Jun 23, 2011

ഒരു നാടക പരീക്ഷണത്തിന്‍റെ കഥ ..

ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആയിരുന്നു ആ സംഭവം.സ്കൂളിലെ യൂത്ത് ഫെസ്റ്റിവലില്‍ അവതരിപ്പിക്കാന്‍ എന്‍റെക്ലാസ്സിലെ രതീഷ്‌ ഒരുദിവസം ഒരു ഏകാങ്ക നാടകം കൊണ്ടുവരാം എന്ന് ഏറ്റു. അവന്റെ വീട്ടിനടുത്തുള്ള ഒരു ചേട്ടന്‍ ഈ സാധനംകോളേജില്‍ അവതരിപ്പിച്ചു ഒന്നാം സമ്മാനംകിട്ടിയത്രേ.നാടകത്തിന്‍റെ പേര് "നിയമം ബന്ധനത്തില്‍".പിറ്റേന്ന് ഞങ്ങള്‍ സ്കൂള്‍ ഗ്രൗണ്ടില്‍ പോയി അത് വായിച്ചു നോക്കി. വായിച്ചു കഴിഞ്ഞതും, രണ്ടു പേര്‍ക്ക് നായക കഥാപാത്രമായ രാജു ആകണം. ഒന്ന് നാടകത്തിന്റെ ഉടമസ്ഥന്‍ രതീഷ്‌, രണ്ടാമത് ഞങ്ങളുടെ ക്ലാസ്സിലെ ചെകിടന്‍ എന്ന് വട്ടപ്പെരുള്ള ബാബു.കെ.പി. ഞങ്ങള്‍ എല്ലാം ബാബുവിനെ പിന്താങ്ങി.കാരണം ബാബു ഇടയ്ക്ക്,പൊറോസ് ഖാന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന ആലിക്കുട്ടിയുടെ കടയില്‍ നിന്നും എന്തെങ്കിലും ഒക്കെ ഞങ്ങള്‍ക്ക് ചെലവു ചെയ്യും .എല്ലാവരുംകാലു മാറിയപ്പോള്‍ രാജു ആയില്ലെല്ലേല്‍ നാടകം തിരിച്ചു കൊടുക്കും എന്ന് രതീഷ്‌ ഭീഷണി പെടുത്തി .അവസാനം ബാബു പിന്‍വാങ്ങി.ചുവരില്ലെങ്കില്‍ ചിത്രം എഴുതാന്‍ പറ്റില്ലല്ലോ എന്ന നിര്‍ദോഷകരമായ പഴഞ്ചൊല്ല് ചിലപ്പോ ബാബുവിന് അറിയാമായിരിക്കും .
ഞങ്ങള്‍ അഞ്ചു പേര്‍ ആയിരുന്നു അഭിനേതാക്കള്‍. എന്നും ക്ലാസ്സ്‌ കഴിഞ്ഞു പള്ളിയുടെ പിറകില്‍ ഞങ്ങള്‍ കൂടും.രതീഷിന്റെ കൈയില്‍ ആയിരിക്കും നാടകം എപ്പോഴും. അവനാണല്ലോ നാടകത്തിന്റെ ഉടമസ്ഥന്‍.പോരാഞ്ഞിട്ട് നായകനും. ആരെങ്കിലും എന്തെങ്കിലും ഉടക്കിട്ടാല്‍ രതീഷ്‌ ഭീഷണി ഉയര്‍ത്തും.നാടകം തിരിച്ചു കൊടുക്കും എന്ന്. രതീഷിന്റെ കൈയില്‍ നാടകം ഇരിക്കുന്നകൊണ്ട് അവധി ദിവസങ്ങളിലും നാടകം പഠിക്കല്‍ തന്നെ. ഒരു ദിവസം ഭക്ഷണം കഴിക്കുന്നതിനിടെ അവന്റെ അച്ഛന്‍ എന്തോ ചോദിച്ചപ്പോള്‍ ഓര്‍ക്കാതെ നാടകത്തിലെ ഒരു ഡയലോഗ് ~ നിങ്ങള്‍ക്ക് ജീവിച്ചിരിക്കുന്ന രാജുവിനെ തൂക്കി കൊല്ലാം..എന്നാല്‍ മരിച്ചു കിടക്കുന്ന രാജുവിനെയോ~ പറഞ്ഞു പോയി എന്ന് അവന്‍ പറഞ്ഞു. നിനക്കെന്താടാ വട്ടാണോ എന്നും അച്ഛന്‍ ചോദിച്ചു എന്ന് അവന്‍ പറഞ്ഞു.
ബാബു കെ.പി.ആണെകില്‍ നായകന്‍ ആകാത്തതില്‍ ഉള്ള കലിപ്പും ആയി നടക്കുന്നു.ബാബുവിന്റെ വണ്‍വേ പ്രേമം കൊടുംബിരിക്കൊണ്ടിരിക്കുന്ന കാലം ആയിരുന്നു. ട്യുഷന് വരുന്ന സീനത്തിന്റെ കേള്‍ക്കെ ബാബു ആണ് നായകന്‍എന്ന്പറഞ്ഞതിന് അവന്‍ എനിക്ക് രണ്ടു ദിവസം ഐസ് വാങ്ങിച്ചു തന്നു. സീനത്ത്എഴുതിയതാണ് എന്നും പറഞ്ഞു കൂട്ടുകാരെ കാണിക്കാന്‍ ഒരു എഴുത്തും ഞാന്‍ എഴുതി കൊടുത്തു. അതില്‍ ബാബു നായകന്‍ ആയാല്‍ ഞാന്‍ നായിക ആവാം എന്നൊക്കെ കാച്ചി.ബാബു അത് ക്ലാസില്‍ എല്ലാവരെയും കൊണ്ട് കാണിച്ചു ആളായി .സീനതിനോട് പറഞ്ഞു പോയത് കൊണ്ട് നായക സ്ഥാനം തരണം എന്നൊക്കെ ബാബു കെഞ്ചി പറഞ്ഞു. പക്ഷെ രതീഷ്‌ സമ്മതിച്ചില്ല. രാജു എന്ന കഥാപാത്രം ക്ഷയം പിടിച്ചതായിട്ടാണ് കഥയില്‍.എന്നാല്‍ ചക്കപ്പഴം പോലിരിക്കുന്ന രതീഷ്‌,നായകന്‍ ആയ രാജു ആയാല്‍ ക്ഷയം പിടിച്ചു എന്നതിന് പകരം വണ്ണം കൂടുന്ന അസുഖം പിടിച്ചു എന്ന് മാര്‍ക്കിടുന്ന സാറുമ്മാര്‍ വിചാരിക്കും എന്ന് ബാബു പറഞ്ഞു. തന്റെ വീടിന്റെ അടുത്തുള്ള ചക്കപ്പഴം പോലിരിക്കുന്ന കുഞ്ഞച്ചന് ക്ഷയം ആണെന്ന് രതീഷ്‌ ന്യായം പറഞ്ഞു.


