Mar 5, 2012

എന്റെ ഗള്‍ഫ് പരീക്ഷണങ്ങള്‍ ( സണ്ണിയുടെതും )

ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ആയിരുന്നു എന്റെ കൂടെ പഠിച്ച സണ്ണി ബഹറിനില്‍ നിന്നും ആദ്യമായിട്ട് അവധിക്കു വരുന്നത് . പത്താം ക്ലാസ് തോറ്റു പഠിത്തം നിര്‍ത്തി നാട്ടില്‍ ചില്ലറ ജോലി ഒക്കെയായിട്ട്‌ നടക്കുകയായിരുന്നു സണ്ണി.പിന്നെ കുറെ നാളത്തേക്ക് ഒരു വിവരവും ഇല്ലായിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞു ഒരു കത്ത് വന്നപ്പോഴായിരുന്നു സണ്ണി ഗള്‍ഫില്‍ എത്തിയത് അറിഞ്ഞത്.സണ്ണിയുടെ അമ്മാച്ചനാണ് സണ്ണിയെ ഗള്‍ഫില്‍ എത്തിച്ചത്.എല്ലാ മാസവും അവന്‍ കത്തയക്കും.ഗല്‍ഫിനു കത്തയക്കല് നല്ല ചിലവുള്ള പരിപാടിയാതതുകൊണ്ട് ഞാന്‍ വല്ലപ്പോഴും മറുപടി എഴുതും .


സണ്ണി വന്നതറിഞ്ഞ് ഞാനും സുമേഷും കൂടി സന്ധ്യയായപ്പോള്‍ അവന്റെ വീട്ടിലെത്തി. വീട്ടില്‍ ചെന്നപ്പോള്‍ ഉത്സവപ്പറമ്പ് പോലെ നിറച്ചു ആള്‍ക്കാര്‍. സണ്ണി അഞ്ചു പെങ്ങമ്മാര്‍ക്ക് ഒരേ ഒരു ആങ്ങള. അഞ്ചു പെങ്ങമാരും, അവരുടെ ഭര്‍ത്താക്കന്മാരും അവരുടെ ഒന്നര ഡസന്‍ പിള്ളേരും പിന്നെ മറ്റു ബന്ധുക്കളും എല്ലാം ചേര്‍ന്ന് ആകെ ബഹളം. മൂത്ത പെങ്ങള്‍ മേരിക്കുട്ടിയുടെ ഭര്‍ത്താവ് ബിജു ഞങ്ങളെ കണ്ടു ഇരുത്തി ഒന്ന് മൂളി.

ഞങ്ങള്‍ ചെന്നപ്പോള്‍ സണ്ണി കുളി ഒക്കെ കഴിഞ്ഞു ദേഹത്ത് എന്തോ പുരട്ടുകയായിരുന്നു. കുഴംബാണോ എന്ന് ചോദിച്ചപ്പോ സണ്ണി ആക്കി ഒരു ചിരി ചിരിച്ചിട്ട് പറഞ്ഞു , അവിടെ ഒക്കെ ഞങ്ങള്‍ കുളി കഴിഞ്ഞാല്‍ ദേഹത്ത് ക്രീം പുരട്ടും, അല്ലെങ്കില്‍ ദേഹം ഡ്രൈ ആകും എന്ന്. അതിനിപ്പോ നീ അവിടല്ലല്ലോ എന്ന് സുമേഷ് ഒന്ന് താങ്ങിയെങ്കിലും സണ്ണി മൈന്‍ഡ് ചെയ്തില്ല. "മസ്കിന്‍ നഫര്‍ "എന്ന് പറഞ്ഞു അത് പിന്നീട് " പൂവര്‍ ഫെല്ലോസ്" എന്ന് പരിഭാഷപ്പെടുത്തിയിട്ട് മേലാസകലം ക്രീം തേച്ചു പിടിപ്പിച്ചു.അവന്‍ അവിടത്തെ ഒരു വലിയ ഹോട്ടലിന്റെ മാനേജര്‍ ആണെന്നും അവന്റെ ബോസ്സിനോട് ഇംഗ്ലിഷില്‍ ആണ് സംസാരിക്കുന്നതെന്നും,ബോസ്സ് എത്ര വേണെങ്കിലും ശമ്പളം എടുതുകൊള്ളാന്‍ അനുവദിച്ചിട്ടുണ്ട് എന്നും ഒക്കെയുള്ള പേര്‍ഷ്യന്‍ പൂളുകള്‍ ഞങ്ങള്‍ കേട്ടിരുന്നു.ഗള്‍ഫില്‍ പോകും മുന്‍പ് ഇന്ദ്രന്‍സിനെ പോലെ ഇരുന്ന സണ്ണി, ചുമന്നു തുടുത്ത് ജയറാമിനെ പോലെ ആയി . കവിള്‍ ഒക്കെ ചാടിയത് കാരണം ചിരിക്കാന്‍ ബുധിമുട്ടുണ്ടോടാ എന്ന് ഞാന്‍ അസൂയയോടെ ചോദിച്ചു. രണ്ടു ദിവസമായി നെയ്ച്ചോറും ചിക്കന്‍ കാലും ഇല്ലാത്തതിനാല്‍ അല്‍പ്പം ക്ഷീണമാ എന്ന് സണ്ണി പറഞ്ഞു. പോകാറായപ്പോള്‍ സണ്ണി പറഞ്ഞു,പിന്നിലത്തെ ജനലിനടുത്തു വരാന്‍.ഞങ്ങള്‍ക്ക് രണ്ടു പാന്ട് പീസ്‌ തരാം,അതും കൊണ്ട് ഇറങ്ങണ്ട, അളിയന്മാര്‍ക്കു കലിപ്പാകും എന്ന്.ഇതേ ബിജു അളിയന്‍ തന്നെ അല്ലെ നിനക്ക് വിസക്ക് കൊടുക്കാന്‍ കാശ് ചോദിച്ചപ്പോ തരാഞ്ഞത് എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ഞാന്‍ ചോദിച്ചില്ല.വീടിനു പിന്നില്‍ എത്തിയപ്പോള്‍ സണ്ണി ജനല്‍ തുറന്നു രണ്ടു പാന്റ് പീസുകള്‍ എറിഞ്ഞു തന്നു. ഇതേ തരാന്‍ പറ്റിയുള്ളൂ ഇനി ചെന്നിട്ടു നിങ്ങള്ക്ക് എന്തെങ്കിലും കൊടുത്തു വിടാം എന്ന് സണ്ണി പറഞ്ഞു. പത്താം ക്ലാസ് തോറ്റ സണ്ണി വലിയ മാനേജരും വലിയ പരീക്ഷകള്‍ പാസ്സായ (അമ്മൂമ്മ പറയുന്നതാ കേട്ടോ)ഞങ്ങള്‍ പെരുവഴിയിലും എന്നത് വിധിയുടെ വിളയാട്ടം എന്നോര്‍ത്ത് ഞങ്ങള്‍ നടന്നു.തിരിച്ചു പോകുന്ന സമയത്ത് സുമേഷ് പറഞ്ഞു സണ്ണിക്ക് ഭയങ്കര ജാടയാനെന്നു. പൊക്കിവിടാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഏതു പട്ടിക്കും ചന്ദ്രനില്‍ പോകാം എന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റീന്‍ പറഞ്ഞിട്ടുണ്ട് എന്ന് ഞാന്‍ അവനോടു പറഞ്ഞു.




