Apr 26, 2015

നീലനിറമാവാത്ത ശരികൾ

"അറിയുമോ ?"

വളരെ  പതിഞ്ഞ ശബ്ദത്തിൽ ഉള്ള  ചോദ്യം  കേട്ട് അയാൾ   തിരിഞ്ഞു നോക്കി.തന്റെ  ഊഴത്തിനു വേണ്ടി,ടോക്കണുമായി   ബാങ്കിൽ ക്യു നില്ക്കയായിരുന്നു  അയാൾ .


ഇളംനീല നിറത്തിലുള്ള സാരി  വളരെ വൃത്തിയായി ഉടുത്ത  ഒരു സ്ത്രീയായിരുന്നു  അത്.  കണ്ണുകളിൽ അതിശയതിന്റെ  ഒരു  തിളക്കം അയാൾ  കണ്ടു. ആശ !


"അറിയുമോന്നോ!ആശയെ  എങ്ങനെ  മറക്കാൻ?ഇപ്പോൾ എവിടെയാണ്.എന്ത് ചെയ്യുന്നു?എവിടെയാണ് ജോലി?"വളരെക്കാലം കൂടിക്കാണുന്ന ആവേശത്തിൽ അയാൾ ചോദ്യങ്ങൾ അമ്പു തൊടുക്കുന്നതുപോലെ ഒന്നൊന്നായി എയ്തു


"ശരത്ത്  ഒരുപാട്  മാറിപ്പോയിരിക്കുന്നു".ആശ പറഞ്ഞത്  കേട്ട്  ചെവിയുടെ അടുത്തുള്ള നരച്ച മുടി ഒളിപ്പിക്കാൻ  അയാൾ  ഒരു  വിഫല ശ്രമം നടത്തി.വിശേഷങ്ങൾ  പറഞ്ഞു,ഫോണ്നമ്പർ കൈമാറുമ്പോഴെക്കും ആശയുടെ  ടോക്കണ്വിളിച്ചിരുന്നു.പണ്ടുണ്ടായിരുന്ന അതേ   പ്രസരിപ്പിൽ അവൾ  ക്യാഷ്കൌണ്ടറിലേക്കും   പിന്നീടു അവിടെ നിന്നും  ചാട്ടുളി  പോലെ പുറത്തേക്കും പോകുന്നത് അയാൾ    കണ്ടു.പുറത്തേക്ക്  പോകും വഴി   പഴയ,വശ്യമായ മന്ദഹാസത്തിന്റെ  ഒരു കീറ്   മുഖത്ത് ഉണ്ടായിരുന്നോ   എന്ന് അയാൾ സംശയിച്ചു.


അഞ്ചാം ക്ലാസിലായിരുന്നു  ആശ അയാളുടെ സ്കൂളിൽ വന്നത്നന്നായി പഠിക്കുകയും പാട്ടുപാടുകയും,നൃത്തം ചെയ്യുകയും ചെയ്യുമായിരുന്ന ആശ എന്നാണ് മനസ്സിൽ   യറിക്കൂടിയത്?കലോത്സവവേദികളിൽ എല്ലാറ്റിലും താരമായിരുന്ന മെലിഞ്ഞു   സുന്ദരിയായ പെണ്കുട്ടി മൂലം, ഒന്നാംസ്ഥാനക്കാരൻ  രണ്ടാംസ്ഥാനത്ത് എത്തിയപ്പോഴോ ?

