Jul 12, 2012

രായേഷ് കുമാര്‍ AKA മൈദാമൊയ്തു

അന്നൊരു ബസ് സമരം ആയിരുന്നു.കോളേജില്‍ നിന്നും നടന്നു വീട്ടിലേക്കു പോകുകയായിരുന്നു ഞാന്‍. ആന വണ്ടികള്‍ വല്ലപ്പോഴും ആളെ കുത്തി നിറച്ചു വന്നാലും നിര്‍ത്താതെ പോകും. പിന്നെ മണല്‍ കയറ്റി പോകുന്ന ലോറികള്‍ക്ക് ഒക്കെ ആണൊരു പ്രതീക്ഷ. അങ്ങനെ നടക്കുമ്പോഴാണ് പെട്ടെന്നൊരു ഫിയറ്റ് കാര്‍ വന്നു നിര്‍ത്തുന്നത്. നോക്കിയപ്പോള്‍ മൈദാ മൊയ്തു എന്ന് വട്ടപ്പേരുള്ള രായേഷ് കുമാര്‍(പഴയ കഥ ഇവിടെ വായിക്കാം )

കുറേക്കാലം മുന്‍പ് കോട്ടയത്ത്‌ നദിയമൊയ്തു അഭിനയിച്ച പടം ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു.ഒരുദിവസം ഞങ്ങള്‍ സുഹൃത്തുക്കള്‍ കുറേപ്പേര്‍ സംസാരിച്ചിരിക്കുമ്പോള്‍ രായേഷ് കുമാര്‍ പാഞ്ഞു വന്നിട്ട് പറഞ്ഞു." എടാ, ഞാനിന്നു മൈദാ മൊയ്തുവിനെ കണ്ടു എന്ന് " അന്നത്തോടെ മൈദാ മൊയ്തു എന്ന പട്ടത്തിനു രായേഷ്കുമാര്‍ അര്‍ഹനായി..


രായേഷ് ഐ.ടി.സി യില്‍ നിന്നും ഇലക്ട്രീഷന്‍ ഒക്കെ പാസായി കോട്ടയത്ത്‌ ഒരു കമ്പനിയില്‍ അപ്രന്റീസ് ആയി പോകുകയായിരുന്നു.അവിടുത്തെ മുതലാളിയുടെ വീട്ടില്‍ എന്തോ ചില്ലറ പണിക്കു വേണ്ടി പോകയായിരുന്നു അവന്.മുതലാളിയുടെ വീട് പുഴക്കക്കരെ. വേറെ ഒരു വഴിയിലൂടെ അവിടെ എത്തിയാല്‍ കടത്തു കടന്നു എനിക്ക് വീട്ടില്‍ എത്താം.നടക്കാതെ കഴിക്കാമല്ലോ എന്നോര്‍ത്ത് ഞാന്‍ രായേഷിന്റെ കൂടി കയറി. കാറില്‍ രായേഷും ഡ്രൈവറും പിന്നെ ഒരാളും കൂടി ഉണ്ടായിരുന്നു. മണി എന്നായിരുന്നു അവന്റെ പേര്. മെലിഞ്ഞു ഉണങ്ങി കണ്ണ് മാത്രം മിഴിച്ചിരിക്കുന്ന ഒരു പയ്യന്‍." മുതലാളീടെ വീട്ടിലൊന്നും പണിക്കു പോകാന്‍ നിനക്ക് പറ്റുകേലാന്നു പറഞ്ഞു കൂടെ "എന്ന് ചോദിച്ചു ഞാന്‍ രായെഷിന്റെ ഒന്ന് കുത്തി.



"എന്റെ പോന്നു മാനെ, ജീവിച്ചു പോട്ടെ. ദേ ഈയിരിക്കുന്ന മണിയുടെ സ്ഥാനത് ഞാന്‍ ആരുന്നേല്‍ ചുമ്മാ വീട്ടില്‍ ഇരുന്നേനെ. ഇവന്റെ അച്ഛന്‍ ലക്ഷ പ്രഭു. റബര്‍ തോട്ടം, മാസം പത്തുമൂവായിരം തേങ്ങ കിട്ടാനുണ്ട്..ഒറ്റ മകന്‍. നമ്മളെ പോലെ അപ്പാവി ആണോ "എന്നൊക്കെ രായേഷ് പറഞ്ഞു .ഞാന്‍ മണിയെ ഒന്ന് സൂക്ഷിച്ചു നോക്കി. നല്ല കറുപ്പ്നിറം, കണ്ണെഴുതാന്‍ പ്രത്യേകിച്ച് കണ്മഷി മേടിക്കേണ്ട ബുദ്ധിമുട്ട് പെങ്ങമ്മാര്‍ക്ക് ഉണ്ടാവില്ല. എല്ലൊക്കെ ആണെങ്കില്‍ ഓരോന്നായി എണ്ണി എടുക്കാം. എന്നാല്‍ അതിന്റെ അഹങ്കാരം തീരെയില്ല .


വലിയ ഒരു തോട്ടത്തിനുള്ളിലായിരുന്നു മുതലാളിയുടെ വീട്. ഞാന്‍ വെളിയില്‍ തന്നെ നിന്നു. കുറച്ചു കഴിഞ്ഞപ്പോ ഒരു പ്രായമായ സ്ത്രീ വന്നു പറഞ്ഞു, "പണിക്കു വന്നിട്ട് പുറത്തു ചുമ്മാ നിന്ന് കാറ്റ് കൊള്ളുവാണോ,അകത്തോട്ടു വാടാ ചെറുക്കാ"എന്ന്.വീട്ടിലേക്കു പോകണമെങ്കില്‍ അവിടുന്ന് മൂന്നു നാല് കിലോമീറ്റര്‍ നടന്നു പോയാലെ കടത്തു എത്തു.അതുകൊണ്ട് , ഞാന്‍ നിങ്ങളുടെ പണിക്കാരനൊന്നുമല്ല എന്ന് പറയാന്‍ എന്റെ നാവു ചൊറിഞ്ഞെങ്കിലും ഞാന്‍ പറഞ്ഞില്ല. പകരം അവരുടെ വീട്ടില്‍ കയറി. രായേഷും മണിയും കൂടി ബള്‍ബ് ഒക്കെ മാറ്റിയിടുന്നു. ഏതായാലും വന്നതല്ലേ എന്നോര്‍ത്ത് ഞാന്‍ രായേഷ് കയറിയ ഏണിയില്‍ പിടിച്ചു കൊടുത്തു. അമ്മച്ചിയെ അടുത്ത് കണ്ടപ്പോഴാ ആളെ മനസ്സിലായെ.മിസ്സിസ് ചാണ്ടി..വല്ല ക്ലാരമ്മാന്നോ താണ്ടമ്മാന്നോ മറ്റോ ആരിക്കും പേരെന്നും, പുറത്തു പറയാന്‍ കൊള്ളാത്ത പേരായകൊണ്ട് കെട്ടിയോന്റെ നാമം പൂജിതമാക്കിയതാണെന്നും പറഞ്ഞു ഞങ്ങള്‍ ചിരിച്ചിട്ടുണ്ട്. അവര്‍ ഒരു പാട് പാചക പുസ്തകങ്ങള്‍ ഒക്കെ എഴുതിയിട്ടുണ്ട്. ലയന്‍സ് ,റോട്ടറി ,പാചക മത്സരം എന്നൊക്കെ പറഞ്ഞുഇടക്ക് പത്രത്തിലൊക്കെ പടം കാണാം.കോട്ടയത്ത്‌ ഫുഡ്‌ എക്സിബിഷന്‍ ഒക്കെ വരുമ്പോള്‍ ഈ അമ്മച്ചി കൂട്ടാന്‍ വെക്കുന്നിടത്തു കൊച്ചമ്മമാരുടെ തിരക്ക് കണ്ടിട്ടുണ്ട്..


പണി ഒക്കെ കഴിഞ്ഞു അമ്മച്ചി ഞങ്ങളെ മൂന്നാളെയും ഒരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ ഒരു മേശയില്‍ നിറച്ചു പലതരം പലഹാരങ്ങള്‍. അമ്മച്ചി വായില്‍ കൊള്ളാത്ത ഓരോ പേര് പറയും, ഞങ്ങള്‍ അത് ടെസ്റ്റ്‌ ചെയ്യും. കഴിച്ചു കഴിഞ്ഞാല്‍ ഉടന്‍ അമ്മച്ചി ചോദിക്കും,എങ്ങനുണ്ട് എന്ന്.വായില്‍ വെക്കാന്‍ കൊള്ളൂകേലേലും രായേഷ് പറയും ഭയങ്കര സംഭവം ആണെന്ന്. കൊള്ളത്തില്ല എന്ന് പറഞ്ഞാല്‍ പണി പോകുമോ എന്ന് രായേഷിനു പേടി. ഗോലി കണക്കെ ഇരിക്കുന്ന ഒരു സാധനത്തിനിട്ട് കടിച്ചതും അയ്യോ എന്ന് ഞാന്‍ ഉറക്കെ വിളിച്ചു.അതിനേക്കാള്‍ ഭീകരമായ ഒരു ശബ്ദം എന്റെ വായിലും ഉണ്ടായി..."എന്നാടാ കടിച്ചിട്ട്‌ പൊട്ടിയില്ലേ" എന്ന അമ്മച്ചിയുടെ ചോദ്യത്തിന് " പൊട്ടി , എന്റെ പല്ല്" എന്നും "ഇത് പട്ടിക്കിട്ടു എറിയാന്‍ ബെസ്റ്റാ " എന്നും ഞാന്‍ പറഞ്ഞു.രായേഷ് എന്റെ കാലില്‍ ഒന്ന് ചവിട്ടിയിട്ട്,വേണ്ട എന്ന് കണ്ണ് കാണിച്ചു. " ചാണ്ടി ച്ചായനോട് പറഞ്ഞു നിന്റെ കാര്യത്തില്‍ ഒരു തീരുമാനമാക്കുന്നുണ്ട് "എന്ന് അമ്മച്ചി പറഞ്ഞു.പാത്രം എടുക്കാന്‍ വന്ന വേലക്കാരിയുടെ മുഖത്ത് ഒരു ആശ്വാസ ഭാവം..ഇന്നത്തെ പരീക്ഷണത്തില്‍ നിന്ന് രക്ഷപെട്ടതുകൊണ്ടാവും.

