Aug 3, 2014

ഒരു അധ്യാപന പരീക്ഷണത്തിന്റെ കഥ

പി.ജി  ഒക്കെ  കഴിഞ്ഞു  റിസൾട്ട്  കാത്തു  നില്ക്കുന്ന കാലം.പ്രത്യേകിച്ച് പണിയൊന്നും  ഇല്ലാത്തതിനാൽ, ഒരേ തൂവൽ  പക്ഷികളായ ഞങ്ങൾ  നാല് പേര് കവലയിൽ  കാലത്തെ  കാപ്പികുടി  ഒക്കെ   കഴിഞ്ഞു  ഒത്തു കൂടും. കാലത്തെ   പിള്ളേരെ  ഒക്കെ  ബസ് കേറ്റി  വിടുക  എന്ന  ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റി കഴിഞ്ഞു   രണ്ടു   സൈക്കിളുകളിൽ ആയി  രണ്ടു കിലോമീറ്റർ    അകലെ  ഉള്ള   ക്ലബ്ബിൽ കാർപ്പൊവും  കാസ്പറോവും  ആകും. ഉച്ചക്ക് കൃത്യമായി  ഉണ്ണാൻ  വീട്ടിലെത്തും. ഊണ് കഴിഞ്ഞാൽ  വീണ്ടും ഇറങ്ങുകയായി. അപ്പോഴേക്കും  ക്ലബ്ബിൽ  ഇരുപത്തെട്ടു  കളിക്കാൻ   ആള് റെഡി  ആയിട്ടുണ്ടാവും. മണിക്കൂറുകളോളം കുണുക്ക്    വെച്ച്  വെച്ച്   വീട്ടില് എത്തിയാലും,ചെവിയിൽ  കുണുക്ക്   ഇരിക്കുന്നത് പോലെ  ഒരു തോന്നലുണ്ടാകും !

അങ്ങനെ  ഒരു  ദിവസം  കൂട്ടുകാരെ  കാത്തു നിൽക്കുമ്പോൾ   റോഡിനു എതിരുവശം   നിന്ന് ഒരാള്  ചിരിക്കുന്നു.ഞാൻ  തിരിച്ചും  ഒരു  ചിരി പാസാക്കുന്നു.കാമുകിയുടെ  പച്ചക്കൊടി   കിട്ടിയ കാമുകനെ മാതിരി അദ്ദേഹം  നേരെ  അടുത്തേക്ക്. വന്നയുടൻ   ഒരു  ചെറിയ  സംശയം ചോദിക്കുന്നു.പോസ്റ്റ്‌  ഗ്രാജുവേറ്റ് ആണല്ലേ ..ഞാൻ ഒരു  ചെറിയ പരുങ്ങലോടെ പറയുന്നു ..അത് വന്ത്...റിസൾട്ട് വന്നിട്ടില്ല. വന്നാലെ പറയാനൊക്കൂ (റിസൾട്ട് വരാൻ  എന്തിരിക്കുന്നു പൊട്ടും എന്നുറപ്പല്ലേ എന്ന് ഞാൻ മനസ്സില് പറഞ്ഞു ) അദ്ദേഹം  സ്വയം പരിചയപ്പെടുത്തി.  ഞാൻ സുധാകരൻ   ഡബിൾ  എം എ ആണ്.ഏറ്റുമാനൂര് ഒരു കോളേജ്  നടത്തുന്നു. ആട്ടെ...പഠിപ്പിക്കാൻ  കഴിയുമോ (സ്വന്തമായിട്ട് പഠിക്കാൻ കഴിവില്ല.പിന്നെയാ എന്ന് ഞാൻ ഞാൻ മനസ്സില് )അത് സാറേ...ഞാൻ ഇതേ വരെ ആരെയും...അത്  സാരമില്ല..നമുക്ക് ശരിയാക്കാം...പിന്നെ  മറ്റൊരു കാര്യം ഉണ്ട്. സാർ രണ്ടു വശത്തേക്കും നോക്കി ആ  വലിയ  രഹസ്യം പറഞ്ഞു...പിന്നെ  കോളേജ്  തുടങ്ങിയതെ ഉള്ളു...പിള്ളേരൊക്കെ  ആയി വരുന്നു. അതുകൊണ്ട്  ശമ്പളം  ഒന്നും  ഉടനെ പ്രതീക്ഷിക്കരുത് .(അത് ശരി...പഠിപ്പിക്കുന്നതും പോരാഞ്ഞിട്ട് വണ്ടിക്കൂലിയും കൈയീന്നു ).അന്ന് ഏറ്റുമാനൂർ   പോയി  വരാൻ  രണ്ടു രണ്ടര  രൂപ വേണം. അങ്ങോട്ട്‌  പൈസ ചിലവാക്കി വായിട്ടലക്കാൻ  പോകാൻ   തലയ്ക്കു വട്ടൊന്നുമില്ല എന്ന് പറയണം  എന്ന് തോന്നിയപ്പോൾ  സാർ  രണ്ടു കൈകളും   കൂട്ടി  പിടിച്ചു പറഞ്ഞു..."വരണം.ഞാൻ വണ്ടിക്കൂലി തരാം"  എന്ന് !

കാലത്തെ  തന്നെ  ഞാൻ കോളേജിൽ  ജോയിൻ ചെയ്തു. കോളേജ്  കെട്ടിടം ഒക്കെ അടിപൊളി.ഒരു  പലചരക്ക് കടയാണ് ലോകത്തിലെ  ആദ്യത്തെ  യൂനിവേർസിറ്റിയുടെ  പേരൊക്കെ  ഇട്ടു വെച്ചിരിക്കുന്നത്.രണ്ടു കടമുറികൾ.ഒരു ചായിപ്പിൽ ടീച്ചേർസ്  റൂം.അവിടെ പിന്നെ  ഞാനും സുധാകരൻ സാറും  മാത്രം   ഉള്ളത് കൊണ്ട് ആവശ്യത്തിനു ഇടം.കൊരിക്കുടിക്കാൻ   മുന്നില്  തന്നെ  ഇഷ്ട്ടം പോലെ വെള്ളമുള്ള പഞ്ചായത്ത് കിണർ.പത്താംക്ലാസ് തോറ്റിട്ട്    പഠിക്കുന്ന ഒരു ബാച്ച്.പിന്നെ രണ്ടു മൂന്ന് പിള്ളേർ  റ്റ്യുഷനും വരും.മൊത്തത്തിൽ  ഒരു ഒലവക്കോടൻ   യൂണിവേർസിറ്റി  സെറ്റപ്പ് !

ആദ്യത്തെ  ക്ലാസിൽ  എന്നെ  സുധാകരൻ  സാർ പരിചയപ്പെടുത്തി.ഇത് നിങ്ങളുടെ  പുതിയ  സാർ ആണ്.ഭയങ്കര  പഠിപ്പീരുകാരൻ  ആണ്.സാറിനെ കിട്ടിയത്  നിങ്ങളുടെ  ഭാഗ്യം..ഈത്തവണ  നിങ്ങൾ എല്ലാവരും  പാസാകും, നോക്കിക്കോ ! അടുത്ത മാസം ഒരു  ലേഡീ  ടീച്ചർ   കൂടി  ജോയിൻ  ചെയ്യും എന്ന് കൂടി കേട്ടപ്പോൾ  ആണ്‍ കുട്ടികൾ  കയ്യടിച്ചു. അത്ഭുതം കൂറിയ  എന്നെ നോക്കി സുധാകരൻ സാർ  " ഉം "  എന്ന പറയുന്ന മാതിരി  തലയാട്ടി !.   


പിള്ളേർ കോറസായി  ഗുഡ്മോര്നിംഗ് പറഞ്ഞു.ഞാൻ സാറായിചാർജെടുത്തു  .ആദ്യം ബോർഡിൽ   അന്നത്തെ ഡേറ്റ്  എഴുതി. പിന്നെ പിള്ളേരെ ആകെ  ഒന്ന്  നോക്കി...നാലാണും  മൂന്നു പെണ്ണും.  എന്റെ ഇരട്ടി വരും  ഓരോന്നും.പിന്നെ എനിക്കില്ലാത്ത ഒന്ന് കൂടുതലായി ആണ്‍ പിള്ളേർക്ക് ഉണ്ടായിരുന്നു.നല്ല  കട്ടി മീശ !പുസ്തകം പിടിച്ച  കൈ  ചെറുതായി വിറക്കുന്നുണ്ടോ എന്ന് ഒരു  സംശയം.എന്നാലും ഒന്നാം  ലോകമഹാ യുദ്ധത്തിന്റെ  കാരണങ്ങൾ  ഞാൻ  വെച്ച്  കാച്ചി. 

ഞാനുമായി  മുന്നാൾ  ഉണ്ടായിരുന്ന   രണ്ടു വിഷയങ്ങൾ -കണക്കും, ഹിന്ദിയും ( നമുക്കീ  ഹിന്ദി പടത്തിൽ  പറയുന്ന,ആജ്  മേരെ  പാസ്  ബംഗ്ലാ ഹേ , ഗാടി ഹേ , ബാങ്ക്  ബാലൻസ്   ഹേ , തുമാരെ  പാസ് ക്യാ ഹേ ...മേരെ പാസ്  മാ  ഹേ മാതിരി  ഹിന്ദി അല്ലെ  ഉള്ളു )  ഒഴിവാക്കി  തരണം   എന്ന് സുധാകരൻ സാറുമായി  കരാർ  ഉണ്ടായിരുന്നത് കൊണ്ട്,ഏതു  പോലീസുകാരനും പഠിപ്പിക്കാവുന്ന,മലയാളം,സോഷ്യൽ,ഹിസ്ടറി ഒക്കെ  ആയിരുന്നു പഠിപ്പീര്.അല്ലെങ്കിലും  മണ്ടന്മാർക്കു  പഠിക്കാൻ പറഞ്ഞിട്ടുള്ളതാണ്  ഹിസ്ടറി  എന്നാണല്ലോ വെപ്പ്.ഹിസ്ടറി  പഠിച്ചവർക്കറിയാം   അതിന്റെ  ബുദ്ധിമുട്ട് ! 

