Aug 3, 2014

ഒരു അധ്യാപന പരീക്ഷണത്തിന്റെ കഥ

പി.ജി  ഒക്കെ  കഴിഞ്ഞു  റിസൾട്ട്  കാത്തു  നില്ക്കുന്ന കാലം.പ്രത്യേകിച്ച് പണിയൊന്നും  ഇല്ലാത്തതിനാൽ, ഒരേ തൂവൽ  പക്ഷികളായ ഞങ്ങൾ  നാല് പേര് കവലയിൽ  കാലത്തെ  കാപ്പികുടി  ഒക്കെ   കഴിഞ്ഞു  ഒത്തു കൂടും. കാലത്തെ   പിള്ളേരെ  ഒക്കെ  ബസ് കേറ്റി  വിടുക  എന്ന  ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റി കഴിഞ്ഞു   രണ്ടു   സൈക്കിളുകളിൽ ആയി  രണ്ടു കിലോമീറ്റർ    അകലെ  ഉള്ള   ക്ലബ്ബിൽ കാർപ്പൊവും  കാസ്പറോവും  ആകും. ഉച്ചക്ക് കൃത്യമായി  ഉണ്ണാൻ  വീട്ടിലെത്തും. ഊണ് കഴിഞ്ഞാൽ  വീണ്ടും ഇറങ്ങുകയായി. അപ്പോഴേക്കും  ക്ലബ്ബിൽ  ഇരുപത്തെട്ടു  കളിക്കാൻ   ആള് റെഡി  ആയിട്ടുണ്ടാവും. മണിക്കൂറുകളോളം കുണുക്ക്    വെച്ച്  വെച്ച്   വീട്ടില് എത്തിയാലും,ചെവിയിൽ  കുണുക്ക്   ഇരിക്കുന്നത് പോലെ  ഒരു തോന്നലുണ്ടാകും !

അങ്ങനെ  ഒരു  ദിവസം  കൂട്ടുകാരെ  കാത്തു നിൽക്കുമ്പോൾ   റോഡിനു എതിരുവശം   നിന്ന് ഒരാള്  ചിരിക്കുന്നു.ഞാൻ  തിരിച്ചും  ഒരു  ചിരി പാസാക്കുന്നു.കാമുകിയുടെ  പച്ചക്കൊടി   കിട്ടിയ കാമുകനെ മാതിരി അദ്ദേഹം  നേരെ  അടുത്തേക്ക്. വന്നയുടൻ   ഒരു  ചെറിയ  സംശയം ചോദിക്കുന്നു.പോസ്റ്റ്‌  ഗ്രാജുവേറ്റ് ആണല്ലേ ..ഞാൻ ഒരു  ചെറിയ പരുങ്ങലോടെ പറയുന്നു ..അത് വന്ത്...റിസൾട്ട് വന്നിട്ടില്ല. വന്നാലെ പറയാനൊക്കൂ (റിസൾട്ട് വരാൻ  എന്തിരിക്കുന്നു പൊട്ടും എന്നുറപ്പല്ലേ എന്ന് ഞാൻ മനസ്സില് പറഞ്ഞു ) അദ്ദേഹം  സ്വയം പരിചയപ്പെടുത്തി.  ഞാൻ സുധാകരൻ   ഡബിൾ  എം എ ആണ്.ഏറ്റുമാനൂര് ഒരു കോളേജ്  നടത്തുന്നു. ആട്ടെ...പഠിപ്പിക്കാൻ  കഴിയുമോ (സ്വന്തമായിട്ട് പഠിക്കാൻ കഴിവില്ല.പിന്നെയാ എന്ന് ഞാൻ ഞാൻ മനസ്സില് )അത് സാറേ...ഞാൻ ഇതേ വരെ ആരെയും...അത്  സാരമില്ല..നമുക്ക് ശരിയാക്കാം...പിന്നെ  മറ്റൊരു കാര്യം ഉണ്ട്. സാർ രണ്ടു വശത്തേക്കും നോക്കി ആ  വലിയ  രഹസ്യം പറഞ്ഞു...പിന്നെ  കോളേജ്  തുടങ്ങിയതെ ഉള്ളു...പിള്ളേരൊക്കെ  ആയി വരുന്നു. അതുകൊണ്ട്  ശമ്പളം  ഒന്നും  ഉടനെ പ്രതീക്ഷിക്കരുത് .(അത് ശരി...പഠിപ്പിക്കുന്നതും പോരാഞ്ഞിട്ട് വണ്ടിക്കൂലിയും കൈയീന്നു ).അന്ന് ഏറ്റുമാനൂർ   പോയി  വരാൻ  രണ്ടു രണ്ടര  രൂപ വേണം. അങ്ങോട്ട്‌  പൈസ ചിലവാക്കി വായിട്ടലക്കാൻ  പോകാൻ   തലയ്ക്കു വട്ടൊന്നുമില്ല എന്ന് പറയണം  എന്ന് തോന്നിയപ്പോൾ  സാർ  രണ്ടു കൈകളും   കൂട്ടി  പിടിച്ചു പറഞ്ഞു..."വരണം.ഞാൻ വണ്ടിക്കൂലി തരാം"  എന്ന് !