കഴിപ്പ്‌ നിര്‍ത്തി പുറത്തേക്കിറങ്ങിയപ്പോള്‍ ഞങ്ങളുടെ അടുത്തുള്ള കുഞ്ഞപ്പന്‍ ചേട്ടന്‍ നില്‍ക്കുന്നു. കുഞ്ഞപ്പന്‍ ചേട്ടന് അവിടെ പുറംപണി.ഉച്ചയായപ്പോള്‍ കഞ്ഞി കുടിക്കാന്‍ അടുക്കളപ്പുറത്ത് വന്നതായിരുന്നു. വേലക്കാരി ഒരു കുഴിയന്‍ പിഞ്ഞാണത്തില്‍ കഞ്ഞി കൊണ്ട് വെച്ചു . കഞ്ഞി കൊണ്ട് വെച്ചതും,കുഞ്ഞപ്പന്‍ ചേട്ടന്‍ എഴുന്നേറ്റു നിന്ന് മുണ്ട് മടക്കി താറു പാച്ചി."എന്നതാടാ ഈ കാണിക്കുന്നേ" എന്ന അമ്മച്ചിയുടെ ചോദ്യത്തിന്, "പിഞ്ഞാതിനകത്തു വറ്റ് വല്ലതും ഉണ്ടോ എന്ന് ഒന്ന് മുങ്ങിതപ്പാനാ "എന്ന് കുഞ്ഞപ്പന്‍ ചേട്ടന്‍ പറഞ്ഞത് കേട്ട് അമ്മച്ചിയുടെ മുഖം ഒന്ന് കൂടി വലുതായി..

മണിയെ കണ്ടിട്ട് വീട്ടില്‍ കഞ്ഞിവെപ്പൊന്നും ഇല്ലാന്ന് തോന്നിയിട്ടാവണം, പോകാറായപ്പോ അമ്മച്ചി പറഞ്ഞു," എടാ കൊച്ചനെ നീ മൂന്നാല് തേങ്ങാ പൊതിച്ച്‌ കൂടക്കാത്താക്കി വീട്ടില്‍ കൊണ്ടുപോ, തേങ്ങാപ്പുരക്കടുത്തു കുഞ്ഞപ്പന്‍ കാണും, ഞാന്‍ പറഞ്ഞിട്ടുണ്ട്" എന്ന് .സ്വന്തം വീട്ടില്‍ പത്തുമൂവായിരം തേങ്ങാ കിട്ടുന്ന വകുപ്പുള്ള മണിയുടെ മുഖം വിളറി.വേണ്ട എന്ന് പറഞ്ഞാല്‍നിന്റെ പണി മാത്രമല്ല,എന്റെ പണിയും കൂടി പോകും പൊതിഞ്ഞെടുത്തോ , എന്ന് രായേഷ് പറഞ്ഞു.

തേങ്ങ ഒക്കെ പൊതിഞ്ഞെടുത്തു ഞങ്ങള്‍ കാറിന്റെ അടുത്തേക്ക് പോകാന്‍ തുടങ്ങിയപ്പോ അമ്മച്ചി വിളിച്ചു മൂന്നു രൂപ തന്നിട്ട് ബസില്‍ കയറി പൊക്കോളാന്‍ പറഞ്ഞു. അമ്മച്ചിക്ക് കാറ് ആവശ്യമുണ്ടെന്നു.ബസ് സമരമാന്നു പറഞ്ഞിട്ട് അമ്മച്ചി അടുക്കുന്നില്ല..എന്നാ നടന്നു പൊക്കോ എന്ന് അവര്‍ പറഞ്ഞു. രണ്ടു കിലോമീറ്റര്‍ നടപ്പ് ലാഭിക്കാനായി വന്നിട്ടിപ്പോ നാലുകിലോമീറ്റര്‍ നടക്കേണ്ടി വന്നല്ലോ എന്നായിരുന്നു എന്റെ മനസ്സില്‍.

ഇനിയിപ്പോ നടരാജന്‍ മോട്ടോര്‍സ് തന്നെ ശരണം എന്ന് പറഞ്ഞു ഞങ്ങള്‍ മൂന്നുപേരും പുറത്തു വന്നപ്പോള്,മണി പൊതിയഴിച്ചു തേങ്ങ എടുത്തു.അമ്പലത്തില്‍ തേങ്ങയടിക്കുന്നതുപോലെ അവരുടെ മെയിന്‍ ഗേറ്റില്‍ ഓരോന്നായി എറിഞ്ഞുടച്ചു.അതിന്റെയൊപ്പം ഒരു മുട്ടന്‍ തെറി മണി വിളിച്ചപ്പോള്‍, അമ്മച്ചി കഴിക്കാന്‍ തന്ന കൂട്ടത്തില്‍ പെട്ട ഒരു സാധനത്തിന്റെ പേരാല്ലായിരുന്നോ അത് എന്നെനിക്കു സംശയം തോന്നിയെങ്കിലും ഞാന്‍ മിണ്ടിയില്ല. മണി വയലന്റായി നില്‍ക്കുകയല്ലേ..എന്തും സംഭവിക്കാം!

മണിക്ക് തേങ്ങ ആവശ്യമില്ലാത്തതുകൊണ്ട്, തേങ്ങ വീട്ടില്‍ കൊണ്ടുപോകാം എന്നുള്ള രായേഷിന്റെ മോഹം നടക്കാഞ്ഞതുകൊണ്ടാവണം അവന്‍ പറഞ്ഞു..

"എടാ കോപ്പേ, വീട്ടില്‍ പൈസ ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല..ലുക്ക് വേണം ലുക്ക്.."

Jun 7, 2012

മൈത്രേയി മോഹന്റെ പ്രൊഫൈല്‍

വിസാ സംബന്ധമായ കാര്യങ്ങള്‍ നിര്‍വഹിച്ചശേഷം കാറിലേക്ക് കയറാന്‍ തുടങ്ങുമ്പോഴായിരുന്നു ആ പേഴ്സ് എന്റെ കണ്ണില്‍ പെട്ടത്. അതെടുത്തു നോക്കണോ അതോ എടുക്കാതെ പോകണോ എന്ന് ഞാന്‍ പലവട്ടം ആലോചിച്ചു. ഏതെങ്കിലും സ്വദേശിയുടെതാണെങ്കില്‍ ഉണ്ടായേക്കാമായ പൊല്ലാപ്പുകള്‍ എന്നെ പിന്നോട്ടുവലിച്ചു. കാറില്‍ കയറി ഞാന്‍ അല്‍പ്പ സമയം കൂടി വെറുതെ അതില്‍ തന്നെ നോക്കി..ആരും അത് തിരഞ്ഞു വരാത്തതുകൊണ്ടും, അതില്‍ എന്തെന്നുള്ള ആകാംക്ഷ കൊണ്ടും അവസാനം ഞാന്‍ അതെടുത്തു. കാറിലേക്ക് തിരിയെ കയറും മുന്‍പ് ഞാന്‍ രണ്ടു വശത്തും നോക്കി..ഇല്ല...ആരും പെഴ്സിനായി വരുന്നില്ല .

നീലനിറത്തിലുള്ള ആ പേഴ്സില്‍ " ഗസ് "എന്ന് എഴുതിയിരുന്നു . ഐ.ഡി കാര്‍ഡില്‍ അതീവ സുന്ദരിയായ ഒരു സ്ത്രീയുടെ രൂപം.വിടര്‍ന്ന വലിയ കണ്ണുകള്‍.ചുണ്ടിന്റെ കോണില്‍ ഒരു ചെറിയ പുഞ്ചിരി. കണ്ണിമക്കാതെ ഞാന്‍ അതില്‍ തന്നെ കുറെ നേരം നോക്കിയിരുന്നു. തപ്പി തടഞ്ഞു ഞാന്‍ പേര്‍ വായിച്ചെടുത്തു...മൈത്രേയി മോഹന്‍.

ഐ.ഡി കാര്ടല്ലാതെ പണം ഒന്നും തന്നെ അതില്‍ ഉണ്ടായിരുന്നില്ല.പിന്നെ കുറെ ബില്ലുകള്‍ മാത്രം.അതിലൊരു ലോണ്ട്രി ബില്ലില്‍ ഒരു ടെലിഫോണ്‍ നമ്പര്‍ ..

