Jan 14, 2012

മറുനാട്ടില്‍ ഒരു മലയാളി ( കാലം തെറ്റിയ ) ഒരു റിവ്യൂ !


കോട്ടയം രാജമഹാള്‍ തീയേറ്ററില്‍ "മറുനാട്ടില്‍ ഒരു മലയാളി " എന്ന ചിത്രം റിലീസ് ദിനത്തില്‍ കാണാന്‍ എത്തുമ്പോള്‍ വലിയ തിരക്കുണ്ടായിരുന്നില്ല. സംവിധായകന്‍ എ. ബി. രാജിന്റെ മുന്‍പിറങ്ങിയ രണ്ടു ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ വലിയ ചലനം സൃഷ്ട്ടികാതിരുന്നതുകൊണ്ടാവാം അത്.

ക്രിസ്തുമത വിശ്വാസിയായ നായകന്‍ (പ്രേം നസീര്‍ ) മദ്രാസില്‍ ചെല്ലുന്നതും, ബ്രാഹ്മണനായ ഹോട്ടലുടമയുടെ (ശങ്കരാടി ) ഹോട്ടലില്‍ ജോലി കിട്ടാനായി ബ്രാഹ്മണനായി അഭിനയിക്കുന്നതും, ഹോട്ടലുടമയുടെ മകളുമായി ( വിജയശ്രീ ) പ്രേമബന്ധതിലാകുന്നതും വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.അടൂര്‍ ഭാസി അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ നന്നായി ആസ്വദിക്കും. ചിത്രത്തിന്റെ അവസാനം നായകന്‍റെ കള്ളത്തരം പൊളിയുമ്പോള്‍ ശങ്കരാടിയുടെ വെളിപ്പെടുത്തല്‍ നായകനെ എന്നതുപോലെ കാണികളെയും അത്ഭുതപ്പെടുത്തുന്നു.

ജയ്മാരുതി തീയെറ്റെഴ്സിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന മറുനാട്ടില്‍ ഒരു മലയാളിയുടെ കഥ വി. ദേവന്‍ എഴുതിയിരിക്കുന്നു. സംഭാഷണം എസ്. എല്‍ .പുരം. പ്രേം നസീര്‍, വിജയശ്രീ, അടൂര്‍ഭാസി, ശങ്കരാടി ,എസ് പി പിള്ള എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. യേശുദാസ്, ജയചന്ദ്രന്‍, പി സുശീല, എസ് ജാനകി എന്നിവര്‍ പാടിയിരിക്കുന്നു. ദക്ഷിണാമൂര്‍ത്തി ശ്രീ കുമാരന്‍ തമ്പി ടീമിന്റെ എല്ലാ ഗാനങ്ങളും മനോഹരം. മനസ്സിലുണരൂ ,ഗോവര്‍ധന ഗിരി,അശോക പൂര്‍ണ്ണിമ,കാളി ഭദ്രകാളി,സ്വര്‍ഗവാതില്‍ ഏകാദശി എന്ന് തുടങ്ങുന്ന ഗാനങ്ങളില്‍ അദ്ദ്യത്തെ മൂന്നു ഗാനങ്ങള്‍ മലയാള ഗാനശാഖ ഉള്ളിടത്തോളം കാലം കേരളീയര്‍ ഏറ്റുപാടാതിരിക്കില്ല.


കലാമൂല്യമുള്ള ഒരു ചിത്രം എന്നതിലുപരി രണ്ടര മണിക്കൂര്‍ പ്രേക്ഷകനെ രസിപ്പിക്കുക എന്ന ദൌത്യം ആണെന്ന് തോന്നുന്നു സംവിധായകന്‍ എ.ബി രാജ് ഉദ്ദേശിച്ചിരിക്കുന്നത്. അതില്‍ അദ്ദേഹം വിജയിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. ഒരു നല്ല ചിത്രം പ്രതീക്ഷിചെതുന്നവരെ നിരാശ പ്പെടുതുന്നില്ല ഈ ചിത്രം. ഒരു സംശയവും ഇല്ലാതെ തന്നെ പത്തില്‍ ഏഴു മാര്‍ക്ക് നേടുന്നു ഈ ചിത്രം.