കാലത്തെ  തന്നെ  ഞാൻ കോളേജിൽ  ജോയിൻ ചെയ്തു. കോളേജ്  കെട്ടിടം ഒക്കെ അടിപൊളി.ഒരു  പലചരക്ക് കടയാണ് ലോകത്തിലെ  ആദ്യത്തെ  യൂനിവേർസിറ്റിയുടെ  പേരൊക്കെ  ഇട്ടു വെച്ചിരിക്കുന്നത്.രണ്ടു കടമുറികൾ.ഒരു ചായിപ്പിൽ ടീച്ചേർസ്  റൂം.അവിടെ പിന്നെ  ഞാനും സുധാകരൻ സാറും  മാത്രം   ഉള്ളത് കൊണ്ട് ആവശ്യത്തിനു ഇടം.കൊരിക്കുടിക്കാൻ   മുന്നില്  തന്നെ  ഇഷ്ട്ടം പോലെ വെള്ളമുള്ള പഞ്ചായത്ത് കിണർ.പത്താംക്ലാസ് തോറ്റിട്ട്    പഠിക്കുന്ന ഒരു ബാച്ച്.പിന്നെ രണ്ടു മൂന്ന് പിള്ളേർ  റ്റ്യുഷനും വരും.മൊത്തത്തിൽ  ഒരു ഒലവക്കോടൻ   യൂണിവേർസിറ്റി  സെറ്റപ്പ് !

ആദ്യത്തെ  ക്ലാസിൽ  എന്നെ  സുധാകരൻ  സാർ പരിചയപ്പെടുത്തി.ഇത് നിങ്ങളുടെ  പുതിയ  സാർ ആണ്.ഭയങ്കര  പഠിപ്പീരുകാരൻ  ആണ്.സാറിനെ കിട്ടിയത്  നിങ്ങളുടെ  ഭാഗ്യം..ഈത്തവണ  നിങ്ങൾ എല്ലാവരും  പാസാകും, നോക്കിക്കോ ! അടുത്ത മാസം ഒരു  ലേഡീ  ടീച്ചർ   കൂടി  ജോയിൻ  ചെയ്യും എന്ന് കൂടി കേട്ടപ്പോൾ  ആണ്‍ കുട്ടികൾ  കയ്യടിച്ചു. അത്ഭുതം കൂറിയ  എന്നെ നോക്കി സുധാകരൻ സാർ  " ഉം "  എന്ന പറയുന്ന മാതിരി  തലയാട്ടി !.   