ആരെകിലും വിസാ ആവശ്യത്തിനോ മറ്റോ വന്നപ്പോള്‍ അറിയാതെ താഴെപ്പോയതായിരിക്കാം..ഐ .ഡി കളഞ്ഞു പോയിക്കഴിഞാലുണ്ടാകാവുന്ന ബുദ്ധിമുട്ടിനെ പറ്റി ശരിക്കും അറിയാവുന്നതിനാല്‍ ഞാന്‍ ഉടനെ തന്നെ ഫോണ്‍ വിളിക്കാമെന്നു തീരുമാനിച്ചു .ഒരുപാട് നേരം നീണ്ട ഫോണ്‍ ബെല്ലിനു ശേഷം ഒരു പുരുഷ ശബ്ദം കേട്ടു...മൈത്രെയിയുടെ ഭര്‍ത്താവാകുമോ ?

"ഞാന്‍ രാധാകൃഷ്ണന്‍ ..എനിക്ക് മൈത്രേയി മോഹനെ "എന്ന് പറഞ്ഞു തുടങ്ങുംമ്പോഴേക്കും അയാള്‍ തിരക്കിട്ട സ്വരത്തില്‍ പറഞ്ഞു.. "ഞാന്‍ അല്‍പ്പം തിരക്കിലാണ്..നിങ്ങള്‍ പിന്നീട് വിളിക്കു" എന്ന് പറഞ്ഞു അയാള്‍ ഫോണ്‍ കട്ട് ചെയ്തു.

അപമാനിതനായതുപോലെ എനിക്ക് തോന്നി.അയാളുടെതോ അല്ലെങ്കില്‍,അയാളുടെ ആരുടെയെ ങ്കിലുമോ കാര്യത്തിനായി വിളിച്ചിട്ട് ഈ തരം പ്രതികരണം എനിക്ക് താങ്ങാനാവാ ത്തതായിരുന്നു.പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ കാറിന്റെ ചില്ല് താഴ്ത്തി ഞാന്‍ ആ പേഴ്സ് കിടന്നിടത്തേ ക്ക് തന്നെ വലിച്ചെറിഞ്ഞു..റ്റു ഹെല്‍ വിത്ത്‌ മൈത്രേയി..

അടക്കാനാവാത്ത ദേഷ്യത്തില്‍ ഞാന്‍ വിറച്ചു.കാറില്‍ തന്നെ ഞാന്‍ കുറെ നേരം ഇരുന്നു.അല്‍പ്പസമയം കഴിഞ്ഞു ഞാന്‍ വീണ്ടും നോക്കുമ്പോള്‍ പേഴ്സ് തുറന്ന നിലയില്‍ ആയിരുന്നു.മൈത്രെയിയുടെ ചിത്രം എന്നെ നോക്കി ചിരിക്കുന്നതുപോലെ എനിക്ക് തോന്നി..എന്തെന്നറിയാത്ത ഒരു ആകര്‍ഷണീയത അവര്‍ക്ക് തോന്നി..എടുക്കണോ വേണ്ടയോ എന്ന് ഞാന്‍ വീണ്ടും ചിന്തിച്ചു.അവസാനം ഞാന്‍ അതെടുക്കാന്‍ തന്നെ തീരുമാനിച്ചു...മൈത്രെയിയുടെ സൌന്ദര്യമാണോ അത് വീണ്ടും എടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത് എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു.ഫോണില്‍ സംസാരിച്ചയാള്‍ എന്തെങ്കിലും അത്യാവശ്യ കാര്യത്തിലോ മീറ്റിങ്ങിലോ അയിരിക്കാമെന്നതുകൊണ്ടാവാം അങ്ങനെ പെരുമാറിയത് എന്ന് ഒരു ന്യായീകരണം കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞതില്‍ ഞാന്‍ അത്ഭുതപ്പെട്ടു. ഇനി ഭാര്യയെ മറ്റ് പുരുഷന്മാര്‍ വിളിക്കുന്നതില്‍ വിദ്വേഷം ഉള്ള പോസസ്സീവായ അല്ലെങ്കില്‍ അരസികനായ ഏതോ ഭാര്താവായിരിക്കുമോ അയാള്‍?

"മൈത്രേയി മോഹന്റെ പേഴ്സ് കളഞ്ഞു കിട്ടി..തിരിയെ വിളിക്കു"എന്നൊരു ചെറിയ മെസ്സേജ് അയാള്‍ക്ക്‌ അയച്ചതിന് ശേഷം ഞാന്‍ ഓഫീസില്‍ എത്തി. പേഴ്സ് തുറന്നു മൈത്രെയിയുടെ ഫോട്ടോ ഒന്നുകൂടി ഞാന്‍ നോക്കി..ആ വലിയ കണ്ണുകള്‍ അന്നേ ദിവസം മൂന്നു തവണകൂടി ആ പേഴ്സ് എടുക്കാന്‍ എന്നെ പ്രേരിപ്പിച്ചു. മൂന്നാം തവണ ഫോട്ടോ നോക്കുമ്പോഴേക്കും മൈത്രേയി ഫേസ് ബുക്കില്‍ ഉണ്ടാവുമോ എന്ന് നോക്കാം എന്ന തീരുമാനത്തിലേക്ക് ഞാന്‍ എത്തിയിരുന്നു.

വളരെ അപൂര്‍വമായി കാണാറുള്ള പേരായതുകൊണ്ടാവണം സേര്‍ച്ച്‌ ചെയ്തപ്പോള്‍ ആദ്യം കണ്ടത് തന്നെ അവരുടെ പേരായിരുന്നു..ഐ. ഡി കാര്‍ഡിലെ അതെ ഫോട്ടോ. പ്രൊഫൈല്‍ തുറന്നു മെയില്‍ ഐ.ഡിയോ മറ്റേതെങ്കിലും വിവരങ്ങളോ ഉണ്ടോ എന്ന് ഞാന്‍ നോക്കി..ഒന്നുമില്ല. വല്ലതോരാവേശത്തില്‍ ഞാന്‍ ഓരോ ഫോട്ടോകളായി മറിച്ചു നോക്കി.പല വേഷങ്ങളില്‍ പല സ്ഥലങ്ങളില്‍ സുന്ദരിയായ മൈത്രേയി..ഫ്രണ്ട്സ് റിക്വസ്റ്റ് അയച്ചതിന് ശേഷം ഞാന്‍ ഒരു മെസ്സേജ് കൂടി അയച്ചു...പേഴ്സ് കളഞ്ഞു കിട്ടി..ദയവായി വിളിക്കുക..


മൂന്നു മണിക്കൂറിനു ശേഷവും ഫോണിലേക്ക് വിളി ഒന്നും വന്നില്ല.ഫേസ് ബുക്കിലും വിവരം ഒന്നുമില്ല എന്ന് കണ്ടപ്പോള്‍ എന്തിനെന്നറിയാത്ത ഒരു വിഷാദം എന്നെ ബാധിച്ചു. .മൈത്രേയി തന്നെയായിരുന്നു എന്റെ മനസ്സില്‍. അവരെ പറ്റി കൂടുതല്‍ അറിയാന്‍ മനസ്സ് കൊതിച്ചതെന്തിനാണ് എന്ന് എനിക്ക് മനസ്സിലായില്ല.ഭാര്യയില്‍ നിന്നും വേര്‍പെട്ടു താമസിക്കുന്നവര്‍ എല്ലാം ഇങ്ങനെയാവുമോ ?

വൈകുന്നേരം കമ്പനി ക്വാര്ട്ടെഴ്സില്‍ വെറുതെ ഇരിക്കുബോള്‍ മൈത്രെയിയെ കണ്ടുമുട്ടിയാല്‍ എന്ത് പറയണം എന്ന് ഞാന്‍ ആലോചിച്ചു. കണ്ണാടിയില്‍ നോക്കിയപ്പോള്‍ കണ്ട നരച്ച മുടിയിഴകള്‍ ഞാന്‍ പിഴുതു. കണ്ണിനടിയിലെ കറുത്ത പാടുകള്‍ എങ്ങനെ മാറ്റാം എന്ന് ഞാന്‍ ആലോചിച്ചു.

രാത്രിമുഴുവന്‍ മൈത്രെയിയെപ്പറ്റി ഞാന്‍ ഓര്‍ത്തു. പല പ്രാവശ്യം ഫേസ് ബുക്ക്‌ പ്രൊഫൈല്‍ ഞാന്‍ എടുത്തു നോക്കി...രണ്ടു പ്രാവശ്യം ഫോണ്‍ ചെയ്തിട്ടും, യാതൊരു മറുപടിയും ഉണ്ടായില്ല. പിറ്റേന്ന് ഓഫീസില്‍ ജോലി ചെയ്യുമ്പോഴും, മൈത്രേയി പല പ്രാവശ്യം മനസ്സിലേക്ക് കയറി വന്നു.

രണ്ടു മണിക്കായിരുന്നു അയാളുടെ ഫോണ്‍ വന്നത്. തിരിച്ചു വിളിക്കാത്തതില്‍ ക്ഷമാപണം ഒന്നും അയാള്‍ പറഞ്ഞില്ല. പറ്റുമെങ്കില്‍ സബാ ഹോസ്പിറ്റലില്‍ ഒന്ന് വരൂ എന്ന് മാത്രം അയാള്‍ പറഞ്ഞു. വാര്‍ഡ്‌ നമ്പരും, റൂം നമ്പരും എഴുതിയെടുക്കുമ്പോള്‍ മൈത്രെയിയെ കാണാന്‍ പോകുന്നതിന്റെ സന്തോഷത്തില്‍ തന്നെ ആയിരുന്നു ഞാന്‍.

