Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Mar 15, 2020

നാലു ദിവസങ്ങൾ.. അഞ്ചു ചിത്രങ്ങൾ..



ഇതൊരു  സിനിമാനിരൂപണമല്ല.നാല്  ദിവസങ്ങൾ കൊണ്ട്  അഞ്ചു  ചിത്രങ്ങൾ  കണ്ടു  തീർത്ത,നല്ല  ചിത്രങ്ങളെ സ്നേഹിക്കുന്ന ഒരു  സിനിമാസ്വാദകന്റെ  കുറിപ്പ്....  അത്രമാത്രം!

ബിഗ് ബ്രദർ :

സംവിധായകൻ  സിദ്ദിക്കിലുള്ള  വിശ്വാസം  നഷ്ടപ്പെട്ടത്  ലേഡീസ്&ജെന്റിൽമാൻ  എന്ന  ചിത്രം മുതൽക്കായിരുന്നു.ഫുക്രി  അത് അരക്കെട്ടുറപ്പിച്ചു.ഇപ്പോൾ  ബിഗ് ബ്രദർ.എന്നിട്ടും  സിദ്ദിഖ് ചിത്രങ്ങൾ  വീണ്ടും  കാണുന്നുണ്ടെങ്കിൽ  അത്     അദ്ദേഹം  കൂടി  സംവിധാനം  ചെയ്ത  റാംജി റാവു സ്പീക്കിങ്  എന്ന  ആദ്യ  ചിത്രം  കാരണം  മാത്രം .ഒരു ഓൺലൈൻ  സൈറ്റ്  പ്രകാരം  33  കോടി മുതല്മുടക്കിയാണ്   ബിഗ്ബ്രദർ  നിർമിച്ചിരിക്കുന്നത്.എന്തിനാണ്  ഈ  33  കോടി എന്നത്  മനസ്സിലാകുന്നില്ല.ചിലപ്പോ  അര്ബാസ് ഖാനെ   കൊണ്ടുവരാനും റോൾസ്  റോയ്‌സ് ഒക്കെ  കാണിക്കാനും ഒക്കെയാവണം.വെറും  ദുർബലമായ  ഒരു  കഥ.ജീവനില്ലാത്ത  സംഭാഷണങ്ങൾ.ഒന്നിനും  കൊള്ളാത്ത  ചില  ഗാനങ്ങൾ.പ്രതീക്ഷിക്കാവുന്ന  ക്ളൈമാക്സ്. അമ്പലപ്പറമ്പിൽ  പണ്ടൊക്കെ ഉണ്ടായിരുന്ന  ബാലേകൾ  ഒക്കെ   ആളുകൾ  ഇതിലും  നന്നായി  ആസ്വദിക്കുമെന്ന്   സിദ്ദിക്ക് സർ  മനസ്സിലാക്കുക ! ഒരു  സംവിധായകന്റെ  ഒരു  ചിത്രത്തെ വെച്ച് മറ്റൊരെണ്ണം  താരതമ്യം ചെയ്യാനാവില്ല  എങ്കിലും  സിദ്ദിഖിന്റെ  90-കളിലെ   സിനിമകളിൽ  "ജീവിതം"ഉണ്ടായിരുന്നു.ചിലപ്പോൾ  അദ്ദേഹത്തിന്റെ   ജീവിതസാഹചര്യങ്ങൾ  മാറിയത് കൊണ്ടാവാം  പുതിയ ചിത്രങ്ങളിൽ അത്  ഇല്ലാതെ വരുന്നത്.ബിഗ്ബ്രദർ ഇറങ്ങിയ  സമയത്തു  സിദ്ദിഖിന്റെ ഒരു  അഭിമുഖം  കാണുകയുണ്ടായി.അദ്ദേഹം ഉൾപ്പെടെയുള്ള പഴയ  സംവിധായകരെ  തകർക്കാൻ  ആരൊക്കെയോ  ശ്രമിക്കുന്നു  എന്ന്.പ്രിയ  സിദ്ദിക്ക് .താങ്കളെ ആർക്കും  തകർക്കാനാവില്ല.എന്നാൽ  ഈ  തരം  ചിത്രങ്ങളാണ്  താങ്കൾ  ഇനിയും എടുക്കാൻ  ഉദ്ദേശിക്കുന്നതെങ്കി  പ്രത്യേകിച്ചും  ആരും  താങ്കളെ തകർക്കേണ്ടി  വരില്ല  എന്നറിയുക!ഓൺലൈൻ കണ്ടത്  നന്നായി.തീയേറ്ററിൽ പോയി കണ്ടിരുന്നെങ്കിൽ .എന്റെ  ദൈവേ!  Rating 1/5

ഷൈലോക്ക് 

അജയ് വാസുദേവിന്റെ  സിനിമകൾ കാണാൻ പോകുമ്പോ അതൊരു  മാസ് സിനിമയായിരിക്കുമെന്നും,സ്കോർപ്പിയോകൾ തകർക്കപ്പെടുമെന്നും,വില്ലന്മാർ     അൻപടിവരെ നായകൻറെ ചവിട്ടേറ്റ്തെറിക്കുമെന്നുമൊക്കെയറിയാം.ആദ്യത്തെ  പകുതി  പ്രതീക്ഷയൊക്കെ  കാത്തു സൂക്ഷിക്കയും എന്നാൽ  എന്തൊക്കെയോ പുതുമയുണ്ട്  എന്ന തോന്നലുണ്ടാക്കുകയും  ചെയ്യുന്നുണ്ട്  ഈ  ചിത്രം. എന്നാൽ  രണ്ടാം പകുതി തുടങ്ങുമ്പോഴേ  " ഇത്  പഴയ ബോംബ് കേസ്"എന്ന് തന്നെ  പറയേണ്ടിവരും.നായകൻറെ  കുടുംബം  തകർത്ത  വില്ലനെ അവസാനം   കൊല്ലുന്ന  കഥ മലയാള  സിനിമ  ഉണ്ടായപ്പോൾ മുതൽ സംവിധായകർ പറയുന്നതാണ്.മമ്മുക്കയുടെ  പെർഫോമൻസ്  മാത്രമാണ് ഒരു  പ്ലസ് പോയിന്റ്.20 കോടിയാണത്രെ  ബജറ്റ്!മോശംപറയരുതല്ലോ  റോൾസ്  റോയ്‌സ്,പജേറോ  തുടങ്ങിയ  ആഡംബര കാറുകൾ   ശറപറാന്നു  പായുന്നുണ്ട്.നായകന്  ഇറങ്ങാൻ  രണ്ടു  ഡോർ  ഒരുമിച്ചു  തുറന്നു കൊടുക്കുന്നതു  കണ്ടു  തകർന്നു പോയി എന്ന് പറയുന്നതാവും  ശരി! Rating 1.5/5

അൽ മല്ലു 

"റോമൻസ്" ഒരു  നല്ല  കോമഡി ചിത്രമായിരുന്നു.ബോബൻ  സാമുവൽ ഒരു  കൈയടക്കം വന്ന  സംവിധായകൻ എന്ന തോന്നലുണ്ടാക്കിയ  ഒരു ചിത്രം.ഈ  കാലത്തേ  സിനിമകളിൽ   വീണ്ടും  കാണാൻ പറ്റുന്ന  അപൂർവം  ചിത്രങ്ങളിൽ  ഒന്ന്.എന്നാൽ അൽ മല്ലു  ഒരു ഡിസാസ്റ്റർ  എന്ന്  തന്നെ പറയേണ്ടി  വരും. ധർമ്മജനൊക്കെ  ചിരിപ്പിക്കാൻ  ശ്രമിക്കുന്നുണ്ടു പക്ഷെ  ആരെങ്കിലും  രണ്ടു വശത്തു നിന്നും ഇക്കിളിയിടേണ്ടി വരും  എന്ന്  മാത്രം.നായകനും  വില്ലനും  മുഖത്ത്  ഭാവങ്ങൾ  വരുന്നില്ല  എന്നത്  അവരുടെ  കുറ്റമല്ല.അത്  സംവിധായകന്റെ തന്നെ  കുറ്റം  എന്ന്  പറയേണ്ടി  വരും!എന്തിനോ വേണ്ടി  തിളയ്ക്കുന്ന  സാമ്പാർ  എന്നായിരുന്നു ചിത്രത്തിന്  ആപ്റ്റ്  ആയിട്ടുള്ള  പേര് !

അന്വേഷണം 

നല്ല  ഒരു  ഇൻവെസ്റ്റിഗേഷൻ മൂവി . ഒരു സ്ലോ പേസ്  എന്നതൊഴിച്ചാൽ  ഒരു ക്‌ളീൻ ചിത്രം..സസ്പെൻസ് അവസാനം  വരെ  നിലനിർത്തുന്നതിൽ  സംവിധായകൻ  പ്രശോഭ് വിജയൻ  വിജയിച്ചിട്ടുണ്ട്. ജയസൂര്യക്ക്  പ്രതേകിച്ചു ഒന്നും  ചെയ്യാനില്ല. ലെനയും,ശ്രീകാന്ത്മുരളിയും,നന്ദുവും നല്ല സ്വാഭാവിക  അഭിനയം  കാഴ്ചവെച്ചിരിക്കുന്നു. ഇൻവെസ്റ്റിഗേഷൻ  മൂവികൾ  ഇഷ്ട്ടപ്പെടുന്ന  ഒരു  വിഭാഗത്തെ  തൃപ്തിപ്പെടുത്തുന്ന  ഒരു  കൊച്ചു  ചിത്രം.  Rating 3.5/5

അയ്യപ്പനും  കോശിയും .


ഈ  വർഷം  കണ്ടതിൽ  ഏറ്റവും  നല്ല  ചിത്രം. പൃഥ്വിരാജ്, ബിജു മേനോൻ,രഞ്ജിത്ത്  എന്നിവർ  അസാമാന്യ പ്രകടനം  കാഴ്ചവെച്ച ചിത്രം. അനാർക്കലിക്ക് ശേഷവും  സച്ചി പ്രതീക്ഷ  കാത്തു  സൂക്ഷിച്ചു. ഒരു തഴക്കം  വന്ന  സംവിധായകനെ  ഈ  ചിത്രത്തിൽ  കാണാൻ  സാധിക്കും. വ്യത്യസ്തങ്ങളായ  കഥകളുടെ  ഒരു  ബണ്ഡാകാരം  തന്നെ  സച്ചിയിൽ ഉണ്ടെന്നു  തോന്നുന്നു (ഉദാഹരണം  ഡ്രൈവിംഗ് ലൈസൻസ് ) പ്രേക്ഷകനെ പിടിച്ചിരുത്തുന്ന  എന്തോ  ഒന്ന്  ഈ  ചിത്രത്തിലുണ്ട്.റിയലിസ്റ്റിക് മൂവി  എന്ന  ഗണത്തിൽ  പെടുത്താൻ പറ്റുകയും  അതേസമയം  കൊമേഷ്യൽ  എലെമെന്റുകൾ  ആവശ്യത്തിന് ചേർക്കുകയും  ചെയ്ത  ഇതുപോലുള്ള  ചിത്രങ്ങളാണ്    സാധാരണ  സിനിമാസ്വാദകർക്കു  വേണ്ടത് . താൻ  എഴുതിയ തമ്പുരാൻ ചിത്രങ്ങളുടെ പേരിൽ  ആവശ്യത്തിൽ  കൂടുതൽ  പേരുദോഷം  കേൾക്കേണ്ടിവരികയും  എന്നാൽ  അതിനു  ശേഷം  ക്ലാസ്സ് ചിത്രങ്ങൾ തന്നെ  എടുത്തുകൊണ്ടു മലയാള  സിനിമയിൽ തന്റേതായ  ഒരു ഇടം കണ്ടെത്തുകയും ചെയ്ത  രഞ്ജിത്  തന്റെ  ഘനഗംഭീരമായ  ശബ്ദത്തിലൂടെയും  മിതമായ  അഭിനയത്തിലൂടെയും  പ്രേക്ഷകരെ  വിസ്മയിപ്പിക്കുന്നുണ്ട്.ഇന്ത്യൻ റുപീയിലെ  ഒരു  ഡയലോഗ് കടമെടുത്താൽ "അങ്ങ്  എവിടെയായിരുന്നു  ഇത്രനാൾ ?"  Rating 4.5/5


