Oct 7, 2010

ജീവിതത്തില്‍ നിന്നും മരണത്തിലേക്ക് ഉള്ള ദൂരം

കാലത്തേ ഓഫീസിലേക്ക് വരും വഴി ആണ് , രക്ത സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്നു മുനവര്‍ ‍ആശുപത്രിയില്‍ ആണ് എന്ന് അറിഞ്ഞത്...മുനവരിന്റെ ലീവ് സാലരിക്കും ടിക്കറ്റിനും വേണ്ടി ഇന്നലെ കൂടി വിളിച്ചു അന്വേഷിച്ചിരുന്നു... നാട്ടില്‍ പോകുന്നതിന്റെ ആഹ്ലാദത്തില്‍ തന്നെ ആയിരുന്നു മുനവര്‍ .


കാഴ്ചയില്‍ യാതൊരു രോഗ ലക്ഷണങ്ങളും അയാളില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല.. ഏകദേശം പത്തു വര്‍ഷമായി മുനവരിനെ എനിക്ക് അറിയാമായിരുന്നു..ഞാന്‍ കമ്പനിയില്‍ ജോയിന്‍ ചെയ്ത ദിവസം ആദ്യമായി കണ്ട മുഖങ്ങളില്‍ ഒന്നായിരുന്നു മുനവര്‍... ഫ്രഞ്ച് താടി ഒക്കെ വെച്ച് ഓഫ്സിലേക്ക് കയറി വന്ന അയാളോട് ശുഭദിനം ആശംസിച്ചപ്പോള്‍ സത്യമായിട്ടും ഞാന്‍ അയാള്‍ അവിടുത്തെ ടീ ബോയ്‌ ആണെന്ന് കരുതിയില്ല.. പിന്നെ കുറച്ചു സമയത്തിന് ശേഷം ചായയുമായി വന്നപ്പോള്‍ മാത്രമാണ് ആളെ മനസിലായത്....കടിനാധ്വാനി ആയിരുന്നു മുനവര്‍...പതിയെ അയാള്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് കടന്നു...നല്ല ആകാരഭംഗിയും ആകര്‍ഷകമായി പെരുമാറാനുള്ള കഴിവും പിന്നെ അറബി സംസാരിക്കാനുള്ള കഴിവും.....അതായിരുന്നു അയാളുടെ മുതല്‍ക്കൂട്ട്..


എന്റെ കാബിനിലെ ഫാമിലി ഫോട്ടോ കാണുമ്പോഴൊക്കെ മുനവര്‍ പറയുമായിരുന്നു...തന്റെ ജാസ്മിനെ പറ്റി...അബ്ബായെ തിരിച്ചുപോകാന്‍ സമ്മതിക്കാത്ത കുസൃതിക്കാരിയെപ്പറ്റി.....അപ്പോള്‍ ഞാന്‍ കളിയായി ചോദിക്കും...ജാസ്മിനാണോ ജമീല ആണോ തിരിച്ചുപോകാന്‍ സമ്മതിക്കാത്തത് എന്ന്.....മുനവര്‍ വെറുതെ ചിരിക്കും....വീണ്ടും മാസങ്ങള്‍ എത്ര ബാകി ഉണ്ട് എന്ന് പറയും.


ആശുപത്രിയില്‍ നിന്ന് വന്ന ഡ്രൈവര്‍ പറഞ്ഞത് അത്ര നല്ല വാര്‍ത്ത ആയിരുന്നില്ല...... മുനവറിനെ ഐ സി യുവില്‍ ആക്കിയത്രേ...ആശുപത്രിയില്‍ ചെന്നപോഴേക്കും അയാളുടെ സ്ഥിതി വഷളായി എന്നും അബോധാവസ്ഥയില്‍ ആയിരുന്നു വണ്ടിയില്‍ നിന്നും ഇറക്കിയത് എന്നും അയാള്‍ പറഞ്ഞു...രണ്ടു ദിവസത്തിന് ശേഷമേ എന്തെകിലും പറയാന്‍ പറ്റു എന്ന് ഡോക്ടര്‍ പറഞ്ഞു എന്ന് കേട്ടപോള്‍ സത്യത്തില്‍ വിഷമം തോന്നി...ഇതാണ് ഗള്‍ഫ് ജീവിതം...ഇന്ന് കാണുന്നവനെ നാളെ കാണുന്നില്ല..... അത്യാഹിതങ്ങള്‍ക്ക് കാലവും സമയവും ഇല്ല....ഒരാഴ്ചക്ക് ശേഷവും മുനവരിനെ കാണാന്‍ പോകഞ്ഞതില്‍ എനിക്ക് കുറ്റബോധം തോന്നി തുടങ്ങിയിരുന്നു....


പത്തു വര്‍ഷമായി പരിചയം ഉണടയിട്ടും ഇങ്ങനത്തെ അവസ്ഥയില്‍ ഒന്ന് പോയി കാണാന്‍ സാധിക്കാത്തതില്‍ ഞാന്‍ എന്നെ തന്നെ പഴിച്ചു...അത്ര മാത്രം തിരക്കായിരുന്നു എന്നതായിരുന്നു വാസ്തവം...കമ്പനി ഡ്രൈവര്‍ മാത്രമായിരുന്നു ഒന്നോ രണ്ടോ തവണ കാണാന്‍ പോയത്...സഹതാപ വാക്കുകള്‍ പറയാന്‍ എന്നാല്‍ എല്ലാവരും ഉണ്ടായിരുന്നു.. മുനവരിന്റെ സഹോദരന്‍ എല്ലാ ദിവസവും വൈകുന്നേരം ആശുപത്രിയില്‍ ചെല്ലും എന്ന് കമ്പനി ഡ്രൈവര്‍ പറഞ്ഞു....നാട്ടില്‍ വിവരം അറിയിച്ചു എന്നും വെന്റിലെട്ടരിന്റെ സഹായത്താല്‍ ആണ് ഇപ്പോഴും ജീവന്‍ നിലനില്‍ക്കുന്നതെന്നും അയാള്‍ പറഞ്ഞു..ഇനി ഒന്നും ചെയ്യാനില്ല എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു എന്നും കൂടി അയാള്‍ പറഞ്ഞപോള്‍ ഞാന്‍ ഒരിക്കല്‍ കൂടി ജാസ്മിനെ ഓര്‍ത്തു..... മുനവരിന്റെ സൂപ്പര്‍ വൈസരുടെ ആശയം ആയിരുന്നു നാട്ടിലേക്കു കയട്ടിവിടുന്നതയിരിക്കും നല്ലത് എന്നത്..എന്നാല്‍ ഈ സ്ഥിതിയില്‍ നാട്ടിലേക്കു പോയിട്ട് എന്ത് എന്നുള്ള ചോദ്യത്തിന് ഒരു ഉത്തരം നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞില്ല... ഒരു ഭീമമായ തുക അതിലേക്കു വേണ്ടി വരും എങ്കിലും കമ്പനി അധികൃതര്‍ അതിനു സമ്മതിച്ചു...അതിനുള്ള കടലാസുകള്‍ വേഗം നീങ്ങി.....പക്ഷെ നാട്ടില്‍ നിന്നുള്ള പ്രതികരണം ഞങ്ങള്‍ ഒട്ടും പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ല...മുനവരിനെ കൊണ്ടുപോരണ്ട എന്നായിരുന്നു അവരുടെ നിലപാട് എന്ന് അറിഞ്ഞത് എനിക്ക് ഒട്ടും തന്നെ വിശ്വസിക്കാന്‍ സാധിച്ചില്ല........കാരണം ഞാന്‍ മുനവരില്‍ കൂടി കണ്ട ജാസ്മിന്റെയും ജമീലയുടെയും മുഖങ്ങള്‍ അങ്ങനെ പറയുന്നവര്‍ ആയിരുന്നില്ല....ചിലപ്പോള്‍ മുനവരിന്റെ ചികിത്സ ചെലവ് അവര്‍ക്ക് താങ്ങാന്‍ പറ്റാത്ത അവസ്ഥ ആയിരിക്കും.....അല്ലെകില്‍ മരണശേഷം ഇന്‍ഷുറന്‍സ് വകയില്‍ ലഭിച്ചേക്കാവുന്ന ഒരു തുക ആയിരിക്കാം ആശ എല്ലാം നശിച്ച ആ കുടുംബതെകൊണ്ട് അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്..