കൊണ്ടുപിടിച്ചു ആലോചന നടന്നെകിലും ആഗ്രഹിച്ചതുപോലെ ഒരു ടി. ടി. സിക്കാരിയെ കല്യാണം കഴിക്കാന്‍ സാധിക്കാതെ സണ്ണി തിരിച്ചു പോയി. രണ്ടു മാസം കഴിഞ്ഞപ്പോള്‍ ആലപ്പുഴയില്‍ ഉള്ള ഒരു കൂട്ടുകാരന്‍ വശം എനിക്കും സുമെഷിനും ഓരോ ക്യാമറ കൊടുത്തു വിടുന്നു എന്ന് സണ്ണിയുടെ കത്ത് വന്നു. പൈസ കടം ഒക്കെ വാങ്ങി ഞാനും സുമേഷും ആലപ്പുഴക്ക് പോയി. കൃത്യമായി വഴി ഒക്കെ കത്തില്‍ ഉണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ തേടി പിടിച്ചു അന്ധകാരനനഴി എന്ന സ്ഥലത്ത് എത്തി.ഞങ്ങള്‍ ചെന്നപോള്‍ കുറെ ചേട്ടന്മാര്‍ വീട്ടില്‍ ഇരുന്നു ‍ചീട്ടുകളിക്കുന്നു..കൂട്ടത്തില്‍ ഒരു തടിയന്‍ ചെയിന്‍ ഇട്ടിരിക്കുന്ന ആളായിരുന്നു സണ്ണിയുടെ സുഹൃത്ത്‌. കാര്യം പറഞ്ഞതും അയാള്‍ പറഞ്ഞു. സാധനം സണ്ണി കൊണ്ടുവന്നാരുന്നു , പക്ഷെ പായ്ക്ക് ചെയ്തപ്പോള്‍ മിസ്സ്‌ ആയി പോയി എന്ന്."ആരേലും എന്തേലും കൊടുത്തു വിട്ടു എന്ന് കേള്‍ക്കുമ്പോഴേ വണ്ടിയും ബോട്ടും ഒക്കെ കേറി കോട്ടയത്ത്‌ നിന്ന് വരുന്നതിനു മുന്‍പേ ഒന്ന് ഫോണ്‍ വിളിച്ചിട്ട് വന്നു കൂടെ " എന്ന് അയാള്‍ ചോദിച്ചു. അതിനു ഇവിടെ ഫോണ്‍ ഉണ്ടോ എന്ന് സുമേഷ് ചോദിച്ചപോ അയാള്‍ ഒരു വളിച്ച ചിരി ചിരിച്ചു. ക്യാമറ കിട്ടാത്തതിന്റെ വിഷമത്തില്‍ ബോട്ട് പിടിച്ചു ഞങ്ങള്‍ മടങ്ങി. തിരിച്ചു പോരുന്ന വഴി ഞങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തി.എങ്ങനെയും ഗള്‍ഫില്‍ പോണം.


സര്‍ക്കാര്‍ സ്ഥാപനമായ ഓഡേപെകില്‍ നിന്നും ഇന്റര്‍വ്യൂ കാര്‍ഡ് വന്നപ്പോള്‍ സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ചു.ജോലി സെയില്‍സ് എക്സിക്യുട്ടീവ്‌.പക്ഷെ ഡ്രൈവിംഗ് അറിയണം.ലൈസന്‍സും വേണം.ആകെ കൈയില്‍ ഉള്ളത് ഒരു ലേണേര്സ്. തിരുവനന്തപുരത്ത് എത്താന്‍ ഒരാഴ്ച മാത്രം.വീടിനടുത്തുള്ള ആശാന്‍ രണ്ടു ദിവസം കൊണ്ട് ഓടിക്കാന്‍പഠിപ്പിക്കാം എന്നേറ്റു.ഏതെങ്കിലും എജെന്റുമാര്‍ വഴി പണം കൊടുത്തു ലൈസന്‍സ് എടുക്കാനും പറഞ്ഞു. കോട്ടയത്ത്‌ ഡ്രൈവിംഗ് ടെസ്റ്റ്‌ നടക്കുന്ന സ്ഥലത്ത് ചെന്ന് ദേവസ്യ എന്ന വയസ്സായ ഒരു എജെന്റിനെ കണ്ടു. അയാള്‍ പറഞ്ഞു എല്ലാം ഇന്ന് തന്നെ ശരിയാക്കാം, വണ്ടി ഓടിക്കാന്‍ അറിയുമോ എന്ന് ചോദിച്ചു.വണ്ടി ഓടിച്ചു ലൈസന്‍സ് എടുക്കാനാണേല്‍ എജെന്റിന്റെ ആവശ്യം ഉണ്ടോ എന്ന് ഞാന്‍ ചോദിച്ചില്ല. എന്റെ പേപ്പറും എല്ലാം ആയി ദേവസ്യാച്ചന്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഇരിക്കുന്ന ബസ്സില്‍ കയറിഎന്തോ പറയുന്നതും, വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കാലെടുത്തു ചവിട്ടുന്നതും കണ്ടു.ദേവസ്യാച്ചനു ഇത് നിത്യതൊഴില്‍ ആയതിനാലാവണം,വളരെ വിദഗ്ധമായി ചവിട്ടില്‍ നിന്ന് ഒഴിഞ്ഞു മാറി. ലൈസന്‍സ് ഇല്ലാത്തതുകൊണ്ട് ഇന്റര്‍ വ്യുവിനു പോയില്ല. അങ്ങനെ ആ സ്വപ്നം പൊലിഞ്ഞു.


അടുത്തതായി ഞാനും സുമേഷും പോയത് ബോംബെക്ക് ആയിരുന്നു.ദുബായ് ഇന്റര്‍വ്യൂ ആയിരുന്നു.രണ്ടു അറബികളും ഒരു ഇന്ത്യക്കാരനും ആയിരുന്നു ഇന്റര്‍വ്യു ബോര്‍ഡില്‍. "നാടോടിക്കാറ്റ്" ഒരുപാട് തവണ കണ്ടത് കൊണ്ട് അറബികളോട് ഞാന്‍ സലാമു അലൈക്കും, വലൈക്കും ഉസ്സല്ലാം എന്ന് ആദ്യമേ വെച്ച് കാച്ചി.എന്നെ സെലക്ട്‌ ചെയ്തത് അതുകൊണ്ടായിരുന്നു എന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു. സുമേഷിനെ എടുത്തില്ല.എന്നാല്‍ പാസ്പോര്‍ട്ട്‌ നോക്കിയപ്പോള്‍ അതിന്റെ കാലാവധി തീര്‍ന്നു മൂന്ന് മാസം ആയിരിക്കുന്നു. അവര്‍ പറഞ്ഞു അടുത്ത തവണ വരാന്‍ .സുമേഷിനു സന്തോഷമായി. ഇന്നത്തെ ചെലവ് എന്റേത് എന്ന് അവന്‍ പറഞ്ഞു .ഞങ്ങള്‍ ഒരു ബാറില്‍ കയറി. രണ്ടു ബിയര്‍ പറഞ്ഞു. അവിടെ ഒരു പെണ്ണ് കിടന്നു ഡാന്‍സ് കളിക്കുന്നു. കുറെ ആള്‍ക്കാര്‍ നൂറു രൂപ നോട്ടുകള്‍ ഒക്കെ എടുത്തു കാണിക്കുന്നു. അവള്‍ അവരുടെ അടുത്ത് വന്നു പണം വാങ്ങിയിട്ട് ഡാന്‍സ് ചെയ്യുന്നു. ഞാന്‍ ഒരു അഞ്ചു രൂപ എടുത്തു പൊക്കി കാട്ടി. അവള്‍ മൈന്‍ഡ് ചെയ്തില്ല. സുമേഷ് ഉടനെ പത്തു എടുത്തു കാണിച്ചു.നോ രക്ഷ. ഈ പേട്ടു സാധനത്തിന്റെ ഡാന്‍സ് കാണാനാണോ ഇവന്മാര്‍ നൂറു രൂപ ഒക്കെ എടുത്തു കൊടുക്കുന്നത് എന്ന് പറഞ്ഞു കൊതിക്കെറുവ് തീര്‍ത്തിട്ട് ഞങ്ങള്‍ ഇറങ്ങി . ഒരു രൂപ ടിപ് കൊടുത്തപ്പോള്‍ ബാറിലെ ജോലിക്കാരന്‍ മലയാളി ഞങ്ങള്‍ക്ക് ഹിന്ദി അറിയില്ല എന്ന ഉത്തമവിശ്വാസത്തില്‍ ഒരു മുട്ടന്‍ തെറി ഹിന്ദിയില്‍ വിളിച്ചു.


