Feb 22, 2011

എന്‍റെ സൈനിക പരീക്ഷണങ്ങള്‍


പട്ടാളക്കാരോട് എനിക്ക് ഒരു ആരാധന ആയിരുന്നു.നിണമണിഞ്ഞ കാല്‍പ്പാടുകളും,നന്തനാരുടെ കഥകളും ഒക്കെ വായിച്ചു,നായര്‍ സാബ് മുതലായ വെടിക്കെട്ട്‌ പടങ്ങളും കണ്ട്‌ പട്ടാള ജീവിതം ഇങ്ങനെ തലയില്‍ കയറി നില്‍ക്കുകയാണ്. നാട്ടില്‍ ഒരുപാട് പേര്‍ മിലിട്ടറി ആയിട്ടും, എയര്‍ ഫോഴ്സ് ആയിട്ടും ഒക്കെ ഉണ്ടായിരുന്നു. അടുത്ത വീട്ടിലെ ചേട്ടന്‍ അവധിക്ക് വരുമ്പോള്‍ പച്ച നിറമുള്ള ട്രങ്ക് ഒക്കെ ആയിട്ടു വരുന്നത് നോക്കി കൊതിച്ചിട്ടുണ്ട്. അങ്ങേരു വീടുകാരും ആയിട്ടു ഇടയ്ക്കു വഴക്കുണ്ടാക്കുമ്പോള്‍ ബസ് ബസ് എന്നൊക്കെ ഹിന്ദിയില്‍ കാച്ചും.


ജോലി കിട്ടുന്നെങ്കില്‍ അത് പട്ടാളത്തില്‍ അല്ലെങ്കില്‍ എയര്‍ ഫോര്‍സില്‍ ആവണം എന്നായിരുന്നു ആഗ്രഹം. നേവിയോടു പണ്ടേ പ്രിയം ഇല്ല.അവര്‍ക്ക് മീശ വെക്കാന്‍ പറ്റില്ല എന്നാരുന്നു കൂട്ടത്തില്‍ പഠിച്ച ബാബു പറഞ്ഞത്.മീശ ഇല്ലാതെ ആണുങ്ങള്‍ക്ക് എന്ത് വില! അവന്‍ അന്ന് അങ്ങനെ ഒക്കെ പറഞ്ഞെകിലും മെഡിക്കല്‍ റെപ് ആയപ്പോ അവന്‍ മീശ എടുത്തു.റപ്പായിമാര്‍ക്ക് അത് പാടില്ല എന്ന് അവരുടെ ബൈലോയില്‍ ഉണ്ടത്രേ.


ആദ്യത്തെ ശ്രമം യാദൃചികം ആയിരുന്നു.പത്തു കഴിഞ്ഞു എമ്പ്ലോയ്മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുക എന്നത് അന്നൊരു ചടങ്ങായിരുന്നു. ഞങ്ങള്‍ കുറെ പേര്‍ പ്രീഡിഗ്രീ കഴിഞ്ഞു ഈ കലാപരിപാടിക്ക്‌ ചെന്നതായിരുന്നു.അന്നവിടെ കുറെ പേര്‍ ക്യു നില്‍ക്കുന്നു.ഡല്‍ഹി പോലീസിലേക്ക് ആളെ എടുക്കുകയാണ്. ഡല്‍ഹി പോലീസ് എങ്കില്‍ അത് എന്നും പറഞ്ഞു ഞങ്ങള്‍ രണ്ടു പേര്‍ കേറി നിന്നു.സ്കൂളില്‍ ഒന്നിച്ചു പഠിച്ച ഒരാള്‍ അങ്ങ് മുന്നില്‍ നില്‍ക്കുന്ന കാണാം.നമ്മുടെ നാട്ടുകാരന്‍ ഒരാള്‍ അപ്പൊ അതിലെ വന്നു.നിനക്കൊക്കെ വട്ടാണോഡാ.പോലീസി ചേരണമെങ്കില്‍ കേരളാ പോലീസില്‍ ആയിക്കൂടെ, ഡല്‍ഹി വരെ പോണോ എന്നും, ഡല്‍ഹി പോലീസില്‍ ചേര്‍ന്നാല്‍ ട്രാന്‍സ്ഫര്‍ ഒന്നും കിട്ടത്തില്ല ജീവിത കാലം മുഴുവന്‍ ഡല്‍ഹിയില്‍ തണുപ്പും കൊണ്ട് നിന്റെ ജീവിതം പോക്കാ എന്നും പറഞ്ഞു അയാള്‍ പോയി.ഞങ്ങള്‍ മനസ്സ് മടുത്തു തിരിച്ചുപോയി.

പിന്നീടറിഞ്ഞു സ്കൂള്‍ മേറ്റിനു ജോലി കിട്ടി എന്ന്. അവന്‍ അവധിക്കു വരുമ്പോള്‍ ആക്കി ഒരു ചോദ്യം ചോദിക്കും "എന്ത് ചെയ്യുന്നു " ? ഒന്നും ആയില്ല എന്നുപറയുമ്പോള്‍ ഒടുക്കത്തെ ഒരു അച്ഛാ അച്ഛാ വിളി.അവന്‍ സ്റ്റോറില്‍ ആണത്രേ. ഓരോ വെടിയുണ്ടക്കും കണ്ക്കുണ്ടെന്നു. ഈ പൊട്ടാത്ത വെടിയുണ്ടയും പൊട്ടിയ വെടിയുണ്ടയും ആയി എന്ത് വ്യത്യാസം ഉണ്ട്, പൊട്ടാത്തത്‌ കാണാതെ പോയാല്‍ പകരം പൊട്ടിയത് വെച്ചാല്‍ പിടിക്കുമോ തുടങ്ങിയ സംശയങ്ങള്‍ എന്‍റെ മനസ്സില്‍ ഉദിച്ചു എങ്കിലും ഞാന്‍ ചോദിച്ചില്ല. വെറുതെ എന്തിനാ അവനു പുതിയ ഐഡിയ കൊടുക്കുന്നത് !


ഡിഗ്രി ആദ്യവര്‍ഷം അന്ന് ആദ്യത്തെ എയര്‍ ഫോഴ്സ് ശ്രമം.പത്രത്തില്‍ എയര്‍മാന്മാരെ എടുക്കുന്നു എന്ന് കണ്ടു.അപേക്ഷ വിട്ട അന്ന് മുതല്‍ സ്വപ്നം കാണാന്‍ തുടങ്ങി. സ്വപ്നത്തില്‍ എയര്‍ മാര്‍ഷലും എയര്‍ വൈസ് മാര്‍ഷലും ഒക്കെ ആയി.


ഒരു ദിവസം വൈകുന്നരം ക്ലാസ്സ്‌ വിട്ടു വരുമ്പോള്‍ വീടിന്‍റെ മുന്‍പില്‍ ഒരു ആള്‍കൂട്ടം..ദൈവമേ,വയസ്സായ അമ്മൂമ്മക്ക്‌ എന്തെങ്കിലും ? ചെന്നപോ വീടിനടുത്തുള്ള ഒരു ചേട്ടന്‍ ടെലഗ്രാം നീട്ടി.നിന്നെ എയര്‍ ഫോര്‍സില്‍ എടുത്തു എന്ന് പറഞ്ഞു.ദൈവമേ ഇത്ര പെട്ടെന്നൊ. വായിച്ചപ്പഴല്ലേ അറിയുന്നെ ടെസ്റ്റിനു ചെല്ലാനുള്ള അറിയിപ്പാ എന്ന്. എനിക്ക് മാത്രമല്ല അക്കരെ ഉള്ള സാബുവിനേം എടുത്തു എന്ന് ചേട്ടന്‍ പറഞ്ഞു . കടത്തും കടന്നു ഞാന്‍ സാബുവിന്റെ വീട്ടില്‍ പോയി. അവിടെ ചെന്നപോ സാബു നാലുമണിയുടെ വണ്ടിക്കു കൊച്ചിക്ക്‌ പോയി എന്ന് അവന്റെ അമ്മ പറഞ്ഞു. അവനു പിറ്റേന് കാലത്തെ ആറു മണിക്കാ ടെസ്റ്റ്‌. എനിക്ക് അതിന്റെ അടുത്ത ദിവസം ആറുമണിക്ക്.പിറ്റേന്ന് വൈകുന്നേരം ഞാന്‍ ബസ് സ്റ്റോപ്പില്‍ നില്കുമ്പോള്‍ സാബു എറണാകുളത്തുന്നു പരിപ്പിളകി വരുന്നു. അവനു തൂക്കം കുറവാണെന്ന്. അടുത്ത തവണ വരാന്‍ പറഞ്ഞു എന്ന് .പിന്നെ അവന്‍ പറഞ്ഞു ഇപ്പൊ എയര്‍മാന്‍ നോണ്‍ ടെക്നിക്കല്‍ ആണ് വിളിച്ചിരിക്കുന്നത്. അടുത്തതാ ടെക്നിക്കല്‍ .കിട്ടാഞ്ഞതു നന്നായി എന്ന്. ഇനി നീ അങ്ങനെ ഓര്‍ത്തു സമാധാനിച്ചോ എന്ന് പറഞ്ഞു ഞാന്‍ ചെറുതായിട്ട് ഒന്ന് താങ്ങി.എന്നാ നീ പോയി ബൌണ്‍സ് ചെയ്തു വാടെ,ഞാന്‍ ഇവിടെ ഒക്കെ തന്നെ കാണും എന്ന് നടക്കാന്‍ മേലാത്ത അവസ്ഥയിലും അവന്‍ അനുഗ്രഹിച്ചു. ഞാന്‍ എന്റെ ദേഹതെക്കൊന്നു നോക്കി.എല്ലൊക്കെ എണ്ണി എടുക്കാന്‍ രണ്ടു കൈയിലെ വിരല്‍ തികയില്ല.എനിക്ക് പണി കിട്ടി എന്ന് നാട് മുഴുവന്‍ ഫ്ലാഷായി. എന്തായാലും പോയേക്കാം .