കുറിപ്പ് : മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് റിലീസായ ഒരു ചിത്രത്തിന് റിവ്യൂ എഴുതിയതെന്തിനാനെന്നൊരു ചോദ്യമുണ്ടാവാം. പടം റിലീസായി ആദ്യത്തെ ഷോ കണ്ടിട്ട് ഇറങ്ങിയ ഉടനെ റിവ്യൂ എഴുതി ഒരു വ്യവസായത്തെ തന്നെ നശിപ്പിക്കുന്ന "റിവ്യൂ തൊഴിലാളികളോടുള്ള" പ്രതിഷേധം മാത്രമാണീ പോസ്റ്റ്‌. സിനിമ കണ്ടു കയ്യടിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തിട്ട് ഇറങ്ങിയ ഉടനെ ചെയ്യുന്ന ഈ ദ്രോഹം മലയാള സിനിമയ്ക്ക് എന്ത് ഗുണം ചെയ്യും എന്ന് ഓര്‍ക്കുന്നത് നല്ലതായിരിക്കും.സിനിമ നല്ലതാവട്ടെ, ചീത്തയാവട്ടെ. നിക്പക്ഷമായി അത് പൊതുജനം കണ്ടിട്ട് വിധി എഴുതട്ടെ.ഈ തരം ഇന്‍സ്റ്റന്റ് റിവ്യൂ വായിച്ചു ഒരു മുന്‍വിധിയോടെ പടം കാണുകയോ കാണേണ്ട എന്ന് തന്നെ വെക്കുംപോളോ കുറെ ഏറെ പേരുടെ ഒരുപാടുനാളത്തെ അധ്വാനമാണ് ഒരു ഇന്റര്‍നെറ്റ്‌ കണക്ഷന്‍ വഴി ഇല്ലാതാകുന്നത്. ഉദയനാണ് താരത്തിലെ നായകന്‍ പറയുന്നതുപോലെ ഒരാളുടെ ഒരു പാട് നാളത്തെ സ്വപ്നമായിരിക്കാം ഇക്കൂട്ടര്‍ തകര്‍ക്കുന്നത്.

മലയാളം സിനിമയെ നന്നാക്കി കളയാം, അല്ലെങ്കില്‍ പ്രേക്ഷകരുടെ പണം നഷ്ട്ടപ്പെടാതെ നോക്കാം എന്ന നല്ല ഉദ്ദേശം ഇതിന്റെ പിന്നില്‍ ഉണ്ട് എന്ന് കരുതുക വയ്യ...

വായനക്കാരുടെ അഭിപ്രായങ്ങള്‍ പ്രതീഷിക്കുന്നു.

31 അഭിപ്രായ(ങ്ങള്‍):

Njanentelokam said...

പോസ്റ്റിന്റെ ഉദ്ദേശ ശുദ്ധിയെ മാനിക്കുന്നു.
ഒപ്പം ഇപ്പോള്‍ ആള്‍ക്കാര്‍ക്ക് ക്ഷമയില്ലെന്നതും ഓര്‍മ്മിപ്പിക്കുന്നു.രാഷ്ട്രീയവും സിനിമയും ഒന്നും മനുഷ്യന്‍ ചര്‍ച്ച ചെയ്യാതായിരിക്കുന്നു.എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്തു കളയുകയാണ് ചെയ്യുന്നത്.നാളെ വേറെ വരുമെന്ന് അവനറിയാം.കേള്‍ക്കുന്നത് തന്നെ സത്യമോ എന്നും ഉറപ്പില്ല.ഒന്നിനും news value അധിക നാളില്ല.പടം കാണാന്‍ പോകുന്നതും ഇത് പോലെ അറിയാവുന്ന ആരെങ്കിലും കണ്ടോ എന്ന് അന്വേഷിക്കും അത്രേയുള്ളൂ.
കണ്ടു കാശ് പോയ ഏതെന്കിലും സിനിമയുടെ റിവ്യൂ പിന്നെ കുറച്ചു നാള്‍ കഴിയുമ്പോള്‍ കാണേണ്ടി വരികയും അത് കാരണം കാശ് പോയ കാര്യം വീണ്ടും ഓര്‍മ്മ വരികയും ചെയ്‌താല്‍ എനിക്ക് കൂടുതല്‍ കലി വന്നെന്നും വരും ...

