Feb 21, 2022

സ്ഥിരം കുഞ്ഞപ്പന് ഗോൾഡൻ വിസ.

കലൂർ: മലയാള സിനിമയിൽ സ്ഥിരം പോലീസു കാരനായും വഴിപോക്കനായും വേഷമിട്ടുവരുന്ന സ്ഥിരം കുഞ്ഞപ്പൻ എന്നപേരിൽ അറിയപ്പെടുന്ന പി.പി.കുഞ്ഞപ്പന് ദുബായിയുടെ ആദരം.പത്തു വർഷം  സ്ഥിരം താമസിക്കാനുള്ള  ഗോൾഡൻ വിസ കൊടുക്കുമെന്ന വാർത്ത അത്ഭുതത്തോടെയാണ്  താരം  കേട്ടത്. "എന്തിനു" എന്നതായിരുന്നു കുഞ്ഞപ്പന്റെ  ആദ്യ പ്രതികരണം. 


മലയാളത്തിൽ ഇനി ആർക്കും  ഗോൾഡൻ വിസ കിട്ടാനില്ലാത്തതുകൊണ്ടാവാം  തനിക്കും  ഇപ്പോൾ അത്  തന്നത്  എന്ന്  വിനയാന്വിതനായി അദ്ദേഹം പറഞ്ഞു. ഗോൾഡൻ വിസ കിട്ടുന്നതോടെ  ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന,പോലീസുകാരൻ, വഴിപോക്കൻ,പാചകക്കാരൻ,ശിങ്കിടി തുടങ്ങിയ അഭിനയപ്രാധാന്യമുള്ള  വേഷങ്ങൾ  തന്നെ തേടിവരാതിരിക്കുമോ  എന്ന  ആശങ്ക അദ്ദേഹം പങ്കുവെച്ചു.വിസയുടെ  കൂടെ  അങ്ങോട്ട് പോകാനുള്ള  ടിക്കറ്റിനും  ചിലവിനും കൂടി ഒരു അയ്യായിരം ദിർഹം എങ്കിലും  കിട്ടിയിരുന്നെങ്കിൽ  എന്ന  ആഗ്രഹം അദ്ദേഹം  മറച്ചുവെച്ചില്ല.പുതിയ  സിനിമയിൽ നായകൻ വഴിചോദിക്കുമ്പോൾ വഴിപറഞ്ഞു കൊടുക്കുന്ന വളരെ ചാലഞ്ചിങ് ആയ ഒരു റോളാണ്  ഭാവി പ്രോജൿറ്റുകളെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി  അദ്ദേഹം പറഞ്ഞു. 


വാർത്തയറിഞ്ഞ  മലയാള  സിനിമാലോകത്തെ  സമ്മിശ്ര പ്രതികരണമായിരുന്നു  ഉണ്ടായത്. സ്ഥിരം പൊലീസുകാരനായും വഴിപോക്കനായും ബ്രാൻഡ് ചെയ്യപ്പെട്ട അദ്ദേഹത്തിന് കൂടുതൽ വ്യത്യസ്തങ്ങളായ കള്ളൻ,പാൽക്കാരൻ,പ്യുൺ എന്നിങ്ങനെ  വെല്ലുവിളികൾ നിറഞ്ഞ വേഷങ്ങൾ കിട്ടുമായിരിക്കുമെന്നു ഒരു നടൻ പ്രത്യാശ പ്രകടിപ്പിച്ചു.അദ്ദേഹത്തിന്റെയൊപ്പം പല സിനിമകളിലും താൻ സഹകരിച്ചിരുന്നുവെങ്കിലും  അദ്ദേഹത്തിന്റെ പേരുപോലും  തനിക്കറിയില്ലായിരുന്നെന്നും ,ഈ ഗോൾഡൻ വിസ കിട്ടുന്നതിലൂടെ  മലയാള സിനിമ ലോകത്തു എല്ലായിടത്തും ആദരിക്കപ്പെടുമെന്നും ഗോൾഡൻ വിസ കിട്ടിയ ഈ നടൻ പറഞ്ഞു.ദുബായിക്ക് പോകാനുള്ള ടിക്കറ്റെടുക്കാനുള്ള പൈസ അദ്ദേഹത്തിന് സിനിമയിൽ നിന്നും കിട്ടുന്നുണ്ടാവുമോ എന്ന  സംശയവും അദ്ദേഹം മറച്ചുവെച്ചില്ല.ആവശ്യമെങ്കിൽ  തന്റെ  കൈവശമുള്ള അറബി ഡ്രെസ്സും തട്ടവും  തലയിൽ വെക്കുന്ന    തിരികയും കൊടുക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.  