പിള്ളേർ കോറസായി  ഗുഡ്മോര്നിംഗ് പറഞ്ഞു.ഞാൻ സാറായിചാർജെടുത്തു  .ആദ്യം ബോർഡിൽ   അന്നത്തെ ഡേറ്റ്  എഴുതി. പിന്നെ പിള്ളേരെ ആകെ  ഒന്ന്  നോക്കി...നാലാണും  മൂന്നു പെണ്ണും.  എന്റെ ഇരട്ടി വരും  ഓരോന്നും.പിന്നെ എനിക്കില്ലാത്ത ഒന്ന് കൂടുതലായി ആണ്‍ പിള്ളേർക്ക് ഉണ്ടായിരുന്നു.നല്ല  കട്ടി മീശ !പുസ്തകം പിടിച്ച  കൈ  ചെറുതായി വിറക്കുന്നുണ്ടോ എന്ന് ഒരു  സംശയം.എന്നാലും ഒന്നാം  ലോകമഹാ യുദ്ധത്തിന്റെ  കാരണങ്ങൾ  ഞാൻ  വെച്ച്  കാച്ചി. 

ഞാനുമായി  മുന്നാൾ  ഉണ്ടായിരുന്ന   രണ്ടു വിഷയങ്ങൾ -കണക്കും, ഹിന്ദിയും ( നമുക്കീ  ഹിന്ദി പടത്തിൽ  പറയുന്ന,ആജ്  മേരെ  പാസ്  ബംഗ്ലാ ഹേ , ഗാടി ഹേ , ബാങ്ക്  ബാലൻസ്   ഹേ , തുമാരെ  പാസ് ക്യാ ഹേ ...മേരെ പാസ്  മാ  ഹേ മാതിരി  ഹിന്ദി അല്ലെ  ഉള്ളു )  ഒഴിവാക്കി  തരണം   എന്ന് സുധാകരൻ സാറുമായി  കരാർ  ഉണ്ടായിരുന്നത് കൊണ്ട്,ഏതു  പോലീസുകാരനും പഠിപ്പിക്കാവുന്ന,മലയാളം,സോഷ്യൽ,ഹിസ്ടറി ഒക്കെ  ആയിരുന്നു പഠിപ്പീര്.അല്ലെങ്കിലും  മണ്ടന്മാർക്കു  പഠിക്കാൻ പറഞ്ഞിട്ടുള്ളതാണ്  ഹിസ്ടറി  എന്നാണല്ലോ വെപ്പ്.ഹിസ്ടറി  പഠിച്ചവർക്കറിയാം   അതിന്റെ  ബുദ്ധിമുട്ട് ! 