കൊച്ചിയില്‍ പനമ്പിള്ളി നഗറിലായിരുന്നു ടെസ്റ്റ്‌. അവിടെ ചെന്നപോള്‍ കുറെ പേര്‍ കാലത്തെ മുതല്‍ തന്നെ തലകുത്തി നിന്ന് പഠിക്കുന്നു. ഒരു ഹിന്ദിക്കാരന്‍ വന്നിട്ട് ഹിന്ദിയില്‍ എന്തോ പറഞ്ഞു. ഞാന്‍ പിന്നെ ഹിന്ദിയുമായി പണ്ടേ മുന്നാള്‍ ആയ കൊണ്ട് എല്ലാം നന്നായി പിടികിട്ടി.പണി എങ്ങാനും കിട്ടിയാല്‍ ഇവന്റെ അടുത്തൊക്കെ എങ്ങനെ പിടിച്ചു നില്‍ക്കും എന്നാ ആദ്യം ഓര്‍ത്തത്‌.നമ്മുക്ക് ആകെ അറിയാവുന്നത്, കിത്നെ ആദ്മി ഥെ..തീന്‍ ആദ്മി..കിത്നെ ഗോലി ഥെ തീന്‍ ഗോലി..ഇതേ മാതിരി ഹിന്ദി പടത്തില്‍ പറയുന്ന ഹിന്ദി അല്ലെ. എട്ടാം ക്ലാസ്സില്‍ ബെച്ചപ്പന്‍ എന്ന് വട്ടപ്പേര്‍ ഉള്ള ഹിന്ദി മാഷുമായി എന്നും ഗോല്‍താ ആരുന്നു.അങ്ങേരുടെ പ്രാക്ക് ആയിരിക്കും എന്നോര്‍ത്ത് സമാധാനിച്ചു. ഒരു വിധത്തില്‍ ടെസ്റ്റ്‌ ഒക്കെ ജയിച്ചു. പിന്നെ തൂക്കം നോക്കിയപ്പോ ഓക്കേ. ചെവിയില്‍ എന്തോ കോലിട്ട് നോക്കി.അതും ഓക്കേ.അടുത്തത് നെഞ്ചിന്റെ അളവ് നോക്കിയപ്പോഴല്ലേ എയര്‍മാന്‍ ആവാന്‍ ഇത്രേം എയര്‍ പോര എന്ന് മനസ്സിലായത്‌. അവസാനം ഷേനായീസില്‍ കയറി ഒരു പടോം കണ്ട്‌ വൈകുന്നേരത്തെ പാസെന്‍ജെറില്‍ കയറി പാതിരാ ആയപ്പോ വീട്ടിലെത്തി. രണ്ടു ദിവസം വീട്ടീന്ന് ഇറങ്ങിയില്ല.മുടിഞ്ഞ നാടുകാര്‍ക്കെല്ലാം പണി കിട്ടാഞ്ഞതു എന്താ എന്നറിയണം.സാബു വീട്ടില്‍ വന്നു.പണി കിട്ടിയില്ല എന്നറിഞ്ഞപോ അവനു സമാധാനം ആയി.കൂട്ടുണ്ടല്ലോ എന്ന് പറഞ്ഞു.


ആറുമാസം കഴിഞ്ഞു വീണ്ടും പഴയ പരിപാടി.രണ്ടു മൂന്ന് ദിവസമായി ടെസ്റ്റും മെഡിക്കലും. ഒരു വിധത്തില്‍ വെയിറ്റിംഗ് ലിസ്റ്റ് വരെ എത്തി.ഈ തവണ ഹിന്ദിക്കാരുടെ കൂടെ ഒരു മലയാളി ഉണ്ടായിരുന്നു. ഹിന്ദിക്കാര്‍ അയാളെ കെ പി, കെ പി എന്ന് എന്തിനും ഏതിനും വിളിക്കും. മനോരമ ജംക്ഷനില്‍ നിന്നും പനംപള്ളി നഗറിലുള്ള എയര്‍ ഫോഴ്സ് ഓഫീസില്‍ വരെ കെ.പി നടന്നാ വരുന്നേ എന്ന് അവിടെ പരിചയപ്പെട്ട റഷീദ് പറഞ്ഞു.കാശു കൊടുത്താ ശരിയാക്കാമോ എന്ന് ചോദിക്കാം എന്ന് അവന്‍ പറഞ്ഞു.കാശു മേടിചോണ്ടാ ഇവരൊക്കെ പരിപാടി നടത്തുന്നെ, കൊടുക്കാത്തവരെ ഒക്കെ വെയിടിങ്ങില്‍ ഇടും എന്ന് ആരോ പറഞ്ഞത്രേ. ഞങ്ങള്‍ രണ്ടും കൂടി കെ പി ഓഫീസടച്ചു ഇറങ്ങുമ്പോള്‍ പുറകെ കൂടി..ഇടയ്ക്കു കെ.പി തിരിഞ്ഞു നോക്കും. ഞങ്ങള്‍ പമ്മും അങ്ങനെ മനോരമയുടെ അടുത്ത് ചെന്നപോ കെ.പി നിന്നിട്ട് ചോദിച്ചു നിനക്കൊക്കെ എന്താടാ വേണ്ടിയേ എന്ന്.ചേട്ടാ സാറേ എന്നൊക്കെ വിളിച്ചു റഷീദ് ഏതാണ്ടൊക്കെ ചോദിക്കുന്നതും കെ. പി. അടിക്കാന്‍ കൈ ഓങ്ങിയതും ഒക്കെ കുറച്ചു ദൂരെ നിന്നാ ഞാന്‍ കണ്ടത്.



എന്തായാലും ആ തവണ സാബു എയര്‍മാന്‍ ആയി. വര്‍ഷത്തില്‍ ഒരിക്കല്‍ വരും.ജോലി എങ്ങനെ എന്ന് ചോദിച്ചപ്പോ ഭയങ്കര മജാ ആണെന്ന് പറഞ്ഞു. അത്ര ബുധിമുട്ടാനെകില്‍ നീ തിരിച്ചു പോരെടാ എന്ന് പറഞ്ഞപോള്‍ ഓ നിനക്ക് എന്നെപോലെ ഹിന്ദി അറിയില്ലല്ലോ എന്ന് അവന്‍ പറഞ്ഞു. അവന്‍ നാട്ടില്‍ കൂടി കൂളിംഗ് ഗ്ലാസ്‌ ഒക്കെ വെച്ച് നടക്കും.നിനക്കെന്താടാ ചെന്കണ്ണ് ആണോ ഞാന്‍ ചോദിച്ചു. ഗ്ലാസ്‌ ഇല്ലാതെ കണ്ണിനു ഭയങ്കര ചൊറിച്ചില്‍ ആണത്രേ.


അപോഴെക്കും ഡിഗ്രി കഴിഞ്ഞു .അടുത്ത ടെസ്റ്റ്‌ ഹവില്‍ദാര്‍ ക്ലാര്‍ക്ക് ആയിരുന്നു.അപ്പോഴേക്കും പൊക്കം കുറെ കൂടി കൂടിയത് കൊണ്ട് ആനുപാതികമായി തൂക്കം വേണ്ടിവരും എന്ന് പറഞ്ഞു ലോഡ്ജില്‍ വെച്ച് പാളയങ്കോടന്‍ പഴവും കുറെ വെള്ളവും കാലത്തെ തന്നെ കേറ്റി. പാങ്ങോട് പോയി, ജട്ടിയും ഒക്കെ ഇട്ടോണ്ട് അവിടുത്തെ ചരലില്‍ വളരെ ബുദ്ധിമുട്ടി ആണിരുന്നത്. ഫിസിക്കല്‍ എല്ലാം ശരിയായി. മെഡിക്കല്‍ ടെസ്റ്റ്‌ ആരുന്നു കടുപ്പം. ഒരു ഇരുപതു പേരെ വീതം രണ്ടു വരിയായിട്ടു നിര്‍ത്തും. എന്നിട്ട് ജെട്ടി താഴ്ത്താന്‍ പറയും. ഒരു അമ്മാവന്‍ കൈയില്‍ ഉറ ഒക്കെ ഇട്ടു മുന്നില്‍ വന്നു നിന്നിട്ട് അടിസ്ഥാനവര്‍ഗങ്ങളെ പിടിച്ചു തല വശത്തേക്ക് തിരിച്ചു രണ്ടു തവണ ചുമക്കാന്‍ പറയും.ഇത് എന്ത് ടെസ്റ്റ്‌ എന്ന് ദൈവത്തിനാണെ ഇന്നേ വരെ അറിയത്തില്ല. എല്ലാവരും നിന്ന് ചിരി തന്നെ. അത് കാണുമ്പോള്‍ അമ്മാവന് കലി കയറും.പിന്നേം ഒടുക്കത്തെ ഹിന്ദി. ഇവറ്റ ക്കൊക്കെ മര്യാദക്ക് വല്ല മലയാളോം പറഞ്ഞു കൂടെ. അവസാനം എല്ലാം കഴിഞ്ഞു ടെസ്റ്റ്‌ എഴുതിയപ്പോള്‍ ലിസ്റ്റില്‍ പേരില്ല.അവിടെ കറങ്ങി നടന്നിരുന്ന ഒരു കപ്പടാ മീശക്കാരന്‍ എക്സ് മിലിട്ടറി പറഞ്ഞു ഒരു 30 വീശു മോനെ നമ്മക്ക് ശരിയാക്കാം എന്ന്. ഞാന്‍ പറഞ്ഞു ചേട്ടാ, മുപ്പതു കൊണ്ട് എന്താവാനാ, 60 അല്ലെ ലാര്‍ജ് എന്ന്. കപ്പടാ ഹിന്ദിയില്‍ എന്താണ്ടൊരു മുട്ടന്‍ തെറി പറഞ്ഞു സ്ഥലം വിട്ടു. രണ്ടു ദിവസത്തേക്ക് ഭയങ്കര തൂറ്റല്‍ ആയിരുന്നു. പാളയങ്കോടന്‍ പഴവും വെള്ളവും. നല്ല കോമ്പിനേഷന്‍ !