സാറിനു    രാഷ്ട്രീയ  പ്രവർത്തനം  ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് മിക്കവാറും വരാറില്ല.രണ്ടു  ദിവസം  കൊണ്ട്  പിള്ളേര്  കമ്പനി ആയി.അര മണിക്കൂർ കൂടുമ്പോൾ,പിള്ളേര്   വെള്ളം കുടിക്കാൻ പോകാൻ  ബ്രേക്ക്‌ ചോദിക്കും.എന്നാൽ  വെള്ളം  കുടിക്കാൻ പോകാതെ ഡസ്കിന് മുകളിൽ  കയറി   ഇരുന്നു പെണ്പിള്ളേരുമായി  അരിവറക്കുക എന്നതായിരുന്നു അവരുടെ  സ്ഥിരം കലാപരിപാടി.കാലത്തെ   ചെന്ന് കയറുമ്പോൾ ഓരോരുത്തർ പെണ്ണുങ്ങളുടെ  മടിയിൽ  തല  വെച്ച്   കിടക്കുന്ന അനന്തശയനം ടാബ്ലോ  ഒരു സ്ഥിരം കാഴ്ചയായിരുന്നു. ഇത് പറഞ്ഞപ്പോൾ  സാറോന്നു കണ്ണടച്ചേക്ക്   എന്ന സുധാകരൻ സാറിന്റെ ഉപദേശം  കേട്ട്   കണ്ണ്  തുറക്കാൻ മേലാത്ത സ്ഥിതിയായി.മറ്റൊരു  ദിവസം, മൂന്നു പെണ്ണുങ്ങളിൽ  അല്പ്പം ഫോർവേർഡ് ആയ രത്നമ്മ  "സാറിനു  ലൈൻ വല്ലതും  ഉണ്ടോ"  എന്ന് ചോദിച്ചത്  കേട്ട്   ഞാൻ ഞെട്ടി. എന്താ  പി. കെ ആറെ .നമ്മളൊക്കെ  ഇവിടെ തന്നെ  ഉണ്ട്  എന്ന്   പി കെ  രത്നമ്മയോടു പറഞ്ഞ മനോജ്‌കുമാറിനെ  ഒരു   ചോക്ക് കഷ്ണം  വെച്ച്  എറിഞ്ഞതിൽ പ്രതിഷേധിച്ചു,സാധാരണ ചെയ്യാറുള്ളത്  പോലെ   മനോജ്‌  എന്നെ സൈക്കിളിൽ  ബസ് സ്ടാണ്ടിൽ   കൊണ്ട്  വിട്ടില്ല  .



അങ്ങനെ  ഇരിക്കെ പാർലമെന്റ് ഇലക്ഷൻ പ്രഖ്യാപിച്ചു.കേരളത്തിൽ  നാലും മൂന്നും  ഏഴു പേര്  മാത്രമുള്ള ഒരു  ബോംബെ പാര്ട്ടിയുടെ സ്ഥാനാർഥി ആയി സുധാകരൻ സാർ.നാമനിര്ദേശം കൊടുത്തതിനു  ശേഷം  സാർ  പറഞ്ഞു. ഇനി ഇലക്ഷൻ  കഴിഞ്ഞേ  ക്ലാസ് ഉള്ളു.അമ്മായിഅച്ഛൻ ഇശ്ചിച്ചതും   മരുമകൻ കൊണ്ടുവന്നതും   ഓസീയാർ   എന്ന്  പറഞ്ഞ  മാതിരി  പിള്ളേര് ഹാപ്പി.. കാലത്തേ എല്ലാവരും  കോളേജിൽ  വരും. ഞങ്ങൾ  രണ്ടു "ലക്ച്ചർ"മാരും   നാല് ആണ്‍കുട്ടികളും കൂടി   പ്രചാരണത്തിന് ഇറങ്ങും.പെണ്‍പിള്ളേർ ഉച്ചവരെ സിനിമാക്കഥ പറഞ്ഞും,ശങ്കർ  അംബികയെ  കെട്ടുമോ എന്നതുപോലെയുള്ള   അന്താരാഷ്‌ട്ര  പ്രശ്നങ്ങൾ  ചർച്ച ചെയ്തും,പേൻ നോക്കിയും  ഇരുന്നിട്ട് വീട്ടില് പോകും.പിള്ളേരും ഞാനും   മാറി  മാറി മൈക്കിൽ കൂടി  വോട്ടു   അഭ്യർഥിക്കും. ചെറിയ  കവലകളിൽ നിർത്തി  പ്രൊഫസർ സുധാകരൻ ( അങ്ങനെ ആയിരുന്നു   പോസ്റർ  അടിച്ചിരുന്നത് )   ഒരു   പ്രസംഗം  നടത്തും. മിക്കവാറും  ആരും  ശ്രദ്ധിക്കില്ല. ചിലര് ചിരിക്കും.ഇടതു  വലതു  മുന്നണികളുടെ  സ്ഥാനാർഥികളോട്  മുട്ടാനുള്ള  ഏക്കം  ഇയാൾക്ക് ഉണ്ടോ    എന്ന്  പലരും  നേരിട്ട്  ചോദിച്ചാലും,  അവയൊക്കെ  ഒരു  ചെറു ചിരിയിൽ  ഒതുക്കി  സാർ  വോട്ടു  ചോദിക്കും  .പ്രസംഗം  കഴിഞ്ഞു ഞങ്ങൾ അവിടെ ഉള്ള  എല്ലാ  കടകളും കയറി തിരഞ്ഞെടുപ്പ്  ഫണ്ട് പിരിക്കും.  ചിലര്  അമ്പതു പൈസയോ, ഒരു  രൂപയോ തരും. ചിലര്  പോടാ കോപ്പേ, പണിയെടുത്തു  ജീവിക്ക്   എന്ന്  തന്നെ പറയും. പിരിവു  കഴിഞ്ഞു സാർ  ഞങ്ങള്ക്ക് വയറു  നിറച്ചു  ഫുഡ്‌  വാങ്ങി തരും.ബാക്കി മൈക്കുകാരനും  ജീപ്പുകാരനും  കൊടുക്കും. അങ്ങനെ ഏകദേശം രണ്ടാഴ്ച    കുശാൽ   ആയിരുന്നു.തിരഞ്ഞെടുപ്പ്  കഴിഞ്ഞ  ദിവസം  ഇനി വീണ്ടും പഠിക്കാൻ പറയുമല്ലോ   എന്നോർത്ത്കുട്ടികൾ   സെന്റി  ആയി. സുധാകരൻ സാർ  നല്ല ആത്മവിശ്വാസത്തിൽ   ആയിരുന്നു. ജയിക്കും  എന്ന് തന്നെ പറഞ്ഞു. പെട്ടി പൊട്ടിച്ചപ്പോൾ  ഇരുനൂറിൽ  താഴെ  വോട്ടേ  ഉണ്ടായിരുന്നുള്ളൂ .തിരഞ്ഞെടുപ്പിൽ തോൽവിയും ജയവും സാധാരണയാണ്, വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക്   വേണ്ടിയാണ് തിരഞ്ഞെടുപ്പ് എന്നീ  മഹദ്വചനങ്ങൾ  സാർ പറഞ്ഞു. ഇതേ വചനങ്ങൾ  പരീക്ഷ കഴിഞ്ഞും പറയേണ്ടി  വരും  എന്ന്  ഞാൻ ഓർത്തു.കോളേജിന്റെ  നാലുമാസത്തെ  വാടക  കുടിശ്ശിഖ  ഒന്നിച്ചു  കൊടുക്കാനായി  എന്നതായിരുന്നു   തിരഞ്ഞെടുപ്പിന്റെ  ബാക്കി  പത്രം. 



പരീക്ഷക്ക്‌  ഒരുമാസം  ബാക്കിയുള്ളപ്പോൾ എനിക്ക്    എറണാകുളത്തു ജോലി കിട്ടി.കോളേജിൽ പോയി  വിവരം  പറഞ്ഞപോൾ  സാറിനു നിരാശയായി.പരീക്ഷക്ക്  ഒരുമാസമല്ലേ ഇനിയുള്ളൂ എന്ന്  പറഞ്ഞു  ഞാൻ ആശ്വസിപ്പിച്ചു. വേറെ ജോലികിട്ടി  ഞാൻ  പോകുന്നു   എന്ന് പറഞ്ഞപ്പോൾ പി. കെ.രത്നമ്മ  കരഞ്ഞു.

ഇടക്കൊക്കെ  ഇതുവഴി  വരുമ്പോൾ  കയറണം എന്ന്  സാർ  പറഞ്ഞു. തിരഞ്ഞെടുപ്പിൽ  എന്റെ സേവനങ്ങളെ  സാർ  പുകഴ്ത്തി.ടൈ  കെട്ടുന്ന ജോലിയും  ട്രെയിനിങ്ങും  ഒക്കെ  ആയി എറണാകുളത്തു  രാജാപ്പാർട്ടു ജീവിതം നയിക്കവേ ,മൂന്നു നാല്  മാസത്തിനു  ശേഷം അവിചാരിതമായി   എനിക്കൊരു കാർഡ് കിട്ടി.പ്രൊഫസർ സുധാകരൻ സാറിന്റെ കല്യാണക്കുറി.

വധു  വളരെ  അടുത്തറിയാവുന്ന ഒരാളായിരുന്നു. പി കെ  രത്നമ്മ !

Jul 28, 2014

അക്കൽ ദാമ

മരം കോച്ചുന്ന  തണുപ്പുള്ള  ഒരു രാവായിരുന്നു  അത്. ഉറക്കത്തിൽ നിന്നും   ആരോ വിളിച്ചുണർത്തിയെന്ന  വണ്ണം  ശബ്ദം ഒട്ടും  കേൾപ്പിക്കാതെ വാതിൽ   തുറന്നു ഞാൻ പുറത്തേക്കിറങ്ങി.കാറ്റിൽ വഷ്ണയിലകളുടെ  മണം നിറഞ്ഞു നിന്നിരുന്നു.പുരയിടത്തിന്റെ  വടക്ക് വശത്തു നില്ക്കുന്ന  വാക മരത്തിനടുത്തെക്ക് ആരോ  വിളിച്ചിട്ട് എന്നതു പോലെ  ഞാൻ  നടന്നു  നീങ്ങി. പുൽക്കൊടികളിൽ നിന്ന ജലകണങ്ങൾ  എന്റെ  നഗ്നപാദത്തിൽ  ഉരസി .  


