Apr 6, 2012

വേഷപ്രശ്ചന്നരാകുന്ന അടക്കകള്‍

ഇടുക്കി കലക്ടറെറ്റിലെ രണ്ടാം നിലയില്‍ ഒരു തൂണില്‍ ചാരി,അകലെയുള്ള മലനിരകളിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു അമ്മച്ചി..


വെളുപ്പിനെ ഉണര്‍ന്നു കടുത്തുരുത്തിയില്‍ നിന്നും ആദ്യ വണ്ടിക്കു പാലാ..അതിനു ശേഷം അവിടുന്ന് തൊടുപുഴയ്ക്ക് അടുത്തത്.പിന്നെ മൂന്നാമതൊരു വണ്ടിക്കു പൈനാവില്‍ എത്തിയപ്പോഴേക്കും അമ്മച്ചി തളര്‍ന്നിരുന്നു.ബസ്സില്‍ ഒരുപാടുനേരം ഇരുന്നതുകൊണ്ടാവനം,അമ്മച്ചിയുടെ കാലില്‍ നീരുള്ളതുപോലെ എനിക്ക് തോന്നി.

ഞങ്ങള്‍ക്ക് കാണേണ്ടിയിരുന്ന ഉദ്യോഗസ്ഥന്‍ പതിനോന്നുമണിയായിട്ടും എത്തിയിട്ടുണ്ടായിരുന്നില്ല. ഈയാഴ്ച ഇത് രണ്ടാം തവണയായിരുന്നു പൈനാവിനുള്ള യാത്ര.വണ്ടിപ്പെരിയാറില്‍ വെച്ചുള്ള അപ്പച്ചന്റെ മരണത്തിനു ശേഷം പെന്‍ഷനും അനുകൂല്യങ്ങള്‍ക്കും,ആശ്രിതര്‍ക്കുള്ള ജോലിക്കുമായിട്ടുള്ള കടലാസുകള്‍ ശരിയാക്കാന്‍ അടിക്കടിയുള്ള പൈനാവ് യാത്രകള്‍ മടുപ്പുളവാക്കിയിരുന്നു.മടുപ്പിനെക്കാളേറെ ഇത്ര ദൂരം വരാനുള്ള ചിലവിനെ ഓര്‍ത്തായിരുന്നു ഞാന്‍ വ്യാകുലനായത്.തൊടിയിലെ അടക്കകളായിരുന്നു ഈ തവണ ബസ്‌ കൂലിയായി വേഷപ്രശ്ചന്നരായത്. അമ്മച്ചി നേരിട്ട് വന്നു ഒപ്പിടേണ്ട ചില കടലാസുകള്‍ ഉണ്ടായതുകൊണ്ട് മാത്രമാണ് അമ്മചിയെകൂടി കഴിഞ്ഞ രണ്ടുപ്രാവശ്യമായി കൂട്ടേണ്ടി വന്നത്.

ഉദ്യോഗസ്ഥന്‍ വന്നപ്പോഴേക്കും,പതിനൊന്നരയായി.അദ്ദേഹം സീറ്റില്‍ ഇരുന്നപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും വരാന്തയില്‍ നിന്നും അകത്തേക്ക് ചെന്നു. ഷര്‍ട്ടിന്റെ ബട്ടണുകള്‍ അഴിച്ചു തല പുറകിലെക്കാക്കി മുകളില്‍ കറങ്ങുന്ന ഫാനിലേക്ക് നോക്കി കിടക്കയായിരുന്നു അയാള്‍.കാര്യം പറഞ്ഞപ്പോള്‍ തല ഉയര്‍ത്താതെ തന്നെ അയാള്‍ പറഞ്ഞു. "ഞാന്‍ ഒന്ന് ഇടുന്നോട്ടെടോ ".അമ്മച്ചിയെയും കൂട്ടി പുറത്തേക്കിറങ്ങുമ്പോള്‍ പിന്നില്‍ അയാളുടെ സ്വരം കേട്ടു.."കാലത്തെ തന്നെ കെട്ടിയെടുത്തോളും ഓരോന്ന് ..സര്‍ക്കാര്‍ ജോലിക്കാരും മനുഷ്യരാണ് ഹേ."

വരാന്തയില്‍ നില്‍ക്കവെയായിരുന്നു അകത്തെ ബഹളം കേട്ടത്. വാതിലില്‍ കൂടി അകത്തേക്ക് നോക്കുമ്പോള്‍ മറ്റൊരാളുമായി വാഗ്വാദത്തില്‍ ആയിരുന്നു അതേ ഉദ്യോഗസ്ഥന്‍..കുറെക്കാലമായി തന്നെ നടത്തുകയാണെന്നും,ഇതൊക്കെ ന്തിനുവേണ്ടിയാണെന്ന് തനിക്കറിയാമെന്നും എന്താണ് ഇനി ചെയ്യേണ്ടതെന്ന് അറിയാമെന്നും അയാള്‍ വളരെ ഉച്ചത്തില്‍ തന്നെ പറഞ്ഞു. അയാളുടെ ഫയലുകള്‍ യാതൊരു ദയയുമില്ലാതെ മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ട്‌ ഉദ്യോഗസ്ഥന്‍ പറഞ്ഞു.."എന്നാല്‍ നിങ്ങള്‍ തന്നെ ഉണ്ടാക്കു".അതിനു ശേഷം കോപാകുലനായി അയാള്‍ പുറത്തേക്കു പോയി..സ്തബ്ധയായി നില്‍ക്കയായിരുന്നു അമ്മച്ചി..ഇന്നും കാര്യം നടക്കില്ല എന്ന് ഞാന്‍ ഉറപ്പിച്ചു.