മത്സരത്തിന്റെ തലേ ദിവസം സ്കൂളില്‍ വെച്ച് പൊതി ചോറ് കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു ആ സംഭവം. രതീഷിന്റെ തൊണ്ടയില്‍ മീന്‍ മുള്ള് കയറി. താഴോട്ടും ഇല്ല മേലോട്ടും ഇല്ല എന്ന അവസ്ഥ. മിണ്ടിയാല്‍ വേദന.ഈ തൊണ്ട വെച്ചോണ്ട് നായകനായിഅഭിനയിക്കാന്‍ പറ്റത്തില്ല എന്ന് ബാബു കെ.പി. പറഞ്ഞപ്പോള്‍രതീഷ്‌ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി. ഞങ്ങള്‍ അഞ്ചുപേരും കൂടി അടുത്ത് തന്നെ ഉള്ള ക്ലിനിക്കില്‍ പോയി. ഉച്ച സമയം ആയതിനാല്‍ ഡോക്റ്റര്‍ വീട്ടില്‍ പോയി എന്ന് അവിടുള്ള നേഴ്സമ്മ പറഞ്ഞു. ഞങ്ങള്‍ രണ്ടു രൂപ കൊടുത്തു ചീട്ടും എടുത്തു വീട്ടിലേക്കു പോയി.ഡോക്റ്റര്‍ ഊണ് കഴിഞ്ഞു മയങ്ങുകയായിരുന്നു. അങ്ങേരെ വിളിചെഴുന്നെല്‍പ്പിച്ചു ഞങ്ങള്‍ കാര്യം പറഞ്ഞു. പുള്ളി ചീട്ടു മേടിച്ചിട്ട് വാ പൊളിക്കാന്‍ പറഞ്ഞു.പിന്നെ ഒരു നീണ്ട കുറിപ്പെഴുതി.എന്നിട്ട് ചീട്ടിന്റെ വശത്ത് നാല്‍പ്പതു രൂപ എന്നെഴുതി.ചീട്ടു തിരിച്ചു തന്നിട്ട് ഞങ്ങളോട് പറഞ്ഞു, പേടിക്കാന്‍ ഒന്നുമില്ല ഇപ്പൊ വന്നത് നന്നായി, അല്ലേല്‍ തൊണ്ട ഓപ്പറേഷന്‍ നടത്തേണ്ടി വന്നേനെ എന്ന്. ക്ലിനിക്കില്‍ പോയി ഗുളികയും വാങ്ങി ഇന്‍ജക്ഷനും എടുത്തു പോകൂ എന്നും പറഞ്ഞു.ചീട്ടു എടുത്തതും കൂട്ടി നാല്‍പ്പത്തി രണ്ടു രൂപ എന്നത് കേട്ടതും രതീഷിന്റെ കാറ്റ് പോയി.ഇന്‍ജക്ഷന്‍ എടുത്താല്‍ മുള്ള് പോകുമോ എന്ന സാമാന്യ ചിന്തയില്‍ ഞങ്ങള്‍ ക്ലിനിക്കില്‍ പോകാതെ അടുത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍ പോയി..അവിടുത്തെ ചേട്ടനോട് എന്തിനുള്ള ഗുളികയാ എന്ന് ചോദിച്ചപോ വിറ്റാമിന്‍ ഗുളികയാണ് എന്ന് പറഞ്ഞു.ഡോക്ട്ടര്‍ നല്ല പണി തന്നു എന്ന് അപ്പോള്‍ മനസ്സിലായി.അപ്പൊ തന്നെ ചീട്ടു കീറി കളയുവേം തിരിച്ചു ഡോക്ട്ടരിന്റെ വീട്ടില്‍ ചെന്ന് അങ്ങേരുടെ സ്കൂട്ടറിന്റെ കാറ്റ് കുത്തി വിട്ടു. തിരിച്ചു വരുന്ന വഴി ഡോക്റ്ററുടെ പേരും ഡിഗ്രിയും എഴുതിയ കൂട്ടത്തില്‍ ബ്രാക്കറ്റില്‍ പൊട്ടന്‍ എന്ന് കൂടി ചോക്കും കൊണ്ട് എഴുതിയപ്പോ രതീഷിനു സമാധാനം ആയി. പിന്നെ നേരെ സ്കൂളിന്റെ അടുത്തുള്ള പൊട്ടി പൊളിഞ്ഞു കിടക്കുന്ന സെപ്റ്റിക് ടാങ്കിന്റെ അടുത്ത് പോയി രണ്ടു പ്രാവശ്യംഓക്കാനിച്ചപ്പോള്‍ മുള്ള് വെളിയില്‍ വന്നു.രതീഷിന്റെ ശബ്ദം തിരികെ കിട്ടി. ബാബുവിന്റെ നായക സ്വപ്നം പൊലിഞ്ഞു.


