Showing posts with label story. Show all posts
Showing posts with label story. Show all posts

Jun 1, 2025

സർപ്പദോഷം

"തന്റെ വീട്ടിലെ കഠിനമായ  ദാരിദ്യം മാറാനായി, ആ വൃദ്ധ  ബ്രാഹ്മണൻ തന്റെ തപസ്സു കാലങ്ങളോളം തുടർന്നു. അവസാനം സർപ്പങ്ങളുടെ രാജാവായ വാസുകി ബ്രാഹ്മണന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ബ്രാഹ്മണൻ  രണ്ടു വരങ്ങളായിരുന്നു ആവശ്യപ്പെട്ടത്. ഒന്ന് തന്റെ ദാരിദ്യം മാറ്റണമെന്നും, തന്റെ ഭവനത്തിൽ എന്നെന്നും സർപ്പരാജന്റെ സാന്നിധ്യം ഉണ്ടാവണമെന്നും.  ബ്രാഹ്മണന്റെ തപസ്സിൽ പ്രീതനായ സർപ്പരാജൻ  അത് രണ്ടും സമ്മതിക്കുകയും ഇല്ലത്തേക്ക് വരുകയും ചെയ്തു. സർപ്പരാജന്റെ തലയിൽ ഉള്ള മാണിക്ക്യക്കല്ല്  ഇല്ലത്തിനു സമ്പത്തും സമൃദ്ധിയും നൽകിയെന്നാണ് ഐതിഹ്യം". അമ്മൂമ്മ  അനിയനോട് കഥപറഞ്ഞു നിർത്തി.

"അമ്മൂമ്മേ.അപ്പൊ തപസ്സു ചെയ്‌താൽ നമുക്കും കിട്ടുമോ മാണിക്യക്കല്ല്?"അനിയന്റെ  ചോദ്യം കേട്ട് ഞാൻ ചിരിച്ചു. ചെറുപ്പത്തിൽ അമ്മൂമ്മ  നീലക്കൊടുവേലിയുടെ ഐതിഹ്യം എന്നോടും പറഞ്ഞിരുന്നു.പുഴയിൽ കുളിക്കാൻ പോയപ്പോഴൊക്കെ  നീലക്കൊടുവേലി ഒഴുകി വന്നിരുന്നെങ്കിലെന്നും ദാരിദ്യ്രമൊക്കെ മാറിയേനെയെന്നുമൊക്കെ ഞാനും കരുതിയിരുന്നു.എങ്കിലും ഈ പറഞ്ഞ മാണിക്യക്കല്ല് നമുക്കും കിട്ടിയിരുന്നെങ്കിൽഎന്നോർത്തു  ഞാൻ ഉറങ്ങി.

കാലത്തേയും,ആറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോഴും,മാണിക്യക്കല്ല് തന്നെയായിരുന്നു എന്റെ മനസ്സിൽ.പൊട്ടിയ,ഓടിട്ട ആ  പഴയ വീടിന്റെ സ്ഥാനത്തു ഒരു നനയാത്ത വീട്. അത്രയൊക്കെയേ ഞാൻ ആഗ്രഹിച്ചുള്ളു.

കുളിച്ചു കയറുമ്പോൾ കാലിൽ എന്തോ തട്ടിയത് പോലെ എനിക്ക് തോന്നി.വീണ്ടും കാലുകൊണ്ട് തടവിയപ്പോൾ പരന്ന ഒരു കല്ലായിരുന്നു  അതെന്നു എനിക്ക് തോന്നി.ഏതോ ഉൾപ്രേരണയിൽ ഞാൻ ആ കല്ല് മുങ്ങിയെടുത്തു ആറ്റുതീരത്തേക്കു കൊണ്ടുവന്നു.പ്രത്യേകിച്ച് രൂപവുമൊന്നുമില്ലാതിരുന്ന ഒരു കരിങ്കൽ കഷ്ണമായിരുന്നു അത്.കാലങ്ങളോളം വെള്ളത്തിൽ കിടന്നതുകൊണ്ടു രൂപമാറ്റം സംഭവിച്ച എന്തോ ഒന്ന്,എന്നെന്റെ മനസ്സ് പറഞ്ഞു.ഒരു വശത്തു പരുക്കനായിരുന്ന ഭാഗത്തു കാലുരച്ചു കഴുകാൻ എനിക്കൊരു  സുഖം തോന്നി.കുളികഴിഞ്ഞു വരുമ്പോൾ ഞാൻ ആ കല്ല്   കിണറിന്റെ കരയിൽ കൊണ്ട് വെച്ചു.പുറത്തു പോയിട്ട് വരുമ്പോൾ കാലുകഴുകി വീട്ടിനുള്ളിൽ കയറാമല്ലോ എന്ന് ഞാനോർത്തു 


അന്ന് രാത്രി അമ്മൂമ്മ  അനിയന് പറഞ്ഞു കൊടുത്തതു ഗരുഡന്റെ കഥയായിരുന്നു.പാമ്പുകളെ കൊത്തിയെടുത്തു പറക്കുന്ന ഗരുഡന്റെ കഥയുടെ അവസാനഭാഗത്തിനു മുന്നേ ഞാൻ ഉറങ്ങി. 


പുഴക്കക്കരെയെവിടെനിന്നോ ഒഴുകിവരുന്ന ഒരു പുള്ളുവൻ പാട്ടു ഞാൻ കേട്ടു.അല്പസമയത്തിനു ശേഷം, മുറിയിൽ ഒരു ചുന്ന വെളിച്ചം പരന്നു. ആ  വെളിച്ചത്തിൽ മുറിയുടെ ഒരു മൂലയിൽ ഞാൻ ഒരു പാമ്പിനെ കണ്ടു. പത്തി വിടർത്തി നിന്നാടിയ അതിന്റെ തലയിൽ ഒരു ചെറിയ ഗോലിയോളം പോന്ന തിളങ്ങുന്ന ഒരു കല്ല്. നാഗമാണിക്യമാണ് അത് എന്നെനിക്കു തോന്നി.കല്ല് എടുക്കാനായി ചെന്ന എന്റെ നേരെ പാമ്പു ചീറ്റി.അതുവകവെക്കാതെ ഞാൻ പാമ്പിന്റെ അടുത്തേക്ക് നീങ്ങി.കല്ലെടുക്കാൻ  കൈകൾ നീട്ടിയ എന്നെ പാമ്പു ആഞ്ഞു കൊത്തി.വേദന സഹിക്കാനാവാതെ "അമ്മേ" എന്ന് വിളിച്ചു ഞാൻ കരഞ്ഞു.  


ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റ ഞാൻ വിയർപ്പിൽ കുളിച്ചിരുന്നു.പുലർവെട്ടം മുറിയിലാകെ പരന്നിരുന്നു.കണ്ടത് സ്വപ്‌നമാണെന്നെനിക്ക് ഒട്ടും വിശ്വസിക്കാൻ തോന്നിയില്ല.കിടന്നുകൊണ്ടുതന്നെ വീടിന്റെ  ഉത്തരത്തിലേക്കു നോക്കുമ്പോൾ  ഞാൻ ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടു.മഞ്ഞ നിറമുള്ള ഒരു പാമ്പ് കഴുക്കോലിൽ ചുറ്റിയിരിക്കുന്നു.ഞാൻ  പേടിച്ചു അമ്മയെ വിളിച്ചു. ശബ്ദം കേട്ടതിനാലാവണം പാമ്പ് കഴുക്കോൽ വിട്ടു, പൊട്ടിയ ഒരോടിനിടയിലൂടെ എങ്ങോട്ടോ പോയി. 


കിണറ്റിന്കരയിൽ പല്ലു തേച്ചു നിൽക്കുമ്പോഴും എന്റെ മനസ്സിൽ പാമ്പും നാഗമാണിക്യവും ഒക്കെത്തന്നെയായിരുന്നു. എന്തുകൊണ്ടാവും അങ്ങനെ ഒരു സ്വപ്നമെന്നും  അതിനുശേഷം കാലത്തെ പാമ്പിനെ കണ്ടതുമെന്നും  എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല.തൊട്ടി എടുത്തു വെള്ളം കോരവേ ഞാൻ വീണ്ടും ഞെട്ടി.കിണറിന്റെ റിങ്ങിൽ ഒരു പാമ്പ്!എന്തോ സംഭവിക്കാൻ പോകുന്നു എന്ന് എന്റെ മനസ്സ് പറഞ്ഞു.


ജോലിക്കു പോകാൻ ബൈക്ക് എടുക്കവേ വീലിൽ നിന്നും ഒരു ചെറിയ പാമ്പു ഇഴഞ്ഞു അടുത്തുള്ള മുല്ലച്ചെടികളിലേക്കു പോയതുകണ്ട്‌ ഞാൻ അസ്വസ്ഥനായി.ഓഫിസിൽ കാലത്തേ അടിച്ചുവാരാൻ  വന്ന സ്വീപ്പർ ഫയലുകൾക്കിടയിൽ ഒരു പാമ്പിനെ കണ്ടു പേടിച്ചു.


അന്നുരാത്രി പാത്രങ്ങൾ  അടുക്കി വെക്കവേ പാമ്പിനെ കണ്ടു അമ്മ നിലവിളിച്ചു. മൂത്രമൊഴിക്കാനായി മുറ്റത്തേക്ക് പോയ ഞാൻ മറ്റൊരു പാമ്പിനെക്കൂടി കണ്ടു.ഉറങ്ങാൻ കിടക്കും മുന്നേ ഞാൻ കഴുക്കോലിലേക്കു ഒന്ന് കൂടി നോക്കി. ഇല്ല ഒന്നുമില്ല.


അമ്മൂമ്മയായിരുന്നു  പിന്നീട്  പാമ്പിനെ കണ്ടത്. എന്റെ മുറിയിൽ നിന്നും ഒരു പാമ്പു ഇഴഞ്ഞു പോകുന്നത് കണ്ടു എന്ന് പേടിച്ചരണ്ട അമ്മൂമ്മ പറഞ്ഞു.അന്ന് തന്നെ ബൈക്കോടിച്ചു പോകുമ്പോൾ ഒരു പച്ചിലപ്പാമ്പു എവിടെ നിന്നോ എന്റെ മേൽ  വീണു.വൈകുന്നേരം കിണറിന്റെ റിങ്ങിൽ പാമ്പിനെ കണ്ടുവെന്നു അമ്മ  പറഞ്ഞു.ഗീവർഗീസ് പുണ്യാളന്റെ കപ്പേളയിൽ മെഴുകുതിരി കത്തിക്കാഞ്ഞിട്ടാണ്  എന്നും പാമ്പുകളെ കാണുന്നതെന്ന് അമ്മ പറഞ്ഞപ്പോൾ ശരിയാണെന്നെനിക്കും തോന്നി.ഒരുകൂടു മെഴുകുതിരികളുമായി ഞാൻ കപ്പേളയിലേക്കു പോയി.എന്നാൽ തിരിച്ചു വരവേ മുല്ലച്ചെടികളുടെ ഇടയിൽ ഞാൻ ഒരു അനക്കം കണ്ടു. 