റൂമിന് പുറത്തെത്തി ഞാന്‍ ഒരിക്കല്‍ കൂടി വിളിച്ചു..വാതില്‍ തുറന്നു പുറത്തേക്കു വന്ന മെല്ലിച്ച രൂപത്തെ സഹതാപത്തോടെ ഞാന്‍ നോക്കി.."രാധാകൃഷ്ണന്‍ അല്ലെ"എന്നയാള്‍ ചോദിച്ചു"..." എന്താ നിങ്ങള്‍ക്ക് അസുഖം " എന്ന എന്റെ ചോദ്യത്തിന് അയാളും മറുപടി പറഞ്ഞില്ല. കാന്‍സര്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഒരാള്‍ക്ക്‌ എന്ത് രോഗമാണ് എന്ന് ചോദിക്കുന്നതിലെ അര്‍ത്ഥ ശൂന്യത എനിക്ക് മനസ്സിലായി എങ്കിലും, എന്തെങ്കിലും ചോദിക്കേണ്ടേ എന്ന് ഞാന്‍ സമാധാനിച്ചു.

മൈത്രെയിയെ കാണാനുള്ള ആവേശത്തിലായിരുന്നു ഞാന്‍. "മൈത്രേയി എവിടെ " എന്ന് ഞാന്‍ അയാളോട് ചോദിച്ചു.


വാതില്‍ തുറന്നു ഞങ്ങള്‍ അകത്തേക്ക് കയറുമ്പോള്‍ ചരിഞ്ഞു കിടന്നു ജനലിലൂടെ പുറത്തേക്കു നോക്കി കിടക്കുകയായിരുന്നു മൈത്രേയി.വെളുത്ത ഒരു ഉടുപ്പായിരുന്നു അവര്‍ അണിഞ്ഞിരുന്നത്..എല്ലും തോലുമായ ആ രൂപത്തില്‍ ഞാന്‍ പരിചിതമായ ഒന്ന് മാത്രം കണ്ടു..ആ വലിയ കണ്ണുകള്‍..അവയില്‍ നിസ്സഹായത മാത്രം..


"അറിഞ്ഞപ്പോഴേക്കും വൈകിപ്പോയി" എന്നയാള്‍ പറഞ്ഞത് ഒരു അശരീരി പോലെ എനിക്ക് തോന്നി..ഫോട്ടോകളില്‍ കണ്ട യൌവന യുക്തയായ സുന്ദരി എവിടെ.എപ്പോഴെങ്കിലും കടന്നെ ത്തിയേക്കാവുന്ന മരണത്തെ കാത്തു കിടക്കുന്ന ഈ സ്ത്രീ എവിടെ..യാതൊരു പരിചയവും ഇല്ലാത്ത ഒരു യുവതിയുടെ ഫോട്ടോകള്‍ കണ്ടു ആസ്വദിച്ചതും, അവരെ പറ്റി രണ്ടു ദിവസം മുഴുവന്‍ ആലോചിച്ചതും ഓര്‍ത്തു എനിക്ക് എന്നോട് തന്നെ പുശ്ചം തോന്നി..ജീവിതം ഇത്രയൊക്കെയേ ഉള്ളു എന്ന തിരിച്ചറിവ് എന്നില്‍ ഒരു ഞെട്ടല്‍ ഉണ്ടാക്കി..നാളെ എനിക്കും സംഭവിച്ചേക്കാവുന്ന ഒന്നാണിത് എന്ന തോന്നല്‍ ഒരു ഇടിവാളുപോലെ എന്റെ മനസ്സിലേക്ക്...

പേഴ്സ് കൈമാറി തിരിച്ചിറങ്ങവേ ആറുമാസങ്ങള്‍ക്കു മുന്നേ അവസാനമായി വിളിച്ച ഒരു നമ്പര്‍ ഞാന്‍ ഡയല്‍ ചെയ്തു.. ഇല്ല വൈകിയിട്ടില്ല..ജീവിതം ഒന്നേയുള്ളൂ എന്ന് ആരോ എന്റെ ഉള്ളില്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നു.


Apr 6, 2012

വേഷപ്രശ്ചന്നരാകുന്ന അടക്കകള്‍

ഇടുക്കി കലക്ടറെറ്റിലെ രണ്ടാം നിലയില്‍ ഒരു തൂണില്‍ ചാരി,അകലെയുള്ള മലനിരകളിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു അമ്മച്ചി..


വെളുപ്പിനെ ഉണര്‍ന്നു കടുത്തുരുത്തിയില്‍ നിന്നും ആദ്യ വണ്ടിക്കു പാലാ..അതിനു ശേഷം അവിടുന്ന് തൊടുപുഴയ്ക്ക് അടുത്തത്.പിന്നെ മൂന്നാമതൊരു വണ്ടിക്കു പൈനാവില്‍ എത്തിയപ്പോഴേക്കും അമ്മച്ചി തളര്‍ന്നിരുന്നു.ബസ്സില്‍ ഒരുപാടുനേരം ഇരുന്നതുകൊണ്ടാവനം,അമ്മച്ചിയുടെ കാലില്‍ നീരുള്ളതുപോലെ എനിക്ക് തോന്നി.

ഞങ്ങള്‍ക്ക് കാണേണ്ടിയിരുന്ന ഉദ്യോഗസ്ഥന്‍ പതിനോന്നുമണിയായിട്ടും എത്തിയിട്ടുണ്ടായിരുന്നില്ല. ഈയാഴ്ച ഇത് രണ്ടാം തവണയായിരുന്നു പൈനാവിനുള്ള യാത്ര.വണ്ടിപ്പെരിയാറില്‍ വെച്ചുള്ള അപ്പച്ചന്റെ മരണത്തിനു ശേഷം പെന്‍ഷനും അനുകൂല്യങ്ങള്‍ക്കും,ആശ്രിതര്‍ക്കുള്ള ജോലിക്കുമായിട്ടുള്ള കടലാസുകള്‍ ശരിയാക്കാന്‍ അടിക്കടിയുള്ള പൈനാവ് യാത്രകള്‍ മടുപ്പുളവാക്കിയിരുന്നു.മടുപ്പിനെക്കാളേറെ ഇത്ര ദൂരം വരാനുള്ള ചിലവിനെ ഓര്‍ത്തായിരുന്നു ഞാന്‍ വ്യാകുലനായത്.തൊടിയിലെ അടക്കകളായിരുന്നു ഈ തവണ ബസ്‌ കൂലിയായി വേഷപ്രശ്ചന്നരായത്. അമ്മച്ചി നേരിട്ട് വന്നു ഒപ്പിടേണ്ട ചില കടലാസുകള്‍ ഉണ്ടായതുകൊണ്ട് മാത്രമാണ് അമ്മചിയെകൂടി കഴിഞ്ഞ രണ്ടുപ്രാവശ്യമായി കൂട്ടേണ്ടി വന്നത്.

ഉദ്യോഗസ്ഥന്‍ വന്നപ്പോഴേക്കും,പതിനൊന്നരയായി.അദ്ദേഹം സീറ്റില്‍ ഇരുന്നപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും വരാന്തയില്‍ നിന്നും അകത്തേക്ക് ചെന്നു. ഷര്‍ട്ടിന്റെ ബട്ടണുകള്‍ അഴിച്ചു തല പുറകിലെക്കാക്കി മുകളില്‍ കറങ്ങുന്ന ഫാനിലേക്ക് നോക്കി കിടക്കയായിരുന്നു അയാള്‍.കാര്യം പറഞ്ഞപ്പോള്‍ തല ഉയര്‍ത്താതെ തന്നെ അയാള്‍ പറഞ്ഞു. "ഞാന്‍ ഒന്ന് ഇടുന്നോട്ടെടോ ".അമ്മച്ചിയെയും കൂട്ടി പുറത്തേക്കിറങ്ങുമ്പോള്‍ പിന്നില്‍ അയാളുടെ സ്വരം കേട്ടു.."കാലത്തെ തന്നെ കെട്ടിയെടുത്തോളും ഓരോന്ന് ..സര്‍ക്കാര്‍ ജോലിക്കാരും മനുഷ്യരാണ് ഹേ."

വരാന്തയില്‍ നില്‍ക്കവെയായിരുന്നു അകത്തെ ബഹളം കേട്ടത്. വാതിലില്‍ കൂടി അകത്തേക്ക് നോക്കുമ്പോള്‍ മറ്റൊരാളുമായി വാഗ്വാദത്തില്‍ ആയിരുന്നു അതേ ഉദ്യോഗസ്ഥന്‍..കുറെക്കാലമായി തന്നെ നടത്തുകയാണെന്നും,ഇതൊക്കെ ന്തിനുവേണ്ടിയാണെന്ന് തനിക്കറിയാമെന്നും എന്താണ് ഇനി ചെയ്യേണ്ടതെന്ന് അറിയാമെന്നും അയാള്‍ വളരെ ഉച്ചത്തില്‍ തന്നെ പറഞ്ഞു. അയാളുടെ ഫയലുകള്‍ യാതൊരു ദയയുമില്ലാതെ മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ട്‌ ഉദ്യോഗസ്ഥന്‍ പറഞ്ഞു.."എന്നാല്‍ നിങ്ങള്‍ തന്നെ ഉണ്ടാക്കു".അതിനു ശേഷം കോപാകുലനായി അയാള്‍ പുറത്തേക്കു പോയി..സ്തബ്ധയായി നില്‍ക്കയായിരുന്നു അമ്മച്ചി..ഇന്നും കാര്യം നടക്കില്ല എന്ന് ഞാന്‍ ഉറപ്പിച്ചു.

