Jun 20, 2013

കുരിശുമല

പുതു ഞായറാഴ്ചയായതിനാൽ  മലയാറ്റൂർ  കുരിശുമലയിൽ തിരക്ക്  വളരെ കൂടുതലായിരുന്നു.വലിയ  ഉരുളൻകല്ലുകൾക്കിടയിലൂടെ മലകയറാൻ‍ അമ്മച്ചി നന്നേ പണിപ്പെട്ടു.എന്നാൽ, മരക്കുരിശു കൈകളിൽ   ഏന്തിയതിനാൽ അമ്മച്ചിക്ക് ഒരു കൈത്താങ്ങ്‌ കൊടുക്കാൻ എനിക്ക് സാധിച്ചില്ല.വയ്യാതിരിക്കുന്ന ഈ  സമയത്ത് കുരിശുമല കയറേണ്ട എന്ന് പറഞ്ഞിട്ട് അമ്മച്ചി സമ്മതിച്ചുമില്ല.പ്രായാധിക്യം മൂലം ഇനി ഒരുവേള അത് നടന്നില്ലെങ്കിലോ എന്ന് അമ്മച്ചി വിചാരിച്ചോ?
നടന്നു തളർന്നു ഞാൻ‍,ഒരു ഒടിഞ്ഞുവീണ മരത്തിൽ ഇരുന്നപ്പോൾ‍ അമ്മച്ചി എന്നെ കടന്നു മുന്നോട്ടു നടന്നു പോയി.എന്റെ വിളി കേൾ‍ക്കാതെ,മലകയറുന്ന അനേകായിരങ്ങളുടെ ഇടയിൽ‍ എവിടെയോ അമ്മച്ചി അപ്രത്യക്ഷയായി.
  
അമ്മച്ചീ എന്നുള്ള ഉറക്കെയുള്ള വിളിയോടെയാണ് ഞാൻ ഉറക്കമുണർ‍ന്നത്‌ . മൂന്നാറിലെ തുളച്ചു കയറുന്ന തണുപ്പിലും ഞാൻ‍ വിയർ‍ത്തു.അമ്മച്ചിയെ ഉടനെ ഒന്ന് കാണണമെന്നെനിക്കു   തോന്നി.പതിനഞ്ചു ദിവസങ്ങള്‍ ആയിരുന്നു നാട്ടില്‍ പോയിട്ട്.രണ്ടു ദിവസം അവധിയും കൂടിയെടുതാൽ   രണ്ടാം ശനിയുൾപ്പെടെ നാല് ദിവസങ്ങള്‍ കിട്ടുമെന്നൊർത്തപ്പോൾ വൈകുന്നേരം തന്നെ പോകാം  എന്ന് ഞാൻ വിചാരിച്ചു.
  
ഓഫീസിലേക്ക് തിരിക്കുമ്പോഴും,ജോലിയിൽ‍ മുഴുകിയിരിക്കുമ്പോഴും മനസ്സില്‍ അമ്മച്ചി മാത്രമായിരുന്നു.അമ്മച്ചി സ്വപ്നങ്ങളില്‍ സാധാരണയായി വരാറുണ്ടായിരുന്നില്ല.എന്തുകൊണ്ടാവും മലയാറ്റൂർ ‍ മലമുകളിൽ   അമ്മച്ചിയെ  കാണാതായി എന്ന്  സ്വപ്നത്തില്‍ കണ്ടത്  എന്ന് എനിക്ക് മനസ്സിലായില്ല.
  
അടുത്ത വീട്ടിലെ ബേബിച്ചേട്ടന്റെ ഫോണ്‍ വരുമ്പോൾ‍ ഒരുമണി.അമ്മച്ചിക്ക് സുഖമില്ല, ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയി എന്ന് ബേബിച്ചേട്ടൻ‍ പറഞ്ഞു. പേടിക്കാനൊന്നുമില്ല എങ്കിലും,ഇന്ന് തന്നെ പുറപ്പെട്ടു വരൂ എന്ന് ബേബിച്ചേട്ടൻ‍ പറഞ്ഞപ്പോൾ‍ എന്റെ ഉള്ളൊന്നു കാളി.എന്താവും അമ്മച്ചിക്ക് സംഭവിച്ചിട്ടുണ്ടാകുക?
  
പ്രായാധിക്യം ഒഴിച്ചാൽ‍ അമ്മച്ചിക്ക് വേറെ കുഴപ്പങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.എന്നാൽ‍ ഒരു വിഷാദഭാവം അമ്മച്ചിയുടെ കൂടപ്പിറപ്പായിരുന്നു.ബുദ്ധിമുട്ടുകളുടെ കാണ്ഡം കഴിഞ്ഞു ജീവിതത്തിനു പുതിയ നിറങ്ങള്‍ വന്നപോഴും അമ്മച്ചിയുടെ തനതായ ഭാവം അത് തന്നെയായിരുന്നു. പഴയസാരി വെട്ടി മറച്ച, കതകുകൾ  ഇല്ലാത്ത ജനലുകൾക്ക്  പുതിയ  കതകുകൾ  വന്നപ്പോഴും,സിമന്റു  തേക്കാത്ത  വീട് മനോഹരമായപ്പോഴും, അമ്മച്ചിക്ക് മാത്രം  ഒരു  മാറ്റവും ഉണ്ടായില്ല. സന്തോഷങ്ങളിൽ‍ അമിതമായി സന്തോഷിക്കാതെയും സന്താപങ്ങളിൽ‍ നിര്‍വികാരമായും കാണപ്പെടാനുള്ള ഒരു അപൂർ‍വസിദ്ധി അമ്മച്ചിക്കുണ്ടായിരുന്നു.അപ്പച്ചന്റെ മരണത്തിനു ശേഷം വളരെ കഷ്ട്ടപ്പാടിലായിരുന്നു ഞങ്ങളുടെ കുടുംബം.പറക്കമുറ്റാത്ത മൂന്നു കുട്ടികളുമായി പ്രത്യേകിച്ചു വരുമാനം ഒന്നുമില്ലാത്ത ഒരു വീട്ടമ്മ ഒറ്റയ്ക്ക് തുഴഞ്ഞു മുന്നോട്ടു പോകുകയായിരുന്നു.എനിക്കും അനിയനും ജോലി കിട്ടിയതിനു ശേഷമായിരുന്നു അമ്മച്ചിക്ക് ഒരു സമാധാനമായത്.അപ്പച്ചന്റെ കടങ്ങൾ  വീട്ടി തീര്‍ക്കാനുള്ള ശ്രമങ്ങളിൽ‍ രണ്ടോ മൂന്നോ വര്‍ഷങ്ങൾ‍ കടന്നുപോയിരുന്നു. 
 
ബസ് കാത്തു നിൽ‍ക്കുമ്പോഴും,അതിനു ശേഷം ബസിൽ‍ കയറി ഇരിക്കുമ്പോഴും എല്ലാം മനസ്സില്‍ അമ്മച്ചി മാത്രമായിരുന്നു.മൂന്നാറിലേക്ക് സ്ഥലംമാറ്റം കിട്ടി   വന്നപ്പോള്‍,ഒരുപാട് നിർ‍ബന്ധിച്ചതിനു ശേഷമായിരുന്നു ഒരാഴ്ച അമ്മച്ചി വന്നു ക്വാർട്ടേഴ്സിൽ നിന്നത്.കടുത്തുരുത്തി വിടാന്‍ അമ്മച്ചിക്ക് ഒട്ടും ഇഷ്ട്ടമുണ്ടായിരുന്നില്ല.ഓഫീസിൽ‍ തിരക്കുള്ള ദിവസങ്ങളിലായിരുന്നു അമ്മച്ചി വന്നതെന്നതിനാൽ,അമ്മച്ചിയോടൊപ്പം അധികം സമയം ചെലവിടാൻ‍    പറ്റാഞ്ഞതിൽ  ഞാൻ‍ ഖിന്നനായിരുന്നു.അമ്മച്ചി ആശുപത്രിയിലാണ് എന്ന വാര്‍ത്ത കേട്ടപ്പോൾ‍,അന്ന് അമ്മച്ചിയുടെ കൂടെ അല്‍പ്പം കൂടി സമയം ചെലവിടാമായിരുന്നു എന്നും,അല്‍പ്പം കൂടി സ്നേഹം കൊടുക്കാമായിരുന്നു എന്ന് എനിക്ക് തോന്നി.ലോകത്ത് എന്തിനെക്കാളും ‍ അമ്മച്ചിയെ ഞാൻ  ഇഷ്ട്ടപ്പെടുന്നു എന്നത് അമ്മച്ചിക്കും അറിയാമായിരുന്നു എന്ന് എനിക്കുറപ്പായിരുന്നു.എങ്കിലും, അറിഞ്ഞോ അറിയാതെയോ എന്റെ കൈകളിൽ‍ നിന്ന് വന്ന പാകപ്പിഴകൾ‍ക്കോ,വേദനിപ്പിച്ചെക്കാവുന്ന വാക്കുകൾ‍ക്കോ ഞാൻ‍ മനസ്സാ കര്‍ത്താവിനോട് മാപ്പ് ചോദിച്ചു. 