കാലത്തേ ആറ്റിൽ കുളിക്കാൻ ഇറങ്ങുമ്പോൾ വെള്ളത്തിൽ കൂടി ഒരു പാമ്പു നീന്തി പോകുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.കുളിക്കാതെ ഞാൻ തിരിച്ചു പോന്നു.കിണറ്റിൻകരയിലുള്ള  കല്ലിൽ കാലുരച്ചു കഴുകുമ്പോൾ മുല്ലച്ചെടികളിൽ ഒരു പാമ്പു തൂങ്ങിന്നിരുന്നു.വീട്ടിൽ അനിയൻ ടിവി കാണുകയായിരുന്നു.സ്‌ക്രീനിൽ ഒരാളെ പാമ്പുകൊത്തുന്ന രംഗം കണ്ടു ഞാൻ ഒച്ചയെടുത്തു. "നിനക്ക് പഠിക്കാൻ ഒന്നുമില്ലേ ?"


അടുത്ത ദിവസങ്ങളിലെല്ലാം,പലയിടത്തുവെച്ചും പാമ്പുകളെ ഞാൻ  കണ്ടു.വീട്ടിലെവിടെത്തിരിഞ്ഞാലും അവിടൊക്കെ പാമ്പുകളെന്ന സ്ഥിതിയായപ്പോഴാണ്,കൂടെ ജോലിചെയ്യുന്ന ഗോപാലേട്ടനോട് ഞാൻ കാര്യം പറഞ്ഞത്.ഞങ്ങൾ രണ്ടുപേരും കൂടി ചക്രപാണി ജോൽസ്യരുടെ അടുത്തെത്തി.കവടി നിരത്തി ജോത്സ്യർ അല്പനേരത്തെ ആലോചനക്ക് ശേഷം  പറഞ്ഞു."നിങ്ങൾക്ക് സർപ്പദോഷം കാണുന്നുണ്ട്.ഏതെങ്കിലും സർപ്പക്കാവ് തെളിക്കുകയോ,വിഗ്രഹങ്ങൾ എടുത്തു  കളയുകയോ മറ്റോ ചെയ്തിട്ടുണ്ടോ"എന്നയാൾ ചോദിച്ചു.അങ്ങനെയൊന്നും ഉണ്ടായിട്ടില്ല എന്ന് ഞാൻ തീർത്തു പറഞ്ഞു.മണ്ണാറശ്ശാലയിൽ  ചില വഴിപാടുകൾ അയാൾ കുറിച്ച് തന്നു. 


വഴിപാടുകൾ ഒക്കെ ചെയ്തു,അവിടെ തേങ്ങയടിക്കുമ്പോൾ ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചു.പാമ്പുകളെക്കൊണ്ട് ഞാൻ അത്രക്കും പൊറുതിമുട്ടിയിരുന്നു.വഴിപാടുകളെല്ലാം കഴിഞ്ഞു വരുമ്പോഴേക്കും രാത്രിയായിരുന്നു.വീട്ടിലേക്കു പോകുന്ന ചെറിയ  ഇടവഴിയിൽ വെച്ച് ഒരുമാതിരി  കപ്പവാട്ടുന്ന മണം എനിക്കനുഭവപ്പെട്ടു.പാമ്പു വാ പൊളിക്കുമ്പോഴാണ് ആ മണം വരുന്നത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വീട്ടിലേക്കുള്ള പടികളിലേക്കു കാൽ വെച്ചതും, ഒരു പാമ്പു ഇഴഞ്ഞു അടുത്തുള്ള ഗന്ധരാജൻ ചെടിയിലേക്കു കയറി.ഇല്ല,ഒന്നും എന്നെ വിട്ടുപോയിട്ടില്ല എന്നോർത്ത് ഞാൻ ഖിന്നനായി. 

പേടിസ്വപ്നങ്ങൾ നിറഞ്ഞ മറ്റൊരു രാത്രിയായിരുന്നു അന്ന്. വലിയ ഒരു പാമ്പു എന്നെ ചുറ്റിവരിഞ്ഞു മുറുക്കുന്ന സ്വപ്നത്തിന്റെ അവസാനം ഞാൻ ഞെട്ടിയുണർന്നു. വീട് വിറ്റു എവിടെയെങ്കിലും പോയാലോ എന്ന് ഞാൻ ഓർത്തു. വീട്ടിൽ മാത്രമല്ല, ഓഫീസിലും ചെല്ലുന്നിടത്തുമെല്ലാം പാമ്പുകളെ കാണുന്നതിനാൽ വീടുവിറ്റ്‌ മാറുന്നതിൽ കാര്യമില്ലെനിക്ക് തോന്നി.

കാലത്തെ വെറുതെ കട്ടിലിൽ തന്നെ കിടക്കുമ്പോൾ ഞാൻ കഴിഞ്ഞ ആഴ്ചകളിൽ ചെയ്ത കാര്യങ്ങൾ എന്തൊക്കെയെന്ന് ഒന്നോർത്തു നോക്കി.ഇങ്ങനെ പെട്ടെന്ന് പാമ്പുകളെ കാണാനായി,പുതുതായി ഞാൻ എന്താണ് ചെയ്തിട്ടുണ്ടാവുക എന്നോർത്തുകൊണ്ടു തന്നെ ഞാൻ കുളിക്കാൻ പോയി.കുളി കഴിഞ്ഞു വസ്ത്രം മാറവെ കമ്യുണിസ്റ്റ് പച്ചകൾക്കിടയിൽ ഒരനക്കം ഞാൻ കേട്ടു.  വീട്ടിൽ കയറും മുന്നേ ഒരു തൊട്ടി വെള്ളംകോരി ഞാൻ കാലുകഴുകി.ഉണ്ട്...കിണറിന്റെ റിങ്ങിൽ ഇന്നുമുണ്ട് ഒരാൾ!.ഈ കല്ല് ആറ്റിൽ നിന്നും എടുത്തുകൊണ്ടുവന്ന ദിവസമാണല്ലോ ഞാൻ ആദ്യം പാമ്പിനെ കണ്ടതെന്ന് കാലുരച്ചു കഴുകുമ്പോൾ പെട്ടെന്നെനിക്കു തോന്നി. ഇനി ഒരുവേള ഈ കല്ലാകുമോ എല്ലാത്തിനും പിന്നിൽ ?


ഏതോ ഒരുൾപ്രേരണയിൽ ഞാൻ ആ കല്ലുമെടുത്തു ആറ്റിലേക്ക് തന്നെ നടന്നു. ആറ്റിലേക്ക് കല്ല് വലിച്ചെറിഞ്ഞു ഞാൻ ഒന്നുകൂടി കുളിച്ചു.തോർത്തുമ്പോൾ കമ്യുണിസ്റ്റുപച്ചകൾക്കിടയിൽ അനക്കങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.വരുന്ന വഴിക്കു മുല്ലച്ചെടികളിലേക്കും ഞാൻ നോക്കി.ഇല്ല,ആരുമില്ല.വീണ്ടും കിണറിൽ നിന്നും ഒരു തൊട്ടി വെള്ളം കോരുമ്പോൾ  റിങ്ങിൽ കിടന്നിരുന്ന ആൾ അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു. 


വീണ്ടുമൊരിക്കലും ഞാൻ പാമ്പിനെ കണ്ടില്ല.ആ കല്ലായിരിക്കുമോ ഇനി എല്ലാറ്റിനും പിന്നിൽ ?


കർക്കടകത്തിലെ മഴയിൽ  വീണ്ടും ഒരു വെള്ളപ്പൊക്കം ഉണ്ടായി.നിരത്തിലും വയലിലും നിറഞ്ഞ വെള്ളം ഏതാനും ദിവസങ്ങൾക്കുശേഷം ഇറങ്ങിപ്പോയി.ഒരുവേള ആ കല്ല്  പടിഞ്ഞാറു ഭാഗത്തേക്ക്  നീരൊഴുക്കിൽ പെട്ട് ഒലിച്ചുപോയിരിക്കുമോ ?


ആഴ്ചകൾക്കു ശേഷം ഒരു ജാതകം നോക്കാനായി വീണ്ടും ചക്രപാണി  ജോത്സ്യരുടെ അടുത്തെത്തിയതായിരുന്നു ഞാൻ.ഊഴത്തിനായി കാത്തിരിക്കുമ്പോൾ അകത്തുനിന്നു കേട്ട ഒരു സംസാരം എന്നിൽ ഉൾക്കിടിലമുണ്ടാക്കി.


"വീട്ടിലും പരിസരത്തും  എന്നും പാമ്പിനെ കാണുന്നു ജോത്സ്യരെ. എന്തെകിലുമൊരു പരിഹാരം?"


അൽപ്പ സമയത്തിനു ശേഷം ജോത്സ്യർ പറഞ്ഞു."നിങ്ങൾക്ക് സർപ്പദോഷം കാണുന്നുണ്ട്.ഏതെങ്കിലും സർപ്പക്കാവ് തെളിക്കുകയോ,വിഗ്രഹങ്ങൾ എടുത്തു  കളയുകയോ മറ്റോ ചെയ്തിട്ടുണ്ടോ"


എന്തുകൊണ്ടോ  ജോത്സ്യരെ  അന്ന് കാണേണ്ടതില്ല എന്നെനിക്കു തോന്നി.പതിയെ ഞാൻ അവിടെനിന്നുമിറങ്ങി.അടുത്ത വളവിൽ, ജോത്സ്യർ ചക്രപാണിയെക്കാണാനെത്തിയ ആളെ  കാത്തുനിൽക്കുമ്പോൾ അകലെയെവിടെയോ ഒരു പുള്ളുവൻ പാട്ട്  കേട്ടുവോ ?

