Feb 12, 2020

ധന മന്ത്രിക്കു കൊച്ചുതോമായുടെ തുറന്ന കത്ത്!

 ബഹുമാനപ്പെട്ട സർ ,

ഡൽഹിയിലെ ആപ്പൻമാരുടെ  സദ്ഭരണത്തെ താങ്കൾ പുകഴ്ത്തിയത് കണ്ടു. നല്ലതു. നന്മയെ അംഗീകരിച്ചേ മതിയാവൂ. താങ്കൾ  സദ്ഭരണം എന്നത് കൊണ്ട് ഉദ്ദേശിച്ചത് അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തി എന്നത് കൊണ്ടായിരിക്കണമല്ലോ.അങ്ങനെ എങ്കിൽ താങ്കൾക്ക് എന്തുകൊണ്ട് ദൽഹി മോഡൽ ഇവിടെ പരീക്ഷിച്ചു കൂടാ ? വെള്ളവും കറണ്ടും സൗജന്യം ആക്കുക.സ്ത്രീകൾക്കും സീനിയർ സിറ്റിസനും ബസ് യാത്ര സൗജന്യം ആക്കുക , ഹെൽത്ത് കെയർ എല്ലാം ഫ്രീ ആക്കുക മുതലായവ താങ്കൾക്കും ചെയ്യാവുന്നതേ ഉള്ളു! ഞങ്ങൾ കേരളീയർക്കും സൗജന്യം കിട്ടിയാൽ  പുളിക്കത്തില്ല കേട്ടോ .

പ്രതിശീർഷ വരുമാനത്തിലും വിഭവങ്ങളുടെ കാര്യത്തിലും എന്തിനു ഗൾഫു പണം വരുന്ന കാര്യത്തിലും കേരളം ആണ് മുന്നിൽ. ഒന്ന് ശ്രമിച്ചു നോക്കു.മാതൃകകൾ  പകർത്തിക്കാണിക്കാനുള്ളതാണെന്നു കണക്കു പഠിപ്പിച്ച മത്തായിസാർ പറഞ്ഞിട്ടുണ്ട് .


സാറിൻറെ  പാർട്ടിക്കാർ  കള്ളൻ എന്ന് വിളിച്ചു അധിക്ഷേപിച്ചിട്ടും മാണിസാറിന് വേണ്ടി അഞ്ചുകോടി രൂപാ പൊതു ഖജനാവിൽ നിന്ന് ചിലവഴിക്കാൻ സാർ കാണിച്ച വലിയ മനസ്സിനെ സാറിന്റെ പാർട്ടിയിലെ പരിസ്ഥിതി വക്കീൽ പോലും സ്മരിക്കുന്നുണ്ട്.ജയിച്ചുപോയി കഴിഞ്ഞാൽ ജനപ്രതിനിധിക്ക് എന്ത് തോന്യാസവും ചെയ്യാം എന്നതിന്റെ മറ്റൊരു ഉത്തമഉദാഹരണം ആയിട്ടേ കേരളത്തിലെ പൊതുജനം ഇതിനെ കാണുന്നുള്ളൂ.ആ അഞ്ചുകോടികൊണ്ടു പാലായിൽ തന്നെ അഞ്ചുലക്ഷം വരുന്ന നൂറു വീട് പണിതു പാവപ്പെട്ടവർക്ക് നൽകിയാൽ അതാവും മാണിസാറിനുള്ള ഏറ്റവും വലിയ സ്മരണയും ജോസ്‌മോനിട്ടു കൊടുക്കാവുന്ന ഏറ്റവും വലിയ പണിയും.കെ.എം മാണി ആവാസ് യോജന എന്നൊരു പേരും കൂടി ആയാൽ മാണി സാറിൻറെ ആരാധകർക്കും സന്തോഷമാകും.കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിച്ചു  എന്ന് പറഞ്ഞു അവർക്കു സമാധാനിക്കാം.അല്ലെങ്കിൽ തന്നെ പൊതു ഖജനാവിൽ നിന്നും എന്തിനാണ്  അഞ്ചു കോടി ?  ജോസ് മോൻ മനസ്സ് വെച്ചാൽ പാലായിൽ നിന്നും  തന്നെ  ഒരു ദിവസം കൊണ്ട് കേരളാ കോൺഗ്രസ്സിന്  പിരിച്ചെടുക്കാവുന്ന  ചെറിയ  തുകയല്ലേ  ഉള്ളു ?