വൈറ്റില  ബസ്സ്റ്റോപ്പിൽ,കടുത്തുരുത്തിക്കുള്ള  ബസ്  കാത്തു നിലക്കവേയായിരുന്നു ആ പരിചിത മുഖത്തെ കണ്ടത്.കോളേജിൽ ജൂനിയർ ആയി പഠിക്കുമ്പോൾ അറിയാം എന്നല്ലാതെ പേരറിയാത്ത  പലരിൽ ഒരാള്. ജോയിയല്ലേ  എന്ന് പറഞ്ഞു കൈയിൽ വന്നു പിടിച്ചപ്പോൾ പേരെന്താ എന്ന് ചോദിക്കാൻ  എനിക്ക് തോന്നിയില്ല.പരിഭ്രാന്തമായിരുന്നു  അയാളുടെ മുഖം. ഭാര്യ ലിസി ആശുപത്രിയിൽ  ആണെന്നും,വളരെ  അത്യാവശ്യമായത് കൊണ്ട് അല്പ്പം പണത്തിനായി  പലരെയും  സമീപിച്ചിട്ടും ഒന്നും ശരിയായില്ല എന്നയാൾ  പറഞ്ഞു."കാലം അതാണല്ലോ"  എന്നും കൂടി  അയാള്  കൂട്ടിച്ചേർത്തു.


"ജോയി ഒരു ആയിരം രൂപ തന്നു സഹായിച്ചാൽ നാളെ വൈകുന്നേരത്തിനകം പണം വീട്ടില് തന്നെ എത്തിക്കാം"എന്നയാൾ പറഞ്ഞു.എന്നാൽ  എന്റെ കൈവശം ആയിരം  ഉണ്ടായിരുന്നില്ല. കൈയിൽ ഉണ്ടായിരുന്നതിൽ മുന്നൂറു രൂപ അയാൾക്ക്‌ കൊടുക്കാം  എന്ന് ഞാൻ പറഞ്ഞു.  അടുത്ത നിമിഷം, ആ പണം  ആശുപത്രിയിൽ കൊണ്ട് കൊടുത്താലോ  എന്ന് ഞാൻ ഓർത്തു. ഒരുവേള അയാൾ കള്ളം പറയുന്നതാണെങ്കിലോ ?


എങ്കിൽ  നമുക്ക് ആശുപത്രിയിലേക്ക് പോകാം എന്ന് പറഞ്ഞപ്പോൾ അയാൾ പറഞ്ഞു."മുന്നൂറുരൂപ  തികയില്ല. ബാക്കി കൂടി ആരോടെങ്കിലും  വാങ്ങിയിട്ടേ  പോയിട്ട് കാര്യമുള്ളൂ എന്ന്".ഓർത്തപ്പോൾ  ശരിയാണെന്ന്  എനിക്കും  തോന്നി. ഫോണ്‍ നമ്പര്  കൊടുക്കുമ്പോൾ അയാളുടെ നമ്പർ ഞാൻ വാങ്ങിയില്ല.മുന്നൂറു  രൂപയ്ക്കു വേണ്ടി ഒരാളെ  അവിശ്വസിക്കേണ്ട  കാര്യമില്ല  എന്നെനിക്കു  തോന്നി. 
  
ആശുപത്രിയിൽ‍ ചെല്ലുമ്പോൾ‍ അമ്മച്ചി ഒരു ചെറുമയക്കത്തിലായിരുന്നു. ജോസ്മോന്‍ അരികിൽ  തന്നെ ഉണ്ടായിരുന്നു.കാലത്തെ അമ്മക്ക് ഒരു തലചുറ്റൽ‍ അനുഭവപ്പെട്ടു എന്നും,ഉടനെ തന്നെ ആശുപത്രിയിൽ‍ എത്തിക്കുകയായിരുന്നു എന്നും അവന്‍ പറഞ്ഞു.എന്നെ കാണണം എന്ന് അമ്മച്ചി പറഞ്ഞു എന്നും.
 "അമ്മച്ചിക്ക് ഒന്നുമില്ല"എന്ന് മാത്രമേ കണ്ണ്  തുറന്ന് എന്നെ  കണ്ടപ്പോൾ  അമ്മച്ചി  പറഞ്ഞുള്ളൂ. ആ ശോഷിച്ച  കൈകളിൽ പിടിച്ചപ്പോൾ  എങ്ങും കിട്ടാത്ത ഒരു  സുരക്ഷിതത്വം എനിക്ക്  തോന്നി.അമ്മച്ചിക്ക്  ഏറ്റവും  ഇഷ്ട്ടമുള്ള മാങ്ങയുടെ ഒരു പൊതി കൈയിലേക്ക്‌  കൊടുക്കുമ്പോൾ എപ്പോഴും പറയാറുള്ളത് തന്നെ അമ്മച്ചി പറഞ്ഞു. " മാത്യു സാർ വരുമ്പോൾ എപ്പഴും മാങ്ങാ കൊണ്ടുവരുമായിരുന്നു.മാങ്ങാപ്പച്ചൻ എന്നായിരുന്നു  ജോണിമോൻ അപ്പച്ചനെ  ചെറുപ്പത്തിൽ  വിളിച്ചിരുന്നത്‌ "എന്ന് പറഞ്ഞപ്പോൾ  അമ്മച്ചിയുടെ  കണ്ണുകൾ   നിറഞ്ഞുവോ ?


അമ്മച്ചിക്ക്  കുഴപ്പമൊന്നും ഇല്ല എന്ന് പറഞ്ഞു അന്ന്  തന്നെ ഡിസ്ചാർജു ചെയ്തു.രണ്ടു ദിവസം മുഴുവൻ ഞാൻ അമ്മച്ചിയുടെ കൂടെ തന്നെ ചിലവഴിച്ചു.കഷ്ട്ടപ്പാടുകളുടെ  പഴയകഥകൾ  വീണ്ടും  വീണ്ടും അമ്മച്ചി ആവർത്തിച്ചപ്പോഴും ഞാൻ അമ്മച്ചിയെ  വിലക്കിയില്ല.ജീവിതത്തിൽ  ആ അനുഭവങ്ങൾ എന്നും എനിക്ക് ശക്തിയേകട്ടെ  എന്നാ പാവം  വിചാരിച്ചിരിക്കുമോ ?


പണവുമായി  പഴയ കോളേജ്മേറ്റ് വന്നില്ല.ഫോണ്‍ വിളിയും ഉണ്ടായില്ല. കബളിപ്പിക്കപ്പെട്ടു എന്ന് ഉറപ്പായിട്ടും എനിക്ക്  അയാളോട്  ദേഷ്യം തോന്നിയില്ല.പക്ഷെ കള്ളനാണയങ്ങൾക്കിടയിൽ,എങ്ങനെ നമ്മൾ യഥാർത്ഥത്തിൽ  സഹായം  വേണ്ടവരെ തിരിച്ചറിയും  എന്നോർത്ത് മാത്രമേ  ഞാൻ വിഷമിച്ചുള്ളൂ.


തിരിച്ചു പോകാനായി  ഇറങ്ങുമ്പോൾ"പുതു ഞായറാഴ്ച നമുക്ക് കുരിശുമലക്ക് പോകാം"എന്ന് അമ്മച്ചി  പറഞ്ഞത് കേട്ട് ഞാൻ  ഞെട്ടി. പോകാമെന്നോ  വേണ്ടെന്നോ പറയാതെ  ഞാൻ മൂന്നാറിലേക്ക്  പുറപ്പെട്ടു.


വൈറ്റില  ബസ്റ്റാന്ഡിൽ  മൂന്നാറിനുള്ള ബസ്  കാത്തിരിക്കവേ സായാഹ്നപത്രം വായിക്കയായിരുന്നു  ഞാൻ.രോഗപീഡയിൽ  വലഞ്ഞ കുടുംബം കൂട്ടആത്മഹത്യ ചെയ്തു എന്ന  വാർത്തയോടോപ്പം കൊടുത്തിരുന്ന  കുടുംബചിത്രത്തിലെ  മുഖത്തിന്‌ പഴയ കോളേജ്മേറ്റിന്റെ  വിദൂരശ്ചായ ഉണ്ടായിരുന്നു.

പുതു ഞായറാഴ്ച, കുരിശുമല കയറാൻ  അമ്മച്ചിയെ കൊണ്ടുപോകണം എന്ന് എന്തുകൊണ്ടോ  എനിക്ക്  തോന്നി.  




കൂടുതൽ വായനക്ക്:

1. വണ്ടിപെരിയാരിലേക്കുള്ള അവസാനത്തെ വണ്ടി


2.വണ്ടിപ്പെരിയാറിലേക്ക് ഒരു യാത്ര




3.കുന്തി ജോസഫും കുചേലന്‍ ജോയിമോനും.