മിക്കവാറും  ഒരേ   സമയത്തായിരുന്നു അവർ സ്കൂളിൽ   പോയിരുന്നത്.വഴിയിൽ  നിന്നും ചാമ്പങ്ങയും  മാങ്ങയും  പറിച്ചു,കുറുപ്പേട്ടന്റെ    കടയുടെ പിന്നിലെ   ഉപ്പും ചാക്കിൽ നിന്നും ചൂണ്ടിയ  ഉപ്പും  കൂട്ടി തിന്നും,സാറിന്റെ കയ്യിൽ നിന്നും   അടി  കിട്ടാതിരിക്കാൻ  വഴിയരുകിൽ  ഉള്ള ഏതോ  ഇലകൾ കൂട്ടി  കെട്ടിയും  പോയിരുന്ന   നാളുകൾ.എത്ര   ശ്രമിച്ചിട്ടും   ചെടിയുടെ പേര് ഓർത്തെടുക്കാൻ അയാൾക്കായില്ല.പക്ഷെ  മുടി രണ്ടായി  പിന്നിയിട്ട ആശയുടെ  മുഖം ഓർത്തെടുക്കാൻ  ഒരു ബുദ്ധിമുട്ടും   ഇല്ല എന്നോർത്തപ്പോൾ അയാൾക്ക്‌  ചിരി  വന്നു.   


വീട്ടിലെത്തിയിട്ടും    ആശയായിരുന്നു  അയാളുടെ മനസ്സിൽ.നാൽപ്പതുകളിൽ എത്തിയിട്ടും   ആശ ഇപ്പോഴും   സുന്ദരി  തന്നെ.സെക്രട്ടറിയെറ്റിൽ   ജോലി ചെയ്യുന്ന  ആശക്ക്‌  രണ്ടു  കുട്ടികൾ.ഭർത്താവ്   മുകുന്ദനു  ജോലി ഏതോ   പ്രൈവറ്റ് സ്ഥാപനത്തിൽ .


പതിവ്  വിശേഷങ്ങളുമായി  മകൾ  വന്നു  കയ്യിൽ തൂങ്ങിയപ്പോൾ അയാൾപറഞ്ഞു."അച്ഛനെ ശല്യപ്പെടുതാതിരിക്കു കുട്ടീ". കുട്ടിയുടെ     മുഖത്ത് ഒരു  ദൈന്യഭാവം  അയാൾ  കണ്ടു.ചായ കുടിക്കുന്നതിനിടെ,വീട്ടിലേക്കുള്ള സാധനങ്ങൾ ഏതൊക്കെ തീർന്നു എന്നു  പറഞ്ഞ ഭാര്യയോടു തെല്ലു നീരസത്തോടെ അയാൾപറഞ്ഞു."സുജാതെ,ഞാൻ വന്നു  കയറിയതല്ലേ ഉള്ളു ".മുഖം വീർപ്പിച്ചു തിരിഞ്ഞു നടക്കുന്ന  സുജാതയെ കണ്ടപ്പോൾ  തെല്ലു   നഷ്ട്ടബോധത്തോടെ  അയാൾ ഓർത്തു. കല്യാണം   കഴിക്കുന്ന  സമയത്ത്   ആശയെ ആലോചിക്കാമായിരുന്നു !എവിടെനിന്നോ   ജോലിസംബന്ധമായി  സ്ഥലം മാറി എത്തിയതായിരുന്നു ആശയുടെ  കുടുംബം.പിന്നീട് ഏതോ  ക്ലാസിൽ    വെച്ച്  സ്കൂൾ  തുറന്നപ്പോൾ അപ്രത്യക്ഷയായ  ആശയെ  കുറിച്ച് ആർക്കും അറിവുണ്ടായിരുന്നില്ല.ഓർക്കുട്ടിലും  പിന്നെ ഫെസ്ബുക്കിലും  ഒക്കെ   ചില   വിഫലശ്രമങ്ങൾ അയാൾ നടത്തി എന്നതായിരുന്നു   സത്യം .