എറണാകുളത്തായിരുന്നു അടുത്തത്. ഒരു സായിപ്പ് ദുബായിലേക്ക് ഇന്റര്‍വ്യു എടുത്തു. കാര്യങ്ങള്‍ എല്ലാം ചോദിച്ചിട്ട് അയാള്‍ പറഞ്ഞു. എന്‍സൈക്ലോപീടിയ ആണ് വില്‍ക്കേണ്ടത്. അവിടെ ആരെങ്കിലും ബന്ധുക്കള്‍ ഒക്കെ ഉണ്ടോ എന്ന് ചോദിച്ചു. അവര്‍ക്ക് ഈ സാധനം വില്ക്കാമെന്നാണോ ഉദ്ദേശിക്കുന്നെ എന്ന് ഞാന്‍ തുറന്നു ചോദിച്ചു. അതെ എന്താ ചോദിച്ചേ എന്ന് സായിപ്പ്. ഒരു പരിചയക്കാരന്‍ ഈ സാധനം വില്‍ക്കാന്‍ ദുബായിക്ക് പോയതും മൂന്ന് മാസത്തിനകം ബൌന്സായതും എനിക്കറിയാമായിരുന്നു.അതുകൊണ്ട് ‍ ഞാന്‍ പറഞ്ഞു, അവര്‍ക്കൊക്കെ അത്യാവശ്യം വിവരം ഉള്ളവരാ അതുകൊണ്ട് ജോലി വേണ്ട എന്ന്. എന്റെ സമയം ലാഭിച്ചു തന്നതിന് നന്ദി എന്ന് പറഞ്ഞു സായിപ്പ് ഷേക്ക്‌ഹാന്‍ഡ്‌ തന്നു. സായിപ്പിനോട്‌ അഹങ്കാരം പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല,ബൈക്കില്‍ തിരിച്ചു വരുമ്പോള്‍ പെട്ടെന്ന് മഴ പെയ്തു, പാസ്സ്പോര്‍ട്ട് നനഞ്ഞു ഡാമേജ് ആയി. വില മൂവായിരം രൂപ !


സ്റ്റാമ്പ് ചെയ്യാന്‍ കൊടുത്തിരുന്ന പാസ്പോര്‍ട്ടും വിസയും ട്രാവല്‍ എജന്സിയില്‍നിന്നും നഷ്ട്ടപ്പെട്ടെങ്കിലും മറ്റൊരു വിസയുമായി ദൈവത്തിന്റെ കൃപകൊണ്ടും, പിതൃ സഹോദരന്റെ ദയകൊണ്ടും, ഒടുവില്‍ ഞാന്‍ ഗള്‍ഫില്‍ എത്തി. പിന്നീട് വിസ മാറ്റത്തിനായി ബഹറിനില്‍ പോകുന്ന നേരത്ത് ഞാന്‍ സണ്ണിയെ വിളിച്ചു. അവിടെ വന്നിട്ട് കാണാം എന്നവന്‍ പറഞ്ഞു. എട്ടു ദിവസം ഞാന്‍ ഒരു ഹോട്ടലില്‍ കഴിയവേ ഒരുപാട് തവണ അവനെ വിളിച്ചെങ്കിലും കിട്ടിയില്ല. സണ്ണി തിരക്കിലാണെന്ന് ഫോണ്‍ എടുക്കുന്നയായാള് ‍ പറയും. ഒരു ബന്ധുവിന്റെ കൂടെ എല്ലാ ദിവസവും വൈകുന്നേരം ഞാന്‍ കറങ്ങാന്‍ പോകും. പോകുന്നിടത്തെല്ലാം സണ്ണി ഉണ്ടോ എന്ന് നോക്കും.ഒരു ദിവസം രാത്രി ഞങ്ങള്‍ ഒരു ഡാന്‍സ് ബാറില്‍ പോയി. അവിടെ കുറെ പെണ്ണുങ്ങള്‍ സ്റ്റേജില്‍ നിന്ന് ഹിന്ദി പാട്ടുകള്‍ പാടുന്നു. കേള്‍ക്കാന്‍ ഇരിക്കുന്നവര്‍ ഒരു ബഹറിന്‍ ദിനാര്‍ കൊടുത്താല്‍ അതിനൊരു മാല കിട്ടും..ആ മാലയും ഇട്ടോണ്ട് അവള്‍ കുറെ നേരം നമ്മളെ നോക്കി ചിരിച്ചു പാടും. പരസഹായം ഇല്ലാതെ ഒറ്റയ്ക്ക് എഴുന്നേറ്റു നില്‍ക്കാന്‍ കഴിയാത്ത ഒരു വല്യപ്പന്‍ കുടിച്ചു കൂത്താടി , കുറെ മാല ഒരു പെണ്ണിന് കൊടുത്തത് കൊണ്ട് അന്ന് മുഴുവന്‍ അവള്‍ അങ്ങേരെ നോക്കി പാടി. ബോംബെ അനുഭവം ഉള്ളത് കാരണം ഞാന്‍ ആര്‍ക്കും മാലയിടാന്‍ ശ്രമിച്ചില്ല. പെണ്ണിന്റെ കഴുത്തില്‍ മാല നിറഞ്ഞപ്പോള്‍ യൂണിഫോം ഇട്ട ഒരാള്‍ അതെല്ലാം ഊരി വാങ്ങിച്ചു. കുറച്ചു കഴിഞ്ഞു ഒരു കൈയില്‍ കുപ്പിയും മറുകൈയില്‍ ഒരട്ടി മാലയുമായി അയാള്‍ വല്യപ്പന്റെ അടുത്ത് വന്നപ്പോള്‍ ഞാന്‍ ആ പരിചിത മുഖം തിരിച്ചറിഞ്ഞു..സണ്ണി..എന്നെ കണ്ടതും ഒരു വളിച്ച ചിരി ചിരിച്ചിട്ട് സണ്ണി ചോദിച്ചു .

"അപ്പൊ നീ ഇതുവരെ തിരിച്ചു പോയില്ലേ ? "

Jan 14, 2012

മറുനാട്ടില്‍ ഒരു മലയാളി ( കാലം തെറ്റിയ ) ഒരു റിവ്യൂ !


കോട്ടയം രാജമഹാള്‍ തീയേറ്ററില്‍ "മറുനാട്ടില്‍ ഒരു മലയാളി " എന്ന ചിത്രം റിലീസ് ദിനത്തില്‍ കാണാന്‍ എത്തുമ്പോള്‍ വലിയ തിരക്കുണ്ടായിരുന്നില്ല. സംവിധായകന്‍ എ. ബി. രാജിന്റെ മുന്‍പിറങ്ങിയ രണ്ടു ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ വലിയ ചലനം സൃഷ്ട്ടികാതിരുന്നതുകൊണ്ടാവാം അത്.

ക്രിസ്തുമത വിശ്വാസിയായ നായകന്‍ (പ്രേം നസീര്‍ ) മദ്രാസില്‍ ചെല്ലുന്നതും, ബ്രാഹ്മണനായ ഹോട്ടലുടമയുടെ (ശങ്കരാടി ) ഹോട്ടലില്‍ ജോലി കിട്ടാനായി ബ്രാഹ്മണനായി അഭിനയിക്കുന്നതും, ഹോട്ടലുടമയുടെ മകളുമായി ( വിജയശ്രീ ) പ്രേമബന്ധതിലാകുന്നതും വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.അടൂര്‍ ഭാസി അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ നന്നായി ആസ്വദിക്കും. ചിത്രത്തിന്റെ അവസാനം നായകന്‍റെ കള്ളത്തരം പൊളിയുമ്പോള്‍ ശങ്കരാടിയുടെ വെളിപ്പെടുത്തല്‍ നായകനെ എന്നതുപോലെ കാണികളെയും അത്ഭുതപ്പെടുത്തുന്നു.

