Sep 18, 2012

ഭഗവതിപ്പിള്ള..

ഏറ്റുമാനൂര്‍ ഒന്‍പതാം ഉത്സവം
ആയിരുന്നു അന്ന്.


ഉണ്ണിമേനോന്റെ ഗാനമേള ആയിരുന്നു ആ ദിവസത്തെ ഉത്സവത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. രാത്രി ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ നാലഞ്ചു പേര്‍ ഒത്തു കൂടി, അവസാനത്തെ വണ്ടിക്കായി കാത്തു നില്‍ക്കവേ ആയിരുന്നു കുറെ പേര്‍ കടവിലേക്ക് ഓടുന്നത് കണ്ടത്.എന്തോ അരുതാത്തത് സംഭവിച്ചു എന്ന് ഞങ്ങള്‍ക്ക് ഉറപ്പായി. എന്ത് വന്നാലും ഗാനമേള പരിപാടി മാറ്റാന്‍ പറ്റില്ല എന്ന് സുമേഷ് കട്ടായം പറഞ്ഞു.കടവിലേക്ക് ചെല്ലുമ്പോള്‍ അവിടെ ഒരു ചെറിയ ആള്‍ക്കൂട്ടം രൂപപ്പെട്ടിരുന്നു .കടവിലെക്കിറങ്ങുന്ന സ്ഥലത്തുണ്ടായിരുന്ന പോസ്റ്റില്‍ വോള്‍ട്ടേജ് കുറഞ്ഞ ഒരു ബള്‍ബ് കത്തിക്കിടന്നിരുന്നു. കൈയ്യില്‍ ഒരു ഭാണ്ടക്കെട്ടുമായി അലക്ക്കല്ലില്‍ തലക്കു കൈ കൊടുത്തിരിക്കുകയായിരുന്നു ആ സ്ത്രീ.ആളുകള്‍ അറിഞ്ഞും കേട്ടും വരാന്‍ തുടങ്ങി ."ജാനകിപ്പിള്ളയാ.അവര് മരുമോളോട് വഴക്കുണ്ടാക്കി വന്നിരിക്കയാ...വെള്ളത്തില്‍ ചാടി ചത്തുകളേംന്നു പറയുന്നു" കടയടച്ചു വരുകയായിരുന്നു വാസുവേട്ടന്‍ ഞങ്ങളോട് പറഞ്ഞു.. ഭഗവതിപ്പിള്ള എന്ന് ഞങ്ങള്‍ വിളിക്കുന്ന ജാനകിപ്പിള്ളയായിരുന്നു അവര്‍. പുഴക്കക്കരെയായിരുന്നു അവരുടെ വീട്.അടുത്തുള്ള ഭഗവതീ ക്ഷേത്രത്തിലെ ജോലികളും, മാലകെട്ടും,ഒക്കെയായിട്ട്‌ കഴിയുകയായിരുന്നു അവര്‍. അത്യാവശ്യം ജ്യോതിഷം ഒക്കെ കൈവശം ഉണ്ടായിരുന്നു അവര്‍ക്ക്.അവര്‍ക്ക് എന്തൊക്കെയോ "സേവ" ഉണ്ടെന്നു അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.അതുകൊണ്ടായിരുന്നു അവരെ ഭഗവതിപ്പിള്ള എന്ന് ആളുകള്‍ വിളിച്ചിരുന്നത്‌. വെള്ളിയാഴ്ചകളില്‍ അവരെ അന്വേഷിച്ചു അന്യനാട്ടില്‍ നിന്നൊക്കെ പലരും വന്നിരുവത്രേ.