Mar 25, 2011

ശരിയാ..കുരിയാ.


പ്രേമിക്കണം പ്രേമിക്കണം എന്ന അദമ്യമായ ആഗ്രഹം ഉള്ളില്‍ കൊണ്ട് നടന്നിരുന്ന ഒരാളെ ഞങ്ങളുടെ ക്ലാസ്സില്‍ ഉണ്ടായിരുന്നുള്ളു.എബ്രഹാം കുരിയന്‍.അവനെ എബ്രഹാം എന്നൊക്കെ വിളിക്കുന്നതിലും എളുപ്പം കുരിയന്‍ ആയിരുന്നത് കൊണ്ടും,കുരിയന്‍ എന്ന് വിളിക്കുമ്പോള്‍ അവന്റെ അപ്പന് പറയുന്ന ഒരു സുഖം ഉണ്ടായിരുന്നത് കൊണ്ടും, ഞങ്ങള്‍ കുരിയാ എന്ന് മാത്രം വിളിച്ചു. ഒരിക്കല്‍ കുരിയന്‍ ഉണ്ടോ എന്ന് ചോദിച്ചു അവന്റെ വീട്ടില്‍ ഫോണ്‍ വിളിച്ച സുരേഷിന് യഥാര്‍ത്ഥ കുരിയന്‍ വയറുനിറച്ച് കൊടുക്കുകയും ചെയ്തെങ്കിലും ഞങ്ങള്‍ കുരിയന്‍ എന്ന പേര് മാറ്റിയില്ല.

ധനിക കുടുംബത്തിലെ അംഗം ആയിരുന്നു കുരിയന്‍.ഒരു റബ്ബര്‍ അച്ചായന്‍,ചേട്ടന്‍ ഗള്‍ഫിലും. ഒരുങ്ങി കെട്ടി ആദ്യമേ ക്ലാസ്സില്‍ എത്തും.പിന്നെ വരുന്ന വരുന്ന പെണ്ണുങ്ങളോട് കുശലാന്വേഷണം ആണ് പ്രധാന പണി.രണ്ടു സൈഡില്‍ ആയി നിരത്തിയിട്ടിരിക്കുന്ന ഡെസ്കിലും ബെഞ്ചിലും പെണ്ണുങ്ങളുടെ വശത്തേക്ക് മാത്രം തിരിഞ്ഞു കുരിയന്‍ ഇരിക്കും. എന്നിട്ട് താടിക്ക് കൈയും കൊടുത്തു കുത്തിയിരുന്നു പെണ്ണുങ്ങളോട് വര്‍ത്തമാനം പറയും. ബ്രേക്കിന് ഞങ്ങള്‍ പുറത്ത് ഇറങ്ങുമ്പോഴും കുരിയന്‍ അവിടെ തന്നെ ഇരിക്കും. ആയിടക്കു ഇറങ്ങിയ "ആരാത്രി" എന്ന ചിത്രത്തിലെ " കിളിയെ കിളിയെ " എന്ന പാട്ടിനെ പാരഡിയാക്കി ഞങ്ങള്‍ "കുരിയാ കുരിയാ ഇത് ശരിയല്ലെടാ കുരിയാ" എന്ന് പാടിയാലും കുരിയന് അതൊരു പ്രശ്നമല്ലായിരുന്നു.


