526 കിലോമീറ്റർ ദൂരമുള്ള അതിവേഗ റെയിൽ കേരളത്തിൽ വന്നാൽ കേരളം വികസിക്കുമോ?ഏക ദേശം ആറായിരത്തിൽ അധികം കുടുംബങ്ങളെ പുനരധിവസിപ്പിച്ചു,1,18,000 കോടി രൂപ ചിലവാക്കി ഈ പദ്ധതി നടത്തിയാൽ ആർക്കാണ് അതിന്റെ യഥാർത്ഥ പ്രയോജനം എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം.
രണ്ടര മണിക്കൂറിൽ കാസർഗോഡ് നിന്നും തിരുവനന്തപുരത്ത് എത്തുന്ന പൂര്ണ്ണമായും എയർ കണ്ടീഷൻ ചെയ്ത ട്രെയിൻ ആണ് വിഭാവനം ചെയ്തിരിക്കുന്നത്.അതിനു വേണ്ടി ചിലവാക്കുന്ന തുകയിൽ എണ്‍പത് ശതമാനം ജാപ്പനീസ് സഹായത്തോടുകൂടി എന്ന് പറയപ്പെടുന്നു.
ഈ പണത്തിന്റെ ഒരു വളരെ ചെറിയ ശതമാനം ഉണ്ടായിരുന്നെങ്കിൽ കേരളം മുഴുവൻ പാത ഇരട്ടിപ്പിക്കാമായിരുന്നു.അല്ലെങ്കിൽ നേരത്തെ മുനീർ മന്ത്രിയായിരുന്നപ്പോൾ വിഭാവനം ചെയ്ത എക്സ്പ്രെസ്സ് ഹൈവേ നിര്മ്മിക്കാമായിരുന്നു. കേരളത്തിന് വേണ്ടത് അതായിരുന്നു.കടം എടുത്താൽ ഇത്രയും പണം എന്ന് കൊടുത്തു തീരും എന്നോ,ഈ പണം എന്ന് ബ്രേക്ക് ഈവൻ ആയി തീരും എന്നോ ഒരു കണക്കു ഉണ്ട് എന്ന് തോന്നുന്നില്ല.അതുപോലെ തന്നെ അതിവേഗ റെയിൽ വരുമ്പോൾ ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക വ്യതിയാനങ്ങൾ എന്തൊക്കെയാണ് എന്നതിലും ഒരു പഠനം നടന്നു എന്ന് തോന്നുന്നില്ല.
കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് ഹൈ-സ്പീഡ് റെയിലിൽ എത്താനുള്ള ചിലവ് പരിഗണിച്ചാൽ എത്ര സാധാരനക്കാര്ക്ക് അത് താങ്ങനാകും എന്നതാണ് പ്രധാന കാര്യം.പത്തു ശതമാനം മാത്രം കയറാറുള്ള എ.സി കോച്ചുകൾ പോലും ഒഴിവാക്കുന്ന സാധാരണക്കാരൻ,ഈ വലിയ തുക മുടക്കി കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുമോ ?
നമ്മുടെ നാട്ടിൽ ഇതേ വരെയായി റെയിൽ പാത ഇരട്ടിപ്പിക്കൽ പോലും പൂർത്തിയായിട്ടില്ല.മുട്ടിനു മുട്ടിനു സ്റ്റോപ്പ് അനുവദിപ്പിച്ചു തീവണ്ടിയാത്ര ദുരിതത്തിൽ ആക്കുന്ന നമ്മുടെ രാഷ്ട്രീയക്കാർ, ലക്ഷം കോടികളുടെ വികസനം കൊണ്ടുവരാതെ അതിവേഗതീവണ്ടികൾ കൂടുതൽ അനുവദിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.കേരളത്തിന് എല്ലാ തവണയും അവഗണന മാത്രമാണ് റെയിൽവേ മന്ത്രാലയം തന്നു കൊണ്ടിരിക്കുന്നത്.കേന്ദ്രവും കേരളവും ഒരേ കക്ഷി ഭരിച്ചിട്ടു പോലും ഒരു പുതിയ തീവണ്ടി പോലും അനുവദിപ്പിക്കുക എന്നത് പോലും നടക്കാതെ വരുമ്പോൾ കൂടുന്നത് സാധാരണക്കാരന്റെ ബുദ്ധിമുട്ടാണ്.
അടിസ്ഥാന സൌകര്യങ്ങളായ ശുദ്ധജലം,വെളിച്ചം,ആതുര സൌകര്യങ്ങൾ എന്നിവ പോലും,എല്ലായിടത്തും അപ്രാപ്യമായ കേരളത്തിൽ,1,18,000 കോടി രൂപയുടെ ഒരു പദ്ധതി വരുമ്പോൾ അതിന്റെ ഗുണഭോക്താക്കൾ പൊതു ജനങ്ങള് അല്ല,മറ്റു പലരുമാണ്.
വികസനത്തിൽ മുന്നിട്ടു നില്ക്കുന്ന ഗുജറാത്ത്, നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട് എന്നിവിടങ്ങളിൽ ഇല്ലാത്ത ഹൈ-സ്പീഡ് റെയിൽ കൊണ്ട് നമുക്ക് എന്ത് വികസനമാണ് വരാൻ പോകുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രമുഖ കാർ നിര്മാതാക്കലായ ബി.എം.ഡബ്ല്യു - ഫോർഡ്, എന്നിവയൊക്കെ കേരളത്തെ പരിഗണിച്ചതിന് ശേഷം തമിഴ്നാട്ടിലേക്ക് പോയത് അവിടെ അതിവേഗ തീവണ്ടി ഉണ്ടായത് കൊണ്ടല്ല, മറിച്ചു വ്യവസായങ്ങൾ അവിടെ എത്തിച്ചു നാടിനെ പുരോഗതിയിൽ എത്തിക്കാനുള്ള ഇശ്ചാശക്തിയുള്ള ഒരു നേതൃത്വം അവിടെ ഉള്ളതുകൊണ്ടാണ് .
പത്തുശതമാനം പേർക്ക് സുഖമായി സഞ്ചരിക്കാൻ ബാക്കി വരുന്ന തൊണ്ണൂറു ശതമാനം പേരുടെ നികുതിപ്പണം പൊടിക്കണമോ എന്നതാണ് പ്രസക്തമായ ചോദ്യം .