Jul 6, 2020

നട്ടാശ്ശേരിക്ക് തീയ്ക്കു പോയപ്പം !


മകളുടെ  മുറിയിൽ അവളുടെ  കട്ടിലിൽ വെറുതെയിരിക്കയായിരുന്നു സാറ.ബെഡ്ഷീറ്റിനുഇപ്പോഴും അവളുടെ  ഗന്ധം ഉണ്ടെന്നു  സാറക്ക്  തോന്നി.അവളുടെ  അപ്പനെ കെട്ടിപ്പിടിച്ചിരിക്കുന്ന  ഒരു  ചെറിയ  ചിത്രം   ആ മേശപ്പുറത്തു   അപ്പോഴും  ഉണ്ടായിരുന്നു. എഴുന്നേറ്റു  ചെന്ന് മകളുടെ  അലമാര  തുറന്നു അവളുടെ  ഒരു ചെറിയ  ഉടുപ്പ്  എടുത്തു മൂക്കിനോട്    ചേർത്തപ്പോൾ  ബേബി സോപ്പിന്റെയോ,പൗഡറിന്റെയൊ  കാച്ചിയ എണ്ണയുടേതോയെന്നറിയാത്ത  ഒരു  ഗന്ധം സാറയ്ക്ക്  അനുഭവപ്പെട്ടു.എന്നാൽ  അത്  വസ്ത്രത്തിന്റേതല്ലായിരുന്നുവെന്നു സാറയ്ക്കറിയാമായിരുന്നു.ചെറുതായിരുന്നപ്പോൾ മുതൽ  മകളുടെ ഗന്ധം അതൊക്കെത്തന്നെയായിരുന്നതുകൊണ്ടായേക്കാം.   

അടുത്ത  മുറിയിൽ  അപ്പന്റെ   സ്ഥിതിയും മറ്റൊന്നായിരുന്നില്ല.അയാളും   മകളെക്കുറിച്ചു തന്നെ  ആലോചിച്ചു  കട്ടിലിൽ  തന്നെ കിടപ്പായിരുന്നു.നാലോ  അഞ്ചോ  വയസ്സുവരെ മകളെ  നെഞ്ചിൽ തന്നെയായിരുന്നു  അയാൾ ഉറക്കിയിരുന്നത്.ഏകമകളായതിനാലാവണം,മകളോട്  അതിരറ്റ സ്നേഹമായിരുന്നു അയാൾക്ക്.സാറ വഴക്കു പറയുമ്പോഴും,ചിലപ്പോൾ അടികൊടുക്കുമ്പോഴും,അയാളുടെ പിന്തുണയായിരുന്നു അവൾക്കെപ്പോഴും കിട്ടിയിരുന്നത്."അപ്പന്റെ  മകൾ"എന്ന്  സാറ   അൽപ്പം  അസൂയയോടെ  പറയുമ്പോൾ   അയാൾ ഗൂഢമായ ഒരു   സന്തോഷം അനുഭവിച്ചിരുന്നു "നട്ടാശേരിക്കാരി"എന്ന്   വിളിക്കുമ്പോൾ സാറയുടെ ദേഷ്യം കാണാൻ അയാൾക്കും മകൾക്കും  ഒരുപോലെ ഇഷ്ട്ടമായിരുന്നു. 

അവളെ  ആദ്യം  കൈയിലെടുത്ത  ദിവസവും, ആദ്യം അവൾ  നടന്ന  ദിവസവും അവളെ  സ്‌കൂളിൽ  ചേർത്ത  ദിവസവും പിന്നെ  അവളുടെ കുഞ്ഞിക്കൈപിടിച്ചു  നടക്കാൻ പോയതുമൊക്കെ  അയാളുടെ  മനസ്സിലേക്ക്   പിന്നെയും പിന്നെയും വന്നുകൊണ്ടേയിരുന്നു. അവൾ മുട്ടിലിഴഞ്ഞു നടക്കുന്ന  സമയത്തു പിന്നിൽ നിന്നും പിടിക്കാൻ ചെല്ലും പോലെ ശബ്ദമുണ്ടാക്കുന്നതും  അത് കേട്ട് വേഗത്തിൽ ഇഴഞ്ഞു പോകുന്നതുമൊക്കെ ഓർത്തപ്പോൾ അയാൾക്ക് ചിരി വന്നു. 

മറിയത്തിന്റെ  പഴയ ഫോട്ടോ  ആൽബങ്ങൾ  എടുത്തു അതിൽ   തെരുപ്പിടിക്കുമ്പോഴും അയാളുടെ  കണ്ണുകൾ  നിറഞ്ഞു  തന്നെ  ഇരുന്നു. രണ്ടു കൈവിരലുകളും  മടക്കിപ്പിടിച്ചു  അയാളുടെ  മടിയിൽ  ഇരിക്കുന്ന  ഒരു ചിത്രം നോക്കുമ്പോൾ  ആ  പഴയ   പാട്ടു  അയാൾക്ക് ഓർമ്മ  വന്നു.

"നട്ടാശ്ശേരിക്ക് തീയ്ക്കു പോയപ്പം  നത്തുകടിച്ചെന്റെകൈയൊടിഞ്ഞേ"

വീട്ടിച്ചെന്നിട്ട്,കൊച്ചുപൂച്ചക്കു,ചോറുകൊടുത്തപ്പോ...... കൈനിവർന്നേ! 

ചെറുപ്പത്തിൽ  മറിയത്തെ  കളിപ്പിക്കുമ്പോൾ  പാടാറുള്ള  ഒരു പാട്ടായിരുന്നു  അത്.പിന്നീട്  വളർന്നപ്പോൾ,അയാൾ  അപൂർവമായി   മാത്രം  ദേഷ്യപ്പെടുകയോ പിണങ്ങുകയോ  ചെയ്യുമ്പോൾ  മറിയം  ഈ പാട്ടുപാടി  അയാളെ  ഇക്കിളിയിടുമായിരുന്നു .




മറിയം വീടുവിട്ടുപോകും  എന്ന്  അയാൾ സ്വപ്നത്തിൽ പോലും  വിചാരിച്ചിട്ടുണ്ടായിരുന്നില്ല. അയാളുടെ  വാക്കുകൾ  അവൾ  അതിനു  മുൻപ് ഒരിക്കലും  ധിക്കരിച്ചിട്ടുണ്ടായിരുന്നിന്നില്ല. സ്നേഹവും  സ്വാതന്ത്ര്യവും ആവോളം കൊടുത്തുതന്നെയായിരുന്നു  അയാൾ  മറിയത്തെ വളർത്തിയത്.മറിയത്തെക്കുറിച്ചു ഒരുപാട് സ്വപ്‌നങ്ങൾ  അയാൾക്കുണ്ടായിരുന്നു.അവൾ പഠിച്ചു ഉയരങ്ങളിൽ എത്തണമെന്നും നല്ല  ഒരു ജോലി നേടണമെന്നും സ്വന്തം കാലിൽ നിൽക്കണമെന്നുമൊക്കെ  സാധാരണ  ഏതൊരു പിതാവിനെപ്പോലെയും   അയാൾ  ആഗ്രഹിച്ചു .അവളുടെ  വിവാഹം  ആർഭാടമായി നടത്തണമെന്നും പിണങ്ങി കഴിഞ്ഞിരുന്ന  അയാളുടെ  വീട്ടുകാരുമായി  ഈ വിവാഹം വഴി എല്ലാം തീർപ്പാക്കാമെന്നും  അയാൾ മോഹിച്ചു. പക്ഷെ... 



മറിയം പോയിട്ടു  അന്നേക്ക് മൂന്നാം  നാളായിരുന്നു. ഓർമ്മ വെച്ച കാലം മുതൽ അവർക്കു  മറിയത്തെ പിരിഞ്ഞു  നിൽക്കേണ്ടി വന്നിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ,ഈ  മൂന്നുദിവസം  സഹിക്കാവുന്നതിലുപ്പുറത്താണെന്ന് അയാൾക്ക് 
തോന്നിത്തുടങ്ങിയിരുന്നു . 

മറ്റൊരു മതത്തിൽപെട്ടവനായതുകൊണ്ടായിരുന്നില്ല അയാൾ സമീറുമായുള്ള  മറിയത്തിന്റെ അടുപ്പത്തെ എതിർത്തതു.പണവും   അയാൾക്ക് ഒരു പ്രശ്നമായിരുന്നില്ല.എന്നാൽ  അയാളെ കുറിച്ച റിഞ്ഞ വിവരങ്ങൾ അത്രക്കും നല്ലതായിരുന്നില്ല.മാത്രവുമല്ല  സ്ഥിരമായ  ഒരു ജോലിയോ വരുമാനമോ  സമീറിനുണ്ടായിരുമില്ല. സ്‌കൂൾവിദ്യാഭ്യാസം   മാത്രമേ അയാൾക്കുണ്ടായിരുന്നുള്ളു.പോസ്റ്റ് ഗ്രാജുവേഷന് പഠിക്കുന്ന  ഒരു  കുട്ടിയെ ങ്ങനെ  അയാളിൽ അനുരക്തനായി  എന്നത്  അയാൾക്ക്  എത്ര ചിന്തിച്ചിട്ടും  മനസ്സിലാക്കാൻ  സാധിച്ചിരുന്നില്ല. പ്രേമം  നടിച്ചു പെൺകുട്ടികളെ കടത്തുന്ന സംഘത്തിൽ ഉൾപ്പെട്ടതായേക്കാമെന്നുള്ള   ശങ്കപോലും  അയാൾക്ക്  ഉണ്ടായിരുന്നില്ല. മറിയത്തിന്റെ  ഭാവി  എന്നൊരു  ഒറ്റ ചിന്ത മാത്രമേ അയാളുടെ ഉള്ളിലുണ്ടായിരുന്നുള്ളു.ഇത്രനാളും ചിറകിനടിയിൽ  എന്നതുപോലെ സൂക്ഷിച്ചു വളർത്തിക്കൊണ്ടു വന്നിട്ട്..അയാൾക്ക്  തന്നോട് തന്നെ പുച്ഛം തോന്നി..അടുത്ത നിമിഷം തന്നെ മകൾ  വളർന്നു  വലുതായൊന്നും പഴയ കുഞ്ഞല്ലാ എന്നും അവൾക്കു  അവളുടെ  ജീവിതം തിരഞ്ഞെടുക്കാനുള്ള  സ്വാതന്ത്ര്യമുണ്ടെന്നും അയാൾ  തന്നോട്  തന്നെ പറഞ്ഞു.