ഒരു മണിക്കൂറിനുശേഷം അയാള്‍ തിരിച്ചു വന്നപ്പോള്‍ അല്‍പ്പം ശാന്തനായി തോന്നി. കാര്യം അവതരിപ്പിച്ചപ്പോള്‍, യാതൊരു ദയയുമില്ലാതെ അയാള്‍ പറഞ്ഞു അടുത്തയാഴ്ച വരാന്‍.ഞങ്ങള്‍ നാല് ദിവസങ്ങള്‍ക്കു മുന്‍പേ വന്നതാണെന്നും,വളരെ ദൂരത്തുനിന്നും വരുന്നു എന്നും, സാറ് തന്നെ ഇന്ന് വരാന്‍ പറഞ്ഞതാണെന്നും പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു." നോക്കു, നിങ്ങളുടെ കാര്യം മാത്രം ചെയ്യാനല്ല ഞാന്‍ ഇവിടെയിരിക്കുന്നത്.ആളുകള്‍ക്ക് ഒരു വിചാരമുണ്ട്.വന്നാല്‍ ഉടന്‍ കാര്യം സാധിക്കും എന്ന്.ഇതിനൊക്കെ സമയമെടുക്കുമെന്നും പോയിട്ട് വേറെ ദിവസം വരാന്‍ എന്നും അയാള്‍ പറഞ്ഞു...വിഷണ്ണയായി നില്‍ക്കുന്ന അമ്മച്ചിയെ കണ്ടതുകൊണ്ടാവണം, അടുത്ത സീറ്റില്‍ ഇരിക്കുന്ന ചെറുപ്പക്കാരി പറഞ്ഞു. വേണു സാര്‍ തിരക്കിലാനെങ്കില്‍ ഫയല്‍ ഇങ്ങു തരു, ഞാന്‍ നോക്കാം എന്ന്. ഫയല്‍ കൊടുക്കുമ്പോള്‍ അയാള്‍ പരിഹാസരൂപേണ പറഞ്ഞു."നിങ്ങള്‍ ഒരേ ക്യാറ്റഗറിയാണ്..ആശ്രിതനിയമനം." പെണ്‍കുട്ടിയുടെ മുഖം വിളറി എന്നെനിക്കു തോന്നി..ശബ്ദം താഴ്തിയാനെങ്കിലും, അവള്‍ പറഞ്ഞത് ഞങ്ങള്‍ കേട്ടു...വഷളന്‍..

ഫയല്‍ ശരിയാക്കി വീണ്ടും അയാളുടെ അടുത്ത് ഞങ്ങള്‍ ചെന്ന്. ഫയല്‍ ഒന്ന് ഓടിച്ചു നോക്കിയിട്ട് അയാള്‍ അമ്മച്ചിയോട്‌ പറഞ്ഞു. "മകന് ജോലികൊടുക്കുന്നത് ആലോചിചിട്ടാണോ തള്ളെ ? അവസാനം നിങ്ങളുടെ കാര്യം ഗോപിയാകുമോ?ആ പിന്നെ സാരമില്ല..ഫാമിലി പെന്ഷനുല്ലതുകൊണ്ട് ജീവിക്കാം. ഒപ്പിട് വേഗം " പൊന്നമ്മ എന്ന പേരുതന്നെ ഒപ്പായി ഇടുമ്പോള്‍ അമ്മച്ചിയുടെ കരങ്ങള്‍ വിറക്കുന്നത്‌ ഞാന്‍ കണ്ടു.. ഫയല്‍ തിരിച്ചു വാങ്ങി ഒപ്പിട്ട സ്ഥലം പരിശോധിക്കവേ അയാള്‍ വളരെ ഒച്ചയുണ്ടാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.. ഇത് എന്തോന്ന് ഒപ്പ്...പൈനാവെന്നാണോ ഒപ്പിട്ടിരിക്കുന്നത് എന്ന്.പൈനാവാനെങ്കിലും,കുളമാവാനെങ്കിലും സാറിന്റെ മുന്നില്‍ തന്നെ വെച്ചാണല്ലോ ഒപ്പിട്ടിരിക്കുന്നത് എന്ന് പറയണം എന്ന് ഉണ്ടായിരുന്നെങ്കിലും, വൈകിയെക്കാവുന്ന പെന്ഷന്റെയും , ജോലിയുടെയും ഓര്‍മ്മ അതില്‍ നിന്നും എന്നെ വിലക്കി. ഫയല്‍ മേലുദ്യോഗസ്ഥനു സമര്‍പ്പിച്ചു ഞങ്ങളോടെ അല്‍പ്പനേരം നില്‍ക്കാന്‍ പെണ്‍കുട്ടി പറഞ്ഞു...അമ്മച്ചി പെണ്‍കുട്ടിയോട് ചോദിച്ചു..."ക്രിസ്ത്യാനിയാണോ മോള്‍ ?".. സര്‍ക്കാര്‍ ജോലി കിട്ടിക്കഴിഞ്ഞാല്‍ ജോയിമോന് ഒരു തുണയായെക്കുമോ ഇവള്‍ എന്ന തോന്നലായിരിക്കുമോ അമ്മച്ചിയെക്കൊണ്ട് അങ്ങനെ ചോദിപ്പിച്ചത് ?

