May 30, 2013

ഫ്ലാറ്റ് നമ്പർ 13 - വസുന്ധരാ എൻക്ലേവ്

ചില്ലറ കാര്യങ്ങളിൽ തുടങ്ങിയ അഭിപ്രായവ്യത്യാസങ്ങൾ ഒരു വലിയ വഴക്കിലേക്ക് നയിക്കാനും,കല്യാണി ശബ്ദമുയർത്തി സംസാരിക്കുന്നത് അസഹനീയമായി തോന്നാനും  തുടങ്ങിയപ്പോൾ രഘുനാഥൻ ഫ്ലാറ്റ് പൂട്ടി പുറത്തേക്കു നടന്നു.മരിച്ചു കളഞ്ഞാലോ എന്നയാൾക്ക് തോന്നി.
 
 



ഈയിടെയായി കല്യാണി ഇങ്ങനെയാണ്.ചെറിയ ചെറിയ കാര്യങ്ങൾക്ക് വഴക്കുണ്ടാക്കും.ശബ്ദമുയർത്തും,പാത്രങ്ങളെറിഞ്ഞുടക്കും.സാധാരണയായി   അയാൾ പ്രതികരിക്കാത്തതിനു മൂന്നു കാര്യങ്ങൾ ഉണ്ടായിരുന്നു.ഒന്ന്, രണ്ടു കൈകൾ കൂട്ടിയടിച്ചാലെ ശബ്ദം ഉണ്ടാവൂ എന്ന തിരിച്ചറിവ്.രണ്ട്,മിക്കവാറും കല്യാണിയുടെ ഭാഗത്താവും ന്യായം എന്നതു.മൂന്നു അയാൾ കല്യാണിയെ അതിരറ്റു സ്നേഹിക്കുന്നത് കൊണ്ട് .

ഡൽഹിയിലുള്ള വസുന്ധരാ എൻക്ലേവിലെ ഒരു ബിൽഡിങ്ങിൽ,ഫ്ലാറ്റ്  നമ്പർ പതിമ്മൂന്നിൽ  ആയിരുന്നു  അവർ കഴിഞ്ഞ  രണ്ടു വർഷമായി  താമസിച്ചിരുന്നത്.ഫ്ലാറ്റ്നമ്പർ  പതിമൂന്നു  എന്നുള്ളത്  പന്ത്രണ്ടു  ആക്കാത്തതിനായിരുന്നു പുതിയ വഴക്ക്.കുട്ടികൾ  ഉണ്ടാകാത്തത്  പതിമൂന്നിന്റെ  നിർഭാഗ്യം  ആണെന്ന്  അവൾ പറഞ്ഞു.നാല്  വര്ഷം മറ്റു പലയിടങ്ങളിൽ  താമസിച്ചിട്ടും  ഒന്നും സംഭവിച്ചില്ലല്ലോ  എന്നുള്ള അയാളുടെ  ചോദ്യമായിരുന്നു  വഴക്കിനു തിരി കൊളുത്തിയത്. ഒരു  ഫ്ലവർവേസ് പൊട്ടലായിരുന്നു  ആദ്യത്തെ  അതിന്റെ  പ്രതികരണം.
 
 
വിവാഹത്തിന്  ആറു വർഷങ്ങൾക്കു ശേഷവും കുട്ടികൾ ഉണ്ടാവാത്തതാണ് കല്യാണിയുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾക്കു മൂലകാരണം എന്നറിയാമെങ്കിലും,അതിലുള്ള വിഷമത്തിന്റെ കൂടെ മനസമാധാനം നഷ്ട്ടമായുള്ള ഈ ജീവിതത്തിൽ അയാൾക്ക്‌ മടുപ്പ് തോന്നിത്തുടങ്ങിയിരുന്നു.അവധി ദിനങ്ങളെ അയാൾ പേടിച്ചു.ദിവസേനയുള്ള വഴക്കുകളും അതിനുശേഷമുണ്ടാകാറുള്ള അതിഭീകരമായ നിശ്ശബ്ദതയും,  ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്നുള്ള ചിന്തയിലേക്ക് അയാളെ ‌  ഇടയ്ക്കിടെ എത്തിച്ചിരുന്നു.എങ്കിലും സ്വയം മരിക്കാൻ അയാൾക്ക്‌ പേടിയായിരുന്നു എന്നതായിരുന്നു സത്യം.
 