4.വേഷപ്രശ്ചന്നരാകുന്ന അടക്കകള്‍



May 30, 2013

ഫ്ലാറ്റ് നമ്പർ 13 - വസുന്ധരാ എൻക്ലേവ്

ചില്ലറ കാര്യങ്ങളിൽ തുടങ്ങിയ അഭിപ്രായവ്യത്യാസങ്ങൾ ഒരു വലിയ വഴക്കിലേക്ക് നയിക്കാനും,കല്യാണി ശബ്ദമുയർത്തി സംസാരിക്കുന്നത് അസഹനീയമായി തോന്നാനും  തുടങ്ങിയപ്പോൾ രഘുനാഥൻ ഫ്ലാറ്റ് പൂട്ടി പുറത്തേക്കു നടന്നു.മരിച്ചു കളഞ്ഞാലോ എന്നയാൾക്ക് തോന്നി.
 
 



ഈയിടെയായി കല്യാണി ഇങ്ങനെയാണ്.ചെറിയ ചെറിയ കാര്യങ്ങൾക്ക് വഴക്കുണ്ടാക്കും.ശബ്ദമുയർത്തും,പാത്രങ്ങളെറിഞ്ഞുടക്കും.സാധാരണയായി   അയാൾ പ്രതികരിക്കാത്തതിനു മൂന്നു കാര്യങ്ങൾ ഉണ്ടായിരുന്നു.ഒന്ന്, രണ്ടു കൈകൾ കൂട്ടിയടിച്ചാലെ ശബ്ദം ഉണ്ടാവൂ എന്ന തിരിച്ചറിവ്.രണ്ട്,മിക്കവാറും കല്യാണിയുടെ ഭാഗത്താവും ന്യായം എന്നതു.മൂന്നു അയാൾ കല്യാണിയെ അതിരറ്റു സ്നേഹിക്കുന്നത് കൊണ്ട് .

ഡൽഹിയിലുള്ള വസുന്ധരാ എൻക്ലേവിലെ ഒരു ബിൽഡിങ്ങിൽ,ഫ്ലാറ്റ്  നമ്പർ പതിമ്മൂന്നിൽ  ആയിരുന്നു  അവർ കഴിഞ്ഞ  രണ്ടു വർഷമായി  താമസിച്ചിരുന്നത്.ഫ്ലാറ്റ്നമ്പർ  പതിമൂന്നു  എന്നുള്ളത്  പന്ത്രണ്ടു  ആക്കാത്തതിനായിരുന്നു പുതിയ വഴക്ക്.കുട്ടികൾ  ഉണ്ടാകാത്തത്  പതിമൂന്നിന്റെ  നിർഭാഗ്യം  ആണെന്ന്  അവൾ പറഞ്ഞു.നാല്  വര്ഷം മറ്റു പലയിടങ്ങളിൽ  താമസിച്ചിട്ടും  ഒന്നും സംഭവിച്ചില്ലല്ലോ  എന്നുള്ള അയാളുടെ  ചോദ്യമായിരുന്നു  വഴക്കിനു തിരി കൊളുത്തിയത്. ഒരു  ഫ്ലവർവേസ് പൊട്ടലായിരുന്നു  ആദ്യത്തെ  അതിന്റെ  പ്രതികരണം.
 
 
വിവാഹത്തിന്  ആറു വർഷങ്ങൾക്കു ശേഷവും കുട്ടികൾ ഉണ്ടാവാത്തതാണ് കല്യാണിയുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾക്കു മൂലകാരണം എന്നറിയാമെങ്കിലും,അതിലുള്ള വിഷമത്തിന്റെ കൂടെ മനസമാധാനം നഷ്ട്ടമായുള്ള ഈ ജീവിതത്തിൽ അയാൾക്ക്‌ മടുപ്പ് തോന്നിത്തുടങ്ങിയിരുന്നു.അവധി ദിനങ്ങളെ അയാൾ പേടിച്ചു.ദിവസേനയുള്ള വഴക്കുകളും അതിനുശേഷമുണ്ടാകാറുള്ള അതിഭീകരമായ നിശ്ശബ്ദതയും,  ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്നുള്ള ചിന്തയിലേക്ക് അയാളെ ‌  ഇടയ്ക്കിടെ എത്തിച്ചിരുന്നു.എങ്കിലും സ്വയം മരിക്കാൻ അയാൾക്ക്‌ പേടിയായിരുന്നു എന്നതായിരുന്നു സത്യം.
 
 
ദൽഹി തണുത്തുറഞ്ഞു കിടക്കയായിരുന്നു.തന്റെ മാരുതി എണ്ണൂറിൽ തികച്ചും അശ്രദ്ധമായി സഞ്ചരിക്കവേ,ഏതെങ്കിലും ഒരു വാഹനം വന്നു തന്റെ കാര് തകർത്തു തരിപ്പണമാക്കും എന്നയാൾ വ്യാമോഹിച്ചു.പക്ഷെ ഒന്നും സംഭവിച്ചില്ല.   
 
 
മൂന്നുവർഷത്തേക്കുള്ള ഉത്തരേന്ത്യൻ സ്ഥലംമാറ്റം ബാങ്കിൽ നിന്ന് അറിയിച്ചപ്പോൾ,സന്തോഷത്തോടെയായിരുന്നു അയാൾ സ്വീകരിച്ചത്. എന്താണ് കുട്ടികൾ ഉണ്ടാകാത്തത് എന്നുള്ള ചോദ്യത്തെ നേരിട്ട് മടുത്ത അവസരത്തിൽ ഒരു മാറ്റം കൂടി ജീവിതത്തിനു അനിവാര്യതയായിരുന്നു. ഡൽഹിയിൽ വന്നിട്ടും ചികിത്സകൾ തുടർന്നിട്ടും ഫലമുണ്ടാകാത്ത അവസ്ഥയിൽ കല്യാണിയോട് പലവട്ടം ഒരു കുട്ടിയെ ദത്തെടുക്കുന്നതിനെ അയാള് സംസാരിച്ചുവെങ്കിലും കല്യാണി അനുകൂലമല്ലായിരുന്നു. 
 
 
ബാങ്കിലെത്തി അയാൾ   രണ്ടു കത്തുകൾ തയാറാക്കി.ഒന്ന് കല്യാണിക്കും മറ്റൊന്ന് മേലുദ്യോഗസ്ഥനും.രണ്ടും കവറിലാക്കി അയാൾ കാറിൽ തന്നെ വെച്ചതിനു ശേഷം നദിക്കരയിലേക്ക് പൊയി.യമുനാനദിയിലേക്ക് വണ്ടി ഓടിച്ചിറങ്ങാമെന്നും,വേദനാജനകമല്ലാത്ത ഒരു   മരണത്തെ    പുൽകാമെന്നും അയാള് ഓർത്തു.
 

നദിയിലേക്ക് നയിക്കുന്ന ചെറിയ വഴിയിലൂടെ അവിടെ ചെല്ലുമ്പോൾ താടിയും മുടിയും  നീട്ടിവളർത്തിയ  ഒരാൾ   കുളിക്കുന്നുണ്ടായിരുന്നു.അയാള് കയറിപ്പോകട്ടെ എന്നുള്ള വിചാരത്തിൽ വണ്ടി നിർത്തി പിന്നോട്ടു ചാരിക്കിടക്കവേ വീട്ടിലെ നമ്പരിൽ നിന്നും ഫോണ്‍‍ വന്നു.കുറച്ചു നിമിഷങ്ങള്ക്ക് ശേഷം, കല്യാണിയുടെ മൊബൈൽ നമ്പരിൽ നിന്നും ഒരു കാൾ കൂടിയെത്തി.കല്യാണിയോടു സംസാരിച്ചാൽ ചിലപ്പോൾ മരിച്ചേക്കാം എന്നുള്ള തീരുമാനം മാറ്റേണ്ടി വന്നാലോ എന്ന് ഭയപ്പെട്ടതിനാൽ ‍ അയാൾ ഫോണ്‍ ‍ എടുത്തില്ല.
  
 
കുളി കഴിഞ്ഞു താടിക്കാരൻ  വസ്ത്രങ്ങൾ മാറ്റി ധരിച്ചു.ശേഷം,   കൈയിലുണ്ടായിരുന്ന ഭാണ്ടക്കെട്ടുമായി  അടുത്ത് തന്നെയുള്ള ഒരു മരത്തണലിൽ അയാൾ ചാരിയിരുന്നപ്പോൾ,തന്റെ ഇംഗിതം നടക്കണമെങ്കിൽ വേറെ എവിടെ എങ്കിലും പോകണം എന്ന് രഘുനാഥനു തോന്നി.തന്റെ കൈയിൽ മിച്ചമുള്ള പണം അയാൾക്ക്‌  കൊടുക്കാമെന്നും.അല്ലെങ്കിൽ  തന്നെ മരിക്കാൻ പോകുന്നവന് എന്തിനു പണം ?
 
