Jul 5, 2019

ഓർമ്മത്താഴ്വരയിൽ നിലീന ...

നീണ്ട ബെല്ലുകൾക്കൊടുവിൽ അങ്ങേത്തലക്കൽ ഒരു പരുഷ സ്വരം കേട്ടു  " ആരാ "?


അന്നേ  ദിവസം നാലാമത്തെ  തവണയായിരുന്നു അയാൾ ഫോൺ ചെയ്യുന്നത്..മൂന്നുതവണയും ആരും ഫോൺ എടുക്കയോ തിരിച്ചു  വിളിക്കുകയോ  അയാളുടെ എസ്.എം.എസിനു മറുപടി അയക്കുകയോ ചെയ്യാഞ്ഞതു അയാളിൽ അത്ഭുതമുളവാക്കി.


"ആരാ" എന്ന ചോദ്യം അയാളിൽ ലേശം ദേഷ്യം ഉളവാക്കിയിരുന്നു. എന്നിട്ടും അയാൾ ചോദിച്ചു  "നിലീന ..നിലീന ജോസെഫിന്റെ വീടല്ലേ?""നിങ്ങൾ ആരാ.എവിടുന്നാ.എന്താ കാര്യം"എന്ന് ഒരു തരം   ഈർഷ്യയോടെയുള്ള  ചോദ്യശരങ്ങൾ വന്നപ്പോൾ  അയാളൊന്നു  പകച്ചു.എന്നിട്ടും അയാൾ ശാന്തതയോടെ പറഞ്ഞു."ഞാൻ തോമസ്.തിരുവനന്തപുരത്താണ് വീട് .നിലീനയുടെ ക്ലാസ്സ്മേറ്റാണ്.വളരെക്കാലമായി ഞങ്ങൾ തമ്മിൽ  കണ്ടിട്ട്.ഇവിടെ കോഴിക്കോട് വരെ വരേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു.വന്നാൽ നിലീനയെ   ഒന്ന് കാണാൻ  സാധിക്കുമോ ?


ഒരു നിശ്ശബ്ദതക്കു  ശേഷം അയാൾ പറഞ്ഞു ."വന്നോളൂ ".


വർഷങ്ങൾക്ക് ശേഷം അവിചാരിതമായി കണ്ടുമുട്ടിയ രാമചന്ദ്രനായിരുന്നു  നിലീനയുടെ വിലാസവും നമ്പറും നൽകിയത്.ഔദ്യോഗികാവശ്യത്തിനായി കോഴിക്കോട്ടു ചെന്നതായിരുന്നു തോമസ്.ഇനി കോഴിക്കോട്ടു പോകേണ്ടി വരുമ്പോൾ  നിലീനയെ  കാണണം  എന്നയാൾ ഉറപ്പിച്ചിരുന്നു.വളരെ മിടുക്കിയായ ഒരു കുട്ടിയായിരുന്നു  നിലീന. സുന്ദരിയായിരുന്നു  അവൾ. കോളേജിൽ മിക്കവാറും എല്ലാപേരും  അറിയുന്ന ഒരു പെൺകുട്ടി.പഠിത്തത്തിൽ മുന്നിൽ.നന്നായി പാടും.അസാമാന്യ നേതൃഗുണം.എല്ലാം കൊണ്ടും "സ്മാർട്ട്"  എന്ന് പറയാവുന്ന ഒരു  കുട്ടി.കോളേജിൽ  ആർട്സ്ക്ലബ്സെക്രട്ടറി ആർട്സ്ക്ലബ്സെക്രട്ടറിഒക്കെയായിരുന്നു.അയാൾക്ക് നിലീനയോടു ഒരുതരം ഗൂഢപ്രണയം തന്നെ ഉണ്ടായിരുന്നു എന്നുള്ളതായിരുന്നു സത്യം.ഏതാണ്ട് അതുപോലെയൊക്കെത്തന്നെ  നിലീനയോടു ആരാധനയുള്ള ഒരുപറ്റം  സുഹൃത്തുക്കൾ അയാളുടെ  സൗഹൃദവലയത്തിൽത്തന്നെ ഉണ്ടായിരുന്നു.അതിൽ  പലരുടെയും പേരുകൾ ഓർമ്മയിൽ നിന്നും പരതിയെടുക്കാൻ   അയാൾ ശ്രമിച്ചു.പലരുടെയും മുഖങ്ങൾ ഓർമ്മ വന്നെങ്കിലും പേരുകൾ മറവിയിലേക്കു  മറഞ്ഞിരുന്നു.റിട്ടയർമെന്റ്  അടുക്കുംതോറും  മറവിയെ ന്നുള്ളത് അയാൾക്ക്  ഒരു സാധാരണ കാര്യമായി  മാറിയിരുന്നു.ചില പ്രത്യേക   വാക്കുകൾ,ചിലചില സാധനങ്ങൾ,എന്നും കാണുമെങ്കിലും ചിലരുടെ പേരുകൾ, പെട്ടെന്ന്  ഓർത്തെടുക്കുന്നതിൽ ഒരു ബുദ്ധിമുട്ടു.അത്ര മാത്രം. ചില്ലറ  മറവി എന്നതിൽ കവിഞ്ഞു  അയാളതിന് വലിയ   പ്രാധാന്യം കൊടുത്തിരുന്നില്ല.കാരണം  പ്രായമേറിവരുന്നു  എന്നത് അംഗീകരിക്കാൻ  അയാൾ ഒരുക്കമായിരുന്നു. കോളേജ്  വിട്ടതിനു  ശേഷം നിലീനയെക്കുറിച്ചു ഒരു വിവരവും  ഉണ്ടായിരുന്നില്ല.കോളേജ് യൂണിയൻ ചെയർമാനുമായി  അവൾ  അടുപ്പത്തിലായിരുന്നു  എന്ന് അന്നൊക്കെ  പലരും പറഞ്ഞിരുന്നു. അവളെ  വിവാഹം  ചെയ്തയച്ചത്  കോഴിക്കോട്ടാണെന്നു  രാമചന്ദ്രൻ  പറഞ്ഞപ്പോൾ  ഒരുപക്ഷെ അത്  മറ്റാരോ  ആയിരിക്കാമെന്നു എന്തുകൊണ്ടോ തോമസിനു  തോന്നി.അതോ യൂണിയൻ ചെയർമാനോടുണ്ടായിരുന്ന അസൂയയായിരുന്നോ അതിന്റെ പിന്നിൽ ? നഗരത്തിൽ നിന്നും  കുറെകലെ,ഒരു    ചെറിയ  കുന്നിന്റെ  താഴ്വരയിലായിരുന്നു  നിലീനയുടെ പഴയ ഇരുനിലവീട്.ചുവരുകളുടെ  പെയിന്റൊക്കെ പഴയതായി നിറം  മങ്ങിയിരുന്നു. മുറ്റത്തു പുല്ലുകൾ വളർന്നു നിറഞ്ഞുനിന്നിരുന്നു.
ചിലന്തിവലകൾ   പലയിടത്തും തൂങ്ങിക്കിടന്നിരുന്നു.വളരെക്കാലമായി ആൾപെരുമാറ്റമില്ലാത്തവീടുപോലെ.എന്തുകൊണ്ടോ ഒരു തരം   നെഗറ്റിവ്  എനർജി  അവിടെ  ഫീൽ ചെയ്യുന്നതുപോലെ തോമസിനു  തോന്നി.കോളിംഗ് ബെൽ  അമർത്തി  വളരെ നേരത്തിനു  ശേഷം ഏകദേശം മുപ്പതു വയസ്സ്  തോന്നിക്കുന്ന ഒരു  ചെറുപ്പക്കാരൻ  വാതിൽ  തുറന്നു.