ഭഗവതിപ്പിള്ളക്ക് പരിചയക്കാര്‍ക്കിടയില്‍ നടത്തിയിരുന്ന ‍ ചെറിയ ചിട്ടികള്‍ ഒക്കെയുണ്ടായിരുന്നു .ചെറിയ തുകകള്‍..അത് പിരിക്കാനും, നാട്ടിലെ വിശേഷങ്ങള്‍ പങ്കുവെക്കാനുമായി അവര്‍ ഇടയ്ക്കിടെ വീട്ടില്‍ വരും. ഭഗവതിപ്പിള്ള വന്നാല്‍ പിന്നെ അടുത്ത വീടുകളിലെ പെണ്ണുങ്ങള്‍ എല്ലാം കൂടി ഞങ്ങളുടെ വരാന്തയില്‍ കൂടും. ഞങ്ങള്‍ പിള്ളേര്‍ അടുത്തെങ്ങാനും ഉണ്ടെങ്കില്‍ ഞങ്ങളെ ഓടിച്ചു വിടും.പരദൂഷണങ്ങള്‍ കേള്‍ക്കാനുള്ള കൊതിയില്‍ പെണ്ണുങ്ങള്‍ അവരുടെ വാക്കുകള്‍ക്കു ശ്രദ്ധിച്ചു നില്‍ക്കും.
നാല് മക്കളായിരുന്നു അവര്‍ക്ക്. ഒരാണും മൂന്നു പെണ്ണും.പെണ്ണുങ്ങളെ, എങ്ങനെയൊക്കെയോ അവര്‍ കല്യാണം കഴിച്ചയച്ചു.മകന്‍ പത്തു നാല്‍പ്പതു വയസ്സ് കഴിഞ്ഞിട്ടും പെണ്ണ് കെട്ടാതെ ഭഗവതിപ്പിള്ള പണിയെടുത്തും, ചിട്ടിമുതലിച്ചും,ജ്യോതിഷം നോക്കിയും,ഉണ്ടാക്കിയിരുന്ന പണം,കുടിച്ചു ധൂര്‍ത്തടിച്ചു ജീവിച്ചു പോന്നു.മദ്യപിച്ചു,ചുമന്നു തുടുത്ത മുഖവും, കണ്ണുകളുമായി ഒരുപാടുതവണ അയാളെ കണ്ടിട്ടുണ്ട്.മദ്യപിച്ചു കഴിഞ്ഞാല്‍ "താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയില്‍ "എന്ന പാട്ടിന്റെ വരികള്‍ പാടുക അയാളുടെ ഒരു ശീലമായിരുന്നു.അതുകൊണ്ട് തന്നെ അയാളെ ഞങ്ങള്‍ താഴമ്പൂ എന്നായിരുന്നു വിളിച്ചിരുന്നത്‌.ഭഗവതിപ്പിള്ളയുടെ നിര്‍ബന്ധത്തിനു വഴങ്ങി താഴമ്പൂ അവസാനം കല്യാണം കഴിച്ചു.കല്യാണം കഴിച്ചാല്‍ എങ്കിലും മകന്‍ നന്നാകും എന്നായിരുന്നു ആ പാവത്തിന്റെ വിചാരം. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു. വന്നത് ഒരു ശൂര്‍പ്പണഖ . പല ദിവസങ്ങളിലും ഭക്ഷണം പോലും കഴിക്കാന്‍ സമ്മതിക്കാതെ അവള്‍ ഭഗവതിപ്പിള്ളയെ കഷ്ട്ടപ്പെടുത്തി.