എന്തെങ്കിലും  ഒക്കെ  കഴിച്ചു  എന്ന്  വരുത്തി, ചാവടിയിൽ  നീണ്ടു നിവർന്നു കിടക്കവേ  ആശയെ ഒന്ന്  വിളിച്ചാലോ  എന്നയാൾക്ക്  തോന്നിലിച്ചിരുന്ന സിഗരറ്റിൽ നിന്നും  ഉയർന്ന പുകച്ചുരുളുകൾക്ക് ആശയുടെ  രൂപം  ആണെന്ന് അയാൾക്ക്‌  തോന്നി. ഒരു  ടീൻഏജറുടെ മാനസികാവസ്ഥയിൽ എത്തിയതിനു അയാൾക്ക്തന്നോട്   തന്നെ പുശ്ചം തോന്നി.എന്നാൽ  അടുത്ത നിമിഷം  തന്നെ തനിക്കതിനു അധികം  പ്രായമായിട്ടില്ലയെന്ന്  സ്വയം വിശ്വസിക്കാനും അയാൾ ശ്രമിച്ചു.  

വീണ്ടും  കറങ്ങിത്തിരിഞ്ഞു  ചിന്തകൾ  ആശയുടെ അടുത്തെത്തിയപ്പോൾ  അവൾക്കും  അങ്ങനെ തന്നെയായിരിക്കുമോ  എന്നയാൾ   സന്ദേഹപ്പെട്ടു
കണ്ണുകളിലേക്കു ആഴത്തിൽ  നോക്കിയല്ലായിരുന്നോ അവൾ  സംസാരിച്ചത് ?ചിലപ്പോൾ     ഇന്ന് തന്റെ കോൾ  അവൾ പ്രതീക്ഷിക്കുന്നുണ്ടാവുമെങ്കിലോ എന്നയാൾക്ക് തോന്നി.എന്നാൽ  ഭർതൃമതിയായ  ഒരു സ്ത്രീ അല്ലേ അവർ  എന്ന തോന്നലിൽ    കുറെ  നേരം കിടക്കയും, അവസാനം  വാട്സ് ആപ്പിൽ ഒരു "ഗുഡ് ഈവനിംഗ്അയക്കുന്നതിൽ തെറ്റില്ല എന്ന തോന്നലിൽ   എത്തുകയും ചെയ്തു .


വളരെനേരം  കഴിഞ്ഞിട്ടും   മറുപടി വരികയോ,ആശ  മെസ്സേജ്   വായിക്കുകയോ ചെയ്യാത്തതിൽ  അയാൾക്ക്‌  എന്തെന്നില്ലാത്ത ദേഷ്യം തോന്നി.അത്താഴം കഴിഞ്ഞു  കിടക്കാൻ തുടങ്ങുമ്പോൾ  സുജാത  കുളി  കഴിഞ്ഞു  വന്നു. എന്തുകൊണ്ടോ  തനിക്കു ചേരേണ്ടവല്ല സുജാതയെന്നു അവളെ നോക്കിയപ്പോൾ അയാൾക്ക് തോന്നി.കുറേക്കൂടി  സുന്ദരിയല്ലേ ആശ ? ആത്മവിശ്വാസം  തുടിക്കുന്നുണ്ടായിരുന്നില്ലേ മുഖത്തും  പെരുമാറ്റത്തിലും ?

സുജാതയുടെ  മുഖം കടന്നൽ കുത്തിയതുപോലെ അൽപ്പം വലുതായിരുന്നു.മദ്ദളത്തിന്  പുറംചട്ട ഇടുന്നതുപോലെ ഒരു  ചുരിദാറിലേക്ക് വിഷമിച്ചു കടക്കുന്ന സുജാതയോട് അയാൾ  അല്പ്പം ക്രൂരമായി ചോദിച്ചു".അൽപ്പം  നന്നായി  വസ്ത്രം ധരിച്ചുകൂടെ നിനക്ക് ? "