പേഴ്സിൽ ഇരുന്ന പണം മുഴുവൻ അയാളുടെ നേരെ നീട്ടുമ്പോൾ,താടിയും മുടിയും നീട്ടിയ അയാളുടെ മുഖത്ത് എന്തൊരു ശാന്തത എന്ന് രഘുനാഥൻ അതിശയിച്ചു.പണം അയാൾ  വാങ്ങിയില്ല പകരം"നിങ്ങൾ മരിക്കാൻ പോകുന്നോ"എന്നുള്ള ചാട്ടുളി പോലുള്ള ചോദ്യത്തിൽ രഘുനാഥൻ,ഒന്ന് പരുങ്ങി.തന്റെ  മാനസികവ്യാപാരങ്ങൾ  എങ്ങനെ  ഈ  മനുഷ്യൻ മനസ്സിലാക്കി  എന്നയാൾ  അത്ഭുതപ്പെട്ടു."ഈ ലോകത്തിൽ,ഓരോരുത്തര്ക്കും ഓരോ ദൌത്യം ഉണ്ടെന്നും,നിങ്ങളുടേത് എന്ത് എന്ന് നിങ്ങള്ക്കറിയാമോ" എന്നുള്ള അയാളുടെ ചോദ്യത്തിന് ഉത്തരം തേടി രഘുനാഥന്റെ മനസ്സ് അലയവേ ഭാണ്ടക്കെട്ടുമായി അയാൾ നടന്നകന്നു.

വീട്ടിലേക്കു  പോകാൻ  അയാൾക്ക്‌  തോന്നിയില്ല. കരോൾ ബാഗിലുള്ള  ജോസഫേട്ടന്റെ കടയിൽ പോയി എന്തെങ്കിലും  കഴിച്ചാലോ  എന്ന  ചിന്തയിൽ വണ്ടി  തിരിക്കുമ്പോൾ കല്യാണി  എന്തിനായിരിക്കും  വിളിച്ചിരിക്കുക  എന്ന് ഒരു  നിമിഷം അയാള്  ചിന്തിച്ചു.   


ജോസഫേട്ടന്റെ  കടയിൽ  എല്ലാവരും  ടി.വി  കാണുകയായിരുന്നു.ആ കടയുടെ  പിന്നിൽ  തന്നെയുള്ള ഒരു  തെരുവിനെ പറ്റി തന്നെയുള്ള  ഒരു പ്രോഗ്രാം  ആയിരുന്നു  ടി.വിയിൽ  കാണിച്ചുകൊണ്ടിരുന്നത്‌.വളകളിൽ ഡിസൈൻ ചെയ്യുന്ന  ഒരു  കുടുംബം.ഒരു ഡസൻ വളകളിൽ  മുത്തുകൾ ഒട്ടിച്ചാൽ  എത്ര  രൂപ  കിട്ടും  എന്ന  ചോദ്യത്തിന്,പന്ത്രണ്ടോ  പതിനഞ്ചോ  വയസ്സ്  പ്രായമുള്ള  ഒരു പെണ്‍കുട്ടി  രണ്ടു  രൂപ  എന്ന്  മറുപടി  നല്കി.ആറു  അംഗങ്ങൾ  ഉള്ള  അവളുടെ  കുടുംബം  ഒരു  ദിവസം എത്ര ഡസൻ ഉണ്ടാക്കും   എന്ന  ചോദ്യത്തിന് മുപ്പതോ  നാല്പ്പതോ  എന്ന  മറുപടി  കേട്ട്  അറുപതോ  എണ്‍പതോ  രൂപയാണ്,ഒരു ദിവസത്തെ  ആ കുടുംബത്തിന്റെ   വരുമാനം  എന്ന്  തിരിച്ചറിവിൽ രഘുനാഥൻ  സ്ഥബ്തനായി.വീട്ടില് നിന്നും  ബാങ്കിൽ പോകാൻ  വേണ്ടി പെട്രോൾ  അടിക്കാൻ  തന്നെ  ഏകദേശം അത്ര  തന്നെ വേണമല്ലോ എന്നയാൾ  ഓർത്തു.മരണം  എന്ന ഭീകരമായ   അവസ്ഥയിൽ നിന്നും എത്രയോ  മഹത്തരമാണ്  കഷ്ട്ടപ്പാട് നിറഞ്ഞതെങ്കിലും  ജീവിതം എന്ന്  അപ്പോൾ       അയാൾക്ക്‌ തോന്നി.ഒരു സിനിമക്ക് പോയേക്കാം  എന്ന ലാഖവത്തോടെ മരണത്തിലേക്ക്  നടന്നു  ചെല്ലാൻ  തീരുമാനിച്ചതിൽ   ലജ്ജയും.ചെറിയ  ചെറിയ  വഴക്കുകളിൽ  വിഷമിച്ചു  ജീവിതമൊടുക്കാൻ പോയ  തന്റെ ചിന്തയെ  അയാൾ സ്വയം പഴിച്ചു .


വീട്ടിലേക്കു പോകും മുന്നേ,ആ  തെരുവിൽ നിന്നും  ഒന്നോ  രണ്ടോ  ഡസൻ വളകൾ  വാങ്ങിയേക്കാം  എന്നയാൾ തീരുമാനിച്ചു.വളകൾ ഉണ്ടാകുന്ന  ആ  കുടുംബത്തെ  സഹായിക്കുക  എന്നതും ഒരു  കാരണമായിരുന്നു.സ്കൂളിൽ  പഠിക്കുന്ന പ്രായമുള്ള  ഒരു പെണ്‍കുട്ടിയിൽ നിന്നും   രണ്ടു  ഡസൻ  വളകൾ  വില  പേശാതെ  തന്നെ  അയാള്  വാങ്ങി.ബാക്കി  വന്ന  രണ്ടു  രൂപ എടുത്തോളാൻ പറഞ്ഞപോൾ,അയാളെ തികച്ചും അത്ഭുതപ്പെടുത്തി ഒരു ചെറു  ചിരിയോടെ  ഒരു ഡസൻ  കുഞ്ഞു കരിവളകൾ കൂടി അവൾ  നീട്ടി.രഘുനാഥന്റെ കണ്ണിൽ ഒരു ചെറു കണ്ണീർക്കണം ഉരുണ്ടു കൂടി. "യെ നഹി ചായിയെ ബേട്ടി...ഹമേ  ബച്ചേ നഹി ഹേ" എന്നയാൾ വിഷമത്തോടെ  പറഞ്ഞു."ഫികർ  മത് കരോ..ഭഗവാൻ ആപ്കോ ബച്ചേ സരൂർ ദേംഗേ   ചാച്ചാജീ"എന്ന് പറഞ്ഞു    നിര്ബന്ധിച്ചു  അവൾ  വളകൾ  അയാൾക്ക്‌ കൊടുത്തു.

ഫ്ലാറ്റ് നമ്പർ  പതിമൂന്നിൽ  കല്യാണി  ഉണ്ടായിരുന്നില്ല.വാതിൽ പൂട്ടിയിരുന്നു. തന്നോട്  വഴക്കിട്ടു കല്യാണി എന്തെങ്കിലും  കടുംകൈ ചെയ്തിട്ടുണ്ടാവുമോ  എന്ന്  അയാൾ ഭയന്നു.കാലത്തെ  അവളെ  കഠിനമായി  വേദനിപ്പിക്കത്തക്കത് എന്തെങ്കിലും  പറഞ്ഞുവോ  എന്ന്  തന്നോട്  തന്നെ  ചോദിച്ചു കൊണ്ട്    അയാൾ   കല്യാണിയുടെ മൊബൈലിലേക്ക്  ഡയൽ  ചെയ്തു.

നീണ്ട  ബെല്ലുകൾക്ക് ശേഷം കല്യാണിയുടെ ക്ഷീണിച്ചതെങ്കിലും  സന്തോഷം  നിറഞ്ഞ സ്വരം അയാൾ  കേട്ടു. ആശുപതിയിൽ  ആണ് എന്നവൾ പറഞ്ഞു. ദൈവം  നമ്മുടെ  പ്രാര്ത്ഥന  കേട്ടു  എന്നും.

കൈയിലിരുന്ന ചെറിയ കൂട്  തുറന്നു കരിവളകൾ എടുത്തു  ഉമ്മ  വെക്കുമ്പോൾ  അയാളുടെ  കണ്ണുകൾ  നിറഞ്ഞൊഴുകി .



May 16, 2013

അതിവേഗ റെയിൽ വരുമ്പോൾ

 526 കിലോമീറ്റർ ദൂരമുള്ള അതിവേഗ റെയിൽ കേരളത്തിൽ വന്നാൽ  കേരളം വികസിക്കുമോ?ഏക ദേശം ആറായിരത്തിൽ അധികം കുടുംബങ്ങളെ പുനരധിവസിപ്പിച്ചു,1,18,000 കോടി രൂപ ചിലവാക്കി ഈ പദ്ധതി നടത്തിയാൽ ആർക്കാണ് അതിന്റെ യഥാർത്ഥ  പ്രയോജനം എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം.
 
രണ്ടര മണിക്കൂറിൽ   കാസർഗോഡ്‌   നിന്നും തിരുവനന്തപുരത്ത് എത്തുന്ന പൂര്ണ്ണമായും എയർ കണ്ടീഷൻ ചെയ്ത ട്രെയിൻ ആണ് വിഭാവനം ചെയ്തിരിക്കുന്നത്.അതിനു വേണ്ടി ചിലവാക്കുന്ന തുകയിൽ എണ്‍പത് ശതമാനം ജാപ്പനീസ് സഹായത്തോടുകൂടി എന്ന് പറയപ്പെടുന്നു.
 