"ഞാൻ  കാലത്തെ  വിളിച്ചിരുന്നു.നിലീനയുടെ  ക്‌ളാസ്സ്‌മേറ്റ്".തോമസ്   പറഞ്ഞു.

"വരൂ...മമ്മിയെ കാണാം".


ഒരു  അടുക്കും  ചിട്ടയും ഇല്ലാത്ത വീടായിരുന്നു  അത്.അകത്തെ മുറിയിലേക്ക് ചെല്ലുമ്പോൾ തുറന്നിട്ടിരുന്ന  ജനലിലൂടെ  പുറത്തേക്കു  നോക്കി  കിടക്കുകയായിരുന്നു  നിലീന. മുടിയെല്ലാം വെളുത്തിരുന്നു.മെലിഞ്ഞു പൊക്കമുണ്ടായിരുന്ന അവൾ ഒരുപാട് തടിച്ചതുപോലെ അയാൾക്ക്  തോന്നി.


"അമ്മേ  ഇതാരാണ്  വന്നിരിക്കുന്നത്  എന്ന് നോക്കു". നിലീനയുടെ  മകൻ പറഞ്ഞു.നിലീന  പതുക്കെ  തല ചെരിച്ചു  നോക്കി. അയാൾ  ചെറുതായി  ചിരിച്ചിട്ട്  ചോദിച്ചു."ഓർക്കുന്നുണ്ടോ  എന്നെ? ഞാൻ   തോമസ്.ഡിഗ്രിക്ക്  നമ്മൾ  ഒരു ക്ലാസിലായിരുന്നു"."തോമസ് .തോമസ്"  ..നിലീന  രണ്ടുപ്രാവശ്യം  ആ പേര് ഉച്ചരിച്ചു..എന്നിട്ടു അയാളുടെ  നേരെ  തുറിച്ചു നോക്കി.


"ഓർമ്മിക്കാൻ  തരമില്ല...കാരണം  ക്ലാസ്സിൽ ഞാനൊരു മിണ്ടാപ്പൂച്ചയായിരുന്നു.നിലീന പിന്നെ കോളേജിൽ  എല്ലാവരാലും  അറിയപ്പെടുന്ന  ഒരാളായിരുന്നല്ലോ".


നിലീന  ഒന്നും പറഞ്ഞില്ല.അയാളുടെ മുഖത്തേക്ക്  തന്നെ നോക്കിയിരുന്നു.അൽപ്പം  തടിച്ചിട്ടുണ്ടെങ്കിലും   ഇപ്പോഴും  സുന്ദരി തന്നെ  എന്ന്  പെട്ടെന്ന്  തോമസിനു  തോന്നി.