സുജാത   മിണ്ടാതെ  കട്ടിലിനു  മറ്റേ അരികിലേക്ക് മാറി,കിടക്കയും,നിമിഷങ്ങൾക്കുള്ളിൽ നിദ്രയെ പുണരുകയും ചെയ്തു.ആശ  അയാളുടെ  മെസ്സേജ് വായിച്ചോ  എന്ന്  അയാൾ വീണ്ടും വീണ്ടും വാട്സാപ്പിൽ  നോക്കി.സന്ദേശത്തിൽ അപ്പോഴും ചാരനിറമുള്ള ശരി  മാത്രം.എന്താണ് അതിനു   നീലനിറം  ആവാൻ  അമാന്തം  എന്നയാൾ ഓർത്തു. ചിലപ്പോൾ  തിരക്കിൽ  ഫോണ്‍ നോക്കാൻ മറന്നുവോ ?വളരെ  ആലോചിച്ചതിനു  ശേഷം  ആശയെ  ഒന്ന് വിളിച്ചേക്കാം  എന്നയാൾ ഓർത്തു.നീണ്ട ബെല്ലുകൾക്ക് അവസാനം  ആശയുടെ  ശബ്ദം അയാൾ  കേട്ടു.എന്നാൽ  അത്   കാലത്തേ കേട്ടതുപോലെ  പതിഞ്ഞ  ശബ്ദം  ആയിരുന്നില്ല എന്നയാൾക്ക്  തോന്നി.അയാളുടെ  തൊണ്ട വരണ്ടു."ഹലോ"എന്ന് പറയാൻ അയാൾ അൽപ്പസമയം  എടുത്തു


"എന്താ ശരത്    നേരത്ത്? നമ്മൾ   കാലത്തേ കണ്ടു സംസാരിച്ചതാണല്ലോ.അതിൽ   കൂടുതൽ     എന്ത് വിശേഷങ്ങൾ   ആണ് ഈ രാത്രിയിൽ  പറയാൻ ഉള്ളത്" എന്ന് അൽപ്പം   ഈർഷ്യയോടെ അവൾ ചോദിച്ചു.സ്തബ്ധൻ  ആയിരുന്നു  അയാൾ.എന്തിനാണ് വിളിച്ചതെന്ന് പറയാൻ അയാൾക്കായില്ല.ഫോണ്ഡിസ്കണക്റ്റ് ചെയ്യാനും

"ഹലോ....ഹലോ"എന്നുള്ള  ആശയുടെ  ശബ്ദവും "ആരാ  ഫോണിൽ"  എന്ന് അല്പ്പം പോലും  അലിവു തോന്നിക്കാത്ത  ഒരു  ശബ്ദവും  അയാൾ കേട്ടു."...നേരോം കാലോം  നോക്കാതെ ഓരോരുത്തർ   വിളിച്ചോളും  ചെറിയ ക്ലാസ്സിൽ ഏതിലോ  ഒന്നിച്ചു പഠിച്ച   ഒരാൾ"എന്ന്  ആശ പറഞ്ഞു നിർത്തിയപ്പോൾ കേട്ട ഉച്ചത്തിലുള്ള പൊട്ടിച്ചിരി മുകുന്ദന്റെതാണ്  എന്നയാൾ ഉറപ്പിച്ചു .


ചരിഞ്ഞു  കിടന്നുറങ്ങുന്ന സുജാതയാണ്  പരിചയമുള്ള സ്ത്രീകളിൽ  ഏറ്റവും സുന്ദരിയെന്ന്  അപ്പോൾ  അയാൾക്ക്‌  തോന്നി .
 