ഒരു മണിക്കൂറിനുശേഷം അയാള്‍ തിരിച്ചു വന്നപ്പോള്‍ അല്‍പ്പം ശാന്തനായി തോന്നി. കാര്യം അവതരിപ്പിച്ചപ്പോള്‍, യാതൊരു ദയയുമില്ലാതെ അയാള്‍ പറഞ്ഞു അടുത്തയാഴ്ച വരാന്‍.ഞങ്ങള്‍ നാല് ദിവസങ്ങള്‍ക്കു മുന്‍പേ വന്നതാണെന്നും,വളരെ ദൂരത്തുനിന്നും വരുന്നു എന്നും, സാറ് തന്നെ ഇന്ന് വരാന്‍ പറഞ്ഞതാണെന്നും പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു." നോക്കു, നിങ്ങളുടെ കാര്യം മാത്രം ചെയ്യാനല്ല ഞാന്‍ ഇവിടെയിരിക്കുന്നത്.ആളുകള്‍ക്ക് ഒരു വിചാരമുണ്ട്.വന്നാല്‍ ഉടന്‍ കാര്യം സാധിക്കും എന്ന്.ഇതിനൊക്കെ സമയമെടുക്കുമെന്നും പോയിട്ട് വേറെ ദിവസം വരാന്‍ എന്നും അയാള്‍ പറഞ്ഞു...വിഷണ്ണയായി നില്‍ക്കുന്ന അമ്മച്ചിയെ കണ്ടതുകൊണ്ടാവണം, അടുത്ത സീറ്റില്‍ ഇരിക്കുന്ന ചെറുപ്പക്കാരി പറഞ്ഞു. വേണു സാര്‍ തിരക്കിലാനെങ്കില്‍ ഫയല്‍ ഇങ്ങു തരു, ഞാന്‍ നോക്കാം എന്ന്. ഫയല്‍ കൊടുക്കുമ്പോള്‍ അയാള്‍ പരിഹാസരൂപേണ പറഞ്ഞു."നിങ്ങള്‍ ഒരേ ക്യാറ്റഗറിയാണ്..ആശ്രിതനിയമനം." പെണ്‍കുട്ടിയുടെ മുഖം വിളറി എന്നെനിക്കു തോന്നി..ശബ്ദം താഴ്തിയാനെങ്കിലും, അവള്‍ പറഞ്ഞത് ഞങ്ങള്‍ കേട്ടു...വഷളന്‍..

ഫയല്‍ ശരിയാക്കി വീണ്ടും അയാളുടെ അടുത്ത് ഞങ്ങള്‍ ചെന്ന്. ഫയല്‍ ഒന്ന് ഓടിച്ചു നോക്കിയിട്ട് അയാള്‍ അമ്മച്ചിയോട്‌ പറഞ്ഞു. "മകന് ജോലികൊടുക്കുന്നത് ആലോചിചിട്ടാണോ തള്ളെ ? അവസാനം നിങ്ങളുടെ കാര്യം ഗോപിയാകുമോ?ആ പിന്നെ സാരമില്ല..ഫാമിലി പെന്ഷനുല്ലതുകൊണ്ട് ജീവിക്കാം. ഒപ്പിട് വേഗം " പൊന്നമ്മ എന്ന പേരുതന്നെ ഒപ്പായി ഇടുമ്പോള്‍ അമ്മച്ചിയുടെ കരങ്ങള്‍ വിറക്കുന്നത്‌ ഞാന്‍ കണ്ടു.. ഫയല്‍ തിരിച്ചു വാങ്ങി ഒപ്പിട്ട സ്ഥലം പരിശോധിക്കവേ അയാള്‍ വളരെ ഒച്ചയുണ്ടാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.. ഇത് എന്തോന്ന് ഒപ്പ്...പൈനാവെന്നാണോ ഒപ്പിട്ടിരിക്കുന്നത് എന്ന്.പൈനാവാനെങ്കിലും,കുളമാവാനെങ്കിലും സാറിന്റെ മുന്നില്‍ തന്നെ വെച്ചാണല്ലോ ഒപ്പിട്ടിരിക്കുന്നത് എന്ന് പറയണം എന്ന് ഉണ്ടായിരുന്നെങ്കിലും, വൈകിയെക്കാവുന്ന പെന്ഷന്റെയും , ജോലിയുടെയും ഓര്‍മ്മ അതില്‍ നിന്നും എന്നെ വിലക്കി. ഫയല്‍ മേലുദ്യോഗസ്ഥനു സമര്‍പ്പിച്ചു ഞങ്ങളോടെ അല്‍പ്പനേരം നില്‍ക്കാന്‍ പെണ്‍കുട്ടി പറഞ്ഞു...അമ്മച്ചി പെണ്‍കുട്ടിയോട് ചോദിച്ചു..."ക്രിസ്ത്യാനിയാണോ മോള്‍ ?".. സര്‍ക്കാര്‍ ജോലി കിട്ടിക്കഴിഞ്ഞാല്‍ ജോയിമോന് ഒരു തുണയായെക്കുമോ ഇവള്‍ എന്ന തോന്നലായിരിക്കുമോ അമ്മച്ചിയെക്കൊണ്ട് അങ്ങനെ ചോദിപ്പിച്ചത് ?

കൈയില്‍ ബാഗുമായി ഒരു മധ്യവയസ്കന്‍ വേണു സാറിന്റെ അടുത്ത് ഭവ്യതയോടെ നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. വളരെ കാര്യമായി അയാള്‍ക്ക്‌ കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നത് ഞാന്‍ അത്ഭുതത്തോടെ കണ്ടു. കടലാസുകള്‍ കൈപ്പറ്റിയതിനുശേഷം അയാള്‍ ഒരു ചെറിയ പൊതി കൈമാറും മുന്‍പ് രണ്ടു വശത്തേക്കും നോക്കി. പൊതി ബാഗിനുള്ളില്‍ അതിവിദഗ്ധമായി വെച്ചിട്ട് വേണുസാര്‍ നോക്കിയത് എന്റെ മുഖത്തേക്കായിരുന്നു. ഒരു വിളറിയ ചിരി ഞാന്‍ പ്രതീക്ഷിച്ചുവെങ്കിലും അയാളുടെ മുഖത്ത് ഭാവഭേദമൊന്നും ഇല്ലായിരുന്നു.

നാലാള്‍ക്കാര്‍ വളരെ പെട്ടെന്നായിരുന്നു ഓഫീസിലേക്ക് കയറി വന്നത്. ഞൊടിയിടയില്‍ അതിലൊരാള്‍ ബാഗ് പിടിച്ചുവാങ്ങി.അതില്‍ നിന്നും മധ്യവയസ്കന്‍ കൊടുത്ത പൊതി കണ്ടെടുത്തയുടന്‍ മറ്റൊരാള്‍ ഒരു പാത്രത്തില്‍ എന്തോ ദ്രാവകം എടുത്തു. കൈകള്‍ കൂട്ടിപ്പിടിക്കവേ വേണു സാര്‍ കുതറി..ദ്രാവകം കൈകളുടെ നിറം മാറ്റിയപ്പോള്‍ വേണു സാറിന്റെ മുഖത്ത് തീരെ രക്തമയം ഉണ്ടായിരുന്നില്ല.മറ്റു ഓഫീസ് ജീവനക്കാരും,പൊതുജനങ്ങളും തിക്കിതിരക്കവേ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി..കാഴ്ചക്കാരെ സാക്ഷികളായി ചേര്‍ത്തപ്പോള്‍ അമ്മച്ചിയും അതിലൊരാളായി..പൊന്നമ്മ എന്നെഴുതി ഒപ്പിടവേ ഈ തവണ അമ്മച്ചിയുടെ കരങ്ങള്‍ വിറച്ചില്ല .

ഒരേതൂവല്പക്ഷികളില്‍ ഒരെണ്ണം കാട്ടാളന്റെ അമ്പിനിരയായ പ്രതീതിയായിരുന്നു ഓഫീസില്‍..അമ്മച്ചിയുടെ കടലാസുകള്‍ അന്നും ഓഫീസര്‍ ഒപ്പിട്ടില്ല. ഇനി ഒരുതവണകൂടി വരാന്‍ ചിലവിനായി, അടക്കകള്‍ക്ക് വേഷപ്രശ്ചന്നരാകണമെങ്കില്‍,അതിനിനി എത്രകാലംവേണ്ടിവരും എന്ന് ഞാന്‍ വെറുതെ ഓര്‍ത്തു.


