Nov 21, 2011

കുന്തി ജോസഫും കുചേലന്‍ ജോയിമോനും.

ഹിസ്റ്ററി ക്ലാസിലേക്ക് പ്യൂണ്‍ കടന്നു വന്നപ്പോഴേ അത് ഫീസ്‌ കൊടുക്കാതവരുടെ ലിസ്റ്റ് വായിക്കാനെന്നു എനിക്ക് ഉറപ്പായിരുന്നു . പതിവുപോലെ ഞാനും ജോസഫും എഴുന്നേറ്റു നിന്നു. നാളെ മുതല്‍ ഫീസ്‌ കൊടുക്കാത്തവര്‍ ക്ലാസില്‍ ഇരിക്കേണ്ട എന്ന് സാര്‍ പറഞ്ഞു . മുന്നിലത്തെ ബഞ്ചില്‍ നിന്നും തിരിഞ്ഞിരുന്നു ഞങ്ങളുടെ മുഖത്ത് തന്നെ നോക്കിക്കൊണ്ടിരിക്കുന്ന ഫീസ്‌ കൊടുത്ത കുട്ടികളുടെ മുഖത്ത് നോക്കാനാകാതെ ജോസഫ്‌ മുഖം താഴ്ത്തി .കുന്തി എന്നായിരുന്നു കുട്ടികള്‍ ജോസഫിനെ വിളിച്ചിരുന്നെങ്കിലും ,രൂപം കൊണ്ട് കുചേലന്‍ എന്ന പേരായിരുന്നു ജോസഫിന് ചേരുക എന്ന് ഞാന്‍ ഓര്‍ത്തു . അപ്പോള്‍ ശരിക്കും കുചേലനായ എന്നെ എന്ത് പേരു വിളിക്കും എന്ന് ഞാന്‍ വെറുതെ ആലോചിച്ചു .കുചേലന്‍ ജോയിമോന്‍ എന്ന പേരു നന്നായി ഇണങ്ങുമെന്ന് തോന്നി.

ഫീസ്‌ കൊടുക്കാനാവാതെയുള്ള ഈ നില്‍പ്പ് എനിക്ക് പുത്തരിയല്ലായിരുന്നു .നാല് മാസങ്ങളുടെ കൃത്യമായ ഇടവേളയില്‍ സംഭവിക്കുന്ന ഒരു കാര്യം എന്നതില്‍ കവിഞ്ഞു ഞാന്‍ അതിനു വലിയ പ്രാധാന്യം കൊടുക്കാഞ്ഞതിനാലാവണം എനിക്ക് മുഖം താഴ്ത്താന്‍ തോന്നിയില്ല .

പ്യൂണ്‍ പോയതിനു ശേഷം അടുത്തിരുന്ന ജിജോ ചോദിച്ചു ." എന്താടാ , ഫീസ്‌ സമയത്തും കാലത്തും കൊടുക്കാന്‍ മേലെ" എന്ന്‍ . അതൊക്കെ വീട്ടില്‍ നിന്നും വാങ്ങിയെന്നും , പുട്ടടിച്ചു തീര്‍ന്നൂന്നും പറഞ്ഞത് ജിജോ വിശ്വസിച്ചില്ല എന്ന് എനിക്ക് തോന്നി .


കാലത്ത് അമ്മച്ചിയോട്‌ ഫീസ്‌ കൊടുക്കാനുള്ള അവസാന ദിവസം ഇന്നാണ് എന്നു പറയുമ്പോള്‍ ,അമ്മച്ചി കഴുത്തില്‍ കിടന്ന നേരിയ മിന്നുമാലയില്‍ വിരലോടിച്ചുകൊണ്ട് പറഞ്ഞു . " എന്നതേലും ഒരു വഴി ദൈവം തമ്പുരാന്‍ കാണിക്കും " എന്ന് . അമ്മച്ചിക്ക് ആകെപ്പാടെ ഉള്ള ഒരു തരി സ്വര്‍ണ്ണം വിറ്റോ പണയം വെച്ചോ ഫീസ്‌ കൊടുക്കാന്‍ മാത്രം പഠിപ്പില്‍ ഞാന്‍ വലിയ മിടുക്കനല്ല്ല എന്നു എനിക്ക് തന്നെ അറിയാമായിരുന്നെങ്കിലും അങ്ങനെ പറഞ്ഞു അമ്മച്ചിയെ വേദനിപ്പിക്കാന്‍ എനിക്ക് തോന്നിയില്ല . പകരം ക്ലാസ്സില്‍ പോകാതെയും പരീക്ഷ മാത്രം എഴുതാം എന്നു ഞാന്‍ പറഞ്ഞത് പൂര്‍ത്തിയാക്കാന്‍ അമ്മച്ചി അനുവദിച്ചില്ല .


