Showing posts with label short story. Show all posts
Showing posts with label short story. Show all posts

Jun 1, 2025

സർപ്പദോഷം

"തന്റെ വീട്ടിലെ കഠിനമായ  ദാരിദ്യം മാറാനായി, ആ വൃദ്ധ  ബ്രാഹ്മണൻ തന്റെ തപസ്സു കാലങ്ങളോളം തുടർന്നു. അവസാനം സർപ്പങ്ങളുടെ രാജാവായ വാസുകി ബ്രാഹ്മണന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ബ്രാഹ്മണൻ  രണ്ടു വരങ്ങളായിരുന്നു ആവശ്യപ്പെട്ടത്. ഒന്ന് തന്റെ ദാരിദ്യം മാറ്റണമെന്നും, തന്റെ ഭവനത്തിൽ എന്നെന്നും സർപ്പരാജന്റെ സാന്നിധ്യം ഉണ്ടാവണമെന്നും.  ബ്രാഹ്മണന്റെ തപസ്സിൽ പ്രീതനായ സർപ്പരാജൻ  അത് രണ്ടും സമ്മതിക്കുകയും ഇല്ലത്തേക്ക് വരുകയും ചെയ്തു. സർപ്പരാജന്റെ തലയിൽ ഉള്ള മാണിക്ക്യക്കല്ല്  ഇല്ലത്തിനു സമ്പത്തും സമൃദ്ധിയും നൽകിയെന്നാണ് ഐതിഹ്യം". അമ്മൂമ്മ  അനിയനോട് കഥപറഞ്ഞു നിർത്തി.

"അമ്മൂമ്മേ.അപ്പൊ തപസ്സു ചെയ്‌താൽ നമുക്കും കിട്ടുമോ മാണിക്യക്കല്ല്?"അനിയന്റെ  ചോദ്യം കേട്ട് ഞാൻ ചിരിച്ചു. ചെറുപ്പത്തിൽ അമ്മൂമ്മ  നീലക്കൊടുവേലിയുടെ ഐതിഹ്യം എന്നോടും പറഞ്ഞിരുന്നു.പുഴയിൽ കുളിക്കാൻ പോയപ്പോഴൊക്കെ  നീലക്കൊടുവേലി ഒഴുകി വന്നിരുന്നെങ്കിലെന്നും ദാരിദ്യ്രമൊക്കെ മാറിയേനെയെന്നുമൊക്കെ ഞാനും കരുതിയിരുന്നു.എങ്കിലും ഈ പറഞ്ഞ മാണിക്യക്കല്ല് നമുക്കും കിട്ടിയിരുന്നെങ്കിൽഎന്നോർത്തു  ഞാൻ ഉറങ്ങി.

കാലത്തേയും,ആറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോഴും,മാണിക്യക്കല്ല് തന്നെയായിരുന്നു എന്റെ മനസ്സിൽ.പൊട്ടിയ,ഓടിട്ട ആ  പഴയ വീടിന്റെ സ്ഥാനത്തു ഒരു നനയാത്ത വീട്. അത്രയൊക്കെയേ ഞാൻ ആഗ്രഹിച്ചുള്ളു.

കുളിച്ചു കയറുമ്പോൾ കാലിൽ എന്തോ തട്ടിയത് പോലെ എനിക്ക് തോന്നി.വീണ്ടും കാലുകൊണ്ട് തടവിയപ്പോൾ പരന്ന ഒരു കല്ലായിരുന്നു  അതെന്നു എനിക്ക് തോന്നി.ഏതോ ഉൾപ്രേരണയിൽ ഞാൻ ആ കല്ല് മുങ്ങിയെടുത്തു ആറ്റുതീരത്തേക്കു കൊണ്ടുവന്നു.പ്രത്യേകിച്ച് രൂപവുമൊന്നുമില്ലാതിരുന്ന ഒരു കരിങ്കൽ കഷ്ണമായിരുന്നു അത്.കാലങ്ങളോളം വെള്ളത്തിൽ കിടന്നതുകൊണ്ടു രൂപമാറ്റം സംഭവിച്ച എന്തോ ഒന്ന്,എന്നെന്റെ മനസ്സ് പറഞ്ഞു.ഒരു വശത്തു പരുക്കനായിരുന്ന ഭാഗത്തു കാലുരച്ചു കഴുകാൻ എനിക്കൊരു  സുഖം തോന്നി.കുളികഴിഞ്ഞു വരുമ്പോൾ ഞാൻ ആ കല്ല്   കിണറിന്റെ കരയിൽ കൊണ്ട് വെച്ചു.പുറത്തു പോയിട്ട് വരുമ്പോൾ കാലുകഴുകി വീട്ടിനുള്ളിൽ കയറാമല്ലോ എന്ന് ഞാനോർത്തു 