പിന്നെ ആയിരുന്നു എന്‍ ഡി എ എക്സാം. അതെങ്ങാനും കിട്ടിയാല്‍ ഡയറക്റ്റ് ഓഫീസര്‍ ആകാം, പിന്നെ എന്ത് എയര്‍മാന്‍, എന്ത് ഹവില്‍ദാര്‍ ക്ലാര്‍ക്ക്. ചിലപോ ദൈവത്തിന്റെ ഒരു കളി ആയിരിക്കും, എല്ലാം അവസാന നിമിഷത്തില്‍ തട്ടിപോയത് എന്നൊക്കെ ഓര്‍ത്തു എക്സാം എഴുതി. അവര്‍ പക്ഷെ ഒരുപാട് മിടുക്കന്മാരെ മാത്രേ എടുക്കു എന്ന് ഒരു പഠിപ്പിസ്റ്റ് അന്ന് തന്നെ പറഞ്ഞു. പിന്നെ,ഒരുപാട് മിടുക്കന്‍ ആണെകില്‍ ഇങ്ങോട്ട് കെട്ടിയെടുക്കണോ എന്ന് ഞാന്‍ ഓര്‍ത്തു. എന്തായാലും, ഡി ഫെന്‍സ് അക്കാദമിക്ക് ഒരു തീരാ നഷ്ടം തന്നെ സംഭവിച്ചു.അവര്‍ക്ക് അതി ബുദ്ധിമാനായ ഒരുത്തനെ നഷ്ടപ്പെട്ടു..ആര്‍ക്കു പോയി.


അന്ന് കെട്ടുപോയ സൈനിക സ്വപ്നങ്ങള്‍ക്ക് വീണ്ടും മുളച്ചത് കഴിഞ്ഞ വര്‍ഷമാണ്‌. നമ്മുടെ ലാലേട്ടനെ ടെറിട്ടോറിയാല്‍ ആര്‍മിയില്‍ എടുത്തപ്പോള്‍ .പ്രായത്തില്‍ ഞാന്‍ അല്പം പിന്നിലെങ്കിലും മറ്റൊരു കാര്യത്തില്‍ ഞങ്ങള്‍ കട്ടക്ക് നില്‍ക്കും. അതെ അത് തന്നെ.പ്രവാസി ഒന്നും കഴിച്ചില്ലെങ്കിലും അതുണ്ടാവുമല്ലോ!

ആര്‍ക്കറിയാം ..ഈ വൈകിയ വേളയില്‍ ഇനി അത് നടക്കുമോ എന്ന് !

ചിത്രം: കടപ്പാട് ഗൂഗിള്‍

Feb 1, 2011

മുനവറിന്റെ മരണാനന്തരം..

മുനവര്‍ ഭായ് മരിച്ചിട്ട് നാലുമാസം കടന്നു പോയിരിക്കുന്നു.കമ്പനിയില്‍ ഇന്ന് ആരും തന്നെ അയാളെ ഓര്‍മ്മിക്കുന്നില്ല.പ്രവാസ ലോകത്തിന്റെ മറ്റൊരു പ്രത്യേകത .ഇവിടെ മരണം അങ്ങനെയാണ്.ഒരാളുടെ മരണം ആരിലും ഒരു മാറ്റങ്ങളും ഉണ്ടാക്കുന്നില്ല .(മുനവറിന്റെ കഥ ഇവിടെ വായിക്കുക)




കാലത്തേ ചെല്ലുമ്പോള്‍ മുനവറിന്റെ സഹോദരന്‍ അന്‍വര്‍ ഓഫീസില്‍ ഉണ്ടായിരുന്നു . നാട്ടില്‍ നിന്നും മുനവറിന്റെ ഭാര്യയുടെ പേരില്‍ ഉള്ള ബാങ്ക് അക്കൗണ്ട്‌ വിവരങ്ങള്‍ അടുത്തിടെ പല പ്രാവശ്യം ഫാക്സ് അയച്ചിരുന്നു.പണം കൈമാറുന്നതിനായി എംബസിയുടെ അംഗീകാരം വേണ്ടിയിരുന്നത് കൊണ്ടായിരുന്നു താമസം.ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ഉള്ള തുകയുടെ കാര്യവും ശരിയായിരുന്നില്ല. അവര്‍ക്കും വേണ്ടിയിരുന്നു ചില കടലാസുകള്‍.



മുനവര്‍ ആശുപത്രിയില്‍ ആയ ദിവസത്തെ കളക്ഷന്‍, പിന്നെ കുറെ കമ്പനി കടലാസുകള്‍ ,പിന്നെ മറ്റു ചില സാധനങ്ങള്‍ ഒക്കെ കൂടി ഒരു ചെറിയ പെട്ടിയില്‍ മുനവറിന്റെ റൂം മേറ്റ്‌ ഓഫീസില്‍ കഴിഞ്ഞ ആഴ്ച എത്തിച്ചിരുന്നു. അഡ്മിന്‍ മാനേജരുടെ മുറിയില്‍ വെച്ചായിരുന്നു സാധനങ്ങള്‍ കൈമാറിയത്.പെട്ടി തുറന്നപ്പോള്‍ ഉണങ്ങിയ ഇലകളുടെ മണം അതില്‍ നിന്നും വരുന്നതുപോലെ തോന്നി.അതിനു മരണത്തിനെ ഗന്ധമാണെന്നും.മുനവറിന്റെ സാന്നിധ്യം അവിടെ എനിക്ക് അനുഭവപ്പെട്ടു.പെട്ടിയുടെ അകത്തു ഒരു കുടുംബ ഫോട്ടോ ഒട്ടിച്ചിരുന്നു.ജമീലയുടെയും ജാസ്മിന്റെയും പരിചിതമായ മുഖതോടൊപ്പം ചിരിച്ചു കൊണ്ടിരിക്കുന്ന മുനവര്‍ .



പെട്ടിക്കുള്ളില്‍ കമ്പനിയില്‍ അടക്കാനുള്ള തുക ഒരു കവറില്‍ ഭദ്രമായി ഇന്‍വോയിസിന്റെ കൂടെ പിന്‍ ചെയ്തു വെച്ചിരുന്നു.ഒരു വാച്ച് , പേഴ്സ്, കുറെ ഫോട്ടോകള്‍, ഒരു കെട്ടു കത്തുകള്‍ പിന്നെ ചില ഉടുപ്പുകള്‍ എന്നിവ മാത്രമേ ആ ചെറിയ പെട്ടിയില്‍ ഉണ്ടായിരുന്നുള്ളു . വാച്ചും പേഴ്സും എടുത്തു നെഞ്ചോട്‌ ചേര്‍ത്ത് അന്‍വര്‍ വിതുമ്പിയപ്പോള്‍ അത് കാണാന്‍ ആകാതെ ഞാന്‍ മുഖം തിരിച്ചു.


ഓരോരോ സാധങ്ങള്‍ കൈയില്‍ എടുത്തു ശബ്ദം ഇല്ലാതെ അയാള്‍ കരയുകയായിരുന്നു. ഏക സഹോദരന്റെ അകാലത്തിലെ വേര്‍പാട് അയാളില്‍ വലിയ ദുഃഖം ഉണ്ടാക്കിയെന്നു എനിക്ക് തോന്നി. എന്നാല്‍ മുനവര്‍ ആശുപത്രിയില്‍ ആയ സമയത്ത് പറഞ്ഞു കേട്ടത് ഇങ്ങനെ ഒന്നും ആയിരുന്നില്ല.കമ്പനി ചെലവില്‍ മുനവറിനെ നാട്ടില്‍ എത്തിക്കാനുള്ള എല്ലാ കാര്യങ്ങളും ശരിയായ സമയത്ത് അത് നിരാകരിക്കുകയായിരുന്നു മുനവറിന്റെ കുടുംബം ചെയ്തത് എന്നായിരുന്നു പൊതുവേ ഉള്ള സംസാരം.മരിച്ചു കഴിഞ്ഞു കിട്ടിയെക്കാമായിരുന്ന വലിയ സംഖ്യക്കുവേണ്ടിയാരിരുന്നു അത് എന്നും. അന്ന് ഫ്ലൈറ്റ് കിട്ടാതെ ഇരുന്നതിനാല്‍ മാത്രമായിരുന്നു മുനവറിനെ കയറ്റി വിടാതെ ഇരുന്നത്. അതിനു ശേഷം ഒരാഴ്ചക്ക് ശേഷം മുനവര്‍ ഈ ലോകം വിട്ടുപോകുകയും ചെയ്തിരുന്നു.



കമ്പനിക്കു തിരിച്ചടക്കാനുള്ള പണം എണ്ണി തിട്ടപ്പെടുത്തി അതിനു രസീത് ഉണ്ടാക്കുമ്പോഴും മുനവറിന്റെ സാന്നിധ്യം അവിടെ ഉണ്ടെന്നു എന്ത് കൊണ്ടോ എനിക്ക് തോന്നി.അറിയാതെ ഞാന്‍ മുനവറിന്റെ പേരില്‍ രസീത് ഉണ്ടാക്കി.പിന്നീടു അത് ക്യാന്‍സല്‍ ചെയ്തു അന്‍വര്‍ എന്ന് എഴുതുമ്പോള്‍ എന്റെ കൈ എന്തുകൊണ്ടോ വിറച്ചു. വളരെക്കാലമായി അറിയാവുന്ന ഒരാളുടെ മരണം മനസുകൊണ്ട് അംഗീകരിക്കാന്‍ എനിക്ക് ആവുമായിരുന്നില്ല.



അന്‍വര്‍ കരച്ചില്‍ അടക്കിയിരുന്നു.പെട്ടിയില്‍ എന്തോ തിരയുകയായിരുന്നു അയാള്‍.അതിനു ശേഷം ബാകി ഉള്ള പണം എണ്ണി നോക്കുന്നത് കണ്ടപ്പോള്‍ എന്ത് കൊണ്ടോ എനിക്ക് അയാളോട് വെറുപ്പ്‌ തോന്നി.


