷം കഴിയുമ്പോൾ  പാർലമെന്റ്  തെരെഞ്ഞെടുപ്പ്  വരും.അന്നേരം  ആ  പരിചയം  ഉപകരിക്കും. പിന്നെ ദക്ഷിണേന്ത്യയിലെ  കാര്യങ്ങൾ  അത്ര ശുഭകരമല്ല. ആകെക്കൂടെ  ഉണ്ടായിരുന്നു  പുതുച്ചേരി  പോലും പോയി.ഇനിയൊരഞ്ചുവർഷം കൂടി  പ്രതിപക്ഷത്തിരിക്കേണ്ടി വന്നാൽ ഒരു പൂക്കൂറ്റിയും കാണുകേല.കുഞ്ഞാപ്പയൊക്കെ  എപ്പോ മറുകണ്ടം  ചാടി  എന്നുചോദിച്ചാൽ മതി.


കേരളത്തിന്റെ മുഖ്യമന്ത്രിയായി അങ്ങ് മത്സരിക്കുന്നതിൽ മാനക്കേടൊന്നും ഒട്ടും  വിചാരിക്കേണ്ട.മോദിജി പതിനഞ്ചുവർഷം  മുഖ്യമന്ത്രിയായിട്ടല്ലേ,പിന്നെ നമ്മുടെ  പ്രധാനമന്ത്രി  ആയതു.അല്ലേലും  ഈ ഭാവി  പ്രധാനമന്ത്രിയായി എത്രനാൾ  കഴിയും?2024  മിക്കവാറും  ഗോപി  ആകാനാണ്  സാധ്യത. അപ്പൊ പിന്നെ 2029 വരെ പിന്നേം  ഭാവി പ്രധാനമന്ത്രിയായി  ഇരിക്കുന്നതിലും  നല്ലതല്ലേ  കിട്ടുന്ന  ഗ്യാപ്പിൽ  കയറി  ഇരിക്കുന്നത് ?


പിന്നെ  ഇടയ്ക്കു  മുഖ്യമന്ത്രി പദം രാജിവെച്ചു പോയാലും  കുഴപ്പം ഒന്നുമില്ല. കുഞ്ഞാപ്പ  കണ്ടില്ലേ  ഫാസിസത്തിനെതിരെ പോരാടാൻ അരയും  തലയും  മുറുക്കി പോയിട്ട്  ഇവിടെ  ഏതാണ്ടും കസേര കിട്ടും  എന്ന്  കേട്ടപ്പോ റിട്ടേൺ  അടിച്ചത്. അങ്ങേരു ഈ തവണയും പുല്ലുപോലെ  ജയിക്കും.നമ്മുടെ ജോസ്‌ മോനോ?കേന്ദ്രമന്ത്രിയാകാൻ കോട്ടും സൂട്ടും തയ്പ്പിച്ചു പോയിട്ട് വടിപോലെ തിരിച്ചു പോരേണ്ടി വന്നില്ലേ. അങ്ങേരുടെ ഗ്ളാമർ കണ്ടു ഈ  തവണയും പാലാക്കാര്  കുത്തും.കേരളത്തിന്റെ  കാര്യം ഇങ്ങനാ.വലിയ വിദ്യാഭ്യാസ നിലവാരം ഉണ്ടെന്നൊക്കെ വലിയ തള്ളു  തള്ളും  അത്രേയുള്ളു.ഉരുളക്കിഴങ്ങു  തിന്നുന്ന ഹിന്ദിക്കാർക്ക് വിവരം ഇല്ലെന്നാ എന്നിട്ടു പറച്ചിൽ.ഹിന്ദിക്കാരു എത്ര ഭേദമാന്നു  അങ്ങേക്കറിയാലോ! 


തന്നേമല്ല  540  എംപിമാരുടെ കൂടെ  ഒരു  സാദാ എംപിയായി ഇരിക്കുന്നതിലും നല്ലതാണ്  കേരളത്തിന്റെ മുഖ്യമന്ത്രിയായി ഇരിക്കുന്നത്  എന്നോർക്കണം.എന്തൊക്കെ സൗകര്യങ്ങളാണ് ഇവിടെ.ഹെലിക്കോപ്റ്ററിനു ഹെലിക്കോപ്റ്റർ .ഏറ്റവും അടിപൊളി കാറുകൾ.എന്തൊക്കെ  ആഡംബരങ്ങൾ  മുട്ടേൽ പനി വന്നാൽ  അമേരിക്ക. പിന്നെ ചർച്ച,അവാർഡ്  എന്നും പറഞ്ഞു  വർഷത്തിൽ  എത്ര തവണ ലോകം ചുറ്റാം.പിന്നെ കേരളത്തെ തള്ളിപ്പറയരുത്.ഹിന്ദിക്കാരു  തോപ്പിച്ചപ്പോൾ  കേരളമേ ഉണ്ടായുള്ളൂ  ഒരു ആശ്വാസത്തിന്.സ്മരണ  വേണം രാഹുൽജി സ്മരണ.കഴിഞ്ഞ തവണ"ദേ,ഇപ്പോ പ്രധാനമന്ത്രിയാകും"എന്ന് മാമ്മച്ചായൻ ഡെയ്‌ലി തള്ളിയിട്ടാണ് കുറെ പേരൊക്കെ ജയിച്ചത്. അടുത്തതവണ  അത്  നടക്കണം  എന്നില്ല കേട്ടോ.