ഞാന്‍ പതിയെ ഭഗവതിപ്പിള്ള ഇരുന്നിരുന്ന കല്ലിനടുത്തി, അവരോടു തല്‍ക്കാലം വീട്ടിലേക്കു പോകാന്‍ പറഞ്ഞു.അവര്‍ ഒന്നും പറഞ്ഞില്ല.അവരുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകിക്കൊണ്ടേയിരുന്നിരുന്നു.ചെവിയുടെ അടുത്തുനിന്നും ചോര വരുന്നുണ്ടായിരുന്നു.ആള്‍ക്കൂട്ടത്തില്‍ പലരും പറഞ്ഞിട്ടും അവര്‍ കേട്ടില്ല..രാത്രിയില്‍ പുഴയില്‍ ചാടി ചാകും എന്ന് അവര്‍ എല്ലാവരോടുമായി പറഞ്ഞു. അവരുടെ മുഖഭാവത്തില്‍ നിന്നും അത് ചെയ്തേക്കും എന്ന് എനിക്ക് തോന്നി.ആരോ പറഞ്ഞറിഞ്ഞു,താഴമ്പൂ അപ്പോഴേക്കും കടവില്‍ എത്തി...കാലില്‍ നില്‍ക്കാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു അയാള്‍. "തള്ളെ..മനുഷ്യന്റെ ഉറക്കം കളയാതെ നിങ്ങള്‍ ചാകുന്നെങ്കില്‍ ചാക്..കൈയില്‍ വല്ലതും ഉണ്ടേല്‍ തന്നിട്ട് പോ, കാലത്തെ വല്ലതും കഴിക്കാന്‍ കാശില്ല" എന്ന് പറഞ്ഞപ്പോള്‍ ഭഗവതിപ്പിള്ള ദയനീയമായി അയാളെ നോക്കി.
അവസാനത്തെ വണ്ടി വരാറായതിനാല്‍ നമുക്ക് കവലയിലേക്കു പോകാം എന്ന് സുമേഷ് പറഞ്ഞു.ഗാനമേള തുടക്കം മുതല്‍ കേള്‍ക്കാന്‍ പറ്റാതെയാവുമോ എന്നായിരുന്നു അവന്റെ വിഷമം. മനസ്സില്ലാ മനസ്സോടെ ഞങ്ങള്‍ കവലയിലേക്കു നടക്കുമ്പോള്‍,വാസുവേട്ടന്‍ പറഞ്ഞു."ഏതായാലും, നിങ്ങള്‍ ഏറ്റുമാനൂര്‍ ചെല്ലുമ്പോള്‍ പോലീസ് സ്റ്റേഷനില്‍ ‍ ഒന്ന് പറയു.ഇങ്ങനെ ഒരാള്‍ ഇവിടെ മരിക്കുമെന്ന് പറഞ്ഞൂന്ന്. നാളെ കേസും പുക്കാറും ഒക്കെ ആയിക്കഴിഞ്ഞാല്‍ നമ്മള്‍ എന്ത് കൊണ്ട് അറിയിച്ചില്ല എന്നവര്‍ പറയില്ലേ" എന്ന്.കൂടി നിന്നവരില്‍ പലരും പിന്താങ്ങിയപ്പോള്‍ ഞങ്ങള്‍ക്കും അത് ശരിയാണെന്ന് തോന്നി. പക്ഷേ പോലീസ് സ്റ്റേഷനില്‍ ഇന്നേ വരെ കയറാത്തത് കൊണ്ട് അവിടെ ചെന്നാല്‍, എന്താ എങ്ങനെയാ എന്നറിയില്ല എന്ന് ഞാന്‍ പറഞ്ഞു. പാര്‍ട്ടി എല്‍. സി. മെമ്പര്‍ സുകു സ്റ്റേഷനില്‍ പോവാന്‍ ഞങ്ങളുടെ കൂടെ കൂടി. ഞങ്ങള്‍ എല്ലാവരും കൂടി ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ ചെന്നു. അവിടെ ചെന്നപ്പോള്‍ അവിടത്തെ എസ്. ഐ ഉണ്ടായിരുന്നില്ല. ഉത്സവം പ്രമാണിച്ച് പോലീസുകാര്‍ എല്ലാം അമ്പലത്തില്‍ ആയിരുന്നു. ഉണ്ടായിരുന്ന ഒരു പോലീസുകാരന്‍ ഒരു ദയയും ഇല്ലാതെ പറഞ്ഞു. "നിനക്കൊന്നും വേറെ പണിയില്ലേ.