സാറിനു    രാഷ്ട്രീയ  പ്രവർത്തനം  ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് മിക്കവാറും വരാറില്ല.രണ്ടു  ദിവസം  കൊണ്ട്  പിള്ളേര്  കമ്പനി ആയി.അര മണിക്കൂർ കൂടുമ്പോൾ,പിള്ളേര്   വെള്ളം കുടിക്കാൻ പോകാൻ  ബ്രേക്ക്‌ ചോദിക്കും.എന്നാൽ  വെള്ളം  കുടിക്കാൻ പോകാതെ ഡസ്കിന് മുകളിൽ  കയറി   ഇരുന്നു പെണ്പിള്ളേരുമായി  അരിവറക്കുക എന്നതായിരുന്നു അവരുടെ  സ്ഥിരം കലാപരിപാടി.കാലത്തെ   ചെന്ന് കയറുമ്പോൾ ഓരോരുത്തർ പെണ്ണുങ്ങളുടെ  മടിയിൽ  തല  വെച്ച്   കിടക്കുന്ന അനന്തശയനം ടാബ്ലോ  ഒരു സ്ഥിരം കാഴ്ചയായിരുന്നു. ഇത് പറഞ്ഞപ്പോൾ  സാറോന്നു കണ്ണടച്ചേക്ക്   എന്ന സുധാകരൻ സാറിന്റെ ഉപദേശം  കേട്ട്   കണ്ണ്  തുറക്കാൻ മേലാത്ത സ്ഥിതിയായി.മറ്റൊരു  ദിവസം, മൂന്നു പെണ്ണുങ്ങളിൽ  അല്പ്പം ഫോർവേർഡ് ആയ രത്നമ്മ  "സാറിനു  ലൈൻ വല്ലതും  ഉണ്ടോ"  എന്ന് ചോദിച്ചത്  കേട്ട്   ഞാൻ ഞെട്ടി. എന്താ  പി. കെ ആറെ .നമ്മളൊക്കെ  ഇവിടെ തന്നെ  ഉണ്ട്  എന്ന്   പി കെ  രത്നമ്മയോടു പറഞ്ഞ മനോജ്‌കുമാറിനെ  ഒരു   ചോക്ക് കഷ്ണം  വെച്ച്  എറിഞ്ഞതിൽ പ്രതിഷേധിച്ചു,സാധാരണ ചെയ്യാറുള്ളത്  പോലെ   മനോജ്‌  എന്നെ സൈക്കിളിൽ  ബസ് സ്ടാണ്ടിൽ   കൊണ്ട്  വിട്ടില്ല  .അങ്ങനെ  ഇരിക്കെ പാർലമെന്റ് ഇലക്ഷൻ പ്രഖ്യാപിച്ചു.കേരളത്തിൽ  നാലും മൂന്നും  ഏഴു പേര്  മാത്രമുള്ള ഒരു  ബോംബെ പാര്ട്ടിയുടെ സ്ഥാനാർഥി ആയി സുധാകരൻ സാർ.നാമനിര്ദേശം കൊടുത്തതിനു  ശേഷം  സാർ  പറഞ്ഞു. ഇനി ഇലക്ഷൻ  കഴിഞ്ഞേ  ക്ലാസ് ഉള്ളു.അമ്മായിഅച്ഛൻ ഇശ്ചിച്ചതും   മരുമകൻ കൊണ്ടുവന്നതും   ഓസീയാർ   എന്ന്  പറഞ്ഞ  മാതിരി  പിള്ളേര് ഹാപ്പി.. കാലത്തേ എല്ലാവരും  കോളേജിൽ  വരും. ഞങ്ങൾ  രണ്ടു "ലക്ച്ചർ"മാരും   നാല് ആണ്‍കുട്ടികളും കൂടി   പ്രചാരണത്തിന് ഇറങ്ങും.പെണ്‍പിള്ളേർ ഉച്ചവരെ സിനിമാക്കഥ പറഞ്ഞും,ശങ്കർ  അംബികയെ  കെട്ടുമോ എന്നതുപോലെയുള്ള   അന്താരാഷ്‌ട്ര  പ്രശ്നങ്ങൾ  ചർച്ച ചെയ്തും,പേൻ നോക്കിയും  ഇരുന്നിട്ട് വീട്ടില് പോകും.പിള്ളേരും ഞാനും   മാറി  മാറി മൈക്കിൽ കൂടി  വോട്ടു   അഭ്യർഥിക്കും. ചെറിയ  കവലകളിൽ നിർത്തി  പ്രൊഫസർ സുധാകരൻ ( അങ്ങനെ ആയിരുന്നു   പോസ്റർ  അടിച്ചിരുന്നത് )   ഒരു   പ്രസംഗം  നടത്തും. മിക്കവാറും  ആരും  ശ്രദ്ധിക്കില്ല. ചിലര് ചിരിക്കും.ഇടതു  വലതു  മുന്നണികളുടെ  സ്ഥാനാർഥികളോട്  മുട്ടാനുള്ള  ഏക്കം  ഇയാൾക്ക് ഉണ്ടോ    എന്ന്  പലരും  നേരിട്ട്  ചോദിച്ചാലും,  അവയൊക്കെ  ഒരു  ചെറു ചിരിയിൽ  ഒതുക്കി  സാർ  വോട്ടു  ചോദിക്കും  .പ്രസംഗം  കഴിഞ്ഞു ഞങ്ങൾ അവിടെ ഉള്ള  എല്ലാ  കടകളും കയറി തിരഞ്ഞെടുപ്പ്  ഫണ്ട് പിരിക്കും.  ചിലര്  അമ്പതു പൈസയോ, ഒരു  രൂപയോ തരും. ചിലര്  പോടാ കോപ്പേ, പണിയെടുത്തു  ജീവിക്ക്   എന്ന്  തന്നെ പറയും. പിരിവു  കഴിഞ്ഞു സാർ  ഞങ്ങള്ക്ക് വയറു  നിറച്ചു  ഫുഡ്‌  വാങ്ങി തരും.ബാക്കി മൈക്കുകാരനും  ജീപ്പുകാരനും  കൊടുക്കും. അങ്ങനെ ഏകദേശം രണ്ടാഴ്ച    കുശാൽ   ആയിരുന്നു.തിരഞ്ഞെടുപ്പ്  കഴിഞ്ഞ  ദിവസം  ഇനി വീണ്ടും പഠിക്കാൻ പറയുമല്ലോ   എന്നോർത്ത്കുട്ടികൾ   സെന്റി  ആയി. സുധാകരൻ സാർ  നല്ല ആത്മവിശ്വാസത്തിൽ   ആയിരുന്നു. ജയിക്കും  എന്ന് തന്നെ പറഞ്ഞു. പെട്ടി പൊട്ടിച്ചപ്പോൾ  ഇരുനൂറിൽ  താഴെ  വോട്ടേ  ഉണ്ടായിരുന്നുള്ളൂ .തിരഞ്ഞെടുപ്പിൽ തോൽവിയും ജയവും സാധാരണയാണ്, വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക്   വേണ്ടിയാണ് തിരഞ്ഞെടുപ്പ് എന്നീ  മഹദ്വചനങ്ങൾ  സാർ പറഞ്ഞു. ഇതേ വചനങ്ങൾ  പരീക്ഷ കഴിഞ്ഞും പറയേണ്ടി  വരും  എന്ന്  ഞാൻ ഓർത്തു.കോളേജിന്റെ  നാലുമാസത്തെ  വാടക  കുടിശ്ശിഖ  ഒന്നിച്ചു  കൊടുക്കാനായി  എന്നതായിരുന്നു   തിരഞ്ഞെടുപ്പിന്റെ  ബാക്കി  പത്രം. പരീക്ഷക്ക്‌  ഒരുമാസം  ബാക്കിയുള്ളപ്പോൾ എനിക്ക്    എറണാകുളത്തു ജോലി കിട്ടി.കോളേജിൽ പോയി  വിവരം  പറഞ്ഞപോൾ  സാറിനു നിരാശയായി.പരീക്ഷക്ക്  ഒരുമാസമല്ലേ ഇനിയുള്ളൂ എന്ന്  പറഞ്ഞു  ഞാൻ ആശ്വസിപ്പിച്ചു. വേറെ ജോലികിട്ടി  ഞാൻ  പോകുന്നു   എന്ന് പറഞ്ഞപ്പോൾ പി. കെ.രത്നമ്മ  കരഞ്ഞു.