Sureshkumar Punjhayil said...

Ella niroopakarkkum ...!!!

Manoharam, Ashamsakal...!!!

khaadu.. said...

ഇന്നലെ ഒരാളുടെ റിവ്യു വായിച്ചു... പുതിയ സിനിമയെ പറ്റി ... അത് വച്ച് നോക്കുമ്പോള്‍ ഇങ്ങള് പറഞ്ഞതിലും കാര്യമുണ്ട്...

നന്നായി..

kARNOr(കാര്‍ന്നോര്) said...

ഒരു 25 വര്‍ഷം മുന്‍പ് നമ്മള്‍ പാണ്ടിപ്പടം എന്ന് പറഞ്ഞ് കളിയാക്കിയിരുന്ന തമിഴ്പടങ്ങളുടെയും പിന്നെ ഹിന്ദി പടങ്ങളുടെയും കാര്യത്തില്‍ ഇന്ന് നിലവാരത്തിലുണ്ടായ ഉയര്‍ച്ചയും ഒപ്പം മലയാള പടത്തിനുണ്ടായ നിലവാരത്തകര്‍ച്ചയും കണക്കിലെടുക്കുമ്പോള്‍ പ്രേക്ഷകന്റെ പണം നഷ്ടപ്പെടാതിരിക്കാന്‍ ഏറെ സഹായിക്കുന്ന റിവ്യൂകളെ സ്വാഗതം ചെയ്യുന്നു. അതിനാല്‍ താങ്കളുടെ അഭിപ്രായത്തോട് വിയോജിക്കുന്നു. 2011 ഇല്‍ സിനിമയുടെ പേരും പോസ്റ്ററും സംവിധായകന്റെ പേരും പാട്ടും ഒക്കെ കാരണം ഒരുപക്ഷേ പ്രേക്ഷകന്‍ പണം മുടക്കുമായിരുന്ന കുറേ തല്ലിപ്പൊളി പടങ്ങളെങ്കിലും റിവ്യൂ കാരണം നമ്മുടെ കാശുലാഭമാക്കിയവയാണ്. ഒപ്പം ‘ചാപ്പാ കുരിശ്’, ‘ട്രാഫിക്ക്’ തുടങ്ങി മുന്‍പറഞ്ഞ കാരണങ്ങളാല്‍ അത്ര ശ്രദ്ധിക്കപ്പെടാതെപോകുമായിരുന്ന പല പടങ്ങളും റിവ്യൂ കാരണം കൂടിയാണ് വിജയിച്ചതും..

SHANAVAS said...

ഇത് കൊള്ളാം...ഇനി നമ്മുടെ പഴയ നല്ല പടങ്ങളുടെ ഒക്കെ റിവ്യൂ പോരട്ടെ...കാരണം ഇപ്പോഴത്തെ പടങ്ങള്‍ , റിവ്യൂ വെളിച്ചം കാണുന്നതിനു മുന്‍പ് , കെട്ടു കെട്ടും തീയേറ്ററില്‍ നിന്ന്..ഒരു റിവ്യൂവിന് യോഗ്യതയുള്ള പടങ്ങള്‍ എവിടെ????