ആള് ചത്തിട്ടില്ലല്ലോ.ചാകുമ്പോള്‍ അങ്ങ് വരാം " എന്ന്. സുകു പറഞ്ഞു,"സാര്‍..ഞാന്‍ എല്‍. സി. മെമ്പര്‍ ആണ്..എനിക്ക് മുകളില്‍ പിടിയുണ്ട്‌" എന്ന്.."ബസില്‍ കയറുംമ്പോളാണോടോ മുകളില്‍ പിടി " എന്ന് ചോദിച്ചു പോലീസുകാരന്‍ ഉറക്കെ ചിരിച്ചു..
അന്നത്തെ ഹിറ്റ്‌ ഗാനമായിരുന്ന "കസ്തൂരിമാനെ കല്യാണ തേരെ" എന്ന ഗാനം ഉണ്ണിമേനോന്‍ പാടിയപ്പോള്‍ ജനം ഇളകി മറിഞ്ഞു.എന്നാല്‍ ഗാനമേള ആസ്വദിക്കാന്‍ എനിക്കായില്ല.എന്റെ മനസ്സില്‍ ഭഗവതിപ്പിള്ള ആയിരുന്നു.എന്തുകൊണ്ടോ അവര്‍ മരിക്കും എന്ന ചിന്ത എന്നെ വിഷമിപ്പിച്ചു. ഗാനമേള കഴിഞ്ഞു തിരിച്ചു നടന്നു പോകാം എന്ന് പറഞ്ഞിട്ട് ആരും സമ്മതിച്ചില്ല. ഞങ്ങള്‍ അമ്പലമുറ്റത്ത്‌ തന്നെ കിടന്നുറങ്ങി...കാലത്തേ എഴുന്നേറ്റു ആദ്യത്തെ വണ്ടി പിടിക്കാന്‍ പകുതി ഉറക്കത്തോടെ ഞങ്ങള്‍ ബസ് സ്റ്റാന്റിലേക്ക്‌ നടക്കുമ്പോള്‍ എതിരെ വന്നവര്‍ എല്ലാം ഞങ്ങളെ നോക്കി ചിരിക്കുന്നത് പോലെ തോന്നി. കാണുന്നവര്‍ കാണുന്നവര്‍ ചിരിക്കാന്‍ തുടങ്ങിയപ്പോലായിരുന്നു ഞങ്ങള്‍ ആ സത്യം തിരിച്ചറിഞ്ഞത് .ഉറങ്ങിക്കിടന്നപ്പോള്‍ ഏതോ സാമദ്രോഹി ഞങ്ങളുടെ എല്ലാം മുഖത്ത് കരി വെച്ച് മീശയും മറ്റും വരച്ചിരിക്കുകയായിരുന്നു!
വണ്ടിയിറങ്ങി ഞങ്ങള്‍ നേരെ കടവത്തെക്ക് നടന്നു.ഭഗവതിപ്പിള്ളയുടെ ഭാണ്ഡം കല്ലിന്മേല്‍ തന്നെയുണ്ടായിരുന്നു. ഭഗവതിപ്പിള്ള ആറ്റില്‍ ചാടി മരിച്ചുവെന്നു തന്നെ ഞങ്ങള്‍ ഉറപ്പിച്ചു. അടിയൊഴുക്കുള്ളതിനാല്‍ ജഡം കുറെ താഴെയേ പൊങ്ങു എന്ന് സുമേഷ് അഭിപ്രായപ്പെട്ടു.കടവിനടുത്തു തന്നെയുള്ള നാരായണേട്ടന്റെ ചായക്കടയില്‍ അന്വേഷിക്കാം എന്ന് കരുതി ചെന്നപ്പോള്‍,അവിടിരുന്നു ആവി പറക്കുന്ന പുട്ടും കടലയും കഴിയ്ക്കുകയായിരുന്നു താഴമ്പൂ.

