Jun 20, 2013

കുരിശുമല

പുതു ഞായറാഴ്ചയായതിനാൽ  മലയാറ്റൂർ  കുരിശുമലയിൽ തിരക്ക്  വളരെ കൂടുതലായിരുന്നു.വലിയ  ഉരുളൻകല്ലുകൾക്കിടയിലൂടെ മലകയറാൻ‍ അമ്മച്ചി നന്നേ പണിപ്പെട്ടു.എന്നാൽ, മരക്കുരിശു കൈകളിൽ   ഏന്തിയതിനാൽ അമ്മച്ചിക്ക് ഒരു കൈത്താങ്ങ്‌ കൊടുക്കാൻ എനിക്ക് സാധിച്ചില്ല.വയ്യാതിരിക്കുന്ന ഈ  സമയത്ത് കുരിശുമല കയറേണ്ട എന്ന് പറഞ്ഞിട്ട് അമ്മച്ചി സമ്മതിച്ചുമില്ല.പ്രായാധിക്യം മൂലം ഇനി ഒരുവേള അത് നടന്നില്ലെങ്കിലോ എന്ന് അമ്മച്ചി വിചാരിച്ചോ?
നടന്നു തളർന്നു ഞാൻ‍,ഒരു ഒടിഞ്ഞുവീണ മരത്തിൽ ഇരുന്നപ്പോൾ‍ അമ്മച്ചി എന്നെ കടന്നു മുന്നോട്ടു നടന്നു പോയി.എന്റെ വിളി കേൾ‍ക്കാതെ,മലകയറുന്ന അനേകായിരങ്ങളുടെ ഇടയിൽ‍ എവിടെയോ അമ്മച്ചി അപ്രത്യക്ഷയായി.
  
അമ്മച്ചീ എന്നുള്ള ഉറക്കെയുള്ള വിളിയോടെയാണ് ഞാൻ ഉറക്കമുണർ‍ന്നത്‌ . മൂന്നാറിലെ തുളച്ചു കയറുന്ന തണുപ്പിലും ഞാൻ‍ വിയർ‍ത്തു.അമ്മച്ചിയെ ഉടനെ ഒന്ന് കാണണമെന്നെനിക്കു   തോന്നി.പതിനഞ്ചു ദിവസങ്ങള്‍ ആയിരുന്നു നാട്ടില്‍ പോയിട്ട്.രണ്ടു ദിവസം അവധിയും കൂടിയെടുതാൽ   രണ്ടാം ശനിയുൾപ്പെടെ നാല് ദിവസങ്ങള്‍ കിട്ടുമെന്നൊർത്തപ്പോൾ വൈകുന്നേരം തന്നെ പോകാം  എന്ന് ഞാൻ വിചാരിച്ചു.
  
ഓഫീസിലേക്ക് തിരിക്കുമ്പോഴും,ജോലിയിൽ‍ മുഴുകിയിരിക്കുമ്പോഴും മനസ്സില്‍ അമ്മച്ചി മാത്രമായിരുന്നു.അമ്മച്ചി സ്വപ്നങ്ങളില്‍ സാധാരണയായി വരാറുണ്ടായിരുന്നില്ല.എന്തുകൊണ്ടാവും മലയാറ്റൂർ ‍ മലമുകളിൽ   അമ്മച്ചിയെ  കാണാതായി എന്ന്  സ്വപ്നത്തില്‍ കണ്ടത്  എന്ന് എനിക്ക് മനസ്സിലായില്ല.
  
അടുത്ത വീട്ടിലെ ബേബിച്ചേട്ടന്റെ ഫോണ്‍ വരുമ്പോൾ‍ ഒരുമണി.അമ്മച്ചിക്ക് സുഖമില്ല, ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയി എന്ന് ബേബിച്ചേട്ടൻ‍ പറഞ്ഞു. പേടിക്കാനൊന്നുമില്ല എങ്കിലും,ഇന്ന് തന്നെ പുറപ്പെട്ടു വരൂ എന്ന് ബേബിച്ചേട്ടൻ‍ പറഞ്ഞപ്പോൾ‍ എന്റെ ഉള്ളൊന്നു കാളി.എന്താവും അമ്മച്ചിക്ക് സംഭവിച്ചിട്ടുണ്ടാകുക?
  