വാകമരത്തിൽ  നിറയെ  ചുവന്ന  പൂക്കൾ  ആയിരുന്നു. കറുത്ത മുഴുനീള കുപ്പായം  ധരിച്ച  ഒരാൾ  താഴെ  വീണ പൂക്കൾക്കിടയിൽ എന്തോ   തിരയുന്നത് ഞാൻ  കണ്ടു. എന്റെ കാല്പ്പെരുമാറ്റം  കേട്ടിട്ടെന്നോണം അയാൾ  തിരിഞ്ഞു നോക്കി.അയാളുടെ കണ്ണുകളുടെ സ്ഥാനത്ത്  ചോരപ്പൂക്കൾ  മാത്രമേ ഉണ്ടായിരുന്നുള്ളൂ.ബോധം മങ്ങുന്നതിനു മുൻപേയുള്ള  നിമിഷങ്ങളിൽ ഏതോ  ഗുഹയിൽ നിന്നും മാറ്റൊലി കൊണ്ടത്‌ എന്നവണ്ണം   ആ  വാക്ക്  ഞാൻ കേട്ടു ".അക്കൽ ദാമ"

നിർത്താതെ ഉള്ള എന്റെ കരച്ചിൽ  കേട്ടായിരുന്നു   അമ്മച്ചി  വന്നത്. പുറത്തു തട്ടി അമ്മച്ചി  എത്ര  ആശ്വസിപ്പിച്ചിട്ടും  എനിക്ക്  കരച്ചിൽ നിർത്താനായില്ല.കരച്ചിൽ  നിർത്തണം   എന്ന്  എനിക്ക്  അതിയായ  ആഗ്രഹം ഉണ്ടായിട്ടും,ഏതോ  വികാരതള്ളിച്ച  എന്റെ മനസ്സിനെ  എന്റെ പിടിയിൽ നിർത്തിയില്ല.അമ്മച്ചിയുടെ  ആശ്വാസവാക്കുകളോ, അയൽക്കാർ  കേട്ടാലോ എന്നുള്ള ആകുലതകളോ  ഒന്നും   എന്നെ സ്പർശിച്ചില്ല. കണ്ണുനീർ വീണ്ടും  വീണ്ടും ധാരയായി വന്നുകൊണ്ടിരുന്നു.ഏങ്ങലടികളും. 

അയൽ  വീട്ടിലെ  ജോർജേട്ടന്റെ  ജീപ്പിൽ   ഞങ്ങൾ   മലയിറങ്ങി. ഇരുപതു കിലോമീറ്ററിന്  അകലെയായിരുന്നു  ഏറ്റവും  അടുത്തുള്ള  ആശുപത്രി. അവിടെ  എത്തിയപ്പോഴും   എനിക്ക്  കരച്ചിലടക്കാൻ  സാധിച്ചില്ല.  ഡോക്ട്ടർ എന്തോ മരുന്ന്  കുടിക്കാൻ  തന്നു . ഞാൻ  ഉറക്കത്തിലേക്കു  മയങ്ങുമ്പോഴും കണ്ണുകൾ  നിറഞ്ഞൊഴുകുകയായിരുന്നു.


കാലത്തെ   എഴുന്നേൽക്കുമ്പോൾ  അടുത്ത്  തന്നെ  ഉണ്ടായിരുന്നു   അമ്മച്ചി.   അക്കൽദാമ  എന്ന്  പറയുന്ന   ആ  ഭീകര രൂപത്തെ നാലാമത്തെ തവണ ആയിരുന്നു  ഞാൻ  സ്വപ്നം  കണ്ടത്. ഓരോ തവണയും  സ്വപ്നം കാണുകയും അലറിവിളിച്ചു  ഞെട്ടി എഴുന്നെല്ക്കുകയും ചെയ്യുക പതിവായിരുന്നു. 

ജോർജേട്ടൻ  ആയിരുന്നു  ആ  പുരോഹിതനെ പറ്റി  അമ്മച്ചിയോട്‌ പറഞ്ഞിരുന്നത്.പുരാതന കാലത്ത്  അത്ഭുത പ്രവർത്തികൾ  നടത്തിയിരുന്ന ഒരു അച്ചന്റെ  നാമധേയത്തിൽ  പ്രശസ്തി നേടിയ  ഒരു  പള്ളിയായിരുന്നു അത് . ഇപ്പോഴത്തെ   അച്ചനും പേരുകേട്ട ഒരാളാണെന്ന്  ജോർജേട്ടൻ സൂചിപ്പിച്ചിരുന്നു.അച്ചനെ  കാണാൻ  പോകാം  എന്ന്  അമ്മച്ചി പറഞ്ഞപ്പോൾ മുൻപെന്ന വണ്ണം    ഞാൻ  എതിർത്തില്ല.അക്കൽദാമ അത്രമാത്രം  എന്നെ അസ്വസ്ഥനാക്കാൻ  തുടങ്ങിയിരുന്നു .


പുരാതനമായ  ഒരു  പള്ളിയായിരുന്നു   അത്.പള്ളിയുടെ  മുന്നിലുള്ള   സ്റ്റോപ്പിൽ  ബസിറങ്ങുമ്പോൾ  അസാധാരണമാം വണ്ണം വലിപ്പമുള്ള  രണ്ടു മെഴുകുതിരിക്കൂടുകൾ  ഞാൻ  വാങ്ങി. ഒരു  ചെറിയ കയറ്റത്തിൽ  ആയിരുന്നു ആ  പള്ളി.ഏകദേശം  നാൽപ്പതിൽപ്പരം  പടികൾ കയറുമ്പോൾ  അമ്മച്ചി   വല്ലാതെ കിതച്ചു. 

അച്ചനെ   കാണാൻ  വളരെ  അധികം ആളുകൾ  അവിടെ  ഉണ്ടായിരുന്നു. ഏകദേശം ഒരു  മണിക്കൂറിനു  ശേഷം  അച്ചന്റെ  മുറിയിൽ  എത്തുമ്പോൾ എന്റെ പ്രതീക്ഷകളെ  തകർത്ത്   വളരെ  ചെറുപ്പക്കാരനായ  ഒരു   അച്ചനെ   കണ്ടു. അച്ചൻ  ദയാവായ്പോടെ  എന്നോട് എന്താണ്  കാര്യം  എന്ന്     ചോദിച്ചപ്പോൾ പേടി സ്വപ്‌നങ്ങൾ  ആണ്  എന്റെ  പ്രശ്നം  എന്ന്  ഞാൻ പറഞ്ഞു. അക്കൽ ദാമ എന്ന്  കേട്ടതും  അദ്ദേഹം  ചിന്തയിലാണ്ടു.അക്കൽദാമ എന്ത് എന്നറിയുമോ എന്ന  ചോദ്യത്തിനു   എനിക്ക്  ഉത്തരമുണ്ടായിരുന്നില്ല .

ബൈബിളിൽ  പരാമർശിക്കപ്പെട്ടിട്ടുള്ള  ഒരു  സ്ഥലമാണ്  അക്കൽദാമ എന്നത് എനിക്ക്  ഒരു പുതിയ  അറിവായിരുന്നു.യേശുവിനെ  ഒറ്റു കൊടുത്തതിനു പ്രതിഫലമായ മുപ്പതു  വെള്ളിക്കാശിനു വാങ്ങിയ  ഭൂമി ശ്മശാനത്തിനു ഉപയോഗിക്കുകയായിരുന്നു  എന്ന്  അദ്ദേഹം പറഞ്ഞു. നിങ്ങൾ  താമസിക്കുന്ന സ്ഥലം  ഇനി  ഒരുവേള  ശ്മശാന ഭൂമി  ആയിരിക്കുമോ  എന്ന  സന്ദേഹം അദ്ദേഹം  പ്രകടിപ്പിച്ചു.എന്റെ  തലയിൽ കൈവെച്ചു പ്രാർഥിച്ചതിന്  ശേഷം അദ്ദേഹം  നെറ്റിയിൽ  കുരിശു വരച്ചു.പള്ളിയിൽ മെഴുകുതിരികൾ കത്തിക്കുകയും  പ്രാർത്ഥിക്കുകയും  ചെയ്യണം  എന്ന് അദ്ദേഹം പറഞ്ഞു.സ്വപ്‌നങ്ങൾ  ചിലതിലേക്കുള്ള  ചൂണ്ടുപലകകൾ ആവുമത്രെ. 

ആകാംഷയോടെ  പുറത്തു നില്ക്കുകയായിരുന്നു  അമ്മച്ചി.നമ്മുടെ ഭൂമി ശ്മശാനഭൂമി ആയേക്കാം  എന്ന്  അച്ചൻ  സംശയം പ്രകടിപ്പിച്ചത്  ഞാൻ അമ്മച്ചിയോട്‌ പറഞ്ഞില്ല. ജോലി സ്ഥലത്തിനടുത്ത്  ചുളുവിലക്ക്  ലഭിച്ച ഭൂമിയിൽ  പുതു ജീവിതം  തുടങ്ങിയ  സന്തോഷത്തിൽ  ആയിരുന്നല്ലോ   അമ്മച്ചി.സ്ഥലവും വീടും  ഒരു  സ്വപ്നത്തിന്റെ  പേരിൽ  വിറ്റു തുലക്കാൻ എനിക്ക് മനസ്സുവന്നില്ല.അതുപോലെ തന്നെ    കുഴപ്പം പിടിച്ച ഭൂമി മറ്റൊരാൾക്ക്  കൈമാറുക  എന്നത്  എനിക്ക്  അസാധ്യമായിരുന്നു.ദൈവം മറ്റൊരുമാർഗം കാട്ടി തന്നിരുന്നെങ്കിൽ   എന്ന്  ഞാൻ വെറുതെ ആഗ്രഹിച്ചു..അപ്പച്ചന്റെ മരണശേഷം  ലഭിച്ച  ചെറിയ  തുകയും, വർഷങ്ങളായുള്ള  സമ്പാദ്യവും   പി .എഫ്  ലോണും  ഒക്കെ ചേർത്ത് വാങ്ങിയ ചെറിയ  തുണ്ടിനു  ഒരാളെ കണ്ടെത്തുക  എന്നത്  തന്നെ  ശ്രമകരം  എന്ന തോന്നൽ  എന്റെ  കണ്ണുകളെ നനയിക്കാൻ  തുടങ്ങിയത്,അമ്മച്ചിയിൽ  നിന്നും ഞാൻ  മറച്ചു  പിടിച്ചു. മെഴുകുതിരി കത്തിച്ചു  പ്രാർഥിക്കുമ്പോൾ  എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.വൈകും വരെ  പള്ളിയിൽ  പ്രാർഥനയും മറ്റുമായി ഞങ്ങൾ   കഴിഞ്ഞു .