ജയ്മാരുതി തീയെറ്റെഴ്സിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന മറുനാട്ടില്‍ ഒരു മലയാളിയുടെ കഥ വി. ദേവന്‍ എഴുതിയിരിക്കുന്നു. സംഭാഷണം എസ്. എല്‍ .പുരം. പ്രേം നസീര്‍, വിജയശ്രീ, അടൂര്‍ഭാസി, ശങ്കരാടി ,എസ് പി പിള്ള എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. യേശുദാസ്, ജയചന്ദ്രന്‍, പി സുശീല, എസ് ജാനകി എന്നിവര്‍ പാടിയിരിക്കുന്നു. ദക്ഷിണാമൂര്‍ത്തി ശ്രീ കുമാരന്‍ തമ്പി ടീമിന്റെ എല്ലാ ഗാനങ്ങളും മനോഹരം. മനസ്സിലുണരൂ ,ഗോവര്‍ധന ഗിരി,അശോക പൂര്‍ണ്ണിമ,കാളി ഭദ്രകാളി,സ്വര്‍ഗവാതില്‍ ഏകാദശി എന്ന് തുടങ്ങുന്ന ഗാനങ്ങളില്‍ അദ്ദ്യത്തെ മൂന്നു ഗാനങ്ങള്‍ മലയാള ഗാനശാഖ ഉള്ളിടത്തോളം കാലം കേരളീയര്‍ ഏറ്റുപാടാതിരിക്കില്ല.


കലാമൂല്യമുള്ള ഒരു ചിത്രം എന്നതിലുപരി രണ്ടര മണിക്കൂര്‍ പ്രേക്ഷകനെ രസിപ്പിക്കുക എന്ന ദൌത്യം ആണെന്ന് തോന്നുന്നു സംവിധായകന്‍ എ.ബി രാജ് ഉദ്ദേശിച്ചിരിക്കുന്നത്. അതില്‍ അദ്ദേഹം വിജയിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. ഒരു നല്ല ചിത്രം പ്രതീക്ഷിചെതുന്നവരെ നിരാശ പ്പെടുതുന്നില്ല ഈ ചിത്രം. ഒരു സംശയവും ഇല്ലാതെ തന്നെ പത്തില്‍ ഏഴു മാര്‍ക്ക് നേടുന്നു ഈ ചിത്രം.



കുറിപ്പ് : മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് റിലീസായ ഒരു ചിത്രത്തിന് റിവ്യൂ എഴുതിയതെന്തിനാനെന്നൊരു ചോദ്യമുണ്ടാവാം. പടം റിലീസായി ആദ്യത്തെ ഷോ കണ്ടിട്ട് ഇറങ്ങിയ ഉടനെ റിവ്യൂ എഴുതി ഒരു വ്യവസായത്തെ തന്നെ നശിപ്പിക്കുന്ന "റിവ്യൂ തൊഴിലാളികളോടുള്ള" പ്രതിഷേധം മാത്രമാണീ പോസ്റ്റ്‌. സിനിമ കണ്ടു കയ്യടിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തിട്ട് ഇറങ്ങിയ ഉടനെ ചെയ്യുന്ന ഈ ദ്രോഹം മലയാള സിനിമയ്ക്ക് എന്ത് ഗുണം ചെയ്യും എന്ന് ഓര്‍ക്കുന്നത് നല്ലതായിരിക്കും.സിനിമ നല്ലതാവട്ടെ, ചീത്തയാവട്ടെ. നിക്പക്ഷമായി അത് പൊതുജനം കണ്ടിട്ട് വിധി എഴുതട്ടെ.ഈ തരം ഇന്‍സ്റ്റന്റ് റിവ്യൂ വായിച്ചു ഒരു മുന്‍വിധിയോടെ പടം കാണുകയോ കാണേണ്ട എന്ന് തന്നെ വെക്കുംപോളോ കുറെ ഏറെ പേരുടെ ഒരുപാടുനാളത്തെ അധ്വാനമാണ് ഒരു ഇന്റര്‍നെറ്റ്‌ കണക്ഷന്‍ വഴി ഇല്ലാതാകുന്നത്. ഉദയനാണ് താരത്തിലെ നായകന്‍ പറയുന്നതുപോലെ ഒരാളുടെ ഒരു പാട് നാളത്തെ സ്വപ്നമായിരിക്കാം ഇക്കൂട്ടര്‍ തകര്‍ക്കുന്നത്.

മലയാളം സിനിമയെ നന്നാക്കി കളയാം, അല്ലെങ്കില്‍ പ്രേക്ഷകരുടെ പണം നഷ്ട്ടപ്പെടാതെ നോക്കാം എന്ന നല്ല ഉദ്ദേശം ഇതിന്റെ പിന്നില്‍ ഉണ്ട് എന്ന് കരുതുക വയ്യ...

വായനക്കാരുടെ അഭിപ്രായങ്ങള്‍ പ്രതീഷിക്കുന്നു.

Nov 21, 2011

കുന്തി ജോസഫും കുചേലന്‍ ജോയിമോനും.

ഹിസ്റ്ററി ക്ലാസിലേക്ക് പ്യൂണ്‍ കടന്നു വന്നപ്പോഴേ അത് ഫീസ്‌ കൊടുക്കാതവരുടെ ലിസ്റ്റ് വായിക്കാനെന്നു എനിക്ക് ഉറപ്പായിരുന്നു . പതിവുപോലെ ഞാനും ജോസഫും എഴുന്നേറ്റു നിന്നു. നാളെ മുതല്‍ ഫീസ്‌ കൊടുക്കാത്തവര്‍ ക്ലാസില്‍ ഇരിക്കേണ്ട എന്ന് സാര്‍ പറഞ്ഞു . മുന്നിലത്തെ ബഞ്ചില്‍ നിന്നും തിരിഞ്ഞിരുന്നു ഞങ്ങളുടെ മുഖത്ത് തന്നെ നോക്കിക്കൊണ്ടിരിക്കുന്ന ഫീസ്‌ കൊടുത്ത കുട്ടികളുടെ മുഖത്ത് നോക്കാനാകാതെ ജോസഫ്‌ മുഖം താഴ്ത്തി .കുന്തി എന്നായിരുന്നു കുട്ടികള്‍ ജോസഫിനെ വിളിച്ചിരുന്നെങ്കിലും ,രൂപം കൊണ്ട് കുചേലന്‍ എന്ന പേരായിരുന്നു ജോസഫിന് ചേരുക എന്ന് ഞാന്‍ ഓര്‍ത്തു . അപ്പോള്‍ ശരിക്കും കുചേലനായ എന്നെ എന്ത് പേരു വിളിക്കും എന്ന് ഞാന്‍ വെറുതെ ആലോചിച്ചു .കുചേലന്‍ ജോയിമോന്‍ എന്ന പേരു നന്നായി ഇണങ്ങുമെന്ന് തോന്നി.

ഫീസ്‌ കൊടുക്കാനാവാതെയുള്ള ഈ നില്‍പ്പ് എനിക്ക് പുത്തരിയല്ലായിരുന്നു .നാല് മാസങ്ങളുടെ കൃത്യമായ ഇടവേളയില്‍ സംഭവിക്കുന്ന ഒരു കാര്യം എന്നതില്‍ കവിഞ്ഞു ഞാന്‍ അതിനു വലിയ പ്രാധാന്യം കൊടുക്കാഞ്ഞതിനാലാവണം എനിക്ക് മുഖം താഴ്ത്താന്‍ തോന്നിയില്ല .

പ്യൂണ്‍ പോയതിനു ശേഷം അടുത്തിരുന്ന ജിജോ ചോദിച്ചു ." എന്താടാ , ഫീസ്‌ സമയത്തും കാലത്തും കൊടുക്കാന്‍ മേലെ" എന്ന്‍ . അതൊക്കെ വീട്ടില്‍ നിന്നും വാങ്ങിയെന്നും , പുട്ടടിച്ചു തീര്‍ന്നൂന്നും പറഞ്ഞത് ജിജോ വിശ്വസിച്ചില്ല എന്ന് എനിക്ക് തോന്നി .


