മലയാളി ഹൌസ് സമാപിച്ചു. ഇനി ഫേസ് ബുക്ക് തൊഴിലാളി യൂണിയന്റെ അവലോകനം കുറെ കാലം ഉണ്ടാവും.ഇതിനകം തന്നെ മലയാളി ഹൌസ് കൂതറ പ്രോഗ്രാം എന്ന് പറഞ്ഞു പല സ്റ്റാറ്റസുകളും കണ്ടു.മലയാളി ഹൗസിനെക്കാൾ കൂതറ പരിപാടികൾ പലപ്പോഴും ഉണ്ടാകുകയും, ഇപ്പോഴും നടക്കുകയും ചെയ്തിട്ടും ഉരിയാടാത്തവർ ആണ് മലയാളി ഹൗസിനെതിരെ വാളെടുത്തത്/വാളെടുക്കുന്നത് എന്നതാണ് വിരോധാഭാസം! ഇപ്പോൾ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന,അവിഹിതം മാത്രം വിഷയമാക്കിയ സീരിയലുകൾ കണ്ടു ദീര്ഖനിശ്വാസം വിടുന്ന ആളുകൾ തന്നെ മലയാളി ഹൗസിനെ കുറ്റം പറയും.ഏഷ്യാനെറ്റ്, റിപ്പോർട്ടർ,മനോരമ,മാതൃഭുമി തുടങ്ങിയ ന്യൂസ് ചാനലുകളിൽ ഒരേസമയം (അത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല !)കാട്ടുന്ന കുറ്റകൃത്യങ്ങളെ കുറിച്ചുള്ള പരിപാടി ( വിറ്റ്നെസ്സ്, എഫ് ഐ ആർ തുടങ്ങിയവ ) കാണുന്നവർ തന്നെയാണ് മലയാളി ഹൗസിനെ തറ/കൂതറ പരിപാടി എന്ന് വിലയിരുത്തുന്നത്!
ചിലർ കുറേകൂടെ കടന്നു മലയാളി ഹൌസ് എന്ന വ്യഭിചാര ശാല/ **പ്പുര എന്നും കൂടി എഴുതിക്കളഞ്ഞു. ഈ പറയുന്ന മാന്യന്മാർ എല്ലാം ഈ പ്രോഗ്രാം എന്നും കണ്ടിട്ടാണ് അവലോകനം എഴുതുന്നത് എന്നത് ആർക്കാണ് അറിയാത്തത്! മലയാളിയുടെ കപട സദാചാരം ഒരിക്കൽ കൂടി വെളിയിൽ എടുത്തു ഒരു സംഭവം ആയിരുന്നു ഇതിനെക്കുറിച്ചുള്ള പോസ്റ്റുകളും കമന്റുകളും.ഇഷ്ട്ടമില്ലാത്ത എത്രയോ പരിപാടികൾ ടെലിവിഷനിൽ വരുന്നു.റിമോട്ട് കൈയിൽ ഉള്ളിടത്തോളവും മറ്റു ചാനലുകളിൽ പരിപാടികൾക്ക് ക്ഷാമവും ഇല്ലാത്തിടത്തോളവും എന്തിനാണീ കേരള ജനതയുടെ ഈ പറയുന്ന "സാംസ്കാരിക അധ:പതനത്തോട്" ( അങ്ങനെയാണ് പുലികൾ പറയുക,കാരണം കേരളത്തിൽ മലയാളി ഹൌസ് അല്ലാതെ വേറെ ഒരു അധ:പതനം നിലവിൽ ഇല്ലല്ലോ! ) ഇത്ര എതിർപ്പുകാണിക്കുന്നത്?
മലയാളീ ഹൌസിൽ "എന്തൊക്കെയോ"നടക്കുന്നു എന്നതായിരുന്നു ഒരു കാലത്ത് ചർച്ച!അവരുടെ ഓരോ ചലനവും ക്യാമറ കണ്ണുകളിൽ ആണെന്നുള്ള അവബോധം ഉള്ളപ്പോൾ അവർ തെറ്റായ എന്തെങ്കിലും പ്രവര്ത്തി ചെയ്യും എന്ന് ഈ സൊ കോള്ഡ് കപട സദാചാരക്കാർ അല്ലാതെ വേറെ ആരും ചിന്തിക്കില്ല! ഇതേ മാനസിക നില തന്നെയാണല്ലോ,ബസ് സ്റ്റോപ്പിൽ വെച്ച് ഭാര്യക്ക് ഫോണ്‍ ചെയ്ത ഭർത്താവിന്റെ കൂമ്പിനിടിക്കാനും പുരുഷനും സ്ത്രീയും, സംസാരിചിരുന്നാൽ അത് അപഥ സഞ്ചാരം ആണെന് വിധിക്കാനും, മലയാളികള്ക്ക് പ്രേരണയാകുന്നത്! തനിക്കു സാധിക്കാത്തത് മറ്റൊരാള്ക്ക് സാധിക്കുമ്പോൾ ഉണ്ടാകുന്ന ആ വികാരം ! അത് തന്നെ !