അടച്ച പണത്തിന്റെ രസീത് കൈപ്പറ്റിയതിനുശേഷം സാധനങ്ങള്‍ എടുത്തു പുറത്തിറങ്ങവേ അപ്രതീക്ഷിതമായി ആയിരുന്നു അന്‍വര്‍ ആ ചോദ്യം ചോദിച്ചത്.


ഭായ് സാബ്..ഹമേ കിത്നെ പെസേ മിലേംഗെ ?


അയാളുടെ സഹോദരന്റെ ജീവന്റെ വില എത്രയാണ് എന്ന് പറയാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ല ഞാന്‍ അപ്പോള്‍.

Jan 16, 2011

കുറ്റാരോപിതന്‍ (മാത്രമായ) അമ്പഴത്തില്‍ ജോസുകുട്ടി.


എത്രയും ബഹുമാനപ്പെട്ട മേഴ്സി ആന്റി,

ഈ കത്ത് മുഴുവന്‍ വായിക്കാതെ കീറി കളയരുതേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു. ആന്റിയുടെ മോന്‍ ലാലുവിനെ പിഴപ്പിച്ചത് ഞാന്‍ ആണെന്നാണ്‌ ആന്റി വിചാരിച്ചേക്കുന്നത്. എന്നാല്‍ ഞാന്‍ ഇനി ആ ഞെട്ടിക്കുന്ന സത്യം പറയാം. എട്ടാം ക്ലാസ്സിലാ പഠിക്കുന്നെ എന്നതൊക്കെ ശരി തന്നെ,പക്ഷെ ലാലു ഒരു ബൂലോക പിഴ ആണെന്നുള്ള സത്യം.അന്ന് ലാലുവിനെ എറണാകുളം കാണിക്കാന്‍ കൊണ്ട് പോയ കാര്യം ആന്റി ഓര്‍ക്കുന്നുണ്ടാവുമല്ലോ. എറണാകുളം കാണണം, എറണാകുളം കാണണം എന്ന് ലാലു പറഞ്ഞപോള്‍ കൂട്ടുകാരനേം കൂട്ടി സ്കൂള്‍ യൂണിഫോമിന്റെ അടിയില്‍ ബനിയനും ഇട്ടുകൊണ്ട്‌ വരാന്‍ ഞാന്‍ പറഞ്ഞു എന്നതും കൂട്ടി കൊണ്ടുപോയതും നേരാണ്. ഞാന്‍ കൊണ്ടുപോയില്ലരുന്നെലും ലാലുവും കൂട്ടുകാരനും കൂടി എരനാകുളത് പോയേനെ.ഞാന്‍ ഇല്ലെങ്കിലും എറണാകുളം അവിടെ തന്നെ ഉണ്ടാവുമല്ലോ . എന്റെ കൂടെ ആയിരുന്നകൊണ്ട് മറൈന്‍ ഡ്രൈവും, നേപ്പാളി കടയും ഷിപ്പ് യാര്‍ഡും കണ്ടിട്ട് തിരിച്ചു പോന്നു. അല്ലേല്‍ സെന്റ്‌ തെരേസാസ് കോളേജിന്റെ വാതില്‍ക്കലോ അവിടത്തെ പെണ്ണുങ്ങള്‍ കാര്‍ഡും സിഡിയും മേടിക്കാന്‍ വരുന്ന പൈകൊയുടെ മുന്‍പിലോ എങ്ങാനും അവന്‍ കുടിലു കെട്ടി പാര്‍പ്പു തുടങ്ങിയേനെ.



ഒരു ദിവസം കാലത്തെ ജര്‍മന്‍ ഷെപേര്‍ഡിനെ വേണം എന്ന് പറഞ്ഞു ഒരു നൂറിന്റെ ഡോളര്‍ തന്നപ്പോള്‍ ലാലു പറഞ്ഞത് , അമ്മാച്ചന്‍ തന്നു വിട്ടതാനെന്നും രൂപ ആയിട്ടു വീട്ടില്‍ കാശൊന്നും ഇല്ലെന്നും ആയിരുന്നു.ആറായിരം സ്കൊ .ഫീറ്റ്‌ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന മേഴ്സി ആന്റിയുടെ ആങ്ങള മാണിചായാന് ഒരു പട്ടി കുട്ടിയെ വേണമെന്ന് പറഞ്ഞപ്പോള്‍ സ്വാഭാവികം എന്ന് ഞാന്‍ വിചാരിച്ചു. അമ്മാച്ചന്‍ ഡോളര്‍ ആയിട്ടെ പൈസ ആര്‍ക്കെങ്കിലും കൊടുക്കു എന്ന് ലാലു പറഞ്ഞപോള്‍ അഹങ്കാരം ഉള്ള അമേരിക്കക്കാര്‍ ഇതല്ല ഇതിനപ്പുറവും ചെയ്യുമെന്നും, പണ്ട് ഒരു ഗതിയും പരഗതിയും ഇല്ലാതെ ഇരുന്നപോള്‍ വീട്ടില്‍ ചാവാലി പട്ടി പോലും ഇല്ലാതിരുന്നവന് ഇപ്പൊ കുരപ്പിക്കാന്‍ ജര്‍മന്‍ ഷെപേര്‍ഡു തന്നെ വേണമെന്നും പറയാന്‍ സാധിച്ചത് ദൈവത്തിന്റെ ഒരു കളി എന്നെ എനിക്ക് തോന്നിയുള്ളൂ. ഡോളര്‍ മാറ്റാന്‍ ഷൌകത്തിന്റെ കടയില്‍ പരിചയപ്പെടുത്തിയതും നല്ല റേറ്റ് വാങ്ങി കൊടുത്തതും ഞാന്‍ തന്നെ. പട്ടിക്കുട്ടിയെ വാങ്ങി ഓട്ടോ പിടിച്ചു കേറ്റി വിടുവേം ചെയ്തു. എന്നാല്‍ മൂവായിരം രൂപ പട്ടിക്കുട്ടിക്ക് വില ഉണ്ട് എന്ന് അമ്മയോട് പറയണ്ട, ഇരുനൂറ്റമ്പതു രൂപയേ വില ഉള്ളു എന്ന് പറഞ്ഞ മതി എന്ന് മാണിചായന്‍ പറഞ്ഞു എന്ന് ലാലു പറഞ്ഞപോഴും ഞാന്‍ സ്വാഭാവികം എന്നെ വിചാരിച്ചുള്ളൂ. പിന്നീട് രണ്ടു പട്ടിക്കുട്ടികളെയും കൂടെ ലാലു എന്റെ കൂട്ടുകാരന്റെ കൈയില്‍ നിന്നും വാങ്ങിയപ്പോഴും ഞാന്‍ തന്നെ ആണ് ഡോളര്‍ മാറ്റി കൊടുത്തതും, എല്ലാം ശരിയാക്കി കൊടുത്തതും. പട്ടികളുടെ സംസ്ഥാന സമ്മേളനം നടത്താന്‍ ഒരു അമേരിക്കക്കാരന് താല്പര്യം ഉണ്ടെങ്കില്‍ ഞാന്‍ ആയിട്ട് അതിനു എതിര് നില്‍ക്കണ്ട എന്ന നിഷ്കളങ്കമായ ചിന്ത മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ.


ഒരു ദിവസം ലാലു പതിനായിരം രൂപ എന്റെ കൈയില്‍ കൊണ്ട് തന്നിട്ട് ഒരു പഴയ ബൈക്ക് വാങ്ങി കൊടുക്കണം എന്ന് പറഞ്ഞപോള്‍ ഞാന്‍ തന്നെ ആണ് പറഞ്ഞത് മോനെ നിനക്ക് വയസ്സ് പതിനെട്ടായില്ലല്ലോ,പിന്നെങ്ങനെയാ ലൈസെന്‍സ് ഒക്കെ എടുക്കുന്നെ എന്ന്. അപ്പോള്‍ അവന്‍ പറഞ്ഞു ലൈസെന്‍സ് ഒന്നും വേണ്ട ഇച്ചായ, ഓടിക്കാന്‍ പഠിച്ചാ മതി, പിന്നെ ഇച്ചായന്റെ പേരില്‍ വണ്ടി എടുത്താ മതി എന്നാ മാണിചായന്‍ പറഞ്ഞത്, അല്ലെങ്കില്‍ അമ്മ പിടിക്കും എന്ന്. ഇതൊക്കെ കേട്ടപോള്‍ ഇങ്ങനെ ഒരു അമ്മാച്ചനെ ദൈവം എനിക്ക് കൊണ്ടെ തന്നില്ലലോ എന്ന് എനിക്ക് തോന്നിയില്ലെലെ അതിശയമുള്ളു. എന്നിട്ടും ഞാന്‍ അവനെ പറഞ്ഞു മനസിലാക്കാന്‍ ആണ് ശ്രമിച്ചത്‌. എന്റെ സ്ഥാനത് വേറെ ആരെങ്കിലും ആയിരുന്നെകില്‍ പിറ്റേ ദിവസം വണ്ടി ഒരെണ്ണം പേരില്‍ കണ്ടേനെ. ഞാന്‍ അങ്ങനെ ചെയ്തില്ലലോ ?