സ്കൂളിലെ പ്യുണ്‍ ഔസേപ്പ് ചേട്ടന്‍ ആയിരുന്നു മേക്കപ്പ്.ആളാം വീതം മൂന്നു രൂപ വേണം എന്ന് പറഞ്ഞു.ഞങ്ങള്‍ രണ്ടു രൂപ വീതം തരാം എന്നായി .അപ്പോള്‍ മീശ മാത്രമേ ഉണ്ടാവൂ, താടി ഉണ്ടാവില്ല എന്ന് ഔസേപ്പ് ചേട്ടന്‍ പറഞ്ഞു. മുടിയാന്‍ എന്നും പറഞ്ഞു അവസാനം മൂന്നു രൂപ കൊടുത്തപ്പോള്‍ ഔസേപ്പ് ചേട്ടന്‍ താടിയും മീശയും വെച്ച് തന്നു. നാല് ടീം ആയിരുന്നു മത്സരത്തില്‍.ജയിക്കുന്ന രണ്ടെണ്ണം ജില്ല കലോത്സവത്തില്‍ പോകും.

രാജുവിന്റെ അന്വേഷിച്ചു വരുന്ന പോലീസ്കാരന്‍ രാജു എവിടെ എന്ന് ചോദിക്കുമ്പോള്‍ വിറച്ചു കൊണ്ട് ഉത്തരം പറയുന്ന ഒരു കമ്പോണ്ടര്‍ ആയിട്ടായിരുന്നു ഞാന്‍. കര്‍ട്ടന്‍ പൊങ്ങുമ്പോള്‍ ഞാന്‍ മേശ തുടച്ചു നില്‍ക്കും.വെപ്രാളത്തില്‍ ഞാന്‍ സ്റെജിനു തിരിഞ്ഞു ആണ് മേശ തുടച്ചത്‌.കാണികളെ കണ്ടപ്പോള്‍ വിറയല്‍ആവശ്യത്തിലും കൂടുതല്‍ വന്നു.സീനത്തും നാടകം കാണാന്‍ ഉണ്ടായിരുന്നകൊണ്ട് ബാബു കെ.പി വില്ലനായി തകര്‍ത്തു അഭിനയിച്ചു.രതീഷും ഗംഭീരമായി അഭിനയിച്ചു.


ഫലം വന്നപ്പോള്‍ ഞങ്ങള്‍ നാലാം സ്ഥാനത്. രതീഷ്‌ രണ്ടു ദിവസം എന്നോട് മിണ്ടിയില്ല.ഞാന്‍ സ്റെജില്‍ പിന്‍ ഭാഗം കാട്ടി നിന്നിലാരുന്നേല്‍ ഒന്നാം സമ്മാനം കിട്ടിയേനെ എന്ന് അവന്‍ പറഞ്ഞു. ഇടയ്ക്കിടയ്ക്ക് അവന്‍ എന്നോട് ഈ കാര്യം പറഞ്ഞു വഴക്കുണ്ടാക്കും..നീ എന്നെ പോലെ തിരിഞ്ഞു നിന്നില്ലല്ലോ..എങ്കി പിന്നെ എന്തെ ബെസ്റ്റ് ആക്ടര്‍ ആയി നിന്നെ തിരഞ്ഞെടുക്കാഞ്ഞത്‌ എന്ന് ഞാന്‍ തിരിച്ചടിക്കും.പത്താം ക്ലാസ് കഴിഞ്ഞു ഓരോരുത്തരും ഓരോ വഴിക്കായി..കാണുമ്പോള്‍ എല്ലാം രതീഷ്‌ ഈ കാര്യംഓര്‍പ്പിക്കും."അന്ന് നീ ആ പണി ചെയ്തില്ലാരുന്നേല്‍"."പിന്നെ നീ വലിയ നടന്‍ ആയി ഓസ്കാര്‍ മേടിച്ചേനെ..ഒന്ന് പോടാ "എന്ന് ഞാന്‍ പറയും.


പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ രതീഷിന്റെ വീട്ടില്‍ കല്യാണം വിളിക്കാന്‍ ചെന്നു.രതീഷിനു ജോലി ബാങ്കില്‍ .കല്യാണം വിളി ഒക്കെ കഴിഞ്ഞു പഴയ സുഹൃത്തുക്കളെ പറ്റി സംസാരിച്ചിരിക്കുമ്പോള്‍ രതീഷ്‌ വിഷമത്തോടെ വീണ്ടുംപറഞ്ഞു. "അന്ന് നാടകത്തിനു സമ്മാനം കിട്ടിയിരുന്നേല്‍"..


"ഹോ.മലയാളത്തിനു ഒരു മഹാ നടനെ നഷ്ട്ടപ്പെട്ടു. ഒന്ന് പോടെ,വര്‍ഷം പതിനെഴായി.എന്നിട്ടും പഴയ ഒന്‍പതാം ക്ലാസിലെ നാടക കഥ ഓര്‍ത്തോണ്ടിരിക്കുവാ".എന്ന് ഞാന്‍ പറഞ്ഞു.."ആര്‍ക്കറിയാം.ചിലപ്പോള്‍ എന്‍റെ ജീവിതം തന്നെ മാറിപ്പോയേനെ" എന്ന് രതീഷ്‌ .