"നമ്മുടെ  സുഹൃത്തുക്കളെ  ആരെയെങ്കിലും  കാണാറുണ്ടോ? നിലീന പിന്നെ  ആർട്സ്ക്ലബ് സെക്രട്ടറി  ഒക്കെ  ആയിരുന്നത് കൊണ്ട്  ഒരു  വലിയ സൗഹൃദമുണ്ടായിരുന്നല്ലോ?"ഞാൻ ചോദിച്ചു.എന്തോ ഓർക്കാൻ ശ്രമിക്കുന്നതുപോലെ നിലീന  പറഞ്ഞു."ആർട്സ് ക്ലബ്  സെക്രട്ടറി.....ആർട്സ് ക്ലബ് സെക്രട്ടറി " ?"സാർ ക്ഷമിക്കണം...അമ്മക്ക് ഓർമ്മശക്തി  നഷ്ട്ടപ്പെട്ടിട്ടു കുറെനാളായി.ഇപ്പോൾ സ്വന്തം  പേര് പോലും ഓർമ്മയില്ല.വിളിച്ചപ്പോൾ പറയണമെന്നുണ്ടായിരുന്നു.ഒരുപക്ഷെ അമ്മക്ക്  പഴയകാര്യങ്ങളോ  പഴയ സുഹൃത്തുക്കളെയോ    ഓർമ്മകാണുമോ എന്ന്  നോക്കാമെന്നു  വിചാരിച്ചായിരുന്നു  വരാൻ പറഞ്ഞത്".ക്ഷമാപണ സ്വരത്തിൽ  അയാൾ പറഞ്ഞു നിർത്തിയപ്പോൾ  അയാൾ  ശരിക്കും  ഞെട്ടി. ഓർമ്മശക്തി  നഷ്ടപ്പെടുക  എന്നത്  ഇത്രമാത്രം  ഭീതിതമായ  ഒരു അവസ്ഥയാണ്  എന്ന്  അയാൾക്ക് ഒരിക്കൽ പോലും  തോന്നിയിരുന്നില്ല. സ്വന്തം പേരുപോലും ഓർമ്മിക്കാൻ സാധിക്കാത്ത നിലയിലാണ്  നിലീന  എന്നയാൾക്ക്‌  മനസ്സിലായി.കോളേജിൽ  കൂടെപ്പഠിച്ച  പലരുടെയും  കാര്യങ്ങൾ  അയാൾ  ചോദിച്ചെങ്കിലും   നിലീന  ഒന്നും പറഞ്ഞില്ല.യാത്ര പറഞ്ഞിറങ്ങുമ്പോൾ  ഉപചാരം  എന്നോണം  അയാൾ പറഞ്ഞു."വീണ്ടും  കാണാം  നിലീന".തിരിയെ പോകുമ്പോൾ അയാൾ ഓർത്തത്  ജീവിതത്തിന്റെ നിരർത്ഥകതയെക്കുറിച്ചായിരുന്നു.അന്നത്തെ  പ്രസരിപ്പു  നിറഞ്ഞ  സുന്ദരിയായ  ആ പെൺകുട്ടിയെവിടെ.ഇന്ന്  സ്വന്തം പേരോ,മക്കളെയോ പോലും ഓർമ്മിച്ചെടുക്കാൻ  കഴിയാത്ത നിലീന  എവിടെ  എന്നോർത്തപ്പോൾ അയാളുടെ കണ്ണിൽ  അറിയാതെ ഒരിറ്റു  കണ്ണീർ പൊടിഞ്ഞു.


തികച്ചും  വിരസമായ  ഒരു മടക്കയാത്രയായിരുന്നു  അയാളുടേത്.തീവണ്ടിയിൽ   ഇരിക്കുമ്പോൾ അയാൾ കോളേജ്  ദിനങ്ങളെ ഓർമ്മിച്ചെടുക്കാൻ  ശ്രമിച്ചു.അവ്യക്തമായ ഒരു നേരിയ  പാട ആ  കാലത്തിനുമേൽ പടർന്നുകിടക്കുന്നതു പോലെ  അയാൾക്കനുഭവപ്പെട്ടു.മറവിയുടെ ഗർത്തത്തിലേക്ക് താൻ പതിക്കുകയാണോ   എന്നയാൾ ഭയപ്പെട്ടു .


അയാൾ തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും  രാവിലെയായിരുന്നു.ചായ കൊടുക്കുമ്പോൾ  ഭാര്യ  കളിയായി ചോദിച്ചു."കോഴിക്കോട്ടു പോയിട്ട്  പഴയ   ആരാധനാപാത്രത്തെ  കണ്ടോ?"അവളെ  ചൊടിപ്പിക്കാനായി  തോമസ്  പറഞ്ഞു "കണ്ടു.സംസാരിച്ചു.പണ്ടത്തേതിലും  അവൾ സുന്ദരിയായിരിക്കുന്നു.മതിയോ ?"


