Feb 22, 2011

എന്‍റെ സൈനിക പരീക്ഷണങ്ങള്‍


പട്ടാളക്കാരോട് എനിക്ക് ഒരു ആരാധന ആയിരുന്നു.നിണമണിഞ്ഞ കാല്‍പ്പാടുകളും,നന്തനാരുടെ കഥകളും ഒക്കെ വായിച്ചു,നായര്‍ സാബ് മുതലായ വെടിക്കെട്ട്‌ പടങ്ങളും കണ്ട്‌ പട്ടാള ജീവിതം ഇങ്ങനെ തലയില്‍ കയറി നില്‍ക്കുകയാണ്. നാട്ടില്‍ ഒരുപാട് പേര്‍ മിലിട്ടറി ആയിട്ടും, എയര്‍ ഫോഴ്സ് ആയിട്ടും ഒക്കെ ഉണ്ടായിരുന്നു. അടുത്ത വീട്ടിലെ ചേട്ടന്‍ അവധിക്ക് വരുമ്പോള്‍ പച്ച നിറമുള്ള ട്രങ്ക് ഒക്കെ ആയിട്ടു വരുന്നത് നോക്കി കൊതിച്ചിട്ടുണ്ട്. അങ്ങേരു വീടുകാരും ആയിട്ടു ഇടയ്ക്കു വഴക്കുണ്ടാക്കുമ്പോള്‍ ബസ് ബസ് എന്നൊക്കെ ഹിന്ദിയില്‍ കാച്ചും.


ജോലി കിട്ടുന്നെങ്കില്‍ അത് പട്ടാളത്തില്‍ അല്ലെങ്കില്‍ എയര്‍ ഫോര്‍സില്‍ ആവണം എന്നായിരുന്നു ആഗ്രഹം. നേവിയോടു പണ്ടേ പ്രിയം ഇല്ല.അവര്‍ക്ക് മീശ വെക്കാന്‍ പറ്റില്ല എന്നാരുന്നു കൂട്ടത്തില്‍ പഠിച്ച ബാബു പറഞ്ഞത്.മീശ ഇല്ലാതെ ആണുങ്ങള്‍ക്ക് എന്ത് വില! അവന്‍ അന്ന് അങ്ങനെ ഒക്കെ പറഞ്ഞെകിലും മെഡിക്കല്‍ റെപ് ആയപ്പോ അവന്‍ മീശ എടുത്തു.റപ്പായിമാര്‍ക്ക് അത് പാടില്ല എന്ന് അവരുടെ ബൈലോയില്‍ ഉണ്ടത്രേ.


ആദ്യത്തെ ശ്രമം യാദൃചികം ആയിരുന്നു.പത്തു കഴിഞ്ഞു എമ്പ്ലോയ്മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുക എന്നത് അന്നൊരു ചടങ്ങായിരുന്നു. ഞങ്ങള്‍ കുറെ പേര്‍ പ്രീഡിഗ്രീ കഴിഞ്ഞു ഈ കലാപരിപാടിക്ക്‌ ചെന്നതായിരുന്നു.അന്നവിടെ കുറെ പേര്‍ ക്യു നില്‍ക്കുന്നു.ഡല്‍ഹി പോലീസിലേക്ക് ആളെ എടുക്കുകയാണ്. ഡല്‍ഹി പോലീസ് എങ്കില്‍ അത് എന്നും പറഞ്ഞു ഞങ്ങള്‍ രണ്ടു പേര്‍ കേറി നിന്നു.സ്കൂളില്‍ ഒന്നിച്ചു പഠിച്ച ഒരാള്‍ അങ്ങ് മുന്നില്‍ നില്‍ക്കുന്ന കാണാം.നമ്മുടെ നാട്ടുകാരന്‍ ഒരാള്‍ അപ്പൊ അതിലെ വന്നു.നിനക്കൊക്കെ വട്ടാണോഡാ.പോലീസി ചേരണമെങ്കില്‍ കേരളാ പോലീസില്‍ ആയിക്കൂടെ, ഡല്‍ഹി വരെ പോണോ എന്നും, ഡല്‍ഹി പോലീസില്‍ ചേര്‍ന്നാല്‍ ട്രാന്‍സ്ഫര്‍ ഒന്നും കിട്ടത്തില്ല ജീവിത കാലം മുഴുവന്‍ ഡല്‍ഹിയില്‍ തണുപ്പും കൊണ്ട് നിന്റെ ജീവിതം പോക്കാ എന്നും പറഞ്ഞു അയാള്‍ പോയി.ഞങ്ങള്‍ മനസ്സ് മടുത്തു തിരിച്ചുപോയി.

പിന്നീടറിഞ്ഞു സ്കൂള്‍ മേറ്റിനു ജോലി കിട്ടി എന്ന്. അവന്‍ അവധിക്കു വരുമ്പോള്‍ ആക്കി ഒരു ചോദ്യം ചോദിക്കും "എന്ത് ചെയ്യുന്നു " ? ഒന്നും ആയില്ല എന്നുപറയുമ്പോള്‍ ഒടുക്കത്തെ ഒരു അച്ഛാ അച്ഛാ വിളി.അവന്‍ സ്റ്റോറില്‍ ആണത്രേ. ഓരോ വെടിയുണ്ടക്കും കണ്ക്കുണ്ടെന്നു. ഈ പൊട്ടാത്ത വെടിയുണ്ടയും പൊട്ടിയ വെടിയുണ്ടയും ആയി എന്ത് വ്യത്യാസം ഉണ്ട്, പൊട്ടാത്തത്‌ കാണാതെ പോയാല്‍ പകരം പൊട്ടിയത് വെച്ചാല്‍ പിടിക്കുമോ തുടങ്ങിയ സംശയങ്ങള്‍ എന്‍റെ മനസ്സില്‍ ഉദിച്ചു എങ്കിലും ഞാന്‍ ചോദിച്ചില്ല. വെറുതെ എന്തിനാ അവനു പുതിയ ഐഡിയ കൊടുക്കുന്നത് !