Hashiq said...

രാജമഹാള്‍ തീയേറ്ററും മറുനാടന്‍ മലയാളിയും.!!!! ആദ്യം എല്ലാം ഒരു പുകപോലെയാണ് തോന്നിയത്. മൌസുമായി ഒരു മൂന്നുവട്ടമെങ്കിലും മുകളിലേക്ക് പോയി നോക്കി. വില്ലേജ്‌മാന് ഇത് എന്തിന്റെ കേടാണ് എന്നറിയാന്‍. പിന്നെയല്ലേ കാര്യം മനസിലായത്.
നിരൂപണം വസ്തുനിഷ്ഠവും സത്യസന്ധവുമാണെങ്കില്‍ തെറ്റില്ല. കാശും സമയവും പോകാതെ തടി രക്ഷിക്കാമല്ലോ?

ഓ:ടോ കൊച്ചു തോമയുടെ പെണ്ണുകാണല്‍ ഉഗ്രനായി. ഈ പോസ്റ്റിനെക്കുറിച്ചുള്ള എന്റെ പ്രതിഷേധം ഞാന്‍ ഇങ്ങനെ അറിയിക്കുന്നു, ഒരു വര്‍ഷം മുമ്പുള്ള പോസ്റ്റിന് അഭിപ്രായം പറഞ്ഞുകൊണ്ട് !!! :-)

എന്‍.പി മുനീര്‍ said...

ഹഹ..മറുനാട്ടില്‍ ഒരു മലയാളി റിവ്യൂ..സിനിമയുടെ റിവ്യൂ അറിയാന്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയുണ്ട്.യാതൊരു നിലവാരവുമില്ലാത്ത പടങ്ങള്‍ ഇറങ്ങുന്ന ഇക്കാലത്ത് റിപ്പോര്‍ട്ട് നോക്കി കാശും നേരവും കളയാതിരിക്കാമല്ലോ.പിന്നെ പക്ഷപാതപരമായി റിവ്യൂ ചെയ്യുന്നത് ശരിയല്ല.റിവ്യൂ എഴുതുന്ന ആളുടെ അസ്വാദനത്തിനനുസരിച്ച് വിലയിരുത്തലില്‍ മാറ്റമുണ്ടാകുമല്ലോ.എങ്കിലും വേര്‍ഡ് ഓഫ് മൌത്ത് തന്നെയാണ് മിക്ക പടങ്ങളുടെയും ഗതി നിര്‍ണ്ണയിക്കുന്നത്..ആദ്യം വീണ ചില പടങ്ങള്‍ തിരിച്ചു വരുന്നതും കാണാം..

Villagemaan/വില്ലേജ്മാന്‍ said...

നന്ദി.. നാരദന്‍.
നന്ദി..സുരേഷ് കുമാര്‍

നന്ദി..ഖാദു..ഇന്നലെ വായിച്ച ഒരു റിവ്യൂ തന്നെയാണ് ഈ പോസ്ടിനാധാരം..അതുപോലെ തന്നെ പടം ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പലരും റിവ്യൂ എഴുതി കണ്ടിട്ടുണ്ട്..അതിനോടുള്ള ഒരു പ്രതിഷേധം മാത്രം.

നന്ദി..കാര്‍ന്നോര്‍ ..റിവ്യൂ വായിച്ചു പടം കാണാം . ഇതേപോലെ പടം ഇറങ്ങി കഴിഞ്ഞുള്ള ഇന്‍സ്റ്റന്റ് റിവ്യൂ നടത്തി ഒരു വ്യവസായത്തെ കൊന്നു കൊലവിളിക്കുന്നതിലെ ഉള്ളു പ്രതിഷേധം..ചാപ്പക്കുരിശു , ട്രാഫിക് ഒക്കെ റിവ്യൂ വന്നതുകൊണ്ട് മാത്രം ഹിറ്റ്‌ ആയവ അല്ല കേട്ടോ.