അന്ന് വൈകുന്നേരം ഓഫീസില്‍ ലേറ്റായി ഇരുന്നു ജോലി ചെയ്യവേ ആയിരുന്നു മുനവരിന്റെ ഫയല്‍ വീണ്ടും എന്റെ അടുത്ത് എത്തിയത്...മുനവര്‍ ആശുപത്രിയില്‍ ആയിട്ടു അന്ന് ഇരുപതു ദിവസം പിന്നിട്ടിരുന്നു....നാളെ എന്തായാലും പോയി കാണണം എന്ന് ഞാന്‍ ഉറപ്പിച്ചു... ഇനി ജീവനോടെ കാണാന്‍ പറ്റിയില്ലെങ്കിലോ ..അതോര്‍ത്തപ്പോള്‍ എന്തോ പോലെ....ഞാന്‍ ചെറുതായി വിയര്‍ക്കാന്‍ തുടങ്ങി എന്ന് എനിക്ക് തോന്നി...വായില്‍ വീണ്ടും വീണ്ടും ഉമിനീര് നിരയുന്നപോലെ...ഇടതു കൈക്ക് ചെറിയ വേദന ഉണ്ടോ..ഒരു സംശയം..എണീറ്റ്‌ നിന്നിട്ട് ഒരു ബലക്കുറവു പോലെ..എന്ത് ചെയ്യണം എന്ന് തോന്നുന്നില്ല...ആരെ വിളിക്കണം? ഞാന്‍ മരിക്കുക്കയാണോ ? അമ്മെ എന്ന് ഞാന്‍ വിളിച്ചോ? ..ഫോണ്‍ എടുത്തു കമ്പനിയില്‍ തന്നെ ഉള്ള മെയില്‍ നേഴ്സിനെ ഉടനെ വരാന്‍ വിളിച്ചത് നല്ല ഓര്‍മയുണ്ട്...അറിയാതെ ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് അപേക്ഷിക്കാന്‍ മറന്നില്ല....അമ്മയെ ഞാന്‍ ഓര്‍ത്തു....കുഞ്ഞുങ്ങളെയും....മനസ് എവിടെ ഒക്കെയോ എത്തി...മരണം ഭയം എനിക്ക് തോന്നിയില്ല....മെയില്‍ നേഴ്സ് ഉടനെ എത്തി...പ്രഷര്‍ ,ഷുഗര്‍ എല്ലാം നോക്കി....ബി .പി കൂടിയിരിക്കുന്നു..പ്രവാസ ജീവിതത്തിന്റെ സംബദ്യങ്ങളിലേക്ക് ഒന്ന് കൂടി...രോഗങ്ങള്‍.. .എന്തോ മരുന്ന് നല്‍കി...പതിനഞ്ചു നിമിഷങ്ങള്‍ക്ക് ശേഷം വീണ്ടും നോക്കിയപോള്‍ പ്രഷര്‍ കുറഞ്ഞിരിക്കുന്നു...സ്‌ട്രെസ് ആയിരിക്കും എന്ന് അയാള്‍ പറഞ്ഞു...പേടിക്കാന്‍ ഒന്നും ഇല്ല എന്നും..വേണമെകില്‍ ആശുപത്രിയില്‍ പോയി ഇ സി ജി എടുക്കാം എന്ന് അയാള്‍ പറഞ്ഞു..അരമണിക്കൂര്‍ നോക്കിയിട്ട് പോകാമെന്ന് ഞാന്‍ പറഞ്ഞു അരമണിക്കൂര്‍ കഴിഞ്ഞു വീണ്ടും ചില മരുന്നുകള്‍ കൂടി...പിന്നെ എല്ലാം ശാന്തം..വണ്ടി കമ്പനിയില്‍ തന്നെ ഇട്ടു ഞാന്‍ ഒരു ടാക്സിയില്‍ വീട്ടില്‍ എത്തി..വീട്ടില്‍ ഒന്നും പറയണ്ട എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു...അടുത്ത ദിവസം തന്നെ മുനവറിനെ പോയി കാണണമെന്നും..

പതിന്നാലാം വാര്‍ഡില്‍ ആയിരുന്നു മുനവര്‍..... കാണാന്‍ ചെന്നപോള്‍ മുനവര്‍ ഒരു വശത്തേക്ക് തല ചരിച്ചു കിടക്കുകയായിര്‍ന്നു...മൂക്കിലും തൊണ്ടയിലും ട്യുബുകള്‍ ഇട്ടിരുന്നു...ഹൃദയഭാഗത്തുനിന്നും മറ്റു ചില വയറുകള്‍ ഒരു മോനിടരില്‍ ഖടിപ്പിച്ചിരുന്നു .... മുനവര്‍ എന്നെ ഒന്ന് നോക്കി..ഞാന്‍ വിളിച്ചു...മുന്വര്‍ഭായ് ..പെഹചാന ? മുനവര്‍ എന്നെ തന്നെ കുറെ നേരം നോക്കി കിടന്നു...ഒരു കാല്‍ അല്പം ഒന്ന് ഇളക്കി..എന്നെ മനസ്സിലയതാണോ ഞാന്‍


വീണ്ടുംചോദിച്ചു..പെഹചാനഭായ്സാബ്?മുനവര്‍കണ്ണടച്ച്തുറന്നു.. ...മനസിലായെന്നോ..ഇല്ലെന്നോ... പഴയ മുനവരിന്റെ ഒരു നിഴല്‍ ആയിരുന്നു അവിടെ ഞാന്‍ കണ്ടത്...മുടി ചെറുതായി നരച്ചിരുന്നു...ഒരു കണ്ണ് പകുതി അടഞ്ഞിരുന്നു......ദയനീയമായ ഒരു ഭാവം ഞാന്‍ ആ മുഖത്ത് വായിച്ചു..എന്നും ക്ലീന്‍ ഷേവ് ചെയ്തു ഫുള്‍ സ്ലീവ് ഷര്‍ട്ട്‌ ധരിച്ച ആ ചുറു ചുറുക്കുള്ള മനുഷ്യന്‍ എവിടെ..മരണം വാതില്‍ക്കല്‍ വന്നു കാത്തു കിടക്കുന്ന ഈ മനുഷ്യന്‍ എവിടെ..


ആ ദയനീയ നോട്ടം അധികനേരം താങ്ങാന്‍ എനിക്ക് സാധിച്ചില്ല...യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍ ഇനിയും കാണാം എന്ന് പറയാന്‍ ഞാന്‍ മറന്നില്ല..

മുനവരിന്റെ നാടിലേക്ക് ഇനി സ്ട്രെചെര്‍ കൊണ്ടുപോകാന്‍ കൊണ്ടുപോകാന്‍ ഉള്ള ടിക്കറ്റ് പതിനഞ്ചു ദിവസങ്ങള്‍ക്കു ശേഷം മാത്രമേഉള്ളു എന്ന് ട്രാവല്‍ എജെന്‍സിയില്‍ നിന്നും വിളിച്ചറിയിച്ചപ്പോള്‍ ഞാന്‍ ഒന്നോര്‍ത്തു...ജീവിതത്തില്‍ നിന്നും മരണത്തിലേക്ക് ഉള്ള ദൂരം എത്രയാണ് ?