ഇടക്കൊക്കെ  ഇതുവഴി  വരുമ്പോൾ  കയറണം എന്ന്  സാർ  പറഞ്ഞു. തിരഞ്ഞെടുപ്പിൽ  എന്റെ സേവനങ്ങളെ  സാർ  പുകഴ്ത്തി.ടൈ  കെട്ടുന്ന ജോലിയും  ട്രെയിനിങ്ങും  ഒക്കെ  ആയി എറണാകുളത്തു  രാജാപ്പാർട്ടു ജീവിതം നയിക്കവേ ,മൂന്നു നാല്  മാസത്തിനു  ശേഷം അവിചാരിതമായി   എനിക്കൊരു കാർഡ് കിട്ടി.പ്രൊഫസർ സുധാകരൻ സാറിന്റെ കല്യാണക്കുറി.

വധു  വളരെ  അടുത്തറിയാവുന്ന ഒരാളായിരുന്നു. പി കെ  രത്നമ്മ !

പ്രതികരണങ്ങള്‍:

24 അഭിപ്രായ(ങ്ങള്‍):

ശ്രീ said...

ഹഹ. ആദ്യ ജോലിക്കഥ കൊള്ളാമല്ലോ മാഷേ.

സുധാകരന്‍ സാറിനെങ്കിലും ആ ട്യൂട്ടോറിയല്‍ കോളേജു കൊണ്ടു ഗുണമുണ്ടായല്ലോ

Echmukutty said...

നല്ല കോളേജ്...
ആര്‍ക്കും നേട്ടമുണ്ടായില്ലെന്ന് പറഞ്ഞു കൂടാ...

keraladasanunni said...