കൂടുതല്‍ വായനക്ക് :

Mar 5, 2012

എന്റെ ഗള്‍ഫ് പരീക്ഷണങ്ങള്‍ ( സണ്ണിയുടെതും )

ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ആയിരുന്നു എന്റെ കൂടെ പഠിച്ച സണ്ണി ബഹറിനില്‍ നിന്നും ആദ്യമായിട്ട് അവധിക്കു വരുന്നത് . പത്താം ക്ലാസ് തോറ്റു പഠിത്തം നിര്‍ത്തി നാട്ടില്‍ ചില്ലറ ജോലി ഒക്കെയായിട്ട്‌ നടക്കുകയായിരുന്നു സണ്ണി.പിന്നെ കുറെ നാളത്തേക്ക് ഒരു വിവരവും ഇല്ലായിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞു ഒരു കത്ത് വന്നപ്പോഴായിരുന്നു സണ്ണി ഗള്‍ഫില്‍ എത്തിയത് അറിഞ്ഞത്.സണ്ണിയുടെ അമ്മാച്ചനാണ് സണ്ണിയെ ഗള്‍ഫില്‍ എത്തിച്ചത്.എല്ലാ മാസവും അവന്‍ കത്തയക്കും.ഗല്‍ഫിനു കത്തയക്കല് നല്ല ചിലവുള്ള പരിപാടിയാതതുകൊണ്ട് ഞാന്‍ വല്ലപ്പോഴും മറുപടി എഴുതും .


സണ്ണി വന്നതറിഞ്ഞ് ഞാനും സുമേഷും കൂടി സന്ധ്യയായപ്പോള്‍ അവന്റെ വീട്ടിലെത്തി. വീട്ടില്‍ ചെന്നപ്പോള്‍ ഉത്സവപ്പറമ്പ് പോലെ നിറച്ചു ആള്‍ക്കാര്‍. സണ്ണി അഞ്ചു പെങ്ങമ്മാര്‍ക്ക് ഒരേ ഒരു ആങ്ങള. അഞ്ചു പെങ്ങമാരും, അവരുടെ ഭര്‍ത്താക്കന്മാരും അവരുടെ ഒന്നര ഡസന്‍ പിള്ളേരും പിന്നെ മറ്റു ബന്ധുക്കളും എല്ലാം ചേര്‍ന്ന് ആകെ ബഹളം. മൂത്ത പെങ്ങള്‍ മേരിക്കുട്ടിയുടെ ഭര്‍ത്താവ് ബിജു ഞങ്ങളെ കണ്ടു ഇരുത്തി ഒന്ന് മൂളി.

ഞങ്ങള്‍ ചെന്നപ്പോള്‍ സണ്ണി കുളി ഒക്കെ കഴിഞ്ഞു ദേഹത്ത് എന്തോ പുരട്ടുകയായിരുന്നു. കുഴംബാണോ എന്ന് ചോദിച്ചപ്പോ സണ്ണി ആക്കി ഒരു ചിരി ചിരിച്ചിട്ട് പറഞ്ഞു , അവിടെ ഒക്കെ ഞങ്ങള്‍ കുളി കഴിഞ്ഞാല്‍ ദേഹത്ത് ക്രീം പുരട്ടും, അല്ലെങ്കില്‍ ദേഹം ഡ്രൈ ആകും എന്ന്. അതിനിപ്പോ നീ അവിടല്ലല്ലോ എന്ന് സുമേഷ് ഒന്ന് താങ്ങിയെങ്കിലും സണ്ണി മൈന്‍ഡ് ചെയ്തില്ല. "മസ്കിന്‍ നഫര്‍ "എന്ന് പറഞ്ഞു അത് പിന്നീട് " പൂവര്‍ ഫെല്ലോസ്" എന്ന് പരിഭാഷപ്പെടുത്തിയിട്ട് മേലാസകലം ക്രീം തേച്ചു പിടിപ്പിച്ചു.അവന്‍ അവിടത്തെ ഒരു വലിയ ഹോട്ടലിന്റെ മാനേജര്‍ ആണെന്നും അവന്റെ ബോസ്സിനോട് ഇംഗ്ലിഷില്‍ ആണ് സംസാരിക്കുന്നതെന്നും,ബോസ്സ് എത്ര വേണെങ്കിലും ശമ്പളം എടുതുകൊള്ളാന്‍ അനുവദിച്ചിട്ടുണ്ട് എന്നും ഒക്കെയുള്ള പേര്‍ഷ്യന്‍ പൂളുകള്‍ ഞങ്ങള്‍ കേട്ടിരുന്നു.ഗള്‍ഫില്‍ പോകും മുന്‍പ് ഇന്ദ്രന്‍സിനെ പോലെ ഇരുന്ന സണ്ണി, ചുമന്നു തുടുത്ത് ജയറാമിനെ പോലെ ആയി . കവിള്‍ ഒക്കെ ചാടിയത് കാരണം ചിരിക്കാന്‍ ബുധിമുട്ടുണ്ടോടാ എന്ന് ഞാന്‍ അസൂയയോടെ ചോദിച്ചു. രണ്ടു ദിവസമായി നെയ്ച്ചോറും ചിക്കന്‍ കാലും ഇല്ലാത്തതിനാല്‍ അല്‍പ്പം ക്ഷീണമാ എന്ന് സണ്ണി പറഞ്ഞു. പോകാറായപ്പോള്‍ സണ്ണി പറഞ്ഞു,പിന്നിലത്തെ ജനലിനടുത്തു വരാന്‍.ഞങ്ങള്‍ക്ക് രണ്ടു പാന്ട് പീസ്‌ തരാം,അതും കൊണ്ട് ഇറങ്ങണ്ട, അളിയന്മാര്‍ക്കു കലിപ്പാകും എന്ന്.ഇതേ ബിജു അളിയന്‍ തന്നെ അല്ലെ നിനക്ക് വിസക്ക് കൊടുക്കാന്‍ കാശ് ചോദിച്ചപ്പോ തരാഞ്ഞത് എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ഞാന്‍ ചോദിച്ചില്ല.വീടിനു പിന്നില്‍ എത്തിയപ്പോള്‍ സണ്ണി ജനല്‍ തുറന്നു രണ്ടു പാന്റ് പീസുകള്‍ എറിഞ്ഞു തന്നു. ഇതേ തരാന്‍ പറ്റിയുള്ളൂ ഇനി ചെന്നിട്ടു നിങ്ങള്ക്ക് എന്തെങ്കിലും കൊടുത്തു വിടാം എന്ന് സണ്ണി പറഞ്ഞു. പത്താം ക്ലാസ് തോറ്റ സണ്ണി വലിയ മാനേജരും വലിയ പരീക്ഷകള്‍ പാസ്സായ (അമ്മൂമ്മ പറയുന്നതാ കേട്ടോ)ഞങ്ങള്‍ പെരുവഴിയിലും എന്നത് വിധിയുടെ വിളയാട്ടം എന്നോര്‍ത്ത് ഞങ്ങള്‍ നടന്നു.തിരിച്ചു പോകുന്ന സമയത്ത് സുമേഷ് പറഞ്ഞു സണ്ണിക്ക് ഭയങ്കര ജാടയാനെന്നു. പൊക്കിവിടാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഏതു പട്ടിക്കും ചന്ദ്രനില്‍ പോകാം എന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റീന്‍ പറഞ്ഞിട്ടുണ്ട് എന്ന് ഞാന്‍ അവനോടു പറഞ്ഞു.




കൊണ്ടുപിടിച്ചു ആലോചന നടന്നെകിലും ആഗ്രഹിച്ചതുപോലെ ഒരു ടി. ടി. സിക്കാരിയെ കല്യാണം കഴിക്കാന്‍ സാധിക്കാതെ സണ്ണി തിരിച്ചു പോയി. രണ്ടു മാസം കഴിഞ്ഞപ്പോള്‍ ആലപ്പുഴയില്‍ ഉള്ള ഒരു കൂട്ടുകാരന്‍ വശം എനിക്കും സുമെഷിനും ഓരോ ക്യാമറ കൊടുത്തു വിടുന്നു എന്ന് സണ്ണിയുടെ കത്ത് വന്നു. പൈസ കടം ഒക്കെ വാങ്ങി ഞാനും സുമേഷും ആലപ്പുഴക്ക് പോയി. കൃത്യമായി വഴി ഒക്കെ കത്തില്‍ ഉണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ തേടി പിടിച്ചു അന്ധകാരനനഴി എന്ന സ്ഥലത്ത് എത്തി.ഞങ്ങള്‍ ചെന്നപോള്‍ കുറെ ചേട്ടന്മാര്‍ വീട്ടില്‍ ഇരുന്നു ‍ചീട്ടുകളിക്കുന്നു..കൂട്ടത്തില്‍ ഒരു തടിയന്‍ ചെയിന്‍ ഇട്ടിരിക്കുന്ന ആളായിരുന്നു സണ്ണിയുടെ സുഹൃത്ത്‌. കാര്യം പറഞ്ഞതും അയാള്‍ പറഞ്ഞു. സാധനം സണ്ണി കൊണ്ടുവന്നാരുന്നു , പക്ഷെ പായ്ക്ക് ചെയ്തപ്പോള്‍ മിസ്സ്‌ ആയി പോയി എന്ന്."ആരേലും എന്തേലും കൊടുത്തു വിട്ടു എന്ന് കേള്‍ക്കുമ്പോഴേ വണ്ടിയും ബോട്ടും ഒക്കെ കേറി കോട്ടയത്ത്‌ നിന്ന് വരുന്നതിനു മുന്‍പേ ഒന്ന് ഫോണ്‍ വിളിച്ചിട്ട് വന്നു കൂടെ " എന്ന് അയാള്‍ ചോദിച്ചു. അതിനു ഇവിടെ ഫോണ്‍ ഉണ്ടോ എന്ന് സുമേഷ് ചോദിച്ചപോ അയാള്‍ ഒരു വളിച്ച ചിരി ചിരിച്ചു. ക്യാമറ കിട്ടാത്തതിന്റെ വിഷമത്തില്‍ ബോട്ട് പിടിച്ചു ഞങ്ങള്‍ മടങ്ങി. തിരിച്ചു പോരുന്ന വഴി ഞങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തി.എങ്ങനെയും ഗള്‍ഫില്‍ പോണം.