അങ്ങ്  മുഖ്യമന്ത്രി സ്ഥാനാർത്ഥിയായാൽ ഇപ്പോൾ കിറ്റും പെൻഷനും വാങ്ങിച്ചു മറ്റവർക്കു  വോട്ടുചെയ്യാൻ  ആഞ്ഞു നിൽക്കുന്നവർ  മുഴുവൻ  മറിയും.പറച്ചില് കേട്ടാൽ ഈ  കിറ്റും പെൻഷനും  പാർട്ടി ആസ്ഥാനത്തു നിന്ന് എടുത്തു കൊടുക്കുന്നതുപോലാ.ഈ അഹങ്കാരം  സഹിക്കാൻ  കഴിയാഞ്ഞിട്ടു പറേവാ.അങ്ങ്  വിചാരിച്ചാൽ  ഇവരെ ഒരു പാഠം പഠിപ്പിക്കാം.എന്നാ  തീവെട്ടിക്കൊള്ള  നടത്തിയാലും നമ്മുടെ  ആളുകൾ എന്തേലും സംതിങ് നക്കാപ്പിച്ച  കിട്ടിയാൽ  എല്ലാം  മറക്കും  എന്നത് ഒരു  സത്യമാ. ഇപ്പൊ കൊടുക്കുന്നത്തിന്റെ  ഇരട്ടി കൊടുക്കാന്നു  ഒരു കാച്ചു കാച്ചണം.പിന്നെ പെട്രോളിന്  ഒരു  പത്തു രൂപ  കുറയ്ക്കാന്നും കൂടി ഒരു  താങ്ങു  താങ്ങിയാൽ പിന്നൊന്നും നോക്കണ്ടാ.

പിന്നെ  അങ്ങേങ്ങാനും മുഖ്യൻ യാൽ  ആ  അളിയനെ ഒരു മുറുക്കാൻ കട തുടങ്ങാൻ  പോലും ഇങ്ങോട്ടു അടുപ്പിക്കല്ല്.അഞ്ചുവർഷം കഴിഞ്ഞു ഭരണം പോകാതിരിക്കാൻ ആ  തീരുമാനം  നല്ലതാരിക്കും. 


ഇനി  അങ്ങേക്ക്  കേരളമെന്ന  ഇട്ടാ  വട്ടത്തിൽ  തായം കളിക്കാൻ താല്പര്യം ഇല്ലെങ്കിൽ  തരൂർജിയാണ്  അടുത്ത  നല്ല ഓപ്‌ഷൻ. അങ്ങേരു പൊളിക്കും.ലോകസഭെന്നു ഒന്നോ രണ്ടോ പോയെന്നു  കരുതി  എന്നാ വരാനാ. അല്ലെങ്കിലും  അവിടെ പോയി ഇരുന്നിട്ട് എന്തോ ചെയ്യാനാ. പൂജ്യം  വെട്ടിക്കളിക്കാനോ?


ഈ  തിരഞ്ഞെടുപ്പ്  ക്രൂഷ്യൽ  ആണെന്ന്  അങ്ങേക്ക്  അറിയാലോ. ഭരണം പോയാൽ പിന്നെ  ആരൊക്കെ  എങ്ങോട്ടൊക്കെ  ചാടും  എന്ന് പറയാൻ പറ്റത്തില്ല. ഓറഞ്ചുവർഷം  കൂടി  ക്ഷമിക്കാൻ മാത്രം  വിശാലഹൃദയർ അല്ല അങ്ങയുടെ പാർട്ടിക്കാർ  എന്നോർക്കുക.മറ്റവരെങ്ങാനും തുടര്ഭരണം കിട്ടി  വന്നാൽ പിന്നെ പിടിച്ചാൽ കിട്ടില്ല.  ബംഗാളിലെ കാര്യം  ഓർക്കുന്നുണ്ടല്ലോ. 


ഇവിടെ കേരളത്തിൽ ഇരിക്കുന്ന  ഗ്രൂപ്പു  മാനേജർമാർക്ക്  ചെവി കൊടുക്കരുത്.അവർ  പലതും പറയും.അവരുടെ ആളുകളെ  തിരുകിക്കയറ്റാൻ മാത്രമാണ്  അവർ  ഇരിക്കുന്നത്.  അങ്ങ് തന്നെ മുഖ്യമന്ത്രി  സ്ഥാനാർഥി  ആകുകയും  അങ്ങുതന്നെ നേരിട്ട്  ആളുകളെ  നിർത്തികായും ചെയ്‌താൽ  രക്ഷപെടാം. അല്ലെങ്കിൽ പിന്നെ പടക്കക്കമ്പനി  ഖുദാ ഗവാ  എന്ന് പറയേണ്ടി വരും. 

അങ്ങേക്ക്  എല്ലാ  വിജയാശംസകളും .  


 സ്നേഹപൂർവ്വം കൊച്ചു തോമാ 

(K.T. തോമസ് )

Aug 22, 2020

ധനമന്ത്രിക്ക് മറ്റൊരു കത്ത്

വിമാനത്താവളം   വിഷയത്തിൽ  അങ്ങയുടെ പോസ്റ്റ്  വായിച്ചു.ഇപ്പോൾ ഒന്നാഞ്ഞു ശ്രമിച്ചാൽ തിരുവനന്തപുരം  പിടിക്കാം.തരൂരെങ്ങാനും പ്രധാനമന്ത്രി  ആയിപ്പോയാലോ എന്നോർത്ത്  അല്ലെങ്കിൽ തന്നെ കോൺഗ്രസ്സുകാർക്ക്  പേടിയാ.പിന്നെ നിയോലിബറൽ എന്നുവരെയൊക്കെയാവാം.അതിൽ കൂടുതൽ പറഞ്ഞാൽ  തരൂർ  വല്ല  കട്ടിയുള്ള ഇംഗ്ളീഷുവാക്കും എടുത്തലക്കും .നമ്മുടെകൂട്ടത്തിൽ മറുപടികൊടുക്കാൻ  ലുട്ടാപ്പിസാറിനെപ്പോലെയുള്ളവർ  മാത്രമേയുള്ളു  എന്നോർക്കുക.