Feb 24, 2022

കൈവിഷം

ചിട്ടിക്കാരി ഭഗവതിപ്പിള്ള  വരുമ്പോൾ അപ്പച്ചൻ ഉറക്കമായിരുന്നു.  വണ്ടിപ്പെരിയാറിൽ നിന്നും പാതിരാക്കായിരുന്നു  അപ്പച്ചൻ എത്തിയത്. ചിട്ടി പൈസ  ആയിട്ടില്ല എന്ന് പറയുമ്പോൾ  അമ്മച്ചിയുടെ   മുഖം  വിളറിയിരുന്നു. മാത്യുസാർ ഇപ്പോഴും പഴയതുപോലെ തന്നെയാണോ  എന്ന ചോദ്യത്തിന് അമ്മച്ചി  മറുപടി പറഞ്ഞില്ല.  എപ്പോഴത്തെയുംപോലെ കഴുത്തിൽ കിടന്ന കുരിശിൽ പിടിച്ചു അമ്മച്ചി ആകാശത്തേക്ക് നോക്കി. 


രണ്ടുവശത്തേക്കും നോക്കി ഭഗവതിപ്പിള്ള ശബ്ദം താഴ്ത്തി പറഞ്ഞു."ഈ ഒഴപ്പൊക്കെ എന്തുകൊണ്ടാണെന്ന് എനിക്കറിയാം. കൈവിഷമാ  കൈവിഷം.  ചേർത്തല ഒരാളുണ്ട്, ഏതു കൈവിഷവും  ഛർദിപ്പിക്കും. ഈ ചീട്ടുകളിയും കുടിയും ഒക്കെ നിർത്തിത്തരും.ജോത്സ്യനാ.നിങ്ങൾ ക്രിസ്ത്യാനികൾക്ക് ഇതിലൊന്നും വിശ്വാസം ഇല്ലാരിക്കും. എന്നാലും ഒന്ന് പോയി നോക്കരുതോ.  എത്രനാളെന്നു  കരുതിയാ ഇങ്ങനെ" ...


കൈവിഷം എന്നാൽ എന്താണെന്ന് എനിക്ക് വലിയ രൂപമില്ലായിരുന്നു. എങ്കിലും പറഞ്ഞു  കേട്ട അറിവ് വെച്ച്  അത് അത്ര നല്ല സംഭവം അല്ല എന്നെങ്കിക്കറിയാമായിരുന്നു.ഭഗവതിപ്പിള്ള പോയിക്കഴിഞ്ഞും  അമ്മ  വെറുതെ ഓരോന്ന് ചിന്തിച്ചുകൊണ്ടിരുന്നു. 


"ജോയിമോൻ ചെന്ന്  കൊച്ചപ്പനോട് ഇത്രടം ഒന്ന് വരാൻ പറയാൻ" പറഞ്ഞു  അമ്മച്ചി എന്നെ  വിട്ടയപ്പോൾ അമ്മച്ചിയുടെ മനസ്സിൽ എന്തായിരുന്നു  എന്നെനിക്കറിയില്ലായിരുന്നു. 


കൊച്ചപ്പന്റെ നിർബന്ധത്തിനു  വഴങ്ങി അപ്പച്ചൻ ചേർത്തലക്കു പോകാമെന്നു സമ്മതിച്ചു.അനിയനാണെങ്കിലും കൊച്ചപ്പനോട് അപ്പച്ചന് ഒരുതരം  ബഹുമാനമോ മറ്റെന്തൊക്കെയോ ആയിരുന്നു. അതോ ഇനി ആരെങ്കിലും  കൈവിഷം തന്നിരിക്കാമെന്നു അപ്പച്ചനു ന് സ്വയം തോന്നിയോ ?


"നീയും കൂടെ പോരെടാ ജോയിമോനെ" എന്ന് കൊച്ചപ്പൻ പറഞ്ഞപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു. കൊച്ചപ്പന്റെ കൂടെ പോയാൽ ചായക്കടയിൽ നിന്നും എന്തെങ്കിലുമൊക്കെ വാങ്ങിത്തരുമെന്നതായിരുന്നു കാരണം. ഞങ്ങൾക്ക്  കൊച്ചപ്പനെന്നാൽ "കരുണ" എന്നായിരുന്നു പര്യായം. ആ കരുണ ഫീസായും  മറ്റും പലപ്പോഴും വേഷപ്രശ്ചന്നരായി എത്തിയിരുന്നു. കൊച്ചപ്പന് പട്ടാളത്തിലായിരുന്നു ജോലി. മൂന്നുമക്കൾ.അവധിക്കുവരുമ്പോൾ കൊച്ചപ്പൻ അവരെയും കൊണ്ട് കറങ്ങാനൊക്കെ   പോകും. ഭാഗ്യം ചെയ്ത കുട്ടികൾ .


കടുത്തുരുത്തിയിൽ നിന്നും  വൈക്കം വഴി ചേർത്തല എത്തുമ്പോഴേക്കും പത്തുമണി കഴിഞ്ഞിരുന്നു.കുറെയേറെ ആളുകൾ അവിടെ  നിൽക്കുന്നുണ്ടായിരുന്നു.ജ്യോത്സ്യന്റെ പരികർമ്മി  പുറത്തുവന്നപ്പോൾ കൊച്ചപ്പൻ കാര്യം പറഞ്ഞു.താനിതൊക്കെ എത്രകണ്ടതാ എന്നൊരു ഭാവം അയാളിൽ ഉണ്ടെന്നെനിക്കു തോന്നി.ശബ്ദം താഴ്ത്തി അയാൾ പറഞ്ഞു."ജ്യോൽസ്യൻ ഒരു മരുന്ന് കുടിക്കാൻ തരും. കൈവിഷം ഉണ്ടെങ്കിൽ ഛർദ്ദിച്ചു പോകും.പിന്നെ കുടി നിർത്താൻ ഒരു പൊടി കലക്കിത്തരും. അതുകഴിഞ്ഞു  ഒരാഴ്ച കുടിക്കാതെ ഇരുന്നാൽ കുടി നിൽക്കും. പിന്നെ ഒരു കുഴപ്പവും ഉണ്ടാവില്ല" .


അപ്പച്ചന്റെ മുഖത്ത് ഒരു താൽപര്യവും ഉണ്ടായിരുന്നില്ല. പരികർമ്മി  പോയപ്പോൾ അപ്പച്ചൻ കൊച്ചപ്പനോട് പറഞ്ഞു."ആര് ഛർദ്ദിക്കാൻ. ഇതൊക്കെ  തട്ടിപ്പല്ലേ".


പലരും മരുന്ന് കുടിച്ചതിനു ശേഷം ഛർദിക്കുന്നതു ഞാൻ കണ്ടു. ചിലർ ഒരു കുഴപ്പവുമില്ലാതെ മടങ്ങിപ്പോകുന്നതും.ഇതിലൊക്കെ എന്തോകാര്യമുണ്ടെന്നു  എന്റെ മനസ്സ് പറഞ്ഞു. 


ജ്യോൽസ്യൻ കവടി വെച്ച് നോക്കി അൽപ്പനേരം ചിന്തയിലാണ്ടു."സാധനം ഉള്ളിലുണ്ട്". അയാൾ പറഞ്ഞു."മരുന്ന് തരാം. ഛർദിക്കും ഉറപ്പാ.പിന്നെ ഒരാഴ്ച പഥ്യം നോക്കണം.കള്ള്  കുടിക്കരുത്.കുടിച്ചാൽപ്പിന്നെ ഒരിക്കലും നിർത്താനാൻ പറ്റില്ല"എന്നൊക്കെ പറഞ്ഞു.ഇടയ്ക്കു എന്നെ സൂക്ഷിച്ചു നോക്കി."നീ ഇവിടെ നിൽക്കില്ല. നാടുവിട്ടുപോകും.ചിലപ്പോൾ രാജ്യം തന്നെ. അധികം വൈകില്ല"എന്നുംകൂടി  പറഞ്ഞു.ഈ ലോകം തന്നെ വിട്ടുപോകണമെന്നാണ് ആഗ്രഹം എന്ന് ഞാൻ അയാളോട് പറഞ്ഞില്ല. 


മരുന്ന് കുടിക്കുമ്പോൾ അപ്പച്ചൻ മൂക്കുപൊത്തിപ്പിടിച്ചു. ഇറക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അപ്പന്റെ മുഖഭാവത്തിൽ നിന്നും എനിക്ക് മനസ്സിലായി. അരമണിക്കൂർ കഴിഞ്ഞപ്പോൾ  അപ്പച്ചൻ ഓക്കാനിക്കാൻ തുടങ്ങി. കൊച്ചപ്പൻ പുറം തിരുമ്മിക്കൊടുത്തപ്പോൾ അപ്പച്ചൻ ഛർദിച്ചു. പരികർമ്മി, ഞാൻ അപ്പോഴേ പറഞ്ഞില്ലേ എന്ന ഭാവത്തിൽ വന്നു നോക്കിയിട്ടു അകത്തേക്ക് പോയി ജോല്സ്യനെ വിളിച്ചുകൊണ്ടു വന്നു. അയാളുടെ കൈവശം മറ്റൊരു മരുന്നുകൂടിയുണ്ടായിരുന്നു. ഛർദിച്ചു തളർന്നു അവശനായിരുന്ന അപ്പച്ചൻ അത് വാങ്ങിക്കുടിച്ചു.


തിരിച്ചുപോയപ്പോൾ കൊച്ചപ്പൻ മീൻകറി കൂട്ടി ഊണ് വാങ്ങിത്തന്നു. വറുത്തരച്ച മീൻകറിക്കു ഭയങ്കര എരിവായിരുന്നെങ്കിലും രണ്ടാമതും ഞാൻ ചോറ് വാങ്ങി.അപ്പച്ചൻ ഒന്നും കഴിച്ചില്ല. ഒരു വട്ടുസോഡാ വാങ്ങി മുഖം കഴുകി. അപ്പന് നടക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ടായിരുന്നു. ബോട്ടിലിരുന്നു അപ്പച്ചൻ  മയങ്ങി. 


വളരെയധികം അവശനായിരുന്നു അപ്പച്ചൻ. രണ്ടുദിവസം വീടിനു വെളിയിൽ ഇറങ്ങിയില്ല. അമ്മച്ചിയുടെ മുഖത്ത് ഒരു തെളിച്ചം ഞാൻ കണ്ടു.എല്ലാം നേരെയാകുമെന്ന് അമ്മച്ചി  ഏറെക്കുറെ ഉറപ്പിച്ചതുപോലെ എനിക്ക് തോന്നി. 


മൂന്നാംദിവസം അപ്പച്ചൻ ജോലിക്കായി പോകുന്നെന്ന് പറഞ്ഞു പുറത്തുപോയി. കൊച്ചപ്പൻ കൊണ്ടുവന്ന ചെറിയ റേഡിയോ കാണാതായെന്ന് ഞാൻ പറഞ്ഞപ്പോൾ അമ്മച്ചിയുടെ മുഖം നിർവികാരമായിരുന്നു.