'പ്രേക്ഷകര്‍ രക്ഷപെട്ടു" എന്ന് ഞാന്‍ പതിയെ പറഞ്ഞത് രതീഷിന്റെ അച്ഛന്‍ കേട്ടതിനാലാണോ ആ മുഖത്ത് ഒരു ചെറു പുഞ്ചിരി വിരിഞ്ഞത് ?

44 അഭിപ്രായ(ങ്ങള്‍):

Villagemaan/വില്ലേജ്മാന്‍ said...

അവധിക്കാലത്തെ ഒരു സുഹൃത്ത് സംഗമത്തില്‍ ആയിരുന്നു ഞങ്ങള്‍..പതിവുപോലെ രതീഷ്‌ പറഞ്ഞു...

"അന്ന് നീ പുറം തിരിഞ്ഞു നിന്നില്ലാരുന്നേല്‍"!!

കാഴ്ചകളിലൂടെ said...

good

sajeev

ഏപ്രില്‍ ലില്ലി. said...

അപ്പൊ നാട്ടീന്നു കുറെ കഥകളുടെ സ്ടോക്കുമായി ആവും അല്ലെ വന്നിരിക്കുന്നത്.. നാടക കഥ കൊള്ളാം

hafeez said...

ശരിയാ...അന്ന് പിന്‍ ഭാഗം കാട്ടി നിന്നിലാരുന്നേല്‍ ...

ചെറുത്* said...

അപ്പൊ അവധ്യൊക്കെ കഴിഞ്ഞ് തിരിച്ചെത്ത്യാ?

പഴേ ഒമ്പതാം ക്ലാസാണല്യോ ;) ഓര്‍‍മ്മകുറിപ്പ് രസിപ്പിച്ചു. അല്ലേലും നാടകം ഏര്‍‍പ്പാടാക്കുന്നവന്മാരുടെ ഒരു സ്ഥിരം ഏര്‍‍പ്പാടായിരുന്നു ഒന്നുകില്‍ നായകന്‍‍, അല്ലേല്‍ കയ്യടി കിട്ടുന്ന വേറെ ഏതേലും വേഷം. ഇല്യാച്ചാല്‍ നാടകം വേറെ നോക്കണം. കഷ്ടകാലത്തിന് നല്ല നാടകങ്ങള് അവന്മാരുടെ കയ്യില്‍ തന്നെ കിട്ടും. ഗതികേട്.

എന്തൊക്കെ പറഞ്ഞാലും നിങ്ങടെ പിന്നാമ്പുറം കാരണം ഒരു കലാകാരന്‍ ഇന്നും വേദന അനുഭവിക്കുന്നു എന്നത് നഗ്നനസത്യം! ഏത് ഗംഗേല് മുങ്ങ്യാലാ ഇതിനൊക്കെ ഒരു പ്രാശ്ചിത്താവാ :പ്

രമേശ്‌ അരൂര്‍ said...

കല്യാണം വിളിക്കാന്‍ ചെന്നപ്പോള്‍ അവന്‍ നഷ്ടബോധം അയവിറക്കിയതാണ് എന്നെ ചിരിപ്പിച്ചത് ...കൊള്ളാം ...:)

mayflowers said...

മുള്ള് പോക്കാന്‍ കണ്ട ഐഡിയ കൊള്ളാം..
ഒന്‍പതാം ക്ലാസിലെ പിള്ളേരുടെ വികൃതികള്‍ നല്ല രസത്തോടെ എഴുതിയിട്ടുണ്ട്.
ആശംസകള്‍.

കൊമ്പന്‍ said...

പോസ്റ്റും വായിച്ചു സന്തോഷിക്കുകയും ചെയ്തു നാടകത്തിനു ഫസ്റ്റ് കിട്ടാത്തതിന് ദൈവത്തിനു സ്തുതിയും കൊടുത്ത്
പിന്നെ ഒരു പ്രശ്നം എന്താ ന്നു വെച്ചാല്‍ ഇമ്മടെ നായിക സീനത്ത് എന്തായി എന്നാ

കൊമ്പന്‍ said...

പോസ്റ്റും വായിച്ചു സന്തോഷിക്കുകയും ചെയ്തു നാടകത്തിനു ഫസ്റ്റ് കിട്ടാത്തതിന് ദൈവത്തിനു സ്തുതിയും കൊടുത്ത്
പിന്നെ ഒരു പ്രശ്നം എന്താ ന്നു വെച്ചാല്‍ ഇമ്മടെ നായിക സീനത്ത് എന്തായി എന്നാ

കൊമ്പന്‍ said...

വെറുതെ പറഞ്ഞതാ അനുഭവങ്ങള്‍ നന്നായിരിക്കുന്നു

നിരീക്ഷകന്‍ said...

നായകന്‍ നായികയുടെ തോളില്‍ കൈ വയ്ക്കാന്‍ ഒരുങ്ങിയപ്പോള്‍ മുന്‍ നിരയില്‍ നിന്നും ഒരാള്‍ ഛീ എടുക്കടാ കൈ എന്ന് അലറിയപ്പോള്‍ നായകന്‍ ഞെട്ടി കൈ പിന്‍വലിച്ച ഒരു രംഗം ഇത് വായിച്ചപ്പോള്‍ ഓര്‍മ്മവന്നു.. അന്നുമുതല്‍ നായകന് ഈയല്‍ എന്ന വിളിപ്പേരും കിട്ടി ...............

നന്നായിരിക്കുന്നു. നല്ല വിവരണം .........
അഭിനന്ദനങ്ങള്‍.....

ഒരു ദുബായിക്കാരന്‍ said...