കൈയില്‍ ബാഗുമായി ഒരു മധ്യവയസ്കന്‍ വേണു സാറിന്റെ അടുത്ത് ഭവ്യതയോടെ നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. വളരെ കാര്യമായി അയാള്‍ക്ക്‌ കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നത് ഞാന്‍ അത്ഭുതത്തോടെ കണ്ടു. കടലാസുകള്‍ കൈപ്പറ്റിയതിനുശേഷം അയാള്‍ ഒരു ചെറിയ പൊതി കൈമാറും മുന്‍പ് രണ്ടു വശത്തേക്കും നോക്കി. പൊതി ബാഗിനുള്ളില്‍ അതിവിദഗ്ധമായി വെച്ചിട്ട് വേണുസാര്‍ നോക്കിയത് എന്റെ മുഖത്തേക്കായിരുന്നു. ഒരു വിളറിയ ചിരി ഞാന്‍ പ്രതീക്ഷിച്ചുവെങ്കിലും അയാളുടെ മുഖത്ത് ഭാവഭേദമൊന്നും ഇല്ലായിരുന്നു.

നാലാള്‍ക്കാര്‍ വളരെ പെട്ടെന്നായിരുന്നു ഓഫീസിലേക്ക് കയറി വന്നത്. ഞൊടിയിടയില്‍ അതിലൊരാള്‍ ബാഗ് പിടിച്ചുവാങ്ങി.അതില്‍ നിന്നും മധ്യവയസ്കന്‍ കൊടുത്ത പൊതി കണ്ടെടുത്തയുടന്‍ മറ്റൊരാള്‍ ഒരു പാത്രത്തില്‍ എന്തോ ദ്രാവകം എടുത്തു. കൈകള്‍ കൂട്ടിപ്പിടിക്കവേ വേണു സാര്‍ കുതറി..ദ്രാവകം കൈകളുടെ നിറം മാറ്റിയപ്പോള്‍ വേണു സാറിന്റെ മുഖത്ത് തീരെ രക്തമയം ഉണ്ടായിരുന്നില്ല.മറ്റു ഓഫീസ് ജീവനക്കാരും,പൊതുജനങ്ങളും തിക്കിതിരക്കവേ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി..കാഴ്ചക്കാരെ സാക്ഷികളായി ചേര്‍ത്തപ്പോള്‍ അമ്മച്ചിയും അതിലൊരാളായി..പൊന്നമ്മ എന്നെഴുതി ഒപ്പിടവേ ഈ തവണ അമ്മച്ചിയുടെ കരങ്ങള്‍ വിറച്ചില്ല .

ഒരേതൂവല്പക്ഷികളില്‍ ഒരെണ്ണം കാട്ടാളന്റെ അമ്പിനിരയായ പ്രതീതിയായിരുന്നു ഓഫീസില്‍..അമ്മച്ചിയുടെ കടലാസുകള്‍ അന്നും ഓഫീസര്‍ ഒപ്പിട്ടില്ല. ഇനി ഒരുതവണകൂടി വരാന്‍ ചിലവിനായി, അടക്കകള്‍ക്ക് വേഷപ്രശ്ചന്നരാകണമെങ്കില്‍,അതിനിനി എത്രകാലംവേണ്ടിവരും എന്ന് ഞാന്‍ വെറുതെ ഓര്‍ത്തു.


കൂടുതല്‍ വായനക്ക് :

പ്രതികരണങ്ങള്‍:

45 അഭിപ്രായ(ങ്ങള്‍):

vettathan said...

ഇത്തരക്കാരോടു ദയ പാടില്ല.ഇടുക്കിയില്‍ മൈക്രോവേവ് സ്റ്റേഷന്‍റെ പണികള്‍ക്കായി അഞ്ചാറ് പ്രാവശ്യം പോയിട്ടുണ്ട്.അപ്പോള്‍ കണ്ട കാഴ്ച-തിങ്കളാഴ്ച്ച ദിവസം ഓഫീസില്‍ ആളുണ്ടാവില്ല.ചൊവ്വാഴ്ച ഉച്ചയോടെ വന്നു തുടങ്ങും.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാല്‍ വീണ്ടും ആളില്ല.സര്‍ക്കാരിന്റെ ഭാഗത്തും തെറ്റുണ്ട്.ജില്ലയുടെ ആസ്ഥാനം ഒരു സൌകര്യവുമില്ലാത്ത പൈനാവില്‍ വെയ്ക്കരുതായിരുന്നു.(തൊടുപുഴ ഇടുക്കിയില്‍ ചേര്‍ത്തതുകൊണ്ടു മലയോര ജില്ലയുടെ ഫണ്ട് മുഴുവന്‍ തൊടുപുഴക്കാര്‍ കൊണ്ട് പോകുന്നു)

(saBEen* കാവതിയോടന്‍) said...

ഇങ്ങന ഉള്ളവരാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ അധികവും . പൊതു ജന സേവനത്തിനായി നിയമിച്ചിരിക്കുന്നവര്‍ എങ്ങനെ പൊതു ജനങ്ങളെ ചൂഷണം ചെയ്യാം എന്ന ചിന്തയുമായിട്ടാണ് അവര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇരിക്കുന്നത് .ഇങ്ങനെ ഉള്ളവരെ അടയ്ക്കയുടെ തൊലി ചെത്തുന്നത് പോലെ ചെത്തണം എന്നിട്ട് വെയിലത്ത്‌ ഇട്ടു ഉണക്കണം പിന്നെ പൊളിച്ച് എടുത്തു ഗോട്ടി കളിക്കണം . നന്നായി എഴുതി

keraladasanunni said...

അള മുട്ടിയാല്‍ ചേരയും കടിക്കും. ആ ഉദ്യോഗസ്ഥന്ന് അത് കിട്ടേണ്ടതു തന്നെയാണ്.

Pradeep Kumar said...