പെണ്ണുങ്ങള്‍ കൊണ്ട് വരുന്ന ഫുഡിന്റെ പങ്കു പറ്റുക മുതലായവ ഒകെ കുരിയന്റെ ഒരു ഹോബി ആയിരുന്നു.ആ കൂട്ടത്തില്‍ സ്ഥിരമായി എന്നും അപ്പം കൊണ്ടുവരുന്നത് കൊണ്ട് വെള്ളേപ്പം എന്ന് ഞങ്ങള്‍ കളിയാക്കി വിളിച്ചിരുന്ന ഷിജിയോടു കുരിയന് അല്പം അടുപ്പം കൂടുതല്‍ ഉണ്ടായിരുന്നോ എന്ന് ഞങ്ങള്‍ക്ക് ഒരു സംശയം."ഷിജിയുടെ ഒരപ്പം എന്ന് പറഞ്ഞാല്‍ അത് ഒരു ഒന്നര അപ്പം വരും എന്ന് കുരിയന്‍ പറഞ്ഞല്ലോ.നേരാണോ ഷിജി? " എന്ന ഒറ്റ ചോദ്യം മതിയായിരുന്നു ഞങ്ങളുടെ ക്ലാസ്സില്‍ പഠിച്ചിരുന്ന ബിരിയാണി തോമ എന്ന തോമസുകുട്ടിക്കു അവരുടെ ലവ് സ്റ്റോറി പൊട്ടിക്കാന്‍.കുരിയന്‍ ഒരു പഠിപ്പിസ്റ്റ് ഒന്നും ആയിരുന്നില്ല.എന്നാല്‍ എങ്ങനെയൊക്കെയോ എല്ലാ പരീക്ഷയും രക്ഷപെടും. പെണ്ണുങ്ങളുടെ കൈയില്‍ നിന്നും നോട്ടു ബുക്ക്‌ വാങ്ങി വീട്ടില്‍ കൊടുപോകുക ഒരു സ്ഥിരം പരിപാടി ആയിരുന്നു. ആത്മ വിശ്വാസമില്ലായ്മ കുരിയന്റെ കൂടപ്പിറപ്പ് ആയിരുന്നു എന്ന് തോന്നിയിട്ടുണ്ട്. എന്ത് പറഞ്ഞാലും കുരിയന്‍ ഒന്നുകൂടി ചോദിക്കും. ശരിയല്ലേ എന്ന്. ഒരിക്കല്‍ മാര്‍ക്കറ്റിംഗ് പഠിപ്പിക്കുന്ന സാര്‍ ചോദിച്ചതിനു കുരിയന്‍ ഉത്തരം പറഞ്ഞു. പറഞ്ഞിട്ടും സാര്‍ ഒന്നും മിണ്ടുന്നില്ല. കുരിയന്‍ ഒന്നുകൂടി ചോദിച്ചു. ശരിയല്ലേ സാര്‍." ശരിയാ കുരിയാ " എന്നുള്ള പ്രാസം ഒപ്പിച്ചുള്ള സാറിന്റെ പറച്ചില്‍ ഞങ്ങള്‍ പിന്നീട് ഏറ്റെടുത്തു.പിന്നെ ആര് എന്ത് പറഞ്ഞാലും " ശരിയാ കുരിയാ " എന്ന് ഞങ്ങള്‍ പറയാന്‍ തുടങ്ങി.


കുരിയന്‍ ഒരു ഞരമ്പ്‌ ആണ് എന്നറിയാമെങ്കിലും, മിക്കവാറും എല്ലാ പെണ്ണുങ്ങളും കുരിയന്റെ കൂട്ടത്തില്‍ കുത്തിയിരുന്ന് വര്‍ത്തമാനം പറയുമായിരുന്നു.ചേട്ടന്‍ ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ കൊണ്ടുവരുന്ന സ്പ്രേ,സ്നോ(അന്നൊക്കെ ക്രീമിന് പെണ്ണുങ്ങള്‍ സ്നോ എന്നായിരുന്നു പറഞ്ഞിരുന്നത്) ഒക്കെ പെണ്ണുങ്ങള്‍ക്ക്‌ കൊണ്ട് കൊടുക്കും. കൂട്ടുകാര്‍ക്കും, കുരിയന്‍ ആശ്രിത വല്സലനായിരുന്നു. ഇടയ്ക്ക് ഫുഡ്‌ വാങ്ങി തരും.സിനിമ ഒരു ഭ്രാന്ത് ആയിരുന്നു. കൂട്ടത്തില്‍ ചെല്ലുന്നവരെ എല്ലാം സ്പോന്‍സര്‍ ചെയ്യും.