മാഷെ ,

നാടക പുരാണം നന്നായിരുന്നു ..നാട്ടീന്നു തിടുക്കത്തില്‍ എഴുതിയത് കൊണ്ടാവാം താങ്കളുടെ പഴയ പോസ്റ്റിന്റെ അത്രയും നിലവാരം വന്നില്ലാട്ടോ.. രണ്ടു ഫോണ്ടിലാണ് കാണുന്നത്. പിന്നെ ചില അക്ഷര പിശകുകളും ഉണ്ടുട്ടോ.."ട്യുഷന് വരുന്ന സീനത്തിന്റെ കേള്‍ക്കെ ബാബു ആണ് നായകന്‍എന്ന്പറഞ്ഞതിന് അവന്‍ എനിക്ക് രണ്ടു ദിവസം ഐസ് വാങ്ങിച്ചു തന്നു"..സീനത്ത് എന്ന് തിരുത്തണമേ..അപ്പോള്‍ വീണ്ടും കാണാം..ഒരു നല്ല അവധിക്കാലം ആശംസിക്കുന്നു.

- സോണി - said...

കുറുമ്പ് അപ്പോള്‍ പണ്ടും കുറവൊന്നും ആയിരുന്നില്ല അല്ലെ? പണ്ടേ പിന്തിരിപ്പനും ആയിരുന്നു...!

Muralee Mukundan , ബിലാത്തിപട്ടണം said...

നാട്ടിൽ ചെന്നപ്പോൾ നാടനുഭവങ്ങൾ ചികഞ്ഞെടുക്കുകയാണല്ലേ ഭായ്..

ഈ ബാല്യകാലയോർമ്മകുറിപ്പുകളിൽ കുറച്ചുകൂടി അടുക്കും ചിട്ടയുമൊക്കെയായി വേണമെങ്കിൽ ഒന്നുകൂടി സ്ട്രിം ചെയ്ത് കുട്ടപ്പനാക്കാമായിരുന്നു കേട്ടൊ ഭായ്

ajith said...

നല്ല ഐശ്വര്യമുള്ള പിന്‍ഭാഗം....മലയാളത്തിന് ഒരതുല്യനടനെയല്ലേ നഷ്ടപ്പെടുത്തിയത്.

(അവധിക്കാലകഥകള്‍-എപ്പിസോഡ് 1: ഇഷ്ടായി, അടുത്തത് പോരട്ടെ!!!)

പൈമ said...

hai...njan... puthiya alla.... pradeep .kusumbu parayanvendi vannatha
edyke enne onnu nokkane...
venamengil onnu nulliko....
nishkriyan

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..കാഴ്ചകളിലൂടെ..ഈ ആദ്യ അഭിപ്രായത്തിനു.

നന്ദി..ഏപ്രില്‍ ലില്ലി...നാട്ടില്‍ തന്നെ ഇപ്പോഴും...ഒരാഴ്ച കഴിഞ്ഞു..കോട്ടയം തിരുവന്തോരം ഷട്ടില്‍.. കൊച്ചി മീറ്റ്‌ അല്ലെ വരുന്നേ...അതിന്റെ ത്രില്‍ !.

നന്ദി..ഹാഫീസ്

നന്ദി..ചെറുത്‌...ഗംഗേല്‍ മുങ്ങിയാല്‍ ഒന്നും തീരില്ല എന്നാ അങ്ങോര്‍ പറയുന്നേ !

നന്ദി..രമേശ്‌ ജി.
നന്ദി..മെയ്‌ ഫ്ലവര്‍

നന്ദി..കൊമ്പന്‍..സീനതിനു ഇപ്പൊ കുട്ടികള്‍ നാല്....പത്തു തോറ്റപ്പോ നിക്കാഹ് നടത്തി എന്നാ കേട്ടത്..

നന്ദി..ഞാന്‍

നന്ദി..ദുബായിക്കാര...വിശദമായ വായനക്കും അഭിപ്രായത്തിനും. പിന്നെ തിടുക്കത്തില്‍ എഴുതിയതൊന്നും അല്ല കേട്ടോ..ഒരു തിരക്കും ഇല്ലാത്ത ഒരാഴ്ച തന്നെ ആയിരുന്നു കടന്നു പോയത് . കഥ നടന്നത് തന്നെ...സുഹൃത്തിന്റെ കണ്ടപ്പോള്‍ ഓര്‍മ വന്നു എന്ന് മാത്രം. പിന്നെ പഴയ പോസ്റ്റിന്റെ നിലവാരം..പഴയ പോസ്റ്റിനു നിലവാരം ഉണ്ട് എന്ന് പറഞ്ഞതില്‍ സന്തോഷം...ഇത്ര....പ്രതീക്ഷിച്ചില്ല !

നന്ദി..സോണി..പണ്ടേ ഇങ്ങനാ !

നന്ദി..മുരളീ ഭായ്..
നന്ദി അജിത്‌ ഭായ്.
നന്ദി..പ്രദീപ്‌

ഒരു ദുബായിക്കാരന്‍ said...

മാഷെ ,

ഞാന്‍ ബ്ലോഗ്‌ തുടങ്ങാന്‍ ആലോചിച്ചപ്പോള്‍ താങ്കളുടെ പോസ്റ്റ്‌ വായിച്ചാണ് തുടങ്ങിയത്..ഞാന്‍ മുന്‍പേ അത് പറഞ്ഞുണ്ടായിരുന്നു!.അതുപോലെ എനിക്ക് കിട്ടിയ ആദ്യ കമന്റുകളില്‍ ഒന്ന് താങ്കളുടെതാണ്..അതുകൊണ്ട് തന്നെ താങ്കളുടെ രചന ശൈലി എനിക്ക് നല്ല പരിചയമാണ് പിന്നെ ഇഷ്ടവും..പഴയ പോസ്റ്റുകളില്‍ ഒക്കെ താങ്കള്‍ തമാശ അനായാസേന അവതരിപ്പിച്ചിരുന്നു..അതുപോലെ ഇതും കുറച്ചുടെ രസകരമാക്കാമായിരുന്നു എന്നാ ഞാന്‍ ഉദ്ദേശിച്ചത്..ഇത് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നു കരുതുന്നു..അപ്പോള്‍ വീണ്ടും കാണാം..