കാലത്ത് അമ്മച്ചിയോട്‌ ഫീസ്‌ കൊടുക്കാനുള്ള അവസാന ദിവസം ഇന്നാണ് എന്നു പറയുമ്പോള്‍ ,അമ്മച്ചി കഴുത്തില്‍ കിടന്ന നേരിയ മിന്നുമാലയില്‍ വിരലോടിച്ചുകൊണ്ട് പറഞ്ഞു . " എന്നതേലും ഒരു വഴി ദൈവം തമ്പുരാന്‍ കാണിക്കും " എന്ന് . അമ്മച്ചിക്ക് ആകെപ്പാടെ ഉള്ള ഒരു തരി സ്വര്‍ണ്ണം വിറ്റോ പണയം വെച്ചോ ഫീസ്‌ കൊടുക്കാന്‍ മാത്രം പഠിപ്പില്‍ ഞാന്‍ വലിയ മിടുക്കനല്ല്ല എന്നു എനിക്ക് തന്നെ അറിയാമായിരുന്നെങ്കിലും അങ്ങനെ പറഞ്ഞു അമ്മച്ചിയെ വേദനിപ്പിക്കാന്‍ എനിക്ക് തോന്നിയില്ല . പകരം ക്ലാസ്സില്‍ പോകാതെയും പരീക്ഷ മാത്രം എഴുതാം എന്നു ഞാന്‍ പറഞ്ഞത് പൂര്‍ത്തിയാക്കാന്‍ അമ്മച്ചി അനുവദിച്ചില്ല .


ഞായറാഴ്ച പള്ളി പിരിഞ്ഞു വരുമ്പോഴായിരുന്നു കടുത്തുരുത്തി ടൌണില്‍ അരിക്കട നടത്തുന്ന സേവ്യര്‍ ചേട്ടനെ കണ്ടത് . കടയിലെ കണക്കു എഴുതി കൊടുത്താല്‍ മാസം നൂറു രൂപ തരാം എന്നു സേവ്യര്‍ ചേട്ടന്‍ പറഞ്ഞു . പിറ്റേന്ന് കാലത്തെ കടയില്‍ ചെല്ലാന്‍ പറഞ്ഞത് അമ്മച്ചിയോട്‌ പറഞ്ഞപ്പോള്‍ അമ്മച്ചി." ഹെന്റെ ദൈവമേ " എന്നു ആകാശത്തേക്ക് നോക്കി പറഞ്ഞു


വളരെ നാളുകള്‍ക്കു ശേഷം അപ്പച്ചന്‍ വണ്ടി പെരിയാറില്‍ നിന്ന് വന്നു എന്ന് കാലത്തെ വാതില്‍ പടിയില്‍ ചെരുപ്പ് കണ്ടപ്പോള്‍ ആയിരുന്നു മനസ്സിലായത്‌ . ചുവന്ന എയര്‍ ബാഗില്‍ നിന്നും , മുഷിഞ്ഞ തുണികള്‍ അലക്കാനായി എടുക്കുമ്പോള്‍ അമ്മയുടെ മുഖം പതിവിലുമേറെ വേദന നിരഞ്ഞതാണല്ലോ എന്നു ഞാന്‍ ഓര്‍ത്തു. അല്‍പ്പം കഴിഞ്ഞു, തുണി അലക്കിക്കൊണ്ടുനില്‍ക്കുന്ന അമ്മച്ചിയുടെ അടുത്ത് പല്ലും തേച്ചു നില്‍ക്കുന്ന അപ്പച്ചനെ കണ്ടു . അപ്പച്ചന്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അമ്മച്ചി എന്തൊകെയോ നിഷേധിക്കുന്നതും . പിന്നെ കുറെ കഴിഞ്ഞു അരകല്ലില്‍ അരച്ചും കൊണ്ട് നില്‍ക്കുന്ന അമ്മച്ചിയുടെ അടുത്തും പതിവില്ലാതെ അപ്പച്ചനെ കണ്ടു . അപ്പച്ചന്‍ കുറെ നേരത്തിനു ശേഷം പുറത്തേക്കു പോയപ്പോള്‍ അമ്മച്ചിയുടെ കഴുത്തില്‍ അസാമാന്യമാം വിധം തിളങ്ങുന്ന ഒരു മിന്നുമാല ഞാന്‍ കണ്ടു . അമ്മച്ചിക്ക് എവിടെ നിന്നും പുതിയ മാല എന്നു ഞാന്‍ അതിശയിച്ചു .


കാലത്തെ ക്ലാസില്‍ പോകുന്നതിനു പകരം ഞാന്‍ സേവ്യര്‍ ചേട്ടന്റെ കടയില്‍ പോയി . സേവ്യര്‍ ചേട്ടന്റെ ഭാര്യ എന്നെ ഇഷ്ട്ടപ്പെടതതുപോലെ ഒരു നോട്ടം നോക്കി . സുന്ദരനായ സേവ്യര്‍ ചേട്ടന് ഒട്ടും ചെരാത്തവളായിരുന്നു ആ സ്ത്രീ . ചെറിയ ഒരു സ്വര്‍ണ്ണക്കടയിലോ ഒരു പട്ടുസാരിക്കടയിലോ പ്രതിഷ്ട്ടിക്കാന്‍ പറ്റുന്ന ഒരു ഇരുണ്ട രൂപമായിരുന്നു അവര്‍ .അത് പണക്കാരനായ ഒരാളുടെ മകളാണെന്നും ,സേവ്യര്‍ ചേട്ടനെ ഇഷ്ട്ടപ്പെട്ടു ,പണം ഇല്ലാഞ്ഞിട്ടും അവരെ അവരുടെ അപ്പന്‍ കെട്ടിച്ചു കൊടുത്തതാണെന്നും , അരി എടുത്തു കൊടുക്കുന്ന ജോണിക്കുട്ടി , ഇടക്കെപ്പോഴോ ശബ്ദം താഴ്ത്തി പറഞ്ഞു .

സേവ്യര്‍ ചേട്ടന്‍ അന്ന് മുഴുവന്‍ എന്നെ കൊണ്ട് കണക്കെഴുതിപ്പിച്ചു . പിറ്റേന്ന് കാലത്തെ ചെന്നപ്പോള്‍ പറഞ്ഞു ,ഇന്നലെ നീ കുറെ എഴുതിയല്ലോ , ഇനി വേണ്ടപ്പോള്‍ പറയാമെന്നു. എന്നിട്ട് കാഷ് കൌണ്ടറില്‍ ഇരിക്കുന്ന ഭാര്യയെ ഇത് പോരെ എന്ന അര്‍ത്ഥത്തില്‍ നോക്കി .എന്റെ പേര് വെട്ടി എന്ന് എനിക്ക് മനസ്സിലായി .വിവരം പറഞ്ഞപ്പോള്‍ അമ്മച്ചിയുടെ കൈകള്‍ പതിവുപോലെ മിന്നുമാലയില്‍ തെരുപ്പിടിച്ചില്ല.സേവ്യര്‍ ചെട്ടറെ കടയിലെ ജോലി പോയതിനെക്കാള്, എങ്ങനെയെങ്കിലും ഫീസ്‌ കൊടുക്കാനുള്ള വഴി അടഞ്ഞതിലുള്ള വിഷമമായിരുന്നു അമ്മച്ചിയുടെ മുഖത്ത് .


ഉച്ചക്ക് ചോറ് വിളമ്പിക്കൊണ്ടിരുന്ന അമ്മച്ചിയുടെ കഴുത്തിലെ മാലയുടെ നിറം കുറഞ്ഞു എന്ന് എനിക്ക് തോന്നി . ഒരാഴ്ച കഴിഞ്ഞപ്പോള്‍ അത് കറുത്ത് തുടങ്ങി . അപ്പച്ചന്‍ മാല വിറ്റോ അതോ പണയം വെച്ചോ എന്ന് ഞാന്‍ ചോദിച്ച് അമ്മച്ചിയെ ഞാന്‍ വിഷമിപ്പിച്ചില്ല . എന്തെല്ലാമാണെങ്കിലും അപ്പച്ചനെ കുറ്റപ്പെടുത്താനും അമ്മച്ചി സമ്മതിക്കില്ല എന്നെക്കറിയാമായിരുന്നു.

അമ്മച്ചിയുടെ പ്രാര്‍ഥനയുടെ ശക്തിയെന്നോണം ഒരു മണി ഓര്‍ഡര്‍ ആയിട്ടായിരുന്നു ദൈവം ആ തവണ ഞങ്ങളെ അതിശയിപ്പിച്ചത് .പട്ടാളത്തില്‍ ജോലിയുള്ള കൊച്ചപ്പന്‍ പണം അയച്ചപ്പോഴേക്കും ,ഫീസ്‌ കൊടുക്കേണ്ട അവസാന തീയതിയും കഴിഞ്ഞു വീണ്ടും ഒരാഴ്ച കൂടി കഴിഞ്ഞിരുന്നു .