അന്ന് രാത്രി അമ്മൂമ്മ  അനിയന് പറഞ്ഞു കൊടുത്തതു ഗരുഡന്റെ കഥയായിരുന്നു.പാമ്പുകളെ കൊത്തിയെടുത്തു പറക്കുന്ന ഗരുഡന്റെ കഥയുടെ അവസാനഭാഗത്തിനു മുന്നേ ഞാൻ ഉറങ്ങി. 


പുഴക്കക്കരെയെവിടെനിന്നോ ഒഴുകിവരുന്ന ഒരു പുള്ളുവൻ പാട്ടു ഞാൻ കേട്ടു.അല്പസമയത്തിനു ശേഷം, മുറിയിൽ ഒരു ചുന്ന വെളിച്ചം പരന്നു. ആ  വെളിച്ചത്തിൽ മുറിയുടെ ഒരു മൂലയിൽ ഞാൻ ഒരു പാമ്പിനെ കണ്ടു. പത്തി വിടർത്തി നിന്നാടിയ അതിന്റെ തലയിൽ ഒരു ചെറിയ ഗോലിയോളം പോന്ന തിളങ്ങുന്ന ഒരു കല്ല്. നാഗമാണിക്യമാണ് അത് എന്നെനിക്കു തോന്നി.കല്ല് എടുക്കാനായി ചെന്ന എന്റെ നേരെ പാമ്പു ചീറ്റി.അതുവകവെക്കാതെ ഞാൻ പാമ്പിന്റെ അടുത്തേക്ക് നീങ്ങി.കല്ലെടുക്കാൻ  കൈകൾ നീട്ടിയ എന്നെ പാമ്പു ആഞ്ഞു കൊത്തി.വേദന സഹിക്കാനാവാതെ "അമ്മേ" എന്ന് വിളിച്ചു ഞാൻ കരഞ്ഞു.  


ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റ ഞാൻ വിയർപ്പിൽ കുളിച്ചിരുന്നു.പുലർവെട്ടം മുറിയിലാകെ പരന്നിരുന്നു.കണ്ടത് സ്വപ്‌നമാണെന്നെനിക്ക് ഒട്ടും വിശ്വസിക്കാൻ തോന്നിയില്ല.കിടന്നുകൊണ്ടുതന്നെ വീടിന്റെ  ഉത്തരത്തിലേക്കു നോക്കുമ്പോൾ  ഞാൻ ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടു.മഞ്ഞ നിറമുള്ള ഒരു പാമ്പ് കഴുക്കോലിൽ ചുറ്റിയിരിക്കുന്നു.ഞാൻ  പേടിച്ചു അമ്മയെ വിളിച്ചു. ശബ്ദം കേട്ടതിനാലാവണം പാമ്പ് കഴുക്കോൽ വിട്ടു, പൊട്ടിയ ഒരോടിനിടയിലൂടെ എങ്ങോട്ടോ പോയി. 


കിണറ്റിന്കരയിൽ പല്ലു തേച്ചു നിൽക്കുമ്പോഴും എന്റെ മനസ്സിൽ പാമ്പും നാഗമാണിക്യവും ഒക്കെത്തന്നെയായിരുന്നു. എന്തുകൊണ്ടാവും അങ്ങനെ ഒരു സ്വപ്നമെന്നും  അതിനുശേഷം കാലത്തെ പാമ്പിനെ കണ്ടതുമെന്നും  എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല.തൊട്ടി എടുത്തു വെള്ളം കോരവേ ഞാൻ വീണ്ടും ഞെട്ടി.കിണറിന്റെ റിങ്ങിൽ ഒരു പാമ്പ്!എന്തോ സംഭവിക്കാൻ പോകുന്നു എന്ന് എന്റെ മനസ്സ് പറഞ്ഞു.


ജോലിക്കു പോകാൻ ബൈക്ക് എടുക്കവേ വീലിൽ നിന്നും ഒരു ചെറിയ പാമ്പു ഇഴഞ്ഞു അടുത്തുള്ള മുല്ലച്ചെടികളിലേക്കു പോയതുകണ്ട്‌ ഞാൻ അസ്വസ്ഥനായി.ഓഫിസിൽ കാലത്തേ അടിച്ചുവാരാൻ  വന്ന സ്വീപ്പർ ഫയലുകൾക്കിടയിൽ ഒരു പാമ്പിനെ കണ്ടു പേടിച്ചു.