"എങ്കിൽ സുന്ദരിയും സുന്ദരനും ഒന്നിച്ചു  ജീവിക്കണം! ഇവിടാർക്കു കുഴപ്പം" എന്ന്  ഭാര്യ  തിരിച്ചടിച്ചു."എന്തായിരുന്നു  ഇത്ര വലിയ  സുന്ദരിയുടെ  പേര് ?"


അവളുടെ പേര്? അവളുടെ പേര്? എന്നയാൾ  രണ്ടുതവണ  പറഞ്ഞു.എത്ര  ശ്രമിച്ചിട്ടും  ആ പേര്  ഓർമ്മിച്ചെടുക്കാനയാൾക്കുകഴിഞ്ഞില്ല.ഓർമ്മത്താഴ്വരയിൽ എവിടെയോ  അത്  നഷ്ടപ്പെട്ടുവോ?. 

Feb 13, 2019

വൈറൽ ആയ വസന്താ ഗിരിരാജൻ

തന്റെ  കാബിന്റെ  വാതിൽ തുറന്നു പാരവശ്യത്തോടെ  കടന്നു  വന്ന സ്ത്രീയെക്കണ്ടു  പ്രശസ്ത മന:ശാസ്ത്രജ്ഞൻ  ഡോ.ഫെർണാണ്ടസ്  ഒന്ന് ഞെട്ടി.ഫേസ് ബുക്കിൽ കഴിഞ്ഞ ഒന്ന്  രണ്ടാഴ്ചക്കാലമായി  തരംഗം തീർത്ത  വസന്താ  ഗിരിരാജൻ!!

താങ്കൾ ..ഫേസ് ബുക്കിലൊക്കെയുള്ള ..

അതെ ഡോക്റ്റർ.ഞാൻ തന്നെ..വസന്ത  ഗിരിരാജൻ.ഒരുപാട്  നീറുന്ന  പ്രശ്നങ്ങൾക്കു  നടുവിലാണ് സാർ ഞാനിപ്പോ.പെട്ടെന്ന്  ദേഷ്യം  വരുന്നു.പ്രഷറോക്കെ  ഇപ്പോ  കൂടുതലാ.എഴുതാൻ പാടില്ലാത്തവ എഴുതുന്നു.സമൂഹത്തിൽ ഞാനൊരു   ചിരികഥാപാത്രമായല്ലോ   എന്നൊരു  തോന്നൽ.ഡിപ്രഷനിലേക്കു പോകുന്നോ എന്നൊരു ആധി .

എന്താണ്  താങ്കളുടെ  പ്രശ്നം..ഒരുപാട് ഫോളോവേഴ്സ് .താങ്കളുടെ പോസ്റ്റുകൾക്ക്  ലൈക്കുകളുടെ പെരുമഴ.എല്ലാം  വൈറൽ .ഒരു പോസ്റ്റിട്ടാൽ അത്  പ്രമുഖ  മാധ്യമങ്ങൾ  വരെ  ഷെയർ  ചെയ്യുന്നു .സാംസ്കാരിക കേരളം  മൊത്തം  ഇപ്പോൾ  ചർച്ച ചെയ്യുന്നത് താങ്കളെ കുറിച്ചാണല്ലോ.ഇതിൽ കൂടുതൽ ഒക്കെ  ഒരു സ്ത്രീക്ക്  എന്ത്  വേണം.

ഹും.സാംസ്കാരിക കേരളം..സംസ്കാരമില്ലാത്ത  കേരളം  എന്ന്  വേണം  പറയാൻ. മാനം മര്യാദയായി ജീവിക്കാൻ ഇവിടെ ഒരു വീട്ടമ്മക്ക്  സാധിക്കുമോ.ഞാൻ  എന്ത് എഴുതുന്നു  എന്ന് നോക്കി  എന്നെ  ആക്രമിക്കാൻ ഇരിക്കുകയാണ്  കുറെ  ആളുകൾ .

മാനം മര്യാദയായി  ജീവിക്കുന്നവർക്ക്  അതിനുള്ള  സ്പേസ്  ഇവിടെ ഉണ്ട്  എന്നാണു  അറിവ്. താങ്കളുടെ  ആദ്യത്തെ പോസ്റ്റ്  വൈറൽ ആയപ്പോ ഞാൻ വായിച്ചിരുന്നു.താങ്കൾ പറഞ്ഞ  കാര്യങ്ങളോട്  വിയോജിപ്പ്  പലതിലും ഉണ്ട്.ഉദാഹരണത്തിന് കിടപ്പറ കാര്യങ്ങൾ  ഒക്കെ  ഇങ്ങനെ പരസ്യമായി  എഴുതാമോ.അതൊക്കെ  നിങ്ങളുടെ  സ്വകാര്യങ്ങൾ  അല്ലെ ?

ഓഹോ  ഡോക്ട്ടരും  ആ കൂട്ടത്തിൽ പെടുമോ..ഒരു ആശ്വാസത്തിന് മന:ശാസ്ത്രജ്ഞനെ കാണാൻ  വന്ന  എന്നെ  പറഞ്ഞാൽ മതിയല്ലോ.

താങ്കൾ പറയു.