ഡിഗ്രി ആദ്യവര്‍ഷം അന്ന് ആദ്യത്തെ എയര്‍ ഫോഴ്സ് ശ്രമം.പത്രത്തില്‍ എയര്‍മാന്മാരെ എടുക്കുന്നു എന്ന് കണ്ടു.അപേക്ഷ വിട്ട അന്ന് മുതല്‍ സ്വപ്നം കാണാന്‍ തുടങ്ങി. സ്വപ്നത്തില്‍ എയര്‍ മാര്‍ഷലും എയര്‍ വൈസ് മാര്‍ഷലും ഒക്കെ ആയി.


ഒരു ദിവസം വൈകുന്നരം ക്ലാസ്സ്‌ വിട്ടു വരുമ്പോള്‍ വീടിന്‍റെ മുന്‍പില്‍ ഒരു ആള്‍കൂട്ടം..ദൈവമേ,വയസ്സായ അമ്മൂമ്മക്ക്‌ എന്തെങ്കിലും ? ചെന്നപോ വീടിനടുത്തുള്ള ഒരു ചേട്ടന്‍ ടെലഗ്രാം നീട്ടി.നിന്നെ എയര്‍ ഫോര്‍സില്‍ എടുത്തു എന്ന് പറഞ്ഞു.ദൈവമേ ഇത്ര പെട്ടെന്നൊ. വായിച്ചപ്പഴല്ലേ അറിയുന്നെ ടെസ്റ്റിനു ചെല്ലാനുള്ള അറിയിപ്പാ എന്ന്. എനിക്ക് മാത്രമല്ല അക്കരെ ഉള്ള സാബുവിനേം എടുത്തു എന്ന് ചേട്ടന്‍ പറഞ്ഞു . കടത്തും കടന്നു ഞാന്‍ സാബുവിന്റെ വീട്ടില്‍ പോയി. അവിടെ ചെന്നപോ സാബു നാലുമണിയുടെ വണ്ടിക്കു കൊച്ചിക്ക്‌ പോയി എന്ന് അവന്റെ അമ്മ പറഞ്ഞു. അവനു പിറ്റേന് കാലത്തെ ആറു മണിക്കാ ടെസ്റ്റ്‌. എനിക്ക് അതിന്റെ അടുത്ത ദിവസം ആറുമണിക്ക്.പിറ്റേന്ന് വൈകുന്നേരം ഞാന്‍ ബസ് സ്റ്റോപ്പില്‍ നില്കുമ്പോള്‍ സാബു എറണാകുളത്തുന്നു പരിപ്പിളകി വരുന്നു. അവനു തൂക്കം കുറവാണെന്ന്. അടുത്ത തവണ വരാന്‍ പറഞ്ഞു എന്ന് .പിന്നെ അവന്‍ പറഞ്ഞു ഇപ്പൊ എയര്‍മാന്‍ നോണ്‍ ടെക്നിക്കല്‍ ആണ് വിളിച്ചിരിക്കുന്നത്. അടുത്തതാ ടെക്നിക്കല്‍ .കിട്ടാഞ്ഞതു നന്നായി എന്ന്. ഇനി നീ അങ്ങനെ ഓര്‍ത്തു സമാധാനിച്ചോ എന്ന് പറഞ്ഞു ഞാന്‍ ചെറുതായിട്ട് ഒന്ന് താങ്ങി.എന്നാ നീ പോയി ബൌണ്‍സ് ചെയ്തു വാടെ,ഞാന്‍ ഇവിടെ ഒക്കെ തന്നെ കാണും എന്ന് നടക്കാന്‍ മേലാത്ത അവസ്ഥയിലും അവന്‍ അനുഗ്രഹിച്ചു. ഞാന്‍ എന്റെ ദേഹതെക്കൊന്നു നോക്കി.എല്ലൊക്കെ എണ്ണി എടുക്കാന്‍ രണ്ടു കൈയിലെ വിരല്‍ തികയില്ല.എനിക്ക് പണി കിട്ടി എന്ന് നാട് മുഴുവന്‍ ഫ്ലാഷായി. എന്തായാലും പോയേക്കാം .

കൊച്ചിയില്‍ പനമ്പിള്ളി നഗറിലായിരുന്നു ടെസ്റ്റ്‌. അവിടെ ചെന്നപോള്‍ കുറെ പേര്‍ കാലത്തെ മുതല്‍ തന്നെ തലകുത്തി നിന്ന് പഠിക്കുന്നു. ഒരു ഹിന്ദിക്കാരന്‍ വന്നിട്ട് ഹിന്ദിയില്‍ എന്തോ പറഞ്ഞു. ഞാന്‍ പിന്നെ ഹിന്ദിയുമായി പണ്ടേ മുന്നാള്‍ ആയ കൊണ്ട് എല്ലാം നന്നായി പിടികിട്ടി.പണി എങ്ങാനും കിട്ടിയാല്‍ ഇവന്റെ അടുത്തൊക്കെ എങ്ങനെ പിടിച്ചു നില്‍ക്കും എന്നാ ആദ്യം ഓര്‍ത്തത്‌.നമ്മുക്ക് ആകെ അറിയാവുന്നത്, കിത്നെ ആദ്മി ഥെ..തീന്‍ ആദ്മി..കിത്നെ ഗോലി ഥെ തീന്‍ ഗോലി..ഇതേ മാതിരി ഹിന്ദി പടത്തില്‍ പറയുന്ന ഹിന്ദി അല്ലെ. എട്ടാം ക്ലാസ്സില്‍ ബെച്ചപ്പന്‍ എന്ന് വട്ടപ്പേര്‍ ഉള്ള ഹിന്ദി മാഷുമായി എന്നും ഗോല്‍താ ആരുന്നു.അങ്ങേരുടെ പ്രാക്ക് ആയിരിക്കും എന്നോര്‍ത്ത് സമാധാനിച്ചു. ഒരു വിധത്തില്‍ ടെസ്റ്റ്‌ ഒക്കെ ജയിച്ചു. പിന്നെ തൂക്കം നോക്കിയപ്പോ ഓക്കേ. ചെവിയില്‍ എന്തോ കോലിട്ട് നോക്കി.അതും ഓക്കേ.അടുത്തത് നെഞ്ചിന്റെ അളവ് നോക്കിയപ്പോഴല്ലേ എയര്‍മാന്‍ ആവാന്‍ ഇത്രേം എയര്‍ പോര എന്ന് മനസ്സിലായത്‌. അവസാനം ഷേനായീസില്‍ കയറി ഒരു പടോം കണ്ട്‌ വൈകുന്നേരത്തെ പാസെന്‍ജെറില്‍ കയറി പാതിരാ ആയപ്പോ വീട്ടിലെത്തി. രണ്ടു ദിവസം വീട്ടീന്ന് ഇറങ്ങിയില്ല.മുടിഞ്ഞ നാടുകാര്‍ക്കെല്ലാം പണി കിട്ടാഞ്ഞതു എന്താ എന്നറിയണം.സാബു വീട്ടില്‍ വന്നു.പണി കിട്ടിയില്ല എന്നറിഞ്ഞപോ അവനു സമാധാനം ആയി.കൂട്ടുണ്ടല്ലോ എന്ന് പറഞ്ഞു.