 
ദൽഹി തണുത്തുറഞ്ഞു കിടക്കയായിരുന്നു.തന്റെ മാരുതി എണ്ണൂറിൽ തികച്ചും അശ്രദ്ധമായി സഞ്ചരിക്കവേ,ഏതെങ്കിലും ഒരു വാഹനം വന്നു തന്റെ കാര് തകർത്തു തരിപ്പണമാക്കും എന്നയാൾ വ്യാമോഹിച്ചു.പക്ഷെ ഒന്നും സംഭവിച്ചില്ല.   
 
 
മൂന്നുവർഷത്തേക്കുള്ള ഉത്തരേന്ത്യൻ സ്ഥലംമാറ്റം ബാങ്കിൽ നിന്ന് അറിയിച്ചപ്പോൾ,സന്തോഷത്തോടെയായിരുന്നു അയാൾ സ്വീകരിച്ചത്. എന്താണ് കുട്ടികൾ ഉണ്ടാകാത്തത് എന്നുള്ള ചോദ്യത്തെ നേരിട്ട് മടുത്ത അവസരത്തിൽ ഒരു മാറ്റം കൂടി ജീവിതത്തിനു അനിവാര്യതയായിരുന്നു. ഡൽഹിയിൽ വന്നിട്ടും ചികിത്സകൾ തുടർന്നിട്ടും ഫലമുണ്ടാകാത്ത അവസ്ഥയിൽ കല്യാണിയോട് പലവട്ടം ഒരു കുട്ടിയെ ദത്തെടുക്കുന്നതിനെ അയാള് സംസാരിച്ചുവെങ്കിലും കല്യാണി അനുകൂലമല്ലായിരുന്നു. 
 
 
ബാങ്കിലെത്തി അയാൾ   രണ്ടു കത്തുകൾ തയാറാക്കി.ഒന്ന് കല്യാണിക്കും മറ്റൊന്ന് മേലുദ്യോഗസ്ഥനും.രണ്ടും കവറിലാക്കി അയാൾ കാറിൽ തന്നെ വെച്ചതിനു ശേഷം നദിക്കരയിലേക്ക് പൊയി.യമുനാനദിയിലേക്ക് വണ്ടി ഓടിച്ചിറങ്ങാമെന്നും,വേദനാജനകമല്ലാത്ത ഒരു   മരണത്തെ    പുൽകാമെന്നും അയാള് ഓർത്തു.
 

നദിയിലേക്ക് നയിക്കുന്ന ചെറിയ വഴിയിലൂടെ അവിടെ ചെല്ലുമ്പോൾ താടിയും മുടിയും  നീട്ടിവളർത്തിയ  ഒരാൾ   കുളിക്കുന്നുണ്ടായിരുന്നു.അയാള് കയറിപ്പോകട്ടെ എന്നുള്ള വിചാരത്തിൽ വണ്ടി നിർത്തി പിന്നോട്ടു ചാരിക്കിടക്കവേ വീട്ടിലെ നമ്പരിൽ നിന്നും ഫോണ്‍‍ വന്നു.കുറച്ചു നിമിഷങ്ങള്ക്ക് ശേഷം, കല്യാണിയുടെ മൊബൈൽ നമ്പരിൽ നിന്നും ഒരു കാൾ കൂടിയെത്തി.കല്യാണിയോടു സംസാരിച്ചാൽ ചിലപ്പോൾ മരിച്ചേക്കാം എന്നുള്ള തീരുമാനം മാറ്റേണ്ടി വന്നാലോ എന്ന് ഭയപ്പെട്ടതിനാൽ ‍ അയാൾ ഫോണ്‍ ‍ എടുത്തില്ല.
  
 
കുളി കഴിഞ്ഞു താടിക്കാരൻ  വസ്ത്രങ്ങൾ മാറ്റി ധരിച്ചു.ശേഷം,   കൈയിലുണ്ടായിരുന്ന ഭാണ്ടക്കെട്ടുമായി  അടുത്ത് തന്നെയുള്ള ഒരു മരത്തണലിൽ അയാൾ ചാരിയിരുന്നപ്പോൾ,തന്റെ ഇംഗിതം നടക്കണമെങ്കിൽ വേറെ എവിടെ എങ്കിലും പോകണം എന്ന് രഘുനാഥനു തോന്നി.തന്റെ കൈയിൽ മിച്ചമുള്ള പണം അയാൾക്ക്‌  കൊടുക്കാമെന്നും.അല്ലെങ്കിൽ  തന്നെ മരിക്കാൻ പോകുന്നവന് എന്തിനു പണം ?
 