ഡോക്റ്റർ,എല്ലാംഞാൻപറയാം.അങ്ങനെയെങ്കിലും ഒരു  ആശ്വാസം കിട്ടുമല്ലോ.ഞാൻ ഫേസ് ബുക്കിൽ   വന്നപ്പോൾ  എന്നെ  ആരും  തിരിഞ്ഞു നോക്കിയില്ല. അപ്പോൾ ഞാൻ  കുഞ്ഞുടുപ്പൊക്കെ ഇട്ടോണ്ട് ചില ഫോട്ടോകൾ ഇട്ടു.അതൊക്കെ  കണ്ടു  കുറച്ചു  ഞരമ്പൻമാർ  വന്നു "വാവ് ..ഓസം"  എന്നൊക്കെ കമൻറ്റിട്ടേച്  പോയതല്ലാതെ ഒന്നും നടന്നില്ല.എങ്ങനെ എങ്കിലും ഒന്ന് പ്രസിദ്ധ ആകണം  എന്നായിരുന്നു  എന്റെ  ആഗ്രഹം .അങ്ങനെയാണ്  ആദ്യം വൈറലായ പോസ്റ്റിടുന്നത് .എന്നെ രാത്രി ഓൺലൈൻ കണ്ടാൽ ആണുങ്ങൾക്ക്  ഇളക്കമാണ്,എന്നെ  കണ്ടാൽ  ഇപ്പം "കിട്ടും" എന്നോർത്ത് ഓരോരുത്തന്മാർ  വിളിക്കും എന്നൊക്കെപ്പറഞ്ഞു  ഒരു കാച്ചു കാച്ചി.അതൊരു ഓൺലൈൻ  മഞ്ഞപത്രം   അന്നത്തെ  കോളം  തികയ്ക്കാൻ ഷെയർ ചെയ്തു.അങ്ങനെ വന്നവർ  വന്നവർ കമന്റിട്ടിട്ടു തെറിയും  വിളിച്ചപ്പോൾ അതങ്ങു  കേറി  വൈറലായി.പക്ഷെ  ഇത്ര വൈറൽ  ആവേണ്ടിയില്ലായിരുന്നു  എന്ന്  ഇപ്പോൾ തോന്നുന്നു. 

കുട്ടിയുടുപ്പൊക്കെ ഇട്ടു  പ്രകോപനം  ആയി ഫോട്ടോ  പബ്ലിക്കായി  ഇട്ടാൽ കുറെ  ആളുകൾ ഒക്കെ ഓടിക്കൂടിയേക്കാം..ഉദാഹരണത്തിന് നമ്മളാരും  കോവളത്തു  ഇടുന്ന  ഡ്രസ്സ് ഇട്ടു  പൊതുജനമധ്യത്തിൽ  ഇറങ്ങില്ലല്ലോ. സ്വകാര്യത  സൂക്ഷിക്കാൻ നമ്മൾ  ബാധ്യസ്ഥല്ലെ ?.

ഡോക്റ്ററും  ഒരു മെയിൽ  ഷോവനിസ്റ്  ആകാതെ.

ഒരിക്കലുമല്ല..ഞാൻ ഒരു പൊതുതത്വം പറഞ്ഞു  എന്നേയുള്ളൂ. ഇവിടെ ഒരുപാട് ആളുകൾ  ഫേസ്ബുക്കിൽചിത്രങ്ങൾ ഇടുന്നു.രാഷ്ട്രീയവും,സാമൂഹികവും,സിനിമയും അനുഭങ്ങളുമൊക്കെ പങ്കുവെക്കുന്നു.സഹായങ്ങൾ  അർഹിക്കുന്നവരെ പ്രമോട്ടുചെയ്യുന്നു.അതിൽ  സുന്ദരികളായ  സ്ത്രീകളും ഉണ്ടെന്നോർക്കണം. അവർക്കൊന്നും  ഇത്തരം   പ്രതികരണങ്ങൾ കിട്ടുന്നില്ല  എന്ന് പറയാൻ ഞാൻ  ആളല്ല.പക്ഷെ താങ്കൾ നല്ല  വിദ്യാഭ്യാസം ഉള്ള  ആളല്ലേ.ഫേസ് ബുക്കിൽ  ഒക്കെ  സുഹൃത്തുക്കളെ  തിരഞ്ഞെടുക്കുബോൾ  കുറച്ചൊക്കെ സൂക്ഷിക്കുന്നത് നല്ലതല്ലേ.ഈ  സുഹൃത്തുക്കൾ  അല്ലാത്തവർക്ക്  മെസ്സേജ് അയക്കാനോ  ചാറ്റ് ചെയ്യാനോ  വിളിക്കാനോ  പറ്റാത്തവണ്ണം സെറ്റിങ്‌സ് ചെയ്തിരുന്നെകിൽ  ഇങ്ങനെ  വിഷമിക്കേണ്ടി വരുമായിരുന്നോ ?

യു ടൂ  ഡോക്റ്റർ?.ഇത്  തന്നെയാണ്  പലരും  എന്റെ  പോസ്റ്റിലും  ചോദിച്ചു കൊണ്ടിരുന്നത് .പക്ഷെ ഒന്നോർക്കണം..ഒരു സ്ത്രീ കുറച്ചു ഫോട്ടോ ഇട്ടാൽ  അവളെ"കിട്ടും" എന്ന് ഉറപ്പിക്കാൻ  സാധിക്കുമോ ?