ആറുമാസം കഴിഞ്ഞു വീണ്ടും പഴയ പരിപാടി.രണ്ടു മൂന്ന് ദിവസമായി ടെസ്റ്റും മെഡിക്കലും. ഒരു വിധത്തില്‍ വെയിറ്റിംഗ് ലിസ്റ്റ് വരെ എത്തി.ഈ തവണ ഹിന്ദിക്കാരുടെ കൂടെ ഒരു മലയാളി ഉണ്ടായിരുന്നു. ഹിന്ദിക്കാര്‍ അയാളെ കെ പി, കെ പി എന്ന് എന്തിനും ഏതിനും വിളിക്കും. മനോരമ ജംക്ഷനില്‍ നിന്നും പനംപള്ളി നഗറിലുള്ള എയര്‍ ഫോഴ്സ് ഓഫീസില്‍ വരെ കെ.പി നടന്നാ വരുന്നേ എന്ന് അവിടെ പരിചയപ്പെട്ട റഷീദ് പറഞ്ഞു.കാശു കൊടുത്താ ശരിയാക്കാമോ എന്ന് ചോദിക്കാം എന്ന് അവന്‍ പറഞ്ഞു.കാശു മേടിചോണ്ടാ ഇവരൊക്കെ പരിപാടി നടത്തുന്നെ, കൊടുക്കാത്തവരെ ഒക്കെ വെയിടിങ്ങില്‍ ഇടും എന്ന് ആരോ പറഞ്ഞത്രേ. ഞങ്ങള്‍ രണ്ടും കൂടി കെ പി ഓഫീസടച്ചു ഇറങ്ങുമ്പോള്‍ പുറകെ കൂടി..ഇടയ്ക്കു കെ.പി തിരിഞ്ഞു നോക്കും. ഞങ്ങള്‍ പമ്മും അങ്ങനെ മനോരമയുടെ അടുത്ത് ചെന്നപോ കെ.പി നിന്നിട്ട് ചോദിച്ചു നിനക്കൊക്കെ എന്താടാ വേണ്ടിയേ എന്ന്.ചേട്ടാ സാറേ എന്നൊക്കെ വിളിച്ചു റഷീദ് ഏതാണ്ടൊക്കെ ചോദിക്കുന്നതും കെ. പി. അടിക്കാന്‍ കൈ ഓങ്ങിയതും ഒക്കെ കുറച്ചു ദൂരെ നിന്നാ ഞാന്‍ കണ്ടത്.എന്തായാലും ആ തവണ സാബു എയര്‍മാന്‍ ആയി. വര്‍ഷത്തില്‍ ഒരിക്കല്‍ വരും.ജോലി എങ്ങനെ എന്ന് ചോദിച്ചപ്പോ ഭയങ്കര മജാ ആണെന്ന് പറഞ്ഞു. അത്ര ബുധിമുട്ടാനെകില്‍ നീ തിരിച്ചു പോരെടാ എന്ന് പറഞ്ഞപോള്‍ ഓ നിനക്ക് എന്നെപോലെ ഹിന്ദി അറിയില്ലല്ലോ എന്ന് അവന്‍ പറഞ്ഞു. അവന്‍ നാട്ടില്‍ കൂടി കൂളിംഗ് ഗ്ലാസ്‌ ഒക്കെ വെച്ച് നടക്കും.നിനക്കെന്താടാ ചെന്കണ്ണ് ആണോ ഞാന്‍ ചോദിച്ചു. ഗ്ലാസ്‌ ഇല്ലാതെ കണ്ണിനു ഭയങ്കര ചൊറിച്ചില്‍ ആണത്രേ.