പേഴ്സിൽ ഇരുന്ന പണം മുഴുവൻ അയാളുടെ നേരെ നീട്ടുമ്പോൾ,താടിയും മുടിയും നീട്ടിയ അയാളുടെ മുഖത്ത് എന്തൊരു ശാന്തത എന്ന് രഘുനാഥൻ അതിശയിച്ചു.പണം അയാൾ  വാങ്ങിയില്ല പകരം"നിങ്ങൾ മരിക്കാൻ പോകുന്നോ"എന്നുള്ള ചാട്ടുളി പോലുള്ള ചോദ്യത്തിൽ രഘുനാഥൻ,ഒന്ന് പരുങ്ങി.തന്റെ  മാനസികവ്യാപാരങ്ങൾ  എങ്ങനെ  ഈ  മനുഷ്യൻ മനസ്സിലാക്കി  എന്നയാൾ  അത്ഭുതപ്പെട്ടു."ഈ ലോകത്തിൽ,ഓരോരുത്തര്ക്കും ഓരോ ദൌത്യം ഉണ്ടെന്നും,നിങ്ങളുടേത് എന്ത് എന്ന് നിങ്ങള്ക്കറിയാമോ" എന്നുള്ള അയാളുടെ ചോദ്യത്തിന് ഉത്തരം തേടി രഘുനാഥന്റെ മനസ്സ് അലയവേ ഭാണ്ടക്കെട്ടുമായി അയാൾ നടന്നകന്നു.

വീട്ടിലേക്കു  പോകാൻ  അയാൾക്ക്‌  തോന്നിയില്ല. കരോൾ ബാഗിലുള്ള  ജോസഫേട്ടന്റെ കടയിൽ പോയി എന്തെങ്കിലും  കഴിച്ചാലോ  എന്ന  ചിന്തയിൽ വണ്ടി  തിരിക്കുമ്പോൾ കല്യാണി  എന്തിനായിരിക്കും  വിളിച്ചിരിക്കുക  എന്ന് ഒരു  നിമിഷം അയാള്  ചിന്തിച്ചു.   


ജോസഫേട്ടന്റെ  കടയിൽ  എല്ലാവരും  ടി.വി  കാണുകയായിരുന്നു.ആ കടയുടെ  പിന്നിൽ  തന്നെയുള്ള ഒരു  തെരുവിനെ പറ്റി തന്നെയുള്ള  ഒരു പ്രോഗ്രാം  ആയിരുന്നു  ടി.വിയിൽ  കാണിച്ചുകൊണ്ടിരുന്നത്‌.വളകളിൽ ഡിസൈൻ ചെയ്യുന്ന  ഒരു  കുടുംബം.ഒരു ഡസൻ വളകളിൽ  മുത്തുകൾ ഒട്ടിച്ചാൽ  എത്ര  രൂപ  കിട്ടും  എന്ന  ചോദ്യത്തിന്,പന്ത്രണ്ടോ  പതിനഞ്ചോ  വയസ്സ്  പ്രായമുള്ള  ഒരു പെണ്‍കുട്ടി  രണ്ടു  രൂപ  എന്ന്  മറുപടി  നല്കി.ആറു  അംഗങ്ങൾ  ഉള്ള  അവളുടെ  കുടുംബം  ഒരു  ദിവസം എത്ര ഡസൻ ഉണ്ടാക്കും   എന്ന  ചോദ്യത്തിന് മുപ്പതോ  നാല്പ്പതോ  എന്ന  മറുപടി  കേട്ട്  അറുപതോ  എണ്‍പതോ  രൂപയാണ്,ഒരു ദിവസത്തെ  ആ കുടുംബത്തിന്റെ   വരുമാനം  എന്ന്  തിരിച്ചറിവിൽ രഘുനാഥൻ  സ്ഥബ്തനായി.വീട്ടില് നിന്നും  ബാങ്കിൽ പോകാൻ  വേണ്ടി പെട്രോൾ  അടിക്കാൻ  തന്നെ  ഏകദേശം അത്ര  തന്നെ വേണമല്ലോ എന്നയാൾ  ഓർത്തു.മരണം  എന്ന ഭീകരമായ   അവസ്ഥയിൽ നിന്നും എത്രയോ  മഹത്തരമാണ്  കഷ്ട്ടപ്പാട് നിറഞ്ഞതെങ്കിലും  ജീവിതം എന്ന്  അപ്പോൾ       അയാൾക്ക്‌ തോന്നി.ഒരു സിനിമക്ക് പോയേക്കാം  എന്ന ലാഖവത്തോടെ മരണത്തിലേക്ക്  നടന്നു  ചെല്ലാൻ  തീരുമാനിച്ചതിൽ   ലജ്ജയും.ചെറിയ  ചെറിയ  വഴക്കുകളിൽ  വിഷമിച്ചു  ജീവിതമൊടുക്കാൻ പോയ  തന്റെ ചിന്തയെ  അയാൾ സ്വയം പഴിച്ചു .