തിരികെയുള്ള  യാത്രാമദ്ധ്യേ,നമുക്ക്  സ്ഥലം ആർക്കെങ്കിലും കൊടുത്തു കടുത്തുരുത്തിയിൽ  ഉള്ള  വീട്ടിലേക്കു തിരിച്ചുപോയാലോ  ജോയിമോനെ എന്ന്   അമ്മച്ചി  പൊടുന്നനെ ചോദിച്ചപ്പോൾ  എനിക്ക് സങ്കടം  സഹിക്കാനായില്ല. നാളിതുവരെയുള്ള അധ്വാനം പാഴായിപ്പോകുന്നതിലുള്ള  സങ്കടത്തെക്കാളുപരി,എന്റെ മനസ്സമാധാനത്തിന് അമ്മച്ചി  വലിയ  സ്ഥാനം  കൊടുക്കുന്നു   എന്ന തോന്നലിൽ അമ്മച്ചിയുടെ തോളിൽ  തലചായ്ച്ചു  ഞാൻ  പൊട്ടിക്കരഞ്ഞു .    


കുളമാവ്  ടൌണിൽ  എത്തുമ്പോൾ സന്ധ്യയായിരുന്നു . വീട്ടിലേക്കു  തിരിയുന്ന വളവിലുള്ള  വറുഗീസേട്ടന്റെ  കടയുടെ  മുന്നിൽ  കൂടി നിന്നവർക്ക്‌   പറയാൻ ഒരു  വാർത്തയുണ്ടായിരുന്നു .ഡാമിന്  വേണ്ടി  സ്ഥലം  അക്വയർ ചെയ്യുമ്പോൾ സ്ഥലം  നഷ്ട്ടപ്പെടുന്നവരുടെ  കൂട്ടത്തിൽ  എന്റെ  വീടും പെടുമെന്നും, നഷ്ട്ടപരിഹാരമായി  നല്ലൊരു  തുക  കിട്ടുമെന്നും .നെഞ്ചിൽ കൈകൾ  വെച്ച് എപ്പോഴെത്തെതെന്നതുപോലെ  അമ്മച്ചി  ആകാശത്തേക്ക്  പ്രാർഥനാപൂർവ്വം   നോക്കി. 


രാത്രി  ആഹാരം  കഴിക്കവേ  കടുത്തുരുത്തിക്ക്  തിരിച്ചു പോയാലോ എന്ന് ഞാൻ  അമ്മച്ചിയോട്‌ ആരാഞ്ഞു.പിറന്ന  നാടിന്റെ  ഓർമ്മ അമ്മച്ചിയിൽ  ഒരു മന്ദസ്മിതം  വിരിയിരിച്ചു  എന്നെനിക്കു  തോന്നി .


Apr 5, 2014

തങ്കമയൂരം ..(ഒരു ഫേസ് ബുക്ക് ഫെമിനിസ്റ്റ് )


ഫേസ്ബുക്കിലെ  പ്രശസ്തയായ  ഫെമിനിസ്റ്റാണ്  തന്റെ  മുന്നില്  ഇരിക്കുന്നത്  എന്ന്  പ്രശസ്ത  മന:ശാസ്ത്രജ്ഞൻ ഡോ.ഫെർണാണ്ടസിന്  വിശ്വസിക്കാനായില്ല.



ഡോക്റ്റർ  ഞാൻ  തങ്കമ്മ.  ഇവിടെ  ഒരു  ബാങ്കിൽ  ജോലി  ചെയ്യുന്നു.

അറിയാം..........തങ്കമയൂരം  എന്ന പേരിൽ  ഫേസ്ബുക്കിലും ബ്ലോഗിലും  ഒക്കെ  എഴുതുന്ന………… ? എന്താണ്  പ്രശ്നം?


അതെ  ഡോക്റ്റർ..ഞാൻ ഒരുപാട്   പ്രശ്നങ്ങളുടെ  നടുവിലാണ്.ഒരു  ഫെമിനിസ്ടാകണം  എന്നായിരുന്നു   ചെറുപ്പത്തിൽ  എന്റെ  ആഗ്രഹം..

അതെന്താ.. സാധാരണ  പെണ്ണുങ്ങളെ  പോലെ  പഠിക്കണം ,ജോലി  നേടണം, കല്യാണം  കഴിക്കണം, കുട്ടികൾ  ഉണ്ടാകണം  എന്നൊന്നും നിങ്ങൾക്ക്   ഇല്ലായിരുന്നോ ?

അത് ഡോക്റ്റർ, ഈ  ഫെമിനിസ്റ്റുകൾക്ക്  മാധ്യമങ്ങളിലും സമൂഹത്തിലും  കിട്ടുന്ന  വില  കണ്ടിട്ടാണ്  ചെറുപ്പത്തിൽ   തന്നെ  എനിക്ക്  അങ്ങനെ ഒരു  മോഹം  ഉണ്ടായത്.

പുരുഷന്മാരോട്  ഒടുങ്ങാത്ത  വിദ്വേഷവും  ആയി  നടക്കുന്നവർ  ആണല്ലോ  ഈ ഫെമിനിസ്റ്റുകൾ.കല്യാണം  കഴിക്കാതെ, കുടുംബവും  ഒക്കെ   ആയി  സുഖമായി  ജീവിക്കുന്നവരോട്   ചൊറിച്ചിൽ ഒക്കെ  ആയി  നടക്കുന്നതാന്നല്ലോ  ആധുനിക  ഫെമിനിസം. അതൊരു .തെറ്റല്ല..ഒരു  അവസ്ഥയാണ് ..ദുരവസ്ഥ !ആട്ടെ …. എന്നാണ്  നിങ്ങൾ  ഫെമിനിസ്റ്റായതു ?

ചേട്ടൻ കല്യാണം  കഴിച്ചു,അവർ  സുഖമായി   ജീവിച്ചത്  കണ്ടപ്പോഴാണ്    ഞാൻ  ആദ്യമായി  ഫെമിനിസ്റ്റായതു.ഇടയ്ക്കു അമ്മയും  ഫെമിനിസ്റ്റാകുമായിരുന്നു.ആളുകൾ    അതിനെ  നാത്തൂൻ -അമ്മായിയമ്മ പോര്  എന്നൊക്കെ  വിളിക്കും. ഞങ്ങളുടെ ആളുകൾ  അതിനെ   സ്ത്രീ സ്വാതന്ത്ര്യം,സമത്വം,വിമോചനം  എന്നൊക്കെ  ഉള്ള  പരിപ്രേക്ഷ്യങ്ങളിൽ അറിയപ്പെടാനാണ്  ആഗ്രഹിക്കുന്നത്.

എന്താണ്   ഈ  പരിപ്രേക്ഷ്യം.? എന്താണ്  ഈ  ഫെമിനിസത്തിന്റെ ഗുണം ?

എന്തോ  വലിയ  അർത്ഥമുള്ള  വാക്കാണ്‌.ഇതൊക്കെ  ഇടക്ക്  വെച്ച്  കാച്ചിയില്ലെങ്കിൽ   വിവരമില്ല എന്ന്  ജനം  വിചാരിക്കും.പിന്നെ ഫെമിനിസം ഉണ്ടായാൽ  ആണിന്  പെണ്ണിന്റെ  മേൽ   ഇപ്പോഴുള്ള   ആധിപത്യം  നഷ്ട്ടപ്പെടും.ലിംഗ സമത്വം  എന്നത്  ഉണ്ടാകും. സ്വന്തമായി  ജോലി ചെയ്യുമ്പോൾ,അച്ഛന്റെയോ ആങ്ങളയുടെയോ ഭർത്താവിന്റെയൊ   സംരക്ഷണയിൽ  കഴിയേണ്ടി  വരില്ലല്ലോ.സ്ത്രീക്ക്  ആരുടേയും  തണൽ  ആവശ്യമില്ല.


സഹോദരീ...ഇന്നത്തെ  കാലത്ത്  ഭാര്യക്ക്‌  ജോലി  ഉണ്ടെങ്കിലും  ഇല്ലെങ്കിലും  തുല്യ  അവകാശം  കൊടുക്കുന്ന  ഒരു  സമൂഹമാണ്‌   ഉള്ളത്.അച്ഛന്റെയോ  ഭർത്താവിന്റെയൊ തണൽ  വേണ്ടാത്ത സ്ത്രീകൾ  രാത്രി  തമ്പാനൂരു  നിന്നും   കിഴക്കെ കോട്ട   വരെ ഒന്ന്  നടന്നു  നോക്കട്ടെ. വിവരം  അറിയും !ഏതായാലും പ്രശ്നത്തിലേക്ക്  കടക്കൂ.