അപോഴെക്കും ഡിഗ്രി കഴിഞ്ഞു .അടുത്ത ടെസ്റ്റ്‌ ഹവില്‍ദാര്‍ ക്ലാര്‍ക്ക് ആയിരുന്നു.അപ്പോഴേക്കും പൊക്കം കുറെ കൂടി കൂടിയത് കൊണ്ട് ആനുപാതികമായി തൂക്കം വേണ്ടിവരും എന്ന് പറഞ്ഞു ലോഡ്ജില്‍ വെച്ച് പാളയങ്കോടന്‍ പഴവും കുറെ വെള്ളവും കാലത്തെ തന്നെ കേറ്റി. പാങ്ങോട് പോയി, ജട്ടിയും ഒക്കെ ഇട്ടോണ്ട് അവിടുത്തെ ചരലില്‍ വളരെ ബുദ്ധിമുട്ടി ആണിരുന്നത്. ഫിസിക്കല്‍ എല്ലാം ശരിയായി. മെഡിക്കല്‍ ടെസ്റ്റ്‌ ആരുന്നു കടുപ്പം. ഒരു ഇരുപതു പേരെ വീതം രണ്ടു വരിയായിട്ടു നിര്‍ത്തും. എന്നിട്ട് ജെട്ടി താഴ്ത്താന്‍ പറയും. ഒരു അമ്മാവന്‍ കൈയില്‍ ഉറ ഒക്കെ ഇട്ടു മുന്നില്‍ വന്നു നിന്നിട്ട് അടിസ്ഥാനവര്‍ഗങ്ങളെ പിടിച്ചു തല വശത്തേക്ക് തിരിച്ചു രണ്ടു തവണ ചുമക്കാന്‍ പറയും.ഇത് എന്ത് ടെസ്റ്റ്‌ എന്ന് ദൈവത്തിനാണെ ഇന്നേ വരെ അറിയത്തില്ല. എല്ലാവരും നിന്ന് ചിരി തന്നെ. അത് കാണുമ്പോള്‍ അമ്മാവന് കലി കയറും.പിന്നേം ഒടുക്കത്തെ ഹിന്ദി. ഇവറ്റ ക്കൊക്കെ മര്യാദക്ക് വല്ല മലയാളോം പറഞ്ഞു കൂടെ. അവസാനം എല്ലാം കഴിഞ്ഞു ടെസ്റ്റ്‌ എഴുതിയപ്പോള്‍ ലിസ്റ്റില്‍ പേരില്ല.അവിടെ കറങ്ങി നടന്നിരുന്ന ഒരു കപ്പടാ മീശക്കാരന്‍ എക്സ് മിലിട്ടറി പറഞ്ഞു ഒരു 30 വീശു മോനെ നമ്മക്ക് ശരിയാക്കാം എന്ന്. ഞാന്‍ പറഞ്ഞു ചേട്ടാ, മുപ്പതു കൊണ്ട് എന്താവാനാ, 60 അല്ലെ ലാര്‍ജ് എന്ന്. കപ്പടാ ഹിന്ദിയില്‍ എന്താണ്ടൊരു മുട്ടന്‍ തെറി പറഞ്ഞു സ്ഥലം വിട്ടു. രണ്ടു ദിവസത്തേക്ക് ഭയങ്കര തൂറ്റല്‍ ആയിരുന്നു. പാളയങ്കോടന്‍ പഴവും വെള്ളവും. നല്ല കോമ്പിനേഷന്‍ !

പിന്നെ ആയിരുന്നു എന്‍ ഡി എ എക്സാം. അതെങ്ങാനും കിട്ടിയാല്‍ ഡയറക്റ്റ് ഓഫീസര്‍ ആകാം, പിന്നെ എന്ത് എയര്‍മാന്‍, എന്ത് ഹവില്‍ദാര്‍ ക്ലാര്‍ക്ക്. ചിലപോ ദൈവത്തിന്റെ ഒരു കളി ആയിരിക്കും, എല്ലാം അവസാന നിമിഷത്തില്‍ തട്ടിപോയത് എന്നൊക്കെ ഓര്‍ത്തു എക്സാം എഴുതി. അവര്‍ പക്ഷെ ഒരുപാട് മിടുക്കന്മാരെ മാത്രേ എടുക്കു എന്ന് ഒരു പഠിപ്പിസ്റ്റ് അന്ന് തന്നെ പറഞ്ഞു. പിന്നെ,ഒരുപാട് മിടുക്കന്‍ ആണെകില്‍ ഇങ്ങോട്ട് കെട്ടിയെടുക്കണോ എന്ന് ഞാന്‍ ഓര്‍ത്തു. എന്തായാലും, ഡി ഫെന്‍സ് അക്കാദമിക്ക് ഒരു തീരാ നഷ്ടം തന്നെ സംഭവിച്ചു.അവര്‍ക്ക് അതി ബുദ്ധിമാനായ ഒരുത്തനെ നഷ്ടപ്പെട്ടു..ആര്‍ക്കു പോയി.


അന്ന് കെട്ടുപോയ സൈനിക സ്വപ്നങ്ങള്‍ക്ക് വീണ്ടും മുളച്ചത് കഴിഞ്ഞ വര്‍ഷമാണ്‌. നമ്മുടെ ലാലേട്ടനെ ടെറിട്ടോറിയാല്‍ ആര്‍മിയില്‍ എടുത്തപ്പോള്‍ .പ്രായത്തില്‍ ഞാന്‍ അല്പം പിന്നിലെങ്കിലും മറ്റൊരു കാര്യത്തില്‍ ഞങ്ങള്‍ കട്ടക്ക് നില്‍ക്കും. അതെ അത് തന്നെ.പ്രവാസി ഒന്നും കഴിച്ചില്ലെങ്കിലും അതുണ്ടാവുമല്ലോ!

ആര്‍ക്കറിയാം ..ഈ വൈകിയ വേളയില്‍ ഇനി അത് നടക്കുമോ എന്ന് !

ചിത്രം: കടപ്പാട് ഗൂഗിള്‍

Feb 16, 2011

വെള്ളപ്പൊക്കം ഉണ്ടായ രാത്രി


തോരാത്ത മഴയുള്ള ഒരു ദിവസമായിരുന്നു അന്ന്. മീനച്ചിലാര്‍ കര കവിഞ്ഞൊഴുകി തുടങ്ങിയിരുന്നു. മാക്രികള്‍ നിലക്കാതെ കരയുന്ന ശബ്ദം കേട്ടപ്പോള്‍ അപ്പച്ചന്‍ പറഞ്ഞു, വെള്ളം ഇനിയും കേറാനുള്ള പുറപ്പാടാണെന്നു തോന്നുന്നു എന്ന്. വെള്ളം പൊങ്ങിയതിനാല്‍ ചെക്കുട്ടിയുടെ കടത്തുവള്ളം കടത്തു കടവില്‍ നിന്നും കവലയിലേക്കു നീണ്ടു കിടക്കുന്ന വഴിയിലൂടെ ബസ്നസ്റ്റൊപ്പിനടുത്തു വരെ കാലത്തെ മുതല്‍ സര്‍വീസ് നടത്തി. ഈരാറ്റുപേട്ടയില്‍ നിന്നും എട്ടരക്ക് വരേണ്ടിയിരുന്ന അവസാനത്തെ വണ്ടി എത്തിയിട്ടുണ്ടായിരുന്നില്ല.അപ്പച്ചനെ കൂടാതെ മറ്റു മൂന്നുപേരും കൂടി കടതുവള്ളതിനടുത്തു നില്‍ക്കുന്നുണ്ടായിരുന്നു. ചേക്കുട്ടി അപ്പോഴും ഷാപ്പില്‍ തന്നെ ആയിരുന്നു.