 
ഈ പണത്തിന്റെ ഒരു വളരെ ചെറിയ ശതമാനം ഉണ്ടായിരുന്നെങ്കിൽ കേരളം മുഴുവൻ പാത ഇരട്ടിപ്പിക്കാമായിരുന്നു.അല്ലെങ്കിൽ നേരത്തെ മുനീർ   മന്ത്രിയായിരുന്നപ്പോൾ വിഭാവനം ചെയ്ത എക്സ്പ്രെസ്സ് ഹൈവേ നിര്മ്മിക്കാമായിരുന്നു. കേരളത്തിന്‌ വേണ്ടത് അതായിരുന്നു.കടം എടുത്താൽ ഇത്രയും പണം എന്ന് കൊടുത്തു തീരും എന്നോ,ഈ പണം എന്ന് ബ്രേക്ക്‌ ഈവൻ ആയി തീരും എന്നോ ഒരു കണക്കു ഉണ്ട് എന്ന് തോന്നുന്നില്ല.അതുപോലെ തന്നെ അതിവേഗ റെയിൽ വരുമ്പോൾ ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക വ്യതിയാനങ്ങൾ എന്തൊക്കെയാണ് എന്നതിലും ഒരു പഠനം നടന്നു എന്ന് തോന്നുന്നില്ല.  
 
 
കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് ഹൈ-സ്പീഡ് റെയിലിൽ എത്താനുള്ള ചിലവ് പരിഗണിച്ചാൽ എത്ര സാധാരനക്കാര്ക്ക് അത് താങ്ങനാകും എന്നതാണ് പ്രധാന കാര്യം.പത്തു ശതമാനം മാത്രം കയറാറുള്ള എ.സി കോച്ചുകൾ പോലും ഒഴിവാക്കുന്ന സാധാരണക്കാരൻ,ഈ വലിയ തുക മുടക്കി കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുമോ ?
 
 
നമ്മുടെ നാട്ടിൽ ഇതേ വരെയായി റെയിൽ പാത ഇരട്ടിപ്പിക്കൽ പോലും പൂർത്തിയായിട്ടില്ല.മുട്ടിനു മുട്ടിനു സ്റ്റോപ്പ്‌ അനുവദിപ്പിച്ചു   തീവണ്ടിയാത്ര ദുരിതത്തിൽ ആക്കുന്ന നമ്മുടെ രാഷ്ട്രീയക്കാർ, ലക്ഷം കോടികളുടെ വികസനം കൊണ്ടുവരാതെ അതിവേഗതീവണ്ടികൾ കൂടുതൽ അനുവദിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.കേരളത്തിന്‌ എല്ലാ തവണയും അവഗണന മാത്രമാണ് റെയിൽവേ മന്ത്രാലയം തന്നു കൊണ്ടിരിക്കുന്നത്.കേന്ദ്രവും കേരളവും ഒരേ   കക്ഷി ഭരിച്ചിട്ടു പോലും ഒരു പുതിയ തീവണ്ടി പോലും അനുവദിപ്പിക്കുക എന്നത് പോലും നടക്കാതെ വരുമ്പോൾ കൂടുന്നത് സാധാരണക്കാരന്റെ ബുദ്ധിമുട്ടാണ്.
 
 
അടിസ്ഥാന സൌകര്യങ്ങളായ ശുദ്ധജലം,വെളിച്ചം,ആതുര സൌകര്യങ്ങൾ എന്നിവ പോലും,എല്ലായിടത്തും അപ്രാപ്യമായ കേരളത്തിൽ,1,18,000  കോടി രൂപയുടെ ഒരു പദ്ധതി വരുമ്പോൾ അതിന്റെ ഗുണഭോക്താക്കൾ പൊതു ജനങ്ങള് അല്ല,മറ്റു പലരുമാണ്‌.
 
 
വികസനത്തിൽ മുന്നിട്ടു നില്ക്കുന്ന ഗുജറാത്ത്, നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട് എന്നിവിടങ്ങളിൽ ഇല്ലാത്ത ഹൈ-സ്പീഡ് റെയിൽ കൊണ്ട് നമുക്ക് എന്ത് വികസനമാണ് വരാൻ പോകുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രമുഖ കാർ നിര്മാതാക്കലായ ബി.എം.ഡബ്ല്യു  - ഫോർഡ്,  എന്നിവയൊക്കെ കേരളത്തെ പരിഗണിച്ചതിന് ശേഷം    തമിഴ്നാട്ടിലേക്ക് പോയത് അവിടെ അതിവേഗ തീവണ്ടി ഉണ്ടായത് കൊണ്ടല്ല, മറിച്ചു വ്യവസായങ്ങൾ അവിടെ എത്തിച്ചു നാടിനെ പുരോഗതിയിൽ എത്തിക്കാനുള്ള ഇശ്ചാശക്തിയുള്ള ഒരു  നേതൃത്വം  അവിടെ ഉള്ളതുകൊണ്ടാണ് . 
 
പത്തുശതമാനം   പേർക്ക് സുഖമായി സഞ്ചരിക്കാൻ ബാക്കി വരുന്ന തൊണ്ണൂറു ശതമാനം പേരുടെ നികുതിപ്പണം പൊടിക്കണമോ എന്നതാണ് പ്രസക്തമായ ചോദ്യം . 

Apr 1, 2013

റിട്ടേണ്‍ ഓഫ് ഓമനക്കുട്ടന്‍: സീസണ്‍ കഷ്ട്ടകാലം

സാഹചര്യങ്ങളുടെ സമ്മര്ദത്താല്‍ ‍ ആദ്യരാത്രിയുടെ പിറ്റേന്ന് ഗള്‍ഫിലേക്ക് കടന്ന ഓമനക്കുട്ടന്ഒന്നരവര്ഷങ്ങള്ക്ക്ശേഷം ബീഹെഡിംഗ് കമ്പനി മുതലാളി കനിഞ്ഞു നല്‍കിയ നാല്പത്തഞ്ചു ദിവസത്തെ പരോളുമായി വീണ്ടും നാട്ടിലെത്തി.


എമിഗ്രഷനിലെ പതിവ് മണ്ടൻ ചോദ്യങ്ങളിൽ നിന്നും(വീടെവിടെ, അവിടെ അടുത്തൊരു പള്ളിയുണ്ടല്ലോ,അതിനടുത്ത് നില്ക്കുന്ന അടക്കാമരം ഈ തവണ കായ്ചൂന്നു കേട്ടു ) രക്ഷ നേടി, ഓമനക്കുട്ടൻ പുറത്തെത്തി .നൂറു വാട്ട് ബൾബു ഇടേണ്ട സ്ഥാനത് സീറോ വാട്ട് ബൾബു ഇട്ട മാതിരിയുള്ള മുഖഭാവവുമായി സുഗന്ധി പുറത്തു കാത്തുനിൽക്കുന്നുണ്ടായിരുന്നു .


വണ്ടി ഓടിക്കുന്ന പയ്യൻ, മരണം അറിഞ്ഞു വന്ന മുഖഭാവത്തിൽ ഇരുന്നപ്പോൾ,തലേദിവസം ഏതെങ്കിലും യുവജന സംഖടനയുടെ കലക്ട്രെട്ടു പിക്കറ്റിങ്ങിൽ പങ്കെടുത്തു അടിമേടിച്ചു കെട്ടിയതാവും എന്ന് ഓമനക്കുട്ടൻ ആശ്വസിച്ചു.സുഗന്ധി ഒന്നും മിണ്ടാതെയിരുന്നപ്പോൾ, ഒന്നരവർഷമായി, ഓഡിയോ ,വീഡിയോ ചാറ്റിൽ മാത്രം കണ്ടിട്ടുള്ള മഹാത്മാവിനെ നേരിട്ട് കാണുമ്പോഴുള്ള നാണമായിരിക്കും എന്ന് ഓമനക്കുട്ടൻ ഓർത്തു.എന്നാൽ സുഗന്ധിക്ക് ഫേസ്ബുക്ക്‌ ഓപ്പണ്‍ ചെയ്യാനുള്ള അനുവാദം കൊടുത്തിരുന്നെങ്കിൽ അവളെ കണ്ടു പിടിക്കണമെങ്കിൽ പിന്നെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പോകേണ്ടി വരുമായിരുന്നല്ലോ എന്നോർത്ത് തന്റെ ദീർഖദൃഷ്ട്ടിയിൽ ഓമനക്കുട്ടൻ അഭിമാനിച്ചു .