ശരിക്കുള്ള അനുഭവമാണോ എന്നറിയാന്‍ താല്‍പ്പര്യമുണ്ട്. ഏതായാലും പറഞ്ഞതില്‍ ഒട്ടും അതിഭാവുകത്വമില്ല. നമ്മുടെ സര്‍ക്കാര്‍ ആഫീസുകളില്‍ നടക്കുന്ന അഴിമതിയുടെ ചെറിയ ഒരു ചിത്രം മാത്രമാണിത്. വിജിലന്‍സിന്റെ കൈയ്യില്‍ അകപ്പെടാതെ സ്വന്തം തടി രക്ഷിക്കാനും ഇന്ന് ഈ അഴിമതി വീരന്മാര്‍ക്ക് നന്നായി അറിയാം..

"വേഷപ്രശ്ചന്നരാകുന്ന അടക്കകള്‍" ആ പേരിന് എന്റെ പ്രത്യേക അഭിനന്ദനം.

എന്‍.പി മുനീര്‍ said...

സര്‍ക്കാര്‍ ഓഫിസുകളിലെ കെടുകാര്യസ്ഥത കുപ്രസിദ്ധി ആര്‍ജ്ജിച്ചതാണല്ലോ..പണ്ട് കൈക്കൂല്ലി വാങ്ങിച്ച് കൂട്ടി ആവശ്യക്കാരെ കുറേ ചൂഷണം ചെയ്തിട്ടുണ്ട് ഉദ്യോഗസ്ഥന്മാര്‍.ഇന്ന് ഹിഡ്ഡന്‍ ക്യാമറകളും മറ്റുമായി പ്രതിരോധം തീര്‍ത്തതു കൊണ്ട് വലിയ ബുദ്ധിമുട്ടീക്കല്‍ ഇല്ല.

ajith said...

സര്‍ക്കാര്‍ ആപ്പീസുകള്‍..


“ഇന്‍ഡ്യന്‍” എന്ന സിനിമയില്‍ നായകന്റെ ഒരു ഡയലോഗ് ഇപ്പഴും മറന്നിട്ടില്ല. “വിദേശരാജ്യങ്ങളില്‍ കൈക്കൂലി ഉണ്ട്, അത് പക്ഷെ കാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ വേണ്ടിയാണ്. എന്നാല്‍ നിങ്ങള്‍ കൈക്കൂലി വാങ്ങുന്നത് കാര്യങ്ങള്‍ ചെയ്തുകിട്ടേണ്ടതിനാണ്

A said...

ലാഗ് ചെയ്യാതെയുള്ള നല്ല അവതരണം. ഒരു ഫാസ്റ്റ് പേസ് ത്രില്ലര്‍ കാണുന്നപോലെ വായിച്ചു തീര്‍ന്നു. ക്ലൈമാക്സ്‌ തികച്ചും അപ്രതീക്ഷിതമായി. അമ്മച്ചിയുടെ നിസ്സഹായതയും, പ്രതീക്ഷയും, മകന്റെ വിഹ്വലതകളും കുറഞ്ഞ വാക്കുകളില്‍ കൃത്യമായി പ്രതിഫലിപ്പിച്ചു. അവസാനത്തെ വിജിലന്‍സിന്റെ വരവ് ശരിക്കും ആശ്വസിപ്പിക്കുന്ന ട്വിസ്റ്റ്‌ നല്‍കി. നൈസ് റീഡ്.

K@nn(())raan*خلي ولي said...

ഗ്രാമീണാ, എന്നത്തെയുംപോലെ പിടിച്ചിരുത്തുന്ന ശൈലി ഇതിലും ഉണ്ട്.
സര്‍ക്കാര്കാര്യം മുറപോലെ എന്നല്ലേ..
സബീന്‍ കാവതിയോടന്‍ പറഞ്ഞത് തന്നെ ആവര്‍ത്തിക്കുന്നു!
കൊടുക്കേണ്ടത് കൊടുക്കേണ്ട സമയത്ത് കൊടുക്കണം.

പൈമ said...

കൈകൂലി പൊസ്റ്റിനു കമീന്റ് വെണമെങ്ങിൽ...കൈകൂലി തരണം...പോസ്റ്റ് നല്ലതായതു കൊണ്ട് ഇപ്പോൾ വേണ്ടാ...
ഭാവുകങ്ങൾ നേരുന്നു
....പൈമ......

പൈമ said...
This comment has been removed by the author.
പൈമ said...
This comment has been removed by the author.
kochumol(കുങ്കുമം) said...

ആ ഉദ്യോഗസ്ഥന്ന് അത് കിട്ടേണ്ടതു തന്നെയാണ് ....!
ഇതേപോലെ ഉള്ള കഷ്ടപ്പാടുകള്‍ അനുഭവിച്ച ഉദ്യോഗസ്ഥര്‍ ഒരു പക്ഷെ മറ്റുള്ളവരോട് ദയ കാട്ടിയേനെ .... !!
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇരിക്കുന്ന ഒട്ടുമുക്കാല്‍ ഉദ്യോഗസ്ഥരും ഇങ്ങനെ ഒക്കെ തന്നെ ....!
അറിയാവുന്ന ആരെങ്കിലും കൂടെ ഉണ്ടെങ്കില്‍ അവര്‍ പെട്ടെന്ന് എല്ലാം ശരിയാക്കി തരും ....ഇല്ലേല്‍ കൈകൂലി നിര്‍ബന്ധമായും വേണം ...
എന്ത് ചെയ്യാം നമ്മുടെ നാടും , പണത്തിനോടുള്ള ആര്‍ത്തിയും മനുഷ്യനെ ഇതിനൊക്കെ പ്രേരിപ്പിക്കുന്നത് ...!!

"വേഷപ്രശ്ചന്നരാകുന്ന അടക്കകള്‍" കൊള്ളാം ട്ടോ ...!!