ബി.എസ്.സി. കഴിഞ്ഞതും അധികം ദൂരെയല്ലാത്ത ഒരു ഹൈസ്കൂളില്‍ അണ്‍ ട്രെയിന്‍ഡ് അദ്ധ്യാപകനായി ജോലി കിട്ടി. എന്നേക്കാള്‍ 
വലിയ കുട്ടികളായിരുന്നു മിക്കവരും. മീശ മുളയ്ക്കാത്ത എനിക്ക് അവര്‍ കുട്ടിമാഷ് എന്ന് പേരുതന്നു. എന്തായാലും കുട്ടികള്‍ക്കെന്നെ നന്നേ ബോധിച്ചു. ഞാന്‍ ബസ്സില്‍ വന്ന് ഇറങ്ങുന്നതും കാത്ത് ശിഷ്യര്‍ സ്റ്റോപ്പില്‍
നില്‍ക്കും. പിന്നെ മൂന്നു കിലോമീറ്റര്‍ ദൂരം 
അവരുടെ എസ്ക്കോര്‍ട്ടിലാണ് നടപ്പ്. വൈകുന്നേരവും കൂട്ടിന്ന് ശിഷ്യര്‍ വരും. വായിച്ചപ്പോള്‍ അതൊക്കെ ഓര്‍മ്മ വന്നു.

Manoj Vellanad said...

കുറച്ചുകാലം കൂടി അവിടെ പഠിപ്പിച്ചിരുന്നേല്‍ ഈ മാഷുക്കും എന്തെങ്കിലും ഗുണം ഉണ്ടായേനെ.. :) :) എന്തായാലും കൊള്ളാം.. :)

ajith said...

അപ്പോ ഗുരുനാഥന്റെ വേഷവും അണിഞ്ഞിട്ടുണ്ട് അല്ലേ?

vettathan said...

എനിക്കും ഉണ്ട് ഇത്തരം അനുഭവം. റിസള്‍ട്ട് വന്നതിനു ശേഷം ഷൊര്‍ണ്ണൂരുള്ള സുഹൃത്തിന്‍റെ പാരലല്‍ കോളേജില്‍ നാലുമാസം.അയാളുടെ നിര്‍ബ്ബന്തം കൊണ്ട് പോയതാണ്.ഭക്ഷണം തരാനെ അയാള്‍ക്ക് നിവൃത്തിയുണ്ടായിരുന്നുള്ളൂ.ഭാരതപ്പുഴയുടെ മണല്‍പ്പരപ്പിലൂടെ നടക്കുന്നതായിരുന്നു എന്‍റെ സായൂജ്യം. ജോലി കിട്ടിയപ്പോള്‍ ഞാന്‍ സലാം പറഞ്ഞു പിരിഞ്ഞു. താങ്കളുടെ പോസ്റ്റ് വായിച്ചപ്പോള്‍ ആ കാലം ഓര്‍ത്തു പോയി.

viddiman said...

ഹ ഹ...

എന്തൊക്കെ വഴികളിലൂടെയാണ് നാം നടന്നെത്തിയത്.... തിരിഞ്ഞു നോക്കുമ്പോൾ ഒരു നനുത്ത ചിരി ബാക്കിയാവുന്നു.

സർക്കാർ ജോലി കിട്ടുന്നതിനു മുമ്പ് ഞാനും മൂന്നു നാലു വർഷം അദ്ധ്യാപകനായിരുന്നു. എത്ര രസകരമായ കാലം..

ചന്തു നായർ said...

കൊള്ളാമല്ലോ...അനുഭവം

Villagemaan/വില്ലേജ്മാന്‍ said...

നന്ദി...ശ്രീ...ഈ വരവിനും ആദ്യ അഭിപ്രായത്തിനും..