വാൽക്കഷ്ണം:ബിഗ് ബ്രദറും  ഷൈലോക്കും  കാണുമ്പോൾ   ഒരു  ശരാശരി  മലയാളിയുടെ  മനസ്സിൽ വരുന്ന  ഒരു  ചോദ്യമുണ്ട് .മലയാളത്തിലെ  എക്കാലത്തെയും  മികച്ച  നടന്മാരായി  നമ്മൾ  കാണുന്ന  ലാലേട്ടനും  മമ്മൂക്കയും,തങ്ങളുടെ  കരിയറിന്റെ  ഏറ്റവും  ഉയർന്ന  ഈ കാലഘട്ടത്തിൽ നിൽക്കുമ്പോഴും    എന്തിനാണ്  ഇങ്ങനെയുള്ള ഒരു ലോജിക്കും  ഇല്ലാത്ത,തങ്ങൾക്കുള്ള  അഭിനയ പാടവത്തിന്റെ ഒരംശംപോലും  വെളിവാക്കാൻ അവസരം കിട്ടാത്ത  തരം  ചിത്രങ്ങൾക്ക്  തലവെച്ചു കൊടുക്കുന്നതെന്ന്!മുപ്പതുവർഷം  ഇൻഡസ്ട്രിയിൽ  നിന്ന  ഒരുവന്  ബാലെകൾ  തോറ്റുപോകുന്ന   ഈ തരം  ചിത്രങ്ങൾ  എങ്ങനെയാണ്  തിരഞ്ഞെടുക്കാൻ   കഴിയുക ?

Feb 12, 2020

ധന മന്ത്രിക്കു കൊച്ചുതോമായുടെ തുറന്ന കത്ത്!

 ബഹുമാനപ്പെട്ട സർ ,

ഡൽഹിയിലെ ആപ്പൻമാരുടെ  സദ്ഭരണത്തെ താങ്കൾ പുകഴ്ത്തിയത് കണ്ടു. നല്ലതു. നന്മയെ അംഗീകരിച്ചേ മതിയാവൂ. താങ്കൾ  സദ്ഭരണം എന്നത് കൊണ്ട് ഉദ്ദേശിച്ചത് അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തി എന്നത് കൊണ്ടായിരിക്കണമല്ലോ.അങ്ങനെ എങ്കിൽ താങ്കൾക്ക് എന്തുകൊണ്ട് ദൽഹി മോഡൽ ഇവിടെ പരീക്ഷിച്ചു കൂടാ ? വെള്ളവും കറണ്ടും സൗജന്യം ആക്കുക.സ്ത്രീകൾക്കും സീനിയർ സിറ്റിസനും ബസ് യാത്ര സൗജന്യം ആക്കുക , ഹെൽത്ത് കെയർ എല്ലാം ഫ്രീ ആക്കുക മുതലായവ താങ്കൾക്കും ചെയ്യാവുന്നതേ ഉള്ളു! ഞങ്ങൾ കേരളീയർക്കും സൗജന്യം കിട്ടിയാൽ  പുളിക്കത്തില്ല കേട്ടോ .

പ്രതിശീർഷ വരുമാനത്തിലും വിഭവങ്ങളുടെ കാര്യത്തിലും എന്തിനു ഗൾഫു പണം വരുന്ന കാര്യത്തിലും കേരളം ആണ് മുന്നിൽ. ഒന്ന് ശ്രമിച്ചു നോക്കു.മാതൃകകൾ  പകർത്തിക്കാണിക്കാനുള്ളതാണെന്നു കണക്കു പഠിപ്പിച്ച മത്തായിസാർ പറഞ്ഞിട്ടുണ്ട് .


സാറിൻറെ  പാർട്ടിക്കാർ  കള്ളൻ എന്ന് വിളിച്ചു അധിക്ഷേപിച്ചിട്ടും മാണിസാറിന് വേണ്ടി അഞ്ചുകോടി രൂപാ പൊതു ഖജനാവിൽ നിന്ന് ചിലവഴിക്കാൻ സാർ കാണിച്ച വലിയ മനസ്സിനെ സാറിന്റെ പാർട്ടിയിലെ പരിസ്ഥിതി വക്കീൽ പോലും സ്മരിക്കുന്നുണ്ട്.ജയിച്ചുപോയി കഴിഞ്ഞാൽ ജനപ്രതിനിധിക്ക് എന്ത് തോന്യാസവും ചെയ്യാം എന്നതിന്റെ മറ്റൊരു ഉത്തമഉദാഹരണം ആയിട്ടേ കേരളത്തിലെ പൊതുജനം ഇതിനെ കാണുന്നുള്ളൂ.ആ അഞ്ചുകോടികൊണ്ടു പാലായിൽ തന്നെ അഞ്ചുലക്ഷം വരുന്ന നൂറു വീട് പണിതു പാവപ്പെട്ടവർക്ക് നൽകിയാൽ അതാവും മാണിസാറിനുള്ള ഏറ്റവും വലിയ സ്മരണയും ജോസ്‌മോനിട്ടു കൊടുക്കാവുന്ന ഏറ്റവും വലിയ പണിയും.കെ.എം മാണി ആവാസ് യോജന എന്നൊരു പേരും കൂടി ആയാൽ മാണി സാറിൻറെ ആരാധകർക്കും സന്തോഷമാകും.കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിച്ചു  എന്ന് പറഞ്ഞു അവർക്കു സമാധാനിക്കാം.അല്ലെങ്കിൽ തന്നെ പൊതു ഖജനാവിൽ നിന്നും എന്തിനാണ്  അഞ്ചു കോടി ?  ജോസ് മോൻ മനസ്സ് വെച്ചാൽ പാലായിൽ നിന്നും  തന്നെ  ഒരു ദിവസം കൊണ്ട് കേരളാ കോൺഗ്രസ്സിന്  പിരിച്ചെടുക്കാവുന്ന  ചെറിയ  തുകയല്ലേ  ഉള്ളു ?


തന്നെയുമല്ല   ഇപ്പോൾ  താങ്കൾ  ഇത്  അനുവദിച്ചു  കൊടുത്താൽ  പിന്നെ  ഇതൊരു  സാധാരണ സംഭവം ആകും .ജനസേവനം നടത്തി ക്ഷീണിച്ചു ഇരിക്കുന്ന ഏകദേശം  50  വന്ദ്യ വയോധികരായ  രാഷ്ട്രീയക്കാർ    ഇപ്പോൾ തന്നെ ഉണ്ട്.ഭാവിയിൽ   അവർക്കും  പഠനകേന്ദ്രങ്ങളും സ്മാരകങ്ങളും  നിർമ്മിക്കാനായി 5 കോടി വീതം കൊടുക്കാൻ ഇരുന്നാൽ  250  കോടിക്ക് മേൽ പൊതുജനത്തിന് ബാധ്യത  ഉണ്ടാകും . 

സാമാന്യം നല്ല ഒരു ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ 10000 രൂപ മതിയാവും. കേരളത്തിലെ മുഴുവൻ എംഎൽഎ മാർക്കും മന്ത്രിമാർക്കും കൂടി സർക്കാർ ചിലവിൽ പോളിസി എടുത്തുകൊടുത്താലും ഒരു വർഷം  14 ലക്ഷമേ വരൂ. ഒരു എംൽഎക്കു തന്നെ കോടികൾ മെഡിക്കൽ ബില്ലിനായി കൊടുത്തു എന്ന് കേട്ടു. ഈ മാതൃക ഒന്ന് പരീക്ഷിച്ചുകൂടെ? സർക്കാർ ഉദ്യോഗസ്ഥന്മാർക്കു കൂടി ഇത് എടുത്തു കൊടുത്താൽ മെഡിക്കൽ റീ ഇമ്പേഴ്‌സ്‌മെന്റ് ഇനത്തിൽ  എത്ര കോടി രൂപ നമുക്ക് ലാഭിക്കാം?വയറുവേദനയ്ക്ക് അമേരിക്കയിൽ പോയി എന്ന പേരുദോഷവും മാറ്റാം !


അതുപോലെ തന്നെ എംഎൽഎമാർക്കും മന്ത്രിക്കും മറ്റു ഉദ്യോഗസ്ഥർക്കും കൊടുക്കുന്ന ടെലിഫോൺ അലവൻസ് നിർത്തി ഒരു അൺലിമിറ്റഡ് ജിയോ കൊടുത്താൽ ലാഭം എന്നായിരിക്കും?അംബാനി/ അദാനി എന്ന് ചില കുട്ടിസഖാക്കൾ നിലവിളിക്കുമാരിക്കും. കാര്യമാക്കേണ്ട.അദാനിയെ വിളിച്ചു വിഴിഞ്ഞം ഏൽപ്പിച്ചു കൊടുത്തില്ലേ നമ്മൾ.അതിലും വലുതാണോ ഇരുനൂറുരൂപായുടെ ജിയോ ?


35 ലക്ഷത്തിന്റെ  കിയ കാർണിവൽ ഇറങ്ങിയതുകൊണ്ടാണ് വീണ്ടും കാർ വാങ്ങുന്നത് എന്ന് സോഷ്യൽ മീഡിയായിൽ ഒരു ആരോപണം കേൾക്കുന്നുണ്ട്.(ഇനി മേടിച്ചേ പറ്റൂ എന്നുണ്ടെങ്കിൽ ഇന്നോവാ ക്രിസ്റ്റ ആണ് കൂടുതൽ നല്ലതു. കൊറിയൻ വിശ്വസിക്കാൻ കൊള്ളില്ല)ഈ കാർമേടിക്കലും തോറ്റ എംപിക്കുള്ള   ധനസഹായങ്ങളും സ്മാരകങ്ങളും ദുർചെലവുകളും, ഒരു ഉപയോഗവും ഇല്ലാത്ത  കമ്മീഷനുകളും  കൈവിരലിൽ കൊള്ളുന്നത്ര   ഉപദേശകരെയും ഒക്കെ ഒഴിവാക്കി കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ഇത്രയെങ്കിലും ഒന്ന് ചെയ്യാൻ ശ്രമിച്ചുകൂടേ? എങ്കിൽ കമ്യുണിസം എന്ന വാക്കിനെ ജനം വല്ലപ്പോഴും എങ്കിലും ഓർമ്മിക്കും


വിശ്വസ്തതയോടെ

കൊച്ചു തോമാ
( കെ ടി തോമസ് )

(ഇതൊക്കെ പറയാൻ  താൻ  ആരുവാ  എന്ന് സാർ  ചോദിച്ചേക്കാം. നൂറു  രൂപാ എവിടെങ്കിലും  ലാഭം ഉണ്ടാക്കി വീട്ടിലെ  ബഡ്ജറ്റ്  ശരിയാക്കാൻ പെടാപ്പാടുപെടുന്ന  ഒരു  സാധാരണ  മലയാളി ...അത്രേയുള്ളു )

Dec 2, 2015

അജ്ഞാതന് ഒരു മറുപടി

അണ്ണന്  മോൻ എഴുതിയ  കത്ത്  വായിച്ചു ..ചില  ഭാഗങ്ങൾ  വായിച്ചു  ചിരിച്ചു  തല കുത്തി പോയി  കേട്ടോ.നല്ല  ശൈലി. പക്ഷെ  പാർട്ടി പത്രം  മാത്രം   വായിച്ചും  പാർട്ടി ചാനൽ  മാത്രം  കണ്ടും   പാർട്ടി  സൂക്തങ്ങൾ മാത്രം ശ്രവിച്ചും   ജീവിച്ചാൽ പോരാ.ലോകത്ത് നടക്കുന്ന  കുറച്ചു  കാര്യങ്ങൾ  അറിയാതെ പോകുന്നതിന്റെ  ഒരു  കുറവുണ്ട്.പൊട്ടക്കിണറിന്റെ   പുറത്തു  അതിവിശാലമായ  ഒരു ലോകമുണ്ട്.സാരമില്ല മ്വാനെ .അജ്ഞത  ഒരു  കുറ്റമല്ല .
 