അയൽവക്കത്തെ പട്ടിയുടെ നിർത്താതെയുള്ള കുരകേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്. ശബ്ദം കേട്ട് അമ്മച്ചിയും എഴുന്നേറ്റു വന്നു. വാതിൽ തുറന്നു നോക്കുമ്പോൾ മൂന്നുപേർ അപ്പച്ചനെ താങ്ങിപ്പിടിച്ചു കൊണ്ടുവരികയായിരുന്നു. എന്നെ കണ്ടതും അപ്പച്ചനെ അവിടെത്തന്നെ ഇരുത്തിയിട്ടു അവർ ഇരുട്ടിലേക്ക് ഓടിമറഞ്ഞു. ആരായിരിക്കും അവർ ?


തന്നെ എഴുന്നേൽക്കാവുന്ന പരിതസ്ഥിതിയിൽ അല്ലായിരുന്ന അപ്പച്ചനെ താങ്ങിയെഴുന്നേൽപ്പിക്കുമ്പോൾ ഞാനമ്മച്ചിയുടെ മുഖത്തേക്ക് പാളിനോക്കി. ആ മുഖം നിർവികാരമായിരുന്നു. എന്നത്തേയും പോലെ അമ്മച്ചി കരയുന്നുണ്ടായിരുന്നില്ല.തുടർച്ചയായുള്ള കരച്ചിൽ മൂലം ആ കണ്ണുകൾ വറ്റിവരണ്ടിരിക്കുമോ ?


ഉറക്കം വരാതെ കിടക്കുമ്പോൾ അപ്പുറത്തെ മുറിയിൽ നിന്നും അപ്പച്ചന്റെ കൂർക്കംവലി കേട്ടു.ഇടവേളകളിൽ നേർത്ത തേങ്ങലുകളും.എത്രയെത്ര മഹാകാവ്യങ്ങളാവാം അമ്മച്ചിയുടെ തലയിണയിൽ കണ്ണുനീരാൽ എഴുതപ്പെട്ടിട്ടുണ്ടാവുക എന്നോർത്തപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.ശബ്ദമുണ്ടാക്കാതെ ഞാൻ കരഞ്ഞു.ജീവിതം  എങ്ങോട്ടാണ് ഞങ്ങളെ കൊണ്ടുപോകുന്നത് ? 

ഏറെ നേരത്തെ ആലോചനക്ക് ശേഷം ഞാൻ എഴുന്നേറ്റു. മുറിയിൽ ഇരുന്ന ഒരു കറുത്ത ബാഗിൽ രണ്ടോ മൂന്നോ ഉടുപ്പുകൾ എടുത്തുവെക്കുമ്പോൾ എന്റെ കൈ വിറച്ചു. വാതിൽ തുറന്നു പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ അമ്മച്ചിയുടെ മുറിയിൽ നിന്നും നേർത്ത ഒരു തേങ്ങൽ കേട്ടു. 


ബാഗിൽ നിന്നും തുണികൾ തിരിച്ചു വെക്കുമ്പോൾ അടുത്ത കട്ടിലിൽ ഉറങ്ങുകയായിരുന്ന അനിയനെ ഞാൻ ഒന്ന് നോക്കി. നിലാവിന്റെ ഒരു കീറ് അവന്റെ മുഖത്തേക്ക് പാറി വീണിരുന്നു. ഉറക്കത്തിൽ അവൻ ചിരിക്കുന്നതുപോലെ എനിക്ക് തോന്നി. ഏതെങ്കിലും സ്വപ്നം കണ്ടിട്ടാവുമോ അവൻ മന്ദഹസിച്ചിരിക്കുക? അതോ  ചേട്ടായിയുടെ സുരക്ഷിതവലയം  എന്നുമുണ്ടാവുമെന്ന  തോന്നലിലോ ?


Jul 5, 2019

ഓർമ്മത്താഴ്വരയിൽ നിലീന ...

നീണ്ട ബെല്ലുകൾക്കൊടുവിൽ അങ്ങേത്തലക്കൽ ഒരു പരുഷ സ്വരം കേട്ടു  " ആരാ "?


അന്നേ  ദിവസം നാലാമത്തെ  തവണയായിരുന്നു അയാൾ ഫോൺ ചെയ്യുന്നത്..മൂന്നുതവണയും ആരും ഫോൺ എടുക്കയോ തിരിച്ചു  വിളിക്കുകയോ  അയാളുടെ എസ്.എം.എസിനു മറുപടി അയക്കുകയോ ചെയ്യാഞ്ഞതു അയാളിൽ അത്ഭുതമുളവാക്കി.


"ആരാ" എന്ന ചോദ്യം അയാളിൽ ലേശം ദേഷ്യം ഉളവാക്കിയിരുന്നു. എന്നിട്ടും അയാൾ ചോദിച്ചു  "നിലീന ..നിലീന ജോസെഫിന്റെ വീടല്ലേ?"



"നിങ്ങൾ ആരാ.എവിടുന്നാ.എന്താ കാര്യം"എന്ന് ഒരു തരം   ഈർഷ്യയോടെയുള്ള  ചോദ്യശരങ്ങൾ വന്നപ്പോൾ  അയാളൊന്നു  പകച്ചു.എന്നിട്ടും അയാൾ ശാന്തതയോടെ പറഞ്ഞു."ഞാൻ തോമസ്.തിരുവനന്തപുരത്താണ് വീട് .നിലീനയുടെ ക്ലാസ്സ്മേറ്റാണ്.വളരെക്കാലമായി ഞങ്ങൾ തമ്മിൽ  കണ്ടിട്ട്.ഇവിടെ കോഴിക്കോട് വരെ വരേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു.വന്നാൽ നിലീനയെ   ഒന്ന് കാണാൻ  സാധിക്കുമോ ?


ഒരു നിശ്ശബ്ദതക്കു  ശേഷം അയാൾ പറഞ്ഞു ."വന്നോളൂ ".


വർഷങ്ങൾക്ക് ശേഷം അവിചാരിതമായി കണ്ടുമുട്ടിയ രാമചന്ദ്രനായിരുന്നു  നിലീനയുടെ വിലാസവും നമ്പറും നൽകിയത്.ഔദ്യോഗികാവശ്യത്തിനായി കോഴിക്കോട്ടു ചെന്നതായിരുന്നു തോമസ്.ഇനി കോഴിക്കോട്ടു പോകേണ്ടി വരുമ്പോൾ  നിലീനയെ  കാണണം  എന്നയാൾ ഉറപ്പിച്ചിരുന്നു.



വളരെ മിടുക്കിയായ ഒരു കുട്ടിയായിരുന്നു  നിലീന. സുന്ദരിയായിരുന്നു  അവൾ. കോളേജിൽ മിക്കവാറും എല്ലാപേരും  അറിയുന്ന ഒരു പെൺകുട്ടി.പഠിത്തത്തിൽ മുന്നിൽ.നന്നായി പാടും.അസാമാന്യ നേതൃഗുണം.എല്ലാം കൊണ്ടും "സ്മാർട്ട്"  എന്ന് പറയാവുന്ന ഒരു  കുട്ടി.കോളേജിൽ  ആർട്സ്ക്ലബ്സെക്രട്ടറി ആർട്സ്ക്ലബ്സെക്രട്ടറിഒക്കെയായിരുന്നു.അയാൾക്ക് നിലീനയോടു ഒരുതരം ഗൂഢപ്രണയം തന്നെ ഉണ്ടായിരുന്നു എന്നുള്ളതായിരുന്നു സത്യം.ഏതാണ്ട് അതുപോലെയൊക്കെത്തന്നെ  നിലീനയോടു ആരാധനയുള്ള ഒരുപറ്റം  സുഹൃത്തുക്കൾ അയാളുടെ  സൗഹൃദവലയത്തിൽത്തന്നെ ഉണ്ടായിരുന്നു.അതിൽ  പലരുടെയും പേരുകൾ ഓർമ്മയിൽ നിന്നും പരതിയെടുക്കാൻ   അയാൾ ശ്രമിച്ചു.പലരുടെയും മുഖങ്ങൾ ഓർമ്മ വന്നെങ്കിലും പേരുകൾ മറവിയിലേക്കു  മറഞ്ഞിരുന്നു.



റിട്ടയർമെന്റ്  അടുക്കുംതോറും  മറവിയെ ന്നുള്ളത് അയാൾക്ക്  ഒരു സാധാരണ കാര്യമായി  മാറിയിരുന്നു.ചില പ്രത്യേക   വാക്കുകൾ,ചിലചില സാധനങ്ങൾ,എന്നും കാണുമെങ്കിലും ചിലരുടെ പേരുകൾ, പെട്ടെന്ന്  ഓർത്തെടുക്കുന്നതിൽ ഒരു ബുദ്ധിമുട്ടു.അത്ര മാത്രം. ചില്ലറ  മറവി എന്നതിൽ കവിഞ്ഞു  അയാളതിന് വലിയ   പ്രാധാന്യം കൊടുത്തിരുന്നില്ല.കാരണം  പ്രായമേറിവരുന്നു  എന്നത് അംഗീകരിക്കാൻ  അയാൾ ഒരുക്കമായിരുന്നു. 



കോളേജ്  വിട്ടതിനു  ശേഷം നിലീനയെക്കുറിച്ചു ഒരു വിവരവും  ഉണ്ടായിരുന്നില്ല.കോളേജ് യൂണിയൻ ചെയർമാനുമായി  അവൾ  അടുപ്പത്തിലായിരുന്നു  എന്ന് അന്നൊക്കെ  പലരും പറഞ്ഞിരുന്നു. അവളെ  വിവാഹം  ചെയ്തയച്ചത്  കോഴിക്കോട്ടാണെന്നു  രാമചന്ദ്രൻ  പറഞ്ഞപ്പോൾ  ഒരുപക്ഷെ അത്  മറ്റാരോ  ആയിരിക്കാമെന്നു എന്തുകൊണ്ടോ തോമസിനു  തോന്നി.അതോ യൂണിയൻ ചെയർമാനോടുണ്ടായിരുന്ന അസൂയയായിരുന്നോ അതിന്റെ പിന്നിൽ ? 