പിന്നെ പിന്നെ ഡോളര്‍ മാറ്റം സ്ഥിരമായതും, ലാലു എന്നെ വിട്ടു നേരിട്ട് ഷൌകതുമായി ഇടപാട് തുടങ്ങിയതും ഞാന്‍ അറിഞ്ഞു. മാണി ചായന്റെ അലമാരയുടെ കള്ള താക്കോല്‍ ഇട്ടു തുറന്നു എന്നും ഡോളര്‍ വലിക്കുമായിരുന്നെന്നും മാണിചായന്‍ ഒരുപാട് പൈസക്കാരന്‍ ആയതു കൊണ്ട് അറിയത്തില്ല എന്നും സ്കൂള്‍ തിണ്ണയില്‍ ഇരുന്നു വണ്ടിമറിയചെടുത്തീടെ അരിഷ്ടം കുടിച്ചു പാമ്പ്‌ ആയപ്പോള്‍ ലാലു അറിയാതെ കക്കി എന്ന് എന്റെ കൂട്ടുകാരന്‍ സന്തോഷ്‌ പറഞ്ഞു.ഇതൊക്കെ അറിഞ്ഞപ്പോഴേ ഞാന്‍ ആന്റിയോട്‌ പറയാതെ ഇരുന്നത് ഞാന്‍ പറഞ്ഞാല്‍ ആന്റി വിശ്വസിക്കുമോ എന്ന് ഓര്‍ത്തിട്ടു തന്നെ ആയിരുന്നു . എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ചെറുക്കന്‍ ഇത്രേം കുരുത്തം കേട്ടവന്‍ ആണെന്ന് പറഞ്ഞാല്‍ ദൈവം തമ്പുരാന്‍ പോലും വിശ്വസിക്കുമോ. ഒരുദിവസം ലാലുവിന്റെ മുറിയില്‍ നിന്നും ഫയറിന്റെ അഞ്ചു ലക്കവും, ഇരുപതിനായിരം രൂപയും, ഒരു മാന്‍ഷന്‍ ഹൌസ് ബ്രാണ്ടിയും പിടിച്ചപ്പോഴല്ലേ മേഴ്സി ആന്റിയും മാണിചായനും ഇതൊക്കെ അറിയുന്നത്.പിടിവീണപ്പോള്‍ അവന്റെ എല്ലാ കൊള്ളരുതായ്മക്കും ഞാന്‍ ആണ് കാരണക്കാരന്‍ എന്ന് പറയാന്‍ അവനു എങ്ങനെ തോന്നി? ദൈവദോഷം പറയുന്നതിന് ഒരു അതിരൊക്കെ ഉണ്ടല്ലോ.



മേഴ്സി ആന്റി എന്റെ അമ്മച്ചിയെ വിളിച്ചു ഞാന്‍ ആണ് ലാലുവിനെ പിഴപ്പിക്കുന്നത് എന്ന് പറഞ്ഞത് കൊണ്ട് എന്നെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു. ഞാനിപ്പോ ഉപ്പുതറ എന്റെ അമ്മാച്ചന്റെ വീട്ടില്‍ ആണ്. അമ്മച്ചീടെ ദേഷ്യം ഒന്നും മാറിയിട്ട് പോകാം എന്നാണ് അമ്മാച്ചന്‍ പറയുന്നേ. ഇവിടെ തോട്ടത്തില്‍ ഭയങ്കര അട്ടയാണ്.കടിച്ചാല്‍ പിന്നെ ഭയങ്കര ചൊറിച്ചിലാണ്.എന്നാല്‍ അമ്മാച്ചനെക്കാള്‍ ഭേദമാണ് അട്ട എന്ന് പറയുമ്പോള്‍ ആന്റിക്ക് ഏകദേശം എന്റെ സ്ഥിതി മനസിലായിക്കാണുമല്ലോ.


എന്നെ വീട്ടില്‍ നിന് ഇറക്കി വിട്ടതിന്റെ പിറ്റേന്ന് ലാലു ഒരു എഴുത്ത് എഴുതി വെച്ചിട്ട് കള്ള വണ്ടി കേറി പോയി എന്ന് ഞാന്‍ അറിഞ്ഞു. അവന്റെ കഴുത്തേല്‍ സ്വര്‍ണമാല ഒക്കെ ഉള്ള കൊണ്ട് അവന്‍ എങ്ങനേലും കുറെ കാലം ജീവിക്കും. കൈയിലെ കാശ് തീരുമ്പോള്‍ ലാലു തിരിച്ചു വരും. അന്ന് നേരിട്ട് ചോദിച്ചാല്‍ അവന്‍ എല്ലാം തത്ത പോലെ പറയും.കഴിഞ്ഞ ദിവസം മധുരക്ക് ടൂറു പോയ ചെറിയാനും സോബിയും അവിടെ ഏതോ ഹോട്ടലില്‍ പാത്രം കഴുകുന്ന ഒരാളെ കണ്ടപ്പോള്‍ ലാലുവിനെ പോലെ ഉണ്ട് എന്ന് കരുതി എന്തോ ചോദിച്ചപോള്‍ തമിഴില്‍ തെറി പറഞ്ഞു എന്ന് കേട്ടു. അതിന്റെ സത്യാവസ്ഥ ഒന്ന് അന്വേഷിക്കണം. തമിഴ് പഠിക്കാന്‍ മാത്രം സമയം ആയില്ലല്ലോ ലാലു പോയിട്ട്.


ഒരാള്‍ തെറ്റ് ചെയ്തതതായി കോടതി വിധിക്കും വരെ അവരെ കുറ്റാരോപിതര്‍ എന്നെ വിളിക്കാന്‍ പറ്റു എന്ന് കോട്ടയത്തും നിന്ന് ഇറങ്ങുന്ന പത്രത്തില്‍ ഉണ്ട് എന്ന് ഇവിടുത്തെ പള്ളിയിലെ അച്ചന്‍ പറഞ്ഞു. അതുകൊണ്ട് ദയവു ചെയ്തു എന്റെ അമ്മയെ കണ്ടു എല്ലാം വിശദമായി പറയുമെന്നും, എനിക്ക് ഉടനെ തന്നെ വീട്ടില്‍ തിരിച്ചു കയറാന്‍ അവസരം ഒരുക്കി തരണമെന്നും താഴ്മയായി അപേക്ഷിക്കുന്നു.

എന്ന്
കുറ്റാരോപിതന്‍ ( മാത്രമായ ) അമ്പഴത്തില്‍ ജോസ് കുട്ടി

Jan 5, 2011

സ്വപ്‌നങ്ങള്‍ സ്വര്‍ഗ്ഗകുമാരികള്‍ ആവാതിരിക്കുമ്പോള്‍.

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവേ ആയിരുന്നു ഫോണ്‍ വന്നത്.സുഗതേട്ടന്‍ആണ്.കൃത്യമായും എല്ലാ വീകെണ്ടിലും വിളിക്കും.വിശേഷങ്ങള്‍ ചോദിക്കും.ഒരു ജ്യേഷ്ട്ട സഹോദരന്റെ സ്വാതന്ത്ര്യം എടുത്തു എന്തെങ്കിലും ഒക്കെ പറയും.അത് ചിലപോ നമുക്ക് ദഹിക്കാത്തതാവാം.ചിലപ്പോള്‍ ഇഷ്ട്ടപ്പെടുകയുംചെയ്തേക്കാം.ഏതായാലും സുഗതേട്ടന്‍ അതൊന്നും ആലോചിക്കാരില്ലായിരുന്നു.സുഗതേട്ടന്‍ പറഞ്ഞു കൊണ്ടേ ഇരിക്കും.ഉപദേശങ്ങള്‍ക്ക് യാതൊരു ക്ഷാമവും ഇല്ല സുഗതെട്ടന്.പക്ഷെ അപ്പോള്‍ സുഗതേട്ടന്‍ പറഞ്ഞ വാര്‍ത്ത കേട്ട് ഞാന്‍ ഞെട്ടിപ്പോയി..ഫിലിപ്പചായന്‍ മരിച്ചു പോയത്രേ.എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.കഴിഞ്ഞ വെള്ളിയാഴ്ച കൂടി വീട്ടില്‍ വന്നതായിരുന്നു.പെട്ടെന്ന് ആയിരുന്നത്രെ.ഫിലിപ്പച്ചന്റെ വീട്ടുകാര്‍ അറിഞ്ഞിട്ടില്ല എന്നും വിളിച്ചു പറയണമെന്ന് സുഗതേട്ടന്‍ പറഞ്ഞപ്പോള്‍ എങ്ങനെ പറയും എന്ന വിഷമത്തിലായിരുന്നു ഞാന്‍.കാരണം ഞാന്‍ ആയിരുന്നല്ലോ ഫിലിപ്പച്ചയനെ ഇവിടെ കൊണ്ടുവന്നത്.

എന്റെ ശരീരം വിയര്‍ത്തു.ഞെട്ടി ഉണര്‍ന്നപ്പോള്‍ ആയിരുന്നു അത് വെറും സ്വപ്നം ആയിരുന്നു എന്ന് മനസ്സിലായത്‌.സമയം നോക്കിയപ്പോള്‍ വെളുപ്പിനെ മൂന്നുമണി.വെളുപ്പിന് കാണുന്ന സ്വപ്നം ഫലിക്കും എന്ന് അമ്മൂമ്മ പറയാറുള്ളത് ഞാന്‍ ഓര്‍ത്തു.ഫിലിപ്പചായനെ ഒന്ന് വിളിച്ചാലോ ? അല്ലെങ്കില്‍ വേണ്ട.ഈ മൂന്നുമണിക്ക് വെറുതെ എന്തിനാ ഉറക്കം കളയുന്നത്.