ഫീസ്‌ കൊടുക്കുമ്പോള്‍ ഞാന്‍ ആലോചിച്ചത് മൂന്നര മാസത്തിനു ശേഷം എന്ത് അത്ഭുതമാണ് സംഭവിക്കാന്‍ ബാക്കി ഉണ്ടാവുക എന്നായിരുന്നു .

കുന്തി ജൊസഫ് പക്ഷെ ക്ലാസ്സില്‍ ഉണ്ടായിരുന്നില്ല.എന്തിനാണ് ദൈവം കുന്തിയെ മറന്നത് ?

Oct 6, 2011

പാണ്ടിച്ചിയുടെ പല്ലിമിട്ടായികള്‍

ഈ അവധിക്കാലത്ത്‌നാട്ടിലെത്തിയപ്പോള്‍, തൊടിയില്‍ നിന്നും പഴയ സാധനങ്ങള്‍ പെറുക്കാന്‍ വന്നവരെ കണ്ടപ്പോഴാണ് പാണ്ടിച്ചിയെപ്പറ്റി വീണ്ടും ഓര്‍മ്മ വന്നത്.



കൃത്യമായി മാസത്തില്‍ രണ്ടുതവണ വരാറുണ്ടായിരുന്ന തമിഴത്തി ആയിരുന്നു പാണ്ടിച്ചി എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന രാക്കമ്മ. കുട്ടികളായ ഞങ്ങള്‍ വിളിച്ചു വിളിച്ചു എല്ലാവര്ക്കും രാക്കമ്മ, പാണ്ടിച്ചി ആയി. കൈയില്‍ ചതുരാകൃതിയില്‍ ഉള്ള ഒരു ഓലകൊണ്ട് മെടഞ്ഞ വട്ടിയും, തോളില്‍ തുണിയുടെ ഒരു ഭാണ്ടക്കെട്ടും ആയി അവര്‍ വരും. ഒരു കാലിനു എന്തോ കുഴപ്പം ഉണ്ടായിരുന്നതുകൊണ്ടാവണം, ചട്ടി ചട്ടി ആയിരുന്നു അവര്‍ നടന്നിരുന്നത് മിക്കവാറും പത്തുമണിയോടെ ആയിരുന്നു പാണ്ടിച്ചി ഞങ്ങളുടെ വീട്ടില്‍ എത്തുക.



ഭര്‍ത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീ ആയിരുന്നു പാണ്ടിച്ചി. സ്വന്തക്കാരോ ബന്ധക്കാരോ അവര്‍ക്ക് ഉണ്ടായിരുന്നില്ല. വീടുകളില്‍ നിന്നും കിട്ടുന്നത് കഴിച്ചു,പലര്‍ കൊടുക്കുന്ന വസ്ത്രങ്ങള്‍ ഉടുത്തു നാടോടിയായി നടക്കുന്ന ഒരു സ്ത്രീ. കൊടുക്കുന്നത് വാങ്ങും. ഒന്നും ചോദിക്കില്ല, ഒരു പരാതിയും ഇല്ലാത്ത എല്ലാവരെയും അയ്യാ എന്നും, അമ്മാ എന്നും മാത്രം വിളിക്കുന്ന ഒരു പാവം .


പാണ്ടിച്ചിയെ ഞങ്ങള്‍ കുട്ടികള്‍ക്ക് വളരെ ഇഷ്ട്ടമായിരുന്നു. കാരണം വരുമ്പോള്‍ എല്ലാം അവര്‍ പല്ലി മിട്ടായികള്‍ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ചെറിയ മിട്ടായികള്‍ തരും. വീട്ടുകാര്‍ ആരും കാണാതെ ഞങ്ങള്‍ അത് ശാപ്പിടും. പാണ്ടിച്ചി വല്ല വീട്ടില്‍ നിന്നും കൊണ്ട് തരുന്നതാ, എന്തിനാ അതൊക്കെ മേടിക്കണേ എന്ന് അമ്മ ചോദിക്കും.

അച്ഛന്റെ ജോലി സ്ഥലത്തേക്ക് ഞങ്ങള്‍ താമസം മാറ്റുന്ന ദിവസമായിരുന്നു പാണ്ടിച്ചി അന്നൊരുനാള്‍ വന്നത്. കൂട്ടുകാരെയും ബന്ധുക്കാരെയും വിട്ടു പോകുന്നതിന്റെ സങ്കടത്തില്‍ ആയിരുന്നു ഞാന്‍. അതുകൊണ്ട് തന്നെ പല്ലി മിട്ടായികള്‍ അന്നെന്നെ സന്തോഷിപ്പിച്ചില്ല. സാധനങ്ങള്‍ എല്ലാം ഒരു ചെറിയ ലോറിയില്‍ കയറ്റി, ഒരു ജീപ്പില്‍ ആയിരുന്നു ഞങ്ങള്‍ പാമ്പാടി എന്നാ സ്ഥലത്തേക്ക് പോയത്. അച്ഛന്റെ കൂട്ടുകാരനായ കുട്ടിച്ചേട്ടന്‍ ആയിരുന്നു സഹായത്തിനു. കുട്ടിച്ചേട്ടന്‍ വെറുതെ ചോദിച്ചു." പാണ്ടിച്ചീ , നീ വരുന്നോ ?" ചോദിക്കേണ്ട താമസം, പാണ്ടിച്ചി ജീപ്പിനുള്ളില്‍ കയറി.

വാടക വീട്ടില്‍ സാധനങ്ങള്‍ അടുക്കാനും പെറുക്കാനും പാണ്ടിച്ചി കൂടി.അച്ഛനും, കുട്ടിച്ചേട്ടനും പുറത്തേക്കു പോയിരുന്നു.ഞങ്ങള്‍ അടുത്ത വീട്ടിലെ കുട്ടിയുമായി ചങ്ങാത്തം സ്ഥാപിച്ചു.എന്നെക്കാള്‍ ചെറിയ മണിക്കുട്ടന്‍.പാണ്ടിച്ചി തന്ന പല്ലിമിട്ടായി ഞാന്‍ മണിക്കുട്ടന് കൊടുത്തു. ആരാ പാണ്ടിച്ചി എന്ന മണിക്കുട്ടന്റെ ചോദ്യത്തിന് " അത് പാണ്ടിച്ചി" എന്നതില്‍ കൂടുതല്‍ എനിക്ക് പറയാന്‍ ഉണ്ടായിരുന്നില്ല.

വൈകുന്നേരമായിരുന്നു അപ്പോഴേക്കും.പുറത്തു പോയ അച്ഛനും,കുട്ടിച്ചേട്ടനും തിരിച്ചു വന്നു.അവരുടെ കണ്ണുകളും മുഖവും ചുവന്നു തുടുത്തിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായില്ല.വന്നയുടനെ ഒട്ടും മയമില്ലാതെ കുട്ടിച്ചേട്ടന്‍ ചോദിച്ചു," നിങ്ങള്‍ക്ക് പോകാറായില്ലേ തള്ളെ" എന്ന്."അയ്യാ, നീങ്ക താന്‍ എന്നെ ഇവിടെ കൊണ്ടു വന്താച്ച്, നാന്‍ എപ്പടി തിരുമ്പി പോറെന്‍ " എന്ന് പാണ്ടിച്ചി ചോദിച്ചു. കുട്ടി ചേട്ടന്‍ അവരെ പിടിച്ചു പുറത്താക്കി എന്നിട്ട് പറഞ്ഞു, തള്ളെ,എവിടെയെങ്കിലും പോ എന്ന്. എന്തൊക്കെയോ ശാപവാക്കുകളും കുട്ടിച്ചേട്ടന്‍ പറഞ്ഞു.