തന്നെയുമല്ല   ഇപ്പോൾ  താങ്കൾ  ഇത്  അനുവദിച്ചു  കൊടുത്താൽ  പിന്നെ  ഇതൊരു  സാധാരണ സംഭവം ആകും .ജനസേവനം നടത്തി ക്ഷീണിച്ചു ഇരിക്കുന്ന ഏകദേശം  50  വന്ദ്യ വയോധികരായ  രാഷ്ട്രീയക്കാർ    ഇപ്പോൾ തന്നെ ഉണ്ട്.ഭാവിയിൽ   അവർക്കും  പഠനകേന്ദ്രങ്ങളും സ്മാരകങ്ങളും  നിർമ്മിക്കാനായി 5 കോടി വീതം കൊടുക്കാൻ ഇരുന്നാൽ  250  കോടിക്ക് മേൽ പൊതുജനത്തിന് ബാധ്യത  ഉണ്ടാകും . 

സാമാന്യം നല്ല ഒരു ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ 10000 രൂപ മതിയാവും. കേരളത്തിലെ മുഴുവൻ എംഎൽഎ മാർക്കും മന്ത്രിമാർക്കും കൂടി സർക്കാർ ചിലവിൽ പോളിസി എടുത്തുകൊടുത്താലും ഒരു വർഷം  14 ലക്ഷമേ വരൂ. ഒരു എംൽഎക്കു തന്നെ കോടികൾ മെഡിക്കൽ ബില്ലിനായി കൊടുത്തു എന്ന് കേട്ടു. ഈ മാതൃക ഒന്ന് പരീക്ഷിച്ചുകൂടെ? സർക്കാർ ഉദ്യോഗസ്ഥന്മാർക്കു കൂടി ഇത് എടുത്തു കൊടുത്താൽ മെഡിക്കൽ റീ ഇമ്പേഴ്‌സ്‌മെന്റ് ഇനത്തിൽ  എത്ര കോടി രൂപ നമുക്ക് ലാഭിക്കാം?വയറുവേദനയ്ക്ക് അമേരിക്കയിൽ പോയി എന്ന പേരുദോഷവും മാറ്റാം !


അതുപോലെ തന്നെ എംഎൽഎമാർക്കും മന്ത്രിക്കും മറ്റു ഉദ്യോഗസ്ഥർക്കും കൊടുക്കുന്ന ടെലിഫോൺ അലവൻസ് നിർത്തി ഒരു അൺലിമിറ്റഡ് ജിയോ കൊടുത്താൽ ലാഭം എന്നായിരിക്കും?അംബാനി/ അദാനി എന്ന് ചില കുട്ടിസഖാക്കൾ നിലവിളിക്കുമാരിക്കും. കാര്യമാക്കേണ്ട.അദാനിയെ വിളിച്ചു വിഴിഞ്ഞം ഏൽപ്പിച്ചു കൊടുത്തില്ലേ നമ്മൾ.അതിലും വലുതാണോ ഇരുനൂറുരൂപായുടെ ജിയോ ?


35 ലക്ഷത്തിന്റെ  കിയ കാർണിവൽ ഇറങ്ങിയതുകൊണ്ടാണ് വീണ്ടും കാർ വാങ്ങുന്നത് എന്ന് സോഷ്യൽ മീഡിയായിൽ ഒരു ആരോപണം കേൾക്കുന്നുണ്ട്.(ഇനി മേടിച്ചേ പറ്റൂ എന്നുണ്ടെങ്കിൽ ഇന്നോവാ ക്രിസ്റ്റ ആണ് കൂടുതൽ നല്ലതു. കൊറിയൻ വിശ്വസിക്കാൻ കൊള്ളില്ല)ഈ കാർമേടിക്കലും തോറ്റ എംപിക്കുള്ള   ധനസഹായങ്ങളും സ്മാരകങ്ങളും ദുർചെലവുകളും, ഒരു ഉപയോഗവും ഇല്ലാത്ത  കമ്മീഷനുകളും  കൈവിരലിൽ കൊള്ളുന്നത്ര   ഉപദേശകരെയും ഒക്കെ ഒഴിവാക്കി കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ഇത്രയെങ്കിലും ഒന്ന് ചെയ്യാൻ ശ്രമിച്ചുകൂടേ? എങ്കിൽ കമ്യുണിസം എന്ന വാക്കിനെ ജനം വല്ലപ്പോഴും എങ്കിലും ഓർമ്മിക്കും


വിശ്വസ്തതയോടെ

കൊച്ചു തോമാ
( കെ ടി തോമസ് )

(ഇതൊക്കെ പറയാൻ  താൻ  ആരുവാ  എന്ന് സാർ  ചോദിച്ചേക്കാം. നൂറു  രൂപാ എവിടെങ്കിലും  ലാഭം ഉണ്ടാക്കി വീട്ടിലെ  ബഡ്ജറ്റ്  ശരിയാക്കാൻ പെടാപ്പാടുപെടുന്ന  ഒരു  സാധാരണ  മലയാളി ...അത്രേയുള്ളു )