എന്നും എന്തെങ്കിലും അബദ്ധത്തില്‍ പെടുകയും ചമ്മുകയും ചെയ്യുന്നത് കുരിയന്റെ സ്ഥിരം പരിപാടി ആയിരുന്നു. ഒരുദിവസം കാലത്തെ, ചേട്ടന്‍ കൊണ്ട് കൊടുത്ത അഡിഡാസ് ഷൂ ഒക്കെ ആദ്യമായിട്ട് ഇട്ടു തിരുനക്കര അമ്പലത്തിന്റെ മുന്‍പില്‍ ഉള്ള ബസ് സ്റ്റോപ്പിന്റെ മുന്നില്‍ കൂടി നടന്നു വരികയായിരുന്നു.ബസ് സ്റ്റോപ്പില്‍ നിറയെ തരുണീ മണികള്‍.അവരെ ഒക്കെ നോക്കി വെള്ളം ഇറക്കി വരവേ ആയിരുന്നു പിന്നില്‍ ആരോ നില്‍ക്കുന്നപോലെ ഒരു തോന്നല്‍ .വെറുതെ തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു അമ്പല കാള (അന്നൊക്കെ തിരുനക്കര അമ്പലത്തിലെ കാളകളെ ടൌണില്‍ കൂടി അഴിച്ചു വിട്ടേക്കും ) കുത്താനായി തന്റെ വലിയ വളഞ്ഞ കൊമ്പ് താഴ്ത്തിയിട്ടു മേലോട്ട് പൊങ്ങി വരുന്ന ഭാഗമാണ്. അയ്യോ എന്ന വിളിയും ഒറ്റ ഓട്ടവും ആയിരുന്നു കുരിയന്‍. അതിലേറെ കുരിയന് ഫീല്‍ ചെയ്തത് ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുന്ന പെണ്ണുങ്ങളുടെ കളിയാക്കി ചിരി ആയിരുന്നു. ഈ സംഭവം കാരണം അമ്പലക്കാള എന്നൊരു പുതിയ വട്ടപ്പെരുകൂടി കുരിയന് കിട്ടി.അങ്ങനെയിരിക്കെ ഒരിക്കല്‍ കോട്ടയത്ത്‌ ആനന്ദ മന്ദിരം എന്ന ഹോട്ടല്‍ പുതിയ കെട്ടിടത്തില്‍ തുടങ്ങി. പതിവുപോലെ കുരിയന്റെ ചെലവ് .ഞങ്ങള്‍ നാലു പേര്‍ ഒരു ടേബിളില്‍ ഇരിക്കുകയായിരുന്നു . പുതിയ ഹോട്ടല്‍ ആയതിനാല്‍ എല്ലാ സീറ്റുകളും നിറഞ്ഞിരുന്നു. എല്ലാവരും മെനു വായിച്ചു പഠിച്ചു. അപ്പോഴാണ്‌ കുരിയന്‍ ഒരു പുതിയ ഐറ്റം കണ്ടുപിടിച്ചത്. ഞങ്ങള്‍ എല്ലാം മസാല ദോശ ഒക്കെ ഓര്‍ഡര്‍ ചെയ്തു. കുരിയന്‍ പുതിയ ഐറ്റം ആയ ഫാമിലി റോസ്റ്റും. ഞങ്ങള്‍ മൂന്ന് പേരും മസാല ദോശ കഴിച്ചു തുടങ്ങിയപ്പോഴും കുരിയന്റെ റോസ്റ്റ് എത്തിയില്ല. കാശ് കൊടുക്കുന്നവനു ആദ്യം സാധനം കൊടുക്കണ്ടേ എന്നൊക്കെ പറഞ്ഞു കുരിയനെ പിരി കയറ്റാന്‍ ഞങ്ങള്‍ മറന്നില്ല. കുറച്ചു കഴിഞ്ഞപോള്‍ അവിടെ ഭക്ഷണം കഴിക്കുന്ന എല്ലാവരും ഒരിടത്തേക്ക് തല തിരിച്ചു നോക്കുന്നു. അപ്പോള്‍ അകത്തുന്ന് രണ്ടു പേര്‍ ചേര്‍ന്ന് ഒരു വലിയ ഇലയില്‍ ഒരു നീളമുള്ള ദോശ പിടിച്ചു കൊണ്ട് വരുന്നു. അത് കുരിയന്റെ ഫാമിലി റോസ്റ്റ് ആയിരുന്നു എന്ന് സപ്ലയര്‍മാര്‍ രണ്ടു പേരും കൂടി ഒരു വിധത്തില്‍ ദോശ കൊണ്ട് ഞങ്ങളുടെ ടേബിളില്‍ കൊണ്ട് വെച്ചപ്പോഴാണ് മനസ്സിലായത്‌. ആരെടാ ഈ സംഭവത്തിന്റെ ഉടമ എന്ന രീതിയില്‍ എല്ലാവരും ഞങ്ങളുടെ ടേബിളിലേക്ക് തന്നെ നോക്കി ഇരിക്കുകയാണ്.കുരിയന് ദോശ പോയിട്ട് വെള്ളം പോലും ഇറങ്ങുന്നില്ല.പിന്നെ എങ്ങനെയൊക്കെയോ അവിടുന്ന് രക്ഷപെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ.പിറ്റേന്ന് കുരിയന്റെ ഫാമിലി റോസ്റ്റ് എപ്പിസോഡ് ക്ലാസ്സില്‍ ഫ്ലാഷ് ആയി.ഈ തവണ വീണത്‌ ഫാമിലി റോസ്റ്റ് എന്ന വട്ടപ്പെരായിരുന്നു.