പാണ്ടിച്ചിയുടെ കണ്ണുകള്‍ നിറഞ്ഞു. അവര്‍ തിരിയെ വീടിന്റെ പിന്നില്‍ വന്നു. അമ്മയോട് വണ്ടിക്കൂലിക്കുള്ള പണം ചോദിച്ചു. അമ്മയുടെ കൈവശം പണം ഒന്നും ഉണ്ടായിരുന്നില്ല. വിഷു കൈനീട്ടം കിട്ടിയതില്‍ നിന്നും ഒരു വെള്ളി രൂപ കൊടുക്കാന്‍ അമ്മ എന്നോട് പറഞ്ഞു. ഞാന്‍ പൈസ കൊടുത്തില്ല. ഒരു ഒന്‍പതു വയസ്സുകാരന് പാണ്ടിച്ചിയുടെ അവസ്ഥ എങ്ങനെ മനസ്സിലാകാന്‍. അവരുടെ കൈയില്‍ തിരിയെ പോകാന്‍ ബസ് കൂലി ഇല്ലായിരുന്നു എന്ന് അമ്മ പിന്നീട് പറഞ്ഞു. ബസ് കൂലി ഇല്ലാതെ ബസില്‍ കയറാന്‍ പറ്റില്ല എന്ന് എനിക്ക് അന്നറിയില്ലായിരുന്നു.

പാണ്ടിച്ചി പിന്നീട് പാമ്പാടിയിലെ ആ വീട്ടില്‍ വന്നില്ല. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ ഇടുക്കി ജില്ലയിലെ കുളമാവ് എന്ന സ്ഥലത്തേക്ക് മാറി. വളരെ അവിചാരിതമായി ഒരു ദിവസം പാണ്ടിച്ചി ഞങ്ങളെ തേടി അവിടെ എത്തി. പതിവുപോലെ മിട്ടയികലുമായി.പല്ലി മിട്ടായികളല്ല,മഞ്ഞ നിറത്തില്‍ നാരങ്ങ അല്ലികളുടെ രൂപത്തില്‍ നാല് മിട്ടായികള്‍ .

പാണ്ടിച്ചിയെ സ്വീകരിക്കാനുള്ള ചുറ്റുപാടില്‍ ആയിരുന്നില്ല ഞങ്ങള്‍ . ഞങ്ങളുടെ ഏക സ്വത്തായ പശു ,മേയാന്‍ വിട്ടിരുന്ന സ്ഥലത്ത് എന്തോ വിഷം തീണ്ടി ചത്തു കിടന്നതറിഞ്ഞ വിഷമത്തില്‍ ആയിരുന്നു അമ്മയും ഞങ്ങളും. ഊണുമേശയില്‍ തലചെരിച്ചിരുന്നു കരയുകയായിരുന്നു അമ്മ.

മൂന്നു വര്‍ഷം എന്നില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയിരുന്നു. കലത്തില്‍ ഉണ്ടായിരുന്ന ചോറ് ആരും പറയാതെ തന്നെ ഞാന്‍ പാണ്ടിച്ചിക്ക് കൊടുത്തു. പോകാന്‍ നേരം ഒരു വെള്ളിരൂപ കൊടുക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും, അത് എന്റെ കൈയിലോ അമ്മയുടെ കൈവശമോ ഉണ്ടായിരുന്നില്ല."പണമൊന്നും കൊടുത്തില്ലല്ലോ ആ പാവത്തിന്, പാണ്ടിച്ചി എങ്ങനെ കുളമാവില്‍ നിന്നും തിരിയെ പോയിക്കാണും" എന്ന് ഒരാഴ്ച കഴിഞ്ഞു അമ്മ ചോദിച്ചു.



പാണ്ടിച്ചിയെ പിന്നീടു ഞങ്ങള്‍ കണ്ടിട്ടില്ല. അനാഥയായ അവര്‍ എവിടെ എങ്കിലും കിടന്നു മരിച്ചു പോയിരിക്കാം.

മുപ്പത്തി ഒന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും എന്റെ മനസ്സില്‍ പാണ്ടിച്ചിയുടെ രൂപം ഉണ്ട്. മിട്ടായികളുടെ മധുരം നാവിന്‍ തുമ്പിലും. സ്നിക്കെര്‍സിനും, മാര്‍സിനും, ഡയറി മില്‍ക്കിനും ഇല്ലാത്ത ആ സ്വാദ്.

Sep 2, 2011

കൊച്ചു തോമ ഓണ്‍ എമര്‍ജന്‍സി ലീവ് ( ലാന്‍ഡിംഗ് )


ഇരുപതു വര്‍ഷം മുന്‍പേ മരിച്ചുപോയ വല്യപ്പച്ചനെ ഒന്നു കൂടി കൊല്ലേണ്ടി വന്നു എമര്‍ജന്‍സി ലീവ് കിട്ടാന്‍.അത്യാവശ്യമായി നാട്ടില്‍ പോകേണ്ടി വന്നാല്‍ പിന്നെ എന്തോ ചെയ്യും.കൊച്ചുതോമായോടു ല്യപ്പച്ചന്‍ ക്ഷമിച്ചോളും.സിപ്പൂനോട് ആവുന്നത് പറഞ്ഞതാ,ഇപ്പൊ പോകണ്ടാ,ടിക്കറ്റ് വില ഒക്കെ കൂടുതലാ എന്നൊക്കെ. അതെങ്ങനാ,അമ്മായി അപ്പനും അമ്മേം സില്‍വര്‍ ജൂബിലി കൊണ്ടാടുമ്പോള്‍ അതിനു സാക്ഷ്യം വഹിച്ചല്ലേ പറ്റു.ഭാര്യ സിപ്പു നേരത്തെ പോയി. നമ്മള് പിന്നെ പതുക്കെ ചെന്നാ മതിയല്ലോ.

ടിക്കറ്റ് നോക്കിയപ്പോ ഏറ്റവും കുറവ് ഉള്ളത് നോക്കി എടുത്തു.കുറെ കറങ്ങി പോയാലെന്താ, ദിനാര്‍ മുപ്പതാ ലാഭം.കഷ്ട്ടിച്ചു രണ്ടു സ്കോച് വാങ്ങാമല്ലോ.കുവൈറ്റ്-ദുബായ് പെട്ടെന്ന് ചെന്നു. അവിടന്ന് കേറിയപ്പോള്‍ റാന്നിക്കാരന്‍ ഒരച്ചായന്‍ അടുത്ത്.അങ്ങൊരു നല്ല ഫിറ്റാ.എന്നാലും വിമാനത്തേന്നു ഫ്രീ കിട്ടുന്നത് കളയാവോ.ഞാന്‍ കുടിക്കുന്നില്ല എന്ന് പറഞ്ഞപ്പോള്‍ "വെറുതെ കളയണ്ടാ, എനിക്ക് തന്നേക്ക്‌" എന്നൊരു കാച്ച്. അപ്പോള്‍ നിലവില്‍ രണ്ടും രണ്ടും നാല് ലാര്‍ജ്. എന്നിട്ടും പോരാഞ്ഞിട്ട് എയര്‍ ഹോസ്റ്റസ്സിനോട് വീണ്ടും കെഞ്ചുന്നു.ഇനി ഇല്ല എന്നൊക്കെ പറഞ്ഞിട്ടും,പ്ലീസ്,പ്ലീസ് എന്ന് പിന്നേം.മലയാളീസിന്‍റെ മുഴുവന്‍ മാനോം കപ്പലെ കേറ്റുന്നതു ഇതേപോലെയുള്ള പാമ്പാടുംപാറ നിവാസികളാണല്ലോ എന്റെ പള്ളീ.ചുമ്മാ കിട്ടുന്നതുകൊണ്ടാണോ ഈ ആക്രാന്തം,അതോ ഇവനൊക്കെ ആരേലും കള്ളില്‍ കൈവിഷം കൊടുതിട്ടുണ്ടാവുമോ ?

വിമാനം ഇറങ്ങാന്‍ തുടങ്ങുന്നു എന്ന ക്യാപ്റ്റന്റെ വിളി കേട്ടാ കണ്ണ് തുറന്നെ.നോക്കിയപ്പോ അച്ചായന്‍ നല്ല ഫിറ്റ്, ചാരിക്കിടക്കുന്നു.എന്നാലും,ദുബായില്‍ നിന്നും കള്ളും കുപ്പി വാങ്ങിക്കുമ്പോള്‍ കിട്ടുന്ന ബാഗ് ഭദ്രമായി കയ്യില്‍ തന്നെ വെച്ചിട്ടുണ്ട്.എങ്ങാനും പൊട്ടിപോയാലോ എന്നോര്‍ത്താവും മുകളില്‍ വെക്കാഞ്ഞത്.