Apr 2, 2015

എക്സ് മന്ത്രിജിക്ക് കൊച്ചുതോമയുടെ പിന്തുണ

 അങ്ങ്  വീണ്ടും  രാജ്യസഭയിലേക്ക് മത്സരിക്കുന്നതിൽ  സോഷ്യൽ സർക്കിളിൽ  വലിയ  അലമ്പാണ്‌  എന്ന് കേട്ടു.  ഒരു ഇന്റർനെറ്റ്‌  കണക്ഷൻ ഉണ്ട്  എങ്കിൽ ആർക്കും     ആരുടെയും   തന്തക്കും  വിളിക്കാം  എന്നതിനുള്ള  അവകാശം ആണല്ലോ   കഴിഞ്ഞയാഴ്ച  നമുക്ക്  ലഭിച്ചിരിക്കുന്നത്. കാലത്തെ  ഫെസ് ബുക്ക്‌ തുറന്നു ,ഇന്ന്   ആരുടെ നെഞ്ചത്ത്‌  കയറാം  എന്നുള്ള  വേവലാതിയിൽ  നില്ക്കുന്ന  ശരാശരി  മലയാളി  താങ്കളെ  തെറി  വിളിക്കുന്നതിൽ  അല്ഭുതപ്പെടെണ്ടതില്ല .
 
 
62 ദിവസം  രാജ്യ സഭ  സമ്മേളിച്ചിട്ടും     ഒരു  ചോദ്യം പോലും ഉന്നയിച്ചില്ല   എന്നതാണല്ലോ  താങ്കളുടെ പേരിൽ ഉള്ള  പ്രധാന  ആരോപണം . ഇത് കേട്ടാൽ  തോന്നും    ചോദ്യം  ചോദിക്കാനാണ്  ആളുകൾ  രാജ്യസഭയിലേക്ക് പോകുന്നത്  എന്ന്. ഇനി ചോദ്യത്തിനുള്ള ഉത്തരം  കിട്ടിയാൽ  അത് പുഴുങ്ങി  ജനത്തിന്  കൊടുക്കാൻ പറ്റുമോ  എന്ന്  പൂവർ  കണ്ട്രി  ഫെലോസ് ചിന്തിക്കുന്നില്ലല്ലോ..ശൂന്യവേളയിൽ     പോലും  ഒരു ഇടപെടൽ     നടത്തിയില്ല    എന്നാണു   മറ്റൊരു   ആരോപണം.ശൂന്യവേള എന്നത്   ശൂന്യമായ   മനസ്സുമായി   ഇരിക്കുക   എന്നതാണെന്ന്  എന്താണ്  ഇവർ   മനസ്സിലാക്കാത്തത്‌. 
 
 
നേരായ  വഴിയിലൂടെ   എത്താൻ കഴിയാത്തവർ  ആണല്ലോ   രാജ്യസഭയിലേക്ക്  വളഞ്ഞ  വഴിയിൽ  എത്തി  ചേരുന്നത്  എന്ന്  ആർക്കാണ്  അറിയാത്തത്.ഏതെങ്കിലും   സീറ്റിൽ  നിന്നാൽ  കെട്ടി വെച്ച പണം പോലും  കിട്ടില്ല  എന്നുറപ്പുള്ളവർ  ആണല്ലോ  ഈ പിൻവാതിൽ പ്രവേശനക്കാർ.ജനം   ഒരിക്കൽ    ജയിപ്പിച്ചു    വിട്ടാൽ    പിന്നെ    അവർക്ക്    തോന്നിയവർ   വോട്ടു   ചെയ്യണം  എന്നതാണല്ലോ   നമ്മുടെ   എം.എൽ.എ  മാരുടെ     ധർമ്മം.
  