കേരളത്തിന്റെ മാനം കളയുന്നതാണ് മലയാളി ഹൌസ് എന്നതായിരുന്നു മറ്റൊരു വാദം.ഈ പരിപാടി കണ്ടു മലയാളി ഇങ്ങനെയാണ് എന്ന് മറ്റു ഭാഷകൾ സംസാരിക്കുന്നവർ തീരുമാനിക്കും എന്ന് തോന്നുന്നില്ല. അല്ലെങ്കിൽ തന്നെ ഒരു ടെലിവിഷൻ സീരിയൽ കണ്ടാണോ നമ്മുടെ മാനം അളക്കേണ്ടത് ? മലയാളത്തിൽ ഒരുകാലത്ത് ഇറങ്ങിക്കൊണ്ടിരുന്ന ചിത്രങ്ങൾ ലോകം മുഴുവൻ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു.ഈ ചിത്രങ്ങൾ കണ്ടു കേരള സ്ത്രീകൾ എല്ലാം മോശം എന്ന ഒരു തോന്നൽ ആർക്കെങ്കിലും ഉണ്ടായതായി കേട്ടിട്ടില്ല.ഇനി അങ്ങനെ ആരെങ്കിലും കരുതുന്നു എങ്കിൽ, അവര്ക്ക് സാരമായ എന്തോ കുഴപ്പം ഉണ്ട് എന്ന് തന്നെ വിചാരിക്കണം!
കുട്ടികളെ കാണിക്കാൻ കൊള്ളാത്തതായിരുന്നു എന്നതായിരുന്നു മറ്റൊരു വാദം.അല്ലെങ്കിൽ ഇന്ന് ടി.വി യിൽ വരുന്ന എത്ര പരിപാടികൾ കുട്ടികളോടൊപ്പമോ കുടുംബത്തോടോപ്പമോ കാണാൻ പറ്റും ഓർക്കുന്നത് നന്നായിരിക്കും.ഫാഷൻ ടിവിയും, സ്റ്റാർ മൂവീസ് തുടങ്ങിവ കുട്ടികളെ കാണിക്കാതെ ചാനൽ ലോക്ക് ചെയ്യുന്നവർ മലയാളി ഹൌസ് സംപ്രേഷണം ചെയ്യുന്ന സമയം ടി. വി കുട്ടികളെ കാണിക്കാതിരുന്നാൽ തീരുന്ന പ്രശ്നമാണ്, നമ്മുടെ യുവ തലമുറ വഴിതേറ്റിയെ എന്നുള്ള രോദനത്തെക്കാൾ നല്ലത്! കുട്ടികള്ക്ക് വഴിതെറ്റാൻ മലയാളി ഹൌസ് അല്ലാതെ വേറെ എന്തൊക്കെ ഉണ്ടാവും ഈ കാലത്ത് എന്ന് കൂടി നമുക്ക് ഓർക്കാം!
മലയാളീ ഹൌസ് എന്ന പ്രോഗ്രാമിന്റെ നിലവാരത്തെ പറ്റി പറയാനല്ല ഈ പോസ്റ്റ്.അവസാനത്തെ എപിസോഡ് അല്ലാതെ അഞ്ചു മിനിറ്റു തുടര്ച്ചയായി ഈ പരിപാടി കണ്ടിരിക്കാൻ പോലും ഇതേവരെ സാധിച്ചിട്ടില്ല. ഈ പരിപാടി തുടങ്ങിയപ്പോൾ മുതൽ ഇഷ്ട്ടമില്ലാത്തവർ കാണാതിരിക്കട്ടെ , അല്ലാത്തവർ കാണട്ടെ എന്ന നിലപാടായിരുന്നു എന്റേത്. മലയാളികള്ക്ക് ഈ മാതിരി ഷോകൾ അപമാനം എന്ന രീതിയിൽ ചിലർ അവരുടെ വാദഗതികൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചപ്പോഴൊക്കെ നടത്തിയ പ്രതികരണങ്ങളിലും ഞാൻ ഇത് തന്നെയായിരുന്നു പറഞ്ഞത്.
പ്രേക്ഷകന് ഇഷ്ട്ടമില്ലാത്ത ചാനൽ മാറ്റിയാൽ മാത്രം തീരുന്ന ഒരു പരിപാടി വിവാദങ്ങൾ ഉണ്ടാക്കി വിജയിപ്പിച്ച ഫേസ് ബുക്ക് പ്രതികരണ തൊഴിലാളി യൂണിയന് നമോവാകം!അതായിരുന്നല്ലോ സൂര്യ ടി.വിക്കും വേണ്ടിയിരുന്നത് !