Unknown said...

പ്രച്ഛന്നത ഇഷ്ടപ്പെട്ടു!
സര്‍വ്വവ്യാപിയായ ഈ കൈക്കൂലിക്കഥ നന്നായിട്ടുണ്ട്.

ഒരു ദുബായിക്കാരന്‍ said...

'വരാനുള്ളത് ഓട്ടോ റിക്ഷ പിടിച്ചും വരുമെന്ന്' മഹാനായ സലിം കുമാര്‍ പറഞ്ഞത് ഓര്‍ത്തു പോയി. നമ്മുടെ നാട്ടിലെ റോഡും സര്‍ക്കാര്‍ ഓഫീസിലെ ജീവനക്കാരും ഒരിക്കലും നന്നാകില്ല !! ആ അമ്മച്ചിയുടെ ദയനീയ അവസ്ഥ മനസ്സില്‍ തട്ടും വിധം അവതരിപ്പിച്ചു മാഷെ. ഈ നല്ല പോസ്റ്റിനു അഭിനദ്ധനങ്ങള്‍ .

അഷ്‌റഫ്‌ സല്‍വ said...

വേഷപ്രശ്ചന്നരാകുന്ന അടക്കകള്‍ - ഒട്ടും അതിശയോക്തി തോന്നിയില്ല.
വായിക്കുമ്പോള്‍ ഓര്‍മ്മ വന്നത് നാട്ടില്‍ ഒരു ചെറിയ വ്യവസായ യൂനിറ്റ് തുടങ്ങിയ സമയത്ത് ലൈസന്‍സുമായി ബന്ധപ്പെട്ട കടലാസുകള്‍ നീങ്ങാന്‍ ജില്ല വ്യവസായ ഓഫീസില്‍ എടുത്ത സമയം ആണ്. ഒരു മേശമേല്‍ നിന്ന് അടുത്ത ആളുടെ മേശമ്മേല്‍ എത്താന്‍ മലപ്പുറത്തേക്ക് കട അടച്ചിട്ടു പതിനഞ്ചു ദിവസം ഞാന്‍ പോയികാണും.
യാദൃശ്ചികമായി ഒരു ദിവസം ഇതേ ആവശ്യാര്‍ത്ഥം ഒരു ഉദ്യോഗസ്ഥന്റെ മുന്നില്‍ ഭവ്യതയോടെ നില്‍ക്കുമ്പോള്‍ എണ്ണ ആട്ടുന്ന മില്ലിന്റെ ലൈസന്‍സ് ശരിയാക്കാന്‍ വന്ന ഒരു "ഏറനാടന്‍ കാക്ക " യോട് ഇദ്ദേഹം ലോട്ടു ലൊടുക്കു ന്യായങ്ങള്‍ പറയുന്നു .. ഇക്കാക്ക ഒരു വെള്ള പേപ്പര്‍ വലിച്ചെടുത്ത് കക്ഷിയോടു പറഞ്ഞു "അനക്ക് ഇതില്‍ എന്തൊക്കെയാ കമ്മി എന്ന് ഇതില്‍ എയുതൂ , അതല്ല അന്നെ കൊണ്ട് ഇത് ചെയ്യാന്‍ പറ്റൂല എന്നാണെങ്കില്‍ അത് എയ്തു ..ഞാന്‍ ഇന്ന് ഇബടെ വന്നതിനു ഒരു തെളിവ് മാണം" ഉദ്യോഗസ്ഥന്‍ കടലാസുകള്‍ വാങ്ങി ഉടന്‍ ശരിപ്പെടുത്തി കൊടുത്തു. പുറത്തിറങ്ങിയപ്പോ അദ്ദേഹം എന്നോട് പറഞ്ഞു .. "മനേ ..ഇവരെ അടുത്തു വരുമ്പോ ഒന്നുകില്‍ നിയമം മുഴുവന്‍ പഠിച്ചു വരണം .. അല്ലെങ്കില്‍ ഒന്നും ആരീയാത്തോനെ പോലേ വരണം , രണ്ടും കെട്ടോന്‍ ആണെങ്കില്‍ നടു മുറ്റത്ത് കിടന്നു ജീവന്‍ പോകും ."

ഷാജു അത്താണിക്കല്‍ said...

വായിച്ചു
ഒരു തവണ കൂടി വയിച്ചിട്ട് അഭിപ്രായം പറയാം...

ഷാജു അത്താണിക്കല്‍ said...

വായിച്ചു
ഒരു തവണ കൂടി വയിച്ചിട്ട് അഭിപ്രായം പറയാം...

Villagemaan/വില്ലേജ്മാന്‍ said...

നന്ദി...വെട്ടത്താന്‍....ഇര്പതിമൂന്നു വര്‍ഷങ്ങള്‍ക്കുമുന്‍പ് പൈനാവ് ജില്ല ആസ്ഥാനത് പോയിട്ടുണ്ട്..മലയോര പ്രദേശത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ സ്ഥിതി എല്ലാം ഏതാണ്ട് അതുപോലെക്കെ തന്നെ പണ്ടും..ഒരു ദിവസം അവിടെ താങ്ങാന്‍ പോലും ഇടമില്ലായിരുന്നു അന്ന്...നാട്ടില്‍ നിന്നും വര്‍ഷങ്ങള്‍ക്കു മുന്പ് അവിടെ താമസമാക്കിയ ഒരു പഴയ പരിചയക്കാരന്റെ വീട് വേണ്ടി വന്നു..


നന്ദി..കാവതിയോടന്‍...നന്മയുള്ള ഒരു ഭൂരിഭാഗത്തിന്റെ പേര് കളയാന്‍ ഒരു ചെറിയ ശതമാനം മതിയല്ലോ..