വളരെയധികം  ആലോചിച്ചതിനു  ശേഷം  അയാൾ മറിയത്തിന്റെ ഫോണിലേക്കു  വിളിക്കാം  എന്ന് വിചാരിച്ചു.അവളുടെ  ഇഷ്ട്ടം  അത് തന്നെയെങ്കിൽ  അത്  നടത്തിക്കൊടുക്കാമെന്നു അയാൾ  തീരുമാനിച്ചു.ഫോൺ  എടുത്തു  ഡയൽ ചെയ്യുമ്പോൾ  സാറയോട്  ഒരു വാക്കു ചോദിക്കണമോ  എന്ന് അയാൾ  സന്ദേഹിച്ചു. 



ഒരു  നീണ്ട  നിശബ്ദതയ്ക്കു ശേഷം ഫോൺ സ്വിച്ച് ഓഫ് എന്ന  മെസ്സേജ്  വന്നപ്പോൾ  എന്തെന്നില്ലാത്ത ഒരു  പരവേശം  അയാൾക്ക്  തോന്നി.സാറയെ വിളിച്ചു അൽപ്പം  വെള്ളം  ആവശ്യപ്പെടാമെന്നു വിചാരിച്ചിട്ട് ശബ്ദം പുറത്തേക്കു  വരുന്നില്ല എന്നയാൾക്ക്‌  തോന്നി.അതെ  നിമിഷം  കോളിംഗ് ബെൽ  അടിക്കുന്ന  ശബ്ദം  അയാൾ  കേട്ടു .


എഴുന്നേറ്റുപോയി  വാതിൽ  തുറക്കണമെന്ന  ന്നയാൾക്ക്‌ തോന്നിയില്ല.വിവരം അറിഞ്ഞു വരുന്ന ബന്ധുക്കളെയും   സുഹൃത്തുക്കളെയും അയൽക്കാരെയും നേരിടാൻ  അയാൾക്ക് ഭയമായിരുന്നു."ലൗജിഹാദാരിക്കും..ഇനി സിറിയയിൽ നോക്കിയാൽ  മതി" എന്നൊക്കെയുള്ള തീരെ ദയയില്ലാത്ത സംസാരങ്ങളിൽ  അയാൾ  മനം മടുത്തിരുന്നു. "മോള് ഏതോ ഒരുത്തന്റെ കൂടെ ചാടിപ്പോയി" എന്ന്  പറഞ്ഞു  ചിരിക്കയും അയാളുടെ  മുന്നിൽ ദുഃഖം  അഭിനയിക്കുകയും സഭയുടെ  ഇന്നത്തെ അവസ്ഥയെക്കുറിച്ചു വേവലാതിപ്പെടുകയും ചെയ്യുന്നവരെ  അയാൾ മനസ്സാ  ശപിച്ചു.

വാതിൽക്കലേക്കു  നോക്കി  ചെവി വട്ടംപിടിച്ചപ്പോൾ മുളചീന്തുന്നതു പോലുള്ള  ഒരു നേരിയ  കരച്ചിൽ  അയാൾ  കേട്ടു .വന്നവർ  ആരോ സാറയെ    വിഷമിപ്പിച്ചുവെന്നയാൾക്ക്‌ മനസ്സിലായി.നിസ്സഹായതയും വേദനയും കോപവും ഒക്കെ  കലർന്ന്   എന്തോ ഒരു ബുദ്ധിമുട്ടു   അയാൾക്ക്  തോന്നി.വീട്ടിൽ  വന്നു കപട സ്നേഹം  കാണിക്കുന്നവരെ   എങ്ങനെ കൈകാര്യം ചെയ്യണമെന്ന്   അയാൾക്ക്‌  ഒരു രൂപമുണ്ടായിരുന്നില്ല.സാറയെ  ആരെങ്കിലും വേദനിപ്പിക്കുന്നത് യാൾക്കു സഹിക്കാനാവുമായിരുന്നില്ല.അത്രക്കും  അയാൾ സാറയെ  സ്നേഹിച്ചിരുന്നു . 

മുറിയുടെ പുറത്തേക്കു  കോപാകുലനായി    ചെന്ന അയാൾ  ഒരു  നിമിഷം  സ്തബ്ധനായി.വാതിൽക്കൽ മറിയം  നിൽക്കുന്നുണ്ടായിരുന്നു.അവളുടെ കൈകളിൽ രണ്ടു  ബാഗുകളും. സാറ  സാരിയുടെ തുമ്പു കൊണ്ട്  വായ മൂടി  ചെറിയ  ശബ്ദത്തിൽ ഏങ്ങലടിക്കുന്നുണ്ടായിരുന്നു. 



അയാളുടെ  കണ്ണ്  നിറഞ്ഞൊഴുകി. ഒരു   ഭ്രാന്തമായ ആവേശത്തിൽ അയാൾ  മറിയത്തിന്റെ അടുത്തേക്ക്  ചെന്നു.അവളെ കെട്ടിപ്പിടിച്ചു ശബ്ദമില്ലാതെ  അയാൾ  കരഞ്ഞു .

മറിയത്തിന്റെ മുഖം  രക്തം  വാർന്നു പോയതുപോലെയോ,നിർവികാരമായോ കാണപ്പെട്ടു.ഒരുവേള,സമീറവളെ സ്വീകരിക്കാതെയിരുന്നോ,അതോ അവളുടെ പ്രതീക്ഷകൾ പോലെയല്ലായിരുന്നോ  അയാളുടെ ഒപ്പമെന്നുള്ള ജീവിതമെന്നാണോ  ആ ഭാവത്തിന്റെ പിന്നിലെന്നത്  അയാൾക്ക് മനസ്സിലായില്ല.



"മോൾക്ക് ന്നായിട്ടു   വിശക്കുന്നുണ്ടാവും.എടീ നട്ടാശേരിക്കാരി.നീയെന്നാ  നോക്കി നിക്കുവാ?കൊച്ചിന്  എന്തെങ്കിലും എടുത്തു കൊടുക്കു"എന്ന് കണ്ണീരിനിടയിലും  ചിരി വരുത്തിക്കൊണ്ട് അയാൾ  സാറയോട്  പറഞ്ഞു.


മറിയത്തിന്റെ കണ്ണുകളിൽ നിന്നും  കണ്ണുനീർ  ധാരയായി ഒഴുകി..അയാളുടെ വിരലുകൾ മടക്കിവെക്കുകയും ഓരോന്നായി തുറക്കുകയും ചെയ്തിട്ട് തേങ്ങലുകൾക്കിടയിൽ അവൾ പാടി ."നട്ടാശ്ശേരിക്ക്  തീയ്ക്കു പോയപ്പം "

Mar 15, 2020

നാലു ദിവസങ്ങൾ.. അഞ്ചു ചിത്രങ്ങൾ..



ഇതൊരു  സിനിമാനിരൂപണമല്ല.നാല്  ദിവസങ്ങൾ കൊണ്ട്  അഞ്ചു  ചിത്രങ്ങൾ  കണ്ടു  തീർത്ത,നല്ല  ചിത്രങ്ങളെ സ്നേഹിക്കുന്ന ഒരു  സിനിമാസ്വാദകന്റെ  കുറിപ്പ്....  അത്രമാത്രം!

ബിഗ് ബ്രദർ :

സംവിധായകൻ  സിദ്ദിക്കിലുള്ള  വിശ്വാസം  നഷ്ടപ്പെട്ടത്  ലേഡീസ്&ജെന്റിൽമാൻ  എന്ന  ചിത്രം മുതൽക്കായിരുന്നു.ഫുക്രി  അത് അരക്കെട്ടുറപ്പിച്ചു.ഇപ്പോൾ  ബിഗ് ബ്രദർ.എന്നിട്ടും  സിദ്ദിഖ് ചിത്രങ്ങൾ  വീണ്ടും  കാണുന്നുണ്ടെങ്കിൽ  അത്     അദ്ദേഹം  കൂടി  സംവിധാനം  ചെയ്ത  റാംജി റാവു സ്പീക്കിങ്  എന്ന  ആദ്യ  ചിത്രം  കാരണം  മാത്രം .ഒരു ഓൺലൈൻ  സൈറ്റ്  പ്രകാരം  33  കോടി മുതല്മുടക്കിയാണ്   ബിഗ്ബ്രദർ  നിർമിച്ചിരിക്കുന്നത്.എന്തിനാണ്  ഈ  33  കോടി എന്നത്  മനസ്സിലാകുന്നില്ല.ചിലപ്പോ  അര്ബാസ് ഖാനെ   കൊണ്ടുവരാനും റോൾസ്  റോയ്‌സ് ഒക്കെ  കാണിക്കാനും ഒക്കെയാവണം.വെറും  ദുർബലമായ  ഒരു  കഥ.ജീവനില്ലാത്ത  സംഭാഷണങ്ങൾ.ഒന്നിനും  കൊള്ളാത്ത  ചില  ഗാനങ്ങൾ.പ്രതീക്ഷിക്കാവുന്ന  ക്ളൈമാക്സ്. അമ്പലപ്പറമ്പിൽ  പണ്ടൊക്കെ ഉണ്ടായിരുന്ന  ബാലേകൾ  ഒക്കെ   ആളുകൾ  ഇതിലും  നന്നായി  ആസ്വദിക്കുമെന്ന്   സിദ്ദിക്ക് സർ  മനസ്സിലാക്കുക ! ഒരു  സംവിധായകന്റെ  ഒരു  ചിത്രത്തെ വെച്ച് മറ്റൊരെണ്ണം  താരതമ്യം ചെയ്യാനാവില്ല  എങ്കിലും  സിദ്ദിഖിന്റെ  90-കളിലെ   സിനിമകളിൽ  "ജീവിതം"ഉണ്ടായിരുന്നു.ചിലപ്പോൾ  അദ്ദേഹത്തിന്റെ   ജീവിതസാഹചര്യങ്ങൾ  മാറിയത് കൊണ്ടാവാം  പുതിയ ചിത്രങ്ങളിൽ അത്  ഇല്ലാതെ വരുന്നത്.ബിഗ്ബ്രദർ ഇറങ്ങിയ  സമയത്തു  സിദ്ദിഖിന്റെ ഒരു  അഭിമുഖം  കാണുകയുണ്ടായി.അദ്ദേഹം ഉൾപ്പെടെയുള്ള പഴയ  സംവിധായകരെ  തകർക്കാൻ  ആരൊക്കെയോ  ശ്രമിക്കുന്നു  എന്ന്.പ്രിയ  സിദ്ദിക്ക് .താങ്കളെ ആർക്കും  തകർക്കാനാവില്ല.എന്നാൽ  ഈ  തരം  ചിത്രങ്ങളാണ്  താങ്കൾ  ഇനിയും എടുക്കാൻ  ഉദ്ദേശിക്കുന്നതെങ്കി  പ്രത്യേകിച്ചും  ആരും  താങ്കളെ തകർക്കേണ്ടി  വരില്ല  എന്നറിയുക!ഓൺലൈൻ കണ്ടത്  നന്നായി.തീയേറ്ററിൽ പോയി കണ്ടിരുന്നെങ്കിൽ .എന്റെ  ദൈവേ!  Rating 1/5