തരൂർ അദ്ദേഹത്തിന്റെ  വാക്കുമാറില്ല  എന്നാണല്ലോ വാദം.വാക്കല്ലേ  മാറ്റാൻ  പറ്റൂ  എന്നാർക്കാനറിയാത്തതു?നമ്മൾ  തന്നെ  പണ്ട്  നടത്തിയ പ്രസിദ്ധ സമരങ്ങളായ   ആണവക്കരാർ,വിളനിലം, വെട്ടിനിരത്തൽ,ഗാട്ടുകരാർ,കംപ്യുട്ടർ സമരം, ട്രാക്റ്റർ സമരം,പ്ലസ് ടു  സമരം  എന്നിവയോടു  അന്നത്തെ അഭിപ്രായമാണോ  ഇന്നുള്ളത്? എന്തിനു,പാർട്ടിയുടെ  ആസ്ഥാന ഭക്ഷണമായ  പരിപ്പുവടയും കട്ടൻചായയും ഇപ്പോ ലോക്കൽ കമ്മിറ്റിക്കാർക്കു പോലും  വേണ്ട.മാറ്റങ്ങൾ  എല്ലാവരും  ഉൾക്കൊള്ളണം  എന്നാണല്ലോ.അതുകൊണ്ടാണല്ലോ  നമ്മൾ  അംബാസഡർ  കാറിൽ  നിന്ന്  റേൻജ്റോവറിൽ വരെ എത്തിനിൽക്കുന്നത്. 

ആനവണ്ടി പോലും   നേരാംവണ്ണം നടത്തിക്കൊണ്ടുപോകാനറിയാത്തവരാണ്  വിമാനത്താവളം നടത്താൻ വാശിപിടിക്കുന്നത് എന്നൊക്കെ  പലരും  കമന്റിട്ടു  കണ്ടു.  എനിക്കതിനോട്  യോജിപ്പില്ല.മുക്കാൽചക്രം  കിട്ടുന്ന  ആനവണ്ടിയാണോ,വലിയ  സാധ്യതകളുള്ള വിമാനത്താവളമാണോ വലുത്.  അല്ലെങ്കിൽ  തന്നെ  സർക്കാർ  നേരിട്ട്  നടത്തുന്ന  എന്തുകാര്യങ്ങളായാലും,യൂണിയനുകൾക്കു വേണ്ടിയും,സ്വന്തക്കാർക്കും,പാർട്ടിക്കാർക്കും  ജോലികൊടുക്കാനുള്ളതുമല്ലാതെജോലികൊടുക്കാനുള്ളതുമല്ലാതെ ലാഭമുണ്ടാക്കാനോ  പൊതുജന  സേവനത്തിനോ  ഉള്ളതല്ലെന്നു  ആർക്കാണറിയാത്തത്.അത്  അറിയാത്ത  ചിലരാണ്  സാറിനെ  ചൊറിയാൻ വേണ്ടി ആന വണ്ടിയുടെ  കാര്യം  എഴുന്നെള്ളിക്കുന്നതു. അല്ലെങ്കിൽ തന്നെ  യൂണിയനാണ്‌  തായങ്കരി സാറിനേക്കാൾ  വലുത്  എന്ന്  ആർക്കാണ്  അറിയാത്തതു .


അദാനി മുതലാളിയുടെ  സ്ഥാനത്തു  ഇക്കായോ  പിള്ളേച്ചനോ   ആരുന്നേൽ എന്താവുമായിരുന്നു  എന്ന്  പലരും  ചോദിക്കുന്നുണ്ട്. എന്താവാൻ.  അവർ  ചോദിച്ചാൽ  കൊടുക്കാതിരിക്കാൻ  പറ്റില്ലെന്ന്  ആർക്കാണറിയാത്തത്. വല്ല  വൈസ്  പ്രസിഡന്റ് സ്ഥാനമോ  എംഡി സ്ഥാനമോ  ഒക്കെ  തരാൻ  അവർക്കല്ലേ പാങ്ങുള്ളൂ. തന്നെയുമല്ല കൊട്ടാരവും മറൈൻ ഡ്രൈവും  ഒക്കെ  കൊടുത്ത്  കേരളം  വികസിക്കാൻ  മാത്രമാണെന്നും  99 വര്ഷം  കഴിയുമ്പോൾ  അവർ  സ്വമനസ്സാലെ  തിരിച്ചു  തരുമെന്നും  ആർക്കാണറിയാത്തത്. ഹാരിസൺകാർ തിരിച്ചു  തരുമല്ലോ.  അതുപോലെ . അല്ലെങ്കിൽ  പാട്ടത്തിനു  കൊടുത്ത  സർക്കാർ  ഭൂമിഅങ്ങോട്ട്   കാശുകൊടുത്തു  വാങ്ങും.പിന്നല്ല! അതുപോലാണോ  അദാനി  മുതലാളി. പ്രത്യേകിച്ച്  ഗുജറാത്തി. ഗുജറാത്ത്  എന്നാൽ  നമ്മുടെ  പാർട്ടിക്ക് " ഹറാം " ആണല്ലോ .പറ്റുമെങ്കിൽ  വിഴിഞ്ഞം  കൂടി  തിരിച്ചെടുക്കണം."അവിയൽ " എന്നൊരു കമ്പനി  രൂപീകരിച്ചാൽ ആ  പേരിൽ നമ്മുടെ  കുറച്ചു  ആളുകൾക്ക് തൊഴിലാവും.


