പരിപ്പുവട ബ്ലോഗ്...ചില സുപ്രധാന തീരുമാനങ്ങള്‍ എന്ന പോസ്റ്റ് ഇട്ടതിനു ശേഷം, രണ്ടു ദിവസം കഴിഞ്ഞു അല്പം കൂടെ മാന്യമായ രീതിയില്‍ ഏതാണ്ട് ഇതേ സന്ദേശം വരുന്ന മറ്റൊരു പോസ്റ്റ് വായിക്കുകയുണ്ടായി.സമാന രീതിയില്‍ ചിന്തിക്കുന്ന പലരും ചാറ്റിലും മെയിലിലും പ്രതികരിക്കുകയുണ്ടായി.എന്നാല്‍ എന്റെ ബ്ലോഗില്‍ സ്ഥിരമായി കമന്റ് ഇടുന്ന പലരും പ്രതികരിച്ചില്ല എന്നതില്‍ വിഷമം ഉണ്ടായി. ചിലപ്പോള്‍ പരാമര്‍ശിക്കപ്പെട്ട ബ്ലോഗറുമായി നല്ല ബന്ധം അതില്‍ ഒരു കാരണം ആയിരുന്നിരിക്കാം. അപ്പോള്‍ ഈ പോസ്റ്റ് തന്നെ കളയാം എന്ന് വിചാരിച്ചു. പക്ഷെ കമന്റുകള്‍ കിട്ടുന്നത് ഒരു തരത്തില്‍ ആസ്വദിക്കുന്ന ഒരാള്‍ ( അത് പറയാന്‍ ഒരു മടിയും ഇല്ല ) എന്ന നിലക്ക് കിടക്കട്ടെ എന്ന് വിചാരിച്ചു.
ഒരു ബ്ലോഗ്ഗര്‍ കമന്റു ബോക്സ് അടക്കുകയോ തുറക്കുകയോ ചെയ്യുന്നത് അയാളുടെ സ്വന്തം കാര്യമാണ്.പക്ഷെ അതിനു കണ്ടെത്തിയ മുഖവിലക്കെടുക്കാനാവാത്ത ന്യായങ്ങളെ ചെറുതായി പരിഹസിക്കുക എന്നത് മാത്രമേ ഞാന്‍ ചെയ്തുള്ളൂ.
കമന്റ് എഴുതണം എന്ന് വാശി പിടിച്ചില്ല എന്ന് പറയുന്നു. വാശി പിടിച്ചാല്‍ കിട്ടുന്നതാണോ ഈ കമന്റുകള്‍ ?എഴുതുന്നത് വായിച്ചു ഇഷ്ട്ടമായാല്‍ കമന്റും,ഇഷ്ട്ടമായില്ലെങ്കില്‍ ഒന്നും പറയാതെ പോകും, ഇനി തന്റെ വീക്ഷണം ആയി ചേരാത്തത് ആണെങ്കില്‍ എന്തുകൊണ്ടാണ് അങ്ങനെ എന്ന് വ്യക്തമാക്കും ,ഞാന്‍ ഉള്‍പ്പെടെ ഉള്ള സാധാരണ വായനക്കാരുടെ കാര്യം ആണ് പറഞ്ഞത്.
വായനക്കാരുടെ വിശദീകരണം ഉണ്ടെങ്കില്‍ വായിക്കാന്‍ എളുപ്പമാണ് എന്നതിനോട് ഞാനും യോജിക്കുന്നില്ല. വിശദീകരണം ആവശ്യം ഉള്ള പോസ്റ്റ് ഒരു പരാജയം ആണെന്നാണ് എന്റെ അഭിപ്രായം. പക്ഷെ കമന്റുകള്‍ പലതും വായിക്കുമ്പോള്‍ നമ്മള്‍ കാണാത്ത ഒരു തലം കൂടി ആ പോസ്റ്റില്‍ മറ്റൊരാള്‍ കാണുമ്പോള്‍ ചിലപ്പോള്‍ ചില പോസ്റ്റുകള്‍ ആസ്വാദ്യം ആകാറുണ്ട് എന്ന് പറയാതെ വയ്യ.