പ്രായാധിക്യം ഒഴിച്ചാൽ‍ അമ്മച്ചിക്ക് വേറെ കുഴപ്പങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.എന്നാൽ‍ ഒരു വിഷാദഭാവം അമ്മച്ചിയുടെ കൂടപ്പിറപ്പായിരുന്നു.ബുദ്ധിമുട്ടുകളുടെ കാണ്ഡം കഴിഞ്ഞു ജീവിതത്തിനു പുതിയ നിറങ്ങള്‍ വന്നപോഴും അമ്മച്ചിയുടെ തനതായ ഭാവം അത് തന്നെയായിരുന്നു. പഴയസാരി വെട്ടി മറച്ച, കതകുകൾ  ഇല്ലാത്ത ജനലുകൾക്ക്  പുതിയ  കതകുകൾ  വന്നപ്പോഴും,സിമന്റു  തേക്കാത്ത  വീട് മനോഹരമായപ്പോഴും, അമ്മച്ചിക്ക് മാത്രം  ഒരു  മാറ്റവും ഉണ്ടായില്ല. സന്തോഷങ്ങളിൽ‍ അമിതമായി സന്തോഷിക്കാതെയും സന്താപങ്ങളിൽ‍ നിര്‍വികാരമായും കാണപ്പെടാനുള്ള ഒരു അപൂർ‍വസിദ്ധി അമ്മച്ചിക്കുണ്ടായിരുന്നു.അപ്പച്ചന്റെ മരണത്തിനു ശേഷം വളരെ കഷ്ട്ടപ്പാടിലായിരുന്നു ഞങ്ങളുടെ കുടുംബം.പറക്കമുറ്റാത്ത മൂന്നു കുട്ടികളുമായി പ്രത്യേകിച്ചു വരുമാനം ഒന്നുമില്ലാത്ത ഒരു വീട്ടമ്മ ഒറ്റയ്ക്ക് തുഴഞ്ഞു മുന്നോട്ടു പോകുകയായിരുന്നു.എനിക്കും അനിയനും ജോലി കിട്ടിയതിനു ശേഷമായിരുന്നു അമ്മച്ചിക്ക് ഒരു സമാധാനമായത്.അപ്പച്ചന്റെ കടങ്ങൾ  വീട്ടി തീര്‍ക്കാനുള്ള ശ്രമങ്ങളിൽ‍ രണ്ടോ മൂന്നോ വര്‍ഷങ്ങൾ‍ കടന്നുപോയിരുന്നു. 
 
ബസ് കാത്തു നിൽ‍ക്കുമ്പോഴും,അതിനു ശേഷം ബസിൽ‍ കയറി ഇരിക്കുമ്പോഴും എല്ലാം മനസ്സില്‍ അമ്മച്ചി മാത്രമായിരുന്നു.മൂന്നാറിലേക്ക് സ്ഥലംമാറ്റം കിട്ടി   വന്നപ്പോള്‍,ഒരുപാട് നിർ‍ബന്ധിച്ചതിനു ശേഷമായിരുന്നു ഒരാഴ്ച അമ്മച്ചി വന്നു ക്വാർട്ടേഴ്സിൽ നിന്നത്.കടുത്തുരുത്തി വിടാന്‍ അമ്മച്ചിക്ക് ഒട്ടും ഇഷ്ട്ടമുണ്ടായിരുന്നില്ല.ഓഫീസിൽ‍ തിരക്കുള്ള ദിവസങ്ങളിലായിരുന്നു അമ്മച്ചി വന്നതെന്നതിനാൽ,അമ്മച്ചിയോടൊപ്പം അധികം സമയം ചെലവിടാൻ‍    പറ്റാഞ്ഞതിൽ  ഞാൻ‍ ഖിന്നനായിരുന്നു.അമ്മച്ചി ആശുപത്രിയിലാണ് എന്ന വാര്‍ത്ത കേട്ടപ്പോൾ‍,അന്ന് അമ്മച്ചിയുടെ കൂടെ അല്‍പ്പം കൂടി സമയം ചെലവിടാമായിരുന്നു എന്നും,അല്‍പ്പം കൂടി സ്നേഹം കൊടുക്കാമായിരുന്നു എന്ന് എനിക്ക് തോന്നി.ലോകത്ത് എന്തിനെക്കാളും ‍ അമ്മച്ചിയെ ഞാൻ  ഇഷ്ട്ടപ്പെടുന്നു എന്നത് അമ്മച്ചിക്കും അറിയാമായിരുന്നു എന്ന് എനിക്കുറപ്പായിരുന്നു.എങ്കിലും, അറിഞ്ഞോ അറിയാതെയോ എന്റെ കൈകളിൽ‍ നിന്ന് വന്ന പാകപ്പിഴകൾ‍ക്കോ,വേദനിപ്പിച്ചെക്കാവുന്ന വാക്കുകൾ‍ക്കോ ഞാൻ‍ മനസ്സാ കര്‍ത്താവിനോട് മാപ്പ് ചോദിച്ചു. 