അന്നുരാത്രി പാത്രങ്ങൾ  അടുക്കി വെക്കവേ പാമ്പിനെ കണ്ടു അമ്മ നിലവിളിച്ചു. മൂത്രമൊഴിക്കാനായി മുറ്റത്തേക്ക് പോയ ഞാൻ മറ്റൊരു പാമ്പിനെക്കൂടി കണ്ടു.ഉറങ്ങാൻ കിടക്കും മുന്നേ ഞാൻ കഴുക്കോലിലേക്കു ഒന്ന് കൂടി നോക്കി. ഇല്ല ഒന്നുമില്ല.


അമ്മൂമ്മയായിരുന്നു  പിന്നീട്  പാമ്പിനെ കണ്ടത്. എന്റെ മുറിയിൽ നിന്നും ഒരു പാമ്പു ഇഴഞ്ഞു പോകുന്നത് കണ്ടു എന്ന് പേടിച്ചരണ്ട അമ്മൂമ്മ പറഞ്ഞു.അന്ന് തന്നെ ബൈക്കോടിച്ചു പോകുമ്പോൾ ഒരു പച്ചിലപ്പാമ്പു എവിടെ നിന്നോ എന്റെ മേൽ  വീണു.വൈകുന്നേരം കിണറിന്റെ റിങ്ങിൽ പാമ്പിനെ കണ്ടുവെന്നു അമ്മ  പറഞ്ഞു.ഗീവർഗീസ് പുണ്യാളന്റെ കപ്പേളയിൽ മെഴുകുതിരി കത്തിക്കാഞ്ഞിട്ടാണ്  എന്നും പാമ്പുകളെ കാണുന്നതെന്ന് അമ്മ പറഞ്ഞപ്പോൾ ശരിയാണെന്നെനിക്കും തോന്നി.ഒരുകൂടു മെഴുകുതിരികളുമായി ഞാൻ കപ്പേളയിലേക്കു പോയി.എന്നാൽ തിരിച്ചു വരവേ മുല്ലച്ചെടികളുടെ ഇടയിൽ ഞാൻ ഒരു അനക്കം കണ്ടു. 


കാലത്തേ ആറ്റിൽ കുളിക്കാൻ ഇറങ്ങുമ്പോൾ വെള്ളത്തിൽ കൂടി ഒരു പാമ്പു നീന്തി പോകുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.കുളിക്കാതെ ഞാൻ തിരിച്ചു പോന്നു.കിണറ്റിൻകരയിലുള്ള  കല്ലിൽ കാലുരച്ചു കഴുകുമ്പോൾ മുല്ലച്ചെടികളിൽ ഒരു പാമ്പു തൂങ്ങിന്നിരുന്നു.വീട്ടിൽ അനിയൻ ടിവി കാണുകയായിരുന്നു.സ്‌ക്രീനിൽ ഒരാളെ പാമ്പുകൊത്തുന്ന രംഗം കണ്ടു ഞാൻ ഒച്ചയെടുത്തു. "നിനക്ക് പഠിക്കാൻ ഒന്നുമില്ലേ ?"


അടുത്ത ദിവസങ്ങളിലെല്ലാം,പലയിടത്തുവെച്ചും പാമ്പുകളെ ഞാൻ  കണ്ടു.വീട്ടിലെവിടെത്തിരിഞ്ഞാലും അവിടൊക്കെ പാമ്പുകളെന്ന സ്ഥിതിയായപ്പോഴാണ്,കൂടെ ജോലിചെയ്യുന്ന ഗോപാലേട്ടനോട് ഞാൻ കാര്യം പറഞ്ഞത്.ഞങ്ങൾ രണ്ടുപേരും കൂടി ചക്രപാണി ജോൽസ്യരുടെ അടുത്തെത്തി.കവടി നിരത്തി ജോത്സ്യർ അല്പനേരത്തെ ആലോചനക്ക് ശേഷം  പറഞ്ഞു."നിങ്ങൾക്ക് സർപ്പദോഷം കാണുന്നുണ്ട്.ഏതെങ്കിലും സർപ്പക്കാവ് തെളിക്കുകയോ,വിഗ്രഹങ്ങൾ എടുത്തു  കളയുകയോ മറ്റോ ചെയ്തിട്ടുണ്ടോ"എന്നയാൾ ചോദിച്ചു.അങ്ങനെയൊന്നും ഉണ്ടായിട്ടില്ല എന്ന് ഞാൻ തീർത്തു പറഞ്ഞു.മണ്ണാറശ്ശാലയിൽ  ചില വഴിപാടുകൾ അയാൾ കുറിച്ച് തന്നു. 