വീട്ടിലേക്കു പോകും മുന്നേ,ആ  തെരുവിൽ നിന്നും  ഒന്നോ  രണ്ടോ  ഡസൻ വളകൾ  വാങ്ങിയേക്കാം  എന്നയാൾ തീരുമാനിച്ചു.വളകൾ ഉണ്ടാകുന്ന  ആ  കുടുംബത്തെ  സഹായിക്കുക  എന്നതും ഒരു  കാരണമായിരുന്നു.സ്കൂളിൽ  പഠിക്കുന്ന പ്രായമുള്ള  ഒരു പെണ്‍കുട്ടിയിൽ നിന്നും   രണ്ടു  ഡസൻ  വളകൾ  വില  പേശാതെ  തന്നെ  അയാള്  വാങ്ങി.ബാക്കി  വന്ന  രണ്ടു  രൂപ എടുത്തോളാൻ പറഞ്ഞപോൾ,അയാളെ തികച്ചും അത്ഭുതപ്പെടുത്തി ഒരു ചെറു  ചിരിയോടെ  ഒരു ഡസൻ  കുഞ്ഞു കരിവളകൾ കൂടി അവൾ  നീട്ടി.രഘുനാഥന്റെ കണ്ണിൽ ഒരു ചെറു കണ്ണീർക്കണം ഉരുണ്ടു കൂടി. "യെ നഹി ചായിയെ ബേട്ടി...ഹമേ  ബച്ചേ നഹി ഹേ" എന്നയാൾ വിഷമത്തോടെ  പറഞ്ഞു."ഫികർ  മത് കരോ..ഭഗവാൻ ആപ്കോ ബച്ചേ സരൂർ ദേംഗേ   ചാച്ചാജീ"എന്ന് പറഞ്ഞു    നിര്ബന്ധിച്ചു  അവൾ  വളകൾ  അയാൾക്ക്‌ കൊടുത്തു.

ഫ്ലാറ്റ് നമ്പർ  പതിമൂന്നിൽ  കല്യാണി  ഉണ്ടായിരുന്നില്ല.വാതിൽ പൂട്ടിയിരുന്നു. തന്നോട്  വഴക്കിട്ടു കല്യാണി എന്തെങ്കിലും  കടുംകൈ ചെയ്തിട്ടുണ്ടാവുമോ  എന്ന്  അയാൾ ഭയന്നു.കാലത്തെ  അവളെ  കഠിനമായി  വേദനിപ്പിക്കത്തക്കത് എന്തെങ്കിലും  പറഞ്ഞുവോ  എന്ന്  തന്നോട്  തന്നെ  ചോദിച്ചു കൊണ്ട്    അയാൾ   കല്യാണിയുടെ മൊബൈലിലേക്ക്  ഡയൽ  ചെയ്തു.

നീണ്ട  ബെല്ലുകൾക്ക് ശേഷം കല്യാണിയുടെ ക്ഷീണിച്ചതെങ്കിലും  സന്തോഷം  നിറഞ്ഞ സ്വരം അയാൾ  കേട്ടു. ആശുപതിയിൽ  ആണ് എന്നവൾ പറഞ്ഞു. ദൈവം  നമ്മുടെ  പ്രാര്ത്ഥന  കേട്ടു  എന്നും.

കൈയിലിരുന്ന ചെറിയ കൂട്  തുറന്നു കരിവളകൾ എടുത്തു  ഉമ്മ  വെക്കുമ്പോൾ  അയാളുടെ  കണ്ണുകൾ  നിറഞ്ഞൊഴുകി .



21 അഭിപ്രായ(ങ്ങള്‍):

പഞ്ചാരകുട്ടന്‍ -malarvadiclub said...