വൈറ്റില  ബസ്സ്റ്റോപ്പിൽ,കടുത്തുരുത്തിക്കുള്ള  ബസ്  കാത്തു നിലക്കവേയായിരുന്നു ആ പരിചിത മുഖത്തെ കണ്ടത്.കോളേജിൽ ജൂനിയർ ആയി പഠിക്കുമ്പോൾ അറിയാം എന്നല്ലാതെ പേരറിയാത്ത  പലരിൽ ഒരാള്. ജോയിയല്ലേ  എന്ന് പറഞ്ഞു കൈയിൽ വന്നു പിടിച്ചപ്പോൾ പേരെന്താ എന്ന് ചോദിക്കാൻ  എനിക്ക് തോന്നിയില്ല.പരിഭ്രാന്തമായിരുന്നു  അയാളുടെ മുഖം. ഭാര്യ ലിസി ആശുപത്രിയിൽ  ആണെന്നും,വളരെ  അത്യാവശ്യമായത് കൊണ്ട് അല്പ്പം പണത്തിനായി  പലരെയും  സമീപിച്ചിട്ടും ഒന്നും ശരിയായില്ല എന്നയാൾ  പറഞ്ഞു."കാലം അതാണല്ലോ"  എന്നും കൂടി  അയാള്  കൂട്ടിച്ചേർത്തു.


"ജോയി ഒരു ആയിരം രൂപ തന്നു സഹായിച്ചാൽ നാളെ വൈകുന്നേരത്തിനകം പണം വീട്ടില് തന്നെ എത്തിക്കാം"എന്നയാൾ പറഞ്ഞു.എന്നാൽ  എന്റെ കൈവശം ആയിരം  ഉണ്ടായിരുന്നില്ല. കൈയിൽ ഉണ്ടായിരുന്നതിൽ മുന്നൂറു രൂപ അയാൾക്ക്‌ കൊടുക്കാം  എന്ന് ഞാൻ പറഞ്ഞു.  അടുത്ത നിമിഷം, ആ പണം  ആശുപത്രിയിൽ കൊണ്ട് കൊടുത്താലോ  എന്ന് ഞാൻ ഓർത്തു. ഒരുവേള അയാൾ കള്ളം പറയുന്നതാണെങ്കിലോ ?


എങ്കിൽ  നമുക്ക് ആശുപത്രിയിലേക്ക് പോകാം എന്ന് പറഞ്ഞപ്പോൾ അയാൾ പറഞ്ഞു."മുന്നൂറുരൂപ  തികയില്ല. ബാക്കി കൂടി ആരോടെങ്കിലും  വാങ്ങിയിട്ടേ  പോയിട്ട് കാര്യമുള്ളൂ എന്ന്".ഓർത്തപ്പോൾ  ശരിയാണെന്ന്  എനിക്കും  തോന്നി. ഫോണ്‍ നമ്പര്  കൊടുക്കുമ്പോൾ അയാളുടെ നമ്പർ ഞാൻ വാങ്ങിയില്ല.മുന്നൂറു  രൂപയ്ക്കു വേണ്ടി ഒരാളെ  അവിശ്വസിക്കേണ്ട  കാര്യമില്ല  എന്നെനിക്കു  തോന്നി. 
  
ആശുപത്രിയിൽ‍ ചെല്ലുമ്പോൾ‍ അമ്മച്ചി ഒരു ചെറുമയക്കത്തിലായിരുന്നു. ജോസ്മോന്‍ അരികിൽ  തന്നെ ഉണ്ടായിരുന്നു.കാലത്തെ അമ്മക്ക് ഒരു തലചുറ്റൽ‍ അനുഭവപ്പെട്ടു എന്നും,ഉടനെ തന്നെ ആശുപത്രിയിൽ‍ എത്തിക്കുകയായിരുന്നു എന്നും അവന്‍ പറഞ്ഞു.എന്നെ കാണണം എന്ന് അമ്മച്ചി പറഞ്ഞു എന്നും.
 "അമ്മച്ചിക്ക് ഒന്നുമില്ല"എന്ന് മാത്രമേ കണ്ണ്  തുറന്ന് എന്നെ  കണ്ടപ്പോൾ  അമ്മച്ചി  പറഞ്ഞുള്ളൂ. ആ ശോഷിച്ച  കൈകളിൽ പിടിച്ചപ്പോൾ  എങ്ങും കിട്ടാത്ത ഒരു  സുരക്ഷിതത്വം എനിക്ക്  തോന്നി.അമ്മച്ചിക്ക്  ഏറ്റവും  ഇഷ്ട്ടമുള്ള മാങ്ങയുടെ ഒരു പൊതി കൈയിലേക്ക്‌  കൊടുക്കുമ്പോൾ എപ്പോഴും പറയാറുള്ളത് തന്നെ അമ്മച്ചി പറഞ്ഞു. " മാത്യു സാർ വരുമ്പോൾ എപ്പഴും മാങ്ങാ കൊണ്ടുവരുമായിരുന്നു.മാങ്ങാപ്പച്ചൻ എന്നായിരുന്നു  ജോണിമോൻ അപ്പച്ചനെ  ചെറുപ്പത്തിൽ  വിളിച്ചിരുന്നത്‌ "എന്ന് പറഞ്ഞപ്പോൾ  അമ്മച്ചിയുടെ  കണ്ണുകൾ   നിറഞ്ഞുവോ ?