വര്‍ഷങ്ങള്‍ കടന്നു പോയി.പലരും പലവഴിക്കായി."ക്ലാസ്സ്‌ മേറ്റ്സ്" എന്ന സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാനെന്നു തോന്നുന്നു ബിരിയാണി തോമ മുന്‍കൈ എടുത്തു ഒരു ബി.കോം ക്ലാസ്സ്‌ റീയൂണിയന്‍ സംഖടിപ്പിച്ചത്. നോക്കുമ്പോള്‍ കുരിയന്‍ പെണ്ണുങ്ങളുടെ കൂട്ടത്തില്‍ ഒരു കുട്ടിയെ എളിയിലും രണ്ടെണ്ണത്തിനെ കൂടെയും ഒക്കെ നിര്‍ത്തി ഷിജിയോടു സംസാരിച്ചു നില്‍ക്കുന്നു. " എടാ കുരിയാ" എന്ന എന്റെ വിളിക്ക് " എന്താ അങ്കിള്‍" എന്ന് വിളി കേട്ടത് മൂത്ത സന്താനം ആയിരുന്നു. കുരിയന്‍ എബ്രഹാം ! മാറ്റി നിര്‍ത്തി കുണ്ടിക്കിട്ടു ഒരു അടി കൊടുത്തു ഞാന്‍ ചോദിച്ചു."അപ്പൊ പഴയ ലൈന്‍ ഇതേ വരെ നിര്‍ത്തിയില്ല അല്ലെ.വര്‍ഷം പത്തിരുപതു കഴിഞ്ഞില്ലേടെ.ഷിജിയുടെ പാപ്പാന്‍ കാണും കേട്ടോ,സൂക്ഷിച്ചോ."എന്ന് പറഞ്ഞപ്പോള്‍ "ഓ ആ പാപ്പാന്‍ ഞാന്‍ തന്നെ ആയതു കൊണ്ട് കുഴപ്പമില്ല കേട്ടോ" എന്ന കുരിയന്റെ ഉത്തരം കേട്ട് ഞെട്ടിയത് ഞാന്‍ ആയിരുന്നു.

പണ്ടത്തെ ഓര്‍മ്മയില്‍ ഞാന്‍ പറഞ്ഞു " ശരിയാ കുരിയാ" !

പ്രതികരണങ്ങള്‍:

33 അഭിപ്രായ(ങ്ങള്‍):

hafeez said...

കുരിയന്‍ വിശേഷങ്ങള്‍ കൊള്ളാം ....എന്റെയും കോളേജു ജീവിതത്തില്‍ ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു...
(villagemaan വിശേങ്ങള്‍ കുരിയനോട് ചോദിച്ചാല്‍ അറിയാം അല്ലെ :) )

Jazmikkutty said...

കുര്യന്‍ കലക്കി...!!

MOIDEEN ANGADIMUGAR said...

കൊള്ളാം രസമുള്ള വായന.
ഫാമിലി റോസ്റ്റ് എന്ന പേരിൽ അത്രവലിയ ദോശയും ഉണ്ടോ..?

ajith said...

അല്ലേലും “ശരിയാ കുരിയാ”
ങ്ഹും, കുരിയനോടാ കളി....
കൊള്ളാട്ടോ

അലി said...

കുരിയൻ പ്രേമിച്ചത് വെറുതെയായില്ലല്ലോ...

Lipi Ranju said...

പാവം കുര്യന്‍....
വെറും ഞരമ്പ്‌ രോഗിയല്ല എന്ന് വൈകിയാണെങ്കിലും മനസിലായില്ലേ!

SHANAVAS said...

പാവം കുര്യന്‍.വ്യത്യസ്തനായ കുര്യനെ ആരും മനസ്സിലാക്കിയില്ലല്ലോ.കഷ്ട്ടമായിപ്പോയി.

sreee said...