ടെണ്ടറിൽ  പങ്കെടുക്കാൻ രണ്ടു കോടിക്കുമുകളിൽ  കൺസൾട്ടൻസി കമ്പനിക്ക്  കൊടുത്തു  എന്ന് ചിലർ  പറയുന്നുണ്ട്. നേരാംവണ്ണം  ഒരു  ടെണ്ടർ പോലും കൊടുക്കാൻ  അറിയാത്തവരൊക്കെ ജോലിക്കു  ഇരിക്കുമ്പോൾ   കൺസൾട്ടൻസി അല്ലാതെ  എന്ത് ചെയ്യും. തന്നെയുമല്ല  കൺസൾട്ടൻസി  കൊടുക്കുക  എന്നതാണാല്ലോ  നമ്മുടെ  പാർട്ടിയുടെ  പ്രഖ്യാപിത  നയം. പണ്ടൊക്കെ  തൊഴിൽ നേടാൻ  പടയണി ചേരൂ  എന്നൊക്കെ  മുദ്രാവാക്യം  വിളിച്ചെങ്കിലും  ഇപ്പോൾ  ആർക്കു  വേണം  തൊഴിൽ.  സർക്കാരിന്റെ  എല്ലാ കാര്യങ്ങൾക്കും  കൺസൾട്ടൻസി വഴി  നടത്തുന്നതിനെക്കുറിച്ചു  ആലോചിക്കാവുന്നതാണ്.പാലായിലൊക്കെ പറേന്നപോലെ"കടുംവെട്ടു"എന്നത്  പ്രായോഗികമാക്കാൻ  ഏറ്റവും  അനുയോജ്യമായ  സമയം  അവസാനത്തെ  ആറുമാസം ആണല്ലോ. 


പ്രതിഷേധം കൂടുതൽ  കടുപ്പിക്കണം  എന്നാണ്  എന്റെ  അഭിപ്രായം.  ഡിങ്കോൾഫി, എച്ചപ്പൈ,കിട്ടു എന്നിവർ  ഒരു ജോയന്റ് ഓപ്പറേഷൻ  നടത്തിയാൽ  മതിയാകും. കരിഓയിൽ  ഒരു നല്ല  മാർഗമാണെന്നു  അറിയാമല്ലോ. നയതന്ത്ര  വിദഗ്ദ്ധന്റെ  ചെകിട് അടിച്ചു പൊട്ടിച്ചതുപോലെയുള്ള  കലാപാടികളും  നോക്കാം. തലസ്ഥാനത്തു   ഇടയ്ക്കു  ഹർത്താലും ആവാം. അങ്ങനെ  തിരുവനതപുരം എയർപോർട്ടിൽ  ആളുകൾ  ഇറങ്ങാൻ  സമ്മതിക്കരുത്. അവർ  വല്ല കൊച്ചിയിലോ കോഴിക്കോട്ടെ  ഇറങ്ങി  വണ്ടി  പിടിച്ചു  വരട്ടെ.. പ്രവാസികൾ  എല്ലാം  ഭയങ്കര  പൈസക്കാരായതിനാൽ വണ്ടി  പിടിച്ചു പോരുന്നതിനു  പ്രശ്നം ഉണ്ടാവില്ല.അവർക്കു  സർക്കാർ   കൊടുക്കാന്നു   പറഞ്ഞിട്ടും  അഹങ്കാരം  കൊണ്ട്  ക്വാറന്റ്റ്റൻ  ചിലവുപോലും  അവർ  തന്നെ  അല്ലെ  വഹിക്കുന്നത്.അതുപോലെ  വണ്ടിക്കൂലിയും  കൊടുക്കട്ടെ..സമരം  തുടങ്ങുമ്പോൾ  സർക്കാർ  വണ്ടി  വിളിച്ചു  കൊടുക്കും  എന്ന്  താങ്ങിയാൽ  മതി. പിന്നെ കൊടുത്തില്ലേലും  കുഴപ്പമില്ല. പിന്നെ  പ്രവാസിക്ക്  വോട്ടും ഇല്ലല്ലോ . ഇതൊക്കെ  ധാരാളം. 


അദാനി  എടുത്താൽ  ആറാട്ടു  മുടങ്ങും  എന്നുള്ള  വാദം  ആരോ  പറഞ്ഞു  കേട്ടു.ശബരിമല  വിഷയത്തിൽ  ഭക്തരുടെ കൂടെയായിരുന്നല്ലോ  അങ്ങയുടെ  പാർട്ടി. അപ്പോൾ പിന്നെ  ആറാട്ടു  വിഷയത്തിലും  അങ്ങനെ  തന്നെ  ആയിരിക്കും എന്നറിയാം. ശബരിമല  വിഷയത്തിൽ  മതില്  കെട്ടാൻ  കൂടെ  നിന്ന  ഒരു  സഭയെ സർക്കാർ  ചതിച്ചു  എന്നൊക്കെ  ചിലർ  അടക്കം  പറയുന്നുണ്ട്. മതിൽ വേറെ  പള്ളി  വേറെ .അല്ല പിന്നെ !