ഡോക്റ്റർ , ഫെമിനിസ്റ്റാകാനുള്ള  അദമ്യമായ  ആഗ്രഹവുമായി  ഓർക്കുട്ടിൽ ചെന്നപ്പോൾ     അവിടം അടച്ചുപൂട്ടി.അപ്പോഴാണല്ലോ   സുക്കർ  സാഹിബ്  ഫേസ് ബുക്ക്‌  സൂകര പ്രസവം  നടത്തിയത്. അങ്ങനെ ഞാനും  ഒരു  ഫേസ്ബുക്ക്‌ ഫെമിനിസ്റ്റായി.ആദ്യമൊന്നും  ആളുകള്  ശ്രദ്ധിച്ചില്ലെങ്കിലും  പിന്നെ  പിന്നെ ഞാൻ  എന്ത്  ചാണാപ്പോളി  പോസ്റ്റ്‌  ഇട്ടാലും  കിഴങ്ങന്മാരായ  കുറെ  ആണുങ്ങൾ  വന്നു  അപാരം  എന്നൊക്കെ പറയും. 1000    ലൈക്ക് ഒക്കെ  അടിക്കും .എനിക്കെതിരെ  പറയുന്ന  പുരുഷന്മാരെ  അവർ  തന്നെ  നാറ്റിക്കും. പക്ഷെ  ഈയിടെയായി  ഫെമിനിസ്റ്റുകളുടെ സമയം  വളരെ  മോശമാണ്. പഴയപോലെ  ഇപ്പോൾ  സ്ത്രീ  ശാക്തീകണതിനോന്നും   മാർക്കറ്റില്ല . ഈയിടെ  ഒരു  പെണ്ണ്  പ്രേമിച്ചവന്റെ  കൂടെ  ഇറങ്ങിപ്പോയതിന്   സ്ത്രീകൾ  തന്നെ  പറഞ്ഞു  അവൾക്കു   അങ്ങനെ  തന്നെ  വരണം എന്നൊക്കെ.ഇതിനെതിരെ  ഒന്ന്  പ്രതികരിച്ചതിന്,എനിക്ക്  കിടക്കപ്പൊറുതി ഇല്ല .അതുപോലെ തന്നെ  സ്ത്രീകളുടെ  ആക്രമണം വളരെ   കൂടുതലാണ്. ഓരോ കമന്റുകൾ  വായിച്ചാൽ  ശരീരം  തളരുന്നപോലെ  തോന്നും. ഇന്ന് കാലത്തെ  ഒരച്ചായത്തി  എഴുതിയ  കമന്റു  വായിച്ചിട്ട്  തലകറങ്ങുന്ന പോലെ തോന്നി. ഉടനെ  ഞാൻ ബ്ലോക്കി. എന്നാലും  രണ്ടായിരം രൂപയ്ക്കു  പകരം  ഇരുപതിനായിരം  രൂപ  ബാങ്കിൽ  വെച്ച് കൊടുത്തുപോയി . 

ഇത് മാനസികരോഗം ചികിത്സിക്കുന്ന സ്ഥലമാണ്.പ്രഷറിനു   ചികിത്സിക്കുന്നതിനു  കുറച്ചു തെക്കോട്ട്‌  പോകണം. നിങ്ങൾ  ഇവിടെ ഇരുന്നു  എന്റെ  പ്രഷർ   കൂട്ടാതെ ..

അതല്ല   ഡോക്ട്ടർ . എന്റെ  മാനസികനില  ആകെ  തകരാറിലാണ് . പെട്ടെന്ന്  ദേഷ്യം  വരുന്നു.എതിർത്ത്  വരുന്ന കമന്റുകൾ  വായിക്കാനെ പറ്റുന്നില്ല.  ഫെമിനിസ്റ്റ് എന്നുള്ള  വേഷം  കെട്ടിയത്  കാരണം  വിവാഹം  ചെയ്‌താൽ  ആളുകൾ   എന്ത്  പറയും  എന്ന  പേടി.ഇത്രകാലവും  ,വിമോചനം ,സ്വാതന്ത്ര്യം എന്നതൊക്കെ പറഞ്ഞിട്ട്.വെക്കുക ,വിളമ്പുക, പ്രസവിക്കുക എന്ന പഴയ കാലത്തിന്റെ  തിരുശേഷിപ്പുകൾ ഇപ്പോഴും ഈസമൂഹത്തിൽ  അലയടിക്കുകയാണ് എന്നൊക്കെ  പറഞ്ഞിട്ട് …..

കുടുംബമായി   ജീവിക്കുക  എന്ന്  മര്യാദക്കു  പറഞ്ഞാൽപോരെ ?

അതല്ല  ഡോക്ട്ടർ .. ഈ സ്വാതന്ത്ര്യം..സമത്വം..പുരുഷമേല്‍ക്കൊയ്മ...

ഒലക്കേടെ മൂട്... സഹോദരീ  ..നിങ്ങള്ക്ക്  എന്തിൽ  നിന്നാണ്  സ്വാതന്ത്ര്യം  വേണ്ടത് ?  പുരുഷൻ    ഇല്ലാതെ  സ്ത്രീ  പൂർണ്ണയാവില്ല. അതുപോലെ  തന്നെ  സ്ത്രീ  ഇല്ലാതെ  പുരുഷനും.  നിങ്ങള്ക്ക്  വേണ്ടത്  തറുതല പറയുമ്പോൾ  ചെപ്പക്കുറ്റിക്ക് ഒറ്റയെണ്ണം   തരുന്ന പുരുഷനാണ്.  മാന്യനായ  ഒരു  പുരുഷനും  സ്ത്രീയെ  തല്ലില്ല..  എന്നാലും   ചില  അവസരങ്ങളിൽ  സ്ത്രീകൾ   അടി  ഇരന്നു  വാങ്ങും  .

 അപ്പോൾ  ഡോക്റ്റർ  എന്റെ  മരുന്ന്..

നിങ്ങള്ക്ക്  വേണ്ടത്  മരുന്നല്ല. എന്റെ  പൊന്നു  പെണ്ണുംപിള്ളേ …  സ്ഥലം കാലിയാക്കിയാട്ടെ ..


ഡോ.ഫെർണാണ്ടസിന്റെ   ഭാവമാറ്റം  കണ്ടു  ഭയന്ന   തങ്കമ്മ   എഴുന്നേറ്റു  പുറത്തിറങ്ങി.ഫെസ് ബുക്കിൽ  ഇന്ന്  തന്നെ  ഇദ്ദേഹത്തിനു  ഒരു പണി  കൊടുക്കണം   എന്നു  കരുതി  പുറത്തിറങ്ങി  ക്ലിനിക്കിന്റെ  ഒരു  ഫോട്ടോ  എടുത്തു.

ആ സമയം  ഡോ.ഫെർണാണ്ടസിന്റെ ഭാര്യ, ഫെമിനിസ്റ്റുകളുടെ   ആസ്ഥാന  വേഷം  എന്ന് മലയാള  സിനിമ  കല്പ്പിച്ച    സ്ലീവ് ലെസ്സ്  ബ്ലൗസും  ഇട്ടു,  പട്ടിക്കുട്ടിയെയും  കൊണ്ട്  പുറത്തിറങ്ങുകയായിരുന്നു.വൈകിട്ടു  ഇന്ന്     ചപ്പാത്തിയാണ്,കാൻഡിൽ  ലൈറ്റ് ഡിന്നറിൽ താൽപര്യം ഉണ്ടെങ്കിൽ വരുമ്പോൾ,മെഴുകുതിരി വാങ്ങി  വരണം  എന്ന്      എന്ന്  വാട്സ്ആപ്പിൽ   മെസ്സേജ്  അയച്ചപ്പോൾ   മിസ്സിസ്  ഫെർണാണ്ടസ്   ഒന്ന്  മന്ദഹസിച്ചു .

മെസ്സേജ്  വായിച്ച  ഡോ.ഫെർണാണ്ടസ്‌ ഉടനെ   മറുപടി  അയച്ചു...ചപ്പാത്തിഞാൻ  പരത്തണോ  ഡാർലിംഗ് ?

Dec 1, 2013

താണ്ടമ്മയുടെ താണ്ഡവങ്ങൾ !


മുടി ഒക്കെ  നഷ്ട്ടപ്പെട്ട്,ഗൾഫ്  ഗേറ്റിനു  വരദാനമായ ഒരു  മധ്യവയസ്കൻ വാതിൽ തുറന്നു  അകത്തുവന്നപ്പോൾ ,അൽപ്പം പണിപ്പെട്ടായാലും   ഡോക്റ്റർ ഫെർണാണ്ടസിനു ആളെ  മനസ്സിലായി.താണ്ടമ്മ എന്ന  ഫെക്  ഐഡിയിൽ  എഴുതുന്ന ബ്ലോഗ്ഗർ  പരിപ്പ് വട !
 

 
എന്തൊക്കെയുണ്ട്  വിശേഷങ്ങൾ?പെണ്ണിന്റെ പേരിലുള്ള  ബ്ലോഗ്‌ എഴുത്തൊക്കെ എങ്ങനെ പോകുന്നു ?എന്താണ്  ഇപ്പൊ  പ്രശ്നം ?
 
 
ബ്ലോഗ്‌ എഴുത്തിന്റെ കാര്യം ഒന്നും പറയണ്ട  ഡോക്റ്റർ.അന്ത്യശ്വാസം വലിക്കയല്ലേ,മലയാള ബ്ലോഗുകൾ.ഷവർമ്മ  കഴിച്ചു ആള് തട്ടിപ്പോയ  ഹോട്ടൽ പോലാ  ഇപ്പൊ ബ്ലോഗിന്റെ  അവസ്ഥ.ബ്ലോഗിൽ  ഒന്നും ഇപ്പൊ  ആളു കയറുന്നില്ല.എല്ലാവർക്കും ഫെസ് ബുക്ക്‌ മതിയല്ലോ .
 
 
അതിനു ഞാൻ എന്ത്  ചെയ്യാനാ?നുമ്മ  ഇവിടിരിക്കുന്നത്‌  മാനസിക രോഗികളെ  ചികിത്സിക്കാനാ.ഫെസ് ബുക്ക്‌ ഞരമ്പ്‌ രോഗികളെ  അല്ല! 
 
 

എന്നെ  കൈവിടരുത് ഡോക്റ്റർ.അതിഭയങ്കരമായ മാനസിക പ്രശ്നങ്ങളിൽ പെട്ട്  ഉഴലുകയാണ് ഞാൻ
"പരിപ്പുവട"  എന്ന ബ്ലോഗ്‌  ക്ലച്ചു പിടിക്കാഞ്ഞിട്ടാണല്ലോ ഞാൻ "താണ്ടമ്മയുടെ  താണ്ഡവങ്ങൾ"എന്ന ബ്ലോഗ്‌ തുടങ്ങിയതും,ബൂലോകത്ത്  ഒരു  സംഭവമായതും.പിന്നീട്  ബ്ലോഗിന്  മണ്ഡരി  .ബാധിച്ചപ്പോ,ഞാൻ അതെ പേരില് ഒരു ഫെസ് ബുക്ക്‌ അക്കൌന്റ് തുറന്നതും.ഇപ്പൊ പതിനാറായിരം ഫോലോവേർസും,സുക്കർ  സായിപ്പ്  സമ്മതിക്കാത്തത് കൊണ്ട് 5000  ഫ്രണ്ട്സും  പിന്നെ ഒരു 3500 റിക്വസ്റ്റ്  പെണ്ടിങ്ങും ഉണ്ട്.