നഗരത്തിൽ നിന്നും  കുറെകലെ,ഒരു    ചെറിയ  കുന്നിന്റെ  താഴ്വരയിലായിരുന്നു  നിലീനയുടെ പഴയ ഇരുനിലവീട്.ചുവരുകളുടെ  പെയിന്റൊക്കെ പഴയതായി നിറം  മങ്ങിയിരുന്നു. മുറ്റത്തു പുല്ലുകൾ വളർന്നു നിറഞ്ഞുനിന്നിരുന്നു.
ചിലന്തിവലകൾ   പലയിടത്തും തൂങ്ങിക്കിടന്നിരുന്നു.വളരെക്കാലമായി ആൾപെരുമാറ്റമില്ലാത്തവീടുപോലെ.എന്തുകൊണ്ടോ ഒരു തരം   നെഗറ്റിവ്  എനർജി  അവിടെ  ഫീൽ ചെയ്യുന്നതുപോലെ തോമസിനു  തോന്നി.



കോളിംഗ് ബെൽ  അമർത്തി  വളരെ നേരത്തിനു  ശേഷം ഏകദേശം മുപ്പതു വയസ്സ്  തോന്നിക്കുന്ന ഒരു  ചെറുപ്പക്കാരൻ  വാതിൽ  തുറന്നു.


"ഞാൻ  കാലത്തെ  വിളിച്ചിരുന്നു.നിലീനയുടെ  ക്‌ളാസ്സ്‌മേറ്റ്".തോമസ്   പറഞ്ഞു.

"വരൂ...മമ്മിയെ കാണാം".


ഒരു  അടുക്കും  ചിട്ടയും ഇല്ലാത്ത വീടായിരുന്നു  അത്.അകത്തെ മുറിയിലേക്ക് ചെല്ലുമ്പോൾ തുറന്നിട്ടിരുന്ന  ജനലിലൂടെ  പുറത്തേക്കു  നോക്കി  കിടക്കുകയായിരുന്നു  നിലീന. മുടിയെല്ലാം വെളുത്തിരുന്നു.മെലിഞ്ഞു പൊക്കമുണ്ടായിരുന്ന അവൾ ഒരുപാട് തടിച്ചതുപോലെ അയാൾക്ക്  തോന്നി.


"അമ്മേ  ഇതാരാണ്  വന്നിരിക്കുന്നത്  എന്ന് നോക്കു". നിലീനയുടെ  മകൻ പറഞ്ഞു.നിലീന  പതുക്കെ  തല ചെരിച്ചു  നോക്കി. അയാൾ  ചെറുതായി  ചിരിച്ചിട്ട്  ചോദിച്ചു."ഓർക്കുന്നുണ്ടോ  എന്നെ? ഞാൻ   തോമസ്.ഡിഗ്രിക്ക്  നമ്മൾ  ഒരു ക്ലാസിലായിരുന്നു".



"തോമസ് .തോമസ്"  ..നിലീന  രണ്ടുപ്രാവശ്യം  ആ പേര് ഉച്ചരിച്ചു..എന്നിട്ടു അയാളുടെ  നേരെ  തുറിച്ചു നോക്കി.


"ഓർമ്മിക്കാൻ  തരമില്ല...കാരണം  ക്ലാസ്സിൽ ഞാനൊരു മിണ്ടാപ്പൂച്ചയായിരുന്നു.നിലീന പിന്നെ കോളേജിൽ  എല്ലാവരാലും  അറിയപ്പെടുന്ന  ഒരാളായിരുന്നല്ലോ".


നിലീന  ഒന്നും പറഞ്ഞില്ല.അയാളുടെ മുഖത്തേക്ക്  തന്നെ നോക്കിയിരുന്നു.അൽപ്പം  തടിച്ചിട്ടുണ്ടെങ്കിലും   ഇപ്പോഴും  സുന്ദരി തന്നെ  എന്ന്  പെട്ടെന്ന്  തോമസിനു  തോന്നി.


"നമ്മുടെ  സുഹൃത്തുക്കളെ  ആരെയെങ്കിലും  കാണാറുണ്ടോ? നിലീന പിന്നെ  ആർട്സ്ക്ലബ് സെക്രട്ടറി  ഒക്കെ  ആയിരുന്നത് കൊണ്ട്  ഒരു  വലിയ സൗഹൃദമുണ്ടായിരുന്നല്ലോ?"ഞാൻ ചോദിച്ചു.എന്തോ ഓർക്കാൻ ശ്രമിക്കുന്നതുപോലെ നിലീന  പറഞ്ഞു."ആർട്സ് ക്ലബ്  സെക്രട്ടറി.....ആർട്സ് ക്ലബ് സെക്രട്ടറി " ?



"സാർ ക്ഷമിക്കണം...അമ്മക്ക് ഓർമ്മശക്തി  നഷ്ട്ടപ്പെട്ടിട്ടു കുറെനാളായി.ഇപ്പോൾ സ്വന്തം  പേര് പോലും ഓർമ്മയില്ല.വിളിച്ചപ്പോൾ പറയണമെന്നുണ്ടായിരുന്നു.ഒരുപക്ഷെ അമ്മക്ക്  പഴയകാര്യങ്ങളോ  പഴയ സുഹൃത്തുക്കളെയോ    ഓർമ്മകാണുമോ എന്ന്  നോക്കാമെന്നു  വിചാരിച്ചായിരുന്നു  വരാൻ പറഞ്ഞത്".ക്ഷമാപണ സ്വരത്തിൽ  അയാൾ പറഞ്ഞു നിർത്തിയപ്പോൾ  അയാൾ  ശരിക്കും  ഞെട്ടി. 



ഓർമ്മശക്തി  നഷ്ടപ്പെടുക  എന്നത്  ഇത്രമാത്രം  ഭീതിതമായ  ഒരു അവസ്ഥയാണ്  എന്ന്  അയാൾക്ക് ഒരിക്കൽ പോലും  തോന്നിയിരുന്നില്ല. സ്വന്തം പേരുപോലും ഓർമ്മിക്കാൻ സാധിക്കാത്ത നിലയിലാണ്  നിലീന  എന്നയാൾക്ക്‌  മനസ്സിലായി.



കോളേജിൽ  കൂടെപ്പഠിച്ച  പലരുടെയും  കാര്യങ്ങൾ  അയാൾ  ചോദിച്ചെങ്കിലും   നിലീന  ഒന്നും പറഞ്ഞില്ല.യാത്ര പറഞ്ഞിറങ്ങുമ്പോൾ  ഉപചാരം  എന്നോണം  അയാൾ പറഞ്ഞു."വീണ്ടും  കാണാം  നിലീന".



തിരിയെ പോകുമ്പോൾ അയാൾ ഓർത്തത്  ജീവിതത്തിന്റെ നിരർത്ഥകതയെക്കുറിച്ചായിരുന്നു.അന്നത്തെ  പ്രസരിപ്പു  നിറഞ്ഞ  സുന്ദരിയായ  ആ പെൺകുട്ടിയെവിടെ.ഇന്ന്  സ്വന്തം പേരോ,മക്കളെയോ പോലും ഓർമ്മിച്ചെടുക്കാൻ  കഴിയാത്ത നിലീന  എവിടെ  എന്നോർത്തപ്പോൾ അയാളുടെ കണ്ണിൽ  അറിയാതെ ഒരിറ്റു  കണ്ണീർ പൊടിഞ്ഞു.


തികച്ചും  വിരസമായ  ഒരു മടക്കയാത്രയായിരുന്നു  അയാളുടേത്.തീവണ്ടിയിൽ   ഇരിക്കുമ്പോൾ അയാൾ കോളേജ്  ദിനങ്ങളെ ഓർമ്മിച്ചെടുക്കാൻ  ശ്രമിച്ചു.അവ്യക്തമായ ഒരു നേരിയ  പാട ആ  കാലത്തിനുമേൽ പടർന്നുകിടക്കുന്നതു പോലെ  അയാൾക്കനുഭവപ്പെട്ടു.മറവിയുടെ ഗർത്തത്തിലേക്ക് താൻ പതിക്കുകയാണോ   എന്നയാൾ ഭയപ്പെട്ടു .


അയാൾ തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും  രാവിലെയായിരുന്നു.ചായ കൊടുക്കുമ്പോൾ  ഭാര്യ  കളിയായി ചോദിച്ചു."കോഴിക്കോട്ടു പോയിട്ട്  പഴയ   ആരാധനാപാത്രത്തെ  കണ്ടോ?"



അവളെ  ചൊടിപ്പിക്കാനായി  തോമസ്  പറഞ്ഞു "കണ്ടു.സംസാരിച്ചു.പണ്ടത്തേതിലും  അവൾ സുന്ദരിയായിരിക്കുന്നു.മതിയോ ?"


"എങ്കിൽ സുന്ദരിയും സുന്ദരനും ഒന്നിച്ചു  ജീവിക്കണം! ഇവിടാർക്കു കുഴപ്പം" എന്ന്  ഭാര്യ  തിരിച്ചടിച്ചു."എന്തായിരുന്നു  ഇത്ര വലിയ  സുന്ദരിയുടെ  പേര് ?"


അവളുടെ പേര്? അവളുടെ പേര്? എന്നയാൾ  രണ്ടുതവണ  പറഞ്ഞു.എത്ര  ശ്രമിച്ചിട്ടും  ആ പേര്  ഓർമ്മിച്ചെടുക്കാനയാൾക്കുകഴിഞ്ഞില്ല.ഓർമ്മത്താഴ്വരയിൽ എവിടെയോ  അത്  നഷ്ടപ്പെട്ടുവോ?. 

Oct 17, 2017

ഒരു നനുത്ത സ്പർശം

വെയിൽ  മായാൻ  തുടങ്ങിയിരുന്നു.മിഴികൾ   രണ്ടും കണ്ണുനീരാൽ  നിറഞ്ഞതിനാൽ  തുറന്നിട്ട  ജനലിലൂടെ  നോക്കിയപ്പോൾ  എനിക്ക്  നീണ്ട  ഇടവഴി കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.വിക്റ്ററച്ചൻ  ഒരിക്കൽ കൂടി  വാച്ച് നോക്കുന്നത്  ഞാൻ  കണ്ടു.    പുറപ്പെടാനുള്ള   സമയം  കഴിഞ്ഞിരുന്നു. എന്തുകൊണ്ടാണമ്മ  വരാൻ  വൈകുന്നത്? ഇനി  ഒരുവേള    വരില്ലേ ?


ഉച്ചമുതൽ എട്ടാമത്തെയോ പത്താമത്തെയോ  തവണയായിരുന്നു വിക്റ്ററച്ചൻ  വിളിച്ചു  നോക്കുന്നത് . ഫോൺ  സ്വിച്ച് ഓഫ്  എന്ന  മെസേജ്  വന്നപ്പോൾ അച്ചന്റെ  മുഖം വല്ലാതെയായി. നമുക്കിറങ്ങിയാലോ അഖിൽ എന്ന് പറയുമ്പോലെ  അച്ചൻ  എന്നെ  നോക്കി.എന്റെ വിഷമം  നിറഞ്ഞ  മുഖം  കണ്ടതിനാലാവണം  അച്ചൻ  തിരിയെ  പോയത് .