ഇതേപോലെയുള്ള കുരിയന്മാരില്ലതെ എന്തു കലാലയ ജീവിതം.രസമാക്കി.

ആസാദ്‌ said...

കിടിലനൊരു രണ്ടു പോസ്റ്റിനുള്ള വകുപ്പുണ്ടായിരുന്നല്ലോ ഗ്രാമീണാ! കൂര്യന്‍ ആള് കലക്കി. പക്ഷെ പുള്ളി വെറുതെ വായി നോക്കിയിരുന്നില്ലല്ലോ. നല്ലത്. സംഗതി എന്തായാലും അടി പൊളി!

മൻസൂർ അബ്ദു ചെറുവാടി said...

കുരിയന്റെ ലവ് സ്റ്റോറിയും ഫാമിലി റോസ്റ്റും നല്ല രസകരമായി.

kaitharan said...

ഒരു കാലത്ത് കുരിയന്‍ ഇല്ലാത്ത ക്ലാസുകള്‍ ഇല്ലെന്നു തന്നെ പറയാം... ഓര്‍മ്മകള്‍ അയവിറക്കുന്ന ഈ ശൈലി കൊള്ളാം

ചാണ്ടിച്ചൻ said...

രണ്ടു മൂന്നു പോസ്റ്റുകള്‍ക്കുള്ള വിഭവങ്ങള്‍ ഒരൊറ്റ പോസ്റ്റില്‍ തുലച്ചല്ലോ, പഹയാ....
സംഭവം കിണ്ണന്‍കാച്ചി..

Villagemaan/വില്ലേജ്മാന്‍ said...

നന്ദി.. ഹാഫീസ് ..ഇത് വായിച്ചു കുരിയന്‍ ഒരു ബ്ലോഗ്‌ തുടങ്ങിയാല്‍ കുടുങ്ങി. !

നന്ദി..ജാസ്മികുട്ടി.

നന്ദി..മൊയ്ദീന്‍ ..അന്ന് അങ്ങനെ ഒരു റോസ്റ്റ് ഉണ്ടാരുന്നു !

നന്ദി..അജിത്‌ ഭായ്
നന്ദി..അലിഭായ്.
നന്ദി..ലിപി
നന്ദി..ഷാനവാസ് ഭായ്..
നന്ദി..ശ്രീ.
നന്ദി..ആസാദ്..
നന്ദി..ചെറുവാടി..
നന്ദി..കൈതാരന്‍.

നന്ദി ചാണ്ടികുഞ്ഞു...രണ്ടുമൂന്നു പോസ്റ്റാക്കി എന്തിനാ നിങ്ങളെ ഒക്കെ കഷ്ടപ്പെടുതുന്നെ എന്ന് ഓര്‍ത്തു !

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കുരിയന്‍റെ കാര്യം പറഞ്ഞാല്‍ തീരില്ല.ശരിയല്ലേ?

പട്ടേപ്പാടം റാംജി said...

കുരിയന്‍ വെറും പാവമാനെന്നെ..വെറുതെ തെറ്റിദ്ധരിച്ചു.

രമേശ്‌ അരൂര്‍ said...

കുര്യന്‍ ആള് മോശക്കാരന്‍ ,നിങ്ങളെല്ലാവരും കേമന്മാര്‍ ..അപ്പോള്‍ ശശീ ..പാലാരിവട്ടം ശശീ എന്ന് പറഞ്ഞു കളിയാക്കിയത് ആരെയായിരുന്നു ? ഗൊച്ചു ഗള്ളന്‍ ..അത് മാത്രം പറഞ്ഞില്ല ല്ലേ !!

ഷമീര്‍ തളിക്കുളം said...

ശരിയാ, കുര്യനാണു ആണ്‍ക്കുട്ടി. നിങ്ങളെല്ലാവരും നേരംപോക്കിയപ്പോള്‍ കുര്യന്‍ നേരവും പോക്കി, കാര്യവും നേടി.
നന്നായിരിക്കുന്നു, മറക്കാനാവാത്ത കോളേജ് അനുഭവങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..തണല്‍..ഈ വരവിനും അഭിപ്രായത്തിനും..കുരിയന്‍ കഥകള്‍ എവിടെ തീരാന്‍..ഖണ്ഡകാവ്യം പോലെ ഇങ്ങനെ കിടക്കുകല്ലേ !