തന്റെ പഴയ ശൈലിയിൽ നിന്നൊക്കെ മാറി വേറിട്ട്‌ നില്ക്കുന്നല്ലോ ഈ കഥ.വളരെ നന്നായിരിക്കുന്നു.

Aneesh chandran said...

പാതി വഴി വായിച്ചെത്തിയപ്പോള്‍ എനിക്ക് സംഗതി മനസിലായി :)

ajith said...

ചിലപ്പോഴൊക്കെ ഇങ്ങനെ അത്ഭുതങ്ങള്‍ നടക്കാറുണ്ട്

(ബ്ലോഗിന്റെ കെട്ടും മട്ടും മാറ്റി മനോഹരമാക്കി)

റിനി ശബരി said...

നന്നായി പറഞ്ഞേട്ടൊ ..
സിനിമ കാണാന്‍ പൊകുന്ന ലാഘവത്തൊടെ
മരണത്തെ പുല്‍കാന്‍ ആയുന്ന മനസ്സുകള്‍ക്ക് ...
നമ്മേ തേടി എന്തൊക്കെ കാലം കാത്ത് വച്ചിരിക്കുന്നു എന്നുള്ളത് ..!
ഒരു വാക്ക് മതിയെന്ന് പറയുന്നത് ഇതു കൊണ്ടാകാം അല്ലേ ..
ഡിപ്രഷന്‍ മൂത്ത് സ്വയം തീരാന്‍ തീരുമാനിക്കുന്ന
മനസ്സുകളെ ഒരു മൊഴി കൊണ്ട് മാറ്റാനാകുമെന്ന് കാലം തെളിയിച്ചിട്ടുണ്ട് .
ശുഭകരമായി അവസ്സാനിച്ചത് എന്തു കൊണ്ടും നന്നായീ ..
മനസ്സുകള്‍ക്ക് താങ്ങാകാന്‍ വരികള്‍ക്കും കഴിവുണ്ട് ..
ആ കുഞ്ഞ് വള കച്ചവടക്കാരിയുടെ മൊഴികള്‍ പൊലെ ..
സ്നേഹാശംസ്കള്‍ സഖേ ..!

Anonymous said...

"യെ നഹി ചായിയെ ബേട്ടി...ഹമേ ബച്ചേ നഹി ഹേ" എന്നയാൾ വിഷമത്തോടെ പറഞ്ഞു."ഫികർ മത് കരോ..ഭഗവാൻ ആപ്കോ ബച്ചേ സരൂർ ദേംഗേ ചാച്ചാജീ"എന്ന് പറഞ്ഞു നിര്ബന്ധിച്ചു അവൾ വളകൾ അയാൾക്ക്‌ കൊടുത്തു

ഈ ലൈനിൽ കഥ എത്തിയപ്പോൾ എങ്ങനെ അവസാനിക്കും എന്ന് ബോധ്യമായി. കഥ ഇഷ്ടായി

© Mubi said...

പതിമൂന്നിനെ പഴിക്കുന്നവരുണ്ടല്ലേ??
ചെറുതെങ്കിലും നന്നായിട്ടുണ്ട്ട്ടോ ഈ കഥ..

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

മനോഹരം ...........; നല്ല ഒഴുക്കിൽ പറഞ്ഞു. നല്ല കൈയ്യൊതുക്കം.

vettathan said...

ഭംഗിയായി പറഞ്ഞ കഥ. അഭിനന്ദനങ്ങള്‍.

ചാണ്ടിച്ചൻ said...

ആരാണാ ഗർഭത്തിന്റെ ഉത്തരവാദി....എനിക്കിപ്പോ അറിയണം :-)

‍ആയിരങ്ങളില്‍ ഒരുവന്‍ said...

ഈ ജീവിതം തന്നെ അപ്രതീക്ഷിത സംഭവങ്ങളുടെ ഒരു കൂമ്പാരമല്ലെ.. ഒഴുക്കിൽ പറഞ്ഞുപോയി..

Pradeep Kumar said...

കഥ ആസ്വദിച്ചു.....

ഷാജു അത്താണിക്കല്‍ said...

നന്നായി എഴുതി
നല്ല കഥ
ജീവിത കഥകൾ
ആശംസകൾ

Anonymous said...