Sep 17, 2010

വേദനിക്കുന്ന അരിവയ്പ്പുകാരന്‍

ഡേയ്..ഒന്ന് വേഗം.. വിശന്നിട്ടു കണ്ണ് കാണാന്‍ മേല..
വടേം ചായേം കിട്ടാന്‍ താമസിച്ചതിന്റെയാ........വിരമിച്ച സൂപ്പര്‍ താരമാന്നു പറഞ്ഞിട്ടെന്താ..ഇപ്പോഴും വിചാരം മലയാള സിനിമ ഇങ്ങോരുടെ ചുറ്റും കറങ്ങുവാ എന്നാ വിചാരം..ഒരു കാലമുണ്ടായിരുന്നു..സൂപ്പര്‍ താരം സതീഷ്‌ കുമാറിന്..എന്തായിരുന്നു ജാഡ...ഇപ്പൊ വല്ലപ്പോഴും ഒരു പടം ഹിറ്റായാ ഭാഗ്യം..എന്നാലും കുറ്റം പറയരുതല്ലോ...അഹങ്കാരത്തിന് കുറവൊന്നും ഇല്ല കേട്ടോ..വരുന്ന മകരത്തില്‍ വയസു അറുപത്തി രണ്ടു..ഇപ്പോഴും കോളേജ് കുമാരനായിട്ടെ അങ്ങൊരു അഭിനയിക്കു...വീപ്പകുറ്റി പോലാ വയറെന്നു ഫാന്‍സുകാര് തന്നെ അടക്കം പറയുന്നുണ്ട്...ഓള്‍ കേരള സതീഷ്കുമാര്‍ ഫാന്‍സ്‌ ആന്‍ഡ്‌ വെല്‍ഫയെര്‍ കാരുടെ ഒരു പ്രസിടന്റുണ്ടല്ലോ..ആനച്ചാല്‍ സാബു..ആ ദ്രോഹി ഇന്നലെ പതിനായിരം എണ്ണി വാങ്ങിക്കൊണ്ടു പോയപ്പം കൂട്ടത്തില്‍ ഉള്ള വാര്‍ക്കപ്പനിക്കാര് പിള്ളേരോട്അങ്ങനെ പറയുന്നത് കേട്ടപോ സത്യം പറഞ്ഞാല്‍ ഈ മനുഷ്യനോടു പാവം തോന്നി...പിന്നെ അവരേം പറഞ്ഞിട്ട് കാര്യമില്ല...പണി ഇല്ലാതെ നടക്കുമ്പം ഇങ്ങോരുടെ കയ്യീന്ന് വല്ല നക്കാ പിച്ചേം കിട്ടിയാ അന്നന്നത്തെ കെമിക്കല്‍ അടിനടക്കും!ഇനി മത്സരം ആറാം സ്ഥാനത്തിനു വേണ്ടി മാത്രം എന്ന് ഫാന്‍സുകാര്‍ പോസ്റര്‍ ഒട്ടിച്ചതിനു മുതലാളി ഇന്നാള് ശരിക്ക് കൊടുത്തു.....നേരല്ലേ...ഇരുപതും മുപ്പതും വയസില്‍ താഴെ ഉള്ളവ പയ്യന്മാരല്ലേ ഇപ്പൊ ആദ്യത്തെ നാലു സൂപ്പര്‍ താരങ്ങള്‍..ഇങ്ങോര്‍ക്ക് അഞ്ചാം സ്ഥാനം തന്നെ ഉണ്ടോ അതിനിപ്പോ..


ആറു പടം പൊട്ടി നിക്കുമ്പോഴാ ഏഴാമത്തെ കഷ്ടിച്ച് രക്ഷപെട്ടത്....അതുകൊണ്ട് എന്നും കുറെ പേര് കഥ പറയാന്‍ എന്നും പറഞ്ഞു കേറി വരും...ചുമ്മാ...രാമായണോം, ഭാഗവതോം ബൈബിളും ഒക്കെ അടിച്ചു മാറ്റി...അല്ലേല്‍ പിന്നെ ഇങ്ങോരുടെ തന്നെ ആയ കാലത്ത് ഇറങ്ങിയ പടത്തിന്റെ ആറാം ഭാഗം എന്നൊക്കെ പറഞ്ഞു...പിന്നെ ഇന്നുവരുന്നത്‌ ഇരട്ട തിരക്കഥക്കാരാണ്.....എന്ത് അപകടമാണോ ഇനി സംഭവിക്കാന്‍ പോകുന്നെ..


ഇന്നാ...ചായേം വടേം ക്യാറ്റ്...(ആത്മഗതമാ കേട്ടാ )അങ്ങനെ എങ്ങാനും പറഞ്ഞാല്‍ പിന്നെ പണി പാപ്പനംകൊട്ടാ!വണ്ടി ഓട്ടിച്ചുനടന്നിരുന്ന ഒരു പാവം ആലുവക്കാരന്‍ ഉണ്ടാരുന്നു...ഇങ്ങനെ ഏതാണ്ട് തമാശിച്ചതിനാ അവന്റെ പണി പോയെ..അതും ഇപ്പൊ ആ പണീം നമ്മുടെ പിടലിക്ക്..
" നിന്റെ സ്പെഷ്യല്‍ മട്ടന്‍ ബിരിയാണി ഇന്ന് ഉണ്ടാവുമോ" ?ഓ എവനും എത്തിയോ കഥകള് കേള്‍ക്കാന്‍ ? പുതിയ ഹാസ്യ താരംബൈജു പള്ളിപ്പുറം ആണ്. സൂപ്പര്‍ താരം സതീഷ്കുമാറിനെ കൊച്ചി ഭാഷ പഠിപ്പിച്ചു എന്ന കുറ്റത്തിന് കേരളത്തിലെ ജനങ്ങള്‍ ഇവനെ അങ്ങ് ഏറ്റെടുത്തു..ഒരോരുത്തന്റെ സമയം..ആദ്യം കണ്ടപ്പോള്‍ സാറേ എന്നാരുന്നു വിളിചോണ്ടിരുന്നെ..ഇപ്പൊ പിന്നെ എടാ, നീ എന്നൊക്കെ ആയി...ഇനി നാളെ എന്താവുമോ എന്തോ..അല്ലേലും പോതുജനത്തിനല്ലേ സുന്ദരന്‍ നെടുമങ്ങാട്‌ വലിയ പ്രോട്യുസര്‍..അരിവെപ്പ പണി എന്ന് സൂപ്പര്‍ താരം നാഴികക്ക് നാല്‍പതു വട്ടം ഓര്‍പിക്കുന്നത് കാരണം രക്ഷപെട്ടു..അല്ലേല്‍ ചിലപോ നമ്മക്കും തോന്നിപോയേനെ...എന്റെ മുടിപ്പുര അമ്മച്ചിയെ..അങ്ങൊരു പറഞ്ഞുപറഞ്ഞു പിന്നെ എല്ലാര്ക്കും എന്റെ കഥ അറിയാം.. "അന്ന് രാത്രി ഞാന്‍ ആലുവയില്‍ നിന്നും ഏറനാകുളത്തിന് വരുന്ന വഴി..കലൂര്‍ പള്ളിയുടെ അടുത്ത് വന്നപോ ഭയങ്കര വിശപ്പ്‌..വിശപ്പെന്ന് പറഞ്ഞ കണ്ണ് കാണാന്‍ മേലാത്ത വിശപ്പ്‌ (അത് എപ്പോഴും അങ്ങനെ ആണല്ലോ ) നോക്കിയപ്പോ സീക്കോ ഹോട്ടല്‍ തുറന്നിരിക്കുന്നു...രണ്ടു പ്ലേറ്റ് മട്ടന്‍ ബിരിയാണി തട്ടി..ഹോട്ടല്‍ മുതലാളി ഒരു പാവം ഫാന്‍ ആയിരുന്നു ..എന്ത് ചെയ്താ കാശു വാങ്ങിക്കത്തില്ല..അപ്പാവി കുഞ്ഞന് ഒരു ഫോട്ടോ എടുത്ത മതീന്ന്..ആരാ ബിരിയാണി വെച്ചേ എന്ന് ചോദിച്ചപ്പോ ദേ ഒരുത്തന്‍ മുന്നിലേക്ക്‌ വരുന്നു...അന്ന് കൂടെ കൂടിയതാ.. ഇങ്ങനെ ഒന്നുമല്ല അപ്പൊ രൂപം..ഇപ്പൊ എന്റെ ചോറ് തിന്നു മെഴുത്തില്ലേ...അങ്ങനെ എന്റെ ചരിത്രം മുഴുവന്‍ കണ്ടവനോടൊക്കെ വിളമ്പും....കുറ്റം പറയരുതല്ലോ...സിനിമ വരികക്കാരും ടീവീക്കാരും ഒക്കെ ഇതൊക്കെ കേട്ടാലും എഴുതുമ്പോഴും പറയുമ്പോഴും സൂപ്പര്‍ പ്രോടുസര്‍ എന്നെ പറയു...പൊതുജനത്തിന് അറിയില്ലാലോ പണി അരിവെപ്പാ എന്നും കാശു മുടക്കുന്നത് മുഴുവന്‍ മുതലാളി ആണെന്നും....