കുളിച്ചീറനായി ഭഗവതിപ്പിള്ള താഴമ്പൂവിന്റെ അടുത്ത് തന്നെയുണ്ടായിരുന്നു...കൊച്ചുകുഞ്ഞിനെ ഊട്ടുന്ന അമ്മയുടെ അലിവായിരുന്നു അവരുടെ മുഖത്ത്.അവര്‍ ഉടുത്തിരുന്ന സെറ്റും മുണ്ടും അലക്കി കടയുടെ പുറത്തു വിരിച്ചിരുന്നത് ഞങ്ങള്‍ കണ്ടു

പുട്ടും കടലയും കഴിച്ചു കഴിഞ്ഞു ചൂട് ചായകുടിക്കുന്നതിന്റെ ഇടവേളയില്‍ അയാള്‍ പാടി.

"ഈറനുടുത്തു നീ പൂജക്കൊരുങ്ങുമ്പോള്‍ നീലക്കാര്‍ വര്‍ണ്ണനായ് നില്‍ക്കും ഞാന്‍ ...താഴമ്പൂ മണമുള്ള.."

28 അഭിപ്രായ(ങ്ങള്‍):

മണ്ടൂസന്‍ said...

മദ്യപിച്ചു,ചുമന്നു തുടുത്ത മുഖവും, കണ്ണുകളുമായി ഒരുപാടുതവണ അയാളെ കണ്ടിട്ടുണ്ട്.മദ്യപിച്ചു കഴിഞ്ഞാല്‍ "താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയില്‍ "എന്ന പാട്ടിന്റെ വരികള്‍ പാടുക അയാളുടെ ഒരു ശീലമായിരുന്നു.അതുകൊണ്ട് തന്നെ അയാളെ ഞങ്ങള്‍ താഴമ്പൂ എന്നായിരുന്നു വിളിച്ചിരുന്നത്‌.ഭഗവതിപ്പിള്ളയുടെ നിര്‍ബന്ധത്തിനു വഴങ്ങി താഴമ്പൂ അവസാനം കല്യാണം കഴിച്ചു.കല്യാണം കഴിച്ചാല്‍ എങ്കിലും മകന്‍ നന്നാകും എന്നായിരുന്നു ആ പാവത്തിന്റെ വിചാരം. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു. വന്നത് ഒരു ശൂര്‍പ്പണഖ . പല ദിവസങ്ങളിലും ഭക്ഷണം പോലും കഴിക്കാന്‍ സമ്മതിക്കാതെ അവള്‍ ഭഗവതിപ്പിള്ളയെ കഷ്ട്ടപ്പെടുത്തി.

ഇത്രേ ള്ളൂ ശശ്യേട്ടാ മനുഷ്യരുടെ കാര്യം, മനസ്സിന്റെ കാര്യൂം. എന്തൊക്കെയായിരുനു പുകില് അല്ലേ ? ന്നാലും കുട്ടിയുടെ ദേഷ്യപ്പെടലിലും, കുടിച്ച് കൂത്താടി നടക്കലിലും ആ മാതാവിന് ഒരു വിഷമവും കാണില്ല. അതാണ് മാതൃഹൃദയം.! ആശംസകൾ.

Villagemaan/വില്ലേജ്മാന്‍ said...

ഈ ആദ്യ അഭിപ്രായത്തിനു ഒരുപാട് നന്ദി മനേഷ് ..

ലംബൻ said...

ഗ്രാമത്തിന്‍റെ സ്നേഹവും, നൈര്‍മല്യവും ചാലിച്ച കഥ ഇഷ്ടപെട്ടു. കുടിച്ചു പെടുത്തു നടന്നാലും അമ്മയ്ക്ക് എന്നും കുഞ്ഞു തന്നെ അല്ലെ.

RAGHU MENON said...

"വല്ലഭനു പുല്ലും ആയുധം" എന്ന് പറയുന്നത് ശരിയാണ് - ഈ എഴുത്തില്‍ കാതല്‍ ആയി പ്രത്യേകിച്ചു ഒന്നും ഇല്ല എങ്കിലും - എഴുത്തിന്റെ ഒഴുക്കില്‍ വായിച്ചു പോകും .
കുറച്ചുകൂടി രസാവഹമായ നല്ല എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു - കാണാം

vettathan said...

ഈ ഭഗവതിപ്പിള്ളയും താഴംപൂവും ഒറ്റപ്പെട്ട മനുഷ്യരല്ല.എല്ലാ നാടുകളിലും കാണും ഓരോ പതിപ്പുകള്‍.മനുഷ്യര്‍ ജീവിതം എത്ര ദുസ്സഹമാക്കുന്നു എന്നു എന്നതിന്‍റെ ജീവിക്കുന്ന സ്മാരകങ്ങള്‍.

നാച്ചി (നസീം) said...