ഞാന്‍ വീണ്ടും കിടന്നു.ഉറക്കം വരുന്നില്ല.ഫിലിപ്പചായന്‍ മാത്രം മനസ്സില്‍.വളരെ അധികം ബുദ്ധിമുട്ടുകള്‍ക്കിടയില്‍ നിന്നായിരുന്നു ഫിലിപ്പചായന്‍ വന്നത്.മൂന്ന് കൊച്ചു കുട്ടികള്‍. വീട്ടില്‍ ഭാര്യയും വയസ്സായ അമ്മയും അപ്പനും.നാട്ടില്‍ ഒരു പലചരക്ക് കട നടത്തി വരികയായിരുന്നു ഫിലിപ്പച്ചന്‍.നാട്ടുമ്പുറത്തെ ഒരു ചെറിയ പല ചരക്കുകടക്കാരന് എന്ത് മേല്‍ഗതി ഉണ്ടാവാന്‍.ഒരു ജീപ്പ് ഉണ്ടായിരുന്നത് ടാക്സി ഓടുന്നു.അന്നന്നത്തെ ചെലവ് അങ്ങനെ നടന്നു പോയിരുന്ന സമയത്തായിരുന്നു ഫിലിപ്പച്ചന്‍ ഗള്‍ഫില്‍ വന്നത്.ഒരു സ്ഥിര വരുമാനം ആകുമല്ലോ എന്നോര്‍ത്താണ് ഡ്രൈവര്‍ ജോലി ആയിട്ടും ഫിലിപ്പച്ചന്‍ വന്നത്.ഫിലിപ്പച്ചയാന്‍ ഇവിടെ വന്നിട്ട് വീട് ചെറുതായിട്ട് ഒന്ന് നന്നാക്കി.ഒരിക്കല്‍ അവധിക്കു പോകുകയും ചെയ്തു.വന്നിട്ട് രണ്ടു വര്ഷം തികയുന്നു.പോകുന്ന കാര്യം പറയുമ്പോള്‍ അച്ചായന്‍ ചിരിക്കും.വരട്ടെ എന്ന് മാത്രം പറയും. കൂട്ടില്‍ അടക്കപ്പെട്ട മാനുകളെ പോലെ ജീവിക്കുന്ന കുറെ മനുഷ്യര്‍.

എപ്പോഴോ ഞാന്‍ ഉറങ്ങി.വീണും ഒരു ഫോണ്‍.മൊബൈലില്‍ നോക്കിയപ്പോള്‍ ഒരു കുവൈറ്റ്‌ നമ്പര്‍.കമ്പനിയില്‍ നിന്നാണ്.അവധിക്കു വന്നാലും സ്വൈര്യം തരില്ലേ എന്നോര്‍ത്ത് ഫോണ്‍ എടുതപോള്‍ ഫോര്‍മാന്‍ ജോണ്‍ ആണ് .ഫിലിപ്പചായന്‍ മരിച്ചുവത്രേ.നാട്ടില്‍ കൊണ്ടുപോകുന്ന കാര്യം എങ്ങനെ എന്ന് ചോദിക്കുന്നു.ഇവിടെ എല്ലാം ചെയ്യാന്‍ ഇപ്പൊ ആരും ഇല്ല.കുമാരേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഒന്നും അറിയേണ്ടായിരുന്നു എന്ന് ജോണ്‍ പറഞ്ഞു.ഫിലിപ്പച്ചായന്റെ വീട്ടില്‍ അറിയിച്ചോ എന്ന് ചോദിച്ചപോള്‍ ഇല്ല എന്നുത്തരം .അതും കുമാരേട്ടന്റെ ചുമതല.ഫിലിപ്പച്ചായന്റെ വീട്ടില്‍ വിവരം പറയാന്‍ ബുദ്ധിമുട്ടായിരുന്നു.പക്ഷെ പറയാതെ ഇരിക്കുന്നതെങ്ങനെ.ഫോണ്‍ വിളിച്ചു വിവരം പറയുമ്പോള്‍ അപ്പുറത്തുനിന്നും പതം പറഞ്ഞു കരയുന്ന ത്രേസ്യാമ്മ ചേടത്തി.ഇതിനാണോ കുവൈറ്റില്‍ കൊണ്ടുപോയത് എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിഞ്ഞില്ല.എനിക്ക് കരയാന്‍ തോന്നി.ഫിലിപ്പച്ചനുമായി അത്രയടുത്ത ബന്ധം ആയിരുന്നു ചെറുപ്പം മുതലേ.ഒരേ ഗ്രാമത്തില്‍ ഉള്ളയാള്‍.ഫിലിപ്പച്ചയന്റെ അനുജന്‍ സമപ്രായക്കാരന്‍ആയിരുന്നെങ്കിലും ഞാനും ഫിലിപ്പച്ചായനുമായിരുന്നു വളരെ അടുത്ത കൂട്ടുകാര്‍ .

പൊട്ടി കരയുകയായിരുന്നു ഞാന്‍.കുലുക്കി ഉള്ള വിളി കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.ഭാര്യയും മകളും എന്താ എന്താ എന്ന് ചോദിക്കുന്നു.ഞാന്‍ ഒരു സ്വപനം കണ്ടു എന്ന് മാത്രം പറഞ്ഞു.നോക്കിയപ്പോള്‍ മണി ആറ്.വെറും മൂന്ന് മണിക്കൂറില്‍ താഴെഉള്ള സമയത്തിനിടയില്‍ ഒരാളെ പറ്റി രണ്ടു സ്വപ്നമോ?.

ഫോണ്‍ എടുത്തു ഉടനെ ഫിലിപ്പചായനെ വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല .ആദ്യത്തെ ബെല്ലിനു തന്നെ ഫിലിപ്പച്ചയന്റെ ഉദ്വേഗം നിറഞ്ഞ ചോദ്യം.എന്താ കുമാരാ..ഈ നേരത്ത്.അതെ,പ്രവാസിക്ക് അസമയങ്ങളില്‍ വരുന്ന ഫോണ്‍ കോളുകളെ പേടിയാണല്ലോ.ഫിലിപ്പച്ചയനോട് ഒന്നും പറഞ്ഞില്ല. ഒന്നുമില്ല,വെറുതെ വിളിച്ചതാ എന്ന് പറഞ്ഞിട്ടും ഫിലിപ്പചായന്‍ എന്താ, എന്താ പ്രശ്നം എന്ന് ചോദിച്ചു കൊണ്ടിരുന്നു

കാലത്തേ സാധാരണയായി നടത്തുന്ന പ്രാര്‍ത്ഥനയില്‍ അന്ന് ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ .ഫിലിപ്പചായനെ കാത്തോളണമേ.ആരോരും ഇല്ലാത്ത ആ കുടുംബത്തിന്റെ അത്താണി നഷ്ട്ടപ്പെടുതരുതെ എന്ന്.അതുപോലെ തന്നെ ഈ സ്വപ്നം പരിചയത്തില്‍ ഉള്ള ആര്‍ക്കും ഫലിക്കാന്‍ ഇടവരുത്തരുതേ എന്നും. മരണം എപ്പോഴും നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമേ പറയുന്നുള്ളുവല്ലോ.

ഓഫീസില്‍ ചെന്നിട്ടും ഫിലിപ്പചായന്റെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല.ത്രേസ്യാമ്മ ചേച്ചിയുടെ കരച്ചിലും.വീട്ടിലേക്കു വിളിക്കണം എന്ന് തോന്നി.അമ്മയുടെ സ്വരം കേള്‍ക്കും വരെ എന്തോ ഭയാശങ്കകള്‍.ഫിലിപ്പചായന്റെ വീട്ടുകാരുടെയും ക്ഷേമം അന്വേഷിച്ചു.പരിചയക്കാരും, അയല്‍വാസികളും എല്ലാം സുഖം എന്ന വാര്‍ത്ത കേള്‍ക്കുന്ന വരെ മനസില്‍ ആധി ആയിരുന്നു.വീണ്ടും വിളിക്കാം എന്ന് പറഞ്ഞു ഫോണ്‍ വെക്കുമ്പോഴും മനസ്സില്‍ എവിടെയോ എന്തോ നടക്കാന്‍ പോകുന്ന പോലെ ഒരു തോന്നല്‍.

ഓഫീസിലെ തിരക്കുകള്‍ക്കിടയില്‍ ഒരു ദിവസം കൂടി പെട്ടെന്ന് കഴിഞ്ഞു. വീട്ടില്‍ എത്തി കുട്ടികളോടൊപ്പം കുറെ നേരം.വീണ്ടും അടുത്ത ദിവസത്തേക്കുള്ള ഒരുക്കങ്ങള്‍ .ദിവസങ്ങള്‍ ഇവിടെ പെട്ടെന്ന് കഴിയുന്നു.മാസങ്ങളും.

കാലത്തേ നേരത്തെ എഴുന്നേല്‍ക്കാന്‍ വേണ്ടി വേഗം കിടന്നുറങ്ങാന്‍ കുട്ടികളോട് പറയുമ്പോഴും മനസ്സില്‍ ഫിലിപ്പചായന്‍ ആയിരുന്നു.പിന്നെ ഇന്നത്തെ രാത്രിയും കടന്നു വന്നേക്കാവുന്ന സ്വപ്നങ്ങളെ കുറിച്ചുള്ള വേവലാതിയും.സ്വപ്‌നങ്ങള്‍ സ്വര്‍ഗ്ഗകുമാരികള്‍ ആണെന്ന് എഴുതിയത് ആരാണ് ?

Dec 31, 2010

കൊച്ചുതോമയുടെ പെണ്ണ് കാണലുകള്‍


കോട്ടയത്ത്‌ നിന്നും വോള്‍വോയില്‍ കയറുമ്പോള്‍ കൊച്ചു തോമായുടെ മനസ്സില്‍ ഒരു പ്രാര്‍ത്ഥനയെ ഉണ്ടായിരുന്നുള്ളൂ.ഛെ അതല്ല.എതെകിലും ലോങ്ങോവാള്‍ വന്നു അടുത്തിരിക്കല്ലേ എന്ന്.സാമാന്യം നല്ലൊരു പാമ്പിനെ തന്നെ പുണ്യാളന്‍ റെഡി ആക്കി തന്നു.വണ്ടി വിടാന്‍ തുടങ്ങിയപ്പോ ദേ ഒരുത്തന്‍ ശക്തി ഹോട്ടലില്‍ നിന്നും ഓടിവരുന്നു .സീറ്റിലേക്ക് വന്നു വീണപ്പോഴേ പിന്നെ ക്ഷമ ചോദിച്ചു.ഞാന്‍ രണ്ടെണ്ണം വിട്ടിട്ടുണ്ട് എന്ന് പറയുകേം ചെയ്തു.രണ്ടോ മൂന്നോ കുഴപ്പമില്ല.വാള്‍ എടുത്തു വീശല്ലേ ചേട്ടായീ എന്നെ പറഞ്ഞുള്ളൂ.ചേട്ടായി വാക്ക് പാലിച്ചു.കുഴപ്പം ഒന്നും ഉണ്ടായില്ല.കാലത്തേ മടിവാള എത്തിയപ്പോഴാ എഴുന്നേറ്റത്.