ഷൈലോക്ക് 

അജയ് വാസുദേവിന്റെ  സിനിമകൾ കാണാൻ പോകുമ്പോ അതൊരു  മാസ് സിനിമയായിരിക്കുമെന്നും,സ്കോർപ്പിയോകൾ തകർക്കപ്പെടുമെന്നും,വില്ലന്മാർ     അൻപടിവരെ നായകൻറെ ചവിട്ടേറ്റ്തെറിക്കുമെന്നുമൊക്കെയറിയാം.ആദ്യത്തെ  പകുതി  പ്രതീക്ഷയൊക്കെ  കാത്തു സൂക്ഷിക്കയും എന്നാൽ  എന്തൊക്കെയോ പുതുമയുണ്ട്  എന്ന തോന്നലുണ്ടാക്കുകയും  ചെയ്യുന്നുണ്ട്  ഈ  ചിത്രം. എന്നാൽ  രണ്ടാം പകുതി തുടങ്ങുമ്പോഴേ  " ഇത്  പഴയ ബോംബ് കേസ്"എന്ന് തന്നെ  പറയേണ്ടിവരും.നായകൻറെ  കുടുംബം  തകർത്ത  വില്ലനെ അവസാനം   കൊല്ലുന്ന  കഥ മലയാള  സിനിമ  ഉണ്ടായപ്പോൾ മുതൽ സംവിധായകർ പറയുന്നതാണ്.മമ്മുക്കയുടെ  പെർഫോമൻസ്  മാത്രമാണ് ഒരു  പ്ലസ് പോയിന്റ്.20 കോടിയാണത്രെ  ബജറ്റ്!മോശംപറയരുതല്ലോ  റോൾസ്  റോയ്‌സ്,പജേറോ  തുടങ്ങിയ  ആഡംബര കാറുകൾ   ശറപറാന്നു  പായുന്നുണ്ട്.നായകന്  ഇറങ്ങാൻ  രണ്ടു  ഡോർ  ഒരുമിച്ചു  തുറന്നു കൊടുക്കുന്നതു  കണ്ടു  തകർന്നു പോയി എന്ന് പറയുന്നതാവും  ശരി! Rating 1.5/5

അൽ മല്ലു 

"റോമൻസ്" ഒരു  നല്ല  കോമഡി ചിത്രമായിരുന്നു.ബോബൻ  സാമുവൽ ഒരു  കൈയടക്കം വന്ന  സംവിധായകൻ എന്ന തോന്നലുണ്ടാക്കിയ  ഒരു ചിത്രം.ഈ  കാലത്തേ  സിനിമകളിൽ   വീണ്ടും  കാണാൻ പറ്റുന്ന  അപൂർവം  ചിത്രങ്ങളിൽ  ഒന്ന്.എന്നാൽ അൽ മല്ലു  ഒരു ഡിസാസ്റ്റർ  എന്ന്  തന്നെ പറയേണ്ടി  വരും. ധർമ്മജനൊക്കെ  ചിരിപ്പിക്കാൻ  ശ്രമിക്കുന്നുണ്ടു പക്ഷെ  ആരെങ്കിലും  രണ്ടു വശത്തു നിന്നും ഇക്കിളിയിടേണ്ടി വരും  എന്ന്  മാത്രം.നായകനും  വില്ലനും  മുഖത്ത്  ഭാവങ്ങൾ  വരുന്നില്ല  എന്നത്  അവരുടെ  കുറ്റമല്ല.അത്  സംവിധായകന്റെ തന്നെ  കുറ്റം  എന്ന്  പറയേണ്ടി  വരും!എന്തിനോ വേണ്ടി  തിളയ്ക്കുന്ന  സാമ്പാർ  എന്നായിരുന്നു ചിത്രത്തിന്  ആപ്റ്റ്  ആയിട്ടുള്ള  പേര് !

അന്വേഷണം 

നല്ല  ഒരു  ഇൻവെസ്റ്റിഗേഷൻ മൂവി . ഒരു സ്ലോ പേസ്  എന്നതൊഴിച്ചാൽ  ഒരു ക്‌ളീൻ ചിത്രം..സസ്പെൻസ് അവസാനം  വരെ  നിലനിർത്തുന്നതിൽ  സംവിധായകൻ  പ്രശോഭ് വിജയൻ  വിജയിച്ചിട്ടുണ്ട്. ജയസൂര്യക്ക്  പ്രതേകിച്ചു ഒന്നും  ചെയ്യാനില്ല. ലെനയും,ശ്രീകാന്ത്മുരളിയും,നന്ദുവും നല്ല സ്വാഭാവിക  അഭിനയം  കാഴ്ചവെച്ചിരിക്കുന്നു. ഇൻവെസ്റ്റിഗേഷൻ  മൂവികൾ  ഇഷ്ട്ടപ്പെടുന്ന  ഒരു  വിഭാഗത്തെ  തൃപ്തിപ്പെടുത്തുന്ന  ഒരു  കൊച്ചു  ചിത്രം.  Rating 3.5/5

അയ്യപ്പനും  കോശിയും .


ഈ  വർഷം  കണ്ടതിൽ  ഏറ്റവും  നല്ല  ചിത്രം. പൃഥ്വിരാജ്, ബിജു മേനോൻ,രഞ്ജിത്ത്  എന്നിവർ  അസാമാന്യ പ്രകടനം  കാഴ്ചവെച്ച ചിത്രം. അനാർക്കലിക്ക് ശേഷവും  സച്ചി പ്രതീക്ഷ  കാത്തു  സൂക്ഷിച്ചു. ഒരു തഴക്കം  വന്ന  സംവിധായകനെ  ഈ  ചിത്രത്തിൽ  കാണാൻ  സാധിക്കും. വ്യത്യസ്തങ്ങളായ  കഥകളുടെ  ഒരു  ബണ്ഡാകാരം  തന്നെ  സച്ചിയിൽ ഉണ്ടെന്നു  തോന്നുന്നു (ഉദാഹരണം  ഡ്രൈവിംഗ് ലൈസൻസ് ) പ്രേക്ഷകനെ പിടിച്ചിരുത്തുന്ന  എന്തോ  ഒന്ന്  ഈ  ചിത്രത്തിലുണ്ട്.റിയലിസ്റ്റിക് മൂവി  എന്ന  ഗണത്തിൽ  പെടുത്താൻ പറ്റുകയും  അതേസമയം  കൊമേഷ്യൽ  എലെമെന്റുകൾ  ആവശ്യത്തിന് ചേർക്കുകയും  ചെയ്ത  ഇതുപോലുള്ള  ചിത്രങ്ങളാണ്    സാധാരണ  സിനിമാസ്വാദകർക്കു  വേണ്ടത് . താൻ  എഴുതിയ തമ്പുരാൻ ചിത്രങ്ങളുടെ പേരിൽ  ആവശ്യത്തിൽ  കൂടുതൽ  പേരുദോഷം  കേൾക്കേണ്ടിവരികയും  എന്നാൽ  അതിനു  ശേഷം  ക്ലാസ്സ് ചിത്രങ്ങൾ തന്നെ  എടുത്തുകൊണ്ടു മലയാള  സിനിമയിൽ തന്റേതായ  ഒരു ഇടം കണ്ടെത്തുകയും ചെയ്ത  രഞ്ജിത്  തന്റെ  ഘനഗംഭീരമായ  ശബ്ദത്തിലൂടെയും  മിതമായ  അഭിനയത്തിലൂടെയും  പ്രേക്ഷകരെ  വിസ്മയിപ്പിക്കുന്നുണ്ട്.ഇന്ത്യൻ റുപീയിലെ  ഒരു  ഡയലോഗ് കടമെടുത്താൽ "അങ്ങ്  എവിടെയായിരുന്നു  ഇത്രനാൾ ?"  Rating 4.5/5


വാൽക്കഷ്ണം:ബിഗ് ബ്രദറും  ഷൈലോക്കും  കാണുമ്പോൾ   ഒരു  ശരാശരി  മലയാളിയുടെ  മനസ്സിൽ വരുന്ന  ഒരു  ചോദ്യമുണ്ട് .മലയാളത്തിലെ  എക്കാലത്തെയും  മികച്ച  നടന്മാരായി  നമ്മൾ  കാണുന്ന  ലാലേട്ടനും  മമ്മൂക്കയും,തങ്ങളുടെ  കരിയറിന്റെ  ഏറ്റവും  ഉയർന്ന  ഈ കാലഘട്ടത്തിൽ നിൽക്കുമ്പോഴും    എന്തിനാണ്  ഇങ്ങനെയുള്ള ഒരു ലോജിക്കും  ഇല്ലാത്ത,തങ്ങൾക്കുള്ള  അഭിനയ പാടവത്തിന്റെ ഒരംശംപോലും  വെളിവാക്കാൻ അവസരം കിട്ടാത്ത  തരം  ചിത്രങ്ങൾക്ക്  തലവെച്ചു കൊടുക്കുന്നതെന്ന്!മുപ്പതുവർഷം  ഇൻഡസ്ട്രിയിൽ  നിന്ന  ഒരുവന്  ബാലെകൾ  തോറ്റുപോകുന്ന   ഈ തരം  ചിത്രങ്ങൾ  എങ്ങനെയാണ്  തിരഞ്ഞെടുക്കാൻ   കഴിയുക ?