വിമാനത്താവളം  ഏറ്റെടുത്തു കഴിഞ്ഞാൽ യൂണിയൻകാർ  അവിടുത്തെ  കാര്യങ്ങൾ നന്നായി  നടത്തും  എന്ന്  ആർക്കാണ്  അറിയാത്തതു. ബാഗേജ് സ്വന്തമായി  എടുക്കുന്നവർക്ക്  നോക്കുകൂലി  ഏർപ്പെടുത്താവുന്നതാണ്. യൂണിയന്കാരുടെ  ആരോഗ്യത്തിനും  മാനസികോല്ലാസത്തിനു  അതുപകരിക്കും .മിന്നൽ പണിമുടക്ക്  വന്നാൽ  വിമാനം  ഇറങ്ങില്ല  എന്നല്ലേ  ഉള്ളു.സാരമില്ല.നമുക്ക്  തൊഴിലാളികളാണ്  വലുത്. പ്രവാസികൾ  ഒരു  പാഠം പഠിക്കട്ടെ.  ഇവിടെ പണിയില്ലാഞ്ഞിട്ടോ സമരങ്ങൾ  ഉള്ളതുകൊണ്ടു വ്യവസായം  തുടങ്ങാൻ പറ്റാതകൊണ്ടോ ഒന്നുമല്ലല്ലോ  അവർ കടലുകടന്നു പോയത്. സുഖിക്കാനല്ലേ.അവർക്കു  അത്  തന്നെ  വരണം. അവിടെ  എല്ലാവക്കും  സുഖജോലിയാണ്, ചൂടൊന്നും കൊള്ളാതെ  എപ്പോഴും  എസി  ഒക്കെ ഇട്ടിരിക്കുകയാണ്  എന്നാർക്കാണ്  അറിയാത്തതു.


 ഇനി  വ്യവസായം  തുടങ്ങാൻ താല്പര്യമുള്ളവർക്ക്  ആത്മഹത്യ  ഉൾപ്പെടെ  എന്തെല്ലാം  നല്ല  അവസരങ്ങളാണ്  കേരളത്തിലുള്ളതെന്നു  ആർക്കാണ്  അറിയാത്തതു.വ്യവസായം  തുടങ്ങാൻ  വരുന്നവരെ  ഭീഷണിപ്പെടുത്തി  എത്രയാളുകൾ ജീവിക്കുന്നുണ്ട്  എന്ന്  ഇവറ്റകൾക്ക്  അറിയില്ലല്ലോ. പ്രളയംപോലെയുള്ള  ദുരന്തങ്ങൾ  വരുമ്പോഴും അതുകൊണ്ടു  ജീവിക്കുന്നവരും ഉണ്ടെന്നു   ഇവർ  മനസിലാക്കുന്നില്ല .ഏരിയാ  സെക്രട്ടറിക്കും  ഒരു  കുടുംബം  ഉണ്ടെന്നു  ഇവരൊക്കെ  ഓർക്കട്ടെ. 


നിയമനങ്ങൾ  കേന്ദ്രം  നേരിട്ട്  നടത്തും എന്നൊക്കെ  വാർത്ത  കണ്ടു.സമ്മതിക്കരുത്. നിയമനങ്ങൾ  നമ്മൾ  നടത്തിയാലേ  നമ്മുടെ  ആൾക്കാരെ  തിരുകിക്കേറ്റാണ്  പറ്റൂ.  തന്നെയുമല്ല പാർട്ടിയുടെ ആളുകൾ ആണല്ലോ പി.എസ്.സി അംഗമായി  ഇരിക്കുന്നത്  ലക്ഷങ്ങൾ  ശമ്പളം മേടിക്കുന്ന  ഈ  പാവങ്ങളുടെ  സ്ഥിതി  എന്താവും. റാങ്ക് ലിസ്റ്റ്  പോയെ എന്ന്  പറഞ്ഞു നിലവിളിക്കുന്ന  സി.പി.ഓ ഉദ്യോഗാർത്ഥികൾക്ക്‌  അതൊന്നും  അറിയേണ്ടല്ലോ.


 തിരുവനന്തപുരത്തു  ഡ്യുട്ടി ഫ്രീ  ഷോപ്പിലെ  എന്നാണറിവ്  സർക്കാർ എടുത്താൽ  അതൊരെണ്ണം  തുടങ്ങണം  എന്നൊരു  അപേക്ഷയുണ്ട് .ഒരു ബെവ്കോ  ഔട്ട്ലെറ്റ്  കൂടു  അനുവദിക്കാവുന്നതാണ്.  പ്രവാസികളെ  സ്വീകരിക്കാനും  കൊണ്ട് വിടാനും  വരുന്നവർക്കും  മാനസികോല്ലാസം  വേണമല്ലോ.  ഞങ്ങൾ  തുറക്കുന്നതു  സ്‌കൂൾ  അല്ല ബെവ്കോ ആണെന്ന് വീഡിയോയിൽ  ഒരു  ചെറിയ  മാറ്റം  വേണ്ടിവരും  അത്രമാത്രം. അല്ലെങ്കിൽ  തന്നെ  സ്‌കൂൾ  ഒക്കെ ഇനി  എന്ന്  തുറക്കാൻ. ഒരു ബെവ്കോ കൂടി  തുറന്നാൽ  അത്രയും  ഖജനാവിന്  നല്ലതു.


എല്ലാം  ശരിയാക്കിക്കൊണ്ടിരിക്കുന്ന  സർക്കാർ  തിരുവനന്തപുരം  വിമാനത്താവളം കൂടി  ശരിയാക്കുമെന്നുള്ള  ഉത്തമ വിശ്വാസത്തിൽ 


വിശ്വസ്തൻ 


കൊച്ചു തോമാ ( കെ. ടി .തോമസ് )


 

Aug 1, 2020

അമേരിക്കയിലെ ഒരു പുതിയ വീടിന്റെ കാഴ്ചകൾ !!!


വില്ലേജ്‌മാൻ  വീഡിയോ ബ്ലോഗ് രംഗത്തേക്കും...ദയവായി  സബ്‌സ്ക്രൈബ് ചെയ്യുക!

Jul 6, 2020

നട്ടാശ്ശേരിക്ക് തീയ്ക്കു പോയപ്പം !