എന്തൊരു മുടിഞ്ഞ ചൂടാ നാട്ടില്‍.കഴിഞ്ഞ ആഴ്ച ഇങ്ങനെ ഒന്ന് പറഞ്ഞു പോയി."നീ പത്തിരുപതന്ച് വര്‍ഷം ഈ ചൂടൊക്കെ തന്നല്ലേ സഹിച്ചത്" എന്ന് കൂട്ടത്തി പഠിച്ച മാത്തച്ചന്‍ ചോദിച്ചപോള്‍ സത്യം പറഞ്ഞാല്‍ ചമ്മി.വേറെ ഒരു ദിവസം ചെരുവാണ്ടൂര്‍ കവലേല്‍ നിന്നപോ അറിയാതെ ഒരു ആത്മഗതം വന്നതിന്റെ (സി കെ എം എസ് ഇപ്പോഴും ഇതിലെ ഓടുന്നുണ്ടോ എന്ന്) ക്ഷീണം ഇപ്പോഴും തീര്‍ന്നില്ല.ക്ലബില്‍ ചൊറിയും കുത്തി ഇരിക്കുന്ന അവന്മാരൊക്കെ കൂടെ ഒരു ചിരി.ഒരുത്തന്‍ പറഞ്ഞു പണ്ട്ഇതിലെ തേങ്ങ ഇട്ടോണ്ട് നടന്നവന്‍ ബോംബയ്ക്ക് പോയിട്ട് വന്നിട്ട് ഇതെന്നാ തിംഗ് ആണെന്ന് പറഞ്ഞപോലുണ്ടല്ലോ എന്ന്.ഈ നാട്ടുകാരെ കൊണ്ട് തോറ്റു.



ബാംഗ്ലൂര്‍ക്കാ എന്ന് പറഞ്ഞപോ അവിടെ എടുത്തു പ്രയോഗിക്കാന്‍ സിബിച്ചന്‍ ഒന്ന് രണ്ടു വാക്കുകള്‍ പറഞ്ഞു തന്നിരുന്നു.ബേഡ എന്നാ വേണ്ട.ഹോഗി എന്നാല്‍ പോയി അങ്ങനെ ചിലത്. ബസ്‌ സ്റ്റോപ്പില്‍ നോക്കിയപോ മൂന്നാല് പേര് നിന്ന് വര്‍ത്താനം പറയുന്നു.ഈ ബസ്‌ കെ ആര്‍ പുരത്ത് ഹോഗുമോ എന്ന് ഒരുത്തനോട്‌ ചോദിച്ചു .പരസ്പരം നോക്കിയിട്ട് ഒരുത്തന്‍ പറഞ്ഞു " ഹോഗുമായിരിക്കും " എന്ന്.പിന്നെ അവിടുന്ന് മുങ്ങിയതെ ഓര്‍മ്മയുള്ളൂ.ബ്ലഡി മല്ലൂസ് എവെരിവെയര്‍. ഹോ കുവൈറ്റിലെ അബ്ബസ്സിയായില്‍ ഉണ്ടോ ഇത്രേം മല്ലൂസ്.



കെ..ആര്‍.പുരത്ത് അപ്പാപ്പന്റെ മകന്‍ ജോര്‍ജിചായന്റെ അടുത്തേക്കാ പോണേ .ഒറ്റതടിയാ.കിട്ടുന്ന കാശൊക്കെ പുട്ടടിച്ചു ജീവിക്കുന്നു. ഇച്ചായന്‍ കാലത്തേ മടിവാളെ വന്നേക്കാം എന്ന് പറഞ്ഞു പറ്റിക്കും എന്ന് ഇന്നലെ വിളിക്കുംബോഴേ അറിയാരുന്നു.പുള്ളി അമ്പതു വയസായിട്ടും പെണ്ണ് കെട്ടിയില്ല.അപ്പാപ്പന്‍ ഗള്‍ഫില്‍ കിടന്നു ഒരു പാട് ഉണ്ടാക്കി.പെങ്ങമ്മാരു ഒക്കെ ലണ്ടനിലും അമേരിക്കേലും.ജോര്‍ജിചായന്‍ കുറെ നാള്‍ കുവൈറ്റിലും ഉണ്ടാരുന്നു. തിരുവല്ലക്കാരന്‍ ഒരച്ചായനാരുന്നു പുള്ളീടെ ബോസ്സ്. ഓഡിറ്റ്‌ സമയത്ത് ഒരു ദിവസം അച്ചായാന്‍ ചോദിച്ചു എന്തായി ജോര്‍ജീ ബാലന്‍സ് ഷീറ്റ്‌ ഒക്കെ എന്ന് .ഞാന്‍ ഇതെന്നാ എപ്പോഴും പോക്കറ്റില്‍ ഇട്ടോണ്ട് നടക്കുവാന്നോ ചോദിക്കുംബോഴേ എടുത്തു തരാന്‍ എന്നെ ചോദിച്ചുള്ളൂ ജോര്‍ജിചായന്‍.ബോസ്സ് ഒരു ദിവസത്തെ ശമ്പളം കട്ട് ചെയ്യുന്നു എന്നും പറഞ്ഞു ഒരു മെമ്മോ എഴുതി കൈയിലേക്ക്‌ കൊടുത്തു. മെമ്മോ വായിച്ചിട്ട് കൈയില്‍ ഇരുന്ന താക്കോല്‍ കൂട്ടം മേലോട്ട് ഒരു ഏറു കൊടുത്തിട്ട് ദേ കിടക്കുന്നു തന്‍റെ ബാലന്‍സ് ഷീറ്റ്. ജോര്‍ജി ഇതാ പോകുന്നു എന്ന ഒറ്റ വാചകമേ പറഞ്ഞുള്ളൂ എന്നാ കേട്ടിട്ടുള്ളത്.




ജോര്‍ജിചായന്‍ പിന്നെ ആള് ജോളിയാ. എന്നാ വേണേലും പറയാം.കള്ളടിക്കാം.എന്നാ പിറപ്പു വേണേലും കാണിക്കാം.കുവൈടീന്നു വരുമ്പോള്‍ ഉള്ള സ്കോച് ഒക്കെ കൊണ്ട് തരുമാരുന്നു.പിന്നെ നാട്ടില്‍ ആരുന്നപോഴും പുള്ളി ഇടക്ക് വിളിച്ചോണ്ട് പോകും.കരിമ്പുംകാലെന്ന് കരിമീന്‍ പൊള്ളിച്ചതും കള്ളും ഒരുപാട് തട്ടിയിട്ടുണ്ട്.ഇടയ്ക്കു ഭയങ്കര പ്രശ്നം ഒക്കെ ആരുന്നു.കള്ള് മൂത്ത് കഴിഞ്ഞാല്‍ പിന്നെ പേയാ. ആരാണ്ടൊക്കെ പിടിക്കാന്‍ വരുന്നു ,കൊല്ലാന്‍ വരുന്നു എന്നൊക്കെ വിളിച്ചു കൂവും.പാതിരക്ക് വല്ലോരുടെം ഒക്കെ വീട്ടില്‍ വിളിക്കും. പിന്നെ കോട്ടയത്ത്‌ ഏതോ ഡീ അഡിക്ഷന്‍ കേന്ദ്രത്തില്‍ പോയിട്ടാ ശരിയായെ.



പെണ്ണ് കെട്ടുക എന്നത് ഇത്രേം ഭാരിച്ച ഒരു എടപാടാ എന്ന് വിചാരിച്ചില്ല. സിപ്പു ആയിട്ടുള്ള ആലോചന എല്‍ദോചായാന്‍ ഉഴപ്പി വിട്ടില്ലാരുന്ണേല്‍ അത് അന്ന് നടന്നു പോയേനെ. വന്നിട്ട് ഒരാഴ്ചയായി.അഞ്ചോ ആറോ എണ്ണത്തിനെ കണ്ടു.ഒരെണ്ണംമനസ്സില്‍ പിടിച്ചതാരുന്നു.പൊന്‍കുന്നംകാരി ഒരു സുന്ദരി പെണ്ണ്.യു കെ യില്‍ നെഴ്സാരുന്നു.അവള്‍ ചായ കൊണ്ടു വെച്ചിട്ട് അപ്പന്റെ അടുത്ത് സോഫയില്‍ വന്നിരുന്നു.അപ്പന്റെ പെറ്റ് ആയിരിക്കും.കൂട്ടത്തില്‍ വന്ന അപ്പാപ്പന് പിടിച്ചില്ല.അവള്‍ അഹങ്കാരിയാ അല്ലേല്‍ അപ്പന്റെകൂടെ കേറി ഇരിക്കുമോ എന്ന് പറഞ്ഞു പുള്ളി കേറി വെട്ടി.തിരിച്ചു പോരുന്ന വഴി പെണ്ണ് കാണാന്‍ കൂട്ട് വന്ന സിബിച്ചന്‍ ചെവിയില്‍ പറഞ്ഞു.ഇങ്ങരെപോലുള്ള കടുംവെട്ടിനൊക്കെ വല്ല എലി പാഷാണോം വാങ്ങിച്ചു കൊടുക്ക്‌ അല്ലേല്‍ മോനെ നിന്റെ കല്യാണം നടക്കുകേല എന്ന്.എന്നാ പറയാനാ .രണ്ടു മൂന്ന് ദിവസം ഫോട്ടോ വെച്ചോണ്ട് സ്വപ്നം കണ്ടത് മിച്ചം.അമ്മച്ചിക്കൊക്കെ അപ്പാപ്പന്റെ വാക്ക് വേദവാക്കല്ലേ.വല്ലോം പറയാന്‍ പറ്റുമോ.ഈ നിലക്ക് അപ്പാപ്പന്‍ ആക്രമണം തുടരാന്‍ ആണ് ഭാവമെകില്‍ എന്റെ കാര്യം കട്ടപൊക.കട്ടപ്പനക്കാരി ഒന്നിനെ പോയി കണ്ടു എല്ലാം ഒത്തത് ആരുന്നു . വീടുകാണാന്‍ അവര് രണ്ടു ജീപ്പും പിടിച്ചു വരികേം ചെയ്തു.കണ്ടിട്ട് വല്യ സന്തോഷമായിട്ടാ തിരിച്ചു പോകുകേം ചെയ്തത്.വീട്ടില്‍ ചെന്നിട്ടു ഉറപ്പീരിന്റെ ഡേറ്റ് അറിയിക്കാം എന്ന് പറഞ്ഞു പോയതാ.വീട്ടീന് അവരുടെ ഫോണ്‍ വന്നില്ല.പകരം ബ്രോക്കര്‍ കുഞ്ഞുമോന്റെ ഫോണ്‍ വന്നു.അവര്‍ ഒഴിയുവാ എന്ന്.കവലേല്‍ ആരാണ്ടോട് ചോദിച്ചപ്പോ ചെറുക്കന്റെ സ്വഭാവം ശരിയല്ല എന്ന് പറഞ്ഞു എന്ന്.അല്ലേലും അല്പം നല്ല നിലേല്‍ കഴിയുന്നവരോട് നാടുകാര്‍ക്ക് ഒരു കുശുംബുണ്ടല്ലോ.പോട്ടെ പുല്ലു .കരീനേം പ്രിയങ്കേം പോയിട്ട് ഷാഹിദ് സഹിച്ചില്ലേ.പിന്നാ.