വഴിപാടുകൾ ഒക്കെ ചെയ്തു,അവിടെ തേങ്ങയടിക്കുമ്പോൾ ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചു.പാമ്പുകളെക്കൊണ്ട് ഞാൻ അത്രക്കും പൊറുതിമുട്ടിയിരുന്നു.വഴിപാടുകളെല്ലാം കഴിഞ്ഞു വരുമ്പോഴേക്കും രാത്രിയായിരുന്നു.വീട്ടിലേക്കു പോകുന്ന ചെറിയ  ഇടവഴിയിൽ വെച്ച് ഒരുമാതിരി  കപ്പവാട്ടുന്ന മണം എനിക്കനുഭവപ്പെട്ടു.പാമ്പു വാ പൊളിക്കുമ്പോഴാണ് ആ മണം വരുന്നത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വീട്ടിലേക്കുള്ള പടികളിലേക്കു കാൽ വെച്ചതും, ഒരു പാമ്പു ഇഴഞ്ഞു അടുത്തുള്ള ഗന്ധരാജൻ ചെടിയിലേക്കു കയറി.ഇല്ല,ഒന്നും എന്നെ വിട്ടുപോയിട്ടില്ല എന്നോർത്ത് ഞാൻ ഖിന്നനായി. 

പേടിസ്വപ്നങ്ങൾ നിറഞ്ഞ മറ്റൊരു രാത്രിയായിരുന്നു അന്ന്. വലിയ ഒരു പാമ്പു എന്നെ ചുറ്റിവരിഞ്ഞു മുറുക്കുന്ന സ്വപ്നത്തിന്റെ അവസാനം ഞാൻ ഞെട്ടിയുണർന്നു. വീട് വിറ്റു എവിടെയെങ്കിലും പോയാലോ എന്ന് ഞാൻ ഓർത്തു. വീട്ടിൽ മാത്രമല്ല, ഓഫീസിലും ചെല്ലുന്നിടത്തുമെല്ലാം പാമ്പുകളെ കാണുന്നതിനാൽ വീടുവിറ്റ്‌ മാറുന്നതിൽ കാര്യമില്ലെനിക്ക് തോന്നി.

കാലത്തെ വെറുതെ കട്ടിലിൽ തന്നെ കിടക്കുമ്പോൾ ഞാൻ കഴിഞ്ഞ ആഴ്ചകളിൽ ചെയ്ത കാര്യങ്ങൾ എന്തൊക്കെയെന്ന് ഒന്നോർത്തു നോക്കി.ഇങ്ങനെ പെട്ടെന്ന് പാമ്പുകളെ കാണാനായി,പുതുതായി ഞാൻ എന്താണ് ചെയ്തിട്ടുണ്ടാവുക എന്നോർത്തുകൊണ്ടു തന്നെ ഞാൻ കുളിക്കാൻ പോയി.കുളി കഴിഞ്ഞു വസ്ത്രം മാറവെ കമ്യുണിസ്റ്റ് പച്ചകൾക്കിടയിൽ ഒരനക്കം ഞാൻ കേട്ടു.  വീട്ടിൽ കയറും മുന്നേ ഒരു തൊട്ടി വെള്ളംകോരി ഞാൻ കാലുകഴുകി.ഉണ്ട്...കിണറിന്റെ റിങ്ങിൽ ഇന്നുമുണ്ട് ഒരാൾ!.ഈ കല്ല് ആറ്റിൽ നിന്നും എടുത്തുകൊണ്ടുവന്ന ദിവസമാണല്ലോ ഞാൻ ആദ്യം പാമ്പിനെ കണ്ടതെന്ന് കാലുരച്ചു കഴുകുമ്പോൾ പെട്ടെന്നെനിക്കു തോന്നി. ഇനി ഒരുവേള ഈ കല്ലാകുമോ എല്ലാത്തിനും പിന്നിൽ ?