മകളുടെ  മുറിയിൽ അവളുടെ  കട്ടിലിൽ വെറുതെയിരിക്കയായിരുന്നു സാറ.ബെഡ്ഷീറ്റിനുഇപ്പോഴും അവളുടെ  ഗന്ധം ഉണ്ടെന്നു  സാറക്ക്  തോന്നി.അവളുടെ  അപ്പനെ കെട്ടിപ്പിടിച്ചിരിക്കുന്ന  ഒരു  ചെറിയ  ചിത്രം   ആ മേശപ്പുറത്തു   അപ്പോഴും  ഉണ്ടായിരുന്നു. എഴുന്നേറ്റു  ചെന്ന് മകളുടെ  അലമാര  തുറന്നു അവളുടെ  ഒരു ചെറിയ  ഉടുപ്പ്  എടുത്തു മൂക്കിനോട്    ചേർത്തപ്പോൾ  ബേബി സോപ്പിന്റെയോ,പൗഡറിന്റെയൊ  കാച്ചിയ എണ്ണയുടേതോയെന്നറിയാത്ത  ഒരു  ഗന്ധം സാറയ്ക്ക്  അനുഭവപ്പെട്ടു.എന്നാൽ  അത്  വസ്ത്രത്തിന്റേതല്ലായിരുന്നുവെന്നു സാറയ്ക്കറിയാമായിരുന്നു.ചെറുതായിരുന്നപ്പോൾ മുതൽ  മകളുടെ ഗന്ധം അതൊക്കെത്തന്നെയായിരുന്നതുകൊണ്ടായേക്കാം.   

അടുത്ത  മുറിയിൽ  അപ്പന്റെ   സ്ഥിതിയും മറ്റൊന്നായിരുന്നില്ല.അയാളും   മകളെക്കുറിച്ചു തന്നെ  ആലോചിച്ചു  കട്ടിലിൽ  തന്നെ കിടപ്പായിരുന്നു.നാലോ  അഞ്ചോ  വയസ്സുവരെ മകളെ  നെഞ്ചിൽ തന്നെയായിരുന്നു  അയാൾ ഉറക്കിയിരുന്നത്.ഏകമകളായതിനാലാവണം,മകളോട്  അതിരറ്റ സ്നേഹമായിരുന്നു അയാൾക്ക്.സാറ വഴക്കു പറയുമ്പോഴും,ചിലപ്പോൾ അടികൊടുക്കുമ്പോഴും,അയാളുടെ പിന്തുണയായിരുന്നു അവൾക്കെപ്പോഴും കിട്ടിയിരുന്നത്."അപ്പന്റെ  മകൾ"എന്ന്  സാറ   അൽപ്പം  അസൂയയോടെ  പറയുമ്പോൾ   അയാൾ ഗൂഢമായ ഒരു   സന്തോഷം അനുഭവിച്ചിരുന്നു "നട്ടാശേരിക്കാരി"എന്ന്   വിളിക്കുമ്പോൾ സാറയുടെ ദേഷ്യം കാണാൻ അയാൾക്കും മകൾക്കും  ഒരുപോലെ ഇഷ്ട്ടമായിരുന്നു. 

അവളെ  ആദ്യം  കൈയിലെടുത്ത  ദിവസവും, ആദ്യം അവൾ  നടന്ന  ദിവസവും അവളെ  സ്‌കൂളിൽ  ചേർത്ത  ദിവസവും പിന്നെ  അവളുടെ കുഞ്ഞിക്കൈപിടിച്ചു  നടക്കാൻ പോയതുമൊക്കെ  അയാളുടെ  മനസ്സിലേക്ക്   പിന്നെയും പിന്നെയും വന്നുകൊണ്ടേയിരുന്നു. അവൾ മുട്ടിലിഴഞ്ഞു നടക്കുന്ന  സമയത്തു പിന്നിൽ നിന്നും പിടിക്കാൻ ചെല്ലും പോലെ ശബ്ദമുണ്ടാക്കുന്നതും  അത് കേട്ട് വേഗത്തിൽ ഇഴഞ്ഞു പോകുന്നതുമൊക്കെ ഓർത്തപ്പോൾ അയാൾക്ക് ചിരി വന്നു. 

മറിയത്തിന്റെ  പഴയ ഫോട്ടോ  ആൽബങ്ങൾ  എടുത്തു അതിൽ   തെരുപ്പിടിക്കുമ്പോഴും അയാളുടെ  കണ്ണുകൾ  നിറഞ്ഞു  തന്നെ  ഇരുന്നു. രണ്ടു കൈവിരലുകളും  മടക്കിപ്പിടിച്ചു  അയാളുടെ  മടിയിൽ  ഇരിക്കുന്ന  ഒരു ചിത്രം നോക്കുമ്പോൾ  ആ  പഴയ   പാട്ടു  അയാൾക്ക് ഓർമ്മ  വന്നു.

"നട്ടാശ്ശേരിക്ക് തീയ്ക്കു പോയപ്പം  നത്തുകടിച്ചെന്റെകൈയൊടിഞ്ഞേ"

വീട്ടിച്ചെന്നിട്ട്,കൊച്ചുപൂച്ചക്കു,ചോറുകൊടുത്തപ്പോ...... കൈനിവർന്നേ! 