ഒരിക്കലുമില്ല.സ്ത്രീയെ ബഹുമാനിക്കുന്നവരാണ്  ഞാനുൾപ്പെടെയുള്ള പുരുഷന്മാരേറെയും..കമ്പിൽതുണി  ചുറ്റിയാലും,സോറി,താങ്കളെ ഉദ്ദേശിച്ചല്ല,ഓടിക്കേറി രുന്നവരാണ്  പുരുഷന്മാരെന്നു ഒരു  പൊതു വിശ്വാസം ഉണ്ട്.അതുപോലെ  തന്നെ കടുത്ത  ലൈംഗിക ദാരിദ്യം അനുഭവിക്കുന്നവർ  ആണെന്നും. അതൊന്നും ശരിയല്ല...ഇനി അങ്ങനെ ഉള്ളവർക്ക് തന്നെ  എത്രയോ അവസരങ്ങൾ  എവിടെയെല്ലാം  തുറന്നു  കിടക്കുന്നു.നല്ല ഒരു പെണ്ണിനെ കണ്ടാൽ നോക്കാത്തവർ ഉണ്ടോ..അത്ര മാത്രം ചെയ്യുന്നവരാണ്  ഭൂരിഭാഗവും.പുരുഷന്മാർ  എല്ലാം  പച്ച  ലൈറ്റ് കണ്ടാൽ  "സുഖാണോ"  എന്ന്  ചോദിക്കുന്നവർ  ആണ്  എന്നെനിക്കു  തോന്നുന്നില്ല.താങ്കൾക്കു ആയിരം കോളും  മെസ്സേജും കിട്ടീന്നൊക്കെ  തള്ളിയതാണെന്നു  പലർക്കും  തോന്നിയെങ്കിൽ  അവരെ കുറ്റം പറയാൻ  പാടില്ല!


ആയിരം ഒന്നും ഇല്ലെങ്കിലും കുറെ  കോളുകളും  മെസ്സേജുകളും  വന്നിരുന്നു  ഡോക്റ്റർ.പിന്നെ ഒന്ന് പ്രസിദ്ധയാകണം  എന്നത്  എന്റെ  കുട്ടിക്കാലം മുതലേ ഉള്ള മോഹവുമായിരുന്നു.ഞാൻ പുതിയതായി  തുടങ്ങിയിയ അച്ചാർ കമ്പനിക്ക്  അതൊരു  പ്രൊമോഷൻ ആകുമല്ലോ  എന്ന  ഉദ്ദേശവും കൂടി ഉണ്ടായിരുന്നു .


അതൊരു തെറ്റല്ല..സീ..കേരളത്തിലെ പുരുഷന്മാരിൽ 90  ശതമാനവും  മര്യാദക്കാരും, സ്ത്രീകളെ ബഹുമാനിക്കുന്നവരും ആണ്  എന്നാണ് എന്റെ  വിശ്വാസം.മിച്ചമുള്ള പത്തു ശതമാനത്തിൽ ചിലർ  ഞരമ്പായിരിക്കാം.ചില ഗോവിന്ദച്ചാമിമാർ  ഉണ്ടായേക്കാം.എല്ലാ  സമൂഹത്തിലും  അങ്ങനെ ഉള്ളവർ ഉണ്ടാവാം.. താങ്കളുടെ  ഫോട്ടോകൾ  പ്രകോപനപരമായപ്പോൾ ഈ  പറഞ്ഞ  ചിലർ "കിട്ടും" എന്ന്  വിചാരിച്ചെങ്കിൽ   അവരെ  കുറ്റം പറയാൻ പാടില്ല . കാരണം  ഇതുപോലെ ഒരാൾ പണ്ട്  ചില ഫോട്ടോകൾ പോസ്റ്റ് ചെയ്തു  വൈറൽ ആയ ശേഷം  ........അതൊക്കെ പോട്ടെ..താങ്കളുടെ  വിഷയത്തിലേക്കു വരാം..താങ്കളുടെ  പ്രയാസങ്ങളിൽ  മിസ്റ്റർ ഗിരിരാജന്റെ  നിലപാട് എന്താണ് .


ഓ.....ഗിരിരാജൻ എന്നൊക്കെ പേര് മാത്രമേ ഉള്ളു.എന്തിനു കൊള്ളാം.അങ്ങേർക്കിട്ടു  ചെകിട്ടത്തിനിട്ടു പൊട്ടീര്  കിട്ടാഞ്ഞിട്ടാണ്  എന്നാരോ എഴുതിയതിനു ശേഷം  വായിൽ നാക്കില്ല.ഇപ്പോൾ കുറെ ആളുകൾ  എന്റെ  നിറത്തിന്റെ പിന്നാലെയാണ്.ഞാൻ കറുപ്പാണ് പോലും.

ഇതുപോലുള്ള  കേസുകളിൽ  ഭർത്താവിന് കൈക്കെല്ലില്ലെങ്കിൽ  എന്നൊക്കെ  പൊതുജനം പറയാറുണ്ട്..സ്വാഭാവികം..ബൈ ദി വേ കറുപ്പിന്  എന്താണ്  കുഴപ്പം? ഏഴഴകല്ലേ?സൂപ്പർ സ്റ്റാർ രജനി കറുപ്പാണ്  എന്നൊക്കെ പറഞ്ഞു ഒരു പാട്ടു പോലും ഉണ്ട് .

