Nov 20, 2016

ഉന്നതതല യോഗം . ഏകാങ്ക നാടകം .

രംഗം ഒന്ന്.. 2019 ലെ ഒരു  സായാഹ്നം.


യോഗം  നടക്കുന്ന  നമ്പർ 1 സ്നേഹതീരം  റോഡിലുള്ള  ഓഫീസിന്റെ  പുറത്തു   അനുയായികൾ  ആരുടേയും  മുദ്രാവാക്യം  വിളി  മുഴങ്ങാത്തതിൽ   അസ്വസ്ഥയായി  അങ്ങോട്ടും ഇങ്ങോട്ടും  നടക്കുന്ന  അമ്മച്ചി.

മകൻജി  പുതിയലക്കം  കളിക്കുടുക്കയുമായി പ്രവേശിക്കുന്നു.അമ്മച്ചി ചോദ്യഭാവത്തിൽ നോക്കുമ്പോൾ ബഹുമാനപൂർവ്വം  മുണ്ടഴിച്ചിട്ടു തലയിൽ  ചൊറിയുന്നു.

അമ്മച്ചി:തോറ്റു.. ല്ലേ !

മകൻജി:അതുപിന്നെ അമ്മച്ചി..മ്മടെ പത്തു  വർഷത്തെ  ഉത്സവം  നടത്തിപ്പ്  കൊണ്ടാണല്ലോ കഴിഞ്ഞ  തവണ  തോറ്റുപോയത്.പിന്നെ ഉള്ള  അഞ്ചു  വർഷം മോടിയായി  മറ്റേ  അങ്ങേരു  ഉത്സവം നടത്തിയ കൊണ്ടാണല്ലോ നമുക്ക് ക്ലച്ചു പിടിക്കാതെ പോയത്.എല്ലാം  വിധിയാണ്  അമ്മച്ചി.ബൈ  ദി  ബൈ  അമ്മച്ചിയുടെ  വില്ലൻചുമ ഒക്കെ  എങ്ങനെ ഉണ്ട്?


അമ്മച്ചി:ഓ..എന്നാപറയാനാ.ഇനിയിപ്പോ വില്ലൻചുമ എന്നൊക്കെ പറയാതെ വെറും ചുമ എന്ന് പറയുന്നതാ നല്ലതു!വില്ലത്തരം ഒക്കെ പോയില്ലേ! അങ്കമാലീലെ പ്രധാനമന്ത്രി വരെ,നുമ്മ പറഞ്ഞാൽ കേൾക്കാതായി.ഒരുമാതിരി വിവരമുള്ളവരൊക്കെ മറുകണ്ടം ചാടി.ഇനി ബാക്കി   എഴുപതുവയസ്സ് കഴിഞ്ഞ  കുറെ ..അല്ലേൽ വേണ്ട.
മോൾജിയും മരുമകൻജിയും പ്രവേശിക്കുന്നു..

അമ്മച്ചി:മോൾജിയേ വിളിക്കു,നാടിനെ രക്ഷിക്കൂ എന്നൊക്കെ അണികളെക്കൊണ്ട്  വിളിപ്പിച്ചിട്ടും രക്ഷപെട്ടില്ലല്ലോടീ. ഇനി വീട്ടിലിരുന്നു വല്ല കായമെഴുക്കുവരട്ടിയും ഉണ്ടാക്കി കാലക്ഷേപം കഴിക്കേണ്ടി വരുമല്ലോ.

മകൾജി:നിങ്ങളൊക്കെ  പറഞ്ഞതുകേട്ട് ഇറങ്ങിത്തിരിച്ച നേരത്തു വീട്ടിലിരുന്നു പിള്ളേർക്ക് നാലക്ഷരം പറഞ്ഞു കൊടുത്തിരുന്നേൽ നന്നായേനേം..ചുളുവിലക്ക് എന്റെ കെട്ടിയോൻ വാങ്ങിച്ചെടുത്ത വയലിൽ  കുറെ ഞാറു നട്ടിരുന്നുവെങ്കിൽ ഇപ്പൊ അരിക്കെങ്കിലും പഞ്ഞമില്ലാരുന്നേനേം.എന്തൊക്കെയായിരുന്നു.വെല്യമ്മച്ചീടെ മൂക്കും,മുടീന്നൊക്കെ പറഞ്ഞിട്ട്.ഇപ്പൊ ദേ...പുലിമുരുകൻ എലിമുരുകൻ ആയി(മൂക്ക് ചീറ്റുന്നു )
മരുമകൻജി: അമ്മച്ചി    തവണ  ഉത്സവം നടത്തുമെന്നു  പറഞ്ഞു ഞാൻ  കുറച്ചു  പ്ലാൻ ഒക്കെ ഇട്ടിരുന്നു.എല്ലാം  ഖുദാ ഗവ.