ജീവിതം ജീവിച്ചു തീർക്കാനുള്ളതാണ്‌, നഷ്ടപ്പെടുത്താനുള്ളതല്ല. സന്തോഷകരവും, പ്രക്ഷുബ്ധമായതുമായ രംഗങ്ങൾ തിരശീലയിലെന്നതുപോലെ വന്നും പോയുമിരിക്കും. ചിലയിടങ്ങളിൽ മൗനം പാലിക്കേണ്ടി വരും. ചിലയിടങ്ങളിൽ മൗനിയാകാതെ പോട്ടിത്തെറിക്കേണ്ടി വരും. അതെല്ലാം ജീവിതത്തിൽ നിന്നും പഠിക്കുന്ന പാഠങ്ങളാണ്. ദുഃഖമായാലും, സന്തോഷമായാലും ക്ഷമയോടെയും, പ്രതീക്ഷയോടെയും സമീപിക്കണം എന്നതാണ് സത്യം. ഇനി എനിക്ക് ജീവിതം വേണ്ടയെന്ന തെറ്റായ തീരുമാനമാനത്തിൻറെ സന്ദർഭങ്ങളിൽ ബുദ്ധിയെ തെളിക്കാൻ ദൈവത്തിൻറെ ഇടപെടലുകൾ ഉണ്ടാവും. വിഷമഘട്ടങ്ങളുണ്ടാകുമ്പോൾ കണ്ണുതുറന്നു ചുറ്റും നോക്കിയാൽ, നമുക്കുണ്ടായതിനേക്കാൾ വിഷമഘട്ടത്തിലൂടെ പ്രയാണം ചെയ്തു വിജയം വരിച്ച തീരെ സാദാരണക്കാരായ മനുഷ്യരുടെ ജീവിതം പ്രചോദനമായി മുന്നിലുണ്ടാവും. നമ്മുടെ വിഷമഘട്ടങ്ങളെ തരണം ചെയ്‌തുകഴിയുമ്പോൾ ഉണ്ടായ വിഷമത്തെ ഓർമിക്കാൻ പോലും പറ്റാത്തത്ര സന്തോഷദായകമായ സാഹചര്യങ്ങളാവും നമ്മെ കാത്തിരിക്കുക. ഇതൊക്കെ താങ്കൾ ഈ ചെറുകഥയിൽ വളരെ യുക്തിയോടെ ഇഴപാകിയെടുത്തിരിക്കുന്നു. അഭിനന്ദനങ്ങൾ.

Anonymous said...

ഒരു വൈകാരികതയുടെ കുറവ് തോന്നി.. തോന്നലാകാം, എങ്കിലും...

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ കല്ല്യാണി കളവാണി
കുഞ്ഞിക്കരിവളകൾക്ക് കളമൊരുക്കി അല്ലേ...
ഈ കഥയും ,ബ്ലോഗിന്റെ മട്ടും ഭാവവും താങ്കളെപ്പോലെ തന്നെ സുന്ദര കുട്ടപ്പനാക്കിയല്ലോ ശശി ഭായ്

Anonymous said...

പുതിയ ഫ്ലാറ്റ് കൊള്ളാലോ? കെട്ടും മട്ടും ആകെ മാറിയിരിക്കുന്നു.
കഥയും മനോഹരം.

ഒരു കുഞ്ഞുമയിൽപീലി said...

ചെറിയ നല്ല കഥ ആശംസകൾ ..ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയിൽപീലി

kochumol(കുങ്കുമം) said...

കൊള്ളാം നല്ലൊരു കുഞ്ഞു കഥ..

Aarsha Abhilash said...

ഒരു കുഞ്ഞികഥ .. പകുതിക്ക് വെച്ച് ഒരു പ്രവചന സ്വഭാവം തോന്നി :) . എങ്കിലും നന്ന്... ആശംസകള്‍

Sangeeth vinayakan said...

ലാഖവം എന്നെഴുതി കണ്ടു.. അത് ലാഘവം എന്ന് തിരുത്തുമല്ലോ.. :)

കഥയുടെ പേര് കണ്ടപ്പോള്‍ വല്ല പ്രേതകഥയും ആയിരിക്കും എന്ന് കരുതി.. ഫ്ലാറ്റ് നമ്പര്‍ പതിമൂന്നില്‍ പ്രേതങ്ങള്‍ അല്ലാത്തവരും ഉണ്ടാവും എന്ന് മനസ്സിലായി (ഈ പേരില്‍ ഒരു സിനിമയുണ്ട് അതാ അങ്ങനെ ചിന്തിച്ചത് ട്ടോ..) കഥ ലളിതമായി പറഞ്ഞു വെച്ചു. :)

Anonymous said...

Nannayitundd ...nalla kadha