ഏതോ ഒരുൾപ്രേരണയിൽ ഞാൻ ആ കല്ലുമെടുത്തു ആറ്റിലേക്ക് തന്നെ നടന്നു. ആറ്റിലേക്ക് കല്ല് വലിച്ചെറിഞ്ഞു ഞാൻ ഒന്നുകൂടി കുളിച്ചു.തോർത്തുമ്പോൾ കമ്യുണിസ്റ്റുപച്ചകൾക്കിടയിൽ അനക്കങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.വരുന്ന വഴിക്കു മുല്ലച്ചെടികളിലേക്കും ഞാൻ നോക്കി.ഇല്ല,ആരുമില്ല.വീണ്ടും കിണറിൽ നിന്നും ഒരു തൊട്ടി വെള്ളം കോരുമ്പോൾ  റിങ്ങിൽ കിടന്നിരുന്ന ആൾ അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു. 


വീണ്ടുമൊരിക്കലും ഞാൻ പാമ്പിനെ കണ്ടില്ല.ആ കല്ലായിരിക്കുമോ ഇനി എല്ലാറ്റിനും പിന്നിൽ ?


കർക്കടകത്തിലെ മഴയിൽ  വീണ്ടും ഒരു വെള്ളപ്പൊക്കം ഉണ്ടായി.നിരത്തിലും വയലിലും നിറഞ്ഞ വെള്ളം ഏതാനും ദിവസങ്ങൾക്കുശേഷം ഇറങ്ങിപ്പോയി.ഒരുവേള ആ കല്ല്  പടിഞ്ഞാറു ഭാഗത്തേക്ക്  നീരൊഴുക്കിൽ പെട്ട് ഒലിച്ചുപോയിരിക്കുമോ ?


ആഴ്ചകൾക്കു ശേഷം ഒരു ജാതകം നോക്കാനായി വീണ്ടും ചക്രപാണി  ജോത്സ്യരുടെ അടുത്തെത്തിയതായിരുന്നു ഞാൻ.ഊഴത്തിനായി കാത്തിരിക്കുമ്പോൾ അകത്തുനിന്നു കേട്ട ഒരു സംസാരം എന്നിൽ ഉൾക്കിടിലമുണ്ടാക്കി.


"വീട്ടിലും പരിസരത്തും  എന്നും പാമ്പിനെ കാണുന്നു ജോത്സ്യരെ. എന്തെകിലുമൊരു പരിഹാരം?"


അൽപ്പ സമയത്തിനു ശേഷം ജോത്സ്യർ പറഞ്ഞു."നിങ്ങൾക്ക് സർപ്പദോഷം കാണുന്നുണ്ട്.ഏതെങ്കിലും സർപ്പക്കാവ് തെളിക്കുകയോ,വിഗ്രഹങ്ങൾ എടുത്തു  കളയുകയോ മറ്റോ ചെയ്തിട്ടുണ്ടോ"


എന്തുകൊണ്ടോ  ജോത്സ്യരെ  അന്ന് കാണേണ്ടതില്ല എന്നെനിക്കു തോന്നി.പതിയെ ഞാൻ അവിടെനിന്നുമിറങ്ങി.അടുത്ത വളവിൽ, ജോത്സ്യർ ചക്രപാണിയെക്കാണാനെത്തിയ ആളെ  കാത്തുനിൽക്കുമ്പോൾ അകലെയെവിടെയോ ഒരു പുള്ളുവൻ പാട്ട്  കേട്ടുവോ ?

Feb 24, 2022

കൈവിഷം

ചിട്ടിക്കാരി ഭഗവതിപ്പിള്ള  വരുമ്പോൾ അപ്പച്ചൻ ഉറക്കമായിരുന്നു.  വണ്ടിപ്പെരിയാറിൽ നിന്നും പാതിരാക്കായിരുന്നു  അപ്പച്ചൻ എത്തിയത്. ചിട്ടി പൈസ  ആയിട്ടില്ല എന്ന് പറയുമ്പോൾ  അമ്മച്ചിയുടെ   മുഖം  വിളറിയിരുന്നു. മാത്യുസാർ ഇപ്പോഴും പഴയതുപോലെ തന്നെയാണോ  എന്ന ചോദ്യത്തിന് അമ്മച്ചി  മറുപടി പറഞ്ഞില്ല.  എപ്പോഴത്തെയുംപോലെ കഴുത്തിൽ കിടന്ന കുരിശിൽ പിടിച്ചു അമ്മച്ചി ആകാശത്തേക്ക് നോക്കി. 