നന്ദി..ഷാനവാസ് ഭായ്
നന്ദി...ഹാഷിക് ..മറുപടി അസ്സലായി കേട്ടോ !

നന്ദി..മുനീര്‍.. പടം ഇറങ്ങിയ ദിവസം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഒരു മോശം റിവ്യൂ വായിച്ചതില്‍ നിന്നാണ് ഈ പോസ്റ്റിന്റെ പിറവി. ഈ റിവ്യൂ എഴുതിയ വ്യക്തി പോക്കിരി രാജ വളരെ മോശം പടം ആണെന്ന് പോസ്ടിട്ടു ഒരു ദിവസം കഴിഞ്ഞപ്പോള്‍ പിന്‍വലിച്ച ആളാണ്‌! ആളെ പിടികിട്ടിക്കാണുമല്ലോ അല്ലെ !

വീകെ said...

ഒരുപാടു പേരുടെ കഠിനാദ്ധ്വാനം ഒരാളുടെ റിവ്യൂ കാരണം പൊട്ടിപ്പോകുമെന്നു കരുതുന്നില്ല.

ആസ്വാദനം ഓരോരുത്തർക്കും വ്യത്യസ്തമായാണ് അനുഭവപ്പെടുന്നത്. ഞങ്ങൾ സുഹൃത്തുക്കൾ ഒരുമിച്ച് പോയിരുന്നു കാണുന്ന ചിത്രങ്ങൾ ഒരിക്കലും ഒരേപോലെയുള്ള അഭിപ്രായങ്ങൾ പറയാറില്ല.

പിന്നെ ജനങ്ങൾ കാണുന്ന ചിത്രമെന്നു പറഞ്ഞ് ഒരു ചിത്രം നിർമ്മിക്കാനാവില്ല. കാരണം അതിനൊരു ക്ലിപ്ത ഫോർമുലയൊന്നും ഇതുവരെ കണ്ടെത്തിയതായി അറിവില്ല.
ഇതൊരു ഭാഗ്യപരീക്ഷണ മേഘലയായിട്ടാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. ഒരു കാര്യം ഉറപ്പ്. ജനങ്ങളുടെ ഹൃദയം കീഴടക്കാൻ കഴിയുന്ന നല്ല കഥയുള്ള ചിത്രങ്ങൾ എപ്പോഴും വിജയിക്കും.
ആശംസകൾ...

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ ഒരു റിവ്യൂവിലൂടെ സ്ഥിരം റിവ്യൂ നടത്തുന്നവർക്കിട്ട ഒരു റിവേഞ്ച് നടത്തിയിരിക്കുകയാണല്ലോ അല്ലേ ശശി ഭായ്

വേണുഗോപാല്‍ said...

അലന്ന കുറെ റിവ്യൂ എഴുത്തുകാര്‍ നിമിത്തം ഇറങ്ങുന്ന ഒരു പടവും പ്രേഷകന്‍ കാണാതാകുന്ന അവസ്ഥ .
നല്ല പടമായാലും ചീത്ത പടമായാലും നശിപ്പിക്കാന്‍ കച്ച കെട്ടിയ ചില നിരൂപകര്‍ ...
അവര്‍ക്കുള്ള ഈ കൊട്ട് ഇഷ്ടമായി ..... ആശംസകള്‍

കുസുമം ആര്‍ പുന്നപ്ര said...

ശരിയാണ്. ആ എഴുതിയത്. റിവ്യൂ കണ്ട് വിലയിരുത്തുന്നവര്‍ അവരവരുടെ കാഴ്ചപ്പാടിലല്ലേ വിലയിരുത്തന്നത്. ഓരോ പ്രേക്ഷകനും ഓരോ രുചിയായിരിക്കും. അത് അവരുതന്നെ കണ്ട് വിലയിരുത്തട്ടെ. അതേ പോലെ തന്നെയാണ് ഇപ്പോഴത്തെ സാഹിത്യ നിരൂപണവും.
നല്ല ഒരു പോസ്റ്റ്.അഭിനന്ദനങ്ങള്‍

കൊമ്പന്‍ said...