ചെറുപ്പത്തിൽ  മറിയത്തെ  കളിപ്പിക്കുമ്പോൾ  പാടാറുള്ള  ഒരു പാട്ടായിരുന്നു  അത്.പിന്നീട്  വളർന്നപ്പോൾ,അയാൾ  അപൂർവമായി   മാത്രം  ദേഷ്യപ്പെടുകയോ പിണങ്ങുകയോ  ചെയ്യുമ്പോൾ  മറിയം  ഈ പാട്ടുപാടി  അയാളെ  ഇക്കിളിയിടുമായിരുന്നു .
മറിയം വീടുവിട്ടുപോകും  എന്ന്  അയാൾ സ്വപ്നത്തിൽ പോലും  വിചാരിച്ചിട്ടുണ്ടായിരുന്നില്ല. അയാളുടെ  വാക്കുകൾ  അവൾ  അതിനു  മുൻപ് ഒരിക്കലും  ധിക്കരിച്ചിട്ടുണ്ടായിരുന്നിന്നില്ല. സ്നേഹവും  സ്വാതന്ത്ര്യവും ആവോളം കൊടുത്തുതന്നെയായിരുന്നു  അയാൾ  മറിയത്തെ വളർത്തിയത്.മറിയത്തെക്കുറിച്ചു ഒരുപാട് സ്വപ്‌നങ്ങൾ  അയാൾക്കുണ്ടായിരുന്നു.അവൾ പഠിച്ചു ഉയരങ്ങളിൽ എത്തണമെന്നും നല്ല  ഒരു ജോലി നേടണമെന്നും സ്വന്തം കാലിൽ നിൽക്കണമെന്നുമൊക്കെ  സാധാരണ  ഏതൊരു പിതാവിനെപ്പോലെയും   അയാൾ  ആഗ്രഹിച്ചു .അവളുടെ  വിവാഹം  ആർഭാടമായി നടത്തണമെന്നും പിണങ്ങി കഴിഞ്ഞിരുന്ന  അയാളുടെ  വീട്ടുകാരുമായി  ഈ വിവാഹം വഴി എല്ലാം തീർപ്പാക്കാമെന്നും  അയാൾ മോഹിച്ചു. പക്ഷെ... മറിയം പോയിട്ടു  അന്നേക്ക് മൂന്നാം  നാളായിരുന്നു. ഓർമ്മ വെച്ച കാലം മുതൽ അവർക്കു  മറിയത്തെ പിരിഞ്ഞു  നിൽക്കേണ്ടി വന്നിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ,ഈ  മൂന്നുദിവസം  സഹിക്കാവുന്നതിലുപ്പുറത്താണെന്ന് അയാൾക്ക് 
തോന്നിത്തുടങ്ങിയിരുന്നു . 

മറ്റൊരു മതത്തിൽപെട്ടവനായതുകൊണ്ടായിരുന്നില്ല അയാൾ സമീറുമായുള്ള  മറിയത്തിന്റെ അടുപ്പത്തെ എതിർത്തതു.പണവും   അയാൾക്ക് ഒരു പ്രശ്നമായിരുന്നില്ല.എന്നാൽ  അയാളെ കുറിച്ച റിഞ്ഞ വിവരങ്ങൾ അത്രക്കും നല്ലതായിരുന്നില്ല.മാത്രവുമല്ല  സ്ഥിരമായ  ഒരു ജോലിയോ വരുമാനമോ  സമീറിനുണ്ടായിരുമില്ല. സ്‌കൂൾവിദ്യാഭ്യാസം   മാത്രമേ അയാൾക്കുണ്ടായിരുന്നുള്ളു.പോസ്റ്റ് ഗ്രാജുവേഷന് പഠിക്കുന്ന  ഒരു  കുട്ടിയെ ങ്ങനെ  അയാളിൽ അനുരക്തനായി  എന്നത്  അയാൾക്ക്  എത്ര ചിന്തിച്ചിട്ടും  മനസ്സിലാക്കാൻ  സാധിച്ചിരുന്നില്ല. പ്രേമം  നടിച്ചു പെൺകുട്ടികളെ കടത്തുന്ന സംഘത്തിൽ ഉൾപ്പെട്ടതായേക്കാമെന്നുള്ള   ശങ്കപോലും  അയാൾക്ക്  ഉണ്ടായിരുന്നില്ല. മറിയത്തിന്റെ  ഭാവി  എന്നൊരു  ഒറ്റ ചിന്ത മാത്രമേ അയാളുടെ ഉള്ളിലുണ്ടായിരുന്നുള്ളു.ഇത്രനാളും ചിറകിനടിയിൽ  എന്നതുപോലെ സൂക്ഷിച്ചു വളർത്തിക്കൊണ്ടു വന്നിട്ട്..അയാൾക്ക്  തന്നോട് തന്നെ പുച്ഛം തോന്നി..അടുത്ത നിമിഷം തന്നെ മകൾ  വളർന്നു  വലുതായൊന്നും പഴയ കുഞ്ഞല്ലാ എന്നും അവൾക്കു  അവളുടെ  ജീവിതം തിരഞ്ഞെടുക്കാനുള്ള  സ്വാതന്ത്ര്യമുണ്ടെന്നും അയാൾ  തന്നോട്  തന്നെ പറഞ്ഞു.

വളരെയധികം  ആലോചിച്ചതിനു  ശേഷം  അയാൾ മറിയത്തിന്റെ ഫോണിലേക്കു  വിളിക്കാം  എന്ന് വിചാരിച്ചു.അവളുടെ  ഇഷ്ട്ടം  അത് തന്നെയെങ്കിൽ  അത്  നടത്തിക്കൊടുക്കാമെന്നു അയാൾ  തീരുമാനിച്ചു.ഫോൺ  എടുത്തു  ഡയൽ ചെയ്യുമ്പോൾ  സാറയോട്  ഒരു വാക്കു ചോദിക്കണമോ  എന്ന് അയാൾ  സന്ദേഹിച്ചു. ഒരു  നീണ്ട  നിശബ്ദതയ്ക്കു ശേഷം ഫോൺ സ്വിച്ച് ഓഫ് എന്ന  മെസ്സേജ്  വന്നപ്പോൾ  എന്തെന്നില്ലാത്ത ഒരു  പരവേശം  അയാൾക്ക്  തോന്നി.സാറയെ വിളിച്ചു അൽപ്പം  വെള്ളം  ആവശ്യപ്പെടാമെന്നു വിചാരിച്ചിട്ട് ശബ്ദം പുറത്തേക്കു  വരുന്നില്ല എന്നയാൾക്ക്‌  തോന്നി.അതെ  നിമിഷം  കോളിംഗ് ബെൽ  അടിക്കുന്ന  ശബ്ദം  അയാൾ  കേട്ടു .