രണ്ടുവശത്തേക്കും നോക്കി ഭഗവതിപ്പിള്ള ശബ്ദം താഴ്ത്തി പറഞ്ഞു."ഈ ഒഴപ്പൊക്കെ എന്തുകൊണ്ടാണെന്ന് എനിക്കറിയാം. കൈവിഷമാ  കൈവിഷം.  ചേർത്തല ഒരാളുണ്ട്, ഏതു കൈവിഷവും  ഛർദിപ്പിക്കും. ഈ ചീട്ടുകളിയും കുടിയും ഒക്കെ നിർത്തിത്തരും.ജോത്സ്യനാ.നിങ്ങൾ ക്രിസ്ത്യാനികൾക്ക് ഇതിലൊന്നും വിശ്വാസം ഇല്ലാരിക്കും. എന്നാലും ഒന്ന് പോയി നോക്കരുതോ.  എത്രനാളെന്നു  കരുതിയാ ഇങ്ങനെ" ...


കൈവിഷം എന്നാൽ എന്താണെന്ന് എനിക്ക് വലിയ രൂപമില്ലായിരുന്നു. എങ്കിലും പറഞ്ഞു  കേട്ട അറിവ് വെച്ച്  അത് അത്ര നല്ല സംഭവം അല്ല എന്നെങ്കിക്കറിയാമായിരുന്നു.ഭഗവതിപ്പിള്ള പോയിക്കഴിഞ്ഞും  അമ്മ  വെറുതെ ഓരോന്ന് ചിന്തിച്ചുകൊണ്ടിരുന്നു. 


"ജോയിമോൻ ചെന്ന്  കൊച്ചപ്പനോട് ഇത്രടം ഒന്ന് വരാൻ പറയാൻ" പറഞ്ഞു  അമ്മച്ചി എന്നെ  വിട്ടയപ്പോൾ അമ്മച്ചിയുടെ മനസ്സിൽ എന്തായിരുന്നു  എന്നെനിക്കറിയില്ലായിരുന്നു. 


കൊച്ചപ്പന്റെ നിർബന്ധത്തിനു  വഴങ്ങി അപ്പച്ചൻ ചേർത്തലക്കു പോകാമെന്നു സമ്മതിച്ചു.അനിയനാണെങ്കിലും കൊച്ചപ്പനോട് അപ്പച്ചന് ഒരുതരം  ബഹുമാനമോ മറ്റെന്തൊക്കെയോ ആയിരുന്നു. അതോ ഇനി ആരെങ്കിലും  കൈവിഷം തന്നിരിക്കാമെന്നു അപ്പച്ചനു ന് സ്വയം തോന്നിയോ ?


"നീയും കൂടെ പോരെടാ ജോയിമോനെ" എന്ന് കൊച്ചപ്പൻ പറഞ്ഞപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു. കൊച്ചപ്പന്റെ കൂടെ പോയാൽ ചായക്കടയിൽ നിന്നും എന്തെങ്കിലുമൊക്കെ വാങ്ങിത്തരുമെന്നതായിരുന്നു കാരണം. ഞങ്ങൾക്ക്  കൊച്ചപ്പനെന്നാൽ "കരുണ" എന്നായിരുന്നു പര്യായം. ആ കരുണ ഫീസായും  മറ്റും പലപ്പോഴും വേഷപ്രശ്ചന്നരായി എത്തിയിരുന്നു. കൊച്ചപ്പന് പട്ടാളത്തിലായിരുന്നു ജോലി. മൂന്നുമക്കൾ.അവധിക്കുവരുമ്പോൾ കൊച്ചപ്പൻ അവരെയും കൊണ്ട് കറങ്ങാനൊക്കെ   പോകും. ഭാഗ്യം ചെയ്ത കുട്ടികൾ .


കടുത്തുരുത്തിയിൽ നിന്നും  വൈക്കം വഴി ചേർത്തല എത്തുമ്പോഴേക്കും പത്തുമണി കഴിഞ്ഞിരുന്നു.കുറെയേറെ ആളുകൾ അവിടെ  നിൽക്കുന്നുണ്ടായിരുന്നു.ജ്യോത്സ്യന്റെ പരികർമ്മി  പുറത്തുവന്നപ്പോൾ കൊച്ചപ്പൻ കാര്യം പറഞ്ഞു.താനിതൊക്കെ എത്രകണ്ടതാ എന്നൊരു ഭാവം അയാളിൽ ഉണ്ടെന്നെനിക്കു തോന്നി.ശബ്ദം താഴ്ത്തി അയാൾ പറഞ്ഞു."ജ്യോൽസ്യൻ ഒരു മരുന്ന് കുടിക്കാൻ തരും. കൈവിഷം ഉണ്ടെങ്കിൽ ഛർദ്ദിച്ചു പോകും.പിന്നെ കുടി നിർത്താൻ ഒരു പൊടി കലക്കിത്തരും. അതുകഴിഞ്ഞു  ഒരാഴ്ച കുടിക്കാതെ ഇരുന്നാൽ കുടി നിൽക്കും. പിന്നെ ഒരു കുഴപ്പവും ഉണ്ടാവില്ല" .