കവലയില്‍ കടകള്‍ക്ക് താഴെ വരെ വെള്ളം ഒഴുകാന്‍ തുടങ്ങിയിരുന്നു. കടനടത്തുന്ന മേഴ്സിക്കുട്ടി കുറെ വലിയ ചാക്ക് കെട്ടുകളിലായി സാധനങ്ങള്‍ കെട്ടി വെക്കാന്‍ തുടങ്ങി.മേഴ്സിക്കുട്ടിയുടെ കെട്ടിയോന്‍ ഗീവര്‍ഗീസിനെ അവിടെ എങ്ങും കണ്ടില്ല.മിക്കവാറും ഷാപ്പില്‍ ആയിരിക്കും.ഗീവര്‍ഗീസ് കള്ളു കുടിച്ചു മേഴ്സിക്കുട്ടിയെ തല്ലുന്നതു ഒരു സ്ഥിരം കാഴ്ച ആയിരുന്നതിനാല്‍ ആരും പിടിച്ചു മാറ്റാനോ സമാധാനം പറയാനോ ഒന്നും മിനക്കെടാരില്ലയിരുന്നു. എത്ര അടിയും ചവിട്ടും കൊടുത്താലും പിറ്റേന്ന് ഗീവര്‍ഗീസ് വീണ്ടും കടയുടെ നിരകള്‍ തുറന്നു കൊടുക്കാനും, സാധനങ്ങള്‍ പാലായില്‍ നിന്നും വാങ്ങി കൊണ്ടുവരാനും സഹായിക്കുമായിരുന്നു.

മേഴ്സിക്കുട്ടി വളരെ കാര്യപ്രാപ്തി ഉള്ള ഒരു സ്ത്രീ ആയിരുന്നു. അവരുടെ ഒറ്റ മിടുക്കുകൊണ്ടായിരുന്നു വീട് കഴിഞ്ഞു പോന്നിരുന്നത്. മീന്‍ പിടിത്തം അല്ലാതെ വേറെ ഒരു പണിക്കും ഗീവര്‍ഗീസ് പോയിരുന്നില്ല.എന്നാല്‍ അതില്‍ അയാള്‍ ഒരു ഉസ്താദ് തന്നെ ആയിരുന്നു താനും.പിടിച്ചു കിട്ടുന്ന മീന്‍ വീട്ടിലേക്കു എത്തിയില്ലെങ്കിലും ഷാപ്പില്‍ കൊടുക്കുകയായിരുന്നു പതിവ്.പിന്നെ നാട്ടുമ്പുറത്ത് തന്നെ ഉള്ള ചില വലിയ വീടുകളിലും.പണി ഒന്നും ചെയ്യുകയില്ലെങ്കിലും കൃത്യമായി എല്ലാ വൈകുന്നേരവും മേഴ്സിക്കുട്ടിയില്‍ നിന്നും പണം വാങ്ങാന്‍ എത്തും. കള്ളു കുടിച്ചാല്‍ അടി ഉറപ്പാണ് എന്നറിഞ്ഞു കൊണ്ട് തന്നെ പണം കൊടുക്കുകയും ചെയ്യും. കച്ചവടം കുറഞ്ഞ ദിവസങ്ങളില്‍ പണം കൊടുക്കാന്‍ വിസമ്മതിച്ചാല്‍ കള്ളു കുടിക്കാന്‍ തുടങ്ങും മുന്‍പ് തന്നെ അടി തുടങ്ങുമായിരുന്നു.കൈയില്‍ കിട്ടുന്ന എന്തും എടുത്തു എറിയാനും ഒരു മടി ഉണ്ടായിരുന്നില്ല..

തന്‍റെ മൂന്ന് ആണ്മക്കള്‍ എങ്ങനെ ജീവിക്കുന്നു എന്നോ,എന്ത് കഴിക്കുന്നു എന്നോ ഉള്ള ചിന്തകള്‍ അയാള്‍ക്കില്ലായിരുന്നു.മക്കള്‍ ഏതു തരത്തില്‍ പഠിക്കുന്നു എന്നതുല്പ്പെടെയുള്ള കാര്യങ്ങള്‍ അയാള്‍ക്ക്‌ അന്യമായിരുന്നു .മൂത്തമകന് വയസ്സ് പതിനെട്ടായപ്പോള്‍ തന്നെ ഒരു ഓട്ടോ ഓടിച്ചു നടക്കാന്‍ തുടങ്ങി. ബുദ്ധിമാനായിരുന്നു അവന്‍.ഒരു പൈസ അവന്‍ അപ്പച്ചന്കള്ള് കുടിക്കാന്‍ കൊടുക്കില്ലായിരുന്നു. തനിക്കു കിട്ടാതെ പോയ വിദ്യാഭ്യാസം അനുജന്മാര്‍ക്ക് കൊടുക്കാന്‍ വേണ്ടി രാപകലില്ലാതെ അവന്‍ അധ്വാനിച്ചു.