ഇരട്ടകള്‍ ബാബു ബിജു കഥ തുടനുന്നതിനുള്ള പുറപ്പാടാണ്...ദോഷം പറയരുതല്ലോ..മുതലാളി അരി വെപ്പുകാരനെ എപ്പോഴും വിളിച്ചു അടുത്ത് നിര്‍ത്തും...വല്ല പാരയും കഥക്കാത്ത് ഉണ്ടേല്‍ പറയണമല്ലോ..പിന്നെ ചിലപ്പോ അങ്ങോര്‍ക്ക് വട്ടിളവും..അരിവെപ്പുകാരന്‍ ആ പണി ചെയ്ത മതി എന്നൊക്കെ പറയും..എന്നാലും സ്നേഹം ഉള്ളവനാ ..നിന്റെ പേരില്‍ പടം എടുപ്പ് തുണ്ടാങ്ങിയെ പിന്നെ രക്ഷപെട്ടു എന്നൊക്കെ രണ്ടെണ്ണം വീശി കഴിഞ്ഞാല്‍ പറയും കേട്ടാ...

ബിജു പറഞ്ഞു തുടങ്ങി ..കഥയുടെ പേര് രണ്ടു വിഡ്ഢികള്‍ ..ആത്മ കഥ ആണോ എന്ന് ചോദിച്ചാലോ..അല്ലെ വേണ്ട..പണി കിട്ടും !വണ്ണ്‍ ലൈന്‍ പറയാം...ബാബു പറഞ്ഞു..ഒരു എഞ്ചിനീയറിംഗ് കോളേജ് ..അവിടെ പഠിക്കുന്ന രണ്ടു കൂട്ടുകാര്‍..ഒരാള്‍ അരുണ്‍..കൂട്ടുകാരന്‍ വരുണ്‍..ഇരട്ടകളാണോ..മുതലാളിക് ആവേശം കേറി എന്ന് തോന്നുന്നു..കോളജ് എന്ന് കേട്ടാല്‍ ഇങ്ങോര്‍ക്ക് പ്രാന്താ..റിട്ടയര്‍ ആയ പ്രൊഫസറുടെ വേഷം ആണ് മുതലാളിക്ക് കൂടുതല്‍ ചേരുന്നെ എന്ന് അറിയാത്തവന്മാരാണോ ഈ പൊട്ടന്മാര്‍ ?ഇനി ആരെയേലും ചാക്കിട്ടു പിടിച്ചു വല്ല സംവിധാനവും തുടങ്ങനാണോ പരിപാടി?ഇരട്ടകളല്ല സതീശേട്ട..ഒരാളെ ഹിന്ദുവും ഒരാളെ ക്രിസ്ത്യാനിയും ആക്കാം (അല്ലെ തന്നെ ഇപ്പൊ പേര് കേട്ടാല്‍ ഏതാ ഇനം എന്നറിയുന്നെ ) സതീശേട്ടന്‍ ഇതില്‍ പ്രിന്‍സിപ്പല്‍ ആണ്..ഓ..അപ്പൊ ഞാന്‍ സ്ടുടന്റ്റ് അല്ല അല്ലെ..(മഴുവന്‍ ..അറുപത്തി രണ്ടു വയസയവന്‍ പഠിക്കാന്‍ പോകുമോ..വല്ല രാമനാമോം ചൊല്ലി വീട്ടില്‍ ഇരിക്കുവല്ലേ ഉള്ളു )സതീശേട്ടന്‍അതായതു പ്രിന്‍സി ഭയങ്കര അച്ചടക്കക്കാരന്‍ ആണ്...രണ്ടു സുന്ദരികളായ പെണ്മക്കള്‍ ..അരുണും വരുനും കോളേജിലെ കുഴപ്പക്കാരന്.. പക്ഷെ അരുണ്‍ ഭയകര പഠിപ്പിസ്റ്റ് ആണ്..അത് അവസാനം റിസള്‍ട്ട്‌ വരുമ്പോഴേ അറിയൂ..(പിന്നെ റിസള്‍ട്ട്‌ വരാതെ എങ്ങനെ അറിയും) അരുണ്‍ പ്രിന്സിപലിന്റെ മൂത്ത മകളുടെകല്യാണത്തിന് പോയി സദ്യ ഉണ്ണുമ്പോള്‍ ഇളയ മകളുടെമുറചെറുക്കനുമായി കോര്‍ക്കുന്നു..പിന്നെ പറഞ്ഞു വെച്ച കല്യാണം മുടക്കുന്നു ..അതില്‍ കലിപ്പായി പ്രിന്‍സിപ്പല്‍ പരീക്ഷയില്‍ തോല്‍പ്പിക്കാന്‍ നോക്കുന്നു..ഇളയ മോള് കൊടുത്ത കീ കൊണ്ട് ചോദ്യ പേപ്പര്‍ അടിച്ചു മാറ്റിയ അരുണിനെ പ്രിന്‍സി പോക്കുന്നു..അപ്പോള്‍ മൂത്ത മകള്‍ പ്രസവ വേദന കൊണ്ട് പുളയുന്നു..പ്രിന്‍സിയുടെ വണ്ടി സ്റ്റാര്‍ട്ട്‌ ആകുന്നില്ല...ഹര്‍ത്താല്‍ പ്രമാണിച്ച് എല്ലാ ആംബുലന്സുകരും അടിച്ചു വീലായകൊണ്ട് അരുണ്‍ പ്രസവം എടുക്കുന്നു...പ്രിന്‍സി കലിപ്പ് മാറി അരുണിന് ഒന്നാം റാങ്ക് കൊടുക്കുന്നു..അതാണ് ക്ലൈമാക്സ്‌ ..പിന്നെ ബൈജു പള്ളിപുരത്തിന്റെ ഒരു കോമടി ട്രാക്ക്..വല്ല ഹോസ്റ്റല്‍ വാര്‍ഡാനോ കാന്റീന്‍ കാരനോ ആക്കാം.. ഈ കഥ എവിടെയോ കേട്ടിടുണ്ടല്ലോ ബൈജു.. all is well.. അതല്ലേ സാധനം.. ബിജു ബാബു ഒരു കള്ള ചിരി ചിരിച്ചു.

അല്ലേലും നമ്മുക്ക് ഇത് ശരിയാവില്ല ..രണ്ടു വലിയ പെണ്ണുങ്ങളുടെ അച്ഛന്‍ ആകാനുള്ള പ്രായം ഒന്നും എനിക്കായില്ലോ.(എവിടെ.. അപ്പൂപ്പന്‍ ആവാന്‍ ഉള്ള സമയം കഴിഞ്ഞു ).പിന്നെ എന്റെ ഫാന്‍സ്‌ ..അവര്‍ എന്ത് പറയും...എന്നാ പിന്നെ മറ്റേതു പറയാം അല്ലെ ബാബുബിജു കണ്ണ് കാണിച്ചു..
ഈ കഥ ഇന്നേ വരെ ആരും പറഞ്ഞിട്ടില്ലാത്ത കഥയ സതീശേട്ട..വളരെ ചലഞ്ചിംഗ് റോള്‍ ആരിക്കും..മലയാള സിനിമേലല്ല ലോക സിനിമേല്‍ ആദ്യമായിടരിക്കും ഒരു സൂപ്പര്‍ താരം കുക്ക് ആയിട്ടു അഭിനയിക്കുന്നേ..കഥയുടെ പേര് വേദനിക്കുന്ന കോടീശ്വരന്‍..