Feb 12, 2020

ധന മന്ത്രിക്കു കൊച്ചുതോമായുടെ തുറന്ന കത്ത്!

 ബഹുമാനപ്പെട്ട സർ ,

ഡൽഹിയിലെ ആപ്പൻമാരുടെ  സദ്ഭരണത്തെ താങ്കൾ പുകഴ്ത്തിയത് കണ്ടു. നല്ലതു. നന്മയെ അംഗീകരിച്ചേ മതിയാവൂ. താങ്കൾ  സദ്ഭരണം എന്നത് കൊണ്ട് ഉദ്ദേശിച്ചത് അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തി എന്നത് കൊണ്ടായിരിക്കണമല്ലോ.അങ്ങനെ എങ്കിൽ താങ്കൾക്ക് എന്തുകൊണ്ട് ദൽഹി മോഡൽ ഇവിടെ പരീക്ഷിച്ചു കൂടാ ? വെള്ളവും കറണ്ടും സൗജന്യം ആക്കുക.സ്ത്രീകൾക്കും സീനിയർ സിറ്റിസനും ബസ് യാത്ര സൗജന്യം ആക്കുക , ഹെൽത്ത് കെയർ എല്ലാം ഫ്രീ ആക്കുക മുതലായവ താങ്കൾക്കും ചെയ്യാവുന്നതേ ഉള്ളു! ഞങ്ങൾ കേരളീയർക്കും സൗജന്യം കിട്ടിയാൽ  പുളിക്കത്തില്ല കേട്ടോ .

പ്രതിശീർഷ വരുമാനത്തിലും വിഭവങ്ങളുടെ കാര്യത്തിലും എന്തിനു ഗൾഫു പണം വരുന്ന കാര്യത്തിലും കേരളം ആണ് മുന്നിൽ. ഒന്ന് ശ്രമിച്ചു നോക്കു.മാതൃകകൾ  പകർത്തിക്കാണിക്കാനുള്ളതാണെന്നു കണക്കു പഠിപ്പിച്ച മത്തായിസാർ പറഞ്ഞിട്ടുണ്ട് .


സാറിൻറെ  പാർട്ടിക്കാർ  കള്ളൻ എന്ന് വിളിച്ചു അധിക്ഷേപിച്ചിട്ടും മാണിസാറിന് വേണ്ടി അഞ്ചുകോടി രൂപാ പൊതു ഖജനാവിൽ നിന്ന് ചിലവഴിക്കാൻ സാർ കാണിച്ച വലിയ മനസ്സിനെ സാറിന്റെ പാർട്ടിയിലെ പരിസ്ഥിതി വക്കീൽ പോലും സ്മരിക്കുന്നുണ്ട്.ജയിച്ചുപോയി കഴിഞ്ഞാൽ ജനപ്രതിനിധിക്ക് എന്ത് തോന്യാസവും ചെയ്യാം എന്നതിന്റെ മറ്റൊരു ഉത്തമഉദാഹരണം ആയിട്ടേ കേരളത്തിലെ പൊതുജനം ഇതിനെ കാണുന്നുള്ളൂ.ആ അഞ്ചുകോടികൊണ്ടു പാലായിൽ തന്നെ അഞ്ചുലക്ഷം വരുന്ന നൂറു വീട് പണിതു പാവപ്പെട്ടവർക്ക് നൽകിയാൽ അതാവും മാണിസാറിനുള്ള ഏറ്റവും വലിയ സ്മരണയും ജോസ്‌മോനിട്ടു കൊടുക്കാവുന്ന ഏറ്റവും വലിയ പണിയും.കെ.എം മാണി ആവാസ് യോജന എന്നൊരു പേരും കൂടി ആയാൽ മാണി സാറിൻറെ ആരാധകർക്കും സന്തോഷമാകും.കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിച്ചു  എന്ന് പറഞ്ഞു അവർക്കു സമാധാനിക്കാം.അല്ലെങ്കിൽ തന്നെ പൊതു ഖജനാവിൽ നിന്നും എന്തിനാണ്  അഞ്ചു കോടി ?  ജോസ് മോൻ മനസ്സ് വെച്ചാൽ പാലായിൽ നിന്നും  തന്നെ  ഒരു ദിവസം കൊണ്ട് കേരളാ കോൺഗ്രസ്സിന്  പിരിച്ചെടുക്കാവുന്ന  ചെറിയ  തുകയല്ലേ  ഉള്ളു ?


തന്നെയുമല്ല   ഇപ്പോൾ  താങ്കൾ  ഇത്  അനുവദിച്ചു  കൊടുത്താൽ  പിന്നെ  ഇതൊരു  സാധാരണ സംഭവം ആകും .ജനസേവനം നടത്തി ക്ഷീണിച്ചു ഇരിക്കുന്ന ഏകദേശം  50  വന്ദ്യ വയോധികരായ  രാഷ്ട്രീയക്കാർ    ഇപ്പോൾ തന്നെ ഉണ്ട്.ഭാവിയിൽ   അവർക്കും  പഠനകേന്ദ്രങ്ങളും സ്മാരകങ്ങളും  നിർമ്മിക്കാനായി 5 കോടി വീതം കൊടുക്കാൻ ഇരുന്നാൽ  250  കോടിക്ക് മേൽ പൊതുജനത്തിന് ബാധ്യത  ഉണ്ടാകും . 

സാമാന്യം നല്ല ഒരു ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ 10000 രൂപ മതിയാവും. കേരളത്തിലെ മുഴുവൻ എംഎൽഎ മാർക്കും മന്ത്രിമാർക്കും കൂടി സർക്കാർ ചിലവിൽ പോളിസി എടുത്തുകൊടുത്താലും ഒരു വർഷം  14 ലക്ഷമേ വരൂ. ഒരു എംൽഎക്കു തന്നെ കോടികൾ മെഡിക്കൽ ബില്ലിനായി കൊടുത്തു എന്ന് കേട്ടു. ഈ മാതൃക ഒന്ന് പരീക്ഷിച്ചുകൂടെ? സർക്കാർ ഉദ്യോഗസ്ഥന്മാർക്കു കൂടി ഇത് എടുത്തു കൊടുത്താൽ മെഡിക്കൽ റീ ഇമ്പേഴ്‌സ്‌മെന്റ് ഇനത്തിൽ  എത്ര കോടി രൂപ നമുക്ക് ലാഭിക്കാം?വയറുവേദനയ്ക്ക് അമേരിക്കയിൽ പോയി എന്ന പേരുദോഷവും മാറ്റാം !


അതുപോലെ തന്നെ എംഎൽഎമാർക്കും മന്ത്രിക്കും മറ്റു ഉദ്യോഗസ്ഥർക്കും കൊടുക്കുന്ന ടെലിഫോൺ അലവൻസ് നിർത്തി ഒരു അൺലിമിറ്റഡ് ജിയോ കൊടുത്താൽ ലാഭം എന്നായിരിക്കും?അംബാനി/ അദാനി എന്ന് ചില കുട്ടിസഖാക്കൾ നിലവിളിക്കുമാരിക്കും. കാര്യമാക്കേണ്ട.അദാനിയെ വിളിച്ചു വിഴിഞ്ഞം ഏൽപ്പിച്ചു കൊടുത്തില്ലേ നമ്മൾ.അതിലും വലുതാണോ ഇരുനൂറുരൂപായുടെ ജിയോ ?


35 ലക്ഷത്തിന്റെ  കിയ കാർണിവൽ ഇറങ്ങിയതുകൊണ്ടാണ് വീണ്ടും കാർ വാങ്ങുന്നത് എന്ന് സോഷ്യൽ മീഡിയായിൽ ഒരു ആരോപണം കേൾക്കുന്നുണ്ട്.(ഇനി മേടിച്ചേ പറ്റൂ എന്നുണ്ടെങ്കിൽ ഇന്നോവാ ക്രിസ്റ്റ ആണ് കൂടുതൽ നല്ലതു. കൊറിയൻ വിശ്വസിക്കാൻ കൊള്ളില്ല)ഈ കാർമേടിക്കലും തോറ്റ എംപിക്കുള്ള   ധനസഹായങ്ങളും സ്മാരകങ്ങളും ദുർചെലവുകളും, ഒരു ഉപയോഗവും ഇല്ലാത്ത  കമ്മീഷനുകളും  കൈവിരലിൽ കൊള്ളുന്നത്ര   ഉപദേശകരെയും ഒക്കെ ഒഴിവാക്കി കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ഇത്രയെങ്കിലും ഒന്ന് ചെയ്യാൻ ശ്രമിച്ചുകൂടേ? എങ്കിൽ കമ്യുണിസം എന്ന വാക്കിനെ ജനം വല്ലപ്പോഴും എങ്കിലും ഓർമ്മിക്കും


വിശ്വസ്തതയോടെ

കൊച്ചു തോമാ
( കെ ടി തോമസ് )

(ഇതൊക്കെ പറയാൻ  താൻ  ആരുവാ  എന്ന് സാർ  ചോദിച്ചേക്കാം. നൂറു  രൂപാ എവിടെങ്കിലും  ലാഭം ഉണ്ടാക്കി വീട്ടിലെ  ബഡ്ജറ്റ്  ശരിയാക്കാൻ പെടാപ്പാടുപെടുന്ന  ഒരു  സാധാരണ  മലയാളി ...അത്രേയുള്ളു )

Jul 5, 2019

ഓർമ്മത്താഴ്വരയിൽ നിലീന ...

നീണ്ട ബെല്ലുകൾക്കൊടുവിൽ അങ്ങേത്തലക്കൽ ഒരു പരുഷ സ്വരം കേട്ടു  " ആരാ "?