മകൻജി: ഇയ്യാക്കളെ  അടുപ്പിക്കരുതേ,അരുതേ  എന്ന് ഞാൻ ആയിരം വട്ടം അമ്മച്ചിയോടു  പറഞ്ഞതാ.അന്ന് കേട്ടില്ല..അനുഭവിച്ചോ

അമ്മച്ചി : മോനേയു ടൂ ( പൊട്ടിക്കരയുന്നു )

അന്തപ്പായി പ്രവേശിക്കുന്നു.ഒട്ടും മനസ്സിലാകാത്ത  ഭാഷയിൽ എന്തൊക്കെയോ പറയുന്നു:
ഞാൻ അന്നേ  പറഞ്ഞില്ലേ.അങ്ങേരു  കലക്കും  എന്ന്.അന്നാരും കേട്ടില്ല.കേരളത്തിലാണേൽ ഇനി  കച്ചിയടിക്കില്ല.അവിടുത്തെ  അങ്ങേരു പുലിയാ.അവിടവിടെ ഒക്കെ  ആളുകൾ ഒട്ടുപാല് കട്ട്  വിൽക്കുന്നു  എങ്കിലും  അത് വെളിയിൽ വന്നാൽ അങ്ങേരു പറഞ്ഞു  വിടും. എന്നെ കരയോഗം പ്രസിഡന്റ് സ്ഥാനത്തു  നിന്ന്   ഇറക്കി വിട്ടിട്ടു അവിടെ ഉത്സവം  നടത്താൻ ഒരാളെ ഏൽപ്പിച്ചില്ലേ? അയാളെ പോലെ തെളിവില്ല എന്നൊന്നും   പറഞ്ഞു ഇപ്പൊ  ആരും നടക്കില്ല.കാര്യം ഇപ്പോഴത്തെ  അങ്ങേരു  ചിരിക്കില്ല  എങ്കിലും  കാര്യങ്ങൾ  നടത്താൻ കെൽപ്പുള്ള  ആളാണെന്നു ജനത്തിന്  മനസ്സിലായി.തന്നേമല്ലേ  നമ്മുടെ  സംഘത്തിൽ  പെട്ടവർ  കടുംവെട്ടു  നടത്തി  തോട്ടം മുഴുവൻ  വെളുപ്പിച്ചത്  ജനം  മറക്കാൻ  ഇനി  ഒരു  അഞ്ചു വർഷം കൂടി  വേണ്ടി  വരും.പക്ഷെ  ഇനി അഞ്ചുവർഷം കൂടി  വെളിയിൽ  ഇരുന്നാൽ  പിന്നെ  സംഘത്തിൽ  പെട്ടവർ ഒക്കെ ഓരോന്നായി  വെളിയിൽ  ചാടും.

അമ്മച്ചി:എന്നാലും അന്തപ്പായീ..സർജിക്കൽ സ്ട്രൈക്കിന്റെ അയ്യരുകളി ആയിപ്പോയല്ലോ.ആദ്യം വേലിക്കപ്പുറത്തു കേറി.അതു കഴിഞ്ഞു കായി പിൻവലിച്ചു മറ്റൊന്ന്.നമ്മൾ  നടത്തിയ  ഉത്സവം  പോലല്ല കേട്ടോ,അഴിമതിയാണെങ്കിൽ   പൊടിപോലുമില്ല കണ്ടുപിടിക്കാൻ.നുമ്മ കലവറയിൽ ചാക്കിൽ കെട്ടി വെച്ചിരിക്കുന്ന കായിക്കു  കടലാസുവില പോലും ഇല്ലാതായി. ഇനിയിപ്പോ നിത്യച്ചെലവിനു നുമ്മ എന്ത്  ചെയ്യും?


അന്തപ്പായി:അത് പിന്നെ അമ്മച്ചി.നുമ്മ  ഉത്സവം നടത്തിയപ്പോഴും സർജിക്കൽ സ്ട്രൈക്ക് ഒക്കെ നടത്തിയിരുന്നല്ലോ.

അമ്മച്ചി:   ഉണ്ട.. ഇത് പറഞ്ഞിട്ടു  ആവശ്യത്തിന്  തള്ളക്കു  വിളി  കേട്ടിട്ടും അന്തപ്പായിക്കു  മതിയായില്ലേ?

(അന്തപ്പായി  തന്റെ  സ്ഥിരം  ഭാവമായ "മൗനം" എടുത്തണിയുന്നു)

മകൻജി:ക്യൂ നിന്ന്   ചപ്പാത്തി  വാങ്ങാൻ ജനത്തിന് ബുദ്ധിമുട്ടാണെന്ന് അന്നൊരു  കാച്ചു  കാച്ചിയതിന്റെ  ക്ഷീണം  ഇതേ വരെ  മാറിയില്ല.