കൊള്ളാം.

മനോജ് കെ.ഭാസ്കര്‍ said...

താ‍ങ്കളുടെ ഉദ്ദേശ ശുദ്ധിയെ ആദ്യമേ തന്നെ അഭിനന്ദിക്കുന്നു...

ബ്ലോഗുകളിലെ പല സിനിമാ റിവ്യൂകളും അത് എഴുതുന്നവരുടെ വ്യക്തിഗതമായ പക്ഷം ചേരലുകള്‍ മാത്രമാണ്. അവര്‍ പിന്തുണക്കുന്ന അല്ലെങ്കില്‍ അവര്‍ ഇഷ്ടപ്പെടുന്ന ആളുകളുടെ ചിത്രങ്ങള്‍ അത് എത്ര തന്നെ തല്ലിപ്പൊളിയാണെങ്കിലും നല്ലതെന്ന് പറയുക, മറ്റുള്ളവ മോശം എന്നു പറയുക. ഇവിടെ നിഷ്പക്ഷമായി നിരൂപണം നടത്തുന്നവര്‍ അപൂര്‍വ്വം ചിലരേ ഉള്ളൂ.

ശങ്കരനാരായണന്‍ മലപ്പുറം said...

'റവ്യൂ' തരക്കേടില്ലകെട്ടോ.

African Mallu said...

റിവ്യു എഴുതുന്നവന്മാരുടെ പ്രധാന പ്രശ്നം അവര് കിം കി ടുക്ക് ,കുറസോവ , എന്നിങ്ങനെ കടിച്ചാ പൊട്ടാത്ത പേരുള്ള സംവിധായകര് മായി പാവം മലയാളം ചിത്രത്തെ താരതമ്യം ചെയ്തു കളയും ഇവനൊക്കെ സിനിമ ആസ്വദിക്കാന്‍ പഠിച്ചതെ ഇവരുടെയൊക്കെ
സിനിമ കണ്ടിട്ടാണെന്ന് തോന്നും ഓരോരുത്തന്‍ മാരുടെ പെട കേട്ടാ..പക്ഷെ ഈ എഴുതി കൂട്ടുന്നതല്ലാതെ വളരെ
മോശം റിവ്യു എഴുതിയ പല ചിത്രങ്ങളും തിയറ്ററില്‍ രക്ഷപ്പെടുന്നുണ്ട് അതാണ് ഒരാശ്വാസം ."സ്വപ്ന സഞ്ചാരി" എന്ന ( വലിയ തരക്കേടില്ല എന്ന് പറയാം ) ചിത്രം ആദ്യ ദിവസം വധിച്ചു പപ്പും പൂടയും പറിച്ചു .
പക്ഷെ അത്യാവശ്യം കളക്ട് ചെയ്തു എന്നാണ് കേട്ടത്. എന്തിനു റിവ്യുവന്മാരുടെ ഫുള്‍ മാനവും സന്തോഷ്‌ പണ്ടിട്ടു കളഞ്ഞില്ലേ .

സീത* said...

പോസ്റ്റിന്റെ ഉദ്ദേശശുദ്ധിയ്ക്ക് ഒരു പ്രണാമം...പഴയൊരു സിനിമയെ ഓർമ്മപ്പെടുത്തിയതിനു നന്ദിയും...

ഗൗരിനാഥന്‍ said...

എനിക്ക് റിവ്യുകള്‍ സഹായമായാണ് തോന്നാറ്..പിന്നെ ഓരോരുത്തര്‍ക്കും ഓരോ ടേസ്റ്റല്ലേ..അതു കൊണ്ട് കുറ്റം പറയാകാനാകില്ല..