തന്‍റെ അപ്പനെ കുരുവിളക്ക് വെറുപ്പായിരുന്നു.അമ്മയെ എന്നും തല്ലുന്ന കാഴ്ച കണ്ടുകൊണ്ടായിരുന്നല്ലോ അവന്‍ വളര്‍ന്നത്‌.മുതിര്‍ന്നപ്പോഴും തടസ്സം പിടിക്കാന്‍ അവന്‍ ചെല്ലുമായിരുന്നില്ല.കാരണം ഒരിക്കല്‍ ഗീവര്‍ഗീസിനെ പിടിച്ചു തള്ളിയ കുരുവിളയെ തലങ്ങും വിലങ്ങും തല്ലി ആയിരുന്നു മേഴ്സിക്കുട്ടി തന്‍റെ ദേഷ്യം തീര്‍ത്തത്. മേഴ്സിക്കുട്ടിക്ക് തല്ലു കൊള്ളുന്നതില്‍ കുഴപ്പമില്ലാത്ത സ്ഥിതിക്ക് നാട്ടുകാര്‍ക്കും തനിക്കും എന്ത് താല്പര്യം എന്ന രീതിയിലേക്ക് കാര്യങ്ങള്‍ വളര്‍ന്നു കഴിഞ്ഞിരുന്നു.

പക്ഷെ സത്യം ഉള്ളവനായിരുന്നു ഗീവര്‍ഗീസ്.കള്ളും ചാരായവും കുടിക്കും എന്നതൊഴിച്ചാല്‍ വേറെ സ്വഭാവ ദൂഷ്യങ്ങള്‍ ഒന്നും അയാള്‍ക്കില്ലായിരുന്നു. അന്യന്റെ ഒരു പൈസ പോലും ആഗ്രഹിക്കാത്ത ഒരു സാധാരണ മനുഷ്യന്‍. എന്നാല്‍ നേരെ എതിരായിരുന്നു കുരുവിള.എങ്ങനെ എങ്കിലും പണം ഉണ്ടാക്കണം എന്ന ചിന്ത മാത്രമേ അവനില്‍ ഉണ്ടായിരുന്നുള്ളൂ. ഒരിക്കല്‍ ഓട്ടോയില്‍ ആരോ മറന്നു വെച്ച പേഴ്സ് തിരിയെ കൊടുക്കാനായി അപ്പനും മകനും തമ്മില്‍ തര്‍ക്കം ഉണ്ടായി. അവസാനം അപ്പന്റെ നിര്‍ബന്ധത്തിനു വഴങ്ങി പേഴ്സ് തിരിയെ കൊടുത്ത കുരുവിളയെ അഭിനന്ദിക്കാനായി പള്ളി വികാരി യോഗം വിളിച്ചപ്പോഴും കുരുവിളയുടെ ഉള്ളില്‍ എടുക്കാന്‍ പറ്റാതായ പണത്തെ പറ്റി ഉള്ള വിഷമം ആയിരുന്നു.

എട്ടരക്കുള്ള വണ്ടി വന്നപ്പോള്‍ ഒന്‍പതു കഴിഞ്ഞു. പാലായില്‍ കുറി നടത്തുന്ന ഔസേപ്പ് ചേട്ടന്‍ മാത്രമേ അക്കരയ്ക്കു പോകാനായി ഉണ്ടായിരുന്നുള്ളൂ.എന്നിട്ടും വള്ളം ഇറക്കാന്‍ ചേക്കുട്ടി എത്തിയില്ല. അവസാനം അപ്പച്ചന്‍ തന്നെ ഷാപ്പില്‍ പോയി വിളിച്ചുകൊണ്ടു വരേണ്ടി വന്നു. നടക്കാന്‍ പറ്റുന്നതുപോയിട്ടു കിടക്കാന്‍ പോലും പാകത്തില്‍ ആയിരുന്നില്ല ചേക്കുട്ടി.ആറ്റില്‍ ആണെങ്കില്‍ നല്ല ഒഴുക്കും. ഔസേപ്പ് ചേട്ടന്‍ തന്റെ കൈയില്‍ ഇരുന്ന പെട്ടി മേഴ്സിക്കുട്ടിയുടെ കൈയില്‍ ഏല്പിച്ചു വീട്ടിലേക്കു പോകാന്‍ ഒരുങ്ങിയത് തന്നെ ചെക്കുട്ടിയെ വിശ്വാസം ഇല്ലാത്തതുകൊണ്ടായിരുന്നു.ഏതെങ്കിലും കാരണവശാല്‍ പെട്ടി വെള്ളത്തില്‍ എങ്ങാനും നഷ്ട്ടപ്പെട്ടാലോ .എന്നാല്‍ കുറിപ്പണം പെട്ടിയില്‍ ഉള്ള കാര്യം മേഴ്സിക്കുട്ടിയോടു ഔസേപ്പ് ചേട്ടന്‍ പറഞ്ഞില്ല.കുറിക്കാരുടെ ആധാരവും ചില കണക്കു പുസ്തകങ്ങളും എന്നെ പറഞ്ഞുള്ളൂ.

മേഴ്സിക്കുട്ടി നിരകള്‍ എടുത്തു വെക്കുബോഴേക്കും ഗീവര്‍ഗീസ് എത്തി.പതിവിനു വിപരീതമായി കാലില്‍ നില്‍ക്കാവുന്ന അവസ്ഥയില്‍ ആയിരുന്നു അയാള്‍.രണ്ടുപേരും കൂടി സാധനങ്ങള്‍ എടുത്തു വെച്ച് ഇറങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു കുരുവിള എത്തിയത്. കടയില്‍ വെള്ളം കയറിയേക്കാം എന്നോര്‍ത്ത് മേഴ്സിക്കുട്ടി കുറെ സാധനങ്ങള്‍ ഓട്ടോയില്‍ കയറ്റി. കുരുവികുറെ സാധനങ്ങള്‍ പെറുക്കി വെള്ളം എത്താത്ത ഇടത്ത് വെക്കുന്നതിനിടെയായിരുന്നു അപ്പച്ചന്റെ നിലവിളി കേട്ടത്. ചെക്കുട്ടിയുടെ വള്ളം മുങ്ങിയത്രേ.കൂടെ ഉണ്ടായിരുന്ന ആള്‍ക്കാരെ ആരെയും കാണുന്നില്ല.കൂരിരുട്ടും, വെള്ളത്തിന്റെ ഒഴുക്കും. അപ്പച്ചന്‍ എങ്ങനെയോ നീന്തി പറ്റി.