അമ്മച്ചി:അല്ലെങ്കിൽ  തന്നെ  ആനയും അമ്പാരിയും  ആയി  ചെന്ന്  ജനത്തിന്റെ  കൂടെ  ക്യൂ  നിന്ന് ചപ്പാത്തി  വാങ്ങുന്നത്  കണ്ടാൽതന്നെ  ആളോള്ക്കു മനസ്സിലാവില്ലേ.എടാ പൊട്ടാ..നാടകം ഒക്കെ യാവാം ..ഓവറാക്കി  ചളമാക്കല്ലേ . 


മകൾജി:ഹോ..ആ   പൊന്നരിവാൾജിയെക്കൊണ്ട് പോലുംകിടക്കപ്പൊറുതിയില്ല. ഇപ്പൊ കേറി വന്ന അങ്ങേരുടെയൊക്കെ  താഴെയാണല്ലോ നമ്മുടെ സ്ഥാനമെന്നോർക്കുമ്പോ..നൂറുവർഷത്തെ ചരിത്രമുള്ള  കുടുംബം    പോലും.ധൂ...

അമ്മച്ചി:എടിയെടി..മതിയെടി.വല്ലാതങ്ങു  കിടന്നു തിളക്കാതെ.അപ്പനും,വല്യമ്മയും വല്യപ്പൂപ്പനും ഒക്കെയുണ്ടായിരുന്നതുകൊണ്ട് നീയൊക്കെ ഇവിടെവരെയെത്തി.നേരാംവണ്ണം ഒരു കോളേജ് യൂത്തുഫെസ്റ്റിവൽ നടത്താൻപോലും നിന്നെ കൊണ്ടൊക്കെ കഴിയുമോ? എന്നിട്ടാ വലിയ   ഉത്സവത്തെക്കുറിച്ചു വാചകമടിക്കുന്നതു....എടാ നിന്നോട് കൂടി  ആണ് ചോദിക്കണേ.

(മകൻജി  പരുങ്ങുന്നു)

മകൾജിഅമ്മച്ചി വെറുതെ പി.ബി..ഛെ..ബി.പി  കൂട്ടാതെ.അല്ലെങ്കിൽതന്നെ അമ്മച്ചി പറഞ്ഞാൽ ഇപ്പോൾ ആരെങ്കിലും കേൾക്കുമോ?ഉന്നതതലം  ആണ് പോലും  ഉന്നതതലം...ധൂ

അമ്മച്ചി: ഒരു കണക്കിന് നീ പറഞ്ഞതു  നേരാ. ഇപ്പൊ നമ്പർ 1 സ്നേഹതീരം എന്ന് കേട്ടാൽ ഒരുത്തരും പേടിച്ചു മൂത്രമൊഴിക്കില്ല.നമ്മുടെ  സംഘത്തിന്റെ മുഖപത്രമായ മഞ്ഞരമ...അവർ പോലും നമ്മെ പുകഴ്ത്തുന്നില്ല.അമ്മച്ചി വന്നു.
ആവേശം അലയടിച്ചു.മോൻജി വന്നു ആവേശം വാനോളം.മോൾജി വന്നു.അമ്മൂമ്മയെ ഓർമ്മിപ്പിച്ചു  സ്റ്റേജിൽ ഓടിക്കയറി.ആവേശം തിരതല്ലി  എന്നൊക്കെ വെണ്ടക്കാ നിരത്തിയവർ   കണ്ട  ഭാവം ഇല്ല (തളർന്നു ഒരിടത്തു  ഇരിക്കുന്നു)

അന്തപ്പായി:അമ്മച്ചി  ഒന്നടങ്ങു.അഞ്ചുവർഷം കൂടി ക്ഷമിക്കാം.ഇവിടുത്തെ പൊട്ടൻമാരായ  മനുഷ്യർ അല്ലെ.കുടുംബപ്പേര്  പറഞ്ഞാൽ  പിന്നെ  അവർ  എല്ലാം മറന്നു  നമുക്ക്  തന്നെ ഉത്സവം നടത്താനുള്ള അധികാരം  തരും. അഞ്ചുവർഷം പുറത്തുനിന്ന് ഇപ്പോഴത്തെ ഭരണസമിതി ചെയ്യുന്നതിനെ  എല്ലാമങ്ങ്  എതിർക്കാന്നെ.അല്ലാതിപ്പോ  എന്ത്  ചെയ്യാൻ.

അമ്മച്ചി:എടൊ..തനിക്കു അങ്ങനെ പറയാം.തന്റെ പിള്ളാരൊന്നും  ഈ പണിക്കു  ഇല്ലല്ലോ.എന്റെ  പിള്ളേര്  അങ്ങനെ  ആണോ? ഉത്സവം  നടത്താൻ വേണ്ടി  മാത്രം  ജനിച്ചവർ  അല്ലെ  അവരൊക്കെ. അവർക്കു ഈ പണി  അല്ലാതെ  വേറെ  എന്തറിയാം.അവരുടെ  ഭാവി.പിന്നെ അവർക്കു  ഉണ്ടാകുന്ന  കുഞ്ഞുങ്ങളുടെ ഭാവി.അതൊക്കെ എന്താവും?

 
അന്തപ്പായി:അമ്മച്ചീ..തുറന്നു പറയുന്നത് കൊണ്ട് ഒന്നും  തോന്നരുത്.എന്റെ പേര് വെട്ടിയാലും  സാരമില്ല.ഈ പോക്ക് പോയാൽ മിക്കവാറും  ഒരു  നാലഞ്ചു  വർഷത്തോടെ  ഈ പരിപാടി ഒക്കെ  നിർത്തേണ്ടി  വരും.ആദ്യം  നിങ്ങൾ കമ്പനിയിൽ   മര്യാദക്ക്  ഒരു  തിരഞ്ഞെടുപ്പ്  വെക്കു.ഒരു  തിരഞ്ഞെടുപ്പ്  വന്നാൽ  നിങ്ങൾ കുടുംബക്കാർ  ആരും ജയിക്കില്ല എന്നറിയാം.എന്നാലും  ജനിച്ചപ്പോ മുതൽ  വിശ്വസിക്കുന്ന   കമ്പനിയുടെ  ഇന്നത്തെ  സ്ഥിതി  ഓർത്തു പറയുകയാണ്. വിവരം ഉള്ള  ആരെ  എങ്കിലും  സംഘത്തലവൻ ആക്കു.ഈ സീറ്റ് വീതംവെപ്പും,പദവിവീതംവെപ്പുംഒക്കെയൊന്നു നിർത്തു.

അമ്മച്ചി:അന്തപ്പായീ.യൂ  ആർ  ക്രോസിങ്  ദി  ലിമിറ്റ്സ്.

പുറത്തു വലിയ ബഹളം  നടക്കുന്നു.കൈയിൽ  ചൂട്ടുമായി  കേരളത്തിലെ ജൂനിയർ  ആദർശൻ സ്റ്റേജിലേക്ക് കയറിവരുന്നു.അയാൾ  അമ്മച്ചിയെ നോക്കി പറയുന്നു.

എനിക്ക്മ ടുത്തമ്മച്ചീ ..ജനങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി കൊടുത്തു ഒരു വഴിയായി.നമ്പർ 1സ്നേഹതീരത്തിന്റെ  കലവറക്കു ഞാൻ തീയിട്ടമ്മച്ചി.അവിടെ  കെട്ടിവെച്ചിരിക്കുന്ന പഴയ നോട്ടുകെട്ടുകളെല്ലാം ത്തിചാമ്പലായി.അല്ലെങ്കിലും അതിനി  കത്തിക്കാൻ  മാത്രമല്ലേ  കഴിയൂ.
പുറകോട്ടു  മറിയാൻ പോകുന്ന  അമ്മച്ചി.സ്തബ്ധരായി നിൽക്കുന്ന  മകൻജിയും  മകൾജിയും.പശ്ചാത്തലത്തിൽ  അന്തപ്പായിക്ക്   ഏറ്റവും  ഇഷ്ട്ടമുള്ള പഴയ  നാടൻ പാട്ടു.തന്താന താന്തിനാന്താരോ തനന്തിനന്താരോ”.
കർട്ടൻ 


(ഇത്  ഉത്സവം  നടത്താനുള്ള  അവകാശം നഷ്ട്ടപ്പെട്ട  ഒരു കുടുംബത്തിന്റെ  കദന കഥയാണ്..ജീവിച്ചിരിക്കുന്നവരുമായി ഇതിനു യാതൊരു  ബന്ധവുമില്ല.അങ്ങനെ ആർക്കെങ്കിലും തോന്നുന്നു  എങ്കിൽ  അത് അവരുടെ  ഭാവനയുടെ തകരാറു മാത്രമായിരിക്കും )

3 അഭിപ്രായ(ങ്ങള്‍):

Manoj vengola said...

നല്ല നാടകമെഴുത്ത്. പോകട്ടെ മുന്നോട്ട്. എല്ലാവിധ ആശംസകളും.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതിൽ മിക്കവരും
ഇന്ന് ജീവിച്ചിരിക്കുന്ന കഥപാത്രങ്ങൾ തന്നെ ..!

സുധി അറയ്ക്കൽ said...

കലക്കൻ.നല്ല ഇഷ്ടമാാായി.