നന്ദി...പാലക്കാട്ടെട്ടാ

നന്ദി..പ്രദീപ്‌..ഇതിലെ ഒരു ഭാഗം ശരിക്കുള്ള അനുഭവം തന്നെയാണ്...മറ്റൊരു ഭാഗം ഒരു സുഹൃതിന്റെതും..കഥയുടെ അങ്ങനെ അവസാനിക്കനമായിരുന്നു എന്നത് എന്റെ ആഗ്രഹവും !

നന്ദി..മുനീര്‍...
നന്ദി..അജിത്‌ ഭായ്..
നന്ദി..സലാം ഭായ്..
നന്ദി..കണ്ണൂരാന്‍..
നന്ദി..പൈമ
നന്ദി..കുങ്കുമം
നന്ദി..നിശാസുരഭി..
നന്ദി..ദുബായിക്കാരാ..

നന്ദി..അഷ്‌റഫ്‌...വളരെ ശരിയാണ്..ഈ നാട്ടില്‍ ജീവിക്കാന്‍ ഒന്നുകില്‍ എല്ലാം അറിയണം..അല്ലെങ്കില്‍ ഒന്നും അറിയരുത്..

നന്ദി..ഷാജു..ഒരിക്കല്‍ കൂടി വായിക്കാന്‍ വരും എന്ന് പറഞ്ഞതില്‍ വളരെ സന്തോഷം..

ശ്രീ said...

ഭൂരിഭാഗം സര്‍ക്കാര്‍ ഓഫീസുകളിലെയും അവസ്ഥ ഇതൊക്കെ തന്നെ ആണ് മാഷേ. പക്ഷേ, പ്രതികരിയ്ക്കുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രവും.

Unknown said...

ഇങ്ങനെ പ്രതികരിക്കാന്‍ പൊതു ജനങ്ങള്‍ തയ്യാറായാല്‍ തന്നെ ഓഫീസര്‍മാര്‍ക്ക് ഒരു പേടിയുണ്ടാവും..

Muralee Mukundan , ബിലാത്തിപട്ടണം said...

സർക്കാർ കാര്യം ‘മുറ’ പോലെയെന്നതിന്റെ ഒരു നല്ല അനുഭാവിഷ്കാരം ,ഒരു കഥപോൽ നന്നായി അവതരിപ്പിച്ചിരിക്കുന്നു കേട്ടൊ ഭായ്.

ഒപ്പം ഇടുക്കിയിലെ പല വില്ലേജുകളിലുള്ളവർക്കും പല ഗവ:പേപ്പർവർക്ക്സും നടത്താനുള്ള ജില്ലാ ആഫീസുകളിലേക്കുമുള്ള ദുരിതയാത്രകളും ഇതിലൂടെ വായിച്ചെടുക്കാമല്ലോ അല്ലേ

Mohiyudheen MP said...

വില്ലേജ്‌ മാന്‍,,,,, അതി ഭാവുകത്വങ്ങളില്ലാതെ തന്‍മയത്തത്തോടെയുള്ള എഴുത്തിന്‌ അഭിനന്ദനങ്ങള്‍. നമ്മുടെ സര്‍ക്കാറാഫീസുകളില്‍ ഇത്തരക്കാരുടെ വിളയാട്ടമാണ്‌. ഞാനൊക്കെ ശരിക്ക്‌ പ്രതികരിക്കാറുണ്‌ട്‌ എന്ന് കൂടി പറഞ്ഞ്‌ കൊള്ളട്ടെ... പൌര ബോധവും ഉണര്‍വ്വും ഇല്ലാത്തതാണ്‌ ഇത്തരക്കാര്‍ നമ്മുടെ മേല്‍ കുതിര കയറാനുള്ള കാരണം... ആശംസകള്‍

Yasmin NK said...

നന്നായിട്ടുണ്ട്.അഭിനന്ദനങ്ങള്‍

- സോണി - said...

സര്‍ക്കാര്‍ ഓഫീസുകളുടെ പഴയ അവസ്ഥകള്‍ കുറേയേറെ മാറിയിട്ടുണ്ട് ഇന്ന്, പുതിയ തലമുറയുടെ വരവോടെ. എന്നാലും ഇന്നും മിക്കയിടത്തും ഇതുപോലുള്ള ചിലരെയെങ്കിലും കാണാം. അതിനാല്‍ അതിശയോക്തി പറയാനാവില്ല.

sreee said...

സര്‍ക്കാര്‍ ഓഫീസിലെ ജീവനക്കാര്‍ എന്തുകൊണ്ട് ഇങ്ങനെയാവുന്നു എന്ന് ഒരു അന്വേഷണം നടത്തേണ്ട സമയം ആയിട്ടുണ്ടല്ലോ . പോസ്റ്റ്‌ നന്നായിട്ടുണ്ട്.

ചാണ്ടിച്ചൻ said...

ആ കു....അല്ലെങ്കി വേണ്ട....ഡാഷ് മോന് അത് തന്നെ വേണം....
അല്ലെങ്കിലും സര്‍ക്കാര്‍ ജോലി കിട്ടിയാ എല്ലാരുടേം വിചാരം എന്തൊക്കെയോ ആയെന്നാ!!!
ക്ലൈമാക്സ് വളരെ ഇഷ്ട്ടപ്പെട്ടു, ശശിയേട്ടാ....

khaadu.. said...

ഇനിയുമെത്ര വേണു സാറന്മാര്‍...

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..ശ്രീ

നന്ദി..സുനി..ഈ ആദ്യവരവിനും അഭിപ്രായത്തിനും..

നന്ദി..മുരളീ ഭായ്..