 
അണ്ണൻ ഒരുപാട് യാത്ര  നടത്തുന്നതിനാണല്ലൊ മോന് കെറുവ്.അണ്ണൻ കൊതി കൊണ്ട് യാത്ര  നടത്തുന്നതല്ല.രാജ്യത്തിന്  വേണ്ടി  തന്നെ  ആണ്  പോകുന്നത്.പോയിട്ട് വരുമ്പോൾ കുറെ  എഫ്  ഡി ഐ  കൊണ്ട് വരുന്നുണ്ട്.അത്  മറ്റേ  അമ്മാവൻ കൊണ്ടുവന്നതിനെക്കാളും   മെച്ചമാണ്.ഒന്നും  രണ്ടുമല്ല.നൂറുകണക്കിന്  കോടികളാണ്.പക്ഷെ  മോശം പറയരുത് കേട്ടോ!പത്തു  വർഷം കൊണ്ട് അമ്മായി &കമ്പനി  കൊണ്ടുപോയ  കോടികളുടെ  അത്രയും വരില്ല!തറവാട്  നാഥനില്ലാതെ   കിടക്കുന്നു  എന്ന് പറഞ്ഞല്ലോ? അണ്ണൻ  എവിടെ ഇരുന്നാലും  ഇവിടുത്തെ  കാര്യങ്ങൾ  നേരാംവണ്ണം  നടക്കും. പണ്ട് അമ്മാവൻ ഇവിടുണ്ടായിട്ടും  പിൻസീറ്റിൽ  അമ്മായി  അല്ലെ  ഇരുന്നു  കാര്യങ്ങൾ  നടത്തിയിരുന്നത് ..അതിലും  ഭേദമാണ്!
 
 
പിന്നെ  സെൽഫി.അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ട്ടം.അമ്മാവൻ പോയിരുന്ന    സമയത്ത്  സെൽഫി  ഇല്ലായിരുന്നു.അത്രേ ഉള്ളു.പിന്നെ  കേരളത്തിൽ  ഏറ്റവും  നന്നായി  ഇംഗ്ലീഷ്  സംസാരിക്കുന്ന  ഒരു  അമ്മായി കഴിഞ്ഞ  ദിവസം 60000 വിലയുള്ള ഒരു  ഫോണിൽ  സെൽഫി  എടുക്കുന്നത് അസൂയക്കാര് പോസ്റ്റ്‌  ചെയ്തിരുന്നു..അതൊന്നും മോൻ കാര്യാക്കണ്ട.മൊയലാളിത്തം     എന്നൊക്കെ  ആക്ഷേപിക്കുമെങ്കിലും  ഇപ്പോൾ  മൊയലാളിമാരല്ലേ  മോന്റെ  ആളുകൾക്ക് എല്ലാം !
 
 
ഇവിടെ  ആളോൾക്ക്  സമാധാനമായി  ജീവിക്കാനുള്ള  എല്ലാ  ചുറ്റുപാടും ഉണ്ട് .അതില്ലാ  എന്ന് വിലപിക്കുന്നവർക്ക്  അത്  കിട്ടുന്ന  സ്ഥലത്തേക്ക് പോകാൻ  ഉള്ള  എല്ലാ  സ്വാതന്ത്ര്യവും ഉണ്ട്.പിന്നെ  അങ്കിളും  ചിറ്റയും. അത്  വിവരക്കേട്  ആണ്  എന്ന്  കരുതി  ക്ഷമി.ഇതുപോലെ  വിവരക്കേട്  മ്മടെ  പാർട്ടിയിൽ   ഒരു  മ്യാമൻ  പറഞ്ഞല്ലോ.മേമനെ  തൂക്കി കൊന്നപ്പോ.എല്ലാ കൂട്ടത്തിലും  കുറെ  വിവരം  ഇല്ലാത്തവർ ഉണ്ടാവും മോനെ!ഒരു കൈയിലെ  അഞ്ചു  വിരലും  ഒരുപോലെ  ഇരിക്കുമോ!പിന്നെ  മൂവാറ്റുപുഴ  പേഴക്കാപള്ളിയിൽ  തെരുവ്നായ ശല്യം ഉണ്ട്  എന്ന് കരുതി കേരളത്തിൽ  താമസിക്കാൻ പ്യാടി  തോന്നുന്നു  എന്ന്  ആരെങ്കിലും പറഞ്ഞു  കളഞ്ഞാൽ  അത്  വിവരക്കെടല്ലേ  മ്വാനെ ?
 
 
അണ്ണന്   അയ്മ്പതും  അമ്മായിക്കും പതിനാറും  കിട്ടിയല്ലോ.അതവിടെ   നില്ക്കട്ടെ .മ്മക്ക്  എന്ത്  കിട്ടി എന്ന് കൂടി  മോൻ ഇടയ്ക്കു  ആലോചിക്കുന്നത്  നന്നായിരിക്കും.വംഗദേശത്തെ  കാര്യം  ഒരു  തീരുമാനം  ആയിട്ടു  കുറെ ആയല്ലോ .നമ്മുടെ  നാട്ടിലും  സ്ഥിതി  വളരെ മോശമാണ് ..കാർന്നോരുടെ  കാലം  വരെ ഒക്കെ ഇങ്ങനെ  തട്ടി മുട്ടി പോകാം .  അത് കഴിഞ്ഞാൽ  പിന്നെ  അഖിലെന്ത്യാ   എന്നൊക്കെ പറയുമ്പോൾ  നാക്ക് ഉളുക്കരുത് ! 
 
 
ഏട്ത്തിക്ക്  ഒരു  സങ്കടവും ഇല്ല ..അഭിമാനം മാത്രമേ ഉള്ളു.അണ്ണൻ  ലോകം മുഴുവൻ  വാഴ്ത്തുന്ന    ആളായതിൽ. ചെറുപ്പ കാലം മുതൽ  ഈ  കാണായ  കാലം മുയ്മൻ ഏട്ത്തി   ഒറ്റയ്ക്ക്  ജീവിച്ചില്ലേ.അന്നൊന്നും  ആരും  അന്വേഷിക്കാൻ  ഉണ്ടായിരുന്നില്ലല്ലോ.മക്കള്  ചെന്ന്  ചുംബന  സമരക്കാര്ക്ക്  എതിരെ  ജയിലിൽ  വല്ല  മനുഷ്യാവകാശലംഘനമോ    മറ്റോ  നടക്കുന്നുണ്ടോ  എന്ന് പരിശോധിക്ക്.അല്ല  അത് അങ്ങനെ  ആണല്ലോ!സാധാരണയായി  രാഷ്ട്രീയ   കൊലപാതകത്തിൽ  മരിക്കുന്ന   ആളിന്റെ  വീട്ടുകാരുടെ  മനുഷ്യാവകാശത്തെക്കാൾ  വലുതാണല്ലോ  അതേ കേസിൽ പെട്ട്  ജയിലിൽ  കിടക്കുന്നവരുടെ  മനുഷ്യാവകാശങ്ങൾ !
 
 
അണ്ണൻ  മ്മടെ  അദാനി  ചേട്ടനും    അംബാനി  ചേട്ടനും  കാലത്തേ മുതൽ  ഖജനാവ്  തുറന്നു  കാശു  കൊടുത്തു കൊണ്ട്  ഇരിക്കയാണ് എന്നാണു  ചിലരുടെ  വിചാരം.അവരു  കച്ചവടം  ചെയ്തു  കായി  ഉണ്ടാക്കുന്നത്‌  അവരുടെ  കഴിവ്. അവിഹിതമായി  എന്തെങ്കിലും  കൊടുത്തു  എന്ന്  മ്വാന്  അറിവുണ്ടെങ്കിൽ  അതിനെതിരെ  കേസ്  കൊടുത്താട്ടെ.ഇവിടുത്തെ  ജനങ്ങളു  കൂടെ  നിൽക്കും .
 
 
ബ്ബ.ബ്ബ.ബ്ബാ   എന്ന് പറഞ്ഞു  കളിയാക്കണ്ടാ.ചിലപ്പോ  ആള് അഞ്ചു  വർഷം കൂടി  ഭരിച്ചു  കളയും.കുറച്ചൊക്കെ  കട്ട്  തിന്നുന്നുടെങ്കിലും  ആളോൾക്ക്  കുറെ  കാര്യങ്ങൾ ഒക്കെ  ചെയ്തു  കൊടുക്കുന്നുണ്ട് എന്ന് സമ്മതിച്ചേ  പറ്റൂ.അല്ല  അത്  മ്വാന്റെ പാർട്ടി കൂടി  സമ്മതിച്ചിട്ടാന്നു   ആർക്കാണ്  അറിയാത്തത്! കൊച്ചു പുള്ളാര്  വരെ  ഇപ്പൊ  സാറ്റ്   കളി  ഒക്കെ  നിരത്തി  അട്ജസ്റ്മെന്റ്റ് കളി ഒക്കെയാ  കളിക്കണേ  എന്ന് കേൾക്കുന്നു.
 
 
അമ്മായിയുടെ മോൻ പപ്പൂനെ  അങ്ങനെ കളിയാക്കണ്ട.പണ്ട് അമ്മായീന്റെ  കൈകൾക്ക്  ശക്തി പകർന്ന  ചരിത്രം ഉണ്ടല്ലോ!അന്ന്  ആണവക്കരാർ  പായസം  വെച്ചപ്പോ  മധുരം കുറഞ്ഞു പോയീന്നൊക്കെ മുടന്തൻ ന്യായം  പറഞ്ഞു പിണങ്ങി പോന്ന കൊണ്ടല്ലേ.അല്ലെങ്കിൽ  ഇപ്പൊ  കൊടി വെച്ച  കാറ്   മ്മടെ  ആളോൾക്കും    ഉണ്ടായേനെ!ഇനീപ്പോ  കേന്ദ്രം ഭരിക്കാം  എന്നൊക്കെ  സ്വപ്നത്തിൽ പോലും കാണണ്ട.ആയിരം  രൂപേടെ  ഫുള്ളിനു  മുപ്പതു  രൂപ  ഷെയർ  ഇട്ടാൽ  (ശൈലിക്ക്  കടപ്പാട്) അച്ചാറിന്റെ  കാര്യം  പോലും  തീരുമാനിക്കാൻ പറ്റില്ല  പിന്നാ ..
 