അതെ അതെ  കറുപ്പിന്  ഏഴഴകാണ് ..ബാക്കി  തൊണ്ണൂറ്റി മൂന്നും..എന്റെ സമനില  തെറ്റുന്നു  ഡോക്റ്റർ.ഈയിടെ  ഞാൻ കറുപ്പാണ്  എന്ന് പറഞ്ഞ  ഒരാളുടെ  പിതാജിയെ പറഞ്ഞതിന് അവന്മാർ  എല്ലാം കൂടി എന്റെ  കറുപ്പ് ഫോട്ടോ  കമന്റായി  ഇട്ടു  കാണാത്തവരെ കൂടി കാണിച്ചു .

താങ്കൾക്കു  ഇത്ര  അപകർഷതാ ബോധം  തോന്നേണ്ട കാര്യം എന്താണ്.ഇവിടുത്തെ എത്രയോ പ്രസിദ്ധ  സിനിമാ നടിമാർ  കറുപ്പാണ്.പ്രിയങ്കാ ചോപ്ര  കറുപ്പല്ലേ? ബിപാഷാബസു  കറുപ്പല്ലേ ? എന്തിനു  വാണി  വിശ്വനാഥ് കറുപ്പല്ലേ ?വരെ  ഇഷ്ട്ടപ്പെടുന്ന, ഫോളോ ചെയ്യുന്ന  എത്ര പുരുഷന്മാർ ഉണ്ട് . ആദ്യം  മാനസികമായി നിങ്ങൾ അൽപ്പം സ്ട്രോങ്ങ്  ആകൂ.നിങ്ങള്ക്ക്  എന്തൊക്കെയോ  ചില  കോമ്പ്ലെക്സുകൾ ഉണ്ടെന്നു  തോന്നുന്നു 

താങ്കൾ ഒരു സ്ത്രീ വിരുദ്ധൻ  ആണെന്ന് ഞാൻ  അറിഞ്ഞില്ല.എനിക്ക് പിന്തുണയുമായി ആയിരക്കണക്കിന് സ്ത്രീകൾ ഉണ്ട്.ഞാൻ എന്ത്  ധരിക്കണം  എന്നത്  എന്റെ  മാത്രം സ്വാതന്ത്ര്യമാണ് .

വളരെ  ശരിയാണ്. താങ്കൾക്കു  എന്തും  ധരിക്കാം. പക്ഷെ  ധരിച്ചിട്ടു അത് ഫോട്ടോ  എടുത്തു പബ്ലിക്കായി  ഇട്ടിട്ടു ആളുകൾ മോശം കമന്റു  ഇട്ടു  എന്ന്  നിലവിളിക്കുന്നത് തെറ്റാണ്  എന്നെ  ഞാൻ പറഞ്ഞുള്ളു..ഒന്നുകിൽ നിലവിളിക്കാതെ ഇരിക്കുക.അല്ലെങ്കിൽ പബ്ലിക്കായി ഇടാതെ  താങ്കളുടെ  സുഹൃത്തുക്കൾക്കായി  മാത്രം  അത്  ഷെയർ  ചെയ്യുക..അതല്ലേ നല്ലതു.പിന്നെ ഞാൻ ഒരു  സ്ത്രീ വിരുദ്ധൻ ഒന്നുമല്ല..എന്റെ  അമ്മയോ  സഹോദരിയോ  ഇതുപോലെ  ചെയ്താലും ഞാൻ  അവരെ  ഇങ്ങനെ  തന്നെ ചെയ്യാനേ  ഉപദേശിക്കു.

അപ്പോൾ ഡോക്ടർ  എന്റെ  പ്രസിദ്ധി ? എന്റെ  അച്ചാർ കമ്പനി ?

കക്ഷത്തിൽ വെച്ചിഹ ..ഉത്തരോ എടുക്കഹ...

എന്താ ഡോക്റ്റർ ..

അല്ല കക്ഷത്തിൽ വെക്കുകയും  ഉത്തരത്തിൽ  ഉള്ളത്   എടുക്കുകയും വേണം എന്ന് പറഞ്ഞാൽ  നടക്കില്ലല്ലോ  എന്നൊരു  ആത്മഗതം  നടത്തിപ്പോയതാണ് . താങ്കൾക്കു    മര്യാദക്ക്  മറ്റു  സ്ത്രീകളെ പോലെ  ജീവിച്ചു കൂടെ? ഇനി കൂടുതൽ പ്രശസ്തി  വേണമെങ്കിൽ തിരുവന്തപുരത്തു  ഒരു  കുട്ടി  പാവങ്ങൾക്ക് ഭക്ഷണം വിതരണം  ചെയ്യുന്നുണ്ട്..അതുപോലെ  എന്തെങ്കിലും  ചെയ്യൂ...അല്ലെങ്കിൽ  എനിക്ക് പരിചയം ഉള്ള പോത്തൻകോട് ഉള്ള ഒരാൾ  സുഹൃത്തുക്കൾക്കൊപ്പം   ബ്ളഡ് ഡൊണേഷൻ നടത്തുന്നുണ്ട്..അതുപോലെ  സാമൂഹ്യ സേവനം  നടത്താൻ ശ്രമിക്കു .ഇനി  ആ  തരത്തിൽ  അല്ല  പ്രസിദ്ധി വേണ്ടത് എങ്കിൽ  ശബരി മലയിൽ വരെ ഒന്ന്  പോയാലും മതി.ആഗോള  പ്രശസ്തി  ലഭിക്കും..ചുളുവിൽ  സീ-കാറ്റഗറി  സെക്യു്രിറ്റിയും  ലഭിക്കും.