അന്നേ  ദിവസം നാലാമത്തെ  തവണയായിരുന്നു അയാൾ ഫോൺ ചെയ്യുന്നത്..മൂന്നുതവണയും ആരും ഫോൺ എടുക്കയോ തിരിച്ചു  വിളിക്കുകയോ  അയാളുടെ എസ്.എം.എസിനു മറുപടി അയക്കുകയോ ചെയ്യാഞ്ഞതു അയാളിൽ അത്ഭുതമുളവാക്കി.


"ആരാ" എന്ന ചോദ്യം അയാളിൽ ലേശം ദേഷ്യം ഉളവാക്കിയിരുന്നു. എന്നിട്ടും അയാൾ ചോദിച്ചു  "നിലീന ..നിലീന ജോസെഫിന്റെ വീടല്ലേ?"



"നിങ്ങൾ ആരാ.എവിടുന്നാ.എന്താ കാര്യം"എന്ന് ഒരു തരം   ഈർഷ്യയോടെയുള്ള  ചോദ്യശരങ്ങൾ വന്നപ്പോൾ  അയാളൊന്നു  പകച്ചു.എന്നിട്ടും അയാൾ ശാന്തതയോടെ പറഞ്ഞു."ഞാൻ തോമസ്.തിരുവനന്തപുരത്താണ് വീട് .നിലീനയുടെ ക്ലാസ്സ്മേറ്റാണ്.വളരെക്കാലമായി ഞങ്ങൾ തമ്മിൽ  കണ്ടിട്ട്.ഇവിടെ കോഴിക്കോട് വരെ വരേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു.വന്നാൽ നിലീനയെ   ഒന്ന് കാണാൻ  സാധിക്കുമോ ?


ഒരു നിശ്ശബ്ദതക്കു  ശേഷം അയാൾ പറഞ്ഞു ."വന്നോളൂ ".


വർഷങ്ങൾക്ക് ശേഷം അവിചാരിതമായി കണ്ടുമുട്ടിയ രാമചന്ദ്രനായിരുന്നു  നിലീനയുടെ വിലാസവും നമ്പറും നൽകിയത്.ഔദ്യോഗികാവശ്യത്തിനായി കോഴിക്കോട്ടു ചെന്നതായിരുന്നു തോമസ്.ഇനി കോഴിക്കോട്ടു പോകേണ്ടി വരുമ്പോൾ  നിലീനയെ  കാണണം  എന്നയാൾ ഉറപ്പിച്ചിരുന്നു.



വളരെ മിടുക്കിയായ ഒരു കുട്ടിയായിരുന്നു  നിലീന. സുന്ദരിയായിരുന്നു  അവൾ. കോളേജിൽ മിക്കവാറും എല്ലാപേരും  അറിയുന്ന ഒരു പെൺകുട്ടി.പഠിത്തത്തിൽ മുന്നിൽ.നന്നായി പാടും.അസാമാന്യ നേതൃഗുണം.എല്ലാം കൊണ്ടും "സ്മാർട്ട്"  എന്ന് പറയാവുന്ന ഒരു  കുട്ടി.കോളേജിൽ  ആർട്സ്ക്ലബ്സെക്രട്ടറി ആർട്സ്ക്ലബ്സെക്രട്ടറിഒക്കെയായിരുന്നു.അയാൾക്ക് നിലീനയോടു ഒരുതരം ഗൂഢപ്രണയം തന്നെ ഉണ്ടായിരുന്നു എന്നുള്ളതായിരുന്നു സത്യം.ഏതാണ്ട് അതുപോലെയൊക്കെത്തന്നെ  നിലീനയോടു ആരാധനയുള്ള ഒരുപറ്റം  സുഹൃത്തുക്കൾ അയാളുടെ  സൗഹൃദവലയത്തിൽത്തന്നെ ഉണ്ടായിരുന്നു.അതിൽ  പലരുടെയും പേരുകൾ ഓർമ്മയിൽ നിന്നും പരതിയെടുക്കാൻ   അയാൾ ശ്രമിച്ചു.പലരുടെയും മുഖങ്ങൾ ഓർമ്മ വന്നെങ്കിലും പേരുകൾ മറവിയിലേക്കു  മറഞ്ഞിരുന്നു.



റിട്ടയർമെന്റ്  അടുക്കുംതോറും  മറവിയെ ന്നുള്ളത് അയാൾക്ക്  ഒരു സാധാരണ കാര്യമായി  മാറിയിരുന്നു.ചില പ്രത്യേക   വാക്കുകൾ,ചിലചില സാധനങ്ങൾ,എന്നും കാണുമെങ്കിലും ചിലരുടെ പേരുകൾ, പെട്ടെന്ന്  ഓർത്തെടുക്കുന്നതിൽ ഒരു ബുദ്ധിമുട്ടു.അത്ര മാത്രം. ചില്ലറ  മറവി എന്നതിൽ കവിഞ്ഞു  അയാളതിന് വലിയ   പ്രാധാന്യം കൊടുത്തിരുന്നില്ല.കാരണം  പ്രായമേറിവരുന്നു  എന്നത് അംഗീകരിക്കാൻ  അയാൾ ഒരുക്കമായിരുന്നു. 



കോളേജ്  വിട്ടതിനു  ശേഷം നിലീനയെക്കുറിച്ചു ഒരു വിവരവും  ഉണ്ടായിരുന്നില്ല.കോളേജ് യൂണിയൻ ചെയർമാനുമായി  അവൾ  അടുപ്പത്തിലായിരുന്നു  എന്ന് അന്നൊക്കെ  പലരും പറഞ്ഞിരുന്നു. അവളെ  വിവാഹം  ചെയ്തയച്ചത്  കോഴിക്കോട്ടാണെന്നു  രാമചന്ദ്രൻ  പറഞ്ഞപ്പോൾ  ഒരുപക്ഷെ അത്  മറ്റാരോ  ആയിരിക്കാമെന്നു എന്തുകൊണ്ടോ തോമസിനു  തോന്നി.അതോ യൂണിയൻ ചെയർമാനോടുണ്ടായിരുന്ന അസൂയയായിരുന്നോ അതിന്റെ പിന്നിൽ ? 



നഗരത്തിൽ നിന്നും  കുറെകലെ,ഒരു    ചെറിയ  കുന്നിന്റെ  താഴ്വരയിലായിരുന്നു  നിലീനയുടെ പഴയ ഇരുനിലവീട്.ചുവരുകളുടെ  പെയിന്റൊക്കെ പഴയതായി നിറം  മങ്ങിയിരുന്നു. മുറ്റത്തു പുല്ലുകൾ വളർന്നു നിറഞ്ഞുനിന്നിരുന്നു.
ചിലന്തിവലകൾ   പലയിടത്തും തൂങ്ങിക്കിടന്നിരുന്നു.വളരെക്കാലമായി ആൾപെരുമാറ്റമില്ലാത്തവീടുപോലെ.എന്തുകൊണ്ടോ ഒരു തരം   നെഗറ്റിവ്  എനർജി  അവിടെ  ഫീൽ ചെയ്യുന്നതുപോലെ തോമസിനു  തോന്നി.



കോളിംഗ് ബെൽ  അമർത്തി  വളരെ നേരത്തിനു  ശേഷം ഏകദേശം മുപ്പതു വയസ്സ്  തോന്നിക്കുന്ന ഒരു  ചെറുപ്പക്കാരൻ  വാതിൽ  തുറന്നു.


"ഞാൻ  കാലത്തെ  വിളിച്ചിരുന്നു.നിലീനയുടെ  ക്‌ളാസ്സ്‌മേറ്റ്".തോമസ്   പറഞ്ഞു.

"വരൂ...മമ്മിയെ കാണാം".


ഒരു  അടുക്കും  ചിട്ടയും ഇല്ലാത്ത വീടായിരുന്നു  അത്.അകത്തെ മുറിയിലേക്ക് ചെല്ലുമ്പോൾ തുറന്നിട്ടിരുന്ന  ജനലിലൂടെ  പുറത്തേക്കു  നോക്കി  കിടക്കുകയായിരുന്നു  നിലീന. മുടിയെല്ലാം വെളുത്തിരുന്നു.മെലിഞ്ഞു പൊക്കമുണ്ടായിരുന്ന അവൾ ഒരുപാട് തടിച്ചതുപോലെ അയാൾക്ക്  തോന്നി.


"അമ്മേ  ഇതാരാണ്  വന്നിരിക്കുന്നത്  എന്ന് നോക്കു". നിലീനയുടെ  മകൻ പറഞ്ഞു.നിലീന  പതുക്കെ  തല ചെരിച്ചു  നോക്കി. അയാൾ  ചെറുതായി  ചിരിച്ചിട്ട്  ചോദിച്ചു."ഓർക്കുന്നുണ്ടോ  എന്നെ? ഞാൻ   തോമസ്.ഡിഗ്രിക്ക്  നമ്മൾ  ഒരു ക്ലാസിലായിരുന്നു".



"തോമസ് .തോമസ്"  ..നിലീന  രണ്ടുപ്രാവശ്യം  ആ പേര് ഉച്ചരിച്ചു..എന്നിട്ടു അയാളുടെ  നേരെ  തുറിച്ചു നോക്കി.


"ഓർമ്മിക്കാൻ  തരമില്ല...കാരണം  ക്ലാസ്സിൽ ഞാനൊരു മിണ്ടാപ്പൂച്ചയായിരുന്നു.നിലീന പിന്നെ കോളേജിൽ  എല്ലാവരാലും  അറിയപ്പെടുന്ന  ഒരാളായിരുന്നല്ലോ".


നിലീന  ഒന്നും പറഞ്ഞില്ല.അയാളുടെ മുഖത്തേക്ക്  തന്നെ നോക്കിയിരുന്നു.അൽപ്പം  തടിച്ചിട്ടുണ്ടെങ്കിലും   ഇപ്പോഴും  സുന്ദരി തന്നെ  എന്ന്  പെട്ടെന്ന്  തോമസിനു  തോന്നി.