 
 
സുഷമ ഏടത്തിയെ കുറിച്ച്  നാട്ടിലിരിക്കുന്നവർക്ക്  വലിയ  അഭിപ്രായം ഒന്നുമില്ലെങ്കിലും,  പ്രവാസികള്ക്ക് വലിയ  കാര്യമാ  കേട്ടോ മ്വാനെ . മ്മടെ  ആളോൾക്ക് ഏതെങ്കിലും  ഒരു  വിഷമം ഏതെങ്കിലും   രാജ്യത്ത്  പ്രവാസിക്ക്  ഉണ്ടായാൽ  അതിൽ ഇടപെടുകയും  കാര്യം  നടത്തുകയും  ചെയ്യാനുള്ള  ത്രാണി  ഉള്ള  ആളാണ്‌.പണ്ട്  നമുക്ക് ഒരു കോട്ട്  മന്ത്രി  ഉണ്ടായിരുന്നല്ലോ.വെടിക്കെട്ട്‌  കാണാനും  മച്ചാൻമാരെ    കാണാനും   മാത്രം  ഗൾഫിൽ  വന്നിരുന്ന  അങ്ങേരു  ഒരു  ലേബർ   ക്യാമ്പ് പോലും   കണ്ടിട്ടില്ലായിരുന്നു.( മന്ത്രിജിക്ക് കൊച്ചുതോമയുടെ തുറന്ന കത്ത്  
എന്ന പഴയ  പോസ്റ്റ്‌  ഈ  അവസരത്തിൽ  സ്മരിക്കാം) അങ്ങേരുടെ പേര്   കേൾക്കുമ്പോൾ  പ്രവാസി  ഇപ്പോഴും  "സ്നേഹം" കൊണ്ട്  കണ്ണ് പൊട്ടുന്ന  തെറി  വിളിക്കും.  ആസ്ഥിതി ഒക്കെ  മാറി.ഇപ്പോൾ  നമുക്ക് ഒരു  മന്ത്രി  ഉണ്ട്  എന്ന് മനസ്സിലാകുന്ന  രീതി ഒക്കെ  ആയി .
 
 
 
 
നാട്ടിലെ കാര്യം ഓർത്തു  മ്വാൻ  ബേജാർ  ആവണ്ടാ.കാര്യങ്ങൾ  എല്ലാം  ശരിയായ  ദിശയിലേക്കാണ് പോകുന്നത് ..ജി ഡി പി  7.7 % ആയി .അഴിമതി ഒന്നര വർഷമായി പൊടിപോലും ഇല്ല  കണ്ടുപിടിക്കാൻ. മരുന്നിനു  ഒരു  എംപി പോലും ഇല്ലാത്ത  കേരളത്തിന്‌  വേണ്ടി ഗവർമെന്റ്റ് ഒരുപാട്  കാര്യങ്ങൾ  ചെയ്യുന്നു.ഒരുപാട് പദ്ധതികൾ  സർക്കാർ  കൊണ്ട് വരുന്നുണ്ട് .പലതും  നമ്മൾ  അറിയുന്നില്ല  എന്ന്  മാത്രം.കാരണം  കുറെ  പത്രക്കാർ  സാറുമ്മാർക്കു  സർക്കാർ  ചിലവിൽ    എസ്കര്ഷന്  പോകാൻ പറ്റാത്തതിന്റെ  കലിപ്പ്  അവര്  ശരിക്ക്  തീര്ക്കുന്നുണ്ട് . പക്ഷെ  എന്നും എല്ലാവരെയും  പറ്റിക്കാൻ  ആവില്ലല്ലോ !
 
 
സർട്ടിഫിക്കറ്റ്    ഒക്കെ  അവിടെ  നില്ക്കട്ടെ  ..പത്താം ക്ലാസ് പാസാകാത്തവർ  ഇവിടെ  ഭരിച്ചിട്ടില്ലേ.ഇനി ഭരിക്കാൻ കോട്ട്  തയ്പിച്ചു    വെച്ചിട്ടുമുണ്ടല്ലോ.ചേച്ചി    ഉള്ളത്   വെച്ച്   ഭരിക്കെട്ടെന്നു .ചേച്ചി  മൂലം  പാലക്കാട്  ഐ .ഐ.ടി  വന്നില്ലേ.ബീഫ്കറി  വെക്കുന്നവർക്ക്‌  ഇല്ലാ  എങ്കിലും  മ്വാനെ പോലെ ഉള്ളവർക്ക് സ്മരണ  വേണം  സ്മരണ.അഞ്ചു  വർഷത്തെക്കല്ലേ   കസേര   എല്പ്പിചെക്കണേ ?അഞ്ചു  വർഷം  കഴിഞ്ഞു  വീണ്ടും  വരുമ്പോ    മ്വാൻ  കഴിഞ്ഞ  തവണ കുത്തിയത് പോലെ ഒന്ന് കൂടി  ആഞ്ഞു  കുത്തണം.എന്നിട്ട്  വീണ്ടും  ഇതേപോലെ  കത്ത്  എഴുതണം.അപ്പൊ പറഞ്ഞപോലെ .രാത്രിയിൽ  യാത്രയില്ല.
 
ശുഭ രാത്രി !

Aug 31, 2013

ഫേസ് ബുക്ക്‌ തൊഴിലാളി ഹൌസ്!

മലയാളി ഹൌസ് സമാപിച്ചു. ഇനി ഫേസ് ബുക്ക്‌ തൊഴിലാളി യൂണിയന്റെ  അവലോകനം കുറെ കാലം ഉണ്ടാവും.ഇതിനകം  തന്നെ  മലയാളി ഹൌസ് കൂതറ പ്രോഗ്രാം എന്ന് പറഞ്ഞു പല സ്റ്റാറ്റസുകളും കണ്ടു.മലയാളി ഹൗസിനെക്കാൾ  കൂതറ പരിപാടികൾ പലപ്പോഴും ഉണ്ടാകുകയും, ഇപ്പോഴും നടക്കുകയും  ചെയ്തിട്ടും ഉരിയാടാത്തവർ ആണ്  മലയാളി ഹൗസിനെതിരെ  വാളെടുത്തത്/വാളെടുക്കുന്നത്  എന്നതാണ്  വിരോധാഭാസം! ഇപ്പോൾ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന,അവിഹിതം മാത്രം വിഷയമാക്കിയ സീരിയലുകൾ  കണ്ടു  ദീര്ഖനിശ്വാസം വിടുന്ന  ആളുകൾ തന്നെ  മലയാളി ഹൗസിനെ കുറ്റം പറയും.ഏഷ്യാനെറ്റ്‌, റിപ്പോർട്ടർ,മനോരമ,മാതൃഭുമി തുടങ്ങിയ  ന്യൂസ്‌ ചാനലുകളിൽ ഒരേസമയം (അത് എന്തിനാണെന്ന്  മനസ്സിലാകുന്നില്ല !)കാട്ടുന്ന  കുറ്റകൃത്യങ്ങളെ കുറിച്ചുള്ള പരിപാടി ( വിറ്റ്നെസ്സ്, എഫ് ഐ ആർ തുടങ്ങിയവ ) കാണുന്നവർ  തന്നെയാണ്  മലയാളി ഹൗസിനെ തറ/കൂതറ  പരിപാടി എന്ന് വിലയിരുത്തുന്നത്!
 
 
 
ചിലർ കുറേകൂടെ  കടന്നു  മലയാളി ഹൌസ് എന്ന  വ്യഭിചാര ശാല/ **പ്പുര എന്നും കൂടി എഴുതിക്കളഞ്ഞു. ഈ പറയുന്ന  മാന്യന്മാർ  എല്ലാം ഈ പ്രോഗ്രാം എന്നും കണ്ടിട്ടാണ്  അവലോകനം എഴുതുന്നത് എന്നത്  ആർക്കാണ്  അറിയാത്തത്!  മലയാളിയുടെ  കപട  സദാചാരം ഒരിക്കൽ കൂടി  വെളിയിൽ  എടുത്തു  ഒരു സംഭവം ആയിരുന്നു ഇതിനെക്കുറിച്ചുള്ള  പോസ്റ്റുകളും  കമന്റുകളും.ഇഷ്ട്ടമില്ലാത്ത  എത്രയോ  പരിപാടികൾ ടെലിവിഷനിൽ  വരുന്നു.റിമോട്ട് കൈയിൽ ഉള്ളിടത്തോളവും  മറ്റു ചാനലുകളിൽ  പരിപാടികൾക്ക്  ക്ഷാമവും  ഇല്ലാത്തിടത്തോളവും  എന്തിനാണീ കേരള ജനതയുടെ ഈ പറയുന്ന "സാംസ്കാരിക അധ:പതനത്തോട്‌" ( അങ്ങനെയാണ്  പുലികൾ  പറയുക,കാരണം കേരളത്തിൽ  മലയാളി ഹൌസ്  അല്ലാതെ  വേറെ  ഒരു അധ:പതനം  നിലവിൽ  ഇല്ലല്ലോ! )   ഇത്ര എതിർപ്പുകാണിക്കുന്നത്? 
 
 
 
 മലയാളീ  ഹൌസിൽ "എന്തൊക്കെയോ"നടക്കുന്നു എന്നതായിരുന്നു ഒരു കാലത്ത്  ചർച്ച!അവരുടെ ഓരോ ചലനവും ക്യാമറ കണ്ണുകളിൽ ആണെന്നുള്ള അവബോധം ഉള്ളപ്പോൾ അവർ തെറ്റായ  എന്തെങ്കിലും പ്രവര്ത്തി  ചെയ്യും  എന്ന്  ഈ  സൊ കോള്ഡ് കപട  സദാചാരക്കാർ   അല്ലാതെ വേറെ  ആരും ചിന്തിക്കില്ല! ഇതേ  മാനസിക നില തന്നെയാണല്ലോ,ബസ് സ്റ്റോപ്പിൽ വെച്ച്  ഭാര്യക്ക് ഫോണ്‍ ചെയ്ത  ഭർത്താവിന്റെ കൂമ്പിനിടിക്കാനും പുരുഷനും  സ്ത്രീയും, സംസാരിചിരുന്നാൽ  അത്  അപഥ സഞ്ചാരം ആണെന് വിധിക്കാനും, മലയാളികള്ക്ക് പ്രേരണയാകുന്നത്! തനിക്കു സാധിക്കാത്തത്  മറ്റൊരാള്ക്ക്  സാധിക്കുമ്പോൾ  ഉണ്ടാകുന്ന ആ വികാരം ! അത് തന്നെ ! 
 
 
കേരളത്തിന്റെ മാനം കളയുന്നതാണ് മലയാളി ഹൌസ് എന്നതായിരുന്നു മറ്റൊരു  വാദം.ഈ പരിപാടി  കണ്ടു മലയാളി ഇങ്ങനെയാണ്  എന്ന് മറ്റു ഭാഷകൾ സംസാരിക്കുന്നവർ തീരുമാനിക്കും  എന്ന്  തോന്നുന്നില്ല. അല്ലെങ്കിൽ  തന്നെ ഒരു ടെലിവിഷൻ സീരിയൽ കണ്ടാണോ നമ്മുടെ  മാനം അളക്കേണ്ടത്‌ ? മലയാളത്തിൽ ഒരുകാലത്ത്  ഇറങ്ങിക്കൊണ്ടിരുന്ന  ചിത്രങ്ങൾ ലോകം മുഴുവൻ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു.ഈ ചിത്രങ്ങൾ കണ്ടു കേരള സ്ത്രീകൾ  എല്ലാം മോശം എന്ന ഒരു തോന്നൽ ആർക്കെങ്കിലും ഉണ്ടായതായി കേട്ടിട്ടില്ല.ഇനി അങ്ങനെ ആരെങ്കിലും  കരുതുന്നു എങ്കിൽ, അവര്ക്ക് സാരമായ  എന്തോ കുഴപ്പം ഉണ്ട് എന്ന് തന്നെ  വിചാരിക്കണം!
 