മന്ത്രി  ആയിരുന്നിട്ടു താങ്കൾ ഒന്നും  ചെയ്തില്ല  എന്നാണു മറ്റൊരാരോപണം.പ്രവാസികളുടെ  ഇടയിൽ  താങ്കൾക്കുള്ള  നിലയും  വിലയും  അറിയാത്തവർ  ആണ്  ഈ  ആരോപണം ഉന്നയികുന്നത്..മൂട്ട,ഫ്ലൈറ്റ്, എന്നിവ     കഴിഞ്ഞാൽ        ഗൾഫുകാരുടെ       ശത്രു       താങ്കൾ  ആണെന്ന്      ഈയിടെ     പലരും   പരിഹസിച്ചു   കേട്ടിട്ടുണ്ട്.അതൊന്നും    താങ്കൾ  കാര്യമാക്കേണ്ട. ഗൾഫിൽ  ഉള്ളവരുടെ    ചിരകാല  സ്വപ്നമായ ശ്മശാനം    ഒരു യാഥാർത്ഥ്യം  ആക്കിയത്  ആരാണ്?മരിച്ചു  കഴിഞ്ഞാൽ എന്ത്  ചെയ്യും   എന്നതാണല്ലോ  പ്രവാസികളുടെ    ഏറ്റവും  വലിയ പ്രശ്നം. ആ   പ്രശ്നത്തിനു  ഒരു തീരുമാനം ഉണ്ടാക്കിയ  മന്ത്രിജിയെ  ഗൾഫുകാർ  എങ്ങനെ  മറക്കും." നിന്റെ  മരണം  നിന്റെ  ഓർമ്മയിൽ  എന്നും  ഉണ്ടായിരിക്കും"എന്നാണല്ലോ  മരണത്തെ പറ്റി    പുണ്യ പുരാണ  ചിത്രമായ  ഗ്യാംഗ്സ്റ്റർ   പോലും പറയുന്നത്.  
 
 
പന്ത്രണ്ടു  വർഷം  രാജ്യ സഭയിൽ  ഇരുന്നിട്ട്  കേരളത്തിന്‌ എന്ത് തേങ്ങ  കിട്ടി  എന്നാണ്  ആളുകൾ  ചോദിക്കുന്നത്.ഇതിലപ്പുറം  ജനങ്ങളെ   സേവിച്ചവർ  ജനത്തിന്  എന്ത് കൊടുത്തു  എന്നാണു  എനിക്ക്  തിരിച്ചു  ചോദിക്കാനുള്ളത്. സ്വന്തം  ഗവന്മേന്റ്റ് ഭരിച്ചപ്പോൾ പോലും  ജനങ്ങൾക്ക്‌  വേണ്ടി  ഒന്നും  ചെയ്യാൻ പറ്റാത്തയാൾ  പ്രതിപക്ഷത്തിരുന്നു  എന്ത്  ചെയ്യാൻ  പറ്റും  എന്ന്  എന്താണ്  ഇവർ  മനസ്സിലാക്കാത്തത്.അല്ലെങ്കിൽ   റബ്ബർ  വിലയിടിഞ്ഞതിനു   ഒരു   രാജ്യസഭാംഗത്തിന്     എന്ത്   ചെയ്യാനാവും ?റബ്ബറിന്റെ   വില   കൂടിയിരുന്നപ്പോൾ   റബർ   വിറ്റ്  നേരെ  പോയി   ഔഡിയും  ബി.എം ഡബ്ലിയുവും   ഒക്കെ  വാങ്ങിയവർക്കൊക്കെ   ഇത്   തന്നെ    വരണം  .
 
 
ജനങ്ങളെ  സേവിക്കണം  എന്നുള്ള  അദമ്യമായ  ആഗ്രഹം  ഒരു തെറ്റല്ല.താങ്കളെ പോലെ ഉള്ള  നിരുപകാരികൾ  അത്   ജീവിതാവസാനം വരെ ചെയ്യണം  എന്നാണു ഒരു എളിയ  ആരാധകൻ  ആയ  എന്റെ  ആഗ്രഹം.കാരണം താങ്കളുടെ  സ്ഥാനത്  മറ്റൊരു  വന്ദ്യവയോധികൻ  വന്നാലും,  കേരളത്തിന്റെ  സ്ഥിതി  ഇങ്ങനെ ഒക്കെ  തന്നെ  ആകും  എന്ന് അറിയാവുന്നത് കൊണ്ടും, വിപ്ലവ പാർട്ടിക്കാരെ പോലെ  ചെറുപ്പക്കാരെ നിർത്തുന്ന പരിപാടി  അമ്മായിപ്പാർട്ടിക്ക്    ഇല്ല എന്നറിയാവുന്നതു കൊണ്ടും   അതിൽ  വലിയ  അത്ഭുതം ഇല്ല.ഒരു സാധാരണ പ്രവർത്തകൻ ആയും  ജനസേവനം   ചെയ്യാം  എന്ന് പറയുന്നവർ,  കോട്ടും  ഇട്ടു  മഫ്ലറും ചുറ്റി  ദൽഹി - ഗൾഫു ഷട്ടിൽ 
അടിച്ചിരുന്ന    ഒരു  പാവം  എക്സ് മന്ത്രിയുടെ  വികാരം  കൂടി  മനസ്സിലാക്കേണ്ടേ .
 