ഞായറാഴ്ച പള്ളി പിരിഞ്ഞു വരുമ്പോഴായിരുന്നു കടുത്തുരുത്തി ടൌണില്‍ അരിക്കട നടത്തുന്ന സേവ്യര്‍ ചേട്ടനെ കണ്ടത് . കടയിലെ കണക്കു എഴുതി കൊടുത്താല്‍ മാസം നൂറു രൂപ തരാം എന്നു സേവ്യര്‍ ചേട്ടന്‍ പറഞ്ഞു . പിറ്റേന്ന് കാലത്തെ കടയില്‍ ചെല്ലാന്‍ പറഞ്ഞത് അമ്മച്ചിയോട്‌ പറഞ്ഞപ്പോള്‍ അമ്മച്ചി." ഹെന്റെ ദൈവമേ " എന്നു ആകാശത്തേക്ക് നോക്കി പറഞ്ഞു


വളരെ നാളുകള്‍ക്കു ശേഷം അപ്പച്ചന്‍ വണ്ടി പെരിയാറില്‍ നിന്ന് വന്നു എന്ന് കാലത്തെ വാതില്‍ പടിയില്‍ ചെരുപ്പ് കണ്ടപ്പോള്‍ ആയിരുന്നു മനസ്സിലായത്‌ . ചുവന്ന എയര്‍ ബാഗില്‍ നിന്നും , മുഷിഞ്ഞ തുണികള്‍ അലക്കാനായി എടുക്കുമ്പോള്‍ അമ്മയുടെ മുഖം പതിവിലുമേറെ വേദന നിരഞ്ഞതാണല്ലോ എന്നു ഞാന്‍ ഓര്‍ത്തു. അല്‍പ്പം കഴിഞ്ഞു, തുണി അലക്കിക്കൊണ്ടുനില്‍ക്കുന്ന അമ്മച്ചിയുടെ അടുത്ത് പല്ലും തേച്ചു നില്‍ക്കുന്ന അപ്പച്ചനെ കണ്ടു . അപ്പച്ചന്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അമ്മച്ചി എന്തൊകെയോ നിഷേധിക്കുന്നതും . പിന്നെ കുറെ കഴിഞ്ഞു അരകല്ലില്‍ അരച്ചും കൊണ്ട് നില്‍ക്കുന്ന അമ്മച്ചിയുടെ അടുത്തും പതിവില്ലാതെ അപ്പച്ചനെ കണ്ടു . അപ്പച്ചന്‍ കുറെ നേരത്തിനു ശേഷം പുറത്തേക്കു പോയപ്പോള്‍ അമ്മച്ചിയുടെ കഴുത്തില്‍ അസാമാന്യമാം വിധം തിളങ്ങുന്ന ഒരു മിന്നുമാല ഞാന്‍ കണ്ടു . അമ്മച്ചിക്ക് എവിടെ നിന്നും പുതിയ മാല എന്നു ഞാന്‍ അതിശയിച്ചു .


കാലത്തെ ക്ലാസില്‍ പോകുന്നതിനു പകരം ഞാന്‍ സേവ്യര്‍ ചേട്ടന്റെ കടയില്‍ പോയി . സേവ്യര്‍ ചേട്ടന്റെ ഭാര്യ എന്നെ ഇഷ്ട്ടപ്പെടതതുപോലെ ഒരു നോട്ടം നോക്കി . സുന്ദരനായ സേവ്യര്‍ ചേട്ടന് ഒട്ടും ചെരാത്തവളായിരുന്നു ആ സ്ത്രീ . ചെറിയ ഒരു സ്വര്‍ണ്ണക്കടയിലോ ഒരു പട്ടുസാരിക്കടയിലോ പ്രതിഷ്ട്ടിക്കാന്‍ പറ്റുന്ന ഒരു ഇരുണ്ട രൂപമായിരുന്നു അവര്‍ .അത് പണക്കാരനായ ഒരാളുടെ മകളാണെന്നും ,സേവ്യര്‍ ചേട്ടനെ ഇഷ്ട്ടപ്പെട്ടു ,പണം ഇല്ലാഞ്ഞിട്ടും അവരെ അവരുടെ അപ്പന്‍ കെട്ടിച്ചു കൊടുത്തതാണെന്നും , അരി എടുത്തു കൊടുക്കുന്ന ജോണിക്കുട്ടി , ഇടക്കെപ്പോഴോ ശബ്ദം താഴ്ത്തി പറഞ്ഞു .