 
കുട്ടികളെ കാണിക്കാൻ കൊള്ളാത്തതായിരുന്നു എന്നതായിരുന്നു മറ്റൊരു വാദം.അല്ലെങ്കിൽ ഇന്ന് ടി.വി യിൽ വരുന്ന എത്ര പരിപാടികൾ കുട്ടികളോടൊപ്പമോ കുടുംബത്തോടോപ്പമോ കാണാൻ പറ്റും ഓർക്കുന്നത്  നന്നായിരിക്കും.ഫാഷൻ ടിവിയും, സ്റ്റാർ മൂവീസ് തുടങ്ങിവ കുട്ടികളെ  കാണിക്കാതെ ചാനൽ ലോക്ക് ചെയ്യുന്നവർ മലയാളി ഹൌസ് സംപ്രേഷണം ചെയ്യുന്ന  സമയം ടി. വി കുട്ടികളെ  കാണിക്കാതിരുന്നാൽ തീരുന്ന  പ്രശ്നമാണ്, നമ്മുടെ യുവ തലമുറ വഴിതേറ്റിയെ എന്നുള്ള  രോദനത്തെക്കാൾ  നല്ലത്! കുട്ടികള്ക്ക്  വഴിതെറ്റാൻ മലയാളി ഹൌസ് അല്ലാതെ  വേറെ എന്തൊക്കെ  ഉണ്ടാവും ഈ  കാലത്ത് എന്ന് കൂടി നമുക്ക് ഓർക്കാം!
 
 
മലയാളീ ഹൌസ് എന്ന പ്രോഗ്രാമിന്റെ  നിലവാരത്തെ പറ്റി പറയാനല്ല ഈ പോസ്റ്റ്‌.അവസാനത്തെ  എപിസോഡ് അല്ലാതെ  അഞ്ചു മിനിറ്റു തുടര്ച്ചയായി ഈ പരിപാടി കണ്ടിരിക്കാൻ പോലും  ഇതേവരെ  സാധിച്ചിട്ടില്ല. ഈ പരിപാടി തുടങ്ങിയപ്പോൾ മുതൽ ഇഷ്ട്ടമില്ലാത്തവർ  കാണാതിരിക്കട്ടെ , അല്ലാത്തവർ കാണട്ടെ  എന്ന  നിലപാടായിരുന്നു എന്റേത്. മലയാളികള്ക്ക് ഈ മാതിരി ഷോകൾ  അപമാനം എന്ന രീതിയിൽ ചിലർ അവരുടെ വാദഗതികൾ  അടിച്ചേൽപ്പിക്കാൻ  ശ്രമിച്ചപ്പോഴൊക്കെ  നടത്തിയ  പ്രതികരണങ്ങളിലും ഞാൻ ഇത് തന്നെയായിരുന്നു പറഞ്ഞത്. 
 
 
പ്രേക്ഷകന് ഇഷ്ട്ടമില്ലാത്ത ചാനൽ മാറ്റിയാൽ മാത്രം  തീരുന്ന  ഒരു പരിപാടി വിവാദങ്ങൾ ഉണ്ടാക്കി വിജയിപ്പിച്ച  ഫേസ് ബുക്ക്‌ പ്രതികരണ തൊഴിലാളി യൂണിയന്  നമോവാകം!അതായിരുന്നല്ലോ  സൂര്യ ടി.വിക്കും വേണ്ടിയിരുന്നത് ! 

May 16, 2013

അതിവേഗ റെയിൽ വരുമ്പോൾ

 526 കിലോമീറ്റർ ദൂരമുള്ള അതിവേഗ റെയിൽ കേരളത്തിൽ വന്നാൽ  കേരളം വികസിക്കുമോ?ഏക ദേശം ആറായിരത്തിൽ അധികം കുടുംബങ്ങളെ പുനരധിവസിപ്പിച്ചു,1,18,000 കോടി രൂപ ചിലവാക്കി ഈ പദ്ധതി നടത്തിയാൽ ആർക്കാണ് അതിന്റെ യഥാർത്ഥ  പ്രയോജനം എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം.
 
രണ്ടര മണിക്കൂറിൽ   കാസർഗോഡ്‌   നിന്നും തിരുവനന്തപുരത്ത് എത്തുന്ന പൂര്ണ്ണമായും എയർ കണ്ടീഷൻ ചെയ്ത ട്രെയിൻ ആണ് വിഭാവനം ചെയ്തിരിക്കുന്നത്.അതിനു വേണ്ടി ചിലവാക്കുന്ന തുകയിൽ എണ്‍പത് ശതമാനം ജാപ്പനീസ് സഹായത്തോടുകൂടി എന്ന് പറയപ്പെടുന്നു.
 
 
ഈ പണത്തിന്റെ ഒരു വളരെ ചെറിയ ശതമാനം ഉണ്ടായിരുന്നെങ്കിൽ കേരളം മുഴുവൻ പാത ഇരട്ടിപ്പിക്കാമായിരുന്നു.അല്ലെങ്കിൽ നേരത്തെ മുനീർ   മന്ത്രിയായിരുന്നപ്പോൾ വിഭാവനം ചെയ്ത എക്സ്പ്രെസ്സ് ഹൈവേ നിര്മ്മിക്കാമായിരുന്നു. കേരളത്തിന്‌ വേണ്ടത് അതായിരുന്നു.കടം എടുത്താൽ ഇത്രയും പണം എന്ന് കൊടുത്തു തീരും എന്നോ,ഈ പണം എന്ന് ബ്രേക്ക്‌ ഈവൻ ആയി തീരും എന്നോ ഒരു കണക്കു ഉണ്ട് എന്ന് തോന്നുന്നില്ല.അതുപോലെ തന്നെ അതിവേഗ റെയിൽ വരുമ്പോൾ ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക വ്യതിയാനങ്ങൾ എന്തൊക്കെയാണ് എന്നതിലും ഒരു പഠനം നടന്നു എന്ന് തോന്നുന്നില്ല.  
 
 
കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് ഹൈ-സ്പീഡ് റെയിലിൽ എത്താനുള്ള ചിലവ് പരിഗണിച്ചാൽ എത്ര സാധാരനക്കാര്ക്ക് അത് താങ്ങനാകും എന്നതാണ് പ്രധാന കാര്യം.പത്തു ശതമാനം മാത്രം കയറാറുള്ള എ.സി കോച്ചുകൾ പോലും ഒഴിവാക്കുന്ന സാധാരണക്കാരൻ,ഈ വലിയ തുക മുടക്കി കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുമോ ?
 
 
നമ്മുടെ നാട്ടിൽ ഇതേ വരെയായി റെയിൽ പാത ഇരട്ടിപ്പിക്കൽ പോലും പൂർത്തിയായിട്ടില്ല.മുട്ടിനു മുട്ടിനു സ്റ്റോപ്പ്‌ അനുവദിപ്പിച്ചു   തീവണ്ടിയാത്ര ദുരിതത്തിൽ ആക്കുന്ന നമ്മുടെ രാഷ്ട്രീയക്കാർ, ലക്ഷം കോടികളുടെ വികസനം കൊണ്ടുവരാതെ അതിവേഗതീവണ്ടികൾ കൂടുതൽ അനുവദിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.കേരളത്തിന്‌ എല്ലാ തവണയും അവഗണന മാത്രമാണ് റെയിൽവേ മന്ത്രാലയം തന്നു കൊണ്ടിരിക്കുന്നത്.കേന്ദ്രവും കേരളവും ഒരേ   കക്ഷി ഭരിച്ചിട്ടു പോലും ഒരു പുതിയ തീവണ്ടി പോലും അനുവദിപ്പിക്കുക എന്നത് പോലും നടക്കാതെ വരുമ്പോൾ കൂടുന്നത് സാധാരണക്കാരന്റെ ബുദ്ധിമുട്ടാണ്.
 
 
അടിസ്ഥാന സൌകര്യങ്ങളായ ശുദ്ധജലം,വെളിച്ചം,ആതുര സൌകര്യങ്ങൾ എന്നിവ പോലും,എല്ലായിടത്തും അപ്രാപ്യമായ കേരളത്തിൽ,1,18,000  കോടി രൂപയുടെ ഒരു പദ്ധതി വരുമ്പോൾ അതിന്റെ ഗുണഭോക്താക്കൾ പൊതു ജനങ്ങള് അല്ല,മറ്റു പലരുമാണ്‌.
 
 
വികസനത്തിൽ മുന്നിട്ടു നില്ക്കുന്ന ഗുജറാത്ത്, നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട് എന്നിവിടങ്ങളിൽ ഇല്ലാത്ത ഹൈ-സ്പീഡ് റെയിൽ കൊണ്ട് നമുക്ക് എന്ത് വികസനമാണ് വരാൻ പോകുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രമുഖ കാർ നിര്മാതാക്കലായ ബി.എം.ഡബ്ല്യു  - ഫോർഡ്,  എന്നിവയൊക്കെ കേരളത്തെ പരിഗണിച്ചതിന് ശേഷം    തമിഴ്നാട്ടിലേക്ക് പോയത് അവിടെ അതിവേഗ തീവണ്ടി ഉണ്ടായത് കൊണ്ടല്ല, മറിച്ചു വ്യവസായങ്ങൾ അവിടെ എത്തിച്ചു നാടിനെ പുരോഗതിയിൽ എത്തിക്കാനുള്ള ഇശ്ചാശക്തിയുള്ള ഒരു  നേതൃത്വം  അവിടെ ഉള്ളതുകൊണ്ടാണ് . 
 
പത്തുശതമാനം   പേർക്ക് സുഖമായി സഞ്ചരിക്കാൻ ബാക്കി വരുന്ന തൊണ്ണൂറു ശതമാനം പേരുടെ നികുതിപ്പണം പൊടിക്കണമോ എന്നതാണ് പ്രസക്തമായ ചോദ്യം . 

Jan 31, 2013

സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ സുകുമാരന്‍നായര്‍ വധം ആട്ടക്കഥ!


സോഷ്യല്‍  നെറ്റ് വര്‍ക്കുകളിലും  ബ്ലോഗുകളിലും, സുകുമാരന്‍നായര്‍  വധം   ആട്ടക്കഥ പൊടി പൊ ടിക്കുകയാണ്. എന്നാല്‍ ,ഭരണത്തില്‍ ഇടപെടാന്‍  ജാതി  സംടനകള്‍ക്ക്  എന്തവകാശം  എന്ന്  ചോദിക്കുന്നവരില്‍   പ്രധാനികള്‍  രാഷ്ട്രീയ  പാര്‍ട്ടികളുടെ  ലേബലില്‍  അറിയപ്പെടുന്ന  മത  സംടനാ ഭാരവാഹികളും, പ്രവര്‍ത്തകരും  ആണെന്നുള്ളതാണ്  ഏറ്റവും    രസകരം.  പിന്നെ  ഇന്നലത്തെ മഴയ്ക്ക്  പൊട്ടി  മുളച്ച   ചില  ഹരിത കുരുന്നുകളും!  