 
ഏതായാലും     താങ്കളുടെ  നല്ല     സമയത്ത്    തന്നെ  ആണ്  തിരഞ്ഞെടുപ്പ്    വന്നിരിക്കുന്നത്    കേരളത്തിൽ   എല്ലാവരും   ബാർ,കോഴ    എന്നീ   പുലിവാലിൽ   ഒക്കെ പിടിച്ചു   കിടക്കുമ്പോൾ    സീറ്റിനായി     വലിയ  ബുദ്ധിമുട്ട്   ഒന്നും   ഉണ്ടാവില്ല . താങ്കൾക്കു   വേണ്ടി  കീജയ്   വിളിക്കാൻ    വലിയ ഒരു  അനുയായീ   വൃന്ദം  ഉണ്ട്  എന്നാണു  ഞാൻ  മനസ്സിലാക്കുന്നത്. ചാനലിൽ  ചർച്ചപ്പണി   മാത്രം   ചെയ്തു   ജനസേവനം   നടത്തുന്ന     സിജൊ   മറയിലിനെ    പോലെ   ഉള്ള  ആളുകൾ    പിന്തുണക്കുമ്പോൾ  പിന്നെ   എന്ത്  പേടിക്കാൻ .സിജൊ  വരുമ്പോൾ  ചാനൽ  മാറ്റും   എന്ന് അയാളോട്     അസൂയ   ഉള്ള പലരും  പറയാറുണ്ട്‌.പക്ഷെ   ഔസേപ്പ്  കൂവക്കനെ  പോലെ  ഉള്ളവരെ   വെച്ച്    നോക്കുമ്പോൾ   ആണ്  നമ്മൾ   അയാളുടെ  വില   മനസ്സിലാക്കുന്നത്‌.
 
 
യമനിൽ കുടുങ്ങിയവരെ  രക്ഷിക്കാൻ  ഏതോ മന്ത്രി  പോയീന്നും, താങ്കൾ   ആയിരുന്നപ്പോൾ  അങ്ങനെ  ഒന്നും ഉണ്ടായിരുന്നില്ല  എന്നും ചിലർ  പറയുന്നുണ്ട്.താങ്കളെ  കുറ്റം പറയുന്നവർ  ഒരു  ഹർത്താൽ  നടത്തുന്ന  സ്ഥലത്ത് പോലും പോകാത്തവർ  ആണെന്നെ  എനിക്ക് പറയാനുള്ളൂ .
 
 
ജനപ്രതിനിധികളെ    തിരിച്ചു   വിളിക്കാൻ   നിയമം  അനുവദിക്കാതിടത്തോളം  കാലം, താങ്കൾക്ക്  വോട്ടു  ചെയ്തത്  ആരൊക്കെ   എന്ന്  വെളിയിൽ   വരാത്തിടത്തോളം  കാലം   താങ്കൾക്ക്   ഡൽഹിയിൽ   സ്വസ്ഥമായി   ഇരിക്കാം.താങ്കളെ  ഭള്ളു  പറയുന്ന   സ്ഥാനമോഹികൾക്ക്  സോളാർ   ദേവീ     ശാപം  ഉണ്ടാവട്ടെ   എന്ന്  പ്രാർഥിച്ചു  കൊണ്ടും   നിർത്തട്ടെ  ...
 
 
കൊച്ചു  തോമാ  ( കെ  .ടി   തോമസ്‌  )