 
 
നിങ്ങള്ക്ക്  ഇത്രയും  ആരാധകർ ഉള്ള  സ്ഥിതിക്ക്  അതിൽ  സന്തോഷിക്കയല്ലേ  ചെയ്യേണ്ടത്?അതിനു  ഒരു  മന : ശാസ്ത്രന്ജന് എന്ത് ചെയ്യാനാവും ? 
 
 
 
 
അതല്ല  ഡോക്റ്റർ..എന്നും കാലത്തേയും ഉച്ചക്കും  വൈകുന്നരവും,ഞാൻ ശുഭ ദിനം എന്നോ,ശുഭരാത്രി എന്നോ രണ്ടു വാക്ക് മാത്രം എഴുതിയാലും, അതിനൊക്കെ  മുന്നൂറും നാനൂറും ലൈക്ക് ആയിരുന്നു.മൂന്നോ നാലോ  വരി എങ്ങനെ എങ്കിലും  എഴുതിയാൽ  ലൈക്കിന്റെ കണക്കു  അറുനൂറോ എഴുനൂറോ ആകും.വല്ല സിനിമയും കണ്ടിട്ട് "ഇവനൊക്കെ  വല്ല തൂമ്പയും  എടുത്തു  കിളച്ചു കൂടെ" എന്ന്  നിരൂപണം  - അതാണല്ലോ  നമ്മുടെ  ഹൈലൈറ്റ് - എഴുതിയാൽ ലൈക്ക് ആയിരം കടക്കും.ഏതെങ്കിലും  സിനിമാ താരങ്ങളുടെയോ,വേറെ വല്ല പ്രോഫൈലിലും  ഉള്ള പെണ്ണുങ്ങളുടെ ചുണ്ടോ  കണ്ണോ അടിച്ചു മാറ്റി  ഇട്ടാൽ പിന്നെ  അന്ന് ഇൻബോക്സിൽ  മേസേജുകളുടെ  അയ്യരുകളി  ആയിരിക്കും.എന്റെ  പോസ്റ്റുകളിൽ  ആരെങ്കിലും  എന്തേലും  എതിർത്ത്  പറഞ്ഞാൽ,അന്ന്  എന്റെ  ആരാധകരായ ഞരമ്പ്‌ രോഗികൾ  അവനു പൊങ്കാലയിടും .
 
 
അതെന്തോന്നു...തിരുവന്തോരത്ത് അമ്പലത്തിൽ  ഇടുന്ന  എന്തോ  ഒന്നല്ലേ  ഈ  പൊങ്കാല?
 
 
അത് പിന്നെ ഡോക്റ്റർ,ഞങ്ങൾ  ഫെസ് ബുക്ക്‌ ജീവികളുടെ  ചില  പ്രത്യേക  വാക്കുകളാണ് പൊങ്കാല , ബെർപ്പിക്കൾ, പ്ലിംഗ് ഒക്കെ .


 
ഈ  സിനിമാക്കാരോട് താങ്കൾക്ക്   എന്താ  ഇത്ര  വെറുപ്പ്‌?സിനിമ ഇറങ്ങുന്ന ദിവസം  തന്നെ  നെഗറ്റീവ്  റിവ്യു ഒക്കെ ഇട്ടാൽ  ആ  ഒരു  വ്യവസായം  തന്നെ  നശിച്ചു പോവില്ലേ?



അത് പിന്നെ ഡോക്റ്റർ,ഞാൻ പരിപ്പുവട  എന്ന പേരില്  ബ്ലോഗ്‌ എഴുതി  തുടങ്ങിയപ്പോൾ പല  സംവിധായകരുടെയും പുറകെ കഥ  ആയിട്ടും,തിരക്കഥ  ആയിട്ടും ഒക്കെ കുറെ  നടന്നതാ. അന്ന്  അവരൊന്നും എന്നെ മൈൻഡ്  ചെയ്തില്ല. അതുകൊണ്ട്  സിനിമ  ഇറങ്ങും കഥയൊക്കെ മനസ്സിലാക്കി  ഒരു പോസ്റ്റ്‌ ഉണ്ടാകും.ആദ്യത്തെ ഷോ കഴിഞ്ഞാൽ ഉടൻ ഫെസ് ബുക്കിൽ  പടം കൂതറ  എന്ന് പറഞ്ഞു  റിവ്യു  ഇടും.പ്രതികാരം മനുഷ്യ സഹജം എന്നല്ലേ  സെയിന്റ്  ലൂസിഫര്  പോലും  പറഞ്ഞിട്ടുള്ളത് .
 

ശരി ശരി ...പ്രശ്നത്തിലേക്ക്  വരൂ .
 
 
 
എനിക്ക് എതിരാളികൾ ആയി  ഇപ്പൊ  ഒന്ന് രണ്ടു പേര്  അവതരിച്ചിട്ടുണ്ട്. ഓരോ ദിവസവും  അവർ പോസ്റ്റുകൾ എഴുത്തും.മണ്ണിന്റെ  മണമുള്ള  അടിപൊളി  പോസ്റ്റുകൾ ആയതു കൊണ്ട്  ഓരോ പോസ്റ്റിനും ആയിരവും ആയിരത്തി ഇരുനൂറും ഒക്കെ  ലൈക്കുകൾ  ആണ്.എന്റെ പോസ്റ്റിനുള്ള  ലൈക്  ഇപ്പൊ  വെറും അൻപതും  അറുപതും  ഒക്കെ ആയി കുറഞ്ഞു.എന്റെ  പരിപ്പുവട  ബ്ലോഗിന്റെ  ഗതിയാകുമോ  ഇനി  ഫെസ്ബുക്ക്‌ പ്രോഫൈലിനും  എന്ന  പേടിയാണ് എനിക്ക്  എപ്പോഴും .
 
 
 
ഈ ലൈക്കുകൾ  കൊണ്ട് എന്താണ്  ഗുണം.കാശ്  ഒന്നും  കിട്ടില്ലല്ലോ.പുഴുങ്ങി തിന്നാനും പറ്റില്ല!
 

അതല്ല ഡോക്റ്റർ,സ്ഥിരമായി  കിട്ടിക്കൊണ്ടിരുന്ന  ലൈക്കുകളും, ഹൃദയങ്ങളും,കിട്ടാതെ വന്നപ്പോൾ,എന്റെ ബി.പി കൂടി.പണ്ടേപ്പോലെ  ലൈക്ക് ഒക്കെ കിട്ടാത്തത്  ഞാൻ ഒരു ഫെക് ആയതു കൊണ്ടാണെന്ന്   വരെ  ആൾക്കാർ  പറഞ്ഞു ഉണ്ടാക്കാൻ  തുടങ്ങി.ലൈക്കുകൾ  കണ്ടില്ലെങ്കിൽ  തല കറങ്ങുന്നത് പോലെ  തോന്നും .ആളുകൾ  ചക്കരെ  എന്ന് പറഞ്ഞു മെസ്സേജ് ഇൻബോക്സിൽ  അയക്കുന്നത്  കുറഞ്ഞു.അതൊക്കെ പോട്ടെ  ഡോക്റ്റർ .എന്നും എന്റെ  താങ്ങായിരുന്ന  ഞരമ്പ്‌രോഗികള്  ഓരോരുത്തരായി  അണ്‍ ഫ്രണ്ട് ചെയ്തു പോകുന്നു.എനിക്ക്  ഇപ്പൊ  ഫെസ് ബുക്ക്‌  തുറന്നാൽ പരവേശമാണ്.ഓഫീസിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല.ആളുകളോട് ഒക്കെ  ഷൌട്ട്  ചെയ്യുന്നു.സുന്ദരികളായ പെണ്ണുങ്ങൾ   ഫ്രണ്ട്  ആയി ഉള്ളത് കൊണ്ട്,ഭാര്യയെ പണ്ടേ  ഗൗനിക്കാറില്ല.ഇനി  അവളുടെ തിരുമോന്ത  മാത്രം  കാണേണ്ടി  വരുന്ന  ഒരു  അവസ്ഥ  ചിന്തിക്കാൻ പോലും പറ്റുന്നില്ല. 

 
ഈ  പെണ്ണുങ്ങലോടൊക്കെ  വെറുതെ  ഇങ്ങനെ  ചാറ്റ്  ചെയ്യുന്നതുകൊണ്ട്  എന്ത്   സന്തോഷമാണ്  കിട്ടുന്നത്  എന്ന്  എനിക്ക്  മനസ്സിലാകുന്നില്ല .
 
 
 
എനിക്ക് ആരാധികമാർ  ഒരുപാട്  ഉണ്ട്.അവർ ചാറ്റിൽ  എന്തും എന്നോട് തുറന്നു പറയും.രഹസ്യങ്ങൾ  വരെ.അതൊക്കെ കേള്ക്കുന്നത്  തന്നെ  ഒരു സന്തോഷമാണ്.ഒരു  സുഖമാണ്.പെണ്ണ് ആണെന്ന്  വിചാരിച്ചല്ലേ  ഈ  പോത്തുകൾ  എല്ലാം പറയുന്നത്.ഈയിടെ  ഈ  സിറ്റിയിൽ തന്നെ ഉള്ള ഒരു പൊട്ടൻ  ഡോക്റ്ററുടെ  ഭാര്യ,പ്രോഫൈൽ പേര്  ക്ലിയോപാട്ര.എന്നോട് അവരുടെ  ഭര്ത്താവ് ഒരു കൊഞ്നാഡൻ ആണെന്ന് പറഞ്ഞു.പിന്നെ അവരുടെ കുറെ  രഹസ്യങ്ങളും..അയാള് എങ്ങാനും ഇതൊക്കെ അറിഞ്ഞിരുന്നെകിൽ  ഹൃദയം പൊട്ടി മരിച്ചേനെ. ഞാൻ എങ്ങാനും ഒരു  ആണ്  ആയിരുന്നെകിൽ  എന്റെ കൂടെ  ഇറങ്ങി വന്നേനെ  എന്നും പറഞ്ഞു.ഞാൻ ആണ്  ആണെന്ന് തുറന്നു പറയാൻ പറ്റില്ലല്ലോ ഇനി.
 