തികച്ചും  ഒരു  സംഖടനാ  പരിപാടികളില്‍  നടത്തിയ  പ്രസംഗത്തെ  ഉയര്‍ത്തിയാണ് ഈക്കൂട്ടരുടെ പോര്‍വിളികളും പരിഹാസവും.പ്രസംഗം  നടന്നത്  നായര്‍ മഹാസമ്മേളന വേദിയില്‍   ആണെന്നും, അവിടെ പറഞ്ഞത്   നായര്‍  സമുദായംഗങ്ങളോട്  മാത്രമാണെന്നും      സമുദായാംഗങ്ങളില്‍ പെട്ട  എംപി, എം.എല്‍.എ മാര്‍   കൂടി ഉള്‍പ്പെട്ട  സദസ്സില്‍ ,വാഗ്ദാനങ്ങള്‍  മറന്ന യു.ഡി.എഫ്  നേതൃത്വത്തെ  അതൊന്നു  ഓര്‍മ്മിപ്പിക്കുകയാണെന്നും  പലരും  മറന്നു പോയി.നേരത്തെ  "നമ്മളാണ്" കേരളം ഭരിക്കുന്നത്‌  എന്ന്  പ്രസംഗിച്ചവര്‍പോലും !അതേപോലെ  ഈ ക്രൂശിക്കല്‍ കണ്ടാല്‍ കേരളത്തില്‍ ഇന്നേവരെ  ഒരു മത,ജാതിപാര്ട്ടികളോ സംടനകളോ ഒരു ആവശ്യവും നേടിയെടുത്തിട്ടില്ല എന്ന് തോന്നും!.


ചില  ഉറപ്പുകള്‍  എന്‍ .എസ്.എസ്സിന്  കിട്ടിയിട്ടില്ലെങ്കില്‍  പിന്നെ  എന്തിനാണ്  മുഖ്യന്റെയും  ചെന്നിത്തലയുടെയും   ഉരുണ്ടു കളി ? വേദിയില്‍  ഇരുന്ന   ഒരാള്‍ പോലും  ഈ  നേരം  വരെ  എന്‍ .എസ്. എസ്സിനെതിരെ  പ്രതികരിക്കാത്തത്  എന്താണ്? സുപ്രസിദ്ധമായ മൌന വിദഗ്ദ്ധന്‍  ഈ  സംഭവത്തില്‍  ഇതേ വരെ  പ്രതികരിച്ചിട്ടില്ല!


ഒരാള്‍ക്ക്‌  ഒരു  പദവി  എന്ന  വാദം   കൊണ്ഗ്രസ്സില്‍ നിലനില്‍ക്കെ, കേരളത്തിലെ  കൊണ്ഗ്രസ്സില്‍  ഒന്നാം   നമ്പര്‍   ആയിരിക്കുന്ന കെ.പി.സി.സി  പ്രസിടന്റ്റ്  വെറുമൊരു  എം.എല്.എ സ്ഥാനത്തിനു (അതും  പാര്‍ട്ടിയില്‍  രണ്ടാമനായ   മുഖ്യമന്ത്രിയുടെ കീഴില്‍  മത്സരിക്കുന്നത്) എന്തിനാണ്  എന്നുള്ളത്  സാധാരണക്കാരന്  പോലും  മനസ്സിലാകുന്ന  കാര്യമാണ്.അപ്പോള്‍   ധാരണകള്‍  ഉണ്ടായിരുന്നു , അത് പിന്നീട്   നടപ്പിലാക്കാത്താതാണ്  എന്നല്ലേ   അതിന്റെ   അര്‍ഥം ?


യൂത്തന്മാര്‍  പിന്നെ   മേലുനോവുന്ന പണിക്കൊന്നും  പോവാതെ തങ്ങള്‍ക്കു  ഉപദ്രവം  ഒന്നും   ഉണ്ടാക്കില്ല എന്നുറപ്പുള്ളവരുടെ    കോലം  കത്തിച്ചു  സമാധാനമടയും ! മന്ത്രിസഭയെ  മുള്ളില്‍  നിര്‍ത്തി  കാര്യങ്ങള്‍  നടത്തുന്നവരുടെ  കാര്യം  വരുമ്പോള്‍,  ഭരണഖടനയിലെ   ശ്ലോകങ്ങള്‍   ഫെസ് ബുക്ക്   വഴി  ഉരുവിട്ട്  പ്രതികരിച്ചു    ഹൈടെക് ആയവര്‍ പോലും  മൌന വ്രതം  പാലിക്കുന്ന മാമുനിമാര്‍  ആവും! ഭരണം  വേണമല്ലോ !  യുവരാജാവ്  ഭരണത്തിലേറുമ്പോള്‍   തിരുതക്കറി  വെച്ച്  മന്ത്രി ആയവരുടെയും മറ്റും    പേര്  വെട്ടുമെന്നും,  കേന്ദ്രത്തിലേക്ക്  പോകാം   എന്നുമൊക്കെയുള്ള   സ്വപ്നം   കൊണ്ട് നടക്കുന്നവര്‍,തിരഞ്ഞെടുപ്പ്  അടുക്കുമ്പോള്‍,  പെരുന്നയില്‍   പെറ്റു  കിടക്കും  എന്ന്  ആര്‍ക്കാണറിയാത്തത് . 


മതമേലധ്യക്ഷന്മാര്‍    സ്ഥാനാര്‍ഥി നിര്‍ണയം  നടത്തുമ്പോഴും   ഇടയലേഖനങ്ങള്‍  ആഴ്ചയില്‍  ഒന്ന് വെച്ച്  പുറത്തിറക്കുമ്പോഴും  കാണാത്ത  ഈ  ആവേശം എന്‍ എസ് എസ് വിചാരിച്ചാല്‍  കേരള  രാഷ്ട്രീയത്തില്‍      ഒന്നും   നടക്കില്ല എന്ന  മിഥ്യാബോധം   കൊണ്ട്  മാത്രമാണ്.  


അഞ്ചാം മന്ത്രി , കാലിക്കട്ട്  ഭൂമി,ഐഡഡു  സ്കൂള്‍  എന്നിവ  ഉള്‍പ്പെടെയുള്ള   ലീഗുമായി ബന്ധപ്പെട്ട  വിവാദങ്ങള്‍  കേരള  സമൂഹത്തില്‍  ഒരു   വലിയ ചേരിതിരിവുണ്ടാക്കി  എന്ന്    നിക്ഷ്പക്ഷമായി രാഷ്ട്രീയം  നോക്കിക്കാണുന്നവര്‍     സമ്മതിക്കും . മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള  വിലപേശല്‍  നടത്തി  കാര്യങ്ങള്‍ നേടിയെടുക്കാന്‍  നടത്തുന്ന  ശ്രമങ്ങള്‍     മറ്റു   സമുദായങ്ങളില്‍  അതൃപ്തി   ഉണ്ടാക്കുക സ്വാഭാവികമാണ് .



നാല്  മന്ത്രിമാര്‍ ഭരിച്ച സ്ഥാനത്ത്    അഞ്ചാമതൊരു മന്ത്രി  വന്നതുകൊണ്ട്  ലീഗിന്  മാത്രമാണ്  നേട്ടം. അധികചിലവല്ലാതെ കേരളത്തിന്‌   പുതിയതായി  ഒന്നും  ലഭിക്കുന്നില്ല എന്നാര്‍ക്കാണറിയാത്തത് ?  ചിലരുടെ  മന്ത്രി  പദവി എന്ന   മോഹം പൂവണിയിപ്പിക്കാന്‍  വേണ്ടി  മാത്രം  സംസ്ഥാന ഖജനാവില്‍  നിന്നും  തന്നെ പണം   ചിലവാക്കണം എന്നുണ്ടോ ?ഈ  പ്രശ്നങ്ങളില്‍   ശക്തമായി പ്രതികരിച്ചത്  എന്‍.എസ്.എസ്  ആണെന്നത് മാത്രമാണ്  ലീഗുകാരുടെ    വിരോധത്തിനു കാതല്‍. 


സുകുമാരന്‍  നായരുടെ  മുന്‍ഗാമികള്‍  ഇതേപോലെ   പ്രതികരിച്ചില്ല എന്നാണു  മറ്റൊരാക്ഷേപം. എന്നാല്‍, മുന്‍പെങ്ങും   ഇതേപോലെ ഒരു  അവഗണന   സമുദായത്തിന്  ഉണ്ടായിട്ടില്ല  എന്നതാണ്  പരമാര്‍ത്ഥം.സംടനയിലെ അംഗങ്ങള്‍ക്ക് ദോഷകരമായി  സംഭവിക്കുന്ന   കാര്യങ്ങളില്‍  സുകുമാരന്‍നായര്‍   ശക്തമായി  അഭിപ്രായം  പറഞ്ഞതില്‍     അദ്ദേഹത്തെ അഭിനന്ദിക്കുന്നവര്‍  ആണ്  ഏറിയ  പങ്കും . വിധേയനായി എന്നും നിന്ന് കൊടുക്കുംതോറും  തിക്തമായ  അനുഭവങ്ങള്‍  സമുദായത്തിന്  ഉണ്ടാവുമ്പോള്‍   ശക്തമായി  പ്രതികരിക്കുന്നവര് ആണ്   യഥാര്‍ത്ഥ സമുദായ  സ്‌നേഹി.  

എന്‍ .എസ്.എസ്- എസ് എന്‍. ഡി. പി   ഐക്യത്തിനെതിരെ  വാളെടുക്കുന്നവരുടെ ഉള്ളില്‍ ഒരേ ഒരു ഭീതി മാത്രമേ ഉള്ളു എന്ന് തോന്നുന്നു. ഹൈന്ദവ വോട്ടുകളുടെ ഏകീകരണം എന്ന ഭീതി . ഈ കപട മതേതരവാദികള്‍  ആണ്   നമ്മുടെ  നാടിന്റെ ശാപം. 

Nov 13, 2012

മന്ത്രിജിക്ക് കൊച്ചുതോമയുടെ തുറന്ന കത്ത്


പ്രിയ മന്ത്രിജീ,


ഫേസ് ബുക്ക്‌ ഗുണ്ടകളുടെ ചീമുട്ട ആക്രമണത്തില്‍ തളരാതെ, ഇത്രയും കഷ്ട്ടപ്പാടുകള്‍ സഹിച്ചു അങ്ങ് ഞങ്ങളെ സന്ദര്‍ശിക്കാന്‍ വന്നതില്‍ ആദ്യമായി താങ്കളെ അഭിനന്ദിക്കുന്നു..താങ്കള്‍ പേടിച്ചു സന്ദര്‍ശനം മാറ്റി എന്നും,തിരിച്ചു  പോയപ്പോള്‍ സന്ദര്‍ശനം  വെട്ടിച്ചുരുക്കി   എന്നും, അതൊക്കെ സോഷ്യല്‍ നെറ്റുവര്‍ക്ക് ഇത്രയും സ്ട്രോങ്ങ്‌ ആയതു കൊണ്ടാണെന്നും ചിലര്‍ പറഞ്ഞു പരത്തുന്നുണ്ട്. ഞാന്‍ അതൊന്നും വിശ്വസിക്കില്ല .
 
 
 
താങ്കളുടെ സന്ദര്‍ശനം ബഹിഷ്ക്കരിക്കണം എന്ന് പല സ്ഥലങ്ങളിലും അഭിപ്രായം ഉയര്‍ന്നെങ്കിലും, താങ്കള്‍ അതിനെ പറ്റി അറിഞ്ഞില്ല എന്ന് പ്രസ്താവിച്ചതായി അറിഞ്ഞു.വിവര സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ച കാര്യം താങ്കള്‍ അറിയാതിരുന്നത്‌ ഒരു കുറ്റമല്ല . ഉടനെ താങ്കളുടെ പേര്‍സണല്‍ സ്ടാഫിനു സോഷ്യല്‍ സൈറ്റുകളില്‍ കയറാനുള്ള അനുമതി നല്‍കുന്നത് നല്ലതായിരിക്കും.വീക്ഷണം മാത്രം വായിക്കുന്ന അവര്‍ക്ക് ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ അവ സഹായിക്കും .
 