 
ചായ കുടിക്കാനായി പന്തളത്ത് ഒരു കാപ്പിക്കടയിൽ വണ്ടി നിർത്തിയപ്പോൾ, ഒരു അല്ഭുതവസ്തുവിനെ കാണുന്നപോലെ ആൾക്കാർ ചുറ്റിനും കൂടി.സാധാരണയായി ആൾക്കാർ ചോദിക്കുന്ന"എന്നാ വന്നെ, എപ്പഴാ പോണേ " എന്നീ ചോദ്യങ്ങല്ക്ക് പകരം , ' അവിടുന്നെല്ലാരും തിരിച്ചു പോരുകാ അല്ലെ ?" എന്നുള്ള ചോദ്യവും, "ഇനീപ്പം ഗൾഫിൽ പോയിട്ട് ഒരുകാര്യോമില്ല " എന്നുള്ള മുനവെച്ച ആത്മഗതവും കൂടി കേട്ടപ്പോഴാണ്, സാധാരണയായി എയര് ഇന്ത്യയുടെ രൂപത്തില് വരുന്ന കഷ്ട്ടകാലം ഈ തവണ സൗദിയിലെ സ്വദേശീവല്ക്കരണം എന്ന രൂപത്തിലാണ് വരുന്നത് എന്ന് ഓമനക്കുട്ടന് മനസ്സിലായത്‌.


ഓമനക്കുട്ടൻ വരുന്നത് പ്രമാണിച്ച്,പങ്കുവമ്മാവൻ ഹാജരുണ്ടായിരുന്നു.സ്വര്ണത്തിനു വിലക്കുറഞ്ഞത്‌ മൂലം, കുശല അടിച്ചു മാറ്റിയ നൂറ്റൊന്നു പവൻ തിരിച്ചു കൊടുത്ത വകയിൽ ഏകദേശം രണ്ടുലക്ഷം രൂപ ലാഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു മ്മാവൻ. സ്റ്റുഡിയോ പൊട്ടി പാളീസായെന്നും ഫോട്ടോഗ്രാഫർ ഷൈൻ പ്രാവുംകൂട്, അസിസ്റ്റന്റ്‌ ഡയറക്ടർ എന്നും പറഞ്ഞു, ഏതോ സീരിയലുകാരുടെ ക്യാമറ ചുമക്കുകയാണെന്നുമുള്ള സുഗന്ധിയുടെ വിക്കിലീക്സിന്റെ വെളിച്ചത്തിൽ, .കുശലക്കും ഷൈനും സുഖമല്ലേ എന്ന് ചോദിച്ചപ്പോൾ പങ്കുവമ്മാവൻ .ഷൈൻ പ്രാവുംകൂടിനെ രണ്ടു ചീഫ്ബീപ് അടിച്ച ശേഷം,ഒരുതരം സാഡിസ്ടിക് പ്ലഷരിൽ ഒരു താങ്ങ് താങ്ങി. "പറഞ്ഞു വിട്ടു...ല്ലേ..സാരമില്ലടാ,എല്ലാം വിധിയാണെന്ന് കരുതി സമാധാനിക്യാ.."അതിനു ശേഷം "വാര്ക്കപ്പണിക്കും ചുമട് എടുക്കാനും പോലും ഇവിടെ ആളെ കിട്ടാനില്ലാതിരിക്കുകയാ " എന്നുള്ള കോള് വെച്ച ഡയലോഗും കൂടി കേട്ടപ്പോൾ "എന്നാ പിന്നെ തമിഴ്നാട്ടിൽ സീരിയല് ക്യാമറാ ചുമ്മുന്നതിനു പകരം നാട്ടിലെങ്ങാനും വല്ല ചുമടും എടുത്തു നടക്കാൻ മരുമകനോട്‌ പറയണം"എന്ന് പറഞ്ഞപ്പോൾ,പണ്ട് പങ്കുവമ്മാവൻ സമാധിയാകുമ്പോൾ മനസ്സില് പൊട്ടിക്കാൻ സൂക്ഷിച്ചുവെച്ച രണ്ടു ലഡു ചിലവായി എന്ന് ഓമനക്കുട്ടന് മനസ്സിലായി.


ഓമനക്കുട്ടൻ വരുന്നതറിഞ്ഞ് ഒരു ചെറിയ ജനക്കൂട്ടം കാസനോവ കണ്ടിറങ്ങിയ ഫാന്സിനെപ്പോലെയുള്ള മുഖഭാവവുമായി, അവിടെ ഉണ്ടായിരുന്നു.അവർ ഓമനക്കുട്ടന്റെ ജാഡജീവിതത്തിനു ഒരന്ത്യമായതിൽ ഉള്ളുകൊണ്ട് സന്തോഷിക്കുകയും,എന്നാൽ പുറമേ സര്ക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിക്കുന്ന ഇടതുപക്ഷക്കാരനെപ്പോലെ അമ്മായിയെയും യുവരാജാവിനെയും തെറി വിളിക്കയും ചെയ്തു.തന്റെ പണി പോയിട്ടില്ലെന്നും നാല്പ്പത്തഞ്ചു ദിവസം കഴിഞ്ഞു താൻ തിരിച്ചു പോകുകയും ചെയ്യും എന്ന ഓമനക്കുട്ടന്റെ പ്രഖ്യാപനം ആരും വിശ്വസിച്ചില്ല .

 
ഓമനക്കുട്ടനെ ഗൾഫിൽ നിന്നും പിരിച്ചു വിട്ടു എന്ന വിവരം പ്രാവുംകൂട് മുഴുവൻ ഫ്ലാഷായി. ആള്ക്കാരുടെ ചോദ്യം മൂലം വീട് വിട്ടിറങ്ങാതെ ഓമനക്കുട്ടൻ തന്റെ പരോൾ കൂടുതൽ വികസനോന്മുഖമായ പ്രക്രിയക്കായി നീക്കിവെച്ചു.തിരിച്ചു വന്ന ഓമനക്കുട്ടന്റെ പുനരധിവാസത്തിന് വേണ്ടി മന്ത്രിജി എന്ത് ചെയ്തു എന്ന ചോദ്യം ചോദിച്ച എല്. സി .മെമ്പർ കുഞ്ഞനെ ഒരു കൂട്ടം യൂത്തന്മാർ തങ്ങളുടെ പാര്ട്ടിയുടെ ദേശീയ ദ്രാവകമായ പാമോയിൽ ഒഴിക്കും എന്ന് രായമ്മാന്റെ ചായക്കടയിൽ വെച്ച് ,ഭീഷണിപ്പെടുത്തി.ഗൾഫിൽ എത്ര മലയാളികൾ ഉണ്ട് എന്നുപോലും അറിയാത്ത തങ്ങളുടെ മന്ത്രിക്ക് ഇതുപോലെയുള്ള ചീളുകാര്യങ്ങൾ നോക്കാനല്ല അമ്മായി ശമ്പളം കൊടുക്കുന്നത് എന്നവർ വാദിച്ചു.ഒരു പരമാധികാരരാഷ്ട്രത്തിന്റെ അഭ്യന്തര കാര്യത്തിൽ ഇടപെടാൻ നമുക്ക് പറ്റില്ലെന്നും,മന്ത്രിജി കത്തയച്ചിട്ടുണ്ട് എന്നും അവർ പറഞ്ഞു. മീനിൽ അമോണിയാ ഇട്ട തമിഴ്നാടിനും,കെ.എസ്. ആര്ട്ടിസിക്ക് ഡീസൽ കിട്ടാൻ കേന്ദ്രത്തിനും,ഇറ്റലിക്കാരുടെ കേസ് കൊല്ലത്തു നടത്താൻ അവര്ക്കും, കത്തയച്ചതുപോലെ ഈ കത്തിനും അതെ ഗതി വരും എന്ന് മനസ്സിലാക്കണമെന്നും മണ്ഡലം സെക്രട്ടറി ഔസെപ്പ് കൂവക്കൻ പറഞ്ഞു.നോക്കുകൂലി വീതിക്കേണ്ടി വരുമോ എന്ന ആശങ്ക, ആൾ കേരള നോക്കുകൂലി അസോസ്സിയേഷൻ പ്രാവുംകൂട് ഏരിയ സെക്രട്ടറി ശങ്കുപ്പിള്ള പങ്കുവെച്ചു .





"എന്തെങ്കിലും കുറയുമോ"എന്ന് പ്രാവുംകൂട് ചന്തയിൽ വെച്ച് മീൻകാരനോട് ചോദിച്ച ഓമനക്കുട്ടനെ,മലയാള സിനിമയിൽ തങ്ക ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട"എന്തൊക്കെയായിരുന്നു..മലപ്പുറംകത്തി"എന്ന വിഖ്യാതമായ ഡയലോഗുമായി റിട്ടയേർഡ് പോലീസുകാരൻ വിജയൻ ന്യായമായ രീതിൽ ഒന്ന് ഊതി.കഷ്ട്ടകാലത്ത് ഏതു പീസിയും വിപ്പാകും എന്ന ആപ്തവാക്യം മനസ്സിലോർത്ത് വിജയന് പൊതുമാപ്പ് പ്രഖ്യാപിച്ചു ഓമനക്കുട്ടൻ സ്ഥലം കാലിയാക്കി .