അപ്പച്ചന്റെ മുഖത്ത് ഒരു താൽപര്യവും ഉണ്ടായിരുന്നില്ല. പരികർമ്മി  പോയപ്പോൾ അപ്പച്ചൻ കൊച്ചപ്പനോട് പറഞ്ഞു."ആര് ഛർദ്ദിക്കാൻ. ഇതൊക്കെ  തട്ടിപ്പല്ലേ".


പലരും മരുന്ന് കുടിച്ചതിനു ശേഷം ഛർദിക്കുന്നതു ഞാൻ കണ്ടു. ചിലർ ഒരു കുഴപ്പവുമില്ലാതെ മടങ്ങിപ്പോകുന്നതും.ഇതിലൊക്കെ എന്തോകാര്യമുണ്ടെന്നു  എന്റെ മനസ്സ് പറഞ്ഞു. 


ജ്യോൽസ്യൻ കവടി വെച്ച് നോക്കി അൽപ്പനേരം ചിന്തയിലാണ്ടു."സാധനം ഉള്ളിലുണ്ട്". അയാൾ പറഞ്ഞു."മരുന്ന് തരാം. ഛർദിക്കും ഉറപ്പാ.പിന്നെ ഒരാഴ്ച പഥ്യം നോക്കണം.കള്ള്  കുടിക്കരുത്.കുടിച്ചാൽപ്പിന്നെ ഒരിക്കലും നിർത്താനാൻ പറ്റില്ല"എന്നൊക്കെ പറഞ്ഞു.ഇടയ്ക്കു എന്നെ സൂക്ഷിച്ചു നോക്കി."നീ ഇവിടെ നിൽക്കില്ല. നാടുവിട്ടുപോകും.ചിലപ്പോൾ രാജ്യം തന്നെ. അധികം വൈകില്ല"എന്നുംകൂടി  പറഞ്ഞു.ഈ ലോകം തന്നെ വിട്ടുപോകണമെന്നാണ് ആഗ്രഹം എന്ന് ഞാൻ അയാളോട് പറഞ്ഞില്ല. 


മരുന്ന് കുടിക്കുമ്പോൾ അപ്പച്ചൻ മൂക്കുപൊത്തിപ്പിടിച്ചു. ഇറക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അപ്പന്റെ മുഖഭാവത്തിൽ നിന്നും എനിക്ക് മനസ്സിലായി. അരമണിക്കൂർ കഴിഞ്ഞപ്പോൾ  അപ്പച്ചൻ ഓക്കാനിക്കാൻ തുടങ്ങി. കൊച്ചപ്പൻ പുറം തിരുമ്മിക്കൊടുത്തപ്പോൾ അപ്പച്ചൻ ഛർദിച്ചു. പരികർമ്മി, ഞാൻ അപ്പോഴേ പറഞ്ഞില്ലേ എന്ന ഭാവത്തിൽ വന്നു നോക്കിയിട്ടു അകത്തേക്ക് പോയി ജോല്സ്യനെ വിളിച്ചുകൊണ്ടു വന്നു. അയാളുടെ കൈവശം മറ്റൊരു മരുന്നുകൂടിയുണ്ടായിരുന്നു. ഛർദിച്ചു തളർന്നു അവശനായിരുന്ന അപ്പച്ചൻ അത് വാങ്ങിക്കുടിച്ചു.


തിരിച്ചുപോയപ്പോൾ കൊച്ചപ്പൻ മീൻകറി കൂട്ടി ഊണ് വാങ്ങിത്തന്നു. വറുത്തരച്ച മീൻകറിക്കു ഭയങ്കര എരിവായിരുന്നെങ്കിലും രണ്ടാമതും ഞാൻ ചോറ് വാങ്ങി.അപ്പച്ചൻ ഒന്നും കഴിച്ചില്ല. ഒരു വട്ടുസോഡാ വാങ്ങി മുഖം കഴുകി. അപ്പന് നടക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ടായിരുന്നു. ബോട്ടിലിരുന്നു അപ്പച്ചൻ  മയങ്ങി. 


വളരെയധികം അവശനായിരുന്നു അപ്പച്ചൻ. രണ്ടുദിവസം വീടിനു വെളിയിൽ ഇറങ്ങിയില്ല. അമ്മച്ചിയുടെ മുഖത്ത് ഒരു തെളിച്ചം ഞാൻ കണ്ടു.എല്ലാം നേരെയാകുമെന്ന് അമ്മച്ചി  ഏറെക്കുറെ ഉറപ്പിച്ചതുപോലെ എനിക്ക് തോന്നി. 