കമന്റുകളില്‍ കൂടെ ആണ് പലരെയും പരിചയപ്പെടുന്നതും.നിലവാരം ഉള്ള കമന്റുകള്‍ ആളുകള്‍ ശ്രദ്ധിക്കും എന്ന് തന്നെ ആണ് വിശ്വാസം. ബ്ലോഗ് വായിക്കുന്നവര്‍ കമന്റുകളും നോക്കാറുണ്ട് എന്ന് ഞാന്‍ കരുതുന്നു.ആരോഗ്യകരമായ സംവാദങ്ങള്‍/ പ്രതികരണങ്ങള്‍ മറ്റുള്ള വായനക്കാര്‍ വായിക്കുന്നതിനെ ഭയപെടുന്നവര്‍ക്കല്ലേ മറ്റാരും കമന്റു കാണരുത് എന്ന് തോന്നു ?
കമന്റു ബോക്സ് ഇല്ലാത്ത ബ്ലോഗ് ഉപ്പില്ലാത്ത കഞ്ഞി പോലെയല്ലേ..ഒരു വേര്‍ഡ് വെരിഫികേഷന്‍ പോലും അരോചകം ആയി തോന്നുന്ന ഈ കാലത്ത്,വായിച്ച ബ്ലോഗില്‍ അഭിപ്രായം പറയാന്‍ ആവാതെ ബ്ലോഗറുടെ മെയിലിലേക്ക് മെയില്‍ അയക്കാനുള്ളതിനും മാത്രം വ്യക്തി ബന്ധം പലര്‍ക്കും ഉണ്ടാവില്ലല്ലോ. പിന്നെ ജിമെയിലില്‍ സൈന്‍ ഇന്‍ ചെയ്തു ആണ് ബ്ലോഗ് വായിക്കുന്നതും കമന്ടുന്നതും എന്ന വാദം.പലരും ഫോളോ ചെയ്യുന്ന ബ്ലോഗ് ലിങ്ക്, ബ്ലോഗര്‍ ഡാഷ് ബോര്‍ഡില്‍ നിന്നും തന്നെ ആണ് കാണാറ്.വായിച്ചു അന്നേരം അവിടെ നിന്നും തന്നെ കമന്ടുന്നതാണ് എളുപ്പം. പ്രത്യേകിച്ചും ബ്ലോഗിനികല്‍ക്കൊക്കെ മെയില്‍ ചെയ്യുന്നത് ( അത്ര അടുത്തവര്‍ അല്ലെങ്കില്‍ ) ഒരു ആശാസ്യമായ പ്രവണത ആണെന്ന് തോന്നുന്നില്ല.
ഇനി വാദത്തിനു വേണ്ടി അഭിപ്രായം ബ്ലോഗര്‍ മാത്രം അറിഞ്ഞാല്‍ മതി,മറ്റു വായനക്കാര്‍ അറിയണ്ട മെയില്‍ മാത്രം മതി എന്ന രീതി സ്വീകരിക്കുന്നുവെങ്കില്‍, മറ്റു ബ്ലോഗുകളില്‍ എന്തിനു കമന്റുന്നു ? അത് തന്റെ ഇഷ്ട്ടം,സ്വാതന്ത്ര്യം എന്നാവാം മറുപടി!എങ്കില്‍ അത് എന്തുകൊണ്ട് മറ്റു വായനക്കാര്‍ക്ക് നിഷേധിക്കുന്നു ?