മീൻകാരി ശാന്തയുടെ നടുവേദന മുതൽ എച്- വണ്‍ വിസ ലോട്ടറി വരെ ചര്ച്ച ചെയ്തിരുന്ന ചാനലുകളിൽ, പ്രതികരണ തൊഴിലാളികൾ ദിവസം മുഴുവൻ ഗൾഫ്കാരന്റെ മടങ്ങി വരവ് ചർച്ചിക്കുന്നത് കേട്ട് ഭ്രാന്തായ ഓമനക്കുട്ടൻ ടിവിയുടെ കേബിൾ ഊരിക്കളഞ്ഞു.രാഷ്ട്രീയ നേതാക്കൾ മരിക്കുമ്പോൾ മാത്രം വെക്കുന്ന പ്രത്യേകതരം രാഗത്തിന്റെ അകമ്പടിയോടെ,ഗൾഫിലുള്ള എല്ലാവരും തിരിച്ചു വന്നാൽ എന്ത് ചെയ്യും,എന്ന ബിന്ദു ചന്ദ്രകുമാറിന്റെ വികാരരഹിതമായ ചോദ്യം കേട്ടപ്പോൾ, ഇവള്ക്കൊന്നും വേറെ പണിയില്ലേ എന്ന് ഓമനക്കുട്ടൻ ഓർത്തു.ഇവരുടെ ഒക്കെ ചര്ച്ച കേട്ടാൽ നാളെ കാലത്തെ ഉറക്കം ഉണർന്ന ഉടനെ ഗൾഫ്കാരെല്ലാം പാസ്പോര്ട്ടും എടുത്തു വള്ളം പിടിക്കാൻ മുട്ടിനില്ക്കുന്നു എന്ന് തോന്നുമല്ലോ എന്ന് പറഞ്ഞപ്പോൾ സുഗന്ധി ഒന്നും മിണ്ടിയില്ല. എത്ര ശ്രമിച്ചിട്ടും സുഗന്ധിയും അമ്മയും പോലും ഓമനക്കുട്ടൻ തിരിച്ചു പോകും എന്ന് വിശ്വ സിക്കാഞ്ഞപ്പോൾ,ഇതുപോലുള്ള വീടുകളിൽ നിന്നാണ് ബീവറേജസുകാര്ക്ക് പുതിയ വാഗ്ദാനങ്ങളെ കിട്ടുന്നത് എന്ന് ഓമനക്കുട്ടൻ ഓർത്തു .




വിലക്കയറ്റം,കടൽക്കൊല,കൊട്ടാരക്കര ട്രാന്സ്പോര്ട്ട് കോർപ്പരേഷൻ അടച്ചുപൂട്ടൽ എന്നിവയൊക്കെ ജനം മറന്നു.ഗൾഫുകാരന് പെണ്ണാലോചിച്ചു ചെന്നതിന്റെ പേരില്,ബ്രോക്കർ പപ്പന്റെ ബി.പി.എല് ചെത്തിക്കളയും എന്ന് കണ്ട് തൊമ്മൻ എന്നറിയപ്പെടുന്ന തോമസുചേട്ടൻ പറഞ്ഞു.
കട്ടയുംപടവും മടങ്ങി വരുന്നവരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ ഒരു പുതിയ ഡസ്ക് ഇടും എന്ന മുഖ്യന്റെ പ്രസ്താവന വന്ന ദിവസം,ഓമനക്കുട്ടൻ തിരിച്ചു പോകാനൊരുങ്ങി.ഓമനക്കുട്ടൻ തിരിച്ചു പോകും എന്നുറപ്പായതോട് കൂടി,സുഗന്ധിയുടെ മുഖം,അമ്പതുകോടി കൊടുത്താലും ഭാര്യ ഒഴിഞ്ഞു പോകുമല്ലോ എന്നറിയുമ്പോഴുള്ള മന്ത്രിയുടെ മുഖം പോലെ പ്രസന്നമായി.വിമാനത്താവളത്തിൽ വെച്ച്,ഓമനക്കുട്ടനെ പിടികൂടിയ ഹരിഹരപ്രിയ ചാനലിന്റെ റിപ്പോർട്ടർ അജു മങ്കജ് ,തത്സമയം സംപ്രേക്ഷണം ചെയ്ത ബിറ്റിൽ നിന്നും..
"ആ..മൃഗേഷ്..ആ...ഞാനിപ്പോൾ..ആ...തിരുവനതപുരം...ആ ..വിമാനത്താവളത്തിൽ നിന്നും ഗള്ഫിലേക്ക് തിരിക്കുന്ന....ആ..കേൾക്കാമോ..ആ....ശ്രീ ഓമനക്കുട്ടന്റെ....ആ ... ആശങ്ക പങ്കുവെക്കുകയാണ്".ഓമനക്കുട്ടൻ പറഞ്ഞു.. "പൊന്നു ചേട്ടാ, നിങ്ങൾ ഈ പറയുന്ന ആശങ്ക ഒന്നും അവിടെ ഇല്ല.നാട്ടിൽ കഴിയുന്ന ഗല്ഫുകാരുടെ കുടുംബത്തെ സമാധാനമായി കഴിയാൻ അനുവദിക്കുക.വിസ ഇല്ലാതെ ഗൾഫിൽ ഒരിടത്തും ജോലി ചെയ്യാൻ പറ്റില്ല.അക്കാമ ഇല്ലാതെ പോലീസ് പിടിച്ചാൽ ഏതു നാട്ടുകാരനെയും കേറ്റി വിടും.പിന്നെ ഫ്രീവിസാ എന്നൊന്ന് എന്റെ അറിവിൽ ഇല്ല.ഒരു ജോലിക്കാരന് അയാളുടെ സ്പോണ്‍സർമാരുടെ കീഴിലെ ജോലിചെയ്യാനാവൂ എന്ന നിയമം പണ്ടേ ഉള്ളതാ.ഈ സാറന്മാരൊക്കെ ഗൾഫിൽ വന്നിട്ട് അവിടുത്തെ കോട്ട് ലവേർസ് അസോസിയെഷന്കാരുടെ പിന്നാലെ നടക്കുന്നതല്ലാതെ ഒന്നും നടക്കില്ല. പറ്റുമെങ്കിൽ വണ്ടിക്കൂലി ഒന്ന് കുറക്കാൻ അവരോടു പറ...പറ്റുമോ.. അല്ലെങ്കിൽ ഈ കൂതറ വകുപ്പ്...


"ആ...മൃഗേഷ്.....ഓമനക്കുട്ടൻ എന്ന യാത്രക്കാരനുമായുള്ള ബന്ധം ആ...നഷ്ട്ടപ്പെട്ടിരിക്കുകയാണ്... ആ..."


ഓമനക്കുട്ടനെ വഹിച്ചുകൊണ്ടുള്ള എയര് ഇന്ത്യ വിമാനം,അന്ന് പതിവില്ലാതെ കൃത്യ സമയത്ത് പറന്നുയർന്നു. ആറുമണിക്കുള്ള സീരിയലിനു മുന്നേ വീട്ടില് എത്തിച്ചെക്കണം എന്ന ഉത്തരവ് കാര് ഡ്രൈവർക്ക് കൊടുത്തു പിന്നിലെ സീറ്റിലേക്ക് മറിയുമ്പോൾ സുഗന്ധിക്ക് ചെറുതായി മനം പുരട്ടുന്നത് പോലെ തോന്നി..
കൂടുതൽ വായനക്ക്

Jan 31, 2013

സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ സുകുമാരന്‍നായര്‍ വധം ആട്ടക്കഥ!


സോഷ്യല്‍  നെറ്റ് വര്‍ക്കുകളിലും  ബ്ലോഗുകളിലും, സുകുമാരന്‍നായര്‍  വധം   ആട്ടക്കഥ പൊടി പൊ ടിക്കുകയാണ്. എന്നാല്‍ ,ഭരണത്തില്‍ ഇടപെടാന്‍  ജാതി  സംടനകള്‍ക്ക്  എന്തവകാശം  എന്ന്  ചോദിക്കുന്നവരില്‍   പ്രധാനികള്‍  രാഷ്ട്രീയ  പാര്‍ട്ടികളുടെ  ലേബലില്‍  അറിയപ്പെടുന്ന  മത  സംടനാ ഭാരവാഹികളും, പ്രവര്‍ത്തകരും  ആണെന്നുള്ളതാണ്  ഏറ്റവും    രസകരം.  പിന്നെ  ഇന്നലത്തെ മഴയ്ക്ക്  പൊട്ടി  മുളച്ച   ചില  ഹരിത കുരുന്നുകളും!  


തികച്ചും  ഒരു  സംഖടനാ  പരിപാടികളില്‍  നടത്തിയ  പ്രസംഗത്തെ  ഉയര്‍ത്തിയാണ് ഈക്കൂട്ടരുടെ പോര്‍വിളികളും പരിഹാസവും.പ്രസംഗം  നടന്നത്  നായര്‍ മഹാസമ്മേളന വേദിയില്‍   ആണെന്നും, അവിടെ പറഞ്ഞത്   നായര്‍  സമുദായംഗങ്ങളോട്  മാത്രമാണെന്നും      സമുദായാംഗങ്ങളില്‍ പെട്ട  എംപി, എം.എല്‍.എ മാര്‍   കൂടി ഉള്‍പ്പെട്ട  സദസ്സില്‍ ,വാഗ്ദാനങ്ങള്‍  മറന്ന യു.ഡി.എഫ്  നേതൃത്വത്തെ  അതൊന്നു  ഓര്‍മ്മിപ്പിക്കുകയാണെന്നും  പലരും  മറന്നു പോയി.നേരത്തെ  "നമ്മളാണ്" കേരളം ഭരിക്കുന്നത്‌  എന്ന്  പ്രസംഗിച്ചവര്‍പോലും !അതേപോലെ  ഈ ക്രൂശിക്കല്‍ കണ്ടാല്‍ കേരളത്തില്‍ ഇന്നേവരെ  ഒരു മത,ജാതിപാര്ട്ടികളോ സംടനകളോ ഒരു ആവശ്യവും നേടിയെടുത്തിട്ടില്ല എന്ന് തോന്നും!.