നന്ദി..രാംജി ഭായ്.
.
നന്ദി..രമേഷ്ജി..പിന്നെ ആരാണീ പാലാരിവട്ടം ?

നന്ദി.. ഷമീര്‍

Yasmin NK said...

കൊള്ളാം കുരിയാ...!!!

ശങ്കരനാരായണന്‍ മലപ്പുറം said...

കുര്യപുരാണം വായിച്ചു. നന്നായിരിക്കുന്നു!

ശ്രീ said...

കുരിയനെ ഇഷ്ടായി മാഷേ. വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു സുഖം. കോളേജിലെ കുറേ കൂട്ടുകാരെയും രസകരമായ പല സംഭവങ്ങളെയും ഓര്‍മ്മിപ്പിച്ചു, നന്ദി

പഞ്ചാരകുട്ടന്‍ -malarvadiclub said...

കുരിയാ കുരിയാ ഇത് ശരിയല്ലെടാ കുരിയാ..........

mayflowers said...

കുരിയനാണ് താരം!

വീകെ said...

‘ഫാമിലി റോസ്റ്റ്..’ ഇത്രക്കും വലുതാ...!!
ചുമ്മാ ബഡായി അടിക്കണ്ടാട്ടോ....!?

ആശംസകൾ...

Villagemaan/വില്ലേജ്മാന്‍ said...

നന്ദി.. മുല്ല

നന്ദി.. ശങ്കര്‍ജി

നന്ദി.. ശ്രീ

നന്ദി.. ഫെനില്‍

നന്ദി.. മേയ്ഫ്ലവര്‍

നന്ദി..വി കെ ..ബഡായി അല്ലിഷ്ടാ !

കുസുമം ആര്‍ പുന്നപ്ര said...

പാവം കുര്യന്‍. നിങ്ങളവന് എത്ര ഇരട്ടപ്പേരു കൊടുത്തു.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

വിത്യസ്തനാമൊരു കുര്യനെയാരും തിരിച്ചറിഞ്ഞില്ല

എല്ലാം കാണാനും കേള്‍ക്കാനും
കുര്യന്റെ ജീവിതമിനിയും ബാക്കി...


ഈ കുര്യനാണോ ലോ ലവിടെ പ്രൊഫൈലില്‍ ടൈയും കെട്ടി ചിരിച്ചിരിക്കണത്...?
ആ ആര്‍ക്കറിയാം...ഹി ഹി ഞാനോടി

ishaqh ഇസ്‌ഹാക് said...

അപ്പോം തിന്ന് അപ്പക്കാരിയേം കെട്ടി
പിന്നേം കുരിയന്‍ മുന്നോട്ട്..!
കുഴി എണ്ണരുത് എന്ന് പണ്ടുള്ളോര്‍ പറഞ്ഞു വെച്ചത് വെറുതെആയില്ല..!
ഇതൊന്നും അത്രശരിയല്ല കുരിയാ..
കുടും‌ബറോസ്റ്റ് ഒരുപെരിയദോശയാണല്ലേ..!?

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..കുസുമം ജി..
.
നന്ദി റിയാസ്...അയ്യോ...അത് ഞാന്‍ അല്ലാ ! ഷിജിയുടെ പിന്നാലെ ഉണ്ടായിരുന്ന അനേകരില്‍ ഒരാള്‍ മാത്രം ! ഹി ഹി

നന്ദി ..ഇസ് ഹാക്ക് ..പത്തു ദിവസം മുന്‍പ് ആനന്ദ മന്ദിരത്തില്‍ പോയപ്പോഴാ ഈ കഥ വീണ്ടും ഓര്‍ത്തത്‌..ഫാമിലി റോസ്റ്റ് ഇല്ല എന്ന് അവര്‍ പറഞ്ഞു..ആള്‍ക്കാര് നോക്കുന്നത് കൊണ്ടാവും നിര്‍ത്തിയത്..ഹി ഹി !

A said...

മോനെ ദിനേശാ, എന്നൊക്കെ പറയുന്ന പോലെ ഒരു ക്യാച് നെയിം ആയല്ലോ ഈ കുര്യന്‍. സംഗതി കലക്കി

sanchari said...

MADE IN CHINA

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..സലാം ഭായ്..
നന്ദി..സഞ്ചാരി..

ജയരാജ്‌മുരുക്കുംപുഴ said...

assalayi..... aashamsakal........