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..വീകെ
നന്ദി..മുരളീ ഭായ്
നന്ദി..വേണുജീ
നന്ദി..കുസുമംജീ
നന്ദി..കൊമ്പന്‍
നന്ദി..മനോജ്‌
നന്ദി..ശങ്കര്‍ജി
നന്ദി..ആഫ്രിക്കന്‍ മല്ലു
നന്ദി..സീത
നന്ദി..പേര് പിന്നെ പറയാം
നന്ദി..ഗൌരിനാഥന്‍

K@nn(())raan*خلي ولي said...

ഹഹഹഹഹഹഹഹാ....!!
ഇതിലും വലിയ പ്രതിഷേധം ഇല്ല വില്ലേജെ.
തുടക്കം വായിച്ചു ഞാന്‍ നോക്കിയത് പോസ്റ്റ്‌ ഇട്ട തിയതി.
ഹമ്പടാ.
ചിരിച്ചു വീണല്ലോ ഈ പാവം ഞാന്‍! !


<< മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് റിലീസായ ഒരു ചിത്രത്തിന് റിവ്യൂ എഴുതിയതെന്തിനാനെന്നൊരു ചോദ്യമുണ്ടാവാം. പടം റിലീസായി ആദ്യത്തെ ഷോ കണ്ടിട്ട് ഇറങ്ങിയ ഉടനെ റിവ്യൂ എഴുതി ഒരു വ്യവസായത്തെ തന്നെ നശിപ്പിക്കുന്ന "റിവ്യൂ തൊഴിലാളികളോടുള്ള" പ്രതിഷേധം മാത്രമാണീ പോസ്റ്റ്‌. >>

Prabhan Krishnan said...

ഇങ്ങടെ ഉത്തേശം എന്തായാലും ക്ക് അങ്ങട് പിടിച്ചുപോയി..!!
പഴയതിനേക്കുറിച്ച് ഓർക്കാനുള്ള ആഗ്രഹമാവാം കാരണം.!ഓലത്തീയേറ്ററിനു വെളിയിലെ ആ പാട്ട്, അൽപ്പനേരത്തേക്കെങ്കിലും കേൾക്കാൻ പറ്റി..
ആശംസകളോടെ..പുലരി

ഒരു ദുബായിക്കാരന്‍ said...

മാഷെ പോസ്റ്റ്‌ ഇപ്പോഴാ കണ്ടത്..ആദ്യ ദിവസം തന്നെ റിവ്യൂ എഴുതുന്നവന്മാര്‍ ലാപ് ടോപ്പും എടുത്താണ് പടം കാണാന്‍ പോകുന്നത് എന്ന് തോന്നിപ്പോകും..പടം കാണാതെ തന്നെ ആദ്യ ദിവസം റിവ്യൂ ഇട്ട ഒരു വിരുതനെയും കാണാന്‍ പറ്റി...കാസിനോവ മഹത്തായ പടം ആണെന്നും മലയാള സിനിമ ചരിത്രം തന്നെ മാറ്റിമറിക്കും എന്നുവരെ എഴുതി വിട്ടു ആ മഹാന്‍....,....

അനശ്വര said...

പ്രേംനസീര്‍ പടത്തിന്റെ റിവ്യൂ ശരിക്കും ഞെട്ടിപ്പിച്ചല്ലൊ. ഇതെന്താ റീമേക്കൊ മറ്റൊ ആവുമോ എന്നൊക്കെ ചിന്തിച്ചു പോയി..കുറിപ്പ് വായിച്ചപ്പോഴാ അബദ്ധം മനസ്സിലായത്..പ്രതിഷേധാരുന്നൂ ല്ലെ? ഹ്മ്മ്..ഉദ്ദേശശുദ്ധിയെ നമിക്കാതെ വയ്യ...