 
 
നിങ്ങള്ക്ക്  ഫെക് ഐഡിയിൽ,സ്ഥിരമായി  ഫെസ്ബുക്ക്‌  ഉപയോഗിക്കുന്നവരിൽ   കണ്ടു  വരുന്ന  ഒരു  രോഗമാണ്.ഞങ്ങളുടെ  ഭാഷയിൽ,ഇതിനു  നട്ടെല്ലോ  ഇല്ലായ്മ ഫെകൊമാനിയ  എന്ന് പറയും.സാരമില്ല.എല്ലാം  ശരിയാക്കാം.ഞാൻ തല്ക്കാലം കുറച്ചു മരുന്നുകള  തരാം. അത് കഴിച്ചിട്ട് ഒരാഴ്ച  കഴിഞ്ഞു  വരൂ .
 
 
താണ്ടമ്മ പോയതിനു  ശേഷം,ഡോക്റ്റർ  ഫെർണാണ്ടസ്‌  തന്റെ  "മഴുവൻ"  എന്ന പേരിലുള്ള   ഫെസ് ബുക്ക്‌  പേജ് തുറന്നു താണ്ടമ്മയുടെ പേജിൽ ചെന്ന്     ക്ലിയോപാട്ര  എന്ന  പ്രൊഫൈൽ   കണ്ടു  പിടിച്ചു.അതിലുള്ള  എല്ലാ പോസ്റ്റുകൾക്കും കുത്തിയിരുന്ന്  ലൈക്ക്  അടിച്ചു.പിന്നീട്  ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചതിന്  ശേഷം വളരെ  റൊമാന്റിക്  ആയ  ഒരു  മെസ്സേജ് കൂടി അയച്ചു പ്രതീക്ഷയോടെ  കാത്തിരുന്നു .
 

അപ്പോൾ ക്ലിനിക്കിന്റെ  മുകളിലത്തെ  നിലയിൽ ബ്യുട്ടി പാർലർ  നടത്തുന്ന മിസ്സിസ്  ഫെർണാണ്ടസിന്റെ മൊബൈലിൽ  മെസ്സേജ്  അലർട്ടു വന്നു.പുതിയ  ഫ്രണ്ട്സ് റിക്വസ്റ്റ്  കണ്ടു  പുഞ്ചിരിച്ചു കൊണ്ട്  വളരെ  ശ്രദ്ധാപൂവം   അവർ അക്സെപ്റ്റ് എന്ന  ബട്ടണ്‍ ഞെക്കി.തന്റെ പോസ്റ്റുകളിൽ എല്ലാം  പുതിയ  ആൾ  ലൈക്ക് അടിച്ചത് കണ്ടു  പുളകിതയായി .


 
ക്ലിയോപാട്ര അക്സപ്ട്ടട്  യുവർ ഫ്രണ്ട്സ് റിക്വസ്റ്റ്  എന്ന മെസ്സേജ് വായിച്ച  ഡോക്റ്റർ തുള്ളിച്ചാടി.മറുപടിയായി   ഒരു  ലവ്സൈൻ  അയച്ചു  കൊണ്ടിരിക്കവേ,മൊബൈൽ  ശബ്ദിച്ചു.നംബറിനോടൊപ്പം  തെളിഞ്ഞു വന്ന  മിസ്സിസ്  ഫെർണാണ്ടസിന്റെ  ഫോട്ടോ കണ്ടപ്പോൾ   ഡോക്റ്റർ അസഹ്യതയോടെ  പറഞ്ഞു ..

ശവം !  
 

Oct 8, 2013

അജ്ഞാത ശരീരങ്ങൾ

വിശ്വനാഥൻ തന്റെ   വീടിന്റെ  പിന്നിലെ  ചെറിയ  ചാർത്തിൽ,വസുവിന്റെ മോട്ടോർ ബൈക്കിൽ  അരുമയോടെ    തലോടിക്കൊണ്ട് നില്ക്കവെയായിരുന്നു ഫോണ്‍ബെൽ മുഴങ്ങിയത്.ഫിലിപ്പ് സാർ എന്ന നാമം കാണവേ വിശ്വനാഥന്റെ  ഹൃദയം ശക്തിയായി  മിടിച്ചു.
 
 
സംശയിച്ചത് പോലെ തന്നെയായിരുന്നു  കാര്യങ്ങൾ.പിറ്റേന്ന് കാലത്തേ സ്റെഷനിലേക്ക്  ചെല്ലാനായിരുന്നു  ആ  വിളി.കോട്ടയം വരെ പോകണമത്രേ.
 
 
ആരായിരുന്നു എന്ന ചോദ്യവുമായി  വന്ന മഹേശ്വരിയമ്മയോടു ഫിലിപ്പ്സാർ  എന്ന് പറയുമ്പോൾ അവരുടെ  കണ്ണുകൾ  നിറയുന്നത്  അയാൾ കണ്ടു.എന്നത്തേയും പോലെ  അവരെ  ആശ്വസിപ്പിക്കാൻ അയാൾക്ക്‌  തോന്നിയില്ല .അജ്ഞാതശവങ്ങൾ തേടിയുള്ള  യാത്ര  അയാളുടെ  ജീവിതത്തിൽ  പതിവായി കഴിഞ്ഞിരുന്നു.ആദ്യമൊക്കെ ഓരോ ശവശരീരങ്ങൾ  കാണുമ്പോഴും,അവ തന്റെ  മകന്റെതാണോ  എന്നറിയാനുള്ള  ആകാംക്ഷയും,അതിനു  ശേഷം  അതൊരു സ്ഥിരം പതിവായപ്പോൾ ഭീതിയാണോ,അറപ്പാണോ  എന്നൊക്കെ തിരിച്ചറിയാനാവാതെയിരുന്ന  വിശ്വനാഥന്  പിന്നെ പിന്നെ ചെറിയ ഒരു മരവിപ്പും,അതിനു ശേഷം നിസ്സംഗതയും   അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.മഹേശ്വരിയമ്മയുടെ സ്ഥിതിയും,വ്യത്യസ്തമായിരുന്നില്ല...ആദ്യമൊക്കെ  അലമുറയിട്ടു കരഞ്ഞും,ബോധം കെട്ടും ഒക്കെ ഓരോ വാര്തകളെയും  സ്വീകരിച്ചിരുന്ന  അവർ,ഇപ്പോൾ നിറയുന്ന  കണ്ണുകളോടെയും,ആ കണ്ണുകളുടെ  ആഴങ്ങളിൽ  ചെറിയ  ഒരു    പ്രതീക്ഷയോടെയും, കാര്യങ്ങൾ നേരിടാൻ  തുടങ്ങി  എന്നത്  അയാൾക്ക്‌ ഒരു  ആശ്വാസം തന്നെയായിരുന്നു.വസുവിന്റെ ബൈക്ക് തുടച്ചുവെച്ചും,മനസ്സ് വിഷമിക്കുമ്പോൾ ഒരു മകനെ തലോടുന്നതുപോലെ  അതിൽ  തലോടിയും, അയാള് ദിവസങ്ങൾ തള്ളി നീക്കിയപ്പോൾ,മകന്റെ മുറി അടുക്കി വെച്ചും, വസ്ത്രങ്ങളിലെ മകന്റെ  ഗന്ധം തേടിയും മഹേശ്വരിയമ്മ കാലം കഴിച്ചു.
 
 
വസു അവരുടെ  ജീവിതത്തിൽ  നിന്നും അപ്രത്യക്ഷനായിട്ടു  പതിമൂന്നു  മാസങ്ങൾ  കടന്നു പോയിരുന്നു.ജോലിയിൽ  ഒരിടത്തും  ഉറച്ചു നിൽക്കാത്ത  ഒരു പ്രകൃതമായിരുന്നു  വസുവിന്റെത്.ഓരോ ജോലികൾ മാറുമ്പോഴും, ഓരോരോ ന്യായങ്ങൾ  അയാൾക്ക്‌ പറഞ്ഞു.കോട്ടയത്തെക്കോ  മറ്റോ ദൂരയാത്ര പോകുമ്പോൾ,സാധാരണ ചെയ്യുന്നതുപോലെ,മുണ്ടക്കയം ബസ്സ്സ്റ്റാന്റിനു അടുത്തുള്ള മാധവേട്ടന്റെ ജ്യോതിഷാലയതിനടുതായിരുന്നു,വസുവിന്റെ ബൈക്ക് പാർക്ക് ചെയ്തിരുന്നത്. മൊബൈൽ സ്വിച്ച്  ഓഫ്‌ ചെയ്യപ്പെട്ട നിലയിൽ ആയിരുന്നു അതിനു ശേഷം.കൂട്ടുകാർക്കോ ബന്ധുക്കല്ക്കോ  ഒരു വിവരവും നല്കാതെ വസു എങ്ങോ പോയി മറയുകയായിരുന്നു.രണ്ടു ദിവസത്തിന് ശേഷം,പോലീസ് സ്റ്റെഷനിൽ  കൊടുത്ത പരാതിക്ക്  ശേഷമായിരുന്നു  അജ്ഞാത ശവങ്ങൾ തേടിയുള്ള വിശ്വനാഥന്റെ യാത്രകൾ  തുടങ്ങിയത്. ഏതെങ്കിലും  സ്റ്റെഷൻ അതിർത്തിയിൽ  ഒരു  അജ്ഞാത ശവം പ്രത്യക്ഷപ്പെട്ടാൽ,വിവരം അറിയിക്കലായി.പിന്നീടു ഒന്നോ രണ്ടോ  പോലീസുകാരുടെ അകമ്പടിയോടെ മൃതദേഹം കിടക്കുന്ന സ്ഥലത്തോ,മെഡിക്കൽ കോളേജിലെ  പോസ്റ്റുമോർട്ടം  നടക്കുന്ന  സ്ഥലത്തേക്കോ  ഉള്ള  യാത്ര.യാത്രയുടെ  മുഴുവൻ ചിലവും, വിശ്വനാഥൻ  വഹിക്കണം  എന്ന  അലിഖിതമായ  നിയമം ഉണ്ടായിരുന്നു.ചിലവുകൾ  എന്നു  പറയുമ്പോൾ,ബസ്,തീവണ്ടി  യാത്രാ ചിലവുകൾ മുതൽ,ഭക്ഷണത്തിനും, മദ്യപാനത്തിനും  വരെ. ഫിലിപ്പ്സാർ മാത്രമായിരുന്നു പോലീസുകാരിൽ  അല്പം എങ്കിലും  അടുപ്പമോ,സഹതാപമോ  കാട്ടിയിരുന്നത്.അപൂർവമായി  കൂടെ പോകുമ്പോൾ ഭക്ഷണചിലവുകൾ  നല്കാൻ ഒരിക്കലും, അദ്ദേഹം വിശ്വനാഥനെ അനുവദിച്ചിരുന്നില്ല.