ശ്രീജിത് കൊണ്ടോട്ടി. said...

രസകരമായി അവതരിപ്പിച്ചു. എഴുത്തിലെ നര്‍മ്മം ഇഷ്ടപ്പെട്ടു.

വീകെ said...

അന്നു പുറംതിരിഞ്ഞു നിന്നില്ലായിരുന്നേൽ ഇന്നത്തെ മമ്മൂട്ടിയും മോഹൻലാലും മറ്റും ബാ ക്ക് ബഞ്ചിലിരുന്നേനേ...
കഥ കൊള്ളം...
ആശംസകൾ....

Lipi Ranju said...

ആ ഡോക്ടര്‍ക്കിട്ട് കൊടുത്ത പണി കൊള്ളാം... :))
എന്നാലും മലയാള സിനിമയ്ക്ക് ഒരു മഹാ നടനെ, പുറം തിരിഞ്ഞു നിന്നു നഷ്ടമാക്കിയിട്ടും അതിന്‍റെ വല്ല കുറ്റബോധവും ഉണ്ടോന്നു നോക്കിയേ !!!

Vayady said...

കുട്ടിക്കാലത്തെ കാര്യങ്ങള്‍ ഓര്‍ക്കാന്‍ ഇപ്പോഴും എന്ത് രസമാണല്ലേ? ഈ പോസ്റ്റ് വായിച്ച് ഞാന്‍ കുറേ നേരം ഓരോന്ന് ആലോചിച്ചങ്ങിനെയിരുന്നു.

അന്ന്‌ സ്റ്റേജില്‍ പുറം തിരിഞ്ഞു നിന്നില്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? മലയാള സിനിമയിലെ നായക നടന്മാരൊക്കെ കുത്തുപാളയെടുത്തേനെ..നിര്‍മ്മാതാക്കള്‍ പലരും പിച്ചയെടുക്കേണ്ടി വന്നേനെ..ഹോ! എത്ര ജീവിതങ്ങളാണ്‌ താങ്കള്‍ ഒറ്റയടിക്ക് രക്ഷപ്പെടുത്തിയത്!! (ആ രതീഷ് ഈ ബ്ലോഗ്‌ വായിക്കുന്നുണ്ടാവുമോ ന്റെ ഈശ്വരാ!)

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..ദുബായിക്കാര...വീണ്ടുമുള്ള ഈ വരവിനു...തീര്‍ച്ചയായും താങ്കള്‍ക്ക് അതിനുള്ള സ്വാതന്ത്യ്രം ഉണ്ട്...വീണ്ടും വരൂ...വിമര്‍ശനങ്ങള്‍ കൂടി ഉണ്ടായാലേ രചനകള്‍ നന്നാവൂ എന്നുള്ള പക്ഷക്കാരനാണ് ഞാന്‍..

നന്ദി..ശ്രീജിത്ത്‌.
നന്ദി..വീ കെ
നന്ദി.ലിപി

നന്ദി..വായാടി...ബ്ലോഗ്‌ വായിച്ചു ഇന്നലെ തന്നെ രതീഷ്‌ ( യഥാര്‍ത്ഥ പേരല്ല ) വിളിച്ചു ! ആദ്യം ചോദിച്ചത് സീനത്തിന്റെ യഥാര്‍ഥ പേര് എന്തായിരുന്നു എന്നാണ്..വര്‍ഷം കുറെ ആയില്ലേ !

Maya V said...

നല്ല രസമുള്ള അവതരണം. കൊമഡി നന്നായി വഴങ്ങുന്നുണ്ട് താങ്കള്‍ക്കു.

ചാണ്ടിച്ചൻ said...

അപ്പോള്‍ രതീഷ്‌, "ആര്‍ക്കറിയാം.ചിലപ്പോള്‍ എന്‍റെ ജീവിതം തന്നെ മാറിപ്പോയേനെ"
അപ്പോള്‍ ശശി, "ശരിയാ....ജീവിതം തന്നെ നാറിപ്പോയേനെ"
അപ്പോള്‍ രതീഷ്‌, "പോടാ *&^%$#@"
അപ്പോള്‍ ശശി "ഇവന്റെ തൊണ്ടയിലെ മീന്മുള്ള് എടുത്തു കളഞ്ഞതായല്ലോ ദൈവമേ, മണ്ടത്തരം"

:-):-):-):-):-):-):-):-):-):-):-):-)

പട്ടേപ്പാടം റാംജി said...

പണ്ട് ഒരു നാടകം കളിച്ച് കൊണ്ടിരുന്നപ്പോള്‍ നാടകത്തിന്റെ വികാരനിര്‍ഭരമായ ഒരു രംഗം മനസ്സില്‍ ഓര്‍മ്മ വന്നു. നായകന്‍ നായികയോട് പറയുന്ന രംഗം.
"നിന്റെ വയറ്റില്‍ കിടക്കുന്ന തന്തയുടെ കുട്ടി ആരെന്ന് പറയെടി..."
എന്ന് വിളിച്ച് പറഞ്ഞതും നിറുത്താത്ത കൂവലിനിടയിലും മറ്റ് ഡയലോഗ് തുടര്‍ന്ന് രക്ഷപ്പെട്ടതും ഓര്‍ത്തുപോയി.
കൊള്ളാം മാഷെ.