 
എയര്‍ ഇന്ത്യയെ ബഹിഷ്ക്കരിക്കണം എന്ന് കുറെ ആള്‍ക്കാര്‍ പറയുന്നുണ്ടല്ലോ .ഒരുദിവസം പോലും ബഹിഷ്കരിച്ചു എയര്‍ ഇന്ത്യയ്ക്കു പണി കൊടുക്കാന്‍ ആവാത്തവരാണ്, താങ്കളെ ബഹിഷ്കരിക്കുന്നത് .താങ്കള്‍ ഇങ്ങോട്ട് വരാനായി മറ്റൊരു എയര് ലൈന്‍ തിരഞ്ഞെടുത്തതിലൂടെ"എയര്‍ ഇന്ത്യ ഇല്ലെങ്കില്‍ മത്തായിക്ക് മാങ്ങയാ" എന്നുള്ള വിലയേറിയ സന്ദേശമാണ് കൊടുത്തത്.പത്തോ രണ്ടായിരമോ രൂപ ലാഭിക്കാന്‍ ശ്രമിക്കുന്ന, പാവങ്ങള്‍ക്കും, അത്യാവശ്യ കാര്യങ്ങള്‍ക്കു പോകാനായി ടിക്കറ്റ് എടുക്കാന്‍ നോക്കുമ്പോള്‍ ടിക്കറ്റ് കിട്ടാതെ അവസാനം എയര്‍ ഇന്ത്യാ എക്സ്പ്രെസ്സ് എടുക്കുന്ന അഹങ്കാരികള്‍ക്കും നല്ല പണി തന്നെ കിട്ടണം . എല്ലാ മാസവും നാട്ടില്‍ പോകുന്നവര്‍ക്കും വര്‍ഷത്തില്‍ മൂന്നും നാലും തവണ പോകുന്നവര്‍ക്കും, പോകാന്‍ ഉയര്‍ന്ന യാത്രാക്കൂലിയും സൌകര്യങ്ങളും ഉള്ള ബീമാനങ്ങള്‍ ഉള്ളപ്പോള്‍ ഈ അഹങ്കാരം കാട്ടേണ്ട കാര്യമുണ്ടോ എന്ന് തലയില്‍ ഓളമുള്ളവര്‍ ചോദിച്ചു പോകും .
 
 
പ്രവാസിയാകാന്‍ വേണ്ടി  അതിഭയങ്കര ഭാഗ്യം ലഭിച്ചവര്‍ക്ക് വേണ്ടിയുള്ള ,പ്രവാസി "ഭാഗ്യ" ദിവസ് എന്ന പരിപാടിയിലേക്ക് വേണ്ടി ഞങ്ങള്‍ പ്രവാസികളെ ക്ഷണിക്കാനല്ല മറിച്ച് ഇവിടെ നടന്ന കരിമരുന്നു പ്രയോഗം നേരില്‍ കാണാനായിരുന്നു താങ്കള്‍ ഈ സമയത്ത് തന്നെ വന്നത് എന്ന് ചില വിവര ദോഷികള്‍ പാടിനടക്കുന്നുന്ടെങ്കിലും, അന്ന് അവിടെ സന്നിഹിതരായ സൂട്ട് ലവേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അംഗങ്ങളായ പാവപ്പെട്ട പ്രവാസികളുടെ ഫോട്ടോ കണ്ടതിനാല് ഞാന്‍ ‍ അത് വിശ്വസിക്കുന്നില്ല . അവരുടെ പ്രശ്നങ്ങളാണല്ലോ അബ്ബാസിയായിലും ഹസാവിയിലും മീനാ അബ്ദുല്ലായിലും ഉള്ള ക്യാമ്പുകളില്‍ താമസിക്കുന്ന ധനികരുടെ പ്രശ്നങ്ങളേക്കാള്‍ വലുത്.മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ താങ്കള്‍ ഒരിക്കലും സന്ദര്‍ശനം നടത്തരുത്. കാരണം, കാല്‍ക്കാശിനു വകയില്ലാത്ത മുതലാളിമാര്‍ക്ക് വേണ്ടിയാവണം താങ്കള്‍ ജീവിതം ഉഴിഞ്ഞു വെക്കേണ്ടത് .
 
 
താങ്കളുടെ സന്ദര്‍ശനത്തിന്റെ അതേ സമയം അബ്ബാസിയയില്‍ ചിലര്‍ യോഗം ചേര്‍ന്ന് എയര്‍ ഇന്ത്യാ രാജാവിന്റെ നെറ്റിയില്‍ ആണിയടിച്ചു എന്നും , പ്രതീകാത്മക ചങ്ങല തീര്‍ത്തു എന്ന് മംഗളം   പത്രത്തില്‍ വായിച്ചു . അതിനുള്ള ഉത്തരം താങ്കള്‍ ദുബായി വെച്ച് ചോദ്യം ചോദിച്ച പത്രക്കാരന് കൊടുത്തുവല്ലോ. അങ്ങനെ തന്നെ വേണം .
 
 
 
എയര്‍ ഇന്ത്യാ വിമാനം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കൊടും ഭീകരരുടെ കാര്യത്തില്‍ താങ്കള്‍ ഒന്നും ചെയ്തില്ല എന്നാണല്ലോ ആരോപണം.ആ പ്രശ്നങ്ങളില്‍ മാത്രമല്ല, ഗള്‍ഫു നാടുകളില്‍ പണിയെടുക്കുന്ന ബഹുഭൂരിപക്ഷം ആള്‍ക്കാരുടെയും പ്രശ്നങ്ങളില്‍ താങ്കള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല എന്ന് ആര്‍ക്കാണ് അറിയാത്തത്? അതെല്ലാം മറന്നു വെറും റാഞ്ചികളുടെ കാര്യത്തില്‍ പ്രവാസികള്‍ ഇത്രയും പ്രതിഷേധം ഉയര്‍ത്തിയത്‌ പ്രതിഷേധാര്‍ഹം എന്നല്ലാതെ എന്താണ് പറയേണ്ടത്?   വിദേശത്ത് വെച്ച് തട്ടിപ്പോകുന്ന പ്രവാസികളെ മാന്യമായ രീതിയില്‍ അടക്കാനായി ശ്മശാനം വരെ നേടിത്തന്ന താങ്കള് പ്രവാസിക്ക് വേണ്ടി എന്ത് ചെയ്തു എന്ന് ചോദിക്കുന്നവരെ കണ്ടാല്‍ എങ്ങനെ കലിയിളകാതിരിക്കും .കാരണം മരിച്ചു കഴിഞ്ഞു എവിടെ ശവം അടക്കുന്നു എന്നതാണല്ലോ പ്രവാസിയുടെ ഏറ്റവും വലിയ പ്രയാസം .
 
 
 
ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്ക് പോകുന്ന സ്ത്രീകളുടെ പ്രായ പരിധി താങ്കള്‍ ഉയര്തിയതിനാല്‍ , പെണ്‍വാണിഭം നടത്തുന്ന കമ്പനിക്കാര്‍ കലിപ്പിലാണെന്നും, അവരാണ് സോഷ്യല്‍ സൈറ്റുകളില്‍ താങ്കളുടെ വരവിനെതിരെ കടുത്ത ആക്രമണം നടത്തുന്നതെന്നും , താങ്കളുടെ പള്ളിയിലെ കൈക്കാരന്‍ പറഞ്ഞതായി പത്രത്തില്‍ വായിച്ചു. ഇത്രമാത്രം പെണ് വാണിഭക്കാര്‍ ഗള്‍ഫില്‍ ഉണ്ടെന്നത് ഒരു പുതിയ അറിവാണ് . സമയാ സമയം ഗള്‍ഫില്‍ സെന്‍സസ് നടത്താത്തത് കൊണ്ടാവാം, വാണിഭക്കാരുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തു അറിയാത്തത്. ഇത്രയേറെ വാണിഭക്കാര്‍ ഗള്‍ഫില്‍ ഉള്ള സ്ഥിതിക്ക് , തിരിച്ചു വരുമ്പോള്‍ അവരെ പുനരധിവസിപ്പിക്കാനായി താങ്കള്‍ക്ക് ഒരു പദ്ധതി പ്രഖ്യാപിക്കാം.ഓരോ വരവിനും ഓരോ പദ്ധതി എന്നതാണല്ലോ നമ്മുടെ പോളിസി.
 
 
 
ഏതു സമയത്തും താങ്കളെ നേരിട്ട് ഫോണ്‍ വിളിക്കാം എന്നും, പ്രവാസികളുടെ പ്രശ്നങ്ങള്‍ നേരിട്ട് കേള്‍ക്കാന്‍ താങ്കള്‍ക്ക് ഇഷ്ട്ടമാണെന്നും അറിഞ്ഞതില്‍ സന്തോഷം.ഇത് പറഞ്ഞ സമയത്ത് ആ ഫോണ്‍ നമ്പര്‍ കൂടി കൊടുത്തിരുന്നെങ്കില്‍ വലിയ ഉപകാരമാകുമായിരുന്നു.കൊച്ചിക്ക്‌ ടിക്കറ്റ് എടുത്തിട്ട് തിരുവന്തോരത്ത് ഇറങ്ങേണ്ടി വന്നാല്, ‍ താങ്കളെ വിളിക്കാല്ലോ. ഈ നമ്പര്‍ ഇല്ലാത്തതുകൊണ്ട് കഴിഞ്ഞ മാസം വിമാനം റാഞ്ചാന്‍ ശ്രമിച്ച കൊടും ഭീകരര്‍ പെറ്റിക്കെസില്‍ പെട്ട് തിരുവനതപുരം , കോഴിക്കോട് ഷട്ടില്‍ ‍ അടിച്ചു കൊണ്ടിരിക്കുന്നു . അവര്‍ക്ക് ഇതൊരു വലിയ ആശ്വാസമായേനെ.
 
 
പ്രതിഷേധത്തെ  തൃണവല്ഗണിച്ചു താങ്കളുടെ പടിപാടികളില്‍ പങ്കെടുത്തു അത് ഒരു വന് വിജയമാക്കിത്തീര്ത്തവര്‍ക്ക് എന്റെ അനുമോദനങ്ങള്‍ . നിങ്ങളാണ് യഥാര്‍ത്ഥ രാജ്യസ്നേഹികള്‍,പ്രവാസികളോട് കൂറ് പുലര്‍ത്തുന്നവര്‍.
 
 

കോട്ടിട്ട മറ്റൊരു മന്ത്രിയെ ഞങ്ങള്‍ കാത്തിരിക്കുന്നു .



സസ്നേഹം.
കൊച്ചു തോമാ..
(കെ. ടി. തോമസ്‌ )

Jul 25, 2011

പരിപ്പുവട ബ്ലോഗ്‌...ഒരു വിശദീകരണ കുറിപ്പ് .

പരിപ്പുവട ബ്ലോഗ്‌...ചില സുപ്രധാന തീരുമാനങ്ങള്‍ എന്ന പോസ്റ്റ്‌ ഇട്ടതിനു ശേഷം, രണ്ടു ദിവസം കഴിഞ്ഞു അല്പം കൂടെ മാന്യമായ രീതിയില്‍ ഏതാണ്ട് ഇതേ സന്ദേശം വരുന്ന മറ്റൊരു പോസ്റ്റ്‌ വായിക്കുകയുണ്ടായി.സമാന രീതിയില്‍ ചിന്തിക്കുന്ന പലരും ചാറ്റിലും മെയിലിലും പ്രതികരിക്കുകയുണ്ടായി.എന്നാല്‍ എന്റെ ബ്ലോഗില്‍ സ്ഥിരമായി കമന്റ് ഇടുന്ന പലരും പ്രതികരിച്ചില്ല എന്നതില്‍ വിഷമം ഉണ്ടായി. ചിലപ്പോള്‍ പരാമര്‍ശിക്കപ്പെട്ട ബ്ലോഗറുമായി നല്ല ബന്ധം അതില്‍ ഒരു കാരണം ആയിരുന്നിരിക്കാം. അപ്പോള്‍ ഈ പോസ്റ്റ്‌ തന്നെ കളയാം എന്ന് വിചാരിച്ചു. പക്ഷെ കമന്റുകള്‍ കിട്ടുന്നത് ഒരു തരത്തില്‍ ആസ്വദിക്കുന്ന ഒരാള്‍ ( അത് പറയാന്‍ ഒരു മടിയും ഇല്ല ) എന്ന നിലക്ക് കിടക്കട്ടെ എന്ന് വിചാരിച്ചു.