എന്‍റെ നാട്ടിലെ അമ്പലത്തറയും അവിടെയുള്ള ഭ്രാന്തി മാധവിയും ഓര്‍മ്മ വന്നു ,,,ശെരിക്കും ത്രില്‍ അയ നോസ്ടാലജിയ.....ആശംസകള്‍

kaitharan said...

thalle polappanaanu ketta.. ningal ouliyaavum.. kuthiyirunnezhuthikko

മാനവധ്വനി said...

നല്ല ഒഴുക്കോടെ എഴുതിയിരിക്കുന്നു....
ആശംസകൾ

ഏപ്രില്‍ ലില്ലി. said...

ഒരു നാട്ടുമ്പുറത്തിന്റെ മാധുര്യം കഥയില്‍ ഉണ്ട് സുഹൃത്തേ ...

ഏപ്രില്‍ ലില്ലി. said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

നമുക്ക് ചുറ്റും കാണുന്ന ജീവിതം നന്നായി അവതരിപ്പിച്ചു.

Hashiq said...

വായിച്ചു......വില്ലേജ്മാന്റെ പതിവ് പോസ്റ്റുകളുടെ അത്ര ഇഷ്ടപ്പെട്ടില്ല.......

Yasmin NK said...

നന്നായിട്ടുണ്ട്. ആദ്യം കരുതി ആയമ്മ ആറ്റില്‍ ചാടിയോന്ന്. അങ്ങനെ ഉണ്ടാവുന്നുണ്ടല്ലൊ ഈയിടെ,

നന്നായി എഴുതി.ആശംസകള്‍.

ശിഖണ്ഡി said...

"ജീവിതം പല രൂപം"

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..ശ്രീജിത്ത്‌..

നന്ദി..മേനോന്ജീ..നന്നായില്ലാ എന്ന് എഴുതിക്കഴിഞ്ഞപ്പോ എനിക്ക് തന്നെ തോന്നിയിരുന്നു!

നന്ദി..വെട്ടത്താന്‍ സാര്‍ ..
നന്ദി..നസീം..
നന്ദി..കൈതാരന്‍...
നന്ദി..മാനവധ്വനി..
നന്ദി.ഏപ്രില്‍ ലില്ലി..
നന്ദി..രാംജി സാര്‍..

നന്ദി..ഹാഷിക് ...ഈ തുറന്നു പറച്ചിലിന്...എനിക്ക് തന്നെ എഴുതിക്കഴിജപ്പോള്‍ ഒരു തൃപ്തി പോരായിരുന്നു...

നന്ദി..മുല്ല...
നന്ദി.. ശിഖണ്ഡി

എന്‍.പി മുനീര്‍ said...

ഭഗവതിപ്പിള്ളയുടെ കഥ കൊള്ളാം ..ഓർമ്മയിൽ മുങ്ങിക്ക്കിടക്കുന്ന ഇത്തരം കഥാപാത്രങ്ങൾ എഴുത്തിലൂടെ പുറത്ത് വരട്ടെ..പോയ കാലത്തേക്കൊരു യാത്ര നടത്തുന്നത് നല്ല സുഖമുള്ള ഏർപ്പാടാണല്ലോ..

ഒരു ദുബായിക്കാരന്‍ said...

മാതൃ ഹൃദയം ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ ഉറവിടമാണ് ! അമ്മ എന്ന തീവ്രവികാരത്തിന്റെ അര്‍ത്ഥ തലങ്ങള് അനാവരണം ചെയ്യുന്ന ഈ പോസ്റ്റ്‌ ഇഷ്ടായി മാഷെ !

Joselet Joseph said...

എല്ലാ നാട്ടിലും ഉണ്ട് ഇതുപോലെ കണ്ണില്‍ കണ്ടാല്‍ തല്ലുകൂടുന്ന അമ്മയും മകനും. വല്ല വല്ലായ്മ വന്നാല്‍ അണപൊട്ടുന്ന സ്നേഹവും.!!

നിസാരന്‍ .. said...