വേറെ രണ്ടെണ്ണം കാണാന്‍ പോയത് പാഴായിരുന്നു.ഒന്നിന് ബിജുക്കുട്ടന്റെ കളറും, ഷക്കീലേടെ ഷേയ്പ്പും.പിന്നെ ഒന്നിനെ കണ്ടപ്പോള്‍ സിബിച്ചന്‍ പറഞ്ഞത് നിങ്ങളെ കണ്ടാല്‍ നല്ല ചേര്‍ച്ചയാ അമ്മയെയും മോനെയും പോലെ ഇരിക്കും എന്നല്ലാതെ വേറെ കുഴപ്പം ഒന്നും ഇല്ല എന്നാരുന്നു.സിബിച്ചന്‍ ആണ് പെണ്ണുകാണാന്‍ എല്ലാടത്തും കൂട്ട്.ഉള്ളത് ഉള്ളപോലെ പറയും.



ഇനി ഇപ്പൊ ആകെ ഒരെണ്ണം കൂടി ബാക്കി ഉണ്ട്.കരിമ്പനക്കല്‍ സാമിച്ചായന്റെ ഭാര്യേടെ ചെട്ടതീടെ മകളെ കാണാന്‍ വേണ്ടിയാ ബാങ്ങളൂരെങ്കില്‍ ബാംഗ്ലൂര്‍ എന്നും പറഞ്ഞു വെച്ച് പിടിച്ചത്.ഇനി ഇതും കൂടി ശരിയായില്ലേല്‍ പിന്നെ മിക്കവാറും ഈ ലീവും സുരേഷ്ഗോപി.




കെ ആര്‍ പുരത്ത് തപ്പി പിടിച്ചു ചെന്നപ്പോള്‍ ജോര്‍ജിചായന്‍ കിടന്നു നല്ല ഉറക്കം.ഒരുവിധത്തില്‍ പൊക്കി എഴുന്നേല്‍പ്പിച്ചു റെഡി ആക്കി കാലത്തേ തന്നെ പെണ്ണ് കാണാന്‍ പുറപ്പെട്ടു.നിനക്കൊക്കെ വേറെ പണി ഇല്ലേടാ, ഒരു പെണ്ണ് എങ്ങാണ്ട് ഉണ്ടെന്നു കേട്ടോപോഴേ വണ്ടി കേറി ഇങ്ങു പോരും എന്നൊക്കെ പറഞ്ഞു കലിപ്പായെങ്കിലും നല്ല ഉടുപ്പൊക്കെ ഇട്ടോണ്ട് വന്നു കേട്ടോ. പുള്ളി പിന്നെ പണ്ടേ ഡ്രസ്സ്‌ ഒക്കെ ശ്രദ്ധിക്കുന്ന കൂട്ടത്തിലാ.ഇതിപ്പോ പെണ്ണ് അച്ചായനെ കണ്ടു വീഴുമോ എന്ന് ചോദിച്ചപോ ഇനി ഈ വൈകിയ വേളയില്‍ എന്തോന്ന് കല്യാണം എന്ന് ജോര്‍ജിചായന്‍ പറഞ്ഞു.അയ്യട..അച്ചായന്റെ ഒരു ആഗ്രഹം.


ഇന്ദിരാ നഗറില്‍ ആയിരുന്നു പെണ്ണിന്റെ വീട്.നല്ല പോഷ് വീട്.രണ്ടു കാറ്.മുടിഞ്ഞ സെറ്റപ്പാ മോനെ ,മുറുക്കെ പിടിച്ചോ എന്ന് ജോര്‍ജിചായന്‍ പറഞ്ഞു.അതിനൊക്കെ ഇനി കുറെ കുറെ സമയം എടുക്കില്ലേ ജോര്ജിചായ എന്ന് പറഞ്ഞപ്പോ അച്ചായന്‍ ഭയങ്കര ചിരി.പുള്ളിയോട് പിന്നെ എന്നാ വേണേലും പറയാം.
.
പെണ്ണ് വലിയ കുഴപ്പമില്ല.സിമി എന്ന് പേര്.സുന്ദരീന്നു പറയാം.അമ്മ അതിലും സുന്ദരി.വീട്ടില്‍ അമ്മേം മോളും മാത്രം.അപ്പന്‍ ചെറുപ്പത്തിലെ മരിച്ചു.ഗള്‍ഫീന് അമ്മേം മോളും വന്നു ബാംഗ്ലൂര് സെറ്റില്‍ ചെയ്തിരിക്കുവാ.പിന്നെ ദോഷം പറയരുതല്ലോ.പെണ്ണിന് സാമാന്യം നല്ല ജാഡ ഉണ്ടെന്നല്ലാതെ വേറെ കുഴപ്പം ഒന്നും ഇല്ല.ഗള്‍ഫ്‌ ബേബി ആയതിന്റെ ആയിരിക്കും.എല്ലാം സ്പൂണ്‍ ഫീഡ് ചെയ്തു വളര്‍ത്തുന്ന ഇവറ്റക്കൊക്കെ നേരെ ചൊവ്വേ ഒരു കാര്യം ചെയ്യാന്‍ പോലും അറിയാം എന്ന് തോന്നുന്നില്ല .പെണ്ണിന്കുവൈറ്റ്‌ എന്ന് കേട്ടപോ എന്തോ ഒരു ഓക്കാനം. അവിടെ ലൈഫ് ഇല്ലെന്നു. പിന്നെ ഡത്ത് ആയിരിക്കും. അത്ര മോശം സ്ഥലമാണോ കുവൈറ്റ്‌ ? അമേരികന്‍ ആലോചന ഒക്കെ ആണ് നോക്കുന്നെ പിന്നെ ബേബി കുഞ്ഞമ്മ കൊണ്ടുവന്ന ആലോച്ചനയല്ലേ നോക്കാം എന്ന് വിചാരിച്ചു എന്ന് സിമി പറഞ്ഞു. അപ്പുറത്തെ മുറീല്‍ ജോര്‍ജിചായനും സിമീടെ അമ്മേം കൂടി ഭയങ്കര ചിരിയും സംസാരവും. എന്നാ പിന്നെ പോയേക്കാം എന്ന് പറഞ്ഞു അങ്ങോട്ട്‌ ചെന്നപോള്‍ ജോര്‍ജിചായന്‍ പറഞ്ഞു.ഞങ്ങള് കോളേജ് മേറ്റ്സ് ആണെടാ.പറഞ്ഞു വന്നപ്പോഴല്ലേ മനസിലായെ.

എന്നാ പിന്നെ ഇറങ്ങട്ടെ എന്നും പറഞ്ഞു ഞങ്ങള്‍ ഇറങ്ങി.ജോര്‍ജിചായന്‍ വിളിക്കാം എന്ന് പറഞ്ഞു.സിമീടെ അമ്മ ഗേറ്റു വരെ വന്നു.സിമി വന്നില്ല. പോട്ടുപുല്ലു.അല്ലേലും ഇതേപോലെ ഒന്നിനെ എങ്ങനെ സഹിക്കും എന്ന് ഓര്‍ത്തു.ചില്ലറ ഷോപ്പിംഗ്‌ ഒക്കെ കഴിഞ്ഞു വൈകുന്നേരം നാട്ടിലേക്ക്.ഇതിപ്പോ ആരാണ്ടും ചന്തക്കു പോയപോലെന്നോ ഏതാണ്ടും പോയ സ്കുരളിനെ പോലെ എന്നൊക്കെ വേണേ പറയാം.




തിരിച്ചു വന്നിട്ട് ഒരാഴ്ച കഴിഞ്ഞില്ല.ജോര്‍ജിചായന്റെ ഫോണ്‍.പുള്ളീടെ കല്യാണം ഉറപ്പിക്കുവാന്നു.പെണ്ണിന്റെ രണ്ടാം കല്യാണമാണ്.ഇപ്പൊ ഉറപ്പീരെ ഉള്ളു .കല്യാണം കുറച്ചു കഴിഞ്ഞു.കെട്ടിക്കാരായ ഒരു മോള്‍ ഉണ്ടെന്നു. അവളുടെ കെട്ടു കഴിഞ്ഞേ കല്യാണം ഉള്ളു എന്ന് ഒരേ വാശി.


ജോര്‍ജിചായന്‍ കെട്ടാന്‍ പോണ പെണ്ണിന്റെ മോളുടെ പേര് സിമി.