നന്ദി..മോഹി..പ്രതികരിക്കണം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..പക്ഷെ അത് കഴിഞ്ഞുള്ള ഭയാനക അവസ്ഥ ഓര്‍ക്കുമ്പോള്‍..


നന്ദി..മുല്ല..

നന്ദി..സോണി..മാറ്റം ഇല്ല എന്നല്ല..പക്ഷെ കുറെ പുതിയ ആള്‍ക്കാര്‍ വരുമ്പോള്‍ പഴയവര്‍ വീണ്ടും പഴയ ചട്ടക്കൂട്ടിലേക്ക് പോകുന്നുണ്ടോ എന്ന് തോന്നാറുണ്ട്..ഉദാഹരണത്തിന് പോലീസ് സേന. ..പണ്ടത്തെ ഏട് കുട്ടന്‍ പിള്ളമാരുടെ കാലം കഴിഞ്ഞു..ബിരുദധാരികള്‍ തന്നെ സാധാരണ പോലീസുകാരായി വരുന്നു. ..എന്നിട്ടും വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ വരുന്നില്ല. നമ്മുടെ പോലീസ് ഇപ്പോഴും പഴയതുപോലെ തന്നെ. ..


നന്ദി..ശ്രീ..

നന്ദി..ചാണ്ടിച്ചായന്‍

നന്ദി..ഖാദു

കൊമ്പന്‍ said...

ഇങ്ങനെ ഇടക്ക് എങ്കിലും ഈ വിജിലന്‍സ് ഉള്ളത് നമുക്ക് ഒരു ആശ്വാസം ആണ്
വളരെ മനോഹരമായി എഴുതി താങ്കളെ പേര് പ്പോലെ തന്നെ ഗ്രാമീണ തയുടെ തുടിപ്പും ഗ്രാമ വാസിയുടെ ആധിയും പോസ്റ്റില്‍ ഉണ്ട്

‍ആയിരങ്ങളില്‍ ഒരുവന്‍ said...

"വേഷപ്രശ്ചന്നരാകുന്ന അടക്കകള്‍" എല്ലാരും പറഞ്ഞത് പോലെ നല്ല തലക്കെട്ട്!!

സംഗതി നടന്ന സംഭവമാണെങ്കിൽ ലവനൊക്കെ ഇതു തന്നെ വേണം..!! ഒരുനാൾ ഇവനുമൊക്കെ പെൻഷനാകും, പല കാര്യത്തിനും സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങേണ്ടി വരും എന്നൊന്നും ആലോചിക്കുന്നില്ല.. പക്ഷെ ചെറുപ്പക്കാരായ ന്യൂ ജനറേഷൻ ഉദ്യോഗസ്ഥർ കുറച്ച് ഭേദമാണെന്ന് തോന്നുന്നു..

ആശംസകൾ..!!

ഏപ്രില്‍ ലില്ലി. said...

നിരീക്ഷണങ്ങളോട് യോജിക്കുന്നു ജയരാജ്. എന്നാലും വിരലില്‍ എണ്ണാവുന്ന ചില ചിത്രങ്ങള്‍, കുടുംബ സമേതം കാണാവുന്ന തരത്തിലുല്‍ പ്രമേയവുമായി , വേറിട്ട കാഴ്ചപ്പാടോടെ ഇറങ്ങുന്നുണ്ട്. അത്തരം ചിത്രങ്ങള്‍ ഇനിയും ഇറങ്ങട്ടെ എന്ന് പ്രതീക്ഷിക്കാം.

ഷാജി പരപ്പനാടൻ said...

അയാള്‍ക്കത് കിട്ടണം ..നല്ല പോസ്റ്റ്‌ ആശംസകള്‍

Villagemaan/വില്ലേജ്മാന്‍ said...

നന്ദി കൊമ്പന്‍ .
നന്ദി ആയിരങ്ങളില്‍ ഒരുവന്‍
നന്ദി ഏപ്രില്‍ ലില്ലി.
നന്ദി മുഹമ്മദ്‌ ഷാജി

OAB/ഒഎബി said...

നല്ല കഥ അല്ല എഴുത്ത്.
ഒപ്പം ഞാനല്പം എഴുതാം.
---------
"ഇന്നത്തെ സമയം കഴിഞ്ഞു നാളെ വരൂ"
എന്റെ ഒപ്പമുള്ള ആള്‍ ചുമരിലെ ക്ലോക്കിലേക്ക് നോക്കി.
സമയം നാല് അമ്പത്.
'സാര്‍ ഇപ്പറഞ്ഞത്‌ ഒരു വെള്ളക്കടലാസ്സില്‍ എഴുതി തരൂ. സമയവും എഴുതിയെക്കൂ '
ഉദ്യോഗസ്ഥന്‍ കുറച്ചു സമയം ഞങ്ങളെ തുറിച്ചു നോക്കി.
പിന്നെ ഞങ്ങളുടെ പേപ്പറില്‍ ഒപ്പിട്ടു തന്നു.
കാരണം എന്റെ ഒപ്പമുള്ള ആള്‍ക്ക് വിവരമുണ്ടായിരുന്നു.

ഇത് കുറെ മുമ്പ്. ഇപ്പോള്‍ കുറെ കുറഞ്ഞ മട്ടാണ്. തീരെ കുറയാത്ത ഒരു സ്ഥലമുണ്ട് ഇപ്പഴും. തിരിച്ചും മറിച്ചും, മറിച്ചും തിരിച്ചും ചോദിച്ചു 'കളി പൊട്ടിച്ചേ' എന്നാര്‍ത്തു ചിരിക്കുന്ന പിള്ളേര് കളി പോലെ ചോദിക്കുന്ന ഒരു സ്ഥലം.
ഒരേ സ്ഥലത്ത് ഏറെ പ്രാവശ്യം ഇറങ്ങുകയും കേറുകയും ചെയ്ത എന്നെയിട്ടു മെരട്ടുന്നത് എനിക്കറിയാം.
എന്നാല്‍ ഇപ്രാവശ്യം പോന്നപ്പോള്‍ ചിരിക്കാനൊരു വക കിട്ടി.