ഒരു അരിവെപ്പുകാരന്‍..അയാള്‍ ജോലിചെയ്യുന്ന ഹോട്ടലുടമയുടെ മകള്‍ സുനിതയുമായി പ്രേമത്തിലാണ്...എന്നാല്‍ ഹോട്ടലുടമക്ക് മകളെ ഒരു ഐടി എന്ജിനീയരെ കൊണ്ട്കേട്ടിക്കാനാണ് പരിപാടി....ഈ അരിവെപ്പുകാരന്‍ ഒരു പാട്ടുകാരന്‍ കൂടി ആണ്...ഹരിഹര പ്രിയ ചാനെല്‍ നടത്തുന്ന റിയാലിറ്റി ഷോയില്‍ അരിവെപ്പുകാരന് ഒരു ലക്ഷം രൂപയുടെ സമ്മാനം കിട്ടുന്നു...അയാള്‍ അതുകൊണ്ട് ഒരു വലിയ ഐടി കമ്പനി വാങ്ങുന്നു..( ഒരു ലക്ഷം രൂപ കൊണ്ട് ഒരു ചായക്കട പോലും കിട്ടില്ല എന്നീ പൊട്ടന്‍മ്മാര്‍ക്ക് അറിയില്ലേ )എന്നിട് അതിന്റെ എംഡി ആകുന്നു..അമേരികയില്‍ നിന്നും ഉള്ള ഒരു വലിയ കോണ്ട്രാക്റ്റ് ആ കമ്പനിക്കു കിട്ടുന്നു..അങ്ങനെ അരിവെപ്പുകാരന്‍ ഒരു കോടീശ്വരന്‍ ആകുന്നു.എന്നിട്ടും ഹോട്ടലുടമ ചൊവ്വ ദോഷത്തിന്റെ പേരും പറഞ്ഞു കല്യാണത്തിന് സമ്മതിക്കുന്നില്ല...ഇടയ്ക്കു അയാള്‍ പഴയ കാലം ഓര്‍ത്തു പണ്ട് അരി വച്ചിരുന്ന ഹോട്ടലിന്റെ മുന്‍പില്‍ ബെന്‍സ് കാറില്‍ പോയി അല്പം വേദനിക്കും..അയാളുടെ ജോലിക്കാരനാണ് ഹോട്ടലുടമയുടെ മകളെ കെട്ടുന്ന എന്‍ജിനീയര്‍..വിവാഹത്തിന്റെ അന്ന് എന്ജിനീയരെ പഴയ അരിവെപ്പുകാരന്‍ പിരിച്ചു വിടുന്നു...എങ്ങിനീയരുടെ കൂട്ടുകാരന്‍ അത് ഹോട്ടലുടമയെ മൊബൈലില്‍ വിളിച്ചു അറിയിക്കുന്നു..കല്യാണം നടക്കുന്നില്ല..സുനിത പന്തലില്‍ നിന്നും ഇറങ്ങി ഓടി..ഹോട്ടലുടമ കുഴഞ്ഞു വീണു..ആശുപത്രി ഡോക്ടര്‍മാര്‍..ഡോക്ടര്‍മാര്‍ ആശുപത്രി..അത് മാറി മാറി കാണിക്കും.അരി വെപ്പുകാരന്‍ എം ഡിയെ കെട്ടി സുനിത ആശുപത്രിയില്‍ എത്തി...ആശുപത്രിയില്‍ വെച്ച് ഹോട്ടലുടമ അവരുടെ കൈകള്‍ ഒന്നിച്ചു വെച്ച് കൊടുത്തിട്ട് മരിക്കുകയാണ്..മരിക്കുകയാണ്..രണ്ടോ മൂന്നോ പാട്ടിനു സ്കോപ് ഉണ്ട്....രണ്ടു ഫൈറ്റ് വരും..അങ്ങനെ മൊത്തത്തില്‍ ഒരു ഫെസ്റിവല്‍ മൂഡു ആരിക്കും..ബിജു ബാബു പറഞ്ഞു നിര്‍ത്തി..

മുതലാളിയുടെ മുഖം തെളിഞ്ഞു..ഇത് നമ്മള്‍ ചെയ്യുന്നു..

ഈ പടം എന്തായി തീരും എന്ന് എനിക്കറിയില്ല...കാരണം ബിജു ബാബുവിനെ തെറി പറഞ്ഞതിന് മുതലാളി അപ്പോള്‍ തന്നെ എന്നെ പിരിച്ചു വിട്ടു..

ഹോട്ടല്‍ സീക്കോ അവിടെ തന്നെ ഉണ്ട്....ഒരു പ്രോടുസര്‍ ബിരിയാണി വെച്ചാല്‍ നല്ല രുചി ആയിരിക്കുമോ ആവൊ.

Aug 9, 2010

മൂന്നാം നിലയിലെ കാന്‍സര്‍ വാര്‍ഡ്‌..


സന്ദര്‍ശക സമയത്തിന്റെ അവസാനമായിരുന്നു സുഹൃത്തിനൊപ്പം മുകുന്ദേട്ടനെ കാണാന്‍ ആശുപത്രിയില്‍ എത്തിയത്. സത്യം പറഞ്ഞാല്‍ മുകുന്ദേട്ടനെ അറിയാം എന്നതില്‍ കവിഞ്ഞു അദ്ദേഹത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ ഒന്നും എനിക്ക് അറിയില്ലായിരുന്നു. ഒറ്റപ്പെട്ട ഒരു സ്ഥലത്തായിരുന്നു കാന്‍സര്‍ വാര്‍ഡ്‌ സ്ഥിതി ചെയ്തിരുന്നത്. മൂന്നാമത്തെ നിലയിലേക്ക് കയറിചെന്നപ്പോഴേക്കും ഞങ്ങള്‍ കിതച്ചു... വരിവരിയായി കിടത്തിയിരുന്ന രോഗികള്ക്കിടയിലൂടെ പേ വാര്‍ഡിലേക്ക് നടക്കുമ്പോള്‍ എവിടെനിന്നോ ഒരുചെറിയകരച്ചില്‍ കേട്ടു.ചിലപോള്‍ രോഗിയുടെതെവാം അല്ലെങ്കില്‍ ഞങ്ങളെപോലെ കാണാന്‍ ആരെയെങ്കിലും കാണാന്‍ വന്നവരുടെതാവാം .




മരണം കാത്തു കഴിയുന്ന ഒരാളെ എങ്ങനെ നേരിടണം എന്ന് ‍ അറിയാന്‍ ഉള്ള പക്വത സത്യത്തില്‍ അന്ന് എനിക്ക് ഉണ്ടായിരുന്നില്ല. എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നതിനെപറ്റി ഒരു രൂപവും .മരണത്തിന്റെ കാലൊച്ച കേട്ടു കിടക്കുന്ന ഒരാളെ ആദ്യമായിആണെന്ന് തോന്നുന്നു ഞാന്‍ കാണുന്നത്. ഞങ്ങള്‍ ചെന്നപ്പോള്‍ മുകുന്ദേട്ടന്‍ മൂന്നാം നിലയിലുള്ള ജനലിലൂടെ അകലേക്ക്‌ നോക്കി കിടക്കുകയായിരുന്നു