ഒരു ബ്ലോഗ്ഗര്‍ കമന്റു ബോക്സ്‌ അടക്കുകയോ തുറക്കുകയോ ചെയ്യുന്നത് അയാളുടെ സ്വന്തം കാര്യമാണ്.പക്ഷെ അതിനു കണ്ടെത്തിയ മുഖവിലക്കെടുക്കാനാവാത്ത ന്യായങ്ങളെ ചെറുതായി പരിഹസിക്കുക എന്നത് മാത്രമേ ഞാന്‍ ചെയ്തുള്ളൂ.

കമന്റ് എഴുതണം എന്ന് വാശി പിടിച്ചില്ല എന്ന് പറയുന്നു. വാശി പിടിച്ചാല്‍ കിട്ടുന്നതാണോ ഈ കമന്റുകള്‍ ?എഴുതുന്നത്‌ വായിച്ചു ഇഷ്ട്ടമായാല്‍ കമന്റും,ഇഷ്ട്ടമായില്ലെങ്കില്‍ ഒന്നും പറയാതെ പോകും, ഇനി തന്റെ വീക്ഷണം ആയി ചേരാത്തത് ആണെങ്കില്‍ എന്തുകൊണ്ടാണ് അങ്ങനെ എന്ന് വ്യക്തമാക്കും ,ഞാന്‍ ഉള്‍പ്പെടെ ഉള്ള സാധാരണ വായനക്കാരുടെ കാര്യം ആണ് പറഞ്ഞത്.

വായനക്കാരുടെ വിശദീകരണം ഉണ്ടെങ്കില്‍ വായിക്കാന്‍ എളുപ്പമാണ് എന്നതിനോട് ഞാനും യോജിക്കുന്നില്ല. വിശദീകരണം ആവശ്യം ഉള്ള പോസ്റ്റ്‌ ഒരു പരാജയം ആണെന്നാണ് എന്റെ അഭിപ്രായം. പക്ഷെ കമന്റുകള്‍ പലതും വായിക്കുമ്പോള്‍ നമ്മള്‍ കാണാത്ത ഒരു തലം കൂടി ആ പോസ്റ്റില്‍ മറ്റൊരാള്‍ കാണുമ്പോള്‍ ചിലപ്പോള്‍ ചില പോസ്റ്റുകള്‍ ആസ്വാദ്യം ആകാറുണ്ട് എന്ന് പറയാതെ വയ്യ.


കമന്റുകളില്‍ കൂടെ ആണ് പലരെയും പരിചയപ്പെടുന്നതും.നിലവാരം ഉള്ള കമന്റുകള്‍ ആളുകള്‍ ശ്രദ്ധിക്കും എന്ന് തന്നെ ആണ് വിശ്വാസം. ബ്ലോഗ്‌ വായിക്കുന്നവര്‍ കമന്റുകളും നോക്കാറുണ്ട് എന്ന് ഞാന്‍ കരുതുന്നു.ആരോഗ്യകരമായ സംവാദങ്ങള്‍/ പ്രതികരണങ്ങള്‍ മറ്റുള്ള വായനക്കാര്‍ വായിക്കുന്നതിനെ ഭയപെടുന്നവര്‍ക്കല്ലേ മറ്റാരും കമന്റു കാണരുത് എന്ന് തോന്നു ?

കമന്റു ബോക്സ്‌ ഇല്ലാത്ത ബ്ലോഗ്‌ ഉപ്പില്ലാത്ത കഞ്ഞി പോലെയല്ലേ..ഒരു വേര്‍ഡ്‌ വെരിഫികേഷന്‍ പോലും അരോചകം ആയി തോന്നുന്ന ഈ കാലത്ത്,വായിച്ച ബ്ലോഗില്‍ അഭിപ്രായം പറയാന്‍ ആവാതെ ബ്ലോഗറുടെ മെയിലിലേക്ക് മെയില്‍ അയക്കാനുള്ളതിനും മാത്രം വ്യക്തി ബന്ധം പലര്‍ക്കും ഉണ്ടാവില്ലല്ലോ. പിന്നെ ജിമെയിലില്‍ സൈന്‍ ഇന്‍ ചെയ്തു ആണ് ബ്ലോഗ്‌ വായിക്കുന്നതും കമന്ടുന്നതും എന്ന വാദം.പലരും ഫോളോ ചെയ്യുന്ന ബ്ലോഗ്‌ ലിങ്ക്, ബ്ലോഗര്‍ ഡാഷ് ബോര്‍ഡില്‍ നിന്നും തന്നെ ആണ് കാണാറ്.വായിച്ചു അന്നേരം അവിടെ നിന്നും തന്നെ കമന്ടുന്നതാണ് എളുപ്പം. പ്രത്യേകിച്ചും ബ്ലോഗിനികല്‍ക്കൊക്കെ മെയില്‍ ചെയ്യുന്നത് ( അത്ര അടുത്തവര്‍ അല്ലെങ്കില്‍ ) ഒരു ആശാസ്യമായ പ്രവണത ആണെന്ന് തോന്നുന്നില്ല.

ഇനി വാദത്തിനു വേണ്ടി അഭിപ്രായം ബ്ലോഗര്‍ മാത്രം അറിഞ്ഞാല്‍ മതി,മറ്റു വായനക്കാര്‍ അറിയണ്ട മെയില്‍ മാത്രം മതി എന്ന രീതി സ്വീകരിക്കുന്നുവെങ്കില്‍, മറ്റു ബ്ലോഗുകളില്‍ എന്തിനു കമന്റുന്നു ? അത് തന്റെ ഇഷ്ട്ടം,സ്വാതന്ത്ര്യം എന്നാവാം മറുപടി!എങ്കില്‍ അത് എന്തുകൊണ്ട് മറ്റു വായനക്കാര്‍ക്ക് നിഷേധിക്കുന്നു ?

നന്മയും തിന്മയും കാണാനല്ല കഥയും കവിതയും വായിക്കുന്നത്..സമ്മതിച്ചു.കഥകളില്‍ നന്മയും തിന്മയും ഉണ്ടാവില്ലേ ? കവിതയില്‍ അറിയില്ല. പോസ്റ്റില്‍ അടങ്ങിയിരിക്കുന്ന നല്ല കണ്ടെന്റ് എന്നെ ഉദ്ദേശിച്ചിട്ടുള്ളൂ.കഥയില്‍ അടങ്ങിയിരിക്കുന്ന ഒന്പതു നല്ല വശങ്ങള്‍ കാണാതെ പത്താമത്തെ ചീത്ത വശം എന്ന് മാറ്റാം..അപ്പോഴോ ?വിമര്‍ശനം മോശമാണ് എന്ന് ഉദ്ദേശിച്ചിട്ടില്ല..കാതലായ വിമര്‍ശനങ്ങള്‍ ബ്ലോഗറെ നന്നാക്കും, വിമര്‍ശനം വിമര്‍ശനത്തിനു വേണ്ടി മാത്രം ആകുമ്പോഴാണ് കുഴപ്പം.പിന്നെ പറയുന്ന രീതിയും വളരെ പ്രധാനമാണ്.ബ്ലോഗ്‌ എഴുതുന്നതില്‍ ഭൂരി ഭാഗം പേരും, വലിയ എഴുത്തുകാര്‍ അല്ല. ഈ ഒരു മാധ്യമം വന്നതിനു ശേഷം എഴുത്ത് തുടങ്ങി പോയവര്‍ ആണ്. നന്നായി എഴുതുന്ന പലരും ഉണ്ട്. പുകഴ്ത്തിയ കമന്റുകള്‍ ചിലപ്പോള്‍ അവരെ ചീത്തയാക്കിയെക്കാം.എന്നാല്‍ അനാവശ്യമായ കമന്റുകള്‍ ആത്മവിശ്വാസം തകര്‍ക്കില്ലേ ?ഇനി അതാണ്‌ ഈ തരം കമന്റുകളുടെ ഉദ്ദേശം എന്ന് ചിലപ്പോഴെങ്കിലും തോന്നിയാല്‍ വായനക്കാരെ കുറ്റം പറയാന്‍ ആവുമോ ?

കമന്റു ബോക്സ്‌ അടക്കുന്നത് മാന്യമായ അറിയിപ്പ് കൊടുത്തിട്ട് തന്നെ ആവണം. പക്ഷെ ആ അറിയിപ്പില്‍ അഹന്തയും, അമിത ആത്മവിശ്വാസവും, നിറഞ്ഞു നിന്നാലോ ? അറിയിപ്പ് കൊടുത്ത രീതി ആണ് മോശമായിപ്പോയത് എന്ന് എന്റെ തോന്നലില്‍ നിന്നാണ് മേല്പറഞ്ഞ പോസ്റ്റ്‌ ഉണ്ടായത്.ചിലര്‍ക്ക് അത് വളരെ മാന്യമായി തോന്നിയേക്കാം.വ്യത്യസ്ഥമായി ചിന്തിക്കുന്ന ചിലര്‍ എങ്കിലും ഉണ്ടാവില്ലേ ഈ ബൂലോകത്ത് ?

പിന്നെ പ്രതികരണങ്ങള്‍, പണി കൊടുത്തു എന്ന മട്ടില്‍ ഉള്ളതിനെ പ്രോല്സാഹിപ്പിച്ചിട്ടില്ല.വായിച്ചവര്‍ക്ക് കൂടുതല്‍ വിശദീകരണം കൊടുത്തിട്ടുമില്ല..അങ്ങനെ ഉള്ള അഭിപ്രായങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ തോന്നിയില്ല.കമന്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ അതില്‍ അശ്ലീലം ഒന്നും ഉണ്ടായിരുന്നില്ലല്ലോ.

ഇത്രയൊക്കെ എഴുതിയിട്ടും സുഹൃത്ത് എന്ന് സംബോധന ചെയ്തതില്‍ വളരെ സന്തോഷം.ശത്രുതയുടെ ആവശ്യം ഇല്ലല്ലോ!ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരിക്കല്‍ പോലും മെയിലില്‍ കൂടി പോലും സംവദിക്കാത്ത ഒരാളിനോടു എനിക്കും ഇല്ല ശത്രുത.പോസ്റ്റുകള്‍ ചിലത് വായിച്ചിട്ടുണ്ട്. വളരെ നന്നായി തോന്നിയ ഒരു പോസ്റ്റില്‍ ഹൃദയത്തിന്റെ ഉള്ളില്‍ നിന്നും തന്നെ എഴുതിയ ഒരു കമന്റും ഇട്ടിടുണ്ട്..എന്നാല്‍ മേല്‍ പറഞ്ഞ പോസ്റ്റ്‌ ഇട്ടതു എനിക്ക് ദഹിക്കാതതായി തോന്നിയ നിലപാടുകള്‍ക്ക് എതിരെ മാത്രം എന്ന് പറഞ്ഞു കൊള്ളട്ടെ.


വായനക്കാരുടെ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.