മെഡിക്കൽ കോളേജിൽ നിന്നും ഒരു അറിയിപ്പുണ്ട്. ചില    അടയാളങ്ങൾ  വെച്ച് നോക്കുമ്പോൾ........പിറ്റേന്ന് സ്റ്റേഷനിൽ വെച്ച് ഫിലിപ്പ് സാർ പകുതി  പറഞ്ഞു നിർത്തി.


കോട്ടയത്തേക്ക്  കൂടെ  വന്നത് പുതിയതായി  വന്ന രാധാകൃഷ്ണൻ എന്ന പോലീസുകാരനായിരുന്നു.കാലത്തേ  മുണ്ടക്കയത്തു വെച്ച് മൂക്ക്മുട്ടെ പ്രഭാത ഭക്ഷണം  കഴിച്ചിട്ടും,മെഡിക്കൽ കോളേജിൽ കയറും മുൻപ് അയാള് ചായ കുടിക്കാം  എന്ന് പറഞ്ഞു.ചായയും കടിയും കൂടെ ഒരു പാക്കറ്റ് സിഗരറ്റും കൂടി അയാൾ വാങ്ങിയതിനും കൂടി പണം കൊടുത്തപ്പോൾ, ഉച്ച ഊണിനു നല്ല  ഒരു ഹോട്ടലിൽ  കയറണം  എന്ന്  രാധാകൃഷ്ണൻ പറഞ്ഞു.

ശരീരം കാണാൻ വേണ്ടി പോകുമ്പോൾ, മുൻപെങ്ങും ഇല്ലാതിരുന്ന ഒരു ഭീതി  അയാളെ  ബാധിച്ചു. കാരണം  അടയാളങ്ങൾ  എല്ലാം  തന്നെ  വസുവും  ആയി  യോജിക്കുന്നതായിരുന്നു."ഓം" എന്ന് പച്ചകുത്തിയ കൈ എന്ന് പറഞ്ഞപ്പോൾ തന്നെ  അത്  തന്റെ വസുവായിരിക്കാം  എന്ന്  അയാൾക്ക്‌  ഉറപ്പായിരുന്നു.  എങ്കിലും, എല്ലാ  മനുഷ്യരെയും പോലെ  പ്രതീക്ഷയുടെ  ഒരു  നേരത്ത  കിരണം അയാളുടെ  മനസ്സിലും  ഉണ്ടായിരുന്നു.


പോസ്റ്റ്‌മോർട്ടം ചെയ്യുന്ന മുറിക്കടുത്തായിരുന്നു ശരീരങ്ങൾ    സൂക്ഷിച്ചിരുന്നത്.മരുന്നുകളുടെയോ,ശവശരീരങ്ങളു
ടെതോ  എന്ന് വേർതിരിച്ചറിയാനാവാത്ത  ഒരു മണം അവിടെ എങ്ങും നിറഞ്ഞിരുന്നു.എപ്പോൾ  വേണമെങ്കിലും പൊട്ടിപൊയേക്കാവുന്ന  ഒരു  തേങ്ങൽ   ഉള്ളിലമർത്തി,വിശ്വനാഥൻ അയാൾക്ക്‌ കാണിച്ചു കൊടുത്ത ശരീരം നോക്കി.മുഖത്ത്  പൌഡറിന്റെ ഒരു പാടയുടെ പിന്നിൽ,ക്രൂരത  തളം കെട്ടിക്കിടക്കുന്ന  ഒരു  മുഖം.."അല്ല...ഇതല്ല...തന്റെ മകൻ ഇതല്ല"..എന്ന് അയാൾ പറഞ്ഞു.."ശരിക്ക് നോക്കെടോ...കാണാതായിട്ട്  കുറെ ആയില്ലേ...വല്ല  അടയാളമോ  മറ്റോ ഉണ്ടോ എന്ന് നോക്ക്" എന്ന്  രാധാകൃഷ്ണൻ  ദയ ഇല്ലാതെ  പറഞ്ഞു.തന്റെ മകനെ  തിരിച്ചറിയാൻ ഒരു  അടയാളങ്ങളുടെയും  ആവശ്യം ഇല്ല  എന്നയാൾ സ്വയം പറഞ്ഞു.  


മുണ്ടക്കയത്തെക്ക് ബസ് പിടിക്കും മുന്നേ,ആഗ്രഹിച്ചിരുന്നതുപോലെ തന്നെ ഒരു ബാർഹോട്ടലിൽ ഉച്ച ഭക്ഷണത്തിനായി  രാധാകൃഷ്ണൻ കയറി.മദ്യവും, ഊണും വാങ്ങി കൊടുത്തപ്പോൾ, രാധാകൃഷ്ണൻ സന്തോഷവാനായി."ഇനി എവിടെ എങ്കിലും  ശവം കാണാൻ പോകണം എന്നുണ്ടെങ്കിൽ, പറഞ്ഞാ മതി "എന്ന് പറയാനും, അയാൾ മറന്നില്ല.


 തിരിച്ചെത്തിയ  വിശ്വനാഥന്റെ  മുഖത്തെ ആശ്വാസം തിരിച്ചറിഞ്ഞ മഹേശ്വരിയമ്മ പറഞ്ഞു..."വസു വരും..നമ്മുടെ  കുട്ടി തിരിച്ചു വരും"

രാത്രി ഉറക്കം വരാതെ കിടക്കുമ്പോൾ,എത്രയെത്ര ശവശരീരങ്ങൾ തിരിച്ചറിയാൻ വേണ്ടി പോയിട്ടുണ്ട്  എന്ന്  ആലോചിക്കുകയായിരുന്നു  വിശ്വനാഥൻ. പതിമൂന്നോ, പതിന്നാലോ അതോ പന്ത്രണ്ടോ ഒരു വേള?കണ്ടതിൽ  ഏറ്റവും  ഭീതി ജനകമായിരുന്നത് കായംകുളത്തു ട്രെയിനടിയിൽ  ചാടി മരിച്ച ഒരുവന്റെ  ജഡം ആയിരുന്നു.കാലും  കൈയും അറ്റ ആ ശരീരത്തേക്ക്  ഒന്നേ നോക്കിയുള്ളൂ.എങ്കിലും ഉറക്കത്തിൽ  ഭയപ്പെടുത്തുവാൻ  ഇപ്പോഴും  തെളിഞ്ഞു  വരും    ആ മുഖം.വളരെയേറെ ആലോചിച്ചതിനു ശേഷം,ഉറക്കം വരും മുന്നേ  വിശ്വനാഥൻ  ഒരു തീരുമാനം  എടുത്തു കഴിഞ്ഞിരുന്നു..


കാലത്തേ,കോട്ടയത്ത്‌ എസ്.പി ഓഫീസിൽ പോയി, ഇനി തന്റെ  പരാതിയിന്മേൽ അജ്ഞാത ശവശരീരങ്ങൾ   തിരിച്ചറിയാനായി വിളിക്കേണ്ടതില്ല  എന്ന് എഴുതിക്കൊടുക്കുമ്പോൾ,മകൻ തിരിയെ എത്തും എന്ന പ്രതീക്ഷ മാത്രമായിരുന്നില്ല   അയാളിൽ.ഊരും പേരും അറിയാത്ത ശരീരങ്ങളിൽ  തന്റെ  മകന്റെ അടയാളങ്ങൾ  കണ്ടുപിടിക്കുന്നതിലുള്ള  മടുപ്പായിരുന്നു  കൂടുതൽ.


റെയിൽവേ സ്റ്റെഷൻ റോഡിൽ നിന്നും, നാഗമ്പടത്തെ ബസ്സ്റ്റാണ്ടിലേക്കു നടന്നു പോകും വഴി,അസഹ്യമായ  തലവേദന അയാൾക്ക്‌  തോന്നി.രക്തം തലയിലേക്ക് ഇരച്ചു കയറുന്നപോലെയും,കാഴ്ച  മങ്ങുന്നതുപോലെയും. വേച്ചുപോയ അയാൾ,റോഡരികിലെ കാനയിലേക്ക്  കുഴഞ്ഞു വീഴുനത് കണ്ടു തൊട്ടടുത്ത  ബീവറേജസ് കൊർപ്പറേഷനിൽ നിന്നും ഇറങ്ങി വന്ന  രണ്ടു  ചെറുപ്പക്കാർ  ഒരു ചിരിയോടെ  പറഞ്ഞു "കാലത്തെ  തന്നെ അമ്മാവൻ പാമ്പായല്ലോ ".കാനയുടെ അരികിലെ മരച്ചില്ലയിൽ നിന്നും  ഒരു ചെറിയ കുരുവി ഞെട്ടി പറന്നകന്നു..

മഹേശ്വരിയമ്മ അപ്പോൾ ഒരു കത്ത് വായിക്കയായിരുന്നു.വിശാഖപട്ടണത്തെ  ഒരു  ചെമ്മീൻ കമ്പനിയിൽ ജോലി കിട്ടിയെന്നും, സന്തോഷത്തോടെ ഇരിക്കുന്നുവെന്നുമുള്ള വസുവിന്റെ  കത്ത്.വിവരം വിശ്വനാഥനെ അറിയിക്കാനായി ഫോണ്‍ ചെയ്യുമ്പോൾ, ഫോണ്‍ ബെൽ കിടപ്പുമുറിയിൽ നിന്ന്  തന്നെ ഉയര്ന്നു.
 

അറുപതുവയസ്സ് തോന്നിക്കുന്ന  പുരുഷന്റെ അജ്ഞാത ശവശരീരം,മെഡിക്കൽ കോളേജ് ആശുപത്രിയിൽ  സൂക്ഷിച്ചിരിക്കുന്നു എന്ന  വാർത്ത ഒരു നിർവികാരതയോടെ പത്രത്തിലേക്ക്  വിളിച്ചു പറയുമ്പോൾ,സ്വ.ലേ.പിറുപിറുത്തു..."ഇന്നും  അജ്ഞാതൻ  മാത്രം .. "