സര്‍ക്കാര്‍ സ്ഥാപനമായ ഓഡേപെകില്‍ നിന്നും ഇന്റര്‍വ്യൂ കാര്‍ഡ് വന്നപ്പോള്‍ സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ചു.ജോലി സെയില്‍സ് എക്സിക്യുട്ടീവ്‌.പക്ഷെ ഡ്രൈവിംഗ് അറിയണം.ലൈസന്‍സും വേണം.ആകെ കൈയില്‍ ഉള്ളത് ഒരു ലേണേര്സ്. തിരുവനന്തപുരത്ത് എത്താന്‍ ഒരാഴ്ച മാത്രം.വീടിനടുത്തുള്ള ആശാന്‍ രണ്ടു ദിവസം കൊണ്ട് ഓടിക്കാന്‍പഠിപ്പിക്കാം എന്നേറ്റു.ഏതെങ്കിലും എജെന്റുമാര്‍ വഴി പണം കൊടുത്തു ലൈസന്‍സ് എടുക്കാനും പറഞ്ഞു. കോട്ടയത്ത്‌ ഡ്രൈവിംഗ് ടെസ്റ്റ്‌ നടക്കുന്ന സ്ഥലത്ത് ചെന്ന് ദേവസ്യ എന്ന വയസ്സായ ഒരു എജെന്റിനെ കണ്ടു. അയാള്‍ പറഞ്ഞു എല്ലാം ഇന്ന് തന്നെ ശരിയാക്കാം, വണ്ടി ഓടിക്കാന്‍ അറിയുമോ എന്ന് ചോദിച്ചു.വണ്ടി ഓടിച്ചു ലൈസന്‍സ് എടുക്കാനാണേല്‍ എജെന്റിന്റെ ആവശ്യം ഉണ്ടോ എന്ന് ഞാന്‍ ചോദിച്ചില്ല. എന്റെ പേപ്പറും എല്ലാം ആയി ദേവസ്യാച്ചന്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഇരിക്കുന്ന ബസ്സില്‍ കയറിഎന്തോ പറയുന്നതും, വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കാലെടുത്തു ചവിട്ടുന്നതും കണ്ടു.ദേവസ്യാച്ചനു ഇത് നിത്യതൊഴില്‍ ആയതിനാലാവണം,വളരെ വിദഗ്ധമായി ചവിട്ടില്‍ നിന്ന് ഒഴിഞ്ഞു മാറി. ലൈസന്‍സ് ഇല്ലാത്തതുകൊണ്ട് ഇന്റര്‍ വ്യുവിനു പോയില്ല. അങ്ങനെ ആ സ്വപ്നം പൊലിഞ്ഞു.


അടുത്തതായി ഞാനും സുമേഷും പോയത് ബോംബെക്ക് ആയിരുന്നു.ദുബായ് ഇന്റര്‍വ്യൂ ആയിരുന്നു.രണ്ടു അറബികളും ഒരു ഇന്ത്യക്കാരനും ആയിരുന്നു ഇന്റര്‍വ്യു ബോര്‍ഡില്‍. "നാടോടിക്കാറ്റ്" ഒരുപാട് തവണ കണ്ടത് കൊണ്ട് അറബികളോട് ഞാന്‍ സലാമു അലൈക്കും, വലൈക്കും ഉസ്സല്ലാം എന്ന് ആദ്യമേ വെച്ച് കാച്ചി.എന്നെ സെലക്ട്‌ ചെയ്തത് അതുകൊണ്ടായിരുന്നു എന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു. സുമേഷിനെ എടുത്തില്ല.എന്നാല്‍ പാസ്പോര്‍ട്ട്‌ നോക്കിയപ്പോള്‍ അതിന്റെ കാലാവധി തീര്‍ന്നു മൂന്ന് മാസം ആയിരിക്കുന്നു. അവര്‍ പറഞ്ഞു അടുത്ത തവണ വരാന്‍ .സുമേഷിനു സന്തോഷമായി. ഇന്നത്തെ ചെലവ് എന്റേത് എന്ന് അവന്‍ പറഞ്ഞു .ഞങ്ങള്‍ ഒരു ബാറില്‍ കയറി. രണ്ടു ബിയര്‍ പറഞ്ഞു. അവിടെ ഒരു പെണ്ണ് കിടന്നു ഡാന്‍സ് കളിക്കുന്നു. കുറെ ആള്‍ക്കാര്‍ നൂറു രൂപ നോട്ടുകള്‍ ഒക്കെ എടുത്തു കാണിക്കുന്നു. അവള്‍ അവരുടെ അടുത്ത് വന്നു പണം വാങ്ങിയിട്ട് ഡാന്‍സ് ചെയ്യുന്നു. ഞാന്‍ ഒരു അഞ്ചു രൂപ എടുത്തു പൊക്കി കാട്ടി. അവള്‍ മൈന്‍ഡ് ചെയ്തില്ല. സുമേഷ് ഉടനെ പത്തു എടുത്തു കാണിച്ചു.നോ രക്ഷ. ഈ പേട്ടു സാധനത്തിന്റെ ഡാന്‍സ് കാണാനാണോ ഇവന്മാര്‍ നൂറു രൂപ ഒക്കെ എടുത്തു കൊടുക്കുന്നത് എന്ന് പറഞ്ഞു കൊതിക്കെറുവ് തീര്‍ത്തിട്ട് ഞങ്ങള്‍ ഇറങ്ങി . ഒരു രൂപ ടിപ് കൊടുത്തപ്പോള്‍ ബാറിലെ ജോലിക്കാരന്‍ മലയാളി ഞങ്ങള്‍ക്ക് ഹിന്ദി അറിയില്ല എന്ന ഉത്തമവിശ്വാസത്തില്‍ ഒരു മുട്ടന്‍ തെറി ഹിന്ദിയില്‍ വിളിച്ചു.


എറണാകുളത്തായിരുന്നു അടുത്തത്. ഒരു സായിപ്പ് ദുബായിലേക്ക് ഇന്റര്‍വ്യു എടുത്തു. കാര്യങ്ങള്‍ എല്ലാം ചോദിച്ചിട്ട് അയാള്‍ പറഞ്ഞു. എന്‍സൈക്ലോപീടിയ ആണ് വില്‍ക്കേണ്ടത്. അവിടെ ആരെങ്കിലും ബന്ധുക്കള്‍ ഒക്കെ ഉണ്ടോ എന്ന് ചോദിച്ചു. അവര്‍ക്ക് ഈ സാധനം വില്ക്കാമെന്നാണോ ഉദ്ദേശിക്കുന്നെ എന്ന് ഞാന്‍ തുറന്നു ചോദിച്ചു. അതെ എന്താ ചോദിച്ചേ എന്ന് സായിപ്പ്. ഒരു പരിചയക്കാരന്‍ ഈ സാധനം വില്‍ക്കാന്‍ ദുബായിക്ക് പോയതും മൂന്ന് മാസത്തിനകം ബൌന്സായതും എനിക്കറിയാമായിരുന്നു.അതുകൊണ്ട് ‍ ഞാന്‍ പറഞ്ഞു, അവര്‍ക്കൊക്കെ അത്യാവശ്യം വിവരം ഉള്ളവരാ അതുകൊണ്ട് ജോലി വേണ്ട എന്ന്. എന്റെ സമയം ലാഭിച്ചു തന്നതിന് നന്ദി എന്ന് പറഞ്ഞു സായിപ്പ് ഷേക്ക്‌ഹാന്‍ഡ്‌ തന്നു. സായിപ്പിനോട്‌ അഹങ്കാരം പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല,ബൈക്കില്‍ തിരിച്ചു വരുമ്പോള്‍ പെട്ടെന്ന് മഴ പെയ്തു, പാസ്സ്പോര്‍ട്ട് നനഞ്ഞു ഡാമേജ് ആയി. വില മൂവായിരം രൂപ !