പക്ഷെ  എന്റെ  സ്വാതന്ത്ര്യം.എന്റെ അവകാശങ്ങൾ..

എ ബഞ്ച് ഓഫ് കോക്കനട്ട്സ്.താങ്കൾ ഒന്ന്  ചിന്തിക്കു..താങ്കൾക്കു  അവകാശങ്ങൾ ഉണ്ട്  എന്ന്  സമ്മതിച്ചു ..സഞ്ചാര  സ്വാതന്ത്ര്യം ഉണ്ട് .ഇഷ്ട്ടമുള്ള ഭക്ഷണം  കഴിക്കാൻ ഉള്ള  സ്വാതന്ത്ര്യം ഉണ്ട് ..എല്ലാം ഉണ്ട് ..എന്ന് കരുതി  താങ്കൾ  ഈ പറയുന്ന  കുട്ടിയുടുപ്പും  ധരിച്ചു  രാത്രി  പന്ത്രണ്ടു  മണിക്ക് കിഴക്കേക്കോട്ട  ബസ്റ്റോപ്പിൽ ചെന്ന്  ഒരു മണിക്കൂർ  ഒന്ന്  നിന്ന്  നോക്കു  താങ്കൾക്ക്  ഫേസ് ബുക്കിൽ  ആളുകൾ  "കിട്ടും"  എന്ന്  വിചാരിച്ചു  മെസ്സജ്  ചെയ്തതുപോലെ  നേരിട്ട് ആളുകൾ വരും.  അപ്പോൾ  ഞാൻ പറഞ്ഞു  വന്നത് , നമ്മൾ  ഒരു ലക്ഷ്മണ രേഖ, മറ്റേ  പാറ്റയെ ഓടിക്കുന്ന  രേഖ അല്ല ,ശരിക്കും ഉള്ള  ലക്ഷ്മണ രേഖ,  വരച്ചാൽ  തീരാവുന്ന പ്രശ്നങ്ങളെ ഇപ്പോൾ  താങ്കൾക്കു  ഉള്ളു ..

അപ്പോൾ  എനിക്ക്  മരുന്നൊന്നും ഇല്ലേ..

മരുന്ന്...ശരിയായ  സമയത്തു  മരുന്ന്  കിട്ടാത്തതിന്റെ കുറവാ പെണ്ണുമ്പിള്ളേ നിങ്ങള്ക്ക് .സമയം മിനക്കെടുത്താതെ  അമ്മച്ചി  ചെല്ല്.  ഡോ .ഫെർണാണ്ടസിന്റെ  സ്വരം  ഉയർന്നപ്പോ മിസ്സിസ് വസന്ത ചാടി  വെളിയിൽ  ഇറങ്ങി.അടുത്ത  പോസ്റ്റിൽ ഡോക്റ്റർക്കു  തീർച്ചയായും  ഒരു  പണി  കൊടുക്കണം  എന്ന് അവർ  തീരുമാനിച്ചു .


ഈ  സമയം ഡോ .ഫെർണാണ്ടസ്  തന്റെ  ഫേക്  പ്രൊഫൈലിൽ കയറി  വസന്ത ഗിരിരാജന്റെ  പേജ്  എടുത്തു..പുതിയ ഫോട്ടോ  വല്ലതും ഉണ്ടോ  എന്ന്  നോക്കി.മറിഞ്ഞു  കിടക്കുന്ന ഒരു ഷക്കീല സ്റ്റൈൽ പടം കണ്ടു പുളകിതനായി.ഒരു ലവ്  സൈനിട്ടു .

അപ്പോൾ ഫോണിൽ  പുതിയ മെസ്സേജ്  വന്നു .തുറന്നു  നോക്കിയ ഡോ  ഫെർണാണ്ടസ്  ഞെട്ടി. ചെണ്ടക്കു കവർ  ഇട്ട മാതിരി മിസ്സിസ് ഫെർണാണ്ടസ്‌  ഒരു  കുട്ടിയുടുപ്പിട്ടു  നിൽക്കുന്ന ഫോട്ടോ.എങ്ങനെ ഉണ്ട്  ഡാർലിംഗ്  എന്നൊരു  ചോദ്യവും.ഈ  മറുതാക്കു  വേറെ പണിയൊന്നുമില്ല  എന്ന് മനസ്സിലോർത്തുകൊണ്ടു   ഡോക്റ്റർ  ഫെർണാണ്ടസ്  മറുപടി  അയച്ചു ..ഓസം ..വാവ് !