മൂന്നാംദിവസം അപ്പച്ചൻ ജോലിക്കായി പോകുന്നെന്ന് പറഞ്ഞു പുറത്തുപോയി. കൊച്ചപ്പൻ കൊണ്ടുവന്ന ചെറിയ റേഡിയോ കാണാതായെന്ന് ഞാൻ പറഞ്ഞപ്പോൾ അമ്മച്ചിയുടെ മുഖം നിർവികാരമായിരുന്നു.


അയൽവക്കത്തെ പട്ടിയുടെ നിർത്താതെയുള്ള കുരകേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്. ശബ്ദം കേട്ട് അമ്മച്ചിയും എഴുന്നേറ്റു വന്നു. വാതിൽ തുറന്നു നോക്കുമ്പോൾ മൂന്നുപേർ അപ്പച്ചനെ താങ്ങിപ്പിടിച്ചു കൊണ്ടുവരികയായിരുന്നു. എന്നെ കണ്ടതും അപ്പച്ചനെ അവിടെത്തന്നെ ഇരുത്തിയിട്ടു അവർ ഇരുട്ടിലേക്ക് ഓടിമറഞ്ഞു. ആരായിരിക്കും അവർ ?


തന്നെ എഴുന്നേൽക്കാവുന്ന പരിതസ്ഥിതിയിൽ അല്ലായിരുന്ന അപ്പച്ചനെ താങ്ങിയെഴുന്നേൽപ്പിക്കുമ്പോൾ ഞാനമ്മച്ചിയുടെ മുഖത്തേക്ക് പാളിനോക്കി. ആ മുഖം നിർവികാരമായിരുന്നു. എന്നത്തേയും പോലെ അമ്മച്ചി കരയുന്നുണ്ടായിരുന്നില്ല.തുടർച്ചയായുള്ള കരച്ചിൽ മൂലം ആ കണ്ണുകൾ വറ്റിവരണ്ടിരിക്കുമോ ?


ഉറക്കം വരാതെ കിടക്കുമ്പോൾ അപ്പുറത്തെ മുറിയിൽ നിന്നും അപ്പച്ചന്റെ കൂർക്കംവലി കേട്ടു.ഇടവേളകളിൽ നേർത്ത തേങ്ങലുകളും.എത്രയെത്ര മഹാകാവ്യങ്ങളാവാം അമ്മച്ചിയുടെ തലയിണയിൽ കണ്ണുനീരാൽ എഴുതപ്പെട്ടിട്ടുണ്ടാവുക എന്നോർത്തപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.ശബ്ദമുണ്ടാക്കാതെ ഞാൻ കരഞ്ഞു.ജീവിതം  എങ്ങോട്ടാണ് ഞങ്ങളെ കൊണ്ടുപോകുന്നത് ? 

ഏറെ നേരത്തെ ആലോചനക്ക് ശേഷം ഞാൻ എഴുന്നേറ്റു. മുറിയിൽ ഇരുന്ന ഒരു കറുത്ത ബാഗിൽ രണ്ടോ മൂന്നോ ഉടുപ്പുകൾ എടുത്തുവെക്കുമ്പോൾ എന്റെ കൈ വിറച്ചു. വാതിൽ തുറന്നു പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ അമ്മച്ചിയുടെ മുറിയിൽ നിന്നും നേർത്ത ഒരു തേങ്ങൽ കേട്ടു. 


ബാഗിൽ നിന്നും തുണികൾ തിരിച്ചു വെക്കുമ്പോൾ അടുത്ത കട്ടിലിൽ ഉറങ്ങുകയായിരുന്ന അനിയനെ ഞാൻ ഒന്ന് നോക്കി. നിലാവിന്റെ ഒരു കീറ് അവന്റെ മുഖത്തേക്ക് പാറി വീണിരുന്നു. ഉറക്കത്തിൽ അവൻ ചിരിക്കുന്നതുപോലെ എനിക്ക് തോന്നി. ഏതെങ്കിലും സ്വപ്നം കണ്ടിട്ടാവുമോ അവൻ മന്ദഹസിച്ചിരിക്കുക? അതോ  ചേട്ടായിയുടെ സുരക്ഷിതവലയം  എന്നുമുണ്ടാവുമെന്ന  തോന്നലിലോ ?