"നമ്മുടെ  സുഹൃത്തുക്കളെ  ആരെയെങ്കിലും  കാണാറുണ്ടോ? നിലീന പിന്നെ  ആർട്സ്ക്ലബ് സെക്രട്ടറി  ഒക്കെ  ആയിരുന്നത് കൊണ്ട്  ഒരു  വലിയ സൗഹൃദമുണ്ടായിരുന്നല്ലോ?"ഞാൻ ചോദിച്ചു.എന്തോ ഓർക്കാൻ ശ്രമിക്കുന്നതുപോലെ നിലീന  പറഞ്ഞു."ആർട്സ് ക്ലബ്  സെക്രട്ടറി.....ആർട്സ് ക്ലബ് സെക്രട്ടറി " ?



"സാർ ക്ഷമിക്കണം...അമ്മക്ക് ഓർമ്മശക്തി  നഷ്ട്ടപ്പെട്ടിട്ടു കുറെനാളായി.ഇപ്പോൾ സ്വന്തം  പേര് പോലും ഓർമ്മയില്ല.വിളിച്ചപ്പോൾ പറയണമെന്നുണ്ടായിരുന്നു.ഒരുപക്ഷെ അമ്മക്ക്  പഴയകാര്യങ്ങളോ  പഴയ സുഹൃത്തുക്കളെയോ    ഓർമ്മകാണുമോ എന്ന്  നോക്കാമെന്നു  വിചാരിച്ചായിരുന്നു  വരാൻ പറഞ്ഞത്".ക്ഷമാപണ സ്വരത്തിൽ  അയാൾ പറഞ്ഞു നിർത്തിയപ്പോൾ  അയാൾ  ശരിക്കും  ഞെട്ടി. 



ഓർമ്മശക്തി  നഷ്ടപ്പെടുക  എന്നത്  ഇത്രമാത്രം  ഭീതിതമായ  ഒരു അവസ്ഥയാണ്  എന്ന്  അയാൾക്ക് ഒരിക്കൽ പോലും  തോന്നിയിരുന്നില്ല. സ്വന്തം പേരുപോലും ഓർമ്മിക്കാൻ സാധിക്കാത്ത നിലയിലാണ്  നിലീന  എന്നയാൾക്ക്‌  മനസ്സിലായി.



കോളേജിൽ  കൂടെപ്പഠിച്ച  പലരുടെയും  കാര്യങ്ങൾ  അയാൾ  ചോദിച്ചെങ്കിലും   നിലീന  ഒന്നും പറഞ്ഞില്ല.യാത്ര പറഞ്ഞിറങ്ങുമ്പോൾ  ഉപചാരം  എന്നോണം  അയാൾ പറഞ്ഞു."വീണ്ടും  കാണാം  നിലീന".



തിരിയെ പോകുമ്പോൾ അയാൾ ഓർത്തത്  ജീവിതത്തിന്റെ നിരർത്ഥകതയെക്കുറിച്ചായിരുന്നു.അന്നത്തെ  പ്രസരിപ്പു  നിറഞ്ഞ  സുന്ദരിയായ  ആ പെൺകുട്ടിയെവിടെ.ഇന്ന്  സ്വന്തം പേരോ,മക്കളെയോ പോലും ഓർമ്മിച്ചെടുക്കാൻ  കഴിയാത്ത നിലീന  എവിടെ  എന്നോർത്തപ്പോൾ അയാളുടെ കണ്ണിൽ  അറിയാതെ ഒരിറ്റു  കണ്ണീർ പൊടിഞ്ഞു.


തികച്ചും  വിരസമായ  ഒരു മടക്കയാത്രയായിരുന്നു  അയാളുടേത്.തീവണ്ടിയിൽ   ഇരിക്കുമ്പോൾ അയാൾ കോളേജ്  ദിനങ്ങളെ ഓർമ്മിച്ചെടുക്കാൻ  ശ്രമിച്ചു.അവ്യക്തമായ ഒരു നേരിയ  പാട ആ  കാലത്തിനുമേൽ പടർന്നുകിടക്കുന്നതു പോലെ  അയാൾക്കനുഭവപ്പെട്ടു.മറവിയുടെ ഗർത്തത്തിലേക്ക് താൻ പതിക്കുകയാണോ   എന്നയാൾ ഭയപ്പെട്ടു .


അയാൾ തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും  രാവിലെയായിരുന്നു.ചായ കൊടുക്കുമ്പോൾ  ഭാര്യ  കളിയായി ചോദിച്ചു."കോഴിക്കോട്ടു പോയിട്ട്  പഴയ   ആരാധനാപാത്രത്തെ  കണ്ടോ?"



അവളെ  ചൊടിപ്പിക്കാനായി  തോമസ്  പറഞ്ഞു "കണ്ടു.സംസാരിച്ചു.പണ്ടത്തേതിലും  അവൾ സുന്ദരിയായിരിക്കുന്നു.മതിയോ ?"


"എങ്കിൽ സുന്ദരിയും സുന്ദരനും ഒന്നിച്ചു  ജീവിക്കണം! ഇവിടാർക്കു കുഴപ്പം" എന്ന്  ഭാര്യ  തിരിച്ചടിച്ചു."എന്തായിരുന്നു  ഇത്ര വലിയ  സുന്ദരിയുടെ  പേര് ?"


അവളുടെ പേര്? അവളുടെ പേര്? എന്നയാൾ  രണ്ടുതവണ  പറഞ്ഞു.എത്ര  ശ്രമിച്ചിട്ടും  ആ പേര്  ഓർമ്മിച്ചെടുക്കാനയാൾക്കുകഴിഞ്ഞില്ല.ഓർമ്മത്താഴ്വരയിൽ എവിടെയോ  അത്  നഷ്ടപ്പെട്ടുവോ?. 

Feb 13, 2019

വൈറൽ ആയ വസന്താ ഗിരിരാജൻ

തന്റെ  കാബിന്റെ  വാതിൽ തുറന്നു പാരവശ്യത്തോടെ  കടന്നു  വന്ന സ്ത്രീയെക്കണ്ടു  പ്രശസ്ത മന:ശാസ്ത്രജ്ഞൻ  ഡോ.ഫെർണാണ്ടസ്  ഒന്ന് ഞെട്ടി.ഫേസ് ബുക്കിൽ കഴിഞ്ഞ ഒന്ന്  രണ്ടാഴ്ചക്കാലമായി  തരംഗം തീർത്ത  വസന്താ  ഗിരിരാജൻ!!

താങ്കൾ ..ഫേസ് ബുക്കിലൊക്കെയുള്ള ..

അതെ ഡോക്റ്റർ.ഞാൻ തന്നെ..വസന്ത  ഗിരിരാജൻ.ഒരുപാട്  നീറുന്ന  പ്രശ്നങ്ങൾക്കു  നടുവിലാണ് സാർ ഞാനിപ്പോ.പെട്ടെന്ന്  ദേഷ്യം  വരുന്നു.പ്രഷറോക്കെ  ഇപ്പോ  കൂടുതലാ.എഴുതാൻ പാടില്ലാത്തവ എഴുതുന്നു.സമൂഹത്തിൽ ഞാനൊരു   ചിരികഥാപാത്രമായല്ലോ   എന്നൊരു  തോന്നൽ.ഡിപ്രഷനിലേക്കു പോകുന്നോ എന്നൊരു ആധി .

എന്താണ്  താങ്കളുടെ  പ്രശ്നം..ഒരുപാട് ഫോളോവേഴ്സ് .താങ്കളുടെ പോസ്റ്റുകൾക്ക്  ലൈക്കുകളുടെ പെരുമഴ.എല്ലാം  വൈറൽ .ഒരു പോസ്റ്റിട്ടാൽ അത്  പ്രമുഖ  മാധ്യമങ്ങൾ  വരെ  ഷെയർ  ചെയ്യുന്നു .സാംസ്കാരിക കേരളം  മൊത്തം  ഇപ്പോൾ  ചർച്ച ചെയ്യുന്നത് താങ്കളെ കുറിച്ചാണല്ലോ.ഇതിൽ കൂടുതൽ ഒക്കെ  ഒരു സ്ത്രീക്ക്  എന്ത്  വേണം.

ഹും.സാംസ്കാരിക കേരളം..സംസ്കാരമില്ലാത്ത  കേരളം  എന്ന്  വേണം  പറയാൻ. മാനം മര്യാദയായി ജീവിക്കാൻ ഇവിടെ ഒരു വീട്ടമ്മക്ക്  സാധിക്കുമോ.ഞാൻ  എന്ത് എഴുതുന്നു  എന്ന് നോക്കി  എന്നെ  ആക്രമിക്കാൻ ഇരിക്കുകയാണ്  കുറെ  ആളുകൾ .

മാനം മര്യാദയായി  ജീവിക്കുന്നവർക്ക്  അതിനുള്ള  സ്പേസ്  ഇവിടെ ഉണ്ട്  എന്നാണു  അറിവ്. താങ്കളുടെ  ആദ്യത്തെ പോസ്റ്റ്  വൈറൽ ആയപ്പോ ഞാൻ വായിച്ചിരുന്നു.താങ്കൾ പറഞ്ഞ  കാര്യങ്ങളോട്  വിയോജിപ്പ്  പലതിലും ഉണ്ട്.ഉദാഹരണത്തിന് കിടപ്പറ കാര്യങ്ങൾ  ഒക്കെ  ഇങ്ങനെ പരസ്യമായി  എഴുതാമോ.അതൊക്കെ  നിങ്ങളുടെ  സ്വകാര്യങ്ങൾ  അല്ലെ ?

ഓഹോ  ഡോക്ട്ടരും  ആ കൂട്ടത്തിൽ പെടുമോ..ഒരു ആശ്വാസത്തിന് മന:ശാസ്ത്രജ്ഞനെ കാണാൻ  വന്ന  എന്നെ  പറഞ്ഞാൽ മതിയല്ലോ.

താങ്കൾ പറയു.