അമ്മച്ചിക്ക്  കുഴപ്പമൊന്നും ഇല്ല എന്ന് പറഞ്ഞു അന്ന്  തന്നെ ഡിസ്ചാർജു ചെയ്തു.രണ്ടു ദിവസം മുഴുവൻ ഞാൻ അമ്മച്ചിയുടെ കൂടെ തന്നെ ചിലവഴിച്ചു.കഷ്ട്ടപ്പാടുകളുടെ  പഴയകഥകൾ  വീണ്ടും  വീണ്ടും അമ്മച്ചി ആവർത്തിച്ചപ്പോഴും ഞാൻ അമ്മച്ചിയെ  വിലക്കിയില്ല.ജീവിതത്തിൽ  ആ അനുഭവങ്ങൾ എന്നും എനിക്ക് ശക്തിയേകട്ടെ  എന്നാ പാവം  വിചാരിച്ചിരിക്കുമോ ?


പണവുമായി  പഴയ കോളേജ്മേറ്റ് വന്നില്ല.ഫോണ്‍ വിളിയും ഉണ്ടായില്ല. കബളിപ്പിക്കപ്പെട്ടു എന്ന് ഉറപ്പായിട്ടും എനിക്ക്  അയാളോട്  ദേഷ്യം തോന്നിയില്ല.പക്ഷെ കള്ളനാണയങ്ങൾക്കിടയിൽ,എങ്ങനെ നമ്മൾ യഥാർത്ഥത്തിൽ  സഹായം  വേണ്ടവരെ തിരിച്ചറിയും  എന്നോർത്ത് മാത്രമേ  ഞാൻ വിഷമിച്ചുള്ളൂ.


തിരിച്ചു പോകാനായി  ഇറങ്ങുമ്പോൾ"പുതു ഞായറാഴ്ച നമുക്ക് കുരിശുമലക്ക് പോകാം"എന്ന് അമ്മച്ചി  പറഞ്ഞത് കേട്ട് ഞാൻ  ഞെട്ടി. പോകാമെന്നോ  വേണ്ടെന്നോ പറയാതെ  ഞാൻ മൂന്നാറിലേക്ക്  പുറപ്പെട്ടു.


വൈറ്റില  ബസ്റ്റാന്ഡിൽ  മൂന്നാറിനുള്ള ബസ്  കാത്തിരിക്കവേ സായാഹ്നപത്രം വായിക്കയായിരുന്നു  ഞാൻ.രോഗപീഡയിൽ  വലഞ്ഞ കുടുംബം കൂട്ടആത്മഹത്യ ചെയ്തു എന്ന  വാർത്തയോടോപ്പം കൊടുത്തിരുന്ന  കുടുംബചിത്രത്തിലെ  മുഖത്തിന്‌ പഴയ കോളേജ്മേറ്റിന്റെ  വിദൂരശ്ചായ ഉണ്ടായിരുന്നു.

പുതു ഞായറാഴ്ച, കുരിശുമല കയറാൻ  അമ്മച്ചിയെ കൊണ്ടുപോകണം എന്ന് എന്തുകൊണ്ടോ  എനിക്ക്  തോന്നി.  
കൂടുതൽ വായനക്ക്:

1. വണ്ടിപെരിയാരിലേക്കുള്ള അവസാനത്തെ വണ്ടി


2.വണ്ടിപ്പെരിയാറിലേക്ക് ഒരു യാത്ര
3.കുന്തി ജോസഫും കുചേലന്‍ ജോയിമോനും.
4.വേഷപ്രശ്ചന്നരാകുന്ന അടക്കകള്‍