കുഞ്ഞപ്പന്റെ കൂടെ ചെറിയ വേഷങ്ങളിൽ തുടങ്ങുകയും, പിന്നീട്  വലിയ നടനാകുകയും ചെയ്ത ഒരു പ്രമുഖൻ പിന്നീടൊരിക്കൽ "എടാ" എന്ന് സംബോധന ചെയ്യുകയും കുഞ്ഞപ്പന് അത്  വലിയ ക്ഷീണമാകുകയും ചെയ്ത സംഭവം അയവിറക്കി. വലിയ നടന്മാർ ആയിക്കഴിഞ്ഞാൽ പിന്നെ മറ്റുള്ളവരെ "എടാ" എന്നേ  വിളിക്കാവൂ എന്ന അലിഖിത നിയമം മലയാള സിനിമയിൽ ഉണ്ടെന്നറിയാത്ത കുഞ്ഞപ്പനെപ്പോലെയുള്ളവർക്കു ഗോൾഡൻ വിസ ഒക്കെ  കിട്ടിയിട്ട് എന്ത് കാര്യം എന്നദ്ദേഹം  വികാരഭരിതനായി പറഞ്ഞു. 


വാർത്തയറിഞ്ഞു നേരത്തെ  സിനിമാ വാർത്തകൾ  എഴുതിക്കൊണ്ടിരുന്ന പത്മകുമാർ എരിശ്ശേരി എന്ന സിനിമാ ലേഖകൻ തന്റെ ഓഡിയോ വീഡിയോ ചാടിയോ എന്ന യൂറ്റൂബ് ചാനലിൽ കുഞ്ഞപ്പനെപ്പറ്റി ഒരു സ്‌പെഷ്യൽ സ്റ്റോറി ചെയ്യുകയുണ്ടായി.അദ്ദേഹം വൈകുന്നേരമായാൽ സ്ഥിരം പൊലീസുകാരനല്ല  എന്നാൽ സ്ഥിരം മദ്യപാനിയാണെന്ന വിവാദമായേക്കാവുന്ന വെളിപ്പെടുത്തൽ നടത്തി. ഇങ്ങനെ ഒരു പരാമർശം നടത്താൻ എരിശ്ശേരിയെ പ്രേരിപ്പിച്ചത്,സിനിമാ സെറ്റിൽ ചെന്നപ്പോൾ  മുണ്ടഴിച്ചിട്ടില്ല എന്ന തെറ്റായിരുന്നിരിക്കാം  കുഞ്ഞപ്പൻ ചെയ്തത് എന്ന് വളരെയധികം പ്രേക്ഷകർ കമന്റു ബോക്സിൽ എഴുതിചോദിച്ചു.സെറ്റിൽ ചെന്ന നിർമാതാവിനെ കണ്ടു  എഴുന്നേറ്റില്ല എന്ന ഭീകര കുറ്റം ചെയ്ത നായികയെ  വിലക്കിയ  മലയാള സിനിമാ ലോകത്തിൽ നിന്നും  ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട  എന്നും പലരും പ്രതികരിച്ചു .


മലയാള സിനിമയിൽ ഇത്രയധികം ഗോൾഡൻ വിസാക്കാർ  ഉണ്ടായ സ്ത്രീക്കും "ഗമ " ( ഗോൾഡൻ വിസ  അസ്സോസിയേഷൻ ഓഫ് മലയാളം സിനിമ)  എന്ന പേരിൽ ഉടൻ തന്നെ ഒരു സംഘടന രൂപീകരിക്കും എന്ന്  ഈയിടെ  ഗോൾഡൻ വിസ കിട്ടിയ ഒരു നടൻ സ്വകാര്യ സംഭാഷണത്തിൽ വെളിപ്പെടുത്തി.ദുബായിയുടെ ഈ  മഹത്തായ മാതൃക അമേരിക്ക,ബ്രിട്ടൻ മുതലായ  രാജ്യങ്ങളും പിന്തുടരുമെന്ന  പ്രത്യാശ അദ്ദേഹം പ്രകടിപ്പിച്ചു.  


അതേസമയം  വിസാ കാലാവധി കഴിഞ്ഞതിനാൽ  ദുബായി ജയിലിൽ കിടക്കുന്ന മലപ്പുറംകാരൻ മോയ്ദീനേ  ഇറക്കാൻ വേണ്ടി  ഫേസ്‌ബുക്  ലൈവ് ഇട്ടു പണം സ്വരൂപിക്കുന്ന കൂട്ടായ്മയിലെ ചെറുപ്പക്കാർ ഈ വാർത്തയോട് പ്രതികരിക്കാൻ വിസമ്മതിച്ചു.മൊയ്തീൻ കഴിഞ്ഞ മുപ്പതു വർഷമായി പ്രവാസിയാണ്.ഓരോ തവണ വിസ പുതുക്കാനും  ആയിരക്കണക്കിന് ദിർഹമായിരുന്നു  അദ്ദേഹം കൊടുത്തുകൊണ്ടിരുന്നത്.സാമ്പത്തിക പ്രയാസം മൂലം ഈ വർഷം  പണം കൊടുക്കാൻ അദ്ദേഹത്തിന്കഴിയാതെവരുകയും ജയിലിൽ അകപ്പെടുകയുമായിരുന്നുവെന്നും   പറയപ്പെടുന്നു. 



0 അഭിപ്രായ(ങ്ങള്‍):