ഡോക്റ്റർ,എല്ലാംഞാൻപറയാം.അങ്ങനെയെങ്കിലും ഒരു  ആശ്വാസം കിട്ടുമല്ലോ.ഞാൻ ഫേസ് ബുക്കിൽ   വന്നപ്പോൾ  എന്നെ  ആരും  തിരിഞ്ഞു നോക്കിയില്ല. അപ്പോൾ ഞാൻ  കുഞ്ഞുടുപ്പൊക്കെ ഇട്ടോണ്ട് ചില ഫോട്ടോകൾ ഇട്ടു.അതൊക്കെ  കണ്ടു  കുറച്ചു  ഞരമ്പൻമാർ  വന്നു "വാവ് ..ഓസം"  എന്നൊക്കെ കമൻറ്റിട്ടേച്  പോയതല്ലാതെ ഒന്നും നടന്നില്ല.എങ്ങനെ എങ്കിലും ഒന്ന് പ്രസിദ്ധ ആകണം  എന്നായിരുന്നു  എന്റെ  ആഗ്രഹം .അങ്ങനെയാണ്  ആദ്യം വൈറലായ പോസ്റ്റിടുന്നത് .എന്നെ രാത്രി ഓൺലൈൻ കണ്ടാൽ ആണുങ്ങൾക്ക്  ഇളക്കമാണ്,എന്നെ  കണ്ടാൽ  ഇപ്പം "കിട്ടും" എന്നോർത്ത് ഓരോരുത്തന്മാർ  വിളിക്കും എന്നൊക്കെപ്പറഞ്ഞു  ഒരു കാച്ചു കാച്ചി.അതൊരു ഓൺലൈൻ  മഞ്ഞപത്രം   അന്നത്തെ  കോളം  തികയ്ക്കാൻ ഷെയർ ചെയ്തു.അങ്ങനെ വന്നവർ  വന്നവർ കമന്റിട്ടിട്ടു തെറിയും  വിളിച്ചപ്പോൾ അതങ്ങു  കേറി  വൈറലായി.പക്ഷെ  ഇത്ര വൈറൽ  ആവേണ്ടിയില്ലായിരുന്നു  എന്ന്  ഇപ്പോൾ തോന്നുന്നു. 

കുട്ടിയുടുപ്പൊക്കെ ഇട്ടു  പ്രകോപനം  ആയി ഫോട്ടോ  പബ്ലിക്കായി  ഇട്ടാൽ കുറെ  ആളുകൾ ഒക്കെ ഓടിക്കൂടിയേക്കാം..ഉദാഹരണത്തിന് നമ്മളാരും  കോവളത്തു  ഇടുന്ന  ഡ്രസ്സ് ഇട്ടു  പൊതുജനമധ്യത്തിൽ  ഇറങ്ങില്ലല്ലോ. സ്വകാര്യത  സൂക്ഷിക്കാൻ നമ്മൾ  ബാധ്യസ്ഥല്ലെ ?.

ഡോക്റ്ററും  ഒരു മെയിൽ  ഷോവനിസ്റ്  ആകാതെ.

ഒരിക്കലുമല്ല..ഞാൻ ഒരു പൊതുതത്വം പറഞ്ഞു  എന്നേയുള്ളൂ. ഇവിടെ ഒരുപാട് ആളുകൾ  ഫേസ്ബുക്കിൽചിത്രങ്ങൾ ഇടുന്നു.രാഷ്ട്രീയവും,സാമൂഹികവും,സിനിമയും അനുഭങ്ങളുമൊക്കെ പങ്കുവെക്കുന്നു.സഹായങ്ങൾ  അർഹിക്കുന്നവരെ പ്രമോട്ടുചെയ്യുന്നു.അതിൽ  സുന്ദരികളായ  സ്ത്രീകളും ഉണ്ടെന്നോർക്കണം. അവർക്കൊന്നും  ഇത്തരം   പ്രതികരണങ്ങൾ കിട്ടുന്നില്ല  എന്ന് പറയാൻ ഞാൻ  ആളല്ല.പക്ഷെ താങ്കൾ നല്ല  വിദ്യാഭ്യാസം ഉള്ള  ആളല്ലേ.ഫേസ് ബുക്കിൽ  ഒക്കെ  സുഹൃത്തുക്കളെ  തിരഞ്ഞെടുക്കുബോൾ  കുറച്ചൊക്കെ സൂക്ഷിക്കുന്നത് നല്ലതല്ലേ.ഈ  സുഹൃത്തുക്കൾ  അല്ലാത്തവർക്ക്  മെസ്സേജ് അയക്കാനോ  ചാറ്റ് ചെയ്യാനോ  വിളിക്കാനോ  പറ്റാത്തവണ്ണം സെറ്റിങ്‌സ് ചെയ്തിരുന്നെകിൽ  ഇങ്ങനെ  വിഷമിക്കേണ്ടി വരുമായിരുന്നോ ?

യു ടൂ  ഡോക്റ്റർ?.ഇത്  തന്നെയാണ്  പലരും  എന്റെ  പോസ്റ്റിലും  ചോദിച്ചു കൊണ്ടിരുന്നത് .പക്ഷെ ഒന്നോർക്കണം..ഒരു സ്ത്രീ കുറച്ചു ഫോട്ടോ ഇട്ടാൽ  അവളെ"കിട്ടും" എന്ന് ഉറപ്പിക്കാൻ  സാധിക്കുമോ ?

ഒരിക്കലുമില്ല.സ്ത്രീയെ ബഹുമാനിക്കുന്നവരാണ്  ഞാനുൾപ്പെടെയുള്ള പുരുഷന്മാരേറെയും..കമ്പിൽതുണി  ചുറ്റിയാലും,സോറി,താങ്കളെ ഉദ്ദേശിച്ചല്ല,ഓടിക്കേറി രുന്നവരാണ്  പുരുഷന്മാരെന്നു ഒരു  പൊതു വിശ്വാസം ഉണ്ട്.അതുപോലെ  തന്നെ കടുത്ത  ലൈംഗിക ദാരിദ്യം അനുഭവിക്കുന്നവർ  ആണെന്നും. അതൊന്നും ശരിയല്ല...ഇനി അങ്ങനെ ഉള്ളവർക്ക് തന്നെ  എത്രയോ അവസരങ്ങൾ  എവിടെയെല്ലാം  തുറന്നു  കിടക്കുന്നു.നല്ല ഒരു പെണ്ണിനെ കണ്ടാൽ നോക്കാത്തവർ ഉണ്ടോ..അത്ര മാത്രം ചെയ്യുന്നവരാണ്  ഭൂരിഭാഗവും.പുരുഷന്മാർ  എല്ലാം  പച്ച  ലൈറ്റ് കണ്ടാൽ  "സുഖാണോ"  എന്ന്  ചോദിക്കുന്നവർ  ആണ്  എന്നെനിക്കു  തോന്നുന്നില്ല.താങ്കൾക്കു ആയിരം കോളും  മെസ്സേജും കിട്ടീന്നൊക്കെ  തള്ളിയതാണെന്നു  പലർക്കും  തോന്നിയെങ്കിൽ  അവരെ കുറ്റം പറയാൻ  പാടില്ല!


ആയിരം ഒന്നും ഇല്ലെങ്കിലും കുറെ  കോളുകളും  മെസ്സേജുകളും  വന്നിരുന്നു  ഡോക്റ്റർ.പിന്നെ ഒന്ന് പ്രസിദ്ധയാകണം  എന്നത്  എന്റെ  കുട്ടിക്കാലം മുതലേ ഉള്ള മോഹവുമായിരുന്നു.ഞാൻ പുതിയതായി  തുടങ്ങിയിയ അച്ചാർ കമ്പനിക്ക്  അതൊരു  പ്രൊമോഷൻ ആകുമല്ലോ  എന്ന  ഉദ്ദേശവും കൂടി ഉണ്ടായിരുന്നു .


അതൊരു തെറ്റല്ല..സീ..കേരളത്തിലെ പുരുഷന്മാരിൽ 90  ശതമാനവും  മര്യാദക്കാരും, സ്ത്രീകളെ ബഹുമാനിക്കുന്നവരും ആണ്  എന്നാണ് എന്റെ  വിശ്വാസം.മിച്ചമുള്ള പത്തു ശതമാനത്തിൽ ചിലർ  ഞരമ്പായിരിക്കാം.ചില ഗോവിന്ദച്ചാമിമാർ  ഉണ്ടായേക്കാം.എല്ലാ  സമൂഹത്തിലും  അങ്ങനെ ഉള്ളവർ ഉണ്ടാവാം.. താങ്കളുടെ  ഫോട്ടോകൾ  പ്രകോപനപരമായപ്പോൾ ഈ  പറഞ്ഞ  ചിലർ "കിട്ടും" എന്ന്  വിചാരിച്ചെങ്കിൽ   അവരെ  കുറ്റം പറയാൻ പാടില്ല . കാരണം  ഇതുപോലെ ഒരാൾ പണ്ട്  ചില ഫോട്ടോകൾ പോസ്റ്റ് ചെയ്തു  വൈറൽ ആയ ശേഷം  ........അതൊക്കെ പോട്ടെ..താങ്കളുടെ  വിഷയത്തിലേക്കു വരാം..താങ്കളുടെ  പ്രയാസങ്ങളിൽ  മിസ്റ്റർ ഗിരിരാജന്റെ  നിലപാട് എന്താണ് .


ഓ.....ഗിരിരാജൻ എന്നൊക്കെ പേര് മാത്രമേ ഉള്ളു.എന്തിനു കൊള്ളാം.അങ്ങേർക്കിട്ടു  ചെകിട്ടത്തിനിട്ടു പൊട്ടീര്  കിട്ടാഞ്ഞിട്ടാണ്  എന്നാരോ എഴുതിയതിനു ശേഷം  വായിൽ നാക്കില്ല.ഇപ്പോൾ കുറെ ആളുകൾ  എന്റെ  നിറത്തിന്റെ പിന്നാലെയാണ്.ഞാൻ കറുപ്പാണ് പോലും.

ഇതുപോലുള്ള  കേസുകളിൽ  ഭർത്താവിന് കൈക്കെല്ലില്ലെങ്കിൽ  എന്നൊക്കെ  പൊതുജനം പറയാറുണ്ട്..സ്വാഭാവികം..ബൈ ദി വേ കറുപ്പിന്  എന്താണ്  കുഴപ്പം? ഏഴഴകല്ലേ?സൂപ്പർ സ്റ്റാർ രജനി കറുപ്പാണ്  എന്നൊക്കെ പറഞ്ഞു ഒരു പാട്ടു പോലും ഉണ്ട് .