ഏകദേശം ഒരേ പ്രായക്കാരായിരുന്നു എന്‍റെ സുഹൃത്തും മുകുന്ദേട്ടനും . അതുകൊണ്ടുതന്നെ വല്ലാത്തൊരു ആത്മബന്ധം അവര്‍ തമ്മില്‍ ഉണ്ടായിരുന്നു എന്നും ഞാന്‍ അനുമാനിച്ചു.അവര്‍ ഒന്നും സംസാരിച്ചില്ല.അര്‍ബുദ രോഗം പിടിപെട്ടു ഒന്നും ചെയ്യാനില്ലാത്ത ഒരു അവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഞങ്ങള്‍ എത്തിയത്. സന്ദര്‍ശക സമയം കഴിഞ്ഞു എന്ന് ഒരാള്‍ വന്നു അറിയിച്ചു. മുകുന്ദേട്ടന്‍ ചോദിച്ചു ...പോകാറായി അല്ലെ..എനിക്കും പോകാറായി...ഇനി എത്ര ദിവസം കൂടി എന്നെ ഉള്ളു. ആദ്യമായി ആയിരുന്നു എന്റെ സുഹൃത്ത്‌ കരയുന്നത് ഞാന്‍ കാണുന്നത്..മുകുന്ദേട്ടന്റെരണ്ടു കൈയും കൂട്ടിപിടിച്ചു ശബ്ദമില്ലാതെ അയാള്‍ കരഞ്ഞു.എനിക്കും പിടിച്ചു നില്‍ക്കാനായില്ല..പക്ഷെ മുകുന്ദേട്ടന്‍ കരയുന്നുണ്ടായിരുന്നില്ല .. മുകുന്ദേട്ടന്റെ ഭാര്യയും മക്കളും അവിടെ ഉണ്ടായിരുന്നു. നിസ്സഹായത മാത്രം ഞങ്ങള്‍ അവിടെ കണ്ടു. ഇനി എന്ത് എന്ന ചിന്തയാണോ അവരെ അലട്ടിയിരുന്നത് ?




ആശുപത്രി സെക്യൂരിറ്റി വീണ്ടും എത്തി .ഞങ്ങളോട് പുറത്തു കടക്കാന്‍ പറഞ്ഞു. അപ്പോഴും സുഹൃത്തിന്റെ കൈകളില്‍ തന്നെ ആയിരുന്നു മുകുന്ടെട്ടന്റെ കൈകള്‍. ആ കണ്ണുകള്‍ എന്തോ അപേക്ഷിക്കുന്നതുപോലെ എനിക്ക് തോന്നി... ചിലപ്പോള്‍ തന്‍റെ കുടുംബത്തിന്റെ സംരക്ഷണം ആവാം.




ഒടുവില്‍ ഇറങ്ങുമ്പോള്‍ മുകുന്ദേട്ടന്‍ സുഹൃത്തിന്റെ കൈയ്യില്‍ എന്തോ കൊടുക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. ‍ മുകുന്ദേട്ടന്റെ കൈകളില്‍പിടിച്ചപ്പോള്‍ അസാധാരണമായ ഒരുതണുപ്പ് എനിക്ക് അനുഭവപ്പെട്ടു ഒന്നും മുകുന്ദേട്ടനോട് പറയാന്‍ എനിക്ക് സാധിച്ചില്ല .




തിരിയെ പോകുമ്പോള്‍ ഞാന്‍ മുകുന്ദേട്ടനെ പറ്റി കൂടുതല്‍ ചോദിച്ചു..എന്റെ സുഹൃത്ത്‌ ജോലി ചെയ്തിരുന്ന ഡല്‍ഹിയിലേക്കു അദ്ദേഹം കൊണ്ടുപോയ അനേകം പേരില്‍ ഒരാള്‍ എന്നതില്‍ ഉപരി ബാല്യകാല സുഹൃത്ത്‌ കൂടി ആയിരുന്നു മുകുന്ദേട്ടന്‍...പ്രൈമറി സ്കൂളില്‍ തുടങ്ങിയ അവരുടെ സ്നേഹബന്ധം നാല് പതിറ്റാണ്ടില്‍ എത്തിനില്‍ക്കുന്നു എന്ന് പറഞ്ഞപ്പോഴേക്കും സുഹൃത്തിന്റെ തൊണ്ട ഇടറി എന്ന് എനിക്ക് തോന്നി....ഡല്‍ഹിയില്‍ വെച്ചായിരുന്നു അസുഖം കണ്ടെത്തിയത്.പത്തു വര്‍ഷത്തെ ഡല്‍ഹി ജീവിതം അദ്ദേഹത്തിന് രോഗമല്ലാതെ ഒന്നും നേടികൊടുതില്ല...ജോലി ചെയ്യാന്‍ ആവാത്ത അവസ്ഥയില്‍ ഭാര്യയും മക്കളും ആയി നാട്ടിലേക്കു തിരിച്ചു പോരാന്‍ തന്നെ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായം വേണ്ടി വന്നു .




ചോദിക്കേണ്ട എന്ന് കരുതിയിട്ടും എനിക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല...എന്തായിരുന്നു മുകുന്ദേട്ടന്‍ ഇറങ്ങുമ്പോള്‍ തന്നത്...സുഹൃത്ത്‌ ഒരു ചെറിയ കവര്‍ നീട്ടി...അതിനുള്ളില്‍ ഒരു ബ്ലാക്ക്‌ & വൈറ്റ് ചിത്രം ആയിരുന്നു...ആലിംഗാനബധാരായ രണ്ടു സുഹൃത്തുക്കളുടെ ഒരു പഴയ ചിത്രം.








Jul 3, 2010

രാഘവേട്ടന്‍ c/o സുരഭി സ്റ്റോര്‍

രാത്രിയില്‍ കിടക്കും മുന്‍പ് അലമാരിയില്‍ ഇരിക്കുന്ന ടിക്കറ്റ്‌ രാഘവേട്ടന്‍ ഒന്നുകൂടി എടുത്തു നോക്കി...ഇനി നാലു നാള്‍ കൂടി മാത്രം.മൂന്നുവര്‍ഷത്തെ പ്രവാസ ജീവിതനിനു ഒരു ചെറിയ ഇടവേള...സൂപ്പര്‍ വൈസര്‍ കനിഞ്ഞു തന്ന എഴുപത്തി അഞ്ചു നാളുകള്‍. നാട്ടിലെ അത്യാവശ്യങ്ങളുടെ പേരില്‍ നീട്ടിയ ലീവ് കിട്ടാന്‍ ഒരു വര്ഷം കൂടി കാത്തിരിക്കേണ്ടി വന്നു..... ടിക്കറ്റ്‌ ബുക്ക്‌ ചെയ്തപോല്‍ മുതലുള്ള ദിവസം എന്ന്നല്‍ ഇപ്പോള്‍ വെറും നാലു നാള്‍ അകലെ എത്തിയിരിക്കുന്നു...ഓണം വരുന്നു...ചിലവുകളും. എന്നാണ് നാട്ടില്‍ അവസാനം ഓണം കൂടിയത്? ഒരു പാടായി .എന്ന് തോന്നുന്നു ..അല്ലെങ്കില്‍ തന്നെ സദാശിവന്‍ സാര്‍ പറയുന്നപോലെ കാട്ടുകോഴിക്കെന്തു ഓണവും സംക്രാന്തിയും

മെസ്സ് ഹാളില്‍ ഇപ്പോഴും തട്ടലും മുട്ടലും കേള്‍ക്കാം .വറുഗീസും രാജുവും കിടന്നിട്ടില്ല...പ്രഭാത ഭക്ഷണം ഉണ്ടാക്കുകയാവാം...മെസ്സ് ഹാള്‍ നാലരക്ക് തുറക്കും...ഷിഫ്റ്റ്‌ ജോലിക്കാര്‍ പോകാന്‍ തുന്ടങ്ങുന്ന സമയം... ഈയാഴ്ച വേണ്ടുന്ന എല്ലാ സാധനങ്ങളും വാങ്ങി കണക്കു കൃത്യമായി മെസ്സ് ഉടമയെ ഏല്പിച്ചു..നാളെ ഒന്നാം തീയതി..വാടക കൂടി പിരിച്ചു നല്‍കിയാല്‍ സമാധാനമായി നാട്ടില്‍ പോകാം..എഴുപതന്ന്ച് ദിവസത്തെ കാര്യം അവരാച്ചനെ ആണ് ഏല്പിച്ചിരിക്കുന്നത്..അവരാച്ചന്‍ മെസ്സില്‍ താമസം തുടങ്ങിയിട്ട് അഞ്ചു വര്‍ഷത്തിനു മേലായി..ഒരു ഉപദ്രവവും ഇല്ല...ഉപകാരവും..സ്വന്തം കാര്യം മാത്രം..ഒരുകണക്കിന് അത് നല്ലതാണു..തന്നെ പോലെ ആളുകളെ സഹായിച്ചു വെറുതെ കുഴപ്പതിലവില്ലല്ലോ..അവരച്ചാണ് മിനിസ്ട്ര്യില്‍ ആണ് ജോലി ഉച്ചക്ക് ഒരുമണി ആകുമ്പോള്‍ ആളു മെസ്സില്‍ ഉണ്ടാവും..പിന്നെ ഉറക്കവും ടിവി കാണലും തന്നെ..മുറിയില്‍ നിന്നും പുറത്തിറങ്ങുന്നത് ഭക്ഷണം കഴിക്കാന്‍ മാത്രം..വാടക കൃത്യമയിട്ടും തരും..