നന്മയും തിന്മയും കാണാനല്ല കഥയും കവിതയും വായിക്കുന്നത്..സമ്മതിച്ചു.കഥകളില്‍ നന്മയും തിന്മയും ഉണ്ടാവില്ലേ ? കവിതയില്‍ അറിയില്ല. പോസ്റ്റില്‍ അടങ്ങിയിരിക്കുന്ന നല്ല കണ്ടെന്റ് എന്നെ ഉദ്ദേശിച്ചിട്ടുള്ളൂ.കഥയില്‍ അടങ്ങിയിരിക്കുന്ന ഒന്പതു നല്ല വശങ്ങള്‍ കാണാതെ പത്താമത്തെ ചീത്ത വശം എന്ന് മാറ്റാം..അപ്പോഴോ ?വിമര്‍ശനം മോശമാണ് എന്ന് ഉദ്ദേശിച്ചിട്ടില്ല..കാതലായ വിമര്‍ശനങ്ങള്‍ ബ്ലോഗറെ നന്നാക്കും, വിമര്‍ശനം വിമര്‍ശനത്തിനു വേണ്ടി മാത്രം ആകുമ്പോഴാണ് കുഴപ്പം.പിന്നെ പറയുന്ന രീതിയും വളരെ പ്രധാനമാണ്.ബ്ലോഗ് എഴുതുന്നതില്‍ ഭൂരി ഭാഗം പേരും, വലിയ എഴുത്തുകാര്‍ അല്ല. ഈ ഒരു മാധ്യമം വന്നതിനു ശേഷം എഴുത്ത് തുടങ്ങി പോയവര്‍ ആണ്. നന്നായി എഴുതുന്ന പലരും ഉണ്ട്. പുകഴ്ത്തിയ കമന്റുകള്‍ ചിലപ്പോള്‍ അവരെ ചീത്തയാക്കിയെക്കാം.എന്നാല്‍ അനാവശ്യമായ കമന്റുകള്‍ ആത്മവിശ്വാസം തകര്‍ക്കില്ലേ ?ഇനി അതാണ് ഈ തരം കമന്റുകളുടെ ഉദ്ദേശം എന്ന് ചിലപ്പോഴെങ്കിലും തോന്നിയാല്‍ വായനക്കാരെ കുറ്റം പറയാന്‍ ആവുമോ ?
കമന്റു ബോക്സ് അടക്കുന്നത് മാന്യമായ അറിയിപ്പ് കൊടുത്തിട്ട് തന്നെ ആവണം. പക്ഷെ ആ അറിയിപ്പില്‍ അഹന്തയും, അമിത ആത്മവിശ്വാസവും, നിറഞ്ഞു നിന്നാലോ ? അറിയിപ്പ് കൊടുത്ത രീതി ആണ് മോശമായിപ്പോയത് എന്ന് എന്റെ തോന്നലില്‍ നിന്നാണ് മേല്പറഞ്ഞ പോസ്റ്റ് ഉണ്ടായത്.ചിലര്‍ക്ക് അത് വളരെ മാന്യമായി തോന്നിയേക്കാം.വ്യത്യസ്ഥമായി ചിന്തിക്കുന്ന ചിലര്‍ എങ്കിലും ഉണ്ടാവില്ലേ ഈ ബൂലോകത്ത് ?
പിന്നെ പ്രതികരണങ്ങള്‍, പണി കൊടുത്തു എന്ന മട്ടില്‍ ഉള്ളതിനെ പ്രോല്സാഹിപ്പിച്ചിട്ടില്ല.വായിച്ചവര്‍ക്ക് കൂടുതല്‍ വിശദീകരണം കൊടുത്തിട്ടുമില്ല..അങ്ങനെ ഉള്ള അഭിപ്രായങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ തോന്നിയില്ല.കമന്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ അതില്‍ അശ്ലീലം ഒന്നും ഉണ്ടായിരുന്നില്ലല്ലോ.
ഇത്രയൊക്കെ എഴുതിയിട്ടും സുഹൃത്ത് എന്ന് സംബോധന ചെയ്തതില്‍ വളരെ സന്തോഷം.ശത്രുതയുടെ ആവശ്യം ഇല്ലല്ലോ!ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരിക്കല്‍ പോലും മെയിലില്‍ കൂടി പോലും സംവദിക്കാത്ത ഒരാളിനോടു എനിക്കും ഇല്ല ശത്രുത.പോസ്റ്റുകള്‍ ചിലത് വായിച്ചിട്ടുണ്ട്. വളരെ നന്നായി തോന്നിയ ഒരു പോസ്റ്റില്‍ ഹൃദയത്തിന്റെ ഉള്ളില്‍ നിന്നും തന്നെ എഴുതിയ ഒരു കമന്റും ഇട്ടിടുണ്ട്..എന്നാല്‍ മേല്‍ പറഞ്ഞ പോസ്റ്റ് ഇട്ടതു എനിക്ക് ദഹിക്കാതതായി തോന്നിയ നിലപാടുകള്‍ക്ക് എതിരെ മാത്രം എന്ന് പറഞ്ഞു കൊള്ളട്ടെ.
വായനക്കാരുടെ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.