അവസാനം  അമ്മയോട് സംസാരിച്ചപ്പോഴും ആ  പതിഞ്ഞ ശബ്ദത്തിൽ വാത്സല്യം  മാത്രമേയുണ്ടായിരുന്നുള്ളു.മെറിറ്റിൽ തന്നെ  എനിക്ക് എൻജിനിയറിങ്ങിന്  അഡ്മിഷൻ കിട്ടിയെന്ന വാർത്ത   അറിയിച്ചപ്പോൾ മ്മയുടെ  സ്വരം  ഇടറിയതുപോലെ എനിക്ക്  തോന്നി. ചേരാൻ പോകും മുന്നേ അമ്മയെ   കാണാൻ പറ്റുമോ എന്ന്  മാത്രമേ  ഞാൻ ചോദിച്ചുള്ളൂ." ഉറപ്പായും  വരും"  എന്നായിരുന്നു  അമ്മ  അന്ന് പറഞ്ഞിരുന്നത് . 


അമ്മയുടെ  മുഖം  എങ്ങനെയായിരിക്കും   എന്ന്  ഞാൻ വെറുതെ  ആലോചിച്ചു.വളരെയധികം തവണ  സംസാരിച്ചിട്ടും     കാണണം  എന്ന്  അമ്മ എന്തുകൊണ്ടാവും  പറയാത്തതെന്നെനിക്കു   അത്ഭുതം  തോന്നി. എന്തുകൊണ്ടോ അമ്മയെന്നെ   കാണാൻ  വരില്ല  എന്ന്  ആദ്യമേ  മുതൽ  തോന്നിയിരുന്നു.അതുകൊണ്ടു  തന്നെ  വരുമോയെന്നു  ചോദിക്കാനും ഒരുപക്ഷേ വരില്ല  എന്ന്  കേൾക്കുമ്പോൾ ഉണ്ടായേക്കാവുന്ന  നിരാശ  അനുഭവിക്കാനുമുള്ള  ശക്തി  എനിക്കില്ല  എന്ന്  ഞാൻ ഭയന്നു. 


കൃത്യമായി  വന്നിരുന്ന  കത്തുകളും  പിന്നെ  വല്ലപ്പോഴും  എത്തുന്ന  ഫോൺ  വിളികളും  മാത്രമായിരുന്നു  എനിക്ക്  അമ്മയുമായുള്ള  ബന്ധം.  അമ്മയുടെ കത്തുകളിൽ  ഉപദേശങ്ങൾ  ഉണ്ടായിരുന്നില്ല. പഠിക്കണം  എന്ന  ഓർമ്മപ്പെടുത്തലുകളും. ഉള്ളത്  സ്നേഹം  മാത്രം. ഒരമ്മക്ക്  ഇങ്ങനെ  സ്നേഹമൂറുന്ന  വാക്കുകൾ  പറയാനാവുമോ  എന്നത്  എനിക്കൊരു  അത്ഭുതമായിരുന്നു.കാരണം  അതൊക്കെ  എനിക്കൊരു പുതുമയായിരുന്നല്ലോ. 


അമ്മയോട് ആദ്യമായി സംസാരിച്ച  ദിവസം  ഇന്നും ഓർമ്മയുണ്ട്. നാലോ  അഞ്ചോ  വർഷങ്ങൾക്കു  മുൻപായിരുന്നു  അത്. അമ്മയുടെ  ചോദ്യങ്ങൾക്കു  ഉത്തരം  മാത്രമേ  ഞാൻ  കൊടുത്തിരുന്നുള്ളു.അവസാനം  അമ്മ  സ്നേഹം  വഴിഞ്ഞൊഴുകുന്ന  ആ ചോദ്യം  ചോദിക്കും  വരെ."മോന്  എന്നോടൊന്നും   ചോദിക്കാനില്ലേ?" മോൻ  എന്നുള്ള  വിളി എന്റെ  കണ്ണ്  നനച്ചു . ആ  നനവ്  ഒരു പൊട്ടിക്കരച്ചിൽ  ആയി."മോൻ  എന്തിനാണ്  കരയുന്നതു" എന്ന്  അമ്മ  ചോദിച്ചു. "നിങ്ങൾ എന്തിനാണെന്നെ മോനേന്നു വിളിച്ചതെന്നു"ഏങ്ങലുകൾക്കിയിലൂടെ  ഞാൻ  ചോദിച്ചു." നിങ്ങൾ   എന്നതിന് പകരം  മോനെന്നെ  അമ്മയെന്ന്  വിളിച്ചു കൂടെ" എന്ന് മാത്രമായിരുന്നു  അമ്മ അപ്പോൾ  ചോദിച്ചത്. 


അതുവരെ  അമ്മ  എന്ന് കേൾക്കുമ്പോൾ  ആ ക്രിസ്മസ്  രാത്രി  ഓർമ്മ വരുമായിരുന്നു.കുടിച്ചു ബോധമില്ലാതെ അമ്മയെയും  അനിയനെയും  പിച്ചാത്തികൊണ്ടു വേറൊരു ലോകത്തേക്ക്  പറഞ്ഞയച്ചിട്ടു,എന്റെമേൽ  ചുവന്ന വരകളും  വൃത്തങ്ങളും   വരച്ചതിനു   ശേഷം വീടിന്റെ  പിന്നിലെ റെയിൽപാളത്തിലൂടെ  മരണത്തിലേക്ക്  നടന്നു പോയ  എന്റെ  അച്ഛനെയും.എന്തിനാവും  അച്ഛൻ  അങ്ങനെ  ചെയ്തത്?എന്തിനാണ്  ദൈവം എന്നെ  ഭൂമിയിൽ  തനിച്ചാക്കിയത്  എന്നൊക്കെ  ഒരായിരം  തവണ  ഞാൻ ഓർത്തിരുന്നു.ചില  സംഭവങ്ങൾ അങ്ങനെയൊക്കെത്തന്നെയാണ്. അവ  പൂരിപ്പിക്കാനാവാത്ത ഒരു  സമസ്യയായി  എന്നും  ഭൂമിയിൽ ഉണ്ടാവും. അതിന്റെ  ഉത്തരങ്ങൾ   പലർക്കും  പലരീതിയിൽ   ആവും. 



അഞ്ചോ ആറോ  വർഷങ്ങൾക്ക്  മുന്നേ  അമ്മ  ഒരിക്കൽ  വന്നിരുന്നു  എന്ന്  വിക്റ്ററച്ചൻ  പറഞ്ഞു  കേട്ടിരുന്നു. തൊടിയിലെ ഞാവലിൽ നിന്നും  പഴങ്ങൾ പൊട്ടിച്ചു  കഴിച്ചു എന്നും.  ഞാവൽ പഴങ്ങൾ  അമ്മക്ക്  വളരെ  ഇഷ്ടമാണെന്നു അറിഞ്ഞപ്പോൾത്തന്നെ,എന്നെങ്കിലും അമ്മ  വരുമ്പോൾ  അവ  കൊടുക്കാം എന്ന് ഞാൻ ഓർത്തു.ഒരുവേള  പഴങ്ങൾ ഇല്ലാത്ത  സമയം  അമ്മ  വന്നാൽ  എന്ത്  ചെയ്യണം  എന്നെനിക്കു  നിശ്ചയമുണ്ടായിരുന്നില്ല .



സാധാരണ  അനാഥാലയത്തിൽ സന്ദർശനത്തിന്  വരുന്ന  ആളുകളേക്കാൾ    വ്യത്യസ്ഥയാണ്    അമ്മ എന്നെനിക്കു  പലപ്പോഴും  തോന്നിയിരുന്നു.ചിലർ 
നമ്മോടൊപ്പം  ഫോട്ടോകളെടുക്കും.വിലയേറിയ  ചോക്കലേറ്റുകൾ  സമ്മാനമായി നൽകും. കേക്ക്  മുറിക്കും.ജന്മദിനങ്ങളിൽ  തിളങ്ങുന്ന  വസ്ത്രങ്ങൾ  ധരിച്ച കുട്ടികളുമായി  വരുന്നവരുടെ മുന്നിൽ സന്തോഷമഭിനയിക്കേണ്ടിവരുമ്പോൾ  
ചിലപ്പോഴെങ്കിലും ഒരുതരം  നിസ്സംഗതയാണ്   തോന്നുക.ചില കുട്ടികൾ   കൊതിയോടെ  അവരെത്തന്നെ  നോക്കിനിൽക്കും.ചിലർക്ക്  എന്തിനെന്നറിയാത്ത അങ്കലാപ്പാണ്. മറ്റു  ചിലരുടെ  കണ്ണിൽ  അസൂയ.അങ്ങനെ ഓരോരുത്തർ  ഓരോ തരം.  ഞങ്ങളെപ്പോലുള്ളവരുടെ   മുന്നിൽ എന്തിനാണവർ  തങ്ങളുടെ  പണക്കൊഴുപ്പ്    പ്രദർശിപ്പിക്കുന്നതെന്നു പലപ്പോഴും എനിക്ക് 
തോന്നിയിട്ടുണ്ട്.എന്തിനു  നമുക്കീ   ജന്മം    തന്നു  എന്ന്  സർവ്വശക്തനോട്  ചോദിച്ചു  പോകുന്ന  നേരം.എന്നാൽ അമ്മയെപ്പോലെ ചിലരുണ്ടു.അകലെ നിന്ന്  നമ്മെ   അടുത്ത് കാണുന്നവർ.നമ്മുടെ  ആവശ്യങ്ങൾ   അറിഞ്ഞു ചെയ്യുന്നവർ. ഹൃദയത്തിൽ  കരുണ  മാത്രം  ഉള്ളവർ .




അകലെ  നിന്നും  ഒരു   കാർ വരുന്നത് കണ്ടു  എന്റെ  ഹൃദയം  മിടിച്ചു.  അത്  അമ്മയാവുമോ ?  അതോ  ഞായറാഴ്ച ആയതിനാൽ  ഏതെങ്കിലും  അനാഥാലയം  സന്ദർശിക്കാനും  ഡൊണേഷൻ  കൊടുക്കാനും  വരുന്ന  ഏതെങ്കിലും  ഉദാരമതികളായ  മനുഷ്യർ  ? 