ലളിതമായി പറയുന്ന തിരിവും വളവും വല്യ Twistഉം ക്ലൈമാക്സും ഒന്നുമില്ലാത്ത എന്നാല്‍ ഒരു പാട് വായനാ സുഖവും മനസ്സില്‍ ഇത്തിരി നന്മയും അവശേഷിപ്പിക്കുന്ന ഇത്തരം കഥകള്‍ എനിക്കിഷ്ടമാണ്.. ഗ്രാമത്തിന്റെ ആ പഴയ സ്നേഹവും ഓരോ ഗ്രാമത്തിനും സ്വന്തമായ കഥാപാത്രങ്ങളും ഇത്തരം കഥകള്‍ക്ക് കൂടുതല്‍ മിഴിവേകുന്നു :)

വേണുഗോപാല്‍ said...

ഇത്തരം ഭഗവതി പിള്ളമാര്‍ നമ്മള്‍ ഗ്രാമ ജീവിതത്തില്‍ നിത്യം കാണുന്ന കഥാപാത്രങ്ങള്‍ അല്ലെ ??

ലളിതമായി ഗ്രാമ തനിമയോടെ പറഞ്ഞ പോസ്റ്റ്‌..

ajith said...

ഇത് കഥയായിരുന്നോ?
ഓര്‍മ്മയില്‍ നിന്ന് എടുത്തെഴുതിയതുപോലെ തോന്നി

കഥയാണെങ്കില്‍ പോരായ്മകളുണ്ട്
ഓര്‍മ്മകളാണെങ്കില്‍ വളരെ നന്നാവുകയും ചെയ്തു.

ajith said...

ക്ഷമിക്കണം
ലേബല്‍ കണ്ടില്ലായിരുന്നു
ചില കമന്റുകളില്‍ ‘കഥ’യെന്ന് കണ്ടപ്പോള്‍ കണ്‍ഫ്യൂഷന്‍ ആയി

aboothi:അബൂതി said...

ഭഗവതിപ്പിള്ളയുടെ എത്ര നിഴല്‍ രൂപങ്ങള്‍ നമുക്ക് ചുറ്റിലും..

kochumol(കുങ്കുമം) said...

മാതൃത്വം അതങ്ങിനെയാണ് .!
പഴേ ഓര്‍മ്മകള്‍ ഇനിയും പോരട്ടെ ...!

കൊമ്പന്‍ said...

മതാവിലെ മഹത്വം ആണ് കഥയിലെ കാതല്‍
വില്ലേജ് മാന്റെ എല്ലാ കഥ കളിലേതും പ്പോലെ ഇതിലും ഗ്രാമ ഭംഗി നല്ലവണ്ണം ഉണ്ടാ യിരുന്നു

കുസുമം ആര്‍ പുന്നപ്ര said...

ലളിതമായ ഭാഷയിലെ അവതരണം. നന്നായിട്ടുണ്ട്.

Muralee Mukundan , ബിലാത്തിപട്ടണം said...

ആ താഴാമ്പൂ മണത്തോടൊപ്പം ഭായിയുടെ എഴുത്തിൽ വന്ന തഴമ്പുമണവും ഇതിലൂടെ തൊട്ടറിയുന്നൂ കേട്ടൊ ഭായ്

Mohiyudheen MP said...

ഈ വഴി വരാന്‍ ഞാനല്‍പം വൈകി, ബുക്ക്‌ മാര്‍ക്ക്‌ ചെയ്തവ വായിച്ച്‌ പോകുന്നതിനിടെ ഇവിടെ എത്തി.. ഗ്രാമത്തിലെ മനോഹര നേര്‍ക്കാഴ്ചകള്‍ വരച്ച്‌ കാട്ടി. ഭഗവതിപ്പിള്ള ഒരു പ്രതീകം മാത്രം കാരണം ഇമ്മാതിരി ഓരോന്ന് എല്ലായിടത്തും കാണും.. ശശിയണ്ണാ ഇങ്ങനെയൊന്നും എഴുതിയാല്‍ പോര, വെല്ലുവിളികള്‍ നിറഞ്ഞവ ഈ തൂലികയില്‍ നിന്നും പ്രതീക്ഷിക്കുന്നു :)

ആശംസകള്‍