ഗീവര്‍ഗീസിന്റെ കെട്ട് ഇറങ്ങി. അയാള്‍ കടവിനടുതെക്ക് ഓടിപ്പോയി. പിന്നീട് അറിഞ്ഞും കെട്ടും വന്ന ആള്‍ക്കാരുടെ ബഹളം ആയിരുന്നു. കുറെ പേര്‍ കൊച്ചു വള്ളത്തില്‍ തപ്പാന്‍ പോയി. പെട്രോമാക്സുകളുമായിആള്‍ക്കാര്‍ വരുന്നുണ്ടായിരുന്നു.വന്നവരോടൊക്കെ മേഴ്സിക്കുട്ടി സംഭവം വിവരിച്ചു കൊണ്ടേ ഇരുന്നു. ഗീവര്‍ഗീസും തപ്പാന്‍ പോയി എന്ന് പറഞ്ഞു .പന്ത്രണ്ടു മണിയോട് കൂടി മേഴ്സിക്കുട്ടിയും മകനും വീടിലേക്ക്‌ പോയി. വീട്ടില്‍ എത്തിയ ഉടന്‍ അമ്മയും മകനും കൂടി ഔസേപ്പ് ചേട്ടന്റെ പെട്ടി തുറന്നു നോക്കി. ഒരു വലിയ തുക. പിന്നെ കുറെ സ്വര്‍ണാഭരണങ്ങളും.

കുറച്ചു നേരത്തിനു ശേഷം ഗീവര്‍ഗീസ് പരിക്ഷീണനായി വന്നപ്പോഴും അമ്മയും മകനും പണം എണ്ണി തിട്ടപ്പെടുതുകയായിരുന്നു. ഗീവര്‍ഗീസ് സ്വാഭാവികമായും പറയാറുള്ളത് തന്നെ പറഞ്ഞു. അക്കരെ ഔസേപ്പ് ചേട്ടന്റെ വീട്ടില്‍ കാലത്തേ ഏല്‍പ്പിക്കാം എന്ന്. പതിവിനു വിപരീതമായി ഈ തവണ മേഴ്സിക്കുട്ടി ആയിരുന്നു അത് വേണ്ട എന്ന് പറഞ്ഞത്. ഒരു വലിയ വാഗ്വാദം തന്നെ അപ്പനും അമ്മയുമായി നടന്നു. പിന്നെ പെട്ടിക്കു വേണ്ടി രണ്ടുപേരും കൂടി ഒരു പിടിവലി. കുരുവിളയുടെ കൈവശം അപ്പോള്‍ കിട്ടിയത് ഒരു ചെറിയ വിറകു മുട്ടി ആയിരുന്നു.

കാലത്തേ അപകടം നടന്ന കടവിനടുത്തു തടിച്ചു കൂടിയ ജനക്കൂട്ടത്തില്‍ തല തല്ലി കരയാന്‍ മേഴ്സിക്കുട്ടിയും മക്കളും ഉണ്ടായിരുന്നു. രാത്രി വള്ളം മുങ്ങിയവരെ അന്വേഷിച്ചിറങ്ങിയ ഗീവര്‍ഗീസും തിരിച്ചെത്തിയില്ല എന്നും പതിവുപോലെ മദ്യ ലഹരിയില്‍ ആയിരുന്നു അപ്പന്‍ എന്നും കുരുവിള ഏങ്ങല്‍ അടിച്ചുകൊണ്ട് പറഞ്ഞു.

ഊത്ത പിടിക്കാന്‍ പോയ വലക്കാരായിരുന്നു പിറ്റേന്ന് ഗീവര്‍ഗീസിന്റെ ജഡം ഒരുപാട് താഴെ പനവേലിക്കടവിലെ പൊന്തക്കാട്ടില്‍ തങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത് .

Feb 1, 2011

മുനവറിന്റെ മരണാനന്തരം..