മൂന്നു വര്‍ഷമായി മെസ്സിന്റെ ചുമതല കിട്ടിയിട്ട്...മെസ്സ് ഉടമ നാട്ടുകാരന്‍ തന്നെ....നേരത്തെ നടത്തിയ ആള്‍ മെസ്സ് കൊടുത്തു നാട്ടില്‍ പോയി..മെസ്സ് നടത്താന്‍ ആളു അന്വേഷിക്കുന്നതിനിടെയാണ് ഒരിക്കല്‍ ബക്കാലയില്‍ വെച്ച് അവിചാരിതമായി സേവ്യറെ കാണുന്നത്...ഭക്ഷണവും താമസവും സൌജന്യം എന്ന് കേട്ടപ്പോള്‍ ആ വകയില്‍ സമ്പാദിക്കാവുന്ന തുകയുടെ വലിപ്പതെക്കള്‍ നാട്ടിലെ അത്യാവശ്യങ്ങള്‍ ആയിരുന്നു മനസ്സില്‍..നൂറ്റിയിരുപതു ദിനാറു ശംബലക്കാരന് നാല്‍പ്പതു ദിനാറു ലാഭിക്കാന്‍ കഴിയുന്നത്‌ വലിയ കാര്യമല്ലേ...മെസ്സിലെ പിള്ളേരൊക്കെ കളിയാക്കും.. താമസോം ഭക്ഷണോം ഫ്രീ അല്ലെ.....പിന്നെ എന്നാ വേണം എന്ന്....ഒരു മെസ്സ് നോക്കി നടത്തുന്നതിന്റെ ബുദ്ധിമുട്ടൊന്നും പിള്ളേര്‍ക്ക് അറിയില്ലല്ലോഅവര്‍ക്ക് വെറുതെ വന്നിരുന്നു കുറ്റം പറഞ്ഞ മതിയല്ലോ..വാടക മുഴുവന്‍ പിരിച്ചെടുക്കാന്‍ തന്നെ പെടപ്പടാണ്...കാശു ചോദിക്കുമ്പോള്‍ ഭക്ഷണം മോശം... റൂമില്‍ തണുപ്പില്ല..അങ്ങനെ അങ്ങനെ നൂറു കുറ്റം..


ആകെപ്പാടെ തന്നോട് അല്പം അടുപ്പം കാട്ടുന്നത് സദാശിവന്‍ സാര്‍ ആണ്..ഇടയ്ക്കു വെറുതെ റൂമില്‍ വരും..കാര്യങ്ങള്‍ ഒക്കെ ചോദിച്ചറിയും..സദാശിവന്‍ സാര്‍ ആണ് ടിക്കറ്റ്‌ കടം എടുത്തു തന്നത്..നാട്ടില്‍ പോയി വന്നിട്ട് തന്നാല്‍ മതി എന്ന് പറഞ്ഞു..അത്രേം ഭാഗ്യം..

അങ്ങനെ പോകുന്ന നാള്‍ വന്നെത്തി...കണക്കു പുസ്തകം ഏല്പിച്ചു അവരച്ചന്റെ ഒപ്പും വാങ്ങി എല്ലാം സേവ്യറെ എല്പിച്ചപ്പോള്‍ സേവ്യര്‍ എന്തെകിലും തരും എന്ന് കരുതി...എന്നാല് ശരി അച്ചായ... പോയിട്ട് വാ....സെവ്യര്‍ക്ക് എല്ലാരും അച്ചയന്മാരാന്..സെവ്യര്‍ക്ക് നല്ല ജോലി ആണ്..ഭാര്യക്കും ഉണ്ട് ജോലി..നല്ല ഒരു ബക്കാല. സുരഭിസ്റ്റോര്‍..മെസ്സും നന്നായി നടക്കുന്നു..ഒരിക്കലും ഒഴിവുണ്ടാവില്ല..ഓരോരുത്തരുടെ സമയം!



സദാശിവന്‍ സാര്‍ ആയിരുന്നു എയര്‍പോര്‍ട്ടില്‍ കൊണ്ട് വിട്ടത്..എന്തോ , ഇത്രയും ദിവസങ്ങില്‍ ഉണ്ടായിരുന്ന ഒരു സന്തോഷം അന്ന് ഇല്ലാത്തപോലെ...നാട്ടിലെ കാര്യങ്ങള്‍ ഒര്താവം..രോഗിയായ ഭാര്യ..കല്യാണം ഒന്നും ആവാത്ത മൂന്നു പെണ്‍ മക്കള്‍ ..വീട് പുതുക്കാന്‍ കഴിഞ്ഞിട്ടില്ല ഇതേവരെ....പതിനഞ്ചു വര്‍ഷത്തെ പട്ടാള ജീവിതത്തിനും പത്തു വര്‍ഷത്തെ പ്രവാസ ജീവിതിനും മാറ്റാന്‍ കഴിയാത്ത ചില കാര്യങ്ങള്‍..


എഴുപത്തഞ്ചു ദിവസങ്ങള്‍ പെട്ടെന്ന് പോയി.... ഈ തവണ എങ്ങും പോയില്ല...മക്കളോടും ഭാര്യയോടും ഒപ്പം വീട്ടില്‍ തന്നെ..അല്ലെകിലും പണം ചിലവാക്കാന്‍ പറ്റുന്ന അവസ്ഥയില്‍ അല്ലല്ലോ ..എയര്‍പോര്‍ട്ടില്‍ നിന്നും ഒരു ടാക്സി പിടിച്ചു മെസ്സില്‍ എത്തി...


സദാശിവന്‍ സാര്‍ വിളിച്ചു മുറിയില്‍ കൊണ്ടുപോയി....നാട്ടിലെ വിവരങ്ങള്‍ ഒക്കെ ചോദിച്ചറിഞ്ഞു...മെസ്സിലെ കാര്യങ്ങള്‍ ഒക്കെ എങ്ങനെ നടക്കുന്നു എന്ന് ചോദിച്ചപോള്‍ അല്പം മൌനിയായി॥അല്‍പ നേരത്തിനു ശേഷം പറഞ്ഞു ..രാഘവേട്ടന്‍ വിഷമിക്കല്ലേ ..അവരാച്ചനെ സ്ഥിരമായി മെസ്സ് എല്പ്പിക്കാനാണ് സെവ്യരുടെ തീരുമാനം എന്ന്..രാഘവേട്ടന്‍ പോയപ്പോള്‍ അവരാച്ചന്‍ സേവ്യറെ പറഞ്ഞു തിരിച്ചത്രേ..ഒന്നും മിണ്ടാന്‍ പറ്റിയില്ല..കണ്ണില്‍ ഒരു പുകമറ പോലെ..കട്ടിലിലേക്ക് ചാരി ഇരുന്നപോള്‍ സദാശിവന്‍ സാര്‍ ഒന്ന് കൂടി പറഞ്ഞു..ഇവിടെ തന്നെ താമസിക്കാനാനെങ്കില്‍ രാഘവേട്ടന് അഞ്ചു ദിനാര്‍ കുറച്ചു തരാന്‍ അവരാച്ചന്‍ സെവ്യരോട് പറഞ്ഞിടുണ്ടത്രേ..കണ്ണിലൂടെ ഒഴുകിവന്നത്‌ തടയാന്‍ ആകുന്നില്ല...ഭാര്യയും മക്കളും കടങ്ങളുടെ വലിപ്പവും എല്ലാം മാറി മാറി തെളിയുന്നു...