സ്റ്റാമ്പ് ചെയ്യാന്‍ കൊടുത്തിരുന്ന പാസ്പോര്‍ട്ടും വിസയും ട്രാവല്‍ എജന്സിയില്‍നിന്നും നഷ്ട്ടപ്പെട്ടെങ്കിലും മറ്റൊരു വിസയുമായി ദൈവത്തിന്റെ കൃപകൊണ്ടും, പിതൃ സഹോദരന്റെ ദയകൊണ്ടും, ഒടുവില്‍ ഞാന്‍ ഗള്‍ഫില്‍ എത്തി. പിന്നീട് വിസ മാറ്റത്തിനായി ബഹറിനില്‍ പോകുന്ന നേരത്ത് ഞാന്‍ സണ്ണിയെ വിളിച്ചു. അവിടെ വന്നിട്ട് കാണാം എന്നവന്‍ പറഞ്ഞു. എട്ടു ദിവസം ഞാന്‍ ഒരു ഹോട്ടലില്‍ കഴിയവേ ഒരുപാട് തവണ അവനെ വിളിച്ചെങ്കിലും കിട്ടിയില്ല. സണ്ണി തിരക്കിലാണെന്ന് ഫോണ്‍ എടുക്കുന്നയായാള് ‍ പറയും. ഒരു ബന്ധുവിന്റെ കൂടെ എല്ലാ ദിവസവും വൈകുന്നേരം ഞാന്‍ കറങ്ങാന്‍ പോകും. പോകുന്നിടത്തെല്ലാം സണ്ണി ഉണ്ടോ എന്ന് നോക്കും.ഒരു ദിവസം രാത്രി ഞങ്ങള്‍ ഒരു ഡാന്‍സ് ബാറില്‍ പോയി. അവിടെ കുറെ പെണ്ണുങ്ങള്‍ സ്റ്റേജില്‍ നിന്ന് ഹിന്ദി പാട്ടുകള്‍ പാടുന്നു. കേള്‍ക്കാന്‍ ഇരിക്കുന്നവര്‍ ഒരു ബഹറിന്‍ ദിനാര്‍ കൊടുത്താല്‍ അതിനൊരു മാല കിട്ടും..ആ മാലയും ഇട്ടോണ്ട് അവള്‍ കുറെ നേരം നമ്മളെ നോക്കി ചിരിച്ചു പാടും. പരസഹായം ഇല്ലാതെ ഒറ്റയ്ക്ക് എഴുന്നേറ്റു നില്‍ക്കാന്‍ കഴിയാത്ത ഒരു വല്യപ്പന്‍ കുടിച്ചു കൂത്താടി , കുറെ മാല ഒരു പെണ്ണിന് കൊടുത്തത് കൊണ്ട് അന്ന് മുഴുവന്‍ അവള്‍ അങ്ങേരെ നോക്കി പാടി. ബോംബെ അനുഭവം ഉള്ളത് കാരണം ഞാന്‍ ആര്‍ക്കും മാലയിടാന്‍ ശ്രമിച്ചില്ല. പെണ്ണിന്റെ കഴുത്തില്‍ മാല നിറഞ്ഞപ്പോള്‍ യൂണിഫോം ഇട്ട ഒരാള്‍ അതെല്ലാം ഊരി വാങ്ങിച്ചു. കുറച്ചു കഴിഞ്ഞു ഒരു കൈയില്‍ കുപ്പിയും മറുകൈയില്‍ ഒരട്ടി മാലയുമായി അയാള്‍ വല്യപ്പന്റെ അടുത്ത് വന്നപ്പോള്‍ ഞാന്‍ ആ പരിചിത മുഖം തിരിച്ചറിഞ്ഞു..സണ്ണി..എന്നെ കണ്ടതും ഒരു വളിച്ച ചിരി ചിരിച്ചിട്ട് സണ്ണി ചോദിച്ചു .

"അപ്പൊ നീ ഇതുവരെ തിരിച്ചു പോയില്ലേ ? "

Jan 14, 2012

മറുനാട്ടില്‍ ഒരു മലയാളി ( കാലം തെറ്റിയ ) ഒരു റിവ്യൂ !


കോട്ടയം രാജമഹാള്‍ തീയേറ്ററില്‍ "മറുനാട്ടില്‍ ഒരു മലയാളി " എന്ന ചിത്രം റിലീസ് ദിനത്തില്‍ കാണാന്‍ എത്തുമ്പോള്‍ വലിയ തിരക്കുണ്ടായിരുന്നില്ല. സംവിധായകന്‍ എ. ബി. രാജിന്റെ മുന്‍പിറങ്ങിയ രണ്ടു ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ വലിയ ചലനം സൃഷ്ട്ടികാതിരുന്നതുകൊണ്ടാവാം അത്.

ക്രിസ്തുമത വിശ്വാസിയായ നായകന്‍ (പ്രേം നസീര്‍ ) മദ്രാസില്‍ ചെല്ലുന്നതും, ബ്രാഹ്മണനായ ഹോട്ടലുടമയുടെ (ശങ്കരാടി ) ഹോട്ടലില്‍ ജോലി കിട്ടാനായി ബ്രാഹ്മണനായി അഭിനയിക്കുന്നതും, ഹോട്ടലുടമയുടെ മകളുമായി ( വിജയശ്രീ ) പ്രേമബന്ധതിലാകുന്നതും വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.അടൂര്‍ ഭാസി അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ നന്നായി ആസ്വദിക്കും. ചിത്രത്തിന്റെ അവസാനം നായകന്‍റെ കള്ളത്തരം പൊളിയുമ്പോള്‍ ശങ്കരാടിയുടെ വെളിപ്പെടുത്തല്‍ നായകനെ എന്നതുപോലെ കാണികളെയും അത്ഭുതപ്പെടുത്തുന്നു.

ജയ്മാരുതി തീയെറ്റെഴ്സിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന മറുനാട്ടില്‍ ഒരു മലയാളിയുടെ കഥ വി. ദേവന്‍ എഴുതിയിരിക്കുന്നു. സംഭാഷണം എസ്. എല്‍ .പുരം. പ്രേം നസീര്‍, വിജയശ്രീ, അടൂര്‍ഭാസി, ശങ്കരാടി ,എസ് പി പിള്ള എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. യേശുദാസ്, ജയചന്ദ്രന്‍, പി സുശീല, എസ് ജാനകി എന്നിവര്‍ പാടിയിരിക്കുന്നു. ദക്ഷിണാമൂര്‍ത്തി ശ്രീ കുമാരന്‍ തമ്പി ടീമിന്റെ എല്ലാ ഗാനങ്ങളും മനോഹരം. മനസ്സിലുണരൂ ,ഗോവര്‍ധന ഗിരി,അശോക പൂര്‍ണ്ണിമ,കാളി ഭദ്രകാളി,സ്വര്‍ഗവാതില്‍ ഏകാദശി എന്ന് തുടങ്ങുന്ന ഗാനങ്ങളില്‍ അദ്ദ്യത്തെ മൂന്നു ഗാനങ്ങള്‍ മലയാള ഗാനശാഖ ഉള്ളിടത്തോളം കാലം കേരളീയര്‍ ഏറ്റുപാടാതിരിക്കില്ല.


കലാമൂല്യമുള്ള ഒരു ചിത്രം എന്നതിലുപരി രണ്ടര മണിക്കൂര്‍ പ്രേക്ഷകനെ രസിപ്പിക്കുക എന്ന ദൌത്യം ആണെന്ന് തോന്നുന്നു സംവിധായകന്‍ എ.ബി രാജ് ഉദ്ദേശിച്ചിരിക്കുന്നത്. അതില്‍ അദ്ദേഹം വിജയിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. ഒരു നല്ല ചിത്രം പ്രതീക്ഷിചെതുന്നവരെ നിരാശ പ്പെടുതുന്നില്ല ഈ ചിത്രം. ഒരു സംശയവും ഇല്ലാതെ തന്നെ പത്തില്‍ ഏഴു മാര്‍ക്ക് നേടുന്നു ഈ ചിത്രം.



കുറിപ്പ് : മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് റിലീസായ ഒരു ചിത്രത്തിന് റിവ്യൂ എഴുതിയതെന്തിനാനെന്നൊരു ചോദ്യമുണ്ടാവാം. പടം റിലീസായി ആദ്യത്തെ ഷോ കണ്ടിട്ട് ഇറങ്ങിയ ഉടനെ റിവ്യൂ എഴുതി ഒരു വ്യവസായത്തെ തന്നെ നശിപ്പിക്കുന്ന "റിവ്യൂ തൊഴിലാളികളോടുള്ള" പ്രതിഷേധം മാത്രമാണീ പോസ്റ്റ്‌. സിനിമ കണ്ടു കയ്യടിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തിട്ട് ഇറങ്ങിയ ഉടനെ ചെയ്യുന്ന ഈ ദ്രോഹം മലയാള സിനിമയ്ക്ക് എന്ത് ഗുണം ചെയ്യും എന്ന് ഓര്‍ക്കുന്നത് നല്ലതായിരിക്കും.സിനിമ നല്ലതാവട്ടെ, ചീത്തയാവട്ടെ. നിക്പക്ഷമായി അത് പൊതുജനം കണ്ടിട്ട് വിധി എഴുതട്ടെ.ഈ തരം ഇന്‍സ്റ്റന്റ് റിവ്യൂ വായിച്ചു ഒരു മുന്‍വിധിയോടെ പടം കാണുകയോ കാണേണ്ട എന്ന് തന്നെ വെക്കുംപോളോ കുറെ ഏറെ പേരുടെ ഒരുപാടുനാളത്തെ അധ്വാനമാണ് ഒരു ഇന്റര്‍നെറ്റ്‌ കണക്ഷന്‍ വഴി ഇല്ലാതാകുന്നത്. ഉദയനാണ് താരത്തിലെ നായകന്‍ പറയുന്നതുപോലെ ഒരാളുടെ ഒരു പാട് നാളത്തെ സ്വപ്നമായിരിക്കാം ഇക്കൂട്ടര്‍ തകര്‍ക്കുന്നത്.

മലയാളം സിനിമയെ നന്നാക്കി കളയാം, അല്ലെങ്കില്‍ പ്രേക്ഷകരുടെ പണം നഷ്ട്ടപ്പെടാതെ നോക്കാം എന്ന നല്ല ഉദ്ദേശം ഇതിന്റെ പിന്നില്‍ ഉണ്ട് എന്ന് കരുതുക വയ്യ...

വായനക്കാരുടെ അഭിപ്രായങ്ങള്‍ പ്രതീഷിക്കുന്നു.