സേവ്യര്‍ ചേട്ടന്‍ അന്ന് മുഴുവന്‍ എന്നെ കൊണ്ട് കണക്കെഴുതിപ്പിച്ചു . പിറ്റേന്ന് കാലത്തെ ചെന്നപ്പോള്‍ പറഞ്ഞു ,ഇന്നലെ നീ കുറെ എഴുതിയല്ലോ , ഇനി വേണ്ടപ്പോള്‍ പറയാമെന്നു. എന്നിട്ട് കാഷ് കൌണ്ടറില്‍ ഇരിക്കുന്ന ഭാര്യയെ ഇത് പോരെ എന്ന അര്‍ത്ഥത്തില്‍ നോക്കി .എന്റെ പേര് വെട്ടി എന്ന് എനിക്ക് മനസ്സിലായി .വിവരം പറഞ്ഞപ്പോള്‍ അമ്മച്ചിയുടെ കൈകള്‍ പതിവുപോലെ മിന്നുമാലയില്‍ തെരുപ്പിടിച്ചില്ല.സേവ്യര്‍ ചെട്ടറെ കടയിലെ ജോലി പോയതിനെക്കാള്, എങ്ങനെയെങ്കിലും ഫീസ്‌ കൊടുക്കാനുള്ള വഴി അടഞ്ഞതിലുള്ള വിഷമമായിരുന്നു അമ്മച്ചിയുടെ മുഖത്ത് .


ഉച്ചക്ക് ചോറ് വിളമ്പിക്കൊണ്ടിരുന്ന അമ്മച്ചിയുടെ കഴുത്തിലെ മാലയുടെ നിറം കുറഞ്ഞു എന്ന് എനിക്ക് തോന്നി . ഒരാഴ്ച കഴിഞ്ഞപ്പോള്‍ അത് കറുത്ത് തുടങ്ങി . അപ്പച്ചന്‍ മാല വിറ്റോ അതോ പണയം വെച്ചോ എന്ന് ഞാന്‍ ചോദിച്ച് അമ്മച്ചിയെ ഞാന്‍ വിഷമിപ്പിച്ചില്ല . എന്തെല്ലാമാണെങ്കിലും അപ്പച്ചനെ കുറ്റപ്പെടുത്താനും അമ്മച്ചി സമ്മതിക്കില്ല എന്നെക്കറിയാമായിരുന്നു.

അമ്മച്ചിയുടെ പ്രാര്‍ഥനയുടെ ശക്തിയെന്നോണം ഒരു മണി ഓര്‍ഡര്‍ ആയിട്ടായിരുന്നു ദൈവം ആ തവണ ഞങ്ങളെ അതിശയിപ്പിച്ചത് .പട്ടാളത്തില്‍ ജോലിയുള്ള കൊച്ചപ്പന്‍ പണം അയച്ചപ്പോഴേക്കും ,ഫീസ്‌ കൊടുക്കേണ്ട അവസാന തീയതിയും കഴിഞ്ഞു വീണ്ടും ഒരാഴ്ച കൂടി കഴിഞ്ഞിരുന്നു .

ഫീസ്‌ കൊടുക്കുമ്പോള്‍ ഞാന്‍ ആലോചിച്ചത് മൂന്നര മാസത്തിനു ശേഷം എന്ത് അത്ഭുതമാണ് സംഭവിക്കാന്‍ ബാക്കി ഉണ്ടാവുക എന്നായിരുന്നു .

കുന്തി ജൊസഫ് പക്ഷെ ക്ലാസ്സില്‍ ഉണ്ടായിരുന്നില്ല.എന്തിനാണ് ദൈവം കുന്തിയെ മറന്നത് ?