ഇപ്പൊ ഇറങ്ങും,ഇപ്പൊ ഇറങ്ങും എന്ന് കരുതി ഇരിക്കുമ്പോഴാണ് ഒരു വലിയ കുലുക്കോം ബഹളോം ഒക്കെ കേട്ടത്.എന്റെ പള്ളീ, ഇനി അറബിക്കടലില്‍ എങ്ങാനും ആണോ ലാന്‍ഡ്‌ ചെയ്തത്?അതോ തൊട്ടടുത്തുള്ള ഗോള്‍ഫ് ക്ലബ്ബിലോ?ഇനി വിമാനം എങ്ങാനും പൊട്ടിത്തെറിക്കാന്‍ പോകുവാണോ.എന്റെ ദൈവമേ,അപ്പനേം അമ്മയേം ഒന്നുകൂടി കാണാന്‍ പറ്റിയാ മതിയാരുന്നു. സിപ്പു ആണേല്‍ കാരിയിംഗ് ആണ്.കുഞ്ഞിന്റെ മുഖം ഒന്ന് കാണാന്‍ പറ്റാതെ തട്ടിപ്പോകുമോ?ആരും പാനിക് ആവരുത് വിമാനം നിലത്തു തന്നെ ആണേ എന്നൊരു എയര്‍ ഹോസ്ടസ് അമ്മച്ചി വിളിച്ചു പറയുന്നു..ആര് ശ്രദ്ധിക്കാന്‍.എല്ലാരും കിടന്നു അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു.പിള്ളാരൊക്കെ കിടന്നു കീറുന്നു.ആകപ്പാടെ ബഹളം.മംഗലാപുരത്ത് പ്ലെയിന്‍ പൊട്ടിത്തെറിച്ചത് ഓര്‍ത്തിട്ടു ആരിക്കും,കുറെ പേര് കര്‍ത്താവിനെ വിളിക്കുന്നു.കുറെ പേര് കരയുന്നു. എമര്‍ജന്‍സി വാതിലിനടുത്ത് ഉന്തും തള്ളും.ഞാന്‍ ആദ്യം ഞാന്‍ ആദ്യം എന്നല്ലേ. ബീവറെജസ് കൌണ്ടറില്‍ മാന്യമായി നില്‍ക്കാന്‍ ഇവനൊക്കെ എന്തൊരു മിടുക്കാ.


രു വിധത്തില്‍ വാതിലിനു അടുതെത്തി.പുറത്തു കൂരാകൂരിരുട്ട്‌.സ്ഥലം എവിടാ എന്ന് മനസ്സിലാകുന്നില്ല.രണ്ടും കല്‍പ്പിച്ചു ഒരു ചാട്ടം ചാടി. ചതുപ്പിലെങ്ങാണ്ടാ വീണേന്നു തോന്നുന്നു.കണ്ണ് കാണുന്നില്ല.കാലിനൊക്കെ ഭയങ്കര വേദന.ഉളുക്കി എന്ന് തോന്നുന്നു.ദേഹത്തെ തൊലി ഒക്കെ ഉന്തിലും തള്ളിലും എവിടെയൊക്കെയോ പോയിട്ടുണ്ട്. എഴുന്നേല്‍ക്കും മുന്‍പ് പുറത്തേക്കു പിന്നേം പിന്നേം ആള്‍ക്കാര് ചാടുവല്ലേ.ഒരു തടിയന്‍ മേലെ വന്നു വീണിട്ടു അനങ്ങാനെ പറ്റുന്നില്ല.മേല് മുഴുവന്‍ ചെളി.ഹാന്‍ഡ്‌ ബാഗ്‌ കാണുന്നില്ല.എല്ലാരും ചാടിക്കഴിഞ്ഞപ്പോള്‍ എണീം ഒക്കെ ആയിട്ട് സാറന്മാര് വരുന്നു. ഒരു വിധത്തില്‍ വണ്ടിയേല്‍ വലിഞ്ഞു കയറി.


വണ്ടിക്കകത്തുവെച്ച് റാന്നിക്കാരന്‍ അച്ചായന്‍ കരച്ചിലോടു കരച്ചില്. ചാടിയപ്പോ കാലെങ്ങാനും ഒടിഞ്ഞോ എന്ന് ചോദിച്ചപ്പോ ഗല്‍ഗദതിനിടയില്‍ അച്ചായന്‍ പറഞ്ഞു."കാലൊടിഞ്ഞിരുന്നേല്‍ സാരമില്ലാരുന്നു .ഇതിപ്പോ ദുബായില്‍ നിന്ന് വാങ്ങിയ സ്കോച് ഒക്കെ പൊട്ടി പോയില്ലേ" എന്ന് !
ഒരു വിധത്തില്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോ പത്രക്കാരുടെ അയ്യരുകളി. ഇത്രേം പെട്ടെന്ന് എങ്ങനാ ഇവറ്റകള്‍ ഒക്കെ ഇതറിഞ്ഞേ. മേലാസകലം ചെളിയാ.ചെളി പറ്റിയവനെ ഒക്കെ പത്രക്കാര് ഓടിച്ചിട്ട്‌ പിടിക്കുന്നു.ഒരുത്തന്‍ ചോദിക്കുന്നു,താഴെ ചാടേണ്ടി വന്നപ്പോ എന്ത് തോന്നിയെന്ന്?ഒരു പരിപ്പുവട കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നി എന്ന് പറഞ്ഞു..അല്ല പിന്നെ.


ഞൊണ്ടി,ഞൊണ്ടി പുറത്തു വന്നപ്പോള്‍ സിപ്പു വന്നിട്ടില്ല.അമ്മായി അപ്പന്‍ മാത്രം.വല്ലോം പറ്റിയോടാ കൊച്ചു തോമ എന്ന് ചോദിക്കുന്നതിനു പകരം,സ്കോച് മേടിക്കാന്‍ പറ്റിക്കാണില്ല അല്ലെ എന്നൊരു ചോദ്യം..ദ്രോഹി.....വണ്ടിയേല്‍ കേറാന്‍ തുടങ്ങിയപ്പോ "വണ്ടിയുടെ സീറ്റ് കേടാകും,ഇവിടെ എങ്ങാനും നിര്‍ത്തി കഴുകിയേച്ചും പോവാന്ന്"...നല്ല ബെസ്റ്റ് അമ്മായപ്പന്‍ !

വീട്ടില്‍ വന്നപ്പോ സിപ്പു ടിവിയുടെ മുന്നില്‍.അവള്‍ എന്നെ ടിവിയില്‍ കണ്ടെന്നു.മേലാസകലം ചെളിയും വെച്ചോണ്ട് എന്തിനാ ടിവിക്കാരുടെ അടുത്ത് പോയെ എന്ന്.അവള്‍ക്കു നാണക്കേടായി പോയീന്നു.അമ്മായിയമ്മക്ക് അറിയേണ്ടത്,കൊണ്ടുവരാന്‍ പറഞ്ഞ ടാങ്ങും, നിഡോയും എപ്പോ കിട്ടുമെന്ന്.അളിയന്‍ ചെറുക്കന് അറിയേണ്ടത്,പുതിയ ഐപാഡ്-2 വാങ്ങിച്ചാരുന്നോന്നു.പുറത്തു നോക്കിയപ്പോ നാട്ടുകാരും അയല്‍ക്കാരും ഒക്കെ വീടിന്റെ മുന്നില്‍.എന്തായാലും വിമാനം തകര്‍ന്നില്ലല്ലോ എന്ന് ഒരുത്തന്‍..എന്നാ?തകരണം എന്നായിരുന്നോ നിനക്കൊക്കെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു..വേണ്ട..ഭാര്യ വീടല്ലേ !

എന്‍റെ പുണ്യാളാ, പ്ലെയിന്‍ പൊട്ടിത്തെറിക്കുവാരുന്നു ഇതിലും ഭേദം .