അതെ അതെ  കറുപ്പിന്  ഏഴഴകാണ് ..ബാക്കി  തൊണ്ണൂറ്റി മൂന്നും..എന്റെ സമനില  തെറ്റുന്നു  ഡോക്റ്റർ.ഈയിടെ  ഞാൻ കറുപ്പാണ്  എന്ന് പറഞ്ഞ  ഒരാളുടെ  പിതാജിയെ പറഞ്ഞതിന് അവന്മാർ  എല്ലാം കൂടി എന്റെ  കറുപ്പ് ഫോട്ടോ  കമന്റായി  ഇട്ടു  കാണാത്തവരെ കൂടി കാണിച്ചു .

താങ്കൾക്കു  ഇത്ര  അപകർഷതാ ബോധം  തോന്നേണ്ട കാര്യം എന്താണ്.ഇവിടുത്തെ എത്രയോ പ്രസിദ്ധ  സിനിമാ നടിമാർ  കറുപ്പാണ്.പ്രിയങ്കാ ചോപ്ര  കറുപ്പല്ലേ? ബിപാഷാബസു  കറുപ്പല്ലേ ? എന്തിനു  വാണി  വിശ്വനാഥ് കറുപ്പല്ലേ ?വരെ  ഇഷ്ട്ടപ്പെടുന്ന, ഫോളോ ചെയ്യുന്ന  എത്ര പുരുഷന്മാർ ഉണ്ട് . ആദ്യം  മാനസികമായി നിങ്ങൾ അൽപ്പം സ്ട്രോങ്ങ്  ആകൂ.നിങ്ങള്ക്ക്  എന്തൊക്കെയോ  ചില  കോമ്പ്ലെക്സുകൾ ഉണ്ടെന്നു  തോന്നുന്നു 

താങ്കൾ ഒരു സ്ത്രീ വിരുദ്ധൻ  ആണെന്ന് ഞാൻ  അറിഞ്ഞില്ല.എനിക്ക് പിന്തുണയുമായി ആയിരക്കണക്കിന് സ്ത്രീകൾ ഉണ്ട്.ഞാൻ എന്ത്  ധരിക്കണം  എന്നത്  എന്റെ  മാത്രം സ്വാതന്ത്ര്യമാണ് .

വളരെ  ശരിയാണ്. താങ്കൾക്കു  എന്തും  ധരിക്കാം. പക്ഷെ  ധരിച്ചിട്ടു അത് ഫോട്ടോ  എടുത്തു പബ്ലിക്കായി  ഇട്ടിട്ടു ആളുകൾ മോശം കമന്റു  ഇട്ടു  എന്ന്  നിലവിളിക്കുന്നത് തെറ്റാണ്  എന്നെ  ഞാൻ പറഞ്ഞുള്ളു..ഒന്നുകിൽ നിലവിളിക്കാതെ ഇരിക്കുക.അല്ലെങ്കിൽ പബ്ലിക്കായി ഇടാതെ  താങ്കളുടെ  സുഹൃത്തുക്കൾക്കായി  മാത്രം  അത്  ഷെയർ  ചെയ്യുക..അതല്ലേ നല്ലതു.പിന്നെ ഞാൻ ഒരു  സ്ത്രീ വിരുദ്ധൻ ഒന്നുമല്ല..എന്റെ  അമ്മയോ  സഹോദരിയോ  ഇതുപോലെ  ചെയ്താലും ഞാൻ  അവരെ  ഇങ്ങനെ  തന്നെ ചെയ്യാനേ  ഉപദേശിക്കു.

അപ്പോൾ ഡോക്ടർ  എന്റെ  പ്രസിദ്ധി ? എന്റെ  അച്ചാർ കമ്പനി ?

കക്ഷത്തിൽ വെച്ചിഹ ..ഉത്തരോ എടുക്കഹ...

എന്താ ഡോക്റ്റർ ..

അല്ല കക്ഷത്തിൽ വെക്കുകയും  ഉത്തരത്തിൽ  ഉള്ളത്   എടുക്കുകയും വേണം എന്ന് പറഞ്ഞാൽ  നടക്കില്ലല്ലോ  എന്നൊരു  ആത്മഗതം  നടത്തിപ്പോയതാണ് . താങ്കൾക്കു    മര്യാദക്ക്  മറ്റു  സ്ത്രീകളെ പോലെ  ജീവിച്ചു കൂടെ? ഇനി കൂടുതൽ പ്രശസ്തി  വേണമെങ്കിൽ തിരുവന്തപുരത്തു  ഒരു  കുട്ടി  പാവങ്ങൾക്ക് ഭക്ഷണം വിതരണം  ചെയ്യുന്നുണ്ട്..അതുപോലെ  എന്തെങ്കിലും  ചെയ്യൂ...അല്ലെങ്കിൽ  എനിക്ക് പരിചയം ഉള്ള പോത്തൻകോട് ഉള്ള ഒരാൾ  സുഹൃത്തുക്കൾക്കൊപ്പം   ബ്ളഡ് ഡൊണേഷൻ നടത്തുന്നുണ്ട്..അതുപോലെ  സാമൂഹ്യ സേവനം  നടത്താൻ ശ്രമിക്കു .ഇനി  ആ  തരത്തിൽ  അല്ല  പ്രസിദ്ധി വേണ്ടത് എങ്കിൽ  ശബരി മലയിൽ വരെ ഒന്ന്  പോയാലും മതി.ആഗോള  പ്രശസ്തി  ലഭിക്കും..ചുളുവിൽ  സീ-കാറ്റഗറി  സെക്യു്രിറ്റിയും  ലഭിക്കും.

പക്ഷെ  എന്റെ  സ്വാതന്ത്ര്യം.എന്റെ അവകാശങ്ങൾ..

എ ബഞ്ച് ഓഫ് കോക്കനട്ട്സ്.താങ്കൾ ഒന്ന്  ചിന്തിക്കു..താങ്കൾക്കു  അവകാശങ്ങൾ ഉണ്ട്  എന്ന്  സമ്മതിച്ചു ..സഞ്ചാര  സ്വാതന്ത്ര്യം ഉണ്ട് .ഇഷ്ട്ടമുള്ള ഭക്ഷണം  കഴിക്കാൻ ഉള്ള  സ്വാതന്ത്ര്യം ഉണ്ട് ..എല്ലാം ഉണ്ട് ..എന്ന് കരുതി  താങ്കൾ  ഈ പറയുന്ന  കുട്ടിയുടുപ്പും  ധരിച്ചു  രാത്രി  പന്ത്രണ്ടു  മണിക്ക് കിഴക്കേക്കോട്ട  ബസ്റ്റോപ്പിൽ ചെന്ന്  ഒരു മണിക്കൂർ  ഒന്ന്  നിന്ന്  നോക്കു  താങ്കൾക്ക്  ഫേസ് ബുക്കിൽ  ആളുകൾ  "കിട്ടും"  എന്ന്  വിചാരിച്ചു  മെസ്സജ്  ചെയ്തതുപോലെ  നേരിട്ട് ആളുകൾ വരും.  അപ്പോൾ  ഞാൻ പറഞ്ഞു  വന്നത് , നമ്മൾ  ഒരു ലക്ഷ്മണ രേഖ, മറ്റേ  പാറ്റയെ ഓടിക്കുന്ന  രേഖ അല്ല ,ശരിക്കും ഉള്ള  ലക്ഷ്മണ രേഖ,  വരച്ചാൽ  തീരാവുന്ന പ്രശ്നങ്ങളെ ഇപ്പോൾ  താങ്കൾക്കു  ഉള്ളു ..

അപ്പോൾ  എനിക്ക്  മരുന്നൊന്നും ഇല്ലേ..

മരുന്ന്...ശരിയായ  സമയത്തു  മരുന്ന്  കിട്ടാത്തതിന്റെ കുറവാ പെണ്ണുമ്പിള്ളേ നിങ്ങള്ക്ക് .സമയം മിനക്കെടുത്താതെ  അമ്മച്ചി  ചെല്ല്.  ഡോ .ഫെർണാണ്ടസിന്റെ  സ്വരം  ഉയർന്നപ്പോ മിസ്സിസ് വസന്ത ചാടി  വെളിയിൽ  ഇറങ്ങി.അടുത്ത  പോസ്റ്റിൽ ഡോക്റ്റർക്കു  തീർച്ചയായും  ഒരു  പണി  കൊടുക്കണം  എന്ന് അവർ  തീരുമാനിച്ചു .


ഈ  സമയം ഡോ .ഫെർണാണ്ടസ്  തന്റെ  ഫേക്  പ്രൊഫൈലിൽ കയറി  വസന്ത ഗിരിരാജന്റെ  പേജ്  എടുത്തു..പുതിയ ഫോട്ടോ  വല്ലതും ഉണ്ടോ  എന്ന്  നോക്കി.മറിഞ്ഞു  കിടക്കുന്ന ഒരു ഷക്കീല സ്റ്റൈൽ പടം കണ്ടു പുളകിതനായി.ഒരു ലവ്  സൈനിട്ടു .

അപ്പോൾ ഫോണിൽ  പുതിയ മെസ്സേജ്  വന്നു .തുറന്നു  നോക്കിയ ഡോ  ഫെർണാണ്ടസ്  ഞെട്ടി. ചെണ്ടക്കു കവർ  ഇട്ട മാതിരി മിസ്സിസ് ഫെർണാണ്ടസ്‌  ഒരു  കുട്ടിയുടുപ്പിട്ടു  നിൽക്കുന്ന ഫോട്ടോ.എങ്ങനെ ഉണ്ട്  ഡാർലിംഗ്  എന്നൊരു  ചോദ്യവും.ഈ  മറുതാക്കു  വേറെ പണിയൊന്നുമില്ല  എന്ന് മനസ്സിലോർത്തുകൊണ്ടു   ഡോക്റ്റർ  ഫെർണാണ്ടസ്  മറുപടി  അയച്ചു ..ഓസം ..വാവ് !