നന്ദി..എച്ച്മുക്കുട്ടി ..
നന്ദി..കേരള ദാസനുണ്ണി ...
നന്ദി..മനോജ്‌
നന്ദി..അജിത്‌ ഭായ്...എന്തെല്ലാം വേഷങ്ങൾ...ഈ കാലത്തിനിടയിൽ ...
നന്ദി..വെട്ടത്താൻ സർ ..
നന്ദി..ചന്തുവേട്ടാ


പലര്ക്കും ഉണ്ട് ഇതുപോലെ അധ്യാപന അനുഭവങ്ങള എന്നറിയുന്നതിൽ സന്തോഷമുണ്ട്. പണ്ടൊക്കെ പഠിത്തം കഴിഞ്ഞു നിൽക്കുമ്പോൾ ഉള്ള ഒരു ഓപ്ഷൻ ആയിരുന്നു ഈ താല്ക്കാലിക ട്യുറ്റൊരിയാൽ പരിപാടികൾ. ഞാൻ ഒരു റ്റ്യുട്ടൊരിയലിൽ പഠിക്കുമ്പോൾ പഠിപ്പിച്ചിരുന്ന സാറന്മാർ പഠിപ്പീര് കഴിഞ്ഞു കംബൈൻഡു സ്റ്റ ഡി ഒക്കെ നടത്തുമായിരുന്നു...അവർ ഓരോരുത്തരായി സര്ക്കാര് സർവീസിൽ കയറുകയും ചെയ്തിരുന്നു. ഒരു സമയത്തൊക്കെ പാരലൽ കോളേജ് അദ്ധ്യാപകർ മിക്കവാറും തന്നെ ടെസ്റ്റുകൾ എഴുതി സർവീസിൽ കയറുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്..

ഫൈസല്‍ ബാബു said...

ഹഹഹ് ശരിക്കും ചിരിപ്പിച്ചു കേട്ടോ ,, അവസാനം സൂപ്പര്‍ ,, മാഷും രതനമ്മയും ഇപ്പോഴും സുഖായി ഇരിക്കുന്നല്ലോ അല്ലെ :)

അനശ്വര said...

രസകരമായിട്ടുണ്ട്. ഇനി ആ സുധാകരന്‍സാറെങ്ങാനും ഈ പോസ്റ്റ് വായിച്ചേക്കുമോ ആവോ???

വരികള്‍ക്കിടയില്‍ said...

ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ്‌ അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ 

ദീപ എന്ന ആതിര said...

ഹഹഹ്ഹ ..നല്ല പഠിപ്പീര് ...

സുധീര്‍ദാസ്‌ said...

വില്ലേജ്മാന്‍... ശരിയ്ക്കും ആസ്വദിച്ചു. പഠനം കഴിഞ്ഞ് ജോലി കിട്ടുന്നതിന് മുമ്പുള്ള ഇടവേള ഒരു സവിശേഷ കാലഘട്ടം തന്നെയാണ്. ഓര്‍മ്മകുറിപ്പ് ഗംഭീരമായി... !

Villagemaan/വില്ലേജ്മാന്‍ said...

നന്ദി ..ഫൈസൽ ബാബു ..മാഷിനു കുട്ടികൾ നാല് ..എല്ലാരും പഠിപ്പിസ്റ്റുകൾ

നന്ദി ..അനശ്വര ...സുധാകരൻ സാർ വായിക്കാൻ വഴിയില്ല ! അതല്ലേ ഇത്ര ധൈര്യം !

നന്ദി ..വരികൾക്കിടയിൽ ...അവലോകനത്തിന് എന്നെ പരിഗണിച്ചതിന്

നന്ദി ..ദീപ എന്ന ആതിര ...കുറച്ചു കാലത്തിനു ശേഷമുള്ള ഈ വരവിനും വായനക്കും

നന്ദി ..സുധീർ ദാസ് ..ഈ ആദ്യ വരവിനും അഭിപ്രായത്തിനും.. ഒരു സുവർണ്ണ കാലം തന്നെ ആയിരുന്നു അത് ..ഇന്ന് പിന്തിരിഞ്ഞു നോക്കുമ്പോൾ ഒരു രസം ..പിന്നെ ആ നാളുകള ഇനി മടങ്ങി വരില്ലല്ലോ എന്നോർക്കുമ്പോൾ വിഷമവും

vineeth vava said...

ആശാനെ അടിപൊളി......
ഞാനും ഇപ്പൊ ഈ ടൂട്ടോറിയല്‍ കലാപരിപാടി നടത്തുന്നുണ്ട്....
എന്താകുമോ എന്തോ...............................