ശങ്കരനാരായണന്‍ മലപ്പുറം said...

നാടകപുരാണം രസകരമായി! സ്‌കൂളില്‍ പഠിക്കുമ്പോള്‍ എനിക്കും നടകാഭിനയക്കമ്പമുണ്ടായിരുന്നെങ്കിലും ആ മോഹം പൂവണിഞ്ഞില്ല. പിന്നീട് നാട്ടിലെ കലാസമിതിയില്‍ വച്ചാണ് ഈ പൂതി തീര്‍ത്തത്, 18-ാം വയസ്സില്‍. ഹാസ്യ കഥാപാത്രങ്ങളെയാണ് എനിക്ക് ലഭിച്ചിരുന്നത്. ആദ്യമായി സ്റ്റേജില്‍ കയറിയപ്പോള്‍ നല്ലപോലെ വിറച്ചെങ്കിലും കഥാപാത്രം പറയുന്ന ഹാസ്യ ഡയലോഗുകളില്‍ ജനങ്ങള്‍ ലയിച്ചുവെന്ന് ബോധ്യം വന്നപ്പോള്‍ ആ വിറയല്‍ ഇല്ലാതായി. കയ്യടിയും ചിരിയും ആവേശം പകര്‍ന്നു. തുടര്‍ന്ന് ഹാസ്യ കഥാപാത്രമായി ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചു. ഞാന്‍ അഭിനയിച്ച ഒരു ഹാസ്യ കഥാപാത്രം പറഞ്ഞ ചില ഡയലോഗുകള്‍ അതേപടി പറഞ്ഞ് ചിരിക്കുന്നവര്‍ ഇപ്പോഴുമുണ്ട്, കൊല്ലം പിന്നെയും 18+18 കഴിഞ്ഞിട്ടും.
വില്ലേജ്മാന്‍ മൂട് പ്രദര്‍ശിപ്പിച്ചതുപോലെ (വില്ലേജ്മാന് പ്രദര്‍ശിപ്പിക്കാന്‍ നല്ലൊരു മൂടെങ്കിലുമുണ്ട്;എനിക്കതുമില്ല) അഭിനയ ജീവിതത്തില്‍ ഒട്ടേറെ രസകരമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അച്ഛന്‍ മകനെ ചീത്ത വിളിക്കുന്ന ഒരു രംഗം. 'അച്ഛന്‍' ആദ്യമായാണ് അഭിനയിക്കുന്നത്. അച്ഛന്‍ അലറി: ''ആകാശ വെടിടാ''. കര്‍ട്ടന്റെ പിന്നില്‍ നിന്നു ഡയലോഗ് പറഞ്ഞുകൊടുത്തിരുന്നത് 'പാപ്പനംകോട് കുട്ടി'യായിരുന്നു. പാപ്പനുട്ടി എന്നു വീട്ടുകാരും നാട്ടുകാരും ഓമനിച്ച് വിളിക്കുന്ന ഈ 'കുട്ടി'യെ നാടകത്തില്‍ ഇങ്ങനെയാണ് പരിചയപ്പെടുത്താറുണ്ടായിരുന്നത്. നായകന്‍ തന്നെയായിരുന്നു ഞങ്ങളുടെ നാടകങ്ങള്‍ സംവിധാനം ചെയ്തിരുന്നത്. (ഈ നായകന്‍ നാടകത്തില്‍ നായികയെ പ്രേമിച്ച് പ്രേമിച്ച് പ്രേമം ജീവിതത്തിലുമാക്കി. ഇന്ന് ആ നായികയും നായകനും അമ്മയും അച്ഛനുമായി ജീവിക്കുകയാണ്, നല്ല കുടുംബമായി). ഇതു കാരണം, ദൂര സ്ഥലങ്ങളില്‍ നാടകങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ സംവിധായകന്റെ സ്ഥാനം പലപ്പോഴും നാടകത്തിനുവേണ്ടി എല്ലാ സഹായങ്ങളും ചെയ്യുന്ന ഈ 'കുട്ടി'ക്കാണ് നല്‍കിയിരുന്നത്. മൈക്കിലൂടെ ശബ്ദം ഉച്ചത്തിലുയരും-ഈ നാടകത്തിന്റെ സംവിധാന കര്‍മ്മം നിര്‍വ്വഹിച്ചിരിക്കുന്നത്- പാപ്പനംകോട് കുട്ടി). 'ആകാശവെടി'കേട്ട് ഞെട്ടിയ 'പാപ്പനംകോട് കുട്ടി' ദേഷ്യത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു-''ആകാശ വെടിടാ എന്നല്ലടാ ആ കാശെവിടെടാ എന്നു പറയെടാ''. ഈ ഡയലേഗ് വലിയ ശബ്ദത്തോടെ മൈക്ക് പുറത്തുവിട്ടു. പിന്നത്തെ കുറെ ഡയലോഗുകള്‍ ജനത്തിന്റെ കൂവലില്‍ ലയിക്കുകയാണുണ്ടായത്.

keraladasanunni said...

"അന്ന് നീ പുറം തിരിഞ്ഞു നിന്നില്ലാരുന്നേല്‍"!!

സിനിമ നടനായേനെ.രസകരമായ എഴുത്ത്.

ചന്തു നായർ said...

പഴയ കാലം ഓർമ്മയിൽ... പറഞ്ഞാൽ തീരാത്ത അത്ര കഥകളുണ്ട്...നാടകത്തെപറ്റി..ഈ ഓർമ്മപ്പെടുത്തലിന് വളരെ നന്ദി

ഫൈസല്‍ ബാബു said...