അല്പനെരത്തിന് ശേഷം മൊബൈല്‍ എടുത്തു വീട്ടിലേക്കു വിളിച്ചു...സുഖമായി എത്തി ചേര്‍ന്നു എന്ന് പറഞ്ഞപോള്‍ സ്വരം ഇടറിയോ ..സുരഭി സ്റ്റോര്‍ എന്ന വിലാസത്തിലേക്ക് ഇനി കത്ത് അയക്കണ്ട എന്ന് പറഞ്ഞപ്പോള്‍ അവരാച്ചന്റെ അഞ്ചു ദിനാറിന്റെ സൌജന്യം ഇനി ആവശ്യമില്ല എന്ന ചിന്തയയിരുന്നോ മനസ്സില്‍?

..

Jun 28, 2010

ഐആക്സ് 4


ഏറെ കൊട്ടിഖോഷിച്ചു പുറത്തിറങ്ങിയ ഐ ആക്സ് 4 ഒരു പരാജയമെന്ന് പൊതുവേ ഉള്ള വിലയിരുത്തല്‍. ലോഞ്ചിനോടനുബന്ധിച്ചു വലിയ മീഡിയ കവറേജ് ആയിരുന്നു ഐ ആക്സിനു കിട്ടിയിരുന്നത്. എന്നാല്‍ പുറത്തിറങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും ഈ ന്യൂ ജെനെരഷന്‍ കോടാലിക്കു വളരെ മോശം അഭിപ്രായം ആണ് നാടെങ്ങും. ഭൂരിഭാഗം റിവ്യൂ പറയുന്നത് ഐ ആക്സ് 4 വെറും വെടക്ക് സാധനം ആണെന്നാണ്. പ്രധാനമായി ചൂണ്ടിക്കനിക്കപെടുന്ന പ്രശനം കോടാലി ഉപയോഗിക്കുമ്പോള്‍ കൈകള്‍ക്ക് മരവിപ്പ് അനുഭവപ്പെടുന്നു എന്നുള്ളതാണ് ആദ്യതെത്...ഇത് പ്രധാനമായും ഇടം കൈയന്മാര്‍ക്ക് കൂടുതല്‍ ആയി അനുഭവപ്പെടുന്നത്രേ. ഇത് വെളിവാക്കുന്ന വിടിയോകള്‍ യു ടുബില്‍ പ്രതക്ഷപ്പെട്ടുകഴിഞ്ഞു .എന്നാല്‍ ഈ പ്രശനം ഇടം കൈയ്യന്മാര്‍ക്ക് മാത്രമേ അനുഭവപ്പെടുന്നു എന്നുള്ളതാണ് കമ്പനിയുടെ നിലപാട്. അതിനു വേണ്ടി കോടാലിക്കൈയില്‍ ഒരു റബ്ബര്‍ ആവരണം ഇടാനാണ് കമ്പനിയുടെ ഉദ്ദേശം. ഈ ആവരണം നിര്‍മാണത്തിന്റെ അവസാന ഖട്ടത്തില്‍ ആണെന്ന്നു കമ്പനി ചെയര്‍മാന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.


ലോഞ്ചിനോടനുബന്ധിച്ചു വലിയ പ്രതീക്ഷകള്‍ ആയിരുന്നു ഉയര്‍ന്നിരുന്നത്. ഇതിനു മുന്‍പിറങ്ങിയ ഐ ആക്സ് ഒന്ന്, രണ്ടു മൂന്ന് മോഡലുകളെ അപേക്ഷിച്ച് ഏറെ വില കൂടുതലയിട്ടും ഒരുപാട് പണിക്കാര്‍ ഐ ആക്സ് 4 മുന്‍‌കൂര്‍ ബുക്ക് ചെയ്തിരുന്നു. ആദ്യമായാണ് ഒരു കോടാലി റിലീസിന് മുന്‍പ് ഇത്രയധികം ഓര്‍ഡര്‍ ശേഖരിക്കുന്നത്. തിരുവനന്തപുരത്തെ ഏക വിതരണക്കാരന്‍ ആയ ചെറിയാന്‍ & ചെറിയാന്‍ പാല്കുലങ്ങര ഏകദേശം എണ്ണൂറോളം കൊടാലികള്‍ക്ക് ഓര്‍ഡര്‍ ശേഖരിച്ചുവത്രേ. ബൂകിംഗ് ദിവസത്തിന് തലേന്ന് തന്നെ നീണ്ട നിര പല കേന്ദ്രങ്ങളിലും കാണാമായിരുന്നു. എന്നാല്‍ ആദ്യമായി കോടാലി ലഭിച്ച ക്വടഷന്‍ ടീം ചെറിയാന്‍ & ചെറിയാന്‍ ഓഫീസ് പിറ്റേന്ന് തന്നെ അടിച്ചു തകര്‍ത്തു. ഓഫീസ് അനിചിതമായി അടച്ചിട്ടിരിക്കുകയാണ്.



ഇപ്പോഴത്തെ അവസ്ഥയില്‍ ഐ ആക്സ് 4 ഉപയോഗശൂന്യമെന്നാണ് താന്‍ കരുതുന്നതെന്ന്, ആദ്യം കോടാലി സ്വന്തമാക്കിയവരില്‍ ഒരാള്‍ ഹരിഹര പ്രിയ ന്യൂസിനോട് പറഞ്ഞു.ഇതുവരെ ഇറങ്ങിയ എല്ലാ സ്മാര്‍ട്ട്‌ കോടലികളെയും കടത്തിവെട്ടുന്ന തരത്തില്‍ നിര്‍മിച്ചു എന്ന് അവകാശപ്പെട്ട ഈ കോടാലിക്കു ഇങ്ങനെ ഒരു വൈകല്യമോ എന്ന് എല്ലാവരും അതിശയിക്കുന്നു. നേമതുള്ള ഗോപാലന്‍ അഭിപ്രായപെട്ടത് മുന്നൂറു രൂപയ്ക്കു സാധാരണ കോടാലി മാര്‍കറ്റില്‍ ലഭിക്കുമ്പോള്‍ എന്തിനാണ് അതിന്റെ എട്ടോ പത്തോ ഇരട്ടി മുടക്കി ഇത് വാങ്ങുന്നതെന്നാണ്. ഇതു കോടാലി ആയാലും മരം മുറിഞ്ഞാല്‍ പോരെ എന്ന് അദ്ദേഹം ചോദിച്ചു. എന്നാല്‍ സിറ്റിയില്‍ മരപ്പണി നടത്തുന്ന അമ്ബുജാക്ഷന്‍ പറഞ്ഞത് എങ്ങനെ മരം മുറിയുന്നു എന്നതിലല്ല കാര്യം എന്ത് കൊണ്ട് മുറിക്കുന്നു എന്നതിലാനെനു എന്നാണ്. ഐ ആക്സ് 4 ഒരു സ്ടാടസ് സിംബല്‍ ആണെന്നാണ് അദേഹത്തിന്റെ അഭിപ്രായം.


സംസ്ഥാനത് ഒട്ടാകെ നൂറു കണക്കിന് ഓര്‍ഡര്‍ ആണ് ക്യാന്‍സല്‍ ആയിക്കൊണ്ടിരിക്കുന്നത്. ഐ ആക്സിനെ കുറിച്ചുള്ള മോശം വാര്‍ത്തകള്‍ പുറത്തു വന്നതോടെ പ്രധാന എതിരാളികള്‍ ആയ സോക്കിയ, ജിംസാംഗ് മുതലായ കമ്പനികള്‍ വിലകുറച്ച് പുതിയ കോടാലികള്‍ ഇറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പറയപ്പെടുന്നു..