മുനവര്‍ ഭായ് മരിച്ചിട്ട് നാലുമാസം കടന്നു പോയിരിക്കുന്നു.കമ്പനിയില്‍ ഇന്ന് ആരും തന്നെ അയാളെ ഓര്‍മ്മിക്കുന്നില്ല.പ്രവാസ ലോകത്തിന്റെ മറ്റൊരു പ്രത്യേകത .ഇവിടെ മരണം അങ്ങനെയാണ്.ഒരാളുടെ മരണം ആരിലും ഒരു മാറ്റങ്ങളും ഉണ്ടാക്കുന്നില്ല .(മുനവറിന്റെ കഥ ഇവിടെ വായിക്കുക)
കാലത്തേ ചെല്ലുമ്പോള്‍ മുനവറിന്റെ സഹോദരന്‍ അന്‍വര്‍ ഓഫീസില്‍ ഉണ്ടായിരുന്നു . നാട്ടില്‍ നിന്നും മുനവറിന്റെ ഭാര്യയുടെ പേരില്‍ ഉള്ള ബാങ്ക് അക്കൗണ്ട്‌ വിവരങ്ങള്‍ അടുത്തിടെ പല പ്രാവശ്യം ഫാക്സ് അയച്ചിരുന്നു.പണം കൈമാറുന്നതിനായി എംബസിയുടെ അംഗീകാരം വേണ്ടിയിരുന്നത് കൊണ്ടായിരുന്നു താമസം.ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ഉള്ള തുകയുടെ കാര്യവും ശരിയായിരുന്നില്ല. അവര്‍ക്കും വേണ്ടിയിരുന്നു ചില കടലാസുകള്‍.മുനവര്‍ ആശുപത്രിയില്‍ ആയ ദിവസത്തെ കളക്ഷന്‍, പിന്നെ കുറെ കമ്പനി കടലാസുകള്‍ ,പിന്നെ മറ്റു ചില സാധനങ്ങള്‍ ഒക്കെ കൂടി ഒരു ചെറിയ പെട്ടിയില്‍ മുനവറിന്റെ റൂം മേറ്റ്‌ ഓഫീസില്‍ കഴിഞ്ഞ ആഴ്ച എത്തിച്ചിരുന്നു. അഡ്മിന്‍ മാനേജരുടെ മുറിയില്‍ വെച്ചായിരുന്നു സാധനങ്ങള്‍ കൈമാറിയത്.പെട്ടി തുറന്നപ്പോള്‍ ഉണങ്ങിയ ഇലകളുടെ മണം അതില്‍ നിന്നും വരുന്നതുപോലെ തോന്നി.അതിനു മരണത്തിനെ ഗന്ധമാണെന്നും.മുനവറിന്റെ സാന്നിധ്യം അവിടെ എനിക്ക് അനുഭവപ്പെട്ടു.പെട്ടിയുടെ അകത്തു ഒരു കുടുംബ ഫോട്ടോ ഒട്ടിച്ചിരുന്നു.ജമീലയുടെയും ജാസ്മിന്റെയും പരിചിതമായ മുഖതോടൊപ്പം ചിരിച്ചു കൊണ്ടിരിക്കുന്ന മുനവര്‍ .പെട്ടിക്കുള്ളില്‍ കമ്പനിയില്‍ അടക്കാനുള്ള തുക ഒരു കവറില്‍ ഭദ്രമായി ഇന്‍വോയിസിന്റെ കൂടെ പിന്‍ ചെയ്തു വെച്ചിരുന്നു.ഒരു വാച്ച് , പേഴ്സ്, കുറെ ഫോട്ടോകള്‍, ഒരു കെട്ടു കത്തുകള്‍ പിന്നെ ചില ഉടുപ്പുകള്‍ എന്നിവ മാത്രമേ ആ ചെറിയ പെട്ടിയില്‍ ഉണ്ടായിരുന്നുള്ളു . വാച്ചും പേഴ്സും എടുത്തു നെഞ്ചോട്‌ ചേര്‍ത്ത് അന്‍വര്‍ വിതുമ്പിയപ്പോള്‍ അത് കാണാന്‍ ആകാതെ ഞാന്‍ മുഖം തിരിച്ചു.


ഓരോരോ സാധങ്ങള്‍ കൈയില്‍ എടുത്തു ശബ്ദം ഇല്ലാതെ അയാള്‍ കരയുകയായിരുന്നു. ഏക സഹോദരന്റെ അകാലത്തിലെ വേര്‍പാട് അയാളില്‍ വലിയ ദുഃഖം ഉണ്ടാക്കിയെന്നു എനിക്ക് തോന്നി. എന്നാല്‍ മുനവര്‍ ആശുപത്രിയില്‍ ആയ സമയത്ത് പറഞ്ഞു കേട്ടത് ഇങ്ങനെ ഒന്നും ആയിരുന്നില്ല.കമ്പനി ചെലവില്‍ മുനവറിനെ നാട്ടില്‍ എത്തിക്കാനുള്ള എല്ലാ കാര്യങ്ങളും ശരിയായ സമയത്ത് അത് നിരാകരിക്കുകയായിരുന്നു മുനവറിന്റെ കുടുംബം ചെയ്തത് എന്നായിരുന്നു പൊതുവേ ഉള്ള സംസാരം.മരിച്ചു കഴിഞ്ഞു കിട്ടിയെക്കാമായിരുന്ന വലിയ സംഖ്യക്കുവേണ്ടിയാരിരുന്നു അത് എന്നും. അന്ന് ഫ്ലൈറ്റ് കിട്ടാതെ ഇരുന്നതിനാല്‍ മാത്രമായിരുന്നു മുനവറിനെ കയറ്റി വിടാതെ ഇരുന്നത്. അതിനു ശേഷം ഒരാഴ്ചക്ക് ശേഷം മുനവര്‍ ഈ ലോകം വിട്ടുപോകുകയും ചെയ്തിരുന്നു.കമ്പനിക്കു തിരിച്ചടക്കാനുള്ള പണം എണ്ണി തിട്ടപ്പെടുത്തി അതിനു രസീത് ഉണ്ടാക്കുമ്പോഴും മുനവറിന്റെ സാന്നിധ്യം അവിടെ ഉണ്ടെന്നു എന്ത് കൊണ്ടോ എനിക്ക് തോന്നി.അറിയാതെ ഞാന്‍ മുനവറിന്റെ പേരില്‍ രസീത് ഉണ്ടാക്കി.പിന്നീടു അത് ക്യാന്‍സല്‍ ചെയ്തു അന്‍വര്‍ എന്ന് എഴുതുമ്പോള്‍ എന്റെ കൈ എന്തുകൊണ്ടോ വിറച്ചു. വളരെക്കാലമായി അറിയാവുന്ന ഒരാളുടെ മരണം മനസുകൊണ്ട് അംഗീകരിക്കാന്‍ എനിക്ക് ആവുമായിരുന്നില്ല.അന്‍വര്‍ കരച്ചില്‍ അടക്കിയിരുന്നു.പെട്ടിയില്‍ എന്തോ തിരയുകയായിരുന്നു അയാള്‍.അതിനു ശേഷം ബാകി ഉള്ള പണം എണ്ണി നോക്കുന്നത് കണ്ടപ്പോള്‍ എന്ത് കൊണ്ടോ എനിക്ക് അയാളോട് വെറുപ്പ്‌ തോന്നി.


അടച്ച പണത്തിന്റെ രസീത് കൈപ്പറ്റിയതിനുശേഷം സാധനങ്ങള്‍ എടുത്തു പുറത്തിറങ്ങവേ അപ്രതീക്ഷിതമായി ആയിരുന്നു അന്‍വര്‍ ആ ചോദ്യം ചോദിച്ചത്.


ഭായ് സാബ്..ഹമേ കിത്നെ പെസേ മിലേംഗെ ?


അയാളുടെ സഹോദരന്റെ ജീവന്റെ വില എത്രയാണ് എന്ന് പറയാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ല ഞാന്‍ അപ്പോള്‍.