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..കണ്ണൂരാന്‍
നന്ദി..പ്രഭന്‍
നന്ദി..ദുബായിക്കാരാ
നന്ദി..അനശ്വര

ബെഞ്ചാലി said...

റിവ്യൂ പലപ്പോഴും എഴുതുന്നവരുടെ കാഴ്ച്ചപാടുകൾക്കനുസരിച്ചിരിക്കും. സസ്പെൻഷനുകളുള്ള സ്റ്റോറി പുറത്തായാൽ പിന്നെന്ത് സസ്പെൻസ്.
നല്ല റിവ്യൂ :)

mayflowers said...

പുതുമയുള്ള പോസ്റ്റ്‌.
എഴുതിയതത്രയും വാസ്തവം.
റിവ്യൂ എഴുതിയ ആളുടെതാവണം എല്ലാരുടേം അഭിപ്രായം എന്നില്ലല്ലോ.

വരയും വരിയും : സിബു നൂറനാട് said...

കാര്‍ന്നോരോട് യോജിക്കുന്നു.

Manoraj said...

പുതിയ സിനിമകളെ ആധികാരികമായി വിലയിരുത്തുന്നവരും ഉണ്ട് വില്ലേജ്മാന്‍.. എന്‍.പി.സിജീഷും കിരണ്‍സും, നാന്‍സും, ഷാജി.ടി.യുവും എല്ലാം നിലവാരത്തെ കൃത്യമായി അവരുടെ കാഴ്ചപ്പാടില്‍ വിലയിരുത്തുന്നുണ്ട്. പിന്നെ പറഞ്ഞത് ശരിയാണ്. സിനിമയെ തളര്‍ത്തുന്ന റിവ്യൂകള്‍ കൂടുതല്‍ ഉണ്ട്.. അത് സത്യം.

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..ബെന്ചാലി
നന്ദി..മേയ് ഫ്ലവര്‍
നന്ദി...സിബു നൂറനാട്

നന്ദി..മനോരാജ്.. പുതിയ സിനിമകളെ ആധികാരികമായി വിലയിരുതുന്നവരോട് എനിക്കും ബഹുമാനമാണ് സാര്‍. പക്ഷെ ആദ്യത്തെ ഷോ കണ്ടു ചൂടോടെ ഇങ്ങനെ എഴുതുന്നവരെ പറ്റിയാണ് പോസ്റ്റ്‌..രണ്ടു ദിവസം വൈകി എന്ന് കരുതി മലയാളസിനിമക്ക് ഇതിലും കൂടുതല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലല്ലോ !

അഭിപ്രായം എഴുതിയ എല്ലാ സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍ കൂടി നന്ദി..

പടാര്‍ബ്ലോഗ്‌, റിജോ said...

ഹ്ഹ്ഹ് ഇതു തകർത്തു.
വില്ലേജ് മാൻ റോക്കോട് റോക്സ്..... റോക്കറ്റ്സ്........

സൂപ്പർ...........

മിണ്ടാട്ടക്കാരന്‍ said...

നല്ല പോസ്റ്റ്‌..
താങ്കള്‍ പറഞ്ഞത് ഒരു റിവ്യൂ തൊഴിലാളി എന്ന നിലയില്‍ ഞാന്‍ അംഗീകരിക്കുന്നു...
കാലം തെറ്റിയ മറ്റൊരു റിവ്യൂ എന്റെ ബ്ലോഗില്‍ ഉണ്ട്..
താങ്കള്‍ വായിച്ചു എന്നറിയാം ..എങ്കിലും വായിക്കാത്തവര്‍ വായിക്കുമല്ലോ.. (എന്റെ തുക്കടാ ബ്ലോഗിന്റെ പരസ്യം ഇവിടെ കൊടുക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു..) :-D

ചെമ്മീന്‍ -റിവ്യൂ ( ന്യു ജനറേഷന്‍ )
http://wp.me/p2sWht-6e