ഇഷ്ടപ്പെട്ടു ....

Pradeep Kumar said...

രസകരമായി അവതരിപ്പിച്ചു.അഭിനന്ദനങ്ങള്‍

sreee said...

സ്കൂൾ കാലമൊക്കെ ഓർക്കാൻ എന്തു രസം.എഴുതാൻ ഇനിയും കാണും സംഭവങ്ങൾ !!! ?

kaitharan said...

adipoli... narmarasam thulumbunna shaily kollaam

MOIDEEN ANGADIMUGAR said...

അനുഭവങ്ങൾ ഏറെ ചിരിപ്പിച്ചു.
ആശംസകൾ

വര്‍ഷിണി* വിനോദിനി said...

വായനക്കാരെ രസിപ്പിയ്ക്കാന്‍ താങ്കളുടെ അനുഭവകുറിപ്പുകള്‍ക്ക് എപ്പോഴും കഴിയാറുണ്ട് എന്നത് ആശംസനീയം തന്നെ..

SHANAVAS said...

നല്ല രസകരമായ ഓര്‍മ്മക്കുറിപ്പുകള്‍‍...സരസമായ അവതരണം...അഭിനന്ദനങ്ങള്‍..

സീത* said...

ശ്ശോ എന്നാലും ഒരു നടനെ നഷ്ടപ്പെടുത്തീല്ലോ മലയാള നാടക വേദിക്ക്..പുറം തിരിഞ്ഞ് നിൽക്കണ്ടായിരുന്നു...ഹിഹി..നർമ്മം നന്നായി വഴങ്ങുന്നുണ്ട്..ഇനിയും വരട്ടെ ഇത്തരം വെടിക്കെട്ടുകൾ

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..മായാവി..
നന്ദി..ചാണ്ടിച്ചാ
നന്ദി..രാംജി ഭായ്
നന്ദി..ശങ്കര്‍ജി...ഈ വായനക്കും, അനുഭവ കുറിപ്പിനും..
നന്ദി..കലാ ദാസനുണ്ണി
നന്ദി..ചന്തുവേട്ടാ..
നന്ദി..ഫൈസല്‍ ബാബു.
നന്ദി..പ്രദീപ്‌
നന്ദി..ശ്രീ
നന്ദി..കൈതാരന്‍..
നന്ദി..മൊയ്ദീന്‍..
നന്ദി..വര്‍ഷിണി..
നന്ദി..ഷാനവാസ് ഭായ്..
നന്ദി..സീത

നികു കേച്ചേരി said...

പണ്ട് അമേച്ച്വർ നാടകങ്ങളുടെ പുഷ്ക്കല കാലങ്ങളിൽ നാട്ടിലവതരിപ്പിച്ചിരുന്ന ഒരു നാടകത്തിൽ “കലാപകാരികൾ സീസറെ വധിച്ചേ...” എന്നൊരു ഡയലോഗ് വിറയലിനിടെ കലാപകാരികൾ “സിസറ്‌ വലിച്ചേ” എന്നായിപ്പോയതും .... അങ്ങിനെയുള്ള ഓർമകൾ ഉണർത്തിയ പോസ്റ്റ്.

പിന്നീട് ഇപ്പോൾ കർമ്മം കൊണ്ട് നാട്ടുകാരനായ അനിൽ അതേ സംഭവം സിനിമയിൽ അവതരിപ്പിച്ചപ്പോൾ - പുള്ളിമാൻ - വേണ്ടത്ര ഏറ്റില്ല.....

Vayady said...

റാംജിയുടെ കമന്റ് വായിച്ച് ചിരിച്ചുപോയി..:))

K@nn(())raan*خلي ولي said...

വൈകിയതുകൊണ്ടാവും, ശരിക്കും ആസ്വദിച്ചു വായിച്ചു. ചില കമന്റുകള്‍ കുറിക്കുകൊള്ളുന്നുണ്ട്. മാഷപ്പോള്‍ ഒരു കലാകുട്ടി ആയിരുന്നല്ലേ!

ആസാദ്‌ said...

നാടകമല്ലേ, സാരമില്ല. എന്തായാലും ഒരു കാര്യത്തില്‍ ഉറപ്പുണ്ട് . താങ്കള്‍ അന്ന് അങ്ങിനെ പുറന്തിരിഞ്ഞു നിന്നത് കൊണ്ട് കേരളത്തിലെ പ്രേക്ഷകര്‍ രക്ഷപ്പെട്ടു. പക്ഷെ താങ്കളെ പോലൊരു ഹാസ്യ നടനെ നഷ്ട്ടപെട്ടല്ലോ. ആ സാരമില്ല.

ഒടിയന്‍/Odiyan said...

കൊടും ചതിയായി പോയി ..മലയാള സിനിമക്ക് ഒരു പുതിയ താരോധയത്തെ അല്ലെ നഷ്ട്ടപ്പെടുത്തിയത്..കൃഷ്ണ്ണന്‍ കുട്ടി നായര്‍ക്കു പകരം വയ്ക്കാന്‍ ഇതുവരെ ഒരാളുണ്ടായിട്ടില്ല..ഹി ഹി പുള്ളിക്കാരന്‍ കേള്‍ക്കണ്ട...

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..നികു കേച്ചേരി
നന്ദി..വായാടി
നന്ദി..കണ്ണൂരാന്‍
നന്ദി...ആസാദ് ഭായ്
നന്ദി ..ഒടിയന്‍..

അവധിക്കാലം കഴിഞ്ഞു...ബ്ലോഗില്‍ വീണ്ടും ഇന്ന് മുതല്‍ സജീവം..എല്ലാവര്ക്കും നന്ദി.