എഴുന്നേറ്റുപോയി  വാതിൽ  തുറക്കണമെന്ന  ന്നയാൾക്ക്‌ തോന്നിയില്ല.വിവരം അറിഞ്ഞു വരുന്ന ബന്ധുക്കളെയും   സുഹൃത്തുക്കളെയും അയൽക്കാരെയും നേരിടാൻ  അയാൾക്ക് ഭയമായിരുന്നു."ലൗജിഹാദാരിക്കും..ഇനി സിറിയയിൽ നോക്കിയാൽ  മതി" എന്നൊക്കെയുള്ള തീരെ ദയയില്ലാത്ത സംസാരങ്ങളിൽ  അയാൾ  മനം മടുത്തിരുന്നു. "മോള് ഏതോ ഒരുത്തന്റെ കൂടെ ചാടിപ്പോയി" എന്ന്  പറഞ്ഞു  ചിരിക്കയും അയാളുടെ  മുന്നിൽ ദുഃഖം  അഭിനയിക്കുകയും സഭയുടെ  ഇന്നത്തെ അവസ്ഥയെക്കുറിച്ചു വേവലാതിപ്പെടുകയും ചെയ്യുന്നവരെ  അയാൾ മനസ്സാ  ശപിച്ചു.

വാതിൽക്കലേക്കു  നോക്കി  ചെവി വട്ടംപിടിച്ചപ്പോൾ മുളചീന്തുന്നതു പോലുള്ള  ഒരു നേരിയ  കരച്ചിൽ  അയാൾ  കേട്ടു .വന്നവർ  ആരോ സാറയെ    വിഷമിപ്പിച്ചുവെന്നയാൾക്ക്‌ മനസ്സിലായി.നിസ്സഹായതയും വേദനയും കോപവും ഒക്കെ  കലർന്ന്   എന്തോ ഒരു ബുദ്ധിമുട്ടു   അയാൾക്ക്  തോന്നി.വീട്ടിൽ  വന്നു കപട സ്നേഹം  കാണിക്കുന്നവരെ   എങ്ങനെ കൈകാര്യം ചെയ്യണമെന്ന്   അയാൾക്ക്‌  ഒരു രൂപമുണ്ടായിരുന്നില്ല.സാറയെ  ആരെങ്കിലും വേദനിപ്പിക്കുന്നത് യാൾക്കു സഹിക്കാനാവുമായിരുന്നില്ല.അത്രക്കും  അയാൾ സാറയെ  സ്നേഹിച്ചിരുന്നു . 

മുറിയുടെ പുറത്തേക്കു  കോപാകുലനായി    ചെന്ന അയാൾ  ഒരു  നിമിഷം  സ്തബ്ധനായി.വാതിൽക്കൽ മറിയം  നിൽക്കുന്നുണ്ടായിരുന്നു.അവളുടെ കൈകളിൽ രണ്ടു  ബാഗുകളും. സാറ  സാരിയുടെ തുമ്പു കൊണ്ട്  വായ മൂടി  ചെറിയ  ശബ്ദത്തിൽ ഏങ്ങലടിക്കുന്നുണ്ടായിരുന്നു. അയാളുടെ  കണ്ണ്  നിറഞ്ഞൊഴുകി. ഒരു   ഭ്രാന്തമായ ആവേശത്തിൽ അയാൾ  മറിയത്തിന്റെ അടുത്തേക്ക്  ചെന്നു.അവളെ കെട്ടിപ്പിടിച്ചു ശബ്ദമില്ലാതെ  അയാൾ  കരഞ്ഞു .

മറിയത്തിന്റെ മുഖം  രക്തം  വാർന്നു പോയതുപോലെയോ,നിർവികാരമായോ കാണപ്പെട്ടു.ഒരുവേള,സമീറവളെ സ്വീകരിക്കാതെയിരുന്നോ,അതോ അവളുടെ പ്രതീക്ഷകൾ പോലെയല്ലായിരുന്നോ  അയാളുടെ ഒപ്പമെന്നുള്ള ജീവിതമെന്നാണോ  ആ ഭാവത്തിന്റെ പിന്നിലെന്നത്  അയാൾക്ക് മനസ്സിലായില്ല."മോൾക്ക് ന്നായിട്ടു   വിശക്കുന്നുണ്ടാവും.എടീ നട്ടാശേരിക്കാരി.നീയെന്നാ  നോക്കി നിക്കുവാ?കൊച്ചിന്  എന്തെങ്കിലും എടുത്തു കൊടുക്കു"എന്ന് കണ്ണീരിനിടയിലും  ചിരി വരുത്തിക്കൊണ്ട് അയാൾ  സാറയോട്  പറഞ്ഞു.


മറിയത്തിന്റെ കണ്ണുകളിൽ നിന്നും  കണ്ണുനീർ  ധാരയായി ഒഴുകി..അയാളുടെ വിരലുകൾ മടക്കിവെക്കുകയും ഓരോന്നായി തുറക്കുകയും ചെയ്തിട്ട് തേങ്ങലുകൾക്കിടയിൽ അവൾ പാടി ."നട്ടാശ്ശേരിക്ക്  തീയ്ക്കു പോയപ്പം "