പട്ടേപ്പാടം റാംജി said...

അങ്ങിനെ ചുളുവിനു സുധാകരന്‍ സാറിനു രത്നമ്മയെ കിട്ടി.
രസമായി.

ashraf malayil said...

മ്മളെ രത്നമ്മയെങ്കിലും കിട്ടീലോ ആ പാവം സുധാകരൻ സാറിന് .
ഇഷ്ടായ് അവതരണം ..

Sabu Hariharan said...

രസമുണ്ടായിരുന്നു വായിക്കാൻ. എനിക്കും പഠിപ്പിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. പഴയ നല്ല ഓർമ്മകളിൽ കൂടി ഒന്നു പോകാൻ പറ്റി. ഓർക്കാൻ പോസ്റ്റ് ഒരു കാരണമായി. അതിനു നന്ദി. ആശംസകൾ.

ഗൗരിനാഥന്‍ said...

ഞാനൊക്കെ കോളേജില്‍ പോക്കു തുടങ്ങിയതു തന്നെ ഇത്തരം യൂണിവേഴ്സിറ്റികളില്‍ നിന്നായിരുന്നു..സത്യത്തില്‍ അവിടത്തെ സാറന്മാരായിരുന്നു ഹീറോസ്, ഇതൊക്കെയായിരുന്നു അവരുടെ അവസ്ഥ എന്നറിയാന്‍ കാലം കുറെ എടുത്തു, ആസ്വദിക്കാന്‍ പറ്റി, പോയകാലത്തെ ഈ കുറിപ്പ്...

Villagemaan/വില്ലേജ്മാന്‍ said...

നന്ദി ..വിനീത് വാവ ! ശ്രമിക്കൂ ..എന്തെങ്കിലും തടയാതിരിക്കില്ല !

നന്ദി ..റാംജി ഭായ്
നന്ദി ..അഷ്റഫ് ഭായ്


നന്ദി ..സാബു ഹരിഹരൻ ..ഈ വരവിനും തുറന്ന അഭിപ്രായത്തിനും . ഒരുകാലതു പലര്ക്കും ഒരു ഇടത്താവളം ആയിരുന്നു ഈ തരാം പാരലൽ കോളേജുകൾ . ഇന്ന് തൊഴില രഹിതർ എന്നൊരു ക്യാറ്റഗറി തന്നെ ഇല്ലാതെ ആയി എന്ന് തോന്നുന്നു !

നന്ദി..ഗൌരി നാഥൻ..ഈ വരവിനും അഭിപ്രായത്തിനും

Sathees Makkoth said...

കുറേ നാള്‌ മുന്നേ വായിച്ചതാണ്‌. അന്നു കമന്റ് ചെയ്യാൻ പറ്റിയില്ല.
ചിരിപ്പിച്ചു.കൊള്ളാം.

K@nn(())raan*خلي ولي said...

@@

ഇപ്പോഴാ കണ്ടതും വായിച്ചതും.
ശശിയേട്ടന്റെ പെരുമാറ്റത്തില്‍ അസാധാരണ പക്വത കാണുമ്പോള്‍ തോന്നിയിട്ടുണ്ട് ഇയാളൊരു പ്രൊഫസര്‍ ആണോന്ന്. ഇപ്പൊ എന്റെ തോന്നല്‍ ശരിയായിരുന്നു എന്ന് അറിയുമ്പോള്‍ സന്തോഷം.

രസായി അവതരിപ്പിച്ചു.
ഇനീപ്പോ ബഹുമാനംകൂടി "മാഷേ" എന്ന് വിളിക്കേണ്ടി വരുമോ ആവോ!

***

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതുപോലെ അധ്യാപന
അനുഭവങ്ങൾ എനിക്കും തടഞ്ഞിട്ടുണ്ട് ..
എന്തായാലും അന്നത്തെ പാരലൽ അദ്ധ്യാപകർക്കുള്ളക്കുള്ള ഒരു പാര തന്നെയാനിത് കേട്ടൊ ഭായ്