"വയസ്സ് എത്ര"
"36".
"അല്ല"
"സാറിനു, ഞാന്‍ പറഞ്ഞത് നോണ്യാന്നു തോന്നുണെങ്കില്‍ ങ്ങളെ മുമ്പില്‍ ന്താ കമ്പ്യൂട്ടില്ലെ ? ആയിലങ്ങട്ടു നോക്കിക്കാളി"
കസ്റ്റംസ് ഉദ്യോഗസ്ഥന് ചിരിച്ചു പോയി (അവര്‍ ചിരിക്കുക പതിവില്ലല്ലോ) അയാള്‍ക്ക്‌ പിന്നെ ഒരുസംശയവും ഉണ്ടായിരുന്നില്ല.
കാരണം എന്റെ ഒപ്പമുള്ള സ്നേഹിതന് വിവരം അല്പം കുറവായിരുന്നു.

Joselet Joseph said...

എന്‍റെ അയല്പക്കക്കാരനോരാള്‍ ഇതുപോലെ വില്ലജ് ആഫീസരെ വിജലന്സിനെ കൊണ്ട് പിടിപ്പിച്ചിട്ട് നാട്ടുകാര്‍ അയാളെ പറയാത്ത തെറിയോന്നുമില്ല! ആരാ കാശ് മേടിക്കാത്തത്? മേടിചാലും കാര്യം ചെയ്തു തരുന്നില്ലേ? ഒരു കുടുബം വഴിയാധാരമാക്കീല്ലേ? എന്നിങ്ങനെ പോണു പഴി. എങ്ങനുണ്ട് വില്ലേജ്മാനേ?

വേണുഗോപാല്‍ said...

ഈ ബാധ സര്‍ക്കാര്‍ ജീവനക്കാരെ വിട്ടു പോകില്ല. കാലങ്ങള്‍ ആയി തുടര്‍ന്ന് വരുന്ന ഈ വൃത്തികെട്ട പ്രവണത ആദര്‍ശം വിളമ്പുന്ന യുവ തലമുറ കൂടി മുന്നോട്ടു കൊണ്ട് പോകുന്നു എന്ന് കാണുമ്പോള്‍ സമൂഹ നന്മയെ കാര്‍ന്നു തിന്നുന്ന ഈ അര്‍ബുദം മുറിച്ചു നീക്കിയെ പറ്റൂ എന്ന് തോന്നും. എത്ര റൈഡ് മുന്നില്‍ കണ്ടാലും ഇവര്‍ വീണ്ടും പഴയ പണി തുടരും. ജനം നിസ്സഹായര്‍ ആയി ആവശ്യപെടുന്നത് നല്‍കി കൊണ്ടുമിരിക്കും. എല്ലാരും പറഞ്ഞ പോലെ കഥയുടെ പേരും കഥയും നന്നായി. സ്വന്തം അനുഭവമാണോ ഇത് ????

നാട്ടില്‍ ആയിരുന്നു , വന്നു വായിക്കാന്‍ വൈകി ..

Kalavallabhan said...

"സാറിന്റെ മുഖത്ത് തീരെ രക്തമയം ഉണ്ടായിരുന്നില്ല"

എല്ലാം കഴുകിയ പാത്രത്തിലേക്കൊഴുകി പോയി

കാഴ്ചകളിലൂടെ said...

village man

super super

sajeev

പട്ടേപ്പാടം റാംജി said...

അല്ല പിന്നെ. എത്രയാന്നു വെച്ചാ..?
സര്‍ക്കാര്‍ കാര്യം....
എഴുത്ത്‌ നന്നായി.

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..ഓ എ ബി ..വിശദമായ കമന്റിനു ..

നന്ദി..ജോസെലെറ്റ് ..സത്യം..രണ്ടുണ്ടാകും അഭിപ്രായം..എപ്പോഴും

നന്ദി..വേണുജീ ..പകുതി കഥയും...പകുതി അനുഭവവും..

നന്ദി..കലാവല്ലഭന്‍..
നന്ദി..കാഴ്ചകളിലൂടെ
നന്ദി..രാജി ഭായ്

കുസുമം ആര്‍ പുന്നപ്ര said...

നമ്മള്‍ തന്നെയാണ് അവരെ ചീത്തയാക്കുന്നത്. കുറച്ചു പേര്‍ കൊടുക്കാതിരിക്കുമ്പോള്‍ കൂടുതല്‍ പേരും കൊടുക്കുന്നവരാണ്. എന്തുചെയ്യാം സമൂഹം ഒന്നിനൊന്ന് ദുഷിച്ചു വരുകയാണ്

Anil cheleri kumaran said...

അത് തന്നെ വേണം.

Fayas said...

"വേഷപ്രശ്ചന്നരാകുന്ന അടക്കകള്‍"

RAGHU MENON said...

സരസവും, ലളിതവുമായ , പ്രതിപാദ്യ ശൈലി . നന്നായിട്ടുണ്ട്

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..കുസുമം ജി..

നന്ദി..കുമാരന്‍..

നന്ദി..ഫയസ്‌..

നന്ദി..രഘു മേനോന്‍..ഈ ആദ്യവരവിനും, അഭിപ്രായത്തിനും..അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി..