Oct 9, 2012

പാപത്തിന്റെ ശമ്പളം മരണമത്രേ..


തമ്പാനൂര്‍   സ്റ്റേഷനില്‍ കൊല്ലത്തേക്കുള്ള    വണ്ടി കാത്തിരിക്കവേ,ഒരു ശരാശരി  ഇന്ത്യക്കാരന്‍ തന്റെ  ആയുസ്സിന്റെ നാലില്‍  ഒന്ന് ചിലവഴിക്കുന്നത് റെയില്‍വേ സ്റ്റേഷനില്‍ അല്ലെങ്കില്‍   ബസ് സ്റ്റേഷനിലാണെന്ന്  ആരോ പറഞ്ഞത്  ഞാന്‍ ഓര്‍ത്തു പോയി..


റെയില്‍വേ സ്റെഷനുകള്‍  എന്നും  എനിക്ക് പ്രിയപ്പെട്ടതായിരുന്നു.ചെറിയ ദൂരങ്ങള്‍ക്കുപോലും  ഞാന്‍  തീവണ്ടിയെ ആശ്രയിച്ചു.  അവിടം കാണുമ്പോള്‍ എന്തെന്നില്ലാത്ത  ഒരു  അനുഭൂതി  എന്റെ  മനസ്സില്‍ ഉണ്ടാകുമായിരുന്നു.മരണം പതിയിരിക്കുന്ന സ്റെഷനുകള്‍, പാളത്തില്‍  മരിച്ച   നിലയില്‍ കാണപ്പെട്ടവരുടെ  കഥകള്‍, വണ്ടിയില്‍ ഓടിക്കയറുമ്പോള്‍  മരിച്ചവര്‍, അംഗഭംഗം വന്നവര്‍ എന്നിവരുടെ  വാര്‍ത്തകള്‍ ആവേശത്തോടെ  വായിക്കാനാഗ്രഹിച്ച വിഷയങ്ങളായിരുന്നു. 


സൂക്ഷ്മതയോടെ ഞാന്‍ അടിച്ച  അടിയില്‍ നിന്നും   ഒരീച്ച  രക്ഷപെട്ടതിന്റെ  നിരാശയില്‍  ഞാന്‍ ഇരിക്കവേ, നവദമ്പതികള്‍  എന്ന് തോന്നിച്ച  ഒരു ചെറുപ്പക്കാരനും  ചെറുപ്പക്കാരിയും  കൈകള്‍ കോര്‍ത്ത്‌ പിടിച്ചു  എന്റെ  മുന്നില്‍  വന്നു  നിന്നു. അവരുടെ  പ്രേമപ്രകടനങ്ങള്‍  എന്നില്‍ അസ്വസ്ഥതയുണര്‍ത്തി.ചെറുപ്പക്കാരി  തന്റെ  പിങ്ക് നിറമുള്ള  ഷോള്‍ നേരെ  ആക്കിയിടുന്നതിനോപ്പം അയാളുടെ  കൈകളില്‍ മെല്ലെ നുള്ളുന്നത്  ഞാന്‍ കണ്ടു. 


ചെറുപ്പത്തോടു  എനിക്ക്  എന്നും   അസൂയയും വിദ്വേഷവും  ആയിരുന്നു.  ചെറുപ്പം  എന്റെ സ്വസ്ഥത  കെടുത്തി.ചെറുപ്പത്തിന്റെ  പ്രസരിപ്പ് കാണുമ്പോള്‍  എന്തിനെന്നറിയാത്ത  ഒരു  രോഷം എല്ലായ്പ്പോഴും   എന്നില്‍  ഉണ്ടാകുമായിരുന്നു. 

വളരെ  നേരത്തിനു ശേഷം  വണ്ടി  വരികയും, ഞാന്‍ ആദ്യം  തന്നെ  ഒരു  സീറ്റില്‍ ഇരിക്കയും ചെയ്തു. എന്റെ  മനസ്സിന്റെ  സമനില  തെറ്റിക്കാന്‍ എന്നവണ്ണം ചെറുപ്പക്കാരിയും  ചെറുപ്പക്കാരനും എനിക്ക്  എതിര്‍വശം  തന്നെ  വന്നിരുന്നു. മറ്റാള്‍ക്കാര്‍  ട്രെയിനില്‍  ഇല്ല  എന്ന  രീതിയിലുള്ള അവരുടെ  പെരുമാറ്റം,  എന്നില്‍ രോഷമുണര്‍ത്തി. ഇവര്‍ക്ക്  ഇതൊക്കെ  അവരുടെ  സ്വകാര്യ നിമിഷങ്ങളില്‍  ആയിക്കൂടെ  എന്ന്  ഞാന്‍  ഓര്‍ത്തു. 


പെണ്‍കുട്ടി  യുവാവിന്റെ  തോളില്‍ തല ചായ്ച്ചു ഏതോ  മൊബൈല്‍  ക്ലിപ്പ്  കാണുകയായിരുന്നു. ഇടക്കെപ്പോഴോ  വന്ന  ഒരു എസ്.എം.എസിന്റെ പേരില്‍   അവര്‍  കലഹിക്കുന്നതും, അതിനു ശേഷം അയാള്‍ എന്തൊക്കെയോ  പറഞ്ഞു അവളെ  ആശ്വസിപ്പിക്കുന്നതും  ഞാന്‍  കണ്ടു.


കമ്പാര്‍ട്ടുമെന്റില്‍  നിറയെ  കോളേജ് കുട്ടികളായിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നു  നിന്നു പരസ്പരം മുട്ടി നിന്നു  സംസാരിക്കയും ,  ഫോണില്‍ എസ്.എം.എസുകള്‍  അയക്കുകയും  ചെയ്തു. മുകളിലത്തെ  ബെര്‍ത്തില്‍ ഇരിക്കുകയായിരുന്ന ഒരു കുട്ടി തന്റെ മൊബൈലില്‍  താഴെ  ഇരിക്കുന്ന ചെറുപ്പക്കാരിയുടെ  അനാവൃതമായ നിമ്നോന്നതങ്ങള്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു.പെണ്‍കുട്ടിയും  യുവാവും, മറ്റൊരു ലോകത്തായിരുന്നത്  കൊണ്ട്  അവര്‍ അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.  അതിനു ശേഷം നിമിഷങ്ങള്‍ക്കുള്ളില്‍  പല ആണ്‍കുട്ടികളുടെയും    മൊബൈല്‍ ശബ്ദിക്കുകയും,അവര്‍  അത് നോക്കി ഒരു  ചെറു ചിരി ചിരിച്ചതിനു  ശേഷം, ബെര്‍ത്തിന് മുകളില്‍ ഇരിക്കുന്ന  കുട്ടിയെ  നോക്കി ചിരിക്കയും ചെയ്തു. രോഷാകുലനായ  ഞാന്‍ കുട്ടിയുടെ മൊബൈല്‍  പിടിച്ചു  വാങ്ങി നോക്കിയതിനു ശേഷം  പുറത്തേക്കു  എറിഞ്ഞു. മൊബൈലിനു പകരം  അവനെ  പുറത്തേക്കു  എറിയാനുള്ള രോഷം  എനിക്കുണ്ടായിരുന്നു. വാതിലില്‍   നിന്നും  അകലെ  ആയിരുന്നതിനാല്‍  ഞാന്‍  അത് അടുത്ത തവണ ആവട്ടെ  എന്ന്  വിചാരിച്ചു.



പൂജപ്പുര  ജയിലില്‍ നിന്നുമുള്ള  മടക്കയാത്രയില്‍ ആയിരുന്നു ഞാന്‍. രണ്ടാമത്തെ   ജീവപര്യന്തം ഏറ്റുവാങ്ങുമ്പോള്‍,ഇനിയും  മൂന്നാമത് ഒരെണ്ണത്തിനു കൂടി  ബാല്യമുണ്ട്  എന്ന് എനിക്ക് തോന്നിയിരുന്നു. എന്നെപോലൊരു  സ്ഥിരം കുറ്റവാളിയെ  ശിക്ഷക്ക്  ശേഷം   സമൂഹത്തിലേക്കു  വീണ്ടും വിടുന്നതിനെ റ്റി  സര്‍ക്കാര്‍  ക്കീല്‍ കോടതിയില്‍  ആശങ്ക പങ്കു വെച്ചിട്ടും, വധശിക്ഷയില്‍  നിന്നും  എന്നെ  വിട്ടയച്ച ന്യായാധിപനോട്   എനിക്ക്  ഒരു കാര്യത്തില്‍ നന്ദി ഉണ്ടായിരുന്നു.  വീണ്ടും, ഒരു  ചതിയനെ അല്ലെങ്കില്‍   ചതിച്ചവളെ  കാലപുരിക്കയക്കാന്‍ ഈ  വിധി  അനുവദിച്ചതിന് മാത്രം. 



ബാംഗ്ലൂര്‍  നേഴ്സിംഗ് പഠിക്കുന്ന  മകളെ  കാണാന്‍ പോയ   ഭാര്യയുടെ  അടുത്ത  സീറ്റില്‍  ആരു എന്ന് അന്വേഷിച്ചു  റെയില്‍വേ  സ്റെഷനില്‍  എത്തിയ സമയം , അവളുടെ  കൂടെ  കണ്ടെത്തിയ അയല്‍വാസിയെ റബര്‍ കത്തി  കൊണ്ട് തത്സമയം കുത്തിക്കൊന്ന  ആ  ദിവസത്തില്‍   അനുഭവിച്ച അനുഭൂതി പിന്നീട്  ഒരിക്കലും  ഉണ്ടായില്ല. നെഞ്ഞിലേക്ക്  റബര്‍ കത്തി  ആഞ്ഞു കുത്തുമ്പോള്‍  അയാളുടെ    കണ്ണില്‍  കണ്ട  ഭീതി തന്ന  സന്തോഷം.പാപത്തിന്റെ  ശമ്പളം  മരണമത്രേ..

എന്നാല്‍ ഭാര്യയെ  വഞ്ചിച്ച  സഹാധ്യപകന്റെ വിധി നടപ്പാക്കാന്‍  എട്ടുവര്‍ഷം  വേണ്ടി വന്നു.ആദ്യത്തെ  ജീവപര്യന്തം  കഴിഞ്ഞു  മടങ്ങി വരുന്നവഴി  ആ  വിധി  നടപ്പാക്കിയപ്പോള്‍ , സമൂഹത്തിനു  വേണ്ടി  എന്തെങ്കിലും  ചെയ്ത ചാരിതാര്ത്യതിലായിരുന്നു   ഞാന്‍. .


കൊല്ലം അടുത്തപ്പോള്‍  ചെറുപ്പക്കാരിയും ചെറുപ്പക്കാരനും  എഴുന്നേറ്റു. ഒരു  കൈകൊണ്ടു അയാള്‍  അവളുടെ  ചുമലില്‍ പിടിച്ചു  വീണ്ടും പ്രേമപൂര്‍വ്വം നോക്കി. ഈ  നോട്ടം,  വിവാഹത്തിന് ശേഷം  ഇരുപതു  വര്ഷം കഴിയുമ്പോള്‍ ഏതെങ്കിലും  മനുഷ്യര്‍  നോക്കുമോ എന്ന് ഞാന്‍ സന്ദേഹിച്ചു. 


കൊല്ലം സ്റ്റേഷനില്‍  ഇറങ്ങിയപ്പോള്‍ ചെറുപ്പക്കാരി  മുന്നോട്ടു  ഒറ്റയ്ക്ക്  നടന്നു. ഒരാള്‍ ചെറുപ്പകാരിക്ക്  വേണ്ടി  കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അയാളുടെ  കൈകളില്‍ ഉണ്ടായിരുന്ന   വെളുത്തു  തുടുത്ത  ഒരു  വയസ്സ് തോന്നിക്കുന്ന  ഒരു  സുന്ദരിക്കുട്ടി  അവളെ കണ്ടതും കൈകളിലേക്ക്  കുതിച്ചു  ചാടി. കുട്ടിയെ  എടുത്തിട്ട് പിന്നാലെ  വരുന്ന ചെറുപ്പക്കാരനെ  നോക്കി   അവള്‍  കുട്ടിക്ക്  ഒരു ചുംബനം  നല്‍കി. ചെറുപ്പക്കാരന്റെ മുഖം ചുമന്നത് ഞാന്‍  ശ്രദ്ധിച്ചു. 


കുട്ടിയുമായി  ആ കുടുംബം പോകും  വരെ ചെറുപ്പക്കാരന്‍ നോക്കി നിന്നു. അനന്തരം  ഫോണ്‍ എടുത്തു  അയാള്‍  എസ്.എം. എസ് അയക്കുന്നത് ഞാന്‍  കണ്ടു. ചിലപ്പോള്‍   അത്  ഭാര്യക്ക്  ആകാം, അല്ലെങ്കില്‍ ആ   ചെറുപ്പകാരിക്ക് . ആരെയായാലും,  ഇന്നത്തെ    ഇര  അയാള്‍  തന്നെ എന്ന്  ഞാന്‍ ഉറപ്പിച്ചു. ചെറുപ്പക്കാരിക്ക്‌  വേണ്ടി കാത്തു നിന്ന  ഭര്‍ത്താവിനു  വേണ്ടി  ഇങ്ങനെ ഒരു കൃത്യം  നടത്തുന്നതിന്റെ  ആവശ്യകതയെ  പറ്റി ഞാന്‍ തികച്ചും  ബോധവാനായിരുന്നു. 

കൊല്ലപ്പെടുന്ന  ആളിനോട്‌  അയാള്‍  ചെയ്ത തെറ്റുകള്‍ പറയണം  എന്നത്  എന്റെ നിര്‍ബന്ധങ്ങളില്‍  ഒന്നായിരുന്നു.. നിര്‍ഭാഗ്യവശാല്‍  ആദ്യത്തെ  കൊലപാതകത്തില്‍ അതിനു  സാവകാശം  ഉണ്ടായില്ല,എങ്കിലും സഹാധ്യാപകന്റെ  കാര്യത്തില്‍  അത്  സാധിച്ചു. മരണം  ഉറപ്പാക്കിയിട്ടും, സുന്ദരനായ   അയാളുടെ  മുഖം    കല്ലുകൊണ്ട്  ഇടിച്ചു വികൃതമാക്കിയപ്പോള്‍, എന്തെന്നില്ലാത്ത ഒരാനന്ദം എന്നില്‍  ഉണ്ടായി  എന്നത് സത്യമായിരുന്നു. പാപത്തിന്റെ  ശമ്പളം മരണമത്രേ..


റെയില്‍വേ  സ്റേഷന്‍ മുതല്‍  ഞാന്‍  അയാളെ പിന്തുടര്‍ന്നു.ആശ്രാമത്തിനു  അടുത്ത്   എത്തിയപ്പോള്‍  അയാളുടെ  വഴി  തടഞ്ഞു കൊണ്ട്  നിങ്ങള്‍ ചെയ്യുന്നത്  എത്ര  വലിയ തെറ്റാണു  എന്ന് അറിയാമോ  എന്ന് ഞാന്‍ അയാളോട്  ചോദിച്ചു. തെറ്റും  ശരിയും തീരുമാനിക്കാന്‍  ഞാന്‍  ആരാണ് എന്ന അയാളുടെ മറുചോദ്യത്തിന് കൈയില്‍ കരുതിയിരുന്ന  കരിങ്കല്‍ ചീളിനാല്‍  ഞാന്‍ ഉത്തരം  നല്‍കി. മുഖമടച്ചു  കിട്ടിയ  അടിയില്‍ അയാള്‍ അല്‍പ്പം പിന്നോട്ട് പോയി. രണ്ടു കൈകൊണ്ടും മുഖം പൊതിയ അയാളെ ഞാന്‍ വീണ്ടും  വീണ്ടും പ്രഹരിച്ചു. ബോധരഹിതനായ അയാളെ വലിച്ചു  ഞാന്‍ കായല്‍  തീരത്തേക്ക് കൊണ്ടുപോയി.പിന്നീടു  കാര്യങ്ങള്‍ എളുപ്പമായിരുന്നു. വെള്ളത്തില്‍  മുക്കവേ അയാള്‍  വീണ്ടും കുതറി. നീണ്ടകാലത്തെ  ജയില്‍ ജീവിതം എന്നില്‍ നിറച്ച  കരുത്തില്‍  ക്രമേണ  അയാള്‍ തളര്‍ന്നു. 

വലിച്ചു  കൊണ്ടുപോകും  വഴി  അയാളില്‍ നിന്നും എടുത്ത  മൊബൈലിലെ അവസാനത്തെ എസ്.എം.എസ്  നമ്പര്‍  ഞാന്‍  എടുത്തു  ഡയല്‍ ചെയ്തു. "മുത്തെ"  എന്ന  ശബ്ദം  താഴ്ത്തിയുള്ള വിളിയില്‍ നിന്നും  തന്നെ അത്  ചെറുപ്പക്കാരിയാണ്  എന്ന്  എനിക്ക് മനസ്സിലായി. ഭര്‍ത്താവിനെ  വഞ്ചിച്ച  നിനക്ക് ശിക്ഷ  ഉടനെ  ഉണ്ട്  എന്നും, നിന്റെ  കാമുകന്റെ ജീവന്‍  ഇപ്പോള്‍   തല്ക്കുമെലെ  ആണെന്നും പറഞ്ഞപ്പോള്‍  ക്രൂരമായ   ഒരു   ആനന്ദം എനിക്കുണ്ടായി. പാപത്തിന്റെ  ശമ്പളം മരണമത്രേ..


കൊല്ലം  സര്‍ക്കിള്‍ ഓഫീസില്‍ ഞാന്‍  ചെന്ന് വിവരം പറയുമ്പോള്‍,  പതിവുപോലെ  അവര്‍ വിശ്വസിച്ചില്ല.കൊലപാതകികളെ  പിടിക്കാന്‍ നിങ്ങള്‍  കഷ്ട്ടപ്പെടുമ്പോള്‍  ഒരു  കൊലപാതകി സ്വയം  കീഴടങ്ങാന്‍ മുന്നില്‍  വന്നിട്ടും നിങ്ങള്ക്ക്   അറസ്റ്റ്  ചെയ്യാനാവില്ലെ  എന്ന്  ഞാന്‍ രോഷത്തോടെ  ചോദിച്ചു.  നിയമവാഴ്ച്ചയെ പൂര്‍ണ്ണമായും മാനിക്കുന്നവാനാണ്  ഞാന്‍  എന്ന് എനിക്ക്  ഉത്തമാബോധ്യമുണ്ടായിരുന്നു .അതാണല്ലോ  എല്ലാ തവണയും എന്നതുപോലെ നേരെ  പോലീസ്  സ്റെഷനിലേക്ക്  വന്നത്. 


കഴിഞ്ഞ  രണ്ടു  പ്രാവശ്യത്തെയും  എന്നപോലെ അവരെ  എന്റെ  മക്കളെ   സ്റെഷനിലേക്ക്  വരാന്‍ വിളിച്ചു പറയുന്നത്  ഞാന്‍  കേട്ടു.തനിക്കു ഇഷ്ട്ടപ്പെടാതവരെ  കൊന്നു  എന്ന്  വിശ്വസിക്കുന്ന അവസ്ഥ, "a case of critical  schizophrenia" അതാണിയാളുടെ പ്രശ്നം  എന്ന്  എന്ന്  പോലീസ് സര്‍ജന്‍ എന്നെ  പരിശോധിച്ചതിനു   ശേഷം സര്‍ക്കിള്‍  ഇന്സ്പെക്ടരോട്  പറയുന്നത്   ഞാന്‍ കേട്ടു. 

അത് കേട്ടപ്പോള്‍ , ഞാന്‍  തിരിച്ചെത്തിയത്‌ പൂജപ്പുര  സെന്‍ട്രല്‍ ജയിലില്‍  നിന്നോ  അതോ തിരുവനന്തപുരത്തെ ചിത്തരോഗാശുപത്രിയില്‍ നിന്നോ  എന്ന്  തിരിച്ചറിയാനാവാത്ത വണ്ണം, മറവിയുടെ   നേര്‍ത്ത  പുതപ്പു എന്റെ  തലവഴി ആരോ പുതപ്പിച്ചതുപോലെ  തോന്നി. ...എന്താണ് എന്റെ പേര്‍ ? നാട് ?  


മകനോടൊപ്പം  സ്റെഷനിലേക്ക്  വന്ന  ഭാര്യയുടെ പേര്‍ ഞാന്‍ ഓര്‍ക്കാന്‍  ശ്രമിക്കവേ, ചിത്തരോഗാശുപത്രിയിലെ   അറ്റണ്ടര്‍മാരെ പോലെ യൂണിഫോം ധരിച്ച നാല്  ആള്‍ക്കാര്‍ അവരുടെ പിന്നാലെ വരുന്നത്  ഞാന്‍ കണ്ടു..അവരില്‍  ഒരാള്‍ക്ക്‌  റെയില്‍വേ സ്റെഷനില്‍ വെച്ച്  ഞാന്‍  റബര്‍ കത്തി  കൊണ്ട് കൊന്ന  അയല്‍വാസിയുടെ  രൂപമാണ് എന്നെനിക്കു  തോന്നി.ഇനി  ഒരുവേള  അതയാള്‍   തന്നെ  ആവുമോ ? അപ്പോള്‍  പാപത്തിന്റെ ശമ്പളം ?

34 അഭിപ്രായ(ങ്ങള്‍):

നിസാരന്‍ .. said...

അവസാന ആ ഒരു ട്വിസ്റ്റ്‌ വരെ അല്‍പ്പം അസ്വസ്ഥതയോടെ ആണ് വായിച്ചു പോയത്. അസ്വാഭാവികത മുഴച്ചു നില്‍ക്കുന്ന പോലെ തോന്നി. എന്നാല്‍ ആ ഒരു ട്വിസ്റ്റൊടെ കഥ മികച്ചതായി. മനസ്സിന്റെ ഭ്രമങ്ങള്‍ നന്നായി വരച്ചു കാണിച്ചു

vettathan said...

ടി.വി.സീരിയലുകളില്‍ കാണുന്നത് പോലെ നമ്മുടെ സമൂഹത്തില്‍ മുഴുവന്‍ അപഥ സഞ്ചാരമാണോ?പാപത്തിന് മരണം വിധിക്കുന്ന വിധികര്‍ത്താവിന്‍റെ കഥ നന്നായിരിക്കുന്നു.

RAGHU MENON said...

ചിന്താമണി കൊലക്കേസ് സിനിമ ഓര്‍മ വന്നു -
ധാര്‍മികരോഷം തലയില്‍ കയറുമ്പോള്‍
ഒന്നും ചെയ്യാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥയില്‍,ഇങ്ങനെ ഒന്ന് എഴുതുകയെ സാധാരണക്കാരന്
നിവര്‍ത്തി ആയുള്ളൂ !!

aboothi:അബൂതി said...

ഇണകളെ വഞ്ചിക്കുന്നവര്‍ക്ക് മരണ ശിക്ഷ തന്നെ നല്‍കണം...
കഥ അസ്സലായി.. എങ്കിലും ഒരു മുറുക്കം വേണമായിരുന്നു എന്നൊരു തോന്നല്‍..
നന്നായി എഴുതി.. നല്ല സബ്ജക്ട്ടു... ആ ഒരാള്‍ നമ്മളൊക്കെ തന്നെ അല്ലെ എന്നൊരു തോന്നല്‍..
നമ്മള്ളിപ്പോഴും ഭ്രാന്താശുപത്രിയില്‍ എത്തിയിട്ടില്ല എന്ന് മാത്രം..

Shaleer Ali said...
This comment has been removed by the author.
Shaleer Ali said...

കഥ ഇഷ്ട്ടമായി ..സമൂഹത്തിലെ അപഥ സന്ചാരങ്ങളില്‍ മനം മടുത്ത എഴുത്തുകാരന്റെ അടങ്ങാത്ത രോഷമാണ്‌ കഥയിലെ നായകനിലൂടെ തീര്‍ക്കാന്‍ ശ്രമിച്ചിട്ടുള്ളത് എന്നെനീക്ക് തോന്നുന്നു...
ഈ പ്രമേയം ഒന്ന് കൂടെ എഡിറ്റു ചെയ്‌താല്‍ കഥ ഇനിയും ഗംഭീരമാക്കാന്‍ താങ്കള്‍ക്കു തീര്‍ച്ചയായും കഴിയും.... ...:)ആശംസകളോടെ...

Mohiyudheen MP said...
This comment has been removed by the author.
Mohiyudheen MP said...

വില്ലേജ് മാന്റെ അനുഭവ കഥ എന്ന നിലയിലാണ് വായിച്ച് തുടങ്ങിയത്, വായിച്ച് പോകുമ്പോഴാണ് സംഗതി ക്ലിക്കായത്.

ഭഗവതിപ്പിള്ളക്ക് ശേഷം ശക്തമായ രചനയുമായി തിരിച്ച് വന്നിരിക്കുന്നു... :) ആശംസകൾ


എൻ ബി : ഞാനും പുതിയ ഒരു പോസ്റ്റിട്ടിട്ടുണ്ട്

jayanEvoor said...

സമൂഹത്തിന്റെ പെരുമാറ്റം വിചിത്രമായി കഥനായകനും, അയാളുടേത് സമൂഹത്തിനും തോന്നുന്ന കാലം.

കടിച്ചുകുടയുന്ന ചിന്തകളാൽ കടിഞ്ഞാൺ പോയ മനസ്സുമായി ഒരാൾ...

കൊള്ളാം.
നല്ല കഥ!

Unknown said...

ഇനിയെന്ത് ഇനിയെന്ത്.. എന്ന് അറിയാനുളള ആകാംക്ഷ അവസാനം വരെ നിര്‍ത്തി... അവസാനത്തെ ട്വിസ്റ്റ് നന്നായി....

ഷാജു അത്താണിക്കല്‍ said...

കാലികമായ ഒരു സംഭവം വളരെ നന്നായി വിവരിച്ചു,
ആശംസകൾ

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നന്നായി എഴുതിയിരിക്കുന്നു ...
ആശംസകള്‍
നിധീഷ് കൃഷ്ണന്‍

സിയാഫ് അബ്ദുള്‍ഖാദര്‍ said...

നന്നായി എഴുതി ,അവസാനത്തെ ട്വിസ്റ്റ്‌ വരെ ഒരു യുക്തിഭംഗം തോന്നിയിരുന്നു ,നിസാര്‍ പറഞ്ഞത് പോലെ ..പക്ഷെ അവിടെ വച്ചു കഥ പിന്നെയും പറന്നുയര്‍ന്നു ...

Unknown said...

നന്നായെഴുതി. നല്ലൊരു ത്രെഡ്. പക്ഷേ കുറച്ചുകൂടി നന്നാക്കാൻ ശ്രദ്ധിച്ചിരുന്നെങ്കിൽ വളരെ മികച്ച ഒന്നാകുമായിരുന്നു.

പട്ടേപ്പാടം റാംജി said...

നമുക്ക്‌ തെറ്റെന്നു തോന്നുന്നത് മറ്റുള്ളവര്‍ക്ക് ശരിയായി വരുന്നു. കാലവും മാറുകയാണ്.
പാവം അയാള്‍ ഒറ്റപ്പെടുകയും ചെയ്യുന്നു.

ഒരു ദുബായിക്കാരന്‍ said...

ഭ്രാന്തന്‍ ചിന്തയുമായി ഒരാള്‍ അല്ലെ !! കഥ ഇഷ്ടായി..പ്രത്യേകിച്ചും ക്ലൈമാക്സിലെ ട്വിസ്റ്റ്‌ .

Hashiq said...

വില്ലേജ്മാന്‍ പതിവുശൈലിയില്‍ പഴയഫോമിലേക്ക് ......... കഥ ഇഷ്ടമായി.

വീകെ said...

നല്ല കഥ..
അവസാനം വരെ സസ്പ്പെൻസ് നിലനിറുത്തി.
ആശംസകൾ...

അനില്‍കുമാര്‍ . സി. പി. said...

വായിച്ചു.
കൂടുതല്‍ നല്ല കഥകള്‍ക്ക്‌ ആശംസകള്‍ .

African Mallu said...

അയാള്‍ അയാളുടെ ഭ്രാന്തന്‍ കല്പനകളിലാണ്‌ എല്ലാവരെയും കൊന്നത് അല്ലെ. എനിക്കങ്ങനെയാണ് അവസാന വരികളില്‍ തോന്നിയത് . അവതരണം നന്നായിട്ടുണ്ട് .

Pradeep Kumar said...

നല്ലൊരു കഥ....
ശക്തമായൊരു ത്രഡ് ,മനോവിഭ്രാന്തിയുടെ തലത്തിലൂടെ വികസിപ്പിച്ചെടുത്ത ആ രീതി ഏറെ ഇഷ്ടമായി.

പലരും പറഞ്ഞപോലെ ഒന്നു കൂടി എഡിറ്റു ചെയ്ത് ഈ കഥയെ വാനോളം ഉയർത്താമായിരുന്നു.....

© Mubi said...

നല്ല കഥ ...

Muralee Mukundan , ബിലാത്തിപട്ടണം said...

തനിക്ക് പറ്റാത്തത് മറ്റുള്ളവർ നടത്തികാണിക്കുമ്പോഴാണ് ഇത്തരം മനോവിഭ്രാന്തികൾ ഉണ്ടായി പാപവും മറ്റും ചെയ്യാൻ ഒരുവനെ പ്രേരിപ്പിക്കുന്ന ഘടകം..!

ഇതു തന്നെയാണല്ലോ
ഈ കഥയുടെ ത്രെഡും..അല്ലേ ഭായ്

‍ആയിരങ്ങളില്‍ ഒരുവന്‍ said...

അപ്പോൾ സദാചാരപ്പോലീസ് എണ്ണം കൂടിക്കുടി വരുന്നതിൽ കാര്യമില്ലാതില്ല അല്ലെ.. നല്ല എഴുത്ത്..!!

ajith said...

സ്വപ്നത്തിലെങ്കിലും ഇങ്ങനെ കൊല്ലാത്തവര്‍ ആരുണ്ട്

നല്ല കഥ, നല്ല ആവിഷ്കാരം

K@nn(())raan*خلي ولي said...

പാപത്തിന്റെ സാലറി മരണം തന്നെ!
അല്ല പിന്നെ!
ശശിയേട്ടന്റെ ശൈലി കൊള്ളാം. എന്നാലും കഥയില്‍ എന്തോ ഒരു പോരായ്മ ഇല്ലേ എന്ന് തോന്നിപ്പോയി.
അപ്രതീക്ഷിത ക്ലൈമാക്സ് നന്നായി.

Villagemaan/വില്ലേജ്മാന്‍ said...

പ്രവാസ ജീവിതത്തിന്റെ ഒരു ചെറിയ ഇടവേളയില്‍ ആയിരുന്നു ഞാന്‍...അതുകൊണ്ട് തന്നെ അഭിപ്രായങ്ങള്‍ക്ക് മറുപടി അയക്കാന്‍ സാധിച്ചില്ല.

കഥ വായിച്ച എല്ലാവര്ക്കും, അഭിപ്രായം പറയാന്‍ സന്മനസ്സുകാട്ടിയ എല്ലാ വായനക്കാര്‍ക്കും നന്ദി..


ഫൈസല്‍ ബാബു said...

അധികം വളച്ചു കെട്ടില്ലാതെ കാര്യങ്ങള്‍ നേരിട്ട് പറയുന്ന രീതി കഥയെ മികച്ചതാക്കി ,അത് കൊണ്ട് തന്നെ മുഴുവന്‍ വായിക്കാന്‍ വായനക്കാര്‍ക്ക് ആകാംക്ഷ ജനിപ്പിക്കുന്നു ,കൊള്ളാം !!

Unknown said...

വില്ലേജ്മാന്റെ തിരിച്ചു വരവില് സന്തോഷം. തിരക്കിട്ടെഴുതിയതല്ലേ എന്ന് ഒരു സംശയം. നല്ല കഥാതന്തു. വികസിപ്പിക്കുന്നതില് ചെറിയൊരു അശ്രദ്ധ കുടുങ്ങിയോ? എഡിറ്റിംഗിന്റെ കുറവ് വല്ലാതെയുണ്ട്. ചില വാക്കുകൾ വല്ലാതെ ആവർത്തിച്ചു ഞാന്-29 തവണ!, എന്റെ-8 തവണ, എനിക്ക്-7 തവണ, എന്നില്-6 തവണ, പിന്നെ പാകത്തിന് എന്നെയും!!! ഇത്രയധികം "ഞാനിസം" എന്തായാലും ആവശ്യമില്ല. ചിലയിടങ്ങളിൽ അത് മുഴച്ചു കാണുന്നുമുണ്ട്. എഡിറ്റിംഗ് തന്നെ പ്രശ്നം.

വിമർശനം സഹിഷ്ണുതയോടെ കാണുമെന്ന പ്രതീക്ഷയോടെ!

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..ഫൈസല്‍ ബാബു

നന്ദി..ചീരമുളക്...ശ്രദ്ധയോടെ വായിച്ചതിനു...അഭിപ്രായം തുറന്നു പറഞ്ഞതിന്..

താങ്കള്‍ പറഞ്ഞത് ശരിയാണ്..വളരെ കുറച്ചു സമയം എടുത്തു എഴുതിയതായിരുന്നു ഈ പോസ്റ്റ്‌..ഒരു ദിവസം തിരുവനന്തപുരത്ത് പോകാന്‍ നിന്നപ്പോള്‍ നവ dambathikaleppole പോലെ രണ്ടു പേരെ കാണാനിടയായി..അവരുടെ സല്ലാപം പലര്‍ക്കും ഈര്ച്ചയുണ്ടാക്കി...രാത്രിയായതിനാല്‍ യുവതിയുടെ ഭര്‍ത്താവ് കൊല്ലത്ത് കുട്ടിയുമായി കാത്തു നിന്നിരുന്നു.. രണ്ടാളും രണ്ടു വഴിക്ക് പോകുന്നത് ഞാന്‍ ട്രെയിനില്‍ ഇരുന്നു കണ്ടു...കൊല്ലം മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രയില്‍ ഈ കഥ ഉണ്ടായി...വീട്ടില്‍ എത്തി ഉടനെ എഴുതി, അന്നേരം തന്നെ പോസ്റ്റ്‌ ചെയ്യുകയും ചെയ്തു..സത്യത്തില്‍ ആ സംഭവം ഉണ്ടാക്കിയ അമര്‍ഷം എനിക്ക് കഥയിലൂടെ convey ചെയ്യാന്‍ പറ്റിയില്ല എന്ന് തോന്നുന്നു.

വിമര്‍ശനം പോസിറ്റീവ് ആയി എടുക്കുന്നു..അടുത്ത പോസ്റ്റില്‍ അവ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാം.. ഒരിക്കല്‍ കൂടി നന്ദി..

കൊമ്പന്‍ said...

ലൈഗിക നിരക്ഷരത നടമാടുന്ന ഇന്നത്തെ അവസ്ഥയെ എടുത്ത് പറഞ്ഞ ശക്തമായ പ്രമേയം മനോഹരമായി അവതരിപ്പിച്ചു
ആശംസകള്‍ ശശി അണ്ണാ

ലി ബി said...

സമൂഹത്തിലെ അനീതിക്കെതിരെ വാളെടുക്കുന്ന ഒരാള്‍..
പാപത്തിന്റെ ശമ്പളം മരണം ആണെന്ന് അയാള്‍ ചിന്തിക്കുന്നു....
അതിനു വേണ്ടി കൊലയാളി ആകുന്നു...
മറ്റൊരാളുടെ ജീവന്‍ എന്ത് കാരണത്താല്‍ ആയാലും എടുക്കാന്‍ മനുഷ്യനു അവകാശം ഇല്ലാ....എന്ന് വിശ്വസിക്കുന്നവരോ....അയാളുടെ ചെയ്തികള്‍ യുക്തിക്ക് നിരക്കാതവരോ ...അയാളെ ഭ്രാന്തന്‍ എന്ന് മുദ്ര കുത്തുന്നു...

((അവസാനം വന്ന ട്വിസ്റ്റ്‌ ഇഷ്ടപ്പെട്ടു....))

RK said...

കഥ കുഴപ്പമില്ല.അതവിടെ നില്‍ക്കട്ടെ,ഇതു പോലെ ഓരോന്നു കാണുമ്പോള്‍ ചിലപ്പോ തോന്നാറുണ്ട് 'അന്യന്‍' ആയി എടുത്ത് ഇവറ്റകളെയൊക്കെ പുറത്തേക്കെറിഞ്ഞാലോ എന്ന്,പിന്നെ വെറുതേ നാട്ടുകാര്‍ക്കു പണിയുണ്ടാക്കേണ്ട എന്ന് കരുതി ക്ഷമിക്കും.ഹല്ല പിന്നെ :)

kochumol(കുങ്കുമം) said...

പാപത്തിന്റെ ശമ്പളം മരണമത്രേ..!!
ചിന്താമണി കൊലക്കേസ് എന്ന സിനിമയാണ് എനിക്കും ഓര്‍മ്മ വന്നത് ..നന്നായി എഴുതി ,ക്ലൈമാക്സ് നന്നായി