കാറിൽ നിന്നും  സാധാരണ  വസ്ത്രം  ധരിച്ച  ഒരു കുട്ടിയും  മുണ്ടും  ഷർട്ടും ധരിച്ചു  വെറും  ചെരുപ്പിട്ട്  മറ്റൊരാളും  ഇറങ്ങി.അവർ  വിക്റ്ററച്ചന്റെ  ഓഫീസിലേക്ക്  നടക്കുമ്പോൾ  എന്റെ  കണ്ണുകൾ വീണ്ടും  ഇടവഴിയിലേക്ക് .

അപ്പുവായിരുന്നു  ഓടി  വന്നു  പറഞ്ഞത് വിക്റ്ററച്ചൻ  വിളിക്കുന്നുവെന്നും  അമ്മ  വന്നിട്ടുണ്ടെന്നും.അമ്മ  എന്ന്  കേട്ടതും  ഞാൻ ഓടി.വിക്റ്ററച്ചന്റെ  മുറിയിൽ  ചെന്നപ്പോൾ  അമ്മ  എവിടെ  എന്ന്  ചോദിക്കാൻ  എനിക്കു  ശബ്ദം  ഉണ്ടായിരുന്നില്ല.


ഒരു  ചെറുപുഞ്ചിരിയോടെ  വിക്റ്ററച്ചന്റെ  മുറിയിൽ ഉണ്ടായിരുന്നയാൾ  എന്നോട്  ചോദിച്ചു. "അഖിലിന്  അമ്മയെ  കാണേണ്ടേ..വരൂ "

എന്റെ  ഹൃദയം   ശക്തിയായി മിടിക്കുന്നുണ്ടായിരുന്നു.എന്നാൽ  അമ്മയെ  ആദ്യമായി കാണുന്നതിന്റെ   അങ്കലാപ്പ്  ലവലേശം ഉണ്ടായിരുന്നുമില്ല.  സന്തോഷം  കൊണ്ട് കണ്ണുകൾ   നിറയാൻ തുടങ്ങിയിരുന്നു.    അകലെയെവിടെയോ   ആണെങ്കിലും    ദൈവത്തിന്റെ പ്രതിരൂപമായി   ഞാൻ  കണ്ടിരുന്ന എന്റെ  സ്‌പോൺസറെ   നേരിട്ട്  കാണാൻപോകുന്നു  എന്ന  തോന്നലിൽ ഈ  ലോകം  തന്നെ   ചെറുതായി വരുന്നതുപോലെ.  കാറിനടുത്തേക്കുള്ള  അൽപ്പദൂരം ഒരുപാടുള്ളതുപോലെയും  നടന്നിട്ടും നടന്നിട്ടും   ഒരിക്കലും  തീരാത്തതുപോലെയും  എനിക്ക്  തോന്നി.കാറിന്റെ  വാതിൽ  തുറന്നു നോക്കവേ  സീറ്റിൽ  ചാരിയിരിക്കുന്ന   അമ്മയെ  ഞാൻ  കണ്ടു. കണ്ണുനീർ  കൊണ്ടാണോ  കാഴ്ച  മങ്ങുന്നത് ?


"അമ്മക്ക്  ഇറങ്ങാനാവില്ല...മോൻ  അടുത്തേക്ക്  വരൂ" എന്ന്  എപ്പോഴത്തെയെന്നതുപോലെ  സ്നേഹം  വഴിഞ്ഞൊഴുകുന്ന  ശബ്ദത്തിൽ  അമ്മ  പറഞ്ഞു. എന്റെ  കൈകളിൽ  പിടിച്ചു  അലിവോടെ  അമ്മ  ചോദിച്ചു. "സന്തോഷമായില്ലേ  മോന് ?"

എനിക്കൊന്നും പറയാൻ  സാധിച്ചില്ല.പെട്ടെന്ന്  ഡോർ  തുറന്നു  ഞാൻ  ഓർഫനേജിന്റെ  പിന്നിലേക്ക്  ഓടി .തിരികെ  വരുമ്പോൾ  എന്റെ  ഉടുപ്പിൽ നിറയെ  ചെളിയായിരുന്നു.  കൈകളിൽ  മണ്ണും.എവിടെപ്പോകുന്നു  എന്ന് പറയാതെ പോയതിൽ  ഉള്ള പരിഭവം കൊണ്ട  അമ്മയുടെ  കൈകളിലേക്ക് നാല് ഞാവല്പഴങ്ങൾ   ഞാൻ  വെച്ച് കൊടുത്തു.


അനന്തരം കൈകൾ  കൂപ്പവേ  നെറ്റിയിൽ  ചുണ്ടുകൊണ്ടുള്ള ഒരു  നനുത്ത  സ്പർശം  എനിക്കനുഭവപ്പെട്ടു. കനിവ്  എന്നാണോ  അതിന്റെ പേര്? 

Picture courtsy: Google


Apr 24, 2016

സമയം പോകുകയാണ്

തോരാതെ  മഴപെയ്തിരുന്ന  ഒരു തുലാമാസക്കാലമായിരുന്നു  അത്.മാക്രികൾ നിർത്താതെ രഞ്ഞുകൊണ്ടേയിരുന്നു.ഇടയ്ക്കു ചീവീടുകളും.പുഴ നിറഞ്ഞു
കവിഞ്ഞൊഴുകുകയായിരുന്നു.മുൻപൊരുകാലത്തും ഉണ്ടാകാത്ത വണ്ണം  അതിഭയങ്കരമായ  ഒരു  വെള്ളപ്പൊക്കം  തന്നെയായിരുന്നു  അത്.ഏതുസമയത്തും  വെള്ളം  വീട്ടിലേക്കു  ഇരച്ചു  കയറിയേക്കാം  എന്ന്  എനിക്ക്  തോന്നി.മുറ്റത്തിന്  താഴെ  വാഴപ്പിണ്ടികൾ കൊണ്ടുള്ള  ചങ്ങാടത്തിൽ  കളിക്കയായിരുന്നു ശ്രീക്കുട്ടിയും സുനിലും.അടുപ്പത്തുണ്ടാക്കി  വെച്ചിരിക്കുന്ന  കഞ്ഞി വാങ്ങി  വെച്ചിട്ട്  വരാം  എന്ന്  പറഞ്ഞ  എന്നോട് "ഇന്നും  കഞ്ഞി ആണോ അമ്മേ"എന്ന് പരിഭവത്തോടെ  അവൻ ചോദിച്ചു.മഴ  ഇങ്ങനെ  നിന്നാൽ  നാളെ  അതുപോലും സംശയമാണ്  എന്ന് ഞാൻ അവനോടു പറഞ്ഞില്ല.
 
 

കഞ്ഞി വാർത്തുവെക്കുമ്പോൾ  ശ്രീക്കുട്ടിയുടെ  ഉച്ചത്തിലുള്ള   കരച്ചിൽ ഞാൻ കേട്ടു.ജനലിലൂടെ  നോക്കുമ്പോൾ  വെള്ളത്തിലേക്ക്‌ വീണു അകലേക്ക്‌   ഒഴുകിപ്പോകുന്ന ചങ്ങാടം.സുനിമോൻ എവിടെ? സുനിമോനേ....എന്ന് വിളിച്ചു അലറിക്കരഞ്ഞു ഞെട്ടിയുണരുമ്പോൾ,ഞാൻ കിതക്കുന്നുണ്ടായിരുന്നു.നന്നേ വിയർക്കയും.

എന്നത്തേയും പോലെ  വൃദ്ധമന്ദിരത്തിലെ  കിടക്കയിലാണ് ഞാൻ എന്നെനിക്കു  വിശ്വസിക്കാൻ  സാധിച്ചില്ല.വീടും  വെള്ളപ്പൊക്കവും  മക്കളും  എല്ലാം   കാഴ്ചയിൽ നിന്ന്  മറഞ്ഞു,വൃദ്ധ മന്ദിരത്തിലെ അരണ്ട  വെളിച്ചത്തിലാണ്  ഞാൻ  കിടക്കുന്നത്  എന്ന്  മനസ്സിലാക്കാൻ  കുറച്ചു  സമയം  എടുത്തു. സ്വപ്നം ചിലർക്ക്  ചിലകാലമൊത്തിടും എന്ന പഴമൊഴിയിൽ  ഞാൻ  ഭയചകിതയായി..ഇനി സുനിമോന്  എന്തെങ്കിലും  അപകടം?അവനെ കണ്ടിട്ടോ,സ്വരം കേട്ടിട്ടോ  നാളുകൾ  എത്ര?
 

എന്തുകൊണ്ടാണ്‌  പുതിയ  തലമുറ മാതാപിതാക്കളെ കൈയ്യൊഴിയുന്നതെന്ന്  ഞാൻ അത്ഭുതപ്പെട്ടു.മാതാപിതാക്കളുടെ മുന്നിൽ ഭവ്യതയോടെ  മാത്രം നിന്ന  ഒരു തലമുറയിലെ അവസാനകണ്ണി  എന്ന് മേനി നടിക്കുന്നതിൽ  ഞാൻ ചെറിയ  ഒരു  ആഹ്ലാദം  അനുഭവിച്ചിരുന്നു.അച്ഛനെയും  അമ്മയെയും  നടതള്ളുമ്പോൾനാളെ തങ്ങൾക്കും   ഗതി  വരുമെന്ന് ആലോചിക്കാനാവാത്തവണ്ണം അജ്ഞരാണോ പുതിയ  തലമുറ?
 

മറുപടികിട്ടാത്ത  എഴുത്തുകൾ,അറ്റൻഡ്  ചെയ്യപ്പെടാത്ത ഫോൺകോളുകൾ,പാടേയുള്ള അവഗണന.വയോധികരുടെയെല്ലാം
ജീവിതം ഇങ്ങനെയാണോതീർച്ചയായുംഅങ്ങനെയല്ല. എത്രയോ
സതീർഥ്യരുടെയും,സഹപ്രവർത്തകരുടെയും  കുടുംബങ്ങളിൽ  താൻ  തന്നെ കണ്ടിരിക്കുന്നു.സ്നേഹം മാത്രം നിറഞ്ഞു തുളുമ്പുന്ന നിമിഷങ്ങൾ.ജീവിതസായാഹ്നങ്ങളിൽ  പേരക്കുട്ടികളെ കൊഞ്ചിച്ചും അവരുടെ കൂടെ  ഒരു കുട്ടിയായിത്തന്നെ  തീർന്നും,അവർക്കുവേണ്ടി പ്രാർഥിച്ചും മാത്രം കഴിയുന്നവർ എത്രയോ.മക്കൾക്ക്‌ വേണ്ടി  ഉരുകിതീർന്ന ഒരു മെഴുകുതിരി ആയിട്ടും  എന്തെ  അവർക്ക്  തന്നെ  വേണ്ടാതായി?സ്വന്തം ജീവന്റെ  ഒരു ഭാഗമായ  വൃക്കകളിൽ ഒന്ന്  സന്തോഷപൂർവ്വം  പകുത്തു നല്കിയിട്ടും എന്തെ   സായാഹ്നത്തിൽ  വൃദ്ധ സദനത്തിൽ  കഴിയേണ്ട ഗതികേട്  തനിക്കുണ്ടായി?അതോ  പ്രായാധിക്യത്താൽ തന്റെ  പെരുമാറ്റത്തിൽ  എന്തെങ്കിലും   വൈകല്യങ്ങൾ  ഉണ്ടായോ?അതോ  അവർ  ആഗ്രഹിച്ചത്‌ പോലെ  കൈയിലുള്ളത് മുഴുവൻ കൊടുത്തു തീർക്കാത്തതു  കൊണ്ടോ?