ചില  ഉറപ്പുകള്‍  എന്‍ .എസ്.എസ്സിന്  കിട്ടിയിട്ടില്ലെങ്കില്‍  പിന്നെ  എന്തിനാണ്  മുഖ്യന്റെയും  ചെന്നിത്തലയുടെയും   ഉരുണ്ടു കളി ? വേദിയില്‍  ഇരുന്ന   ഒരാള്‍ പോലും  ഈ  നേരം  വരെ  എന്‍ .എസ്. എസ്സിനെതിരെ  പ്രതികരിക്കാത്തത്  എന്താണ്? സുപ്രസിദ്ധമായ മൌന വിദഗ്ദ്ധന്‍  ഈ  സംഭവത്തില്‍  ഇതേ വരെ  പ്രതികരിച്ചിട്ടില്ല!


ഒരാള്‍ക്ക്‌  ഒരു  പദവി  എന്ന  വാദം   കൊണ്ഗ്രസ്സില്‍ നിലനില്‍ക്കെ, കേരളത്തിലെ  കൊണ്ഗ്രസ്സില്‍  ഒന്നാം   നമ്പര്‍   ആയിരിക്കുന്ന കെ.പി.സി.സി  പ്രസിടന്റ്റ്  വെറുമൊരു  എം.എല്.എ സ്ഥാനത്തിനു (അതും  പാര്‍ട്ടിയില്‍  രണ്ടാമനായ   മുഖ്യമന്ത്രിയുടെ കീഴില്‍  മത്സരിക്കുന്നത്) എന്തിനാണ്  എന്നുള്ളത്  സാധാരണക്കാരന്  പോലും  മനസ്സിലാകുന്ന  കാര്യമാണ്.അപ്പോള്‍   ധാരണകള്‍  ഉണ്ടായിരുന്നു , അത് പിന്നീട്   നടപ്പിലാക്കാത്താതാണ്  എന്നല്ലേ   അതിന്റെ   അര്‍ഥം ?


യൂത്തന്മാര്‍  പിന്നെ   മേലുനോവുന്ന പണിക്കൊന്നും  പോവാതെ തങ്ങള്‍ക്കു  ഉപദ്രവം  ഒന്നും   ഉണ്ടാക്കില്ല എന്നുറപ്പുള്ളവരുടെ    കോലം  കത്തിച്ചു  സമാധാനമടയും ! മന്ത്രിസഭയെ  മുള്ളില്‍  നിര്‍ത്തി  കാര്യങ്ങള്‍  നടത്തുന്നവരുടെ  കാര്യം  വരുമ്പോള്‍,  ഭരണഖടനയിലെ   ശ്ലോകങ്ങള്‍   ഫെസ് ബുക്ക്   വഴി  ഉരുവിട്ട്  പ്രതികരിച്ചു    ഹൈടെക് ആയവര്‍ പോലും  മൌന വ്രതം  പാലിക്കുന്ന മാമുനിമാര്‍  ആവും! ഭരണം  വേണമല്ലോ !  യുവരാജാവ്  ഭരണത്തിലേറുമ്പോള്‍   തിരുതക്കറി  വെച്ച്  മന്ത്രി ആയവരുടെയും മറ്റും    പേര്  വെട്ടുമെന്നും,  കേന്ദ്രത്തിലേക്ക്  പോകാം   എന്നുമൊക്കെയുള്ള   സ്വപ്നം   കൊണ്ട് നടക്കുന്നവര്‍,തിരഞ്ഞെടുപ്പ്  അടുക്കുമ്പോള്‍,  പെരുന്നയില്‍   പെറ്റു  കിടക്കും  എന്ന്  ആര്‍ക്കാണറിയാത്തത് . 


മതമേലധ്യക്ഷന്മാര്‍    സ്ഥാനാര്‍ഥി നിര്‍ണയം  നടത്തുമ്പോഴും   ഇടയലേഖനങ്ങള്‍  ആഴ്ചയില്‍  ഒന്ന് വെച്ച്  പുറത്തിറക്കുമ്പോഴും  കാണാത്ത  ഈ  ആവേശം എന്‍ എസ് എസ് വിചാരിച്ചാല്‍  കേരള  രാഷ്ട്രീയത്തില്‍      ഒന്നും   നടക്കില്ല എന്ന  മിഥ്യാബോധം   കൊണ്ട്  മാത്രമാണ്.  


അഞ്ചാം മന്ത്രി , കാലിക്കട്ട്  ഭൂമി,ഐഡഡു  സ്കൂള്‍  എന്നിവ  ഉള്‍പ്പെടെയുള്ള   ലീഗുമായി ബന്ധപ്പെട്ട  വിവാദങ്ങള്‍  കേരള  സമൂഹത്തില്‍  ഒരു   വലിയ ചേരിതിരിവുണ്ടാക്കി  എന്ന്    നിക്ഷ്പക്ഷമായി രാഷ്ട്രീയം  നോക്കിക്കാണുന്നവര്‍     സമ്മതിക്കും . മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള  വിലപേശല്‍  നടത്തി  കാര്യങ്ങള്‍ നേടിയെടുക്കാന്‍  നടത്തുന്ന  ശ്രമങ്ങള്‍     മറ്റു   സമുദായങ്ങളില്‍  അതൃപ്തി   ഉണ്ടാക്കുക സ്വാഭാവികമാണ് .



നാല്  മന്ത്രിമാര്‍ ഭരിച്ച സ്ഥാനത്ത്    അഞ്ചാമതൊരു മന്ത്രി  വന്നതുകൊണ്ട്  ലീഗിന്  മാത്രമാണ്  നേട്ടം. അധികചിലവല്ലാതെ കേരളത്തിന്‌   പുതിയതായി  ഒന്നും  ലഭിക്കുന്നില്ല എന്നാര്‍ക്കാണറിയാത്തത് ?  ചിലരുടെ  മന്ത്രി  പദവി എന്ന   മോഹം പൂവണിയിപ്പിക്കാന്‍  വേണ്ടി  മാത്രം  സംസ്ഥാന ഖജനാവില്‍  നിന്നും  തന്നെ പണം   ചിലവാക്കണം എന്നുണ്ടോ ?ഈ  പ്രശ്നങ്ങളില്‍   ശക്തമായി പ്രതികരിച്ചത്  എന്‍.എസ്.എസ്  ആണെന്നത് മാത്രമാണ്  ലീഗുകാരുടെ    വിരോധത്തിനു കാതല്‍. 


സുകുമാരന്‍  നായരുടെ  മുന്‍ഗാമികള്‍  ഇതേപോലെ   പ്രതികരിച്ചില്ല എന്നാണു  മറ്റൊരാക്ഷേപം. എന്നാല്‍, മുന്‍പെങ്ങും   ഇതേപോലെ ഒരു  അവഗണന   സമുദായത്തിന്  ഉണ്ടായിട്ടില്ല  എന്നതാണ്  പരമാര്‍ത്ഥം.സംടനയിലെ അംഗങ്ങള്‍ക്ക് ദോഷകരമായി  സംഭവിക്കുന്ന   കാര്യങ്ങളില്‍  സുകുമാരന്‍നായര്‍   ശക്തമായി  അഭിപ്രായം  പറഞ്ഞതില്‍     അദ്ദേഹത്തെ അഭിനന്ദിക്കുന്നവര്‍  ആണ്  ഏറിയ  പങ്കും . വിധേയനായി എന്നും നിന്ന് കൊടുക്കുംതോറും  തിക്തമായ  അനുഭവങ്ങള്‍  സമുദായത്തിന്  ഉണ്ടാവുമ്പോള്‍   ശക്തമായി  പ്രതികരിക്കുന്നവര് ആണ്   യഥാര്‍ത്ഥ സമുദായ  സ്‌നേഹി.  

എന്‍ .എസ്.എസ്- എസ് എന്‍. ഡി. പി   ഐക്യത്തിനെതിരെ  വാളെടുക്കുന്നവരുടെ ഉള്ളില്‍ ഒരേ ഒരു ഭീതി മാത്രമേ ഉള്ളു എന്ന് തോന്നുന്നു. ഹൈന്ദവ വോട്ടുകളുടെ ഏകീകരണം എന്ന ഭീതി . ഈ കപട മതേതരവാദികള്‍  ആണ്   നമ്മുടെ  നാടിന്റെ ശാപം.