വയറിന്റെ  ഇടതുഭാഗത്ത്‌  എന്തോ  ഒരു  വേദന  എനിക്ക്  തോന്നി.സുനിമോന്  താൻ  പകുത്തു  കൊടുത്ത ജീവിതത്തിന്റെ   ബാക്കിപത്രം.ഓപ്പറേഷന്  ശേഷം കണ്ടപ്പോൾ അവന്റെ  കണ്ണുകളിൽ  കണ്ട ആ പ്രകാശത്തിനു ലോകത്തിൽ  എന്തിനേക്കാളും  വിലയുണ്ട്  എന്ന്  കരുതിയ  നിമിഷങ്ങൾ.അപ്പോൾ അമ്മയെ  വൃദ്ധസദനത്തിൽ  ആക്കി പോകുമ്പോൾ  എന്തായിരുന്നു   കണ്ണുകളിൽ? വേദന? അതോ  ഒരു  ഭാരം ഒഴിവായിപ്പോയതിന്റെ  ആശ്വാസം?വേർതിരിച്ച്  കാണാൻ  ആയില്ല.മിഴികൾ സജലങ്ങൾ  ആയതുകൊണ്ട് കാഴ്ച  മങ്ങിയിരുന്നല്ലോ.
 

എത്രനാൾ  മുൻപായിരുന്നു  ഇവിടെ  എത്തിയതെന്നു  ഓർത്തെടുക്കുവാൻ  ഞാൻ  പണിപ്പെട്ടു.ഓർമ്മയ്ക്കും  മറവിക്കും  ഇടയ്ക്കുള്ള ഏതോ   താഴ്വരയിലായിരുന്നു ഞാൻ."മക്കൾ വിളിച്ചിട്ട് എടുക്കുന്നില്ലത്രേ". മക്കൾ    ഫോൺ  എടുക്കാത്തത്  എന്താണെന്ന് ആശ്ച്യര്യപ്പെടുന്നതിനിടെ "എന്തെങ്കിലും ആകും   മുൻപ്  ആരെങ്കിലും എത്തിയാൽ  മതിയായിരുന്നു"എന്ന  ഗോമതിയമ്മയുടെ  സ്വരം   അങ്ങ് ദൂരെ ഏതോ ഗുഹയിൽ നിന്നും  വരുന്നതുപോലെ ഞാൻ കേട്ടു.
 

ഗോമതിയമ്മ പറഞ്ഞത് എന്തുകൊണ്ടോ എനിക്ക് വിശ്വസിക്കാൻപറ്റിയില്ല.എന്തെങ്കിലുംതിരക്കാവും.ശ്രീക്കുട്ടി  വന്നില്ലെങ്കിലും സുനിമോൻ വരുമെന്ന് എനിക്കുറപ്പായിരുന്നു.ഹൃദയത്തിൽ അൽപ്പമെങ്കിലും അലിവുള്ളത് സുനിമോനായിരുന്നു.കഞ്ഞി കുടിക്കുംമുന്നെ  അമ്മ കുടിച്ചോ എന്ന്  ചോദിച്ചിട്ടു മാത്രം  കുടിക്കുന്ന സുനിമോൻ.ജ്വരം  ബാധിച്ചു കിടക്കുമ്പോൾ അരികിൽ  ഇരുന്നു കണ്ണീർ  വാർത്ത സുനിമോൻ.വൃക്ക പകുത്തുകൊടുക്കാമെന്ന് പറഞ്ഞപ്പോൾ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ സുനിമോൻ.അവൻ  വരും. ഇന്നല്ലെങ്കിൽ  നാളെ.

 

വന്നിട്ടോ?വന്നിട്ടു അവൻ എന്തുചെയ്യാൻ?പാർഥേട്ടൻ ചോദിച്ചു.നേരാണെന്ന്  എനിക്ക്  തോന്നി.അല്ലെങ്കിൽ തന്നെ   യാത്ര  എപ്പോൾ  തീരും എന്നറിയില്ലല്ലോ.അല്ല....പാർഥേട്ടൻ  എങ്ങനെ ഇവിടെ  എത്തി? ഷോക്കടിച്ചു  മരിക്കുമ്പോൾ വെറും ഇരുപത്തൊന്നു വയസ്സായിരുന്നു പാർഥേട്ടന്.ഏട്ടൻ മാത്രമല്ലല്ലോ.കൊല്ലെങ്കിയിലെ  അമ്മൂമ്മ, മൂക്കത്ത് ദേഷ്യം മാത്രമുള്ള  വലിയമ്മാവൻ.എല്ലാവരും എന്താണ് കട്ടിലിനരുകിൽ?മരണം  അടുക്കുമ്പോൾ  നേരത്തെ മരിച്ചുപോയവരെ  കാണും  എന്ന്  കേട്ടിട്ടുണ്ട്.കൊല്ലെങ്കിയിലെ  അമ്മൂമ്മ  വായുവലിച്ചു കിടക്കുമ്പോൾ "അപ്പൂപ്പൻ വന്നു അപ്പൂപ്പൻ  വന്നു" എന്ന് പറയുന്നത്‌  കേട്ടിട്ടുണ്ട്.അതേ  അമ്മൂമ്മ ഇവിടെ? അപ്പോൾ? എന്റെ  സമയവും അടുത്തുവോ?എന്നെ  സ്വീകരിച്ചു മറ്റൊരു  ലോകത്തേക്ക്  കൊണ്ടുപോകാനാണോ  അവരെല്ലാം  എത്തിയിരിക്കുന്നത് ?
 

വയറിന്റെ  ഇടതുഭാഗത്തെ  വേദന ഇപ്പോൾ  അല്പ്പം മുകളിലേക്ക്  വ്യാപിച്ചു എന്നെനിക്കു തോന്നി.അതിനു  ശേഷം  അത് ശരീരമാസകലം  വ്യാപിച്ചപോലെയും. ആരെയെങ്കിലും  വിളിക്കാൻ  ഞാൻ  ആവുന്നത്  ശ്രമിച്ചു.കാഴ്ച  മങ്ങുന്നുവോ? സുനിമോനെ എന്ന്  ഉറക്കെ വിളിക്കാൻ  ഞാൻ ശ്രമിച്ചു.


അങ്ങ്  ദൂരെ  എവിടെയോ  ഒരു  നഗരത്തിൽ സുനിമോൻ ഉറക്കത്തിൽ നിന്ന്  ഞെട്ടിയുണർന്നുസുനിമോനെ  എന്നൊരു വിളി  എവിടെ നിന്നോ കേട്ടുവെന്നു അയാൾക്ക്‌  തോന്നി.അമ്മയുടെ  ശബ്ദം പോലെ കനിവ് നിറഞ്ഞു നില്ക്കുന്ന  ഏതോ ഒരു സ്വരം    ആണ് അതെന്ന് അയാൾക്ക്‌ ഉറപ്പായിരുന്നു.വൃദ്ധ മന്ദിരത്തിൽ നിന്നുള്ള തുടരെയുള്ള വിളികൾ മൂലം രണ്ടു ദിവസമായി  അയാൾ അവിടെ നിന്നുള്ള ഫോൺ എടുക്കാതിരുന്നതിൽ  അയാൾക്ക്‌ ചെറിയ കുറ്റബോധം  തോന്നി. ഇനി ഒരുവേള അമ്മക്ക് കൂടുതൽ ആണെങ്കിലോ? പിറ്റേന്ന്  തന്നെ   അമ്മയെ ഒന്ന് പോയി  കണ്ടാലോ എന്നയാൾക്ക് അപ്പോൾ തോന്നി.തിരിഞ്ഞു കിടക്കവേ വയറിന്റെ ഇടതു വശത്ത് ഒരു വേദന പോലെ  അയാൾക്ക്‌ അനുഭവപ്പെട്ടു. അസാധാരണമാംവിധം ആ ഭാഗം തുടിക്കുന്നതുപോലെയും.
 

മറ്റൊരു  നാട്ടിൽ,മറ്റൊരു  കുടുംബത്തിൽ "മക്കൾ  ഉപേക്ഷിച്ച  അമ്മക്ക്   വൃദ്ധമന്ദിരത്തിൽ   ദാരുണാന്ത്യം"എന്ന  വാർത്ത  അന്നത്തെ   പത്രത്തിൽ   വായിച്ച് ഒരു വൃദ്ധൻ  വെറുതെ  ചിരിച്ചു.പിന്നീട് അതൊരു  പൊട്ടിച്ചിരി  ആയി മാറി.പൊട്ടിച്ചിരി കേട്ട്  നിസ്സംഗതയോടെ വൃദ്ധന്റെ  മകൻ പിറുപിറുത്തു."അപ്പൻ  രാവിലെ  തുടങ്ങി.അതെങ്ങനാ.വല്ല  വൃദ്ധമന്ദിരത്തിലും കൊണ്ടാക്കാം  എന്ന്  വിചാരിച്ചാൽ  ചേട്ടന്മാര്  സമ്മതിക്കണ്ടേ

അയാളുടെ  മകൻ  അപ്പോൾ  നിഷ്ക്കളങ്കമായി  ചോദിച്ചു. ഡാഡി  ഓൾഡ്‌  ആകുമ്പോൾ   ഗ്രാൻഡ്‌പായെപ്പോലെ  ഇങ്ങനെ  ചിരിക്കുമോ?സ്തബ്തനായി അയാൾ കുട്ടിയുടെ  മുഖത്തേക്ക്  തുറിച്ചു  നോക്കി.ചുവരിലെ  ക്ലോക്കിൽ അപ്പോൾ ഒൻപതു മണി  അടിച്ചു.സമയം  പോകുകയാണ്.....അതിവേഗം എന്ന ഓർമ്മയിൽ അയാൾ  വിയർത്തു